ശരത് എസ് എന്ന വിദ്യാർത്ഥിക്ക് സംവരണാടിസ്ഥാനത്തിൽ ലഭിക്കേണ്ട സീറ്റ് നിഷേധിക്കപ്പെട്ടതിനെ തുടർന്നാണ് കെ.ആർ നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർത്ഥികൾ സമരം ആരംഭിക്കുന്നത്. ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ശങ്കർ മോഹൻ രാജിവെച്ച സാഹചര്യത്തിൽ സംവരണാവകാശത്തിനായി തുടങ്ങിയ സമരം സമകാലിക ഇന്ത്യൻ സാഹചര്യത്തിൽ ഇവിടെ അവസാനിക്കുന്നില്ല എന്ന് ശരത് വ്യക്തമാക്കുന്നു. സാമ്പത്തിക സംവരണം നടപ്പിലാക്കുന്ന പശ്ചാത്തലത്തിൽ ആദിവാസി-ദലിത് വിദ്യാർത്ഥികളുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടേണ്ടതിന്റെ അനിവാര്യത തിരിച്ചറിയാൻ ഇനിയും വൈകരുതെന്ന് ശരത്.
ശരത്തിന് ലഭിക്കേണ്ടിയിരുന്ന സംവരണസീറ്റ് നിഷേധിച്ചതിനെ തുടർന്നുണ്ടായ ഒരു സമരം നിർണ്ണായകമായ ഒരു സന്ദർഭത്തിന് സാക്ഷ്യം വഹിച്ചിരിക്കുകയാണ്. ശരത് അടക്കുമുള്ള വിദ്യാര്‍ത്ഥികളും ജീവനക്കാരും നേരിട്ട ജാതി വിവേചനത്തിനും സംവരണ അട്ടിമറിക്കും കാരണക്കാരനായിരുന്ന ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ശങ്കർ മോഹൻ രാജിവച്ചിരിക്കുന്നു. ഈ രാജിയോടെ സമരം തീരുന്നില്ല എന്ന് വ്യദ്യാർത്ഥികൾ വ്യക്തമാക്കിയിട്ടുണ്ട്. സാമ്പത്തിക സംവരണം നടപ്പിലാക്കാനുള്ള ഭരണഘടനാ ഭേദഗതി ഭരണഘടനയുടെ തന്നെ അടിസ്ഥാന സ്വഭാവത്തെ നിരാകരിക്കുകയും സംവരണം എന്ന ആശയത്തിന്റെ അന്തഃസത്തയെ ഇല്ലാതാക്കുകയും ചെയ്യുന്ന സാഹചര്യമാണ് നിലനിൽക്കുന്നത്. സാമ്പത്തിക സംവരണത്തിലൂടെ സംവരണ തത്വങ്ങൾ തന്നെ അട്ടിമറിക്കപ്പെടുന്ന കാലത്താണ് ശരത്തിനെ പോലെയുള്ള വിദ്യാർത്ഥികൾക്ക് അർഹമായ സംവരണം പോലും ലഭിക്കാത്ത സ്ഥിതിയുണ്ടാകുന്നത്. ഇത്തരം സംവാദങ്ങളിലേക്കും ഈ സമരം വികസിക്കേണ്ടതല്ലേ?
