കാലാവസ്ഥാ വ്യതിയാനവും ട്രേഡ് യൂണിയൻ പ്രസ്ഥാനങ്ങളും

ഭീമ കൊറേഗാവ് കേസിൽ യു.എ.പി.എ ചുമത്തി ജയിലിൽ അടയ്ക്കപ്പെട്ട അഭിഭാഷകയും സാമൂഹ്യപ്രവർത്തകയുമായ സുധ ഭരദ്വാജ് യെർവാദ ജയിലിലായിരുന്നപ്പോൾ ആഗോളതാപനത്തെക്കുറിച്ചുള്ള നവോമി ക്ലീനിന്റെ ‘This Changes Everything’ എന്ന പുസ്തകം ഹിന്ദിയിലേക്ക് മൊഴിമാറ്റം നടത്തി തുടങ്ങിയിരുന്നു. മൂന്ന് പതിറ്റാണ്ടിലേറെയായി ഛത്തീസ്ഗഢിൽ ജീവിക്കുകയും തൊഴിലാളികൾക്കിടയിൽ പ്രവർത്തിക്കുകയും ചെയ്യുന്ന സുധ ഭരദ്വാജ് ആഗോളതാപനത്തിന്റെ വിപത്തുകളെ നേരിടാൻ ട്രേഡ് യൂണിയനുകളും പരിസ്ഥിതി പ്രസ്ഥാനങ്ങളും ഒന്നിക്കേണ്ടുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ച് സംസാരിക്കുന്നു.

യെർവാദ ജയിലിലായിരുന്നപ്പോൾ ആഗോളതാപനത്തെക്കുറിച്ചുള്ള നവോമി ക്ലീനിന്റെ ‘This Changes Everything’ എന്ന പുസ്തകം ഹിന്ദിയിലേക്ക് മൊഴിമാറ്റം നടത്തിത്തുടങ്ങുകയുണ്ടായല്ലോ. എന്തായിരുന്നു അതിനുള്ള പ്രേരണ? ജയിലിൽവച്ച് അത് ചെയ്യുന്നതിലും മൊഴിമാറ്റത്തിലും നേരിട്ട വെല്ലുവിളികൾ എന്തെല്ലാമായിരുന്നു?

ഛത്തീസ്ഗഢിലെ ചുണ്ണാമ്പുഖനികളും സിമന്റ് ഫാക്ടറികളും വിശാലമായ കൽക്കരി ഖനികളും താപവൈദ്യുതനിലയങ്ങളും അവയിലെ ചാരക്കൂനകളും ഇരുമ്പു ഫാക്ടറികളിലെ കറുത്ത പുകയും ഇരുമ്പയിരുകൊണ്ട് ചുവന്ന പുഴകളും വരുത്തിവെക്കുന്ന പരിസ്ഥിതി നാശത്തെക്കുറിച്ച് എനിക്കെപ്പോഴും ഉൽക്കണ്ഠയുണ്ടായിരുന്നു. ട്രേഡ് യൂണിയൻ പ്രവർത്തകയെന്ന നിലയിലും പിന്നീട് ഭൂമി നഷ്ടമാകുന്നവരുടെ അഭിഭാഷകയെന്ന നിലയിലും ഇതെല്ലാം തൊട്ടടുത്തുനിന്ന് കാണാൻ എനിക്കു കഴിഞ്ഞിരുന്നു. പക്ഷെ വക്കീൽ നോട്ടീസയക്കാനും കേസുവാദിക്കാനും കൂടിയാലോചനകൾക്കും മാത്രമേ സമയം കിട്ടിയിരുന്നുള്ളു.

യെർവാദ ജെയിലിൽ 24 മണിക്കൂറിൽ 16 മണിക്കൂറും ഞങ്ങളെ പൂട്ടിയിടുന്ന ഫാൻസി യാഡിലെ സെല്ലിലായിരുന്നപ്പോൾ വായിക്കാനും ചിന്തിക്കാനും വേണ്ടത്ര സമയമുണ്ടായിരുന്നു. ഒരു സുഹൃത്ത് നവോമി ക്ലീനിന്റെ ‘This Changes Everything’ കൊണ്ടുവന്നുതന്നു. എനിക്കത് താഴെവെക്കാനേ കഴിഞ്ഞില്ല.

എന്നെ ആകർഷിച്ചത് അതിലവതരിപ്പിച്ച ശാസ്ത്രീയവസ്തുതകളോ ആഗോളതലത്തിലെ അഴിമതിക്കഥകളോ ഈ ഭൂമിയെ സാവധാനം കൊല്ലുന്ന കൽക്കരി, എണ്ണ, വാതക കുത്തകകളുടെ ഭയാനകമായ അധികാരമോ എന്നതിനെക്കാൾ കോർപ്പറേറ്റുകൾക്കും സർക്കാരുകൾക്കും എതിരെ ഉയർന്നുവന്ന ജനകീയ പ്രസ്ഥാനങ്ങളെക്കുറിച്ചുള്ള ക്ലീനിന്റെ ആവേശഭരിതവും സുചിന്തിതവുമായ വിവരണങ്ങളായിരുന്നു. അവർ രൂപംകൊടുത്ത പുതിയ മുന്നണികളെയും അവർ പടുത്തുയർത്തിയ, പലപ്പോഴും അദൃശ്യമായിരുന്ന ബദലുകളെയും കുറിച്ചുള്ള വിവരണങ്ങളായിരുന്നു. ജനകീയ പ്രസ്ഥാനങ്ങളുടെ ശക്തിയിൽ എനിക്കെപ്പോഴും ഉറച്ച വിശ്വാസമുണ്ടായിരുന്നു. ഈ പുസ്തകം വായിച്ചതിൽനിന്ന് എനിക്കു കിട്ടിയ ആനന്ദത്തിനും ആവേശത്തിനും സമാനമായി പറയാവുന്നത് അന്നു നടന്നുകൊണ്ടിരുന്ന കർഷകരുടെ സമരത്തെക്കുറിച്ച് പിന്നീട് ബൈക്കുള ജെയിലിൽവച്ച് വായിച്ചതു മാത്രമായിരുന്നു.

കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകളായി ഞാൻ ബന്ധപ്പെട്ടുകൊണ്ടിരുന്ന മനുഷ്യർ – ഛത്തീസ്ഗഢ് ബച്ചാവോ ആന്ദോളൻ എന്ന കുടിയിറക്കുവിരുദ്ധ മുന്നണിയുടെ കീഴിൽ ചെറുതും വലുതുമായ പോരാട്ടങ്ങൾ നടത്തുന്ന കോർബയിലെയും സർഗുജയിലെയും റായ്പ്പൂരിലെയും രാജ്നന്ദഗാവിലെയും കാംകറിലെയും കർഷകരും ആദിവാസികളും – ക്ലീനിന്റെ പുസ്തകം വായിക്കവെ എന്റെ ‘സുഹൃത്തുക്കളായി’ മാറിയ – ഗ്രീസിൽ നിന്നും കാനഡയിൽ നിന്നും ഒഗോണിലണ്ടിൽനിന്നും ഇക്വഡോറിൽനിന്നും ചൈനയിൽ നിന്നും തുർക്കിയിൽ നിന്നും ടെക്സസിൽ നിന്നും ഉള്ള ‘സുഹൃത്തുക്കളുമായി‘ സൗഹൃദം സ്ഥാപിക്കേണ്ടതുണ്ടെന്ന് തോന്നി. അവരുടെ തന്ത്രങ്ങളിൽ നിന്നും അവരുടെ കരുത്തിൽ നിന്നും അവരുടെ സഖ്യങ്ങളിൽ നിന്നും പഠിക്കേണ്ടതുണ്ടെന്നും തോന്നി. മാത്രമല്ല, എത്ര ഭിന്നതകളുണ്ടായിരുന്നാലും ലോകമെമ്പാടുമുള്ള തദ്ദേശീയ ജനതയുടെ പൊതുബോധവും സമരവും അത്ര പരിചിതവും ആവേശകരവുമായി തോന്നുകയും ചെയ്തു.

