സൈലന്റ് വാലിയിൽ അവസാനിക്കേണ്ടതല്ല സമരം

സൈലന്റ് വാലി വീണ്ടും ജനശ്രദ്ധയിൽ വന്നിരിക്കുന്നു. ഇപ്പോൾ പാത്രക്കടവ് ജലവൈദ്യുതി പദ്ധതിയുമായി ബന്ധപ്പെട്ടാണ് അവതാരം, ഏതാണ്ട് ഒട്ടുമിക്ക വൈദ്യുതി മന്ത്രിമാർക്കും ഉളള ധാരണ കേരളത്തിലെ വൈദ്യുതിക്ഷാമം തീർക്കാൻ ഏക മാർഗ്ഗം സൈലന്റ് വാലി പദ്ധതി വീണ്ടും നടപ്പാക്കണം എന്നതാണ്. ഈ സർക്കാർ വന്നപ്പോൾ വൈദ്യുതി മന്ത്രി ഇങ്ങനെ പറയുകയുണ്ടായി. പക്ഷെ നാട്ടിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമായി പ്രക്യതി സ്നേഹികളും പണ്ട് സൈലന്റ് വാലിയെ രക്ഷിക്കാൻ പ്രയത്നിച്ച പ്രകൃതി സ്നേഹികളും രംഗത്തുവന്നു. അവർ മുഖ്യമന്ത്രി എ.കെ ആന്റണിക്ക് കമ്പികളും കത്തുകളും അയച്ചു. സംഗതി കുഴപ്പമാവും എന്നു മനസ്സിലാക്കിയ മുഖ്യമന്ത്രി സൈലന്റ് വാലിയിൽ വൈദ്യുതി പദ്ധതിയുണ്ടാക്കില്ലെന്ന് പ്രഖ്യാപിച്ചു. അന്നത്ത വൈദ്യുതി മന്ത്രിയും ആ അധ്യായം അടഞ്ഞു എന്ന് പറഞ്ഞു. ടിയാൻ 1995 ൽ സൈലന്റ് വാലിയിൽ വെച്ച് സൈലന്റ് വാലി നാഷണൽ പാർക്ക് സ്ഥാപിക്കപ്പെട്ടതിന്റെ പത്താം വാർഷികം ആചരിക്കവെ അന്ന് വനം മന്ത്രിയെന്ന നിലയിൽ സൈലന്റ് വാലിയെന്ന മഹാ പൈതൃകത്തെ രക്ഷിച്ചെടുത്ത പ്രകൃതി സ്നേഹികർക്കും സന്നദ്ധ സംഘങ്ങൾക്കും നന്ദി പറഞ്ഞ കാര്യം മാധ്യമങ്ങൾ വെളിച്ചത്തുകൊണ്ടുവന്നതോടെ പിൻവാങ്ങുകയായിരുന്നു. വൈദ്യുതി ബോർഡ് എന്നും വിശ്വസിക്കുകയും പറഞ്ഞു പരത്തുകയും ചെയ്യുന്ന ഒരു കാര്യമാണ് രണ്ടായിരാമാണ്ട് അവസാനിക്കുമ്പോൾ സൈലന്റ് വാലി പദ്ധതി വീണ്ടും ആരംഭിക്കാമെന്ന് പണ്ട് ആരൊക്കെയോ വാഗ്ദാനം ചെയ്തിട്ടുണ്ട് എന്ന്. ഇങ്ങനെ എം.എസ് സ്വാമിനാഥൻ തന്റെ റിപ്പോർട്ടിൽ പറഞ്ഞിരുന്നുവെന്ന് പറഞ്ഞു നോക്കി. പിന്നെ എം.ജി.