1232 KMS: സൈക്കിളിൽ താണ്ടിയ ദുരിതദൂരങ്ങൾ

“മരേംഗേ തോ വഹീ ജാകർ
ജഹാം പർ സിന്ദഗീ ഹെ
യഹാം തോ ജിസ്മ് ലാകർ
പ്ലഗ് ലഗായേ ഥേ”

മരിക്കുന്നെങ്കില്‍ അത് ജീവിതം ഉണ്ടായിരുന്നേടത്ത് ആകട്ടെ, ശരീരത്തെ ഇവിടെ കൊരുത്തിടുകയായിരുന്നു ഇതുവരെ എന്ന അർത്ഥം വരുന്ന ഈ വരികൾ ലോക്ഡൗൺ കാലത്തെ ശ്രദ്ധേയമായ ഒരു കവിതയാണ്. ലോക്ഡൗൺ കാലത്ത് അതിഥി തൊഴിലാളികൾ അനുഭവിക്കേണ്ടിവരുന്ന ദുരിതങ്ങളെ ആസ്പദക്കി പ്രമുഖ ഹിന്ദി ചലച്ചിത്രകാരൻ വിനോദ് കാപ്രി സംവിധാനം ചെയ്ത 1232 കിലോമീറ്റേഴ് എന്ന ശ്രദ്ധേയമായ ഡോക്യുമെന്ററി ചിത്രത്തിന്റെ ആദ്യഭാഗത്തും പലപ്പോഴുമായി ഈ പാട്ട് ആവർത്തിക്കുന്നുണ്ട്. പ്രമുഖ ഹിന്ദി ചലച്ചിത്രകാരനും കവിയുമായ ഗുൽസാർ എഴുതിയ ഈ കവിത മറ്റൊരു ചലച്ചിത്രകാരനും സംഗീതജ്ഞനുമായ വിശാൽ ഭരദ്വാജിന്റെ ഈണത്തിൽ ആണ് ഈ ചിത്രത്തിൽ കടന്നുവരുന്നത്.

ഇന്ത്യയിലങ്ങോളമിങ്ങോളമായി ലക്ഷക്കണക്കിന് അതിഥി തൊഴിലാളികൾ, തങ്ങളുടെ ഗ്രാമങ്ങളിൽ നിന്ന് ആയിരക്കണക്കിന് കിലോമീറ്റുകൾ അകലെയുള്ള നഗരങ്ങളിലും നഗരപ്രാന്തങ്ങളിലും ജോലി ചെയ്യുന്നുണ്ട്. കോവിഡ് മഹാമാരിയെ തുടർന്ന് സ്വന്തം നാട്ടിലേക്ക് അവർ നടത്തിയ പലായനത്തെക്കുറിച്ചുള്ള ഒരു ചിത്രമാണ് 1232 കിലോമീറ്റേഴ്സ്.

2020 മാർച്ച് 24ന് രാത്രി 8 മണിക്ക് രാജ്യത്തെ പ്രധാനമന്ത്രി രാജ്യത്താകമാനം സമ്പൂർണ ലോക്ഡൗൺ നിലവിൽ വരും എന്ന് പ്രഖ്യാപിക്കുന്നു. ലോക്ഡൗൺ തുടങ്ങുന്നതിന് വെറും നാല് മണിക്കൂർ മുമ്പ് മാത്രമാണ് കർഫ്യൂ തന്നെയായിരിക്കും ഉണ്ടാവുക എന്ന് പറഞ്ഞുകൊണ്ടുള്ള ആ പ്രഖ്യാപനം വരുന്നത്. രാജ്യത്തെ സാധാരണക്കാരായ മനുഷ്യരെ മുഴുവൻ നാളുകളോ മാസങ്ങളോ വർഷങ്ങളോ നീളുന്ന ദുരിതക്കയത്തിലേക്ക് തള്ളിവിടുന്ന ഒരു പ്രഖ്യാപനമായിരുന്നു അത് എന്നത് എല്ലാവരും ഒരുപോലെ തിരിച്ചറിയാൻ പക്ഷെ പിന്നെയും കുറച്ച് സമയം കൂടിയെടുത്തിരുന്നു. ജീവിതം കരുപ്പിടിപ്പാക്കാനായി സ്വന്തം വീട്ടിൽ നിന്നും നാട്ടിൽ നിന്നും ആയിരക്കണക്കിന് കിലോമീറ്റുകൾ അകലെയുള്ള നഗരപ്രദേശങ്ങളിൽ ജോലി ചെയ്യുന്ന തൊഴിലാളികളായ മനുഷ്യരെയായിരുന്നു ഈ ലോക്ഡൗൺ പ്രഖ്യാപനം ഗുരുതരമായി ബാധിച്ചത്. അവരുടെ കിടപ്പാടം നഷ്ടമാകുന്നു, അവർക്ക് ഭക്ഷണം ലഭിക്കാതാവുന്നു.

