ചിത്രലേഖയുടെ സമരം കളക്ടറേറ്റിന് മുന്നിലേക്ക്
നീതി ആവശ്യപ്പെട്ട് ഒക്ടോബർ മൂന്നിന് ചിത്രലേഖ കണ്ണൂർ കളക്ട്രേറ്റിന് മുന്നിൽ സമരം ആരംഭിക്കുകയാണ്. വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന ഓട്ടോ കത്തി നശിച്ച് സെപ്റ്റംബർ 25ന് ഒരു മാസം പിന്നിട്ടിട്ടും തീപിടിത്തം ഉണ്ടായതെങ്ങനെ എന്ന് കണ്ടെത്തുന്നതിനോ കുറ്റം ചെയ്തവരെ തിരിച്ചറിയുന്നതിനോ ചോദ്യം ചെയ്യുന്നതിനോ കഴിയാത്ത സാഹചര്യത്തിലാണ് സമരം.
സെപ്തംബര്‍ 16ന് കാട്ടാമ്പള്ളിയിലെ വീട്ടുമുറ്റത്ത് കത്തി ബാക്കിയായ ഓട്ടോയുടെ മുന്നില്‍ ചിത്രലേഖ അനിശ്ചിതകാല സമരം തുടങ്ങിയിരുന്നു. അതേ തുടര്‍ന്ന് ഓട്ടോ എടുത്തുമാറ്റാനുള്ള ശ്രമങ്ങള്‍ പൊലീസിന്റെ ഭാഗത്തുനിന്നും ഉണ്ടായി. ഈ സാഹചര്യത്തിൽ കളക്ട്രേറ്റിന് മുന്നില്‍ കത്തി നശിച്ച ഓട്ടോയുമായി തന്നെ സമരം തുടങ്ങാൻ ചിത്രലേഖ തീരുമാനിച്ചത്. 72 മണിക്കൂർ രാപ്പകൽ സമരമാണ് നടത്തുക. വിവിധ സംഘടനകളുടെ പിന്തുണയോടെയാണ് സമരം.


കേസ് അന്വേഷണത്തെക്കുറിച്ച് ചിത്രലേഖ പറയുന്നത് ഇങ്ങനെ :
“ഓട്ടോ കത്തിച്ച സംഭവത്തില്‍ എഫ്.ഐ.ആര് ഇട്ടു എന്ന് മാത്രമേ ഉള്ളൂ. പൊലീസിന്റെ ഭാഗത്ത് നിന്ന് ഫോറന്‍സിക് ടീം വന്ന് പ്രഹസനം നടത്തിപ്പോയി, അത്രതന്നെ. അതിന്റെ റിപ്പോര്‍ട്ടൊന്നും നമുക്ക് തന്നിട്ടില്ല. സമരപ്രഖ്യാപനം നടത്തിയിട്ട് പോലും പൊലീസിന്റെ ഭാഗത്ത് നിന്നും യാതൊരു നടപടിയും ഉണ്ടായിട്ടില്ല. അതിനിടയില്‍ വണ്ടി എടുത്തുമാറ്റാന്‍ കോണ്‍സ്റ്റബിള്‍മാര്‍ വന്നു, അന്വേഷണ ഉദ്യോഗസ്ഥന് വന്നിട്ടില്ല. എഫ്.ഐ.ആര് പോലും ശരിയായ രീതിയില്‍ ചെയ്യാതെ, നമ്മള് കണ്ടു എന്ന് പറഞ്ഞ പ്രതികളെ അറസ്റ്റ് ചെയ്യാതെയും വണ്ടി മാറ്റുക എന്ന് പറഞ്ഞാല്‍ അതിനോട് യോജിക്കാന്‍ പറ്റില്ല.


