Stolen Shorelines: അദാനി തുറമുഖം സൃഷ്ടിക്കുന്ന അഭയാർത്ഥി പ്രവാഹം

“രാത്രി കിടക്കാൻ പറ്റത്തില്ല, കടൽ വന്ന് അടിക്കുന്നത് ഇവിടെയാണ്. നമ്മൾ എഴുന്നേറ്റിരുന്നാണ് മക്കളെ നോക്കുന്നത്. അതുങ്ങള് പോലും പേടിച്ചു കിടന്നുറങ്ങുന്നില്ല.” തിരുവനന്തപുരം കൊച്ചുതോപ്പ് സ്വദേശിയായ ഷീബ പരിഭ്രാന്തിയോടെ ഈ കാര്യങ്ങൾ പങ്കുവയ്ക്കുമ്പോൾ തൊട്ടരികിലേക്ക് കടൽ പലതവണ ആർത്തലച്ചുവന്നു. കേരളത്തിൽ മൺസൂൺ മഴപ്പെയ്ത്ത് ശക്തമായ ശേഷമുള്ള 2021 ജൂലൈ മാസത്തിലെ ഒരു ദിവസമാണ് ഷീബയെയും കുടുംബത്തെയും നേരിൽ കാണുന്നത്. ഇടവേളകളില്ലാതെ തിര വന്നടിക്കുന്ന ഒരു ഒറ്റമുറിയിലായിരുന്നു അവരുടെ താമസം. കട‌ലിലേക്ക് ഇറങ്ങി നിൽക്കുന്ന, എപ്പോൾ വേണമെങ്കിലും കടൽ കൊണ്ടുപോകുമെന്ന് തോന്നിക്കുന്ന ഒരു ചെറിയ വീട്. കോവിഡ് പടർന്നു പിടിച്ചതോടെയാണ് സർക്കാർ സ്കൂളിലെ ക്യാമ്പിൽ നിന്നും ഇവർ വീട്ടിലേക്ക് തിരികെയെത്തിയത്. ഈ ഒറ്റമുറി വീടിനോട് ചേർന്ന് ടാർപ്പായ വലിച്ചു കെട്ടിയ താത്കാലിക ഷെഡിലാണ് ഇവരുടെ പ്രായമായ അച്ഛനും അമ്മയും ഉറങ്ങുന്നത്. ഷീബയു‌ടേത് ഒറ്റപ്പെട്ട അനുഭവമായിരുന്നില്ല. കൊച്ചുതോപ്പിൽ നിരവധി കുടുംബങ്ങൾ മഴക്കാലത്തെ എങ്ങനെ അതിജീവിക്കും എന്നറിയാതെ, കടലിലേക്ക് ചരിഞ്ഞുനിൽക്കുന്ന വീടുകളിൽ ഭീതിയോടെ കഴിയുന്നുണ്ടായിരുന്നു. മൺസൂൺ കാലം വീണ്ടുമെത്തിയതോടെ കൊച്ചുതോപ്പിൽ നിന്നും വലിയതുറയിൽ നിന്നും ശംഖുമുഖത്ത് നിന്നുമെല്ലാം തീരശോഷണത്തിന്റെ വാർത്തകൾ പതിവായി കണ്ടുതുടങ്ങിയിരിക്കുന്നു. തീരം തിരയിൽ ഒലിച്ചുപോകുന്നതും റോഡുകളും വീടുകളും കടലുകൊണ്ടുപോകുന്നതും മഴക്കാലം തുടങ്ങിയപ്പോൾ തന്നെ വലിയ വാർത്തയായി തീർന്നിട്ടുണ്ട്. തിരുവനന്തപുരത്തെ നിരവധി തീരദേശ വില്ലേജുകൾ ഒരു ജീവിതകാലത്തെ മുഴുവൻ സമ്പാദ്യവും കടലെടുത്ത് പോകുമോ എന്ന ആശങ്കയിൽ ജീവിതം തള്ളിനീക്കുകയാണ് ഇന്ന്. 2018 ലെ ഓഖി ചുഴലിക്കാറ്റിന് ശേഷം തുടർച്ചയായി നാല് വർഷത്തോളം ക്യാമ്പുകളിൽ കഴിയുന്നവർ, വാടക വീടുകളിലും ബന്ധു​ഗൃഹങ്ങളിലും അഭയം പ്രാപിച്ചവർ, വീട്ടുപടിക്കൽ വരെ തിര വന്ന് കയറുന്ന മുറികളിൽ ഭീതിയോടെ കഴിയുന്നവർ… ഇതാണ് തീരദേശത്തെ നിലവിലെ ചിത്രം.

