രോഗം: അനുഭവവും അറിവും

രോഗത്തിന്റെ ആഖ്യാനത്തിൽ തീർച്ചയായും അതനുഭവിക്കുന്ന രോഗിക്ക് വലിയ പങ്കുണ്ട്. അവർ പറയുന്നതറിയുന്നത് മറ്റു രോഗികൾക്കും ചികിത്സകർക്കും സഹായകമാവും. രോഗാഖ്യാനങ്ങൾക്ക് ഇന്ന് സാഹിത്യശാഖയിലും പ്രമുഖമായ ഒരു സ്ഥാനമുണ്ട്. രോഗങ്ങളെ പറ്റിയുള്ള ചില ആത്മാഖ്യാനങ്ങളിൽ പൊതുവായി ഉയർന്നുവന്നിട്ടുള്ള അനുഭവങ്ങളെ വായിച്ചെടുക്കാനാണ് ഈ കുറിപ്പിൽ ശ്രമിക്കുന്നത്. രോഗം വന്നാൽ നമ്മൾ ആദ്യം ആലോചിക്കുന്നത് പതിയെ താനേ ഈ രോഗം മാറുമോ എന്ന് നോക്കാമെന്നാണ്. സ്വയം വൈദ്യനാവുക എന്നത് എല്ലാവരും ആഗ്രഹിക്കുന്നു. തനിയെ മാറിയില്ലെങ്കിൽ പിന്നെ ഏത് ഡോക്ടറെ കാണാമെന്നാണ് ആലോചിക്കുന്നത്. വീട്ടുകാരോടും കൂട്ടുകാരോടുമൊക്കെ അത് ചോദിച്ചു മനസ്സിലാക്കും. സ്വന്തം ശരീരത്തിൻറെ ആകുലതകൾ ഒരാളോട് പങ്കുവയ്ക്കണമെങ്കിൽ ആ ആൾ അടുപ്പമുള്ളതും വിശ്വാസമുള്ളതും ആയിരിക്കണം. ചികിത്സയും ചികിത്സകരേയും തെരഞ്ഞെടുക്കുക വഴി രോഗമുക്തിയിൽ സ്വന്തം പങ്ക് കൂടി ഉറപ്പിക്കാനാണ് രോഗി ശ്രമിക്കുന്നത്. സ്വന്തം ശരീരാനുഭവങ്ങളുടെ ആഖ്യാതാവ് അതേ ആൾ തന്നെ ആകണമല്ലോ. സമാനമായ അനുഭവങ്ങൾ ഉണ്ടാകുന്നവർക്ക് ഈ ആഖ്യാനങ്ങൾ കൂടുതൽ ആത്മവിശ്വാസവും കരുത്തും നൽകും. പലരും പല രീതിയിലാണ് രോഗത്തെ സ്വീകരിക്കുന്നത്. രോഗാനുഭവത്തെ കുറിച്ചുള്ള ആഖ്യാനങ്ങൾ ഇപ്പോൾ നമുക്ക് പരിചിതമാണ്. വാർദ്ധക്യത്തിലും മഹാമാരിക്കാലത്തുമൊക്കെ നമ്മൾ രോഗം പ്രതീക്ഷിക്കാറുണ്ട്. എങ്കിലും അവയുടെ അനുഭവങ്ങൾ ഒരോരുത്തരിലും വ്യത്യസ്തമായിരിക്കും. അപ്രതീക്ഷിതമായുണ്ടാകുന്ന രോഗങ്ങളും, മരണം മുന്നിൽ കാണുന്ന തരം തീവ്രരോഗങ്ങളും ഓരോരുത്തരും വ്യത്യസ്തമായിട്ടായിരിക്കും അനുഭവിക്കുക. എങ്കിലും പല കാര്യങ്ങളും ഒരേപോലെ പലരും പങ്കിടുന്നു.

എയ്ഡ്‌സ് കേരളത്തിൽ പടർന്ന് പിടിച്ച ആദ്യവർഷങ്ങൾ. തൊണ്ണൂറുകളുടെ അവസാനം. രോഗികളിൽ മിക്ക പേരെയും അപമാനവും ഭയവും കാരണം വീടിനു പുറത്താക്കിയിരുന്നു. സ്റ്റേറ്റ്‌ എയ്ഡ്‌സ് കണ്ട്രോൾ സൊസൈറ്റിയിൽ നിന്നും രവിയെ ഞങ്ങളുടെ സന്നദ്ധസംഘടനയിലേക്ക് അയച്ചു. അദ്ദേഹത്തിന് താമസിക്കാൻ ഓഫീസിൽ തന്നെ സ്ഥലം ഒരുക്കി. ഓഫീസിൽ ഉള്ള പലർക്കും ഭയം ഉണ്ടായിരുന്നു, എങ്കിലും ആരും രവിയോട് മോശമായി പെരുമാറിയില്ല. അന്ന് എയ്ഡ്സിന് ചികിത്സ ഇല്ല. അതോട് ബന്ധപ്പെട്ട് വരുന്ന മറ്റു രോഗങ്ങൾക്ക് മാത്രമേ ചികിത്സയുള്ളൂ. ചെറുപ്പക്കാരനും അവിവാഹിതനുമായ രവി വിഷാദത്തിനടിപ്പെട്ടിരുന്നു. എയ്ഡ്‌സ് രോഗത്തിന്റെ ഏതാണ്ട് അവസാനഘട്ടമെത്തിയതിനാൽ പല അസുഖങ്ങളും പിടിപെട്ടു. കാലിൽ ന്യൂറോപതി ബാധിച്ചിരുന്നതുകൊണ്ട് രാത്രിയിലൊക്കെ അതികഠിനമായ വേദന ആയിരുന്നു. എന്നാൽ, ഇതൊന്നും വക വെക്കാതെ അദ്ദേഹം ഞങ്ങളുടെ പ്രവർത്തനങ്ങളോടൊപ്പം ചേർന്നു. വേദനക്ക് അല്പം കുറവ് വരട്ടെ എന്ന് കരുതി ദിവസവും ഉള്ള അനുഭവങ്ങൾ ഡയറി പോലെ ഒരു നോട്ട് ബുക്കിൽ എഴുതാൻ ഞാൻ രവിയോട് പറഞ്ഞു. കുറെ കാലം മുടങ്ങാതെ രവി അതെഴുതി കൊണ്ടിരുന്നു. എല്ലാവരും ഉപേക്ഷിച്ചപ്പോൾ ഞങ്ങൾ താമസിക്കാൻ ഇടം നൽകിയതിനെ പറ്റിയും അവിടെയുള്ളവർ സ്നേഹത്തോടെ ഇട പെട്ടതിനെ പറ്റിയുമാണ് അയാൾ കൂടുതലും എഴുതിയത്. വീട്ടുകാർ ഉപേക്ഷിച്ചതിന്റെ മനോവിഷമമാണ് ശരീരത്തിന്റെ വേദനയേക്കാൾ അധികമായി വിവരിച്ചിരുന്നത്. പിന്നീട് രോഗവും വേദനയും അധികമായപ്പോൾ രവി എഴുത്ത് നിർത്തി. പലപ്പോഴും ചികിത്സ ഫലിക്കാത്തതിനാൽ ഡോക്ടർമാരേയും ബന്ധുക്കളെയും ഉച്ചത്തിൽ വഴക്ക് പറയാൻ തുടങ്ങി. തലേ ദിവസം ഞാൻ ദൂരയാത്രക്ക് തയാറെടുത്ത് യാത്ര പറയുമ്പോൾ മരണം മുൻ കൂട്ടി കണ്ടത് പോലെ പോകരുതേ എന്ന് ആംഗ്യം കാട്ടി. പിറ്റേന്ന് രവി മരിച്ചു എന്ന് അറിഞ്ഞപ്പോഴാണ് അതിന്റെ അർത്ഥം എനിക്ക് പിടി കിട്ടിയത്. പിന്നീട് പലരുടേയും ആത്മാഖ്യാനങ്ങൾ വായിക്കുമ്പോൾ, ഓരോരുത്തരുടേയും സാഹചര്യങ്ങൾ രോഗം അനുഭവിക്കുന്നതിലും മരണം നേരിടുന്നതിലും തനതാണെന്ന് തോന്നിയിട്ടുണ്ട്.

സുലൈഖ ജോവാദ്

‘രണ്ട് രാജ്യങ്ങൾക്കിടയിൽ – തകർന്ന ജീവിതത്തിന്റെ ഓർമ്മക്കുറിപ്പുകൾ’ എന്ന പേരിൽ സുലൈഖ ജോവാദ് എഴുതിയ പുസ്തകം വായിച്ചിരുന്നു. അമേരിക്കക്കാരിയായ സുലൈഖക്ക് ബിരുദത്തിന്റെ അവസാന വർഷങ്ങളിലാണ് വിചിത്രമായ തരത്തിൽ രോഗലക്ഷണങ്ങൾ കണ്ട് തുടങ്ങിയത്. തൊലിക്കടിയിൽ പരാദങ്ങൾ ഇഴഞ്ഞു നടക്കുന്നത് പോലെയുള്ള ചൊറിച്ചിൽ. അതോടൊപ്പം വർദ്ധിച്ചു വരുന്ന ക്ഷീണവും. ഞെട്ടി ഉണരുന്ന രാത്രികൾ. പഠനത്തോടൊപ്പം ചെറിയ ജോലികൾ ചെയ്ത് അവർ ചെലവുകൾ നടത്തി കൊണ്ടിരുന്നു. രോഗം വന്നതോടെ ഭാവി അനിശ്ചിതത്വത്തിലായി. ദേഹം മുഴുവൻ തിണർത്ത പാടുകൾ. ചൂട് കൊണ്ട് കറുത്ത പാടുകളും ദേഹമാസകലം പ്രത്യക്ഷപ്പെട്ടു. ചീകിയൊതുക്കാത്ത മുടി അലസമായി നിറം മങ്ങി പാറി കിടന്നു. കണ്ണിന് താഴെ നിഴൽ പടർന്നു. അവർ ഇങ്ങനെ എഴുതി. “മാറിക്കൊണ്ടിരുന്ന എന്നെ എനിക്ക് ഇഷ്ടപ്പെടാൻ കഴിഞ്ഞില്ല. ജീവിതത്തിന്റെ ദിശാബോധം നഷ്ടപ്പെട്ടു. സ്വയം നഷ്ടപ്പെട്ടുകൊണ്ടിരുന്ന എന്നെ എനിക്ക്‌ വീണ്ടെടുക്കേണ്ടിയിരുന്നു. വീട്ടിൽ നിന്ന് വരുന്ന ഫോണ് കോളുകൾ എടുക്കാൻ മനസ്സു വന്നില്ല. അവരോട് പറയാൻ സന്തോഷകരമായ കാര്യങ്ങളില്ലല്ലോ.” ഒരു സ്ഥലം മാറ്റം ഉണ്ടായാൽ അവസ്ഥ മെച്ചപ്പെടുമെന്ന പ്രതീക്ഷയിൽ അവർ ജോലിക്കായി പാരീസിലേക്ക് മാറി.

