കല്ലിടുന്നതിലൂടെ തടയാൻ കഴിയില്ല തീരശോഷണം

83-ാം വയസിൽ കേരളത്തിന്റെ തീരത്തെ കുറിച്ച് ഗവേഷണം നടത്തി ഡോക്ടറേറ്റ് നേടിയിരിക്കുകയാണ് തൃശൂർ സ്വദേശി സി.കെ പ്രഭാകരൻ. തീരമേഖല സംബന്ധിച്ച വിഷയങ്ങളോടുള്ള താത്പര്യമാണ് സി.കെ പ്രഭാകരനെ ഇറിഗേഷൻ വകുപ്പിൽ ചീഫ് എഞ്ചിനിയർ ആയി വിരമിച്ചശേഷവും ഗവേഷണത്തിലേക്ക് തിരിയാൻ പ്രേരിപ്പിച്ചത്. കോയമ്പത്തൂർ കാരുണ്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ആൻഡ് സയൻസിൽ നിന്ന് ‘Erosion And Accretion Phenomena Along The Malabar Coast With Special Reference To Ponnani- Azhikode Stretch’ എന്ന വിഷയത്തിൽ ഗവേഷണം പൂർത്തിയാക്കിയ സി.കെ പ്രഭാകരൻ ഗവേഷണ വഴികളെക്കുറിച്ചും തീരശോഷണത്തിന്റെ പരിഹാരങ്ങളെക്കുറിച്ചും കേരളീയത്തോട് സംസാരിക്കുന്നു.

83-ാം വയസിൽ ഗവേഷണം നടത്തുകയും ഡോക്ടറേറ്റ് നേടുകയും ചെയ്യുക എന്നത് കൗതുകമുള്ള ഒരു കാര്യമാണ്. ആ കൗതുകത്തിനപ്പുറം പ്രായമൊന്നും നോക്കാതെ ഇത്തരത്തിലൊരു ദൗത്യം ഏറ്റെടുക്കണമെങ്കിൽ തീർച്ചയായും അതിന് പിന്നിൽ ഒരു കാരണമുണ്ടാകുമല്ലോ. അതെന്താണെന്ന് വിശദീകരിക്കാമോ?

ഇറിഗേഷൻ ഡിപ്പാർട്ട്മെന്റിൽ റിട്ടേർഡ് ചീഫ് എഞ്ചിനിയർ ആയിരുന്നു ഞാൻ. പീച്ചിയിൽ ജോലി ചെയ്യുമ്പോഴാണ് പഠിക്കാൻ തോന്നിയത്. തീരദേശത്തോടുള്ള ഇഷ്ടം കൊണ്ടാണ് മറൈൻ സ്ട്രക്ചേഴ്സ് പഠിക്കാൻ എം ടെക്കിന് കർണ്ണാടകയിലെ സൂറത്കലിലേക്ക് പോയത്. ആ സബ്ജക്ട് കേരളത്തിൽ എവിടെയും പഠിക്കാൻ അവസരമില്ല. 1995 ൽ ആണ് ചീഫ് എഞ്ചിനിയർ പദവിയിൽ ഇരിക്കുമ്പോൾ ഇറിഗേഷൻ വകുപ്പിൽ നിന്നും വിരമിച്ചത്.

