ഉമർ ഖാലിദിന്റെ മോചനം പ്രതീക്ഷിക്കുന്നുണ്ട്, പക്ഷെ…

ഡൽഹിയിൽ പൗരത്വ ഭേദഗതി നിയമത്തിന് എതിരെ സമരങ്ങൾ ശക്തമായി തുടരുകയായിരുന്ന 2020 ഫെബ്രുവരിയിൽ ആണ് വടക്കു കിഴക്കൻ ഡൽഹിയിലെ ജാഫറാബാദിൽ നടന്ന ഒരു സമരത്തിന് നേരെ ഹിന്ദുത്വ ഭീകര സംഘടനകളുടെ ആക്രമണങ്ങൾ തുടങ്ങുന്നത്. ഫെബ്രുവരി 23ന് തുടങ്ങിയ ആക്രമണങ്ങൾ നടത്തിയത് അയൽ സംസ്ഥാനങ്ങളിൽ നിന്നടക്കം എത്തിയ സായുധരായ ആളുകളാണെന്നും പൊലീസ് ഒന്നും ചെയ്യാതെ നോക്കിനിന്നു എന്നും റിപ്പോർട്ടുകൾ വന്നു. 53 പേർ കൊല്ലപ്പെട്ടതായാണ് ഔദ്യോഗിക വിവരം. നിരവധി മുസ്ലീങ്ങളെ കാണാതായതായും റിപ്പോർട്ടുകൾ വന്നു.

ഡൽഹിയിലെ ജാമിഅ മിലിയ ഇസ്ലാമിയ യൂണിവേഴ്‌സിറ്റി, ജെ.എൻ.യു, ഉത്തർപ്രദേശിലെ അലിഗഢ് മുസ്ലിം യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളിൽ നിന്ന് ഈ നിയമത്തിനെതിരെ പ്രതിരോധമുയർത്തിയ വിദ്യാർഥികൾക്ക് ക്രൂരമായ പൊലീസ് അടിച്ചമർത്തൽ നേരിടേണ്ടിവന്നു. ഡൽഹി ജെ.എൻ.യു വിദ്യാർത്ഥിയായ ഷർജീൽ ഇമാമും ആസിഫ് മുസ്തഫയും ചേർന്ന് ഷഹീൻബാഗിലെ ആളുകളെ സംഘടിപ്പിച്ചതിലൂടെ തുടങ്ങിയ ‘ചക്കാ ജാം’ എന്ന റോഡ് ബ്ലോക്ക് ചെയ്തുകൊണ്ടുള്ള സമരരീതിയാണ് പിന്നീട് ഷഹീൻബാഗ് മുന്നേറ്റമായി മാറിയത്.

2019 ഡിസംബറില്‍ അലിഗഢ് മുസ്ലീം യൂണിവേഴ്‌സിറ്റിയിൽ നടത്തിയ പ്രസംഗത്തിന്റെ പേരിൽ ഷർജീലിന്റെ പേരിൽ അഞ്ച് സര്‍ക്കാരുകള്‍ രാജ്യദ്രോഹ കേസും യു.എ.പി.എയും ചുമത്തിയതാണ് വിദ്യാര്‍ത്ഥി നേതാക്കള്‍ക്ക് എതിരായ കേസുകളുടെ തുടക്കം. വൈകാതെ ഡൽഹി കലാപ ഗൂഢാലോചനയിൽ പങ്കുള്ളവരാണ് എന്നാരോപിച്ച് വിദ്യാർത്ഥികളെ അറസ്റ്റ് ചെയ്തു തുടങ്ങി. ഗുൽഫിഷ ഫാത്തിമ, സഫൂറ സർഗാർ, മീരാൻ ഹൈദർ, ആസിഫ് തൻഹ, ദേവാംഗന കലിത, നതാഷ നർവാൾ, ഉമർ ഖാലിദ് തുടങ്ങിയ വിദ്യാർത്ഥി നേതാക്കളെ യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്തു. സഫൂറ, ആസിഫ്, ദേവാംഗന, നതാഷ എന്നിവർക്ക് ജാമ്യം ലഭിച്ചെങ്കിലും മറ്റുള്ളവർ ജയിലിൽ തുടരുന്നു. 2020 സെപ്തംബറിലാണ് ഉമർ ഖാലിദ് അറസ്റ്റ് ചെയ്യപ്പെടുന്നത്.

പൗരത്വ സമരത്തിനിടെ നടത്തിയ ഒരു പ്രസംഗത്തിലെ ചില വരികൾ പ്രചരിപ്പിച്ചാണ് ബി.ജെ.പി ഐടി സെൽ, ഉമറിനെതിരെ പ്രചാരണം നടത്തിയത്. നിലവിൽ സുപ്രീംകോടതിയുടെ പരിഗണനയിലാണ് ഉമർ ഖാലിദിന്റെ ജാമ്യഹർജി. എന്നാൽ 2023 ആഗസ്റ്റ് 9ന് വാദം നടക്കാൻ ഇരിക്കവെ, ഹർജി പരിഗണിക്കേണ്ടുന്ന ജസ്റ്റിസ് പ്രശാന്ത് കുമാർ മിശ്ര കേസിൽ നിന്നും പിൻവാങ്ങുകയുണ്ടായി. ഉമർ അടക്കമുള്ള വിദ്യാർത്ഥികളുടെ ജയിൽ മോചന സാധ്യതകൾ വീണ്ടും അകലുകയാണ്. ഈ സാഹചര്യത്തിൽ ഉമർ ഖാലിദിന്റെ പിതാവും വെൽഫെയർ പാർട്ടി ഓഫ് ഇന്ത്യയുടെ ദേശീയ പ്രസിഡന്റുമായ ഡോ. എസ്.ക്യു.ആർ ഇല്യാസ് കേരളീയത്തോട് സംസാരിക്കുന്നു.

ആയിരം ദിവസങ്ങളിലേറെയായി ഉമര്‍ ഖാലിദ് ജയിലിലാണ്. 2020ൽ ദില്ലിയിൽ അരങ്ങേറിയ വംശഹത്യയുമായി ബന്ധപ്പെട്ട ഉമറിന്റെ അറസ്റ്റും പൗരത്വ ഭേദഗതി ബില്ലിനെതിരെ പ്രതിരോധം തീര്‍ത്ത ഷര്‍ജീല്‍ ഇമാം, ഗുല്‍ഫിഷ ഫാത്തിമ, മീരാന്‍ ഹൈദര്‍ എന്നിങ്ങനെ മറ്റ് അനേകം വിദ്യാര്‍ത്ഥിനേതാക്കളുടെ അറസ്റ്റും വിദ്യാര്‍ത്ഥികള്‍, പ്രത്യകിച്ച് മുസ്ലീം വിദ്യാര്‍ത്ഥികള്‍ നേതൃത്വത്തിലേക്ക് വളരുന്നതിനെതിരെയുള്ള ഒരു താക്കീത് പോലെയാണ് കാണാന്‍ കഴിയുന്നത്. മറ്റുള്ളവരില്‍ വല്ലാത്ത ഭയമുണ്ടാക്കുന്നതാണ് ഈ ഭരണകൂട നടപടി. ഈ അറസ്റ്റുകളെക്കുറിച്ച്, പ്രത്യേകിച്ച് താങ്കളുടെ മകൻ ഉമർ ഖാലിദിന്റെ കേസിനെക്കുറിച്ച് എന്താണ് പറയാനുള്ളത്?