എന്തുകൊണ്ടാണ് തിരുവനന്തപുരത്തെ പൂന്തുറ, ബീമാപള്ളി, വലിയതുറ, ശംഖുമുഖം തുടങ്ങിയ പ്രദേശങ്ങൾ സവിശേഷവും തീവ്രവുമായ തീരശോഷണം നേരിടുന്നത്? കാലാവസ്ഥാവ്യതിയാനം, സമുദ്രനിരപ്പിന്റെ ഉയർച്ച എന്നിവ മാത്രമാണോ ഈ പ്രശ്നങ്ങൾക്ക് കാരണം. ഈ അന്വേഷണമാണ് മാധ്യമപ്രവർത്തകനായ കെ.എ ഷാജിയുടെ ‘Stolen Shorelines’ എന്ന ഡോക്യുമെന്ററി നടത്തുന്നത്. അദാനി ​ഗ്രൂപ്പിന്റെ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ നിർമ്മാണം അടക്കമുള്ള വികസന പ്രവർത്തനങ്ങൾ എങ്ങനെയാണ് തീരശോഷണം എന്ന പ്രക്രിയയെ ത്വരിതപ്പെടുത്തുന്നതെന്നും, അത് എങ്ങനെ തദ്ദേശീയ ജനതയെ അഭയാർത്ഥികളാക്കിത്തീർക്കുന്നു എന്നും വിശദമാക്കുന്നു ‘Stolen Shorelines’.

2018 മുതൽ സർക്കാർ സ്കൂളിലെ ക്ലാസ് മുറി വീടായി മാറിയ അലീന എന്ന പെൺകുട്ടിയുടെ ജീവിതത്തിലൂടെയാണ് ഡോക്യുമെന്ററി യാത്ര തുടങ്ങുന്നത്. തിരുവനന്തപുരത്തെ തീരദേശ ഗ്രാമങ്ങളിൽ അലീനയെ പോലെ തന്നെ തങ്ങളുടെ വിദ്യാലയങ്ങൾ വീടുകൾ ആയി ഉപയോഗിക്കേണ്ടിവരുന്ന നിരവധി കുട്ടികളുണ്ട്. തീരശോഷണം രൂക്ഷമായ വലിയതുറയിൽ മാത്രം 2018 മുതൽ തുടരുന്ന രണ്ട് ക്യാമ്പുകൾ ആണുള്ളത്. വലിയതുറയിലെ സർക്കാർ യു.പി സ്കൂളും, വലിയതുറ കടൽ പാലത്തിന് അടുത്തുള്ള ഫിഷറീസ് ഗോഡൗണും. ഫിഷറീസ് ഗോഡൗണിലെ സിമന്റ് പൊടി ഇളകുന്ന തറയിൽ, തകരപ്പാട്ടകൾ കൊണ്ട് തീർത്ത കുടുസുമുറികളിൽ അന്തിയുറങ്ങുന്നവരുടെ ദുരനുഭവങ്ങൾ ഡോക്യുമെന്ററി തുറന്നുകാട്ടുന്നു.

