കന്യാകുമാരിയിൽ നിന്നുള്ള കത്തുകൾ

ദക്ഷിണേന്ത്യയുടെ തെക്കേ അറ്റത്തുള്ള കന്യാകുമാരി ജില്ലയിൽ നിന്ന് ഇന്ത്യയുടെയും, ഭൂമിയുടെയും ഇതര ​ദേശങ്ങളിലേയ്ക്ക് സ്നേഹത്തിലും അക്രമരാഹിത്യത്തിലുമൂന്നിയ പ്രതിരോധ രേണുക്കളാണ് എസ്.പി ഉദയകുമാറിന്റെ കന്യാകുമാരിയിൽ നിന്നുള്ള കത്തുകൾ. പരിത്യാ​ഗവും പാണ്ഡിത്യവും കർമോത്സുകതയും ധാ‍ർമ്മികതയും ഉൾച്ചേ‍ർന്ന മനുഷ്യസ്നേഹിയാണ് ഉദയകുമാ‍ർ.

ഭാരതത്തെ ഐക്യപ്പെടുത്തുക എന്ന മഹൽ സന്ദേശവുമായി 2022 സെപ്തംബ‍ർ എട്ടിന് കന്യാകുമാരിയിൽ നിന്ന് ആരംഭിച്ച് 2023 ജനുവരി 30 ന് ​ഗാന്ധിയുടെ രക്തസാക്ഷി ദിനത്തിൽ പ്രശ്നകലുഷമായ ശ്രീന​ഗറിൽ സമാപിച്ച രാഹുൽ ​ഗാന്ധിയുടെ പദയാത്രക്കിടയിൽ ഉദയകുമാ‍ർ അദ്ദേഹത്തിന് അയക്കുന്ന പതിനഞ്ചു കത്തുകളും, ബി.ജെ.പി. സർക്കാറിനുമേലുള്ള ഇന്ത്യൻ പൗരന്റെ അടിസ്ഥാന ശ്രദ്ധാരേഖയും. ഫാസിസമെന്ന പേടിസ്വപ്നത്തെ പ്രതിനിധീകരിക്കുന്ന ബി.ജെ.പി സർക്കാറിനെ അക്രമ​​രഹിതമായി എങ്ങനെ പ്രതിരോധിക്കും എന്നതിനുള്ള പദ്ധതിയും, അഡ്മിറൽ രാമദാസും ലളിത രാമദാസും ചേർന്നെഴുതിയ മുഖക്കുറിപ്പും ആണ് നൂറുപുറങ്ങളുള്ള ഈ പുസ്തകത്തിന്റെ ഉള്ളടക്കം.

എസ്.പി ഉദയകുമാർ

ഈ പുസ്തകം ഇന്ത്യൻ ജനാധിപത്യത്തിന്റെ വിപൽ സന്ദേശങ്ങളാണ്. ഭൂമിയുടെ അതിജീവനത്തിനുള്ള മുന്നറിയിപ്പാണ്. നമ്മുടെ ഭൂതകാലത്തെ അറിയുന്നവ‍ർക്കും അനുഭവിക്കുന്നവ‍ർക്കും ഇതിൽ നിന്ന് നമ്മുടെ ഭയാനകമായ അവസ്ഥയെപ്പറ്റി കൂടുതൽ വസ്തുതകൾ ശേഖരിക്കാം. ചാഞ്ചാടി നിൽക്കുന്നവരെ തീർച്ചയായും നേരുകൾ ബോധ്യപ്പെടുത്തും. ധാ‍ർമ്മികാന്ധത ബാധിച്ച രാഷ്ട്രീയ സ്വയം സേവകരും, സ്റ്റാലിനിസ്റ്റ് സമ​ഗ്രാധിപത്യത്തിന്റെ അധികാരത്തോട് ചേ‍ർന്നു നിൽക്കുന്ന മാർക്സിസ്റ്റുകാരും ഇതു വായിക്കുമോ ? ഒന്ന് ചിന്തിക്കുവാൻ ധൈര്യപ്പെടുമോ ? വാസ്തവത്തിൽ ഈ പുസ്തകം എത്തേണ്ടത് അവരിലേക്കാണ്. മറ്റൊരു തലത്തിൽ ഇത് കോൺ​ഗ്രസ്സുകാരും വായിക്കേണ്ടതാണ്. മനുഷ്യാവകാശ പ്രവ‍‍ർത്തകരെയും പരിസ്ഥിതിയെ മുടിപ്പിച്ച്, ആദിവാസികളെയും ക‍ർഷകരെയും മീൻപിടുത്ത തൊഴിലാളികളെയും ചെറുകിട കച്ചവടക്കാരെയും പിഴുതെറിയുന്ന വൻകിട വികസന പദ്ധതികൾക്കെതി‍‍ർ നിൽക്കുന്ന പരിസ്ഥിതി പ്രവർത്തകരെ മാവോയിസ്റ്റുകളും തീവ്രവാദികളുമായി ഒറ്റിക്കൊടുത്ത് ‍ജയിലിലിടുന്നതിൽ നെ​ഹ്റു മുതൽ മൻമോഹൻ സിങ്ങു വരെയുള്ള കോൺ​ഗ്രസ്സ് ഭരണവും വ്യത്യസ്തമായിരുന്നില്ലെന്ന് ഈ പുസ്തകത്തിൽ നിന്ന് പഠിക്കാനാവും.