ഉമറിനെതിരായ നിയമനടപടികളും വിചാരണയും തുടങ്ങുന്നത് അവന്‍ ജെ.എന്‍.യുവില്‍ പഠിക്കുന്ന കാലത്താണ്. അവിടെ ഒരു ചെറിയ കൂട്ടം വിദ്യാര്‍ത്ഥികള്‍ കശ്മീരി ജനതയുടെ പ്രശ്‌നങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവന്നു. ജെ.എന്‍.യുവില്‍ ഒരു പരിപാടി നടത്തി, ‘എ കണ്‍ട്രി വിതൗട്ട് പോസ്റ്റ് ഓഫീസ്’. അതൊരു ചെറിയ പരിപാടിയായിരുന്നു പക്ഷെ നിര്‍ഭാഗ്യകരമെന്ന് പറയട്ടെ, ഈ പരിപാടി സീ ന്യൂസ് പോലുള്ള ചില ദേശീയ ചാനലുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. അവര്‍ ഈ പരിപാടിക്ക് വ്യത്യസ്തമായൊരു ആംഗിള്‍ നല്‍കി അവതരിപ്പിച്ചു, ഈ വിദ്യാര്‍ത്ഥികള്‍ വിഘടനവാദികളെ പിന്തുണയ്ക്കുന്നു എന്ന രീതിയില്‍. അപ്പോൾ മുതലാണ് സർക്കാർ ഇതിൽ ഇടപെടുന്നത്. ഇതൊരു വലിയ പ്രശ്‌നമായി മാറ്റി. ചാനല്‍ ചര്‍ച്ചകളും ഇത് വിഷയമായി ഏറ്റെടുത്തു. ഇവരെല്ലാം ആരോപിച്ചത് ഈ വിദ്യാര്‍ത്ഥികള്‍ അഫ്‌സല്‍ ഗുരുവിന് വേണ്ടി മുദ്രാവാക്യം വിളിച്ചു എന്നൊക്കെയാണ്. ഈ മാധ്യമങ്ങള്‍ ഈ വിദ്യാര്‍ത്ഥികളെ ‘തുക്ഡാ തുക്ഡാ ഗ്യാങ്’ എന്ന് വിളിച്ചുതുടങ്ങി, രാജ്യം വിഭജിക്കാന്‍ ആഗ്രഹിക്കുന്നവര്‍ എന്ന അര്‍ത്ഥത്തില്‍.

ആ പ്രശ്‌നത്തെ വളരെ വലുതാക്കിക്കാണിക്കാന്‍ മാധ്യമങ്ങള്‍ക്ക് കഴിഞ്ഞു. ഉമറിനെക്കുറിച്ച് നിരവധി നുണകള്‍ പ്രചരിക്കപ്പെട്ടു. ഉമര്‍ രണ്ടോ മൂന്നോ തവണ പാകിസ്ഥാനിലേക്ക് പോയി, മിലിട്ടന്റുകളുമായി കുറേയധികം ബന്ധങ്ങളുണ്ട്, നാലായിരത്തോളം ഫോണ്‍കോളുകള്‍ ചെയ്തിട്ടുണ്ട് എന്നെല്ലാം അവനെതിരെ ആരോപണങ്ങളുയര്‍ന്നു. ഈ സാഹചര്യത്തില്‍ ഉമറും അവന്റെ സഹപ്രവര്‍ത്തകരും ഒളിവില്‍ പോയി. ആ സമയത്ത് ഞാന്‍ ഒരു ചാനലിലൂടെ അവരോട് അഭ്യര്‍ത്ഥന നടത്തി, നിങ്ങള്‍ ഒളിവില്‍ പോകരുത്, നിങ്ങള്‍ വന്ന് ഈ സാഹചര്യത്തെ നേരിട്ടേ മതിയാകൂ. കാരണം നിങ്ങള്‍ തെറ്റൊന്നും ചെയ്തിട്ടില്ല, ചെയ്തതെല്ലാം രാജ്യത്തിന്റെ ഭരണഘടനയുടെ പരിധിയിലുള്ള കാര്യങ്ങള്‍ തന്നെയാണ്. അങ്ങനെ അവര്‍ കീഴടങ്ങുകയായിരുന്നു. അവരെ ജയിലിലടച്ചു. അതൊരു രാജ്യദ്രോഹ കേസ് ആയിരുന്നു. ഉമറും കനയ്യ കുമാറും മറ്റൊരു വിദ്യാര്‍ത്ഥിയുമായിരുന്നു കുറ്റാരോപിതര്‍. 25 ദിവസങ്ങള്‍ക്ക് ശേഷം അവര്‍ക്ക് ജാമ്യം കിട്ടി പുറത്തുവന്നു. അന്നുമുതല്‍ ആ കേസ് മുന്നോട്ടുപോകുന്നില്ല. കാരണം, ആ കേസില്‍ പുതുതായി എന്തെങ്കിലും പുറത്തുകൊണ്ടുവരാന്‍ അവര്‍ക്ക് കഴിയുന്നില്ല.

ഉമറും ഖാലിദും കനയ്യ കുമാറും 2016 ൽ അറസ്റ്റിലായപ്പോൾ. കടപ്പാട് : pti

പൗരത്വ സമരം തുടങ്ങിയപ്പോൾ അടിസ്ഥാനപരമായി പൗരത്വ ബില്ലിനെതിരായ സമരം തുടങ്ങിയത് ജാമിഅ മിലിയ ഇസ്‌ലാമിയ, അലിഗഢ് മുസ്‌ലീം യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളിലെ വിദ്യാര്‍ത്ഥികളാണ്. പിന്നീട് ഷാഹീന്‍ബാഗ് ഉയര്‍ന്നുവന്നു, ആത്യന്തികമായി അതൊരു ഓള്‍ ഇന്ത്യ മുന്നേറ്റമായി മാറി. ഉമര്‍ ഈ മുന്നേറ്റത്തിന്റെ ഒരു മുഖമായി മാറി. പൗരത്വ ഭേദഗതി നിയമത്തിനെതിരായ ഉമറിന്റെ പ്രതികരണങ്ങള്‍ വളരെ ശക്തമായിരുന്നു. അതൊരു വിവേചന നിയമമാണെന്നാണ് ഉമര്‍ പറഞ്ഞത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രതിഷേധ പരിപാടികളില്‍ ഉമര്‍ പങ്കെടുത്തു. ഡല്‍ഹിയില്‍ തന്നെ കുറഞ്ഞത് ഒമ്പത് സ്ഥലങ്ങളില്‍ ഷാഹീന്‍ബാഗ് പ്രതിഷേധവേദികളുണ്ടായി. ഇവിടെയെല്ലാം ഉമറും സുഹൃത്തുക്കളും പോയിരുന്നു. അവര്‍ മുന്‍നിരയില്‍തന്നെ ഉണ്ടായിരുന്നു. ഇത് കേന്ദ്ര സർക്കാരിന് ഒരു ഞെട്ടലുണ്ടാക്കി.

വിവേചനമുണ്ടാക്കുന്ന തരത്തിലുള്ള ഒരു നിയമവും ഭരണഘടന അനുവദിക്കുന്നില്ല. സി.എ.എ വളരെ കൃത്യമായി മുസ്ലീങ്ങളെ വേര്‍തിരിച്ച് നിർ‍ത്തുന്നതാണ്. ഭരണഘടനയുടെ ചട്ടക്കൂടിനകത്ത് തന്നെയുള്ള മുന്നേറ്റമായിരുന്നു അത്, അതിനുപുറമേ നിന്നുള്ളതല്ല. ഭാഗ്യവശാല്‍ കുറച്ചുകഴിഞ്ഞപ്പോള്‍ സംഭവിച്ചത് ഷഹീന്‍ബാഗ് മുന്നേറ്റത്തിലേക്ക് കുറേയധികം സിവില്‍ സൊസൈറ്റി ഗ്രൂപ്പുകള്‍ കൂടി ചേര്‍ന്നു. സിഖുകാര്‍, ജാട്ടുകള്‍, കര്‍ഷക സംഘങ്ങള്‍, അങ്ങനെ പിന്നീടത് എല്ലാവരുടെയും മുന്നേറ്റമായി മാറി. അത് തുടങ്ങിയത് മുസ്ലീം ജനതയാണ്. പക്ഷേ അതൊരു രാജ്യാന്തര മുന്നേറ്റമായി എല്ലാവരുടെയും പിന്തുണ നേടി. കേന്ദ്ര ഗവണ്മെന്റിന് അതൊരു വലിയ തിരിച്ചടിയായി. കാരണം സി.എ.എ നടപ്പിലാക്കുക എന്നത് അവരുടെ സ്വപ്‌ന പദ്ധതിയായിരുന്നു.