എന്തായിരിക്കും എന്റെ രോഗം?

രോഗനിർണ്ണയത്തിന്റെ സമയം അനിശ്ചിതത്വത്തിന്റേതാണ്. പരീക്ഷ എഴുതി കാത്തിരിക്കുന്നത് പോലെയുള്ള തോന്നൽ. റിസൾട്ട് വരുമ്പോൾ ഒരു തരത്തിൽ ആശ്വാസമാണ്. അനിശ്ചിതത്വം മാറിയല്ലോ എന്നാണ് സുലൈഖക്ക് തോന്നിയത്. നമ്മുടെ നാട്ടിൽ രോഗത്തെ പറ്റി രോഗിയോട് തുറന്ന് പറയാൻ ബന്ധുക്കൾക്കും ചിലപ്പോൾ ഡോക്ടർമാർക്കും മടി കാണാറുണ്ട്. എന്നാൽ, തുറന്ന് പറയുന്നു എന്നതാണ് നമുക്ക് കൂടുതൽ ആശ്വാസവും വിശ്വാസവുമുണ്ടാക്കുന്നത്. പൊടുന്നനെ, പറഞ്ഞില്ല എങ്കിലും സാവകാശം എല്ലാ കാര്യങ്ങളും രോഗി മനസ്സിലാക്കുന്നതാണ് നല്ലത്. തന്റെ ഉത്ക്കണ്ഠ തുറന്നു പറഞ്ഞില്ലെങ്കിലും എല്ലാ വിവരങ്ങളും അറിയാൻ രോഗി ആഗ്രഹിക്കും.

ക്യാൻസർ വാർഡിലെ ചിരി ബുക്ക് കവർ

‘ക്യാൻസർ വാർഡിലെ ചിരി’ എന്ന തന്റെ പുസ്തകത്തിൽ ഇന്നസെന്റും, രോഗനിർണ്ണയത്തിനായി ചെയ്ത ബയോപ്സിയുടെ ഫലം കാത്ത് കുടുംബാംഗങ്ങളോടൊപ്പം വല്ലാതെ ഉത്കണ്ഠപ്പെട്ടതിനെ പറ്റി പറയുന്നുണ്ട്. “മഹാരോഗങ്ങൾ അനുഭവിക്കുന്ന കാലമല്ല ഏറ്റവും കഠിനമായത്. രോഗമെന്താണെന്നറിയുന്നതിനു തൊട്ടു മുൻപുള്ള നിമിഷങ്ങളാണ്”. “പല ജന്മങ്ങളുടെ യാതന ആ സമയങ്ങളിൽ നിങ്ങൾ അനുഭവിക്കും”. റിസൾട്ട് വരാനുള്ള സമയമായപ്പോൾ ഷൂട്ടിലായിരുന്ന ഇന്നസെന്റിന് വീട്ടിൽ നിന്നും റിസൽട്ട് വന്നോ എന്ന് ചോദിച്ചുകൊണ്ട് ഫോൺ കോളുകൾ വന്നു കൊണ്ടിരിക്കുന്നു. ചികിത്സിക്കുന്ന ഡോക്ടറായ ഗംഗാധരൻ തിരക്കിലായതുകൊണ്ട് പത്ത് മിനിറ്റ് കഴിഞ്ഞ് വിളിക്കാൻ പറയുന്നു. ഇതിനിടക്ക് മറ്റൊരു ഡോക്ടറെ വിളിക്കുന്നു. അവർ ഉത്തരം നൽകാതെ ചികിത്സിക്കുന്ന ഡോക്ടറുടെ മറുപടിക്കായി കാത്തിരിക്കാനാണ് നിർദ്ദേശിക്കുന്നത്. മറ്റുള്ളവരുടെ ടെൻഷൻ ഇന്നസന്റിനെയും ബാധിക്കുന്നു. എങ്കിലും അതൊന്നും പുറത്ത് കാട്ടാതെ തന്റെ ജോലി തുടരുന്നു. ഉള്ളിൽ വേദന ഉള്ളപ്പോഴും എല്ലാവരും ഹാസ്യനടനിൽ നിന്നും ചിരി മാത്രം പ്രതീക്ഷിക്കുന്നതിന്റെ വൈരുദ്ധ്യം അദ്ദേഹത്തിന്റെ ഉള്ളിൽ തട്ടുന്നുണ്ട്. അത് പുസ്തകത്തിൽ പല തവണ ആവർത്തിക്കുന്നു. അതെഴുതുകയും പറയുകയും ചെയ്യുന്നത് വഴി ഇന്നസെന്റ് ആ പ്രയാസം മറികടക്കുകയാണ്. മറ്റുള്ളവർക്ക് അതൊരു പാഠവുമാകുന്നു.

ബയോപ്സി റിസൾറ്റിന് വേണ്ടി കാത്തിരുന്ന നിമിഷങ്ങളെ കുറിച്ച് അസ്വസ്ഥപ്പെടുത്തിയ ഓർമ്മകൾ ചന്ദ്രമതിയും വിവരിക്കുന്നുണ്ട്. ഡോക്ടർ റിസൾട്ട് പറയാനായി തന്റെ പങ്കാളിയെ മാത്രം ഉള്ളിലേക്ക് വിളിച്ച സമയം. പുറത്തിരിക്കുന്ന രോഗിയുടെ ഉള്ളിലെ വികാരങ്ങൾ മനസ്സിലാക്കാത്ത ഡോക്ടറോടുള്ള ദ്വേഷ്യമായിരുന്നു അപ്പോൾ മുന്നിട്ടുവന്നത്. “പേഷ്യന്റിന്റെ മനസ്സിൽ ഭയാശങ്കയുണ്ടാക്കുന്ന ഈ പെരുമാറ്റം ശരിയല്ല എന്ന് അവരോട്‌ തന്നെ പറയണം എന്ന് ഞാൻ വിചാരിച്ചു.” (ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള)

രോഗത്തിനൊപ്പം നീങ്ങുമ്പോൾ

“രോഗത്തിനടിപ്പെടുമ്പോൾ ഭാവിയെ കുറിച്ചുള്ള ഉത്കണ്ഠ നമ്മളെ അസ്വസ്ഥപ്പെടുത്തും. സമയം വെയിറ്റിങ് റൂമിലെ കാത്തിരിപ്പെന്ന പോലെ ഇഴഞ്ഞു നീങ്ങും. ജീവിക്കുന്ന ഓരോ നിമിഷവും നമുക്ക് വിലപ്പെട്ടതാവും.” സുലൈഖയെ പോലെ തന്നെ മിക്കപേരുടേയും അനുഭവം അതാണ്. രോഗം വിട്ടൊഴിഞ്ഞ് തിരികെ കിട്ടുന്ന ജീവിതം കൂടുതൽ ആസ്വാദ്യവുമാവാം. വിട്ടുമാറാത്ത രോഗം അവരവരെ അഴിച്ചുപണിയാൻ നിർബ്ബന്ധിതരാക്കുന്നുണ്ട്. കണ്ണാടിയിലും കണ്ണടച്ചാലും അത് വരെ ഉണ്ടായിരുന്ന രൂപമല്ല കാണുന്നത്. ഭാവിയെ കുറിച്ചുള്ള പ്രതീക്ഷകളും മാറ്റി രചിക്കേണ്ടി വരുന്നു. എല്ലാ മനുഷ്യരും വിശ്വസിക്കുന്നത് രോഗം എന്നത് മറ്റുള്ളവർക്ക് മാത്രം വരുന്നതാണ് എന്നാണ്. ഈ പൊതുതത്വം ഇന്നസെന്റ് നമ്മളെ ഓർമ്മിപ്പിക്കുന്നുണ്ട്. പ്രത്യേകിച്ച്‌ ഗുരുതരമായ രോഗങ്ങൾ. ക്യാൻസർ എന്ന് സംശയിച്ച് കൂടുതൽ ടെസ്റ്റുകൾ, സ്കാനിങ്ങുകൾ ഒക്കെ വേണ്ടി വന്നപ്പോൾ ഇന്നസെന്റ് ചിന്തിക്കുന്നു, “എന്റെ വിചാരങ്ങൾ പിഴച്ചിരിക്കുന്നു. മഹാരോഗങ്ങൾ ഇപ്പോൾ എന്റേതു കൂടിയാണ്.”

ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള കവർ

ചന്ദ്രമതി ഇങ്ങനെ എഴുതുന്നു, “തനിക്ക് ക്യാൻസർ ആണെന്നറിയുന്ന നിമിഷം ഒരു വ്യക്തിയെ സംബന്ധിച്ച് ഏറ്റവും ഭീതിദമാണ്. വിശ്വസിക്കാനും ഉൾക്കൊള്ളാനും മനസ്സ് ആദ്യം വിസമ്മതിക്കും. പിന്നെ കാരണങ്ങൾ തേടും. രോഗാവസ്ഥയോട് ഇണങ്ങി ചേരാൻ കുറച്ച് സമായമെടുക്കും.” ആദ്യം ആരെങ്കിലും ഫോൺ വിളിച്ചാൽ കരഞ്ഞുപോകുമായിരുന്നെങ്കിലും പിന്നീട് കരുത്തോടെ കർമ്മനിരതയാകാൻ കഴിഞ്ഞതിന്റെ സാക്ഷ്യപത്രം അവരുടെ എഴുത്തിലുണ്ട്. ക്യാൻസർ അതിജീവിച്ച ചന്ദ്രമതി രോഗസമയത്തെ അവസ്ഥയെ ഇരുണ്ട തുരങ്കത്തിലൂടെ സഞ്ചരിക്കുന്ന തീവണ്ടിയോടാണ് തുലനം ചെയ്യുന്നത്. “തുരങ്കം പിന്നിട്ട് തീവണ്ടി പകൽ വെളിച്ചത്തിലേക്ക് ഇറങ്ങുന്നത് പോലെയാണ് ചികിത്സയിലൂടെ അതിജീവനം നേടിയവർ ജീവിതത്തിലേക്ക് തിരികെ വരുന്നത്. എല്ലാ കാഴ്ചക്കും ശബ്ദത്തിനും ഇരട്ടി ഭംഗിയും സൗകുമാര്യവും.”

ബന്ധങ്ങളും കരുതലും

ബന്ധങ്ങളെ കുറിച്ച് നമ്മൾ കൂടുതൽ ചിന്തിക്കുന്നതും വിലയിരുത്തുന്നതും രോഗം പിടിപെടുമ്പോഴാണ്. രോഗാവസ്ഥയെ തുടർന്നുള്ള മൂകത സുലൈഖയുടെ വീടാകെ പടർന്ന് പിടിച്ചു. അച്ഛന്റെയും അമ്മയുടെയും സ്നേഹത്തെക്കുറിച്ചും അവരുടെ പ്രണയത്തെ കുറിച്ചും കരുതലിനെ കുറിച്ചുമെല്ലാം സുലൈഖ ഓർക്കുന്നു. രോഗം കൊണ്ട് അവശയായി വീട്ടിൽ എത്തുമ്പോൾ അവർ അവളെ ഉത്സാഹഭരിതയാക്കാൻ നോക്കുന്നുണ്ട്. എന്നാൽ ക്ഷീണം കൊണ്ട് അവൾക്ക് ഒന്നും ആസ്വദിക്കാൻ കഴിയുന്നില്ല. ഉറ്റവർ തങ്ങളിൽ നിന്ന് എന്തെങ്കിലും മറച്ച് വക്കുന്നതിനെ കുറിച്ച് രോഗമുള്ളവർ ഉത്കണ്ഠാകുലരായിരിക്കും. അച്ഛനും അമ്മയും രഹസ്യമായി തനിക്ക് എയ്ഡ്‌സ് ആയിരിക്കുമോ എന്ന് സന്ദേഹിക്കുന്നത്‌ സുലൈഖ കേൾക്കുന്നു.

സുലൈഖക്ക് ക്യാൻസർ കണ്ടുപിടിച്ചത് അവർ പുതിയ ഒരു പ്രണയത്തിൽ പെട്ട് ഏതാനും ദിവസങ്ങൾക്കകമായിരുന്നു. വിവരം അറിഞ്ഞ നിമിഷം കാമുകനായ ‘വിൽ’ പാരീസിൽ നിന്ന് ന്യൂയോർക്കിലേക്ക് തിരിച്ചു. ആ സ്നേഹം അവളെ കരയിച്ചു. രോഗചികിത്സയിലുടനീളം അയാൾ പരിചരിച്ചുകൊണ്ട് ഒപ്പമുണ്ടായിരുന്നു. കീമോതെറാപ്പിക്ക് മുൻപ് കൃത്രിമ ബീജസങ്കലനത്തിനായി തന്റെ ബീജം നൽകാനും അയാൾ സ്വമേധയാ തയാറായി.

രോഗം അറിഞ്ഞ ദിവസം ഇന്നസെന്റിന്റെ വീട്ടിൽ മൂകത ആയിരുന്നു. “ചിരി വിളക്കണഞ്ഞ പാർപ്പിടം” എന്നാണ് അദ്ദേഹം അതിനെ വിശേഷിപ്പിക്കുന്നത്. തന്റെ രോഗത്തിനിടയിലും ഭാര്യയേയും മക്കളേയും കൊച്ചുമക്കളെയും സന്തോഷിപ്പിക്കാൻ അദ്ദേഹം ശ്രമിച്ചു. ഭാര്യക്ക് കൂടി ക്യാൻസർ വന്നപ്പോൾ തങ്ങളുടേത് സന്തുഷ്ട ക്യാൻസർ കുടുംബമായി എന്നും ഒരുമിച്ച് ചികിത്സിക്കാൻ പോയത് ഞങ്ങളെ കൂടുതൽ അടുപ്പിച്ചു എന്നും അദ്ദേഹം എഴുതുന്നു. “യാതനയുടെ പുഴക്കക്കരെ ജീവിതത്തിന്റെ പച്ചപ്പിന് കൊതിക്കുന്നത് കൊച്ചു മക്കൾ വളരുന്നത് കാണാനാണ്.” പ്രതീക്ഷ നമ്മൾ കൈ വെടിയുന്നില്ല.

ഇന്നസെന്റ് ഡോ.​​ ​ഗം​ഗാധരനൊപ്പം

രോഗത്തിന്റെ കടന്നുവരവ് നമ്മുടെ ഐഡന്റിറ്റിയിലേക്ക്‌ ഒരു തിരിഞ്ഞുനോട്ടത്തിന് വഴിയൊരുക്കുന്നത് കാണാം. കണ്ണാടിയിൽ കാണുന്ന രൂപത്തിന് വരുന്ന മാറ്റം, ആശുപത്രിയിലെ വേഷം, അവിടെ കിട്ടുന്ന നമ്പർ, മറ്റുള്ളവരുടെ പെരുമാറ്റം എന്നിവയെല്ലാം ഇതിന് പ്രേരകമാണ്. തലമുടി എത്രത്തോളം തന്റെ ഐഡന്റിറ്റിയുടെ ഭാഗമായിരുന്നു എന്നത് കണ്ണാടിയിൽ എന്നതിനേക്കാൾ കുടുംബാംഗങ്ങളിൽ നിന്നും മറ്റുള്ളവരിൽ നിന്നുമുള്ള പ്രതികരണങ്ങളിൽ നിന്നുമാണ് ചന്ദ്രമതി തിരിച്ചറിയുന്നത്. താൽക്കാലികമായി സംഭ്രമം ഉണ്ടാകുമെങ്കിലും മിക്കപേരും
അവസ്ഥകൾക്കനുസരിച്ച് ഭാവി ചിട്ടപ്പെടുത്തുന്നു. അധികം വൈകാതെ തന്നെ നഷ്ടപ്പെട്ടു എന്നു തോന്നിയ ഐഡന്റിറ്റി സ്വരുക്കൂട്ടി മടക്കി എടുക്കുകയും ചെയ്യും. രോഗം തന്റെ ജീവിതത്തെ ആകെ പുനർനിർവ്വചിക്കുകയും, ലക്ഷ്യങ്ങളും ഭാവി പരിപാടികളും മാറ്റി ചിന്തിക്കേണ്ടി വരുകയും ചെയ്തു എന്ന് സുലൈഖയും എഴുതുന്നുണ്ട്. എങ്കിലും തനിക്കിഷ്ടമുള്ള എഴുത്ത് അവർ പിന്തുടരുന്നു. അതോടൊപ്പം സമാനമായ രോഗങ്ങളുള്ളവരെയൊക്കെ സന്ദർശിക്കുന്ന ഒരു യാത്രയെ പറ്റിയും പുസ്തകത്തിൽ ദീർഘമായ വിവരണമുണ്ട്.

പല പ്രയാസങ്ങളിലൂടെ കടന്നുപോകുന്നതുകൊണ്ട് ബന്ധങ്ങളിൽ വരുന്ന അസ്വാരസ്യങ്ങളെ കുറിച്ചും സുലൈഖ ഓർമ്മിക്കുന്നു. ചിലപ്പോൾ ഏറ്റവും അടുപ്പമുള്ളവരോട് പോലും നീരസവും നിരാശയും ആത്മനിന്ദയും ഉണ്ടാവും. ദുഃഖം കടുക്കുമ്പോഴാവും അതുണ്ടാവുന്നത്. സുലൈഖ വില്ലിനോടും മോശമായി പെരുമാറിയാതൊക്കെ ഓർത്തെടുക്കുന്നുണ്ട്. കടുത്തവേദന ചിലപ്പോൾ നമ്മെ സ്വാർത്ഥരും ക്രൂരരും ആക്കി മാറ്റും എന്ന് അവർ തിരിച്ചറിയുന്നു .

വിചിത്രമായ പദങ്ങളുടെ പുതിയ ലോകം

ഇന്റർനെറ്റ് വഴി അസുഖത്തെ കുറിച്ച് പഠിക്കാൻ ശ്രമിക്കുമ്പോൾ ഭീതിദമായ ഒരു ലോകമാണ് തുറന്ന് വരുന്നത്. അക്യൂട് മയലോയ്ഡ് ലുക്കീമിയ (acute myeloid leukaemia) എന്ന് തന്റെ രോഗത്തിന്റെ പേര് കേട്ടപ്പോൾ അതൊരു വിചിത്രസുന്ദരമായ വിഷപുഷ്പം പോലെയാണ് സുലൈഖക്ക് തോന്നിയത്. കീമോതെറാപ്പിക്ക് മുമ്പായി ചില ഉപകരണങ്ങൾ സ്പർശിനികൾ പോലെ നെഞ്ചിൽ വച്ച് പിടിപ്പിച്ചിരുന്നു. ആശുപത്രിയിലെ മൊത്തം വേഷം മാറ്റം കൊണ്ട് സ്വയം ഒരു വിചിത്രജീവിയെ പോലെ തോന്നി.

