Help us in our pursuit for high-quality journalism!
Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.
Support Keraleeyam Choose your preference
₹1000/Year
₹2000/2 Years
₹500Students/Year
A contribution of any size


3000 വർഷങ്ങൾക്ക് മുൻപ് ജനകീയമായ ലിപിയോ ആധികാരികമായ രചനസമ്പ്രദായങ്ങളൊ ഒന്നുമില്ലാതിരുന്ന കാലം മുതൽക്ക് വാമൊഴിയായി കൈമാറി വന്ന്, 700BC യിൽ ഹോമറിലൂടെ വികസിച്ച ഇതിഹാസകാവ്യം. ഒഡീസി!
സാഹിത്യ സ്നേഹികൾക്ക് ‘ulysses universe’ ഹോമറിൽ തുടങ്ങി വിർജിൽ, ഡാന്റെ, ജെയിംസ് ജോയിസി, കസാൻദ് സാക്കീസ് എന്നിങ്ങനെ നൂറ് കണക്കിന് എഴുത്തുകാരിലൂടെ പന്തലിച്ച മഹാത്ഭുതമാണ്. സാഹിത്യമെന്ന കല ഇതിഹാസങ്ങളിലൂടെ വിശ്വരൂപം കാട്ടുമ്പോൾ അതിന്റെ ദൃശ്യപരമായ ചലച്ചിത്ര ശ്രമങ്ങളോട് ഭാവനാസമ്പുഷ്ടരായ വായനക്കാർ നിരാശയോടെ പൊരുത്തപ്പെടാറാണ് പതിവ്. പക്ഷേ, സിനിമ എന്ന ഇന്നിന്റെ കല അതിന്റ വിരാട് രൂപം പുറത്തെടുക്കുന്ന മഹേന്ദ്രജാലം കാണണമെങ്കിൽ ക്രിസ്റ്റഫർ നോളന്റെ ‘ദി ഒഡീസി’ 70mm IMax സ്ക്രീനിൽ തന്നെ കാണണം!
സിനിമയുടെ പ്രൊമോയുടെ ഭാഗമായി ഒരു പടുകൂറ്റൻ ട്രോജൻ കുതിരയെ ആഴ്ചകൾക്ക് മുൻപ് തന്നെ ട്രഫാഗൽ സ്ക്വയറിൽ സ്ഥാപിച്ചിരുന്നു. മാസങ്ങൾക്ക് മുൻപേ ലണ്ടൻ BFI imax ടിക്കറ്റുകൾ വിറ്റ് പോയിരുന്നു. ഞങ്ങൾക്ക് മുൻനിരയിലെ ടിക്കറ്റ് തരപെടുത്താനായുള്ളൂ. ലണ്ടനായ കൊണ്ട് ഒരു ‘mixed ethnic audience’- ബഹുവംശീയ ഓഡിയൻസായിരുന്നു. ഞാൻ ഉൾപ്പെടുന്ന, പൊതുവിൽ ‘colored’ എന്ന വകുപ്പിൽ പെടുത്താറുള്ള, കറുത്ത-തവിട്ട് നിറക്കാരുടെ സാന്നിധ്യം ശ്രദ്ധേയമായ നിലയിൽ തന്നെയുണ്ടായിരുന്നു. വട്ടതൊപ്പികൾ വച്ച്, കൈകൾ കോർത്തു പിടിച്ചു, ഊന്നുവടികളുടെ സഹായത്തിൽ സീറ്റുകൾ തപ്പി തടയുന്ന ഒട്ടേറെ വൃദ്ധ ബ്രിട്ടീഷ് ദമ്പതികളെ കണ്ടപ്പോൾ ഇരുപത് വർഷങ്ങൾ ഒഡീസിയസ്സിനെ കാത്തിരുന്ന പെനലോപ്പിന്റെ അനശ്വര പ്രണയകഥ കൂടിയാണല്ലോ ഇത് എന്നോർത്തു. മരിക്കും മുൻപ് നോളന്റെ ഒഡീസി കൂടി കാണണമെന്ന നിലയ്ക്ക് പ്രായം ചെന്ന മനുഷ്യർ വീൽ ചെയറുകളിലും മറ്റുമെത്തിയിരുന്നു!