ഉമർ ഖാലിദ്, രാധിക വെമുല, സംഘപാലി അരുണ ലോഹിതാക്ഷി, ജിഗ്നേഷ് മേവാനി എന്നിവർ റിപ്പബ്ലിക് ദിനത്തിൽ ഷഹീൻ ബാഗിൽ. കടപ്പാട്: വേദിക സിംഘാനിയ

ട്രംപ് ഇന്ത്യയില്‍ വന്ന സമയത്ത് ഒരു മുസ്ലീം ലൊക്കാലിറ്റിയില്‍ കലാപമുണ്ടായി. അത് മുന്‍കൂട്ടി ഡിസൈന്‍ ചെയ്യപ്പെട്ടതായിരുന്നു. പ്രശ്‌നമുന്നയിച്ച കപില്‍ മിശ്ര ഇന്ന് ബി.ജെ.പിയുടെ ഡൽഹി വൈസ് പ്രസിഡന്റ് ആണ്. കപില്‍ മിശ്ര ജനങ്ങളോട് റോഡ് ബ്ലോക് ചെയ്യാന്‍ ആഹ്വാനം ചെയ്തു. അവിടെയാണ് പ്രശ്‌നങ്ങളുണ്ടായത്. ഉമര്‍ ആ സമയത്ത് ഡല്‍ഹിയിലില്ലായിരുന്നു, ബിഹാറിലായിരുന്നു. 53 പേര്‍ കൊല്ലപ്പെട്ടതില്‍ 43 പേര്‍ മുസ്ലീങ്ങളായിരുന്നു. അവരുടെ സ്വത്തുവകകള്‍ കൊള്ളയടിച്ചു, ബിസിനസ് പൂര്‍ണമായും തകര്‍ത്തു, നിങ്ങളവിടെ പോയിട്ടുണ്ടായിരുന്നെങ്കില്‍ കൃത്യമായി അറിയാന്‍ കഴിയും ആരാണ് ഏറ്റവും കൂടുതല്‍ സഹനമനുഭവിച്ചതെന്ന്. പക്ഷെ കുറ്റാരോപണങ്ങളെല്ലാം വന്നത് മുസ്ലീങ്ങള്‍ക്കുമേലെയാണ്. അതിനെത്തുടര്‍ന്നാണ് ഇവരെയെല്ലാം അറസ്റ്റ് ചെയ്തത്.

നോര്‍ത്ത് ഈസ്റ്റ് ഡല്‍ഹിയില്‍ ആക്രമിക്കപ്പെട്ട വീടിനു മുന്നിലിരിക്കുന്നവര്‍, മാര്‍ച്ച് 2020. ഫോട്ടോ : മൃദുല ഭവാനി

വര്‍ഗീയ ആക്രമണങ്ങള്‍ നടന്നത് 2020 ഫെബ്രുവരിയിലാണ്. ഉമര്‍ അറസ്റ്റ് ചെയ്യപ്പെട്ടത് സെപ്തംബര്‍ 2020ലും. ഉമറിനെ മാസ്റ്റര്‍മൈന്‍ഡ് ആണെന്ന് പറഞ്ഞ് അറസ്റ്റ് ചെയ്തത് നാലോ അഞ്ചോ മാസങ്ങള്‍ക്ക് ശേഷമാണ്. മാസ്റ്റര്‍മൈന്‍ഡ് ആണെങ്കില്‍ നേരത്തെ തന്നെ അറസ്റ്റ് ചെയ്യേണ്ടതായിരുന്നല്ലോ. ആദ്യത്തെ, 17,000 പേജുകളുള്ള ചാര്‍ജ് ഷീറ്റില്‍ ഉമര്‍ ഖാലിദിന്റെ പേര് ഉണ്ടായിരുന്നില്ല. രണ്ടാമത്തെ ചാര്‍ജ് ഷീറ്റില്‍ അവര്‍ ഉമര്‍ ഖാലിദിന്റെ പേര് ഉള്‍പ്പെടുത്തി. ജനുവരി 8ന് ഉമര്‍, ഖാലിദ് സൈഫി, താഹിര്‍ ഹുസൈന്‍ എന്നിവര്‍, ഈ മൂന്നുപേരും ഇപ്പോള്‍ ജയിലിലാണ്. ട്രംപ് ഇന്ത്യ സന്ദര്‍ശിക്കുമ്പോള്‍ കലാപമുണ്ടാക്കാനായി പദ്ധതിയിട്ടു എന്നാണ് ആരോപിച്ചിരിക്കുന്നത്. ട്രംപ് ഇന്ത്യ സന്ദര്‍ശിക്കുന്ന വിവരം ആരും അറിഞ്ഞിരുന്നില്ല. ഫെബ്രുവരി 13നാണ് ആദ്യമായി ആഭ്യന്തര മന്ത്രാലയം അറിയിക്കുന്നത് ഡൊണാള്‍ഡ് ട്രംപ് ഇന്ത്യ സന്ദര്‍ശിക്കുന്നുണ്ട് എന്ന്. ഈ സാഹചര്യത്തില്‍ എങ്ങനെയാണ് ഉമര്‍ ഖാലിദും ഖാലിദ് സെയ്ഫിയും താഹിര്‍ ഹുസൈനും മാത്രം ഈ കാര്യം അറിയുന്നത് എന്ന് നമ്മുടെ അഭിഭാഷകൻ കോടതിയില്‍ ചോദിച്ചു. പിന്നീട് അവര്‍ അതൊരു തെറ്റുപറ്റിയതാണ് എന്ന് മാറ്റി പറയുകയുണ്ടായി.

രണ്ടാമതായി അവര്‍ ഉമര്‍ ഖാലിദിന്റെ ഒരു പ്രസംഗമാണ് ഉദ്ധരിച്ചത്. വെല്‍ഫെയര്‍ പാര്‍ട്ടി അമരാവതിയില്‍ നടത്തിയ ഒരു പരിപാടിയില്‍ ഉമര്‍ നടത്തിയ പ്രസംഗമാണത്. പൗരത്വ ഭേദഗതിക്ക് എതിരായ സമരപരിപാടിയായിരുന്നു. ഉമര്‍ അതില്‍ സംസാരിക്കാനെത്തി. ഉമറിന്റെ പ്രസംഗത്തിലെ ഒരു വാചകമാണ് ചാര്‍ജ് ഷീറ്റില്‍ ചേര്‍ത്തിരിക്കുന്നത്. ഉമര്‍ പറയുന്നു, ട്രംപ് വരുമ്പോള്‍ നമുക്ക് കാണിച്ചുകൊടുക്കണം ഇന്ത്യയിലെ ന്യൂനപക്ഷ വിഭാഗങ്ങളോട് ഇന്ത്യ എങ്ങനെയാണ് പെരുമാറുന്നതെന്ന്. ഈ വാചകം എവിടെനിന്നാണ് നിങ്ങള്‍ക്ക് കിട്ടിയതെന്നും ഈ പ്രസംഗം മുഴുവന്‍ നിങ്ങള്‍ കവര്‍ ചെയ്തിട്ടുണ്ടോ എന്നും നമ്മുടെ അഭിഭാഷകന്‍ ചോദിച്ചു. റിപ്പബ്ലിക് ടിവിയില്‍ നിന്നാണ് ഇത് കിട്ടിയത് എന്ന് അവര്‍ പറഞ്ഞു. റിപ്പബ്ലിക് ടി.വി പറയുന്നത് അവര്‍ക്ക് ഈ ക്ലിപ് കിട്ടിയത് അമിത് മാളവ്യയുടെ ട്വീറ്റില്‍ നിന്നാണ് എന്നാണ്. അപ്പോള്‍ നമ്മുടെ അഭിഭാഷകന്‍ ഈ പ്രസംഗത്തിന്റെ 20 മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ കാണിച്ചു. ഇതിലെന്താണ് തെറ്റെന്ന് കോടതിയോട് ചോദിച്ചു. തെറ്റായി ഒന്നും തന്നെ ആ പ്രസംഗത്തിലുണ്ടായിരുന്നില്ല.