വല്ലപ്പോഴും സർക്കാർ കനിഞ്ഞ് എന്തെങ്കിലും ഭക്ഷണം നൽകിയാൽ തന്നെ, അത് കഴിക്കാൻ പറ്റാത്തത്രയും മോശമായിരുന്നു എന്നത് ഈ ചിത്രത്തിന്റെ തുടക്കത്തിൽ തന്നെ കാണിക്കുന്നുണ്ട്. പോരാത്തതിന് ലോക്ഡൗൺ അനന്തമായി നീട്ടാനും തുടങ്ങി. പട്ടിണിയും പരിവട്ടവുമായി മനുഷ്യർ ഇന്ത്യയിലെ നഗരവീഥികളിൽ അങ്ങോളമിങ്ങോളം അലയാനാരംഭിച്ചു. ഒടുവിൽ അവർ സ്വന്തം ജീവന്റെ തന്നെ വിലയുള്ള ഒരു തീരുമാനമെടുക്കുകയായിരുന്നു; ഇപ്പോൾ ജോലി ചെയ്തുകൊണ്ടിരിക്കുന്ന നഗരപ്രദേശത്തുനിന്ന് അവരവരുടെ നാട്ടിലേക്ക് മടങ്ങിപ്പോകുവാനുള്ള തീരുമാനം. ഇത് ജീവന്റെ വിലയുള്ള തീരുമാനമാകുന്നത് പല തരത്തിലാണ്. ഈ യാത്രക്ക് വാഹനങ്ങളൊന്നും ലഭ്യമായിരുന്നില്ല എന്നതിനാൽ നാട്ടിൽ എപ്പോൾ എത്തും എന്നതോ, ജീവനോടെ എത്തുമോ എന്നതോ സംബന്ധിച്ച് യാതൊരു ഉറപ്പും ഉണ്ടായിരുന്നില്ല. യാത്രയ്ക്കിടയിൽ ഭക്ഷണമോ വെള്ളമോ ലഭിക്കുമോ എന്നതിനെപ്പറ്റിയും അവർക്കു യാതൊരു ധാരണയും ഉണ്ടായിരുന്നില്ല. പോലീസ്/നിയമസംവിധാനങ്ങൾ ലോക്ഡൗൺ കാലത്ത് യാത്ര ചെയ്തു എന്ന കുറ്റത്തിന് തങ്ങളെ അകത്താക്കുമോ എന്നതിനെക്കുറിച്ചും അവർക്ക് ആശങ്ക ഉണ്ടായിരുന്നു . ഈ നീണ്ട യാത്രയ്ക്കിടയിൽ, ഈ യാത്രയ്ക്ക് കാരണമായ ആ കൊറോണ വൈറസ് തങ്ങളെത്തന്നെ ബാധിക്കുമോ എന്നതിനെ സംബന്ധിച്ചും അവരാലോചിച്ചില്ല. ഇങ്ങനെ ഏത് രീതിയിൽ നോക്കുമ്പോഴും സ്വന്തം ജീവനെ നേരിട്ട് ബാധിക്കുന്ന അത്യന്തം അപകടകരമായ ഒരു തീരുമാനമാണ് അവരെല്ലാം എടുത്തിരുന്നത്.