തിരക്കഥ
ട്രോജൻ യുദ്ധം നടക്കുന്നത് ഹോമറിനും 500 കൊല്ലങ്ങൾക്ക് മുൻപ് വെങ്കലയുഗത്തിലാണ്. സ്വപ്നങ്ങൾ, ഡ്രീംഅനാലിസിസ്, മൾട്ടിപ്പിൾ പെർസ്പെക്റ്റീവ്, ടൈം ലൈൻ ഓവർലാപ്പ് എന്നിങ്ങനെ ശാസ്ത്രവും ടെക്നോളജിയും ഭാവികാലവുമൊക്കെ ഇഷ്ടവിഷയങ്ങളായി കണ്ടെടുത്തിരുന്ന നോളൻ വെങ്കലയുഗത്തിൽ നടന്നൊരു കഥ പ്രമേയമാക്കുന്നു എന്ന വാർത്ത തന്നെ ചർച്ച ചെയ്യപ്പെട്ടിരുന്നു. ഒപ്പം അതിനെ ഇന്നിന്റെ രാഷ്ട്രീയവുമായി ചേർത്ത് വയ്ക്കാൻ നോളന് സാധിക്കുമോ, നോളന്റെതായ ഫിലോസഫി എത്ര മാത്രം പറഞ്ഞു ഫലിപ്പിക്കാനാകുമെന്ന സംശയവുമുണ്ടായിരുന്നു.
തിരക്കഥയിലേക്ക് വന്നാൽ, ഹോമറിന്റെ ഒഡീസിയിൽ 12,110 വരികൾ 24 ഏടുകളിലായി ഇരുപത് വർഷങ്ങൾ നീണ്ട സംഭവവികാസങ്ങൾ, നൂറു കണക്കിന് കഥാപാത്രങ്ങൾ, ദൈവങ്ങൾ എന്നിങ്ങനെ പടർന്ന ഇതിഹാസത്തെ മൂന്ന് മണിക്കൂർ തിരക്കഥയിലേക്ക് ചുരുക്കുക എളുപ്പപണിയല്ല. നോൺ ലീനിയർ കഥ പറച്ചിലിൽ മാജിക്കുകൾ കാട്ടാറുള്ള നോളൻ ആ സങ്കേതം ഒഡീസിയുടെ വ്യാപ്തി കുറുക്കി, സിനിമാറ്റോ സ്ക്രിപ്റ്റ് സ്കേപ്പിലേക്ക് ചുരുക്കാൻ ഉപയോഗിച്ചിട്ടുണ്ട്.
തിരക്കഥയിലേക്ക് ഇതിഹാസത്തെ ചുരുക്കാൻ നോളൻ കൈകൊണ്ട ശ്രദ്ധേയമായ രീതികൾ:
● ഒഡീസിയുടെ ആദ്യ ഭാഗമായ ഇലിയഡിന്റെ കഥാപരിസരവും ട്രോജൻ യുദ്ധവും ഹെലൻ ഓഫ് സ്പാർട്ടയുടെ വിഷവുമൊക്കെ ഒഡീസിയുടെ ത്രെഡിന് വേണ്ട നിലയിൽസിനിമയിൽ പലയിടത്തും സൂചിപ്പിക്കുന്നത് മാത്രമേയുള്ളൂ. സിനിമയുടെ യുദ്ധവിരുദ്ധ ഫിലോസഫിലേക്കും ഒഡീസിയസ്സിന്റെ പോസ്റ്റ് ട്രോമാറ്റിക് സ്ട്രെസ് ഡിസോർഡറിലേക്കും (PTSD) കാണികളെ വൈകാരികമായി ബന്ധിപ്പിക്കാൻ വേണ്ടി ട്രോയ് നഗരം കത്തിയമരുന്ന ഭാഗം മാത്രമേ വിശദമായി ക്ലൈമാക്സിൽ കാണിക്കുന്നുള്ളൂ. ഇങ്ങനെ ചുരുക്കിയത് തിരക്കഥയെ കൃത്യമായി ഒഡീസിയസ്സിൽ ഫോക്കസ്സ് ചെയ്യാൻ സഹായിച്ചിട്ടുണ്ട്.