വികസനം പുനഃ ചിന്തിക്കുക (മൂന്നാമത്തെ കത്ത്) “ഒരു പുതിയ കാമരാജ് പദ്ധതി കോൺ​ഗ്രസ്സ് പാ‍ർട്ടിക്ക് ആവശ്യമാണ് ” (ഒമ്പതാമത്തെ കത്ത്) ജനവിരുദ്ധവും പരിസ്ഥിതിവിരുദ്ധവുമായ പദ്ധതികൾ നടപ്പാക്കാൻ ഉത്സാ​ഹം കാട്ടുന്ന കോൺ​ഗ്രസ്സ് നിയമനിർമ്മാണ അം​ഗങ്ങളും കൂടി വായിച്ചു പഠിക്കേണ്ടതാണ്. തങ്ങൾക്കുള്ളിലെ ‘സംഘിക്കറ’ തുടച്ചു കളയാൻ മാത്രമല്ല യഥാർത്ഥ വികസനം, ​ഗാന്ധി പറഞ്ഞതു പോലെ ദരിദ്രരിൽ ദരിദ്രനായ മനുഷ്യന്റെ കണ്ണുകളിലേക്കു നോക്കിയാവണം എന്ന സത്യം അറിയുന്നതിനും കൂടിയാണ്. 1000 കിലോമീറ്ററിലായി 160000 ചതുരശ്രകിലോമീറ്റ‍ർ വ്യാപിച്ചു കിടക്കുന്ന പശ്ചിമഘട്ടത്തെ അത്യാ‍ർത്തി മൂലം തുരന്നെടുത്തും മാന്തിക്കീറിയും വെട്ടിപ്പിടിച്ചും വീതികൂടിയ ഹൈവേകളും തുറമുഖങ്ങളും വിമാനത്താവളങ്ങളും നിർമ്മിക്കുന്നവ‍ർ ഭൂമിയുടെ അതിജീവനവും, ദരിദ്രന്റെയും ആദിവാസിയുടെയും കർഷകന്റെയും മീൻപിടിക്കുന്നവന്റെയും ഉപജീവനവും അപകടപ്പെടുത്തുകയാണ്. ഈ ഭൂമിയിലെ എല്ലാവർക്കും എല്ലാ ജീവജാലങ്ങൾക്കും ആവശ്യം വേണ്ട വിഭവങ്ങൾ ഈ ഭൂമിയിലുണ്ടെങ്കിലും മനുഷ്യന്റെ അത്യാർത്തിക്കു വേണ്ടിയുള്ള വിഭവങ്ങൾ ഈ ഭൂമിയിലില്ല. മനുഷ്യന്റെ അത്യാർത്തി ശമിപ്പിക്കാൻ ഭൂമി പോലെ നൂറു ഭൂമികൾ ഉണ്ടായാൽ മതിവരില്ല.

