ഇത് എട്ട് മാസമായി ശമ്പളം കിട്ടാത്ത തൊഴിലാളികളുടെ സമരം

Support Keraleeya

Help us in our pursuit for high-quality journalism!

Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.

Support Keraleeyam Choose your preference

₹1000/Year

₹2000/2 Years

₹500Students/Year

A contribution of any size

ONE TIME
right-bg

മാധ്യമം മാനേജ്‌മെന്റ് പ്രധാനമായും ചൂണ്ടിക്കാണിക്കുന്ന പ്രശ്‌നം പ്രിന്റ് മീഡിയ നേരിടുന്ന അസാധാരണമായ പ്രതിസന്ധിയാണ്. പുതിയകാലത്ത് വായനക്കാരെ കിട്ടാനില്ല. വലിയ സാമ്പത്തിക പ്രതിസന്ധി പത്രങ്ങള്‍ നേരിടുന്നു. വരവും ചെലവും തമ്മില്‍ പൊരുത്തപ്പെടുന്നില്ല. അതിനാലാണ് മാനേജ്‌മെന്റ് കരാര്‍വല്‍ക്കരണം എന്ന പുതിയ വഴി അന്വേഷിച്ചത്. ഇതില്‍ യൂണിയന്റെ അഭിപ്രായം എന്താണ്?

സമരത്തിന്‍റെ പശ്ചാത്തലവും തൊഴിലാളികൾ അനുഭവിച്ചുകൊണ്ടിരിക്കുന്ന കടുത്ത ജീവിത ദുരിതങ്ങളും ഹ്രസ്വമായെങ്കിലും പറയാതെ ഈ ചോദ്യത്തിലേക്ക് കടക്കാനാവില്ല. കടുത്ത മനുഷ്യാവകാശ ലംഘനത്തിന്റെയും നിയമനിഷേധത്തിന്റെയും നീതികേടിന്‍റെയും ഏറ്റവും പരിതാപകരമായ അനുഭവത്തിലൂടെയാണ് മാധ്യമത്തിലെ തൊഴിലാളികൾ കടന്നുപോകുന്നത്​. ലോകമെങ്ങും നടക്കുന്ന മനുഷ്യാവകാശ പ്രശ്‌നങ്ങളും ശമ്പളനിഷേധം അടക്കം നീതികേടുകളും ജനങ്ങള്‍ക്ക് മുന്നില്‍ നിരത്തുന്ന മാധ്യമങ്ങളിലെ നീതികേട്​ പുറംലോകം വേണ്ടവിധത്തിൽ ഏറ്റെടുക്കുന്നുണ്ടോ എന്ന് സംശയിക്കുകയും ആശങ്കപ്പെടുകയും ചെയ്യേണ്ട നാളുകളാണ് നമ്മുടെ മുന്നിലൂടെ കടന്നുപോകുന്നത്​. ആറേഴ് വര്‍ഷം മുമ്പ് രൂപപ്പെടുകയും ക്രമേണ പെരുകി സ്‌ഫോടനാത്മകമായ സ്ഥിതിവിശേഷത്തിലേക്ക് വളരുകയും ചെയ്തതാണ്​ തൊഴിലാളികൾ നേരിടു​ന്ന ജീവിത പ്രതിസന്ധി.

തികഞ്ഞ കെടുകാര്യസ്ഥതയും ഭരണപാളിച്ചകളും മിസ്​മാനേജ്​മെന്‍റും ഭാവനാ ദാരിദ്ര്യവും തീർത്ത മുരടിപ്പും ജഡത്വവുമാണ്​ കേരളത്തിലെ ഏറ്റവും വിശ്വാസ്യതയുള്ള പത്രം എന്ന നിലയിൽ നിന്ന്​ സ്വന്തം തൊഴിലാളികളെ ശത്രുവായി കാണുന്ന സ്ഥാപനമെന്ന നിലയിലേക്ക്​ മാധ്യമത്തെ കൂപ്പുകുത്തിച്ചത്​. സ്ഥാപനത്തിനകത്തും പുറത്തും നടത്തിയ വിവിധതരം പ്രതിഷേധങ്ങളോട്​ അധികാരികൾ മുഖംതിരിഞ്ഞു നിന്ന സാഹചര്യത്തിൽ കഴിഞ്ഞ ഫെബ്രുവരിയിൽ 24 മണിക്കൂർ നിരാഹാര സത്യഗ്രഹം അടക്കം പരിപാടികളുമായി തുടർന്ന സമരം അന്നത്തെ തൊഴിൽ മന്ത്രി വി. ശിവൻകുട്ടി വിളിച്ചുചേർത്ത യോഗത്തിലെ ധാരണയുടെ അടിസ്ഥാനത്തിലാണ്​ ഫെബ്രുവരി 27ന്​ നിർത്തിവെച്ചത്​. മാർച്ച്​ 15നകം ഒരു മാസത്തെയും ഏപ്രിൽ 15നകം ഒരു മാസത്തെയും ശമ്പളം വിതരണം ചെയ്യുക, തൊഴിലാളികൾ ഉന്നയിക്കുന്ന എല്ലാ ​പ്രശ്നങ്ങളും അതിന് മാനേജ്​മെന്‍റിന്‍റെ മറുവാദവും പഠിച്ച്​ ഒരു മാസത്തിനകം റിപ്പോർട്ട്​ സമർപ്പിക്കാൻ ന്യൂസ്​ പേപ്പർ ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ കമ്മീഷനെ നിയമിക്കുക എന്നിവയായിരുന്നു മന്ത്രി മുന്നോട്ടുവെച്ച പ്രധാന നിർദേശങ്ങൾ. അന്ന് നാല് മാസമായിരുന്നു ശമ്പള കുടിശ്ശിക. മാർച്ച്​ 15നകവും ഏപ്രിൽ 15നകവും ഓരോ മാസത്തെ ശമ്പള വിതരണം നടന്നു. എന്നാൽ, അപ്പോഴേക്കും പുതിയ രണ്ട് മാസത്തെ ശമ്പളത്തിന്‍റെ സമയമായതിനാൽ കുടിശ്ശികയ്ക്ക്​ കുറവ്​ വന്നില്ല. മന്ത്രി നിർദേശിച്ച ഏപ്രിൽ 15ന് ശേഷം ശമ്പള വിതരണം വീണ്ടും പാടേ താളം തെറ്റുകയായിരുന്നു. ബലിപെരുന്നാൾ പ്രമാണിച്ച്​ മേയ്​ 20നകം ഒരു മാസ ശമ്പളം വിതരണം ചെയ്യാമെന്ന് മാനേജ്​​മെന്‍റ്​ തന്നെ ന്യൂസ്​പേപ്പർ ഇന്‍സ്​പെക്ടർ മുമ്പാകെ അറിയിച്ചതാണെങ്കിലും അതുണ്ടായില്ല. ഏപ്രിൽ 27ന്​ ന്യൂസ്​പേപ്പർ ഇൻസ്​പെക്ടർ സർക്കാറിന് സമർപ്പിച്ച റിപ്പോർട്ട്​ അതതു മാസം കൃത്യമായി ശമ്പള വിതരണം നടക്കണമെന്നും കുടിശ്ശിക ഡിസംബർ 31നകം തീർക്കണമെന്നും നിർദ്ദേശിക്കുന്നതായിരുന്നു. എന്നാൽ, ഇത്​ നടപ്പാക്കാൻ മാനേജ്​മെന്‍റോ നടപ്പിലാക്കിക്കാൻ സർക്കാറോ ശ്രമിക്കാതിരുന്നതാണ്​ പ്രതിസന്ധി അതി ഗുരുതര നിലയിലേക്ക്​ എത്തിച്ചത്​.

