ദേശീയ മെഡിക്കൽ കമ്മീഷന്റെ ലോഗോയിൽ നിന്നും അശോക സ്തംഭം മാറ്റി, ഹിന്ദുദൈവത്തിന്റെ ചിത്രം ഉൾപ്പെടുത്തുകയും ‘ഇന്ത്യ’ എന്നതിന് പകരം ‘ഭാരത്’ എന്നും ചേർക്കുകയും ചെയ്തതിനോടുള്ള പ്രതികരണം.
ഗയയിൽ നിന്നുള്ള ബോധോദയത്തിനുശേഷം ഗൗതമബുദ്ധൻ തന്റെ ആദ്യത്തെ സുവിശേഷം നടത്തുന്നത് വാരാണസിക്കടുത്തുള്ള സാരനാഥിലാണ്. ഇവിടെ തന്നെയാണ് ഗൗതമന്റെ ആദ്യത്തെ അഞ്ച് ശിഷ്യർ ചേർന്ന് സംഘം രൂപീകരിക്കുന്നതും. സാരനാഥിൽ നിന്നും കഴിഞ്ഞ നൂറ്റാണ്ടിന്റെ തുടക്കത്തിൽ, 1904-05 ലെ മഞ്ഞുകാലത്ത് ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യ ആശോകസ്തംഭം ഉത്ഖനനം ചെയ്തെടുത്തു. അശോകസ്തംഭം ഇന്നും സാരനാഥിലെ മ്യൂസിയത്തിലുണ്ട്.
‘ആഷാഢ പൂജ’യെന്ന പേരിൽ ആഷാഡത്തിലെ പൗർണ്ണമി (ജൂലായ് 3) ബുദ്ധന്റെ ആദ്യ സുവിശേഷദിനമായി ആഘോഷിക്കപ്പെടുന്നു. അന്നാണ് തന്റെ ദർശനത്തിന്റെ സാരസംഗ്രഹമായ ‘ധർമ്മ ചക്രപ്രവർത്തന സൂത്രം’ അദ്ദേഹം ലോകത്തിന് സമർപ്പിച്ചത്. ആഷാഢ പൂജ ‘ധർമ്മദിനം’ എന്ന പേരിലും അറിയപ്പെടുന്നു.
ക്രിസ്തുവിന് മുമ്പുള്ള 6-5 നൂറ്റാണ്ടുകൾ ഇന്ത്യാചരിത്രത്തിൽ സുപ്രധാനമാണ്. സിന്ധൂനദീതട സംസ്ക്കാരത്തിന് ശേഷം ഇന്ത്യയിൽ നഗരങ്ങളുടെ രണ്ടാം വരവിന്റേതാണ് ഇക്കാലം. വേദമത യാഥാസ്ഥിതിക സംസ്ക്കാരത്തിനെ നിഷേധിച്ചുകൊണ്ട് ശ്രമണപ്രസ്ഥാനങ്ങളായി ബുദ്ധ – ജൈനമതങ്ങൾ അന്ന് ഉയർന്നു വന്നു.
ഇന്ത്യയിലെ പ്രാചീന റിപ്പബ്ലിക്കുകൾ എന്നറിയപ്പെടുന്ന മഹാജനപദങ്ങളുടെ കാലമാണ് സർവ്വസാഹോദര്യത്തിന്റെ ശ്രമണപ്രസ്ഥാനങ്ങൾക്ക് ജന്മം നൽകിയതും വളർത്തിയതും. വേദപാരമ്പര്യത്തിൽ നിന്ന് നേർവിപരീതമായി സാഹോദര്യത്തിലൂന്നിയ ജനപദങ്ങളുടെയും ശ്രമണ പ്രസ്ഥാനങ്ങളുടെയും സാംസ്കാരികാന്തരീക്ഷം മൗര്യചക്രവർത്തിയായ അശോകനെ അധികാരത്തിന്റെയും ആധിപത്യത്തിന്റെയും ഹിംസാമാർഗ്ഗത്തിൽ നിന്നും വേർപെടുത്തി ബുദ്ധമാർഗ്ഗിയാക്കി.