ലെറ്റേർസ് ഫ്രം കന്യാകുമാരിയുടെ പിൻകവർ

ഒമ്പതാമത്തെ കത്തിൽ – ഉദയകുമാറും സുഹൃത്തുക്കളും കൂടി 2011 ഒക്ടോബറിൽ കൂടംകുളം ആണവപദ്ധതിയുമായി ബന്ധപ്പെട്ട് അന്നത്തെ പ്രധാനമന്ത്രി മൻമോഹൻസിങ്ങിനെ കാണുകയുണ്ടായി. അദ്ദേഹത്തോടൊപ്പം രാഷ്ട്രീയ നേതാക്കളും ശാസ്ത്രജ്ഞരുമുണ്ടായിരുന്നു. ആണവാവശിഷ്ടങ്ങൾ ഉരുക്കി ഒന്നാന്തരം ഗ്ലാസ് ഗോളങ്ങളാക്കി നമ്മുടെയെല്ലാം സ്വീകരണ മുറികളിലെ ഷോകേസുകളിൽ സൂക്ഷിക്കാമെന്ന് ശാസ്ത്രജ്ഞർ മൻമോഹൻ സിങ്ങിന്റെ മുന്നിൽവെച്ച് പറഞ്ഞു. എന്തുകൊണ്ട് ഇന്ത്യൻ ശാസ്ത്രജ്ഞരുടെ ഈ സാങ്കേതിക ജ്ഞാനം ജർമ്മൻകാർക്കും അമേരിക്കക്കാർക്കും ഫ്രഞ്ചുകാർക്കും വിറ്റ് നമുക്ക് ധാരാളം പണമുണ്ടാക്കിക്കൂടാ എന്ന ലളിതമായ ചോദ്യം ബുദ്ധിരാക്ഷസനായ ഡോ. സിങ്ങ് ശാസ്ത്രജ്ഞരോട് ചോദിച്ചതുമില്ല.

ഡോ.മൻമോഹൻ സിങ്ങ്

പത്താമത്തെ കത്തിൽ “ഇന്ത്യ ഒരു നിരീക്ഷണ സ്റ്റേറ്റായി” ( India Becomes a Surveillance state ) മാറിയതിനെപ്പറ്റിയാണ്. ഉദയകുമാർ എന്ന ആക്ടിവിസ്റ്റിന്റെ സ്വന്തം അനുഭവങ്ങൾ ഇതിന് കൂടുതൽ തെളിവായുണ്ട്. ദൽഹിയിൽ ആരു ഭരിച്ചാലും കേന്ദ്രസർക്കാർ കോർപ്പറേറ്റുകൾക്കെതിരായും ജനവിരുദ്ധ വികസനത്തിനെതിരായും സമാധാനപരമായി പ്രതിഷേധിക്കുന്നവരെ അർബൻ നക്സലുകളായും മാവോയിസ്റ്റുകളായും ഇന്ത്യാവിരുദ്ധരായും വിഘടനവാദികളായും വിദേശ ചാരന്മാരായും വിദേശ ഫണ്ടു പറ്റുന്നവരായും രാജ്യവിരുദ്ധരായും ചാപ്പയടിച്ചു ജയിലിലിടുന്നു. അനാദികാലം നീളുന്ന കേസ്സുകളിൽ കുടുക്കുന്നു. 2005 ൽ തമിഴ് നാട്ടിലെ ജയലളിത സർക്കാരും ഉദയകുമാർ എന്ന ആണവവിരുദ്ധ ശാന്തി ദൂതനെതിരെ തുടങ്ങിവെച്ച രാജ്യദ്രോഹകുറ്റം 2023ലും തുടരുന്നു. ഫാദർ സ്റ്റാൻ സ്വാമി അതിന്റെ രക്തസാക്ഷിയായി. ഭീമ കൊറെഗാവ് കേസിൽ അറസ്റ്റിലാക്കപ്പെട്ടവരിൽ പലരും ഇപ്പോഴും തടവറയിലാണ്. ഇക്കാര്യത്തിൽ കോൺഗ്രസ്സിൽ നിന്നും ഇപ്പോഴത്തെ സർക്കാറിനെയും അവരുടെ നേതാക്കളെയും വ്യത്യസ്തരാക്കുന്ന ഒരു പ്രധാന ഘടകം, മോദി സർക്കാറിനെ വിമർശിക്കുന്നവർ എന്തിനധികം ബി.ജെ.പി , ആർ.എസ്.എസ് , വിശ്വഹിന്ദു, ബജ്രരംഗ്ദൾ.. പക്ഷമല്ലാത്തവരെല്ലാം രാജ്യദ്രോഹികളാണ്, ഇവരിൽ ന്യൂനപക്ഷങ്ങളും ഉൾപ്പെടും.

