ആഴക്കടൽ കൊള്ളയ്ക്ക് വഴിയൊരുക്കി ബ്ലൂ ഇക്കോണമി

Support Keraleeya

Help us in our pursuit for high-quality journalism!

Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.

Support Keraleeyam Choose your preference

₹1000/Year

₹2000/2 Years

₹500Students/Year

A contribution of any size

ONE TIME
right-bg

“ഇന്ന് ഉദ്ഘാടനം ചെയ്ത ഈ രണ്ട് ട്രോളറുകൾ ഇന്ത്യയുടെ മത്സ്യബന്ധന സമ്പത്തിന്റെ സാധ്യതകൾ പ്രയോജനപ്പെടുത്താനുള്ള ശേഷി വർദ്ധിപ്പിക്കുക മാത്രമല്ല, വരും ദിവസങ്ങളിൽ സഹകരണ സംഘങ്ങളിലൂടെ മത്സ്യബന്ധന വ്യവസായത്തിന്റെ ലാഭം നമ്മുടെ കഠിനാധ്വാനികളായ ദരിദ്ര മത്സ്യത്തൊഴിലാളികളുടെ വീടുകളിൽ എത്തുന്നുവെന്ന് ഉറപ്പാക്കുകയും ചെയ്യും.”

2025 ഒക്ടോബർ 27 ന് പൂനെയിലെ മസഗോൺ ഡോക്കിൽ വെച്ച് ആഴക്കടൽ മത്സ്യബന്ധന കപ്പലുകൾ ഉദ്ഘാടനം ചെയ്തുകൊണ്ട് കേന്ദ്ര ആഭ്യന്തര വകുപ്പ് മന്ത്രി അമിത് ഷാ സംസാരിച്ച വാക്കുകളാണിവ. ആഴക്കടൽ മത്സ്യബന്ധന നയങ്ങൾ പരിഷ്കരിച്ചിരിച്ച (Sustainable Harnessing of Fisheries in the Exclusive Economic Zone (EEZ) Rules, 2025) കേന്ദ്ര സർക്കാർ ഉത്തരവിന്റെ തുടർച്ചയാണ് ഈ ഉദ്ഘാടനം. എന്നാൽ അമിത് ഷാ വാഗ്ദാനം ചെയ്തത് പോലെ ആഴക്കടൽ മത്സ്യബന്ധന നയത്തിലെ പരിഷ്കരണം ദരിദ്രരായ മത്സ്യത്തൊഴിലാളികൾക്ക് സഹായകമായി മാറുമോ? മത്സ്യത്തൊഴിലാളികളെയും മത്സ്യസമ്പത്തിനെയും ഇത് എങ്ങനെയെല്ലാമാണ് ബാധിക്കാൻ പോകുന്നത്?

ആഴക്കടൽ മത്സ്യബന്ധന യാനം. പ്രതീകാത്മക ചിത്രം. കടപ്പാട്:science.org

നയം മാറിയത് എങ്ങനെ?

ഇന്ത്യയുടെ പരമാധികാര മേഖലയായ എക്സ്ക്ലൂസീവ് ഇക്കണോമിക് സോണിൽ (EEZ) ഇതുവരെ പിടിച്ചെടുക്കാത്ത മത്സ്യവിഭവങ്ങളുടെ വലിയ സമ്പത്തുണ്ടെന്നും അത് പിടിച്ചെടുക്കാൻ വൻകിട കപ്പലുകൾക്ക് അനുമതി നൽകുന്നതുമാണ് ആഴക്കടൽ മത്സ്യബന്ധന നയത്തിലെ പുതിയ ചട്ടങ്ങൾ. ഇത് സംബന്ധിച്ച് കേന്ദ്ര വിദേശകാര്യ വകുപ്പ് വിശദമായ രൂപരേഖ 2025 നവംബർ നാലിന് പ്രസിദ്ധീകരിച്ചിരുന്നു. ഇതിന്റെ ഭാഗമായി 2025 ഒക്ടോബറിൽ ‘India’s Blue Economy: Strategy for Harnessing Deep-Sea and Offshore Fisheries’ എന്ന പേരിൽ വിശദമായൊരു റിപ്പോർച്ചും നീതി ആയോഗ് പുറത്തിറക്കി. 2024-25 ബജറ്റ് പ്രഖ്യാപനത്തിന്റെ ഭാഗം കൂടിയായിരുന്ന ഈ നയ പരിഷ്കരണങ്ങൾ 2025 ജൂലൈ 31ന് ആണ് പൊതുജനാഭിപ്രായം തേടുന്നതിനായി ഫിഷറീസ് മന്ത്രാലയം പുറത്തുവിട്ടത്.

12 നോട്ടിക്കൽ മൈൽ മുതൽ 200 നോട്ടിക്കൽ മൈൽ വരെയുള്ള (22 km and 370 km from the coast) ഇന്ത്യയുടെ EEZ (Exclusive Economic zone) ൽ ആഴക്കടൽ മത്സ്യബന്ധനം നടത്തുന്നതിനുള്ള വിശദമായ നിർദ്ദേശങ്ങളും നിയമങ്ങളുമായാണ് പുതിയ ആഴക്കടൽ നയത്തിന്റെ കാതൽ. എക്സ്ക്ലൂസീവ് ഇകണോമിക് സോൺ എന്നാൽ രാജ്യത്തിന്റെ പരാമാധികാരമുള്ള മേഖല എന്നാണർത്ഥം. യു.എൻ.സി.എൽ.ഒ.എസ് (United Nations Convention on Law of the Seas-UNCLOS)ലെ വ്യവസ്ഥകൾ പ്രകാരമാണ് തീരത്തുനിന്നുള്ള 200 നോട്ടിക്കൽ മൈൽ EEZ ആയി തിട്ടപ്പെടുത്തിയിരിക്കുന്നത്. 200-1500 മീറ്റർ വരെയുള്ള ആഴത്തിൽ (depth) നടക്കുന്ന മത്സ്യബന്ധനം ആണ് ആഴക്കടൽ മത്സ്യബന്ധനം. ആഴക്കടൽ മത്സ്യബന്ധനം EEZ-നുള്ളിലും, ദേശീയ അധികാരപരിധിക്ക് പുറത്തുള്ള പ്രദേശങ്ങളിലും (ABNJ-Areas Beyond National Jurisdiction/High Seas) സംഭവിക്കാം.

നീതി ആയോഗ് പുറത്തിറക്കിയ ആഴക്കടൽ മത്സ്യബന്ധനം സംബന്ധിച്ച പഠന റിപ്പോട്ടിൽ ഇന്ത്യയെ സംബന്ധിച്ച് 12 നോട്ടിക്കൽ മൈൽ മുതൽ 200 നോട്ടിക്കൽ മൈൽ വരെയുള്ള EEZ ന് ഉള്ളിലെ മത്സ്യബന്ധനത്തെ ആഴക്കടൽ മത്സ്യബന്ധനമായി (offshore fishing) കണക്കാക്കാം എന്നും മത്സ്യബന്ധന പ്രവർത്തനത്തിന് കടലിന്റെ ആഴവുമായി ബന്ധമില്ല എന്നുമാണ് വിവരിക്കുന്നത്.