● ട്രോജൻ യുദ്ധത്തിലെ വീരനായകൻ അക്കിലിയേസ്സിനെ പോലുള്ള പ്രധാന കഥാപാത്രങ്ങളുടെ ക്യാമയോ എൻട്രി പ്രവചിച്ചിരുന്നു എങ്കിലും അതിലേക്കൊന്നും തിരക്കഥ പോകുന്നില്ല.
● ഹോമറിന്റെ കാവ്യത്തിൽ യാത്ര പുറപ്പെട്ട ശേഷമുള്ള രണ്ട് വർഷകാലത്തെ സാഹസങ്ങളിലാണ് ലോട്സ് ഈറ്റേർസ്സിന്റെ ദ്വീപിൽ ഒഡീസിയസ്സ് എത്തിപ്പെടുന്നത്. എന്നാൽ ക്യാലിപ്സോ എന്ന അമർത്യയായ സുന്ദരിക്കൊപ്പം കഴിയുന്ന ഏഴ് കൊല്ലങ്ങൾ പിന്നീടാണ്. ഈ രണ്ട് കാലയളവും നോളൻ ഓവർലാപ്പ് ചെയ്യുന്നുണ്ട്. ഒഡീസിയസ്സിന്റെ പോസ്റ്റ് ട്രോമാറ്റിക്ക് സ്ട്രെസ് സിൻഡ്രോമിന്റെ ഭാഗമായ അവ്യക്തതയും വിഷാദവും നിറഞ്ഞ ആന്തരിക സംഘർഷങ്ങൾ കാണിക്കാനായി ഏഴ് കൊല്ലത്തെ തടവുകാലത്തെ ഉപയോഗപെടുത്തിയതിലാണ് നോളൻ ബ്രില്യയൻസ്സുള്ളത്. താൻ ആരാണ്, താൻ എന്തൊക്കെ ചെയ്ത് കൂട്ടിയെന്നുമുള്ള തിരിച്ചറിവിലേക്ക് നായകൻ തിരിച്ചുനടക്കുന്ന ലെയർ ആയിട്ട് ഈ ഏഴു വർഷക്കാലം സിനിമയുടെ ക്ലൈമാക്സ് വരേയ്ക്കും നീണ്ടു കിടക്കുന്നു. ഇതേ ലെയറിൽ തന്നെയാണ് ഒഡീസിയസ്സ് ഓർത്തെടുക്കുന്ന നിലയിൽ നീണ്ട ഫ്ലാഷ് ബാക്കുകൾ കോർത്തിണക്കിയിരിക്കുന്നതും.
● ഹോമറിന്റെ ഒഡീസിയിൽ മുഴുവൻ ദൈവങ്ങൾ നേരിട്ട് ഇടപെടുന്നുണ്ട്. പക്ഷേ, യുദ്ധത്തിൽ കൊല ചെയ്യപ്പെട്ട ട്രോയ് പെൺകുട്ടിയുടെ മുഖമാണ് നോളൻ അഥീന എന്ന യുദ്ധദേവതയ്ക്ക് നൽകുന്നത്. ശേഷം ഈ അഥീന നായകന്റെ ബോധത്തിന്റെ തന്നെ ഭാഗമാകുന്നുണ്ട്. അതോടെ ദൈവീകകഥാപാത്രങ്ങളെ അപ്പാടെ മനുഷ്യന്റെ ബോധത്തെ സ്വാധീനിക്കുന്ന ഘടകങ്ങളാക്കി മാറ്റാനായി എന്നതാണ് സിനിമയെ ഹോമറിന്റെ ഒഡീസിയിൽ നിന്നും ആധുനികസംസ്കൃതബോധത്തിലേക്ക് ഉയർത്തുന്നത്.