അനിശ്ചിതകാല സമരം സി.ഐ.ടി.യു അഖിലേന്ത്യാ ജനറൽ സെക്രട്ടറി എളമരം കരീം ഉദ്ഘാടനം

പലവിധ സമ്മർദങ്ങൾക്കും മുഖ്യമന്ത്രി അടക്കമുള്ളവരുമായി നടത്തിയ കൂടിക്കാഴ്ചകൾക്കും ശേഷം ആഗസ്റ്റ്​ 24ന്​ തൊഴിൽ മന്ത്രി ബിന്ദു കൃഷ്ണ ഒത്തുതീർപ്പ്​ ചർച്ച വിളിക്കുമ്പോൾ ശമ്പള കുടിശ്ശിക ഏഴ് മാസത്തേതായി വളർന്നിരുന്നു. ജൂലൈയിൽ രണ്ട് തവണയായി നൽകിയ 10,000 രൂപ വീതം കഴിച്ചാൽ ജനുവരി ശമ്പളം പോലും ബാക്കി.​ പി.എഫിൽനിന്നും സാധ്യമാവുന്ന ആധികാരിക ധനകാര്യ സ്ഥാപനങ്ങളിൽനിന്നുമെല്ലാം കടമെടുത്ത് വലഞ്ഞ തൊഴിലാളികളിൽ പലരും ലോൺ ആപ്​ അടക്കമുള്ള കെണികളിൽ പെട്ട് കിടക്കുകയാണ്​. അക്കൗണ്ടിലേക്ക്​ പണം എത്താത്തതിനാൽ ബാങ്കുകളിൽനിന്ന്​ വായ്പ കിട്ടാത്ത സ്ഥിതി. സൗഹൃദങ്ങൾ കുടുതലും സ്ഥാപനത്തിൽ തന്നെയായതിനാൽ വ്യക്തികളിൽനിന്നും കടം കിട്ടാത്ത അവസ്ഥ. ​ ഉള്ള സ്വർണമെല്ലാം കടത്തിന്​ ഈടായി ബാങ്കിൽ. അടിയന്തരവും ഒഴിവാക്കാൻ പറ്റാത്തതുമായി ആവശ്യങ്ങൾ നിർവഹിക്കാൻ പോലും ഗതിയില്ലാതെ മിക്ക തൊഴിലാളികളും കടുത്ത മാനസിക സമ്മർദ്ദത്തിന്‍റെ പിടിയിൽ. സമ്മർദ്ദം താങ്ങാനാവാതെ പലരും പലവിധ രോഗങ്ങളുടെ പിടിയിൽ. തികഞ്ഞ അരക്ഷിതാവസ്ഥയും ആശങ്കയും ഗ്രസിച്ചുനിൽക്കുന്ന ഘട്ടത്തിലായിരുന്നു മന്ത്രിതല ചർച്ച. ഈ ദയനീയ സ്ഥിതിയിലാണ്​ മൂന്ന് മാസത്തെ ശമ്പളം ഉടനെ നൽകുക, കുടിശ്ശികക്കാര്യം പിന്നീട്​ ചർച്ച ചെയ്ത് സമയക്രമം നിശ്ചിയിക്കാമെന്ന് തൊഴിലാളികൾ നിർദ്ദേശം മുന്നോട്ടുവെച്ചത്​. മൂന്ന് മാസ ശമ്പളം അടിയന്തരമായി നൽകണമെന്നായിരുന്നു മന്ത്രിയുടെയും നിർദേശം. എന്നാൽ, 10,000 രൂപക്കപ്പുറം നൽകാനാവില്ലെന്ന കടുംപിടുത്തത്തിൽ തെല്ലിട മാറാൻ മാനേജ്​മെന്‍റ്​ തയാറായില്ല.