the age of surveilance capitalism – Shoshana Zuboff – മേൽ നിരീക്ഷണ മുതലാളിത്തത്തിന്റെ കാലം- വ്യക്തിയുടേതായ എല്ലാ സ്വകാര്യതകൾക്കുള്ളിലേക്കും, അതായത് വ്യക്തിയുടെ അവകാശങ്ങളിലേക്കും, സ്വാതന്ത്ര്യത്തിലേക്കും, ആധുനിക ശാസ്ത്രസാങ്കേതിക വിദ്യകളുടെ ഉപകരണങ്ങൾ വഴി രഹസ്യമായി കടന്നു കയറുകയും വ്യക്തികളെ സ്റ്റെയിറ്റിന്റെയും അതുവഴി മൂലധനത്തിന്റെയും ഇരകളാക്കി മാറ്റുകയും ചെയ്യുന്നതിനെ പറ്റിയാണ്. ഇത് കച്ചവടം, വിപണി, ലാഭം എന്നിവയുമായി ബന്ധിപ്പിക്കുന്നിടത്താണ് സത്യാനന്തര കാലത്തെ ഫാസിസ്റ്റു സ്റ്റെയിറ്റുകൾ അധികാരം നിലനിർത്തുന്നത്. കച്ചവടം സമം അധികാരം എന്നതായിരിക്കുന്നു പുതിയ സമവാക്യം ഫാസിസ്റ്റു സ്റ്റേറ്റുകളുടെയും സമഗ്രാധിപത്യം കയ്യാളുന്ന സ്റ്റേറ്റുകളുടെയും സ്വഭാവമാണിത്. വ്യക്തി- പാർട്ടി താൽപര്യങ്ങൾക്കും ധനസമാഹരണത്തിനുമായി സ്റ്റെയിറ്റ് മെഷിനറി തന്ത്രപരമായി ഉപയോഗിക്കാൻ കേരളം പോലെയുള്ള സംസ്ഥാനങ്ങളിൽ ഇടതുപക്ഷ ഭരണം പഠിച്ചിരിക്കുന്നു.

ദ ഏജ് ഓഫ് സർവൈലൻസ് കാപിറ്റലിസം

വ്യാജചരിത്രങ്ങളിലൂടെയും ഭാവിയുടെ തെറ്റായ പ്രചരണങ്ങളിലൂടെയും ഭൂതകാലത്തിൽ ഭാവിയെ കണ്ടെത്തുന്നവരെപ്പറ്റിയാണ് എട്ടാമത്തെയും പതിമൂന്നാമത്തെയും കത്തുകൾ. വസ്തുതകൾ വസ്തുതകളായി രേഖപ്പെടുത്തുന്ന പുതിയ ഒരു ചരിത്ര നിർമ്മിതിയുടെ ആവശ്യകത ചൂണ്ടിക്കാട്ടുന്നുണ്ട് ഇവ. കർണ്ണൻ ടെസ്റ്റ് ട്യൂബ് ശിശുവാണെന്നും, ഗണപതിയുടെ തുമ്പിക്കൈ പ്ലാസ്റ്റിക്ക് സർജറിയാണെന്നും പുഷ്പകവിമാനം എന്ന ഭാവന ആധുനിക വിമാനത്തിന്റെ പ്രാഗ് രൂപമാണെ ന്നുമൊക്കെയുള്ള ചരിത്ര നിർമ്മിതികൾ ശാസ്ത്രത്തെയും ചരിത്രത്തെയും വ്യാജമാക്കി അവതരിപ്പിക്കുന്നതാണ്. ഇന്ത്യയ്ക്ക് ഉണ്ടെന്ന് അവകാശപ്പെടുന്ന ഹൈന്ദവഭൂതകാലത്തെ സവർണ്ണവത്കരിക്കുന്നതാണ്, ഇന്ത്യ നിരവധി കുടിയേറ്റത്തിരകളുടെ സങ്കരഭൂമിയാണെന്ന് ടോണി ജോസഫിനെ പോലുള്ളവർ ‘ദി ഏർലി ഇന്ത്യൻസി’ലൂടെ സ്ഥാപിച്ചിട്ടുണ്ട്. യഥാർത്ഥത്തിലുള്ള ഇന്ത്യയുടെ നാട്ടറിവുകളെപ്പറ്റിയും ശാസ്ത്രസാങ്കേതികതകളെപ്പറ്റിയുമുള്ള ചരിത്രാന്വേഷണങ്ങൾ ഇവർ ഒരിക്കലും നടത്താറില്ല. 1931 ഒക്ടോബർ 20 ന് ഗാന്ധി ലണ്ടനിലെ റോയൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്റർനാഷണൽ അഫേഴ്സിന്റെ ആഭിമുഖ്യത്തിൽ ചെയ്ത പ്രഭാഷണം ( പുറം 193-206, ഗാന്ധിയുടെ സമാഹൃത കൃതികൾ 48 ) ഇന്ത്യൻ ചരിത്രത്തിലേക്കുള്ള ഇത്തരമൊരന്വേഷണത്തിന്റെ ആരംഭമാണെന്ന് പറയാം.

