മാറുന്ന കാലാവസ്ഥ; മാറാത്ത ഭരണകൂടങ്ങൾ

COP 27 പ്രതീക്ഷകളും നിരാശകളും

പാരീസിൽ വച്ച് നടന്ന COP 15 ഉച്ചകോടി മുതൽ അടുത്തിടെ ഈജിപ്തിൽ അവസാനിച്ച COP 27 വരെ തുടർച്ചയായി കാലാവസ്ഥാ സമ്മേളനങ്ങളിൽ പങ്കെടുക്കുന്ന ക്ലൈമറ്റ് ആക്ടിവിസ്റ്റാണ് സൗമ്യ ദത്ത്. ഐക്യരാഷ്ട്ര സഭയുടെ ക്ലൈമറ്റ് ടെക്നോളജി സെന്റർ ആൻഡ് നെറ്റ് വർക്ക് അഡ്വൈസറി ബോർഡിന്റെ മുൻ അംഗമായിരുന്ന സൗമ്യ ഫ്രണ്ട്സ് ഓഫ് ഏർത്ത് ഇന്ത്യയുടെ എക്സിക്യൂട്ടീവ് മെമ്പറും വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന 42 സംഘടനകളുടെ കൂട്ടായമയായ MAUSAM മിന്റെ ട്രസ്റ്റിയുമാണ്. MAUSAM ന്റെ പ്രതിനിധിയായിട്ടാണ് COP 27 സമ്മേളനത്തിൽ സൗമ്യ ദത്ത് പങ്കെടുക്കുന്നത്. COP 27 ൽ ന‌ടന്ന ചർച്ചകളെ വിലയിരുത്തിക്കൊണ്ട് സൗമ്യ ദത്ത് പ്രതീക്ഷകളും ആശങ്കകളും പങ്കുവയ്ക്കുന്നു.

“നാശനഷ്ടങ്ങൾക്കുള്ള ഫണ്ട് (Loss and Damage) എന്ന ചരിത്രപരമായ തീരുമാനത്തോടെ COP 27 അവസാനിച്ചു. കാലാവസ്ഥാ നീതിക്കും ദുരന്ത ലഘൂകരണത്തിനും വേണ്ടിയുള്ള പോരാട്ടത്തിൽ നമുക്ക് ഒരുമിച്ചു നിൽക്കാം, നമ്മുടെ ജീവിതത്തിനുവേണ്ടിയുള്ള ഈ യുദ്ധത്തിൽ നമുക്ക് ജയിക്കാനാകും, ജയിക്കണം.” COP 27 സമാപന പ്രസംഗത്തിൽ യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസിന്റെ വാക്കുകളാണിത്. റിയോ ഉച്ചകോടി, ക്യോട്ടോ പ്രോട്ടോകോൾ, കൊപ്പെൻ ഹേഗൻ, പാരീസ്, കഴിഞ്ഞ വർഷം ഗ്ലാസ്‌ഗോ. ഇങ്ങനെ ഏറെ പ്രതീക്ഷകളോടെ ലോകം ഉറ്റുനോക്കിയ കാലാവസ്ഥാ ഉച്ചകോടികൾ പലതും ബാക്കി വച്ചത് വലിയ നിരാശകളും പ്രതിസന്ധികളും ആയിരുന്നു. ഇപ്പോൾ ഇരുപത്തിയേഴാമത് അന്താരാഷ്ട്ര കാലാവസ്ഥാ സമ്മേളനം ഈജിപ്തിൽ അവസാനിച്ചിരിക്കുന്നു. ഏകദേശം 30 വർഷങ്ങൾക്ക് മുൻപ് തുടങ്ങിയ ചർച്ചകൾ എവിടെയെത്തിനിൽക്കുന്നു എന്നാണു തോന്നുന്നത് ?

കഴിഞ്ഞ മുപ്പതു വർഷത്തെ ചർച്ചകൾ പരിഗണിക്കുമ്പോൾ ചെറിയ പുരോഗതി മാത്രമേ കൈവരിക്കാൻ പറ്റിയിട്ടുള്ളൂ എന്ന് കാണാൻ കഴിയും. ഈ കാലയളവിനുള്ളിൽ കാലാവസ്ഥ അതിവേഗം മാറുകയും അതിന്റെ ദുരിതങ്ങൾ ഭൂമുഖത്താകെ പ്രകടമാവുകയും ചെയ്തിട്ടുണ്ട്. അതേസമയം ചില കാര്യങ്ങളിൽ ചെറിയ പുരോഗതികൾ ഉണ്ടായതായി കാണാം. COP 15 മുതൽ തുടർച്ചയായി എല്ലാ സമ്മേളനങ്ങളിലും ഞാൻ പങ്കെടുത്തിട്ടുണ്ട്. എന്നെപ്പോലുള്ള പലരും ഈ രീതിയിൽ നടക്കുന്നൊരു സമ്മേളനത്തിൽ ഒരുപാട് സമയവും പണവുമൊക്കെ ചെലവഴിച്ചു പങ്കെടുക്കേണ്ടതുണ്ടോയെന്ന് പലവട്ടം ആലോചിച്ചു തുടങ്ങിയിട്ടുണ്ട്. പങ്കെടുക്കാതെ മാറി നിന്നാൽ, ചില പ്രധാന കാര്യങ്ങളിൽ അഭിപ്രായവും എതിർപ്പും പ്രകടിപ്പിക്കാനുള്ള അവസരം നഷ്ടമാവുമെന്ന ചിന്തയുമുണ്ട്. പല രാജ്യങ്ങളിലെയും പൊതുപ്രവർത്തകരും സിവിൽ സൊസൈറ്റികളും നടത്തുന്ന ഇടപെടൽ കാരണം ചില മാറ്റങ്ങൾ ഉണ്ടാക്കാൻ കഴിഞ്ഞിട്ടുണ്ടെന്നത് ഒരു വസ്തുതയാണ്. 2009 ൽ നടന്ന കൊപ്പെൻ ഹേഗൻ ഉച്ചകോടിയോടെ അതുവരെ കാലാവസ്ഥ ഭരണസംവിധാനത്തെ നിയന്ത്രിച്ചിരുന്ന പൊതുതത്വം, ‘പൊതുവായതും എന്നാൽ വ്യത്യസ്തങ്ങൾക്കനുസൃതവുമായ ഉത്തരവാദിത്തവും കഴിവും’ (Common but Differentiated Responsibilities and Respective Capacities – CDBR RC ) പരിഗണിച്ചുകൊണ്ടുള്ള തത്വം അട്ടിമറിക്കപെടുകയായിരുന്നു. ആഗോള താപനത്തിനു കാരണക്കാരായ വികസിത രാഷ്ടങ്ങൾക്കു കൂടുതൽ ഉത്തരവാദിത്തം നൽകുന്ന തത്വമായിരുന്നു അത്. ഇപ്പോൾ നിലവിലുള്ള വാഗ്ദാനവും അവലോകനവും (Pledge and Review ) ഒരു രാഷ്ടത്തിനും നിയമപരമായ ബാധ്യതയില്ലാത്ത തരത്തിലുള്ളതാണ് എന്നത് വലിയ ബലഹീനതയാണ്. വികസിത രാഷ്ട്രങ്ങളും വികസ്വര രാഷ്ടങ്ങളും ഒന്നുചേർന്ന് കാർബൺ പുറന്തള്ളലിന് ഒരു പരിധി ഉണ്ടെന്നും അത് ലംഘിച്ചാൽ ഗുരുതര പ്രത്യാഘാതകൾ ഉണ്ടാകുമെന്നും അംഗീകരിച്ചുവെന്നതാണ് പാരീസ് സമ്മേളനത്തിന്റെ പ്രസക്തി. അങ്ങനെയാണ് താപനിലയിലുള്ള വർധന 1.5 ഡിഗ്രിയിൽ നിർത്താനുള്ള തീരുമാനം ഉണ്ടാകുന്നത്. വികസിത രാഷ്ടങ്ങൾ ഓരോ വർഷവും100 ബില്യൺ ഡോളർ കാലാവസ്ഥ പ്രതിരോധനത്തിനായി വികസ്വര രാഷ്ടങ്ങൾക്കു നൽകാൻ തീരുമാനിച്ചത് ഈ സമ്മേളനത്തിലായിരുന്നു. എന്നാൽ പാരീസ് സമ്മേളനത്തിനു ശേഷം കാര്യമായ പുരോഗതി ഉണ്ടായില്ലെന്ന് പറയാം. എന്നാൽ ചില രാഷ്ട്രങ്ങൾ ഹരിതഗൃഹ വാതകങ്ങളുടെ പുറംതള്ളൽ കുറച്ചതായും നമുക്ക് കാണാൻ കഴിയും. കഴിഞ്ഞ വർഷം ഗ്ലാസ്ഗോയിൽ വച്ച് നടന്ന സമ്മേളനത്തിലാണ് ആദ്യമായി ഖനിജ ഇന്ധനങ്ങളെക്കുറിച്ചുള്ള പരാമർശം ഔദ്യോഗികമായി ഉണ്ടാകുന്നത്. അതുപോലെ 2030 ആവുമ്പോഴേക്കും മീഥെയിൻ ഉദ്‌വമനം 30 ശതമാനം കുറക്കാനുള്ള മീഥേൻ പ്ലെഡ്‌ജും (Methane Pledge ) ഒരു നേട്ടമായി കണക്കാകാം. വനനശീകരണമില്ലാതെ നോക്കാനും വനവൽക്കരണത്തിനായി ഫണ്ട് കണ്ടെത്താനുള്ള തീരുമാനവും കഴിഞ്ഞ വർഷത്തെ ഒരു നേട്ടമായി കണക്കാക്കാം.

