വിദ്യാർത്ഥികളെ തീവ്രവാദികളാക്കുന്ന ഹിന്ദുത്വമാധ്യമങ്ങളും മതേതര കേരളവും

ദുരന്തമുഖങ്ങളിൽ രക്ഷാപ്രവ‍ർത്തനങ്ങൾക്കായി വിട്ടുവീഴ്ച്ചകളില്ലാതെ മുന്നിട്ടിറങ്ങുന്നവരാണ് മലയാളികൾ. കാരുണ്യക്കൈ നീട്ടി സഹജീവികളെ ജീവിതത്തിലേക്ക് തിരിച്ചുപിടിക്കുന്നവ‌‍ർ. ദുരന്തമേഖലകളിൽ എല്ലായ്പ്പോഴും ജാതി-മത-രാഷ്ട്രീയ ചിന്തകൾക്കതീതമായി മലയാളികൾ ഒരുമിക്കാറുണ്ടെങ്കിലും ദുരന്തമുഖങ്ങളിൽ ഒന്നിക്കുന്ന മലയാളികൾ സാധാരണ ജീവിതത്തിലേക്ക് മടങ്ങുമ്പോൾ മത സൗഹാർദ്ദത്തെയും മനുഷ്യത്വത്തെയും അവിടെ ഉപേക്ഷിച്ച് മടങ്ങുന്നവരാണ്. ഇത്തവണ മുണ്ടക്കൈ ദുരന്തമുഖങ്ങളിൽ രക്ഷാപ്രവർത്തനം നടത്തുന്നവരുടെ ടീഷർട്ടിന്റെ നിറവും, സംഘടനയുടെ പേരും നോക്കി വർഗീയ പ്രചാരണങ്ങൾ നടത്തിയത് അതിനൊരുദാഹരണം മാത്രമാണ്. കലങ്ങിയൊഴുകുന്ന പുഴയുടെ തീരത്ത് നമസ്ക്കരിക്കുന്ന രക്ഷാപ്രവ‍ർത്തകരുടെ ചിത്രം പങ്കിട്ടുകൊണ്ട് വരെ വിദ്വേഷപ്രചാരണങ്ങളുണ്ടായി. ദുരന്തത്തിന്റെ ആഘാതത്തിൽ കഴിയുന്ന മലയാളികൾക്കിടയിൽ ഈ വിദ്വേഷ പ്രചാരണങ്ങൾക്ക്‌ വലിയ സ്വാധീനം ഉണ്ടായില്ലെങ്കിലും, ദുരന്തമുഖത്തുനിന്നും സാധാരണ ജീവിതത്തിലേക്ക് മടങ്ങുമ്പോൾ ജാതി-മത-രാഷ്ട്രീയ ഭിന്നതികളിൽ മലയാളിയുടെ സഹജീവിസ്നേഹം നഷ്ടപ്പെടുന്നതിനെ ഗൗരവത്തോടെ സമീപിക്കേണ്ടതുണ്ട്. നിർമല കോളേജിലുണ്ടായ വിദ്യാർത്ഥി പ്രതിഷേധത്തെയും അതേത്തുടർന്നുണ്ടായ വിദ്വേഷപ്രചരണത്തെയും ഈ സാഹചര്യത്തിൽ വേണം മനസിലാക്കാനും. നിർമല കോളേജിലുണ്ടായ വിദ്യാർത്ഥി പ്രതിഷേധവും, വിദ്വേഷ പ്രചാരണങ്ങളും വിലയിരുത്തുന്നതിലൂടെ കേരളസമൂഹത്തിൽ വർഗീയത വളർത്താൻ നിഷിപ്ത താൽപര്യങ്ങളുള്ളവർ പ്രചരിപ്പിക്കുന്ന അസത്യങ്ങളും, അത് സംബന്ധിച്ച മാധ്യമങ്ങളുടെ റിപ്പോർട്ടിങ്ങ് ശൈലിയും, പുരോഗമന മതേതരവാദികൾ എങ്ങനെ ഈ വിദ്വേഷ പ്രചാരണങ്ങളുടെ ഭാഗമായി മാറുന്നുവെന്നും നമുക്ക് മനസിലാക്കാൻ സാധിക്കും

നി‍ർമല കോളേജ് വിവാദം

ക്രിസ്ത്യൻ സഭയുടെ കീഴിലുള്ള കോളേജിൽ നമസ്ക്കരിക്കാൻ മുറി ആവശ്യപ്പെട്ടുകൊണ്ട് വിദ്യാ‍ർത്ഥികൾ പ്രിൻസിപ്പലിനെ തടഞ്ഞുവെച്ച് സമരം നയിക്കുന്നു എന്ന ‘ഞെട്ടിക്കുന്ന വാ‍ർത്ത’യിലൂടെയാണ് 2024, ജൂലൈ 26ന് വെള്ളിയാഴ്ച്ച വിദ്വേഷ പ്രചാരണങ്ങൾ ആരംഭിക്കുന്നത്. കേരളത്തിൽ മതധ്രുവീകരണം രൂക്ഷമാക്കുന്നതിനായി തക്കം പാർത്തിരിക്കുന്ന ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രനും അനുയായികളും ഉടൻ തന്നെ രംഗത്തുവരുകയും ക്രൈസ്തവ മാനേജ്മെന്റിന് കീഴിലുള്ള കോളേജിൽ വിഭാഗീയത സൃഷ്ടിക്കുന്നതിനായി വിദ്യാ‍ർത്ഥികൾ സമരം നയിക്കുന്നുവെന്ന അസത്യപ്രചാരണം ശക്തമാക്കുകയും ചെയ്തു. ന്യൂനപക്ഷങ്ങൾക്കിടയിൽ വ്യാപ്തി വർധിപ്പിച്ചോ മതധ്രുവീകരണത്തിലൂടെയോ മാത്രമേ തങ്ങൾക്ക് കേരളത്തിൽ ഭരണം നേടാൻ സാധിക്കുകയുള്ളൂ എന്ന് ഇന്ത്യൻ എക്സ്പ്രസ്സ്‌ എഡിറ്റർമാരുമായുള്ള അഭിമുഖത്തിൽ പറഞ്ഞിട്ടുള്ള കെ. സുരേന്ദ്രൻ കിട്ടിയ അവസരം ഉപയോഗിക്കുകയായിരുന്നു. സംസ്ഥാനത്തെ ചില പ്രത്യേക മതവിഭാഗങ്ങളുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും കച്ചവട സ്ഥാപനങ്ങളിലും മനപൂർവ്വം കുഴപ്പങ്ങൾ ഉണ്ടാക്കാനുള്ള ആസൂത്രിത നീക്കങ്ങൾ നടന്നുകൊണ്ടിരിക്കുകയാണെന്ന് കെ.സുരേന്ദ്രൻ മാധ്യമങ്ങളോട് പ്രതികരിച്ചു. ചില ക്രിസ്ത്യാനികളുടെയും ഹിന്ദുക്കളുടെയും വിദ്യാഭ്യാസ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് ഇത്തരം സംഭവങ്ങൾ നടന്നുകൊണ്ടിരിക്കുന്നു, വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വിദ്യാ‍ർത്ഥികൾക്ക് നമാസ് നടത്താൻ സൗകര്യം ഒരുക്കികൊടുക്കണം ഇല്ലെങ്കിൽ ഭീഷണിയാണ്, വളരെ പ്രകോപനപരമായി ചിലയാളുകൾ മുന്നോട്ട് വന്നിരിക്കുകയാണെന്നും മതതീവ്രവാദ ചിന്താഗതിക്കാരാണ് ഇതിന് പിന്നിലുള്ളതെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.