ദി ഏർലി ഇന്ത്യൻസ്

ഇതിനെ തുടർന്നാണ് ഗാന്ധിയൻ ഗവേഷകൻ ധരംപാൽ ലണ്ടനിലെത്തിയും ഇന്ത്യയിലെയ ആർക്കൈവുകൾ ഗവേഷണം ചെയ്തും എഴുതിയ Indian Science and Technology in the Eighteenth Century (1971) , Civil Disobedience and Indian Tradition with Some Early Nineteeth Century Documents (1971), The beautiful tree (1983) ധരംപാലും ടി.എം മുകുന്ദനും ചേർന്നെഴുതിയ the British origin of cow-slaughter in India എന്നിവ പുറത്തു വരുന്നത്.

ഇന്ത്യൻ സയൻസ് ആന്റ് ടെക്ക്നോളജി

വി.എച്ച്. ദിരാറിന്റെ മലബാറിലെ ഊത്താലകൾ (1994) പരാമർശിക്കപ്പെടേണ്ടതാണ്. ഇത്തരം അന്വേഷണങ്ങൾ ഇന്ത്യയിലെ വിവിധ പ്രാദേശിക മേഖലകളിൽ നടക്കേണ്ടതാണ്. ആധുനിക ചരിത്രം പോലും സംഘപരിവാർ തെറ്റായി വ്യാഖ്യാനം ചെയ്യുന്നത് കഴിഞ്ഞ മുപ്പതു കൊല്ലമായുള്ള പ്രവണതയാണ്. അങ്ങനെ ഇന്ത്യൻ സ്വാതന്ത്ര സമര ചരിത്രത്തിൽ ഗുണാത്മകമായ യാതൊരു പങ്കും വഹിക്കാത്തവർ ചരിത്ര പുരുഷന്മാരായി മാറുന്നു. 1915 ന് ശേഷം ബ്രിട്ടീഷുകാരോട് ചേർന്നു നിന്നു പ്രവർത്തിച്ച വി.ഡി സവർക്കർ ആരാധ്യനായി മാറുന്നു. ഗാന്ധി, അംബേദ്കർ, പട്ടേൽ, ഭഗത് സിംഗ്, സുഭാഷ് ചന്ദ്രബോസ് എന്നിവരെ പ്രചരണത്തിനായി തങ്ങളുടേതാക്കി മാറ്റാൻ ശ്രമം നടക്കുന്നു. ഇന്ത്യയിലെ മുഗൾ കാലഘട്ടം ഹിന്ദുക്കൾക്കു നേരെയുള്ള അക്രമത്തിന്റെ ചരിത്രമാക്കി മാറ്റുന്നു.

