ചൂടിൽ താളം തെറ്റുന്ന മനസ്സ്

ചൂട് കൂടിയത് മാനസികാരോഗ്യത്തെ ബാധിച്ചതായുള്ള കേസുകൾ താങ്കളുടെ അടുത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടോ ?

എന്റെ അടുത്ത് സെഷൻ അറ്റൻ്റ് ചെയ്യുന്ന പകുതിയിലേറെ പേർക്കും ബുദ്ധിമുട്ടുകൾ കൂടിയിട്ടുണ്ട്. ദേഷ്യം, ആശങ്ക, അഗ്രസീവ്നെസ് എന്നിവ കൂടിയിട്ടുണ്ട്. പിന്നെ കൂടുതൽ പേർക്കും അവരുടെ പ്രൊഡക്ടിവിറ്റി കുറഞ്ഞു, ചിന്തിക്കാൻ കഴിയുന്നില്ല, കൺഫ്യൂഷൻ ഉണ്ടാവുന്നു. നിലവിൽ മാനസികാരോഗ്യ പ്രശ്നങ്ങൾ കൊണ്ട് ബുദ്ധിമുട്ടുന്ന ആളുകളുടെ അവസ്ഥ ചൂട് കൂടുതൽ മോശമാക്കിയിട്ടുണ്ട്. മെന്റൽ ഹെൽത്ത് സ്റ്റേബിളായ ആളുകളിലും കുറേപേർ പുതിയതായി അപ്പോയ്മെന്റ് എടുത്ത് വന്നിട്ടുണ്ട്. അവർക്ക് എന്താ പറ്റിയതെന്ന് അവർക്ക് അറിയില്ലാത്ത അവസ്ഥ ആണ്. വെള്ളം കുടിക്കുന്ന സമയം, ഭക്ഷണരീതി, ജോലിയുടെ സ്വഭാവം എന്നിവ ചോദിച്ചറിഞ്ഞതിന് ശേഷമാണ് അവരുടെ അവസ്ഥ നമ്മൾ മനസിലാക്കുക. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് 365 ദിവസവും ഒരേ രീതി തന്നെ പിന്തുടരാൻ പറ്റിയ നാടായിരുന്നു കേരളം.‌

കേരളത്തിന്റെ താപനില 10-05-24. കടപ്പാട് : sdma.kerala.gov.in

ഡീഹൈഡ്രേഷൻ കാരണം നമ്മുടെ ശരീരത്തിന്റെ മുഴുവൻ സിസ്റ്റത്തിന്റെ പ്രവർത്തനത്തിലും മാറ്റം വരാം. അത് നമ്മുടെ മൂഡിനെ നന്നായി ബാധിക്കാം. ശരീരത്തിലെ ന്യൂറോകെമിക്കൽ കോമ്പോസിഷൻസിനും വേരിയേഷൻ വരാം. കോർട്ടിസോൾ ഹോർമോൺ ഒക്കെ കൂടുതൽ ഉത്പാദിപ്പിക്കുന്നത് ദേഷ്യവും സ്ട്രസും കൂട്ടാം. ഇത്തരം സാഹചര്യങ്ങളിൽ സംഘർഷങ്ങൾ കൂടാനുള്ള സാധ്യതയേറെയാണ്.

2050 ആകുമ്പോഴും അതിതീവ്രമായ കാലാവസ്ഥാ പ്രതിസന്ധിയിലൂടെ ലോകം കടന്നുപോകുമെന്നാണ് അന്താരാഷ്ട്ര ഏജൻസികൾ പറയുന്നത്. വരും തലമുറയെ സംബന്ധിച്ച് ജീവിതം വളരെ പ്രയാസകരമായിരിക്കും എന്ന സൂചന കൂടിയാണല്ലോ ഇത്. എങ്ങനെയാണ് അവരെ അത്തൊരമൊരു ലോകത്തെ അഭിമുഖീകരിക്കാൻ വേണ്ടി മാനസികമായി തയ്യാറെടുപ്പിക്കാൻ കഴിയുന്നത്?

