ഡിജിറ്റൽ ഹ്യുമാനിറ്റീസ് മനുഷ്യനെ വായിക്കുമ്പോൾ

Support Keraleeya

Help us in our pursuit for high-quality journalism!

Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.

Support Keraleeyam Choose your preference

₹1000/Year

₹2000/2 Years

₹500Students/Year

A contribution of any size

ONE TIME
right-bg

ഞങ്ങളുടെ കോളേജിലെ സ്റ്റാഫ് റൂമിൽ ഇടയ്ക്കിടെ ഒരു സംഭാഷണം ആവർത്തിക്കാറുണ്ട്. അടുത്ത അഞ്ച് പത്ത് വർഷം കഴിഞ്ഞാൽ പാരമ്പര്യ സ്വഭാവമുള്ള മാനവിക വിഷയങ്ങൾ ഡിഗ്രി തലത്തിൽ പഠിക്കാൻ വിദ്യാർത്ഥികൾ ഉണ്ടാകുമോ? ചർച്ച ഞങ്ങളുടെ അതത് പഠന വിഭാഗങ്ങളെക്കുറിച്ചാണെങ്കിലും സംഭാഷണം അവിടെ നിൽക്കാറില്ല. ചരിത്രം, മലയാളം, ഫിലോസഫി, സോഷ്യോളജി – ഒന്നൊന്നായി എല്ലാ വിശാല കലാ-മാനവിക-ശാസ്ത്ര വിഷയങ്ങളിലേക്കും അത് പടരുന്നതായി കാണാം. മാതാപിതാക്കൾ ആദ്യമായി ചോദിക്കുന്നത് “ജോലി കിട്ടുമോ?” എന്ന ചോദ്യമാണ്. വിദ്യാർത്ഥികൾ കോഴ്സ് തിരഞ്ഞെടുക്കുന്നതിന് മുമ്പ് ശമ്പള സ്കെയിലുകൾ താരതമ്യം ചെയ്യുന്നു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഡാറ്റാ സയൻസ്, മെഷീൻ ലേണിങ് തുടങ്ങിയ വാക്കുകൾ തൊഴിൽ വിപണിയെ നിയന്ത്രിക്കുന്ന ഈ കാലത്ത് സാഹിത്യവും ചരിത്രവും തത്ത്വചിന്തയും പഠിക്കാൻ ആരാണ് വരിക എന്ന ആശങ്ക പല അധ്യാപകരുടെയും സംഭാഷണങ്ങളിൽ നിശബ്ദമായി കടന്നുവരുന്നു.

അതിനിടയിലാണ് ഏതാനും ദിവസം മുമ്പ് ലിങ്ക്ഡിൻ സേർച്ചിൽ ഒരു സ്വകാര്യ സർവകലാശാലയുടെ കോഴ്സ് ബ്രോഷർ എന്റെ ശ്രദ്ധയിൽപ്പെടുന്നത്. അതിൽ ഒരു കോഴ്സിന്റെ പേര് എന്നെ അൽപനേരം ചിന്തിപ്പിച്ചു. ‘MA English with Digital Humanities’. ഡിജിറ്റൽ ഹ്യുമാനിറ്റീസ്? ഒരു നിമിഷം അത് വിപണിയുടെ പുതിയ ഭാഷയാണെന്നാണ് എനിക്കും തോന്നിയത്. വിദ്യാർത്ഥികളെ ആകർഷിക്കാൻ യന്ത്ര ബുദ്ധിയുടെ തിളക്കം ചേർത്ത മറ്റൊരു കോഴ്സ് പേര്. ഇന്ന് ‘AI’, ‘ഡാറ്റാ’, ‘ഡിജിറ്റൽ’ എന്നീ വാക്കുകൾ ചേർത്താൽ ഏത് കോഴ്സിനും പുതുമയുടെ ഭാവം ലഭിക്കുന്ന കാലമാണല്ലോ. എന്നാൽ കൗതുകം അവിടെ അവസാനിച്ചില്ല. ഡിജിറ്റൽ ഹ്യുമാനിറ്റീസ് എന്നത് ശരിക്കും ഒരു പുതിയ അക്കാദമിക് ഫാഷനാണോ? അതോ മാനവിക വിഷയങ്ങളെ സ്വയം പുനർനിർവചിക്കാൻ നടത്തുന്ന ഏറ്റവും വലിയ ശ്രമങ്ങളിലൊന്നാണോ? ആ ചോദ്യമാണ് എന്നെ അടുത്ത ദിവസങ്ങളിൽ ഡിജിറ്റൽ ഹ്യുമാനിറ്റീസിനെക്കുറിച്ചുള്ള ചെറിയ അക്കാദമിക വായനകളിലേക്കും ഈ ലേഖനം എഴുതുന്നതിലേക്കും നയിച്ചത്. അതിനിടയിൽ മറ്റൊരു കാര്യം ശ്രദ്ധയിൽപ്പെട്ടു.