വളരെ സമാധാനപരമായ അന്തരീക്ഷത്തിൽ നടക്കുന്ന വിദ്യാലയത്തെ കലാപമേഖലയാക്കി മാറ്റാൻ പോപ്പുല‍ർ ഫ്രണ്ട് ഉൾപ്പെടെയുള്ള തീവ്രവാദ സംഘടനകൾ ശ്രമിക്കുന്നുവെന്നും, മുസ്ലീം നേതൃത്വത്തിലുള്ള എത്രയോ കോളേജുകൾ കേരളത്തിലുണ്ടെന്നും എവിടെയെങ്കിലും കത്തോലിക്കനോ ഹൈന്ദവനോ പ്രാ‍ർത്ഥിക്കാൻ കുരിശുപള്ളിയോ ക്ഷേത്രമോ ഒരു സ്കൂളിലും കോളേജിലും ഇല്ലല്ലോ എന്നും പിന്നെ എന്താണ് ഇവരുടെ ഈ കടന്ന് കയറ്റത്തിന് കാരണമെന്നുമായിരുന്നു മുൻ എം.എൽ.എയും നിലവിൽ ബി.ജെ.പി പ്രവ‍ർത്തകനുമായ പി.സി. ജോ‍ർജിന്റെ മാധ്യമങ്ങളോടുള്ള പ്രതികരണം. “ഇന്ത്യയല്ല പാക്കിസ്ഥാനാണ് നമ്മുടെ രാജ്യമെന്ന് പറയുന്ന വിഘടന വാദികളാണ് ഇതിന് പിന്നിൽ. ഇത് വളരെ അപകടകരമായ നിലയിലേക്ക് നീങ്ങുകയാണ്. ഇത് അവസാനിപ്പിക്കാൻ മുസ്ലീം മതനേതൃത്വം തന്നെ മുൻകൈ എടുത്തില്ലെങ്കിൽ കേരളത്തിലെ സമാധാനപരമായ മതസൗഹാ‍ർദ അന്തരീക്ഷം തകർപ്പെടുമെന്ന് സംശയിക്കുന്നു, ഒരു കാരണവശാലും കേരളത്തിലെ ഹൈന്ദവ, ക്രൈസ്തവ വിദ്യാലയങ്ങളിൽ ഏതെങ്കിലും ഒരു മതവിഭാഗത്തിന് പ്രതേകമായി ആരാധനാ സാധ്യതകൾ കൊടുക്കാൻ കഴിയില്ല, അതിനോട് യോജിക്കാനും കഴിയില്ല”. എന്നും മുസ്ലീങ്ങൾക്കും ക്രിസ്ത്യാനികൾക്കുമിയിൽ വിദ്വേഷം വളർത്താൻ നിരനന്തരം പരിശ്രമിക്കുന്ന പി.സി ജോ‍ർജ് മാധ്യമങ്ങളോട് പറഞ്ഞു.

സീറോ- മലബാർ കത്തോലിക്ക സഭയുടെ കീഴിൽ പ്രവർത്തിക്കുന്ന കലാലയമാണ് നി‍ർമല കോളേജ്. വിദ്യാർത്ഥികളുടെ പ്രതിഷേധത്തോട് പ്രതികരിച്ചുകൊണ്ട് സീറോ മലബാ‍ർ സഭയുമായി ബന്ധപ്പെട്ട വിവിധ സംഘടനകളും പ്രസ്താവനകൾ പുറത്തിറക്കുകയുണ്ടായി.“സംസ്ഥാനത്തെ ക്രിസ്ത്യൻ ന്യൂനപക്ഷ സ്ഥാപനങ്ങൾക്കെതിരെ സമീപകാലങ്ങളിൽ ആസൂത്രിതമായ മതവ‍ർഗീയ അധിനിവേശ ശ്രമങ്ങൾ നടക്കുന്നു. അതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് ഇപ്പോൾ മൂവാറ്റുപുഴ നി‍ർമലാ കോളേജിൽ നടന്നുകൊണ്ടിരിക്കുന്ന സംഭവവികാസങ്ങൾ. ഇപ്രകാരം ക്രിസ്ത്യൻ ന്യൂനപക്ഷ സ്ഥാപനങ്ങളെ അസ്ഥിരപ്പെടുത്താനുള്ള ശ്രമങ്ങൾ ശക്തമായി ചെറുക്കും” സീറോമലബാ‍ർ പബ്ലിക് അഫയേഴ്സ് കമ്മീഷൻ, ബിഷപ് തോമസ് തറയിൽ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

സീറോമലബാ‍ർ പബ്ലിക് അഫയേഴ്സ് കമ്മീഷൻ പുറത്തിറക്കിയ പ്രസ്താവന

സഭയുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിസ്ക്കരിക്കാനുള്ള മുറി അനുവദിക്കാനാവില്ല എന്ന് നിലപാട് വ്യക്തമാക്കി സീറോ മലബാ‍ർ ചർച്ചിന്റെ ഗ്ലോബൽ കമ്മിറ്റി – കത്തോലിക്ക് കോൺഗ്രസും സമാനമായ ഒരു പ്രസ്താവന പുറത്തിറക്കി.

