

Help us in our pursuit for high-quality journalism!
Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.
Support Keraleeyam Choose your preference
₹1000/Year
₹2000/2 Years
₹500Students/Year
A contribution of any size


കടലെടുക്കുന്ന കേരള തീരങ്ങൾ
മൺസൂൺ കാലമായതോടെ കേരളത്തിലെ കടൽത്തീരങ്ങളിൽ കടൽ കയറി ഒഴുകുന്നതും, മത്സ്യത്തൊഴിലാളികളുടെ വീടിനും വസ്തുവകകൾക്കും വീട്ടുപകരണങ്ങൾക്കും സംഭവിക്കുന്ന നാശനഷ്ടങ്ങളും ഒരിക്കൽ കൂടി മാധ്യമങ്ങളുടെയും പൊതുസമൂഹത്തിന്റെയും ശ്രദ്ധയിലേക്ക് വന്നിരിക്കുന്നു. കുറച്ച് ദിവസം കഴിയുമ്പോൾ കടൽ കയറ്റത്തിന്റെ തീവ്രത കുറയുകയും മാധ്യമങ്ങളും പൊതുസമൂഹവും ഈ വിഷയം മറക്കുകയും ചെയ്യുന്നതാണ് പതിവ്. കടൽ കയറി വീടും തൊഴിലുപകരണങ്ങളും നഷ്ടപ്പെട്ട മത്സ്യത്തൊഴിലാളികൾ നടത്തുന്ന സമരത്തെ പരിഹസിക്കാൻ സംസ്ഥാന ഫിഷറീസ്-സാംസ്‌കാരിക വകുപ്പ് മന്ത്രി തന്നെ തയ്യാറാകുന്നുവെന്നത്, അധികാരികൾ ഈ പ്രശ്നത്തെ എത്ര ലാഘവത്തോടെയാണ് കാണുന്നത് എന്നതിന്റെ ഏറ്റവും അവസാന ഉദാഹരണമാണ്.
“കടൽ ഉള്ളിടങ്ങളിലെല്ലാം കടൽ കയറും. അളിയാ കയറല്ലേ എന്ന് പറഞ്ഞാൽ കടൽ കയറാതിരിക്കുമോ?” എന്നാണ് സമരത്തെ പരിഹസിച്ചുകൊണ്ട് മന്ത്രി സജി ചെറിയാൻ കഴിഞ്ഞ ദിവസം ചോദിച്ചത്. രാജ്യത്തിന് വർഷം തോറും കോടിക്കണക്കിന് രൂപയുടെ വിദേശ നാണ്യം നേടിത്തരുന്ന, പൊതുസമൂഹത്തിന് ഏറ്റവും കുറഞ്ഞ ചെലവിൽ ഏറ്റവുമധികം പോഷക മൂല്യമുള്ള ആഹാരം പ്രദാനം ചെയ്ത് ആരോഗ്യസംരക്ഷണ പ്രവർത്തനം നടത്തുന്ന മത്സ്യത്തൊഴിലാളികളെയാണ് ഒരു മന്ത്രി ഇങ്ങനെ അധിക്ഷേപിക്കുന്നത് എന്നത് ഖേദകരമാണ്. മന്ത്രി പറയുന്നതുപോലെ കടൽ വെറുതെ കയറി വരുന്നതല്ല. കടലിനെയും കടൽ പ്രതിഭാസങ്ങളെയും അറിയാതെ, കടലിന്റെ പാരിസ്ഥിതികാവസ്ഥ തെല്ലും പരിഗണിക്കാതെ നടത്തുന്ന പദ്ധതികളുടെ പ്രതിഫലനമായാണ് കേരള തീരങ്ങൾ എല്ലാ വർഷവും കടലെടുത്തുകൊണ്ടുപോകുന്നത്.


എന്തുകൊണ്ട് തീരശോഷണം ?