ഡോക്യുമെന്ററിയുടെ കവർ ചിത്രം

ആ​ഗോളതാപനത്തിന്റെ അനന്തരഫലങ്ങൾ കാലാവസ്ഥാ അഭയാർത്ഥികളെ സൃഷ്ടിക്കും എന്നത് വരാനിരിക്കുന്ന ഒരു ലോക സാഹചര്യമല്ലെന്നും നമ്മുടെ ഭരണസിരാകേന്ദ്രമായ സെക്രട്ടേറിയേറ്റിന് കേവലം 20 കിലോമീറ്റർ അപ്പുറത്ത് അത് ഒരു യാഥാർത്ഥ്യമായി മാറിയിരിക്കുന്നുവെന്നും ഈ ഡോക്യുമെന്ററി പറയുന്നു. കേരളത്തിന്റെ സ്വപ്ന പദ്ധതിയെന്ന് കക്ഷിരാഷ്ട്രീയ ഭേദമില്ലാതെ എല്ലാ രാഷ്ട്രീയ നേതൃത്വങ്ങളും വിശേഷിപ്പിച്ചുകൊണ്ടിരിക്കുന്ന വിഴിഞ്ഞം പോർട്ട് പ്രോജക്ടിന് ഈ അഭയാർത്ഥി പ്രവാഹത്തിലുള്ള പങ്കിനെ വസ്തുതകളുടെ ചരിത്ര വിശകലനത്തിലൂടെ ഡോക്യുമെന്ററി വെളിപ്പെടുത്തുന്നു. സർക്കാരിനും പൗരസമൂഹത്തിനും ഇനിയും പരിഹാരം കാണാനാകാത്ത പ്രശ്നമായി പുനരധിവാസം ഇപ്പോഴും തുടരുകയാണ്. സർക്കാർ മത്സ്യത്തൊഴിലാളികൾക്കായി നിർമ്മിച്ചു നൽകുന്ന ഫ്ലാറ്റുകളുടെ എണ്ണത്തിനും എത്രയോ മടങ്ങ് വലുതാണ് ഓരോ വർഷവും സൃഷ്ടിക്കപ്പെടുന്ന അഭയാർഥികളുടെ എണ്ണം.

