സ്ത്രീയുടെ വായനക്കും എഴുത്തിനും ടെക്നോളജി തന്നെ കൂട്ട്

അച്ചടിയിൽ നിന്നും ഡിജിറ്റൽ ലിപികളിലേക്ക് വ്യാപിച്ചിരിക്കുന്നു മലയാളം. ബ്ലോഗുകളും സമൂഹ മാധ്യമങ്ങളും വെബ് പോർട്ടലുകളും ഉൾപ്പെടെ പല പ്രതലങ്ങളിൽ ഇന്ന് മലയാളം വായിക്കപ്പെടുന്നു. ഡിജിറ്റൽ മലയാളത്തിന്റെ എഴുത്തും പ്രസാധനവും വായനയും അച്ചടിയിൽ നിന്നും വ്യത്യസ്തമാകുന്നത് എങ്ങനെയെന്നും വായനയെ അത് എങ്ങനെയെല്ലാം മാറ്റിത്തീർക്കുന്നു എന്നും അന്വേഷിക്കുകയാണ് ഈ വായനവാരത്തിൽ കേരളീയം.

ഡിജിറ്റൽ ചുമരുകളിലെ വായനക്കാലം – 1

എഴുത്തും വായനയും ഏറ്റവും സജീവമായ സ്ഥലം സമൂഹ മാധ്യമങ്ങൾ തന്നെയാണ്. പരമാവധി ഓരോ ദിവസവും സോഷ്യൽ മീഡിയ അപ്ഡേറ്റ് ചെയ്തുകൊണ്ടിരിക്കാറുണ്ട്. രാവിലെ (ഒരു) പത്രം വായിച്ചാലും അന്നന്നത്തെ പ്രധാന വാർത്തകളുടെ വികാസം സമൂഹ മാധ്യമങ്ങളിൽ നിന്നാണ് പുതുക്കുന്നത്. അതിനാൽ ആധികാരികമായ സ്രോതസ്  കണ്ടെത്താനും പിന്തുടരാനും പരമാവധി ശ്രമിക്കാറുണ്ട്. സാഹിത്യ വായനക്കുവേണ്ടി അഭിരുചിക്കനുസരിച്ച് വായനാമണ്ഡലം പരുവപ്പെടുത്തിയിട്ടുണ്ട്. ഇഷ്ടമുള്ള എഴുത്തുകാരെ സ്ഥിരം പിന്തുടരാറുണ്ട്. ഒപ്പം മറ്റു എഴുത്തുകളും  വായിക്കുന്നതിന് അതിനനുസരിച്ച് സർക്കിൾ അനുദിനം വിപുലപ്പെടുത്താറുണ്ട്. ശാസ്ത്രം, വിദ്യാഭ്യാസം, ചിത്രകല, സ്പോർട്സ്, കാലാവസ്ഥ തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ട പോസ്റ്റുകൾ ശ്രദ്ധിക്കാറുണ്ട്. കഥ, നോവൽ വായനകൾ സോഷ്യൽ മീഡിയയിൽ മടുപ്പാണ് പലപ്പോഴും. നീണ്ട കുറിപ്പുകൾ സ്വയമെഴുതുമ്പോൾ പോലും അത്തരം നീണ്ട എഴുത്തുകൾ വായിക്കാനുള്ള മടി തോന്നാറുണ്ട്. കവിതകൾ ഏറെയും വായിക്കാറുണ്ട്. അച്ചടി മാധ്യമത്തിലെ കവിതകൾ പോലും സജീവ ചർച്ചക്ക് വരുന്നത് സോഷ്യൽ മീഡിയയിലാണ്.