എല്ലാവർഷവും കടൽത്തീരത്ത് താമസിക്കുന്ന മത്സ്യത്തൊഴിലാളികൾക്ക് ദുരിതം വിതയ്ക്കുന്ന കടൽ കയറ്റം ഉണ്ടാകുന്നത് എങ്ങനെയെന്ന് അറിയണമെങ്കിൽ കടൽ, തിര, കടൽ പരിസ്ഥിതി, തീരം എന്നിവയെക്കുറിച്ച് മനസ്സിലാക്കേണ്ടതുണ്ട്. കടൽത്തിരകൾ കരയിലേക്ക് അടിച്ചുകയറി നാശനഷ്ടങ്ങൾ വരുത്താതെ കരയെ സംരക്ഷിച്ച് നിർത്തിയിരുന്നത്, കടൽത്തീരത്തെ ഉറച്ച മണൽ തിട്ടകളായിരുന്നു. ഓരോ പദ്ധതികളുടെയും, ബാഹ്യ ഇടപെടലുകളുടെയും ഭാഗമായി ഈ ഉറച്ച മണൽ തിട്ടകൾ ഇല്ലാതെയാതയോടെയാണ് കടൽ കരയിലേക്ക് കയറി ഒഴുകാൻ തുടങ്ങിയതും, നാശനാഷ്ടങ്ങൾ വിതയ്ക്കാൻ തുടങ്ങിയതും.
കാറ്റ് മൂലമോ, ഭൂകമ്പം മൂലമോ, ജലാശയങ്ങളുടെ ഉപരിതലത്തിലുണ്ടാകുന്ന ജലതരംഗമാണ് തിര. സമുദ്രങ്ങൾ, നദികൾ തുടങ്ങി തുറസ്സായ ഉപരിതലമുള്ള ജലാശയങ്ങളിൽ മുഖ്യമായും വായു പ്രവാഹം മൂലമാണ് ജലതരംഗങ്ങൾ രൂപം പ്രാപിക്കുന്നത്. ജലനിരപ്പിന്റെ പ്രതലവിസ്തീർണ്ണവും വായു പ്രവാഹത്തിന്റെ സ്വാധീനവും കൂടുന്നതിനനുസരിച്ച് തിരകളുടെ എണ്ണവും നീളവും വർദ്ധിക്കുന്നു. നമ്മൾ ഇപ്പോൾ കാണുന്ന ഒരു തിര അനേക കിലോമീറ്ററുകൾ സഞ്ചരിച്ചായിരിക്കും തീരത്തിലെത്തി ഒടിഞ്ഞുമടങ്ങുന്നത്. കേരളത്തിലെ കിഴക്കൻ മലകളിൽ നിന്ന് ഉത്ഭവിക്കുന്ന നദികൾ ഒഴുക്കികൊണ്ടുവന്ന് പൊഴിമുഖങ്ങൾ വഴി കടലിലെത്തുന്ന മണലും, നീരൊഴുക്ക്, സമുദ്രജലപ്രവഹങ്ങൾ എന്നിവ ഒഴുക്കികൊണ്ടുവരുന്ന മണലും, തിരമാലയിലൂടെ തീരത്തടിഞ്ഞാണ് തീരം അഥവാ കര വെക്കുന്നത്. ഓരോ തവണയും ഇങ്ങനെ മണ്ണ് അടിഞ്ഞുകൂടി കട്ടിയായി ഉറച്ച മൺതിട്ട രൂപംകൊള്ളുന്നു. കടൽ തിരമാലകളുടെയും, കടൽ തീരത്തിന്റെയും പ്രതിപ്രവർത്തനങ്ങളുടെ ഫലമായാണ് തീരം വെക്കുന്നതും തീരം ശോഷിക്കുന്നതും.