ആശുപത്രിയിൽ അഡ്മിറ്റ് ചെയ്യുമ്പോൾ നമുക്ക് കിട്ടുന്ന വേഷവും നമ്പറുമൊക്കെ പുതിയ ഒരു ഐഡന്റിറ്റിയോ, ഐഡന്റിറ്റി നഷ്ടമോ ഉണ്ടാക്കുന്നതായി പലരും എഴുതി കണ്ടിട്ടുണ്ട്. സുലൈഖക്കും അങ്ങനെ തന്നെയാണ് അനുഭവപ്പെട്ടത്. രോഗങ്ങൾ വരുമ്പോൾ നമ്മൾ പരിചയപ്പെടുന്ന, ചിലപ്പോൾ കൗതുകകരമാവുന്ന സാങ്കേതിക പദങ്ങളെ പറ്റി ഇന്നസെന്റും പറയുന്നുണ്ട്. ബയോപ്സി എന്ന വാക്ക് ആദ്യം കേട്ടതിനെ പറ്റിയും ‘കാർപൽ ടണൽ സിൻഡ്രോം’ (Carpal tunnel syndrome) ചികിത്സക്ക് ശേഷം അത് നിങ്ങൾക്കുണ്ടോ എന്ന് അൽപ്പം പൊങ്ങച്ചത്തോടെ മറ്റുള്ളവരോട് ചോദിച്ചതിനെ പറ്റിയും നർമ്മഭാവത്തിൽ അദ്ദേഹം എഴുതുന്നു. മെഡിക്കൽ ടെക്നിക്കൽ പദങ്ങൾ ആളുകളിൽ എന്തുതരം പ്രതികരണങ്ങളാണുണ്ടാക്കുന്നതെന്ന് പഠിക്കേണ്ടതാണെന്ന് തോന്നുന്നു.

മജ്ജ പരിശോധിക്കാനായി കിടക്കുമ്പോൾ വേദനക്ക് ആശ്വാസം കിട്ടാൻ ചന്ദ്രമതി ധന്വന്തരിമന്ത്രം ഉരുവിട്ടു. ഉഗ്രവേദനയിൽ നിലവിളിക്കുമ്പോൾ ഡോക്ടറുടെ ആശ്വാസത്തോടെയുള്ള സംസാരം കേൾക്കുന്നു. “പേഷ്യന്റിന്റെ ക്ലാസ്സിക് പെയ്ൻ കണ്ടില്ലേ?” ക്ലാസിക് പെയ്ൻ എന്ന പ്രയോഗം ശ്രദ്ധിക്കുകയും മനസ്സിൽ കുറിക്കുകയും ചെയ്തു എന്ന് ചന്ദ്രമതി. ആവശ്യത്തിനുള്ള ടിഷ്യൂ കിട്ടിയതിലാണ് ഡോക്ടർ ആശ്വാസം കൊള്ളുന്നത്. ക്ലാസിക് പെയ്ൻ എന്ന പ്രയോഗത്തിന്റെ ഒരു വേറിട്ട അർത്ഥം രോഗി അറിയുന്നു.

ആശുപത്രി വാസസ്ഥലമാകുമ്പോൾ

“ദീർഘനാൾ ആശുപത്രിക്ക് ഉള്ളിൽ കഴിയേണ്ടി വരുമെന്ന് തോന്നിയത് കൊണ്ട് ഗേറ്റ് കടക്കുന്നതിന് തൊട്ടുമുമ്പ് ഒരിറക്ക് ശ്വാസം നീട്ടി വലിച്ചെടുത്തു. ആകാശത്തിന്റെ നീലിമ ഉള്ളിലേക്ക് ഒപ്പിയെടുത്തു. ആശുപത്രിയുടെ അന്തരീക്ഷം ആദ്യം ഒട്ടും സ്വസ്ഥത തരുന്നതായിരുന്നില്ല. സംഗീതസാന്ദ്രമായ ശാന്തത കൊതിക്കുമ്പോൾ ബീപ് ശബ്ദങ്ങളും രോഗികളുടെ നിലവിളിയും നഴ്‌സുമാരുടെ തിരക്കിട്ട ഓട്ടവും. അടുത്ത ബെഡിൽ തൊട്ടു മുമ്പ് പരിചയപ്പെട്ട രോഗി മരിച്ചതിന്റെ മരവിപ്പ്. കീമോതെറാപ്പി എപ്പോഴും എല്ലാവർക്കും ഭയമുണ്ടാക്കുന്നു. രോഗപ്രതിരോധ ശേഷി കുറയുമെന്നതു കൊണ്ട് സന്ദർശകരെ അനുവദിക്കാത്ത സമയം ജയിൽ പോലെ വിരസമായി. ആശുപത്രിയിൽ നിന്ന് റിലീസ് ആയ ദിവസം, കുളിർ കാറ്റും, പകൽ ചൂടും രാത്രിയിൽ മിന്നാമിനുങ്ങിന്റെ പകിട്ടും ആഹ്ലാദത്തിന്റെ തരികൾ വിതറി.” ഇതൊക്കെയാണ് സുലൈഖക്ക് ആശുപത്രിജീവിതത്തിന്റെ അനുഭവങ്ങൾ.

സുലൈഖ ജോവാദിന്റെ പുസ്തകം

ആശുപത്രിയിലെ അന്തരീക്ഷവുമായി പൊരുത്തപ്പെടാൻ ആദ്യമൊക്കെ സുലൈഖ പ്രയാസപ്പെട്ടു. അടുത്ത ബെഡിൽ വന്ന പ്രായം ചെന്ന സ്ത്രീയുടെ ഒച്ചയൊക്കെ അവരെ കൂടുതൽ അസ്വസ്ഥയാക്കി. ആദ്യത്തെ രാത്രി വീട്ടിൽ പോയ വില്ലിനെ തിരികെ വിളിച്ചുവരുത്തി, കെട്ടിപ്പിടിച്ചു കിടന്നു രാത്രി കഴിച്ച് കൂട്ടുകയായിരുന്നു. പതിയെ വിഷാദത്തിലേക്ക് വഴുതി വീണു. എന്നാൽ, ക്രമേണ തന്റെ പ്രായത്തിലുള്ള രോഗികളെ കാണുകയും അവരോട് കൂട്ടുകൂടാൻ തുടങ്ങുകയും ചെയ്തപ്പോൾ ഒരു പുതിയ കുടുംബം തന്നെ രൂപപ്പെട്ടു വന്നു. ധാരാളം പേർ ജീവിതത്തിൽ അടുപ്പമുള്ളവരായി തീർന്നു. രക്തം നൽകിയവരെ ഭാവനയിൽ കാണാൻ ശ്രമിച്ചു. അവരുടെ രക്തമാണല്ലോ സിരകളിൽ ഒഴുകിക്കൊണ്ടിരിക്കുന്നത്.

ആദ്യ ദിവസം ആർ.സി.സിയിൽ ചെന്നപ്പോഴുണ്ടായ ഭീതിയും സംഭ്രമവും ചന്ദ്രമതി വിവരിക്കുന്നു. ഛർദ്ദിക്കുന്നവർ, ജീവിതം മടുത്തു എന്ന് കേഴുന്നവർ. പല ആശുപത്രികളിൽ നിന്നും വ്യത്യസ്തമായ അനുഭവമാണ് അവർക്ക്‌ ഉണ്ടാകുന്നത്. ആരോഗ്യദായകരുടെ പെരുമാറ്റം, നല്ലതായാലും മോശമായാലും എല്ലാവരും അടി വരയിട്ടു പറയുന്നു. സൗമ്യതയോടെ ഏത് സമയത്തും സമാധാനം നൽകുന്ന ഡോക്ടർ ഗംഗാധരൻ എല്ലാവർക്കും പ്രിയപ്പെട്ട ആളാണ്. ക്ഷീണമോ മറ്റു പ്രയാസങ്ങളോ ഉണ്ടാകുമ്പോൾ വിളിപ്പുറത്ത് ഓടിയെത്തുന്ന നഴ്സ്മാരും രോഗികൾക്ക് പ്രിയമുള്ളവരാകും.

പ്രിയപ്പെട്ടവരുടെ പ്രതികരണങ്ങൾ

കൂട്ടുകാരിൽ നിന്ന് പല തരത്തിലുള്ള പ്രതികരണങ്ങൾ നേരിടേണ്ടി വന്നേക്കും. ക്യാൻസർ പോലെയുള്ള അസുഖങ്ങളാകുമ്പോൾ പലരും എന്തു സംസാരിക്കണമെന്ന് അറിയാതെ ആയിരിക്കും ചിലപ്പോൾ അകന്ന് നിൽക്കാൻ ശ്രമിക്കുന്നത്. സുലൈഖയുടെ ഒരു സുഹൃത്ത് വിവരം അറിഞ്ഞപ്പോൾ വീണ്ടും വിളിക്കാമെന്ന് പറഞ്ഞു ഫോണ് വച്ചു. പ്രതീക്ഷിച്ചെങ്കിലും വിളി ഉണ്ടായില്ലെന്ന് അവർ എഴുതുന്നു. നമുക്ക് അറിയിക്കാൻ താല്പര്യമില്ലാത്തവരുടെ അടുത്തേക്ക് ന്യൂസ് പെട്ടെന്ന് പടരും. അത് ചിലപ്പോൾ സഹായകമാവില്ല. ചിലരുടെ അസ്ഥാനത്തുള്ള അന്വേഷണങ്ങൾ സുലൈഖയെയും അസ്വസ്ഥയാക്കി.

ഇന്നസെന്റ് ഫലിതരൂപത്തിലാണ് ഇതു പോലെയുള്ള അനുഭവങ്ങൾ എഴുതുന്നത്. അത് നമ്മളെ ചിരിപ്പിക്കുന്നതോടൊപ്പം ചിന്തിപ്പിക്കുയും ചെയ്യും. ആംഗ്യഭാഷയോട് പ്രിയമുള്ള കഥകളിക്കമ്പക്കാരനായ ചന്ദ്രൻ “ഏട്ടനും ഇതേ അസുഖമായിരുന്നു” എന്ന് പറഞ്ഞ ശേഷം, വിരല് കൊണ്ട് രണ്ട് വർഷം എന്ന് ആംഗ്യം കാണിച്ച്, “കഴിഞ്ഞപ്പോ പോയി” എന്നും പറയുന്നു.