സമകാലിക രാഷ്ട്രീയ-സാമൂഹിക വിഷയങ്ങളുമായി ബന്ധപ്പെട്ട എഴുത്തുകൾ വായിക്കുകയും അത്തരം വിഷയങ്ങളിൽ നിരന്തരം ഇടപെടുകയും ചെയ്യാറുണ്ട്. ആനുകാലികങ്ങളുടെയും പുസ്തകങ്ങളുടെയും വായനയും സമൂഹ മാധ്യമ  വായനയും സമാനമല്ല. എപ്പോൾ വേണമെങ്കിലും എടുത്തു വായിക്കാവുന്നതാണ് സമൂഹ മാധ്യമങ്ങളിലെ എഴുത്തുകൾ. എന്നാൽ സമയം കണ്ടെത്തിയില്ല എങ്കിൽ ആനുകാലികങ്ങളുടെയും പുസ്തകങ്ങളുടെയും വായന നഷ്ടപ്പെടുന്നതാണ് വ്യക്തിപരമായ അനുഭവം. ആനുകാലികങ്ങൾ ഇറങ്ങുമ്പോൾ തന്നെ വായിക്കാൻ ശ്രദ്ധിക്കും.  വായിക്കാൻ ആഗ്രഹമുള്ള പുസ്തകങ്ങളും പ്രസിദ്ധീകരിച്ചാൽ വൈകാതെ തന്നെ വായിക്കാറുണ്ട്, ഇല്ലെങ്കിൽ അവ വായിക്കാനാവാതെ പോകുന്നു. എന്നാൽ പുതിയ പുസ്തകങ്ങൾ പുസ്തകപരിചയങ്ങളായും, ആസ്വാദനങ്ങളായും ആദ്യപ്രതിഫലനങ്ങൾ കിട്ടാറുള്ളത് സമൂഹ മാധ്യമങ്ങളിൽ നിന്നാണ്. രണ്ടു സ്ഥലവും വ്യത്യസ്തമായിരിക്കുമ്പോഴും ഇത്തരത്തിൽ അവ പരസ്പരം കൊടുക്കൽ വാങ്ങലുകൾ നടത്തുന്നുണ്ട്. ഡിജിറ്റൽ വായന നമ്മളോടൊപ്പം സഞ്ചരിക്കുമ്പോഴും ഞാൻ ലൈബ്രറിയിലെത്തുന്നു. ഫോൺ മാറ്റി വച്ച്  ആനുകാലികങ്ങൾ വായിക്കുന്നു, പുസ്തകങ്ങൾ തിരയുന്നു. ഓഡിയോ ബുക്കിലേക്കും മറ്റും പ്രവേശിക്കാൻ ഇപ്പോഴും മടിയുണ്ട്.

ഡോ. അനു പാപ്പച്ചൻ

സമൂഹ മാധ്യമങ്ങളിലെ എഴുത്തും വായനയും തൽക്ഷണമാണ് എന്നുള്ളതാണ് ഒരു പരിമിതി. ഉടനടിയുള്ള പ്രതികരണങ്ങളാണ് ഏറെ വായിക്കപ്പെടുന്നത്. സെൻസേഷണലായിട്ടുള്ളതോ, സമൂഹത്തെ ഒട്ടാകെ ബാധിക്കുന്നതോ ആയ വാർത്തകളോ വിഷയങ്ങളോ ആയിരിക്കുമവ. സാമൂഹികമോ, സാംസ്കാരികമോ, രാഷ്ട്രീയമോ ആയിട്ടുള്ളവ. തൽക്ഷണ പ്രതികരണങ്ങൾ ചിലപ്പോൾ മണ്ടത്തരമാകുകയും ചെയ്യും. എങ്കിലും  സോഷ്യൽ മീഡിയയിലൂടെ ഉന്നയിക്കപ്പെട്ടുവന്നിട്ടുള്ളതും ശ്രദ്ധിക്കപ്പെട്ടിട്ടുള്ളതുമായ നിരവധി വിഷയങ്ങളും പ്രശ്നങ്ങളുമുണ്ട്. കർഷക സമരം, പൗരത്വബിൽ, കായിക താരങ്ങളുടെ സമരം ഒക്കെ ഉദാഹരണം. അതുകൊണ്ട് ചിലപ്പോൾ ഒരുപാട് പേരുടെ തൽക്ഷണ പ്രതികരണം സാമൂഹികമായ ജാഗ്രതയായി പരിവർത്തനം ചെയ്യപ്പെടാറുണ്ട്.