ആയിരക്കണക്കിന് കിലോമീറ്ററുകൾ താണ്ടി സ്വന്തം നാട്ടിലേക്കെത്തുവാൻ വാഹനങ്ങളൊന്നും കിട്ടാനില്ലായിരുന്നു. ദശലക്ഷക്കണക്കിന് ആളുകളെ നേരിട്ട് ബാധിക്കുന്ന, സമ്പൂർണ ലോക്ഡൗൺ പോലെയുള്ള ഒരു തീരുമാനം കൈക്കൊള്ളുമ്പോൾ, ആ മനുഷ്യർക്ക് ഇപ്പോഴുള്ളിടത്തുനിന്ന് എങ്ങോട്ടെങ്കിലും പോകുവാനുള്ള യാതൊരു സംവിധാനങ്ങളും സർക്കാർ ഏർപ്പാടാക്കിയിട്ടുണ്ടായിരുന്നില്ല. അതേസമയം അവരവരുടെ നിലയ്ക്ക് യാത്ര ചെയ്യുന്നതിനുള്ള എന്തെങ്കിലും സംവിധാനമൊരുക്കണമെങ്കിൽ തന്നെ ഒരു പൈസ പോലും ഈ മനുഷ്യരുടെയൊന്നും കൈകളിൽ അവശേഷിക്കുന്നുമില്ലായിരുന്നു. വീട്ടിലേക്കയക്കുവാനോ കൊണ്ടുപോകാനോ സൂക്ഷിച്ചു വെച്ചിരുന്ന പണമെല്ലാം ലോക്ഡൗണിലായിപ്പോയ ദിവസങ്ങളിലെ പല പല ആവശ്യങ്ങൾക്കായി ചെലവഴിച്ചിരിക്കുന്നു. അപ്പോൾ നാട്ടിലേക്കുള്ള യാത്ര എങ്ങിനെയാകണം എന്ന ചിന്ത ഈ അതിഥി തൊഴിലാളികളെ സംബന്ധിച്ച് വലിയൊരു ചോദ്യം തന്നെയായിരുന്നു.

2020 മാർച്ച് 25നും ജൂൺ 15നും ഇടയിൽ ഇന്ത്യയിലങ്ങോളമിങ്ങോളം അലയടിച്ചിരുന്ന ഈ ചോദ്യം ഒട്ടേറെപ്പേരെ അലട്ടിയിരുന്നു. ഏതാണ്ട് 3 കോടി തൊഴിലാളികൾ സ്വന്തം വീടുകളിലെത്തിച്ചേരാനായി ആയിരകണക്കിന് കിലോമീറ്ററുകൾ യാത്ര ചെയ്തു. ഈ യാത്ര, ഒന്നുകിൽ കാൽനടയായോ അല്ലെങ്കിൽ സൈക്കിളിലോ ആയിരുന്നു എന്നതാണ് ഏറ്റവും സങ്കടകരമായ കാര്യം. 1947ൽ ഇന്ത്യാവിഭജനകാലത്തിന് ശേഷം ഇന്ത്യ കണ്ട ഏറ്റവും വലിയ കൂട്ടപ്പാലായനമായിരുന്നു പ്രധാനമന്ത്രിയുടെ ലോക്ഡൗൺ പ്രഖ്യാപനത്തിന്റെ ഭാഗമായി ഉണ്ടായത്. ഇതിൽ തന്നെ ഏറ്റവും ഉയർന്ന തോതിലുള്ള പലായനം നടന്നത് ഉത്തർ പ്രദേശിലെയും ബീഹാറിലെയും തൊഴിലാളികൾക്കിടയിലാണെന്ന് 1232 കിലോമീറ്റേഴ്സ് എന്ന സിനിമയിൽ തന്നെ പറയുന്നുണ്ട്.