അങ്ങനെയാണ് ഞാൻ ആ പുസ്തകം ഹിന്ദിയിലേക്ക് പരിഭാഷപ്പെടുത്താൻ തുടങ്ങിയത്. അക്ഷരാഭ്യാസമുണ്ടെങ്കിലും ഉന്നത വിദ്യാഭ്യാസം കിട്ടിയിട്ടില്ലാത്ത പ്രാദേശിക പ്രവർത്തകർക്കും കർഷകർക്കും അത് ലഭ്യമാക്കണമെന്ന് കരുതി. പക്ഷേ അതിന് ഏറെ വിശദീകരണങ്ങൾ ചേർക്കേണ്ടിവരുമെന്ന് ഞാൻ മനസ്സിലാക്കി. തങ്ങൾ ഒരിക്കലും കേട്ടിട്ടുപോലുമില്ലാത്ത സ്ഥലങ്ങളും പഠിച്ചിട്ടില്ലാത്ത ശാസ്ത്രീയപ്രക്രിയകളും അവർക്ക് മനസ്സിലാക്കിക്കൊടുക്കേണ്ടതുണ്ട്. ഭൂപടങ്ങളും സമരവീര്യം പകരുന്ന ചിത്രങ്ങളും വേണം. ശാസ്ത്രീയപദങ്ങളും സാങ്കേതിക വസ്തുതകളും വിവരിക്കുന്ന അനുബന്ധങ്ങൾ വേണം. ഓരോ രാജ്യത്തിലെയും സവിശേഷമായ രാഷ്ട്രീയ സംഭവവികാസങ്ങൾ വിവരിക്കുന്ന അടിക്കുറിപ്പുകൾ വേണം.

ഈ പുസ്തകത്തെ മൂന്ന് ലഘുലേഖകളായി മാറ്റുന്നതിനെക്കുറിച്ച് ഞാൻ ആലോചിച്ചു. അത് വെറുമൊരു പരിഭാഷ ആയിരിക്കില്ല, വ്യാഖ്യാനമായിരിക്കും. അതെല്ലാം ചെയ്യുന്നതിന് ആദ്യം ഗ്രന്ഥകർത്താവിന്റെയും പ്രസാധകരുടെയും അനുമതി വാങ്ങണം. നവോമി ക്ലീൻ അനുമതി നിഷേധിക്കുകയില്ലെന്ന് എനിക്കറിയാമായിരുന്നു. അവരുടെ ഊഷ്മളമായ പ്രതികരണം അത്ഭുതകരമായിരുന്നു. ഔപചാരികമായ നടപടിക്രമങ്ങളെക്കുറിച്ച് ചിന്തിക്കാൻ നേരമില്ലാത്ത ഒരു പ്രസ്ഥാനത്തിന് സവിശേഷമായ പ്രതികരണമായിരുന്നു അത്.

അപ്പോഴാണ് എന്നെ ബൈക്കുള ജെയിലിലേക്ക് മാറ്റിയത്. തടവുകാർ തിങ്ങിനിറഞ്ഞ ബാരക്കുകളായിരുന്നു അവിടെ. നിയമസഹായം തേടിവരുന്ന തടവുകാരുടെ സ്ഥിരമായ പ്രവാഹവും ഉണ്ടായിരുന്നു. ഒരിക്കൽകൂടി ഞാൻ അതിൽ മുഴുകി. പരിഭാഷപ്പണി നിലച്ചു. ഇനിയും അത് പുനരാരംഭിച്ചിട്ടില്ല.

ട്രേഡ് യൂണിയനുകൾക്കും ജനകീയ പ്രസ്ഥാനങ്ങൾക്കും 1970കൾ മുതൽക്കേ, ചുവപ്പിന്റെയും പച്ചയുടെയും കാഴ്ചപ്പാടുകൾ കൂട്ടിയിണക്കുന്ന ദീർഘമായ ഒരു ചരിത്രമുണ്ട്. എന്തെല്ലാമായിരുന്നു അതിന്റെ സവിശേഷതകൾ? ഛത്തീസ്ഗഢിലെ പ്രസ്ഥാനങ്ങളെ ഈ സമീപനം എങ്ങനെ സ്വാധീനിച്ചിരുന്നു?

ട്രേഡ് യൂണിയൻ നേതാവായ സഖാവ് ശങ്കർ ഗുഹാ നിയോഗിക്ക് 1977 മുതലേ പച്ചയും ചുവപ്പുമായ കാഴ്ചപ്പാടിനെക്കുറിച്ച് അഗാധമായ ധാരണയുണ്ടായിരുന്നു. അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം അതിന് തൊഴിലാളിയും കർഷകനും എന്നും സമരവും നിർമ്മാണവും എന്നും ശാസ്ത്രവും പ്രകൃതിയും എന്നും വ്യത്യസ്തമായ അർത്ഥങ്ങളുണ്ടായിരുന്നു. ഭിലായ് ഉരുക്കു ഫാക്ടറിയുടെ ദില്ലി രാജ്ഹാരയിലെ ഇരുമ്പയിരു ഖനിയിലെ അങ്ങേയറ്റം മലിനീകരണമുള്ള സാഹചര്യങ്ങളിൽ പണിയെടുക്കുന്ന തൊഴിലാളികൾക്കിടയിൽ പ്രവർത്തിക്കുമ്പോഴും അദ്ദേഹം നേതൃത്വംകൊടുത്ത ഛത്തീസ്ഗഢ് ഖനിത്തൊഴിലാളി സംഘടന (ഛത്തീസ്ഗഢ് മൈൻസ് ശ്രമിക് സംഘ് – CMSS) ചുറ്റുമുള്ള ചെറുകിട കർഷകരുടെയും വനവാസികളുടെയും വനംവകുപ്പുമായുള്ള ദൈനംദിന സമരങ്ങളിൽ സജീവമായി പങ്കെടുത്തിരുന്നു.

നിയമവിരുദ്ധമായി മരം മുറിച്ചുകടത്തുന്നത് തൊഴിലാളികൾ തടയുന്നത് പതിവായിരുന്നു. ആദിവാസികൾ ഒരു പിടി വിറക് എടുത്താൽ നേരിടേണ്ടവരുന്ന പീഡനങ്ങൾക്കെതിരായ സമരങ്ങളിലും അവർ പങ്കെടുത്തു. 1991ൽ നിയോഗി അവസാനമായെഴുതിയ ലഘുലേഖകളിലൊന്ന് ‘ഹമാരാ പര്യാവരൺ’ ആയിരുന്നു. ഇതിൽ അദ്ദേഹം അഴിമതിക്കാരായ വനം വകുപ്പുദ്യോഗസ്ഥർ യൂക്കാലിപ്റ്റസ് മാത്രം നട്ടുപിടിപ്പിച്ച് സ്വാഭാവികമായ പ്രകൃതി വൈവിധ്യത്തെ നശിപ്പിക്കുന്നതിനെക്കുറിച്ചാണ് പറയുന്നത്. അസാധാരണമായ ഒരു നിർദ്ദേശം അദ്ദേഹം ഇതിൽ വയ്ക്കുന്നുണ്ട് – വനത്തിൽ നിന്ന് മുറിക്കുന്ന മരങ്ങൾ കാളവണ്ടിയിൽ മാത്രമേ കൊണ്ടുപോകാവൂ! കച്ചവടതാല്പര്യക്കാരുടെ വ്യാപകമായ വനനശീകരണത്തെ ഇത് അക്ഷരാർഥത്തിൽ മന്ദഗതിയിലാക്കും. മാത്രമല്ല, പരമ്പരാഗത കാളവണ്ടി തൊഴിലാളികൾക്ക് ജോലി കിട്ടുകയും ചെയ്യും.

