പകർപ്പ് കവിതാ കാലത്ത് ‘ബുദ്ധരൂപം’ ചെയ്യുന്നത്

എം.ബി മനോജിന്റെ ‘ബുദ്ധരൂപ’ത്തിൽ ഒരിടത്ത് എന്തിരൻ എന്ന വാക്കുണ്ട്. ആ വാക്കിൽ യന്ത്രമുണ്ട്.  സമകാലിക മലയാള  കവിതയ്ക്ക് ഒരു യന്ത്രത്വം വന്നിട്ടുണ്ട്. പകർപ്പ് കവിതകൾ അത്രയും കൂടി. പകർപ്പെടുക്കൽ യന്ത്രത്തിന്റെ പണിയാണ്. ഇങ്ങിനെയൊരു കവിതാ കാലത്താണ്  ആശയ-ആഖ്യാന-അവതരണ-ഡിക്ഷൻ രൂപത്തിൽ വളരെ വ്യത്യാസമുളള ഒരു ദീർഘ കവിത വായിക്കാൻ കഴിയുന്നത്.

ഒരു യന്ത്രം നമ്മുടെ കവികളുടെയും കവിതയുടെയും  ജീവിതത്തിന്റെയും ഭാഗമായിരിക്കുന്നു. കംപ്യൂട്ടറിന്റെ വിവിധ രൂപങ്ങളുടെ അസംബ്ലേജാണ് ഇവിടെ യന്ത്രം എന്നതു കൊണ്ടുദ്ദേശിക്കുന്നത്. വാൾട്ടർ ബെന്യാമിൻ 1935ൽ ‘The Work of Art in the Age of Mechanical Reproduction’ ൽ ഇക്കാര്യം അന്നത്തെ സ്കോളർഷിപ്പുപയോഗിച്ച് പരിശോധിച്ചിട്ടുണ്ട്. ഫോട്ടോഗ്രഫി വന്നപ്പോൾ ചിത്രകല ഇല്ലാതാകുമോ എന്ന ചിന്തയും ചർച്ചയും ഇത്തരമൊരു ആശയ ലോകത്തിലേക്ക് വാൾട്ടർ ബെന്യാമിനെ നയിച്ചു. ഇന്ന് എ.ഐ കാലത്ത് പകർപ്പിന് മാത്രം സഹായിക്കുന്നതാണ് മിക്കപ്പോഴും ഇവിടെ പരാമർശിക്കുന്ന യന്ത്രം. ഈ യന്ത്രത്തിന്റെ സെൽഫ് (അല്ലെങ്കിൽ സെൽഫി) പകർപ്പും അതിൽ നിന്നുള്ള നിരവധി പകർപ്പുകളും മാത്രമാണ്. അങ്ങിനെയുളള തോന്നൽ ശക്തിപ്പെട്ടു കൊണ്ടേയിരിക്കുമ്പോഴാണ് ‘ബുദ്ധരൂപം’ വായിക്കാൻ അവസരം കിട്ടിയത്.

The Work of Art in the Age of Mechanical Reproduction

മനോജ് തന്റെ കവിതയുടെ ആമുഖത്തിൽ ഇടശ്ശേരിയുടെ ബിംബിസാരന്റെ ഇടയനെക്കുറിച്ച്, സച്ചിദാനന്ദന്റെ കവിതകളെക്കുറിച്ച്, അയ്യപ്പന്റെ കവിതകളെക്കുറിച്ച് കൽപ്പറ്റയുടെ മുടന്തന്റെ സുവിശേഷത്തെക്കുറിച്ച് ഇങ്ങനെ പല ബുദ്ധ കവിതകളെയും കുറിച്ച് പറയുന്നുണ്ട്. കുമാരനാശാന്റെ കവിതകൾ മുതൽ ബുദ്ധ കവിതകളുടെ  ഒരു നീണ്ടനിര തന്നെ നമ്മുടെ സാഹിത്യത്തിലുണ്ട്. എന്നാൽ അവരൊക്കെ എഴുതിയ ബുദ്ധനെ  മനോജ് ആവർത്തിക്കുന്നില്ല. അത് ഈ കവിക്ക് സാധ്യവുമല്ല. അതിനുള്ള പ്രധാന കാരണം ബുദ്ധമത പ്രാക്ടീസിൽ ഇന്നു വർധിക്കുന്ന ഹിംസ തന്നെയായിരിക്കും. ശ്രീലങ്കയിൽ ബോദുബാല സേന പോലെ, മ്യാൻമറിൽ റോഹിംഗൻ മുസ്ലിംകളെ കൊല്ലുകയോ പാലായിതരാക്കുകയോ ചെയ്യുന്ന ഒരന്തരീക്ഷം കൂടി കണക്കിലെടുത്തേ മനോജിനെപ്പോലെ ഒരാൾക്ക് ഇന്ന് ബുദ്ധനെക്കുറിച്ച്, ബുദ്ധരൂപത്തെക്കുറിച്ച് എഴുതാൻ കഴിയൂ.