Representative Image

ഒരു വിദ്യാർത്ഥി ചാറ്റ്ജിപിടി തുറന്ന് കുമാരനാശാന്റെ വീണപൂവ് മനസ്സിലാക്കാൻ ശ്രമിക്കുന്നു. മറ്റൊരാൾ ഗൂഗിൾ ജെമിനിയോട് വൈക്കം മുഹമ്മദ് ബഷീറിനെയും ദസ്തയേവ്സ്കിയെയും താരതമ്യം ചെയ്യാൻ ആവശ്യപ്പെടുന്നു. മറ്റൊരാൾ ക്ഷേത്രത്തിലെ ശിലാലിഖിതം മൊബൈൽ ഫോണിൽ സ്കാൻ ചെയ്ത് അതിന്റെ കാലഘട്ടവും ലിപിയും മനസ്സിലാക്കാൻ ശ്രമിക്കുന്നു. കുറച്ച് വർഷങ്ങൾ മുമ്പ് ഇത്തരം ജോലികൾക്ക് ആഴ്ചകളോളം ലൈബ്രറികളിലും ആർക്കൈവുകളിലും ചെലവഴിക്കേണ്ടി വന്നേനെ. ഇന്ന് അവ ഒരു സ്മാർട്ട്ഫോണിൽ ആരംഭിക്കാം.
അപ്പോൾ ചോദ്യം ഇതാണ്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മാനവിക വിഷയങ്ങളുടെ അന്ത്യം കുറിക്കുകയാണോ? അതോ മാനവിക വിഷയങ്ങളുടെ രണ്ടാമത്തെ നവോത്ഥാനത്തിനുള്ള വാതിൽ തുറക്കുകയാണോ? ചാറ്റ്ജിപിടിയെയും ജെമിനിയെയും കുറിച്ചുള്ള ചർച്ചകൾ തുടങ്ങുമ്പോൾ പൊതുവെ ഉയരുന്ന ഒരു ആശങ്കയുണ്ട്. “ഇനി അധ്യാപകരെ വേണ്ടിവരുമോ?” “സാഹിത്യം പഠിക്കാൻ എ.ഐ. മതി അല്ലേ?” “ഗവേഷണത്തിന് മനുഷ്യന്റെ പങ്ക് ഇനി എന്താണ്?” എന്നിങ്ങനെ.

എന്നാൽ ഡിജിറ്റൽ ഹ്യുമാനിറ്റീസിനെക്കുറിച്ചുള്ള പഠനങ്ങൾ വായിച്ചപ്പോൾ എനിക്ക് തോന്നിയത് മറ്റൊന്നാണ്. ലോകമെമ്പാടുമുള്ള ഗവേഷകർ ചോദിക്കുന്നത് കമ്പ്യൂട്ടറോ ഡിജിറ്റൽ സാങ്കേതിക വിദ്യകളോ മാനവിക വിഷയങ്ങളെ എങ്ങനെ മാറ്റിസ്ഥാപിക്കും എന്ന ചോദ്യമല്ല. മറിച്ച്, നവസാങ്കേതികവിദ്യകൾ ഉണ്ടായതുകൊണ്ട് മാനവിക ശാസ്ത്ര വിഷയങ്ങൾക്ക് മുമ്പ് ചോദിക്കാൻ കഴിയാതിരുന്ന എന്തെല്ലാം പുതിയ ചോദ്യങ്ങൾ ചോദിക്കാനാകും എന്നതാണ്. അതാണ് ഡിജിറ്റൽ ഹ്യുമാനിറ്റീസിന്റെ കേന്ദ്ര ചോദ്യം. ഇവിടെ ഒരു തെറ്റിദ്ധാരണ ആദ്യം മാറ്റേണ്ടതുണ്ട്. ഡിജിറ്റൽ ഹ്യുമാനിറ്റീസ് എന്നത് പുസ്തകങ്ങൾ സ്കാൻ ചെയ്ത് പി.ഡി.എഫ് ആക്കുകയോ, പഴയ കൈയെഴുത്തുപ്രതികൾ ഡിജിറ്റൈസ് ചെയ്യുകയോ മാത്രമല്ല. അങ്ങനെ ചെയ്താൽ അത് ഡിജിറ്റൈസേഷൻ (Digitisation) മാത്രമാണ്. ഡിജിറ്റൽ ഹ്യുമാനിറ്റീസ് അതിനേക്കാൾ വളരെ വലിയ ഒരു ബൗദ്ധിക പദ്ധതിയാണ്. ലളിതമായി പറഞ്ഞാൽ, കമ്പ്യൂട്ടർ സാങ്കേതികവിദ്യയുടെ സഹായത്തോടെ മനുഷ്യനെക്കുറിച്ചുള്ള പുതിയ ചോദ്യങ്ങൾ ചോദിക്കാനുള്ള ശ്രമമാണ് ഡിജിറ്റൽ ഹ്യുമാനിറ്റീസ്.