ഇന്ത്യയുടെ മത്സ്യബന്ധന മേഖല

ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ മത്സ്യ ഉൽപ്പാദന രാജ്യമാണ് ഇന്ത്യ. ആഗോള ഉൽപ്പാദനത്തിന്റെ എട്ട് ശതമാനവും ഇന്ത്യയിലാണ്. 2023-24 സാമ്പത്തിക വർഷത്തെ രാജ്യത്തെ മൊത്തം മത്സ്യ ഉൽപ്പാദനം 18.40 മില്യൺ മെട്രിക് ടൺ (MMT) ആണ്. ഇതിൽ കടലിൽ നിന്നുള്ള ഉൽപ്പാദനം 4.49 MMT ആണ്. 2018-ലെ ആകെ മത്സ്യ ഉൽപ്പാദനം 22.31 മില്യൺ മെട്രിക് ടൺ ആയിരുന്നു. ഇതിൽ 5.31 മില്യൺ മെട്രിക് ടൺ കടൽ മത്സ്യങ്ങളാണ്. 1950-51 വർഷത്തിൽ 0.752 മില്യൺ മെട്രിക് ടൺ ആയിരുന്ന മത്സ്യ ഉത്പാദനം 2018-19 ആയപ്പോഴേക്കും 13.42 മില്യൺ മെട്രിക് ടൺ ആയി വ‍ർദ്ധിച്ചു. ഇതിൽ 3.71 മില്യൺ മെട്രിക് ടൺ കടൽ മത്സ്യങ്ങളാണ്. 2023-24 സാമ്പത്തിക വർഷത്തിൽ സമുദ്രോത്പന്നങ്ങളുടെ കയറ്റുമതി 1.78 MMT ആയിരുന്നു. അതിന്റെ മൂല്യം 60,523.89 കോടി രൂപ (USD: 7.38 ബില്യൺ) ആണ്. 2018-19 വർഷത്തെ കടൽ വിഭവ കയറ്റുമതി 13,92,559 മെട്രിക് ടൺ ആയിരുന്നു. അതായത്, 46,589 കോടി രൂപ (6.73 ബില്യൺ ഡോളർ). അഞ്ച് വർഷത്തിനിടയിൽ കയറ്റുമതിയിൽ വലിയൊരു വളർച്ചയുണ്ടായതായി കാണാൻ സാധിക്കും.

11,099 കിലോമീറ്റർ തീരപ്രദേശത്തും 2.02 മില്യൺ സ്‌ക്വയർ കി.മീ. വിസ്തൃതിയുള്ള രാജ്യത്തിന്റെ വിശാലമായ പ്രത്യേക സാമ്പത്തിക മേഖലയിലും (Exclusive Economic Zone – EEZ) 0.53 മില്യൺ സ്‌ക്വയർ കി.മീ. വരുന്ന കോണ്ടിനെന്റൽ ഷെൽഫ് പ്രദേശത്തുമായാണ് കടൽ മത്സ്യവിഭവങ്ങൾ വ്യാപിച്ചുകിടക്കുന്നത്. ഇന്ത്യയുടെ സമുദ്ര വിഭവങ്ങളുടെ സാധ്യത 5.31 MMT ആയി കണക്കാക്കപ്പെടുന്നു. ഇതിൽ ഏകദേശം 43.3 ശതമാനം ഡീമെർസൽ, 49.5 ശതമാനം പെലാജിക്, 4.3 ശതമാനം സമുദ്ര മത്സ്യങ്ങൾ, 1.1 ശതമാനം കരവിഭവങ്ങൾ, 1.8 ശതമാനം മറ്റുള്ളവ എന്നിവ ഉൾപ്പെടുന്നതാണ് (Annual report 2024-25, Government of India Ministry of Fisheries, Animal Husbandry and Dairying).

ഇന്ത്യയുടെ സമുദ്രമേഖലയിൽ കേന്ദ്ര-തീരദേശ സംസ്ഥാന സർക്കാരുകൾക്ക് കൂട്ടായ ഉത്തരവാദിത്തമാണുള്ളത്. ബേസ് ലൈനിൽ നിന്ന് 12 നോട്ടിക്കൽ മൈൽ (22 കിലോമീറ്റർ) ഉള്ളിലെ സമുദ്രജലത്തിലെ മത്സ്യബന്ധനത്തിന്റെ വികസനം, മാനേജ്മെന്റ്, നിയന്ത്രണം എന്നിവയ്ക്കുള്ള അധികാരം സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കുമാണ്. 12 നോട്ടിക്കൽ മൈൽ മുതൽ 200 നോട്ടിക്കൽ മൈൽ വരെയുള്ള എക്സ്ക്ലൂസീവ് ഇക്കണോമിക് സോണിൽ മത്സ്യബന്ധനത്തിനും വികസനത്തിനും മാനേജ്മെന്റിനും ഉള്ള അധികാരം കേന്ദ്ര സർക്കാരിനാണ്.

മംഗലാപുരം മത്സ്യബന്ധന തുറമുഖത്ത് നിന്നും. കടപ്പാട്:mangloretoday

ഇന്ത്യയും ആഴക്കടൽ മത്സ്യബന്ധനവും

ഉപയോഗിക്കാത്ത മത്സ്യ സമ്പത്ത് ആഴക്കടലിൽ‌ ഒളിഞ്ഞിരിപ്പുണ്ടെന്നും അത് നമ്മുടെ മത്സ്യ മേഖലയെ അടിമുടി മാറ്റുമെന്നും വാഗ്ദാനം നൽകിക്കൊണ്ട് 1977 ലാണ് കേന്ദ്ര സർക്കാർ ആദ്യമായി ആഴക്കടൽ മത്സ്യബന്ധന നിയമവുമായി രംഗത്തെത്തുന്നത്. ആഴക്കടൽ മത്സ്യബന്ധനം പ്രോത്സാഹിപ്പിക്കുന്നതിനായി അത്യാധുനിക വിദേശ മത്സ്യബന്ധന കപ്പലുകൾ അവതരിപ്പിക്കുന്നതിനുള്ള ഒരു ചാർട്ടർ നയം 1981-ൽ നിലവിൽ വന്നു. നാഷണൽ ഫിഷർമെൻ ഫോറത്തിന്റെ നേത‍ൃത്വത്തിൽ നടന്ന പ്രതിഷേധങ്ങൾക്കൊടുവിൽ‌ സർക്കാർ ഇത് പിൻവലിച്ചു. 1991 ൽ പുത്തൻ സാമ്പത്തിക നയത്തിന്റെ ഭാഗമായി ആഴക്കടൽ മത്സ്യബന്ധന നയവുമായി സർക്കാർ വീണ്ടും രംഗത്തെത്തി. സംയുക്ത സംരംഭം, പരീക്ഷണ മത്സ്യബന്ധനം, പാട്ടക്കരാർ എന്നിവ ഉൾപ്പെടുന്നതായിരുന്നു നയം. ആഴക്കടൽ മത്സ്യബന്ധന കപ്പലുകൾ തങ്ങളുടെ തീരദേശ ജലാശയങ്ങളിലേക്ക് കടന്നുകയറി മത്സ്യസമ്പത്തിനെ കൊള്ളയടിക്കുമെന്ന് പരമ്പരാഗത മത്സ്യബന്ധന മേഖലയ്ക്ക് ആശങ്കയുണ്ടായിരുന്നു. പരമ്പരാഗത മത്സ്യബന്ധന സമൂഹവും ചെറുകിട യന്ത്രവൽകൃത മത്സ്യബന്ധന കപ്പലുകളുടെ നടത്തിപ്പുകാരും വിവിധ പ്രതിഷേധങ്ങൾ സംഘടിപ്പിക്കുകയും ആഴക്കടൽ മത്സ്യബന്ധനത്തിന് നൽകിയിട്ടുള്ള ലൈസൻസുകൾ റദ്ദാക്കണമെന്നും 1991-ൽ അവതരിപ്പിച്ച പുതിയ ആഴക്കടൽ മത്സ്യബന്ധന നയം സമഗ്രമായി പുനഃക്രമീകരിക്കണമെന്നും ആവശ്യപ്പെട്ടു. 1995-ല്‍ ആഴക്കടൽ മത്സ്യ ബന്ധന നയം പരിശോധിക്കുവാൻ നിയോഗിച്ച മുരാരി കമ്മിറ്റി, വിദേശ യാനങ്ങൾക്ക് അനുമതി നൽകുന്ന പെർമിറ്റുകൾ നിയമ വിധേയമായി റദ്ദ് ചെയ്യണമെന്ന് നിര്‍ദ്ദേശിച്ചു. എന്നാൽ രണ്ടാം യു.പി.എ സർക്കാർ നിയോഗിച്ച മീനാകുമാരി കമ്മിറ്റി ആ നിലപാടുകൾ തള്ളി. തദ്ദേശീയ മത്സ്യബന്ധന സംവിധാനങ്ങൾ കാര്യ പ്രാപ്തിയും സാങ്കേതികതയും കൈവരിക്കും വരെ വിദേശ യാനങ്ങൾ മീന്‍ പിടുത്തം തുടരട്ടെ എന്നാണ് കമ്മിറ്റി അഭിപ്രായപെട്ടത്. 2004, 2017, 2021, 2022 ലും ആഴക്കടൽ സംബന്ധിച്ച നയ പരിഷ്കരണങ്ങളുണ്ടായി. എന്നാൽ ഈ പരിഷ്കണരങ്ങളൊന്നും സർക്കാർ അവകാശപ്പെട്ട പോലെ വലിയ സാമ്പത്തിക മെച്ചമുണ്ടാക്കിയില്ല.