കെ. മേനോൻ റിപ്പോർട്ടിൽ അങ്ങനെ എഴുതിയിട്ടുണ്ടെന്ന് പറഞ്ഞുനോക്കി. ഇതൊക്കെ വെറുതെയാണെന്ന് തെളിയിക്കപ്പെട്ടിട്ടും ഇപ്പോഴും ഇടക്ക് തട്ടിവിടുന്നുണ്ട്. എന്താണ് സൈലന്റ് വാലിയിലെ വെള്ളത്തിൽ നിന്നുണ്ടാക്കുന്ന വൈ​ദ്യുതിക്ക് വല്ല മഹിമയും ഉണ്ടോ? അവിടുന്ന് ഉൽപാദിപ്പിക്കുമായിരുന്ന വൈദ്യുതി വെറും 522 ദശലക്ഷം യൂണിറ്റാണ്. ഇതാണെങ്കിലോ അന്ന് ഇടുക്കിയിൽ നിന്നും കർണാടകത്തിലേക്കും മദിരാശിയിലേക്കും ഹൈടെൻഷൻ വഴി വൈദ്യുതി കടത്തുമ്പോൾ അനുഭവപ്പെട്ടിരുന്ന ഊർജ്ജനഷ്ടം 28 ശതമാനത്തിൽ നിന്നും 15 ശതമാനമായി കുറച്ചാൽ കിട്ടുന്നതിലും കുറച്ചുമാത്രമാണെന്നും തെളിയിക്കപ്പെട്ടു. പാലക്കാട് ജില്ലക്ക് ആവശ്യമായ വൈദ്യുതി മറ്റു മാർഗ്ഗങ്ങളിലൂടെ ലഭ്യമാക്കാമെന്നും സമർത്ഥിക്കപ്പെട്ടപ്പോൾ സൈലന്റ് വാലി പദ്ധതി അപ്രസക്തമായി.

എം.കെ പ്രസാദ്

അന്നത്തെ സൈലന്റ് വാലി പ്രക്ഷോഭം കുറെ സിംഹവാലൻ കുരങ്ങുകളെ സംരക്ഷിക്കാൻ വേണ്ടി മാത്രമായിരുന്നുവോ? സൈലന്റ് വാലി സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ടത് വെറും വികാരത്തിന്റെ പേരിലായിരുന്നുവോ? എന്താണ് സൈലന്റ് വാലിയുടെ മഹിമ? ഞങ്ങൾ 1979 ൽ എഴുതിയ ഒരു ലഘുലേഖയിൽ നിന്നും ഞാൻ പകർത്തുകയാണ്. ഇന്ത്യയിലെ ഉഷ്ണമേഖലാ നിത്യഹരിത വനങ്ങളിലെ അവശേഷിക്കുന്ന ഒരേ ഒരു വലിയ പ്രദേശം ഇതാണ്. ഭൂതലത്തിലെ ഏറ്റവും വൈവിധ്യമാർന്നതും സങ്കീർണ്ണവുമായ സസ്യജന്തുജാലങ്ങളുടെ ആവാസ സ്ഥാനമാണ് ഉഷ്ണമേഖലാ നിത്യഹരിതവനങ്ങൾ. അഞ്ചു കോടി കൊല്ലത്തെ തുടർച്ചയായ പ്രകൃതി പരിണാമത്തിന്റെ മനുഷ്യരുടെ ഇടപെടലിന് വിധേയമാകാത്ത വേദിയാണിത്. സസ്യഭുക്കുകളായ മൃഗങ്ങളാണിവിടെ കൂടുതൽ, നട്ടെല്ലികളിൽ പക്ഷികളും സസ്തനികളിൽ വൃക്ഷവാസികളുമാണ് കൂടുതലുള്ളത്. കാരണം വൃക്ഷങ്ങളുടെ മുകൾപ്പരപ്പിലാണ് അടിയിലെ കുറ്റിക്കാടുകളിലെതിനേക്കാൾ കൂടുതൽ ഭക്ഷണം ലഭ്യമാകുന്നത്. ഇവിടെയുള്ള ജീവികളിൽ മൂന്നെണ്ണം വംശഭീഷണി നേരിടുന്നവയാണ്. സിംഹളക്കുരങ്ങ്, നീലഗിരി ലാംഗൂർ, കടുവ എന്നിവയാണ്.