ഒരു ഗവേഷകന് ഒരു നോവൽ വായിക്കാൻ ദിവസങ്ങൾ വേണ്ടിവരും. എന്നാൽ ആയിരക്കണക്കിന് നോവലുകളിലെ സ്ത്രീ കഥാപാത്രങ്ങളുടെ സാന്നിധ്യം നൂറുവർഷത്തിനിടെ എങ്ങനെ മാറിയെന്ന് അറിയണമെങ്കിൽ, ഒരാൾക്ക് അത് വായിച്ചുതീർക്കാൻ സാധിക്കില്ല. എന്നാൽ കമ്പ്യൂട്ടറിന് കഴിയും. അതിന്റെ അർത്ഥം കമ്പ്യൂട്ടർ സാഹിത്യം മനസ്സിലാക്കുന്നു എന്നല്ല; മനുഷ്യന് മുമ്പ് കാണാൻ കഴിയാതിരുന്ന പാറ്റേണുകൾ കണ്ടെത്താൻ അത് സഹായിക്കുന്നു എന്നതാണ്. ഡിജിറ്റൽ ഹ്യുമാനിറ്റീസിന്റെ തുടക്കം അവിടെയാണ്.

ഈ ആശയത്തിന്റെ ചരിത്രം പോലും കൗതുകകരമാണ്. രണ്ടാം ലോകമഹായുദ്ധത്തിനുശേഷം, 1949-ൽ, ഇറ്റാലിയൻ ജെസ്യൂട്ട് പുരോഹിതനും ഭാഷാപണ്ഡിതനുമായ റോബർട്ടോ ബുസ (Roberto Busa) തോമസ് അക്വിനാസിന്റെ ലാറ്റിൻ ഗ്രന്ഥങ്ങൾ കമ്പ്യൂട്ടറിന്റെ സഹായത്തോടെ വിശകലനം ചെയ്യാൻ അക്കാലത്ത് ലോകത്തിലെ ഏറ്റവും വലിയ കമ്പ്യൂട്ടർ കമ്പനികളിലൊന്നായ IBM-മായി അദ്ദേഹം സഹകരിച്ചു. ലക്ഷക്കണക്കിന് വാക്കുകൾ ഉൾക്കൊള്ളുന്ന ആ ഗ്രന്ഥങ്ങളുടെ സൂചിക തയ്യാറാക്കാൻ മനുഷ്യന്റെ ആയുസ് പോലും മതിയാകില്ലെന്ന് അദ്ദേഹം തിരിച്ചറിഞ്ഞിരുന്നു. ഈ സംരംഭമാണ് പിന്നീട് Index Thomisticus എന്ന പേരിൽ പ്രസിദ്ധമായത്. കമ്പ്യൂട്ടറിനെ സാഹിത്യ-ഭാഷാ ഗവേഷണത്തിലേക്ക് കൊണ്ടുവന്ന ഈ ശ്രമത്തെയാണ് ഇന്ന് പല ഗവേഷകരും ഡിജിറ്റൽ ഹ്യുമാനിറ്റീസിന്റെ ആദ്യ നാഴികക്കല്ലായി കാണുന്നത് (Hockey, 2004; Schreibman, Siemens, & Unsworth, 2004).