“1977,1981, 1991, 2011ലും കുത്തകൾക്ക് കൊടുക്കാൻ ശ്രമിച്ചിരുന്നു. അന്ന് ഞങ്ങളുടെ ശക്തമായ എതിർപ്പുകൊണ്ട് അത് പരാജയപ്പെട്ടു. ആഴക്കടലിൽ‌ നമ്മളീ പറയുന്ന മീനൊന്നുമില്ല, കേവലം നാല് ശതമാനം മാത്രമുള്ളൂ. അതുകാരണം ഈ രംഗത്ത് നിക്ഷേപിച്ചവരൊക്കെ തന്നെ അന്ന് കൈ പൊള്ളി നിർത്തിവെച്ചു. ആഴക്കടലിലെ പ്രവർത്തനം നഷ്ടത്തിലായതോടെ ഈ കപ്പലുകൾ തീരക്കടലിലേക്ക് വന്നു. തുടർന്ന് സാധാരണ മീൻപിടിക്കുന്ന ബോട്ടുകാരുമായി തർക്കങ്ങളുണ്ടായി. പ്രക്ഷോഭങ്ങളെ തുടർന്ന് അവരുടെ പ്രവർത്തനം നിർത്തിവയ്ക്കാൻ ഗവൺമെന്റ് നിർബന്ധിതമായി. നാല്പത് വർഷമായി ഞങ്ങൾ സമരം ചെയ്ത് പരാജയപ്പെടുത്തിയ നയം ഇപ്പോൾ വീണ്ടും തിരിച്ചു വന്നിരിക്കുകയാണ്.” കേരള മത്സ്യത്തൊഴിലാളി ഐക്യവേദി സംസ്ഥാന പ്രസി‍ഡന്റ് ചാൾസ് ജോർജ് കേരളീയത്തോട് പറഞ്ഞു.

ചാൾസ് ജോർജ്

ബ്ലൂ ഇക്കോണമി വിലയിരുത്തൽ ശരിയോ?

ആഴക്കടൽ മത്സ്യബന്ധനത്തിലെ നയ പരിഷ്കരണങ്ങൾ കേന്ദ്ര സർക്കാരിന്റെ ബ്ലൂ ഇക്കോണമി നയത്തിന്റെ ഭാഗമാണ്. 2014-ൽ എൻ.ഡി.എ സർക്കാർ അധികാരത്തിലെത്തിയതിന് ശേഷമാണ് ഇന്ത്യയിൽ ബ്ലൂ ഇക്കോണമി എന്ന ആശയം മുന്നോട്ടുവയ്ക്കപ്പെടുന്നത്. മത്സ്യബന്ധനം, തുറമുഖങ്ങൾ, ഗതാഗതം, ഊർജ്ജോത്പാദനം എന്നിവ സമുദ്രമേഖലയിൽ ശക്തിപ്പെടുത്തുന്നതിലൂടെ സാമ്പത്തിക വളർച്ച കൈവരിക്കുക എന്നതാണ് ബ്ലൂ ഇക്കോണമി നയത്തിന്റെ ലക്ഷ്യം. ലോക ബാങ്കിന്റെ ധനസഹായത്തോടെയും സാങ്കേതിക ഉപദേശത്തോടെയുമാണ് Draft Blue Economy Policy Framework (2021) ഇന്ത്യ തയ്യാറാക്കിയിരിക്കുന്നത്. ബ്ലൂ ഇക്കോണമി നയങ്ങൾ പരിസ്ഥിതി സംരക്ഷണം വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും തുറമുഖ വികസനം, ഡീപ് സീ മൈനിംഗ്, ആഴക്കടൽ മത്സ്യബന്ധനം തുടങ്ങിയ നിർദ്ദേശങ്ങൾ പരിസ്ഥിതി ചൂഷണത്തിന് വഴിവയ്ക്കും എന്ന വിമർശനം ശക്തമായി നിലനിൽക്കുന്നുണ്ട്.