സിവിൽ ഡിസൊബീഡിയൻസ് ആന്റ് ഇന്ത്യൻ ട്രഡിഷൻ

ഇന്ത്യയിലെ ഫാസിസ്റ്റുകൾ മറ്റെല്ലാ രാജ്യങ്ങളിലെയും പോലെ ദാരിദ്ര്യം, അസമത്വം, അനീതി, തൊഴിലില്ലായ്മ, വിദ്യഭ്യാസത്തിന്റെ ജീർണത, വിലക്കയറ്റം, കുടിവെള്ള ക്ഷാമം, പാരിസ്ഥിതിക നാശംകൊണ്ട് വിഭവങ്ങൾ നഷ്ടപ്പെടുന്നവരുടെ വിലാപങ്ങൾ എന്നിവയൊന്നും പരിഗണിക്കാതെ ഭിന്നിച്ച് ഭരിക്കുക എന്ന തന്ത്രത്തിലൂടെ അധികാരം കയ്യാളുന്നു. വൻകിടകോർപ്പറേറ്റുകൾ അമിതലാഭം സ്വരുക്കൂട്ടുമ്പോൾ വരേണ്യരും, മദ്ധ്യവർഗ്ഗികളും, സംഘടിത തൊഴിലാളികളും അതിന്റെ പങ്ക്പറ്റി ഇവരുടെ ഫാസിസ്റ്റ് ഭരണത്തിന് കൂട്ട് നിൽക്കുന്നു. ജനാധിപത്യസംവാദങ്ങൾ പൂർണ്ണമായും ഇല്ലാതാക്കുന്നു. പണവും അധികാരവുമില്ലാത്തവനെ ഒന്ന് കേൾക്കാൻ പോലും ആരുമില്ലാത്ത ദയനീയമായ അവസ്ഥ. (കത്തുകൾ, പതിമൂന്ന്, പതിനാല്, ആറ് എന്നിവ)
ഫാസിസത്തിന് വളരണമെങ്കിൽ എപ്പോഴും ഒരു ശത്രുവേണം. ഇന്ത്യയിൽ പ്രകടമായി അത് മുസ്ലിമുകളാണ്. രഹസ്യമായി ദളിതരും ആദിവാസികളും. വെറുപ്പും വിദ്വേഷവും അക്രമവും രഹസ്യമായി ഇവർക്കു നേരെ തിരിച്ചുവിടുന്നു. അധികാരത്തിന്റെ കേന്ദ്രീകരണം – ഒരു മതം, ഒരു ഭാഷ, ഒരു രാഷ്ട്രം, ഒരു പാർട്ടി, ഒരു നേതാവ് – ഇന്ത്യയെന്ന വൈവിധ്യങ്ങളുടെയും ബഹുസ്വരതകളുടെയും സംസ്കൃതികളുടെയും വിശാലവും ആഴവുമുള്ള ആശയത്തെ നശിപ്പിക്കുന്നു. ഫാസിസ്റ്റുകളുടെ ഇഷ്ടപ്പെട്ട ടാർഗറ്റുകൾ യുവാക്കളാണ്. ( കത്തുകൾ നാല്, അഞ്ച്) കശ്മീരി കവിയായ സിൻദാ കൌളിന്റെ ഭാവി ഇന്ത്യയിലാണ് അവസാന കത്തിന്റെ ഉപസംഹാരം ..

I long to go ..
Where lands are vast and all have room to live,
Where food and fruit and milk abundant,
And all the good things of life are shared by all;
Where all have enough to eat and none too much,
Where all have work to do and none are idle,
And those who work have time to play and study, song and fun..
To that City Beautiful, Ferryman, lead me and my (people)!

സിൻദാ കൌൾ

ഗാന്ധിയുടെ രാമരാജ്യമെന്ന ധർമ്മരാജ്യത്തിലേക്കുള്ള, സ്വരാജ്യത്തിലേക്കുള്ള വഴി.

രാഹുൽ ഗാന്ധി ഉദയകുമാറിന്റെ കത്തുകൾ വായിച്ചിരിക്കാം. അദ്ദേഹത്തിന്റെ പ്രതികരണങ്ങൾ അറിവായിട്ടില്ല എങ്കിലും ഭാരത് ജോഡോ യാത്രയെ ഉദയകുമാറിന്റെ പുസ്തകത്തിന്റെ പശ്ചാത്തലത്തിലും എന്റെ ഗാനന്ധിയൻ വായനയുടെ വെളിച്ചത്തിലും വിശദീകരിക്കട്ടെ.