എങ്ങനെയും തൊഴിലാളികളെ പുകച്ച് പുറത്തുചാടിക്കുക എന്ന ഹീനതന്ത്രമാണ്​ അവർ പയറ്റുന്നത്​. അധിക ജീവനക്കാർ ആണ് പ്രശ്നമെന്നും രാജിവെച്ചൊഴിയണമെന്നും കഴിഞ്ഞ കഴിഞ്ഞ ഡിസംബറിൽ ട്രസ്​റ്റ്​ ചെയർമാൻ നടത്തിയ ആഹ്വാനത്തെയും സ്ഥാപനത്തിൽ തുടർന്നാൽ ഗ്രാറ്റുവിറ്റി പോലും കിട്ടിയേക്കില്ലെന്നും പല രൂപത്തിൽ ​പ്രചരിപ്പിച്ച ഭീഷണികളെയും തുടർന്ന്​ ഇരുനൂറോളം പേർ ജനുവരി 31ഓടെ സ്ഥാപനം വിട്ടിരുന്നു. എന്നാൽ, ഇവരിൽ ഗണ്യമായൊരു വിഭാഗത്തിന്​ പുനർനിയമനം നൽകിയ മാനേജ്​മെന്‍റ്​ അധിക ജീവനക്കാർ എന്ന സ്വന്തം വാദം തന്നെ പൊളിക്കുകയായിരുന്നു. ഇവർക്ക് തുടർന്നിങ്ങോട്ട് കൃത്യമായും ശമ്പളം വിതരണം ചെയ്തു വരുന്നുമുണ്ട്​. രാജിവെച്ച്​ കരാർ നിയമനം നേടാൻ ശേഷിക്കുന്ന തൊഴിലാളികൾക്കു് മേൽ സമ്മർദം തുടരുകയുമാണ്​. ഇങ്ങനെയായാൽ കൃത്യമായി ശമ്പളം ലഭ്യമാക്കാമെന്നാണ് വാഗ്ദാനം. നിർബന്ധിത കരാർവത്​കരണവും നിർബന്ധിത രാജിയുമാണ്​ ശമ്പള നിഷേധത്തിന്‍റെ ആത്യന്തിക ലക്ഷ്യമെന്ന്​ ഇതിൽ നിന്ന് വ്യക്​തം. അടിസ്ഥാന സൗകര്യങ്ങൾ നിഷേധിച്ച്,​ ഊരുവിലക്കി ആളുകളെ വരുതിക്ക് കൊണ്ടുവരാൻ ശ്രമിക്കുന്ന ചില പുരാതന ഗോത്രരീതികൾ പോലെ തൊഴിലാളികൾക്ക് മേൽ സാമ്പത്തിക ഉപരോധം ഏർപ്പെടുത്തി ജീവിതം നരകതുല്യമാക്കുകയും ഗത്യന്തരമില്ലാതെ അവർ രാജിവെച്ചൊഴിയുന്ന സാഹചര്യം സൃഷ്​ടിക്കുകയുമാണ്​ മാനേജ്​മെന്‍റ്​ തന്ത്രം.

തൊഴിലാളികൾ നേരിടുന്നത് ചൂഷണം എന്ന വാക്ക് മതിയാകാത്ത കടുത്ത മനുഷ്യത്വരാഹിത്യമാണ്​. ഇതിനൊപ്പം സാമൂഹിക മാധ്യമങ്ങളിലൂടെയും മറ്റുമുള്ള കടുത്ത അപഹാസവും ഭീഷണിയും അവരെ കൂടുതൽ മാനസിക സമ്മർദ്ദങ്ങളിലേക്കും പ്രതിസന്ധികളിലേക്കും തള്ളിവിടുകയാണ്​. മറ്റ് പല നല്ല ജോലികളും ലഭ്യമായിട്ടും പത്രപ്രവർത്തനത്തോടുള്ള പ്രതിബദ്ധതയിൽ ഇവിടെ തുടരുകയും സ്ഥാപനത്തിന്‍റെ വളർച്ചക്ക് ദീപശിഖയേന്തുകയും ചെയ്തവരോട് പോലും വിട്ടിട്ടുപോയ്ക്കൂടേ എന്ന അവജ്ഞാപൂർവമുള്ള ചോദ്യമാണുയർത്തുന്നത്​. ആനുകൂല്യങ്ങൾ നൽകി പിരിഞ്ഞുപോകാൻ അവസരം നൽകിയിട്ടും കടിച്ചുതൂങ്ങി കിടക്കുന്നു എന്നാണ്​ കാപ്സ്യൂളുകൾ ഏറ്റുപാടി സോഷ്യൽ മീഡിയയിൽ നടക്കുന്ന പ്രചാരണം. സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ എന്ന പേരിൽ മാറ്റിവെച്ച നാല് മാസത്തിലേറെ വരുന്ന ശമ്പളത്തിന്‍റെ പകുതി മാനേജ്​മെന്‍റിന്​ നൽകി രാജിവെപ്പിക്കാൻ സമ്മർദം പ്രയോഗിക്കുന്നവരെ വിശേഷിപ്പിക്കാൻ ഭാഷാ നിഖണ്ടുവിൽ ഇനിയും പുതിയ വാക്കുകൾ ​ഉണ്ടാവേണ്ടിവരും.

എസ്.ടി.യു സംസ്ഥാന പ്രസിഡണ്ട് അഡ്വ. എം. റഹ്മത്തുള്ള എം.എൽ.എ സമരപന്തലിൽ

ആനുകൂല്യങ്ങള്‍ നല്‍കി പിരിഞ്ഞുപോകാന്‍ മാനേജ്‌മെന്റ് അവസരം നല്‍കിയെന്നത് വ്യാജപ്രചാരണം മാത്രമാണ്. പിരിഞ്ഞു പോകുന്നവര്‍ക്ക് ഒരാനുകൂല്യവും യഥാ‍ർത്ഥത്തില്‍ നൽകിയില്ല. രാജിവെച്ചുപോയാല്‍ ശമ്പള കുടിശ്ശികയും ഗ്രാറ്റുവിറ്റിയും നല്‍കാമെന്ന് മാത്രമാണ് ഇപ്പോഴും ‘ഓഫര്‍’. ഒപ്പം ഡെഫേര്‍ഡ് സാലറിയുടെ പകുതി മാത്രവും. ഫലത്തില്‍ ഡെഫേര്‍ഡ് സാലറിയുടെ പകുതി മാനേജ്‌മെന്റിന്നു നല്‍കി പിരിഞ്ഞു പോകാമെന്ന് സാരം. രാജിവെച്ചൊഴിയാന്‍ സ്ഥാപനത്തിന് തുക നല്‍കേണ്ട ഗതികേടാണ് ഈ ‘ആനുകൂല്യ ഓഫറി’ന്റെ വിചിത്രവശം. നിയമാനുസൃതം പ്രവര്‍ത്തിക്കുന്ന ഏത് സ്ഥാപനത്തിലും തൊഴിലാളി രാജിവെച്ചുപോകുമ്പോള്‍ നല്‍കേണ്ട നിയമപരമായ ബാധ്യത മാത്രമാണ് ചിലര്‍ കൊട്ടിഘോഷിക്കുന്ന ആനൂകൂല്യം. രാജിവെച്ചാല്‍ ഗ്രാറ്റുവിറ്റിയും ശമ്പള കുടിശ്ശികയും കിട്ടും അല്ലെങ്കില്‍ അതുമില്ലാതായേക്കുമെന്നാണ് വീണ്ടുമുയരുന്ന പരോക്ഷ ഭീഷണി.