● തിരക്കഥയെ സിനിമാറ്റിക്ക് അനുഭവമാക്കി മാറ്റാൻ നോളൻ ചെയ്ത മാസ് തന്ത്രം ഒഡീസിയസ്സിന്റെ കൊട്ടാരത്തിലെ അവസ്ഥയിൽ തുടങ്ങി അവിടെയ്ക്കുള്ള മാസ് റീഎൻട്രിയിൽ ക്ലൈമാക്സിനെ കൊണ്ടെത്തിച്ചു എന്നതാണ്. ഇതാക്കയിലെ സംഭവങ്ങൾ സിനിമ നടക്കുന്ന വർത്തമാനകാലമെന്ന് നിലനിർത്തി നീണ്ട ഫ്ലാഷ് ബാക്കുകളിലേക്ക് പോയ ശേഷം അതിന്റെ മുഴുവൻ വൈകാരികതയും ക്ലൈമാക്സസിലേക്ക് കോർത്തിണക്കാൻ നോളന് സാധിച്ചിട്ടുണ്ട്.


കഥാപാത്രങ്ങൾ – കാസ്റ്റിംഗ്
● ഒഡീസിയസ്സിനായി മാറ്റ് ഡെയ്മണിനെ കാസ്റ്റ് ചെയ്തപ്പോൾ തന്നെ യുദ്ധവീരനെന്ന ഭീമാകാരരൂപത്തിൽ നിന്ന് ആന്തരികപീഡ അനുഭവിക്കുന്ന ഒരു മനുഷ്യന്റെ ശരീരപ്രകൃതിയിലേക്ക് നായകനെ കൊണ്ടെത്തിക്കാൻ നോളന് സാധിച്ചിട്ടുണ്ട്.
● ഹെലൻ ഓഫ് ട്രോയ്: ‘bait for trojan war’ എന്ന് മെനലെയസ്സ് ചൂണ്ടി കാട്ടുന്ന,യുദ്ധത്തിന്റെ ഉത്തരവാദിത്വം ചുമക്കേണ്ടി വരുന്ന ആ ചൂണ്ടകൊളുത്ത് നിസ്സാരകാരണങ്ങൾ മാത്രമാണെന്നും മനുഷ്യന്റെ പിടിച്ചടക്കാനുള്ള അധമവിചാരം മാത്രമാണ് യുദ്ധങ്ങൾക്ക് പിന്നിലുള്ളതെന്നും വ്യക്തമാക്കുന്നതാണ് ഹെലന്റെ കാസ്റ്റിംഗ്. ഹെലന്റെ സൗന്ദര്യം യുദ്ധത്തിന് കാരണമായെന്ന മിത്തിനെ കൂടിയാണ് നോളൻ പൊളിച്ചു കളഞ്ഞത്. ഹെലൻ സ്വന്തം ഇഷ്ടത്തിന് പാരിസിനൊപ്പം പോയതാണോ എന്ന ചോദ്യത്തിലുമപ്പുറം അവർ ഒരു അധിനിവേശ പൊരുളായിട്ടാണ് യുദ്ധവീരന്മാർക്കും മഹാരാജാക്കന്മാർക്കുമിടയിൽ നിലകൊള്ളുന്നത്. പുരുഷന്മാരുടെ ഹിംസാത്മകമായ കൈയടക്കൽ വാസനയുടെ ഇരയെന്നോണം ഒരു മുഖം ഉയർത്തി കാട്ടുമ്പോൾ അടിമത്വവും അധിനിവേശവും യുദ്ധങ്ങളും കൊള്ളയടിച്ച രാജ്യങ്ങളെ പ്രതിനിധീകരിക്കുന്നൊരു മുഖമാണ് മനുഷ്യരുടെ മനസ്സിൽ തെളിയേണ്ടത്. സുഡാനും കോംഗോയും സോമാലിയയുമൊക്കെ യുദ്ധത്തിൽ കത്തിയെരിയുമ്പോൾ ലുപിത ന്യൂങ്കോയെ പോലെ ഒരു കെന്യൻ വനിതയെ ഹെലനായി തിരഞ്ഞെടുക്കുന്നത് വഴി നോളൻ ഇന്നത്തെ രാഷ്ട്രീയപരിസരത്തിലേക്ക് നീട്ടുന്ന ശക്തമായ ചോദ്യങ്ങളുണ്ട്.
