കാലാവസ്ഥാ പ്രതിസന്ധിയാണ് 2021ലെ ആഗോള ആശങ്ക

കോവിഡ് മഹാമാരി കഴിഞ്ഞാൽ 2021ൽ ലോകം ഏറ്റവും ഭീതിയോടെ ചർച്ച ചെയ്തിട്ടുള്ള പ്രതിഭാസമാണ് കാലാവസ്ഥാ വ്യതിയാനം. സമീപകാലത്തൊന്നും അഭിമുഖീകരിക്കേണ്ടതില്ലാത്ത ഒരു ചിന്താവിഷയം എന്ന പൊതുധാരണയിൽ നിന്നും മാറി കാലാവസ്ഥയുടെ മാറ്റം ജീവിതത്തിന്റെ സമസ്ത മേഖലകളിലും കൂടുതലായി സഹിക്കേണ്ടി വന്ന വർഷം. കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ച ഐക്യരാഷ്ട്രസംഘടനാ സമിതിയുടെ (ഐ.പി.സി.സി) ആറാം അവലോകന റിപ്പോർട്ട് പുറത്തുവന്ന വർഷം. ഐ.പി.സി.സി. ഇതുവരെ നടത്തിയതിൽ ഏറ്റവും വിശദമായ റിപ്പോർട്ട് പങ്കുവച്ച ആശങ്കകൾ കേട്ട് ലോകം നടുങ്ങിയ വർഷം. കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട ലോകരാജ്യങ്ങളുടെ ഉന്നതതല സമ്മേളനം (കോപ് 26) നടന്ന വർഷം. കാര്യമായ പ്രതീക്ഷകളൊന്നും അവശേഷിപ്പിക്കാതെ കാലാവസ്ഥാ ഉച്ചകോടി കടന്നുപോയ വർഷം. അതെ, 2021 അവസാനിക്കുമ്പോൾ, പുതുവർഷത്തിലേക്ക് പ്രവേശിക്കുമ്പോൾ ലോകം ഏറ്റവും കരുതലോടെ പരിഗണിക്കേണ്ട പ്രതിഭാസമായി കാലാവസ്ഥാ വ്യതിയാനം മാറിയിരിക്കുന്നു. കാലാവസ്ഥയുടെ മാറ്റം ഭൂമിയിൽ ജീവിതം അസാധ്യമായിത്തീർക്കും എന്നത് ഇന്ന് ഒരു അപായ സൂചനയല്ല, ലോകത്തിന്റെ പല ഭാഗങ്ങളും അപായത്തിന്റെ നടുവിലാണ് ഉള്ളത്. കടൽനിരപ്പ് ഉയരുന്നതിനൊപ്പം മുങ്ങിക്കൊണ്ടിരിക്കുന്ന പസഫിക് സമുദ്രത്തിലെ മാർഷൽ ദ്വീപ് അടക്കമുള്ള ദ്വീപുരാഷ്ട്രങ്ങളുടെ അശാന്തതയിലേക്ക് ലോകത്തിലെ ഏത് പ്രദേശവും എടുത്തെറിയപ്പെട്ടേക്കാം എന്ന അവസ്ഥ. 2021 ഉയർത്തുന്ന ചോദ്യം അതാണ്, ഭൂമിയിൽ ജീവിതം അസാധ്യമാവുകയാണോ? ഈ ചോദ്യത്തെ അഭിമുഖീകരിക്കാതെ രാഷ്ട്രങ്ങൾക്കോ പൗരർക്കോ മുന്നോട്ടുപോകാൻ കഴിയില്ലെന്ന് പോയ വർഷം ഓർമ്മിപ്പിക്കുന്നു, കൂടുതൽ സ്പഷ്ടമായി. ആ ഓർമ്മപ്പെടുത്തലുകളിലേക്ക്…

കോപ് 26 ഉച്ചകോടിയുടെ പശ്ചാത്തലത്തിൽ ഗ്രെഗ് മിച്ചൽ എന്ന ആർട്ടിസ്റ്റ് കാലാവസ്ഥാ പ്രതിസന്ധിയെക്കുറിച്ചുള്ള ചുവർചിത്രം എ‍ഡിൻബർ​ഗിലെ സെന്റ് ജോൺസ് ചർച്ച് സ്ട്രീറ്റിൽ വരയ്ക്കുന്നു.