വര്‍ഷങ്ങള്‍ പണിയെടുത്തതിന് ന്യായമായും കിട്ടേണ്ട ഗ്രാറ്റുവിറ്റി കിട്ടാതായേക്കുമെന്ന ആശങ്ക സൃഷ്ടിച്ച കടുത്ത മാനസികാഘാതമാണ് പകുതിയിലേറെ തൊഴിലാളികളെ രാജിക്കു നിർബന്ധിതരാക്കിയത്​. മക്കളുടെ വിവാഹ ആവശ്യത്തിനടക്കം മനസ്സില്‍ കണക്കുകൂട്ടിവെച്ച തുക നഷ്ടമായേക്കുമെന്ന ഭീതി മിക്കവരുടെയും ഉറക്കം കെടുത്തി. നഷ്ടബോധത്തിലും നിരാശയിലും ദിവസങ്ങളോളം ഉറങ്ങാന്‍ കഴിയാത്തതിന്റെ വ്യാകുലതകള്‍ പങ്കുവെച്ച് വിളിച്ചവര്‍ നിരവധിയായിരുന്നു. ഇപ്പോള്‍ ഇല്ലെങ്കില്‍ പിന്നീട് ഉണ്ടായേക്കില്ല എന്ന പരോക്ഷ സന്ദേശങ്ങളും പ്രചരിച്ചു. ഇതോടെ ആളുകള്‍ക്കിടയില്‍ പരിഭ്രാന്തി വ്യാപകമാവുകയായിരുന്നു. ജനുവരി 31ന് കൂട്ട രാജിയിലേക്കു നയിച്ചത് ഈ പരിഭ്രാന്തിയായിരുന്നു. 31ന് രാത്രി 11.50ന് ഓഫിസില്‍ എത്തി രാജി സമര്‍പ്പിച്ചയാള്‍ ഈ പരിഭ്രാന്തിയുടെയും ട്രോമയുടെയും ഉത്തമോദാഹരണമായിരുന്നു.

വിവര വിനിമയ സ​ങ്കേതങ്ങളിലുണ്ടായ കുതിപ്പ്​ വെല്ലുവിളികൾ തീർക്കുന്നുണ്ടെങ്കിലും ലാഭത്തിൽ കുറവ്​ വന്നതല്ലാതെ അത്​ അച്ചടി മാധ്യമങ്ങളെ ശമ്പളം നൽകാൻ കഴിയാത്ത വിധത്തിലേക്ക് തളർത്തി എന്ന് പറയുന്നത്​ സത്യത്തിനും ഡാറ്റകൾക്കും നിരക്കാത്ത വസ്തുതയാണ്​. ഇന്ത്യയിൽ അച്ചടി മാധ്യമങ്ങൾ വളർച്ചയുടെ പാതയിൽത്തന്നെയാണെന്നാണ്​ ഏറ്റവുമൊടുവിലത്തെ കണക്കുകളും വ്യക്തമാക്കുന്നത്​. മാധ്യമത്തിന്‍റെ വാർഷിക വിറ്റുവരവിലും നടത്തിപ്പിലെ പാളിച്ചകൾക്ക്​ ആനുപാതികമായ തളർച്ച ഉണ്ടായിട്ടില്ലെന്ന കണക്ക്​ അച്ചടിമാധ്യമങ്ങൾക്ക് പൊതുവെയും ബ്രാൻഡിന്‍റെ മൂല്യത്തിലും സ്വീകാര്യതയ്ക്ക് കുറവുണ്ടായിട്ടില്ലെന്ന് തന്നെയാണ്​ വ്യക്​തമാക്കുന്നത്​. പത്രത്തെ വെറുമൊരു ഇവന്‍റ്​ കമ്പനിയാക്കി മാറ്റാൻ നടത്തിയ ശ്രമവും കണക്കിലെ കളികൾ വെച്ചുമുള്ള കാട്ടിക്കൂട്ടലുകളുമാണ്​ വാസ്​തവത്തിൽ ആ ബ്രാൻഡിന്​ എന്തെങ്കിലും ഇടിവുണ്ടായിട്ടുണ്ടെങ്കിൽ അതിന് കാരണം. വാളെടുത്തവർ എല്ലാം വെളിച്ചപ്പാട്​ എന്ന നിലയും ആട്ടുന്നവനെ പിടിച്ചു നെയ്യാ​ൻ ഏൽപ്പിച്ചതുമൊക്കെയാണ്​ യഥാർത്ഥ പ്രശ്നം. ഇഷ്ടക്കാരെ താക്കോൽ സ്ഥാനങ്ങളിൽ പ്രതിഷ്ഠിക്കാൻ നടത്തിയ അമിത വ്യഗ്രതക്കും കാര്യമായ പണിയില്ലാതെ മാനേജർമാർ ചുറ്റിത്തിരിഞ്ഞ് വരുത്തിയ ദുർവ്യയത്തിനുമൊക്കെ പരിഹാരം പ്രിന്‍റ്​ മീഡിയ മരിച്ചു എന്ന വിലാപകാവ്യമല്ല.