രാഹുൽ ഗാന്ധിയെയും ഭാരത് ജോഢോ യാത്രയെയും നിരീക്ഷിക്കുന്ന ഒരു വ്യക്തി എന്ന നിലയിൽ ഒരു കാര്യം ബോധ്യപ്പെട്ടിട്ടുണ്ട് യാത്രയ്ക്കു മുമ്പുള്ള രാഹുലിൽ തന്റെ റോളിനെ പറ്റിയും തന്നെ പറ്റിയും ഇന്ത്യൻ രാഷ്ട്രീയത്തെപ്പറ്റിയും ആശങ്കകൾ ഒരുപാടുണ്ടായിരുന്നു. അദ്ദേഹം യാത്രയിലേക്കിറങ്ങിച്ചെന്നത് തന്നെ തിരിച്ചറിയാനും വ്യത്യസ്ത ഭാഷയും വേഷവും സംസ്കൃതിയുമുള്ള സാധാരണക്കാരുടെ അനുഭവങ്ങൾ നേരിൽ പഠിക്കാനും സ്പർശിച്ചറിയാനും അതുവഴി ഒരു ഭാവി ഇന്ത്യയെ കണ്ടുപിടിക്കാനുമുള്ള ഉത്കടമായ താത്പര്യത്തോടെയാവാം. ദക്ഷിണാഫ്രിക്കയിൽ നിന്നും 1914 -15 ൽ ഇന്ത്യയിൽ എത്തിയ ഗാന്ധി നടത്തിയ മൂന്നാം ക്ലാസ്സ് തീവണ്ടിയാത്രകൾ ഓർമ്മിക്കുന്നു. നെഹ്റു തൊട്ടുള്ള കോൺഗ്രസ് പാരമ്പര്യത്തിനു പുറത്താണ് രാഹുലിന്റെ നില. നെഹ്റു മുതൽ മൻമോഹൻ സിങ്ങ് വരെയുള്ള കോൺഗ്രസ് ഭരണകാലത്തിന്റെ പരിമിതികളും തെറ്റുകളും അധാർമ്മികതകളും സാമൂഹ്യ അനീതികളും അസമത്വങ്ങളും അദ്ദേഹം പരസ്യമായി വിമർശിക്കുന്നില്ല എങ്കിലും ആന്തരികമായി അത്തരമുള്ള ക്രിയാത്മക വിമർശനത്തിലൂടെയല്ലാതെ അദ്ദേഹത്തിന് ഇന്ത്യൻ ജനാധിപത്യത്തെ പുനർനിർവചിച്ച് നവീകരിക്കാനാവില്ല.

രാഹുൽ ഗാന്ധി ഭാരത് ജോഡോ യാത്രയിൽ

രാഹുലിൽ പ്രകാശിക്കുന്ന ധാർമ്മികതയും ആത്മീയതയും തന്റെ ഏറ്റവുമടുത്ത കോൺഗ്രസ് പ്രവർത്തകരിലേക്കു പോലും സംക്രമിക്കുന്നതായി യാത്രാ ശേഷം യാതൊരു തെളിവുമില്ല. ഇന്നും ഇന്ത്യയിൽ എല്ലായിടത്തും വേരുകളുള്ള ( ജീർണ്ണിച്ചതാണെങ്കിലും ) താനുൾക്കൊള്ളുന്ന പാർട്ടിയെ തന്റെ ധാർമ്മികതയിലൂടെ ജീവസ്സുറ്റതാക്കാൻ അദ്ദേഹത്തിനു കഴിയുമോ ? ലളിതമായി പറഞ്ഞാൽ, ഇന്ത്യ നേരിടുന്നത് ധാർമ്മിക പ്രതിസന്ധിയാണ്. അധാർമ്മികതയെ, അനീതിയെ, അക്രമത്തെ, അസമത്വത്തെ അധികാരാർത്തിയെ എങ്ങനെ ധാർമികമായി പ്രതിരോധിക്കാം; ഒരു ജനതയെ ധാർമ്മികതയിലേക്ക് ഉണർത്താം ?

വെറുപ്പിന്റെ അങ്ങാടിയിൽ സ്നേഹത്തിന്റെ കട തുറക്കാനുള്ള രാഹുലിന്റെ ഉണർത്തൽ ആത്മാർത്ഥമാണെന്നാണ് എന്റെ വിശ്വാസം. 1908ൽ എഴുതിയ ഹിന്ദ് സ്വരാജിനെ ( സ്വയംഭരണം) പറ്റി 1921 ൽ ഗാന്ധി വിലയിരുത്തിയത് ‘ വെറുപ്പിന്റെ സ്ഥാനത്ത് സ്നേഹത്തെ പ്രതിഷ്ഠിക്കുന്ന സുവിശേഷമാണെന്നാണ് ‘ എന്റെ ജീവിതമാണ് എന്റെ സന്ദേശം എന്നതിലൂടെ ഗാന്ധിയത് സത്യാഗ്രഹത്തിലൂടെയും സഹനസമരങ്ങളിലൂടെയും രചനാത്മക പ്രവർത്തനങ്ങളിലൂടെയും ( Constructive programme ) തെളിയിക്കുകയും ചെയ്തു. മോദിയെയോ, അദ്ദേഹത്തെ പോലുള്ള അധാർമികതയുടെ വക്താക്കളെയും നിരന്തരം കുറ്റം പറഞ്ഞതുകൊണ്ട് കാര്യമില്ല. നമ്മളും വെറുപ്പിന്റെ വക്താക്കളാകും എന്നേയുള്ളു.