ഇത് വരെ ഉപയോഗിക്കാത്ത വൻ വിഭവങ്ങൾ ഇന്ത്യയുടെ ആഴക്കടൽ മേഖലയിലുണ്ടെന്നാണ് കേന്ദ്ര സർക്കാർ ഇപ്പോൾ മുന്നോട്ടുവയ്ക്കുന്ന വാദം. ബ്ലൂ ഇക്കോണമി റിപ്പോട്ട് പ്രകാരം 7.16 ദശലക്ഷം മെട്രിക് ടൺ‌ (MT) ആണ് 2018 ലെ EEZ ലെ (conventional and non-conventional) പൊട്ടൻഷ്യൽ. എന്നാൽ ആഴക്കടൽ നയം ഈ കണക്കുകളുടെ അടിസ്ഥാനത്തിൽ രൂപീകരിച്ചതിലെ വൈരുധ്യം മത്സ്യമേഖലയിൽ ദീർഘകാലം പ്രവർത്തിച്ചിട്ടുള്ള സാമ്പത്തിക ശാസ്ത്ര‍ജ്ഞനായ ഡോ. ജോൺ കുര്യൻ ചൂണ്ടിക്കാട്ടുന്നു. നാൽപ്പത് വർഷമായി ഔദ്യോഗിക കണക്കുകൾ പ്രകാരം ഇന്ത്യയുടെ സമുദ്രവിഭവ ശേഷി ഏകദേശം 4.4 ദശലക്ഷം ടൺ ആയിരുന്നു. അതിൽ കഷ്ടിച്ച് അര ദശലക്ഷം ടൺ ആഴക്കടലിൽ നിന്നാണ് ലഭിച്ചത്. എന്നാൽ 2018 ൽ ഒരു പുതിയ കമ്മിറ്റി പെട്ടെന്ന് ഈ കണക്ക് 7.1 ദശലക്ഷം ടണ്ണായി ഉയർത്തുകയും നോൺ കൺവെഷണൽ വിഭവങ്ങൾ കണ്ടെത്തിയെന്ന് അവകാശപ്പെടുകയും ചെയ്യുന്നതിന് പിന്നിലെ ശാസ്ത്രീയമായ തെളിവുകൾ ഇപ്പോഴും വ്യക്തമല്ലെന്ന് ഡോ. ജോൺ കുര്യൻ ബിസിനസ് സ്റ്റാൻഡേർഡിൽ എഴുതിയ ലേഖനത്തിൽ‌ പറയുന്നു. ഇന്ത്യയിലെ നിലവിലുള്ള മത്സ്യബന്ധന യാനങ്ങളുടെ എണ്ണം വളരെ കൂടുതലാണെന്നും, ഇതിനകം സമ്മർദ്ദം കൂടുതലുള്ള സ്ഥലത്തേക്കാണ് സർക്കാർ വീണ്ടും വൻകിട കപ്പലുകൾ അനുവദിക്കാൻ ഒരുങ്ങുന്നതെന്നും ഡോ. ജോൺ കുര്യൻ വ്യക്തമാക്കുന്നു.

നമുക്ക് ധൃതി പിടിച്ചൊരു ഡീപ് സീ ഫിഷിങ് പോളിസി നടപ്പാക്കേണ്ടുന്നേ ആവശ്യമുണ്ടോ? കേരള യൂണിവേഴ്സിറ്റി ഓഫ് ഫിഷറീസ് ആൻഡ് ഓഷ്യൻ സ്റ്റഡീസ് (KUFOS) വൈസ് ചാൻസലർ ഡോ. എ ബിജുകുമാറിന്റേതാണ് ചോദ്യം. “ഇപ്പോഴും നമ്മുടെ ഡീപ്പ് സീ റിസോഴ്സസിന്റെ ക‍ൃത്യമായിട്ടുള്ള സൈന്റിഫിക് ഡേറ്റാ നമുക്കില്ല. സ്റ്റോക്ക് അസെസ്മെന്റ് പണ്ടെങ്ങോ ഉള്ളതാണ്. മീസോ പെലാജിക്കിന്റെ മേഖലയിൽ ഒരുപാട് റിസോഴ്സസ് ഉണ്ടെന്നുള്ള ധാരണയാണ് നമുക്ക്. മില്യൺസ് ഓഫ് ടൺസ് അവിടെയുണ്ടെന്നും അതെടുക്കാമെന്നുള്ള ധാരണ. ചിതറികിടക്കുന്ന പഠനങ്ങൾ അല്ലാതെ നമുക്ക് ഫിഷ് ചെയ്യാൻ പറ്റുന്ന റീജിയണിൽ എന്ത് മാത്രം വിഭവങ്ങളുണ്ട് എന്നതിന്റെ സൈന്റിഫിക് ഡേറ്റ ലിമിറ്റഡാണ്.” ഡോ. ബിജുകുമാറും ചൂണ്ടിക്കാണിക്കുന്നത് ആഴക്കടലിലെ വിഭവങ്ങളെ സംബന്ധിച്ച ഡാറ്റയുടെ അഭാവമാണ്.

ഡോ. എ ബിജുകുമാർ

“വലിയ രീതിയിൽ എഫർട്ട് ആവശ്യമാണ് ആഴക്കടൽ മത്സ്യബന്ധനത്തിന്. ഡീസൽ പെട്രോൾ വില വർധിച്ചിരിക്കുന്ന ഈ കാലത്ത് ഇത്ര വലിയ ചെലവിൽ ആരും വർക്ക് ചെയ്യില്ല. ചെയ്യുന്നവർ‌ നഷ്ടത്തിലാകും.”ചാൾസ് ജോർജ് ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തിൽ ഇത്തരത്തിൽ വെസൽ ഓ‍ണർഷിപ്പിലേക്ക് വരുന്നവർക്ക് സാമ്പത്തികമായി മുന്നോട്ടുപോകാൻ സാധിക്കാതെ വരുമ്പോൾ തീരക്കടലിലേക്ക് എത്തി മത്സ്യം പിടിക്കാനുള്ള സാധ്യത വർധിക്കും. അതാണ് മുൻ‌കാലങ്ങളിലും സംഭവിച്ചത്.

തമിഴ്‌നാട്ടിലെ തുത്തൂർ മത്സ്യത്തൊഴിലാളികൾ ഇന്ത്യയുടെ EEZ മേഖലകളിൽ വരെ പോയി 20 മീറ്ററിൽ താഴെ നീളമുള്ള യാനങ്ങൾ ഉപയോഗിച്ച് ആധുനിക ഉപകരണങ്ങളുടെ ഇല്ലാതെ തന്നെ ആഴക്കടൽ മത്സ്യങ്ങളെയും സമുദ്ര വിഭവങ്ങളെയും വിദഗ്ധമായി പിടിച്ചിക്കുന്നുണ്ട്. തലമുറകളായി കൈമാറ്റം ചെയ്യപ്പെടുന്ന പരമ്പരാഗത അറിവും വൈദഗ്ധ്യത്തവും സമുദ്ര ആവാസവ്യവസ്ഥയെക്കുറിച്ചുള്ള ആഴത്തിലുള്ള ധാരണയുമാണ് ഇതിന് കാരണമെന്ന് നീതി ആയോഗ് റിപ്പോട്ടിൽ തന്നെ പറയുന്നുണ്ട്. അത്തരത്തിൽ നെെപുണ്യമുള്ള മത്സ്യത്തൊഴിലാളികൾ രാജ്യത്തുള്ളപ്പോൾ അവരെ പരിഗണിക്കുന്ന തരത്തിലല്ല സർക്കാർ നയം എന്നതും വിമർശിക്കപ്പെടേണ്ടതാണ്.