ശങ്കർ ഗുഹാ നിയോഗി

നിയോഗിയുടെ ഖനിത്തൊഴിലാളി സംഘടന ഖനികളുടെ പൂർണമായ യന്ത്രവൽക്കരണത്തിനു പകരം ഭാഗികമായ യന്ത്രവൽക്കരണത്തിനുവേണ്ടിയും വാദിച്ചു. ഈ പദ്ധതി കായികാധ്വാനത്തെയും അപകടംപിടിച്ച സ്ഥലത്തും കൂടുതൽ കൃത്യത വേണ്ടിടത്തും ഭാഗികമായ യന്ത്രവൽക്കരണത്തെയും സംയോജിപ്പിച്ചു. ഇതുമൂലം തൊഴിൽ നഷ്ടം ഒഴിവാക്കാമെന്നു മാത്രമല്ല, ഗണ്യമായി ചെലവു ചുരുക്കാനും പരിസ്ഥിതി സംരക്ഷിക്കാനും സഹായിക്കും.

നിലവിലുള്ള തൊഴിലാളികളെ പിരിച്ചുവിടരുതെന്ന യൂണിയന്റെ ആവശ്യം അംഗീകരിച്ചതിനാൽ ഭിലായ് സ്റ്റീൽ പ്ലാന്റിന് പൂർണമായ യന്ത്രവൽക്കരണമെന്ന തങ്ങളുടെ പദ്ധതി മാറ്റിവെക്കേണ്ടിവന്നു. ദല്ലി രാജ്ഹാര ടൗൺഷിപ്പ് രക്ഷിക്കുന്നതിനുവേണ്ടി ഖനിത്തൊഴിലാളികൾ നടത്തിയ ശക്തമായ സമരത്തിന്റെ ഫലമായിരുന്നു ഇത്. ഈ പ്രസ്ഥാനത്തിൽ അവർ പട്ടണത്തിലെ കച്ചവടക്കാരെയും ട്രക്ക് ഉടമസ്ഥരെയും അണിനിരത്തി. അവരുടെ നിലനിൽപ്പിന് ആധാരം തൊഴിലാളികളുടെ പട്ടണത്തിലെ സാന്നിദ്ധ്യമായിരുന്നു.

ഒരു വ്യവസായത്തിലെ തൊഴിലാളികളുടെയും അതിനു ചുറ്റുമുള്ള പ്രദേശത്തെ കർഷകരുടെയും താല്പര്യങ്ങൾ പരമ്പരാഗതമായി ശത്രുതാപരമായിരിക്കും. എന്നാൽ ഛത്തീസ്ഗഢ് മുക്തി മോർച്ച അതിനു പകരം തൊഴിലാളികളുടെയും കർഷകരുടെയും ഐക്യത്തിനുവേണ്ടിയാണ് പരിശ്രമിച്ചത്. ബലോദാ ബസാറിൽ പ്രഗതിശീൽ സിമെന്റ് ശ്രമിക് സംഘ് അദാനിയുടെ ഉടമസ്ഥതയിലുള്ള അൾട്രാടെക് സിമെന്റ് ഫാക്ടറിക്ക് ചുറ്റുമുള്ള ഗ്രാമീണരെ ജലശോഷണത്തിനും ജലമലിനീകരണം കാരണമുള്ള കൃഷിനാശത്തിനും ഗ്രാമത്തിലെ പുറമ്പോക്കു കൈവശപ്പെടുത്തുന്നതിനും എതിരായ സമരത്തിൽ പിന്താങ്ങി.

ഇതിൽ ഏറ്റവും ശ്രദ്ധേയമായ ഐക്യം റായ്പ്പൂരിലെ ഇരുമ്പു ഫാക്ടറികളിലെ തൊഴിലാളികളുടെയും അവർ താമസിച്ചിരുന്ന ചുറ്റുമുള്ള ഗ്രാമങ്ങളിലെ കർഷകരുടെയും ആയിരുന്നു. ആ ഫാക്ടറികൾ വൻതോതിൽ വമിക്കുന്ന കറുത്ത പുകയിലെ പൊടിപടലം വയലുകളിലും വീടുകളുടെ മേൽക്കൂരയിലും ഉണക്കാനിട്ട തുണികളിലും വരെ വന്നുവീഴുമ്പോഴെല്ലാം ഗ്രാമീണർ പ്രതിഷേധിക്കുകയും ഫാക്ടറി അടച്ചുപൂട്ടിക്കുകയും ചെയ്യുമായിരുന്നു. തൊഴിലാളികളെയും ഫാക്ടറി മുതലാളിമാർ വൻതോതിൽ ചൂഷണം ചെയ്തിരുന്നു. പന്ത്രണ്ടു മണിക്കൂറായിരുന്നു ജോലിചെയ്യേണ്ടിയിരുന്നത്, സുരക്ഷാ വസ്ത്രങ്ങൾ നൽകിയിരുന്നില്ല, തുഛമായ കൂലിക്ക് പണിയെടുക്കേണ്ടിയിരുന്നു. പ്രാദേശിക ഇരുമ്പുല്പാദകർക്ക് മിനറൽ ഡവലപ്മെന്റ് കോർപ്പറേഷനിൽ നിന്ന് ഇരുമ്പയിര് അമിതവിലയ്ക്ക് വാങ്ങേണ്ടിയിരുന്നതുകൊണ്ട് അവർ ഉല്പാദനരംഗത്തുനിന്ന് പുറംതള്ളപ്പെട്ടുകൊണ്ടിരുന്ന സമയവുമായിരുന്നു അത്. അതേസമയം ബസ്തറിലെ ബൈലാഡിലയിൽനിന്ന് ജപ്പാനിലേക്ക് വിലയുടെ മൂന്നിലൊന്നിലും കുറച്ചാണ് ഇതേ ഇരുമ്പയിര് കയറ്റുമതിചെയ്തുകൊണ്ടിരുന്നത്.

ജന ആധാരിത എഞ്ചിനീയറിംഗ് മസ്ദൂർ യൂണിയൻ ഈ ഫാക്ടറികളുടെ അസോസിയേഷനെ സമീപിക്കുകയും ഇപ്രകാരമുള്ള ഒരു നിർദ്ദേശം അവതരിപ്പിക്കുകയും ചെയ്തു: ‘ഇരുമ്പയിര് കുറഞ്ഞ വിലയ്ക്ക് കിട്ടണമെന്ന നിങ്ങളുടെ ആവശ്യത്തെ പിന്തുണച്ചുകൊണ്ട് ഞങ്ങൾ തെരുവിലിറങ്ങാം. പക്ഷേ നിങ്ങൾ ഒരു കാര്യം ചെയ്യണം. ചുറ്റുമുള്ള ഗ്രാമങ്ങൾ മലിനമാകാതിരിക്കാൻ നിങ്ങൾ ചിമ്മിനികളിൽ ഇലക്ട്രോസ്റ്റാറ്റിക് പ്രിസിപ്പിറ്റേറുകൾ സ്ഥാപിക്കണം. അതുപോലെ ജോലിസമയം എട്ടു മണിക്കൂറായി നിശ്ചയിക്കുകയും മിനിമം വേതനം നൽകുകുയും വേണം.’

അവസാനം, മിനറൽ ഡവലപ്മെന്റ് കോർപ്പറേഷൻ പ്രാദേശിക വ്യവസായങ്ങൾക്ക് ഇരുമ്പയിരിന്റെ വില കുറയ്ക്കുകയും അങ്ങനെ ഏറ്റവും ശ്രദ്ധേയമായ ഒരു സഖ്യരൂപീകരണം തടയുകയും ചെയ്തു!