ഇന്ത്യയിൽ തന്നെ സാമ്പത്തികസംവരണം നടപ്പിലാക്കുന്ന ആദ്യത്തെ സംസ്ഥാനമാണ് കേരളം എന്നാണ് ഞാൻ അറിഞ്ഞിട്ടുള്ളത്. ഇടതുപക്ഷം എന്നു പറയുന്നത് ഒരു ആശയം മാത്രമാണ്, അതിപ്പോൾ തമിഴ്നാട്ടിൽ ആണെങ്കിൽ അവിടുത്തെ സംസ്കാരവുമായി ബന്ധപ്പെട്ടാവും. ഇവിടെ ഇടതുപക്ഷം എന്നു പറയുമ്പോഴും ജാതി-വോട്ട് ബാങ്കുകൾ മുന്നിൽ കണ്ടുകൊണ്ട് തന്നെയാണ് പ്രവർത്തിക്കുന്നത്. വോട്ട് ബാങ്ക് മുന്നിൽകണ്ടുകൊണ്ട് തന്നെയാവും സാമ്പത്തിക സംവരണത്തെ അവർ അംഗീകരിച്ചത് എന്നാൽ എന്തുകൊണ്ടാണ് ഇങ്ങനെ ഒരു ദലിത് പ്രശ്നം വരുമ്പോൾ ഒരു നടപടിയും എടുക്കാത്തത്. ഞാൻ ഉന്നതവിദ്യഭ്യാസ വകുപ്പിന് മെയിൽ അയച്ചിട്ടുണ്ടായിരുന്നു, എസ്.സി.എസ്.ടി കമ്മീഷന് മെയിൽ അയച്ചിട്ടുണ്ടായിരുന്നു. കോടതിയിൽ കേസിനു പോയിട്ടു പോലും പരിഹാരമുണ്ടായിട്ടില്ല. എവിടെ പോയാലും അനീതി മാത്രമെ നമുക്ക് കിട്ടുന്നുള്ളു. നമ്മളെ സംരക്ഷിക്കും എന്ന് പറയപ്പെടുന്ന ഒരു സർക്കാർ ആണല്ലോ, ആ വിശ്വാസമാണ് നമുക്ക് ഇപ്പോൾ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നത്.
എന്റെ വരുമാനസർട്ടിഫിക്കറ്റ് നോക്കിയിട്ടൊന്നും അല്ല, എനിക്ക് അവിടെ സീറ്റ് കിട്ടാതിരുന്നത്, ഈ സാമ്പത്തിക സംവരണം എന്നതുകൊണ്ട് എന്താണ് അവർ ഉദ്ദേശിക്കുന്നത്? എനിക്ക് വരുമാനം കുറവാണെങ്കിൽ സീറ്റ് തരുമെന്നാണോ. എന്റെ വരുമാന സർട്ടിഫിക്കറ്റ് ഞാൻ കാണിച്ചു തരാം, എന്റെ റേഷൻ കാർഡ് ഞാൻ കാണിച്ചു തരാം… വളരെ കഷ്ടപ്പെട്ട് ജീവിക്കുന്ന ഒരു കുടുംബമാണ് എന്റേത്. അവിടെ നിന്നുമാണ് ഞാൻ ജയിച്ചു വരുന്നത്. കൂലിപ്പണിയെടുക്കുന്ന അച്ഛനും അമ്മയുമാണ് എനിക്കുള്ളത്. അങ്ങനെ സാമ്പത്തിക സംവരണമുണ്ടെങ്കിൽ അതിന്റെ അടിസ്ഥാനത്തിലും എനിക്കു റിസർവേഷൻ ലഭിക്കണ്ടതല്ലേ. ഇത് മുന്നോക്ക സമുദായത്തിലെ പിന്നോക്കക്കാർക്ക് മാത്രം എന്നാണ് അവർ പറയുന്നത്.
അടിസ്ഥാനപരമായി മനസ്സിലാക്കേണ്ട കാര്യം സാമ്പത്തികമായിട്ടല്ല ഈ വിവേചനങ്ങൾ ഉണ്ടാവുന്നത് എന്നതാണ്. സാമ്പത്തിക പ്രശ്നങ്ങൾകൊണ്ടുണ്ടാകുന്ന വിവേചനങ്ങൾ വേറെയാണ്. അത് തൊഴിലാളി വർഗ്ഗ സമൂഹത്തിനും കോർപ്പറേറ്റുകൾക്കും ഒക്കെ ഇടയിലുണ്ടാകുന്ന പ്രശ്നങ്ങളാണ്. ഇവിടെ നമ്മുടെ ഇന്ത്യൻ സാഹചര്യത്തിൽ അല്ലെങ്കിൽ കേരളത്തിൽ കെ.ആർ നാരായണൻ പോലുള്ള ഇൻസ്റ്റിറ്റിറ്റ്യൂട്ടുകളിൽ അടൂരിനെയും, ശങ്കർ നാരായണനെയും പോലുള്ള കൊമ്പന്മാർ ഇരിക്കുന്ന, സ്വയംഭരണാധികാരമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ അവരുടെ ഇഷ്ടപ്രകാരം തോന്നിയതു പോലെയുള്ള വിവേചനമാണ് അവർ നടത്തുന്നത്. എന്റെ സാമ്പത്തിക അവസ്ഥയെ പറ്റിയല്ല അവർ അറിയാൻ ശ്രമിക്കുന്നത്, എന്റെ ജാതി എന്തെന്നാണ്. ആ ജാതിയിലുള്ള ആളുകൾക്ക് ഇവിടെ അഡ്മിഷൻ കൊടുക്കേണ്ടതില്ല എന്നാണ് അവർ ചിന്തിക്കുന്നത്.