ബുദ്ധരൂപം

ഇന്ത്യയിൽ പലയിടത്തും ബുദ്ധ പ്രതിമകളുണ്ട്. ആ ബുദ്ധരൂപങ്ങൾ മിക്കതും മണ്ണിലും ചെളിയിലും പ്രകൃതിയിലും  ആണ്ടായിരിക്കും  ആദ്യകാലത്ത്  നിന്നിട്ടുണ്ടാവുക.  ഇന്ന് ആ ചെളി നീക്കി, പ്രകൃതിയുടെ വള്ളിപ്പടർപ്പ് നീക്കി അതിനെ എല്ലാവർക്കും ‌കാണാവുന്ന ഒരു ടൂറിസ്റ്റ് ബുദ്ധനെ ഉണ്ടാക്കുന്നു. അജന്ത-എല്ലോറ ബുദ്ധരൂപങ്ങൾ തന്നെയാണ് ഇതിന്റെ ഏറ്റവും വലിയ ഉദാഹരണം. പുറം ലോകം ആ ബുദ്ധരൂപങ്ങളെ കണ്ടില്ല. പിന്നീട് ബ്രിട്ടീഷ് നായാട്ടുകാർ അത് കണ്ടെത്തി. പതുക്കെ പതുക്കെ അതൊരു ടൂറിസ്റ്റ് ബുദ്ധ സമുച്ചയമായി മാറി.

അടുത്തകാലത്തായി റോഹിംഗ്യൻ കവിയായ മയ്യു അലിയുടെ  കവിതകൾ ഞാൻ വായിക്കുന്നു. ബുദ്ധമതം പ്രാക്ടീസ് ചെയ്യുന്ന തീവ്രവാദികളുടെ ആക്രമണത്താൽ അഭയാർത്ഥിയാക്കപ്പെട്ട റോഹിംഗ്യൻ ജനതയുടെ പ്രതിനിധിയായാണ് അദ്ദേഹത്തിന്റെ ശബ്ദം ലോക ശ്രദ്ധ നേടുന്നത്. മയ്യു അലി കവിതയിൽ ഇങ്ങനെ പറയുന്നുണ്ട്. “ബുദ്ധർക്കും മുസ്ലിംകൾക്കും ഇടയിലുളള കോട്ട മതിലിനേക്കാൾ ഉയരത്തിൽ പറന്നുയർന്ന് സംസാരിക്കുന്നതാണ് എന്റെ വാക്കുകൾ. ഞാൻ ഉൾപ്പെടെയുള്ളവർക്കെതിരെ രൂപപ്പെട്ടുകഴിഞ്ഞ വെറുപ്പിനെ അഭിസംബോധന ചെയ്യാൻ എന്റെ വാക്കുകൾക്ക്  കരുത്തുണ്ട്.” ആ കവിയുടെ വരികളാണിത്. ഈ രണ്ട് വിഭാഗങ്ങൾക്കിടയിലുളള വൈര്യത്തിന്റെ എല്ലാ തരം ക്രൂരതകൾക്കുമിടയിൽ കവിയെന്ന നിലയ്ക്ക്,  മനുഷ്യനെന്ന നിലയ്ക്ക് തന്റെ ശബ്ദം ഈ വൈര്യത്തിനെല്ലാം മുകളിലുയരും എന്നൊരു സങ്കല്പത്തിലാണ് മയ്യു അലി ജീവിക്കുന്നത്.

മയ്യു അലി കടപ്പാട് : DR

ഇന്ന് നമ്മൾ ബുദ്ധമത സങ്കൽപ്പത്തെ അല്ലെങ്കിൽ ബുദ്ധന്റെ തന്നെ ആശയങ്ങളിലേക്ക് നോക്കുന്ന രീതിയിലല്ല മയ്യു അലി കാര്യങ്ങൾ കാണുന്നതെന്ന് ചുരുക്കിപ്പറയാം.
എന്നാൽ മയ്യു അലി പറയുന്ന ഈ ആശയം, വൈരങ്ങളിൽ ഇരയാക്കപ്പെടുന്ന മനുഷ്യരുടെ ശബ്ദം കോട്ട മതിലിന്റെ മുകളിൽ ഉയർന്നു കേൾക്കും എന്നത്, യഥാർത്ഥത്തിൽ  ഒരു ബുദ്ധ ആശയമാണ്. അതാണ് ആ കവിതയുടെ  ഒരു രൂപാന്തരപ്രാപ്തി എന്നു പറയുന്നത്. അതായത് തങ്ങളെ ആക്രമിക്കാൻ വരുന്ന ബുദ്ധവിശ്വാസികളെ ബുദ്ധന്റെ ആശയം കൊണ്ടു തന്നെ നേരിടുകയാണ് മയ്യു അലി ചെയ്യുന്നത്.  ഈ ബുദ്ധിസ്റ്റ് ആശയം രോഹിഗ്യൻ കവിയിലേക്ക് വന്നത് എങ്ങിനെയായിരിക്കുമെന്ന് മനോജിന്റെ പുസ്തകം വായിക്കുമ്പോൾ  നിരന്തരം ആലോചിക്കേണ്ടി വരുന്നു.