എങ്ങനെയെങ്കിലും സ്വന്തം നാട്ടിലെത്താനായി യാത്ര ചെയ്യുന്ന ഇത്തരത്തിലുള്ള ഒരു തൊഴിലാളി സംഘത്തെ പിന്തുടരുന്ന തരത്തിലാണ് 1232 കിലോമീറ്റേഴ്സ് എന്ന സിനിമ ഒരുക്കിയിരിക്കുന്നത്. ഡൽഹി ദേശീയ തലസ്ഥാനമേഖലയിലുൾപ്പെടുന്ന പ്രദേശമായ ഉത്തർപ്രദേശിലെ ഗാസിയാബാദിൽ നിന്ന് കിഴക്കൻ ബീഹാറിലെ സഹർസയിലേക്ക് യാത്ര തിരിച്ച സൈക്കിൾ യാത്രികരുടെ സംഘത്തെയാണ് വിനോദ് കാപ്രി ഈ ചിത്രത്തിൽ പിന്തുടരുന്നത്. നിർമ്മാണ തൊഴിലാളികളായ ഏഴ് പേരടങ്ങുന്ന ഒരു സംഘമായിരുന്നു അത്. ലോക്ഡൗൺ നീണ്ടുകൊണ്ടിരുന്നപ്പോൾ ജീവിക്കാനുഉള്ള എല്ലാ മാർഗങ്ങളും വഴിമുട്ടിയതിനെത്തുടർന്ന്, സ്വന്തം നാട്ടിലേക്ക് തിരിക്കുവാൻ അവർ തീരുമാനിക്കുകയായിരുന്നു. പക്ഷെ യാത്ര ചെയ്യാനുള്ള ഒരു സംവിധാനവും അവർക്ക് ലഭിക്കുവാനുണ്ടായിരുന്നില്ല. ഗാസിയാബാദിൽ നിന്ന് 1232 കിലോമീറ്റർ അകലെയാണ് സഹർസ. അങ്ങിനെയാണ് അവർ സൈക്കിളിൽ യാത്ര തിരിക്കുവാൻ തീരുമാനിച്ചത്. ഇത്രയും നീണ്ട യാത്രക്ക് പറ്റിയ സൈക്കിളുകൾ അവരുടെ കയ്യിലുണ്ടായിരുന്നില്ല. പലരും വീട്ടിലേക്ക് വിളിച്ചുപറഞ്ഞ് സൈക്കിൾ സംഘടിപ്പിക്കുവാനുള്ള പണം അയപ്പിച്ചിട്ടാണ് സൈക്കിൾ വാങ്ങിയത്. കരുതിവെച്ചിരുന്ന പണവുമായി നാട്ടിലേക്ക് പോകാനിരുന്നവർ, നാട്ടിൽ നിന്ന് പണം വരുത്തിച്ച് യാത്ര ചെയ്യേണ്ടുന്ന പരിതാപകരമായ ഒരു സാഹചര്യമായിരുന്നു അത്. ഗംഗ ഉൾപ്പെടെയുള്ള വലിയ നദികൾ കടന്നുവേണം യാത്ര. ഇതെല്ലാം മനസ്സിലാക്കിക്കൊണ്ട് അവർ നാട്ടിലേക്ക് സൈക്കിളിൽ യാത്രതിരിക്കുവാൻ തീരുമാനിക്കുകയായിരുന്നു. മൊബൈൽ ഫോണിലെ മാപ്പായിരുന്നു അവരുടെ വഴികാട്ടി.


നഗരപാതകളും പ്രധാനനിരത്തുകളും ഒഴിവാക്കി നാട്ടുപാതകളിലൂടെയായിരുന്നു യാത്രയുടെ ഭൂരിഭാഗവും അവർ സഞ്ചരിച്ചത്. അതിനുള്ള കാരണം അവർ തന്നെ വ്യക്തമായി പറയുന്നുണ്ട്. യാത്രയ്ക്കിടയിൽ വഴിയിൽ വച്ച് കണ്ടുമുട്ടിയേക്കാവുന്ന പോലീസുകാരെ പരമാവധി ഒഴിവാക്കുക എന്നതായിരുന്നു പ്രധാനനിരത്തുകൾ ഒഴിവാക്കി സഞ്ചരിച്ചതിന്റെ കാരണം. നിയമപാലനസംവിധാനങ്ങൾ എല്ലായ്പോഴും സാധാരണ മനുഷ്യർക്കെതിരായിരുന്നു എന്ന യാഥാർത്ഥ്യത്തിലേക്കാണ് ഈ സംഭവവും വിരൽ ചൂണ്ടുന്നത്. എത്രയോ നാളുകളായി ഈ മനുഷ്യർ തൊഴിലില്ലാതെ കഷ്ടപ്പെടുകയാണ് എന്നതോ ഈ മനുഷ്യർ ഭക്ഷണം കിട്ടാതെ ഉഴറുകയാണ് എന്നതോ ഇവരുടെ കിടപ്പാടം നഷ്ടമായിരിക്കുകയാണ് എന്നതോ അവരവരുടെ നാട്ടിലേക്കെത്തുവാൻ പോലും യാതൊരും സംവിധാനങ്ങളും ഇവരെ സംബന്ധിച്ച് നിലവിലില്ല എന്നതോ ഒന്നും നിയമപാലകരെ സംബന്ധിച്ച് പ്രശ്നമേയല്ല. മറിച്ച് യാത്രാവിലക്കുകളുള്ള കാലത്ത് മനുഷ്യർ എവിടേക്കെങ്കിലും യാത്ര ചെയ്യുന്നുണ്ടോ എന്നത് മാത്രമാണ് അവർ നോക്കുന്നത്. അങ്ങനെയുള്ളവരെ അവർ നിയമപ്രകാരം തന്നെ അകത്താക്കുകയും ചെയ്യും.