എന്തുകൊണ്ടാണ് വിഴിഞ്ഞം തുറമുഖ നിർമ്മാണം നടക്കുന്ന പ്രദേശത്തിന് വടക്കുഭാഗത്ത് തീരശോഷണം പരിഹാരമില്ലാത്ത ഒരു സമസ്യയായി തുടരുന്നത്? മുഖ്യധാരാ മാധ്യമങ്ങളും രാഷ്ട്രീയ സമൂഹവും ഈ ചോദ്യത്തിനോട് തുടരുന്ന നിശബ്ദതയെ തകർക്കുവാൻ ഈ ഡോക്യുമെന്ററി ശ്രമിക്കുന്നുണ്ട് എന്നതാണ് അതിന്റെ കാലിക പ്രസക്തി. അദാനി വിഴിഞ്ഞം പോർട്ട് പ്രൈവറ്റ് ലിമിറ്റഡ് വിഴിഞ്ഞത്ത് നിർമ്മിക്കുന്ന അന്താരാഷ്ട്ര തുറമുഖ പദ്ധതി തീരശോഷണത്തെ എങ്ങനെ ത്വരിതപ്പെടുത്തുന്നു എന്ന് ഡോക്യുമെന്ററി കൃത്യമായി വിവരിക്കുന്നു. ഡോക്യുമെന്ററിയുടെ മുഖ്യ ഫോക്കസും അതുതന്നെയാണ്. തീരശോഷണം റിപ്പോർട്ട് ചെയ്യുന്ന കേരളത്തിലെ മുഖ്യധാരാ മാധ്യമങ്ങൾ അന്വേഷിക്കാതെ പോകുന്നതും അത്ര ഉറക്കെപ്പറയാത്തതുമായ ഒരു വസ്തുതയെയാണ് ‘Stolen Shorelines’ ചർച്ചയ്ക്ക് വയ്ക്കുന്നത്. അദാനി തുറമുഖത്തിനു വേണ്ടിയുള്ള പുലിമുട്ട് നിർമ്മാണം വിഴിഞ്ഞത്തിന് വടക്കുഭാഗത്തുള്ള പ്രദേശങ്ങളിലെ തീരശോഷണം എങ്ങനെ രൂക്ഷമാക്കുന്നു എന്ന് ഡോക്യുമെന്ററിയിൽ സംസാരിക്കുന്ന വിദ​ഗ്ധരും തദ്ദേശീയരും വിശദമാക്കുന്നുണ്ട്. തുറമുഖത്തിന് വേണ്ടി നിർമ്മിക്കുന്ന പുലിമുട്ടിന്റെ നീളം അദാനി ​ഗ്രൂപ്പ് കൂട്ടുംതോറും പ്രോജക്ടിന്റെ വടക്ക് ഭാ​ഗത്തുള്ള തീരങ്ങളിൽ തീരശോഷണം വർദ്ധിക്കുന്നു. ആ പ്രക്രിയയുടെ ശാസ്ത്രീയ കാരണങ്ങളെ ഡോക്യുമെന്ററി വിശദമായി പരിശോധിക്കുകയും ദൃശ്യങ്ങളിലൂടെ അതിന് തെളിവ് നിരത്തുകയും ചെയ്യുന്നു. തുറമുഖത്തെ ശാന്തമായി നിലനിർത്തുന്നതിനുവേണ്ടി തിരകൾ മുറിക്കാൻ നിർമ്മിക്കുന്ന 2.5 കിലോമീറ്റർ നീളമുള്ള പുലിമുട്ടിന്റെ നിർമ്മാണം കാരണം വടക്ക് ഭാഗത്ത് ഏകദേശം മൂന്ന് ഡസനോളം തീരദേശ ഗ്രാമങ്ങൾ വൈകാതെ ഇല്ലാതാക്കുമെന്നുമുള്ള ആശങ്കയും ‘Stolen Shorelines’ പങ്കുവെക്കപ്പെടുന്നു. ഇപ്പോൾത്തന്നെ തീരം നഷ്ടമായ സ്ഥലങ്ങളിലെല്ലാം കടലിലേക്ക് വള്ളമിറക്കാനോ വള്ളങ്ങൾ കയറ്റിവയ്ക്കാനോ ഇടമില്ലാതെ പ്രയാസപ്പെടുകയാണ് മത്സ്യത്തൊഴിലാളികൾ. ആ പ്രയാസങ്ങൾ മത്സ്യത്തൊഴിലാളികളുടെ ഉപജീവനമാർ​ഗങ്ങളെ എങ്ങനെ തകർക്കുന്നുവെന്നും ഡോക്യുമെന്ററി അവരിലൂടെ സംസാരിക്കുന്നുണ്ട്. ഈ കാര്യങ്ങൾ സൂചിപ്പിക്കുമ്പോൾ തന്നെ, ഭരണകൂടത്തിന്റെ പിന്തുണയോടെ പൊതു മുതൽ ചൂഷണം ചെയ്ത് കോർപറേറ്റുകൾ എങ്ങനെയാണ് വളരുന്നത് എന്നതിന്റെ ഉത്തമ ഉദാഹരണമായി കൂടി വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതിയെ ഡോക്യുമെന്ററിക്ക് അവതരിപ്പിക്കാനും കഴിയുന്നു.