ഒട്ടൊക്കെ നിശിതമായ ജീവിതചര്യയിൽ മാറ്റം വരുത്താനാവാതെ ഉറച്ചുപോയ ജീവികളാണിവ. മറ്റൊരു പരിതസ്ഥിതിയിലേക്ക് അവക്ക് മാറാൻ കഴിയുകയില്ല. സൈലന്റ് വാലി ഏറ്റവും അടുത്ത റോഡിൽ നിന്നും 20 കി.മീ അകലെ ആയിരുന്നു അടുത്ത കാലം വരെ. അതുകൊണ്ടാണ് അത് മനുഷ്യന്റെ ഇടപെടലുകൾക്ക് വിധയമാകാതിരുന്നത്. എന്നാൽ പിന്നീട് ചില ഇടപെടലുകൾക്ക് അത് വിധേയമായിട്ടുണ്ട്. പക്ഷെ ആ വനത്തിന്റെ ഹൃദയഭാഗം ഇപ്പോഴും ആക്രമിക്കപ്പെട്ടുകഴിഞ്ഞിട്ടില്ല. ഈ കാടുകൾ അതിപ്രധാനമായ ചില ധർമ്മങ്ങൾ നിറവേറ്റുന്നുണ്ട്. താഴത്തെ സമ തലത്തിലേക്കുള്ള നീരൊഴുക്കു നിയന്തിക്കുക, ജല സന്തുലനം നിലനിർത്തുക, മണ്ണാലിപ്പു തടയുക മുതലായവ. ആ പ്രദേശത്തെ കാലാവസ്ഥയെ ആകെ നിയന്ത്രിക്കുന്നതിലും ഈ കാടുകൾക്ക് ഗണ്യമായ പങ്കുണ്ട്. ജൈവ പരിണാമത്തിന്റെ ഒരു കളിത്തൊട്ടിലായി അത് നിലകൊള്ളുകയാണ്. മനുഷ്യന്റെ വൻതോതിലുള്ള ഇടപെടലുകൾ ഇല്ലാത്ത, ലക്ഷക്കണക്കിന് കൊല്ലങ്ങൾക്കുമുമ്പ് പ്രകൃതിയിൽ നടന്നിരുന്ന പരിണാമപ്രക്രിയകളെകുറിച്ച് പഠിക്കാനുള്ള വിരലിലെണ്ണാവുന്ന ഏതാനും വന ഇക്കോവ്യൂഹങ്ങളിൽ ഒന്നാണ് സൈലന്റ് വാലി. ജീവൻ ഉരുത്തിരിഞ്ഞത് കടലിലാണെന്നും അല്ലെന്നും ശാസ്ത്രജ്ഞന്മാർക്കിടയിൽ തർക്കമുണ്ടാവാം. എന്നാൽ മനുഷ്യ പരിണാമം നടന്നത് കാട്ടിലാണെന്നതിൽ തർക്കമില്ല. മരത്തിൻ മുകളിലെ ആസ്ഥാനം ഉപേക്ഷിച്ച് ഭൂതലത്തിൽ ചലിക്കാനും ജീവിക്കാനും തുടങ്ങിയ വാനരന്മാരിൽ ചിലവയുടെ പരിണാമഫലമായാണ് മനുഷ്യനുണ്ടായതെന്നും സുസമ്മതമാണ്. അവയുടെ ‘സാമൂഹ്യ ജീവിതം’ ഈ പരിണാമ പ്രക്രിയയിൽ അതിപ്രധാനമായ ഒരു പങ്കുവഹിച്ചിട്ടുണ്ടെന്നും ശാസ്ത്രജ്ഞന്മാർക്കറിയാം. എന്നാൽ മരത്തിന്റെ മുകളിൽ വസിച്ചുകൊണ്ടിരുന്ന കാലത്തെ സാമൂഹ്യജീവിതത്തെ, അതിലെ അംഗങ്ങളുടെ പെരുമാറ്റത്തെക്കുറിച്ചുള്ള അറിവ് പരിമിതമാണ്. കാരണം, ഇന്ന് അത്തരത്തിലുള്ള ജീവികൾ, അതായത് ഉന്നതങ്ങളായ വൃക്ഷശിഖരങ്ങളിൽ വാസമുറപ്പിച്ചിട്ടുണ്ട്. വളരെ വിരളമായി മാത്രം താഴെ ഇറങ്ങുന്ന ജീവികൾ കുറവാണ്. വാസ്തവത്തിൽ ഒന്നേയുള്ളൂ. അതാണ് സിംഹവാലൻ കുരങ്ങ്. ഈ ഭൂമുഖത്ത് അവയുടെ സംഖ്യ നന്നേ കുറച്ചാണ്. ആസന്നമായ അവയുടെ വംശനാശം പരിണാമ ശാസ്ത്ര പഠനത്തിന് നികത്താനാവാത്ത നഷ്ടം വരുത്തുമെന്ന് ശാസ്ത്രകാരന്മാർ വിശ്വസിക്കുന്നു. ഭൂമിയിലാകെയുളള സിഹളക്കുരങ്ങുകളിൽ പകുതിയെണ്ണവും സൈലന്റ് വാലിയിലാണുള്ളത്.