ഗാസിയാബാദിൽ നിന്ന് യാത്ര തുടങ്ങുന്നത് മുതൽ സംവിധായകൻ വിനോദ് കാപ്രിയും അദ്ദേഹത്തിന്റെ വളരെ ചെറിയൊരു ഷൂട്ടിങ് സംഘവും വാടകയ്ക്കെടുത്ത ഒരു വാഗണർ കാറിൽ ഈ സൈക്കിൾ യാത്രികരെ പിന്തുടരുകയാണ്. രാംബാബു പണ്ഡിറ്റ്, റിതേഷ് കുമാർ പണ്ഡിറ്റ്, ആഷിഷ് കുമാർ, മുകേഷ് കുമാർ, കൃഷ്ണ, സോനു കുമാർ, സന്ദീപ് കുമാർ എന്നിവരാണ് ഈ സൈക്കിൾ യാത്രികർ. തങ്ങൾ ഇങ്ങനെയൊരു അപകടകരമായ ദൗത്യം ഏറ്റെടുക്കുന്നതിന് പിറകിലെ ജീവിതയാഥർത്ഥ്യങ്ങളെക്കുറിച്ച് അവർ തന്നെ സംവിധായകനോട് പറയുന്നുണ്ട്. ചിത്രത്തിന്റെ തുടക്കം മുതൽ സൈക്കിൾ യാത്രികരും വിനോദ് കാപ്രിയും തമ്മിൽ സംഭാഷണം നടന്നുകൊണ്ടേയിരിക്കുന്നുണ്ട്. അവർക്കിടയിലുള്ള സംഭാഷണങ്ങളിൽ നിന്ന് തന്നെയാണ് അവരുടെ യാത്രയുടെ പശ്ചാത്തലത്തെയും സാഹചര്യത്തെയും കുറിച്ചുള്ള വിവരങ്ങളെല്ലാം പ്രേക്ഷകർക്ക് ലഭിക്കുന്നത്. ഡോക്യുമെന്ററികളിൽ പതിവായി കണ്ടുവരുന്ന നരേഷൻ ഇതിലില്ല. ജീവിതദുരിതങ്ങൾ അനുഭവിക്കുന്ന മനുഷ്യരുടെ യഥാതഥമായ അനുഭവങ്ങൾ അവരെക്കൊണ്ടുതന്നെ പറയിപ്പിക്കുക വഴി, ഡോക്യുമെന്ററിയിൽ സ്ഥിരമായി സംഭവിക്കുന്നതുപോലെ, ഒരു നരേറ്റററുടെയോ അതുവഴി സംവിധായകന്റെയോ അഭിപ്രായത്തെ നമ്മുടെമേലെ അടിച്ചേല്പിക്കുവാനുള്ള ഒരു ശ്രമം നടക്കുന്നില്ല എന്നിടത്ത് തന്നെ ഈ ഡോക്യുമെന്ററി ഏറെ ശ്രദ്ധേയമാകുന്നു.