ഡോക്യുമെന്ററിയിലെ ദൃശ്യം

ശംഖുമുഖം ബീച്ച്, തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ആഭ്യന്തര ടെർമിനലിലേക്കുള്ള റോഡ് എന്നിവയെല്ലാം കഴിഞ്ഞ വർഷങ്ങളിൽ വലിയ തോതിൽ കടലെടുത്തിരുന്നു. റോഡും ബീച്ചും പുനർനിർമ്മിക്കാൻ വേണ്ടി വലിയ നിക്ഷേപമാണ് സർക്കാർ നടത്തുന്നത്. എന്നാൽ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതിക്ക് വേണ്ടിയുള്ള ഡ്രഡ്ജിങ്ങും, പുലിമുട്ട് നിർമ്മാണവും തുടരുന്നതിനാൽ സർക്കാരിന്റെ പദ്ധതിക്കും ശംഖുമുഖം റോഡിനെ രക്ഷിക്കാനാകുന്നില്ല. ഈ കഴിഞ്ഞ ദിവസങ്ങളിലാണ് ശംഖുമുഖം-വലിയതുറ റോഡിന്റെ പണി കഴിഞ്ഞ ഭാഗത്ത് വീണ്ടും വിള്ളൽ കണ്ടത്. ശംഖുമുഖം ബീച്ച് നാശോന്മുഖമായതും ടൂറിസ്റ്റുകളുടെ വരവ് കുറഞ്ഞതും തീരദേശത്തെ മനുഷ്യരുടെ വരുമാന സാധ്യതകളെയും വളരെയധികം കുറച്ചിരിക്കുകയാണ്.

വീടും തൊഴിലിടവും നഷ്ടപ്പെട്ടവരുടെ പുനരധിവാസത്തിനായി സർക്കാർ മുന്നോട്ടുവയ്ക്കുന്ന പദ്ധതിയുടെ പ്രശ്നങ്ങളും ഡോക്യുമെന്ററിയിലെ ചർച്ചാവിഷയമാണ്. വീട് നഷ്ടപ്പെട്ടവർക്ക് 10 ലക്ഷം രൂപ നൽകുന്ന പദ്ധതിയാണ് ‘പുനർഗേഹം’. സ്ഥലം വാങ്ങുന്നത്തിനും ഭവനനിർമ്മാണത്തിനും കൂടിയാണ് സർക്കാർ ഈ തുക നൽകുക. അതോടൊപ്പം നിലവിൽ ഭവനം നഷ്ടപ്പെട്ടവരുടെ സ്ഥലം സർക്കാർ ഏറ്റെടുക്കുകയും ചെയ്യും. എന്നാൽ ഈ തുക ഭൂമി വാങ്ങാൻ പോലും തികയില്ലെന്നാണ് തീരദേശവാസികൾ പറയുന്നത്. അതോടൊപ്പം തീരത്തു നിന്ന് മാറി താമസിക്കേണ്ടി വരുന്നത് തൊഴിലിടങ്ങളിൽ നിന്ന് അവരെ അകറ്റുകയും ചെയ്യുന്നു. ഇതുമൂലം മത്സ്യത്തൊഴിലാളികൾക്ക് മീൻ പിടിക്കുന്നതിനുള്ള ചെലവ് കൂടുന്നു. അതോടൊപ്പം തന്നെ വലയുടെ കേടുപാടുകൾ തീർക്കുന്നതിനും, യാനങ്ങൾ കയറ്റി വയ്ക്കുന്നതിനും, മീൻ ഉണക്കുന്നതിനുമുള്ള സ്ഥലങ്ങൾ തീര ജനതയ്ക്ക് നഷ്ടപ്പെടുകയും ചെയ്യുന്നു. സർക്കാരുകളുടെ തെറ്റായ വികസന നയങ്ങളാണ് തീരദേശ ജനതയെ ഈ ദുരന്തത്തിലേക്ക് തള്ളിവിട്ടതെങ്കിലും അതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് പ്രശ്നത്തെ വേണ്ടവിധത്തിൽ പരിഹരിക്കാൻ സർക്കാർ സംവിധാനങ്ങൾ പരാജയപ്പെടുന്നു എന്ന് ഡോക്യുമെന്ററി വിമർശനം ഉന്നയിക്കുന്നു.