ആഗോള താപനം 2021

2021-ലെ ആഗോള ശരാശരി താപനില (ജനുവരി മുതൽ സെപ്തംബർ വരെയുള്ള ഡാറ്റയെ അടിസ്ഥാനമാക്കി) 1850-1900  കാലഘട്ടത്തിലെ   ശരാശരിയേക്കാൾ 1.09 ഡിഗ്രി സെൽഷ്യസ് കൂടുതലാണ്. നിലവിൽ, വിശകലനത്തിനായി WMO ഉപയോഗിക്കുന്ന ആറ് ഡാറ്റാസെറ്റുകൾ 2021-നെ ആഗോളതലത്തിൽ ഏറ്റവും ചൂടേറിയ ആറാമത്തെയോ ഏഴാമത്തെയോ വർഷമായി കണക്കാക്കുന്നു. കൂടാതെ  2015 മുതൽ 2021 വരെയുള്ള കാലഘട്ടം  ഏറ്റവും ചൂടേറിയ ഏഴ് വർഷങ്ങളായിട്ടുമാണ് ഈ കണക്കുകൾ സൂചിപ്പിക്കുന്നത്.

ആഗോള കാലാവസ്ഥാ അടിയന്തരാവസ്ഥയെ നേരിടാൻ കാലാവസ്ഥാ വ്യതിയാനം ഉണ്ടാക്കുന്ന ആഗോള താപന വർദ്ധനവ് 1.5 ഡിഗ്രിയായി പരിമിതപ്പെടുത്താനും പാരീസ് ഉടമ്പടിയുടെ ലക്ഷ്യങ്ങൾ കൈവരിക്കാനുമുള്ള ലക്ഷ്യത്തിന്റെ  അടുത്തൊന്നും ഗവൺമെന്റുകൾ എത്തിയിട്ടില്ലെന്ന് UNFCCC ഇടക്കാല റിപ്പോർട്ട് പറയുന്നു.  (2021 ഒക്ടോബർ 25).

​ഗ്രീസിലുണ്ടായ കാട്ടുതീ

2021-ൽ ഹരിതഗൃഹ വാതകങ്ങളുടെ സാന്ദ്രത കൂടുതൽ  ഉയരങ്ങളിലെത്തി. മുഖ്യ ഹരിതഗൃഹ വാതകങ്ങളായ കാർബൺ ഡൈ ഓക്സൈഡ് (CO2) 413.2 പാർട്സ് പെർ മില്യൺ (പി.പി.എം), മീഥേൻ (CH4) 1889 പാർട്സ് പെർ ബില്യൺ (പി.പി.ബി), നൈട്രസ് ഓക്സൈഡ് (N2O) 333.2 പി.പി.ബി  എന്നിങ്ങനെ യഥാക്രമം 149 %, 262 %, 123 % എന്ന അളവിൽ വ്യവസായ വിപ്ലവത്തിന് മുമ്പുള്ളതിനേക്കാൾ  (1750)  ഇന്ന് അന്തരീക്ഷത്തിൽ നിലനിൽക്കുന്നു.  ഹരിതഗൃഹ വാതകങ്ങളുടെ വർദ്ധനവ് 2021ലും തുടർന്നു. (State of Global Climate Change – 2021. World Meteorological Organization).