സീറോ മലബാ‍ർ ചർച്ച് ഗ്ലോബൽ കമ്മിറ്റി-കത്തോലിക്ക് കോൺഗ്രസ് പുറത്തിറക്കിയ പ്രസ്താവന

കേരളത്തിൽ ഇസ്ലാംഭീതി പടർത്തുന്നതിൽ ബദ്ധശ്രദ്ധ പുലർത്തുന്ന കാസ അഥവാ ക്രിസ്ത്യൻ അസോസിയേഷൻ ആന്റ് അലയെൻസ് ഫോ‍ർ സോഷ്യൽ ആക്ഷൻ ഈ വിഷയത്തിൽ പ്രതികരിച്ചതിങ്ങനെയായിരുന്നു. “തോന്നുന്നിടത്തെല്ലാം നിസ്ക്കാരം അനുവദിച്ച് തരാനിത് പാക്കിസ്ഥാനല്ല, മുസ്ലീം സ്ത്രീകൾക്ക് നിസ്കാരസൗകര്യം ഉണ്ടാക്കി കൊടുക്കേണ്ടത് ക്രിസ്ത്യൻ സ്ഥാപനങ്ങളുടെ ചുമതലയല്ല, പഠനത്തെക്കാൾ പ്രാധാന്യം മതത്തിന് കൊടുക്കുന്നവ‍ർ മതപഠനശാലകളിലേക്ക് പോകട്ടെ, നിസ്കാര മുറി വേണമെന്ന ആവശ്യം ഒരു കാരണവശാലും അനുവദിച്ച് കൊടുക്കരുത്.”

‘കാസ’യുടെ പ്രതികരണം

നി‍ർമല കോളേജിൽ നടന്നതെന്ത് ?

നി‍ർമല കോളേജിലെ ബിരുദ വിദ്യാ‍ർത്ഥികളായ നാല് പെൺകുട്ടികൾ കഴിഞ്ഞ രണ്ട് വ‍ർഷത്തിലേറെയായി പ്രവർത്തി ദിവസങ്ങളിലെല്ലാം ഉച്ചഭക്ഷണത്തിനുള്ള ഇടവേളയിൽ തങ്ങളുടെ റെസ്റ്റ് റൂമിന്റെ ഒരു മൂലയിൽ ളുഹ്ർ നമസ്ക്കാരവും വെള്ളിയാഴ്ച്ചകളിൽ ജുമുഅ നമസ്കാരവും നിർവ്വഹിച്ചിരുന്നു. പതിവു പോലെ ഉച്ചഭക്ഷണം കഴിച്ച്‌ നമസ്ക്കാരം നിർവ്വഹിക്കാൻ എത്തിയ വിദ്യാ‍ർത്ഥിനികളെ കോളേജിലെ ഒരു അനധ്യാപികയായ ജീവനക്കാരി പ്രിൻസിപ്പാളിന്റെ നിർദ്ദേശപ്രകാരം തടഞ്ഞു. അവ‍ർ നമസ്ക്കരിച്ചിരുന്ന റെസ്റ്റ് റൂമിന്റെ മൂലയിൽ കസേരയിട്ട് ഇരുന്നായിരുന്നു ജീവനക്കാരി വിദ്യാർത്ഥിനികളെ നമസ്ക്കരിക്കുന്നതിൽ നിന്നും വിലക്കിയത്. ഇവിടെ നമസ്കരിക്കുവാൻ പാടില്ല എന്ന് വിദ്യാർഥിനികളോട് പറഞ്ഞ ജീവനക്കാരി, പ്രിൻസിപ്പാൾ അച്ചൻ അങ്ങനെ പറഞ്ഞിട്ടുണ്ടെന്നും ഇവിടെ നമസ്കരിക്കുന്നവരോട് അച്ചനെ ചെന്ന് കാണാൻ പറഞ്ഞിട്ടുണ്ടെന്നും വിദ്യാർത്ഥിനികളെ അറിയിച്ചു. പ്രശ്നം പരിഹരിക്കുന്നതിനായി വിദ്യാർത്ഥിനികൾ പ്രിൻസിപ്പാളിനെ സമീപിച്ചു.

ഉച്ചയ്ക്കുള്ള ഇടവളേയിൽ എന്നും ഹൈവേയ്ക്ക് സമീപത്തുള്ള പള്ളിയിൽ പോയി നമസ്കരിച്ചു തിരിച്ചുവരാൻ പ്രയാസമാണ്, ക്ലാസ് റൂമിൽ നിന്നും പള്ളിയിൽ പോയി മടങ്ങിയെത്താൻ 20-25 മിനിറ്റോളം സമയം എടുക്കും. നമസ്കാരസ്ഥലം ഒഴിഞ്ഞു കിട്ടുന്നതിനായി ചിലപ്പോൾ അവിടെ കാത്തു നിൽക്കേണ്ടിവരാറുണ്ട്. തിരികെയെത്തുമ്പോൾ ക്ലാസ്സ് തുടങ്ങിക്കഴിയുന്നതിനാൽ അറ്റൻഡൻസ് നഷ്ടമാകും. അതുകൊണ്ടാണ് നമസ്കരിക്കുവാൻ റസ്റ്റ് റൂം ഉപയോഗിച്ചിരുന്നതെന്ന് വിദ്യാർത്ഥിനികൾ പ്രിൻസിപ്പാളിനോട്‌ പറഞ്ഞു. അതുകൊണ്ട് തുടർന്നും റസ്റ്റ് റൂമിന്റെ മൂലയിൽ നമസ്കരിക്കാൻ തങ്ങളെ അനുവദിക്കണമെന്നും, അല്ലെങ്കിൽ തിരികെ എത്താനുള്ള സമയത്തിൽ ഇളവ് നൽകണമെന്നും അവർ പ്രിൻസിപ്പാളിനോട്‌ ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ വിദ്യാർത്ഥിനിനികളുടെ ആവശ്യവും സാഹചര്യവും പരിഗണിക്കാതെ ഈ രണ്ട് അഭ്യർത്ഥനകളും പ്രിൻസിപ്പാൾ നിരാകരിക്കുകയായിരുന്നു. വിവരമറിഞ്ഞ് വിവിധ സംഘടനകളുടെ യൂണിയനുകളിൽ പ്രവർത്തിക്കുന്ന വിദ്യാർത്ഥികൾ ഉൾപ്പെടെ നി‍ർമല കോളേജിലെ വിദ്യാ‍ർത്ഥികൾ ജാതിമതഭേദമന്യേ പ്രിൻസിപ്പാളിന്റെ തീരുമാനത്തിനെതിരായി ഓഫീസിനു മുൻപിൽ ശബ്ദമുയർത്തി. പെൺകുട്ടികളുടെ റസ്റ്റ് റൂമിന്റെ ഒരു മൂലയിൽ മറ്റാ‍രെയും ശല്യപ്പെടുത്താതെ ഒരു നേരം നാല് വിദ്യാ‍ർത്ഥികൾ നമസ്ക്കരിക്കുന്നത് തടയുന്നതെന്തിനെന്ന് അവർ പ്രിൻസിപ്പാളിനെ ചോദ്യം ചെയ്തു. നമസ്ക്കാരം തടഞ്ഞതിന് വിദ്യാ‍ർത്ഥിനികളോട് പ്രിൻസിപ്പാൾ മാപ്പ് പറയണം എന്നും സംയുക്തമായി ആവശ്യപ്പെട്ടു. വിദ്യാർത്ഥികൾക്ക് വഴങ്ങിയ പ്രിൻസിപ്പാൾ വിദ്യാർത്ഥിനികളോട് മാപ്പ് പറഞ്ഞു. തുടർന്ന് നമസ്കരിക്കുന്നതിന് അനുമതി നൽകാനായി വിദ്യാർത്ഥിനികളോട് ഒരു അപേക്ഷ നൽകാൻ പ്രിൻസിപ്പാൾ ആവശ്യപ്പെട്ടു. തങ്ങളുടെ അഭ്യർത്ഥന മാനിക്കും എന്ന പ്രത്യാശയോടെ അവർ നാലുപേരും ഒപ്പുവെച്ച അപേക്ഷ പ്രിൻസിപ്പാളിന് നൽകി.