എം.കെ പ്രസാദ്

സൈലന്റ് വാലിയെന്ന ഇക്കോവ്യൂഹത്തിൽ പുതിയ പുതിയ സസ്യതരങ്ങൾ അവിരാമായി ഉരുത്തിരിഞ്ഞുകൊണ്ടിരിക്കുകയാണ്. അമൂല്യമായ ഒരു ജീൻ കലവറയാണത്. മെച്ചപ്പെട്ട സങ്കരസസ്യങ്ങൾക്ക് രൂപം നൽകുന്നതിൽ ഇവയ്ക്കുള്ള പ്രാധാന്യം ശാസ്ത്രജ്ഞന്മാർ മനസ്സിലാക്കിവരികയാണ്. പല പരീക്ഷണങ്ങൾക്കും ജീവശാസ്ത്രത്തിൽ മാത്രമല്ല, ഭൂഉപയോഗം, വികസന പ്രക്രിയകൾ, പ്ലാന്റേഷനുകൾ തുടങ്ങിയ പലവയ്ക്കും താരതമ്യത്തിനായി മനുഷ്യസ്പർശമേൽക്കാത്ത ഒരു വനവിഭാഗം വേണം. സൈലന്റ് വാലിയല്ലാതെ പശ്ചിമഘട്ടത്തിൽ മറ്റൊരു പ്രദേശവും ഇതിന് ലഭ്യമല്ല. ഇതൊക്കെയാണ് സൈലന്റ് വാലിയുടെ മഹിമകൾ. ഈ പ്രദേശത്ത് ഒരു ജലവൈദ്യുത പദ്ധതി പണിതാൽ അതിന്റെ ഇക്കോളജി താറുമാറാവുമെന്നും അതുകൊണ്ട് അവിടെ പദ്ധതി ഉണ്ടാവരുതെന്നും എം.ജി.കെ. മേനോൻ കമ്മറ്റി ഐകകണ്ഠന അഭിപ്രായപ്പെടുകയാണുണ്ടായത്. ഈ ഇക്കോവ്യൂഹത്തിന്റെ പ്രത്യേകത മനസ്സിലാക്കിയിട്ടാണ് ഇന്ത്യയിലേയും ലോകത്തിലേയും പ്രമുഖ പരിസ്ഥിതി വിദഗ്ദമാർ അത് സംരക്ഷിക്കണമെന്ന് ഇന്ത്യാ ഗവൺമെന്റിനോടും കേരള ഗവൺമെന്റിനോടും അഭ്യർത്ഥിച്ചത്. അങ്ങനെയാണ് 1984 ൽ സൈലന്റ് വാലി നാഷണൽ പാർക്കായി പ്രഖ്യാപിക്കപ്പെട്ടത്.