ശംഖുമുഖം റോഡ് ഈ മഴക്കാലത്ത് വീണ്ടും തകർന്നപ്പോൾ

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതിയുടെ തുടക്കം മുതൽ അദാനി ഗ്രൂപ്പിന് വഴിവിട്ട സഹായങ്ങൾ കേരള സർക്കാർ നൽകിയിരുന്നു. തുറമുഖത്തിന്റെ കരാർ ​ഗൗതം അദാനിക്ക് ലഭിക്കുന്നത് തന്നെ സംശയാസ്പദമായ ടെണ്ടർ നടപടിയിലൂടെയാണ്. ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് തയ്യാറാക്കിയ കൺസഷൻ കരാർ അദാനിക്ക് ഏറെ ആനുകൂല്യങ്ങൾ നൽകുന്ന ഒന്നായിരുന്നു. പദ്ധതി സംസ്ഥാനത്തിന് നഷ്ടമാണെന്ന് സി.എ.ജിയുടെ വിലയിരുത്തൽ വന്നതും ശ്രദ്ധേയമാണ്. പദ്ധതിക്കായി ഏറ്റെടുത്ത ഭൂമിയിൽ 120 ഏക്കർ പോർട്ട് എസ്റ്റേറ്റ് ഡെവലപ്മെൻറ് എന്നപേരിൽ ആഡംബര ഹോട്ടലുകൾ നിർമ്മിക്കുന്നതിനും വാണിജ്യ വ്യവസായിക ആവശ്യങ്ങൾക്ക് വേണ്ടി ഉപയോഗിക്കുന്നതിനുമായി അദാനിക്ക് നൽകിയിട്ടുണ്ട്. ചങ്ങാത്ത മുതലാളിത്ത കാലത്ത് കോർപ്പറേറ്റുകൾക്ക് ലഭിക്കുന്ന ഇത്തരം ആനുകൂല്യങ്ങളുടെ പിന്നിലെ രാഷ്ട്രീയ പ്രശ്നങ്ങളിലേക്കും ഡോക്യുമെന്ററി വിരൽ ചൂണ്ടുന്നു.

വിഴിഞ്ഞം പദ്ധതിയുടെ ഭാഗമായി അദാനി വിഴിഞ്ഞം പോർട്ട് പ്രൈവറ്റ് ലിമിറ്റഡ് തിരുവനന്തപുരം ജില്ലയിലെ മുതലപ്പൊഴിയിൽ ഏറ്റെടുത്ത ഗോൾഡൻ ബീച്ചിലെ പ്രശ്നങ്ങളും ഡോക്യുമെൻ്ററിയിലെ ഒരു പ്രധാന വിഷയമാണ് . വിഴിഞ്ഞത്ത് പുലിമുട്ട് നിർമ്മിക്കാനുള്ള കല്ലുകൾ റോഡ് മാർഗ്ഗം മുതലപ്പൊഴിയിൽ എത്തിച്ച് അവിടെനിന്ന് കപ്പൽമാർഗ്ഗം കൊണ്ടുപോകാനാണ് മുതലപ്പൊഴി മത്സ്യബന്ധന തീരത്ത് അദാനി ഒരു വാർഫ് നിർമ്മിക്കുന്നത്. മുതലപ്പൊഴി ഹാർബർ മൗത്തിൽ അടിഞ്ഞുകൂടുന്ന മണൽ നീക്കം ചെയ്ത് ഹാർബർ മൗത്ത് സുരക്ഷിതമാക്കാം എന്ന വാഗ്ദാനം മത്സ്യത്തൊഴിലാളികൾക്ക് നൽകിയാണ് അദാനി ഇവിടെ വാർഫ് നിർമ്മിക്കുന്നതിനുള്ള അംഗീകാരം നേടിയെടുത്തത്. എന്നാൽ ഹാർബറിലെ മണൽ നീക്കം ചെയ്യുന്നതിൽ അദാനി കമ്പനി നിരന്തരം വീഴ്ച വരുത്തുന്നു. നിരവധി മത്സ്യത്തൊഴിലാളികളാണ് ഈ ഹാർബർ മൗത്തിലുണ്ടാകുന്ന അപകടത്തിൽപ്പെട്ട് മരിക്കുന്നത്. മുതലപ്പൊഴി ഹാർബറിന് വേണ്ടിയുള്ള പുലിമുട്ട് നിർമ്മാണത്തിന് ശേഷം പുതുതായി രൂപം കൊണ്ട ഗോൾഡൻ ബീച്ചിൽ ആണ് ഇപ്പോൾ അദാനിയുടെ വാർഫ് നിർമ്മാണം പുരോഗമിക്കുന്നത്. അങ്ങനെ പുതുതായി രൂപംകൊണ്ട ഒരു ബീച്ചും അദാനി എന്ന കോർപ്പറേറ്റ് മുതലാളിയുടെ കൈവശം എത്തിയിരിക്കുകയാണ്.