വിദ്യാർത്ഥികളെ വർഗീയവാദികളാക്കിയതെന്തിന് ?

നിർമല കോളേജിലെ വിദ്യാർത്ഥികൾ സംയുക്തമായാണ് പ്രിൻസിപ്പാളിനെ ഉപരോധിച്ചത്. എന്നാൽ വിദ്യാർത്ഥിനികൾ നമസ്ക്കരിക്കുന്നതിൽ മറ്റ് വിദ്യാർത്ഥികൾക്കോ അധ്യാപകർക്കോ പരാതികൾ ഒന്നും തന്നെയില്ലാതിരുന്നിട്ടും പ്രിൻസിപ്പാൾ വിലക്കിയത് എന്തുകൊണ്ടെന്ന വിദ്യാർത്ഥികളുടെ ചോദ്യം മറച്ചുവെച്ചുകൊണ്ട്, നി‍ർമല കോളേജിൽ നിസ്കാര മുറിക്കായി പ്രിൻസിപ്പാളിനെ ഉപരോധിച്ചുകൊണ്ട് സമരം എന്ന തരത്തിലാണ് ദൃശ്യങ്ങൾ പ്രചരിപ്പിച്ചത്.

വിദ്യാ‍ർത്ഥികൾ മനപൂർവ്വം കുഴപ്പം സൃഷ്ടിക്കുവാൻ ശ്രമിക്കുന്നു, വിദ്യാ‍ർത്ഥികൾ മതതീവ്രവാദികളാണ്, പോപ്പുലർ ഫ്രണ്ട് പോലെയുള്ള സംഘടനകൾ വിദ്യാ‍ർത്ഥികൾക്ക് പിന്നിൽ പ്രവർത്തിക്കുന്നു, വിദ്യാ‍ർത്ഥികൾ വിഘടനവാദികളാണ്, മതസൗഹാർദ അന്തരീക്ഷം തകർക്കുന്നവരാണ്, ക്രിസ്ത്യൻ സ്ഥാപനങ്ങൾക്ക് നേരെ നടക്കുന്ന ആസൂത്രിതമായ മതവർഗീയ അധിനിവേശ ശ്രമങ്ങളുടെ ഭാഗമാണിത്, ന്യൂനപക്ഷ സ്ഥാപനങ്ങളെ അസ്ഥിരപ്പെടുത്താനുള്ള ശ്രമമാണിത്, തോന്നുന്നിടത്തെല്ലാം നിസ്ക്കരിക്കാൻ ഇത് പാക്കിസ്ഥാൻ അല്ല എന്നിങ്ങനെയുള്ള പ്രചാരണങ്ങളാണ് ബി.ജെ.പി നേതാക്കളും, സീറോ മലബാ‍ർ സഭയുമായി ബന്ധപ്പെട്ട സംഘടനകളും, കാസയുമെല്ലാം ചേർന്ന് നടത്തിയത്.

മുസ്ലീം നാമധാരികളായ ആർക്കുനേരെയും തീവ്രവാദ ബന്ധം ആരോപിക്കാനും അവരെ വിഘടനവാദികളായി മുദ്രകുത്താനും ഹിന്ദുത്വവാദികൾക്ക് കഴിയുന്നത് മുസ്ലീംവിരുദ്ധതയെ ആളിക്കത്തിച്ച് മതധ്രുവീകരണം നടത്തുന്ന ഇത്തരം വിദ്വേഷപ്രചാരണങ്ങളുടെ വസ്തുതകൾ അന്വേഷിക്കപ്പെടാത്തതിനാലും നടപടികൾ ഉണ്ടാകാത്തതിനാലുമാണ്. അപരാധങ്ങളെല്ലാം വിദ്യാ‍ർത്ഥികൾക്ക് മേൽ കെട്ടിവെച്ച് കൈകഴുകി പ്രശ്നം പരിഹരിച്ച പ്രിൻസിപ്പാളും, ബിജെപി പ്രവർത്തകരും, സീറോ മലബാ‍ർ സഭയുടെ സംഘടനകളും ഈ വർഗീയ പ്രചാരണങ്ങളുടെ പേരിൽ ചോദ്യം ചെയ്യപ്പെടാത്തത് എന്തുകൊണ്ടാണ് ? മുസ്ലീം വിരുദ്ധത പ്രചരിപ്പിക്കാനുള്ള ബോധപൂർവ്വമായ ഈ ശ്രമങ്ങൾ എതിർക്കപ്പെടാത്തത് എന്തുകൊണ്ടാണ്? മുസ്ലീം സമുദായത്തെ ലക്ഷ്യമാക്കിക്കൊണ്ട് വിദ്യാർത്ഥികൾക്ക് നേരെ നടത്തിയ ഈ വർഗീയ പ്രചാരണങ്ങൾക്ക് വലിയ സ്വീകാര്യത ലഭിച്ചു എന്ന വസ്തുത ഇതിനോടൊപ്പം തിരിച്ചറിയേണ്ടതുണ്ട്. ഈ കുപ്രചാരണങ്ങൾ നടത്തിയ യൂട്യൂബ് ചാനലുകളുടെ കമന്റ് ബോക്സിലും, സാമൂഹ്യ മാധ്യമങ്ങളിലും മലയാളികൾ നടത്തിയിട്ടുള്ള പ്രതികരണങ്ങൾ വിശകലനം ചെയ്താൽ ഈ വിദ്വേഷ പ്രചാരണങ്ങളുടെ ഉദ്ദേശലക്ഷ്യങ്ങൾ വ്യക്തമാകും.

