ആനന്ദിന്റെ ജയിൽവാസം ദലിതർക്കുള്ള സർക്കാർ സന്ദേശം

ഭീമാ കൊറേഗാവ് സംഭവവുമായി ബന്ധപ്പെട്ട് ബുദ്ധിജീവികളെയും മനുഷ്യാവകാശപ്രവർത്തകരെയും രാഷ്ട്രീയ, സാംസ്കാരിക പ്രവർത്തകരെയും അറസ്റ്റ് ചെയ്യാൻ തുടങ്ങിയിട്ട് ജൂൺ 6ന് നാല് വർഷം പിന്നിടുകയാണ്. തുടർ അറസ്റ്റിന്റെ ഭാ​ഗമായി 2019 ൽ ജയിലിൽ അടയ്ക്കപ്പെട്ട പ്രമുഖ ദലിത് ചിന്തകനും എഴുത്തുകാരനും മനുഷ്യാവകാശ പ്രവർത്തകനും മാനേജ്മെന്റ് വിദ​ഗ്ധനും അധ്യാപകനുമായ ആനന്ദ് തെൽതുംദെ, ഫാ. സ്റ്റാൻ സ്വാമി കഴിഞ്ഞിരുന്ന മുംബൈ തലോജ ജയിലിലെ അണ്ഡാ സെല്ലിൽ ആണ് ഇന്ന്. ആനന്ദിന്റെ ജയിൽ ജീവിതത്തെക്കുറിച്ചും കേസിന്റെ നിലവിലെ സ്ഥിതിയെക്കുറിച്ചും അദ്ദേഹത്തിന്റെ ഭാര്യയും ഡോ. ബി.ആർ അംബേദ്കറിന്റെ പൗത്രിയുമായ രമ തെൽതുംദെ സംസാരിക്കുന്നു.

മുംബൈ തലോജ ജയിലിൽ കഴിയുന്ന ആനന്ദ് തെല്‍തുംദെയുമായി സംസാരിക്കാന്‍ കഴിയാറുണ്ടോ? ജയിലില്‍ നിന്നുള്ള പുതിയ വിവരങ്ങള്‍ എന്തൊക്കെയാണ്?

നിലവില്‍ ആനന്ദ് വലിയ അമര്‍ഷവും നിരാശയും അനുഭവിക്കുന്നുണ്ട് എന്നാണ് അറിയാൻ കഴിയുന്നത്. ജയിലില്‍ നേരിടേണ്ടി വരുന്ന പീഡനങ്ങള്‍ ആണ് അതിന് പ്രധാന കാരണം. ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കുറച്ചു ദിവസങ്ങള്‍ക്കുശേഷം, സഹ കുറ്റാരോപിതര്‍ക്കൊപ്പം ആനന്ദിനെയും ക്രിമിനലുകളെ തടവിലിടുന്ന അണ്ഡാ സെല്ലിലേക്ക് മാറ്റിയിരുന്നു. അണ്ഡാ സെല്ലിൽ കഴിയുക എന്നത് കടുത്ത പീഡനമാണ്.

ഒരു സാധാരണ മധ്യവര്‍ഗ ജീവിതമാണ് ഞങ്ങള്‍ നയിച്ചിരുന്നത്. കോര്‍പ്പറേറ്റ് ജീവിതത്തില്‍നിന്നും വിരമിച്ചെങ്കിലും ആനന്ദ് ഒരു ബിസിനസ് സ്‌കൂളില്‍ പ്രൊഫസറായി ജോലി ചെയ്തിരുന്നു. ജയിലില്‍ ചെലവഴിക്കേണ്ടിവരുന്ന ഓരോ നിമിഷവും അപമാനം നിറഞ്ഞതാണെന്ന് ആനന്ദ് എന്നോട് പറഞ്ഞു. മരുന്നുകളും ഡോക്ടറുടെ സഹായവും ലഭിക്കണമെങ്കില്‍ ആഴ്ചകളോളമെടുക്കാറുണ്ടെന്നാണ് ആനന്ദ് പറയുന്നത്. ചികിത്സ കിട്ടണമെങ്കില്‍ തുടര്‍ച്ചയായി ആവശ്യപ്പെടണം എന്ന അവസ്ഥ. ചിലപ്പോള്‍ കുറേ ദിവസം കഴിഞ്ഞ് കിട്ടിയേക്കും. ആനന്ദ് ആസ്ത്മ രോഗിയാണ്, സ്‌പോണ്ടിലൈറ്റിസും ഉണ്ട്. എഴുപത്തിരണ്ട് വയസ്സിലധികം പ്രായമായി. സമൂഹത്തില്‍ ഇന്നുള്ള പദവിയിലെത്താന്‍ ആനന്ദിന് വളരെ കഠിനാധ്വാനം ചെയ്യുകയും പലതും ത്യജിക്കേണ്ടിവരുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ അതെല്ലാം ഇന്ന് ജയിലറയ്ക്കുള്ളിൽ നശിപ്പിക്കപ്പെടുകയാണ്.