സൗമ്യ ദത്ത് കോപ് 27 ൽ

കാലാവസ്ഥാ വ്യതിയാനത്തിന് ഉത്തരവാദികളായ വികസിത രാഷ്ട്രങ്ങൾ മറ്റു രാജ്യങ്ങൾക്ക് നഷ്ട പരിഹാരം നൽകാൻ (Loss and Damage ) തത്വത്തിൽ അംഗീകരിച്ചെങ്കിലും അത് സംബന്ധിച്ചു ഒരുപാട് ആശങ്കകൾ നിലനിൽക്കുന്നില്ലേ? 2010 ലെ കാൻകൂൺ സമ്മേളനത്തിൽ വച്ച്
ദുരന്ത ലഘൂകരണത്തിനും പൊരുത്തപ്പെടലിനും (mitigation and adaptation) വേണ്ടി 2020 മുതൽ ഓരോ വർഷവും വികസിത രാഷ്ട്രങ്ങൾ 100 ബില്യൺ ഡോളർ ചെലവഴിക്കാം എന്ന വാഗ്ദാനം ശരിയായി നടക്കുന്നില്ല എന്നുള്ള യാഥാർഥ്യം നമ്മുടെ മുൻപിലുണ്ടല്ലോ
?

ഗ്രീൻ ക്ലൈമറ്റ് ഫണ്ട് (GCF) വഴി വികസിത രാഷ്ടങ്ങൾ അവർ വാഗ്ദാനം ചെയ്ത തുക ചെലവഴിച്ചിട്ടില്ല എന്നത് യാഥാർഥ്യമാണ്. ചില സിവിൽ സൊസൈറ്റി സംഘടനകളുടെ കണക്കുപ്രകാരം 2019 മുതൽ 2021 വരെ പലിശ നിരക്ക് കുറഞ്ഞ ലോണായും ഗ്രാന്റായും 28-32 ബില്യൺ ഡോളർ ഓരോ വർഷവും ചെലവഴിച്ചതായി കണക്കാക്കപ്പെടുന്നു. വികസിത രാഷ്ടങ്ങളുടെ കണക്കു അതിലും വളരെ കൂടുതലാണ്. അത് ശരിയാകാനും സാധ്യതയില്ല. 2022 ലെ കണക്ക് ഇപ്പോൾ ലഭ്യമല്ല. ഇതിൽ നല്ല ഒരു തുകയും കാലാവസ്ഥാ വ്യതിയാനത്തിന്റെ ആഘാതം കുറയ്ക്കാനായി സൗരോർജ പദ്ധതികൾക്കായി വലിയ കമ്പനികൾ വഴി ചെലവഴിച്ചുവെന്നാണ് കണക്കാക്കുന്നത്. അതായത് ക്ലൈമറ്റ് ഫിനാൻസ് വഴി ചെലവഴിക്കുന്ന തുകയുടെ വളരെ ചെറിയ ഭാഗം മാത്രമേ ദുരിത ബാധിതരായ ജനങ്ങൾക്ക് നേരിട്ട് ലഭിക്കുന്നുള്ളൂ.

കാലാവസ്ഥാ വ്യതിയാനത്തിന്റെ ദുരിത ബാധിതർക്കായുള്ള നഷ്ട പരിഹാരത്തിനായുള്ള ആവശ്യം കുറെ വർഷങ്ങളായി ചർച്ച ചെയ്തുകൊണ്ടിരിക്കുന്ന ഒരു കാര്യമാണ്. ദരിദ്ര രാഷ്ട്രങ്ങൾക്ക് അത് നൽകാൻ വികസിത രാഷ്ട്രങ്ങൾ വിമുഖത കാണിക്കുകയായിരുന്നു ഇതുവരെ. പല രീതിയിലുള്ള സഹായങ്ങൾക്ക് അവർ സന്നദ്ധമായിരുന്നെങ്കിലും നഷ്ടപരിഹാരം എന്ന ആശയത്തോട് അവർ വിയോജിക്കുകയായിരുന്നു. അത് കാലാവസ്ഥാ പ്രതിസന്ധിയുടെ ഉത്തരവാദിത്തം തങ്ങൾ ഏറ്റെടുക്കുന്നതിന് തുല്യമാവുമെന്നു അവർക്കറിയാമായിരുന്നു. ഈ വർഷം കാര്യമായ തീരുമാനങ്ങളൊന്നുമില്ലാതെ COP 27 വലിയ പരാജയമാകാൻ പോകുന്നതിന്റെ അവസാന സമയത്താണ് സമ്മേളനം രണ്ടു ദിവസം നീട്ടിവയ്ക്കുന്നതും നഷ്ടപരിഹാര ഫണ്ടിനെപ്പറ്റി (Loss and Damage Fund) ചർച്ച ചെയ്യാൻ വികസിത രാഷ്ടങ്ങൾ തയ്യാറായതും അതിനുള്ള ഫണ്ട് കണ്ടെത്താം എന്നുള്ള തീരുമാനത്തിൽ എത്തുന്നതും. അത് എങ്ങനെ നടക്കും, എന്തായിരിക്കും അതിന്റെ പ്രവർത്തനരീതികൾ എന്നൊക്കെ അടുത്ത വർഷം ദുബായിൽ വച്ച് നടക്കുന്ന COP 28 ൽ വച്ചായിരിക്കും തീരുമാനിക്കുക. ഇതിനെ വലിയ നേട്ടമായി ചില രാജ്യങ്ങളും സംഘടനകളും വിശേഷിപ്പിക്കുന്നുണ്ട്. എങ്കിലും ക്ലൈമറ്റ് ഫിനാൻസ് ചരിത്രം അത്ര പ്രതീക്ഷ നൽകുന്നതല്ല. പ്രത്യേകിച്ച് നഷ്ടപരിഹാരമായി നൽകുന്ന തുക എങ്ങനെ ആര് വിനിയോഗിക്കും എന്നതിനെക്കുറിച്ചൊന്നും നമുക്ക് ഇപ്പോൾ വ്യക്തതയില്ല. ഏതു സ്ഥാപനം ആയിരിക്കും ഇതിനു മേൽനോട്ടം വഹിക്കുക, എങ്ങനെയായിരിക്കും സഹായം നൽകാനുള്ള രാഷ്ട്രങ്ങളെ തെരഞ്ഞെടുക്കുക, എത്ര തുക ഓരോ രാഷ്ട്രങ്ങൾക്കും ലഭിക്കും തുടങ്ങിയ കാര്യങ്ങളുടെ വ്യക്തത അടുത്ത വർഷം മാത്രമേ അറിയാൻ കഴിയുള്ളൂ. പിന്നെയും രണ്ടു വർഷമെങ്കിലുമെടുക്കും അത് നടപ്പാക്കാൻ. എന്തായാലും വികസിത രാഷ്ട്രങ്ങൾക്കൊപ്പം ചൈനയും വൻ തോതിൽ എണ്ണ ഉൽപ്പാദിപ്പിക്കുന്ന രാഷ്ട്രങ്ങളും ഈ തുകയിൽ പങ്കുനൽകാൻ സാധ്യതയുണ്ട്. എന്നാൽ മാത്രമേ അവർക്കു അവരുടെ ബിസിനസ് തടസ്സങ്ങളില്ലാതെ തുടരാൻ കഴിയൂ.

കഴിഞ്ഞ വർഷത്തെ ഗ്ലാസ്‌ഗോ ഉച്ചകോടിയിലാണ് ആദ്യമായി ഹരിതഗൃഹ വാതകങ്ങളുടെ മുഖ്യ ഉറവിടം ഫോസിൽ ഇന്ധനങ്ങളായി ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെട്ടത്. കൂടാതെ വലിയ കാർബൺ പുറംതള്ളലിന് കാരണമാകുന്ന കൽക്കരി ഉപയോഗം ഘട്ടം ഘട്ടമായി കുറച്ചു കൊണ്ടുവരുവാനും (Phase Down) തീരുമാനം ഉണ്ടായിരുന്നു. എന്നാൽ ഇതുപോലുള്ള തീരുമാനം ഈ വർഷം പെട്രോളിയം ഉല്പന്നങ്ങളുടെ കാര്യത്തിൽ ഉണ്ടാകാത്തത് വലിയ തിരിച്ചടിയല്ലേ?