പോഷണവും ശോഷണവും
ഓരോ തീരഭാഗത്തിനും തനതായ സ്വഭാവമുണ്ടെന്നും, കടപ്പുറത്തെ മണ്ണിന്റെ പരുവം, മൺതരികളുടെ വലുപ്പം, കക്ക, ഞണ്ട്, ശംഖ്, ഉൾപ്പെടെയുള്ള ജീവികളുടെ സാന്നിധ്യം, തീരത്തിന്റെ മൊത്തം സ്വഭാവം എന്നിവയെല്ലാം നിയന്ത്രിക്കുന്നത് കടലും, കരയും അന്തരീക്ഷവും ഒന്നിച്ചാണെന്നും പ്രമുഖ സമുദ്രഗവേഷകനായ ഡോ. ജി നാരായണസ്വാമി അഭിപ്രായപ്പെടുന്നുണ്ട്. കേരളത്തിന്റെ കടൽത്തീരത്തെ നിരീക്ഷിച്ചാൽ ഒരു കാര്യം വ്യക്തമാകും. കേരള തീരം നേരേ തെക്ക് വടക്കായിട്ടല്ല കിടക്കുന്നത്. മറിച്ച് തെക്ക് കിഴക്ക് നിന്ന് വടക്ക് പടിഞ്ഞാറോട്ട് കടലിലേക്ക് കയറി ചരിഞ്ഞാണ് കിടക്കുന്നത്. തെക്ക് നിന്ന് വടക്കോട്ട് പോകുന്തോറും കര കടലിലേക്ക് കയറിക്കിടക്കുന്ന, കേരളത്തിന്റെ ഭൂമിശാസ്ത്രപരമായ പ്രത്യേകത മൂലം കേരള തീരം അതിന്റെ ചരിഞ്ഞ മുഖം കൊണ്ടാണ് തിരമാലയെ കരയിലേക്ക് കയറാതെ തടഞ്ഞുനിർത്തുന്നതെന്ന് കാണാം. തിരമാല തീരത്ത് ഒരുവശംചേർന്ന് വന്നടിക്കുമ്പോൾ, തിരയ്ക്കൊപ്പം വരുന്ന മണൽ തീരത്ത് നിക്ഷേപിക്കപ്പെടുകയും, കടൽവെള്ളം തിരികെ കടലിലേക്ക് ഒഴുകിപോകുമ്പോൾ ചെറിയ മണൽതരികൾ കടലിലേക്ക് ഒഴുകി പോകുകയും ചെയ്യുന്നു. തിരമാല കരയിലേക്ക് അടിക്കുന്നതിന്റേയും, തിരികെ ഒഴുകിപോകുന്നതിന്റേയും ശക്തി കുറവാണെങ്കിൽ കടലിലേക്ക് മണൽ ഒഴുകിപോകുന്നതിന്റെ അളവ് കുറവായിരിക്കും. തിര ലംബമായി ശക്തിയായി വന്ന് കരയിലേക്ക് അടിക്കുമ്പോൾ തിരയുടെ ശക്തിക്കനുസരിച്ച് മണൽ തീരത്ത് അടിയുകയും, മണൽ ഒഴുകി പോകുകയും ചെയ്യും. മണ്ണ് വന്നടിഞ്ഞ് തീരം വെയ്ക്കുന്നതിനെ തീര പോഷണമെന്നും, മണ്ണെടുത്തുപോയി തീരം നഷ്ടമാകുന്നതിനെ തീരശോഷണമെന്നും പറയുന്നു. സമുദ്രജല പ്രവാഹങ്ങൾ, കാറ്റ്, കടലിലെ നീരൊഴുക്ക്,തീരത്തേക്ക് വന്നടിക്കുന്ന തിരമാലകളുടെ ശക്തി എന്നിവയൊക്കെ തീരപോഷണത്തിനെയും തീരശോഷണത്തിനെയും സ്വാധീനിക്കുന്ന ഘടകങ്ങളാണ്.