പണിയെടുത്തതിന് കൂലി മാധ്യമങ്ങളിൽ എന്നല്ല, ഏത് തൊഴിൽ മേഖലയിലും ഒഴിവാക്കാനാവാത്ത സംഗതിയാണ്​. ഓരോ തൊഴിൽ മേഖലക്കും അതിന്‍റെ സാഹചര്യങ്ങൾക്കും തൊഴിലാളിയുടെ വൈദഗ്​ധ്യത്തിനും അനുസരിച്ച്​ നിയമ-ഭരണ സംവിധാനങ്ങൾ കുറഞ്ഞ കൂലി നിശ്ചയിച്ചിട്ടുണ്ട്​. രാജ്യത്ത് പ്രവർത്തിച്ച് പോകണമെങ്കിൽ ആ സ്​ഥാപനം തൊഴിലാളിക്ക്​ കൂലി നൽകിയിരിക്കണം. വരുമാനം വഴി തിരിച്ചുവിട്ടും നഷ്ടക്കണക്ക്​ നിരത്തിയും കൂലി നിഷേധിക്കുന്നത്​ നിയമത്തെ വെല്ലുവിളിക്കുന്നതിന് തുല്യമാണ്​. മാത്രമല്ല, മാധ്യമങ്ങളുടെ ലാഭനഷ്ടക്കണക്ക്​ വെറും അക്കങ്ങളിൽ ഒതുങ്ങുന്നതല്ല. മാധ്യമം എന്ന ബ്രാൻഡ്​ ഉപയോഗിച്ച്​ അതിന്‍റെ നടത്തിപ്പുകാർ ഉണ്ടാക്കിക്കൊണ്ടിരിക്കുന്ന രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക ലാഭം യഥാർത്ഥ ലാഭത്തിന്‍റെ പതിന്മടങ്ങുകളാണെന്ന യാഥാർഥ്യം തിരിച്ചറിയേണ്ടതുണ്ട്​. മുഖ്യമന്ത്രിയുമായും മന്ത്രിമാരുമായും മറ്റ്​ ഉന്നതരുമായി അവരുണ്ടാക്കുന്ന അടുപ്പവും വിരുന്ന്​ സൽക്കാരങ്ങളും അതുവഴിയുണ്ടാക്കുന്ന രാഷ്ട്രീയമടക്കം മറ്റ് നേട്ടങ്ങളും സാധാരണ ജനം കാണാതിരിക്കുന്നു എന്ന്​ ആരും ധരിക്കേണ്ടതില്ല.

മാധ്യമത്തിൽ സവിശേഷമായ ഒരു പ്രതിസന്ധി കൂടി നേരിടുന്നതായി മാനേജ്‌മെന്റ് ചൂണ്ടിക്കാണിക്കുന്നുണ്ട്. സ്ഥാപനത്തില്‍ തൊഴിലാളികളുടെ എണ്ണം കൂടുതലാണ്. ഇന്റര്‍നെറ്റിന്റെ പുതിയ കാലത്ത് ഇത്രയധികം തൊഴിലാളികളെ ആവശ്യമില്ല. അവരെ നിലനിര്‍ത്തി സ്ഥാപനം മുന്നോട്ടുകൊണ്ടുപോകാന്‍ കഴിയില്ല. അക്കാര്യത്തിൽ എന്താണ് നിങ്ങളുടെ നിലപാട്?

അധിക തൊഴിലാളികൾ എന്ന വാദമുയർത്തിയാണല്ലോ കഴിഞ്ഞ ഡിസംബർ-ജനുവരി മാസങ്ങളിലായി ഇരുനൂറോളം പേരെ നിർബന്ധിച്ച് രാജിവെപ്പിച്ചത്​. അവരിൽ നല്ലൊരു പങ്കിനും പിന്നീട്​ പുനർ നിയമനം നൽകി എന്ന് വരുമ്പോൾ അധിക ജീവനക്കാർ എന്ന സ്വന്തം ചിത്രീകരണം തന്നെ പൊളിഞ്ഞുവീഴുകയാണെന്ന്​ തലപ്പത്തുള്ളവർ മനസ്സിലാക്കേണ്ടതുണ്ട്​. മാത്രമല്ല, ഒട്ടേറെ പേരെ വീണ്ടും നിയമിച്ചുകൊണ്ടിരിക്കുന്നുമുണ്ട്​. മതിയായ തൊഴിലാളികൾ ഇല്ലാത്തതിനാൽ സുഗമമായ പ്രവർത്തനം നടക്കുന്നില്ല എന്ന് ബന്ധപ്പെട്ടവർ ആഭ്യന്തര യോഗങ്ങളിൽ തുറന്നു സമ്മതിക്കുന്നുമുണ്ട്​. തൊഴിലാളികൾ അധികം എന്നതല്ല, അവർക്ക്​ കൂലി കൊടുക്കാൻ പറ്റില്ല എന്നതാണ് മാനേജ്​മെന്‍റ്​ വ്യംഗ്യമായി മുന്നോട്ടുവെക്കുന്നത്​. തന്നെയുമല്ല, തൊഴിലാളികൾ ആരും ഓട്​ പൊളിച്ചിറങ്ങി സ്വയം അവരുടെ കസേരയിൽ കയറി ഇരിപ്പുറപ്പിച്ചവരല്ല. അധികാര കേന്ദ്രങ്ങളിലിരിക്കുന്നവർ നടത്തിയ നിയമനങ്ങളാണിവയെല്ലാം. ആവശ്യമില്ലാതെ നിയമനം നടത്തിയെന്നാണെങ്കിൽ അതിന്​ ശിക്ഷിക്കപ്പെടേണ്ടത്​ ഉത്തരവാദപ്പെട്ട സ്ഥാനങ്ങളിൽ ഇരിക്കുന്നവരാണ്​. അല്ലാതെ തൊഴിലാളികളല്ല.