കാലാവസ്ഥാ വ്യതിയാനം സൃഷ്ടിക്കുന്ന തീവ്ര കാലാവസ്ഥാ സംഭവങ്ങൾ 2021-ൽ ആഗോളതലത്തിൽ  കോടികളുടെ നഷ്ടം വരുത്തി. കാലാവസ്ഥാ വ്യതിയാനത്തിന്റെ ഫലമായി ലോകത്തിന്റെ വ്യത്യസ്ത ഭാഗങ്ങളിലായി ഓരോ ദുരന്തങ്ങളിലും 1.5 ബില്യൺ ഡോളറോ അതിലധികമോ നാശനഷ്ടങ്ങൾ ഉണ്ടാക്കിയ പത്ത് തീവ്ര ദുരന്തങ്ങൾ സംഭവിച്ചതായി കണക്കാക്കപ്പെടുന്നു.  ഈ കണക്കുകളിൽ ഭൂരിഭാഗവും ഇൻഷ്വർ ചെയ്ത നഷ്ടങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്, അതായത് യഥാർത്ഥ സാമ്പത്തിക നഷ്ടം ഇതിലും കൂടുതലായിരിക്കും എന്ന് അർത്ഥം. 2021 ലെ ഏറ്റവും വിനാശകരമായ ചില തീവ്ര കാലാവസ്ഥാ സംഭവങ്ങൾ ദരിദ്ര രാജ്യങ്ങളെ എങ്ങനെ ബാധിച്ചു എന്നത് ഇപ്പോഴും സമഗ്രമായ പഠനങ്ങൾക്ക് വിധേയമാകാതെ നിൽക്കുന്നു.  (Counting the Cost 2021: A Year of Climate Breakdown, Christian Aid).

കോവിഡ് മഹാമാരിയുടെ കാലത്ത് ബ്രിട്ടണിൽ നടന്ന ഒരു സർവ്വെയിൽ പോലും 2022 ൽ സർക്കാരിന്റെ മുഖ്യപരിഗണന എന്തായിരിക്കണം എന്ന് ചോദിച്ചപ്പോൾ 27 ശതമാനം ജനങ്ങൾ കാലാവസ്ഥാ വ്യതിയാനം എന്ന് ഉത്തരം നൽകിയ സംഭവം ശ്രദ്ധേയമായി. 23 ശതമാനം പേര്  ആരോഗ്യ സംരക്ഷണവും 14 ശതമാനം പേര്  സമ്പദ്‌വ്യവസ്ഥയും 9 ശതമാനം  പേര് സാമൂഹ്യ  പരിചരണവും 8 ശതമാനം പേര് കുറ്റകൃത്യങ്ങളും 6 ശതമാനം പേര്  ഭവനവും 4 ശതമാനം പേര് വിദ്യാഭ്യാസവും എന്നാണ് പ്രതികരിച്ചത്.

കാനഡയിലെ ബ്രിട്ടീഷ് കൊളംബിയയിൽ ഉണ്ടായ വെള്ളപ്പൊക്കം

സമുദ്രങ്ങളുടെ സ്ഥിതി

ഭൂമിയിൽ പതിക്കുന്ന താപത്തിന്റെ 90 ശതമാനം സമുദ്രത്തിലാണ് സംഭരിക്കപ്പെടുന്നത്.  സമുദ്രതാപം 2019 ൽ  പുതിയ റെക്കോർഡ് നിലവാരത്തിലെത്തിയിരുന്നു. ഏഴ് ആഗോള ഡാറ്റാ സെറ്റുകളെ അടിസ്ഥാനമാക്കിയുള്ള പ്രാഥമിക വിശകലനം സൂചിപ്പിക്കുന്നത് 2020 ആ റെക്കോർഡ് മറികടന്നു എന്നാണ്. കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി സമുദ്ര താപ നിരക്കിൽ ശക്തമായ വർദ്ധനവാണ് കാണിക്കുന്നതെന്ന് എല്ലാ ഡാറ്റാ സെറ്റുകളും സമ്മതിക്കുന്നു. ഭാവിയിൽ ഈ നില തുടരുമെന്നും പ്രതീക്ഷിക്കുന്നു. കഴിഞ്ഞ 40 വർഷത്തിനിടെ ആഗോളതലത്തിൽ സമുദ്ര ഉപരിതലത്തിലെ pH വലിയ അളവിൽ കുറഞ്ഞു. 2021ൽ ഇത് കുറഞ്ഞത് 26,000 വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിരക്കിലേക്കാണ് മാറിയത്.  സമുദ്രത്തിന്റെ pH കുറയുന്നതിനനുസരിച്ച് അന്തരീക്ഷത്തിൽ നിന്ന് CO2 ആഗിരണം ചെയ്യാനുള്ള അതിന്റെ ശേഷിയും കുറയുന്നു. (State of Global Climate Change – 2021. World Meteorological Organization).