മറ്റ് രാജ്യങ്ങളും സബ്സിഡിയും

നീതി ആയോഗിന്റെ റിപ്പോർട്ടിൽ ആഴക്കടൽ മത്സ്യബന്ധനം വിജയകരമായി മുന്നോട്ട് കൊണ്ടുപോകുന്ന രാജ്യങ്ങളെകുറിച്ച് വിവരിക്കുന്നുണ്ട്. ചൈന, ജപ്പാൻ, സ്പെയിൻ, യുഎസ്, ശ്രീലങ്ക എന്നിവയാണ് പഠനത്തിനായി തെരഞ്ഞെടുത്ത രാജ്യങ്ങൾ. ചൈനയാണ് ആഴക്കടൽ മത്സ്യബന്ധനത്തിൽ ഏറ്റവും മുന്നിലെന്ന് റിപ്പോർട്ട് പറയുന്നു. ചൈനയുടെ ആഴക്കടൽ നയം വിശകലനം ചെയ്യുന്ന റിപ്പോർട്ട് മറന്നുപോയ ഒരു കാര്യം ചൈനയുടെ മത്സ്യബന്ധന മേഖലയിലെ വളർച്ചക്ക് പിന്നിൽ സുസ്ഥിരമല്ലാത്ത നിയമവിരുദ്ധ പ്രവർത്തനങ്ങളുണ്ട് എന്നതാണ്. ചൈനയ്ക്ക് ചുറ്റുമുള്ള നാല് കടലുകൾ ലോകത്തിൽ തന്നെ അമിതമായി മത്സ്യബന്ധനം നടക്കുന്ന കടലുകളാണ്. നീതി ആയോഗ് റിപ്പോർട്ട് മുന്നോട്ടുവയ്ക്കുന്ന മറ്റൊരു മാതൃക ജപ്പാനാണ്. എന്നാൽ ഈ രണ്ട് രാജ്യങ്ങളിലും ആഴക്കടൽ മത്സ്യബന്ധനം ലാഭകരമായി മുന്നോട്ട് കൊണ്ടുപോകുന്നതിന്റെ പ്രധാന കാരണങ്ങളിലൊന്ന് സബ്സിഡികളാണ്. 50 ശതമാനത്തിൽ അധികം സബ്സിഡിയുള്ളതുകൊണ്ടാണ് ഇത് ലാഭകരമായി തുടരുന്നത് എന്നാണ് സയൻസ് അഡ്വാൻസ് എന്ന ജേണൽ പ്രസിദ്ധീകരിച്ച പഠനം പറയുന്നത്.

2020 ൽ ജനീവയിൽ നടന്ന 12-ാമത് ലോക വ്യാപാര സംഘടനയുടെ മന്ത്രിതല സമ്മേളനത്തിൽ, കടൽ മത്സ്യസമ്പത്തിന്റെ അമിതചൂഷണവും വിനാശകരമായ മത്സ്യബന്ധന രീതിയും തടയുന്നതിനായി മത്സ്യബന്ധനത്തിന് നൽകിവരുന്ന എല്ലാ സബ്‌സിഡികളും രണ്ട് വർഷം കഴിഞ്ഞാൽ നിർത്തലാക്കാൻ തീരുമാനിച്ചിരിന്നു. സബ്സിഡി നിർത്തലാക്കാനുള്ള കരാറിൽ ഇന്ത്യ ഒപ്പ് വെച്ചിട്ടില്ല. ചെറുകിട മത്സ്യബന്ധനം നടത്തുന്നവർക്കുള്ള സബ്സിഡി 25 വർഷം കൂടി തുടരണമെന്ന ഇന്ത്യയുടെ ആവശ്യം അന്ന് അംഗീകരിക്കപ്പെട്ടില്ല. എന്നാൽ അതേ കേന്ദ്ര സർക്കാർ ചെറുകിട മത്സ്യത്തൊഴിലാളികൾക്ക് നൽകിയിരുന്ന മണ്ണെണ്ണ സബ്സിഡി ഉൾപ്പടെ വെട്ടികുറച്ചിരുന്നു. പുതിയ ആഴക്കടൽ മത്സ്യബന്ധന നയത്തിലാകട്ടെ യാനങ്ങൾ വാങ്ങാനും മറ്റുമായി വൻ തുകയാണ് സർക്കാർ‌ വാഗ്ദാനം ചെയ്തിരിക്കുന്നത്.

2021-22 സാമ്പത്തിക വർഷത്തിൽ കേരളത്തിനുള്ള മണ്ണെണ്ണ വിഹിതം 21888 കിലോ ലിറ്റർ ആയിരുന്നു. 2022-23 ൽ അത് മൂന്നിലൊന്നായി വെട്ടിച്ചുരുക്കി 7160 കിലോ ലിറ്ററാക്കി. 2023-24 ൽ അത് വീണ്ടും പകുതിയായി കുറച്ചുകൊണ്ട് 3300 കിലോ ലിറ്ററാക്കി. ഒരു വർഷം കേരളത്തിലെ പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് ആവശ്യമായി വരുന്നത് ഏതാണ്ട് 30,000 കിലോ ലിറ്റർ മണ്ണെണ്ണയാണ്. കേന്ദ്രവിഹിതം ഇതിന്റെ അഞ്ച് ശതമാനം പോലും ഇല്ലാത്തതിനാൽ കൂടുതൽ പണം നൽകി ഓപ്പൺ മാർക്കറ്റിൽ നിന്നും മണ്ണെണ്ണ വാങ്ങിയാണ് സാധാരണക്കാരായ മത്സ്യത്തൊഴിലാളികൾ മത്സ്യബന്ധനത്തിന് പോകുന്നത് (കേരള ഫിഷറീസ് മന്ത്രി സജി ചെറിയാന്റെ ഫേസ്ബുക്ക് പോസ്റ്റിൽ നിന്ന്).

എന്തുകൊണ്ട് വിദേശകാര്യ മന്ത്രാലയം?

ആഴക്കടൽ മത്സ്യബന്ധന നയത്തിന്റെ പുതുക്കിയ നോട്ടിഫിക്കേഷൻ പ്രസിദ്ധീകരിച്ചത് വിദേശകാര്യ മന്ത്രാലയമാണ്. ഫിഷറീസ് മന്ത്രാലയത്തിന് കീഴിലുള്ള നയമാറ്റമായിട്ടും എന്തുകൊണ്ട് വിദേശകാര്യ മന്ത്രാലയം എന്നത് സ്വാഭാവികമായും സംശയങ്ങളുയർത്തുന്നതാണ്. മറ്റൊന്ന് മാനദണ്ഡങ്ങളിലെ ഉടമസ്ഥത സംബന്ധിച്ച് നൽകിയിരിക്കുന്ന വിശദീകരണമാണ് (Definitions-(2)-n). വ്യക്തികൾ/വ്യവസായ സ്ഥാപനം/ഫിഷ് ഫാർമർ പ്രൊഡ്യൂസർ ഓർഗനൈസേഷൻ, ഫിഷറീസ് കോപ്പറേറ്റീവുകൾ ഉടമസ്ഥരാകാം എന്ന് പറയുന്നു. ഇത് മത്സ്യബന്ധന മേഖലയുമായി യാതൊരു ബന്ധവുമില്ലാത്ത വൻകിട കോർപ്പറേറ്റുകളെ വരെ ഈ മേഖലയിലേക്ക് കടന്നുവരാൻ സഹായിക്കുന്നതാണ്.