സൈലന്റ് വാലി പദ്ധതിയിൽ നിന്ന് ലഭ്യമാകുമെന്ന് പറയപ്പെട്ടിരുന്ന നേട്ടങ്ങൾ പ്രധാനമായും മൂന്നാണ്, ഒന്ന് 240 മെഗാവാട്ട് വൈദ്യുതി, 2000-3000 പേർക്ക് ജോലി, പതിനായിരം ഹെക്ടർ കൃഷിക്ക് ജലസേചനം. വൈദ്യതുതി ഹൈ ടെൻഷൻ ട്രാൻസ്മിഷനിൽ ഉണ്ടാവുന്ന ഊർജ്ജ ചോർച്ച 15 ശതമാനമായി കുറച്ചാൽത്തന്നെ കിട്ടുമെന്ന് മുമ്പ് സൂചിപ്പിച്ചുവല്ലൊ. ഉടൻ വൈദ്യുതി പാലക്കാട്ട് ജില്ലയിൽ ലഭ്യമാകാൻ അവിടെയൊരു 220 കെ.വി. ട്രാൻസ്ഫോർമർ സ്ഥാപിച്ച് ഇടുക്കിയിൽ നിന്നും ഉള്ള വൈദ്യുതി എത്തിച്ചാൽ മതി. അതുപയോഗിച്ച് കൃഷികൾക്ക് ഭൂഗർഭ ജലം പമ്പ് ചെയ്ത് കൃഷി ചെയ്യാം. അങ്ങനെ ചെയ്യുന്നത് വൻ ജല സംഭരണി ഉണ്ടാക്കി കനാലിലൂടെ വെള്ളം വിതരണം ചെയ്യുന്നതിലും വളരെ വളരെ കുറഞ്ഞ ചിലവേ വേണ്ടിവരൂവെന്ന് കണക്കുകൾ കാണിച്ചു. സൈലന്റ് വാലി ജലസംഭരണിയിൽ നിന്നും ഗുണം കിട്ടുമെന്ന് കരുതപ്പെടുന്ന പ്രദേശങ്ങളിൽ ധാരാളം ഭൂഗർഭജലം കിട്ടാനുണ്ടെന്നും അറിയാമായിരുന്നു. ഇങ്ങനെ കൃഷി ചെയ്താൽ കൂടുതൽ ഭക്ഷ്യധാന്യ ഉൽപ്പാദനം ഉണ്ടാക്കാമെന്നും സ്ഥിരമായ ജോലി പതിനായിരത്തോളം ആളുകൾക്ക് ലഭ്യമാക്കാമെന്നും കണക്കുകൾ വ്യക്തമാക്കി. പദ്ധതി പണിയുന്ന കാലത്ത് മാത്രമാണ് കൂടുതൽ ജോലി ലഭ്യത പദ്ധതിയുടെ നേട്ടമായി പറഞ്ഞിരുന്നതെന്നും ചൂണ്ടിക്കാട്ടപ്പെട്ടു. ഇതിനുപുറമേ പാലക്കാട് ജില്ലയുടെ ശാശ്വതവികസനത്തിനായുള്ള ഒരു ബ്ലൂപ്രിന്റും പദ്ധതിയെ എതിർത്ത ഞങ്ങൾ മുന്നോട്ടുവച്ചിരുന്നു. അങ്ങനെയാണ് സൈലന്റ് വാലി ജലവൈദ്യുത പദ്ധതി അകാല ചരമം പ്രാപിച്ചത്. നമുക്ക് നാല് മണിക്ക് ഇരിക്കാം.