നമ്മുടെ രാഷ്ട്രം കെട്ടിപ്പടുത്തുകൊണ്ടിരിക്കുന്ന ലക്ഷക്കണക്കിന് മുഖമില്ലാത്ത മനുഷ്യർക്ക് സമർപ്പിച്ചുകൊണ്ടാണ് ഈ ചിത്രം ആരംഭിക്കുന്നത്. നരേഷൻ ഇല്ല എന്നതുപോലെത്തന്നെ ഒരു സ്ഥലത്തും സംവിധായകൻ എന്ന നിലയിൽ ചിത്രത്തിൽ ഇടപെടാതെ മാറിനിന്നുകൊണ്ട് ഒരു ഓറ്റിയർ ചിത്രം എന്ന നിലയിൽ ഒരു ഘട്ടത്തിലും വിനോദ് കാപ്രി ഈ ചിത്രത്തെ സമീപിക്കുന്നില്ല. സൈക്കിൾ യാത്രികരുടെ പ്രശ്നങ്ങളിൽ ഓരോ ഘട്ടത്തിലും തനിക്കാവുന്നതുപോലെയുള്ള ഇടപെടലുകൾ അദ്ദേഹം നടത്തുന്നുണ്ട്. അവർക്ക് ഭക്ഷണം കിട്ടാതെ വന്നപ്പോൾ തന്റെ കാറിലുള്ള പഴം എടുത്തുനൽകുന്നുണ്ട് കാപ്രി. അതുപോലെ ഒരു യാത്രികന്റെ സൈക്കിൾ തകരാറായപ്പോൾ അത് തന്റെ കാറിൽ കയറ്റി ആ സൈക്കിൾയാത്രികനെയും വഹിച്ചുകൊണ്ട് അടുത്ത റിപ്പയർ കേന്ദ്രം വരെ ചെല്ലുന്നുണ്ട് അദ്ദേഹം. മറ്റൊരു ഘട്ടത്തിൽ വിശപ്പ് സഹിക്കാനാവാതെയുണ്ടായ ക്ഷീണം കാരണം സൈക്കിളോടിച്ചുകൊണ്ടിരിക്കെ വീണുപോകുന്ന യാത്രികന് തുണയാവുന്നതും വിനോദ് കാപ്രി തന്നെയാണ്. ഷൂട്ടിങ് ആവശ്യത്തിനായി താൻ വാടകയ്ക്ക് എടുത്ത ചെറിയ കാറിന്റെ പരിമിതമായ സൗകര്യങ്ങൾക്കകത്തുനിന്നുകൊണ്ട് ചെയ്യാൻ സാധിക്കുന്ന കാര്യങ്ങളെല്ലാം ഈ സൈക്കിൾ യാത്രികർക്കു വേണ്ടി വിനോദ് കാപ്രി ചെയ്യുന്നുണ്ട്. അതു കൂടാതെ, അധികാരകേന്ദ്രങ്ങളുടെ ഇടപെടലുകൾ ഉണ്ടാകുന്നയിടങ്ങളിലെല്ലാം ഈ യാത്രക്കാർക്കുവേണ്ടി വീറോടെ സംസാരിക്കുന്നതും അദ്ദേഹമാണ്. ഈ രീതിയിൽ ഒരു ചലച്ചിത്രസംവിധായകൻ അല്ലെങ്കിൽ ഡോക്യുമെന്ററി സംവിധായകൻ എന്ന തന്റെ നിലയിൽ നിന്ന് കാപ്രി പലപ്പോഴും ഈ യാത്രക്കാരിൽ ഒരാൾ തന്നെയായി മാറുകയാണ്; സംവിധായകൻ തന്നെ ചിത്രത്തിന്റെ വിഷയം കൂടിയായി മാറുന്ന അവസ്ഥ. അതുതന്നെയാണ് ഈ ചിത്രത്തിന്റെ വളരെ പ്രധാനപ്പെട്ട മറ്റൊരു സവിശേഷതയും.