അഡ്വ. കെ. ജയന്ത് എം.എൽ.എ സമരപന്തലിൽ

മജീദിയ വേജ് ബോര്‍ഡ് മാധ്യമത്തില്‍ നടപ്പാക്കിയപ്പോള്‍ ക്ലാസ് നിശ്ചയിക്കുന്നതില്‍ മാനേജ്‌മെന്റിന് അബദ്ധം പറ്റി. സ്ഥാപനത്തിന്റെ വരുമാനത്തിന്റെ അടിസ്ഥാനത്തില്‍ അല്ല അന്ന് ശമ്പളം നിശ്ചയിച്ചത്. ഇത് സാമ്പത്തിക പ്രതിസന്ധിയിലേക്ക് സ്ഥാപനത്തെ നയിക്കുന്നതിന് കാരണമായിട്ടുണ്ടോ? വീരേന്ദ്രകുമാറിനെ പോലെയുള്ള ആളുകള്‍ അക്കാലത്ത് തന്നെ മാധ്യമം മാനേജ്‌മെന്റിനോട് ഇക്കാര്യം ചൂണ്ടിക്കാണിച്ചിരുന്നു എന്നും കേൾക്കുന്നുണ്ട്?

അബദ്ധം അല്ല, മാനേജ്​മെന്‍റ്​ തൊഴിലാളികളെ സമർത്ഥമായി കബളിപ്പിക്കുകയാണ് വാസ്തവത്തിൽ ചെയ്തത്​. വാർഷിക വിറ്റുവരവിന്‍റെ അടിസ്ഥാനത്തിൽ ശമ്പളം നൽകുക എന്നതാണ്​ വേജ്​ബോർഡ്​ വ്യവസ്ഥ. ഒരു ബ്രാൻഡിന് കീഴിലുളള എല്ലാ പ്രസിദ്ധീകരണങ്ങളുടെയും വരുമാനം ഒരുമിച്ച് കണക്കാക്കി വേണം വാർഷിക വിറ്റുവരവ്​ നിശ്​ചയിക്കാൻ. എന്നാൽ, അതിസമ്പന്നമായിരുന്ന ​ഗൾഫ്​ മാധ്യമത്തിന്‍റെ വിറ്റുവരവ്​ ശമ്പള നിർണയത്തിൽ പരിഗണന ആയതേയില്ല. 50 കോടിക്കും നൂറ് കോടിക്കുമിടയിൽ വാർഷിക വിറ്റുവരവുള്ള സ്ഥാപനം നൽകേണ്ട ക്ലാസ്​ നാലിലേക്ക്​ ഇടക്ക്​ ശമ്പളം ഉയർത്തിയതായി കൊട്ടിഘോഷിക്കപ്പെട്ടെങ്കിലൂം അധികമായി ലഭിക്കേണ്ട ആനുകൂല്യങ്ങളിൽ പകുതിയും പിടിച്ചുവെച്ചുകൊണ്ടായിരുന്നു ഈ മേനി നടിക്കൽ. ആ ഭാഗിക ക്ലാസ്​ വർധനയും പിന്നീട്​ നിയമവിരുദ്ധമായി വെട്ടിക്കുറക്കുകയായിരുന്നു. അഞ്ചാറ് വർഷമായി വാർഷിക ഇൻക്രിമെന്‍റ്​ പോലുമില്ലാതെയാണ്​ ഭൂരിപക്ഷം തൊഴിലാളികളും പണിയെടുക്കുന്നത്​. വർധിച്ചുവരുന്ന ജീവിതച്ചെലവുകളിൽ പിടിച്ചുനിൽക്കാൻ സഹായകമായിരുന്ന ഡി.എ വർധന പോലും ഇപ്പോൾ നൽകുന്നില്ല. സുപ്രീംകോടതി വേജ്​ബോർഡ്​ ശിപാർശ ശരിവെച്ചയുടൻ മുൻകാല പ്രാബല്യത്തോടെ അത് നടപ്പാക്കിയ സ്ഥാപനമാണ്​ വീരേന്ദ്രകു​മാറിന്‍റെ കാലത്തെ മാതൃഭൂമി. തുടർന്നി​ങ്ങോട്ടും അവർ വേജ്​ബോർഡ്​ ആനുകൂല്യങ്ങൾ കൃത്യമായി നൽകിവരുന്നു. കേരളത്തിലെ ഏതാണ്ട്​ എല്ലാ പത്രങ്ങളും വേജ്​ബോർഡ്​ നടപ്പാക്കിയരാണ്​. അവർ ഉൾപ്പെടുന്ന വരുമാന പരിധിയുടെ ക്ലാസിൽ ആണെന്ന് മാത്രം.

രണ്ടാം പിണറായി സര്‍ക്കാരിന്റെ അവസാന കാലത്താണല്ലോ പത്രപ്രവര്‍ത്തക യൂണിയന്റെ സമരത്തെ തുടര്‍ന്ന് ലേബര്‍ ഓഫീസര്‍ മാധ്യമത്തിലെ വിഷയങ്ങൾ പഠിച്ച് സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ഈ റിപ്പോര്‍ട്ടില്‍ തൊഴിലാളികള്‍ക്ക് അനുകൂലമായി എന്തെല്ലാം കാര്യങ്ങളാണ് പറഞ്ഞിട്ടുള്ളത്? യു.ഡി.എഫ് സര്‍ക്കാര്‍ ആ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നടപടി സ്വീകരിക്കുമോ?

തൊഴിലാളിക്ക് ശമ്പളം നൽക​ണമെന്ന് മാത്രമാണ്​ റിപ്പോർട്ടിൽ പറയുന്നത്​. അത് വേണ്ടെന്ന്​ ഏതു സർക്കാറായാലും പറയുമെന്നു തോന്നുന്നില്ല. കോൺഗ്രസും സി.പി.എമ്മുമെല്ലാം അടിസ്ഥാനപരമായി നിലകൊള്ളുന്നത്​ മാനുഷിക മൂല്യങ്ങൾക്ക് വേണ്ടിയാണല്ലോ. പണിയെടുക്കുന്നവന് കൂലി കിട്ടണമെന്നതും ഈ മാനുഷിക മൂല്യത്തിൽപ്പെടുമല്ലോ.