എന്തുകൊണ്ടാണ് ഞാന്‍ പട്ടികജാതിക്കാരിയാണ് എന്ന് പറഞ്ഞിട്ടും എന്റെ വീടിന് നാശനഷ്ടങ്ങള്‍ സംഭവിച്ചിട്ടും എന്റെ ജീവനോപാധി നഷ്ടപ്പെട്ടിട്ടും എഫ്.ഐ.ആറില്‍ എസ്.സി-എസ്.ടി വകുപ്പ് ചേര്‍ക്കുന്നില്ല? ഇത് പ്രതികള്‍ക്ക് ഒത്താശ ചെയ്തുകൊടുക്കുന്ന നടപടിയാണ്. പ്രതികള്‍ സി.പി.എം ആയതുകൊണ്ട് തന്നെ പ്രതികള്‍ക്ക് അനുകൂലമായി കേസ് മാറ്റുകയാണ്. ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്നത് മുഖ്യമന്ത്രിയാണ്. ഒരു പട്ടികജാതിക്കാരനായ ഒരു മന്ത്രിക്കുണ്ടായ അനുഭവത്തിനെ ചോദ്യം ചെയ്തുകൊണ്ട് മുഖ്യമന്ത്രി കേസെടുക്കുന്നില്ല.
ഒരു ഓട്ടോ കത്തിനശിപ്പിക്കപ്പെട്ടിട്ടും അതിനെതിരെ എസ്.സി-എസ്.ടി അട്രോസിറ്റീസ് വകുപ്പ് ഇടാത്തതും മന്ത്രിക്ക് നേരിട്ട അനുഭവത്തിന് കേസ് എടുക്കാത്തതും നമ്മളെപ്പോലെയുള്ള ആളുകളെ പരിഹസിക്കുന്നതിന് തുല്യമാണ്. പട്ടികജാതി ക്ഷേമ സമിതിയിലും ആദിവാസി ക്ഷേമസമിതിയിലും ഉള്ളവര്‍ക്ക് പോലും നീതി കിട്ടാത്ത അവസ്ഥയിലേക്കാണ് കാര്യങ്ങൾ പോകുന്നത്. സ്ത്രീകള്‍ക്ക് മുന്‍ഗണന, സ്ത്രീകള്‍ക്ക് സംവരണം, സ്ത്രീകള്‍ക്ക് പ്രാതിനിധ്യം, പാര്‍ലമെന്റിലും സ്ത്രീ പ്രാതിനിധ്യം പറയുന്നു. എന്നാൽ ഏതു സ്ത്രീക്കാണ് നീതി കിട്ടിയത്?”


കേസ് അന്വേഷണത്തെക്കുറിച്ച് അന്വേഷണ ഉദ്യോഗസ്ഥന് ടി ജേക്കബ് ഇപ്രകാരം പ്രതികരിച്ചു, “ജില്ലാ ഫോറന്‍സിക്സ് ലാബില്‍ അയച്ച ഓട്ടോയുടെ സാംപിള്‍ പരിശോധന നടക്കുകയാണ്. ഉടന്‍ തന്നെ പരിശോധന പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് ലഭ്യമാക്കും. കുറ്റാരോപിതര്‍ എന്ന് പരാതിക്കാരി ചൂണ്ടിക്കാട്ടിയവര്‍ക്കെതിരെ തെളിവുകളൊന്നും കണ്ടെത്താന്‍ കഴിയാത്തതുകൊണ്ടാണ് അറസ്റ്റ് നടക്കാത്തത്.”
പ്രതികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരണം എന്ന് ആവശ്യപ്പെട്ട് രാഷ്ട്രപതിക്കും ദേശീയ പട്ടികജാതി കമ്മീഷൻ, മനുഷ്യാവകാശ കമ്മീഷൻ എന്നിവർക്കും ചിത്രലേഖ പരാതി നൽകിയിട്ടുണ്ട്.
ഈ വിഷയത്തിൽ കേരളീയം പ്രസിദ്ധീകരിച്ച റിപ്പോർട്ട് വായിക്കാം :


രണ്ട് പതിറ്റാണ്ടിന്റെ ജാതിപ്പക, കത്തിയമർന്ന ഓട്ടോറിക്ഷകൾ
INDEPENDENT,
IN-DEPTH JOURNALISM
FOR SOCIAL &
ECOLOGICAL
JUSTICE