അജന്തയിലെ ഗുഹാചിത്രങ്ങളിലൊന്ന്

ബുദ്ധരൂപം, ബുദ്ധആശയം, ബുദ്ധസ്വരൂപം എന്ന് പറയുന്നത് ഒരാളിലേക്ക്, ഒരു കവിയിലേക്ക് അയാൾ പോലുമറിയാതെ സംക്രമിക്കുന്നത് എങ്ങിനെ എന്നതിന്റെ വലിയ ഉദാഹരണമാണ് മയ്യു അലിയുടെ പല കവിതകളും. കാരണം ആ കവി ചോദിക്കുന്നത് അഹിംസയുടെ പ്രതിപുരുഷനായി വന്ന  ബുദ്ധന്റെ അനുയായികൾ എന്തുകൊണ്ട് ഹിംസയുടെ അവതാരങ്ങളായി എന്നാണ്. ആ ചോദ്യം  പോലും ബുദ്ധന്റേതാണ് എന്നതാണ് വസ്തുത. കാരണം ബുദ്ധതത്വശാസ്ത്രത്തിനകത്ത്, ജാതക കഥകളിൽ  ബുദ്ധൻ തന്നെത്തന്നെ വിശദീകരിക്കാൻ ശ്രമിച്ച കാര്യങ്ങളിലൂടെ പോവുകയാണെങ്കിൽ ഈയൊരു സംവാദാത്മകത  നമുക്ക് കാണാൻ കഴിയും.

ഇങ്ങനെ ഒരു തലത്തിൽ നിന്നുകൊണ്ട്  ഈ കവിതാ പുസ്തകം നോക്കുമ്പോൾ അതിന്റെ ഉള്ളിലേക്ക് കൊണ്ടുപോകുന്നത്  ‘കൃഷ്ണമൃഗങ്ങളുടെ കരച്ചിൽ’ എന്ന അധ്യായമാണ്.   മനോജിന്റെ കാവ്യ ആഖ്യാനത്തിലെ ഏറ്റവും പ്രധാനപ്പെട്ട താക്കോൽ അധ്യായം ഇതാണ് എന്നതിൽ ഒരു സംശയവുമില്ല.

 കൃഷ്ണമൃഗങ്ങൾ

കുഞ്ഞുങ്ങൾക്കൊപ്പം ഉറങ്ങുന്ന രാത്രിയിൽ
ക്ഷത്രിയന്മാർ പ്രവേശിച്ചു വനാന്തരത്തിൽ
യുദ്ധസന്നാഹങ്ങൾ മുഴക്കിയ അവർക്കുമുന്നിൽ
ഒന്നൊന്നായി ചിതറിയോടുന്നു കാടകങ്ങൾ
പിടഞ്ഞേ നിലം പറ്റുന്നു
വനത്തിൽ മക്കൾ
ആനത്തോലും പുലിത്തോലും മാൻതോലും
മരത്തോലും
ഒന്നൊന്നായി പൊളിച്ചിട്ടും ചതച്ചിട്ടും നിരത്തുന്നു
വെയിൽ തട്ടി ചുരുളുന്നു
മഹത്വത്തിൽ ചുരുട്ടുന്നു.
കൃഷണമൃഗങ്ങളുടെ  കൂട്ട കരച്ചിൽ കേട്ടു
യജമാനന്മാർക്കിരിക്കാൻ
അവരുടെ തോൽ പൊളിച്ചുണക്കി
അമ്മമാരുടെ പിതാക്കളുടെ
കുട്ടികളുടെ നിലവിളിയെ
വൃക്ഷങ്ങൾ വെളിപ്പെടുത്തി
ഞങ്ങൾക്കെന്ത് പുണ്യം
ജീവൻ നഷ്ട്ടപ്പെട്ട കുടുംബങ്ങൾ
കൊല ചെയ്യപ്പെട്ട ജീവിതമാണിന്നു ഞങ്ങൾ
അറ്റു വീണല്ലോ ഏകലവ്യന്റെ അംഗുലി
കൃഷ്ണമൃഗങ്ങളുടെ കൂട്ടക്കരച്ചിൽ
കാടിനെ ഉണർത്തി
.

ഇങ്ങിനെ കൃഷ്ണമൃഗങ്ങളുടെ കൂട്ടക്കരച്ചിൽ എന്ന സങ്കൽപ്പത്തിൽ നിന്നുകൊണ്ടാണ് മനോജ് ബുദ്ധരൂപം എന്ന  ദീർഘകാവ്യത്തിന്റെ യാഗ വിരുദ്ധത ഉയർത്തിപ്പിടിച്ച് ഇക്കാലത്തിന്റെ സംവാദ മുഖം തുറക്കുന്നത്. ഈ കവിതയുടെ ആഖ്യാനം നിർവ്വഹിക്കുന്നത് മുടന്തിയായ ഒരാടാണ്. ആ ആട് ഒരു കഥ പറയുന്നതായും അവസാനം എനിക്കൊരു കഥ കൂടി പറയാനുണ്ട് എന്നു സൂചിപ്പിച്ച് അത് പറയാതിരിക്കുക കൂടിയാണ്. അപ്പോൾ ആട് പറയാതെ പോയ കഥതെന്തായിരിക്കും? മനോജിവിടെ പറഞ്ഞ കഥ തന്നെ ആവർത്തിക്കുകയായിരിക്കും അല്ലേ? അതോ ഇതേ ഉളളടക്കത്തോടെയുളള മറ്റൊന്ന് പറയുകയായിരിക്കുമോ ചെയ്യുക?