● അഥീന/’അധീന’: യുദ്ധദേവതയായ അഥീനയ്ക്ക് യുദ്ധം കൊലചെയ്ത പൂജാരിണിയുടെ മുഖം നൽകുന്നത് വഴി മനുഷ്യന്റെ നിസ്സഹായതയാണ് യുദ്ധദേവതയുടെ മുഖമെന്നും അത് യുദ്ധത്തിന് വഴി വെട്ടിയ മനുഷ്യരെ നിരന്തരം വേട്ടയാടുന്നുണ്ടെന്നും കാണിക്കുന്നു. അഥീനയ്ക്ക് തവിട്ട് തൊലിയുള്ള സെന്റായയെ തിരഞ്ഞെടുക്കുമ്പോൾ നോളൻ മുന്നോട്ട് വയ്ക്കുന്ന രാഷ്ട്രീയം കൃത്യമാണ്. യുദ്ധത്തിനൊരു ദേവതയുണ്ടെങ്കിൽ അവരുടെ മുഖം അധിനിവേശരാജ്യങ്ങളിൽ യുദ്ധം കൊന്നൊടുക്കിയ നൂറു കണക്കിന് മനുഷ്യരുടേതിനോട് സാമ്യപെട്ട് കിടക്കുമെന്ന് സിനിമയുടെ ഭാഷയിൽ ഇതിലും ഗംഭീരമായെങ്ങനെയാണ് പറയുന്നത്. മലയാളഭാഷയ്ക്ക് മാത്രം കാട്ടാനാകുന്ന മാജിക്കിൽ ‘അധീന’: അധിനിവേശപ്പെട്ടവൾ എന്ന തർജ്ജിമയും ഇവിടെ ചേർത്ത് വയ്ക്കയാണ്.
● സിർസി : വ്യക്തിപരമായി എന്റെ ഉള്ളിലെ ‘femmi frustration’ ആളികത്തിച്ച കഥാപാത്രമാണ് സിർസി എന്ന ദുർമന്ത്രവാദിനി. ‘she is manipulative’ എന്ന് തോന്നുന്നയിടത്തു നിന്നും ‘she is traumatized’ എന്ന് ഐക്യപെടുന്നയിടത്തേക്ക് ക്യാരക്റ്റർ ആർക്കിനെ ചുരുങ്ങിയ സമയം കൊണ്ട് അഭിനയിച്ചു ഫലിപ്പിച്ച സമാന്ത മോർറ്റൺ ഞെട്ടിച്ചു. ‘എന്റെ സൈനികരെവിടെ?, നീ അവരെ പന്നികളാക്കിയോ’ എന്ന് ഒഡീസിയസ്സ് ചോദിക്കുമ്പോൾ ‘രാക്ക് രാമാനം ഒരു നഗരത്തിൽ കടന്നു കൂട്ടബലാത്സംഗങ്ങളും കൊലയും ചെയ്ത ഇവർ കള്ളപന്നികളല്ലാതെ പിന്നെയാരാണ്’ എന്ന് സിർസി ചോദിക്കുന്നിടത്ത് ലോകത്തെ മുഴുവൻ സ്ത്രീകളും ഐക്യപ്പെടും. പന്നികളെ തിരിച്ചു സൈനികരാക്കുമ്പോൾ സിർസി പറയുന്നൊരു തഗ്ഗ് ഡയലോഗുണ്ട് ‘come back to disguise’ – ‘നിങ്ങളുടെ പൊയ്മുഖങ്ങളിലേക്ക് തിരിച്ചു വരു’!
● പെനലോപ്പ്: ഭർത്താവിന് വേണ്ടി ഇരുപത് വർഷങ്ങൾ കാത്തിരിക്കുന്ന അവർ നിസ്സഹായയോ ദുർബലയോ അല്ല. മകൻ പെനലോപ്പിനോട് ആരെയെങ്കിലും വിവാഹം ചെയ്ത് ഒഴിഞ്ഞ സിംഹാസനത്തിന്റെ കാര്യത്തിലൊരു തീരുമാനമാക്കാൻ പറയുന്നുണ്ട്. ‘സിംഹാസനം ഒഴിഞ്ഞു കിടക്കയല്ല ഞാൻ അതിലിരുന്ന് ഭരിക്കുന്നുണ്ട്’ എന്നും ‘ശല്യക്കാരെ മുഴുവൻ കൂട്ടിയിട്ട് കത്തിക്കണമെന്നും’ പറയുമ്പോൾ പെനലോപ്പ് എന്ന സ്ത്രീയുടെ ആന്തരികശക്തി വെളിപ്പെടുന്നുണ്ട്. ഇതിലും ധീരമായി പെനലോപ്പിനെ കാണാൻ കഴിയുന്നത് ക്ലൈമാക്സിൽ തന്റെ ഭർത്താവ് ചെയ്ത അക്രമങ്ങൾ കേട്ടതും അവർ ‘what all of you have done?’ എന്ന് പറഞ്ഞ് അയാളെ എതിർക്കുന്ന നിമിഷമാണ്. 20 വർഷങ്ങൾ കഴിഞ്ഞു കണ്ടിട്ടും അത്രമേൽ പ്രണയമുണ്ടായിട്ടും സ്വന്തം നിലപാട് ഭർത്താവിനോട് പറയുന്ന നിമിഷം ആ കഥാപാത്രം മറ്റൊരു തലത്തിലേക്ക് ഉയരുന്നു.
● കാവ്യാത്മകമായ ഡയലോഗുകൾ:
“A face… a fleet… a war… a man… a thought… a trick… a trick to break the walls of Troy… and burn it screaming to the ground!”
കഥ തുടങ്ങുന്നത് ഈ മനോഹരമായ ‘ballard’ അഥവാ വാഴ്ത്ത്പ ട്ടിൽ നിന്നാണ്. ‘Rhapsodes’ എന്ന ഗ്രീക്ക് പാണന്മാരിലൂടെ പടർന്ന വാമൊഴിയിൽ നിന്ന് കടം കൊണ്ട വരികളാണ്. കാലത്തെ അതിജീവിക്കുന്ന ഇത്തരം വീരഗാഥകളാണ് മനുഷ്യരെ യുദ്ധത്തിലേക്കും പിടിച്ചടക്കലുകളിലേക്കും എന്നേക്കും അടുപ്പിക്കുന്നത്. സ്വന്തം നാമം മഹത്വത്തിലേക്ക് എഴുതി ചേർക്കാനും അനശ്വരതയെ പുൽകാനുമുള്ള മനുഷ്യന്റെ അദമ്യമായ ആഗ്രഹം. പേരിനും അധികാരത്തിനും വേണ്ടി യുദ്ധങ്ങൾക്കിറങ്ങി പുറപ്പെടുന്ന അധികാരികളുടെ ദുരയുടെ മുഴുവൻ ഭാവങ്ങളും അതിലുണ്ട്.