ചിലർ വെറുതേ പറഞ്ഞു ഭയപ്പെടുത്തും. അത്തരം ഒരു അനുഭവത്തെ പറ്റി ചന്ദ്രമതി പറയുന്നുണ്ട്. നേരത്തേ കീമോതെറാപ്പി എടുത്ത് പരിചയമുണ്ടെന്ന് പറഞ്ഞ ഒരു സ്നേഹിത വിവരിച്ചതിങ്ങനെ: “ഇഞ്ചക്ഷനെടുക്കുമ്പോൾ വേദന കൊണ്ട് നമ്മൾ അലറി വിളിച്ചു പോകും. ക്യാൻസർ അണുക്കളെ കൊന്നുകൊന്നല്ലേ മരുന്നുകൾ പോകുന്നത്. പോകുന്ന വഴി മുഴുവൻ തീ പോലെ പൊള്ളും. പിറ്റേന്ന് മുതൽ മുടി പറിഞ്ഞ് തൊലിയോട് പോരും. തല മുഴുവൻ തീ കോരിയിട്ടത് പോലെ നോവും.” ഇങ്ങനെ പോകുന്നു ഭീതിദമായ ആ വിവരണം. വളരെ പൊലിപ്പിച്ച് പറയുന്ന ഇത്തരം വിവരണങ്ങൾ യാഥാർത്ഥമാണോ, അവരനുഭവിച്ചത് തന്നെയോ എന്നൊക്കെ നമുക്ക് സംശയം തോന്നാം. ഏതായാലും അത് മറ്റു രോഗികളെ കൂടുതൽ വിഷമിപ്പിക്കുകയേ ഉള്ളൂ. സാഹിത്യ മേഖലയിൽ ഒട്ടേറെ സുഹൃത്തുക്കളുള്ള അദ്ധ്യാപികയായ ചന്ദ്രമതി, അടുത്ത ബന്ധുക്കൾ, എഴുത്തുകാർ, വിദ്യാർത്ഥികൾ, സഹപ്രവർത്തകർ, മറ്റു രോഗബാധിതർ പുരോഹിതർ തുടങ്ങിയവരിൽ നിന്നും ഓരോ സമയത്തുമുണ്ടായിട്ടുള്ള ഇടപെടലുകൾ വിവരിക്കുന്നു. മിക്കവരിൽ നിന്നും ഉത്തേജകമായ പെരുമാറ്റം ഉണ്ടാകുമ്പോൾ അപൂർവ്വമായി വേദനിപ്പിക്കുന്ന തരത്തിൽ ഇട പെടുന്നവരുമുണ്ട്.

മറ്റ് ചികിത്സകളുണ്ടോ ?

മാരകരോഗങ്ങൾ പിടിപെടുമ്പോൾ പെട്ടെന്നുള്ള സംഭ്രമം പലവിധ ചികിത്സകൾ തേടാൻ നമ്മെ പ്രേരിപ്പിക്കും. ക്യാൻസർ ഡോക്ടർ എന്നറിയപ്പെടുന്ന ഒരാളുടെ അടുത്തേക്ക് അമ്മ സുലൈഖയെ കൊണ്ടുപോകുന്നുണ്ട്. മണിക്കൂറുകൾ നീണ്ട വിചിത്രമായ പെരുമാറ്റം എല്ലാവരെയും അസ്വസ്ഥപ്പെടുത്തി. അവിടുത്തെ ചികിത്സ ആവശ്യമില്ലെന്ന തീരുമാനത്തിലേക്ക് അവർ പെട്ടെന്ന് എത്തിച്ചേർന്നു. തിരിച്ചു പോവുകയാണെന്നറിയുമ്പോൾ വിലയുള്ള കുറെ മരുന്നുകൾ അയാൾ സമ്മർദ്ദം ചെലുത്തി ഏൽപ്പിച്ചു. ഒരുവിധത്തിൽ മടങ്ങിപോകുമ്പോൾ ക്ഷീണിതയായ സുലൈഖയെ അയാളുടെ അടുത്തുകൊണ്ടുപോയി ബുദ്ധിമുട്ടിച്ചതിൽ അമ്മ ക്ഷമ ചോദിക്കുന്നുണ്ട്.

ഇന്നസെന്റ് രോഗത്തെ മറികടക്കാനുള്ള രോഗിയുടെ യത്നത്തെ കുറിച്ച് പറയുന്നു. “ഈ യത്നങ്ങളിൽ ഓരോരുത്തർക്കും ഓരോന്നായിരിക്കും പിൻബലം. ചിലർക്ക് ധൈര്യം, ചിലർക്ക് പ്രാർത്ഥന, മറ്റു ചിലർക്ക് വാടാത്ത പ്രതീക്ഷ. എനിക്ക് ചിരിയായിരുന്നു പിൻബലം. ചിരിയെ ചേർത്ത് പിടിക്കാൻ ഞാൻ തീരുമാനിച്ചു. എന്തിലും ചിരി കണ്ടെത്താനുള്ള സെല്ലുകൾ തുറന്ന് പിടിക്കുക. ഞാൻ അതിന് തയാറായി. ഡോക്ടറുടെ മരുന്നുകൾക്കൊപ്പം ഞാൻ എന്റേതായ ഔഷധങ്ങളും തയ്യാറാക്കാൻ തുടങ്ങി.” എന്നാൽ, ചികിത്സയെ അദ്ദേഹം ഒട്ടും കുറച്ച്‌ കാണുന്നില്ല. “രോഗം വന്നാൽ കണിശമായ ചികിത്സയാണ് ആദ്യം വേണ്ടത്. മറ്റുള്ളതെല്ലാം രോഗിയുടെ മാനസികാവസ്ഥക്കനുസരിച്ച് ശാന്തിയും സമാധാനവും നൽകുമായിരിക്കും. എന്നാൽ, ചികിത്സയില്ലാതെ മറ്റെന്തുണ്ടായിട്ടും കാര്യമില്ല.”

രോഗി-ഡോക്ടർ ബന്ധം

പല രോഗികളും ചികിത്സിക്കുന്ന ഡോക്ടറുമായി ഒരു ആത്മബന്ധം വളർത്തിയെടുക്കുന്നത് കാണാം. ഇന്നസെന്റിന്റെ കാര്യത്തിൽ ചികിത്സിച്ച ഡോക്ടർ തന്നെ രോഗിയാവുകയും പല സന്ദർഭങ്ങളിൽ അവർ പരസ്പരം പിന്തുണക്കുകയും ചെയ്യുന്ന അനുഭവം ഉണ്ടാവുകയും ചെയ്തിട്ടുണ്ട്. ചന്ദ്രമതി താൻ കാണാൻ പോയ ഒരു ഡോക്ടറെ കുറിച്ച് വിവരിക്കുന്നത് ഇങ്ങനെയാണ്. “ഇരുണ്ട നിറത്തിൽ മെലിഞ്ഞ ഡോക്ടർ. ദയയുള്ള നോട്ടവും ചിരിയും. ആൾക്കാരോടുള്ള എന്റെ ഇഷ്ടാനിഷ്ടങ്ങളൊക്കെ ഒറ്റ നിമിഷത്തിൽ രൂപപ്പെടുന്നതാണ്. ആ നിമിഷത്തിൽ അവരെ കുറിച്ച്‌ കിട്ടുന്ന ധാരണകൾ ഇതു വരെ തെറ്റിയിട്ടില്ല. ഡോക്ടർ ചന്ദ്രശേഖരനിൽ എനിക്കേറ്റവും ഇഷ്ടമുള്ളൊരു വ്യക്തിയെ ആദ്യ ദർശനത്തിൽ തന്നെ കാണാൻ കഴിഞ്ഞു.” ഇത്തരം അനുഭവങ്ങൾ നമ്മളിൽ പലർക്കുമുണ്ടാകും. ഡോ. ഗംഗാധരൻ എല്ലാവർക്കും പ്രിയപ്പെട്ട ഡോക്ടറാണ്. ഏതു സമയത്തും രോഗിക്ക് ആവശ്യമുണ്ടെങ്കിൽ വേണ്ട സമാധാനം നൽകാൻ ഡോക്ടർ ഉണ്ടാവും എന്നാണ് ചന്ദ്രമതിയുടെ എഴുത്തിൽ നിന്ന് മനസ്സിലാകുന്നത്. മറ്റുള്ള രോഗികളും വളരെ പ്രതീക്ഷയോടെയും താത്പര്യത്തോടെയുമാണ് ഡോക്ടറെ കാണുന്നതെന്നും വിവരണങ്ങളിൽ നിന്നു മനസ്സിലാകും. ഇന്നസെന്റിന് ഡോക്ടർ ആദ്യം സഹപാഠിയും, പിന്നീട് പാലിയേറ്റീവ് കെയറിൽ സഹപ്രവർത്തകനും ഒടുവിൽ ചികിത്സകനും ആകുന്നുണ്ട്. അമിതമായ പ്രകടനങ്ങളില്ലാതെ സൗമ്യതയോടെയും സമചിത്തതയോടെയും രോഗികളോട് ഇടപെടുന്ന ഡോക്ടറെയാണ് ഇന്നസെന്റിൽ നിന്ന് വായിച്ചെടുക്കാവുന്നത്. എവിഡൻസിന്റെ അടിസ്ഥാനത്തിൽ സ്റ്റാൻഡേർഡ് പ്രോട്ടോകോളുകൾക്കനുസരിച്ച് ചികിത്സ നൽകുന്ന ലോകത്തിൽ എന്തുകൊണ്ട് രോഗികൾ ചികിത്സകരെ സവിശേഷമായി അനുഭവിക്കുന്നു എന്നത് കൂടുതൽ പഠിക്കേണ്ട വിഷയമാണ്. ടെക്‌നോളജിയിലും മനുഷ്യബന്ധങ്ങളിലും മാറ്റങ്ങളുണ്ടാകുന്നതിനനുസരിച്ച് ചികിത്സകരെ കുറിച്ചുള്ള സങ്കല്പത്തിലും മാറ്റങ്ങൾ വന്നുകൊണ്ടിരിക്കുമെന്നാണ് അനുമാനിക്കാവുന്നത്.