ജമാഅത്തെ ഇസ്‌ലാമി കേരള ഘടകത്തിന്റെ കീഴിലുള്ള മാനേജ്മെന്റാണല്ലോ മാധ്യമം പത്രം നടത്തുന്നത്. സാംസ്‌കാരിക പ്രവര്‍ത്തകര്‍, ബുദ്ധിജീവികള്‍, മനുഷ്യാവകാശ പ്രവര്‍ത്തകര്‍ തുടങ്ങിയവരുമായി വളരെ അടുപ്പം പുലര്‍ത്തുന്നവരാണ് മാധ്യമം മാനേജ്‌മെന്റ്. അത്തരത്തിലുള്ള ഒരു മാനേജ്മെന്റിനെതിരെ നടക്കുന്ന തൊഴിലാളികളുടെ സമരത്തിന് അവരുടെയൊക്കെ പിന്തുണ ലഭിക്കുമോ?

സാംസ്കാരിക പ്രവർത്തകരോ ബുദ്ധിജീവികളോ മനുഷ്യാവകാശ പ്രവർത്തകരോ ആർക്ക് തന്നെയും നിഷേധിക്കാൻ കഴിയാത്ത ഒന്നാണ്​ വേലയ്ക്ക്​ കൂലി എന്ന അടിസ്ഥാന ആവശ്യം. അതുകൊണ്ടുതന്നെ ആത്യന്തികമായി അവർക്കെല്ലാം തൊഴിലാളിക്കൊപ്പം നിൽക്കേണ്ടിവരും. അത്തരത്തിലൊരു വ്യാപകമായ പിന്തുണക്ക് നേരത്തേ ശ്രമിച്ചിരുന്നില്ല എന്നതാണു യാഥാർഥ്യം. തൊ​ഴിലുടമയും തൊഴിലാളിയും തമ്മിലെ നേർക്കുനേർ പ്രശ്നമായി കാണാനാണ്​ ഇതുവരെ ഞങ്ങൾ ശ്രമിച്ചിരുന്നത്​. ഇപ്പോൾ ബഹുജന പിന്തുണ ​ആവശ്യമായ ഘട്ടമാണ്​. മേൽപറഞ്ഞവരെല്ലാം തൊഴിലാളികളുമായി ഐക്യദാർഢ്യപ്പെടുമെന്നാണ് ഞങ്ങളുടെ പ്രതീക്ഷ. പിന്തുണക്കും സഹകരണത്തിനും പങ്കാളിത്തത്തിനും ഒപ്പം ചേരലിനുമായി അവരോടെല്ലാം അഭ്യർത്ഥിക്കുന്നു. ഏതെങ്കിലും സംഘടനയുമായുള്ള ബന്ധത്തിന്‍റെ പേരിൽ സ്വാഭാവിക നീതിക്ക് വിരുദ്ധമായ നിലപാടെടുക്കാൻ അവർക്ക് കഴിയില്ല എന്നാണു ഞങ്ങളുടെ വിശ്വാസം. സ്ഥാപിത താൽപര്യക്കാരുടെ കപടോക്​തികൾക്കും വ്യാജ ​പ്രചാരണങ്ങൾക്കും വശംവദരാകാതെ ജമാ​അത്തെ ഇസ്​ലാമി പ്രവർത്തകരും അനുഭാവികളും പോലും ആത്യന്തികമായി നീതിയുടെയും ന്യായത്തിന്‍റെയും പക്ഷത്ത് നിലയുറപ്പിക്കാൻ നിർബന്ധിതരാവുക തന്നെ ചെയ്യും.

കേരള യൂണിയൻ ഓഫ് വർക്കിംഗ് ജേർണലിസ്റ്റ്സ് മുൻ സംസ്ഥാന ജനറൽ സെക്രട്ടറി എൻ. പത്മനാഭൻ സമരപന്തലിൽ.

ഇത് ഒരു മുതലാളി നടത്തുന്ന മാധ്യമ സ്ഥാപനമല്ല. മതാത്മക ദ‍ർശനമുള്ള ഒരു മാനേജ്‌മെന്റിന്റെ പത്രമാണ്. പത്രപ്രവര്‍ത്തകരുടെ കരുത്തിലാണ് മാധ്യമം സ്വതന്ത്ര പത്രമെന്ന നിലയില്‍ വളര്‍ന്നുവന്നത്. ഇക്കാര്യം മാനേജ്‌മെന്റ് അംഗീകരിക്കുന്നുമുണ്ട്. ഈ സമരം മാധ്യമത്തെ കൂടുതല്‍ തളര്‍ത്തുകയല്ലേ ചെയ്യുക?

ഏറ്റവും കൊടിയ യാതന അനുഭവിച്ചിട്ടുപോലും ഈയൊരു ജാഗ്രതയോടെയാണ്​ തൊഴിലാളികൾ ഈ ഘട്ടം വരെ മുന്നോട്ടുപോയിരുന്നത്​. പ്രത്യക്ഷ സമരത്തിന്‍റെയും പ്രതിഷേധങ്ങളുടെയും സാഹചര്യങ്ങളെ സുദീർഘകാലം ഞങ്ങൾ എല്ലാ വേദനകളും കടിച്ചൊതുക്കി ഒഴിവാക്കിവിടുകയായിരുന്നു. എന്നാൽ, ആങ്ങള ചത്താലും വേണ്ടില്ല, നാത്തൂന്‍റെ കണ്ണീർ കണ്ടാൽ മതിയെന്ന സമീപനവുമായി ചിലർ കടുംപിടുത്തവും ഗൂഢതന്ത്രങ്ങളും തുടരുമ്പോൾ ജീവിതം മുന്നോട്ടുകൊണ്ടുപോകാൻ മറ്റൊരു വഴിയുമില്ലാ​തെയാണ്​ ഞങ്ങൾ പ്രതിഷേധത്തിന് നിർബന്ധിതരായത്​.