റിട്ടയർമെന്റിന് ശേഷവും കേരള സർക്കാരിന് വേണ്ടി ഗവേഷണമൊക്കെ ചെയ്തിരുന്നു. അതെല്ലാം കേരളത്തിന്റെ തീരത്തെ കുറിച്ചായിരുന്നു. പിന്നീട് കാർമൽ എഞ്ചിനിയറിംഗ് കോളേജിൽ ഡിപ്പാർട്ട്മെന്റ് മേധാവിയായും പ്രവർത്തിച്ചിട്ടുണ്ട്. 2011ൽ എന്റെ ഭാര്യ മരിച്ചു. അതിനുശേഷമാണ് ഞാൻ 2011ൽ തീരത്തെക്കുറിച്ച് ഗവേഷണം ചെയ്യുന്നതിനായി പി.എച്ച്‍.ഡിക്ക് രജിസ്റ്റർ ചെയ്യുന്നത്. 2017 ൽ ഗവേഷണം ഏകദേശം പൂർത്തിയായിരുന്നു. ആ സമയത്ത് എനിക്ക് ഒരു അപകടം പറ്റി. ബൈക്കിടിച്ച് വലതുകാലിന് ഗുരുതര പരിക്കേറ്റു. പിന്നീട് കൊറോണ വന്നു. അങ്ങനെ ഗവേഷണം കുറച്ച് വൈകി. എന്റെ ഗൈഡുമാരായ ഡോ. ബ്രെമ, ഡോ. ജയിംസ് എന്നിവർ എന്നെ തിരക്കി ഇവിടെ വീട്ടിലേക്കെത്തി. ഗവേഷണം തുടരാൻ അവർ ആവശ്യപ്പെട്ടു. അങ്ങനെയാണ് ഞാൻ പി.എച്ച്.ഡി പൂർത്തിയാക്കുന്നത്.

തീരദേശ മേഖല പഠനത്തിനായ് തിരഞ്ഞെടുത്തിന് പിന്നിൽ എന്തെങ്കിലും കാരണങ്ങളോ ജീവിതാനുഭവങ്ങളോ ഉണ്ടോ?

പല ജോലിയും ചെയ്തിട്ടാണ് ഞാൻ തൃശൂർ പീച്ചിയിലുള്ള ഇറിഗേഷൻ ഓഫീസിൽ ജോലിക്ക് ചേരുന്നത്. പീച്ചിയിൽ റിസർച്ച് ഓഫീസർ ആയിട്ടാണ് എന്നെ നിയമിക്കുന്നത്. അക്കാലത്ത് എന്റെ ജോലി തീരവുമായി ബന്ധപ്പെട്ടിട്ടായിരുന്നു. തീരശോഷണം കാരണം തീരത്തുള്ളവർ അനുഭവിക്കുന്ന പ്രശ്നങ്ങൾ പരിഹരിക്കാനും നാശനഷ്ടങ്ങൾ തടയാനും എന്തൊക്കെ ചെയ്യണം എന്നതായിരുന്നു നോക്കിയിരുന്നത്. തീരശോഷണം എന്നതിന് കാരണം ആ പ്രദേശത്തെ മണൽ നീക്കപ്പെടുന്നതാണല്ലോ. മുൻപ് അങ്ങനെ മണൽ പോകുന്നത് തടയാൻ വേണ്ടി ബ്രിട്ടീഷുകാരുടെ കാലത്ത് മണൽ തന്നെയാണ് ഇട്ടിരുന്നത്. ഇപ്പോൾ മണൽ കിട്ടാനില്ല. അതുകൊണ്ടാണ് നമ്മൾ കല്ലിടുന്നതിലേക്ക് എത്തിയത്. കല്ല് തീരത്ത് കൊണ്ടിടുമ്പോൾ തിരമാലയുടെ ഊർജം ഇല്ലാതാക്കാം. പക്ഷെ കുറേ കഴിയുമ്പോൾ കല്ലിന്റെ അടിയിൽ നിന്ന് മണൽ തിരയെടുത്ത് പോകുകയും കല്ല് താഴാൻ തുടങ്ങുകയും ചെയ്യും.