ചരിത്രത്തിലുടനീളം അനീതിക്കിരയായ പിന്നോക്ക ജനവിഭാഗങ്ങൾക്ക് അധികാര പങ്കാളിത്തവും പൊതുരംഗങ്ങളിൽ പ്രാപ്യതയും ഉറപ്പാക്കാൻ വേണ്ടിയാണല്ലോ സംവരണം എന്നതിലൂടെ ഉദ്ദേശിക്കപ്പെട്ടിരുന്നത്. ഇതിന്റെ പ്രാധാന്യം ഇപ്പോൾ ഇന്ത്യയിൽ മനസ്സിലാക്കപ്പെട്ടിട്ടില്ല എന്നല്ലേ ശരത്തിന്റേത് പോലെയുള്ള അനുഭവങ്ങൾ ആവർത്തിക്കപ്പെടുന്നതിലൂടെ മനസ്സിലാക്കാൻ കഴിയുന്നത്?
ഈയിടെ ഒരു പോസ്റ്റ് ഇൻസ്റ്റഗ്രാമിൽ ഒരുപാട് പേർ ഷെയർ ചെയ്യുന്നതായി കണ്ടു. അതിൽ പറയുന്നത് 97 ശതമാനം മാർക്കുള്ള ഒരു വിദ്യാർത്ഥിക്ക് 98 ശതമാനം കട്ട് ഓഫ് മാർക്കുള്ള ജനറൽ കാറ്റഗറിയിൽ അഡ്മിഷൻ കിട്ടിയില്ല. 37 ശതമാനം ഉള്ള ഒരു ആദിവാസി വിദ്യാർത്ഥിക്ക് അഡ്മിഷൻ കിട്ടി. അതുകൊണ്ട് ഐ.ഇ.എൽ.ടി.എസ് എഴുതി ആ വിദ്യാർത്ഥി കാനഡയിൽ പോയി എന്നും പറയുന്നു. പക്ഷെ ഈ 97 ശതമാനം മാർക്ക് ആ വിദ്യാർത്ഥി വാങ്ങിച്ചിട്ടുണ്ടെങ്കിൽ എന്തൊക്കെ പ്രിവിലേജ് ആണ് അത്രയും മാർക്ക് കിട്ടുന്നതിനായി അവൻ ഉപയോഗിച്ചിട്ടുള്ളത് എന്നതുകൂടി ആലോചിക്കണം. അവന്റെ അച്ഛനും അമ്മയും ഉയർന്ന വിദ്യഭ്യാസമുള്ളവരായിരിക്കാം, അവന് നല്ല സ്കൂളിലും, നല്ല കോളേജിലും വിദ്യഭ്യാസം കിട്ടിയിട്ടുണ്ടാകാം, അവനു വേണ്ട നല്ല ഭക്ഷണവും, പഠനസൗകര്യങ്ങളും കിട്ടിയിട്ടുണ്ടാകാം, എക്വിപ്മെന്റ്സ് വാങ്ങാൻ കഴിഞ്ഞിട്ടുണ്ടാകാം… ഇത്രയും പ്രിവിലേജ് കിട്ടി വന്ന ഒരു വിദ്യാർത്ഥിയെ ആരുമായിട്ടാണ് ഇവർ താരതമ്യപ്പെടുത്തുന്നത്. അതായത് ഒരു വനത്തിനുള്ളിൽ, ഒരധ്യാപകൻ മാത്രമുള്ള ഒരു സ്കൂളിൽ പഠിച്ച വിദ്യാർത്ഥിയോട്. അവന്റെ അച്ഛനും അമ്മയ്ക്കും വിദ്യഭ്യാസമില്ല, അവർക്ക് സാമ്പത്തികമില്ല, നല്ല ഭക്ഷണമോ, വെള്ളമോ ഇല്ല. അങ്ങനെ നമ്മുടെ ഭരണഘടനയിൽ പറയുന്ന അരികുവത്കരണത്തിന്റെ ഒരുപാട് അടരുകളിലൂടെ കടന്നുപോയ ഒരു വിദ്യാർത്ഥിയുമായാണ് താരതമ്യപ്പെടുത്തുന്നത്. ഈ പറഞ്ഞ 97 ശതമാനം മാർക്കുള്ള വിദ്യാർത്ഥിക്ക് തൊട്ടടുത്ത നിമിഷം കാനഡയിൽ പോവാനുള്ള പ്രിവിലേജുണ്ട്. ആ പ്രിവിലേജ് ഈ ട്രൈബൽ വിദ്യാർത്ഥിക്കുണ്ടോ എന്നാണ് ചോദ്യം.