മഹാത്മാ ഗാന്ധി പദയാത്രയിൽ

ഗാന്ധി ചെയ്തതു പോലെ, അവരുടെ ( ബ്രിട്ടീഷുകാരുടെ, ഇവിടെ അതേ കൊളോണിയൽ പാരമ്പര്യക്കാരായ സംഘപരിവാറിന്റെ ) കളിക്കളത്തിനു പുറത്തു നിന്നുകൊണ്ട് തന്റേതായ ( രാഹുലിന്റേതായ ) ഒരു ഗെയിം പ്ലാൻ (രചനാത്മക പദ്ധതി) സൃഷ്ടിച്ച് ദരിദ്രരും, ദളിതരും, ന്യൂനപക്ഷങ്ങളും, നിസ്സഹായരായ യുവാക്കളും സ്ത്രീകളും സാധാരണക്കാരുമടങ്ങുന്നവരെ മതങ്ങൾക്കും ഭാഷകൾക്കും ജാതികൾക്കും അതീതമായി ഒന്നിപ്പിച്ച് മുന്നോട്ടു കൊണ്ടു പോകാതെ മാർഗ്ഗമില്ല. അക്രമത്തിന്റെയും വിദ്വേഷത്തിന്റെയും മാർഗ്ഗമുപേക്ഷിച്ച് അവരെ അക്രമരാഹിത്യത്തിന്റെ പടയാളികളാക്കി മാറ്റണം. മോദി ഭരണം പോയാലും, നാം പുതിയതൊന്ന് സൃഷ്ടിച്ചിട്ടില്ലെങ്കിൽ ഇംഗ്ലീഷുകാർ പോയാലും ഇംഗ്ലീഷ്സ്ഥാൻ നിലനിൽക്കുമെന്ന് ഗാന്ധി പ്രവചിച്ചതു പോലെ അവർ പുറത്തുവിട്ട വെറുപ്പിന്റെയും അധാർമികതയുടെയും വിഷം നിർവീര്യമാകാൻ സമയമെടുക്കും. തീർച്ചയായും 2024 ലെ തിരഞ്ഞെടുപ്പുകൊണ്ട് തുടങ്ങുന്നതോ ഒടുങ്ങുന്നതോ അല്ല അത്. അക്കാര്യം രാഹുൽഗാന്ധിക്ക് ബോധ്യമാണ് എന്നുള്ളതാണ് ഏറെ ആശ്വാസം ; ചെറിയൊരു പ്രതീക്ഷ നൽകുന്നത് വെറുപ്പിന്റെ ഓരോ അങ്ങാടിയിലും സ്നേഹത്തിന്റെ ഓരോ കട തുടങ്ങുക എന്നത് ഇന്ത്യയാകമാനം മുഴങ്ങി കേൾക്കുന്ന ഓരോ ഇന്ത്യൻ ഹൃദയത്തിലും തുടിക്കുന്ന ജീവനമന്ത്രമായി ഉണരട്ടെ, ഉയരട്ടെ. അതിനെ കേന്ദ്രീകരിച്ച് രാഹുൽ ഗാന്ധിക്ക് ഒരു നവീകരണ പദ്ധതിക്ക് തുടക്കമിടാം. ഭാരത് ജോഢോ യാത്രയെ മുൻനിർത്തിയുള്ള ഉദയകുമാറിന്റെ കന്യാകുമാരിയിൽ നിന്നുള്ള കത്തുകൾ അതിലേക്കുള്ള ചെറിയൊരു കൈത്തിരിയാകട്ടെ.

INDEPENDENT,
IN-DEPTH JOURNALISM
FOR SOCIAL &
ECOLOGICAL
JUSTICE

keraleeyam-logo

Support Keraleeyam

Choose Your Preference

₹1000/Year

₹2000/2 Years

₹500/Year(Students)

One TimeAny Amount

Also Read