നെതർലാന്റ്സിലുണ്ടായ കൊടുങ്കാറ്റ്

സമുദ്രനിരപ്പ്

സമുദ്രജലത്തിന്റെ താപ വികാസവും കരയിലെ മഞ്ഞ് ഉരുകലും കാരണം സമുദ്രനിരപ്പ് ഉയരുന്നത് കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രധാന ഭീഷണികളിൽ ഒന്നാണ്. 1990-കളുടെ ആരംഭം മുതൽ ഉയർന്ന കൃത്യതയുള്ള ആൾട്ടിമീറ്റർ ഉപഗ്രഹങ്ങൾ ഉപയോഗിച്ച് അളക്കുന്നത് പ്രകാരം ശരാശരി ആഗോള സമുദ്രനിരപ്പിലെ ഉയർച്ച 1993-നും 2002-നും ഇടയിൽ പ്രതിവർഷം 2.1 മില്ലീമീറ്റർ ആയിരുന്നത് 2013-നും 2021-നും ഇടയിൽ പ്രതിവർഷം 4.4 മില്ലീമീറ്റർ ആയി ഉയർന്നു. അതായത് ഈ കാലഘട്ടത്തിനി‌ടയിൽ സമുദ്രനിരപ്പ് രണ്ട് മടങ്ങാണ് വർദ്ധിച്ചത്.

ആർട്ടിക്ക് മഞ്ഞുരുകൽ

ഹിമപാളികളും മഞ്ഞുപാളികളും

വടക്കേ അമേരിക്കൻ ഹിമാനികളുടെ ഉരുകൽ കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി ത്വരിതഗതിയിലായി. 2000-2004 നെ അപേക്ഷിച്ച് 2015-2019 കാലയളവിൽ ഇത് ഏകദേശം ഇരട്ടിയായി. പടിഞ്ഞാറൻ അമേരിക്കയിൽ 2021-ൽ അനുഭവപ്പെട്ട അസാധാരണമാംവിധം ചൂടുള്ളതും വരണ്ടതുമായ വേനൽക്കാലം ഈ പ്രദേശത്തെ പർവ്വത ഹിമാനികളെ വളരെ പ്രതികൂലമായി  ബാധിച്ചു. ഗ്രീൻലാൻഡ് ഐസ് ഷീറ്റിന്റെ ഉരുകൽ വ്യാപ്തി 2021ൽ സാധാരണ നിലയേക്കാൾ വളരെ കൂടുതലായിരുന്നു.

തായ്ലന്റിലെ വെള്ളപ്പൊക്കം

സാമൂഹിക-സാമ്പത്തിക പ്രത്യാഘാതങ്ങൾ

കഴിഞ്ഞ പത്ത് വർഷത്തിനിടയിൽ തീവ്ര കലാവസ്ഥാ സംഭവങ്ങൾ കാരണമുള്ള സാമൂഹ്യ സംഘർഷങ്ങൾ വർദ്ധിച്ചു. കോവിഡ് മഹാമാരിയെക്കൂടി അഭിമുഖീകരിക്കേണ്ടി വന്നതോടെ പട്ടിണി വർദ്ധിക്കുകയും ഭക്ഷ്യസുരക്ഷ മെച്ചപ്പെടുത്തുന്നതിനുള്ള പ്രവർത്തനങ്ങൾ ദുർബലപ്പെടുത്തുകയും ചെയ്തു.