കടപ്പാട്: dailyrounds.org

ചിലപ്പോഴെങ്കിലും രോഗികൾ അനുഭവിക്കുന്ന അവഹേളനത്തെ ആരോഗ്യദായകർ അവരുടെ തിരക്കിനിടയിൽ അവഗണിക്കാറുണ്ട്. കാലുകൾ അകത്തി വച്ച് തന്റെ സ്വകാര്യഭാഗങ്ങൾ തുറന്ന് കിടക്കേണ്ടി വന്ന അവസ്ഥയെ കുറിച്ച് സുലൈഖ വിവരിക്കുന്നു. തിരക്കിനിടയിലും ഓരോ വ്യക്തികളോടും അവരുടെ സ്വകാര്യതയും അന്തസ്സും മാനിച്ചുകൊണ്ടുള്ള സമീപനം ആരോഗ്യസേവകരിൽ നിന്നും എല്ലാവരും പ്രതീക്ഷിക്കും. ഡോക്ടറെ ദൈവസമാനമായി കാണുന്ന സംസ്കാരം മാറിവന്നുകൊണ്ടിരിക്കുകയാണ്. നൈതികമൂല്യങ്ങൾ പങ്കുവയ്ക്കുന്ന ഒരു പൊതുവിടം ഡോക്ടർക്കും രോഗിക്കും ഇടയിലുണ്ടാകുന്നതായിരിക്കും നല്ലത്. രോഗത്തെ കുറിച്ച് അനുതാപത്തോടെ തുറന്ന് പറയുകയും, നിലവിലുള്ളതിൽ വച്ച് ഏറ്റവും മികച്ച ചികിത്സ നൽകുകയും ചെയ്യുന്ന ഡോക്ടറെ ആയിരിക്കും ചിന്തിക്കുന്ന രോഗികൾ ആഗ്രഹിക്കുന്നത്. അവരുടെ ചോദ്യങ്ങളോട് ശ്രദ്ധ കാണിക്കാനാണ് ചികിത്സകർ സന്നദ്ധരായിരിക്കേണ്ടത്.

വിപുലമാകുന്ന ഗാഢ ബന്ധങ്ങൾ

ഒരേ രോഗത്തിലൂടെ കടന്നുപോകുന്നവർക്കിടയിൽ അനുഭവങ്ങൾ പങ്കിടുന്നതിലൂടെ പുതിയ ബന്ധങ്ങൾ ഉടലെടുക്കും. ആശുപത്രിയിലോ സപ്പോർട്ട് ഗ്രൂപ്പുകളിലോ ഒക്കെ ആകാമത്. യുവതിയായ സുലൈഖ ആശുപത്രിയിൽ വച്ച് കൗമാരപ്രായത്തിലുള്ള പലരുമായും ഉറ്റ ചങ്ങാത്തം ഉണ്ടാക്കുന്നുണ്ട്. അവരുടെ വേദനകളും മരണവുമൊക്കെ സ്വന്തം കുടുംബത്തിലുള്ളവരുടേത് പോലെ തന്നെ ഏറ്റെടുക്കുന്നു. ഇന്നസെന്റിന്റെ കാര്യത്തിൽ അപൂർവ്വമായ ചിലത് സംഭവിക്കുന്നുണ്ട്. തന്നെ ചികിത്സിച്ച ഡോക്ടറും പ്രിയപത്നിയും പിന്നീട് ക്യാൻസർ രോഗികളാകുന്നു. രോഗം വരുന്നതിന് മുമ്പ് തന്നെ സുഹൃത്തായ നൂറുദ്ദീൻ നടത്തുന്ന ആൽഫാ പെയിൻ ആന്റ് പാലിയേറ്റീവ് ക്ലിനിക്കിൽ ഭാര്യയോടൊപ്പം പോയിരുന്നതു കൊണ്ട് അവിടുത്തെ രോഗികളും ഡോക്ടർമാരും സേവനദാതാക്കളും ഒക്കെ ചേർന്ന് ഒരു വലിയ കുടുംബം ഉണ്ടായതായി അദ്ദേഹം അറിയുന്നുണ്ട്. പിന്നീട് സ്വയം രോഗിയാകുമ്പോൾ ആ ഒത്തുചേരലുകളുടെ മൂല്യം ഒന്നുകൂടി ഓർത്തെടുക്കുന്നു. രോഗം ബാധിച്ചിരിക്കുമ്പോൾ നമുക്ക് ആശ്വാസം നൽകുന്നത് ബന്ധുക്കൾ മാത്രം ആകണമെന്നില്ല. ആ സമയത്ത് കൂടെ ചേർന്ന് നിന്നവർ എന്നെന്നേക്കും ബന്ധുക്കളായി തന്നെ അനുഭവപ്പെട്ടേക്കും. ചികിത്സ കഴിഞ്ഞ് സുഖം പ്രാപിച്ചവരുടെ അനുഭവക്കുറിപ്പുകളും പുസ്തകങ്ങളുമൊക്കെ രോഗികൾക്ക് പ്രിയമുള്ളതായി മാറും. ഡോ. ഗംഗാധരൻറെ പ്രേരണയാൽ എഴുതിയതും മറ്റുള്ളവരോട് സംസാരിക്കുന്നതും ചന്ദ്രമതി വിലമതിക്കുന്നുണ്ട്.

ചന്ദ്രമതി

അതിജീവനം

ആത്മാഖ്യാനവും അതിജീവനത്തിന്റെ വഴികളിലൊന്നാണ്. അതെല്ലാവർക്കും കഴിയണമെന്നില്ല. ചികിത്സകർ പല നിർദ്ദേശങ്ങളും നൽകാറുണ്ട്. ചിലർ സ്വന്തമായി വഴികൾ കണ്ടെത്തും. സുലൈഖയും ബന്ധുക്കളും ചെയ്ത കാര്യങ്ങളെ പറ്റി അവർ വിവരിക്കുന്നു. “ആശുപത്രിദിനങ്ങളുടെ പരിമിതിയിൽ നിന്നുകൊണ്ട് മനസ്സിന് ഉന്മേഷം നൽകാനായി ഒരു ഹോബി കണ്ടെത്താൻ എന്റെ തെറാപ്പിസ്റ്റ് നിർദ്ദേശം നൽകി. ആശുപത്രിയുടെ പരിമിതി എന്ന് പറയുമ്പോൾ കിടക്കയിൽ വച്ച്, അതും ക്ഷീണവും ഓക്കാനവും ചിന്താക്കുഴപ്പവും ഒക്കെ നേരിട്ടുകൊണ്ട് എന്തെങ്കിലും അർത്ഥവതതായി ചെയ്യുക എന്നത് ഒരു വെല്ലുവിളി ആയിരുന്നു. ബേക്കിംഗും തുന്നലും പസിൽ കളികളും ഒക്കെ നിർദ്ദേശിക്കപ്പെട്ടു എങ്കിലും അതൊന്നും എനിക്ക് ബോധിച്ചില്ല. ഒരു കൊച്ചു കുട്ടിയോ ജോലിയിൽ നിന്ന് വിരമിച്ച ആളോ അല്ല താനെന്ന് വിളിച്ചു പറയണമെന്ന് തോന്നി.”

“അവസാനം ഒരു ശതദിന പദ്ധതിക്ക് ഞാൻ സമ്മതം മൂളി. എന്റെ കാമുകനായ വില്ലും മറ്റു കുടുംബാംഗങ്ങളും ഞാനും ഓരോ ദിവസവും ഏർപ്പെടുന്ന, നൂറു ദിവസങ്ങൾ കൊണ്ട് ചെയ്ത് തീർക്കുന്ന, ഭാവനാ സംപുഷ്ടമായ ഒരു പ്രവൃത്തിയിൽ ഏർപ്പെടുക എന്നതായിരുന്നു അത്. ഓരോ ദിവസവും വിവിധ വിഷയങ്ങളിലുള്ള പുതുമയുള്ള വീഡിയോകൾ എനിക്ക് അയച്ചു തരുകയായിരുന്നു വില്ലിന്റെ പദ്ധതി. ഉലഞ്ഞുകൊണ്ടിരുന്ന ഞങ്ങളുടെ ബന്ധത്തെ ദൃഢപ്പെടുത്തുന്നതിന് ഇത് ഉതകി എന്നതാണ് എനിക്ക് പ്രധാനമായി തോന്നിയത്.

“ഓരോ ദിവസവും ഓരോ മൺ ചതുരക്കഷണങ്ങളിൽ ചിത്രങ്ങൾ രചിച്ച് അവസാനം അവ ചേർത്ത് മൊസൈക് രൂപത്തിൽ എന്റെ ഭിത്തിയിൽ തൂക്കിയിടുകയാണ് അമ്മ ചെയ്തത്. അതിന് രക്ഷ നൽകാനുള്ള മാന്ത്രിക ശക്തിയുണ്ടെന്ന് എന്നെ ധരിപ്പിച്ച് വേദനകൾ ഒളിപ്പിക്കാനാണവർ ശ്രമിച്ചത്. എന്നാൽ, പിടഞ്ഞ് തല കീഴായി പതിക്കുന്ന കിളികളുടേയും രക്തം ഇറ്റുന്ന ഹൃദയത്തിന്റെയും ചിത്രങ്ങളൊക്കെ അമ്മയുടെ മാനസികാവസ്ഥയുടെ പ്രതിഫലനമായാണ് എനിക്ക്‌ തോന്നിയത്.“

അച്ഛനാകട്ടെ, ശൈശവവുമായി ബന്ധപ്പെട്ട് നൂറ്റൊന്നു ഓർമ്മക്കുറിപ്പുകൾ എഴുതി ഒരു ചെറിയ പുസ്തകമാക്കി പ്രിന്റ്‌ ചെയ്ത് ക്രിസ്തുമസ് പ്രഭാതത്തിൽ എനിക്ക് സമ്മാനിച്ചു. നാടൻ ചികിത്സകൾ നടത്തിയിരുന്ന ഞങ്ങളുടെ മുതുമുത്തശ്ശി മരുന്ന് ചെടികൾ കൊണ്ടുവരാൻ ഏല്പിച്ചതും അവ തന്റെ കിടക്കക്കടിയിൽ സൂക്ഷിച്ചുകൊണ്ട് രോഗികളുടെ ചെവിയിൽ മന്ത്രിച്ചതും അദ്ദേഹം ഓർമിച്ചെഴുതുന്നു.