വിനോദ് കാപ്രി

ഹോളിവുഡിന്റെയും മറ്റും ശൈലിയിൽ പലായനപ്രവണതകളെ ഊട്ടിവളർത്തുന്ന കച്ചവടസിനിമകൾ ഉൾപ്പെടുന്ന ഒന്നാം സിനിമയുടെയും, യൂറോപ്പിലും മറ്റും രൂപം കൊണ്ട തരത്തിൽ ഒരു കലാവിഷ്കാരം എന്ന നിലയിൽ സംവിധായകരുടെ വ്യവഹാരം എന്ന രീതിയിൽ സിനിമകളെ കാണുന്ന ഓറ്റിയർ സിനിമകൾ ഉൾപ്പെടുന്ന രണ്ടാം സിനിമകളുടെയും ലോകത്തുനിന്ന് മാറി മൂന്നാം സിനിമകൾ എന്നറിയപ്പെടുന്ന സിനിമാ ധാരയിലെക്കു ഈ ചിത്രം ചേർത്തുവയ്ക്കാം. സാധാരണ മനുഷ്യരെയും മനുഷ്യപക്ഷത്തെയും കുറിച്ച് സംസാരിക്കുന്ന സിനിമകളുടെ ഈ പ്രസ്ഥാനം ഫെർണാണ്ടൊ സൊളാനസിന്റെയും മറ്റും നേതൃത്വത്തിൽ 1960കളിൽ ആണ് രൂപംകൊള്ളുന്നത്. ജീവിതത്തിൽ നിരന്തരം ദുരിതങ്ങളനുഭവിക്കേണ്ടിവരുന്ന അടിസ്ഥാനവിഭാഗത്തിൽ പെട്ട മനുഷ്യരുടെ ജീവിതത്തെക്കുറിച്ച് യഥാതഥമായി സംസാരിക്കുന്ന ഒന്നാണ് ഈ ചിത്രമെന്ന് മാത്രമല്ല, അവരുടെ ജീവിതം മെച്ചപ്പെടുത്തുന്നതിനുള്ള ഇടപെടലുകൾ ഉണ്ടാവേണ്ടുന്നതിന്റെ ആവശ്യകതയെക്കുറിച്ചും ഈ ചിത്രം സംസാരിച്ചുകൊണ്ടേയിരിക്കുന്നുണ്ട്. ഒരു കലാകാരിയുടെയോ കലാകാരന്റെയോ സാമൂഹികപ്രതിബദ്ധത എല്ലാവർക്കും ഒരുപോലെ വെളിപ്പെടുന്നത് അവർ ഇത്തരത്തിലുള്ള ചിത്രങ്ങൾ എടുക്കുമ്പോഴാണ്. ഈ ചിത്രത്തിൽ കാണിച്ചിട്ടില്ലാത്ത, രാജ്യത്തിന്റെ നീളത്തിനും വീതിക്കും തുല്യമായ ദൂരങ്ങൾ കാൽനടയായോ സൈക്കിളിലോ താണ്ടേണ്ടിവന്നിട്ടുള്ള ദശലക്ഷക്കണക്കിന് അതിഥിത്തൊഴിലാളികളെയും അതുപോലെ ഈ രാജ്യത്ത് ജീവിക്കുന്ന സാധാരണക്കാരായ മനുഷ്യരെയും അവരുടെ പ്രശ്നങ്ങളെയും ആണ് ഈ ചിത്രം അഭിസംബോധന ചെയ്യുന്നത്.

ബോളിവുഡ് എന്ന കച്ചവടസിനിമാസ്ഥാപന വ്യവസ്ഥയ്ക്കകത്ത് അംഗീകരിക്കപ്പെട്ടിട്ടുള്ള ഒരു സംവിധായകനും, സാങ്കേതികപ്രവർത്തകരും ചേർന്നാണ് ഇങ്ങനെയൊരു ചലച്ചിത്രം ഒരുക്കിയിരിക്കുന്നത് എന്നതാണ് ഈ ചിത്രത്തിന്റെ മറ്റൊരു സവിശേഷത. ഡിസ്നി-ഹോട്സ്റ്റാർ ആണ് ഒ.ടി.ടി. പ്ലാറ്റ്ഫോം വഴി ഈ ചിത്രം ജനങ്ങളിലേക്കെത്തിച്ചത്. ഈ വിപണനം വഴിയുണ്ടായിട്ടുള്ള ലാഭം മുഴുവനായും ഈ അതിഥിത്തൊഴിലാളികളുടെ ഉന്നമനത്തിന് ഉതകുന്ന വിവിധ കാര്യങ്ങൾക്കായി നൽകുകയാണുണ്ടായതെന്ന് വിനോദ് കാപ്രി ഒരു അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നതാണ്. അതോടൊപ്പം അദ്ദേഹം ഈ വിഷയവുമായി ബന്ധപ്പെട്ട് രണ്ട് പുസ്തകങ്ങൾ ഇംഗ്ലീഷിലും ഹിന്ദിയിലുമായി രചിക്കാൻ പോവുകയാണെന്നും അതിൽ നിന്ന് സമാഹരിക്കുന്ന മുഴുവൻ തുകയും ഈ തൊഴിലാളിവിഭാഗത്തിന്റെ ഉന്നമനത്തിനുവേണ്ടി പൂർണമായും മാറ്റിവെക്കുമെന്നും കൂടി അതേ അഭിമുഖത്തിൽ വിനോദ് കാപ്രി പറയുകയുണ്ടായി. കാസറഗോഡ് ജില്ലയിലെ എൻഡോസൾഫാൻ ദുരന്തവുമായി ബന്ധപ്പെട്ട് ‘വലിയ ചിറകുള്ള പക്ഷികൾ’ എന്ന സിനിമ നിർമ്മിച്ച ഡോ. ബിജു, ആ സിനിമയുമായി ബന്ധപ്പെട്ട് സ്വരൂപിച്ച തുക എൻഡോസൾഫാൻ ദുരിതബാതർക്ക് നൽകിയിരുന്നു. ഇത്തരം സംഭവങ്ങളെല്ലാം മുന്നോട്ടുവെക്കുന്നത് മനുഷ്യപക്ഷത്തുനിന്ന് ചിന്തിക്കുന്ന കലാകാരികളുടെയും കലാകാരന്മാരുടെയും ഒരു മികച്ച മാതൃകയാണ്. അത് ഈ രാജ്യത്തിന് ഇന്ന് വളരെയേറെ ആവശ്യവുമാണ്.