ഇവിടെ സമത്വമുണ്ടായിരുന്നെങ്കിൽ സംവരണത്തിന്റെ ആവശ്യമില്ലായിരുന്നു. എന്നാൽ ശങ്കർ മോഹനെ പോലുള്ളവർ ഇരിക്കുന്ന ക്യാമ്പസുകളിൽ നമുക്ക് മാർക്ക് ഉണ്ടെങ്കിൽ പോലും അഡ്മിഷൻ കിട്ടുകയില്ല. ഇവിടെ ഇപ്പോൾ ഈ സമരം ചെയ്തില്ലായിരുന്നെങ്കിൽ ശങ്കർ മോഹൻ അടുത്ത വർഷവും സംവരണ അട്ടിമറി നടത്തും. ഞാൻ ഇതിനെതിരെ കേസു കൊടുത്തപ്പോൾ എനിക്ക് എവിടെ നിന്നും വിലിയ പിന്തുണയൊന്നും ലഭിച്ചിരുന്നില്ല. എന്നാൽ ഈ സമരത്തിന് കാരണക്കാരനായതിൽ എനിക്കു സന്തോഷമുണ്ട്. ദലിത്, ആദിവാസി വിദ്യാർത്ഥികളെ ഒഴിവാക്കിയാൽ അത് ചോദ്യം ചെയ്യപ്പെടും എന്ന സാഹചര്യം ഉണ്ടായിട്ടുണ്ട്.
ശങ്കർ മോഹൻ രാജിവച്ചെങ്കിലും ശരത്തിനോടക്കം കാണിച്ച നീതികേടുകളും ഔദ്യോഗികമായ കൃത്യവിലോപങ്ങളും അധികാര ദുർവിനിയോഗവും ഒന്നും ഇല്ലാതാകുന്നില്ലല്ലോ. അക്കാര്യത്തിലൊക്കെ ശങ്കർ മോഹനെതിരെ നടപടികൾ ഉണ്ടാകേണ്ടതല്ലേ?
രാജിയിൽ നിന്നും എനിക്ക് മനസ്സിലാക്കാൻ കഴിയുന്നത് വിദ്യാർത്ഥികൾ ഉന്നയിച്ച, തൊഴിലാളികൾ ഉന്നയിച്ച പ്രശ്നങ്ങളെ ഒരു നിലക്കും അയാൾ അഭിമുഖീകരിക്കുന്നില്ല എന്നാണ്. രാജിവെച്ച് രക്ഷപ്പെട്ടതു പോലെയാണ് എനിക്കു തോന്നുന്നത്. സർക്കാർ ഇയാളെ പുറത്താക്കേണ്ടതായിരുന്നു. അതിനു പകരം സ്വയം രാജിവെച്ച് ഒഴിവായി പോയതു പോലെയാണ് എനിക്കു തോന്നുന്നത്. ആരോപണങ്ങൾക്ക് ഇനി മറുപടി കൊടുക്കേണ്ടതില്ല, കമ്മീഷൻ റിപ്പോർട്ടിനു പോലും മറുപടികൊടുക്കാൻ അയാൾ തയ്യാറായിട്ടില്ല അതുകൊണ്ടുതന്നെ സർക്കാരാണ് ഇതിനു മറുപടി പറയേണ്ടത് എന്നാണ് എനിക്കു തോന്നുന്നത്. ഈ ആരോപണങ്ങളെല്ലാം തെളിയിക്കപ്പെട്ടതും ഗുരുതരമായ കുറ്റകൃത്യങ്ങളുമാണ്. അതുകൊണ്ട് തന്നെ ശങ്കർ മോഹനനെ അറസ്റ്റ് ചെയ്യേണ്ടതാണ്. രാജിവെച്ച് ഒഴിഞ്ഞാൽ എല്ലാം അവസാനിച്ചു എന്നു പറയുന്ന ഒരു അവസ്ഥയാണല്ലോ ഇപ്പോൾ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്.