ഇന്ത്യയിൽ കാലാവസ്ഥാ വ്യതിയാനത്തിന്റെയും മറ്റ് പാരിസ്ഥിതിക പ്രതിസന്ധികളുടെയും വലതുപക്ഷത്തിന്റെ വളർച്ചയുടെയും സാഹചര്യങ്ങളിൽ ചുവപ്പ്-പച്ച കാഴ്ചപ്പാടിന്റെ പ്രാധാന്യം എന്തായിരിക്കും?

ഇന്ത്യയിലാകെ എന്തായിരിക്കുമെന്ന് എനിക്ക് പറയാൻ കഴിയില്ല. ഛത്തീസ്ഗഢിലെ കാര്യം പറയാം. കാലാവസ്ഥാ വ്യതിയാനവും പാരിസ്ഥിതിക പ്രതിസന്ധിയും രണ്ട് പ്രശ്നങ്ങൾക്ക് വഴിവെക്കുമെന്ന് എനിക്കു തോന്നുന്നു – കാലാവസ്ഥ മാറുന്നതോടെ വെള്ളത്തിന്റെ ലഭ്യത കുറയും, ഊർജ്ജത്തിന് കൽക്കരിയല്ലാതെ മറ്റെന്തെങ്കിലും കണ്ടെത്തേണ്ടിവരും. ഒന്നാമതായി, മൺസൂൺ മഴയുടെയും ജലസേചനത്തിന്റെയും ജലോപയോഗത്തിന്റെയും കാര്യമെടുക്കാം. ഇന്നും ഛത്തീസ്ഗഢിലെ ചെറുകിട കർഷകരുടെ പ്രധാന കൃഷിരീതി മഴവെള്ളമുപയോഗിച്ചിള്ള നെൽകൃഷിയാണ്. ഇവരെ സംബന്ധിച്ചിടത്തോളം കാലാവസ്ഥാ വ്യതിയാനം കാരണം മഴയുടെ വരവിന്റെ താളംതെറ്റിയാൽ എല്ലാം തകരും. സംസ്ഥാനത്തെ കഷ്ടിച്ച് 30 ശതമാനം കൃഷിഭൂമിയിൽ മാത്രമേ ജലസേചനമുള്ളൂ. ഛത്തീസ്ഗഢിലെ കർഷകർ നെല്ല് വിൽക്കാൻ ഇപ്പോൾ കൂടുതലായി കമ്പോളങ്ങളെയാണ് ആശ്രയിച്ചുകൊണ്ടിരിക്കുന്നത്. അതുകൊണ്ട് സമീപകാലത്തു നടന്ന കർഷകരുടെ സമരം ഉയർത്തിയ പ്രശ്നങ്ങളിൽ അവർക്കു താല്പര്യമുണ്ട്. വിശേഷിച്ചും, മിനിമം താങ്ങുവിലയുടെ കാര്യത്തിൽ. ആ സമരത്തിന് ഇവിടുത്തെ കർഷകരുടെ പൂർണ്ണ പിന്തുണ ഉണ്ടായിരുന്നു. ഛത്തീസ്ഗഢിലെ കൃഷി പഞ്ചാബിലുള്ളത്ര പാരിസ്ഥിതികനാശം വരുത്തുന്നതല്ല. പക്ഷേ അവർക്കും മറ്റ് പോംവഴികളില്ല. നെല്ലിനു പുറമേ പയറുവർഗങ്ങൾ പോലുള്ള മറ്റ് ഉല്പന്നങ്ങൾക്കുകൂടി താങ്ങുവില കിട്ടുന്ന സാഹചര്യം ഉണ്ടാകണം.

മഴയുടെ താളം തെറ്റുന്നതിനൊപ്പം നിറഞ്ഞു കവിഞ്ഞൊഴുകിയിരുന്ന മഹാനദിയിലെയും ശിവനാഥ് നദിയിലെയും വെള്ളം വ്യവസായങ്ങൾക്കായി അണക്കെട്ടുകളിലൂടെ തിരിച്ചുവിടുകയാണ്. ചില സന്ദർഭങ്ങളിൽ, ഒരു തവണപോലും ജലസേചനം നടത്താൻ കഴിയാതെ കൃഷി നശിക്കുമെന്നു വരുമ്പോൾ കൃഷിക്കാർ അണക്കെട്ടുകളിൽ കടന്നുകയറി കനാലുകളിലേക്കും അങ്ങനെ തങ്ങളുടെ നെൽപ്പാടങ്ങളിലേക്കും വെള്ളം തുറന്നുവിടും. പോലീസ് അവരെ ഓടിക്കുകയും കനാലുകൾ അടയ്ക്കുകയും അവർക്കെതിരെ കേസെടുക്കുകയും ചെയ്യും.

ഹസ്ദേവിലെ ആദിവാസികളുടെ സമരം

ജലവിനിയോഗം സംബന്ധിച്ച കൃഷിയും വ്യവസായവും തമ്മിുള്ള തർക്കത്തിന്റെ ഒരു സവിശേഷദുരന്തഫലം ജാംജ്ഗീർ ചാമ്പാ ജില്ലയിലാണുണ്ടായത്. ഈ ജില്ലയിൽനിന്ന് വരൾച്ച വിട്ടുമാറിയിരുന്നില്ല. അതുകൊണ്ട് സർക്കാർ ചെലവിൽ ജില്ലയിലുടനീടം കനാലുകൾ വെട്ടി 1980കളിലും 1990കളിലും കൃഷി മെച്ചപ്പെടാൻ തുടങ്ങി. അതിനുശേഷം താപവൈദ്യതനിലയങ്ങൾ പണിയുന്നതിനുള്ള ഭ്രാന്തുപിടിച്ച നീക്കമുണ്ടായി. ഇരുപ്പൂ കൃഷിയിലേക്കു മാറിയ ജാംജ്ഗീർ ജില്ലയിലെ പാടങ്ങൾ അതോടെ ലാഭകരമല്ലാത്ത വൈദ്യുതനിലയങ്ങൾക്കായി അസംബന്ധമാംവിധം വൻതോതിൽ ഏറ്റെടുത്തു. അവയിൽ മിക്കതും ഭാഗികമായി മാത്രമേ പണിതിട്ടുള്ളുവെങ്കിലും കർഷകർക്ക് തങ്ങളുടെ ഭൂമി എന്നെന്നേക്കുമായി നഷ്ടമായി. അതുകൊണ്ട് പ്രധാനപ്പെട്ട ഒരു വിഷയം കൃഷിക്കുവേണ്ടി എങ്ങനെ വെള്ളം തിരിച്ചുവിടാം, തിരിച്ചുവിടണം എന്നതാണ്. വൻമുതലാളിത്ത കോർപ്പറേറ്റുകളെ പിന്താങ്ങുന്ന വലതുപക്ഷത്തിന്റെ വളർച്ചയോടെ വിശേഷിച്ചും കർഷകർ വലിയ പ്രതിസന്ധിയാണ് നേരിടുന്നത്.

രണ്ടാമത്തേതും കൂടുതൽ ബുദ്ധിമുട്ടുള്ളതുമായ പ്രശ്നം ഇതാണ് – കൽക്കരി ഖനനത്തിൽനിന്ന് ഛത്തീസ്ഗഢിന് എങ്ങനെ രക്ഷപ്പെടാൻ കഴിയും? പാരമ്പര്യേതര ഊർജസ്രോതസുകളെക്കുറിച്ച് എത്ര മേനി പറഞ്ഞാലും സ്വകാര്യ ഖനനത്തിന് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ ഇപ്പോൾ നീക്കം ചെയ്തിരിക്കുകയാണ്. നടത്തിക്കൊണ്ടുപോകാൻ കഴിയാത്ത പൊതുമേഖലാ ഖനികൾപോലും സ്വകാര്യമുതലാളിമാർക്ക് ലേലംവിളിച്ചു നൽകുന്നതിനെക്കുറിച്ചും കേൾക്കുന്നുണ്ട്. അതായത്, ഖനനം കൂടിക്കൊണ്ടിരിക്കുകയാണെന്നർഥം. അപ്പോൾ ഖനനം നേരിട്ടു ബാധിക്കുന്നവരുടെ അവസ്ഥ എന്തായിരിക്കും?