ഫാദർ സ്റ്റാൻ സ്വാമിയും അതേ ജയിലിൽ ആയിരുന്നു. ഫാദര്‍ സ്റ്റാന്‍ സ്വാമിയുടെ മരണം ഒരു ഭരണകൂട കൊലപാതകമാണ്. അത് വളരെ നിര്‍ഭാഗ്യകരമാണ്. ഈ കേസിലെ കുറ്റാരോപിതരെല്ലാവരും ജാമ്യം അര്‍ഹിക്കുന്നവരാണ്. ജാമ്യം നേടുക എന്നതാണ് നമ്മുടെ മുന്‍ഗണന. ജൂണ്‍ 6ന് ഈ അറസ്റ്റുകള്‍ നടന്ന് നാല് വര്‍ഷങ്ങള്‍ പൂര്‍ത്തിയാകുകയാണ്.

ഈ കേസിലെ പ്രധാന തെളിവായി, കുറ്റാരോപിതരില്‍ ചിലരുടെ ലാപ്‌ടോപുകളിലേക്ക് ചില രേഖകള്‍ പകര്‍ത്തിവെച്ചതാണ് എന്ന് ആഴ്‌സണല്‍ കണ്‍സൾട്ടിം​ഗ് ഒരു റിപ്പോര്‍ട്ട് പുറത്തുവിട്ടിരുന്നു. പ്രബല സമുദായങ്ങളില്‍ നിന്ന് അടിച്ചമര്‍ത്തല്‍ നേരിടുന്ന സമുദായങ്ങള്‍ക്കും ജനവിഭാഗങ്ങള്‍ക്കും വേണ്ടി പ്രവര്‍ത്തിക്കുകയും പോരാടുകയും ചെയ്യുന്ന മുതിര്‍ന്ന മനുഷ്യാവകാശ പ്രവര്‍ത്തകരും എഴുത്തുകാരും ഇന്ത്യന്‍ പ്രധാനമന്ത്രിയെ കൊലപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്നാണ് ഈ കേസ് ആരോപിക്കുന്നത്. ഭീമാ കൊറേഗാവ് വിജയ ദിവസത്തിൽ ഉണ്ടായ അതിക്രമങ്ങളുടെ യഥാര്‍ത്ഥ ഉത്തരവാദികള്‍ ഇന്ന് അറസ്റ്റ് ചെയ്യപ്പെട്ട് ജയിലില്‍ കഴിയുന്നവരല്ല. അക്രമം നടത്തിയവർ ഇന്നും സ്വതന്ത്രരാണ്. കലാപത്തിന് പ്രധാന കാരണക്കാരനായ മിലിന്ദ് ഏക്‌ബോടെയെ പേരിന് മാത്രം അറസ്റ്റ് ചെയ്തു, സംഭാജി ഭിഡേയെ അറസ്റ്റ് ചെയ്തതേയില്ല. ദലിതര്‍ക്കും ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കുമെതിരെ നിരന്തരം പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നവരാണ് ഇവർ. ഭീമാ കൊറേഗാവ് വിജയത്തിന്റെ സ്മരണ പുതുക്കുന്ന ദിവസത്തിന് മുമ്പായി അതിക്രമത്തിനുള്ള എല്ലാ ഒരുക്കങ്ങളും ഇവർ നടത്തിയിട്ടുണ്ട്. ദലിത് രക്തസാക്ഷികള്‍ക്ക് ആദരമര്‍പ്പിക്കാനെത്തിയ ദലിതര്‍ക്ക് നേരെ ആസൂത്രിതമായ ആക്രമണമാണ് 2018 ജനുവരി ഒന്നിന് ഉണ്ടായത്. പലര്‍ക്കും മാരകമായി പരിക്കേല്‍ക്കുകയുണ്ടായി. പക്ഷെ ആ അക്രമകാരികൾക്കെതിരെ ഇതുവരെയും നടപടിയൊന്നും ഉണ്ടായിട്ടില്ല എന്നത് തീർത്തും നിരാശപ്പെടുത്തുന്ന കാര്യമാണ്.