സുലൈഖയെ സ്പർശിച്ച മറ്റൊരു സംഭവവും അതിലുണ്ടായിരുന്നു. “സുന്ദരമായ മുഖത്തിനുടമയായിരുന്ന അച്ഛന്റെ കുഞ്ഞനുജത്തി ഏതോ ദുരൂഹ രോഗം പിടിപെട്ട് മരിച്ചതിനെ പറ്റിയുള്ള വിവരണം ദീർഘകാലം ഒരു ബാധയായി എന്നെ പിടികൂടി. ചുരുങ്ങിയ ജീവിതകാലത്തിന്റെ കൂടുതൽ നേരവും കിടക്കയിൽ കഴിച്ച് കൂട്ടിയ അവളുടെ ‘ചന്ദ്രനെന്ന അർത്ഥം വരുന്ന പേര്’ കുടുംബത്തിൽ ആരും മുൻപ് പറഞ്ഞു കേട്ടിരുന്നില്ല. ഉച്ചത്തിൽ നിലവിളിച്ചിരുന്ന അമ്മയെ വീണ്ടും വേദനിപ്പിക്കണ്ടെന്നു കരുതി, അവളുടെ രോഗത്തെ പറ്റി ഒരിക്കലും താൻ അമ്മയോട് ചോദിച്ചില്ലെന്നും അദ്ദേഹം എഴുതുന്നു. കുടുംബത്തിൽ ആർക്കെങ്കിലും മുമ്പ് ക്യാൻസർ വന്നതായി കേട്ടിരുന്നില്ലെങ്കിലും, അതൊരു പക്ഷേ, ക്യാൻസർ ആയിരുന്നിരിക്കാം എന്നും അങ്ങനെയെങ്കിൽ കുടുംബത്തിൽ ഞാൻ ഒറ്റക്കല്ലല്ലോ എന്ന വിചിത്രമായ ഒരു ചിന്തയും എനിക്കുണ്ടായി

എഴുത്താണ് എന്റെ ശതദിന പദ്ധതിക്കായി ഞാൻ തെരഞ്ഞെടുത്തത്. എത്ര ക്ഷീണമുണ്ടെങ്കിലും ദിവസവും ഒരുവരിയെങ്കിലും കുറിയ്ക്കുമെന്ന് ഞാൻ നിശ്ചയിച്ചുറപ്പിച്ചു. ചിലർ പറയുന്നത് പോലെ വാക്കുകൾ ഉറഞ്ഞുപോകുമെന്ന് ഭയന്നെങ്കിലും എനിക്ക് വാക്കുകളുടെ പ്രവാഹമാണ് അനുഭവപ്പെട്ടത്. മനസ്സും ചിന്തയും ഉണർന്ന്, എന്റെ പേനക്ക് ഒപ്പം എത്താനാകാത്ത വേഗത്തിൽ ചലിച്ചുകൊണ്ടിരുന്നു. നേരത്തെ എഴുതിയിരുന്നതിൽ നിന്ന് വ്യത്യസ്തമായി ഭാവിയുടെ ഭാരമില്ലാതെ വർത്തമാനത്തിൽ നിലയുറപ്പിച്ച് എഴുതാൻ കഴിഞ്ഞു. സാധാരണ മറ്റുള്ളവർക്ക് വേണ്ടിയാണെഴുതാറുള്ളതെങ്കിലും ഇത്തവണ ഞാൻ എന്നിലേക്ക്‌ ആഴ്ന്നിറങ്ങു‌കയായിരുന്നു. രോഗം, എന്റെ നോട്ടം ഉള്ളിലേക്ക് തിരിച്ചുവിട്ടു.

രോഗിയെന്ന നിലക്ക് ശരീരത്തെ നിരന്തരം നിരീക്ഷിക്കാനും അത് എന്നെ തന്നെ പഠിപ്പിക്കാനും എന്നോട്‌ തന്നെ വിവരിക്കാനുമുള്ള കടമ എനിക്കുണ്ടായി. ഇപ്പോൾ എന്തുതോന്നുന്നു, വേദന എങ്ങനെ ഉണ്ട്, പുതിയ എന്തെങ്കിലും ലക്ഷണങ്ങൾ പൊന്തി വരുന്നുണ്ടോ, വീട്ടിൽ പോകാൻ തയാറാണോ ഇങ്ങനെയുള്ള ചോദ്യങ്ങൾ ഞാൻ എന്നോട് തന്നെ ചോദിച്ചു കൊണ്ടിരുന്നു. ഈ എഴുത്ത് നമുക്ക് ഒരുപാട് ശക്തി നൽകും. നമുക്ക് കൂടുതൽ സ്വയം നിയന്ത്രണം അനുഭവിക്കാനാകും. നമ്മുടെ തന്നെ നിയന്ത്രണത്തിൽ, നമുക്ക് ഉചിതമായ രീതിയിൽ ജീവിതത്തെ പുനഃക്രമീകരിക്കാൻ കഴിയും. ഒരു പുതിയ മേഖല കണ്ടെത്തുകയും അതിലേക്ക്‌ പ്രവേശിക്കുകയുമാണ് എഴുതുമ്പോൾ സംഭവിക്കുന്നത്. “

എഴുതാൻ തുടങ്ങിയതോടെ വീണ്ടും എന്നിൽ അക്ഷരങ്ങളെ സ്നേഹിക്കാനും വായിക്കാനുമുള്ള പ്രേരണ ഉണർന്നു. അമ്മ സമ്മാനിച്ച ഫ്രിഡ കൊയ്ലോയുടെ ഡയറി എനിക്ക് പ്രചോദനമായി. എന്നേക്കാൾ പ്രായം കുറവായിരുന്ന സമയത്ത് ഒരു വാഹനാപകടത്തിൽ അവരുടെ എല്ലുകൾ നുറുങ്ങി പോയിരുന്നു. കുറെ നാൾ കിടപ്പിലായപ്പോൾ ചിത്രം വരക്കാനുള്ള ഒരു പുതിയ അഭിനിവേശം അവരിൽ ഉടലെടുത്തു. തടവിൽ ആയിരിക്കുമ്പോൾ അതിന് രൂപകല്പനകളും അര്ഥവുമുണ്ടായി. ഒരു കണ്ണാടി തലക്ക് മുകളിൽ തൂക്കിയിട്ട് കൊണ്ട് അവർ സ്വന്തം പോർ‌ട്രൈറ്റുകൾ ചിത്രീകരിച്ചു. അതവരെ അക്കാലത്തെ മികച്ച ആർട്ടിസ്റ്റുകളിൽ ഒരാളാക്കി മാറ്റുകയും ചെയ്തു. എല്ലുകൾ കൂടിച്ചേരാനായി അണിഞ്ഞിരുന്ന പ്ലാസ്റ്റർ കൂടുകളും ശരീരം തന്നെയും ഒക്കെയാണ് അവർക്ക് ക്യാൻവാസായത്. ദീർഘകാലം കൂടെയുണ്ടായ ഈ ആവരണങ്ങൾ തന്നെ അവർക്ക് ഒരേസമയം പീഡനത്തിന്റെയും ലാവണ്യത്തിന്റെയും, അസ്വാതന്ത്ര്യത്തിന്റെയും പ്രചോദനത്തിന്റെയും സ്രോതസ്സായി ജീവിതത്തെയും കരിയറിനേയും മുന്നോട്ടുനയിച്ചു. കിളികളുടെയും കടുവകളുടെയും കുരങ്ങുകളുടെയും ചിത്രങ്ങൾ കൊണ്ട് സ്വയം അലങ്കരിച്ചു. സ്വയം അറിഞ്ഞും ആസ്വദിച്ചും കൂടുതൽ അറിയാൻ ശ്രമിച്ചും ഒറ്റപ്പെടലിനെ നേരിട്ടു. വേദനകളും അഭിലാഷങ്ങളും സർജറിയും രോഗശാന്തിയുമെല്ലാം അവരുടെ ചിത്രങ്ങളിലൂടെ മരണത്തെ അതിജീവിച്ചു. പീഡിതരുടെ ആരാധനാമൂർത്തിയായി കൊയ്ലോയും, മിത്തിക്കൽ സ്വഭാവമുള്ളവയായി അവരുടെ ചിത്രങ്ങളും ഖ്യാതിയുണ്ടാക്കി. കൊയ്ലോയെ പോലെ ജീവിതത്തിൽ ക്ഷണികതയും ദൗർബ്ബല്യവും മുഖാമുഖം കാണാത്ത ഒരാൾക്ക് ഈ സൃഷ്ടികൾ സാദ്ധ്യമാകുമായിരുന്നോ എന്ന് സുലൈഖ സംശയിക്കുന്നുണ്ട്. അവരെ പോലെ തനിക്ക് ആകാൻ കഴിയില്ലെങ്കിലും അത്തരം ആഖ്യാനങ്ങൾ കൂടുതൽ വായിക്കാനും എഴുതാനും പ്രചോദനം നൽകിയെന്ന് സുലൈഖ പറയുന്നു.