വടക്കൻ ഛത്തീസ്ഗഢിലെ വനങ്ങൾ നശിപ്പിക്കുന്നതിനെ ആ പ്രദേശത്തെ ആദിവാസികൾ അതിരൂക്ഷമായി എതിർത്തുവരികയാണ്. അടുത്തതായി, വിപുലീകരിക്കുന്ന ഖനികൾക്ക് സമീപത്തെ ഗ്രാമങ്ങളിലെ ജനങ്ങളുണ്ട്. അവർ അങ്ങേയറ്റം ഗുരുതരമായ പരിസ്ഥിതിനാശം നേരിടുകയാണ്. പരിസ്ഥിതി പ്രവർത്തകനും എഴുത്തുകാരനുമായ റിൻചിനും റായ്ഗഢ് ജില്ലയിലെ കൊസാംപലി ഗ്രാമത്തിലെ ജനങ്ങളും ഖനികൾമൂലം ആ ഗ്രാമത്തിനു വന്നിട്ടുള്ള നാശവും ജിൻഡാൽ കമ്പനിയുടെ പരിസ്ഥിതി നിബന്ധനകളുടെ ലംഘനങ്ങളും അത്യധ്വാനംചെയ്ത് ഡോക്യുമെന്റു ചെയ്തിട്ടുണ്ട്. ആ ഗ്രാമത്തിന് മൂന്നുവശവും കൽക്കരി ഖനികളാണ്. ഈ ലംഘനങ്ങൾ നടന്നതായി വിദഗ്ധ സമിതികൾ ആവർത്തിച്ച് സമ്മതിച്ചിട്ടുമുണ്ട്. എങ്കിലും ദേശീയ ഹരിത ട്രിബ്യൂണൽ ഖനനം നർത്തിവെക്കാൻ ഇതേവരെ ഉത്തരവു പുറപ്പെടുവിച്ചിട്ടില്ല.

ഹസ്ദേവിലെ ആദിവാസികളുടെ സമരം

സ്വകാര്യ മേഖലയിലെ ഖനിത്തൊഴിലാളികൾ മിക്കവരും കരാർ തൊഴിലാളികളാണ്. അങ്ങേയറ്റം അപകടകരമായ സാഹചര്യങ്ങളിലാണ് അവർ ജോലിചെയ്യുന്നത്. തുഛമായ കൂലി മാത്രമാണ് അവർക്കു കിട്ടുന്നത്. എന്നാൽ ഒന്നിനെതിരെയും ശബ്ദമുയർത്താൻ അവർക്കു കഴിയുകയുമില്ല. എങ്കിലും സൗത്ത് ഈസ്റ്റേൺ കോൾഫീൽഡ്സ് കമ്പനിയിൽ ഇപ്പോഴും ആയിരക്കണക്കിന് സ്ഥിരം തൊഴിലാളികളുണ്ട്. അവർക്ക് ജീവിതസുരക്ഷയും മെച്ചപ്പെട്ട ജീവിതനിലവാരവുമുണ്ട്. അതുപേക്ഷിക്കാൻ അവർ തയ്യാറാകുകയില്ല.

പൊതുമേഖലാ ഖനികളിലെ തൊഴിലാളികളുടെയും മുൻതൊഴിലാളികളുടെയും വലിയ ടൗൺഷിപ്പുകളുണ്ട്. അവർ മിക്കവരും ആദിവാസികളല്ല, പലരും ഛത്തീസ്ഗഢുകാരുമല്ല. അവർ ഇപ്പോൾ താമസിക്കുന്നതിന് അടുത്തുള്ള ആദിവാസി മേഖലകളിൽ സ്ഥലം വാങ്ങാൻ അവർക്ക് അനുവാദമില്ല. സ്വമേധയാ പിരിഞ്ഞുപോകുന്നതിനും പതിറ്റാണ്ടുകളായി അറ്റകുറ്റപ്പണികൾ ചെയ്യാതെ ജീർണ്ണാവസ്ഥയിലുള്ള പൊതുമേഖലാ ടൗൺഷിപ്പുകൾ വിട്ടുപോകാനും അവരെ പൊതുമേഖലാ കമ്പനികൾ നിർബന്ധിക്കുകയാണ്. പക്ഷെ അവർ എവിടെ പോകും?

ഈ അവസ്ഥയിൽ താഴെത്തട്ടിലുള്ള പരിസ്ഥിതി പ്രവർത്തകരുടെയും ആദിവാസി സമുദായ നേതാക്കളുടെയും ട്രേഡ് യൂണിയൻ പ്രതിനിധികളുടെയും പൗസമിതികളുടെയും ആത്യന്തികമായ കടമ പരസ്പരം പ്രശ്നങ്ങളെക്കുറിച്ച് ചർച്ചചെയ്യുകയും താല്പര്യങ്ങൾ മനസ്സിലാക്കുകയും കൽക്കരി ഖനനത്തി ൽനിന്ന് സാവധാനവും വ്യക്തമായും സുരക്ഷിതവും ആരോഗ്യകരവുമായ ഊർജബദലുകളിലേക്ക് മാറിപ്പോകുന്നതിനുള്ള മാർ​ഗങ്ങൾ കണ്ടെത്തുകയുമാണ്. പക്ഷെ ഇത് അത്ര ചെറിയ വെല്ലുവിളിയൊന്നുമല്ല.

ഛത്തീസ്ഗഢിലെ ഹസ്ദേവ് ആരണ്യത്തിലെയും രാജ്യത്തിലെ മറ്റിടങ്ങളിലെയും കൽക്കരി ഖനനത്തിനെതിരായി ഏറെക്കാലമായി ചെറുത്തുനില്പ് നടന്നുവരികയാണ്. എന്നാൽ നമ്മുടെ പഴയ കാടുകളും മറ്റ് പൊതുവിഭവങ്ങളും സംരക്ഷിക്കുന്നവർ വിവേചനരഹിതമായ അടിച്ചമർത്തൽ നേരിടുകയാണ്. എന്തു പറയുന്നു?

പതിനാറ് ഗ്രാമങ്ങൾ ഉൾക്കൊള്ളുന്ന ഹസ്ദേവ് ആരണ്യ ബചാവോ സംഘർഷ് സമിതി അദാനി ഗ്രൂപ്പിന്റെ കൽക്കരി ഖനനത്തെ കഴിഞ്ഞ ഒരു പതിറ്റാണ്ടായി എതിർത്തുവരികയാണ്. രാജസ്ഥാൻ രാജ്യ വിദ്യുത് നിഗം ലിമിറ്റഡിനുവേണ്ടിയാണ് ആ ഖനനം. ഒരു കാലത്ത് ഹസ്ദേവ് ആരണ്യം ജൈവവൈവിധ്യത്തിന്റെ പേരിൽ ഖനനം നിരോധിച്ച മേഖലയായിരുന്നു. സമിതിയും ഗ്രാമ സമൂഹങ്ങളും ഗ്രാമസഭകളും പ്രമേയങ്ങൾ പാസാക്കുകയും അധികാരകേന്ദ്രങ്ങളിൽ നിവേദനം നൽകുകയും പദയാത്രകൾ നടത്തുകയും കോടതികളെ സമീപിക്കുകയും ചെയ്തിട്ടുണ്ട്. അറസ്റ്റുകളും ഗുണ്ടകളുടെ ഭീഷണികളും അവർ നേരിട്ടിട്ടുണ്ട്. ഗാന്ധി ജയന്തി ദിനത്തിൽ സംസ്ഥാന തലസ്ഥാനമായ റായ്പ്പൂരിലേക്ക് 300 കിലോമീറ്റർ പദയാത്ര നടത്തിയപ്പോഴും ഇതെല്ലാം ഉണ്ടായിട്ടുണ്ട്.