2020-ൽ  ആഗോളതലത്തിൽ  പട്ടിണി അനുഭവിക്കുന്നവരുടെ എണ്ണം 768 ദശലക്ഷം ആയിരുന്നത്  2021-ൽ 710 ദശലക്ഷമായി (9%) കുറയുമെന്ന് പ്രവചനങ്ങൾ സൂചിപ്പിച്ചിരുന്നു. എന്നാൽ 2021 ഒക്ടോബറിലെ കണക്കനുസരിച്ച് പല രാജ്യങ്ങളിലെയും സംഖ്യകൾ 2020-നേക്കാൾ ഉയർന്നതാണ്. 2020-2021 ലെ അതികഠിനമായ കാലാവസ്ഥ ലോകമെമ്പാടും കാർഷിക വൃത്തിയേയും ഉപജീവനത്തെയും പ്രതികൂലമായി ബാധിച്ചു. 2021-ലെ ചില ദുരന്തങ്ങൾ (മെയ് മാസത്തിൽ ഇന്ത്യയിലും ബംഗ്ലാദേശിലും ആഞ്ഞടിച്ച യാസ് ചുഴലിക്കാറ്റ് പോലെ) ഏതാനും ദിവസങ്ങൾക്കുള്ളിൽ മൂന്ന് ബില്യൺ ഡോളറിന്റെ നഷ്ടം ഉണ്ടാക്കി.

ജർമ്മനിയിലെ വെള്ളപ്പൊക്കം

തീരാ ദുരിതങ്ങളുടെ നീണ്ടനിര

2021-ലെ തീവ്ര കാലാവസ്ഥാ സംഭവങ്ങൾ ലോകമെമ്പാടും റെക്കോർഡുകൾ തകർത്തു. കൊടുങ്കാറ്റിലും ചൂടിലും നൂറുകണക്കിനാളുകൾ മരിച്ചു. കർഷകർ വരൾച്ചയോടും ചില സന്ദർഭങ്ങളിൽ വെട്ടുക്കിളി ബാധയോടും വരെ മല്ലിട്ടു.

2021 ഫെബ്രുവരിസാധാരണ ചൂടുള്ള യു.എസ്സിലെ ടെക്‌സാസിൽ കൊടും തണുപ്പ് കാരണം 125 പേർ മരണപ്പെട്ടു.  

2021 ഫെബ്രുവരികെനിയയിലും കിഴക്കൻ ആഫ്രിക്കയുടെ മറ്റ് ഭാഗങ്ങളും ദശാബ്ദങ്ങളിലെ ഏറ്റവും മോശമായ വെട്ടുക്കിളി ബാധയുണ്ടായി. പ്രാണികൾ വിളകളും മേച്ചിൽ സ്ഥലങ്ങളും നശിപ്പിച്ചു. കാലാവസ്ഥാ വ്യതിയാനം സൃഷ്ടിച്ച അസാധാരണ സ്ഥിതി പ്രാണികൾക്ക് വളരാൻ അനുയോജ്യമായ സാഹചര്യങ്ങൾ സൃഷ്ടിച്ചുവെന്ന് ശാസ്ത്രജ്ഞർ പറയുന്നു.

2021 മാർച്ച്ഒരു ദശാബ്ദത്തിനിടയിലുണ്ടായ ഏറ്റവും കടുത്ത മണൽക്കാറ്റിനെ തുടർന്ന് ചൈനയുടെ തലസ്ഥാനമായ ബെയ്ജിംഗിന്റെ ആകാശം ഓറഞ്ച് നിറമായി. വിമാനങ്ങൾ സർവ്വീസ് നിർത്തിവയ്ക്കാൻ നിർബന്ധിതരായി.