ഫോസിൽ ഇന്ധനങ്ങളാണ് താപനില കൂട്ടുന്നതിന് കാരണമെന്ന് ഔദ്യോഗികമായി കാലാവസ്ഥ സമ്മേളനം ആദ്യമായി രേഖപ്പെടുത്തുന്നത് കഴിഞ്ഞ വർഷമാണ്. ഇന്ത്യയും ചൈനയും കഴിഞ്ഞ വർഷം കൽക്കരി ഘട്ടം ഘട്ടമായി നിർത്താനുള്ള (phase out) നിർദ്ദേശത്തെ ശക്തമായി എതിർക്കുകയും ഘട്ടം ഘട്ടമായി കുറയ്ക്കാൻ (Phase down) വേണ്ടി വാദിക്കുകയും അതിൽ വിജയിക്കുകയുമായിരുന്നു. എന്നാൽ ഈ വർഷം വളരെ അത്ഭുതപ്പെടുത്തുന്ന നിലപാട് ഇന്ത്യയെടുത്തു. മറ്റു പല രാഷ്ട്രങ്ങൾക്കുമൊപ്പം എല്ലാ ഫോസിൽ ഇന്ധങ്ങളുടെയും ഘട്ടം ഘട്ടമായുള്ള നിർത്തലിനുവേണ്ടി (Phase Out) ഇന്ത്യ വാദിച്ചു. എന്നാൽ വികസിത രാഷ്ടങ്ങൾ ഈ നിർദ്ദേശം അംഗീകരിച്ചില്ല. ഏറ്റവും ശക്തമായി എതിർത്തത് സൗദി അറേബ്യയായിരുന്നു. അവസാനം മുഴുവൻ ഫോസിൽ ഇന്ധനങ്ങളുടെയും ഉപയോഗം ഘട്ടംഘട്ടമായി കുറയ്ക്കുന്നതും നിർത്തുന്നതും സംബന്ധിച്ച ഔദ്യോഗിക രേഖകളില്ലാതെ സമ്മേളനം അവസാനിച്ചു എന്നത് വലിയൊരു തിരിച്ചടി തന്നെയാണ്.

അതായത് ഇനി 1.5 ഡിഗ്രിയിൽ കൂടാതെ തപാനില നിയന്ത്രിക്കാൻ പറ്റുമെന്നുള്ള പ്രതീക്ഷയ്ക്ക് യാതൊരു അടിസ്ഥാനവുമില്ലെന്ന് കൂടിയല്ലേ?

ശാസ്ത്രത്തിന്റെ ഒരു നിഗമനം ആണ് 1.5 ഡിഗ്രി എന്ന കണക്ക്. അതെന്തായാലും ഇനി സാധ്യമാവുകയില്ല. 2040 ആവുമ്പോഴേക്കും വ്യാവസായിക യുഗത്തിന് മുമ്പുള്ളതിലും 1.5 ഡിഗ്രി കൂടാൻ തന്നെയാണ് സാധ്യത. അല്ലെങ്കിൽ വലിയ അത്ഭുതങ്ങൾ സംഭവിക്കണം. ഇപ്പോൾ 420 ppm എന്ന നിലയിലുള്ള കാർബൺ അളവ് മാത്രമല്ല ഇപ്പോഴത്തെ പ്രശ്നങ്ങൾക്ക് കാരണം. പ്രകൃതിയിൽ Natural feedback system ഉണ്ട്. അതിന്റെ ഫലമായി നേരത്തെയുണ്ടായ താപനിലയിലെ വർധനവിന്റെ തുടർച്ചയായി ഉണ്ടായ പാരിസ്ഥിതിക പ്രതികരണങ്ങളുടെ തുടർ ഫലങ്ങൾ കൂടിയാണ് നമ്മളിപ്പോൾ അനുഭവിച്ചുകൊണ്ടിരിക്കുന്നത്. നമ്മൾ കൂടുതൽ കാലാവസ്ഥ ദുരന്തങ്ങൾ പ്രതീക്ഷിക്കുകയും തയാറെടുക്കുകയും ചെയ്യേണ്ടിരയിരിക്കുന്നു. ഇനി 1.5 ഡിഗ്രിയിൽ താഴെ താപനില വർധന നിലനിർത്തിയാലും പല ദ്വീപ് രാഷ്ട്രങ്ങളും വെള്ളത്തിന് അടിയിൽ പോകാൻ തന്നെയാണ് സാധ്യത. കേരളം മുതൽ ഗുജറാത്ത് വരെയുള്ള അറേബ്യൻ കടൽ മേഖല 20 വർഷം മുൻപ് തന്നെ സൈക്ലോൺ മേഖലയായി മാറി. കൂടാതെ 1.5 ഡിഗ്രി എന്നത് ഗ്ലോബൽ ആവറേജാണ്. ഒരു ഡിഗ്രി കൂടിയാൽ തന്നെ വടക്കൻ ലാറ്റിട്യൂഡിൽ വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും. അപ്പർ ഹിമാലയത്തിൽ ഇപ്പോൾ തന്നെ 1.5 ഡിഗ്രി കൂടിക്കഴിഞ്ഞു. മിന്നൽ പ്രളയങ്ങളും മഞ്ഞുരുകലും ഒക്കെ ഇപ്പോൾ തന്നെ വർധിച്ചുകഴിഞ്ഞു.

കഴിഞ്ഞ വർഷം വൻ എണ്ണകമ്പനികൾ നിയന്ത്രിച്ച COP26 നമ്മൾ കണ്ടു. ആഗോളതലത്തിൽ പ്ലാസ്റ്റിക്ക് മലിനീകരണവും ജല ചൂഷണവും നടത്തുന്ന കൊക്കോകോള കമ്പനി ഈ വർഷം സ്പോൺസറായി എത്തുന്നു. കാലാവസ്ഥാ വ്യതിയാനത്തെ ആദ്യം നിഷേധിക്കുകയും പിന്നീട് കാലാവസ്ഥാ നയം വൈകിപ്പിക്കുകയും ഇപ്പോൾ തന്ത്രങ്ങളും സ്വാധീനവും ഉപയോഗിച്ച് യഥാർത്ഥ കാലാവസ്ഥാ പരിഹാരങ്ങളിൽ വെള്ളം ചേർക്കുകയും ചെയ്യുന്ന ലോബികളായി അവർ മാറിയിരിക്കുകയാണല്ലോ. എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്? ഈ ദുരന്തങ്ങളുടെ കാരണക്കാരുടെ നിയന്ത്രണത്തിൽ നിന്നും കാലാവസ്ഥ സമ്മേളനങ്ങൾ സ്വതന്ത്രമാക്കാൻ എന്തുകൊണ്ടാണ് കഴിയാത്തത്?