ഡോ. സി.കെ പ്രഭാകരൻ

ഇപ്പോൾ കേരളത്തിൽ മിക്കവാറും കല്ലിട്ട തീരങ്ങളിലും കല്ലൊക്കെ താണുകഴിഞ്ഞു. എന്റെ എം.ടെക്ക് തീസിസ് വിഷയം ഇത്തരത്തിൽ കല്ലിടുന്നതിനെക്കുറിച്ചായിരുന്നു. തീരശോഷണം തടയാനുള്ള ഇത്തരം മാർഗങ്ങൾ എത്രത്തോളം ഫലവത്താണ് എന്നതാണ് ഞാൻ അന്വേഷിച്ചത്. കടലിലെ തിരമാലയ്ക്ക് കാരണം കാറ്റാണ്, കാറ്റിന്റെ ആ ഊർജമാണ് തിരമാലയിലൂടെ വേവ് എനർജിയായി മാറി തീരത്തേക്ക് തിരകളായി എത്തുന്നത്. ഈ തിരയിൽ മണലൊഴുകി പോയാൽ അവിടെ വെള്ളം കയറും. കടലിന് പരക്കാൻ ഒരു ഏരിയയുണ്ട്, ആ ഏരിയ വിട്ടുകൊടുത്താൽ പ്രശ്നമില്ല. അങ്ങനെ വിട്ടുകൊടുക്കാൻ ആർക്കും സമ്മതമില്ല. വേനൽക്കാലത്ത് മണൽ വന്നടിയും, വർഷ കാലം വരുമ്പോൾ അതെടുത്ത് പോകും. ആ പ്രക്രിയയെ തടയാതിരുന്നാൽ കുഴപ്പമില്ല. പക്ഷേ നമ്മൾ വേനൽക്കാലത്ത് മണലടിയുന്ന ഇടത്ത് ഒരോന്ന് ചെയ്യും. വർഷകാലം വരുമ്പോൾ അതെല്ലാം കടലെടുത്ത് പോകും.

കടലേറ്റത്തിന്റെ പരിഹാരം കടലിൽ കല്ലിടുന്നതല്ലെന്നും മണലിടുന്നതാണ് കൂടുതൽ നല്ലതെന്നും താങ്കൾ പറഞ്ഞല്ലോ. എന്നാൽ തീരശോഷണം നേരിടുന്ന ചെല്ലാനത്ത് ടെട്രാപോഡ് ആണ് പരിഹാരമായി കൊണ്ടുവന്നത്. അതേ പരിഹാരം ആണ് ഇപ്പോൾ അതിനടുത്ത പ്രദേശമായ കണ്ണമാലിയിൽ ആളുകൾ ആവശ്യപ്പെടുന്നത്. ഇറിഗേഷൻ ഡിപ്പാർട്ട്മെന്റിനാണല്ലോ ഇതിന്റെ ചുമതല. ആ ഡിപ്പാർട്ട്മെന്റിൽ ജോലി ചെയ്ത അനുഭവത്തിൽ നിന്നുകൂടിയാണോ കല്ലിടുന്നത് പരിഹാരമല്ല എന്ന് മനസിലാക്കിയത്?

ടെട്രാപോ‍ഡ് തീരശോഷണത്തിന് പരിഹാരമാണ്, പക്ഷെ ശാശ്വത പരിഹാരമല്ല. അതിന് ചിലവ് വളരെ കൂടുതലാണ്, പിന്നെ എല്ലായിടത്തും അത് നിർമ്മിക്കാൻ പറ്റില്ല. ടെട്രാപോ‍ട് ഇട്ടാൽ തിരമാലയുടെ എനർജി പെട്ടെന്ന് നിക്കും. മണൽ ഒലിച്ചുപോയി അത് അധികം താണു പോകില്ല. പക്ഷെ ടെട്രാപോ‍ഡ് എല്ലായിടത്തും ഇടാനുള്ള പണം കേരളത്തിന്റെ കയ്യിൽ ഇല്ലല്ലോ. ടെട്രാപോ‍ഡ് നിർമ്മിക്കാനും അത് തീരത്ത് എത്തിക്കാനുമൊക്കെ ബുദ്ധിമുട്ടുണ്ട്. അതിന് കാശ് വേണ്ടേ? പഴയ പോലെ ഇപ്പോൾ കല്ല് കിട്ടാനില്ല. കല്ല് എന്ന് വെച്ചാൽ തീരത്ത് ഇടുന്ന കല്ലിനും പ്രത്യേകതയുണ്ട്. അതിനൊരു പ്രത്യേക ഭാരമുണ്ടാകണം. ഊർജത്തെ ഇല്ലാതാക്കാൻ കഴിയുന്ന ഭാരം വേണം. മണ്ണ് കിട്ടുമായിരുന്ന കാലത്ത് മണ്ണിട്ട് കടലേറ്റം കുറയ്ക്കാൻ ശ്രമിച്ചിട്ടുണ്ട്. ആലപ്പുഴയിൽ ബ്രിട്ടീഷുകാരുടെ കാലത്ത് ലോറി കണക്കിന് മണ്ണ് ഇട്ടിട്ടുണ്ട്. ഇപ്പോഴും അവിടെ അതുകൊണ്ട് കരയുണ്ട്. മണ്ണിടുക എന്നതാണ് തീരശോഷണത്തിന് പരിഹാരം. ഇറോഷൻ എന്നാൽ മണ്ണ് പോകുന്നതാണല്ലോ പ്രശ്നം.