‘സുസ്ഥിരത’ എന്ന കള്ളം

മത്സ്യ വിഭവങ്ങളെ സുസ്ഥിരമായി ഉത്തരവാദിത്വത്തോടെ പിടിച്ചെടുക്കുക എന്നതാണ് ആഴക്കടൽ നയം ലക്ഷ്യമായി പറയുന്നത്. തീരക്കടൽ മത്സ്യ ബന്ധനം പോലയല്ല ആഴക്കടൽ മത്സ്യബന്ധനം. ആഴക്കടൽ പരിസ്ഥിതി ദുർബലമാണെന്നും അമിത ചൂഷണം ആവാസവ്യവസ്ഥയുടെ തകർച്ചയിലേക്ക് നയിക്കുമെന്നും ഇവിടെയുള്ള വിലപ്പെട്ട വിഭവങ്ങളുടെ ദീർഘകാല സുസ്ഥിരത നിലനിർത്തുന്നതിന് കർശനമായ സംരക്ഷണ നടപടികളും ഉത്തരവാദിത്തമുള്ള മത്സ്യബന്ധന രീതികളും ആവശ്യമാണെന്നും നീതി ആയോഗ് രേഖ തന്നെ പറയുന്നുണ്ട്. എന്നാൽ സുസ്ഥിരതയെക്കുറിച്ച് ആവർത്തിച്ച് പറയുന്നുണ്ടെങ്കിലും കാലാവസ്ഥാ മാറ്റം കാരണം കടലിലെ ചൂട് കൂടുന്നതും അത് സൃഷ്ടിക്കുന്ന പ്രശ്നങ്ങളും പരിഗണിച്ചിട്ടേയില്ല.

“ഒരു മീൻ പ്രായ പൂർത്തിയായി, മുട്ടയിട്ട് തുടങ്ങി, അടുത്ത ജനറേഷനെ കിട്ടാനുള്ള കാലയളവ് അത് വളരെ സ്ലോയാണ്. അത് ഡീപ് സീ സ്പീഷ്യസിന്റെയൊരു പ്രത്യേകതയാണ്. അതൊരുപാട് കാലം ജീവിച്ചിരിക്കും. പക്ഷേ, വളരെ ലേറ്റായിട്ട് മാത്രമേ പ്രായപൂർത്തിയാകൂ. അങ്ങനെ വരുമ്പോ ഈ സ്പീഷിസ് പലതും ഓവർ ഫിഷിങ്ങിൽ വൾനറിബിൾ ആകും. അത് വലിയൊരു ഫാക്ടറാണ്. അതിന്റെ വൾനറബിലിറ്റിയെ പറ്റി നമുക്കൊന്നും അറിയില്ല.” ഡോ. എ ബിജുകുമാർ പറയുന്നു.

വംശനാശ ഭീഷണി നേരിടുന്ന മീനുകളെകുറിച്ചാണ് ചാൾസ് ജോർജും പറഞ്ഞത്. “തകർച്ചയുടെ ആഴത്തിലാണ് നമ്മൾ നിൽക്കുന്നത്. ട്യൂണ അതിന്റെ അതിർത്തിയിൽ നിൽക്കുകയാണ്. യെല്ലോ ഫിൻ ട്യൂണ തകർന്നിരിക്കുകയാണ്. ഓലക്കൊടി, തള, ചീലാവ് പാമ്പാടി ഈ മത്സ്യങ്ങൾ ഒക്കെ തകർച്ചയുടെ വക്കിലാണെന്ന് ഇന്ത്യൻ ഓഷൻ ട്യൂണ കമ്മീഷൻ പറഞ്ഞിരിക്കുകയാണ്.”

കടലിന്നടിത്തട്ടിലെ ആവാസവ്യവസ്ഥയെ സംബന്ധിച്ചും ഡോ. ബിജുകുമാർ ആശങ്ക പ്രകടിപ്പിച്ചു. “സീ ഫ്ലോറിനകത്തുള്ള ഹാബിറ്റാറ്റാണ് സീ മൗണ്ടുകൾ എന്നത്. സീ മൗണ്ട് തനത് ജൈവവൈവിധ്യ കേന്ദ്രങ്ങളാണ്. അവിടെ ബോട്ടം ട്രോളിങ്ങ് നടത്തിയാൽ ജൈവവൈവിധ്യത്തിന് അത് അപകടം ചെയ്യും. ഇതിന്റെ കൂടെ ബൈ കാച്ച് എന്ന് പറയുന്ന ഒരു ഇഷ്യൂ ഉണ്ട്. അവര് പിടിച്ചുകൊണ്ട് വരുമ്പോൾ നോൺ ടാർഗറ്റായിട്ടുള്ള സ്പീഷിസായിരിക്കും കൂടുതൽ വരിക. അതും സസ്റ്റെയിനബിലിറ്റിക്കൊരു ചലഞ്ചാണ്.”

ആഴക്കടൽ നയവും കേരളവും

കാലാവസ്ഥാ വ്യതിയാനം, വർധിച്ച് വരുന്ന ചുഴലിക്കാറ്റുകൾ, മത്സ്യ ലഭ്യതയിലെക്കുറവ്, സർക്കാർ മുന്നറിയിപ്പ് കാരണം തൊഴിൽ ദിനങ്ങൾ കുറയുന്നത്, ഇന്ധന വിലയിലെ വർദ്ധനവ് തുടങ്ങിയ പ്രശ്നങ്ങളാൽ ബുദ്ധിമുട്ടുകയാണ് കേരളത്തിന്റെ മത്സ്യബന്ധന മേഖല. അതുകൊണ്ടുതന്നെ കേന്ദ്ര സർക്കാരിന്റെ ആഴക്കടൽ നയപ്രഖ്യാപനം വലിയ ആശങ്കയാണ് സംസ്ഥാനത്ത് സൃഷ്ടിച്ചിരിക്കുന്നത്.

keraleeyam graphics
keraleeyam graphics

കേരളത്തിലെ പ്രധാനപ്പെട്ട മത്സ്യബന്ധന തുറമുഖങ്ങളിലൊന്നായ കൊല്ലം ജില്ലയിലെ ശക്തികുളങ്ങര തുറമുഖത്തെത്തുമ്പോൾ കടൽപ്പണി കഴിഞ്ഞെത്തി മത്സ്യകച്ചവടം നടക്കുന്നതിന്റെ തിരക്കായിരുന്നു. ഇതര സംസ്ഥാനങ്ങളിൽ നിന്നടക്കം ആയിരകണക്കിന് തൊഴിലാളികൾ ജോലിചെയ്യുന്നുണ്ടിവിടെ.

“എനിക്കിപ്പോൾ രണ്ട് ബോട്ടുണ്ട്, അഞ്ച് ബോട്ടുണ്ടായിരുന്നു. ഇപ്പോൾ ഡീസൽ വിലയൊരു പ്രശ്നമാണ്. തൊഴിലാളികൾക്ക് ബാറ്റാ 300 രൂപയായിരുന്നു നമ്മൾ കൊടുത്തുകൊണ്ടിരുന്നത്. പക്ഷേ ഇപ്പോൾ അവശ്യ സാധനങ്ങൾക്ക് വില കൂടിയത് കാരണം, ഇവർക്ക് ഇവരുടെ വീട്ടിലെ ചെലവ് നോക്കാൻ പറ്റാത്ത കൊണ്ട് ബാറ്റ അഞ്ഞൂറ് രൂപയാക്കി. അങ്ങനെ ഉള്ള ബുദ്ധിമുട്ട് കാരണം ഇപ്പോ രണ്ട് ബോട്ടായി… നമുക്ക് എല്ലാംകൂടെയൊന്നും പിടിച്ച് നിൽക്കാൻ പറ്റത്തില്ല.” ശക്തികുളങ്ങര സ്വദേശിയായ ബോട്ടുടമ അലക്സ് അലോഷ്യസാണ് സംസാരിച്ച് തുടങ്ങിയത്. അലക്സിന്റെ ബോട്ട് പത്ത് ദിവസം കടലിൽ കിടന്ന് ട്രോളിംഗ് നടത്താൻ സംവിധാനമുള്ളതും അറുപതിനായിരം കിലോ മീൻ കൊണ്ടുവരാൻ കപ്പാസിറ്റിയുള്ളതുമാണ്.