ഇതാ ഇപ്പോൾ പാത്രക്കടവ് വഴി സൈലന്റ് വാലിയിലേക്ക് കടക്കാൻ, ആ ലോക പൈതൃകത്തെ തകർക്കാൻ ഒരു ശ്രമം പൊങ്ങിവന്നിരിക്കുന്നു! പാത്രക്കടവ് ജലവൈദ്യുത പദ്ധതി വളരെ വളരെ ചെറിയ പദ്ധതി. രണ്ടു ജനറേറ്ററുകളിലായി 20 മെഗാവാട്ട് വൈദ്യുതി ഉണ്ടാക്കുന്നു. വെറും 22.16 ഹെക്ടർ വനമേ ഇല്ലാതാകൂ. അതും വളരെ മോശമായ വനം. ഒരു ചെറിയ അണക്കെട്ട് – 64.5 മീറ്റർ പൊക്കം, 275 മീറ്റർ നീളം. ഈ അണക്കെട്ടിൽ നിന്നും തുരങ്കം വഴി വെള്ളം കൊണ്ടുപോയി താഴെ ആ വെള്ളം വീണ്ടും കുന്തിപ്പുഴയിലേക്ക് വിടും. അണക്കെട്ട് സൈലന്റ് വാലി നാഷണൽ പാർക്കിന്റെ തെക്കേ അതിർത്തിയിൽ നിന്നും ഒരു കിലോമീറ്റർ അകലെയാണ്. പദ്ധതിക്കായി വെട്ടിക്കളയുന്ന കാട് വെറും ഇലപൊഴിയും നിത്യ ഹരിത വനം. അല്ലെങ്കിൽത്തന്നെ ഒരു ഹെക്ടർ കാട് നശിപ്പിച്ചാൽ നഷ്ടമാകുന്നത് വെറും നൂറു മരങ്ങൾ മാത്രം. പ്രസ്തുത വനപ്രദേശത്ത് ആകെ കണ്ടെത്തിയത് 23 സസ്തനി സ്പീഷീസുകളും, 29 പക്ഷി ജാതികളും 22 ഇഴജന്തുക്കളും 14 ഉഭയജീവി സ്പീഷീസുകളും 43 ചിത്രശലഭങ്ങളും മാത്രം. എന്നാലും 23 സസ്തനികളിൽ 14 എണ്ണം വംശനാശ ഭീഷണി നേരിടുന്നവയാണ്. ഒരെണ്ണം അവിടെ മാത്രം കാണുന്നതാണ് (എൻഡമിക്). പക്ഷെ ഇവയൊക്കെ തൊട്ടയൽവക്കത്തുള്ള സൈലന്റ് വാലിയിൽ ധാരാളം കിട്ടാനുണ്ട്. അതുകൊണ്ട് ബേജാറാവണ്ട എന്ന്. ചില സിംഹളക്കുരങ്ങന്മാരെ കണ്ടു. എന്നാൽ അവ അവിടെ താമസക്കാരാണോ സന്ദർശകരാണോ എന്ന് പഠിക്കാൻ നേരം കിട്ടിയില്ലത്രേ. ആകയാൽ ഈ പദ്ധതിയുമായി മുന്നേറാൻ ഒരു ശാസ്ത്രസംഘം ഉണ്ടാക്കിയ പരിസര ആഘാത പ്രതിക ധൈര്യം കൊടുക്കുന്നു വൈദ്യുതി ബോർഡിന്. നക്കാപ്പിച്ച കാശിനു വേണ്ടി ഇത്തരം പ്രോത്സാഹന റിപ്പോർട്ടുകൾ എഴുതിക്കൊടുക്കന്ന ശാസ്ത്രകാരന്മാരെയോർത്ത് ഒരു ശാസ്ത വിദ്യാർത്ഥിയായ ഞാൻ നാണിക്കുന്നു. സാക്ഷാൽ സൈലന്റ് വാലി ജലവൈദ്യുത പദ്ധതിയെപ്പറ്റി ഇ.ഐ.എ. തയ്യാറാക്കാൻ ഇക്കൂട്ടരെ എൽപ്പിച്ചിരുന്നെങ്കിൽ ഇവർ അതിനും പ്രാത്സാഹന റിപ്പോർട്ട് കൊടു കകുമായിരുന്നു.