നിത്യചൈതന്യയതി

കിടപ്പിലായ ശേഷം സർഗാത്മക പ്രവർത്തനത്തിൽ ഏർപ്പെട്ട പലരുടെയും കഥകൾ ഞാൻ തേടി പിടിച്ച്‍ വായിച്ചു. ഭാവനയുടെ ചിറക് വിരിച്ചു പറന്നവർ പാദങ്ങളുടെ പരിമിതികൾ മറികടന്നു. അതിജീവനം ഒരു സൃഷ്ടിപരമായ പ്രവൃത്തിയാക്കി മാറ്റാൻ ഞാൻ ശ്രമിച്ചു. വായിൽ വ്രണങ്ങൾ വേദനയുണ്ടാക്കിയപ്പോൾ സംസാരത്തിന് പകരം ആംഗ്യം കൊണ്ടും മറ്റും സംവദിച്ചു. കിടക്കയിൽ വീണുപോയപ്പോൾ ഭാവന സഞ്ചാരപഥമായി. ശേഷി ലഭിച്ച ചുരുങ്ങിയ മണിക്കൂറുകൾ ഏറ്റവും ഫലപ്രദമായി ഉപയോഗിക്കാൻ ഞാൻ ശീലിച്ചു. പേന, നോട്ട് ബുക്ക്, പേപ്പർ, പുസ്തകങ്ങൾ, എഴുത്ത് പലക തുടങ്ങി ആവശ്യമുള്ളതെല്ലാം കയ്യെത്തുന്നിടത്ത് ഒരുക്കി വച്ചു. വീട്ടിലായാലും ആസ്പത്രിയിലായാലും എഴുത്ത്‌ മുടക്കിയില്ല. ഉള്ളിൽ കുമിഞ്ഞ്‌ കൂടിയ അസൂയയുടെയും ദ്വേഷ്യത്തിന്റെയും വേദനയുടെയും കറകൾ എഴുത്തിലൂടെ ഉണങ്ങി മാഞ്ഞു. ആശുപത്രിയിലെ ബീപ് ശബ്ദങ്ങളോ മറ്റു ബഹളങ്ങളോ എന്റെ സമാധാനം കെടുത്തിയില്ല. എൻറെ ശക്തി ഞാൻ തിരിച്ചറിയുകയായിരുന്നു. രോഗിയായിരിക്കുന്നതിന്റെ ഗുണപരമായ വശങ്ങളെ പറ്റി സുലൈഖ ചിന്തിക്കുന്നു. “എല്ലാവരുടെയും സ്നേഹവും പരിചരണവും കിട്ടുന്ന സമയമാണല്ലോ അത്. നമ്മളിൽ നിന്ന് ആരും ഒന്നും പ്രതീക്ഷിക്കുന്നുമില്ല.” അനുഭവങ്ങളുടെ ആഖ്യാനങ്ങളിലൂടെ സ്വയം മുറിവുണക്കുന്നതാണ് ഈ എഴുത്തുകളിലെല്ലാം കാണുന്നത്. അതോടൊപ്പം മറ്റുള്ളവർക്ക് അറിവും ലഭിക്കുന്നു. സന്യാസിയായി ജീവിച്ച ഗുരു നിത്യചൈതന്യയതി വാർദ്ധക്യത്തിൽ ഉണ്ടായ രോഗാനുഭവത്തെ പറ്റി ‘രോഗത്തെയും മരണത്തെയും സുഹൃത്തുക്കളാക്കാം’ എന്ന പുസ്തകത്തിൽ എഴുതിയിട്ടുണ്ട്. പ്രായമായി രോഗം വന്നപ്പോൾ രോഗത്തെയും ലക്ഷണങ്ങളെയും അനുഭാവപൂർവ്വം സ്വീകരിക്കുകയാണ് യതി ചെയ്തത്. ശരീരത്തിന്റെ ശോഷണത്തെയും തേയ്‌മാനത്തെയും നമ്മെ അറിയിക്കുന്ന രോഗഭാഷയെ കുറിച്ച് അദ്ദേഹം എഴുതുന്നു. “അത്യാവശ്യമായി രോഗഭാഷ പഠിക്കണമെന്ന് എനിക്ക് തോന്നി. ഇപ്പോൾ അധികമായി സംസാരിക്കുകയോ കുന്നുകയറുകയോ ഒക്കെ ചെയ്യുമ്പോൾ എന്റെ പ്രാണന്റെ സ്നേഹിതനായ മയോകാർഡിയാക് ഇസ്കീമിയ (Myocardiac ischaemia) വന്നു ചെറുതായി എന്റെ ഇടതു ഹൃദയത്തിൽ അമർത്തി ഒരു ഉമ്മ തരും. ഞാൻ പതുക്കെ കിടക്കയുടെ അടുത്തേക്ക് നടക്കും. അൽപ്പം ഇടത്തോട്ട് ചരിഞ്ഞു കിടക്കും. ആരാ എന്ന് ചോദിക്കും. ഞാനാണ്, ഇസ്‌കീമിയ. ഒരു ചെറിയ സന്ദേശവുമായി വന്നതാണ്.” ഇങ്ങനെ പോകുന്നു അദ്ദേഹത്തിന്റെ വിവരണം.

രോ​ഗാനുഭവ പഠനങ്ങൾ കവർ

ചികിത്സയിൽ രോഗിയുടെ പങ്ക്

വ്യക്തികളുടെ മാനസികാവസ്ഥയും സാമൂഹികാവസ്ഥയും രോഗശമനത്തിന് ശരീരത്തിനുള്ള സഹജമായ കഴിവും രോഗമുക്തിയെ സ്വാധീനിക്കുന്നതായി കാണുന്നുണ്ട്. രോഗം സുഖമാകുന്നതിൽ രോഗിക്കും ഒരു പങ്കുണ്ടാകും. അതിൽ ഡോക്ടറുമായുള്ള ബന്ധവും രോഗശമനത്തെ പറ്റിയുള്ള പ്രതീക്ഷയും ഘടകങ്ങളാകും. സാധാരണ ഹീലിംഗ് എന്ന് പറയുന്ന പ്രതിഭാസം ഇവയെല്ലാമായി ബന്ധപ്പെട്ടു വരുന്നതാണ്. അതിൽ കൂടുതൽ പഠനങ്ങൾ നടത്തേണ്ടതുണ്ട്. രോഗം ബാധിച്ച ശരീരത്തെ സുഖപ്പെടുത്തുകയാണോ, രോഗത്തെ നേരിടാനുള്ള മാനസികമായ സന്നദ്ധത ഉണ്ടാക്കുകയാണോ രോഗിക്ക് ചെയ്യാൻ കഴിയുന്നതെന്നും അന്വേഷിക്കേണ്ടതുണ്ട്. ശരീരത്തിന്റെ രോഗാവസ്ഥയെ രോഗിയുടെ ഉദ്യമം എത്രത്തോളം സ്വാധീനിക്കാമെന്നതും അത് മനോഭാവത്തിലും ഉൾക്കൊള്ളലിലും എത്രത്തോളം സ്വാധീനം ചെലുത്തുമെന്നതും പഠനവിഷയമാക്കേണ്ടതാണ്. ഈ കാര്യങ്ങൾ ദുരൂഹമായി നിലനിർത്തുകയാണോ യുക്തിപരമായി മനസ്സിലാക്കുകയാണോ വേണ്ടത്? കാര്യങ്ങൾ ദുരൂഹമായി നില നിർത്തുന്നത് ആനന്ദം നല്കുന്നുണ്ടെങ്കിൽ അതങ്ങനെ നിൽക്കട്ടെ. അത് ശരീരമനസ്സുകളെ സ്വയം വിട്ടുകൊടുക്കലാണ്. അത്തരം അനുഭവങ്ങളും പങ്കുവക്കാവുന്നതാണ്. അത് എവിഡൻസ് ആയി അവതരിപ്പിക്കാതിരുന്നാൽ മതി. രോഗികേന്ദ്രിത ചികിത്സയിലേക്കുള്ള ദിശയിൽ ആത്മാഖ്യാനത്തിന് ഏറെ പ്രസക്തിയുണ്ട്. വ്യത്യസ്ത ശാസ്ത്രശാഖകൾ തമ്മിലുള്ള സംഘർഷം പരിഹരിക്കുന്നതിനും രോഗിയുടെ വശത്ത് നിന്നുള്ള കാഴ്ചകൾ സഹായകമാവും. നവീകരിച്ച മെഡിക്കൽ പാഠ്യപദ്ധതിയിൽ ഇവ ഉൾപ്പെടുത്തുന്നത് അതിന്റെ ലക്ഷ്യങ്ങൾ പൂർത്തീകരിക്കുന്നതിന് ആവശ്യമാണ്. ഫാമിലി മെഡിസിൻ, പാലിയേറ്റീവ് മെഡിസിൻ എന്നീ വിഭാഗങ്ങൾ രോഗികളുടെ ആത്മാഖ്യാനങ്ങൾക്ക് പ്രാധാന്യം നൽകുന്നുണ്ട്. അനുഭവങ്ങൾ പൊതുഇടങ്ങളിൽ പങ്ക് വക്കുക വഴി ആളുകൾ അവരവരുടെ സ്വത്വം പുനരാഖ്യാനം ചെയ്യുകയാണ്. അത് വഴി രോഗാവസ്ഥയെ ഒരുപരിധി വരെ മറികടക്കുകയും ശരീരത്തിന്റെ കർതൃത്വം ഉറപ്പിക്കുകയും ചെയ്യുന്നു.

രോഗാനുഭവ പഠനങ്ങള്‍ (എഡിറ്റര്‍മാര്‍: ഡോ. ജി ഉഷാകുമാരി, ഡോ. വി.കെ അബ്ദുള്‍ അസീസ്, പ്രസാധനം: കെ.കെ.ടി.എം ഗവ.കോളേജ് മലയാള വിഭാഗവും ദയ ഹോസ്പിറ്റൽ പബ്ലിക്കേഷൻസ് സൊസൈറ്റിയും) എന്ന പുസ്തകത്തില്‍ നിന്നും

INDEPENDENT,
IN-DEPTH JOURNALISM
FOR SOCIAL &
ECOLOGICAL
JUSTICE

keraleeyam-logo

Support Keraleeyam

Choose Your Preference

₹1000/Year

₹2000/2 Years

₹500/Year(Students)

One TimeAny Amount

Also Read