ഡൽഹിയിലെ കത്തിനശിച്ച പള്ളിക്കകത്തെ ചുവരെഴുത്തുകള്‍, മാര്‍ച്ച് 2020. ഫോട്ടോ : മൃദുല ഭവാനി

അടിസ്ഥാനപരമായി, പൗരത്വ നിയമത്തിനെതിരായ സമരത്തില്‍ പങ്കാളികൾ ആയവരെയെല്ലാം അറസ്റ്റ് ചെയ്തത് നുണകളുടെയും കെട്ടിച്ചമച്ച ആഖ്യാനങ്ങളുടെയും മുകളിലാണ്. അതാണ് ഈ കേസുകളുടെയെല്ലാം പൊതുവായ ഡിസൈന്‍. നിര്‍ഭാഗ്യവശാല്‍ കീഴ്‌കോടതിയും ഹൈക്കോടതിയും ഉമറിന്റെ ജാമ്യാപേക്ഷ തള്ളിക്കളയുകയാണ് ഉണ്ടായത്. ഓഗസ്റ്റ് ഒമ്പതിന് സുപ്രീംകോടതി ജാമ്യാപേക്ഷ വീണ്ടും പരിഗണിക്കുന്നു. നമുക്ക് കാത്തിരിക്കാം, നല്ലത് സംഭവിക്കുമെന്ന് പ്രതീക്ഷിക്കാം. (ഹർജി പരിഗണിക്കേണ്ട ജസ്റ്റിസ് പിൻവാങ്ങിയതിനാൽ ആഗസ്റ്റ് 9ന് വാദം നടന്നില്ല).

മകനെ കാണുകയും സംസാരിക്കുകയും ചെയ്തിട്ടുണ്ടാകുമല്ലോ. ഉമര്‍ ഖാലിദ് എന്താണ് പറയുന്നത്?

ഉമര്‍ ഖാലിദ് ഒട്ടും നിരാശനല്ല. ഒരു ദിവസം പുറത്തിറങ്ങാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് ഉമര്‍. ബി.ജെ.പിയുടെ ഗുണ്ടായിസവും ഫാഷിസവും എല്ലാക്കാലത്തും തുടര്‍ന്നുപോകുകയില്ല എന്ന് ഉമര്‍ പ്രതീക്ഷിക്കുന്നുണ്ട്. അത് തീര്‍ച്ചയായും അവസാനിക്കും, ജനങ്ങള്‍ വീണ്ടും സ്വാതന്ത്ര്യം അനുഭവിക്കും എന്നും. ഉമറിന്റെ കാര്യത്തില്‍ ഉമര്‍ അല്ല ഞങ്ങളുടെ കുടുംബത്തിലേക്ക് വരുമാനമുണ്ടാക്കുന്ന വ്യക്തി. അതുകൊണ്ട് ഉമറിന്റെ അറസ്റ്റ് കാരണം അങ്ങനെയൊരു ബുദ്ധിമുട്ട് ഞങ്ങളെ ബാധിച്ചിട്ടില്ല. പക്ഷേ മറ്റനേകം തടവുകാരുടെ കാര്യത്തില്‍ അവരുടെ കുടുംബം സാമ്പത്തിക ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നുണ്ട്.

ഉമർ ഖാലിദ് ജയിൽവാസിയായിട്ട് 1000 ദിനങ്ങൾ കഴിയവെ പ്രസ് ക്ലബ് ഓഫ് ഇന്ത്യയിൽ നടന്ന പരിപാടിയിലെ പോസ്റ്ററുകൾ. കടപ്പാട് : Vikram Sharma/Outlook

ഭീമാ കൊറേഗാവ്-എൾഗാര്‍ പരിഷദ് കേസില്‍ കുറ്റാരോപിതരായി അറസ്റ്റ് ചെയ്യപ്പെട്ടവര്‍, അഞ്ചും ആറും വര്‍ഷങ്ങള്‍ക്കൊക്കെ ശേഷമാണ് ജാമ്യം കിട്ടി പുറത്തിറങ്ങുന്നത്. വളരെ പ്രയാസകരമാണ് ഇതെല്ലാം. നിയമസംവിധാനം ഇങ്ങനെയൊക്കെയാണെങ്കില്‍, പ്രത്യേകിച്ച് വ്യക്തമായ തെളിവുകളില്ലാതെ ആളുകള്‍ ജയിലില്‍ കിടക്കുകയാണ് ഇവിടെ. മൂന്നും അഞ്ചും അതിലേറെയും വര്‍ഷങ്ങള്‍. വളരെ നിര്‍ഭാഗ്യകരമാണത്.

ദില്ലി കലാപത്തിന് ശേഷം പൊലീസ് അറസ്റ്റ് ചെയ്തുകൊണ്ടിരിക്കുന്നത് കലാപകാരികളെയല്ല. പൊലീസിന്റെ സാന്നിധ്യത്തില്‍ തന്നെ, ടി.വി ക്യാമറകളുടെ മുന്നില്‍ത്തന്നെ കലാപമുണ്ടാക്കിയവര്‍, നമ്മളെല്ലാം അവരെ കണ്ടു. അവര്‍ക്കുമേല്‍ എഫ്‌.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യുന്നത് പോയിട്ട് അവരെ അന്വേഷണത്തിന് പോലും വിളിച്ചിട്ടില്ല. സി.എ.എയ്‌ക്കെതിരെ പ്രതിഷേധിക്കുന്നവരെ വ്യാജ കേസുകളില്‍ കുടുക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. അവരുടെ കയ്യില്‍ തെളിവുകളൊന്നും ഇല്ല. കുറേയധികം വിദ്യാര്‍ത്ഥികളെയും യുവാക്കളെയും അറസ്റ്റ് ചെയ്തിട്ടുണ്ട്
ഞാന്‍ ചെയ്ത തെറ്റെന്താണ്? ഈ രാജ്യം എത്രത്തോളം നിങ്ങളുടേതാണോ അത്രത്തോളം എന്റേതാണ് എന്ന് പറയുന്നതാണോ എന്റെ തെറ്റ്? നമ്മുടെ രാജ്യത്ത് വിവിധ വിശ്വാസങ്ങളുള്ളവര്‍ ഒന്നിച്ചുകഴിയുന്നു, വ്യത്യസ്ത ഭാഷകള്‍ സംസാരിക്കുന്നവര്‍ ജീവിക്കുന്നു, പലതരത്തിലുള്ള മനുഷ്യര്‍, പക്ഷെ എല്ലാവരും നിയമത്തിന്റെയും ഭരണഘടനയുടെയും മുന്നില്‍ തുല്യരാണ്. ഇതിനെ മാറ്റാനുള്ള ശ്രമങ്ങളാണ് ഇന്ന് നടക്കുന്നത്. നമ്മളെയെല്ലാം ഭിന്നിപ്പിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്, വിഭജനരാഷ്ട്രീയത്തിനെതിരായി സംസാരിക്കുന്നവരെ ഭയപ്പെടുത്തി ജയിലിലടക്കുന്നു. അവരെ നിശബ്ദരാക്കാന്‍. – അറസ്റ്റിന് മുമ്പ് ഉമർ ഖാലിദ് റെക്കോർഡ് ചെയ്ത പ്രഭാഷണത്തിൽ നിന്നും.
(കടപ്പാട്: Mojo Story)

ഇപ്പോള്‍ ഹരിയാനയില്‍ വര്‍ഗീയ ആക്രമണങ്ങള്‍ തുടരുകയാണ്. രണ്ടര വര്‍ഷങ്ങള്‍ പിന്നിലേക്ക് തിരിഞ്ഞുനോക്കിയാല്‍ ഇത്തരം ആക്രമണങ്ങള്‍ അവസാനിച്ചിട്ടേയില്ല എന്ന് കാണാം. മാസങ്ങളുടെ ഇടവേളകള്‍ ഉണ്ടായിട്ടുണ്ടെങ്കിലും വ്യത്യസ്തമായ ആക്രമണരീതികളിലൂടെ വിവിധ സംസ്ഥാനങ്ങളില്‍ ആര്‍.എസ്.എസ് നേതൃത്വത്തില്‍ വര്‍ഗീയ ആക്രമണങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്. ഒരു ദേശീയ രാഷ്ട്രീയ നേതാവ് എന്ന നിലയില്‍ ഈ സംഭവങ്ങളെക്കുറിച്ച് എന്താണ് താങ്കള്‍ക്ക് പറയാനുള്ളത്? ദക്ഷിണേന്ത്യയിലെ രാഷ്ട്രീയ നേതാക്കളോടും ജനങ്ങളോടും എന്താണ് പറയാനുള്ളത്?