രണ്ട് ദിശയിൽ നിന്നുള്ള കടലൊഴുക്കും, വടക്കൻ കടൽ, തെക്കൻ കടൽ എന്നീ കടലുകളുമാണ് കേരള തീരത്ത് പ്രധാനമായി അനുഭവപ്പെടുന്നത്. ഏപ്രിൽ മാസം മുതൽ ആഗസ്റ്റ് പകുതിവരെയുള്ള മൺസൂൺ കാലത്തെ കടലൊഴുക്ക് (വടക്കൻ കടൽ) സാധാരണഗതിയിൽ തെക്കോട്ടും, ഒക്ടോബർ പകുതി മുതൽ കടലൊഴുക്ക് സാധാരണഗതിയിൽ വടക്കോട്ടും (തെക്കൻ കടൽ) ആയിരിക്കും. മൺസൂൺ കാലത്ത് കടലൊഴുക്കിന്റെ ശക്തി താരതമ്യേന കുറവാണെങ്കിലും കടൽ പ്രക്ഷുബ്ധമാകുന്ന കാരണം തിരമാലകളുടെ ശക്തി വളരെ കൂടുതലായിരിക്കും. ഏത് ഉറച്ച തീരത്തെയും കടൽഭിത്തിയെയും ഇത് കുത്തിയിളക്കി തിരികെ കടലിലേക്ക് കൊണ്ടുപോകും. ഇങ്ങനെ കുത്തിയിളക്കികൊണ്ടുപോകുന്ന മണൽ ഒഴുകി കന്യാകുമാരിയുടെ തെക്ക് പടിഞ്ഞാറൻ കടലിലും, ഉൾക്കടലിന്റെ അടിത്തട്ടിലും നിക്ഷേപിക്കപ്പെടുന്നു. സെപ്തംബറോടെ തെക്കോട്ടുള്ള നീരൊഴുക്കിന് ശമനം വന്ന് ഒക്ടോബർ മുതൽ വടക്കോട്ട് മംഗലാപുരം വരെ ഒഴുകുന്ന കടലൊഴിക്കിന്റെ ശക്തി വളരെ കൂടുതലായിരിക്കും. ഈ സമയത്ത് കടൽ താരമ്യേന ശാന്തവും തിരമാലയുടെ ശക്തി വളരെ കുറവുമായിരിക്കും. കന്യാകുമാരിക്ക് തെക്ക് പടിഞ്ഞാറ് നേരത്തെ നിക്ഷേപിച്ചിരുന്ന മണൽ ഈ കടലൊഴുക്കിൽ കേരള തീരത്തെത്തുകയും, ശാന്തമായ കടൽത്തിര അവയെ തീരത്ത് നിക്ഷേപിച്ച് കരവെയിപ്പിക്കുകയുമാണ് ചെയ്യുന്നത്.
മൺസൂൺ കാലത്ത് തിരമാലകൾ അടിക്കുന്ന സമയത്ത് കര എടുത്തുപോകുകയും, തുലാവർഷ കാലത്ത് തിരമാലകൾ അടിക്കുന്ന സമയത്ത് കരവെക്കുകയും ചെയ്യുകയാണ് സാധാരണയായി സംഭവിക്കുന്നതെന്ന് തീരത്തെ നിരീക്ഷിച്ചാൽ മനസ്സിലാക്കൻ കഴിയും. ഒരു തീരത്ത് നിന്നും ഒരു സീസണിൽ മണ്ണെടുത്ത് പോകുന്നതിന് തുല്യമായ അളവിൽ അടുത്ത സീസണിൽ മണൽ നിക്ഷേപിക്കപ്പെട്ട് കരവെയ്ക്കുകയാന്നെങ്കിൽ ആ തീരത്തെ ഉറച്ചതീരം എന്ന് പറയാം. ഒരു സീസണിൽ എടുത്തുപോകുന്ന മണലിന് തുല്യമായ അളവിൽ മണൽ അടുത്ത സീസണിൽ അതേ സ്ഥാനത്ത് നിക്ഷേപിക്കുന്നില്ലെങ്കിൽ ആ തീരത്തിനെ ദുർബലതീരം (ശോഷണം സംഭവിക്കുന്ന തീരം) എന്ന് പറയാം. ഒരു സീസണിൽ തീരത്ത് നിന്ന് പോകുന്ന മണലിനെ അപേക്ഷിച്ച് കൂടുതൽ മണൽ അടുത്ത സീസണിൽ ആ തീരത്ത് വെയ്ക്കുന്നുവെങ്കിൽ അവിടെ കൃത്രിമ തീരം വെയ്പ് അഥവാ തീരപോഷണം നടക്കുന്നുവെന്ന് പറയാം. ചുരുക്കത്തിൽ ഉറച്ച തീരമുള്ളിടത്തും, തീരപോഷണം നടക്കുന്നിടത്തും തിരമാല കരയിലേക്ക് കയറാതെ മണൽതിട്ടകൾ തടയുന്നു. മറിച്ച് തീരശോഷണം നടക്കുന്നിടത്ത് തിരമാല കരയിലേക്ക് കയറി ഒഴുകുന്നു. ഇതാണ് കേരള തീരത്ത് നടന്നുകൊണ്ടിരിക്കുന്നത്. കേരളത്തിലെ ബഹുഭൂരിപക്ഷം തീരങ്ങളും ദുർബലതീരങ്ങളാണെന്നും, വലിയ തോതിൽ തീരശോഷണം നടക്കുന്ന തീരങ്ങളാണെന്നും കേന്ദ്രസർക്കാർ ഏജൻസികളുടെ പഠന റിപ്പോർട്ടുകൾ പറയുന്നു.