ബുദ്ധരൂപങ്ങളും കൃഷ്ണമൃഗങ്ങളും കടപ്പാട് : Piero della Francesca

മനുഷ്യ ചരിത്രത്തിൽ  എത്രത്തോളം ഹിംസക്കെതിരെ സംസാരിക്കുന്നുവോ അല്ലെങ്കിൽ അഹിംസാ പ്രവർത്തനങ്ങൾ നടത്തുന്നുവോ അതനനുസരിച്ച് ഹിംസ വർധിക്കുന്നതിന്റെ ഒരു ചരിത്രം നമുക്ക് കാണാം. ഈ കവിതയിലെ  ഓരോ അധ്യായങ്ങളിലൂടെയും കടന്നുപോകുമ്പോൾ അതിനകത്ത് ഹിംസയുടെ പലതരം പ്രത്യക്ഷങ്ങളാണ് നാം കാണുന്നത്.  പ്രകൃതിയുടെ മുഴുവൻ അടിത്തട്ട് മാന്തി, അങ്ങനെ നമുക്ക് അതിജീവിക്കാൻ കഴിയുമെന്ന മൂഢലോകത്തിൽ ആശയത്തിൽ ജീവിക്കുന്ന അവസ്ഥ ഹിംസയുടെ പരകോടികളിലൊന്നാണ്.

റോഹിങ്ക്യൻ അഭയാർത്ഥികൾ കടപ്പാട് : nytimes.com

ബുദ്ധൻ ഇത്തരം ഹിംസകളെ കുറിച്ചു കൂടി അന്വേഷിച്ചുകൊണ്ടിരുന്നു എന്നതും ഓർക്കണമല്ലോ. മനുഷ്യനും ജീവജാലങ്ങളും പ്രകൃതിയും അതിജീവനവും തമ്മിലുളള ബന്ധത്തിന്റെ പലതരം താളുകളാണ് ഓരോ ദിവസവും ബുദ്ധൻ തന്റെ ജീവിതത്തിലൂടെ സമൂഹത്തെ ബോധ്യപ്പെടുത്താൻ  ശ്രമിച്ചത്. അല്ലെങ്കിൽ വിശദീകരിക്കാൻ  ശ്രമിച്ചത്. അതൊന്നും ഒരു ദാർശനികന്റെ ഭാവത്തോടെയല്ല. കഥകളിലൂടെ അത് പറയാൻ അദ്ദേഹം ശ്രമിച്ചു. അടിത്തട്ടിലെ മനുഷ്യരുമായി യോജിച്ചും കൂടെ നിന്നും അവരുടെ സംവാദങ്ങൾ കേട്ടു. അതാണ് ബുദ്ധന്റെ പ്രാധാന്യം. മറ്റു പ്രവാചകരിൽ നിന്നും വ്യത്യസ്തമായി ബുദ്ധനെപ്പോഴും തന്റെ ചെവി തന്നോടു സംസാരിക്കുന്ന ആളിലേക്കു  താഴ്ത്തി നിൽക്കുന്ന ഒരാളായിരുന്നു എന്ന വളരെ പ്രധാന കാര്യം ബുദ്ധ ചർ‌ച്ചകളിൽ ഉയർന്നു കേൾക്കാത്തതാണ്. നമ്മളിന്ന് തത്വചിന്തകർ, പ്രവാചകർ- ആരായാലും  അവർ പറയുന്നത് കേൾക്കുകയാണ് ചെയ്യുന്നത്. അല്ലെങ്കിൽ അവരെ കേട്ട ചരിത്രവും പാരമ്പര്യവും ചരിത്രവുമാണ് മനുഷ്യന് പൊതുവായി ലോകമെങ്ങുമുള്ളത്. കോടിക്കണക്കായ മനുഷ്യരുടെ ചെവികൾ അവർക്കുനേരെ തുറന്നുപിടിക്കുന്നു.  അവരാരും തന്നെ നമ്മൾ പറയുന്നത് കേൾക്കാൻ  ചെവിയൊന്നു താഴ്ത്തി മനുഷ്യരുടെ അടുത്ത് വന്നു നിൽക്കാൻ തയ്യാറാവുന്നില്ല. അവർക്കാർക്കും സാധ്യമാകാത്ത  ഒരു സംവാദമണ്ഡലമാണ് ബുദ്ധൻ തുറന്നത് എന്നു പറയുന്നത് അതു കൊണ്ടാണ്. അതുകൊണ്ടാണ് മനോജ് പറയുന്നത് ഇത് പിന്നീട് ഗണസംഘങ്ങളായി, ജനസംഘങ്ങളായി എന്ന്.

ബുദ്ധൻ ഒരു ലിസണറായിരുന്നു. (കേൾവിക്ക് പ്രാധാന്യം കൊടുത്തയാൾ)  ഒരിക്കലും ഒരു പ്രീച്ചറല്ല (പ്രബോധകൻ). അതാണ് വ്യത്യാസം. മറ്റെല്ലാ മതത്തിന്റെയും പ്രവാചകരെ എടുത്ത് നോക്കിയാൽ അവരിൽ ഒരു പ്രീച്ചറെയാണ് കാണുക. അവർ നമ്മളെ കാര്യങ്ങൾ പറഞ്ഞ് പഠിപ്പിക്കുകയാണ്. അങ്ങനെയാണ് ചെയ്യേണ്ടത്, ഇങ്ങനെയാണ് ജീവിക്കേണ്ടത്, ഇങ്ങനെയാണ് ദാമ്പത്യം നയിക്കേണ്ടത്, ഇങ്ങനെയാണ് കുഞ്ഞുങ്ങളെ വളർത്തേണ്ടത് ഇങ്ങനെ പലതരം പ്രബോധനങ്ങൾ. മനോജിന്റെ ഈ കവിതയിൽ  സംവാദത്തിന്റെ  പലതരം സന്ദർഭങ്ങൾ  കാണാൻ വായനക്കാരന് സാധിക്കുന്നു. എന്തുകൊണ്ടാണ്  യാഗം നടത്താൻ വന്ന വലിയ വേദാചാര്യൻ കല്ലുവെട്ടുകാരനോട് സംസാരിക്കുന്നത്? അല്ലെങ്കിൽ കല്ലുവെട്ടുകാരനോട് സംസാരിക്കാൻ അയാൾ നിർബന്ധിതനാവുന്നത്? മനുഷ്യൻ പറയുന്നത് കേൾക്കുക, ലിസണിംഗ് എന്നത്  ഒരു ബുദ്ധആശയമാണ്.  അങ്ങനെ ഒരു ആശയലോകത്തെയാണ് സംവാദത്തിന്റേതായ ഒരിടത്തെയാണ് മനോജ് അവതരിപ്പിക്കുന്നത്.