ഈ കമ്പനികൾ ഒക്കെ വൻ സാമ്പത്തിക ശക്തികൾ ആണെന്നത് തന്നെയാണ് ഒന്നാമത്തെ കാരണം. ഓരോ രാജ്യങ്ങളിലും അവർക്ക് അധികാര കേന്ദ്രങ്ങളിൽ സ്വാധീനം ഉണ്ട്. എല്ലാ സർക്കാരുകളും നമ്മൾ എതിർക്കുന്ന സാമ്പത്തിക വ്യവസ്ഥയ്ക്ക് അകത്താണ് പ്രവർത്തിക്കുന്നത്. അവിടെ വൻ കമ്പനികൾക്ക് അഴിമതികൊണ്ടു ഉണ്ടാകുന്ന സ്വാധീനം മാത്രമല്ല. എല്ലാ സർക്കാരുകളും നിരന്തര വളർച്ചയിൽ അധിഷ്ഠിതമായ സാമ്പത്തിക ക്രമത്തിനകത്താണ് നിലനിൽക്കുന്നത് എന്നത് തന്നെയാണ് പ്രധാനം കാരണം. അതിന് ഇത്തരം വൻ കോർപ്പറേറ്റുകളുടെ സഹായം ആവശ്യമാണ്. എന്നാൽ മാത്രമേ ജി.ഡി.പി വളർച്ച സാധ്യമാവുകയുള്ളൂ. ശക്തമായ ജനകീയ മുന്നേറ്റങ്ങൾ ഉണ്ടാവുന്ന സ്ഥലങ്ങളിൽ മാത്രമേ സർക്കാരുകൾ കോർപ്പറേറ്റുകൾക്ക് പൂർണ്ണമായും കീഴടങ്ങാത്ത നിലപാടുകൾ സ്വീകരിക്കുന്നുള്ളൂ എന്നതാണ് യാഥാർഥ്യം. ചില യൂറോപ്പ്യൻ രാജ്യങ്ങളിൽ ഇത് വളരെ ശക്തമായി നടക്കുന്നുണ്ട്. ആളുകൾ തെരുവിൽ ഇറങ്ങി പ്രതിഷേധിക്കുന്നത് കാര്യങ്ങളെ ഗുണപരമായി സ്വാധീനിക്കുന്നു. മാത്രവുമല്ല നമ്മൾ ഇന്ന് അഭിമുഖീകരിക്കുന്ന പ്രശ്ങ്ങൾ എളുപ്പത്തിൽ പരിഹരിക്കാൻ കഴിയുന്നതുമല്ല. ഓസോൺ പാളിയിലെ വിള്ളൽ കുറച്ചതു പോലെ എളുപ്പം അല്ല ഇത്. ഊർജ മേഖലയാണ് മുഴുവൻ കാര്യങ്ങളെയും നിയന്ത്രിക്കുന്നത് എന്ന് നമുക്കറിയാം. അതിൽ മാറ്റങ്ങൾ വരുത്തുക വളരെ സങ്കീർണ്ണമായ കാര്യം തന്നെയാണ്. ഊർജ വിനിയോഗം കൂട്ടിയാണ് എല്ലാ വികസന പ്രവർത്തനവും കുറെ കാലങ്ങളായി നടത്തിക്കൊണ്ടിരിക്കുന്നത്. അതിന് വിഘാതമാകുന്ന നടപടികൾ എടുക്കാൻ സർക്കാരുകൾക്ക് എളുപ്പം കഴിയില്ല. പുതുക്കാവുന്ന ഊർജ സ്രോതസുകളിലേക്കുള്ള മാറ്റം ഒറ്റയടിക്ക് സാധ്യമാവുന്ന ഒന്നുമല്ല. അപ്പോൾ എങ്ങനെയൊരു മാറ്റം കൊണ്ടുവരുമെന്നതിനെക്കുറിച്ച് ആർക്കും വലിയ ധാരണയില്ല എന്നതാണ് സത്യം. പെട്ടെന്ന് കഴിഞ്ഞ 150 -200 വർഷങ്ങളായി ഉപയോഗിച്ച് കൊണ്ടിരിക്കുന്ന ഊർജ സംവിധാനങ്ങൾ നിർത്തിവച്ചാലുണ്ടാകുന്ന സാഹചര്യം നമുക്ക് ഊഹിക്കാൻ കഴിയുന്നതിനുമപ്പുറമാണ്. വലിയ സാമ്പത്തിക സ്ഥാപനങ്ങളടക്കം വൻ മുതൽ മുടക്കു നടത്തിയിരിക്കുന്ന ഒന്നാണ് ഊർജ മേഖല. അതിൽ നിന്ന് അവർക്ക് എളുപ്പത്തിൽ പിൻവാങ്ങാൻ കഴിയില്ല. അതാണ് നിലനിൽക്കുന്ന സംവിധാനങ്ങൾ പരമാവധി തുടർന്നുകൊണ്ടുപോകാനവർ ശ്രമിക്കുന്നത്. യൂറോപ്പിൽ ശീതകാലത്തു കൽക്കരി ഖനനം നിർത്തിവച്ച് വൈദ്യുതി മുടങ്ങിയാലുണ്ടാവുന്ന അവസ്ഥ ആലോചിച്ചു നോക്കൂ. വർഷങ്ങളായി അവർ ഉപയോഗിക്കുന്ന ഊർജ സ്രോതസ്സുകളിൽ നിന്നും വേറൊന്നിലേക്കവർക്ക് പെട്ടെന്ന് മാറാൻ കഴിയില്ല എന്നത് യാഥാർഥ്യമാണ്. മാറുന്നത് വരെ എങ്ങനെ അവർ തങ്ങളുടെ ആവശ്യങ്ങൾ പൂർത്തീകരിക്കുമെന്നതും വലിയ ചോദ്യം തന്നെയാണ്. കുറച്ചു വർഷങ്ങൾക്ക് മുൻപ് സർക്കാരുകൾ ഫോസിൽ ഇന്ധനകളിൽ നിന്നും ക്രമേണ മാറിയിരുന്നെകിൽ ഇത്രയും സങ്കീർണ്ണമായ അവസ്ഥ ഉണ്ടാകില്ലായിരുന്നു. 30- 40 ശതമാനം ഊർജമിപ്പോൾ ഫോസിലിതര സ്രോതസ്സുകളിൽ നിന്നും ഉൽപ്പാദിപ്പിക്കാൻ കഴിഞ്ഞേനെ. ഇപ്പോൾ ഫോസിൽ ഊർജ സംവിധാങ്ങൾ ആഴത്തിൽ ജീവിതത്തിന്റെ ഭാഗമായി മാറിയിരിക്കുന്നു. മാത്രവുമല്ല കാലാവസ്ഥാ ഉച്ചകോടികൾ സംഘടിപ്പിക്കുന്ന രാജ്യങ്ങൾക്കും സാമ്പത്തിക ആവശ്യങ്ങളുണ്ട്. സ്വാഭാവികമായും അത് നൽകാൻ കഴിയുന്നതു വലിയ കോപ്പറേഷനുകൾക്കാണ്. അങ്ങനെ കൊക്കക്കോള പോലുള്ള കമ്പനികൾ സമ്മേളന വേദികളിലെ സാന്നിധ്യങ്ങളാവുകയും കാര്യങ്ങൾ നിയന്ത്രിക്കുകയും ചെയ്യുന്നു. പണത്താൽ നിയന്ത്രിക്കപ്പെടുന്ന ഒരു വ്യവസ്ഥയിൽ ഇതിൽക്കൂടുതൽ എന്ത് പ്രതീക്ഷിക്കാൻ? കൂടാതെ അത്തരം കമ്പനികൾക്ക് ഗ്രീൻ വാഷിംഗിനുള്ള ഒരു അവസരം കൂടിയായി അത് മാറുന്നു. നമ്മുടെ സമ്പദ് വ്യവസ്ഥ മാറാത്തിടത്തോളം കാലം ഇത്തരം കാര്യങ്ങൾ ആവർത്തിച്ചുകൊണ്ടിരിക്കും.

കടപ്പാട്: www.discovermagazine.com

ലോകബാങ്ക് പോലുള്ള ബഹുമുഖ വികസന ബാങ്കുകളുടെയും അന്താരാഷ്ട്ര നാണയ നിധി പോലെയുള്ള ആഗോള ധനകാര്യ സ്ഥാപനങ്ങളുടെയും സാമ്പത്തിക നിക്ഷേപം കാലാവസ്ഥ ഫണ്ടിങ്ങിനായി കൂടി നീക്കിവയ്ക്കാനുള്ള തീരുമാനം ഉണ്ടായതായി അറിയാൻ കഴിഞ്ഞു. ബഹുമുഖ വികസന ബാങ്കുകളുടെയും അന്താരാഷ്ട്ര ധനകാര്യ സ്ഥാപനങ്ങളുടെയും ബിസിനസ് മോഡലുകൾ മാറ്റുന്നത് സാമ്പത്തിക പരിമിതികളാൽ ബുദ്ധിമുട്ടുന്ന ദരിദ്ര രാജ്യങ്ങൾക്കു ഗുണകരമായി മാറുമെന്ന് കരുതുന്നുണ്ടോ?