സിനിമയിലെ ഭാഷ
ട്രോജൻ യുദ്ധകാലത്ത് ഗ്രീക്കുകാരുടെ ഭാഷ മിസേനിയൻ ഗ്രീക്കാണ്. മൺകട്ടകളിൽ എഴുതി സൂക്ഷിക്കുന്ന ലിനീയർ ബി എന്ന ലിപിവ്യവസ്ഥയും. എന്നാൽ ഏഗൺ കടലിനപ്പുറം ഇന്നുള്ള തുർക്കിയുടെ ഭാഗത്തുണ്ടായിരുന്നവർ അനറ്റോളിയൻ ഭാഷയായ ലുവിയാനാണ് ഉപയോഗിച്ചിരുന്നത്. ഹോമറിലേക്ക് വരുമ്പോൾ ഇലിയഡ്ഡിൽ ഹോമറിയൻ ഗ്രീക്കാണ്. പിന്നീട് ഈ ഇതിഹാസത്തെ ചുറ്റിപറ്റി വന്ന സിനിമകളിലൊക്കെ ബ്രിട്ടീഷ് ഇംഗ്ലീഷാണ് ഉപയോഗിച്ചിരിക്കുന്നത്. പക്ഷേ നോളന്റെ സിനിമയിൽ ‘ഡാഡി’ എന്നൊക്കെയുള്ള തനി അമേരിക്കൻ ഉച്ചാരണമാണുള്ളത്. യൂറോപ്യൻ ഇതിഹാസങ്ങളും ക്ലാസ്സിക്കുകളും ചിത്രീകരിക്കുമ്പോൾ ഹോളിവുഡിൽ എന്തിനാണ് ബ്രിട്ടീഷ് ആക്സെന്റ് അല്ലെങ്കിൽ ബിബിസി ആക്സെന്റ് ഉപയോഗിക്കുന്നത്? ഹോളിവുഡ് ക്ലാസ്സിക്ക് സിനിമകൾ ശ്രദ്ധിച്ചാൽ കാണാം പ്രഭുക്കന്മാർക്കും രാജാക്കന്മാർക്കും ബ്രിട്ടീഷ് ആക്സെന്റും താഴേ തട്ടിലെ മനുഷ്യരെന്ന് കാട്ടേണ്ട കഥാപാത്രങ്ങളെ കൊണ്ട് പോളിഷ് അല്ലെങ്കിൽ റൊമേനിയൻ കലർന്ന ഇംഗ്ലീഷിലും ഡയലോഗ് പറയിക്കും. നമ്മുടെ നാട്ടിൽ പുരാണ കഥാപാത്രങ്ങൾക്കും ദൈവീകഭാവങ്ങൾക്കുമായി സംസ്കൃതം കലർത്തുന്ന കീഴ്വഴക്കം പോലെ. ഭാഷ പ്രയോഗങ്ങളിലെ ഇത്തരം ഉച്ചനീചത്ത്വങ്ങളെ കലാപരമായി ലംഘിക്കാൻ നോളനെ പോലുള്ള മഹാപ്രതിഭകൾക്കേ സാധിക്കയുള്ളൂ!


ലൊക്കേഷനുകൾ
ട്രോയ് നഗരത്തിന്റെ പുരാതന അവശിഷ്ടങ്ങൾ ടർക്കിയിലാണെങ്കിലും നോളന്റെ സിനിമയിൽ മൊറൊക്കോയിലെ മൺകെട്ടിടങ്ങളും തെരുവുകളുമൊക്കെയാണ് അഥീനയുടെ ആരാനാലയം വരെയടങ്ങുന്ന പുരാതന ട്രോയ് നഗരമായി രൂപാന്തരപ്പെട്ടിരിക്കുന്നത്. ഒറ്റകണ്ണൻ സൈക്ലോപ്സ് സൈനികരെ അടച്ചിടുന്ന നെസ്റ്റർസ് ഗുഹ, മെധോണി കാസിൽ, കോറിന്ത് കാസിൽ തുടങ്ങി ഗ്രീസിന്റെ മനോഹാരിത സിനിമയിലുടനീളമുണ്ട്. കൾബിൻ ഫോറെസ്റ്റ്, സീ സൈഡ് എന്നിങ്ങനെ സ്കോട്ട്ലാൻഡും ഒഡീസ്സിയസ്സിന്റെ യാത്രയുടെ ഭൂപ്രകൃതിക്കായി നോളൻ തിരഞ്ഞെടുത്തിട്ടുണ്ട്. കൂട്ടത്തിൽ ഞെട്ടിച്ച കാഴ്ച പരേതാത്മാക്കളുടെ ലോകം ചിത്രീകരിച്ചിരിക്കുന്ന ഭാഗങ്ങളാണ്. ഐസ്ലാൻഡിലെ കോടയിറങ്ങിയ, കറുത്ത മണ്ണ് ചിതറിയ ഇരുൾപ്രദേശം കൃത്യമായി ഹൊറർ മൂഡ് തരുന്നുണ്ട്.