തീരശോഷണം കൂടും
കേരളത്തിന്റെ 590 കിലോമീറ്റർ തീരദേശത്തിൽ 37 ശതമാനം തീരം മാത്രമാണ് തീരശോഷണത്തിന് വിധേയമാകാത്തത്. ഇതിൽ 24 ശതമാനവും കായലുകളോട് അതിർത്തി പങ്കിടുന്നവയാണ്. കേരളത്തിലെ തീരദേശത്തിന്റെ 8 ശതമാനം മാത്രമാണ് തീരശോഷണത്തിന് വിധേയമാകാത്തത്. നാഷണൽ സെന്റർ ഫോർ സസ്‌റ്റയിനബിൾ കോസ്റ്റൽ മാനേജ്മെന്റിെന്റ (എൻ.സി.എസ്.സി.എം.) പഠന റിപ്പോർട്ടിൽ പറയുന്ന കണക്കാണിത്.
തീരത്ത് നിന്ന് ഒരു സീസണിൽ മണലെടുത്ത് പോകുന്നതും, മറ്റൊരു സീസണിൽ മണൽ അടിഞ്ഞ് തീരം വെക്കുന്നതും കുറേ നാളുകൾക്ക് മുമ്പ് വരെ കേരളത്തിൽ ഒരു സ്വാഭാവിക പ്രക്രിയ മാത്രമായിരുന്നു. അന്ന് തീരത്ത് താമസിച്ചിരുന്നവർക്ക് ഇതുപോലുള്ള ദുരിതവുമുണ്ടായിരുന്നില്ല. കേരളത്തിൽ ദുർബല തീരങ്ങൾ അഥവാ തീരശോഷണം കൂടുതലായുള്ള തീരങ്ങൾ രൂപപ്പെടാനിടയായ സാഹചര്യം എന്തെന്ന് വ്യക്തമായി പഠിക്കേണ്ടിയിരിക്കുന്നു. അതീവ പരിസ്ഥിതി ദുർബല മേഖലയായ കടലിലും, തീരത്തും നടത്തുന്ന വൻകിട ‘പദ്ധതികൾ’ തീരത്തിന്റെ സ്വാഭാവിക പ്രവർത്തനങ്ങളെ തകിടം മറിച്ചു. സ്വാഭാവിക കടലൊഴുക്കിലുണ്ടാകുന്ന ഏതൊരു ചെറിയ തടസ്സം പോലും ആ തടസ്സത്തിന്റെ വടക്ക് ഭാഗത്ത് തീരശോഷണത്തിന് കാരണമാകുന്നു.


കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭാഗമായി അറബിക്കടലിൽ വലിയതോതിൽ ചൂട് കൂടുന്നതായും, കൊടുങ്കാറ്റുകളുടെ പ്രവഭകേന്ദ്രങ്ങളായി അറബിക്കടൽ മാറുന്നതായും പഠനങ്ങൾ തെളിയിക്കുന്നു. 2023ൽ മാത്രം 8 ചുഴലിക്കാറ്റുകൾ ഇന്ത്യൻ മഹാസമുദ്രത്തിലും അതിനോട് ചേർന്നുള്ള അറബിക്കടലിലും ഉണ്ടായി. ചരിത്രത്തിലെ ഏറ്റവുമുയർന്ന താപനിലയിലൂടെയാണ് ഇന്ത്യൻ മഹാസമുദ്രവും, അറബിക്കടലും കടന്ന് പോകുന്നതെന്ന് ഇന്റർ ഗവണ്മെന്റൽ പാനൽ ഓൺ ക്ലൈമറ്റ് ചെയിഞ്ച് (ഐ.പി.സി.സി.) അതിന്റെ 2022ലെ റിപ്പോർട്ടിൽ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. 2050 ആകുമ്പോഴേക്കും വർഷത്തിന്റെ മുക്കാൽ പങ്ക് ദിവസങ്ങളും ഉഷ്ണതരംഗങ്ങളുള്ള ഗുരുതര സ്ഥിതിയാകുമെന്ന ആശങ്കയും ഐ.പി.സി.സി പങ്കുവെയ്ക്കുന്നു. ഇവ അതിശക്തമായ മഴയ്ക്കും കാറ്റിനും തൽഫലമായ കടൽ പ്രക്ഷുബ്ധതയ്ക്കും കാരണമാകുന്നു. ഇത് ഇപ്പോഴുള്ള തീരശോഷണത്തിന് ആക്കം കൂട്ടും.