ശക്തികുളങ്ങര ഫിഷിംഗ് ഹാർബറിൽ നിന്നും. ഫോട്ടോ: അനിഷ എ മെന്റസ്

ആഴക്കടൽ മത്സ്യബന്ധന നയത്തെക്കുറിച്ച് അലക്സ് നേരത്തെ അറിഞ്ഞിരുന്നു. “തീരദേശത്തെ മത്സ്യത്തൊഴിലാളികൾ ഒന്നടങ്കം ആത്മഹത്യയുടെ വക്കിലോട്ട് പോകും. വൻകിട കോർപ്പറേറ്റുകളാണ് അവർ. അവർക്ക് സബ്സി‍‍ഡിയും മറ്റുള്ള ആനുകൂല്യവും വെച്ചാണ് പോകുന്നത്. നമുക്ക് ആനുകൂല്യമില്ല, നമ്മൾ സ്വന്തമായിട്ട് ഉപജീവന മാർഗത്തിന് വേണ്ടി പോകുന്നവരാണ്. ഇവിടെ ഈ ശക്തികുളങ്ങര ഹാർബറിലുള്ള ആയിരം ആയിരത്തി ഇരുന്നൂറ് ബോട്ട് നമുക്ക് ഒരിക്കലും നിർത്താൻ പറ്റത്തില്ല. ഇതാണ് ഞങ്ങക്കറിയാവുന്ന ഒരു വ്യവസായം. അതുകൊണ്ടാണ് നമ്മളെത്ര റിസ്കെടുത്തും മുന്നോട്ട് കൊണ്ട് പോകുന്നത്.” അലക്സ് പറയുന്നു.

അലക്സ് അലോഷ്യസ്

മത്സ്യത്തൊഴിലാളികളെയുെം തീരത്തെയും നശിപ്പിക്കാൻ വേണ്ടിയുള്ള വലിയൊരു ഗൂഢാലോചനയായിട്ടാണ് നമ്മളിത് കാണുന്നത്. ഇല്ലെങ്കിൽ എന്തുകൊണ്ടാണ് കേന്ദ്ര ഗവൺമെന്റോ സംസ്ഥാന സർക്കാരോ ഞങ്ങക്ക് സബ്സിഡി തരാത്തത്?” അലക്സ് നിരാശയോടെ പറഞ്ഞു നിർ‌ത്തി.

“സ്വന്തമായി ബോട്ടുണ്ടായിട്ട് 20 വർഷമായി. ലാഭം കുറഞ്ഞ് വരുകയാണ്, കാശിന്റെ കണക്ക് നോക്കിയാ ലാഭം കൂടുതലാണ്. അന്ന് നമുക്ക് 35 രൂപക്ക് ഡീസൽ വാങ്ങിക്കാമായിരുന്നു. ഇന്ന് ഡീസലിന്റെ വില 90-95 രൂപയാണ്. അങ്ങനെ നോക്കുമ്പോ നഷ്ടമാണ്. അന്ന് ഒരു വല കെട്ടണമെങ്കിൽ 25,000 രൂപയാവും. ഇന്നൊരു വല കെട്ടണമെങ്കിൽ ഒരു ലക്ഷത്തി പതിനായിരം രൂപയാവും. അന്നൊരു കിലോ റോപ്പ് 120 രൂപയേ ഉള്ളൂ. ഇന്നൊരു കിലോ റോപ്പ് 320 രൂപയാണ്. ആ കണക്ക് കൂട്ടുമ്പോ നമുക്കിത് നഷ്ടമാണ്.” കുളച്ചൽ സ്വദേശിയായ എഡിസൺ പറയുന്നു. ഇരുപത്തഞ്ച് വർഷമായി എഡിസൺ ശക്തികുളങ്ങരയിൽ നിന്നാണ് മത്സ്യബന്ധനത്തിന് പോകുന്നത്.

“കടലിൽ ഞങ്ങള് പിടിക്കാത്ത മീൻ ഇവരേത് കപ്പലിറയ്ക്കിയാലും പിടിക്കാൻ പറ്റില്ല. അവരിത്തിരി കൂടുതൽ പിടിക്കും. നശിപ്പിക്കും അവര് കടല്. പക്ഷേ, ഞങ്ങള് നശിപ്പിക്കത്തില്ല. ഇപ്പോ നമക്ക് തന്നെ കിട്ടുന്നില്ല മീൻ. വലിയ കോർപ്പറേറ്റ് വന്നാ ഇതെല്ലാം പിടിച്ച് കെട്ടിയിട്ട് പട്ടിണി കിടയ്ക്കേണ്ടി വരും. ഞങ്ങക്ക് സബ്സിഡിയൊന്നുമില്ല.” ബോട്ടിലെ സ്രാങ്ക് കൂടിയായ എഡിസൺ കേരളീയത്തോട് പറ‍ഞ്ഞു.

എഡിസൺ

ആഴക്കടൽ മത്സ്യബന്ധന നയത്തിലെ പരിഷ്കരണമൊന്നും അറിഞ്ഞിരുന്നില്ല കന്യാകുമാരി സ്വദേശിയായ ജോസഫ് അരുൾ. (ആരാണ് നയമാറ്റം വരുത്തിയത് മോദിയാണോ എന്നായിരുന്നു ചോദ്യം.)

“ഇത് വെസലെന്ന് പറയുന്നതാണ്, ഇത് ആദ്യം ഉണ്ടായിരുന്നു, പത്തിരുപത് വർഷം മുമ്പ്. അത് വന്നപ്പോ എങ്കക്ക് പണി പോയി. അത് വന്നാ ജീവിതം പോക്കാണ്.” മുപ്പത്തഞ്ച് വർഷമായി കടലിൽ പോകുന്ന ജോസഫ് ശക്തികുളങ്ങര സ്വദേശിയുടെ ബോട്ടിലെ തൊഴിലാളിയാണ്.

“മീനിന്റെ അളവ് കുറഞ്ഞ് വരുന്നുണ്ട്. ദിവസം പോകുന്ന കൊണ്ട് കഞ്ഞിക്കുള്ള മാത്രമുണ്ട്. ഒരു ബോട്ട് കടലിൽ പോകാൻ നാല്-അഞ്ച് ലക്ഷം രൂപ ചെലവാണ് നമുക്ക്. ഡീസല് ചെലവ്, ഐസ് ചെലവ്, റേഷന് ചെലവ്, എല്ലാർക്കും എന്തേലും കിട്ടണമെങ്കിൽ കുറേ കാശ് കിട്ടണം. അഞ്ചിന് മുകളിലെങ്കിലും കിട്ടണം.” ജോസഫ് തുടർന്നു. മൂന്ന് ദിവസത്തെ പണിക്ക് കടലിൽ പോകുന്ന ബോട്ടിലാണ് ജോസഫ് ജോലി ചെയ്യുന്നത്.