ഭൂമിയുമായി ബന്ധപ്പെട്ട സംഘർഷങ്ങൾ നിരീക്ഷിക്കുന്ന ലാൻഡ് കൺഫ്ലിക്റ്റ് വാച്ച് രാജ്യമൊട്ടാകെ 78.5 ലക്ഷം ജനങ്ങൾ ഉൾക്കൊള്ളുന്ന 630 സംഘർഷങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്. ഈ സംഖ്യ തീരെ കുറവാകാനാണിട. ഒഡീഷയിലെ ധിൻകിയയിലെ ജനങ്ങൾ പോസ്കോ ഉരുക്കു ഫാക്ടറിക്കെതിരായി 17 വർഷമായി നടത്തിവന്ന സമരം വിജയിച്ചെങ്കിലും ആ കമ്പനിക്കുവേണ്ടി ഏറ്റെടുത്ത ഭൂമി ജനങ്ങൾക്കു തിരികെ നൽകാതെ ജിൻഡാൽ ഉരുക്കുശാലയ്ക്ക് കൈമാറാൻ ഒഡീഷ സർക്കാർ തീരുമാനിച്ചതോടെ ജനങ്ങൾ ഇപ്പോൾ വീണ്ടും പൊലീസ് അടിച്ചമർത്തൽ നേരിടുകയാണ്.

ഛത്തീസ്​ഗഢിലെ ഒരു ഇരുമ്പയിര് ഖനി

ഒഡീഷയിലെതന്നെ നിയാമഗിരി സുരക്ഷാ സമിതി മാവോയിസ്റ്റുകളുടേതാണെന്ന ആരോപണത്തിന്റെ പേരിൽ കേസുകളുടെ ഭീഷണി നേരിടുകയാണ്. 2021ൽ മാത്രമാണ് തൂത്തുക്കുടിയിലെ സ്റ്റെർലൈറ്റ് ഫാക്ടറിയെ എതിർത്തവർക്കെതിരായ നൂറുകണക്കിന് കേസുകൾ തമിഴ്നാട്ടിലെ ഡി.എം.കെ സർക്കാർ പിൻവലിച്ചത്. മഹാരാഷ്ട്രയിൽ ബിജെപി അധികാരത്തിൽ തിരിച്ചത്തിയതോടെ അഹമ്മദബാദ്-മുംബൈ ബുള്ളറ്റ് ട്രെയിനിനുവേണ്ടി ഭൂമി ഏറ്റെടുക്കാൻ സമ്മർദ്ദം ഏറിവരുന്നുണ്ട്. മെട്രോ കാർ ഷെഡ്ഢിനുവേണ്ടി ആരേ വനം ഏറ്റെടുക്കാനുള്ള തീരുമാനത്തിനെതിരെ പ്രതിഷേധിക്കുന്ന പരിസ്ഥിതി പ്രവർത്തകർക്കെതിരെ കേസെടുത്തിരിക്കുകയാണ്. ഖനനത്തിനും വ്യവസായങ്ങൾക്കും വികസന പദ്ധതികൾക്കുംവേണ്ടി ഭൂമി കൈമാറാനുള്ള സമ്മർദ്ദം കൂടുന്നതോടെ അടിച്ചമർത്തൽ വർദ്ധിക്കുകയേ ഉള്ളൂ.

ഛത്തീസ്ഗഢിലെ ചില വ്യവസായ സ്ഥാപനങ്ങൾ തൊഴിലാളികളുടെ സംരക്ഷണത്തിനുള്ള ഷെഡ്ഡുകളും മറ്റും നീക്കംചെയ്തതായി കേൾക്കുന്നു. ഇപ്പോൾത്തന്നെ ചൂട് വീണ്ടും കൂടിക്കൊണ്ടിരിക്കെ അവർ ഇത് ചെയ്യുന്നത് ആരെയും ഞെട്ടിപ്പിക്കുന്നതാണ്. അതെക്കുറിച്ച് വിശദമായി എന്തെങ്കിലും അറിയാമോ?

പറയാം. ഒരു ഇടത്തരം ഫാക്ടറിയായ വൃന്ദാ എഞ്ചിനീയറിംഗ് കമ്പനിക്ക് രാജ്നന്ദഗാവിലെ വ്യവസായ തെദിസാരാ എസ്റ്റേറ്റിൽ നാല് യൂണിറ്റുകളുണ്ട്. വലിയ ഫാക്ടറികൾക്കുവേണ്ടിയുള്ള സാമഗ്രികളാണ് അവിടെ നിർമ്മിക്കുന്നത്. അവർ ഇപ്പോൾ തൊഴിലാളികളോട് വെയിലത്തു നിന്ന് പണിയെടുക്കാനാണ് ആവശ്യപ്പെടുന്നത്. തൊഴിലാളികൾക്ക് എന്തെങ്കിലും സംരക്ഷണം നൽകേണ്ടത് ആവശ്യമാണെന്നോ അത് തങ്ങളുടെ ഉത്തരവാദിത്തമാണെന്നോ അവർ കരുതുന്നില്ല. യന്ത്രങ്ങൾക്കു മാത്രമാണ് സംരക്ഷണം നൽകുന്നത്.

പുതിയ തൊഴിൽ നിയമങ്ങൾ സ്ഥിരം തൊഴിലാളികളെ ഫലത്തിൽ ഇല്ലാതാക്കി കരാർ തൊഴിലാളികളെ നിയമിക്കാനാണ് ആവശ്യപ്പെടുന്നത്. കരാർ തൊഴിലാളികൾക്ക് യൂണിയനുണ്ടാക്കാൻ സാധിക്കാത്ത അവസ്ഥയാണുള്ളത്. അതുകൊണ്ട് വെയിലിൽനിന്നുള്ള സംരക്ഷണമോ കുടിക്കാനുള്ള തണുത്ത വെള്ളമോ പോലുള്ള സംരക്ഷണങ്ങൾ തൊഴിലാളികൾക്ക് ഭാവിയിൽ ആവശ്യപ്പെടാൻ കഴിയാത്ത സാഹചര്യമുണ്ടാകും. പകൽനേരത്തെ ചൂട് വർദ്ധിച്ചുവരുന്ന, കൂടുതലായി ചൂടുകാറ്റ് വീശുന്ന സാഹചര്യത്തിൽ എന്താണ് സംഭവിക്കുകയെന്ന് ഊഹിക്കാവുന്നതേയുള്ളു.

കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കുന്നതിലും ഊർജവിനിയോഗത്തിൽ വരുന്ന മാറ്റങ്ങൾ തൊഴിലാളികളിലുണ്ടാക്കുന്ന പ്രതികൂല പ്രത്യാഘാതങ്ങളുമായി പൊരുത്തപ്പെടുന്നതിലും ട്രേഡ് യൂണിയനുകൾ നിർണ്ണായകമായ ഒരു സാമൂഹിക ശക്തിയാണ്. എന്നാൽ ഇന്ത്യയിലെ ട്രേഡ് യൂണിയൻ പ്രവർത്തനം ഇന്നോളം അങ്ങേയറ്റം അസമമാണ്. ഈ പ്രശ്നങ്ങൾ തൊഴിലാളികൾക്കിടയിലും യൂണിയനുകളിലും എത്തിക്കുന്നതിന് എന്താണ് ചെയ്യേണ്ടത്?