പട്ടികജാതി-പട്ടികവർഗ അതിക്രമം തടയൽ നിയമം പോലും ഞാൻ ഹൈക്കോർട്ടിൽ ഫയൽ ചെയ്തിട്ടുള്ള കേസിൽ പരിഗണിച്ചിട്ടുണ്ട്. അതിനൊന്നും മറുപടി കിട്ടിയിട്ടില്ല, അതുപോലെ തന്നെ എസ്.സി-എസ.ടി കമ്മീഷനിൽ എസ്.സി-എസ്.ടി അട്രോസിറ്റി ആക്ട് വരുന്ന പരാതികൾ നമ്മളും തൊഴിലാളികളും കൊടുത്തിട്ടുണ്ട്. അനന്തപത്മനാഭന്റേത് ഉൾപ്പെടെ ഇയാൾക്കെതിരെ ഇപ്പോഴും കേസുകളുണ്ട്. ഇത്രയും ആരോപണങ്ങൾ വന്നിട്ടും, ഇത്രയും വിദ്യാർത്ഥികൾ സമരം ചെയ്തിട്ടും, ഇത്രയും സുഗമമായിട്ട് അദ്ദേഹം രാജിവെച്ച് പെൻഷനും വാങ്ങിച്ച് വീട്ടിൽ ഇരിക്കാനുള്ള പരിപാടിയാണ് നടത്തുന്നത് എന്നാണ് എനിക്കു തോന്നുന്നത്.
അങ്ങനെ സംഭവിക്കുകയാണെങ്കിൽ അത് സർക്കാർ സംവിധാനങ്ങളുടെ കൂടി പരാജയമല്ലേ. ഇത്രയും ഗുരുതരാമായ ആരോപണങ്ങളെയും സമരത്തെയും തുടർന്ന് പോലും രാജി ആവശ്യപ്പെടാൻ സർക്കാർ ആദ്യം കൂട്ടാക്കിയില്ല എന്നത് വൻ വീഴ്ചയല്ലേ?
അടുത്ത തവണയും ഭരണം കൈയിലേക്ക് വച്ചുതരും എന്ന വിശ്വാസമാണ് സർക്കാരിനുള്ളത്. അതുപോലെ തന്നെ ദലിത് സംഘടനകൾ എല്ലാം ഞങ്ങളുടെ കൈയിലാണ് അതുകൊണ്ട് അവരൊന്നും മിണ്ടത്തില്ല എന്നൊരു തോന്നലും സർക്കാരിനുണ്ട്. അടൂർ ഗോപാലകൃഷ്ണൻ ഇത്രയധികം സ്ത്രീവിരുദ്ധമായ പരാമർശങ്ങൾ നടത്തിയിട്ടും സർക്കാർ ഇതുവരെ വിമർശിക്കുകയോ ഒന്നും ചെയ്തിട്ടില്ല. പകരം അദ്ദേഹത്തെ സ്വാഗതം ചെയ്യുകയാണ് ചെയ്തത്. ഒരുപക്ഷെ അടൂരിന്റെ പിന്തുണ ഉള്ളതുകൊണ്ടായിരിക്കാം ശങ്കർ മോഹനെയും സർക്കാർ സംരക്ഷിക്കാൻ ശ്രമിച്ചത്. ഇപ്പോഴും അടൂർ ശങ്കർ മോഹനെ പിന്തുണക്കുന്നതായാണ് എനിക്കു മനസ്സിലായത്. ഇതുവരെ ശങ്കർ മോഹന് എതിരായിട്ട് ഒരു വാക്കു പോലും മിണ്ടിയിട്ടില്ല. സമരം ചെയ്യുന്ന സമയത്ത് വിദ്യാർത്ഥികളെയും പൊതുജനത്തെയും പറ്റിക്കാൻ വേണ്ടി ഒരു കമ്മീഷനെ നിയമിച്ചു. ഒന്നല്ല, രണ്ടു കമ്മീഷനെ ഏർപ്പാടാക്കിയിരുന്നു. ആ രണ്ടു