പരിധിയില്ലാത്ത വിദ്വേഷ പ്രചാരണങ്ങൾ
തുടക്കത്തിൽ മുഖ്യധാര മാധ്യമങ്ങൾ ഈ വാർത്ത നൽകാതിരുന്നപ്പോൾ തുടർച്ചയായി ഈ വിഷയം അവതരിപ്പിച്ചത് ഹിന്ദുത്വ ആശയങ്ങൾ പ്രചരിപ്പിക്കുന്ന ചില യൂട്യൂബ് ചാനലുകളും ജനം ടീവിയും ന്യൂസ് 18 കേരളയുമാണ്. മുഖ്യധാരാ മാധ്യമങ്ങൾ ഈ വിഷയം ഏറ്റെടുക്കാത്തതിൽ വിമർശന സ്വരങ്ങളും ഈ ചാനലുകളിൽ ഉയർന്നിരുന്നു. നിർമല കോളേജിലെ വിദ്യാർത്ഥികളുടെ പ്രതിഷേധത്തെ വളച്ചൊടിച്ച് വർഗീയവത്കരിച്ച് മുസ്ലീം വിരുദ്ധത പ്രചരിപ്പിക്കുന്ന നിരവധി വാർത്തകളാണ് പുറത്തുവന്നത്. അവയിൽ ഏതാനും യൂട്യൂബ് ചാനലുകളിലെ തമ്പ്നൈൽ വാചകങ്ങളാണ് താഴെ.
shekinah News എന്ന യൂട്യൂബ് ചാനലിൽ വന്ന വാർത്തകളിലെ തമ്പ്നൈൽ വാചകങ്ങൾ

സമീപത്ത് മോസ്കുള്ളപ്പോൾ നിസ്ക്കാരം കോളേജിൽ തന്നെ വേണം, നിസ്ക്കാരം അനുവദിക്കാത്ത പ്രിൻസിപ്പാൾ അച്ഛൻ മാപ്പു പറയണം പോലും, നിർമ്മല കോളേജിലെ ഭീഷണിയുടെ ദൃശ്യങ്ങൾ പുറത്ത്.

തീവ്രമതചിന്ത പുതുതലമുറയുടെമേൽ അടിച്ചേൽപ്പിച്ചതിന്റെ ബഹിർസ്ഫുരണമാണോ മൂവാറ്റുപുഴ നിർമല കോളേജിൽ നടന്നത് ? മൂവാറ്റുപുഴ നിർമല കോളേജിൽ നടന്നത് പിടിച്ചെടുക്കൽ തന്ത്രമോ ?നിർമല കോളേജിൽ നടന്നത് അധിനിവേശ ശക്തികളുടെ കയ്യടക്കൽ തന്ത്രമോ ?

മൂവാറ്റുപുഴ നിർമല കോളേജിനെതിരെ ഒരുപറ്റം വിദ്യാർത്ഥികൾ നടത്തുന്ന വിദ്വേഷപ്രവർത്തനങ്ങൾ അപലപനീയം എന്ന് കെ.സി.വൈ.എം സംസ്ഥാന സമിതി

fasal karatt എന്ന യൂട്യൂബ് ചാനലിലെ വാർത്തകളുടെ തമ്പ്നൈൽ വാചകങ്ങൾ

നിസ്ക്കരിക്കാൻ സമരം, പ്രിൻസിപ്പാളിനെ പൂട്ടിയത് കണ്ടോ ?

നിർമ്മലയിൽ സുഡാപ്പികളോ ? എന്നെ വിളിച്ചത് കേട്ടോ ?

പിന്നിലെ കറുത്ത കൈകൾ ? മുൻ വിദ്യാർത്ഥിനി പറഞ്ഞത് കേട്ടോ ?

സുഡാപ്പികളുടെ ലക്ഷ്യമെന്ത് നിർമലയെ സംരക്ഷിച്ചേ പറ്റൂ.

നിർമലയിലെ ബിൻലാദൻ പ്രേമി എന്നെ വിളിച്ചത് കേട്ടോ ?

ക്ലാസ് റൂമുകൾ പിടിക്കാനുള്ള ഉസ്താദിന്റെ ക്ലാസ് കേട്ടോ ?

കേരള ഹമാസി എന്നെ വിളിച്ചത് കേട്ടോ ?


Tatwamayi NEWS വാർത്തകളുടെ തമ്പ്നൈലുകൾ

കേരളത്തിലെ കോളേജുകളിൽ ജിഹാദി പരീക്ഷണ ശാലയാക്കാൻ നീക്കം ! പിന്നിൽ പോപ്പുലർ ഫ്രണ്ട് ?

സ്കൂളിന്റെയുള്ളിൽ പള്ളി കയറ്റണം, ഉസ്താദുമാരുടെ ഗൂഢാലോചന പുറത്ത്

ഇത് കേരളമാണോ അതോ താലിബാനോ?എന്ന ചോദ്യമുന്നയിച്ചാണ് Goodness Tv ഈ വിഷയം ചർച്ച ചെയ്തത്. നിസ്ക്കാരത്തിന് ക്ലാസ് മുറി തരില്ല എന്ന പേരിൽ വിദ്യാർത്ഥികൾക്കെതിരെ വിശദമായ റിപ്പോ‍ർട്ട് ജനം ടിവി തയ്യാറാക്കിയിരുന്നു. അജണ്ട ഇസ്ലാമിക വൽക്കരണമോ? എന്ന ചോദ്യം ഉന്നയിച്ച സംവാദ പരിപാടിയും ജനം സംഘടിപ്പിച്ചിരുന്നു. അധീശത്വത്തിന്റെ മതമാണ് ഇസ്ലാം, ചില കാര്യങ്ങൾക്ക് മദ്രസകളിൽ പ്രത്യേക ട്രെയിനിംഗ് ലഭിക്കുന്നുണ്ട്, നിസ്കാരമുറി ആവശ്യപ്പെട്ടുള്ള സമരം കേരളത്തെ ഇസ്ലാമികവൽക്കരിക്കാനുള്ള നീക്കം തുടങ്ങിയ തമ്പ്നൈലുകളാണ് ഈ സംവാദ പരിപാടിയുടെ പ്രചരണത്തിനായി ജനം ഉപയോഗിച്ചത്. ഇവയ്ക്ക് പുറമേ, നിസ്കാരമോ അതോ നെഗളിപ്പോ? എന്ന ചോദ്യത്തിൽ ഒരു സ്പെഷൽ ഡിബേറ്റും ജനം ടിവി സംഘടിപ്പിച്ചു. News 18 kerala നടത്തിയ നിർമലയിലെ നിസ്കാര വിവാദം എന്ന പ്രൈം ഡിബേറ്റിലൂടെയും വിദ്വേഷം വളർത്തുന്ന നിരവധി കണ്ടന്റുകൾ ഉത്പാദിപ്പിക്കപ്പെട്ടു.