അശോക ചക്രവർത്തിയുടെ ബി.സി. മൂന്നാംനൂറ്റാണ്ട് സഹോദര്യമാർഗ്ഗങ്ങളുടെ കാലം മാത്രമല്ല, രാജ്യാന്തരമായി സംസ്കാരങ്ങളുടെ പരസ്പരാശ്ലേഷിത കാലം കൂടിയാണ്. ഏഷ്യയുടെ എല്ലാ പ്രദേശങ്ങളും തമ്മിൽ സാംസ്കാരിക വിനിമയം അന്ന് നടന്നു. ഇന്ത്യ ആദ്യമായി ആഗോളവേദിയിൽ ധർമ്മചക്രത്തിന്റെ സിരാകേന്ദ്രമായി.
അന്ന് സാരനാഥ് ബുദ്ധസംസ്കാരത്തിന്റെ പ്രഭവകേന്ദ്രമായി പരിലസിച്ചപ്പോൾ അശോകൻ ബി.സി. 250 ൽ പണികഴിപ്പിച്ചതാണ് സാരനാഥിലെ സ്തംഭം. അതിന്റെ നിർമ്മാണ ചാരുത പാൻ – ഏഷ്യൻ ശില്പകലാ വൈഭവത്തിന്റെ നിദർശനമത്രേ. ഗൗതമന്റെ ആദ്യ സുവിശേഷത്തിന്റെയും അശോകനിലൂടെ ദേശാന്തരങ്ങൾ പിന്നിടുന്ന ബുദ്ധദർശനങ്ങളുടെയും പ്രതീകമെന്ന നിലയ്ക്കാണ് സാരനാഥിൽ സ്തംഭം ഉയർന്നത്. അതിനുമപ്പുറം വേദയജ്ഞ – വർണ്ണ പാരമ്പര്യത്തെ തള്ളിക്കളഞ്ഞ് , മാതംഗിയെന്ന ചാമർപെണ്ണിന് തന്റെ വിഹാരത്തിൽ പ്രവേശനം കൊടുത്ത ഗൗതമന്റെ സമബോധത്തിന്റെ ശാശ്വതസ്തംഭം കൂടിയാണത്. ബുദ്ധ ധർമ്മത്തിലൂടെ സാഹോദര്യം, സഹിഷ്ണുത, സഹവർത്തിത്വം, സംയമനം എന്നിവ ലോകമാതൃകയാകുന്നതിന്റെ പ്രതീകമാണ് അശോകസ്തംഭം. ‘ധർമ്മം’ എന്ന പ്രയോഗത്തെ അധികാരത്തിന്റെയും ആസക്തിയുടെയും ബ്രാഹ്മണിക കുബുദ്ധിയിൽ നിന്നും വിമോചിപ്പിക്കുകയാണ് ബുദ്ധൻ ചെയ്തത്. അതിന്റെ അടയാളമായി കൂടി അശോകസ്തംഭത്തിലെ ധർമ്മ ചക്രം പ്രസക്തമാകുന്നു.
പാക്കിസ്ഥാനെ പോലെ മതത്താൽ ദേശരാഷ്ട്ര അന്ധത ബാധിക്കാത്തതും, പ്രാചീന മഹാജനപദങ്ങളുടെ റിപ്പബ്ലിക്കുകളുടെ മാതൃക കൈവിട്ടുകളയാത്തതുമായ ഒരു രാജ്യമാകണം സ്വതന്ത്ര ഇന്ത്യ എന്ന് ഇന്ത്യൻ ജനത നിഷ്കർഷിച്ചതുകൊണ്ടാണ് ധർമ്മചക്രം കൊത്തിവെച്ചതും, നാലുദിക്കുകളിലേക്കും ധാർമ്മികധീരതയോടെ നിൽക്കുന്ന സിംഹത്തലകളുള്ളതുമായ അശോകസ്തംഭം ഇന്ത്യയുടെ ഔദ്യോഗിക ചിഹ്നമായി മാറിയത്. 1947 ജൂലായിൽ ഭരണഘടനാ അസംബ്ലി മുമ്പാകെ ജവഹർലാൽ നെഹ്രു, ഇന്ത്യൻ പതാകയുടെ മധ്യത്തിൽ ധർമ്മചക്രവും രാഷ്ട്രത്തിന്റെ ചിഹ്നമായി അശോകസ്തംഭവും ശുപാർശ ചെയ്തു. 1947 ഡിസംബറിൽ ഇത് അംഗീകരിച്ചു .