റോബർട്ടോ ബുസ

ആദ്യകാലത്ത് ഈ ശാസ്ത്രശാഖ ‘ഹ്യുമാനിറ്റീസ് കമ്പ്യൂട്ടിംങ്’ (Humanities Computing) എന്ന പേരിലായിരുന്നു അറിയപ്പെട്ടിരുന്നത്. കമ്പ്യൂട്ടർ കേവലം കണക്കുകൂട്ടലിനുള്ള യന്ത്രം മാത്രമല്ല, ഭാഷയും സാഹിത്യവും ചരിത്രവും പോലുള്ള മാനവിക വിജ്ഞാന മേഖലകളെ വിശകലനം ചെയ്യാൻ കഴിയുന്ന ഒരു ഗവേഷണോപകരണം കൂടിയാണെന്ന് ബുസയുടെ പദ്ധതി തെളിയിച്ചു. പിന്നീട് ഡിജിറ്റൽ സാങ്കേതികവിദ്യകളുടെ വ്യാപനത്തോടൊപ്പം ഈ പഠനമേഖല ‘ഡിജിറ്റൽ ഹ്യുമാനിറ്റീസ്’ (Digital Humanities) എന്ന വിശാലമായ ആശയമായി വികസിച്ചു. ഇന്ന് ടെക്സ്റ്റ് മൈനിംഗ്, കോർപ്പസ് അനാലിസിസ്, നെറ്റ്വർക്ക് അനാലിസിസ്, ജിയോഗ്രാഫിക് ഇൻഫർമേഷൻ സിസ്റ്റംസ് (GIS), മെഷീൻ ലേണിംഗ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) എന്നിവ ഉൾപ്പെടെയുള്ള രീതികൾ മാനവികവിജ്ഞാന ഗവേഷണത്തിന്റെ ഭാഗമായത് ഈ ചരിത്രപരമായ വികാസത്തിന്റെ ഭാഗമായി മനസ്സിലാക്കാം.

ആദ്യകാലത്ത് കമ്പ്യൂട്ടർ ശാസ്ത്രജ്ഞരും മാനവികശാസ്ത്ര ഗവേഷകരും തമ്മിലുള്ള ഇത്തരം സഹകരണങ്ങൾ അപൂർവമായിരുന്നു. എന്നാൽ ഇന്ന് സ്ഥിതി മാറിയിരിക്കുന്നു. ഇംഗ്ലീഷ് വകുപ്പുകളും ചരിത്ര വകുപ്പുകളും ഭാഷാശാസ്ത്ര ഗവേഷകരും കമ്പ്യൂട്ടർ സയൻസ് വിദ്യാർത്ഥികളും ഒരുമിച്ച് ഗവേഷണം നടത്തുന്ന പദ്ധതികൾ ലോകമെമ്പാടുമുള്ള സർവകലാശാലകളിൽ വർധിച്ചുവരികയാണ്. ഇത് മാനവികവിഷയങ്ങൾ സാങ്കേതികവിദ്യയ്ക്ക് കീഴടങ്ങുന്നതല്ല; മറിച്ച് സ്വന്തം ചോദ്യങ്ങൾക്ക് പുതിയ ഗവേഷണ ഉപകരണങ്ങൾ കണ്ടെത്തുന്നതാണ്. ഈ പുതിയ സമീപനത്തിന്റെ മികച്ച ഉദാഹരണങ്ങളിലൊന്നാണ് ഫ്രാങ്കോ മൊറെട്ടി മുന്നോട്ടുവച്ച ‘ഡിസ്റ്റന്റ് റീഡിങ്’ എന്ന ആശയം.

ഈ മാറ്റം സാങ്കേതിക വിദ്യയുടെ വളർച്ച മാത്രമല്ല. മാനവിക വിഷയങ്ങളിലെ ചോദ്യങ്ങളും മാറുകയാണ്. ഉദാഹരണത്തിന്, വൈക്കം മുഹമ്മദ് ബഷീറിന്റെ ഒരു കഥ വായിക്കുമ്പോൾ നാം കഥാപാത്രങ്ങളെയും ഭാഷയെയും രൂപകങ്ങളെയും അടുത്തിരുന്ന് വായിക്കും. അതിനെ സാഹിത്യപഠനത്തിൽ ‘ക്ലോസ് റീഡിങ്’ (Close Reading) എന്നാണ് വിളിക്കുന്നത്. എന്നാൽ ഇറ്റാലിയൻ സാഹിത്യ നിരൂപകനായ ഫ്രാങ്കോ മൊറെട്ടി മുന്നോട്ടുവച്ച ‘ഡിസ്റ്റന്റ് റീഡിങ്’ (Distant Reading) മറ്റൊരു സാധ്യത തുറക്കുന്നു. ഒരു കഥയല്ല, ആയിരക്കണക്കിന് നോവലുകളെ ഒരുമിച്ച് വിശകലനം ചെയ്താൽ എന്ത് പുതിയ മാതൃകകൾ കണ്ടെത്താനാകും? കഥാപാത്രങ്ങളുടെ യാത്രകൾ എങ്ങനെ മാറുന്നു? സ്ത്രീ കഥാപാത്രങ്ങളുടെ സാന്നിധ്യം കാലക്രമത്തിൽ എങ്ങനെ രൂപാന്തരപ്പെടുന്നു? പ്രസാധനലോകം സാഹിത്യത്തെ എങ്ങനെ സ്വാധീനിക്കുന്നു? ഇത്തരത്തിലുള്ള ചോദ്യങ്ങൾക്ക് കമ്പ്യൂട്ടേഷണൽ രീതികൾ പുതിയ ഉത്തരങ്ങൾ നൽകുന്നു.