ലോകത്താകമാനം പലായനങ്ങളുടെ തോത് ഇന്ന് കൂടിക്കൊണ്ടിരിക്കുകയാണ്. കാബൂളിൽ നിന്ന് രക്ഷപ്പെടുവാൻ വിമാനത്തിൽ പിടിച്ചുതൂങ്ങി മരിച്ചുവീണ സാധാരണക്കാരുടെ ദൃശ്യങ്ങൾ നമ്മൾ കണ്ടതാണ്. കരമാർഗമോ കടൽമാർഗമോ ആകാശമാർഗമോ ഒക്കെയായി1232ഓ അതിലധികമോ കിലോമീറ്ററുകൾ താണ്ടിയാണ് ലോകത്തെമ്പാടും മനുഷ്യർ പുതിയ രക്ഷാകേന്ദ്രങ്ങളിൽ അഭയം തേടുന്നത് . ഈ കിലോമീറ്ററുകൾ പറയുന്ന സംഖ്യ 1232ഓ മറ്റേതുമോ ആകട്ടെ, പ്രശ്നം അതല്ല, മറിച്ച് ഈ കിലോമീറ്ററുകൾ താണ്ടുവാൻ മനുഷ്യരെ നിർബന്ധിതരാക്കുന്ന യുദ്ധങ്ങളും, മതമൗലിക ഭരണകൂടങ്ങളും, ഭൂമിശാസ്ത്രപരമായ രാജ്യാതിർത്തികളെ മാത്രം അടിസ്ഥാനമാക്കിയ നയതന്ത്രബന്ധങ്ങളും, ഫാഷിസ്റ്റ് ഭരണക്രമങ്ങളും, ജനവിരുദ്ധമായ വൻകിടപദ്ധതികളും ഇവയെയെല്ലാം പിന്തുണയ്ക്കുകയും ചെയ്യുന്ന മൂലധനാധിപത്യവ്യവസ്ഥയും ആണ്. പലായനങ്ങൾക്ക് പ്രേരണയാകുന്ന മൂലധനാധിപത്യവ്യവസ്ഥയുടെ മനുഷ്യവിരുദ്ധമായ ഈ രാഷ്ട്രീയം നാം തിരിച്ചറിയാതെ പോകരുത്. അത്തരം ഒരു തിരിച്ചറിവിലേക്കാണ് 1232 കിലോമീറ്റേഴ്സ് എന്ന ഡോക്യുമെന്ററി ചിത്രം വിരൽ ചൂണ്ടുന്നത്.

സിനിമ ഒറ്റനോട്ടത്തിൽ
പേര് – 1232 KMS
തരം – ഡോക്യുമെന്ററി
സംവിധാനം – വിനോദ് കാപ്രി
ഭാഷ – ഹിന്ദി
ദൈർഘ്യം – 86 മിനിറ്റ്
രാജ്യം – ഇന്ത്യ
വർഷം – 2021 മാർച്ച്
വിതരണം – ഡിസ്നി+ഹോട്സ്റ്റാർ

August 23, 2021 7:10 am