ടെട്രാപോഡിനായുള്ള കണ്ണമാലിയിലെ സമരം

കണ്ടൽക്കാടുകൾ തീരശോഷണത്തിന് ഒരു പരിഹാരമായി അവതരിപ്പിക്കാറുണ്ടല്ലോ ? ഇതേക്കുറിച്ച് താങ്കളുടെ അഭിപ്രായം എന്താണ്?

കണ്ടൽക്കാടുകൾ കൊണ്ട് തീരശോഷണം തടയാൻ കഴിയും. ഇത് തീരശോഷണത്തിന് പരിഹാരമായി കണ്ടലുകൾ നിർദ്ദേശിക്കാവുന്നതാണ്. പക്ഷെ ഇവിടെ മീൻ പിടുത്തവും പ്രധാനമല്ലേ? കണ്ടലുകൾ വ്യാപകമായി വളർന്നാൽ ആ തീരഭാഗം മീൻപിടുത്തക്കാർക്ക് ഉപയോഗിക്കാൻ പറ്റില്ല. അത് കാടായി മാറും. ഞാൻ ആൻഡമാനിൽ പോയിരുന്നു. അവിടെ കണ്ടൽകാടും ഉണ്ട്, ബീച്ചുള്ള സ്ഥലങ്ങളും കണ്ടിട്ടുണ്ട്.  

വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ നിർമ്മാണത്തിന്റെ ഭാഗമായി കടലിൽ കല്ലിട്ടതുകൊണ്ട് പദ്ധതി പ്രദേശത്തിന്റെ വടക്ക് വശത്തു തീരശോഷണവും തെക്ക് തീരം വയ്പ്പും ഉണ്ടാകുന്നു എന്നാണ് മത്സ്യതൊഴിലാളി സമൂഹം ഉൾപ്പെടെ പറയുന്നത്. എന്നാൽ സർക്കാർ ഈ സംഗതി ഇപ്പോഴും അംഗീകരിച്ചിട്ടില്ല. ഈ വിഷയത്തെ എങ്ങനെ നോക്കി കാണുന്നു?