ഫ്രാങ്കോ മൊറെട്ടി

അപ്പോൾ ഒരു സംശയം ഉയരാം. യന്ത്ര ബുദ്ധി (എ.ഐ.) തന്നെയാണ് ഇതെല്ലാം ചെയ്യുന്നതെങ്കിൽ, പിന്നെ മാനവിക വിഷയ ഗവേഷകരുടെ പങ്ക് എന്താണ്? ഇവിടെയാണ് ഡിജിറ്റൽ ഹ്യുമാനിറ്റീസ് നമ്മെ ഏറ്റവും പ്രധാനപ്പെട്ട ഒരു കാര്യം ഓർമ്മിപ്പിക്കുന്നത്. കമ്പ്യൂട്ടറുകൾ പാറ്റേണുകൾ കണ്ടെത്തും. ബന്ധങ്ങൾ കാണിച്ചുതരും. ലക്ഷക്കണക്കിന് രേഖകൾ ഏതാനും മിനിറ്റുകൾക്കുള്ളിൽ വിശകലനം ചെയ്യും. എന്നാൽ ആ പാറ്റേണുകൾക്ക് അർത്ഥം നൽകുന്നത് മനുഷ്യനാണ്. ഒരു മാപ്പ് വരയ്ക്കാൻ കമ്പ്യൂട്ടറിന് കഴിയും. പക്ഷേ ആ മാപ്പ് ഒരു സമൂഹത്തിന്റെ ചരിത്രത്തെക്കുറിച്ച് എന്താണ് പറയുന്നത് എന്ന് വിശദീകരിക്കേണ്ടത് ഇന്നും മാനവികശാസ്ത്ര ഗവേഷകനാണ്.

അമേരിക്കൻ ഗവേഷകയായ ജോഹാന ഡ്രക്കർ പറയുന്നതും ഇതുതന്നെയാണ്. മാനവികവിഷയങ്ങളിലെ ‘ഡാറ്റ’ എന്നത് ശാസ്ത്രശാഖകളിലെ പോലെ സ്വയം സംസാരിക്കുന്ന വസ്തുതകളല്ല; മനുഷ്യന്റെ വ്യാഖ്യാനത്തിലൂടെ അർത്ഥം നേടുന്ന അറിവാണ്. അതുകൊണ്ടുതന്നെ ഡിജിറ്റൽ ഹ്യുമാനിറ്റീസിൽ ‘കമ്പ്യൂട്ടർ’ ഒരു സഹഗവേഷകനാണ്, ഗവേഷകന്റെ പകരക്കാരനല്ല. ഈ തിരിച്ചറിവാണ് ഇന്ന് ലോകമെമ്പാടുമുള്ള സർവകലാശാലകളെ ഡിജിറ്റൽ ഹ്യുമാനിറ്റീസിലേക്ക് നയിക്കുന്നത്. പുതിയ സാങ്കേതികവിദ്യ പഠിപ്പിക്കാനല്ല, മാനവിക വിഷയങ്ങളെ പുതിയ ചോദ്യങ്ങൾ ചോദിക്കാൻ പ്രാപ്തമാക്കാനാണ്.

ജോഹാന ഡ്രക്കർ

ഡിജിറ്റൽ ഹ്യുമാനിറ്റീസ് കേരളത്തെ എങ്ങനെ വായിക്കും?