നിസ്ക്കാരത്തിന് ക്ലാസ്മുറി തരില്ല എന്ന തലക്കെട്ടിൽ ജനം ടീവി അവതരിപ്പിച്ച റിപ്പോർട്ടിന് താഴെയുള്ള ഒരു കമന്റ് ഇങ്ങനെയാണ്-“പ്ലസ് ടു വരെയുള്ള സ്കൂളുകൾ, കോളേജുകൾ എൻ.എസ്.എസ്. നടത്തുന്നതായാലും എസ്.എൻ.ഡി.പി നടത്തുന്നതായാലും ക്രിസ്ത്യൻ സഭകൾ നടത്തുന്നതായാലും ദയവായി മുസ്ലീം ടീംസിന് അഡ്മിഷൻ കൊടുക്കുന്നത് ഒഴിവാക്കുക. ഹിന്ദു, ക്രിസ്ത്യൻ കുട്ടികൾ സമാധാനമായി പഠിക്കാൻ അവസരം കൊടുക്കണം. ജിഹാദി ടീംസിന് ഓരോ മണിക്കൂറിലും നിസ്ക്കരിക്കാൻ സ്ഥലം വേണം. റംസാൻ മാസം ഹിന്ദു, ക്രിസ്ത്യൻ കുട്ടികൾ ഇവറ്റകളുടെ മുൻപിൽ വെച്ച് ഫുഡ് കഴിക്കാൻ പാടില്ല. വെള്ളം കുടിക്കാൻ പാടില്ല തുടങ്ങിയ കുറെ ആവശ്യങ്ങൾ ആണ്. വെറുതെ വേലിയിൽ കിടക്കുന്ന മൂർഖൻ പാമ്പിനെ തലയിൽ വെക്കണോ? മുസ്ലീം ടീംസ് മുസ്ലീം സ്കൂളുകളിൽ കോളേജുകളിൽ പോകട്ടെ. ഹിന്ദു & ക്രിസ്ത്യൻ ഭാരത്.”

യൂട്യൂബ് കമന്റ്

അതേ റിപ്പോർട്ടിനുള്ള മറ്റൊരു പ്രതികരണം ഇങ്ങനെയാണ്, “നിർമല കോളേജിൽ കാര്യങ്ങൾ ഇങ്ങനെ പോയാൽ കോളേജിന്റെ പേരുമാറ്റി മോസ്ക്ക് സ്ഥാപിക്കാൻ സാധ്യതയുണ്ട്. ഞാൻ ക്രിസംഘിയായതിൽ അഭിമാനം കൊള്ളുന്നു. എന്റെയും കുടുംബത്തിന്റെയും പൂർണ്ണ പിന്തുണ ബി.ജെ.പിയ്ക്ക് നൽകുന്നു. മറ്റൊരു കമന്റ് , “ആ താത്ത കുട്ടികളുടെ കുടുംബ പശ്ചാത്തലം കേന്ദ്ര ഏജൻസി അന്വേഷിക്കണം.സ്ലീപ്പർ സെല്ലുകൾ ആവാൻ സാധ്യതയുണ്ട്.”എന്നാണ്

യൂട്യൂബ് കമന്റ്

നിർമല കോളേജിലെ വിദ്യാർത്ഥികൾക്ക് നേരെ ബി.ജെ.പി പ്രവർത്തകരും സഭാസംഘടനകളും തുടങ്ങിവെച്ച വിദ്വേഷ പ്രചാരണങ്ങളുടെ ലക്ഷ്യം എന്താണെന്ന് വ്യക്തമാക്കുന്നവയാണ് ഈ തമ്പ്നൈലുകളും കമന്റുകളും. തീവ്രമതചിന്തയുള്ളവർ, വിദ്വേഷപ്രചാരകർ, അധിനിവേശ ശക്തികൾ, സുഡാപ്പി, ബിൻലാദൻ പ്രേമികൾ, കേരള ഹമാസികൾ എന്നിങ്ങനെയെല്ലാം വിദ്യാർത്ഥികൾക്കുമേൽ വർഗീയ-തീവ്രവാദ ചാപ്പ കുത്തിക്കൊണ്ടാണ് വർഗീയവാദികൾ വിദ്വേഷ പ്രചാരണങ്ങൾ നടത്തിയത്. സമാനമായ നിരവധി കമന്റുകൾ മേൽപ്പറഞ്ഞ ചർച്ചകൾ അവതരിപ്പിച്ച ചാനലുകളുടെ കമന്റ് ബോക്ക്സുകളിൽ കാണാനാവും.നിർമല കോളേജിലെ കുട്ടികളെ കരുവാക്കിക്കൊണ്ട് മുസ്ലീം വിരുദ്ധ വിദ്വേഷ പ്രചാരണം നടത്തിയ ബി.ജെ.പിയുടെയും ഹിന്ദുത്വ ആശയങ്ങളെ പിന്തുണക്കുന്ന ക്രിസ്ത്യൻ സംഘടനകളുടെയും ലക്ഷ്യം മുസ്ലീങ്ങളെ പൊതുശത്രുക്കളാക്കി ക്രിസ്ത്യാനികളെയും ഹിന്ദുക്കളെയും ഒരുമിപ്പിച്ച് രാഷ്ട്രീയ സ്വാധീനം വർദ്ധിപ്പിക്കുകയാണെന്ന് വ്യക്തമായി ഈ കമന്റുകൾ വിളിച്ചുപറയുന്നു. മുസ്ലീങ്ങളെ പൊതുശത്രുവാക്കി ക്രിസ്ത്യാനികളെ ക്രിസംഘികളാക്കുന്ന ബി.ജെ.പി തന്ത്രം കേരളത്തിൽ വേരൂന്നുന്നതിന്റെ അടയാളമാണ് നിർമല കോളേജിലെ വിദ്യാർത്ഥി പ്രതിഷേധത്തെ തുടർന്നുണ്ടായ ഈ വിദ്വേഷ പ്രചാരണങ്ങൾ.