അതിന്റെ ആദ്യപടിയെന്ന് പറയുന്നത്, ഇത് സംബന്ധിച്ച നമ്മുടെ തിരിച്ചറിവ് എല്ലാവരിലേയ്ക്കുമെത്തിക്കുക എന്നതാണ്. എല്ലാ വിഷയങ്ങളിലും ആദ്യഘട്ടമെന്ന രീതിയിൽ സാധാരണ മുതിർന്നവരിലേക്കാണ് പരിശീലനങ്ങളൊക്കെ ആദ്യമെത്തുക. എന്നാൽ ആദ്യഘട്ടം പരിശീലനം നൽകേണ്ടത് വിദ്യാർത്ഥികൾക്കാണ്. മനുഷ്യനുണ്ടായ കാലം മുതൽ ഇത്തരം പരിശീലനങ്ങളുടെ ആവശ്യം നിലനിൽക്കുന്നുണ്ട്. മാനസികമായും ശാരീരികമായും സാമൂഹികമായും ഇത്തരം പ്രതിസന്ധി ഘട്ടങ്ങളെ അഭിമുഖീകരിക്കാൻ അവരെ തയ്യാറാക്കണം. പല വകുപ്പുകൾ ഒരുമിച്ച് ചേർന്ന് നടത്തേണ്ട ഒരു പരിപാടിയാണിത്. കാലാവസ്ഥാ വ്യതിയാനത്തിന് അനുസരിച്ച് ഉണ്ടാവുന്ന ആരോഗ്യപ്രശ്നങ്ങളെ അഭിമുഖീകരിക്കാനുള്ള സൗകര്യങ്ങളുണ്ടായാലേ അതിനെ ശരിയായ രീതിയിൽ സമീപിക്കാൻ കഴിയൂ. കടുത്തവേനൽ വന്നാൽ ശീലിക്കേണ്ട കാര്യങ്ങളെക്കുറിച്ച് ഒരു ബോധവൽക്കരണം നൽകണം. കടുത്ത വേനലിൽ ശീലിക്കേണ്ടുന്ന വസ്ത്രധാരണരീതി, ഭക്ഷണരീതി, ബുദ്ധിമുട്ടുണ്ടായാൽ ആരെ സമീപിക്കണം എന്നതിനെ കുറിച്ചെല്ലാം ഇതിൽ ഉൾപ്പെട്ടിരിക്കണം. ഈ അവസരങ്ങളിൽ പ്രാഥമികമായി ഉപയോഗിക്കേണ്ടുന്ന സാധനങ്ങളെക്കുറിച്ചും അതെങ്ങനെ പ്രവർത്തിപ്പിക്കണമെന്നും അറിവുണ്ടാവണം. ഇത്തരം പരിശീലനങ്ങൾ വർഷത്തിൽ ഒരിക്കൽ അല്ല പലപ്പോഴായി നൽകണം. ഇത് പിന്നീടുള്ള ജീവിതത്തിൽ അവർക്ക് പ്രായോഗികമാക്കാം. വിദേശരാജ്യങ്ങളിലൊക്കെ എല്ലാവർക്കും ഇത്തരം പരിശീലനങ്ങൾ ലഭിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ ജാഗ്രതാ നിർദ്ദേശം ലഭിക്കുമ്പോൾ തന്നെ അവ‌ർക്ക് അതിന് വേണ്ട മുൻകരുതലുകൾ എടുക്കാം. മുതിർന്ന ആളുകൾക്ക് പൊതുവായ പരിശീലനം നൽകണം, സർക്കാർ-സ്വകാര്യ സ്ഥാപനങ്ങളിൽ ഇതിന്റെ പ്രവർത്തനങ്ങൾ ഉണ്ടാവണം. മാധ്യമങ്ങൾ വഴി ഇത്തരത്തിൽ സമ്മർദ്ദം ചെലുത്തുന്നതും ബോധവൽക്കരണം സംഘടിപ്പിക്കുന്നതും വലിയ കാര്യമാണ്. 2050ൽ വരുന്ന പ്രശ്നങ്ങൾക്ക് 2050ൽ അല്ലല്ലോ പരിഹാരം കാണേണ്ടത്.