ഒരു കാര്യം ഞാന്‍ കൃത്യമായി പറയാനാഗ്രഹിക്കുന്നു, ബി.ജെ.പി സര്‍ക്കാരിന് വികസനാത്മകമായ ഒരു അജണ്ടയും ഇല്ല. രാജ്യത്തെ വിഭജിച്ചുകൊണ്ട് എങ്ങനെ ഭരിക്കാം എന്നാണ് അവര്‍ എപ്പോഴും ചിന്തിക്കുന്നത്, അതാണ് അവരുടെ നയം. ആദ്യത്തെ തെരഞ്ഞെടുപ്പില്‍ അവര്‍ ജയിച്ചത് ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങളിലൂടെയാണ്.

അച്ഛേ ദിന്‍, സബ്കാ സാഥ്, സബ്കാ വിശ്വാസ്, സബ്കാ വികാസ്, രണ്ടുകോടി തൊഴിലവസരങ്ങള്‍ പോലുള്ള വാഗ്ദാനങ്ങള്‍. ഭരണ കാലയളവിന്റെ അവസാനത്തില്‍ അവര്‍ ഒരു നേട്ടവും ഉണ്ടാക്കിയിട്ടില്ലെന്ന് അവര്‍ക്കുതന്നെ അറിയാമായിരുന്നു. അവരുടെ ഭാഗ്യത്തിന്, രാജ്യത്തിന് ദോഷകരമായി പുള്‍വാമ ആക്രമണം നടന്നു. അതിനുള്ള കാരണം എന്താണ് എന്നും എന്തുകൊണ്ടാണ് പുള്‍വാമ ആക്രമണം നടന്നത് എന്നും അന്നത്തെ കശ്മീർ ഗവര്‍ണര്‍ സത്യപാല്‍ മാലിക് പറഞ്ഞുകഴിഞ്ഞു.

സത്യപാല്‍ മാലിക്. കടപ്പാട് : english.mathrubhumi.com

അവര്‍ വീണ്ടും തെരഞ്ഞെടുപ്പില്‍ വിജയിച്ചു. മൂന്നാം തവണ അവര്‍ തെരഞ്ഞെടുക്കപ്പെടാനുള്ള വിഷയങ്ങള്‍ എന്തൊക്കെയായിരിക്കും? രാജ്യം വളരെ ദുരന്തങ്ങള്‍ നിറഞ്ഞൊരു സാഹചര്യത്തിലാണ്. പണപ്പെരുപ്പം ഉണ്ട്, വിലക്കയറ്റം ഉണ്ട്, അഴിമതിയുണ്ട്, വികസന പുരോഗതിയില്ല. കര്‍ഷകരെല്ലാവരും അമര്‍ഷം അനുഭവിക്കുന്നു, കുടിയേറ്റത്തൊഴിലാളികള്‍ അമര്‍ഷമനുഭവിക്കുന്നു. എന്തുചെയ്യണമെന്നറിയാത്ത പ്രതിസന്ധികളിലാണ് ഇന്ത്യയിലെ വലിയ ഭൂരിപക്ഷം. ഇവര്‍ എങ്ങനെയാണ് ഇനി തെരഞ്ഞെടുപ്പിലൂടെ അധികാരത്തിലെത്തുക? കഴിഞ്ഞ ഒമ്പതു വര്‍ഷത്തിനിടെ ഇവര്‍ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലുണ്ടാക്കിയ പ്രതീതി മുസ്ലീങ്ങളാണ് ഈ രാജ്യത്തെ പ്രധാന ശത്രുക്കള്‍ എന്നതാണ്, പ്രധാന കുറ്റവാളികള്‍. അവര്‍ രാജ്യത്തെ ഹിന്ദു-മുസ്ലീം എന്നതിലേക്ക് മാത്രമാക്കി. അവരുടെ ഓരോ ചെയ്തിയും അതിനെ അടിസ്ഥാനമാക്കി മാത്രമാണ്. ദക്ഷിണേന്ത്യയില്‍ കര്‍ണാടകത്തില്‍ അവര്‍ക്ക് ഭരണാധികാരം നിലനിര്‍ത്താനായില്ല. ഉത്തരേന്ത്യയില്‍ ഉത്തര്‍പ്രദേശ്, ഹരിയാന എന്നീ സംസ്ഥാനങ്ങളില്‍ ഇങ്ങനെയൊരു സാഹചര്യമാണ് സൃഷ്ടിക്കപ്പെട്ടത്. മുസ്ലീങ്ങളെ വില്ലനാക്കി.

ഡൽഹിയിൽ മുസ്ലിങ്ങള്‍ താമസിക്കുന്ന പ്രദേശത്ത് പുതുതായി ഗേറ്റ് പണിയുന്നവര്‍,  മാര്‍ച്ച് 2020. ഫോട്ടോ : മൃദുല ഭവാനി

ഹരിയാനയില്‍ ഇതെന്തുകൊണ്ട് സംഭവിച്ചു എന്നറിയാമോ? ഹരിയാനയില്‍ വളരെ ചെറിയൊരു മുസ്ലീം ജനസംഖ്യാണുള്ളത്. ഹരിയാനയുടെ ഒരു മൂലയില്‍, മേവാത്തില്‍. അവരവിടെ നൂറ്റാണ്ടുകളായി ജീവിക്കുന്നവരാണ്. അവരുടെ പൂര്‍വ്വികര്‍ ജാട്ട് വിഭാഗത്തില്‍ നിന്നുള്ളവരാണ്. ബി.ജെ.പിയുടെ അടിയന്തര പ്രശ്‌നം ഹരിയാനയില്‍ സംസ്ഥാന തെരഞ്ഞെടുപ്പ് നടക്കാന്‍ പോകുകയാണ് എന്നുള്ളതാണ്. തെരഞ്ഞെടുപ്പ് ജയിക്കാനായി ഉയര്‍ത്തിക്കാട്ടാന്‍ മനോഹര്‍ലാല്‍ ഖട്ടറിന്റെ സര്‍ക്കാരിന് ഒന്നുമില്ല. അവര്‍ക്ക് ഒന്നും ചെയ്തുതീര്‍ക്കാന്‍ കഴിഞ്ഞിട്ടില്ല, അവര്‍ക്കൊരു വികസന നയമുണ്ടായിരുന്നില്ല, ജാട്ട് വിഭാഗക്കാരുമായി സഖ്യമുണ്ടാക്കിയാണ് സര്‍ക്കാര്‍ മുന്നോട്ടുപോയത്. എങ്ങനെ തെരഞ്ഞെടുപ്പില്‍ വിജയിക്കും? രാജ്യത്തെ ഹിന്ദു- മുസ്‌ലീം എന്നാക്കി വിഭജിച്ചാല്‍ തെരഞ്ഞെടുപ്പുകള്‍ വിജയിക്കുക എളുപ്പമായിരിക്കും എന്നാണ് അവര്‍ കരുതുന്നത്. ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, ഹരിയാന അങ്ങനെ പലയിടങ്ങളിലും ഉത്സവങ്ങളുടെ ഭാഗമായി നടക്കുന്ന ശോഭായാത്രകള്‍ നടക്കാറുണ്ട്, അത് പരമ്പരാഗതമായി, നൂറ്റാണ്ടുകളായി നടന്നുവരുന്നതാണ്. പക്ഷേ ഇപ്പോള്‍ പുതിയതായി ഈ യാത്രകളെല്ലാം ഏറ്റെടുത്തു നടത്തുന്നത് വിശ്വഹിന്ദു പരിഷത്തും ബജ്റംഗദളുമാണ്. അവരാണ് ആര്‍.എസ്.എസിന്റെ ഭീകരവാദ മുഖം. അവര്‍ സായുധരാണ്.