ബുദ്ധരൂപങ്ങളും കൃഷ്ണമൃഗങ്ങളും കടപ്പാട് : Piero della Francesca

ആട് ഇനിയും കഥ തുടരുകയാണെങ്കിൽ മനുഷ്യർ വീണ്ടും വിസ്മൃതരാകുന്നതിന്റെ മറ്റു ചില കഥകളായിരിക്കും പറയാനുണ്ടാവുക. ബുദ്ധന്റെ നെഞ്ചിനോട് പറ്റിച്ചേർന്ന് കിടക്കുന്ന  ആടിന്റെ ശേഖരത്തിൽ തീർച്ചയായും ഉണ്ടാവുക അത്തരം കഥകൾ തന്നെയായിരിക്കും. തീർച്ചയായും അതായിരിക്കും അവസാനിക്കാത്ത കഥ. അഥവാ മനുഷ്യ ചരിത്രം. അവസാനിക്കാത്ത കഥയുടെ എന്തെങ്കിലും തുണ്ടുകൾ ഇതിലുണ്ടോ? ഇന്നത്തെ ഭാഷയിൽ പറഞ്ഞാൽ എന്തെങ്കിലും ലിങ്കുകളുണ്ടോ? ഞാനിത് പല തവണ വായിച്ചപ്പോൾ എനിക്ക് കിട്ടിയ ലിങ്ക്, ആട് ഇതേ കഥ ആവർത്തിക്കുകയോ ഇതേ കഥയുടെ മറ്റ് ചില അടരുകളോ  ഉളളടക്കമോ  തന്നെ പറയുകയോ ചെയ്യുമെന്നാണ്. കാരണം മനുഷ്യവംശ ചരിത്രത്തിന്,  പ്രത്യേകിച്ചും ഇന്ത്യൻ ജീവിതത്തിന് ഈ ഉളളടക്കത്തിന്റെ ആവർത്തനങ്ങളുണ്ട്.  ആ ആവർത്തനത്തിൽ തന്നെയാണ് മനോജ് കവിത അവസാനിപ്പിക്കുന്നത്.

ബുദ്ധനും മുടന്തുള്ള ആട്ടിൻ കുട്ടിയും കടപ്പാട് : നന്ദലാൽ ബോസ്

കരയുന്ന ഗ്രാമം, നെയ്ത്തുകാരുടെ അസ്ഥികൾ ക്ഷയിക്കുന്ന ഗ്രാമം, ചുടുകട്ടകൾ വേവുന്ന ഗ്രാമം, കുശവരുടെ ജീർണഗ്രാമം, മരത്തച്ചന്മാരുടെ ഊര് എന്നിങ്ങനെ പറഞ്ഞിട്ട് അവസാനം വളരെ കണിശമായ ഒരു പ്രയോഗം മനോജ് അവതരിപ്പിക്കുന്നു. യാഗത്തിനായുളള അടിമവേലയിലാണിവർ പറയുന്നത്. അതായത് യാഗത്തിന് വേണ്ടി ഈ മനുഷ്യരും മുഴുവൻ പ്രകൃതി വിഭവങ്ങളും അധ്വാനവുമെല്ലാം ഉപയോഗിക്കപ്പെടുന്നത് അടിമവേലയായി തന്നെയാണ്. അല്ലാതെ മനുഷ്യരുടെ അധ്വാനത്തിന്റെ ആനന്ദമായിട്ടല്ല.  ഇന്ത്യൻ വ്യവസ്ഥയിൽ  ഇപ്പറഞ്ഞ ജന വിഭാഗങ്ങൾക്ക് അധ്വാനത്തെ എന്നെങ്കിലും ആനന്ദമായി അനുഭവിക്കാൻ കഴിഞ്ഞിട്ടുണ്ടോ എന്ന ഏറ്റവും പ്രധാനപ്പെട്ട ചോദ്യമാണ് മനോജ് കവിതയുടെ ഈ സന്ദർഭത്തിൽ ഉന്നയിക്കുന്നത്.