ഇത് അത്ര പുതിയ കാര്യമല്ല. നേരത്തെ തന്നെ വേൾഡ് ബാങ്ക് പോലുള്ള സാമ്പത്തിക സ്ഥാപനങ്ങൾ കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഇത്തരം നടപടികൾക്കായി ആഹ്വാനം ചെയ്യുന്നുണ്ട്. അവർ മുതലാളിത്ത സമ്പദ് വ്യവസ്ഥ മാറ്റണമെന്നല്ല ആവശ്യപ്പെടുന്നത്, ഇപ്പോഴത്തെ പ്രതിസന്ധിയിൽ സ്ഥാപനങ്ങൾ ഇടപെടണമെന്നാണ്. ഇത്തരം സ്ഥാപനങ്ങളുടെ നിക്ഷേപം പുതുക്കാവുന്ന ഊർജ സ്രോതസ്സുകൾക്കുവേണ്ടി ചെലവഴിക്കുന്നത് ഒരർത്ഥത്തിൽ നല്ലതാണ്. പക്ഷെ ആ പണം ജനങ്ങളെ സഹായിക്കുമോ അതോ വൻ കമ്പനികളെ സഹായിക്കുമോ എന്നതാണ് പ്രശ്നം. ഈ പണം അദാനിയുടെയും ടാറ്റയുടെയും സൗരോർജ പ്രോജെക്ടിലേക്കു പോകാനുള്ള സാധ്യതയാണുള്ളത്. അതുപോലെ ഒരുപാട് പണം ചൈനയിലെ കമ്പനികളിൽ സൗരോർജ്ജത്തിനായി പോയി കഴിഞ്ഞു. ഇപ്പോൾ പടിഞ്ഞാറൻ രാജ്യങ്ങൾ നോക്കുന്നത് മറ്റു രാജ്യങ്ങളിൽ നിക്ഷേപം നടത്താനും ആ രാജ്യങ്ങളെ അവരുടെ സ്വാധീനത്തിൽ വരുത്താനുമാണ്. ചൈനയുമായി ഒരു സാമ്പത്തിക യുദ്ധം യഥാർത്ഥത്തിൽ നടക്കുന്നുണ്ട്. ഇതിനിടയിൽ നമ്മൾ ശ്രദ്ധിക്കേണ്ടൊരു കാര്യം, പല പുതിയ ഊർജ്ജ പദ്ധതികളും സാധാരണ മനുഷ്യരുടെ ജീവിതത്തെ ബാധിച്ചു തുടങ്ങിയിരിക്കുന്നു എന്നതാണ്. ഇന്ത്യയിലെ തന്നെ പല സൗരോർജ്ജ പദ്ധതികളും ഗ്രാമങ്ങളിലെ മനുഷ്യരെ കൂടിയൊഴിപ്പിച്ചും അവരുടെ ആവാസവ്യവസ്ഥകളെ ഇല്ലാതാക്കിയുമാണ് നടക്കുന്നത്. രാജസ്ഥാനിൽ അടുത്തകാലത്ത് ഞങ്ങൾ നടത്തിയ ഒരു പഠനത്തിൽ കാറ്റാടി യന്ത്രങ്ങളുടെ ശബദം കാരണം തങ്ങൾക്കുറങ്ങാൻ പോലും കഴിയുന്നില്ലെന്ന് ഗ്രാമവാസികൾ പറഞ്ഞിരുന്നു. ഏത് പ്രോജെക്ടിനും ചില മോശം പ്രഭാവമുണ്ടാകും. പക്ഷെ അതിനെപ്പോഴും ഇരയാകുന്നത് സമൂഹത്തിലെ അടിത്തട്ടിലെ ജനവിഭാഗങ്ങളാണ് എന്നതാണ് പ്രശ്നം.
അതുകൊണ്ട് ഇപ്പോഴത്തെ വ്യവസ്ഥയിൽ ബദൽ ഊർജ്ജ നിക്ഷേപങ്ങൾ നടക്കുമ്പോഴും സാമൂഹ്യനീതി അവഗണിക്കപ്പെടുന്നുവെന്നതാണ് ഇത്തരം വലിയ സാമ്പത്തിക സ്ഥാപനങ്ങളുടെ നിക്ഷേപം വരുമ്പോൾ നമ്മളെ ആശങ്കപ്പെടുത്തുന്ന കാര്യം.

ഗ്രീൻ ഫിനാൻസ് എന്ന് വിളിക്കുന്ന ഇത്തരം വലിയ സാമ്പത്തിക നിക്ഷേപങ്ങൾ വരുമ്പോൾ ജനങ്ങൾക്ക് യാതൊരു നിയന്ത്രണവും അതിലില്ല. എങ്കിൽ ഇപ്പോൾ തന്നെ കാലാവസ്ഥ പ്രതിസന്ധിയുടെ ഇരകളായ സാധാരണ മനുഷ്യർ വീണ്ടും പരിഹാര മാർഗങ്ങളായി നിലവിൽ കരുതുന്ന പദ്ധതികളുടെ ഇരകളായി തീരുന്ന അവസ്ഥയല്ലേ ഉണ്ടാവുക?

ഗ്രീൻ ഫിനാൻസ് നേരിട്ട് കമ്മ്യൂണിറ്റികളിലേക്കു പോകുന്നത് വളരെ അപൂർവ്വമായിട്ടായിരിക്കും. സർക്കാരുകളോ വൻ കമ്പനികളോ ആയിരിക്കും ഈ ഫണ്ട് സ്വീകരിച്ചു പ്രവർത്തിക്കാൻ പോവുന്നത്. ജനാധിപത്യരീതിയിൽ പ്രവർത്തിക്കുന്ന സർക്കാരുകൾ ആണെകിൽ അത് ജനകീയ പങ്കാളിത്തത്തോടെ നടത്തും. മഹാരാഷ്ട്ര, ഒഡീസ, ആന്ധ്രാ പ്രദേശ് തുടങ്ങി നാല് സംസ്ഥാനങ്ങളിൽ തീരദേശ ജനതയെ കാലാവസ്ഥ ആഘാതത്തിൽ നിന്നും സംരക്ഷിക്കാനുള്ള ഗ്രീൻ ക്ലൈമറ്റ് ഫണ്ട് (GCF) വഴിയുള്ള പദ്ധതി നടക്കുന്നുണ്ടായിരുന്നു. ഈ സംസ്ഥാങ്ങളിലെ സർക്കാരുകളിലേക്കാണ് പണം പോകുന്നത്. സംസ്ഥാന സർക്കാരുകൾക്കാണ് അത് എങ്ങനെ വിനിയോഗിക്കണം എന്ന് തീരുമാനിക്കാൻ കഴിയുക. GCF നു അത് നേരിട്ട് തീരുമാനിക്കാൻ കഴിയില്ല.

കാലാവസ്ഥാ സമ്മേളനം എല്ലാവർഷവും സന്നദ്ധ സംഘടനകളും വ്യക്തികളും നടത്തുന്ന പ്രതിഷേധങ്ങൾക്കു കൂടി വേദിയാകാറുണ്ട്. പല പ്രതിഷേധങ്ങളും നയപരമായ തീരുമാനങ്ങളെ സ്വാധീനിക്കാറുമുണ്ട്, ഈ വർഷത്തെ COP 27 മനുഷ്യാവകാശ പ്രക്ഷോഭങ്ങളെ അടിച്ചമർത്തുന്ന ഒരു ഭരണകൂടമുള്ള ഈജിപ്തിൽ നടത്താൻ തീരുമാനിച്ചത് ഇത്തരം പ്രതിഷേധങ്ങളെ നിയന്ത്രിക്കാനുള്ള ബോധപൂർവ്വമായ ശ്രമത്തിന്റെ ഭാഗമായിരുന്നോ?

അതിനെ അങ്ങനെ കാണാൻ പറ്റില്ല. രാജ്യങ്ങൾ സ്വയം സന്നദ്ധമായിട്ടാണ് കാലാവസ്ഥ സമ്മേളനങ്ങളുടെ ആതിഥ്യം സ്വീകരിക്കുന്നത്. UNFCCC (United Nations Framework Convention on Climate Change) ഒറ്റയ്‌ക്കെടുക്കുന്ന ഒരു തീരുമാനമല്ല അത്. മാത്രവുമല്ല കുറെ വർഷങ്ങളായി കാലാവസ്ഥാ സമ്മേളനങ്ങൾ ആഫ്രിക്കയിൽ നടന്നില്ല എന്നൊരു പരാതി ഉയർന്നിരുന്നു. വളരെ നിർണ്ണായകമായ സമ്മേളനം എന്ന നിലയിൽ COP 27 തങ്ങളുടെ ഭൂഖണ്ഡത്തിൽ നടക്കണമെന്ന് ആഫ്രിക്കൻ രാജ്യങ്ങൾ ആഗ്രഹിച്ചിരുന്നു. അടുത്ത സമ്മേളനം ദുബായിയിലാണ്. താരതമ്യേനെ കുറച്ചു മെച്ചപ്പെട്ട സ്ഥലമാണെങ്കിലും ദുബായ് ഇത്തരം സമ്മേളനങ്ങൾക്ക് പറ്റിയ നല്ല സ്ഥലമായി കരുതാൻ കഴിയില്ല. മറ്റു സമ്മേളനങ്ങളിൽ ഞങ്ങൾ പല ഫോറങ്ങളിലും പ്രതിഷേധങ്ങൾ ഉയർത്തുമായിരുന്നു. ഇത്തവണ അതിനു വലിയ നിയന്ത്രണങ്ങളാണുണ്ടായിരുന്നത്. മുൻ‌കൂർ അനുമതിയില്ലാതെ ഒരു പ്രതിഷേധവും സംഘടിപ്പിക്കാൻ ഇത്തവണ അനുവദിച്ചില്ല. ക്ലൈമറ്റ് മാർച്ച് സംഘടിപ്പിക്കപ്പെട്ടത് ഒരുപാട് നിയന്ത്രണങ്ങൾ ഉള്ള UN വേദിയിൽ ആയിരുന്നു. ഞാൻ രണ്ടു പത്ര സമ്മേളനങ്ങളിൽ അടക്കം നാല് വേദികളിൽ സംസാരിച്ചിരുന്നു. UNFCCC യുടെയും ഈജിപ്ഷ്യൻ പ്രസിഡൻസിയുടെയും കൃത്യമായ നിർദ്ദേശങ്ങൾ അനുസരിച്ചു മാത്രമേ അവിടെ സംസാരിക്കാൻ കഴിഞ്ഞുള്ളു. ഒരു രാജ്യത്തിൻ്റെയോ ഒരു കമ്പനിയുടെയോ പേര് പറഞ്ഞുകൊണ്ട് വിമർശനങ്ങൾ ഉയർത്താൻ പാടില്ല എന്നായിരുന്നു ഒരു നിർദ്ദേശം. അതുകൊണ്ട് അദാനിയുടെ പേര് നേരിട്ട് പറയാതെ കൽക്കരി ഖനനമേഖലയിലെ പ്രശ്ങ്ങൾ സൂചിപ്പിക്കാൻ മാത്രമേ കഴിഞ്ഞുള്ളു. അതുപോലെ ഇന്ത്യൻ സർക്കാർ എന്ന് പറയാൻ കഴിയാത്തതുകൊണ്ട് ‘ഞാൻ ഇന്ത്യയിൽ നിന്ന് വരുന്നു’ എന്ന് പറഞ്ഞുകൊണ്ട് സർക്കാരിന്റെ പേര് പരാമർശിക്കാതെ ചില പ്രശനങ്ങളെ സൂചിപ്പിക്കാൻ മാത്രമേ കഴിഞ്ഞുള്ളൂ.