തീവ്രമായ കാലാവസ്ഥാ സംഭവങ്ങളുടെയും പ്രകൃതിദുരന്തങ്ങളുടെയും ഇരകളായിത്തീരുന്നവരുടെ മാനസികാഘാതം ഇല്ലാതാക്കുന്നതിന് (trauma care) വേണ്ടി പൊതുവിൽ എന്തെല്ലാം സംവിധാനങ്ങളാണ് നമുക്ക് ഒരുക്കാൻ കഴിയുന്നത്?

പ്രകൃതിദുരന്തങ്ങളെന്ന് പറയുമ്പോൾ എല്ലാം വ്യത്യസ്ത സ്വഭാവത്തിലുള്ളവ ആണല്ലോ. പ്രളയം പെട്ടെന്നുണ്ടാവുന്നത് ആണ്. ഉഷ്ണതരംഗത്തിന് നമുക്ക് നിൽക്കുന്നിടത്ത് ഓടി പോകേണ്ടുന്ന അവസ്ഥ വരുന്നില്ല. എന്നാൽ വെള്ളപൊക്കമോ, ഉരുൾപൊട്ടലോ ഒക്കെ ഉണ്ടാകുമ്പോൾ അതിന് ശേഷം ഒരു പോസ്റ്റ് ട്രൊമാറ്റിക് കണ്ടീഷനിലേയ്ക്ക് പോകാൻ സാധ്യതയുണ്ട്. നമ്മൾ ചെയ്യേണ്ടുന്ന ആദ്യ കാര്യമെന്തെന്നാൽ ഒരു സൈക്കോളജിക്കൽ ഫസ്റ്റ് ഏയ്ഡ് കൊടുക്കുകയാണ്. കൗൺസലിം​​ഗ് കൊടുക്കുന്ന സമയത്ത് സിസ്റ്റമാറ്റിക് ആയിട്ട് വിലയിരുത്തലുകൾ നടത്തണം. അതിന് ശേഷം മാത്രമേ മറ്റ് ടെക്നിക്കുകളിലൂടെ നമുക്ക് പോകാൻ കഴിയൂ. അവരേതെങ്കിലും തരത്തിൽ പാനിക് ആയിട്ടാണ് ഇരിക്കുന്നതെങ്കിൽ അത് അവരുടെ ബോഡിയിൽ റിഫ്ലക്റ്റ് ചെയ്യും. ആ ഒരു സമയത്ത് അവർക്കാവശ്യമായ ആശ്വാസം നൽകണം. പ്രകൃതിദുരന്തങ്ങളൊക്കെ നടക്കുന്ന സമയത്ത് ആവശ്യമായ കൗൺസലിംഗ് നൽകാൻ സാധിക്കണം. മെന്റൽ സപ്പോർട്ട് മാത്രമല്ല, അവർ ശരിയായി വരാൻ മുഴുവനായി ഒരു സഹായം ആവശ്യമായി വന്നേക്കാം. വെള്ളപൊക്കത്തിൽ വീട് നഷ്ടപ്പെട്ട ആളോട് പോട്ടെ സാരമില്ലെന്ന് പറഞ്ഞിട്ട് കാര്യമില്ല. അതേസമയം നിലവിൽ അവർക്ക് താമസിയ്ക്കാൻ മറ്റൊരു സ്ഥലം കണ്ടെത്തി നൽകിയാൽ അതാണല്ലോ വലിയ കാര്യം. സമഗ്രമായൊരു ഇടപെടൽ നടത്തുന്നത് തന്നെ മാനസികാരോഗ്യത്തെ നന്നായി സഹായിക്കും.

2018 ലെ പ്രളയം. കടപ്പാട്: PTI.