ഏപ്രിൽ 2 ന് ഗുരുഗ്രാമിൽ ഹനുമാൻ ജയന്തിക്ക് മുന്നോടിയായുള്ള ഘോഷയാത്രയിൽ ബജ്റംഗ്ദൾ, വിശ്വഹിന്ദു പരിഷത്ത് അനുഭാവികൾ. കടപ്പാട്: പിടിഐ

മേവാത്തിലുണ്ടായ പ്രശ്‌നത്തില്‍ നമ്മള്‍ കണ്ടതാണ്, ഇവര്‍ നടത്തിയ യാത്രകളില്‍ എല്ലാവരുടെ കയ്യിലും ആയുധങ്ങളുണ്ടായിരുന്നു. എല്ലാം ആധുനികകാല ആയുധങ്ങള്‍. വെറും നാടന്‍ തോക്കുകള്‍ മാത്രമല്ല, എകെ 47 തോക്കുകള്‍ വരെ ആ റാലിയില്‍ പങ്കെടുത്തവരില്‍ ഉണ്ടായിരുന്നു. അവരാ തോക്കുകള്‍ ഉപയോഗിച്ച് വെടിയുതിര്‍ക്കുകയും ചെയ്തിരുന്നു. മുദ്രാവാക്യങ്ങള്‍ വിളിച്ചുകൊണ്ട്, ബഹളമുണ്ടാക്കി അലറിക്കൊണ്ട് അവര്‍ മേവാതിനടുത്തേക്ക് പോകുകയായിരുന്നു. മോനു മാനേസര്‍ ആണ് ഈ യാത്രയുടെ ആസൂത്രകന്‍. മോനു മാനേസര്‍ അവിടെയൊരു ഗോരക്ഷാ സംഘത്തെ നയിക്കുന്നുണ്ടായിരുന്നു. അതൊരു വലിയ കൗ എക്‌സ്‌പോര്‍ട്ടിങ് ബിസിനസ് ആണ്. ആളുകളില്‍ നിന്ന് പിടിച്ചെടുക്കുന്ന കന്നുകാലികളെ അവര്‍ ഇറച്ചിക്കടകളില്‍ വില്‍ക്കുകയാണ് ചെയ്യുന്നത്. മോനു മാനേസര്‍ പൊലീസ് കമ്മീഷണര്‍ക്കൊപ്പമുള്ള ഫോട്ടോഗ്രാഫുകളുണ്ട്, രാഷ്ട്രീയ നേതാക്കള്‍, ആഭ്യന്തര മന്ത്രി അമിത് ഷാ ഇവരുമായെല്ലാം ബന്ധമുണ്ട്.

മോനു മനേസറും അമിത് ഷായും. കടപ്പാട് : wikibio.in

ഭരത്പൂരില്‍ നാസിര്‍, ജുനൈദ് എന്നീ യുവാക്കളെ കൊന്നത് മോനു മാനേസര്‍ ആണ്. ഭരത്പൂര്‍ രാജസ്ഥാനിലാണ്, മേവാത് രാജസ്ഥാന്‍, ഉത്തര്‍പ്രദേശ്, ദില്ലി, ഹരിയാന എന്നിവിടങ്ങളിലായി പടര്‍ന്നുകിടക്കുന്ന പ്രദേശമാണ്. നാസിറിനെയും ജുനൈദിനെയും തട്ടിക്കൊണ്ടുപോയ ശേഷം അവരെ വിജനമായൊരു സ്ഥലത്തേക്ക് കൊണ്ടുപോയി, അവിടെവെച്ച് അവരെ മര്‍ദ്ദിക്കുകയും കൊല്ലുകയും അവരുടെ ശരീരങ്ങള്‍ ജീപ്പിനകത്തുവെച്ച് ജീപ്പ് കത്തിക്കുകയുമായിരുന്നു ചെയ്തത്. ഇത് മുസ്ലീം ജനതയെ മുഴുവനും ബാധിച്ചിട്ടുണ്ട്. മേവാത്തി മുസ്ലീങ്ങളെ പ്രത്യേകിച്ചും. മോനു മാനേസര്‍ നൂഹിലെയും മേവാത്തിലെയും തെരുവുകളിലൂടെ യാത്ര നടത്തുമെന്നും മറ്റും ഭീഷണികള്‍ ഉയര്‍ത്തുകയും ചെയ്തതോടെ പ്രദേശത്തെ മുസ്ലീങ്ങള്‍ ക്ഷുഭിതരായി. എന്തുതരത്തിലുള്ള പരിക്കുകളും സംഭവിച്ചേക്കാമെന്നതിനെക്കുറിച്ച് അവര്‍ തയ്യാറായിരുന്നു. അവരുടെ നിലനില്‍പ് വളരെ കടുപ്പമേറിയതാണ്.

ജുനൈദും നാസിറും

യാത്രയെ നൂഹ് ഏരിയയിലേക്ക് കടക്കാന്‍ സമ്മതിക്കാത്ത സാഹചര്യമുണ്ടായി. പക്ഷേ അവര്‍ക്ക് പോകാന്‍ കഴിഞ്ഞ സ്ഥലങ്ങളിലേക്കെല്ലാം കഴിയുന്നത്ര നാശമുണ്ടാക്കി. ഇതെല്ലാം മേവാത്തിലാണ് സംഭവിച്ചുകൊണ്ടിരുന്നത്. പക്ഷേ പെട്ടെന്ന്, മുമ്പ് മേവാത്തിന്റെ ഭാഗമായിരുന്ന ഗുരുഗ്രാം, ഇന്നതൊരു ഇന്‍ഡസ്ട്രിയല്‍, കോര്‍പ്പറേറ്റ് പ്രദേശമാണ്, അവിടെ മസ്ജിദുകള്‍ കുറേയുണ്ട്. അവയില്‍ ഒരു മസ്ജിദിലേക്ക് ഇവരുടെ ആളുകള്‍ പോകുകയും മസ്ജിദ് തകര്‍ക്കുകയും മസ്ജിദിലെ ഇമാമിനെ കൊലപ്പെടുത്തുകയും ചെയ്തു. മറ്റൊരു മസ്ജിദ് സോഹ്നയിലെതാണ്. ആ മസ്ജിദും അവര്‍ തകര്‍ത്തു. ഒറ്റ ദിവസം കൊണ്ട് നടന്ന ഈ ആക്രമണങ്ങളുടെയെല്ലാം ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടു. ആളുകള്‍ എകെ 47 ഉപയോഗിച്ച് വെടിയുതിര്‍ക്കുന്നതും മറ്റ് ആയുധങ്ങള്‍ ഉപയോഗിക്കുന്നതായും ഇതിലെല്ലാം വ്യക്തമായി കാണാം. എന്നിട്ടും ഇവര്‍ക്കൊന്നുമെതിരെ നടപടികളൊന്നും എടുത്തിട്ടില്ല. പകരം ഹരിയാന ഗവണ്മെന്റ് ചെയ്യുന്നത് മുസ്‌ലീംങ്ങളുടെ വീടുകള്‍ ബുള്‍ഡോസ് ചെയ്ത് തകര്‍ക്കുകയാണ്. മ്യാന്‍മറില്‍ നിന്നുള്ള അഭയാര്‍ത്ഥികള്‍, വളരെ കുറച്ചുപേര്‍ താമസിച്ചിരുന്ന ചേരി പ്രദേശം മുഴുവനും അവര്‍ നശിപ്പിച്ചിട്ടുണ്ട്. ഏറ്റവുമൊടുവില്‍ ഹരിയാന ഹൈക്കോടതി ഇതിനെതിരെ സ്വമേധയാ കേസെടുക്കുകയുണ്ടായി. ഇത് നിയമവിരുദ്ധമാണ് എന്നാണ് കോടതി പറഞ്ഞത്.