2021 ജൂൺയു.എസ്സിലും കാനഡയിലും ഉണ്ടായ റെക്കോർഡ് ഹീറ്റ് വേവിൽ നൂറുകണക്കിന് ആളുകൾ മരിച്ചു.

2021 ജൂൺജൂൺ അവസാനത്തോടെ, പടിഞ്ഞാറൻ കാനഡയിൽ ഉണ്ട‌ായ ‘ഹീറ്റ് ഡോം’ വലിയ ദുരിതങ്ങൾ സൃഷ്ടിച്ചു. രാജ്യത്തെ താപനില റിക്കോർഡ് ചൂടിലേക്ക് (49.5 ഡിഗ്രി സെൽഷ്യസിലേക്ക്) ഉയർന്നു. ജൂൺ 30-ന് അമേരിക്കയിലെ ലിറ്റൺ ഗ്രാമത്തിൽ അനുഭവപ്പെട്ട 49.6 ഡിഗ്രി സെൽഷ്യസ് (121 ഡിഗ്രി ഫാരൻഹീറ്റ്) രാജ്യം കണ്ട ഏറ്റവും ഉയർന്ന താപനില ആയിരുന്നു. വാഷിംഗ്ടൺ, ഒറിഗോൺ സംസ്ഥാനങ്ങളെയും ഇത്  ബാധിച്ചു.

2021 ജൂലൈ സെൻട്രൽ ചൈനയിലെ ഹെനാൻ പ്രവിശ്യയിൽ ഒരു വർഷം പെയ്യേണ്ട മഴ മൂന്ന് ദിവസത്തിനിടയിൽ പെയ്യുകയും തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ മുന്നൂറിലധികം ആളുകൾ മരിക്കുകയും ചെയ്തു. യൂറോപ്പിൽ ജർമ്മനി, ബെൽജിയം, നെതർലൻഡ്‌സ് എന്നിവിടങ്ങളിൽ പേമാരി കാരണം  ഇരുന്നൂറോളം പേർ മരിച്ചു. കാലാവസ്ഥാ വ്യതിയാനം വെള്ളപ്പൊക്കത്തിന് ഇരുപത് ശതമാനം സാധ്യതയുണ്ടാക്കിയെന്നാണ് ശാസ്ത്രജ്ഞരുടെ നിഗമനം.

2021 ജൂലൈ – പടിഞ്ഞാറൻ യു.എസ്സിലെ റെക്കോർഡ് ചൂടും വരൾച്ചയും കാലിഫോർണിയയിലും ഒറിഗോണിലും വൻ കാട്ടുതീക്ക് കാരണമായി. ഇത് രണ്ട് സംസ്ഥാനങ്ങളുടെയും ചരിത്രത്തിലെ ഏറ്റവും വലിയ കാട്ടുതീയായിരുന്നു.

2021 ജൂലൈ – തെക്കേ അമേരിക്കയുടെ മിക്ക പ്രദേശങ്ങളിലും നീണ്ട വരൾച്ച അനുഭവപ്പെടുന്നു. അർജന്റീനയിലൂടെ ഒഴുകുന്ന, തെക്കേ അമേരിക്കയിലെ ഏറ്റവും നീളമേറിയ രണ്ടാമത്തെ നദിയായ പരാന 1944 ന് ശേഷമുള്ള ഏറ്റവും താഴ്ന്ന ജലനിരപ്പിലേക്ക് എത്തി.

2021 ജൂലൈ–  പടിഞ്ഞാറൻ യൂറോപ്പിൽ കനത്ത മഴയെത്തുടർന്ന് വിനാശകരമായ വെള്ളപ്പൊക്കമുണ്ടായി. ജർമ്മനിയിലും ബെൽജിയത്തിലും കുറഞ്ഞത് 209 പേർ മരണപ്പെടുകയും ഡസൻ കണക്കിന് ആളുകളെ കാണാതാവുകയും ചെയ്തു. ലക്‌സംബർഗ്, നെതർലൻഡ്‌സ്, സ്വിറ്റ്‌സർലൻഡ് എന്നിവിടങ്ങളിലും വെള്ളപ്പൊക്കം കനത്ത നാശം വിതച്ചു.