സൈലന്റ് വാലി

ഒരു ജൈവ മേഖലയിന്മേൽ ഒരു ജല വൈദ്യുത പദ്ധതി ഉണ്ടാക്കാനിടയുള്ള ആഘാതങ്ങളെപ്പറ്റി പഠിക്കാൻ വെറും അഞ്ചു മാസമാണ് എടുത്തത്. ജീവജാതികളുടെ സമൂഹത്തെ സംബന്ധിച്ചും, അവയിന്മേൽ ഉണ്ടാകാനിടയിലുള്ള മാറ്റങ്ങളേയും പറ്റിയൊക്കെ പഠിക്കാൻ ഒരു വർഷമെങ്കിലും ചുരുങ്ങിയത് വേണ്ടി വരും. നിർദ്ദിഷ്ട പദ്ധതി പ്രദേശത്തിന്റെ ഒരു ഒരു കിലോമീറ്റർ ചുറ്റളവിലെങ്കിലും നിരീക്ഷണങ്ങൾ വേണം. അങ്ങനെ ചെയ്താൽ സൈലന്റ് വാലിയുടെ ഹൃദയഭാഗത്തോളം നിരീക്ഷണം വേണ്ടിവരും അത് ചെയ്തിട്ടില്ല. കുന്തിപ്പുഴയിൽ 81 തരം മത്സ്യങ്ങൾ മുമ്പു തന്നെ റിപ്പോർട്ടു ചെയ്യപ്പെട്ടിട്ടുണ്ട്. 18 എണ്ണമേ പഠന സംഘത്തിലെ മത്സ്യ വിദഗ്ധർ (എല്ലാവരും കടൽ മത്സ്യ വിദ ഗ്ധരാണ്) കണ്ടത്തിയുള്ളൂ. കുന്തിപ്പുഴയിൽ കണ്ടെത്തിയ മത്സ്യങ്ങളിൽ 8 എണ്ണം അവിടെ മാത്രം വളരുന്നവയാണെന്ന് ഇക്കൂട്ടർ അറിഞ്ഞിട്ടില്ല. ആ പുഴയിൽ 3 മത്സ്യ ജാതികൾ മൈ​ഗ്രേറ്ററി മത്സ്യങ്ങളാണ്. അതായത് അവയുടെ ജീവിതചക്രം പൂർത്തിയാക്കാൻ വെള്ളച്ചാട്ടത്തിലൂടെ മുകളിലേക്കും അവക്ക് സഞ്ചരിക്കേണ്ടിവരും. ഇത്തരം മത്സ്യങ്ങൾ അവർ കണ്ടിട്ടേയില്ല. പദ്ധതി പ്രദേശത്തെ നിത്യഹരിത വനമേഖല ഈ സംഘം കണ്ടപ്പോൾ കണ്ണടച്ചു കാണും. അവിടെ സിംഹവാലൻ കുരങ്ങുകളും മലബാർ ഹോൺബിൽ എന്ന വേഴാമ്പൽ പക്ഷികളും ഉണ്ട്. പദ്ധതിപ്രദേശത്തിന് മുകളിൽ വരയാടുകളെ കോയമ്പത്തൂരിലെ ഡോ. വി.എസ്. വിജയൻ കണ്ടിട്ടുണ്ട്.

പാത്രക്കടവിൽ കൈവച്ചാൽ സൈലന്റ് വാലിയെ ബാധിക്കുമോ? ബാധിക്കും. പാത്രക്കടവുൾപ്പെടുന്ന വന മേഖല സൈലന്റ് വാലി എന്ന ഇക്കോ വ്യൂഹമാണ്. അതിന്റെ അതിർവരമ്പുകൾ സമീപത്തുള്ള ഇക്കോ വ്യൂഹവുമായി ഇഴുകി ചേർന്നിരിക്കുകയാണ്, അതാണ് പ്രകൃതിയിലെ ചിട്ട. അതിൽ എവിടെ തൊട്ടുമാന്തിയാലും അതിന്റെ ആഘാതം ചുറ്റിലും പരക്കും. ഇതറിയണമെങ്കിൽ അല്പസ്വല്പം പരിസ്ഥിതി ശാസ്ത്രപരിചയം വേണം. പരിസ്ഥിതി ശാസ്ത്രപരമായ ഒരു വസ്തുത പറയട്ടെ: ഭൂമിശാസ്ത്രപരവും കാലാവസ്ഥാപരവുമായ ഒരേ പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഒരു വമ്പൻ ഉഷ്ണമേഖലാ നിത്യഹരിത വനമേഖലയെ കണക്കിലെടുക്കുമ്പോൾ ഒരുപക്ഷെ ഒരു ചെറിയ കഷണം കാട് നശിക്കുന്നതുകൊണ്ട് ജീവഗണങ്ങൾക്ക് സാരമായ കേട് സംഭവിക്കുകയില്ലെന്ന് കരുതാം. പക്ഷെ ജൈവസമൂഹങ്ങളിൽ ഏൽക്കുന്ന ചെറുതെങ്കിലും സങ്കീർണ്ണമായ പരിക്കുകൾ ഉദ്ദേശിക്കുന്നതിലും വലിയ ആഘാതങ്ങൾ ഉണ്ടാക്കുമെന്ന് തീർച്ചയാണ്. പ്രത്യേകിച്ചും ഇത്തരം പ്രദേശങ്ങളിൽ അനന്യമായ ആവാസസ്ഥലങ്ങൾ ഉൾക്കൊള്ളുന്നുവെങ്കിൽ. അത്തരം ചെറിയ ചെറിയ പരിക്കുകൾ മതി ആവാസവ്യവസ്ഥകളുടെ പരിപൂർണ്ണതയെ തകർക്കാൻ. ഈ ശാസ്ത്ര തത്വമാണ് പാത്രക്കടവിലെ പദ്ധതി നിർമ്മാണത്തെപ്പറ്റി പറയുമ്പോൽ ഓർക്കേണ്ടത്. അവിടത്തെ കാടുവെട്ടലും റോഡുണ്ടാക്കലും പാറപൊട്ടിക്കലും ആൾപെരുമാറ്റവും എല്ലാം അപായകരമാവും ആ ഇക്കോവ്യൂഹത്തിന്.

ചിലവു കുറഞ്ഞ ജലവൈദ്യുതിക്കായുള്ള പരക്കം പാച്ചിലാണല്ലോ വൈദ്യുതി ബോർഡ് ചെയ്യുന്നത്. കായങ്കുളത്തെയും ബ്രഹ്മപുരത്തേയും താപവൈദ്യുതി പറ്റില്ല. കാരണം വില കൂടിയതാണവ. എന്നാൽ പണിതീരാത്ത എത്രയെത്ര ജലവൈദ്യുത പദ്ധതികൾ കിടക്കുന്നു. 1976 മുതൽ 1990 വരെ പണിതീരാത്ത 15 പദ്ധതികൾ ഉണ്ടല്ലോ. കക്കാട്, കുറ്റ്യാടി ഓഗ്മെന്റേഷൻ, ലോവർ പെരിയാർ, മലങ്കര, അഴുത ഡൈവെർഷൻ, മലമ്പുഴ, മാട്ടുപ്പെട്ടി, പേപ്പാറ, ചിമ്മിണി, പെരിങ്ങൽക്കുത്ത് ലോവർ ബാങ്ക്, കുട്ടിയാർ ഡൈവെർഷൻ, വടക്കേപ്പു ഴ ഡൈവെർഷൻ, വഴിക്കടവ് ‍ഡൈവെർഷൻ, പീച്ചി, കുറ്റ്യാടി ടെയിൽ റെയ്സ് അങ്ങനെ 312 മെഗാ വാട്ട് നൽകാവുന്ന പദ്ധതികൾ. ഇതൊക്കെ തീർത്തിട്ട് പോരേ? 2001 ഒക്ടോബർ 17 ന് ഹൈക്കോടതി അതിരപ്പിള്ളി പ്രോജക്ടിനെ സംബന്ധിച്ച് ഇറക്കിയ ഉത്തരവ് ഓർമ്മയില്ലേ ? നിലവിലുള്ള പദ്ധതികളുടെ അറ്റ കുറ്റപ്പണി ചെയ്തും പ്രേക്ഷണ നഷ്ടം കുറച്ചും, വൈദ്യുതി മോഷണം തടഞ്ഞും വൈദ്യുതി ലഭ്യത കൂട്ടാമല്ലോ. അതിനുശേഷം പോരേ പുതിയ പദ്ധതികൾ ? പാത്രക്കടവ് ഉപേക്ഷിക്കുക.

Also Read

January 17, 2022 10:58 am