എന്തുകൊണ്ടായിരിക്കും ഇത്തരം നിയന്ത്രണങ്ങൾ ഈ വർഷം ഉണ്ടായത്? അത് എങ്ങനെയാണ് ഉണ്ടായത്?

തീർച്ചയായും ഇന്ത്യയിലുള്ളതുപോലുള്ള ഏകാധിപതികളായ രാഷ്ട്രീയ നേതൃത്വങ്ങളും വലിയ കോർപ്പറേറ്റ് കമ്പനികളും ചെലുത്തിയ സമ്മർദ്ദത്തിന്റെ ഫലമാകാൻ തന്നെയാണ് സാധ്യത. ഈജിപ്ത് ഭരിക്കുന്നതും മനുഷ്യാവകാശങ്ങൾക്കു വിലകൊടുക്കാത്ത ഒരു സംവിധാനമാണ്.

കോപ് 27ൽ നടന്ന പ്രതിഷേധം

ആരായിരിക്കും ഇത്തരം സമ്മർദ്ദങ്ങൾക്ക് വഴങ്ങുന്നത്? ആതിഥേയരായ ഈജിപ്‍താണോ അതോ UNFCCC കൂടിയാണോ?

ഈജിപ്ഷ്യൻ പ്രസിഡൻസി, ഐക്യരാഷ്ട്രസഭയുമായി ചർച്ച ചെയ്തിട്ട് തന്നെയായിരിക്കും ഇതൊക്കെ തീരുമാനിച്ചത്. പ്രതിഷേധങ്ങൾ കാലാവസ്ഥാ സമ്മേളങ്ങളുടെ പ്രധാന ഭാഗവും ജനാധിപത്യ രീതിയുമായതുകൊണ്ടു ഐക്യരാഷ്ട്രസഭക്കത് പൂർണ്ണമായും ഇല്ലാതാക്കാൻ കഴിയില്ല. എന്നിരുന്നാലും ഈ വർഷം അവർ അത് നന്നായി നിയന്ത്രിച്ചു എന്നത് വാസ്തവമാണ്. ഈജിപ്ഷ്യൻ സർക്കാർ മാത്രമായിരുന്നു തീരുമാനമെടുത്തിരുന്നതെങ്കിൽ പരിമിതമായി നടന്ന പ്രതിഷേധങ്ങൾ പോലും അനുവദിക്കുമായിരുന്നില്ല. ഡെലിഗേറ്റുകൾക്കു മാത്രം പ്രവേശനം ഉണ്ടായിരുന്ന ഔദ്യോഗിക ചർച്ചകൾ നടക്കുന്ന ഗ്രീൻ സോൺ ഏരിയയിൽ മാത്രമാണ് ഈ പ്രാവശ്യം പ്രതിഷേധങ്ങളും ക്ലൈമറ്റ് മാർച്ചും നടന്നത്. മറ്റു പൊതു സ്ഥലങ്ങളിൽ യോഗം കൂടാനോ പ്ലക്കാർഡുകൾ ഉയർത്താനോ അനുവദിച്ചിരുന്നില്ല.

കഴിഞ്ഞ വർഷം പ്രധാനമന്ത്രി ഗ്ലാസ്ഗോയിൽ നടത്തിയ പ്രസംഗത്തിൽ പഞ്ചതന്ത്ര എന്ന പേരിൽ ചില വാദ്ഗാനങ്ങൾ നടത്തിയിരുന്നു. ഇത്തവണ വനം- പരിസ്ഥിതി- കാലാവസ്ഥ മന്ത്രി ഭൂപേന്ദർ യാദവ് UNFCCC ക്കു സമർപ്പിച്ച ‘മലിനീകരണം സംബന്ധിച്ച ദീഘകാല വികസന തന്ത്രം’ (Long Term Emission Development Strategy) വാഗ്ദാനങ്ങളിൽ എന്തെങ്കിലും പുതുമയുണ്ടായിരുന്നോ? പാരീസ് ഉടമ്പടി പ്രകാരം കാലാവസ്ഥാ പ്രതിസന്ധിയെ നേരിടാനുള്ള ഇന്ത്യയുടെ തന്ത്രം ശക്തവും പര്യാപ്തവുമാണെന്ന് അദ്ദേഹം തന്റെ സന്ദേശത്തിൽ പ്രഖ്യാപിച്ചിരുന്നല്ലോ?

ഈ വർഷം ഓഗസ്റ്റിൽ ഇന്ത്യ സമർപ്പിച്ച പുതിയ ദേശീയ നിർണ്ണിത സംഭാവനകൾ Nationally Determined Contributions (NDC) വലിയ പ്രതീക്ഷ നൽകുന്നതാണെന്ന് പറയാൻ കഴിയില്ല. ഡാറ്റാകളുടെ അഭാവം, വാഗ്ദാനങ്ങൾ എങ്ങനെ നിറവേറ്റും എന്നതിനെക്കുറിച്ചുള്ള അവ്യക്തത തുടങ്ങി ഒട്ടനവധി പോരായ്മകൾ അതിനുണ്ട്. 2015 ൽ പാരീസ് ഉച്ചകോടിയിൽ ഇന്ത്യ അതിന്റെ ‘ദേശീയ നിർണ്ണിത സംഭാവനകൾ’ (Nationally Determined Contributions) അവതരിപ്പിച്ചിട്ട് ആറ് വർഷമാകാൻ പോകുന്നു. അത് എത്രമാത്രം നടപ്പാക്കിയെന്നോ എന്താണ് സംഭവിച്ചതെന്നോ ഇപ്പോഴും കൃത്യമായി അറിയില്ല. ഇന്ത്യ നേരത്തെ 2.523 ടൺ കാർബൺ ആഗിരണം ചെയ്യുമെന്ന് പറഞ്ഞിരുന്നു. എന്നാൽ വൻതോതിലുള്ള വനനശീകരണമാണ് നടന്നത്. ഇപ്പോൾ 2030-ഓടെ കാർബൺ പുറന്തള്ളൽ തീവ്രത 45% ആയി കുറയ്ക്കുമെന്ന് ഇന്ത്യ പറയുന്നു. കഴിഞ്ഞ വർഷം പ്രധാനമന്ത്രി പ്രഖ്യാപിച്ചത് ഇന്ത്യയുടെ 50% വൈദ്യുതി ആവശ്യകത പുനരുപയോഗിക്കാവുന്ന ഉറവിടത്തിൽ നിന്ന് കണ്ടെത്തുമെന്നാണ്. അതിന്റെ സംവിധാനം ഒരുക്കാതെയാണ് ഈ വാഗ്ദാനങ്ങൾ. എന്നാൽ ഇന്ത്യ അതിന്റെ 20 ശതമാനം ഊർജാവശ്യങ്ങൾ മാത്രമാണ് വൈദ്യുതിയിൽ നിന്ന് നിറവേറ്റുന്നത് എന്നത് ഓർക്കണം. ഹരിതഗൃഹ വാതകങ്ങൾ സംഭാവന ചെയ്യുന്ന 80% ഊർജ്ജ സ്രോതസ്സുകളുടെ കാര്യമോ?