മനുഷ്യരെ ജാതിശ്രേണികളായി ചവിട്ടിത്താഴ്ത്തി അടിമത്തത്തെ ശാശ്വതമാക്കുന്ന ബ്രാഹ്മണസംഹിതകളെയും, വംശവെറിയുടെ യൂറോപ്യൻ സാമ്രാജ്യ അധിനിവേശത്തെയും ഒരേപോലെ നിരസിക്കുന്ന ധാർമ്മികമായ പരമാധികാരത്തിന്റെ പ്രതീകമായിട്ട് അശോകസ്തംഭത്തെ പുനഃപ്രതിഷ്ഠിക്കുകയാണ് ഭരണഘടനാ ശില്പികൾ ചെയ്തത്. ഫ്രഞ്ചുവിപ്ലവത്തിൽ നിന്നല്ല, പകരം തന്റെ ആദർശമായ ബുദ്ധനിൽ നിന്നാണ് താൻ സമത്വത്തിന്റെയും സാഹോദര്യത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും ജനായത്ത മൂല്യങ്ങൾ സ്വാംശീകരിച്ചതെന്ന് അംബേദ്ക്കർ പറയുന്നുണ്ട്.
അധാർമികതയുടെ ബ്രാഹ്മണിക് പാരമ്പര്യത്തെ ധിക്കരിച്ച പ്രാചീന ജനപദങ്ങളുടെയും ശ്രമണ സംസ്കാരത്തിന്റെയും ജനായത്ത മൂല്യത്തെയാണ് അംബേദ്കറും നെഹ്രുവും സ്വതന്ത്ര ഇന്ത്യയിൽ ഉയർത്തിപ്പിടിച്ചത്. നെഹ്രു എഴുതി, “അശോകന്റെ കാലം സങ്കുചിത ദേശീയതയുടെ കാലമായിരുന്നില്ല. അത് അന്തർദേശീയ കാലഘട്ടമായിരുന്നു. അന്ന് ഇന്ത്യൻ അംബാസഡർമാർ വിദൂരങ്ങളിൽ ചെന്നത് ചക്രവർത്തിയുടെയോ സാമ്രാജ്യത്വത്തിന്റെയോ അംബാസഡർമാരായിട്ടല്ല, എന്നാൽ സമാധാനത്തിന്റെയും സംസ്ക്കാരത്തിന്റെയും സൗമനസ്യത്തിന്റെയും അംബാസഡർമാരായിട്ടാണ്.”
ഇന്ത്യയുടെ മെഡിക്കൽ കമ്മീഷന്റെ എംബ്ലത്തിൽ അശോകസ്തംഭം മാറ്റി ‘ചാതുർവർണ്ണ്യം മയാ സൃഷ്ടം’ എന്നരുളിയ ചതുർബാഹുവിനെ സ്ഥാപിക്കുമ്പോൾ ജനായത്തത്തിന്റെ മഹാജനപദ പാരമ്പര്യം പാതാളത്തിലേക്ക് താഴ്ത്തപ്പെടുന്നു. മതചിഹ്നങ്ങളാൽ മോഹിതരാക്കി, മതരാഷ്ട്രത്തിൽ അമരുന്ന ജനതയിൽ സ്ഥായിയായ അടിമത്തം പുനഃസ്ഥാപിക്കുന്നതിന്റെ വരവാണത്. പാക്കിസ്ഥാനിലും അഫ്ഗാനിസ്ഥാനിലും ഇറാനിലും സൗദിയിലും മനുഷ്യാവകാശങ്ങൾ നിഷേധിക്കപ്പടുന്നത് പോലെ മതബിംബങ്ങളുടെ ഏകാധിപത്യത്താൽ നിശബ്ദരും ചിതറിയവരും തമ്മിൽതല്ലികളും നിഷ്ക്കരുണരും നിസ്സഹായരുമായി തെക്കേ ഏഷ്യയുടെ മഹാജനപദമായ ഇന്ത്യയും എത്തുകയാണ്.