കേരളം പോലെ പാരിസ്ഥിതികമായി ദുർബലമായതും ദുരന്ത സാധ്യത കൂടിയതുമായ ഒരു സംസ്ഥാനത്ത് ട്രോമ കെയർ നയപരമായ തീരുമാനമായി വരേണ്ടതല്ലേ? അത് എങ്ങനെയാണ് പ്രായോഗികമാക്കാൻ കഴിയുന്നത്?

കേരളം പോലൊരു സംസ്ഥാനത്ത് ഡിസാസ്റ്റർ മാനേജ്മെന്റൊക്കെ കുറച്ചുകൂടി ഫലപ്രദമായി വരേണ്ടതാണ്. പാരിസ്ഥിതികമായ പ്രത്യാഘാതങ്ങൾ തുടർച്ചയായി വന്നുകൊണ്ടിരുന്ന സ്ഥലമല്ല കേരളം. 2018ലെ വെള്ളപൊക്കം മുതലാവാം നമ്മൾ പ്രകൃതിദുരന്തങ്ങൾ പതിവായി അഭിമുഖീകരിക്കാൻ തുടങ്ങിയത്. കാലാവസ്ഥാവ്യതിയാനത്തിന്റെ ഭാഗമായി നമ്മൾ ഇത്തരം അവസ്ഥകളെ പതിവായി അഭിമുഖീകരിക്കേണ്ട അവസ്ഥയിലേയ്ക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. എന്നാൽ ഇതനുസരിച്ച് നമ്മുടെ നാട്ടിലെ സിസ്റ്റമൊന്നും മാറിയിട്ടില്ല. പ്രകൃതിദുരന്തങ്ങളെ നേരിടാൻ എന്തൊക്കെ മുൻകരുതലുകൾ എടുക്കണമെന്ന് പോലും ആളുകൾക്കറിയില്ല. ഈ ഒരു അറിവ് സ്കൂളുകൾ മുതൽ തന്നെ നൽകാൻ കഴിയണം. കഴിഞ്ഞ കുറച്ചു വർഷങ്ങളായിട്ടാണ് ഇത്തരം പ്രകൃതിദുരന്തങ്ങൾ കൂടുതലായുണ്ടാവുന്നത്. കുട്ടനാട്ടിൽ വർഷത്തിൽ രണ്ട് വെള്ളപൊക്കമൊക്കെ ഉണ്ടാവുന്നത് സാധാരണയാണ്. എങ്ങനെയാണ് വെള്ളപൊക്കത്തെ അഭിമുഖീകരിക്കേണ്ടതെന്ന് കുട്ടനാടുകാരിയായ എനിയ്ക്ക് അറിയാം. 2018ലെ വെള്ളപൊക്കത്തിൽ അത് അത്ര വലിയ പ്രകൃതിദുരന്തമാകുമെന്ന് വിചാരിച്ചിരുന്നില്ല. അതിനെ എങ്ങനെ നേരിടണമെന്ന പ്രാഥമിക അറിവും ഇല്ലായിരുന്നു. ഇതിനെ നേരിടുന്നതലത്തിലേയ്ക്ക് സർക്കാർ സംവിധാനങ്ങളും സർക്കാർ ഇതര സംവിധാനങ്ങളും പതിയെ തയ്യാറായി വരണം. വെള്ളപൊക്കത്തിന്റെ സമയത്തൊക്കെ ഇത്തരത്തിൽ താൽക്കാലിക ഗ്രൂപ്പുകളൊക്കെ രൂപീകരിച്ചിരുന്നു. പിന്നീട് അതിന്റെ പ്രവർത്തനങ്ങളൊന്നും നടന്നതായി നമുക്കറിയില്ല. അതൊക്കെ സജീവമായി വരേണ്ടത് വളരെ ആവശ്യമാണ്.

INDEPENDENT,
IN-DEPTH JOURNALISM
FOR SOCIAL &
ECOLOGICAL
JUSTICE

keraleeyam-logo

Support Keraleeyam

Choose Your Preference

₹1000/Year

₹2000/2 Years

₹500/Year(Students)

One TimeAny Amount

Also Read