തീർച്ചയായും ട്രേഡ് യൂണിയനുകൾ സമൂഹത്തെ പൊതുവിൽ ജനാധിപത്യവൽക്കരിക്കുന്നതിൽ നിർണായകമായ ഒരു സാമൂഹിക ശക്തിയാണ്. എന്നാൽ ഇന്ന് അവർ അടിയന്തരമായ അതിജീവന പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്നതിൽ മുഴുകിയിരിക്കുകയാണ്. സ്ഥിരം തൊഴിലാളികളുടെ യൂണിയനുകൾ സ്വകാര്യവൽക്കരണപ്രശ്നത്തിലും സ്വമേധയാ പിരിഞ്ഞുപോകുന്ന പദ്ധതികളിലും തൊഴിലാളികളെ കുറച്ചുകൊണ്ടുവരുന്ന പ്രശ്നത്തിലും വേഗമേറിയ സാങ്കേതിക മാറ്റങ്ങളിലുമാണ് ശ്രദ്ധചെലുത്തുന്നത്. അതേസമയം, കരാർ തൊഴിലാളികളുടെ യൂണിയനുകൾ തുടർച്ചയായ അടിച്ചമർത്തലിൽ നിന്നുള്ള അതിജീവനത്തിനും സംഘടിതമായ വിലപേശലിൽ പങ്കാളികളായി തങ്ങളെ അംഗീകരിച്ചുകിട്ടുന്നതിനും ആണ് ശ്രമിക്കുന്നത്.

ഛത്തീസ്ഗഢിലെങ്കിലും കേന്ദ്ര, സംസ്ഥാന സർക്കാരുകൾ കൽക്കരി ഖനനം കുറച്ചുകൊണ്ടുവരാനല്ല കൂട്ടാൻ മാത്രമാണ് ശ്രമിക്കുന്നത്, അതാകട്ടെ സ്വകാര്യമേഖലയിലും. മറ്റ് ഊർജ്ജ സംവിധാനങ്ങളിലേക്ക് മാറാനുള്ള ആസൂത്രിത ശ്രമമൊന്നും നടക്കുന്നില്ല. അത്തരം സാഹചര്യങ്ങളിൽ നീതിപൂർവകമായ ഒരു പരിവർത്തനത്തിനായുള്ള സംവാദത്തിന് ഈ വ്യവസായത്തിലെ തൊഴിലാളികൾ തുടക്കംകുറിക്കുമെന്ന് പ്രതീക്ഷിക്കുന്നത് ഒരുപക്ഷെ അപ്രായോഗികമാണ്. പ്രായോഗികമായിട്ടുള്ളത് തങ്ങൾ പണിയെടുക്കുന്ന ഖനികൾക്കു ചുറ്റുമുള്ള സമൂഹങ്ങളുമായി ബന്ധപ്പെടുകയെന്നതാണ്, അവരുടെ പ്രശ്നങ്ങളിൽ ശ്രദ്ധിക്കുകയെന്നതാണ്. ട്രേഡ് യൂണിയൻ പ്രവർത്തകരും ഗ്രാമ, സമുദായ പ്രതിനിധികളും അംഗീകരിക്കുകയും പ്രവർത്തിക്കുകയും ചെയ്യേണ്ട ഒരു മേഖലയാണിത്. ഇത് സജീവമായി നടക്കുന്നത് നമ്മൾ കാണുന്നുണ്ട്. ഖനികളിൽ തൊഴിൽ തേടി പരാജയപ്പെട്ട യുവാക്കളാണ് അത് ചെയ്യുന്നത്. കോർബാ ജില്ലയിലെ ദിപ്കാ ഖനികളുടെ വികസനത്തെ എതിർക്കുന്ന പത്ത് ഗ്രാമങ്ങളുണ്ട്. കോവിഡ് രോഗബാധ ആ പ്രവർത്തനത്തിന് തടസം സൃഷ്ടിച്ചിരിക്കുകയാണ്. ഏറെ കാര്യങ്ങൾ ഇനിയും ചെയ്യാനുണ്ട്.

സൗരോർജത്തിലും മറ്റ് പാരമ്പര്യേതര ഊർജസ്രോതസുകളിലും പുതിയ തൊഴിൽ സാധ്യതകൾ ഏറെയുണ്ടെങ്കിലും അത് അസംഘടിതവും വേതനം തീരെ കുറഞ്ഞതുമാണ്. ഈ പ്രശ്നത്തെ എങ്ങനെ നേരിടും? ഒരു കാലാവസ്ഥാ നിരീക്ഷണ സംഘടന നിർദ്ദേശിച്ചതുപോലെ, സർക്കാരും പൊതുമേഖലയും നൽകുന്ന സ്ഥിരം ജോലികളാണ് ഇവയെങ്കിൽ പ്രശ്നം പരിഹരിക്കാൻ കഴിയുമോ?

തീർച്ചയായും കഴിയും. ഊർജ്ജ സംവിധാനത്തിലെ മാറ്റംകൊണ്ട് കൽക്കരി ഖനികളിലും താപവൈദ്യുതനിലയങ്ങളിലും ജോലിചെയ്യുന്ന വലിയൊരു വിഭാഗം ആളുകളുടെ ഉപജീവനമാർഗമാണ് നഷ്ടമാകാൻ പോകുന്നത്. പുതിയ ഊർജ്ജ സംവിധാനങ്ങളിലേക്കുള്ള അവരുടെ സുഗമമായ പരിവർത്തനം ഉറപ്പാക്കാനുള്ള ഏറ്റവും നല്ല മാർഗം പാരമ്പര്യേതര ഊർജ്ജ മേഖലയിൽ നല്ല തൊഴിൽ സാഹചര്യങ്ങളുള്ള സുരക്ഷിതമായ ജോലി നൽകുകയെന്നതാണ്.

കാലാവസ്ഥാ വ്യതിയാനത്തെ നേരിടുന്നതിൽ സമത്വവും നീതിയും പരമപ്രധാനമായതുകൊണ്ട് കൂടുതൽ നീതിയുക്തമായി വികസിക്കുകയെന്നാൽ എന്താണർഥം?

ചില നർദ്ദേശങ്ങൾ വയ്ക്കാം. സത്യസന്ധമായി നിലവിലുള്ള വികസന പദ്ധതികൾ പുനരവലോകനം ചെയ്യുകയെന്നതാണ് ഒന്നാമത്തേത്. ഉദാഹരണത്തിന്, അഹമ്മദബാദ്-മുംബൈ ബുള്ളറ്റ് ട്രെയിൻ യഥാർഥത്തിൽ ആവശ്യമുള്ളതാണോ? മുംബൈയിൽ ഒരു തീരദേശപാത ആവശ്യമാണോ? ഇതെല്ലാം ആർക്കുവേണ്ടിയാണ്, എന്തിന്റെ ചെലവിലാണ് ഇതെല്ലാം? മുംബൈയിൽ മെട്രോ അത്യാവശ്യമായിരിക്കാം. അതിനായി കുടിയിറങ്ങേണ്ടിവരുന്നവർക്ക് ഉചിതമായ നഷ്ടപരിഹാരവും പുനരധിവാസവും ഉറപ്പാക്കുമോ? സാധാരണക്കാരായ മുംബൈ നിവാസികൾക്ക് മെട്രോനിരക്ക് അപ്രാപ്യമായിരിക്കുമോ? ലോകമെങ്ങും പൊതുഗതാഗതത്തിന് വമ്പിച്ച സർക്കാർ സബ്സിഡി നൽകുമ്പോൾ എന്തുകൊണ്ടാണ് ഇന്ത്യയിൽ അത് ലാഭകരമാകണമെന്ന് പ്രതീക്ഷിക്കുന്നത്? ഇത്തരം പ്രശ്നങ്ങൾ ജനങ്ങൾ ചർച്ചചെയ്യുന്നുണ്ട്. എന്നാൽ ഭരിക്കുന്നവർക്ക് ഇതൊന്നും കാണാൻ കഴിയുന്നില്ല.