ഫാദർ സ്റ്റാൻ സ്വാമി

ഈ കേസിലെ കുറ്റാരോപിതര്‍ വ്യത്യസ്ത മേഖലകളിൽ രാഷ്ട്രീയ പ്രവര്‍ത്തനം നടത്തിയിരുന്നവരാണ്. അങ്ങനെയുള്ള സാമൂ​ഹ്യ-രാഷ്ട്രീയ പ്രവർത്തകരെയും അക്കാദമീഷ്യരെയും ഒരുമിച്ച് ഒരു കേസിൽ ഉൾപ്പെടുന്ന ഈ ഫ്രെയ്മിങ്ങിനെക്കുറിച്ച് എന്താണ് തോന്നുന്നത്?

അതെ. വ്യത്യസ്ത മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവരാണ് കുറ്റാരോപിതരായി ഇന്ന് ജയിലിൽ കഴിയുന്നത്. ചില വിഭാഗങ്ങള്‍ക്കുനേരെയുള്ള അടിച്ചമര്‍ത്തലുകള്‍ക്കെതിരെ പ്രവര്‍ത്തിച്ചുകൊണ്ട് സമൂഹത്തെ മെച്ചപ്പെടുത്താന്‍ ശ്രമിക്കുന്നവരാണ് ഇവരെല്ലാം. വ്യക്തിപരമായ പരിമിതികളില്‍ നിന്ന് പ്രവര്‍ത്തിക്കുന്നവരാണ് ഏറെയും. ഡോ. ആനന്ദ് ഭീമ കൊറേഗാവില്‍ പോകുകയോ എൽഗാര്‍ പരിഷദില്‍ പങ്കെടുക്കുകയോ ചെയ്തിട്ടില്ല. കുറ്റാരോപിതരില്‍ ഒരാളുടെ ലാപ്‌ടോപില്‍ നിന്നും കണ്ടെടുത്തു എന്നു പറയപ്പെടുന്ന തീയതി രേഖപ്പെടുത്തിയിട്ടില്ലാത്ത രേഖയില്‍ ‘ആനന്ദ്’ എന്ന പേര് മാത്രമാണ് ഉള്ളത്, അത് ആരുമാകാം. ഇന്ത്യയില്‍ എത്രപേരുണ്ടാകും ഈ പേരില്‍!

ഡോ. ആനന്ദ് തുടര്‍ച്ചയായി എഴുതാറുണ്ടായിരുന്നു. ഇക്കണോമിക് ആന്‍ഡ് പൊളിറ്റിക്കല്‍ വീക്‌ലിയില്‍ ‘മാര്‍ജിന്‍ സ്പീക്’ എന്ന കോളം ആനന്ദ് എഴുതിയിരുന്നു. ഭരണകൂടത്തിന്റെ അനീതി നിറഞ്ഞ നയങ്ങള്‍ക്കെതിരെ ആനന്ദ് പലയിടത്തും തുടര്‍ച്ചയായി എഴുതിയിരുന്നു. ഭരണകൂടം നടപ്പിലാക്കുന്ന അനീതികളെ വിമര്‍ശിക്കുക എന്നത് ആനന്ദിന്റെ ഭരണഘടനാ അവകാശമാണ്. സ്വതന്ത്രമായി സ്വന്തം കാഴ്ചപ്പാടുകള്‍ വിശദീകരിക്കാന്‍ കഴിയുക എന്നതും ആനന്ദിന്റെ അവകാശമാണ്. അവര്‍ ആനന്ദിനെ ലക്ഷ്യമിടാനുള്ള കാരണവും അതുതന്നെയാണെന്നാണ് എനിക്കുതോന്നുന്നത്. അവര്‍ ആനന്ദിന് പിന്നാലെ വരാനുള്ള മറ്റൊരു കാരണം ഡോ.ബി.ആര്‍ അംബേദ്കറുടെ കുടുംബവുമായുള്ള ആനന്ദിന്റെ ബന്ധമാണ്. രാജ്യത്തെ ദലിതര്‍ക്കുള്ള ഒരു സന്ദേശമായിരിക്കാം ഈ അറസ്റ്റ്.