ഡിജിറ്റൽ ഹ്യുമാനിറ്റീസിനെക്കുറിച്ച് സംസാരിക്കുമ്പോൾ പലരുടെയും മനസ്സിലേക്ക് ആദ്യം വരുന്നത് ഹാർവാർഡും ഓക്സ്ഫോർഡും സ്റ്റാൻഫോർഡും പോലുള്ള സർവകലാശാലകളാണ്. പക്ഷേ, ഒരു നിമിഷം ആ ചർച്ച കേരളത്തിലേക്ക് കൊണ്ടുവരാം. ഡിജിറ്റൽ ഹ്യുമാനിറ്റീസ് മലയാളത്തിൽ എന്ത് ചെയ്യും? ഈ ചോദ്യത്തിനുള്ള ഉത്തരം ചിലപ്പോൾ ആവേശകരമാകും. വൈക്കം മുഹമ്മദ് ബഷീറിന്റെ കഥകൾ വായിക്കുമ്പോൾ നമുക്ക് കോഴിക്കോടും ബേപ്പൂരും വൈക്കവും എറണാകുളവും പോലുള്ള സ്ഥലങ്ങൾ മനസ്സിൽ തെളിയും. എന്നാൽ ബഷീറിന്റെ മുഴുവൻ കൃതികളിലൂടെയും സഞ്ചരിക്കുന്ന സ്ഥലങ്ങളെ ജിയോഗ്രാഫിക് ഇൻഫർമേഷൻ സിസ്റ്റത്തിന്റെ (GIS) സഹായത്തോടെ ഒരു ഭൂപടത്തിലേക്ക് മാറ്റിയാൽ എന്താകും സംഭവിക്കുക? അദ്ദേഹത്തിന്റെ കഥാപാത്രങ്ങൾ ഏറ്റവും കൂടുതൽ സഞ്ചരിച്ച ഭൂപ്രദേശങ്ങൾ ഏതൊക്കെയാണ്? ഗ്രാമത്തിൽ നിന്ന് നഗരത്തിലേക്കുള്ള സഞ്ചാരം അദ്ദേഹത്തിന്റെ എഴുത്തിൽ എങ്ങനെ മാറുന്നു? വിഭജനത്തിനും ദേശാന്തരത്തിനും പ്രണയത്തിനും ഭൂമിശാസ്ത്രവുമായി എന്ത് ബന്ധമാണുള്ളത്?
ഇവ സാഹിത്യ നിരൂപണത്തിന്റെ പരമ്പരാഗത ചോദ്യങ്ങളല്ല. എന്നാൽ ഡിജിറ്റൽ ഹ്യുമാനിറ്റീസ് ചോദിക്കുന്ന ചോദ്യങ്ങളാണ്. അല്ലെങ്കിൽ മറ്റൊരു ഉദാഹരണം നോക്കാം. കഴിഞ്ഞ നൂറുവർഷത്തെ മലയാള പത്രങ്ങളിലെ കാലാവസ്ഥാ വാർത്തകൾ ഒരുമിച്ച് വായിക്കാൻ ഒരു ഗവേഷകനും കഴിയില്ല. എന്നാൽ ആയിരക്കണക്കിന് പത്രറിപ്പോർട്ടുകൾ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സഹായത്തോടെ വിശകലനം ചെയ്താൽ ഒരു പുതിയ ചോദ്യം ഉയരും. ‘കാലാവസ്ഥാ വ്യതിയാനം’ എന്ന ആശയം മലയാള മാധ്യമങ്ങളിൽ എപ്പോൾ മുതൽ ഗൗരവമായി പ്രത്യക്ഷപ്പെടാൻ തുടങ്ങി? പ്രളയങ്ങൾക്ക് മുമ്പും ശേഷവും മാധ്യമഭാഷ എങ്ങനെ മാറി? ‘പ്രകൃതിദുരന്തം’ എന്ന പ്രയോഗത്തിൽ നിന്ന് ‘കാലാവസ്ഥാ പ്രതിസന്ധി’ എന്ന ഭാഷയിലേക്കുള്ള മാറ്റം എപ്പോൾ സംഭവിച്ചു?