രണ്ടാമതായി, ജനങ്ങൾ നിരന്തരം അവതരിപ്പിച്ചുകൊണ്ടിരിക്കുന്ന വികസനാവശ്യങ്ങളെപ്പറ്റി, അവ അവഗണിക്കുന്നതിനെക്കുറിച്ച് ഇവർ എന്തു പറയും? ചേരി പുനരധിവാസ അതോറിറ്റിക്കുവേണ്ടി കരാറുകാർ പണിത കെട്ടിടങ്ങൾ തീരെ ഗുണനിലവാരം കുറഞ്ഞതാകണമെന്നുണ്ടോ? അടച്ചുപൂട്ടിയ തുണിമില്ലുകൾ അവരുടെ ഭൂമി വിറ്റ് നേട്ടമുണ്ടാക്കിയപ്പോൾ നാലു പതിറ്റാണ്ടായി തൊഴിലാളികൾ ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്ന വേതന കുടിശിക അവർക്ക് എന്തുകൊണ്ട് നൽകാൻ കഴിയുന്നില്ല?

ഹസ്ദേവിലെ ആദിവാസികളുടെ സമരം

ഖനികളിൽ നിന്നുള്ള റോയൽറ്റി കുന്നുകൂടുന്ന ജില്ലാ മിനറൽ ഫണ്ടുകൾ ജില്ലാ മജിസ്ട്രേറ്റുമാർ സ്വന്തം തീരുമാനപ്രകാരം ചെലവഴിക്കുന്നതിനു പകരം ഗ്രാമങ്ങളിലെ ജീവിതനിലവാരം യഥാർഥത്തിൽ മെച്ചപ്പെടുത്തുന്നതിനായി എന്തുകൊണ്ട് ഗ്രാമസഭകൾക്ക് നൽകിക്കൂടാ? മരം മുറിച്ച് വിറ്റുകിട്ടുന്ന പണം കോമ്പൻസേറ്ററി വനവൽക്കരണ നിധികളിൽ നിക്ഷേപിക്കുന്നതിനു പകരം എന്തുകൊണ്ട് മരം മുറിക്കുന്നത് നിർത്തിക്കൂടാ? വലിയ സമ്പത്തുള്ള നമ്മുടെ മുനിസിപ്പൽ കോർപ്പറേഷനുകൾക്കും ഹൗസിംഗ് സൊസൈറ്റികൾക്കും നമ്മുടെ സെപ്റ്റിക് ടാങ്കുളിൽ നേരിട്ട് മാലിന്യം നീക്കംചെയ്യുന്നവരുടെ മരണം ഇല്ലാതാക്കാൻ ആ സംവിധാനങ്ങൾക്ക് മാറ്റംവരുത്തുകയും സംരക്ഷണ ഉപകരണങ്ങൾ നൽകുകയും ചെയ്തുകൂടേ? നമ്മുടെ സർക്കാരുകൾ ഈ ചോദ്യങ്ങൾക്ക് മറുപടി നൽകുമോ?

മൂന്നാമതായി, ദുരിതബാധിതർ പറയുന്നത് നമ്മൾ ശരിക്കും കേൾക്കുകതന്നെ വേണം. അല്ലാതെ പരാതികൾ കേൾക്കുകയും തിരസ്കരിക്കുകയും ചെയ്യുന്ന പ്രക്രിയ ആവർത്തിച്ചാൽ പോരാ. 2013ലെ പുതിയ ഭൂമി ഏറ്റെടുക്കൽ നിയമം സാമൂഹികാഘാതവും പൊതുലക്ഷ്യവും വിലയിരുത്തുന്നതിന് വിശദമായ ഒരു പ്രക്രിയ നൽകുന്നുണ്ട്. എങ്കിലും ഈ നിയമം ഛത്തീസ്ഗഢിൽ യഥാർഥത്തിൽ നടപ്പാക്കിയ ഒരൊറ്റ ഉദാഹരണവും ഞാൻ ഇതുവരെ കണ്ടിട്ടില്ല. എന്തെങ്കിലും ന്യായം പറഞ്ഞ് ‘ഒഴിവാക്കുക’യാണ് ചെയ്തിട്ടുള്ളത്. ആദിവാസി മേഖലകളിലേക്ക് പഞ്ചായത്ത് സംവിധാനം വ്യാപിപ്പിക്കുന്ന നിയമത്തിന്റെ ലക്ഷ്യം തന്നെ ബന്ധപ്പെട്ട ആദിവാസി സമൂഹത്തിന്റെ പരാതികൾ കേൾക്കുകയെന്നതാണ്. അല്ലാതെ ഒരു പ്രമേയം തട്ടിപ്പടച്ചുണ്ടാക്കി അടിച്ചേല്പിച്ച് വനംവകുപ്പിന്റെ അനുമതിക്കായോ ഖനനത്തിന് പാട്ടമെടുക്കാനോ മാറ്റിവെക്കുകയല്ല വേണ്ടത്.

അതുപോലെ, പരിസ്ഥിതി ഹിയറിംഗുകൾ പൊള്ളയായ ചടങ്ങു മാത്രമായി മാറിയിരിക്കുന്നു. അതിസാങ്കേതികത നിറഞ്ഞ പിരിസ്ഥിതി ആഘാതപഠന റിപ്പോർട്ടുകൾ ജനങ്ങൾക്ക് മനസ്സിലാകാത്ത ഭാഷയിലാണ് എഴുതുന്നത്. അനുമതി നൽകുന്നതാകട്ടെ ഒട്ടേറെ ഉപാധികൾ ചേർത്താണ്. അവയൊന്നും ഒരിക്കലും നടപ്പാക്കുകയില്ലെന്ന് എല്ലാവർക്കും അറിയുകയും ചെയ്യാം. പൊതുജനാഭിപ്രായം അറിയാനുള്ള നിയമങ്ങൾ അക്ഷരാർഥത്തിലല്ല, അവയുടെ സത്തയിൽ നടപ്പാക്കണം.

നാലാമതായി, പൂർത്തീകരിച്ചവയുൾപ്പെടെയുള്ള വികസന പദ്ധതികൾ ഓരോന്നിലും ബന്ധപ്പെട്ടവർക്ക് എന്തു സംഭവിച്ചുവെന്ന് നമ്മൾ സത്യസന്ധമായി അന്വേഷിക്കണം. അവർക്ക് പുതുതായി ജീവിതം കെട്ടിപ്പടുക്കാൻ കഴിഞ്ഞിട്ടുണ്ടോ? അതോ അവരും ഒരാഴ്ചപോലും ലോക്ഡൗൺ കാലത്തെ അതിജീവിക്കാൻ കഴിയാതെ, സ്വന്തം ഗ്രാമങ്ങളിലേക്ക് നൂറുകണക്കിന് കിലോമീറ്റർ നടക്കേണ്ടിവന്ന ചൂഷിതരായ അസംഘടിത തൊഴിലാളികളുടെ വളർന്നുകൊണ്ടിരിക്കുന്ന അദൃശ്യസംഖ്യയിൽ ചേർന്നു കഴിഞ്ഞോ?

ഇപ്പറഞ്ഞ കാര്യങ്ങൾ നന്നായി ശ്രദ്ധിച്ചാൽ അത് നമ്മെ കൂടുതൽ സുസ്ഥിരവും നീതിപൂർവകവും കൂടുതൽ മാനുഷികവും ആയ വികസനപാതകളിലേക്ക് നയിക്കുമെന്ന് എനിക്കു തോന്നുന്നു.

(കടപ്പാട്: The Wire Science, പരിഭാഷ: പി.ടി തോമസ്)

INDEPENDENT,
IN-DEPTH JOURNALISM
FOR SOCIAL &
ECOLOGICAL
JUSTICE

keraleeyam-logo

Support Keraleeyam

Choose Your Preference

₹1000/Year

₹2000/2 Years

₹500/Year(Students)

One TimeAny Amount

Also Read