മതേതരത്വവും മുസ്ലീം അപരവത്കരണവും

2024 ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ തൃശ്ശൂരിൽ നിന്നുള്ള ബി.ജെ.പി സ്ഥാനാർത്ഥിയായ സുരേഷ് ഗോപിയുടെ അപ്രതീക്ഷിത വിജയം കേരളത്തിലെ ജനാധിപത്യ മതേതര വിശ്വാസികൾക്കിടയിൽ വലിയ നടുക്കമുണ്ടായിക്കിയിരുന്നു. ബി.ജെ.പി സ്ഥാനാർത്ഥിയാണെങ്കിലും സുരേഷ് ഗോപിയുടെ വിജയം വ്യക്തിപ്രഭാവത്താലായിരുന്നു എന്നാണ് പൊതുവെ വിലയിരുത്തപ്പെട്ടത്. എന്നാൽ വാക്കിലും പ്രവർത്തിയിലും നിരന്തരം സവർണ്ണ ഹൈന്ദവത പ്രകടിപ്പിക്കുന്ന സുരേഷ് ഗോപിയുടെ വ്യക്തിപ്രഭാവത്തിന് തൃശ്ശൂരിലെയും കേരളത്തിലെയും മതേതര സമൂഹത്തിൽ സ്വീകാര്യത ലഭിച്ചത് എന്തുകൊണ്ടെന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരം നൽകുന്നതാണ് നിർമല കോളേജിലെ വിദ്യാർത്ഥി പ്രതിഷേധത്തോട് കേരളത്തിലെ ലിബറൽ പുരോഗമന വക്താക്കൾ സാമൂഹ്യ മാധ്യമങ്ങളിൽ നടത്തിയ പ്രതികരണങ്ങൾ. ക്രിസ്ത്യൻ സഭയുടെ കീഴിലുള്ള കോളേജിൽ നമസ്ക്കരിക്കാൻ ഇടം ആവശ്യപ്പെട്ട വിദ്യാർത്ഥി പ്രതിഷേധത്തെ കേരളത്തിലെ കലാലയങ്ങളിലുണ്ടായിരുന്ന മതേതര മൂല്യങ്ങളിലുണ്ടായ വലിയ വീഴ്ച്ചയായാണ് ലിബറൽ പുരോഗമന മതേതര വക്താക്കൾ പലരും വിലയിരുത്തിയത്. ബി.ജെ.പി സ്ഥാനാർത്ഥികൾക്ക് കേരളത്തിൽ സ്വാധീനം കുറവാണെങ്കിലും ഹിന്ദുത്വ വർഗീയതയുടെ ആശയങ്ങൾക്ക് കേരളത്തിൽ സ്വീകാര്യതയേറിയിട്ടുണ്ടെന്നും ഈ വിഷയത്തിലെ ഇത്തരം സമീപനങ്ങളിൽ നിന്നും മനസ്സിലാക്കാം.

വിദ്യാർത്ഥികൾക്കും മുസ്ലീം സമുദായത്തിനുമെതിരെ നടന്ന വ്യാപകമായ വിദ്വേഷ പ്രചാരണങ്ങളെ എതിർക്കുന്നതിന് പകരം അവയൊന്നും മുഖവിലക്കെടുക്കാതെ പ്രതിഷേധിച്ച വിദ്യാർത്ഥികൾക്കും മുസ്ലീം സമുദായത്തിനുമെതിരെ പ്രതികരിക്കുകയായിരുന്നു പുരോഗമന പ്രൊഫൈലുകൾ പലതും. ബി.ജെ.പി, ക്രിസംഘി പ്രചാരണങ്ങൾക്ക് സമാനമായി, കലാലയങ്ങളെ മതവത്കരിക്കുവാനുള്ള ശ്രമമായാണ് മതേതര സമൂഹം നിർമല കോളേജിലെ വിദ്യാർത്ഥികളുടെ പ്രതിഷേധത്തെ വിലയിരുത്തിയത്. ബി.ജെ.പി നേതാക്കൾ പ്രചരിപ്പിച്ചത് പോലെ ഈ പ്രതിഷേധത്തിന് പിന്നിൽ മതമൗലിക വാദികളാണ് എന്നായിരുന്നു മതേതര പുരോഗമന വക്താക്കളും വിശ്വസിച്ചത്. പ്രതിഷേധത്തിന് പിന്നിലെ ആസൂത്രിത ലക്ഷ്യങ്ങളുണ്ടെന്ന പ്രചാരണവും അവർ ഏറ്റെടുത്തു. ക്രിസ്ത്യൻ സഭയുടെ കീഴിലുള്ള കോളേജിൽ നമസ്ക്കാര മുറിക്കായി വിദ്യാ‍ർത്ഥികളുടെ സമരം എന്ന വാ‍ർത്ത പൊതുവെ സാമൂഹ്യ മാധ്യമങ്ങളിലെ മതേതരസമൂഹത്തിലുണ്ടാക്കിയ വികാരം ക്ഷോഭവും, പരിഹാസവുമായിരുന്നു. അതിനാൽ സമാധാനപരമായ കോളേജിൽ മതമൗലികവാദികളായ വിദ്യാർത്ഥികൾ മനപൂ‍ർവ്വം കുഴപ്പങ്ങളുണ്ടാക്കുന്നു എന്ന കുപ്രചാരണം അവർ ഏറ്റെടുത്തു.

മതേതര ബഹുസ്വര സമൂഹത്തിലെ കലാലയങ്ങളിൽ മതവിശ്വാസങ്ങൾക്കും മതവിശ്വാസികളായ വിദ്യാർത്ഥികൾക്കും ഇടമില്ല എന്ന വാദമാണ് പുരോഗമന മതേതരവക്താക്കൾ നി‍ർമല കോളേജിലെ വിദ്യാ‍ർത്ഥികളുടെ പ്രതിഷേധത്തിന് എതിരായി പ്രചരിപ്പിച്ചത്. മതേതര ഇടങ്ങൾ മതരഹിതമാക്കുക എന്ന ആശയപ്രചാരണത്തിനുള്ള അവസരമായാണ് ഈ സന്ദർഭത്തെ അവർ വിനിയോഗിച്ചത്. മുസ്ലീം മതവിശ്വാസികളായ വിദ്യാർത്ഥികൾക്ക് നമസ്ക്കരിക്കാൻ ഇടം നൽകിയാൽ ഹിന്ദു മതവിശ്വസികളായ വിദ്യാർത്ഥികൾക്ക് പൂജ ചെയ്യാനും ക്രിസ്ത്യൻ മതവിശ്വാസികൾക്ക് കുമ്പസരിക്കാനും കലാലയങ്ങളിൽ ഇടം ഒരുക്കേണ്ടിവരും എന്ന വാദം ഉയർത്തിയ ഈ പ്രഖ്യാപിത മതേതര വാദികൾ, കോളേജിൽ നമസ്ക്കാരമുറി വേണ്ടവ‍ർ ആദ്യം ഫറൂഖ് കോളേജിൽ ചാപ്പലുണ്ടാക്കട്ടെ എന്ന ആപ്തവാക്യത്തിലൂടെ തങ്ങളുടെ മതേതരത്വം പ്രചരിപ്പിച്ചു. മുസ്ലീം വിദ്യാ‍ർത്ഥികളുടെ ആരാധനാസ്വാതന്ത്ര്യത്തിന് വേണ്ടി ശബ്ദമുയർത്തുവാനായി ജാതിമതഭേദമന്യെ ഒത്തുചേ‍ർന്ന നി‍ർമ്മലയിലെ വിദ്യാ‍ർത്ഥികളുടെ മതേതരബോധത്തെ ഉൾക്കൊള്ളുവാനോ വിശ്വസിക്കുവാനോ കഴിയാതെ പോയതിനാലാണ് ബി.ജെ.പിയ്ക്കും സീറോ മലബാ‍ർ സംഘടനകൾക്കും സമാനമായി പ്രഖ്യാപിത പുരോഗമന മതേതരവാദികളും ഈ വിഷയത്തിൽ പ്രതികരിച്ചത്. അതിനാൽ തന്നെ പുരോഗമന മതേതര വാദികളുടെ പ്രചാരണങ്ങൾ വിദ്വേഷപ്രചാരകർക്ക് സഹായകരമായി മാറി.