ഹരിയാനയിലെ നുഹ് ജില്ലയിൽ ഒരു മുസ്ലിമിന്റെ വസ്തു തകർക്കുന്നു. കടപ്പാട്: എം.ഡി മെഹർബാൻ- aljazeera.com

മധ്യപ്രദേശിലാണ് ഈ ബുള്‍ഡോസര്‍ സമീപനം (bulldozer attitude) തുടങ്ങിയത്. മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാനാണ് ഇത് തുടങ്ങിയത്, ഖഡ്ഗാവ്, ഇന്‍ഡോര്‍ പ്രദേശങ്ങളിലായി. അതിനുശേഷം യോഗി ആദിത്യനാഥ് തുടങ്ങി, വെല്‍ഫെയര്‍ പാര്‍ട്ടിയുടെ ഫെഡറല്‍ ജനറല്‍ കമ്മിറ്റി മെമ്പര്‍ ജാവേദ് മുഹമ്മദിന്റെ വീട് ബുള്‍ഡോസ് ചെയ്ത് തകര്‍ക്കുകയാണ് ചെയ്തത്. ഖട്ടര്‍ ഗവണ്മെന്റും അതുതന്നെയാണ് ചെയ്യുന്നത്. ഇവയെല്ലാം നിയമവിരുദ്ധമായി നിര്‍മ്മിച്ചതാണ് എന്നാണ് അവര്‍ പറയുന്നത്. ഒരു നോട്ടീസ് പോലും നല്‍കാതെ എങ്ങനെയാണ് അങ്ങനെ ചെയ്യാന്‍ കഴിയുന്നത്? ഉത്തരാഖണ്ഡിലും ഇതാണ് സംഭവിച്ചത്. ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ എല്ലാം ബുള്‍ഡോസിങ് എന്നത് തന്ത്രമാക്കിയിരിക്കുകയാണ്. തെരഞ്ഞെടുപ്പിലൂടെ അധികാരത്തിലെത്തുന്ന ഒരു ഗവണ്മെന്റിന് എങ്ങനെയാണ് ഈ രീതിയില്‍ നിയമത്തെ അട്ടിമറിക്കാന്‍ കഴിയുന്നത്? ഇതിനെല്ലാം ഒരു നടപടിക്രമം നിലനില്‍ക്കുന്നുണ്ട്. മുസ്ലീങ്ങളെ മാത്രം ലക്ഷ്യമിട്ടുകൊണ്ട് ഇങ്ങനെ ചെയ്യുന്നതെന്താണ്? ഇത് മുമ്പൊന്നും ചെയ്തിട്ടില്ലാത്തൊരു കാര്യമാണ്. നോട്ടീസ് കൊടുക്കുന്നുണ്ടെങ്കില്‍ അതിന്റെ പിറ്റേ ദിവസം തന്നെ വന്ന് വീട് തകര്‍ക്കും.

ഡല്‍ഹിയില്‍ നടന്ന ചേരി തകര്‍ക്കലുകള്‍ എല്ലാം ഈ രീതിയിലുള്ളവയല്ലേ?

അതെ. ജഹാംഗീര്‍പുരിയിലും സമീപപ്രദേശങ്ങളിലും അവര്‍ ചേരികള്‍ തകര്‍ത്തിട്ടുണ്ട്. മുസ്ലീങ്ങളുടെ വീടുകള്‍ മാത്രമാണ് ആക്രമിക്കപ്പെട്ടത്. നിയമവിരുദ്ധമായ നിര്‍മ്മാണങ്ങളാണ് നടന്നതെങ്കില്‍, ഇവര്‍ മുനിസിപ്പാലിറ്റിയുടെ അനുമതിയില്ലാതെയാണ് അവിടെ താമസിക്കുന്നതെങ്കില്‍ സമാനമായ സ്ഥലങ്ങളില്‍ താമസിക്കുന്ന മറ്റുള്ളവര്‍ക്ക് നോട്ടീസ് നല്‍കുന്നില്ലല്ലോ. ഇതാണ് ഇന്ന് ഇന്ത്യയില്‍ സംഭവിക്കുന്നത്. സ്വാതന്ത്ര്യാനന്തരം നമ്മള്‍ നേടിയത് എന്തൊക്കെയാണോ അതെല്ലാം നിലനില്‍ക്കണമെന്ന് നമ്മള്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍, ജനാധിപത്യം നിലനില്‍ക്കണമെങ്കില്‍ നമുക്കെല്ലാവര്‍ക്കും അതില്‍ ഉത്തരവാദിത്തമുണ്ട്.

ഡൽഹിയിൽ ഹിന്ദു ഭീകരവാദികള്‍ കത്തിച്ച ‘ഫൈസാന്‍ മന്‍സില്‍’, തൊട്ടടുത്തായി പരിക്കേല്‍ക്കാത്ത ഹിന്ദു അടയാളങ്ങളുള്ള വീടും കാണാം. മാര്‍ച്ച് 2020. ഫോട്ടോ : മൃദുല ഭവാനി

ഇവിടെ നടക്കുന്നത് പരിപൂര്‍ണ ഏകാധിപത്യമാണ്, ജനാധിപത്യപരമായി ഇവിടെ ഒന്നുമില്ല. പരിപൂര്‍ണ്ണ ഏകാധിപത്യവും പരിപൂര്‍ണ്ണ വിദ്വേഷവുമാണ് ഇവിടെ നിലനില്‍ക്കുന്നത്. വംശഹത്യാ ആഹ്വാനങ്ങള്‍ നടത്തുന്നവര്‍ക്ക് സര്‍ക്കാരിന്റെ പൂര്‍ണ്ണപിന്തുണയും കിട്ടുന്നു. ഇവരെ പിന്തുണയ്ക്കുന്നവര്‍ തിരിച്ചറിയണം, നമ്മളെങ്ങോട്ടാണ് പോകുന്നതെന്ന്. മുസ്ലീങ്ങള്‍ മാത്രം ഇവിടെ പീഢനങ്ങള്‍ അനുഭവിക്കുന്നു എന്നല്ല, ഇനി മറ്റുള്ളവരിലേക്കും ഇതെല്ലാം എത്തും. ആദ്യ ലക്ഷ്യം മുസ്ലീങ്ങള്‍ തന്നെയാണ്.

ഈയടുത്തായി രൂപീകരിക്കപ്പെട്ട പുതിയ രാഷ്ട്രീയ സഖ്യമായ I-N-D-I-A യെ കുറിച്ചാണ് ഇനി ചോദിക്കാനുള്ളത്. ഈ സഖ്യത്തെക്കുറിച്ചുള്ള ചിന്തകളും നിരീക്ഷണങ്ങളും എന്തൊക്കെയാണ്?

പ്രാദേശികമായി നിലനില്‍ക്കുന്ന പല രാഷ്ട്രീയ പാര്‍ട്ടികളും ഈ സഖ്യത്തിന്റെ ഭാഗമല്ലെങ്കിലും, എല്ലാ മതേതര രാഷ്ട്രീയ പാര്‍ട്ടികളും ഒന്നിച്ചു നില്‍ക്കുന്നത് നല്ല കാര്യം തന്നെയാണ്. ഇവിടെ നിലനിൽക്കണമെങ്കിൽ ഈ പ്രാദേശിക പാര്‍ട്ടികളും സഖ്യത്തിന്റെ ഭാഗമാകുന്നത് നന്നായിരിക്കും. അത്തരത്തിലുള്ള നീക്കുപോക്കുകൾക്ക് അവർ തയ്യാറാകണം. രാഷ്ട്രീയസഖ്യം രൂപീകരിക്കുന്നത് എളുപ്പമാണ്. പക്ഷെ പ്രായോഗികമായി സീറ്റ് വിതരണം ചെയ്യപ്പെടുമ്പോളാണ് രാഷ്ട്രീയ സഖ്യം എന്ന ഉപാധിയില്‍ പ്രശ്‌നങ്ങളുണ്ടാകുന്നത്. രണ്ടാമതായി, അസംബ്ലിയിലും പാര്‍ലമെന്റിലും വലിയ ഭൂരിപക്ഷമില്ലാത്ത നിരവധി പാര്‍ട്ടികളുണ്ട്. എന്നാല്‍ അവയെല്ലാം വലിയ വോട്ട്ബാങ്ക് ഉള്ള പാര്‍ട്ടികളാണ്. അവരൊരു യഥാര്‍ത്ഥ രാഷ്ട്രീയ സഖ്യമാണ് ആഗ്രഹിക്കുന്നതെങ്കില്‍ ആ പാര്‍ട്ടികളെയും ഈ സഖ്യത്തില്‍ ഉള്‍പ്പെടുത്തണം. അല്ലെങ്കില്‍ ‘ഇന്ത്യ’ പങ്കെടുക്കുന്ന തെരഞ്ഞെടുപ്പില്‍ ആരാണ് ജയിക്കാന്‍ പോകുന്നത്? ‘ഇന്ത്യ’ അലയന്‍സിനെ തന്നെയാണ് ഇത് ബാധിക്കുക.