അധ്വാനത്തെക്കുറിച്ചുളള വലിയ സോഷ്യലിസ്റ്റ് സങ്കല്പങ്ങൾ, കമ്മ്യൂണിസ്റ്റ് ആശയങ്ങൾ വലിയ ചിന്തകരുടെ ഊന്നലുകൾ എന്നു പറയുന്നത് ഞാൻ അധ്വാനിക്കുന്നത് എന്റെ ആനന്ദത്തിനുവേണ്ടിയാണ് എന്നതാണ്. അങ്ങനെയുളള ആനന്ദം ഇക്കാലമത്രയുമായി ഇന്ത്യൻ ജനതയ്ക്ക് അല്ലെങ്കിൽ ഇതേ ജോലികളിൽ, ഇതേ വ്യവസ്ഥകളിൽ ലോകത്തിന്റെ  മറ്റു ഭാഗങ്ങളിൽ ജീവിച്ച മനുഷ്യർക്ക് ലഭിച്ചിട്ടുണ്ടോ? ഒരു കല്ലാശാരി, അല്ലെങ്കിൽ ഒരു തച്ചൻ അടിമ വേല ചെയ്യുന്നു എന്ന് പറയുന്നത് വളരെ പ്രധാനപ്പെട്ടതാണ്. വിനിൽ പോളിന്റെ പഠനങ്ങൾക്കു ശേഷം അടിമവേല എന്ന് പറയുന്നത് മലയാള ചിന്തക്കുളളിൽ തന്നെ മറ്റൊരു സംവാദ മണ്ഡലം തുറന്ന കാലത്താണ് മനോജിന്റെ പുസ്തകത്തിൽ  അടിമവേല എന്ന് പ്രയോഗിക്കുന്നത് എന്നു കൂടി ഓർക്കണം. കുട്ടികൾ കരയുമ്പോൾ പോയിനോക്കാനോ, അവർക്ക് പരിക്കേൽക്കുകയോ അസുഖം വരികയോ ചെയ്യുമ്പോൾ ചെന്നുനോക്കാനോ കഴിയാത്ത മാതാപിതാക്കൾ നൽകുന്ന വിശദീകരണം ഞങ്ങളിവിടെ അടിമവേലയിലാണ് എന്നാണ്. ആ പ്രയോഗമാണ് കവിതയുടെ ആണിക്കല്ല്. അവിടെ നിന്നും ബുദ്ധനെ നോക്കൂ എന്നാണ് ‘ബുദ്ധരൂപം’ നമ്മോട് പറയുന്നത്.

അടിമ കേരളത്തിന്റെ അദൃശ്യ ചരിത്രം

ഇത് ബുദ്ധിസം തന്നെ നേരിട്ടുകൊണ്ടിരിക്കുന്ന വലിയൊരു പ്രശ്നമാണ്. ആത്മീയത ആനന്ദമാകും എന്നു പറയാറുണ്ട്.  മതാത്മക ആത്മീയതയിലോ, മതരഹിത ആത്മീയതയിലോ ഉള്ള വിശ്വാസം നിങ്ങൾക്ക് ആനന്ദം തരുമെന്ന് പറയുന്നവരും വാദിക്കുന്നവരുമുണ്ട്. പക്ഷേ  കവിതയിൽ പറയുന്ന യാഗശാലയ്ക്കുവേണ്ടി (“ആത്മീയ സ്വരൂപ” നിർമ്മിതിയിൽ)  അധ്വാനിച്ചുകൊണ്ടേയിരിക്കുന്ന മനുഷ്യർക്ക് അതിൽ നിന്ന് ഒരു നിമിഷമെങ്കിലും ആനന്ദം കിട്ടിയിട്ടുണ്ടായിരിക്കുമോ എന്നുളള ചോദ്യമാണ് മനോജ് ഉയർത്തുന്നത്.

യാഗശാലയ്ക്ക് പുറത്ത് ഒരു സംവാദം നടക്കുന്നുണ്ടായിരുന്നു. ആചാര്യനും കല്ല് ആശാരിയും തമ്മിൽ. അതിൽ എന്തായിരിക്കും സംഭവിച്ചിട്ടുണ്ടാവുക? കവി അത് വളരെ വിശദമായിട്ട് പറയുന്നില്ല, പക്ഷേ നമുക്ക് അതറിയാം. ആ കല്ലാശാരിയുടെ യുക്തിക്കുമുന്നിൽ കൃത്യമായ മറുപടി കൊടുക്കാൻ കഴിയാതെ ആചാര്യൻ ചിലപ്പോൾ പതറിപ്പോയുട്ടുണ്ടാകാം. അതു കൊണ്ടാണ് വിവരമില്ലാത്തവർ എന്നു പറഞ്ഞ് ക്ഷുഭിതനായി, യാഗശാലയ്ക്കുളളിലേക്ക് നടന്നുപോകാൻ ആചാര്യന് സാധിക്കുന്നത്. സമൂഹത്തിനു മൊത്തം ആനന്ദം വാഗ്ദാനം ചെയ്താണ് യാഗം സംഘടിപ്പിക്കുന്നത്, യാഗശാല നിർമ്മിക്കുന്നത്. ബലിയെക്കുറിച്ചുളള സങ്കൽപ്പം ബിംബിസാരന്റെ ഇടയനിലൊക്കെ കാണാൻ സാധിക്കും. നരബലി ഇല്ലാതാക്കാൻ വേണ്ടിയിട്ടാണ് മനുഷ്യൻ മൃഗബലി കണ്ടുപിടിച്ചത് എന്ന വാദം നരവംശ ശാസ്ത്രത്തിലെ ഒരു അടിസ്ഥാന പാഠമാണ്. സെമിറ്റിക് മതങ്ങളുടെ  പാശ്ചാത്തലത്തിൽ കൂടിയാണ് അത് പറയുന്നത്. കാരണം  നരബലിയാണ് ഏറ്റവും മോശമായ കാര്യം. അതൊഴിവാക്കാൻ വേണ്ടി നിങ്ങൾ  മൃഗങ്ങളെ ബലിയർപ്പിക്കൂ എന്നു പറയുന്ന സംസ്ക്കാരം വന്നു എന്നുളളതാണ് ഈ  വാദത്തിന്റെ കാതൽ.