ഗവേഷകർ വർഷങ്ങളോളം ചെലവഴിച്ചാലും കണ്ടെത്താൻ പ്രയാസമുള്ള മാതൃകകൾ ഏതാനും മണിക്കൂറുകൾക്കുള്ളിൽ കണ്ടെത്താൻ ഡിജിറ്റൽ രീതികൾ സഹായിക്കും. ഇതുപോലെ കേരളത്തിന്റെ സാംസ്കാരിക പൈതൃകവും പുതിയ രീതിയിൽ വായിക്കാനാകും. തെയ്യം, തിറ, മുടിയേറ്റ്, പടയണി തുടങ്ങിയ ആചാരകലകളെ നാം സാധാരണ വീഡിയോ രേഖകളായി സൂക്ഷിക്കുന്നു. എന്നാൽ ഡിജിറ്റൽ ഹ്യുമാനിറ്റീസിന്റെ സാധ്യത അതിനപ്പുറമാണ്. ത്രിമാന (3D) സ്കാനിങ് ഉപയോഗിച്ച് ക്ഷേത്രങ്ങളും കാവുകളും ആചാരവേദികളും ഡിജിറ്റൽ രൂപത്തിൽ സംരക്ഷിക്കാം. വിവിധ പ്രദേശങ്ങളിലെ തെയ്യം പാട്ടുകൾ ശേഖരിച്ച് ഭാഷാപരമായ മാറ്റങ്ങൾ വിശകലനം ചെയ്യാം. ആചാരങ്ങളുടെ ഭൂപടം തയ്യാറാക്കി കുടിയേറ്റവും വിശ്വാസവും തമ്മിലുള്ള ബന്ധം പഠിക്കാം. ഒരു ആചാരത്തിന്റെ സംഗീതം, വേഷം, സ്ഥലം, സമൂഹം, ചരിത്രം എന്നിവയെ ഒരേ ഡിജിറ്റൽ പ്ലാറ്റ്ഫോമിൽ സംയോജിപ്പിക്കാനും കഴിയും.

ഡിജിറ്റൽ ഹ്യുമാനിറ്റീസ് ഇവിടെ ചരിത്രത്തെ മാത്രം സംരക്ഷിക്കുന്നില്ല; അത് ചരിത്രത്തെ പുതിയ രീതിയിൽ വായിക്കുകയും ചെയ്യുന്നു. ഇതേ സാധ്യതയാണ് ഭാഷയ്ക്കും. കേരളത്തിലെ പല പ്രാദേശിക ഭാഷാഭേദങ്ങളും അതിവേഗം അപ്രത്യക്ഷമാകുകയാണ്. വയനാട്ടിലെ ആദിവാസി ഭാഷകളോ, മലപ്പുറത്തിന്റെ പ്രത്യേക പ്രാദേശിക പ്രയോഗങ്ങളോ, കടലോര മത്സ്യത്തൊഴിലാളി സമൂഹങ്ങളുടെ വാക്കുകളോ – ഇവ രേഖപ്പെടുത്തുന്നത് ഒരു നിഘണ്ടു തയ്യാറാക്കൽ മാത്രമല്ല. ഒരു സമൂഹത്തിന്റെ ഓർമ്മയെ സംരക്ഷിക്കുന്ന പ്രവൃത്തിയാണ്. ആർട്ടിഫിഷ്യൽ ഇന്റലിജൻസും മെഷീൻ ലേണിങ്ങും ഉപയോഗിച്ച് ഇത്തരം ഭാഷാ ശേഖരങ്ങളെ വിശകലനം ചെയ്യാനും ഭാവിതലമുറയ്ക്കായി ഡിജിറ്റൽ ആർക്കൈവുകളാക്കി മാറ്റാനും കഴിയും.

ഇവിടെയാണ് ഡിജിറ്റൽ ഹ്യുമാനിറ്റീസ് സാങ്കേതികവിദ്യയിൽ നിന്ന് സംസ്കാരത്തിലേക്ക് മാറുന്നത്. ഇന്ത്യൻ അക്കാദമിക ലോകത്തും ഈ മാറ്റം ക്രമേണ ദൃശ്യമാകുന്നുണ്ട്. ദേശീയ വിദ്യാഭ്യാസ നയം (NEP) മുന്നോട്ടുവയ്ക്കുന്ന ബഹുവിഷയ (multidisciplinary) വിദ്യാഭ്യാസത്തിന്റെ പശ്ചാത്തലത്തിൽ ചരിത്രവും സാഹിത്യവും ഭാഷാശാസ്ത്രവും കമ്പ്യൂട്ടർ സയൻസും തമ്മിലുള്ള പുതിയ സഹകരണങ്ങൾ രൂപപ്പെടുകയാണ്. ഡിജിറ്റൽ ഹ്യുമാനിറ്റീസ് ഇന്ത്യയിൽ ഇപ്പോൾ ഒരു പരീക്ഷണഘട്ടത്തിൽ നിന്ന് അക്കാദമിക് അംഗീകാരത്തിലേക്ക് നീങ്ങുകയാണെന്നാണ് സമീപകാല ഗവേഷണങ്ങൾ ചൂണ്ടിക്കാണിക്കുന്നത്. പ്രത്യേകിച്ച് ഡിജിറ്റൽ ആർക്കൈവുകൾ, ഇന്ത്യൻ ഭാഷകളുടെ കമ്പ്യൂട്ടേഷണൽ പഠനം, സാംസ്കാരിക പൈതൃക സംരക്ഷണം, പബ്ലിക് ഹിസ്റ്ററി, സിറ്റിസൺ സയൻസ്, തുറന്ന ഗവേഷണ സഹകരണം എന്നിവയിൽ ഈ മേഖല പുതിയ സാധ്യതകൾ സൃഷ്ടിക്കുന്നതായി ഗവേഷകർ വിലയിരുത്തുന്നു.