“വെസലെന്ന് പറയുന്നത് അവരുടെ ഇഷ്ടത്തിന് വലിക്കും. ഇത്ര കിലോമീറ്റർ കരയ്ക്ക് വരാൻ പാടില്ലെന്ന് പറഞ്ഞാലും ബോട്ടുകാരുമായി തർക്കം വരും, ഇങ്ങോട്ട് കേറി വലിക്കും. ഇവിടെ നിന്ന് ഇത്രയും ബോട്ട് പോകുന്നു. ഒരു ബോട്ടില് പത്ത് പന്ത്രണ്ട് പേരുണ്ട്. അവരുടെ കുടുബങ്ങളെ ബാധിക്കുമല്ലോ? കരയിലുള്ള തൊഴിലാളികൾ ഇഷ്ടം പോലെയുണ്ട്. മീൻ കൊണ്ട് കൊടുത്ത് ജീവിക്കുന്നവരുണ്ട്, അവരുടെ ജീവിതങ്ങളെ ബാധിക്കില്ലേ?” ജോസ്ഫ് അരുൾ ആശങ്കയോടെ ചോദിച്ചു.

ജോസ്ഫ് അരുൾ

ഇന്ത്യയിലെ മത്സ്യബന്ധനം ഇപ്പോഴും പരമ്പരാഗതവും ചെറുകിട മേഖലയിൽപ്പെട്ടതുമാണ്. വ്യാവസായിക അടിസ്ഥാനത്തിലുള്ള മത്സ്യബന്ധനത്തിലേക്ക് പ്രവേശിക്കാനുള്ള കേന്ദ്ര സർക്കാർ ശ്രമങ്ങളുടെ ആദ്യപടിയാണ് ആഴക്കടൽ മത്സ്യബന്ധന നയത്തിലെ പരിഷ്കരണങ്ങൾ എന്നാണ് വിലയിരുത്തപ്പെടുന്നത്.

“ഇന്ത്യയിൽ മത്സ്യമേഖല ലേബർ ഇന്റൻസീവ് ആണ്. യൂറോപ്യൻ യൂണിയനിൽ ഒക്കെ ഇത്തരത്തിൽ വൻകിട കപ്പൽ ഉണ്ട്. അവർക്ക് മാക്സിം യീൽഡ് ലിമിറ്റുണ്ട്. നമ്മുടെ ഇവിടെ ചെറുകിടക്കാർ ഉപജീവനത്തിന് വേണ്ടിയുള്ള മത്സ്യബന്ധനമാണ് നടത്തുന്നത്. ഇവരെങ്ങോട്ട് പോകും? ലേബർ ഇന്റൻസീവ് ആയ ഒരു മേഖലയെ ക്യാപിറ്റൽ ഇന്റൻസീവാക്കി മാറ്റാനുള്ള ശ്രമമാണിത്. ലോകത്ത് ഏറ്റവും ദരിദ്രരായ മത്സ്യത്തൊഴിലാളികൾ ഇന്ത്യയിലാണ്. 67 ശതമാനവും ബിപിഎൽ ആണ്. അതിനെ പറ്റി നീതി ആയോഗ് പരിശോധിച്ചിട്ടുണ്ടോ?” ചാൾസ് ജോർജ് ചോദിക്കുന്നു.

കാണാതെ പോകരുത് ഈ മാറ്റങ്ങൾ

മത്സ്യബന്ധന മേഖലയിൽ വലിയൊരു പരിവർത്തനം നടക്കുന്നുണ്ടെന്നും ആ സാഹചര്യത്തെ മനസിലാക്കി വേണം ആഴക്കടൽ നയം രൂപീകരിക്കേണ്ടതെന്നും പറയുന്നു ഡോ. എ ബിജുകുമാർ. ” ഇന്ത്യയിലേയും കേരളത്തിലേയും മൊത്തത്തിലുള്ള മീനിന്റെ അളവ് കുറയുന്നുണ്ടോ? കുറയുന്നില്ല, അത് സ്റ്റേബിളാണ്. ചില മീനുകൾ കൂടുന്നുമുണ്ട് എന്നതാണ് CMFRI പഠനം. അതിനെ നമ്മൾ വളരെ ക്രിട്ടിക്കലായി അനലൈസ് ചെയ്യണം. ഇൻഷോർ വാട്ടറിനും 50 മീറ്റർ വരെ പിടിച്ചുകൊണ്ടിരുന്ന നമ്മളിപ്പോൾ ഏതാണ്ട് നൂറ് മീറ്റർ വരെ പിടിക്കും. അതിനർത്ഥം ഫിഷിങ്ങ് ഏരിയ എക്സ്പാൻഡ് ചെയ്തതുകൊണ്ട് കൂടിയാണ് മത്സ്യങ്ങളിലുണ്ടായ കുറവ് നമുക്ക് ഫീൽ ചെയ്യാത്തത് എന്നാണ്. ഫിഷിങ്ങ് ഏരിയ എക്സ്പാൻഡ് ചെയ്തതും, പുതിയ ഫിഷിങ് ടെക്നിക് വന്നതും, പല സ്ഥലങ്ങളിലും പോയി പിടിക്കുന്നതും കാരണമാണ് ഏറ്റക്കുറച്ചിലില്ലാത്തത്. മറ്റൊന്ന്, കോസ്റ്റൽ കമ്മ്യൂണിറ്റിയുടെ മൊത്തം ലൈവ് ലിഹുഡ് സപ്പോർട്ട് എന്ന് പറയുന്നത് ചെറുമത്സ്യങ്ങളായിരുന്നു. വിലയും കുറവാണ്, സാധാരണക്കാർക്ക് പ്രാപ്യമായിരുന്നു. അക്വാകൾച്ചർ കൂടിയതോടെ ഫിഷ് മീലിന് ഭയങ്കര ഡിമാന്റ് വന്നു. സ്വഭാവികമായിട്ടും ചെറിയ മത്സ്യങ്ങളെല്ലാം തന്നെ പിടിച്ചുപോകുന്നുണ്ട്. മുഖ്യമായും ഫിഷ് മീൽ ഫാക്ടറികളിലേക്കാണ് ഇത് പോകുന്നത്. ഈ ഒരു ട്രാൻസ്ഫോർമേഷനും വരുന്നുണ്ട്.”

ശക്തികുളങ്ങര ഫിഷിംഗ് ഹാർബർ, നീണ്ടകര പാലത്തിൽ നിന്നുള്ള ദൃശ്യം. ഫോട്ടോ: അനിഷ എ മെന്റസ്

ബ്ലൂ ഇക്കോണമിയുടെ ഭാഗമായി കേന്ദ്ര സർക്കാർ ഇതുവരെ ആവിഷ്കരിച്ച നയങ്ങളൊന്നും കടൽ പരിസ്ഥിതിയെയോ മത്സ്യത്തൊഴിലാളികളെയോ പരിഗണിക്കുന്നവയായിരുന്നില്ല. കടലിനെ ഒരു വ്യവാസായിക വിഭവമായി മാത്രമാണ് സർക്കാർ കാണുന്നത്. അതുകൊണ്ടുതന്നെ, സാമ്പത്തിക ലാഭത്തിനായി കടൽ വിഭവങ്ങൾ കൊള്ളയടിക്കാനുള്ള പുതിയ പരിഷ്കരണമാണ് ആഴക്കടൽ മത്സ്യബന്ധന നയത്തിൽ വരുത്തിയതെന്ന് ന്യായമായും സംശയിക്കേണ്ടിയിരിക്കുന്നു.

Also Read

12 minutes read January 7, 2026 1:03 pm