തീരശോഷണവും വൻകിട നിർമ്മിതികളും
കടലിലും കടൽതീരത്തും നടത്തിയ വൻകിട നിർമ്മിതികൾ, പുലിമുട്ടുകൾ, ഹാർബറുകൾ എന്നിവയുടെ വടക്ക് ഭാഗങ്ങളിലെല്ലാം കര കടലെടുത്ത് പോയിട്ടുള്ളതായി കാണാം. വിഴിഞ്ഞം തുറമുഖത്തിനായി ഡ്രഡ്ജ്ജ് ചെയ്തതിന്റേയും, പുലിമുട്ടിട്ടതിന്റേയും വടക്ക് ഭാഗങ്ങൾ, ആലപ്പാട് പഞ്ചായത്തിലെ വെള്ളനാതുരുത്തിൽ സീ വാഷിങ്ങിലൂടെ മണൽ ഖനനം നടത്തുന്നതിന്റെ ഫലമായി അതിന് വടക്കുള്ള ഭാഗങ്ങൾ, ആലപ്പാട് -അഴീക്കൽ മത്സ്യബന്ധന തുറമുഖത്തിനായി ഇട്ട പുലിമുട്ടിന്റെ വടക്ക് ഭാഗത്തുള്ള ആറാട്ടുപുഴ പഞ്ചായത്തിന്റെ ഭാഗങ്ങൾ, തോട്ടപ്പള്ളിയിൽ മണൽ ഖനനം നടത്തുന്നതിന്റെ വടക്കുഭാഗത്തുള്ള പുറക്കാട് പഞ്ചായത്തിന്റെ ഭാഗങ്ങൾ, ചെല്ലാനം ഫിഷിങ് ഹാർബറിന്റെ വടക്കുള്ള ഭാഗങ്ങൾ, കൊച്ചി തുറമുഖത്ത് നടത്തുന്ന ട്രഡ്ജിങ്ങിന്റെ ഭാഗമായി വടക്ക് വശത്തുള്ള വൈപ്പിൻ പ്രദേശങ്ങൾ എന്നിവയൊക്കെയാണ് കേരളത്തിൽ കൂടുതലായും തീരശോഷണം നടക്കുന്ന തീരപ്രദേശങ്ങൾ. മൺസൂൺ സീസണിൽ കടലിന്റെ തെക്കോട്ട് ഒഴുക്കി കൊണ്ടുപോകുന്ന മണൽ, തെക്കൻ കടലിന്റെ സീസണിൽ വടക്കോട്ട് വന്ന് സ്വാഭാവികമായി അടിയുന്നതിന് ഈ പറഞ്ഞ വിവേകരഹിതമായ നിർമ്മിതികളും, പ്രവൃത്തികളും വിഘാതം സൃഷ്ടിക്കുന്നതാണ് ഇവിടങ്ങളിൽ വലിയതോതിൽ തീരശോഷണത്തിന് കാരണമാകുന്നത്.