വിഴിഞ്ഞം പദ്ധതി സൃഷ്ടിക്കുന്ന പാരിസ്ഥിതിക ആഘാതം വളരെ വലുതാണെന്നും ഡോക്യുമെന്ററി ഓർമ്മിപ്പിക്കുന്നു. പദ്ധതിക്ക് വേണ്ടി നടത്തിയ ഡ്രെഡ്ജിങ് സവിശേഷവും വൈവിധ്യം നിറഞ്ഞതുമായ ആവാസവ്യവസ്ഥയെയാണ് ഇല്ലാതാക്കിയത്. മത്സ്യങ്ങളുടെ പ്രജനന കേന്ദ്രമായ നിരവധി പാരുകൾ (coastal reef) ഇതുമൂലം നശിപ്പിക്കപ്പെട്ടു. ഇരുന്നൂറിലധികം അപൂർവമായ മത്സ്യങ്ങളുടെയും, അറുപതിലധികം സമുദ്ര അലങ്കാര മത്സ്യങ്ങളുടെയും ആവാസസ്ഥലവും പ്രജനന കേന്ദ്രവുമാണ് വിഴിഞ്ഞം വാഡ്ജ് ബാങ്ക്. വിഴിഞ്ഞം പദ്ധതിയുടെ നിർമ്മാണം നടക്കുന്നതും ഈ വാഡ്ജ് ബാങ്ക് ഉൾപ്പെടുന്ന പ്രദേശത്താണ്. മത്സ്യസമ്പത്തിന്റെ കാര്യത്തിലും ജൈവവൈവിധ്യത്തിന്റെ കാര്യത്തിലും ദൂരവ്യാപകമായ ഫലങ്ങൾ ആയിരിക്കും വിഴിഞ്ഞം പദ്ധതിയുണ്ടാക്കുക.

കെ.എ ഷാജി

തുറമുഖം നിർമ്മിക്കുന്നതിനായി ഇതിനകം ആറ് ലക്ഷം ടൺ പാറ അദാനി ​ഗ്രൂപ്പ് കടലിൽ നിക്ഷേപിച്ചിട്ടുണ്ട്. അതിൽ ഭൂരിഭാഗവും പശ്ചിമഘട്ടത്തിലെ പരിസ്ഥിതി ദുർബല പ്രദേശങ്ങളിൽ നിന്നാണ് തുരന്നെടുത്തിരിക്കുന്നത്, അതും സർക്കാരിന്റെ പ്രത്യേക അനുമതിയോടെ പ്രവർത്തിക്കുന്ന ​ക്വാറികൾ. ബാക്കിയുള്ള ജോലികൾ പൂർത്തിയാക്കാൻ ഒരു കോടി ടൺ പാറക്കല്ലുകൾ വേണ്ടിവരും എന്നാണ് കണക്കാക്കുന്നത്. ഒരുവശത്ത് തുറമുഖ നിർമ്മാണം കാരണം തീരം നഷ്ടമാകുമ്പോൾ മറ്റൊരുവശത്ത് ഇതേ വിനാശ പദ്ധതിക്ക് വേണ്ടി പശ്ചിമഘട്ടവും തകർപ്പെടുന്നു എന്ന വസ്തുതയും ‘Stolen Shorelines’ അവതരിപ്പിക്കുന്നു.