‍‍‍ഞങ്ങൾ ആരും സ്ഥലത്തില്ലാത്ത സമയത്താണ് നമ്മുടെ വീട് റെയ്ഡ് ചെയ്തത്. ഡ്യൂപ്ലിക്കേറ്റ് താക്കോലുകള്‍ ഉപയോഗിച്ച് അവര്‍ ഗേറ്റുകള്‍ തുറന്നു, ഞങ്ങള്‍ എത്തുന്നതിന് മുമ്പ് തന്നെ. വളരെ പെട്ടെന്നാണ് ഇതെല്ലാം നടന്നത്. ഇതൊരു സാധാരണ റെയ്ഡ് അല്ല എന്ന് ഞങ്ങള്‍ മനസ്സിലാക്കുന്നത് അപ്പോഴാണ്. ഞങ്ങൾ വല്ലാതെ ഭയന്നു. ഈ ഉദ്യോഗസ്ഥര്‍ റെയ്ഡിനിടെ എന്തെങ്കിലും പ്ലാന്റ് ചെയ്തിട്ടുണ്ടാകും എന്നുതന്നെയായിരുന്നു ഞങ്ങളുടെ ആശങ്ക. ടെലിവിഷന്‍ വാര്‍ത്തയിലൂടെയാണ് റെയ്ഡ് നടക്കുന്ന വിവരം ഞാനറിഞ്ഞത്. ഉടന്‍തന്നെ ഗോവയില്‍നിന്ന് മുംബൈയിലേക്ക് ടിക്കറ്റ് ബുക്ക് ചെയ്യുകയായിരുന്നു. ഈ കേസിലെ ആദ്യ ചാര്‍ജ്ഷീറ്റ് 10,000 പേജുകളുള്ളതാണ്. രണ്ടാമത്തെ ചാര്‍ജ് ഷീറ്റിന് ഏഴ് വോള്യങ്ങളുണ്ട്.

രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്നും മനുഷ്യാവകാശ സംഘടനകളില്‍ നിന്നും ആവശ്യമായ പിന്തുണയും ഐക്യദാര്‍ഢ്യവും ലഭിക്കുന്നുണ്ടോ?

രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്നും വേണ്ടത്ര പ്രതികരണങ്ങള്‍ ഉണ്ടാകുന്നില്ല. ഇന്നത്തെ ഇന്ത്യന്‍ രാഷ്ട്രീയ സാഹചര്യത്തില്‍ ആംനസ്റ്റി ഇന്റര്‍നാഷണല്‍ പോലുള്ള മനുഷ്യാവകാശ സംഘടനയ്ക്ക് വരെ അവരുടെ ഓഫീസ് അടച്ചുപൂട്ടേണ്ടിവന്നിരിക്കുകയാണ്. അതുകൊണ്ട് ഏതെങ്കിലും തരത്തിലുള്ള സഹായമുണ്ടാകാന്‍ വളരെ ബുദ്ധിമുട്ടാണ്. ഇന്ന് രാജ്യത്താകെയുള്ളത് ഭയത്തിന്റെ അന്തരീക്ഷമാണല്ലോ.

ആനന്ദ് തെല്‍തുംദെ അറസ്റ്റ് ചെയ്യപ്പെട്ട സാഹചര്യത്തെ നേരിട്ടത് എങ്ങനെയാണ്?