നോളൻ ഫിലോസഫി
സാധാരണ നോളൻ സിനിമകൾ സംസാരിക്കുന്നത് മനുഷ്യന്റെ അറിവിന്റെ പരിമിതികൾ, സത്യവും മിഥ്യയും തമ്മിലുള്ള ദൂരം, യാഥാർത്ഥ്യവും സ്വപ്നവും ഇടകലരുമ്പോൾ അതിനിടയിൽ വ്യക്തികൾ അവരുടെ മൂല്യബോധത്തെ എങ്ങനെ നിർമ്മിച്ചെടുക്കുന്നു, അവരിലെ കുറ്റബോധം, സർവ്വനാശത്തിന്റെ ഭയം എന്നിങ്ങനെയുള്ളവയാണ്. താൻ എന്താണ് ചെയ്തത് എന്ന് കുറ്റബോധത്തോടെ വിലപിക്കുന്ന ഒഡീസിയസ്സ് അണുബോബ് സ്ഫോടനം കണ്ട് ആത്മനിന്ദയിലേക്ക് താഴ്ന്ന് പോകുന്ന ഓപ്പൻഹൈമറുടെ മുൻഗാമിയാണ്. സർവ്വനാശത്തിലേക്ക് ഒരു സമൂഹത്തെ തള്ളിയിടുന്ന സർവ്വർക്കും തോന്നേണ്ട വികാരമാണ് ഈ കുറ്റബോധം. മഹത്വത്തിന്റെ കൊടുമുടി എന്ന് ഭരണകൂടങ്ങളും അധികാരികളും വാഴ്ത്തുന്നയിടത്ത് നിന്ന് കൊണ്ട് അവർ അവരെ തന്നെ വിലയിരുത്തുന്നു. അവരെ ആഘോഷിക്കുന്ന സംഗതി മഹത്വമല്ലെന്നും സ്വാർത്ഥമായ ഹിംസാത്മകതയ്ക്ക് വഴി വെട്ടിയതിനുള്ള ചെകുത്താന്റെ കരഘോഷമാണെന്നും അവർ തിരിച്ചറിയുന്നു.


ഈ സ്വതന്ത്രചിന്തയാണ് മാനവികതയുടെ അടിത്തറ. ഭരണകൂടങ്ങൾ അവരുടേതായ വിഭാഗീയ-മനുഷ്യവിരുദ്ധ വികാരങ്ങളുടെ തള്ളിച്ചയിൽ ഒരുവനെ തെരുവിൽ ആഘോഷിക്കുമ്പോൾ അതിൽ അഭിരമിച്ചു പോകാതിരിക്കാനും ഭരണകൂട ഭീകരതകളിൽ നിശബ്ദനാകാതിരിക്കാനും സാധിക്കുക എന്നതിലാണ് യഥാർത്ഥ മഹത്വമുള്ളത് എന്ന് സിനിമ കാട്ടി തരുന്നു. യുദ്ധങ്ങൾക്കും കൂട്ടകുരുതികൾക്കും ആഞ്ജ നൽകി സ്വന്തം അപദാനങ്ങൾ ലോകമെമ്പാടും പാടി പുകഴ്ത്തുന്നത് സ്വപ്നം കണ്ട് കഴിയുന്ന ഇന്നത്തെ ഭരണാധികാരികൾക്ക് ഇത്തരമൊരു ആത്മനിന്ദ തോന്നിക്കുക എന്നത് തന്നെയാണ് സിനിമ പോലൊരു മഹത്തായ കലയുടെ പരമമായ ധർമ്മം. നോളൻ അത് ഭംഗിയായി ചെയ്തിട്ടുണ്ട്. യുദ്ധങ്ങൾക്കും വംശഹത്യകൾക്കും ഉത്തരവ് നൽകുന്ന ഭരണാധികാരികൾ കേൾക്കേണ്ട ഡയലോഗാണ്: “what have you done!!!”