Representative Image

എന്നാൽ ഈ ആരവങ്ങൾക്കിടയിലും ചില നിർണായക ചോദ്യങ്ങൾ നിലനിൽക്കുന്നു. നമ്മുടെ സാംസ്കാരിക ഡാറ്റ ആരുടെ സെർവറുകളിലാണ് സൂക്ഷിക്കപ്പെടുക? ഇന്ത്യൻ ഭാഷകൾക്ക് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കമ്പനി ഭീമൻമാർ ഒരേ പരിഗണന നൽകുന്നുണ്ടോ? ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ നമ്മുടെ സംസ്കാരത്തെ സംരക്ഷിക്കുകയാണോ, അതോ ആഗോള സാങ്കേതിക കമ്പനികളുടെ പുതിയ ഡാറ്റാ വിഭവമാക്കി മാത്രം നമ്മളെ മാറ്റുകയാണോ? ഡിജിറ്റൽ ഹ്യുമാനിറ്റീസിന്റെ ഭാവി ഈ ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങളിലും ആശ്രയിച്ചിരിക്കുന്നു.

ഏതാനും ആഴ്ചകൾക്ക് മുമ്പ് സ്റ്റാഫ് റൂമിൽ തുടങ്ങിയ ആ സംഭാഷണം ഞാൻ വീണ്ടും ഓർക്കുകയാണ്. “മാനവിക ശാസ്ത്ര വിഷയങ്ങൾ ഇല്ലാതാവുകയാണോ?” എന്നായിരുന്നു ചോദ്യം. ഇപ്പോൾ എനിക്ക് തോന്നുന്നത്, ചോദ്യം അതായിരുന്നില്ല എന്നതാണ്. മാനവിക വിഷയങ്ങളോ മാനവിക ശാസ്ത്രമോ ഇല്ലാതാവുകയാണോ എന്നതല്ല, മറിച്ച് അത് സ്വയം എങ്ങനെ നവീകരിക്കുന്നു എന്നതാണ്. ചരിത്രം എല്ലായ്പ്പോഴും പഴയ രേഖകൾ വായിക്കുന്നതായിരുന്നില്ല; പുതിയ തെളിവുകൾ കണ്ടെത്തുന്നതുമായിരുന്നു. സാഹിത്യം പുസ്തകങ്ങൾ വായിക്കുന്നതിൽ മാത്രം ഒതുങ്ങിയിരുന്നില്ല; മനുഷ്യന്റെ അനുഭവത്തെ വ്യാഖ്യാനിക്കുന്നതുമായിരുന്നു. തത്വചിന്ത ഉത്തരങ്ങൾ പറയുന്നതിലുപരി ചോദ്യങ്ങൾ ചോദിക്കുന്നതായിരുന്നു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഈ ജോലികളൊന്നും അവസാനിപ്പിക്കുന്നില്ല. മറിച്ച്, അവയെ പുതിയ രീതിയിൽ ചെയ്യാൻ നമ്മെ നിർബന്ധിക്കുന്നു. ഒരുപക്ഷേ, ഡിജിറ്റൽ ഹ്യുമാനിറ്റീസിന്റെ ഏറ്റവും വലിയ സംഭാവന സാങ്കേതികവിദ്യയെ മാനവിക ശാസ്ത്രത്തിലേക്ക് കൊണ്ടുവന്നതല്ല. മാനവിക ശാസ്ത്രത്തെ വീണ്ടും ഭാവിയിലേക്ക് കൊണ്ടുപോകുന്നതാകണം.

Also Read

7 minutes read August 12, 2026 2:34 pm