ഞങ്ങള്‍ എത്രത്തോളം വേദനിക്കുന്നു എന്നെനിക്ക് വിശദീകരിക്കാന്‍ കഴിയില്ല. രാഷ്ട്രീയ തടവുകാരുടെയും അവരുടെ കുടുംബാംഗങ്ങളുടെയും മാനസികാരോഗ്യത്തെക്കുറിച്ച് ആരും സംസാരിക്കുന്നില്ല. യു.എ.പി.എ പോലുള്ള വകുപ്പുകളില്‍ കുറ്റാരോപിതരാകുന്നവര്‍ മാത്രമല്ല, അവരുടെ മുഴുവന്‍ കുടുംബവും അപമാനം നേരിടുകയും പീഡനങ്ങളനുഭവിക്കുകയും ചെയ്യുന്നുണ്ട്. ജയിലിലെ കൂടിക്കാഴ്ചകള്‍ക്ക് വെറും പത്ത് മിനിറ്റാണ് ഞങ്ങൾക്ക് അനുവദിക്കപ്പെടുന്നത്. ഒരു ഗ്ലാസ് ചുവരും ഇരുമ്പുകമ്പികൊണ്ടുള്ള ഗ്രില്ലുമാണ് നമുക്കിടയിലുള്ള മറ. ഇതിലൂടെയാണ് ആനന്ദും ഞാനും സംസാരിക്കുന്നത്. തീര്‍ത്തും മനുഷ്യത്വവിരുദ്ധമാണത്. ജയിലിലേക്കുള്ള യാത്രയും ഈ മീറ്റിം​ഗിനായുള്ള കാത്തുനില്‍പ്പിനും വേണ്ടി നാലോ അഞ്ചോ മണിക്കൂറുകളെടുക്കും. ഇതെല്ലാം കഴിഞ്ഞ് ആനന്ദിനെ കാണാന്‍ കിട്ടുന്നതോ പത്ത് മിനിട്ട് മാത്രം. തലോജ ജയിലില്‍ ഈ സമയം വരെ കാത്തിരിക്കാനുള്ള സ്ഥല സൗകര്യമൊന്നും ഇല്ല. കല്ലിന്മേലോ അതുപോലുള്ള എന്തിലെങ്കിലും സ്ഥലത്തോ ഇരിക്കണം. എനിക്ക് 66 വയസ്സുണ്ട്. ആഴ്ചതോറും ജയിലിലേക്ക് പോകുന്നത് ബുദ്ധിമുട്ടാണ്. ഞങ്ങളുടെ സാധാരണജീവിതം എങ്ങനെയായിരുന്നു എന്ന് ഞാൻ ഏറെക്കുറെ മറന്നുകഴിഞ്ഞു. ജനാധിപത്യ വിരുദ്ധമായ യു.എ.പി.എ എന്ന നിയമം ആനന്ദിനുമേല്‍ ചുമത്താനുള്ള കാരണമെന്താണെന്ന് എത്രയാലോചിച്ചിട്ടും എനിക്ക് മനസ്സിലാകുന്നില്ല.

എട്ടുവര്‍ഷമായി കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി നിരവധി തവണയാണ് ഭരണഘടന ഭേദഗതി ചെയ്‌യുവാനുള്ള സാധ്യത ഉപയോഗപ്പെടുത്തിയത്. യു.എ.പി.എ നിയമവും അത്തരത്തിൽ ഭേ​ദ​ഗതി ചെയ്ത് ദൃഢമാക്കി. ഭരണഘടനാ ശില്പി ഡോ. അംബേദ്കറിന്റെ പൗത്രി എന്ന നിലയിൽ ഇത്തരം ഭേദഗതികളെ എങ്ങനെയാണ് നോക്കിക്കാണുന്നത്?