സമരത്തെ സംബന്ധിച്ച് സാക്ഷി മാലികിന്റെ ട്വിറ്റർ പോസ്റ്റ്

സമൂഹ മാധ്യമങ്ങളിലെ ഉള്ളടക്കങ്ങൾ സാഹിത്യത്തെയും സാഹിത്യേതര രചനകളെയും സ്വാധീനിക്കുന്നുണ്ട്. ദൃശ്യമാധ്യമങ്ങൾ വന്നപ്പോൾ നോവലിലും കഥയിലുമൊക്കെ അവ പ്രമേയമായപോലെ. സമൂഹ മാധ്യമങ്ങൾ  എഴുത്തിനും കലയ്ക്കും സിനിമക്കും കാരണമാകുന്നുണ്ട്. ടെക്നോളജിയുടെ വികാസത്തിന്റെ മുദ്രകൾ കലയിലുണ്ടാവുക സ്വാഭാവികമാണ്. മൊബൈൽ ഫോണിന്റെ വ്യാപനത്തോടെ ട്രാഫിക്ക് എന്ന സിനിമ സാധ്യമായ പോലെ ‘സീയു സൂണും’ ഒരു നിർണ്ണായക ഘട്ടത്തിൽ സംഭവിച്ചല്ലോ. സമൂഹ മാധ്യമങ്ങളിലെ ഉള്ളടക്കങ്ങൾ സർഗാത്മക സൃഷ്ടികളുടെ പ്രമേയമാകുന്ന പോലെ ചിലപ്പോൾ നിഷേധാത്മകമായ തലത്തിലും പലപ്പോഴും ചിത്രീകരിക്കപ്പെടാറുണ്ട്.        

സി.യു സൂൺ പോസ്റ്റർ

അച്ചടിക്കപ്പെടുന്ന സൃഷ്ടികൾ ഇന്ന് സമൂഹ മാധ്യമങ്ങളിലൂടെയാണ് കൂടുതൽ പ്രചാരം നേടുന്നതെങ്കിലും അച്ചടിക്കപ്പെടുന്നതിന് ഇപ്പോഴും ആധികാരികത കൽപ്പിക്കപ്പെടുന്നതായി തോന്നാറുണ്ട്. സമൂഹ മാധ്യമങ്ങളിൽ എത്രതന്നെ ലൈക്ക് ചെയ്യപ്പെട്ടാലും ഷെയർ ചെയ്യപ്പെട്ടാലും അച്ചടിക്കപ്പെട്ടതിനേക്കാൾ വായിക്കപ്പെട്ടാലും അച്ചടിയോടുള്ള ഈ മനോഭാവം നിലനിൽക്കുന്നതായി തോന്നുന്നു. അതുകൊണ്ടുതന്നെയാണ് ഇന്നും എഴുത്തുകാർ ആനുകാലികങ്ങൾക്ക് രചനകളയക്കുന്നതും, പുസ്തകങ്ങൾ പ്രസിദ്ധീകരിക്കുന്നതും. മുഖ്യധാരാ അച്ചടി മാധ്യമങ്ങളിൽ പ്രസിദ്ധീകരിക്കപ്പെട്ടതു മാത്രമേ ‘ഉദാത്ത’ സാഹിത്യമാകൂ എന്ന ചിന്തക്ക് അനക്കം തട്ടാത്തവരാണ് ഭൂരിപക്ഷവും. അതേസമയം അച്ചടിക്കപ്പെട്ടവയുടെ പ്രചാരണങ്ങൾക്കുള്ള ഒരിടമായി സമൂഹ മാധ്യമങ്ങൾ ഉപയോഗപ്പെടുത്തുകയും ചെയ്യുന്നു.