സർക്കാർ അംഗീകരിക്കാത്തതാണ് പ്രശ്നം. ഒരോ തീരവും വ്യത്യസ്തമാണ്. നമ്മുടെ കേരള തീരത്ത് കല്ലിട്ടാൽ ഇങ്ങനെയുള്ള പ്രശ്നങ്ങൾ വരാം. കല്ലിടുന്നത് വളരെ സൂക്ഷിച്ചല്ലെങ്കിൽ ഇറോഷന്റെ സ്വഭാവം മാറും. ആവശ്യമില്ലാതെ കല്ലിട്ടിട്ടുണ്ടെങ്കിൽ അതിന്റെ ഡൗൺസ്ട്രീം സൈഡ് എവിടെ മീറ്റ് ചെയ്യുന്നോ അവിടെ ഇറോഷൻ ഉണ്ടാവും. കല്ലിടുമ്പോൾ അത് ഇടുന്നതിന്റെ പൊസിഷൻ ശ്രദ്ധിക്കണം. അത് വളരെ ആലോചിച്ചിട്ടേ ചെയ്യാവൂ. വേവ് ഡയറക്ഷൻ മാറും. മനുഷ്യന്മാർ തന്നെ ഈ പ്രകൃതിയിൽ കുറേ പ്രശ്നങ്ങൾ ഉണ്ടാക്കുന്നുണ്ട്. അതിൽപ്പെട്ടതാണ് ഇത്. പ്രതിഷേധം വന്നാൽ ഉടനെ കല്ലിടുക. ചകിരിയൊക്കെ ഇടുന്നത് പരിഹാരമായി പറയുന്നുണ്ട്. ചകിരി എനർജി ഇല്ലാതാക്കും. പക്ഷേ കല്ലിടുന്ന അത്ര ചകിരി ഇടാൻ പറ്റുമോ? അങ്ങനെ ചകിരി കിട്ടില്ല നമുക്ക്. നദികളിലൊന്നും ഇപ്പോൾ മണലില്ല. മണലൊക്കെ വീട് പണിക്കെടുത്തു പോയതുകൊണ്ട് മണലിട്ട് സംരക്ഷിക്കാനും സാധ്യതയില്ല.

ഡോ. സി.കെ പ്രഭാകരന്റെ ഗവേഷണ പ്രബന്ധം

ഗവേഷണത്തിന്റെ കണ്ടെത്തലുകളെക്കുറിച്ച് വിശദമാക്കാമോ?

അഴീക്കോട് മുതൽ പൊന്നാനി വരെയുള്ള  ഇറോഷനും അക്രീഷനും സംബന്ധിച്ചാണ് ഞാൻ പഠനം നടത്തിയത്. ഇറോഷൻ-അക്രീഷൻ വ്യത്യാസം കണ്ടുപിടിക്കൽ ആയായിരുന്നു ഉദ്ദേശം. ഇപ്പോൾ ശേഖരിച്ച വിവരങ്ങൾ ആകില്ല കുറച്ച് കഴിയുമ്പോൾ. ഇത് മാറിക്കൊണ്ടേയിരിക്കും. ടൈഡിന് അനുസരിച്ച് മാറും, വേവിന് അനുസരിച്ച് മാറും, കാലത്തിന് അനുസരിച്ച് മാറും. മഴക്കാലത്തിനും വേനൽക്കാലത്തിനും അനുസരിച്ച് മാറും.

ഡോക്ടറേറ്റ് ബിരുദം സമ്മാനിച്ചപ്പോൾ

കടൽ നിരപ്പ് ഉയരുന്നത്, കാലാവസ്ഥാ മാറ്റം എന്നിങ്ങനെ ആഗോള തലത്തിലുള്ള പ്രശ്നങ്ങളും കേരളത്തിലെ തീരങ്ങളെ ബാധിക്കുന്നില്ലേ?

ബാധിക്കുന്നുണ്ട്. ഇതൊക്കെ തീരം കടലെടുക്കുന്നതിനെ സ്വാധീനിക്കും. ശരിയായ പരിഹാരം മണലിടുന്നത് തന്നെ. കല്ലിടുന്നത് ഉൾപ്പടെ മറ്റുള്ളവയൊന്നും പരിഹാരമല്ല. അതൊക്കെ പരിഹാരമാണ്. പക്ഷേ ശാശ്വതമല്ല. താൽക്കാലികമാണ്. കല്ലിടുന്നത് സ്ഥാനത്തിടുകയാണെങ്കിൽ കുഴപ്പമില്ല. ആ സ്ഥാനമാണ് ഞാൻ കണ്ടുപിടിക്കാൻ ശ്രമിച്ചത്.

INDEPENDENT,
IN-DEPTH JOURNALISM
FOR SOCIAL &
ECOLOGICAL
JUSTICE

keraleeyam-logo

Support Keraleeyam

Choose Your Preference

₹1000/Year

₹2000/2 Years

₹500/Year(Students)

One TimeAny Amount

Also Read