2021 ജൂലൈ – കടുത്ത  വരൾച്ച മൂലം  കാലിഫോർണിയയിൽ  80 വലിയ തീപിടിത്തങ്ങൾ ഉണ്ടായി.  4,700 ചതുരശ്ര കിലോമീറ്ററിലധികം (1,800 ചതുരശ്ര മൈൽ) സസ്യജാലങ്ങൾ കത്തി നശിച്ചു.

2021 ആഗസ്ത് – മെഡിറ്ററേനിയൻ കടൽ പ്രദേശത്ത് അനുഭവപ്പെട്ട ചൂട് കൂടിയ വേനൽക്കാലം അൾജീരിയ, ഗ്രീസ്, തുർക്കി എന്നിവിടങ്ങളിൽ ആയിരക്കണക്കിന് ആളുകളെ അവരുടെ വീടുകൾ ഒഴിപ്പിക്കാൻ നിർബന്ധിതരാക്കി.

2021 സെപ്റ്റംബർ – യു.എസ്സിലെ ലൂസിയാനയിലുണ്ടായ  ഐഡ ചുഴലിക്കാറ്റ് വിതച്ച നാശത്തിൽ  യുണൈറ്റഡ് സ്റ്റേറ്റ്സിൽ ഏകദേശം 100 പേർ കൊല്ലപ്പെടുകയും 64 ബില്യൺ ഡോളറിന്റെ നഷ്ടം വരുത്തുകയും ചെയ്തു. ഐഡ ഉൾനാടുകളിലേക്ക് നീങ്ങിയതോടെ കനത്ത മഴയും വെള്ളപ്പൊക്കവുമുണ്ടായി.

2021 സെപ്റ്റംബർ – ഭൂഗർഭ ഹിമാനികൾ (permafrost) ഉരുകുന്നത് റഷ്യയിലെ പല പ്രദേശങ്ങളെയും സാരമായി ബാധിച്ചുതുടങ്ങി.

2021 നവംബർ – ദക്ഷിണ സുഡാനിൽ 60 വർഷത്തിനിടയിലുണ്ടായ ഏറ്റവും മോശമായ വെള്ളപ്പൊക്കം ഏകദേശം 780,000 ആളുകളെ ബാധിച്ചു.

2021 നവംബർ – കനേഡിയൻ പ്രവിശ്യയായ ബ്രിട്ടീഷ് കൊളംബിയയിൽ രണ്ട് ദിവസത്തിനിടയിൽ ഒരു മാസത്തെ മഴ ഒന്നിച്ചു പെയ്യുകയും കൊടുങ്കാറ്റ് ഉണ്ടാവുകയും ചെയ്തതിന്റെ ഫലമായി നിരവധി പ്രദേശങ്ങൾ വെള്ളത്തിനടിൽ ആവുകയും വ്യാപകമായ മണ്ണിടിച്ചിൽ ഉണ്ടാവുകയും ചെയ്തു.

2021 ഡിസംബർ – അപ്രതീക്ഷതമായുണ്ടായ പേമാരിക്കു പിന്നാലെ ബ്രസീലിലെ വടക്കു കിഴക്കൻ സംസ്ഥാനമായ ബഹിയയിൽ 2 അണക്കെട്ടുകൾ തകർന്നു.