എല്ലാവർക്കും എന്തും എഴുതാം എന്നുള്ള സ്വാതന്ത്ര്യത്തെയാണ് സാമൂഹിക മാധ്യമങ്ങളിലെ ജനാധിപത്യമായി പറയുന്നതെങ്കിൽ അതിനെ എല്ലാ അർഥത്തിലും ജനാധിപത്യമായി വിലയിരുത്താനാവില്ല. ഉദാഹരണത്തിന് തികച്ചും മനുഷ്യവിരുദ്ധമായ പ്രസ്താവനകളും അതിൻ്റെ ആഘോഷങ്ങളും ആണധികാര ഹുങ്കുകളും ഒക്കെ  ജനാധിപത്യമായി വിലയിരുത്താനാവില്ലല്ലോ. അവിടെ പ്രവർത്തിക്കുന്നത് ആൾക്കൂട്ടത്തിന്റെ ആധിപത്യ പ്രത്യയശാസ്ത്രമാണ്. ആൾക്കൂട്ടം സ്ഥാപിക്കുന്ന നീതി നീതിയാകുന്നത് പലപ്പോഴും നോക്കി നില്ക്കേണ്ടി വരും. അപ്പോഴും  മുഖ്യധാര മറച്ചുവയ്ക്കുന്ന പലതും ശ്രദ്ധയിൽ കൊണ്ടുവരാനും സംവാദങ്ങൾ സാധ്യമാക്കാനും സമൂഹ മാധ്യമങ്ങൾക്ക് കഴിയുന്നത് മറക്കുന്നില്ല. ഏറ്റവും ഒടുവിൽ  ശ്രദ്ധ സതീഷിന്റെ മരണവുമായി ബന്ധപ്പെട്ട് ഉണ്ടായ എഴുത്തുകൾ ഉദാഹരണം. ആത്മഹത്യയെ കേവലം വ്യക്തിപരമല്ലാതെ, സ്ഥാപന – വ്യവസ്ഥാപരമായും പ്രശ്നവത്കരിക്കുന്ന  സംവാദങ്ങൾ ഉണ്ടായിട്ടുണ്ട്.

ശ്രദ്ധ സതീഷ്

സർഗാത്മക സാഹിത്യത്തിനും വിശകലനത്തിനുള്ള ഒരിടമുണ്ട്. തൽക്ഷണമായ വിശകലനങ്ങളും, പ്രതികരണങ്ങളും സംവാദങ്ങളും അവിടെ  രൂപപ്പെടുന്നു. ഇത്തരത്തിലുള്ള നിരന്തര സംവാദം അച്ചടിയിൽ സാധ്യമല്ലല്ലോ.

ഒരു സ്ത്രീ എന്ന നിലയിൽ എഴുതാനും വായിക്കാനുമുള്ള സ്വാതന്ത്ര്യവും ഇടവും സമൂഹ മാധ്യമങ്ങൾ നല്കി എന്നതാണ് ഏറ്റവും പോസിറ്റീവായി കാണുന്ന കാര്യം. വീടും ജോലി സ്ഥലവുമൊക്കെയായി ഒഴിവുവേളകൾ പ്രയാസകരമായ കേരളീയ സ്ത്രീകൾക്ക് ടെക്നോളജിയാണ് കൂട്ട്. ചാരുകസേരയിൽ മലർന്ന് കിടന്ന് എഴുതുന്ന/വായിക്കുന്ന നൊസ്റ്റാൾജിയ ഒന്നുമില്ല സ്ത്രീകൾക്ക്. തോന്നുമ്പോൾ  സ്ക്രാൾ ചെയ്ത് വായിക്കാനും എഴുതാനുള്ളത് എഴുതാനും വിരലും ഫോണും ഉണ്ടല്ലോ.

ഏകോപനം : ആദിൽ മഠത്തിൽ

INDEPENDENT,
IN-DEPTH JOURNALISM
FOR SOCIAL &
ECOLOGICAL
JUSTICE

keraleeyam-logo

Support Keraleeyam

Choose Your Preference

₹1000/Year

₹2000/2 Years

₹500/Year(Students)

One TimeAny Amount

Also Read

4 minutes read June 19, 2023 5:35 am