കമ്മീഷനുകളും റിപ്പോർട്ടുകൾ സമർപ്പിച്ചിട്ടും സർക്കാർ എന്തുകൊണ്ടാണ് ഇതുവരെ അത് പുറത്തുവിടാത്തത്. എനിക്കു തോന്നുന്നു, കേരളത്തിൽ ജാതി വിവേചനം നിലനിൽക്കുന്നുണ്ട് എന്നത് പൊതുസമൂഹത്തിനു മുമ്പിൽ അംഗീകരിക്കാൻ അവർക്ക് ബുദ്ധിമുട്ടായതുകൊണ്ടാകാം റിപ്പോർട്ട് മറച്ചുവയ്ക്കുന്നത്. ഇപ്പോഴും സംവരണം ഉൾപ്പെടെയുള്ള കാര്യങ്ങൾ കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് മനസ്സിലാക്കാനായിട്ടില്ല എന്ന പ്രശ്നവുമുണ്ട്.
ശരത് ഇപ്പോൾ കൊൽക്കത്തയിലെ സത്യജിത്ത് റായ് ഇൻസ്റ്റിറ്റ്യൂട്ടിൽ പഠിക്കുകയാണല്ലോ. സത്യജിത്ത് റായ് ഇൻസ്റ്റിറ്റ്യൂട്ടിലെ അധ്യാപകരും, വിദ്യാർത്ഥികളും എങ്ങനെയാണ് ശരത്തിലൂടെ തുടക്കം കുറിച്ച കെ.ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിലെ സമരത്തെ നോക്കിക്കാണുന്നത്?
എനിക്ക് അധ്യാപകരിൽ നിന്നും അങ്ങനെ ഒരു പ്രതികരണം ലഭിച്ചിട്ടില്ല. അവർ ഇതിനെ പറ്റി അറിയുന്നുണ്ടോ എന്ന് എനിക്കറിയില്ല. എന്നാൽ വിദ്യാർത്ഥികളിൽ നിന്നും വളരെയധികം പിന്തുണയാണ് കിട്ടുന്നത്. അവർ ഇതിനോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചിട്ടുണ്ട്. സത്യജിത്ത് റായ് ഇൻസ്റ്റിറ്റ്യൂട്ടിൽ അവർ വ്യക്തമായ സംവരണ തത്വങ്ങൾ പിന്തുടരുന്നുണ്ട്. എന്നാൽ പൂനെ ഇൻസ്റ്റിറ്റ്യൂട്ടിൽ ഇത്തവണ സംവരണ അട്ടിമറി നടന്നിട്ടുണ്ട്. ഞാൻ അവിടെ ഇന്റർവ്യൂ അറ്റന്റ് ചെയ്തതാണ്. എന്റെ കാറ്റഗറിയിലെ മൂന്നു പേരെ എങ്കിലും അവർ വെയിറ്റിംഗ് ലിസ്റ്റിൽ ഇടേണ്ടതായിരുന്നു. അവരാകെ ഒരാളെ മാത്രമെ ഇട്ടിട്ടുണ്ടായിരുന്നുള്ളു. അതുപോലെ ഇന്റർവ്യൂവിലേക്കും വളരെ കുറച്ച് പേരെ മാത്രമെ എടുത്തിട്ടുണ്ടായിരുന്നുള്ളു. ഇന്ത്യയിലെ മിക്ക ഫിലിം ഇൻസ്റ്റിറ്റ്യൂട്ടുകളിലും ഇതൊക്കെ തന്നെയാണ് അവസ്ഥ. ഇന്ന് സമരം കെ.ആർ നാരായണനിലാണെങ്കിൽ നാളെ പൂനെയിലായിരിക്കാം.