ഉത്തരാഖണ്ഡിൽ മഞ്ഞുമല തകർന്നതിനെ തുടർന്നുണ്ടായ വെള്ളപ്പൊക്കം

ഇന്ത്യയുടെ സ്ഥിതി

2021 ഫെബ്രുവരി – ഉത്തരാഖണ്ഡിലെ ചമോലി ജില്ലയിൽ മഞ്ഞുമല തകർന്നതിനെ തുടർന്നുണ്ടായ വെള്ളപ്പൊക്കം വലിയ ദുരന്തം സൃഷ്ടിച്ചു. ഇരുനൂറോളം പേരാണ് മരിച്ചത്. രണ്ടു ജലവൈദ്യുത നിലയങ്ങൾ തകർന്നു. കോടിക്കണക്കിനു രൂപയുടെ നഷ്ടമുണ്ടായി. സമുദ്രനിരപ്പിൽനിന്ന് 6063 മീറ്റർ ഉയരെ മലയിൽ നിന്ന് 2.7 കോടി ഘന അടി ഐസും പാറയും അടർന്ന് വീഴുകയായിരുന്നു.

2021 – ബംഗാൾ ഉൾക്കടലിലും അറബിക്കടലിലുമായി രൂപംകൊണ്ട അതിതീവ്ര ന്യൂനമർദ്ദങ്ങളും ചുഴലിക്കാറ്റുകളും കാലം തെറ്റിയ മഴയ്ക്കും മഴക്കാല ദുരിതങ്ങൾക്കും കാരണമായിത്തീർന്നു. ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ മിക്ക പ്രദേശങ്ങളെയും വെള്ളപ്പൊക്കവും മണ്ണിടിച്ചിലും ബാധിച്ചു. മൺസൂണിന്റെ താളം തെറ്റിയത് എല്ലാ കാർഷിക പ്രവർത്തനങ്ങളെയും സാരമായി ബാധിച്ചു.

കൊക്കയാറിൽ ഉണ്ടായ ഉരുൾപൊട്ടൽ

കേരളം പരുങ്ങലിൽ തന്നെ

2021 – തുടർച്ചയായ നാലാം വർഷവും കേരളത്തിൽ മിന്നൽപ്രളയവും ഉരുൾപൊട്ടലും ഉണ്ടായി. നാലു വർഷത്തിനിടെ ദുരന്തങ്ങളിൽ മരിച്ചത് അഞ്ഞൂറിൽ അധികം ആളുകൾ. അതിതീവ്രമഴയും മേഘവിസ്ഫോടനവും തുടർസംഭവങ്ങളായി മാറി. ഒക്ടോബർ നവംബർ മാസങ്ങളാണ് മഴക്കെടുതി ഏറ്റവും കൂടുതൽ ബാധിച്ചത്. മുൻ വർഷത്തേക്കാൾ 23 ശതമാനം അധികം മഴ ലഭിച്ച വർഷമാണ് 2021. അതിതീവ്ര മഴയിൽ കോട്ടയത്തെ കൂട്ടിക്കലിൽ ഒക്ടോബർ 15ന് ഉണ്ടായ ഉരുൾ പൊട്ടലിൽ 11 പേർ മരിച്ചു. കൊക്കയാറിലെ മാക്കൊച്ചിയിൽ ഏഴു പേരും മരിച്ചു. രണ്ടിടത്തുമായി 23 ജീവനുകളാണ് ദുരന്തം കവർന്നത്.

ടൗട്ടെ, യാസ് ചുഴലിക്കാറ്റുകളും തുടർച്ചയായുണ്ടായ ന്യൂനമർദ്ദവും അറബിക്കടലിൽ രൂപംകൊണ്ട ചക്രവാതച്ചുഴിയും തീരപ്രദേങ്ങളിൽ വൻ കടൽ ക്ഷോഭത്തിന് കാരണമായി.

(ഫീച്ചേർഡ് ഇമേജ്: 2015 ഡിസംബറിൽ കെനിയയിൽ ഉണ്ടായ തീവ്ര വരൾച്ചയിൽ ചത്തൊടുങ്ങിയ ജിറാഫ്)

INDEPENDENT,
IN-DEPTH JOURNALISM
FOR SOCIAL &
ECOLOGICAL
JUSTICE

keraleeyam-logo

Support Keraleeyam

Choose Your Preference

₹1000/Year

₹2000/2 Years

₹500/Year(Students)

One TimeAny Amount

Also Read

January 3, 2022 11:05 am