ആധുനിക വിദ്യാഭ്യാസം നേടിയിട്ടും നമസ്ക്കാരം നി‍ർവ്വഹിക്കാൻ ഇടം തേടിയ വിദ്യാർത്ഥിനികളെ പരിഹസിക്കുന്നതിലൂടെയും അപകീർത്തിപ്പെടുത്തുന്നതിലൂടെയും വ‍‍ർഗീയപ്രചാരകരെ പോലെ തന്നെ മുസ്ലീം പെൺകുട്ടികൾ വലിയ തോതിൽ ഉന്നത വിദ്യഭ്യാസം നേടുന്നതിലെ അസഹിഷ്ണുത പ്രകടിപ്പിക്കാനും അവരുടെ വിദ്യഭ്യാസത്തിനുള്ള അവകാശത്തെ ചോദ്യം ചെയ്യുവാൻ പോലും പുരോഗമന മതേതര വക്താക്കൾ മടിച്ചില്ല. മതനവീകരണം നടത്തിയതിന് ശേഷം മതി ക്രിസ്ത്യൻ കലാലയത്തിൽ നിസ്ക്കരിക്കാനുള്ള അവകാശത്തിനായി സമരം നയിക്കുന്നതെന്നായിരുന്നു മതേതരവാദികളുടെയും വ‍ർഗീയവാദികളും ഒരുമിച്ചു നടത്തിയ മറ്റൊരു പ്രചാരണം. ഇങ്ങനെ വിദ്യാർത്ഥി പ്രതിഷേധത്തെ എതിർത്ത ലിബറൽ പുരോഗമന മതേതര വാദികളുടെയും വിദ്വേഷ പ്രചാരകരുടെ വാദങ്ങൾ സമാനമായി മാറി. കടുത്ത വിദ്വേഷ പ്രചാരണങ്ങൾ അവസാനിപ്പിക്കുന്നതിനായി പ്രശ്നം പരിഹരിക്കാൻ മൂവാറ്റുപുഴ മഹല്ല് കമ്മിറ്റിയും മുസ്ലിം മതനേതാക്കളും ഈ വിഷയത്തിൽ ഇടപെട്ടു. കുട്ടികൾക്ക് തെറ്റ് പറ്റിയെന്നും, ഖേദം പ്രകടിപ്പിക്കുന്നുവെന്നുമായിരുന്നു മഹല്ല് കമ്മിറ്റിയുടെ പൊതുപ്രസ്താവന. മുസ്ലീം മതനേതാക്കളുടെയും പ്രതികരണങ്ങളിൽ കുട്ടികളായിരുന്നു കുറ്റക്കാർ. വിദ്യാർത്ഥിനികളുമായി സംസാരിക്കുവാനും അവരെ കേൾക്കാനും തയ്യാറാവാതെ ഈ മതനേതാക്കൾ പ്രശ്നപരിഹാരത്തിനായി നടത്തിയ മാപ്പ് പറച്ചിലിനെ തങ്ങളുടെ വിജയമായി ആഘോഷിച്ചു വിദ്വേഷ പ്രചാരകർ.

വർഗീയ പ്രചാരണങ്ങളിൽ ഭയന്ന്

മതരഹിതമായ മതേതരബോധ്യം ഉയർത്തിപ്പിടിക്കുന്ന എസ്.എഫ്.ഐ എന്ന വിദ്യാർത്ഥി സംഘടന ഈ പ്രതിഷേധത്തിൽ തങ്ങൾക്ക് പങ്കില്ല എന്ന് പരസ്യപ്രസ്താവന പുറത്തിറക്കുകയുണ്ടായി. വർഗീയ പ്രചാരണങ്ങളുടെ ഉത്തരവാദിത്തം തങ്ങളെ അണിയിക്കാനുള്ള ശ്രമത്തിൽ നിന്നും എം.എസ്.എഫും മാറി നിന്നു. മതരഹിതരായി ജീവിക്കുവാനെന്ന പോലെ മതവിശ്വാസികളായി ജീവിക്കുവാനും വിദ്യ അഭ്യസിക്കുവാനും ഇന്ത്യൻ ഭരണഘടന നൽകുന്ന അവകാശത്തെ മാനിക്കാത്ത ഈ മതേതരവാദികൾ നിർമല കോളേജിൽ സമരം നയിച്ച വിദ്യാർത്ഥികൾക്ക് എതിരെ തിരിഞ്ഞതോടെ മുസ്ലീം വിരുദ്ധതയെ സാമാന്യവത്കരിക്കാനായി ബി.ജെ.പിയും ക്രിസംഘികളും നടത്തിയ ശ്രമത്തെ അറിഞ്ഞോ അറിയാതെയോ പിന്തുണക്കുകയായിരുന്നു

വയനാട് ഉരുൾപൊട്ടലിൽ മരിച്ചവരെ സർവ്വമത പ്രാർത്ഥനകളോടെ സംസ്കരിക്കുന്നു, കടപ്പാട്: newindianexpress.com

മതേതരത്വം എന്നാൽ മതരാഹിത്യമാണെന്ന ധാരണയിൽ നിന്നും വൈവിധ്യങ്ങളെ ഉൾക്കൊള്ളുന്ന ജനാധിപത്യ പ്രക്രിയയാണെന്ന തിരിച്ചറിവിലേക്ക് നമ്മുടെ സമൂഹം വളരേണ്ടിയിരിക്കുന്നു. ഇല്ലെങ്കിൽ കേരളത്തിലെ പ്രഖ്യാപിത പുരോഗമന മതേതര സമൂഹത്തിന് ഹിന്ദുത്വവാദികൾ പടർത്തുന്ന അപരവിദ്വേഷ പ്രചാരണങ്ങളെ പ്രതിരോധിക്കുവാൻ കഴിയാതെ വരും. നിർമല കോളേജ് വിവാദത്തിൽ നിന്നും പുരോഗമന മതേതര ലിബറൽ സമൂഹം ഇതാണ് മനസ്സിലാക്കേണ്ടത്. സർവ്വമത പ്രാർത്ഥനകളോടെ ഒരുകൂട്ടം മനുഷ്യരെ മണ്ണിലടക്കിയ ഒരു ജനതയാണ് നാം എന്ന് നമ്മൾ മറക്കരുത്.

INDEPENDENT,
IN-DEPTH JOURNALISM
FOR SOCIAL &
ECOLOGICAL
JUSTICE

keraleeyam-logo

Support Keraleeyam

Choose Your Preference

₹1000/Year

₹2000/2 Years

₹500/Year(Students)

One TimeAny Amount

Also Read

August 13, 2024 2:54 pm