ഗ്ലാസ്‌ഗോയിൽ നടന്ന കാലാവസ്ഥാ ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി. കടപ്പാട്: indianexpress.com

യുകെയിലെ ഗ്ലാസ്‌ഗോയിൽ നടന്ന ഐക്യരാഷ്ട്രസഭയുടെ വാർഷിക കാലാവസ്ഥാ ഉച്ചകോടിയിൽ പ്രധാനമന്ത്രി കഴിഞ്ഞ വർഷം നവംബറിൽ പരിസ്ഥിതിക്ക് വേണ്ടിയുള്ള ഒരു ജീവിതശൈലി (ലൈഫ്) പ്രസ്ഥാനം നിർദ്ദേശിച്ചിരുന്നു. അതിന്റെ പുനരാവിഷ്കരണമാണ് ‘മലിനീകരണം സംബന്ധിച്ച ദീഘകാല വികസന തന്ത്രം’ എന്നാണ് ഞാൻ മനസിലാക്കുന്നത്. ഇന്ത്യ അതിന്റെ ഫോസിലിതര ഊർജ്ജ ശേഷി 2030-ഓടെ 500 GW ആക്കും, 2030 ഓടെ, ഇന്ത്യ അതിന്റെ ഊർജ്ജ ആവശ്യകതയുടെ 50 ശതമാനം പുനരുപയോഗ ഊർജ്ജത്തിലൂടെ നിറവേറ്റും, ഇന്ത്യ 2021 മുതൽ 2030 വരെ മൊത്തം കാർബൺ ഉദ്‌വമനം ഒരു ബില്യൺ ടൺ കുറയ്ക്കും, 2030 ഓടെ ഇന്ത്യ അതിന്റെ സമ്പദ്‌വ്യവസ്ഥയുടെ കാർബൺ തീവ്രത 45 ശതമാനത്തിലധികം കുറയ്ക്കും, 2070 ഓടെ ഇന്ത്യ ‘നെറ്റ് സീറോ’എന്ന ലക്ഷ്യം കൈവരിക്കും, തുടങ്ങിയ വാഗ്ദാനങ്ങളാണ് COP26 ൽ പ്രധാനമന്ത്രി നൽകിയത്. പ്രധാനമന്ത്രി ഒരിക്കലും ഇന്ധ്യയുടെ കാർബൺ ഉദ്‌വമനം 45 ശതമാനം കുറയ്ക്കുമെന്ന് ഒരിടത്തും പറഞ്ഞിട്ടില്ല. അദ്ദേഹം പറഞ്ഞത് കാർബൺ ഉദ്‌വമനത്തിന്റെ തീവ്രത (carbon intensity) കുറയ്ക്കുമെന്നാണ്. അതായത് പുറത്തുവിടുന്ന കാർബണിന്റെ അളവിൽ കുറവുവരുത്തുമെന്നല്ല. മോദി പറഞ്ഞ അളവിലുള്ള അത്രയും അധിക carbon sequestration പ്രായോഗികമാവില്ല എന്ന് കണ്ട് ഇന്ത്യൻ സർക്കാർ അതിനെപ്പറ്റി NDC യിൽ അതിനെപ്പറ്റി മൗനം പാലിക്കുകയാണ് ചെയ്തത്. ഇന്ത്യ വൈദുതി ഉൽപ്പാദനം 50 ശതമാനം പുതുക്കാവുന്ന ഊർജ്ജ സ്രോതസ്സുകളിലേക്കു മാറുമെന്ന് പറയുമ്പോൾ വൈദ്യുതിയിതര ഊർജ സ്രോതസുകൾ വഴിയുള്ള ഹരിത വാതക പുറംതള്ളൽ തുടരുന്നുണ്ട്. ഇന്ത്യയുടെ 80 ശതമാനം ഊർജ്ജവും വൈദ്യുതി വഴിയല്ല നിറവേറ്റുന്നതെന്നോർക്കണം. ഇന്ത്യയുടെ സ്റ്റീൽ അടക്കമുള്ള ഉൽപ്പാദനം കൽക്കരിയെ ആശ്രയിച്ചാണ്. അതുപോലെ വലിയൊരു ഭാഗം ഊർജ്ജ ആവശ്യങ്ങൾ ഫോസിൽ ഇന്ധങ്ങൾ ഉപയോഗിച്ചാണ് ഇന്ത്യ നിറവേറ്റുന്നത്. അതിന്റെ ഭാഗമായാണ് കാലാവസ്ഥ സമ്മേളനത്തിന് തൊട്ടു മുൻപ് 141 കൽക്കരി ബ്ലോക്കുകൾ സ്വകാര്യ മേഖലയ്ക്കായി സർക്കാർ തുറന്ന് കൊടുത്തത്.

2030 ഓടെ ഇന്ത്യയുടെ ആണവോർജത്തിന്റെ പ്രതിഷ്ഠാപിത ശേഷി മൂന്നിരട്ടിയായി വർധിപ്പിക്കുമെന്നും NDC പറയുന്നു. പുനരുപയോഗിക്കാവുന്ന ഊർജ സ്രോതസുകളുടെ പേരിൽ ജലവൈദ്യുത പദ്ധതിയും ആണവോർജ്ജ പദ്ധതികളും വർദ്ധിപ്പിക്കുന്നത് പ്രതികൂലമായ പ്രത്യാഘാതമുണ്ടാക്കുമെന്ന് കരുതുന്നുണ്ടോ?

ഇന്ത്യയുടെ NDC യിൽ ആണവ ഊർജത്തെത്തെയും ജല വൈദ്യുത പദ്ധതികളെയും പുനരുപയോഗ ഊർജ്ജ സ്രോതസ്സെന്നു (Renewable Energy Source) പറഞ്ഞിട്ടില്ല. ഫോസിൽ ഇന്ധന ഇതര ഊർജ്ജ സ്രോതസ്സെന്നാണ് പറഞ്ഞിട്ടുള്ളത്. ഇന്ത്യയുടെ പ്രസ്താവനയനുസരിച്ച് നോക്കുകയാണെങ്കിൽ തെറ്റ് പറയാൻ കഴിയില്ല. എന്നാൽ അതുണ്ടാക്കുന്ന പ്രത്യാഘാതങ്ങൾ നോക്കുകയാണെങ്കിൽ ഈ നയപരിപാടികൾ ദോഷം ചെയ്യുന്നത് തന്നെയാണ്. അത് പാരിസ്ഥിതികമായും സാമൂഹികമായും ദുരന്തങ്ങൾ വിളിച്ചു വരുത്തുന്നതും സാമ്പത്തിക ബാധ്യതകൾ ഉണ്ടാക്കുന്നതും ആണ്.

ഒരു വശത്തു ജനങ്ങളുടെ ഭാവിയെക്കുറിച്ച് പ്രസംഗിക്കുകയും മറുവശത്തു നമ്മളെ വംശനാശത്തിലേക്കു നയിക്കുന്ന നടപടികൾ സ്വീകരിക്കുകയും ചെയ്യുന്നതെന്ത്കൊണ്ടായിരിക്കും?

ഇത് തന്നെയാണ് മറ്റു പല രാജ്യങ്ങളും ചെയ്തുകൊണ്ടിരിക്കുന്നത്. ഓരോ രാജ്യവും തങ്ങൾ തുടങ്ങിവച്ച ഊർജ്ജ ആവശ്യങ്ങൾക്ക് തടസ്സം വരാതെ നോക്കുകയാണ്. അതിന് കാതലായ മാറ്റം സർക്കാരുകൾ വരുത്തുമെന്ന് തോന്നുന്നില്ല. അത്രയ്ക്ക് മൂലധന നിക്ഷേപം സർക്കാരും മറ്റു ഏജൻസികളും ഫോസിൽ ഇന്ധന മേഖലയിൽ ഈ കാലയളവിൽ നിക്ഷേപിച്ചു കഴിഞ്ഞിട്ടുണ്ട്. പിന്നെ ഒരു സർക്കാരും തങ്ങളുടെ രാജ്യത്ത് ഊർജ്ജ പ്രതിസന്ധി ഉണ്ടാക്കാൻ ആഗ്രഹിക്കുന്നില്ല എന്നതാണ് യാഥാർഥ്യം. ജനങ്ങളും തങ്ങളുടെ ജീവിതത്തിൽ ഊർജ്ജ ഉപഭോഗം കുറച്ചു മാറ്റം വരുത്താൻ ആഗ്രഹിക്കുന്നില്ല. സങ്കീർണ്ണമാണ് കാര്യങ്ങൾ. നിലവിൽ ഫോസിൽ ഇന്ധങ്ങൾ ഉപയോഗിച്ച് ഉണ്ടാക്കുന്ന അളവിൽ ഊർജ്ജം പുനരുൽപ്പാദിപ്പിക്കാവുന്ന ഉറവിടങ്ങളിൽ നിന്നും ഉൽപ്പാദിപ്പിക്കാനുള്ള ശേഷി ഇന്ന് ഒരു രാജ്യത്തിനും ഇല്ല. നിലവിൽ തുടരുന്ന ഊർജ്ജ വിനിയോഗം കുറച്ചുകൊണ്ടുള്ള ജീവിതത്തെക്കുറിച്ച് രാഷ്ട്രങ്ങൾ ആലോചിക്കുന്നില്ല എന്നതാണ് വാസ്തവം. ഒരു സമൂല വ്യവസ്ഥാ മാറ്റം ആരുമാഗ്രഹിക്കുന്നില്ലയെന്നത് ദുരന്തങ്ങളുടെ ആഴവും പരപ്പും വർധിപ്പിക്കുകയേ ഉള്ളൂ.