ഇന്ത്യ അലയൻസ് കർണ്ണാടക സമ്മേളനം. കടപ്പാട് : indiatoday.in

ഇന്ത്യ അലയന്‍സില്‍ ദലിതരോ മുസ്ലീങ്ങളോ നേതൃത്വം വഹിക്കുന്ന പാര്‍ട്ടികളെയൊന്നും ചേര്‍ത്തിട്ടില്ല. മുന്നോട്ടുപോകണമെന്നുണ്ടെങ്കില്‍ അവര്‍ തീര്‍ച്ചയായും കൂടുതല്‍ ഉള്‍ച്ചേര്‍ക്കല്‍ നടത്തി വിശാലമായൊരു വേദിയാക്കി മാറ്റേണ്ടിവരും. കാരണം ഓരോ വോട്ടും വിലയേറിയതുതന്നെയാണ്. നിങ്ങള്‍ പോരാടുന്നത് പലതരം രാഷ്ട്രീയ കുതന്ത്രങ്ങള്‍ ഉപയോഗിക്കുന്നൊരു പാര്‍ട്ടിയോടാണ്. അവര്‍ രാഷ്ട്രീയ പാര്‍ട്ടികളെ തകര്‍ക്കാന്‍ കഴിയുന്നവരാണ്. മഹാരാഷ്ട്രയിലും മറ്റു സംസ്ഥാനങ്ങളിലും നമ്മളത് കണ്ടിട്ടുണ്ട്. ഇവരോട് രാഷ്ട്രീയമായി പോരാടുകയാണെങ്കില്‍ അതെല്ലാ ശ്രദ്ധയോടുകൂടിയും ആയിരിക്കണം. അവര്‍ക്കെതിരെയുള്ള ഓരോ ഗ്രൂപ്പും ഈ അലയന്‍സിന്റെ ഭാഗമായിരിക്കണം. ആർ.എസ്.എസ്-ബി.ജെ.പി മുന്നണിയെ തോൽപ്പിക്കാൻ കഴിഞ്ഞില്ലെങ്കിൽ 2024ലേത് അവസാനത്തെ തെരഞ്ഞെടുപ്പായിരിക്കുമെന്നാണ് എന്നാണ് എനിക്ക് തോന്നുന്നത്. അതു കഴിഞ്ഞാല്‍ പിന്നെ മതേതര രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ഇവിടെ നിലനില്‍ക്കാന്‍ കഴിയില്ല. കാരണം ഭീഷണികളും അഴിമതിയും ഭരണകൂട ഏജന്‍സികളായ എന്‍ഫോഴ്‌സമെന്റ് ഡയറക്ടറേറ്റ്, സി.ബി.ഐ എന്നിവയെയെല്ലാം അവര്‍ ഉപയോഗിക്കുന്നത് ആ രീതിയിലാണ്.

ഡോ. എസ്.ക്യു.ആർ ഇല്യാസ്

രാജ്യത്ത് നടക്കുന്ന പല അനീതികള്‍ക്ക് എതിരെയും ഇടപെടാനുള്ള സാധ്യതകൾ ഉണ്ടാകുമ്പോഴും നമ്മുടെ നിയമസംവിധാനം ‘നിശബ്ദ സാക്ഷി’യായി നില്‍ക്കുകയാണ് എന്ന് താങ്കള്‍ക്ക് തോന്നുന്നുണ്ടോ?

ഇന്ത്യന്‍ നിയമ വ്യവസ്ഥയില്‍ അടിമുടി പരിഷ്‌കരണം ആവശ്യമാണ്. കൊളീജിയം നിലവിലുണ്ടെങ്കിലും ജഡ്ജിമാരുടെ നിയമനത്തിലുള്ള സംവിധാനത്തിലും മാറ്റങ്ങള്‍ വരണമെന്നാണ് ഞാന്‍ കരുതുന്നത്. സര്‍ക്കാരിന്റെ നേരിട്ടുള്ളതല്ലാത്ത ഇടപെടലുകള്‍ നിയമസംവിധാനത്തില്‍ ഉണ്ടാകുന്നുണ്ട്. കീഴ് കോടതികള്‍ മുതല്‍ ഹൈക്കോടതികള്‍ വരെ ഭരണ പാര്‍ട്ടിയുടെ ഇടപെടലുകള്‍ തെരഞ്ഞെടുപ്പുകളില്‍ നടക്കുന്നുണ്ട്. അടിസ്ഥാനപരമായി പറയുമ്പോള്‍ ജുഡീഷ്യറി ഇന്നത്തെ സാഹചര്യങ്ങളില്‍ നിന്നും വേറിട്ടുനില്‍ക്കുന്നൊരു സ്ഥാപനവുമല്ല. ജുഡീഷ്യറിയുടെ കാര്യത്തിൽ വളരെയധികം സ്വതന്ത്രമായൊരു സംവിധാനമാണ് നമുക്ക് വേണ്ടത്. എക്‌സിക്യൂട്ടീവിന്റെയും ലെജിസ്ലേറ്റീവിന്റെയും ഇടപെടലുകള്‍ നിങ്ങള്‍ക്കുമേല്‍ ഉണ്ടായാല്‍ നിങ്ങള്‍ ജുഡീഷ്യറിയെയാണ് സമീപിക്കുക. അവിടെ നിന്ന് നീതി കിട്ടുമെന്നാണ് നമ്മള്‍ പ്രതീക്ഷിക്കുക. ജുഡീഷ്യറിയില്‍ നിന്ന് നീതി ലഭിക്കുന്നില്ലെങ്കില്‍ ജനാധിപത്യത്തിലും ജനാധിപത്യ സംവിധാനത്തിലുമുള്ള ജനങ്ങളുടെ വിശ്വാസം ഇല്ലാതായിക്കൊണ്ടിരിക്കും. ഒരു രാജ്യത്തിന് അതൊരു വലിയ ബുദ്ധിമുട്ടായി മാറും. നീതി ലഭിക്കാതിരിക്കുമ്പോള്‍ സായുധ മുന്നേറ്റങ്ങളുണ്ടാകും. അങ്ങനെയൊരു സാഹചര്യമുണ്ടായാല്‍ മുഴുവന്‍ പൗര സംവിധാനവും തകരും. അതുണ്ടാകാതിരിക്കാന്‍ എക്‌സിക്യൂട്ടീവ്, ലെജിസ്ലേച്ചര്‍, ജുഡീഷ്യറി എന്നിവ സ്വതന്ത്രമായിരിക്കണം. മാധ്യമങ്ങള്‍ സര്‍ക്കാരിലേക്ക് ഉള്‍ച്ചേര്‍ന്നിരിക്കുകയാണ് ഇപ്പോള്‍. മാധ്യമങ്ങളെ നിയന്ത്രിക്കുന്നത് കോര്‍പ്പറേറ്റ് ഗ്രൂപ്പുകളാണ് എന്ന രീതിയിലാണ് ഇവിടെയുള്ള സിസ്റ്റം. കോര്‍പ്പറേറ്റുകള്‍ സര്‍ക്കാരുമായി സൗഹൃദത്തിലാണ്. മാധ്യമങ്ങളും ജനങ്ങളുടെ സ്വതന്ത്ര ശബ്ദമൊന്നുമല്ല. മാധ്യമങ്ങള്‍ ശബ്ദമില്ലാത്തവരുടെ ശബ്ദമാകുന്നതുവരെ നമ്മുടേതൊരു ചലനാത്മക ജനാധിപത്യമാണ് എന്ന് പറയാന്‍ കഴിയില്ല.

INDEPENDENT,
IN-DEPTH JOURNALISM
FOR SOCIAL &
ECOLOGICAL
JUSTICE

keraleeyam-logo

Support Keraleeyam

Choose Your Preference

₹1000/Year

₹2000/2 Years

₹500/Year(Students)

One TimeAny Amount

Also Read

August 12, 2023 4:26 am