ഇടശ്ശേരി

പക്ഷേ  മൃഗബലി നരബലികളേക്കാളും മോശമായ ഒന്നായി മാറുകയാണോ എന്നൊരു ചോദ്യമാണ് ബുദ്ധൻ പലപ്പോഴും ഉന്നയിക്കുന്നത്. ആ ചോദ്യം കൂടി ഈ കവിതയിൽ വരുന്നുണ്ട്. ബ്രിട്ടീഷ് കോളനി കാലത്തുള്ള കഥകളിൽ പാലങ്ങൾ ഉണ്ടാക്കിയിട്ട് അതുറപ്പിക്കാൻ മനുഷ്യരക്തം അർപ്പിക്കുന്നതിനെക്കുറിച്ചുള്ള വിശദീകരണങ്ങൾ മലബാറിലെ വാമൊഴി ചരിത്രത്തിലുണ്ട്. അങ്ങനെയുളള നരബലിയുടെ ഏടുകളും മനുഷ്യ ചരിത്രത്തിലുണ്ട്. മൃഗബലി കൂടി ഒഴിവാക്കി മറ്റ് എന്തെങ്കിലും പ്രതീകങ്ങളെ ബലിയർപ്പിച്ച് നമുക്ക് ഹിംസയുടെ ലോകത്തുനിന്നും മുക്തമാകാൻ കഴിയുമോ എന്നതാണ് ബുദ്ധൻ ചോദിച്ചത്.

മനോജിന്റെ രചന പഴങ്കവിത  അല്ലെങ്കിൽ പഴങ്കഥ പറയുന്ന പോലെ ഭാവിച്ച് വളരെ വളരെ സമകാലികമായ ഒരു ജീവിതാവസ്ഥയുടെ പലതരം തുറസ്സുകൾ, പല പ്രശ്നങ്ങളിലേക്കുമുളള ജനലുകൾ തുറന്നിടുകയാണ്.  കൃഷ്ണ മൃഗങ്ങളുടെ  കരച്ചിൽ ഇന്ന് നമ്മൾ ചുറ്റിലും കേൾക്കുന്നുണ്ട്. പലതരത്തിൽ പ്രകൃതിയുടെയും മനുഷ്യരുടെയും കരച്ചിൽ സമൂഹം ഒരേപോലെ കേൾക്കുന്നു. കരച്ചിൽ കേൾക്കുന്ന ഭൂരിഭാഗവും നിസ്സഹായരാകുന്നു. ഒരു കഥയിൽ ബുദ്ധനോട്  ഒരാൾ ചോദിക്കുന്നുണ്ട്: “താങ്കൾ പറയുന്നതൊക്കെ ശരി, പക്ഷേ നിസ്സഹായനായ ഒരു മനുഷ്യൻ എന്തു ചെയ്യും?” ഈ നിസ്സഹായത എന്നു പറയുന്നത് അത് ബുദ്ധന്റെ കാലം മുതലേ ഉണ്ട്. അത്  ഇന്നും മനുഷ്യരാശിയെ പിന്തുടരുന്നു. നമ്മുടെ ചെവി പൊത്തി അടച്ച്  ഞാനത് കേട്ടില്ല എന്ന് ഭാവിച്ച്  നിരവധിയായ കരച്ചിലുകൾക്ക് നടുവിൽ മനുഷ്യർ ജീവിക്കുകയാണ്. അങ്ങനെ ഒരു കാലത്താണ് ബുദ്ധരൂപം എന്ന കവിത വരുന്നത്.

എം.ബി മനോജ്

ബുദ്ധരൂപം അന്വേക്ഷിക്കുന്ന ഒരു കവി,  മണ്ണിലും ചെളിയിലും   പൊയ്കകളിൽ നിന്നുമെല്ലാം അത് കണ്ടെടുക്കുന്നു.  പ്രകൃതിയിലും മനുഷ്യർക്കിടയിലും വിവിധ ആവാസ വ്യൂഹങ്ങൾക്കിടയിലും  മുങ്ങി നിൽക്കുന്ന ഒരാളായിട്ടാണ് ബുദ്ധൻ ഇവിടെ വരുന്നത്. അന്യമല്ലാത്ത, എല്ലാം സ്വീകരിക്കുകയും, എന്നാൽ ആത്യന്തികമായി മനുഷ്യന്റെ നന്മയും സാഹോദര്യവും ഉയർത്തിപ്പിടിക്കുകയുമൊക്കെ ചെയ്യുന്ന ഒരു ബുദ്ധരൂപമാണ് കവിതയിൽ കാണുക. കൃഷ്ണമൃഗങ്ങളുടെ കരച്ചിൽ എന്ന ആ ശീർഷകമാണ് എന്നെ ഇങ്ങനെയൊരു ആലോചനയിലേക്ക് കൊണ്ടുപോയത്. മയ്യു അലി അയാളുടെ കവിതയിൽ പറയുന്നത് ബുദ്ധൻ ഇങ്ങിനെ പറഞ്ഞിട്ടുണ്ട്: “പരസ്പരസ്നേഹം കൊണ്ടും അതിൽ നിന്നും ഉത്ഭവിക്കുന്ന തിരിച്ചറിവായ കരുണ കൊണ്ടും സ്വയം കേൾക്കുകയും കേൾപ്പിക്കുകയും ചെയ്യൂ”. ഇങ്ങിനെ  മനുഷ്യരെ പഠിപ്പിച്ച ബുദ്ധ രൂപത്തിൽ നിന്നു തന്നെയാണ്  അലി തന്റെ വരികൾ കണ്ടെടുക്കുന്നത്. അങ്ങനെ  മനോജ് ഒരു ബുദ്ധനെ കണ്ടെത്തുകയാണ്. വലിയ തോതിൽ  മനുഷ്യൻ പ്രവർത്തിച്ച, മനുഷ്യന് പ്രവർത്തിക്കാവുന്ന ഒരു ബുദ്ധനെയാണ് ഈ കവി നമുക്ക് മുന്നിൽ വെച്ചുതരുന്നത്.