ഡോ. ബി.ആര്‍ അംബേദ്കര്‍ രൂപകല്‍പന ചെയ്ത ഭരണഘടന ബി.ജെ.പിക്കും ആര്‍.എസ്.എസ്സിനും വേണ്ട. ഈ ഭരണഘടന നമ്മള്‍ എന്തുവിലകൊടുത്തും സംരക്ഷിക്കേണ്ടതാണ്. ഓരോ പൗരരുടെയും ഉത്തരവാദിത്തമാണത്. നമ്മുടെ പൂര്‍വ്വികര്‍ എത്ര ധീരരായിരുന്നു എന്നതിന്റെ ഓര്‍മ്മപ്പെടുത്തലാണ് ഓരോ വര്‍ഷവും ഭീമ കൊറേഗാവില്‍ നടക്കുന്ന വിജയാഘോഷം. എത്ര ധൈര്യത്തോടെ നമ്മള്‍ പോരാടണമെന്ന് ബാബാ സാഹേബ് അംബേദ്കര്‍ കാണിച്ചുതന്നിട്ടുണ്ട്. ആ പോരാട്ടത്തിന്റെ ഊര്‍ജം ദലിതര്‍ ആഘോഷിക്കുന്നത് മനുവാദികള്‍ക്ക് സഹിക്കാൻ കഴിയുന്നില്ല. ഏതറ്റംവരെ പോയാലും ദലിതരെ നിശ്ശബ്ദരാക്കണമെന്നാണ് അവർ തീരുമാനിച്ച് ഉറപ്പിച്ചിട്ടുള്ളത്. ഭീമ കൊറേഗാവ് വിജയാഘോഷത്തിനിടെ ദലിതര്‍ക്ക് നേരെയുണ്ടായ അക്രമത്തിന് പിന്നില്‍ യഥാർത്ഥത്തിൽ പ്രവര്‍ത്തിച്ചവരെ നിയമത്തിന് മുന്നിലെത്തിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ ഇങ്ങനെയൊരു കേസ് ഉണ്ടാകാനുള്ള സാധ്യത തന്നെ വരുമായിരുന്നില്ല. ഇത്തരം അതിക്രമങ്ങളെ നിയമപോരാട്ടത്തിലൂടെ നേരിടുക എന്നതാണ് ദലിത്, ബഹുജന്‍ ജനതയുടെ ഉത്തരവാദിത്തം.

അനിശ്ചിതമായി നീളുന്ന ഈ ജയിൽ വാസം ആനന്ദിനെയും നിങ്ങളെയും എത്രത്തോളം അലട്ടുന്നുണ്ട്?

ആനന്ദിന് കടുത്ത സ്‌പോണ്ടിലൈറ്റിസ് ഉണ്ട്. ഈ അവസ്ഥ കൂടുതല്‍ മോശമായാല്‍, ആവശ്യമായ ഫിസിയോതെറാപ്പിയും ഓര്‍തോപീഡിക് കസേരയോ കിടക്കയോ കിട്ടാതായാല്‍ പക്ഷാഘാതം വരെയുണ്ടാകാനുള്ള സാധ്യതയുണ്ട്. ആനന്ദിന് എന്ത് സംഭവിക്കും എന്നതില്‍ ഞങ്ങള്‍ക്ക് വല്ലാത്ത ഭയമുണ്ട്. ജയിലില്‍ ഓരോ ദിവസവും നേരിടുന്ന അപമാനം ആനന്ദിനെ വലിയ അമര്‍ഷത്തിലാക്കിയിട്ടുണ്ട്. ഈയിടെ ജയില്‍ അധികൃതര്‍ സെല്ലുകളിലെ കൊതുകുവലകള്‍ മനഃപൂർവ്വം എടുത്തുമാറ്റി. കബീര്‍ കലാ മഞ്ച് പ്രവര്‍ത്തകന്‍ സാഗര്‍ ഗോർഖേ മെയ് 23 മുതല്‍ കൊതുകുവല വേണമെന്നാവശ്യപ്പെട്ട് നിരാഹാര സമരത്തിലാണ് എന്നാണ് ആനന്ദ് അറിയിച്ചത്. ഭേദപ്പെട്ട ആരോഗ്യാവസ്ഥയിലുള്ള യുവാക്കള്‍ക്ക് മാത്രമേ ഇതിലെല്ലാം പ്രതിഷേധിക്കാന്‍ കഴിയൂ. മുംബൈയില്‍ മഴക്കാലത്ത് മലേറിയയും ഡെങ്കുവും വ്യാപകമാകാറുണ്ട്. ഈ രോഗങ്ങള്‍ മനുഷ്യരുടെ ജീവനെടുക്കുന്നവയാണെന്ന് എല്ലാവര്‍ക്കുമറിയുന്നതുമാണ്. എങ്ങനെ ഞാൻ ഭയക്കാതിരിക്കും?

INDEPENDENT,
IN-DEPTH JOURNALISM
FOR SOCIAL &
ECOLOGICAL
JUSTICE

keraleeyam-logo

Support Keraleeyam

Choose Your Preference

₹1000/Year

₹2000/2 Years

₹500/Year(Students)

One TimeAny Amount

Also Read

June 5, 2022 3:48 pm