കിഴക്കൻ മലനിരകളിൽ നിന്ന് ആരംഭിച്ച്, ഒഴുകുന്ന വഴികളിൽ നിന്നൊക്കെ ശേഖരിച്ച് അഴിമുഖങ്ങളിലൂടെ തീരക്കടലിലെത്തിക്കുന്ന എക്കലും, മണലും നീരൊഴുക്കിലൂടെ വന്ന് വിവിധ കരകളിൽ അടിഞ്ഞാണ് നമ്മുടെ തീരങ്ങളെ കടൽകയറ്റത്തിൽ നിന്നും രക്ഷിച്ചിരുന്നത്. പുഴകളിൽ നിന്ന് അനിയന്ത്രിമായി മണൽ വാരുകയും, അശാസ്ത്രീയമായ രീതിയിൽ അണക്കെട്ടുകളും, തടയിണകളും നിർമ്മിക്കുകയും, വലിയ കെട്ടിടങ്ങളുടെ നിർമ്മിതികൾക്കായി പുഴ, കായലുകൾ എന്നിവയുടെ തീരങ്ങൾ നികത്തുകയും ചെയ്തതോടെ നമ്മുടെ പുഴകളും കായലുകളും ശോഷിച്ചു. പുഴ, കായലുകൾ എന്നിവ വഹിച്ചുകൊണ്ടുവന്ന് കടലിൽ നിക്ഷേപിക്കുകയും, കടൽ നീരൊഴുക്കിൽ തീരങ്ങളിൽ അടിഞ്ഞ് തീരപോഷണത്തെ സഹായിക്കുകയും ചെയ്തിരുന്ന പ്രക്രിയയും അങ്ങനെ നടക്കാതെയായി. ചുരുക്കത്തിൽ ഒരു സീസണിൽ കരയെടുത്ത് പോകുകയും, അടുത്ത സീസണിൽ അതേ കരയിൽ ഒഴുക്കികൊണ്ടുപോയ മണലിനെ തിരികെ കൊണ്ടുവന്ന് വെയ്ക്കുകയും ചെയ്തിരുന്ന സ്വാഭാവിക തീരംവെയ്പ്പിനുണ്ടായിരുന്ന സാഹചര്യം ഇല്ലാതാക്കി.
ഇങ്ങനെ ‘പദ്ധതികൾ’, ‘വികസനം’ എന്നൊക്കെ പറഞ്ഞ് കൊട്ടിഘോഷിച്ചുകൊണ്ട് വിവേചന രഹിതമായി കടലിലും, കടൽ തീരത്തും നടത്തിയ ഇടപെടലുകളാണ് ഇന്ന് കാണുന്ന കടൽകയറ്റത്തിന്റെയും തീരശോഷണത്തിന്റെയും മൂലകാരണമെന്ന് വ്യക്തമാകും. ഇക്കാര്യങ്ങളെക്കുറിച്ച് തീരദേശവാസികളുടെ തനത് അറിവുകളേയും, അവരുടെ അനുഭവങ്ങളേയും, അഭിപ്രായങ്ങളേയും സർക്കാരുകളും, ശാസ്ത്രജ്ഞർ, സാങ്കേതിക വിദഗ്ദ്ധർ, ആസൂത്രണ വിദഗ്ദ്ധർ എന്നീ വിളിപ്പേരുള്ളവരുമൊക്കെ പുച്ഛിച്ച് തള്ളിക്കളയുകയാണ് ചെയ്യുന്നത്. പ്രശ്‌നങ്ങൾ ഗൗരവത്തോടെ പഠിക്കുകയും, ഇവയ്ക്ക് ശാസ്ത്രീയ പരിഹാരം വേണമെന്ന് വാദിക്കുകയും ചെയ്യുന്ന ചുരുക്കം ചില ശാസ്ത്രജ്ഞന്മാരും, സാങ്കേതികവിദഗ്ദ്ധരുമേ നമുക്കുള്ളൂ എന്നത് ഖേദകരമായ വസ്തുതയാണ്.
എന്താണ് പ്രതിവിധി ?
ഇതിനെല്ലാമുള്ള പ്രതിവിധിയായി സർക്കാർ കാണുന്നത് കടലിൽ കല്ലിട്ട് കടൽഭിത്തി, പുലിമുട്ട് എന്നിവ നിർമ്മിക്കുക, കടലിൽ കോൺക്രീറ്റ് ബ്ലോക്കുകൾ കൊണ്ടുവന്ന് അടുക്കുക എന്നതാണ്. അല്ലെങ്കിൽ, മത്സ്യത്തൊഴിലാളികൾ അവരുടെ വാസ സ്ഥലവും തൊഴിലും ഉപേക്ഷിച്ച് കുടിയിറങ്ങുക എന്നതാണ്. യഥാർത്ഥത്തിൽ കടലിലും കടൽതീരത്തും നടത്തുന്ന വിവേചന രഹിതമായ നിർമ്മാണ പ്രവർത്തനങ്ങളും, മണൽ ഖനനവും താത്കാലികമായി നിർത്തിവെച്ച്, ഇവ തീരദേശത്ത് സൃഷ്ടിച്ച ആഘാതങ്ങളെക്കുറിച്ച്, തീരദേശവാസികളെ കൂടി ഉൾപ്പെടുത്തി പഠിക്കുകയും, അവരെ കേൾക്കുകയും, അവരുടെ നിർദ്ദേശങ്ങളെ വിലമതിക്കുകയും, അതിനനുസരിച്ചുള്ള നടപടികൾ കൈകൊള്ളുകയുമാണ് ചെയ്യേണ്ടത്.