നാരായണഗുരു നിത്യജീവിതത്തിൽ കുളിക്കണം എന്നു പറഞ്ഞു. കാരണം നിത്യജീവിതമാണ് ഏറ്റവും പ്രധാനപ്പെട്ടത്. അല്ലാതെ മരണാനന്തര ജീവിതമല്ല. ബുദ്ധനും അതു തന്നെ പഠിപ്പിക്കുന്നു. യാഗശാലയിലേക്ക്  വിഭവങ്ങളും സാധനങ്ങളുമെല്ലാം കെട്ടിവലിച്ച് വരുന്ന  അടിത്തട്ടിലെ മനുഷ്യരിൽ നിന്ന് അവരുടെ ജീവിത ജ്ഞാനവ്യവസ്ഥയിൽ നിന്നും നമ്മളെന്തെങ്കിലും പഠിച്ചിട്ടുണ്ടോ? അവരുടെ ജീവിത- ജ്ഞാനവ്യവസ്ഥ അങ്ങേയറ്റം അഹിംസാത്മകമായ ഒന്നാണ്. ആദിവാസി ഒരിക്കലും അയാൾക്കോ അല്ലെങ്കിൽ അവൾക്കോ ആവശ്യമില്ലാത്ത ഒരു മരം വെട്ടിത്തള്ളി താഴെയിട്ടിട്ടില്ല. അതായത്  വില്പനയ്ക്ക് വേണ്ടി മരം വെട്ടാറില്ല എന്നർത്ഥം. വനത്തിനകത്തുളള കോവിലിനകത്ത് പോയി പ്രാർത്ഥിക്കുമ്പോൾ ചെരുപ്പ് പുറത്തഴിച്ചിട്ടാണ് അവർ അകത്തേക്ക് പോവുന്നത്. ബുദ്ധന്റെ പ്രാക്ടീസ് എന്നുപറയുന്നത് ഭൗതിക നിത്യജീവിതത്തിന്റെ അടരുകളെ തുറന്നുകാണിക്കുക എന്നുളളതു കൂടിയായിരുന്നു. അതിലേക്ക് തന്നെയാണ്  എം.ബി മനോജ് തന്റെ ബുദ്ധരൂപം എന്ന കവിതയിലൂടെ പല വാതിലുകൾ തുറക്കുന്നത്.  ആ വാതിലിലൂടെ പല കാറ്റും വെളിച്ചവും വരുന്നു.

അരുണാചൽ പ്രദേശിലെ തവാങ്ങിൽ സഞ്ചരിക്കുമ്പോൾ എന്നെ ഏറ്റവും ഭയപ്പെടുത്തിയിട്ടുളള വിചിത്രമായൊരു കാഴ്ച  വലിയൊരു ബുദ്ധവിഗ്രഹത്തിനരികിൽ ബങ്കറുകൾ കണ്ടതാണ്.  ഇന്ത്യ-ചൈന യുദ്ധം നടക്കുന്ന സമയത്തുണ്ടാക്കിയ ബങ്കറുകളാണവ. പട്ടാളക്കാർക്ക് ഒളിച്ചിരിക്കാനുള്ള ഭൂഗർഭ അറകൾ. ആ ബങ്കറുകൾക്ക് തൊട്ടാണീ ബുദ്ധവിഗ്രഹം നിലനിൽക്കുന്നത്. അത് ഇന്നത്തെ ഹിംസാത്മകമായ ഇന്ത്യയുടെ, ഇന്ത്യ സൃഷ്ടിക്കാൻ ഉദ്ദേശിക്കുന്ന ഒരു ബുദ്ധരൂപമായിട്ടാണ് അനുഭവപ്പെട്ടത്. ആ ഹിംസാത്മകതയെക്കൂടി ധൈര്യപൂർവ്വം വെല്ലുവിളിക്കുകയാണ് മനോജ് ഈ ആഖ്യാന കാവ്യത്തിൽ  ചെയ്യുന്നത്. 

INDEPENDENT,
IN-DEPTH JOURNALISM
FOR SOCIAL &
ECOLOGICAL
JUSTICE

keraleeyam-logo

Support Keraleeyam

Choose Your Preference

₹1000/Year

₹2000/2 Years

₹500/Year(Students)

One TimeAny Amount

Also Read