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതിയുടെ നിരവധിയായ പ്രശ്നങ്ങളിലൂടെ കടന്നുപോകുന്നുണ്ടെങ്കിലും പദ്ധതി ഭവനരഹിതരാക്കുന്ന, തൊഴിൽരഹിതരാക്കുന്ന മത്സ്യത്തൊഴിലാളികളുടെ പ്രശ്നങ്ങൾക്ക് പ്രത്യേക ശ്രദ്ധ നൽകുന്നു ‘Stolen Shorelines’. അതോടൊപ്പം തുറമുഖ പദ്ധതി സൃഷ്ടിക്കുന്ന വിവിധങ്ങളായ ആഘാതങ്ങളും ഡോക്യുമെന്ററി കാഴ്ച്ചക്കാർക്കായി അവതരിപ്പിക്കുന്നു. തീരശോഷണം, അഭയാർത്ഥി പ്രശ്നം, പുനരധിവാസത്തിലെ പാളിച്ചകൾ, പാരിസ്ഥിതിക ആഘാതങ്ങൾ, അദാനിക്ക് നൽകിയ വഴിവിട്ട ആനുകൂല്യങ്ങൾ, മത്സ്യത്തൊഴിലാളികൾ നേരിടുന്ന ഉപജീവന പ്രശ്നങ്ങൾ എന്നിവയെല്ലാം ‘Stolen Shorelines’ ൽ വിഷയമായി വരുന്നു. സർക്കാർ ഇനിയും പരിഹാരം കാണാൻ ശ്രമിക്കാത്ത, വലിയ വ്യാപ്തിയുള്ള ഒരു വിഷയത്തെ പൊതുസമൂഹത്തിന് മുന്നിൽ അവതരിപ്പിക്കാനുള്ള ആത്മാർത്ഥമായ ശ്രമമാണ് ഈ ഡോക്യുമെന്ററി. കോർപറേറ്റ് ചൂഷണവും കാലാവസ്ഥാ വ്യതിയാനവും ഒന്നിച്ചനുഭവിക്കേണ്ടിവരുന്ന ഒരു കാലം എത്രമാത്രം ദുരിതം നിറഞ്ഞതാകും എന്ന അപായ സൂചനയായും ‘Stolen Shorelines’ എന്ന ഡോക്യുമെന്ററിയുടെ ദൃശ്യഭാഷയെ വായിക്കാം. ഇനിയുള്ള കാലത്ത് അതിജീവനം എത്ര പ്രയാസകരമാണെന്ന് ഓരോ ഫ്രെയിമും ഓർമ്മിപ്പിക്കുംവിധം ദൃശ്യങ്ങൾ കോർത്തിണക്കപ്പെട്ടിരിക്കുന്നു. ആ കാഴ്ച ആരെയും അസ്വസ്ഥരാക്കുക തന്നെ ചെയ്യും, തീർച്ച.

ഫീച്ചേർഡ് ഇമേജ്: വലിയതുറയിലെ സർക്കാർ യു.പി സ്കൂളിലെ ക്യാമ്പിൽ കഴിയുന്ന അലീന

Documentary Details:
Written and Directed by K A Shaji
Camera: Syed Shiyaz Mirza, Sooraj Ambalathara, Editor: VPG Kammath
Narration: Kalyani Vallath, Sketches: Kannan Mamood
Titles and posters: Shafeek Subaida Hakkim
Research and documentation: Roshni Rajan, Bhavapriya J U, Salini Reghunandan, Archana Kala Sajikumar

INDEPENDENT,
IN-DEPTH JOURNALISM
FOR SOCIAL &
ECOLOGICAL
JUSTICE

keraleeyam-logo

Support Keraleeyam

Choose Your Preference

₹1000/Year

₹2000/2 Years

₹500/Year(Students)

One TimeAny Amount

Also Read