ഊർജ്ജ ഉൽപ്പാദന രംഗത്തെ മാറ്റങ്ങൾ പോലെ, പ്രധാനമായ ഉപഭോഗം കുറയ്ക്കൽ, പ്രാദേശിക സമ്പദ് വ്യവസ്ഥയുടെ ശാക്തീകരണം, നിരായുധീകരണത്തിലൂടെ സൈനിക ആവശ്യങ്ങൾക്കുള്ള ഊർജ്ജ വിനിയോഗം കുറയ്ക്കൽ, തുടങ്ങിയ മറ്റ് അടിസ്ഥാന കാര്യങ്ങൾ കാലാവസ്ഥ സമ്മേളനത്തിൽ ചർച്ചാ വിഷയമാകുന്നില്ല എന്ന് തോന്നിയിട്ടുണ്ടോ?

ഐക്യരാഷ്ട്രസഭക്ക് വിവിധ വിഭാഗങ്ങളുണ്ട്. മനുഷ്യാവകാശം, ലിംഗ നീതി, ദാരിദ്ര്യ നിർമ്മാർജനം, സുസ്ഥിര വികസനം, നിരായുധീകരണം തുടങ്ങിയ പല വിഷയങ്ങളും വ്യത്യസ്ത വിഭാഗങ്ങളിലാണ് ചർച്ച ചെയ്യപ്പെടുന്നത്. ഇങ്ങനെയാണ് അന്താരാഷ്‌ട്ര തലത്തിൽ സർക്കാർ സംവിധാങ്ങൾ പ്രവർത്തിക്കുന്നത്. ഉപഭോഗം കുറയ്ക്കൽ സുസ്ഥിര വികസന ലക്ഷ്യങ്ങളുടെ ഭാഗമായി വരുന്നതാണ്. ഈ വർഷം മനുഷ്യാവകാശ പ്രശ്നങ്ങൾ COP 27 ൽ ഏറെ ചർച്ചയായിരുന്നു. അതുപോലെ ലിംഗനീതിക്കായും ശക്തമായ ശബദം ഉയർന്നിരുന്നു. മനുഷ്യാവകാശങ്ങളെ പരിഗണിക്കാതെ കാലാവസ്ഥ നീതി സാധ്യമല്ലെന്ന് പല സംഘടനകളും ശക്തമായി ആവശ്യപ്പെടുകയുണ്ടായി. എല്ലാ കാലാവസ്ഥ സമ്മേളനങ്ങളിലും ലിംഗ നീതിക്കും ഉപഭോഗം കുറയ്ക്കുന്നതിനും ദാരിദ്ര്യ നിർമ്മാർജ്ജനത്തിനും ഒക്കെയായുള്ള ആവശ്യങ്ങൾ തുടർച്ചയായി ചർച്ചചെയ്യപ്പെടാറുണ്ട്. അത് പലപ്പോഴും ഔദ്യോഗിക ചർച്ചകളുടെയും രേഖകളുടെയും ഭാഗമാവാറില്ല. പല രാജ്യങ്ങളും അനൗദ്യോഗികമായി അവരുടെ പല പ്രശ്നങ്ങളും ചർച്ചകളിൽ ചൂണ്ടിക്കാണിക്കാറുണ്ട്.

വ്യത്യസ്ത രാഷ്ട്രങ്ങളുടെ തലത്തിലും അന്താരാഷ്‌ട്ര തലത്തിലും നടക്കുന്ന ചർച്ചകളും തീരുമാനങ്ങളും, മുകളിൽനിന്നും താഴെത്തട്ടിലേക്കു (top to bottom approach) മാറ്റങ്ങൾ കൊണ്ടുവരുന്ന രീതിയിലാണ്. അതുപോലെ പ്രധാനമല്ലേ താഴെത്തട്ടിൽ നിന്നും ഉണ്ടായിവരേണ്ട മാറ്റങ്ങൾ? അപ്പോഴല്ലേ ശരിയായ ദിശയിലുള്ള കാലാവസ്ഥ നീതിയും മനുഷ്യാവകാശങ്ങളും നടപ്പാവുകയുള്ളൂ?

ഐക്യരാഷ്ട്ര സഭയിൽ അംഗങ്ങളായിട്ടുള്ള രാഷ്ട്രങ്ങൾക്കാണ് UNFCCC സമ്മേളനത്തിൽ പങ്കാളിത്തമുള്ളത്. വ്യക്തികൾക്കോ കമ്മ്യൂണിറ്റികൾക്കോ അതിൽ നേരിട്ട് പങ്കാളിത്തമില്ല. ഇന്ത്യയുടെ നേതൃത്വം ഇവിടേയ്ക്ക് വരുന്നത് ഇന്ത്യയിലെ ജനങ്ങളെ പ്രതിനിധീകരിച്ചാണ്. യഥാർത്ഥത്തിൽ അങ്ങനെയൊരു പ്രാതിനിധ്യം സംഭവിക്കുന്നില്ലെന്നുള്ളത് വേറൊരു കാര്യം. വിവിധ സംഘടനകൾക്കും വ്യക്തികൾക്കും എതിർപ്പുകൾ പ്രകടിപ്പിക്കാം, പ്രതിഷേധങ്ങൾ സംഘടിപ്പിക്കാം, ചർച്ചകളിൽ നിരീക്ഷകരായി പങ്കെടുക്കാമെങ്കിലും നമ്മുടെ അഭിപ്രായങ്ങൾ ഔദ്യോഗികമായി അംഗീകരിക്കണം എന്നില്ല. ഒരു രാജ്യത്തിന്റെ പരമാധികാരം അംഗീകരിക്കുന്നത് കൊണ്ട് യുഎൻ എന്ന സ്ഥാപനത്തിന് രാജ്യങ്ങളുടെ താല്പര്യങ്ങൾക്കകത്തു കൈകടത്താൻ പരിമിതികളുണ്ട്. അല്ലെങ്കിൽ അതീവ ഗുരുതരമായ പ്രശ്ങ്ങൾ ഒരു രാജ്യത്തുണ്ടാകണം. അതുകൊണ്ട് കമ്മ്യൂണിറ്റിയുമായി നേരിട്ട് ഇടപെടൽ യുഎൻ സംവിധാനങ്ങൾക്ക് കഴിയില്ല. എന്നാൽ വ്യത്യസ്ത ആവശ്യങ്ങൾ ഉന്നയിച്ച് സമരം ചെയ്യുകയും എതിർപ്പുകൾ ഉന്നയിക്കുകയും ചെയ്യുന്ന ജനകീയ പ്രസ്ഥാങ്ങൾക്കു ചെറുതല്ലാത്ത ഇടപെടൽ സാധ്യമായിട്ടുണ്ട് എന്നാണു എന്റെ വിലയിരുത്തൽ. രാഷ്ട്രങ്ങൾക്കത്തും പുറത്തും ജനകീയ പ്രസ്ഥാനങ്ങളുടെ ശക്തമായ ഇടപെടൽ കാലം ആവശ്യപ്പെടുന്നുണ്ട്. എന്നാൽ മാത്രമേ കാലാവസ്ഥ പ്രതിസന്ധിയെ നേരിടുന്നതിൽ എന്തെകിലും ആശാവഹമായ നടപടികൾ ദേശീയതലത്തിലും അന്തർദേശീയതലത്തിലും ഉണ്ടാവുകയുള്ളൂ.

INDEPENDENT,
IN-DEPTH JOURNALISM
FOR SOCIAL &
ECOLOGICAL
JUSTICE

keraleeyam-logo

Support Keraleeyam

Choose Your Preference

₹1000/Year

₹2000/2 Years

₹500/Year(Students)

One TimeAny Amount

Also Read