എന്നാൽ കേന്ദ്രസർക്കാർ പ്രഖ്യാപിച്ച ബ്ലൂ ഇക്കണോമി നയം നിലവിലുള്ള തീരത്തെകൂടി നശിപ്പിച്ച് കടലും കടൽതീരവും പൂർണ്ണമായും കോർപ്പറേറ്റുകൾക്ക് ഖനനം ചെയ്യാനും, പ്രകൃതി വിഭവങ്ങൾ കൊള്ളയടിക്കാനുമുള്ള സാഹചര്യം തുറന്നുകൊടുക്കുന്നതാണ്. ആസൂത്രണ-വികസന കാര്യങ്ങളിൽ കേന്ദ്ര സർക്കാരിന്റെ അതേ പാതതന്നെയാണ് സംസ്ഥാന സർക്കാരും പിന്തുടരുന്നത്. മത്സ്യത്തൊഴിലാളികളെ അവരുടെ വാസസ്ഥലങ്ങളിൽ നിന്ന് കുടിയോഴുപ്പിച്ചുകൊണ്ട് വൻകിട തുറമുഖങ്ങൾ നിർമ്മിക്കുന്നതും, തീരം ഖനനം ചെയ്യുന്നതുമാണ് വികസനത്തിനും, തൊഴിലില്ലായ്മ പരിഹരിക്കുന്നതിനുമുള്ള മാർഗ്ഗങ്ങളെന്ന നിലപാടാണ് സംസ്ഥാന സർക്കാരും കൈകൊള്ളുന്നത്. കടലിനേയും കടൽതീരത്തേയും മത്സ്യത്തൊഴിലികളുടെ ജീവനോപാധികളുടെയും, അവരുടെ ആവാസ വ്യവസ്ഥയുടേയും അടിസ്ഥാനമായി കാണാതെ ടൂറിസം വികസനത്തിനുള്ള ഉപാധിയായി കാണുന്ന നയമാണ് സംസ്ഥാന സർക്കാറിനുള്ളത്. അതുകൊണ്ട് തന്നെ തീരപ്രദേശങ്ങളുടെ പരിസ്ഥിതിലോല സവിശേഷത കണക്കിലെടുക്കാതെ അവിടങ്ങളിൽ നിലവിലുള്ള എല്ലാ നിയമങ്ങളും നിയന്ത്രണങ്ങളും ലംഘിച്ച് വലിയ റിസോർട്ടുകളും, ഹോട്ടൽ സമുച്ചയങ്ങളും, ഷോപ്പിംഗ് മാളുകളും നിർമ്മിക്കുന്നതിന് അനുമതി നൽകുന്നു. അതേയവസരത്തിൽ തന്നെ, മത്സ്യത്തൊഴിലാളികൾക്ക് വീടുകൾ നിർമ്മിക്കുകയോ, പുതുക്കി പണിയാനോ, ഇതേ നിയമങ്ങളുടേയും നിയന്ത്രങ്ങളുടേയും പേരിൽ അനുമതി നിഷേധിക്കുകയും ചെയ്യുന്നു. രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയിലും, ആരോഗ്യ-ഭക്ഷ്യ മേഖലയിലും വളരെവലിയ സംഭാവന നൽകുന്ന ഒരു ജനതയുടെ ആവാസവ്യവസ്ഥയും ജീവനും സ്വത്തും ശാശ്വതമായി സംരക്ഷിക്കാൻ സർക്കാരുകളും, ആസൂത്രണ-വികസന വിദഗ്ധരും അടിയന്തര നടപടികൾ സ്വീകരിക്കേണ്ടതുണ്ട്.