മാധ്യമത്തെ തകര്‍ക്കാന്‍ തക്കം പാര്‍ത്തിരുന്ന ശക്തികള്‍ ഇടതുപക്ഷത്തിന്റെ സഹായത്തോടെ മാധ്യമത്തിലെ ഒരു സംഘം ജീവനക്കാരെ ഉപയോഗിച്ച് നടത്തുന്ന സമരമാണെന്നും ആരോപണമുണ്ടല്ലോ. മനേജ്‌മെന്റിനെ അനൂലിക്കുന്നവര്‍ ഇത് വ്യാപകമായി പ്രചരിപ്പിക്കുന്നുമുണ്ട്. ഇത് വാസ്തവമാണോ ?

ഇത്​ തൊഴിലാളികളുടെ അതിജീവന സമരമാണ്​. ശമ്പള കുടിശ്ശിക എട്ടാം മാസത്തിലേക്ക് കടന്നപ്പോൾ ജീവിതത്തിന്‍റെ രണ്ടറ്റവും മുട്ടിക്കാനാവാതെ ദുരിതക്കയത്തിലായ തൊഴിലാളി അവസാന ജീവശ്വാസത്തിനായി നടത്തുന്ന പോരാട്ടം. ചർച്ചയുടെയും അനുരഞ്ജനത്തിന്‍റെയും എല്ലാ വഴിയും അടഞ്ഞപ്പോൾ ഗത്യന്തരമില്ലാതെ നിർബന്ധിതമായി തെരഞ്ഞെടു​​ക്കേണ്ടിവന്നതാണ്​ ഈ സമരപാത. അതിൽ ഇടത്, വലത്​, മധ്യപക്ഷങ്ങളൊന്നുമില്ല. നീതിക്ക് വേണ്ടിയുള്ള പക്ഷം മാത്രം. രാജ്യത്തെ സമസ്ത തൊഴിലാളി വിഭാഗങ്ങളുടെയും അകമഴിഞ്ഞ പിന്തുണ ഈ സമര വഴികളിലുടനീളമുണ്ട്​. സി.പി.എമ്മിന്‍റെയും കോൺഗ്രസിന്‍റെയും സി.പി.ഐയുടെയും മുസ്ലിം ലീഗിന്‍റെയും ജനതാദളിന്‍റെയും മറ്റ് സോഷ്യലിസ്റ്റ്​ പാർട്ടികളുടെയും കേരള കോൺഗ്രസിന്‍റെയുമെല്ലാം തൊഴിലാളി സംഘടനകൾ കൊടിനിറം നോക്കാതെ തൊഴിലാളി എന്ന ഒറ്റ വികാരത്തിലാണ്​ ഞങ്ങളോടൊപ്പം ചേർന്നുനിൽക്കുന്നത്​. ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡന്‍റാണ്​ സമരസഹായ സമിതി ചെയർമാൻ തന്നെ. സംയുക്ത ട്രേഡ്​ യൂണിയൻ സമിതി ആഭിമുഖ്യത്തിൽ കേരള പത്രപ്രവർത്തക യൂണിയനും കേരള ന്യൂസ്​പേപ്പർ എംപ്ലോയീസ്​ ഫെഡറേഷനും നേതൃത്വം നൽകുന്നതാണ്​ ഈ അതിജീവന പ്ര​ക്ഷോഭം. മറിച്ചുള്ള പ്രചാരവേലകളെല്ലാം സമരത്തെ നിറം പിടിപ്പിച്ച് തകർക്കാനുള്ള കപട തന്ത്രങ്ങൾ മാത്രം.

കേരളത്തിന്റെ ചരിത്രത്തില്‍ മാധ്യമ സ്ഥാപനങ്ങള്‍ക്ക് മുന്നില്‍ തൊഴിലാളികൾ സമരം നടത്തുന്നത് അപൂർവ്വമാണ്. പി.കെ ബാലകൃഷ്ണനെ കേരള കൗമുദിയില്‍ നിന്ന് പിരിച്ചുവിട്ടപ്പോള്‍ വലിയ സമരം നടന്നു. കവി ഡോ. കെ. അയ്യപ്പപ്പണിക്കരാണ് അന്ന് കേരള കൗമുദിക്ക് മുന്നില്‍ സമരം ഉദ്ഘാടനം ചെയ്തത്. പി.കെ ബാലകൃഷ്ണനെ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് മാനേജ്‌മെന്റുമായി സംസാരിച്ചത് പ്രൊഫ. എം.കെ സാനുവാണ്. ഒടുവില്‍ കേരള കൗമുദി പി.കെ ബാലകൃഷ്ണന്‍ ആവശ്യപ്പെട്ട നഷ്ടപരിഹാരം നല്‍കി അ​ദ്ദേഹത്തെ പിരിച്ചുവിടുകയാണ് ചെയ്തത്. മാധ്യമം ദിനപത്രത്തിന്റെ ആദ്യ ചീഫ് എഡിറ്ററായി പിന്നീട് അദ്ദേഹം ചുമതലയേറ്റു. അതൊരു വ്യക്തിയുടെ സമരമായിരുന്നു. എന്നാല്‍ ഇന്ന് മാധ്യമത്തിന് മുന്നില്‍ സമരം നടത്തുന്നത് എട്ട് മാസത്തെ ശമ്പളം ലഭിക്കാതെ പട്ടിണിയിലായ ഒരു കൂട്ടം മാധ്യമപ്രവര്‍ത്തകരാണ്. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെ ശബ്ദം എന്ന് അറിയപ്പെടുന്ന ഒരു സ്ഥാപനത്തിന്റെ മുന്നിലാണ് സമരം നടക്കുന്നത്. മാധ്യമത്തിനൊപ്പം നിന്ന എഴുത്തുകാരുടെയെല്ലാം പിന്തുണ ഈ സമരത്തിന് കിട്ടേണ്ടതല്ലേ?

എഴുത്തുകാരും സാംസ്കാരിക നായകരും അടക്കം അവരുടെ ചരിത്രപരമായ ദൗത്യം നിറവേറ്റാൻ തയാറാവുക തന്നെ ചെയ്യുമെന്നാണ് ഞങ്ങളുടെ പ്രതീക്ഷ. നീതിക്ക് വേണ്ടിയാണല്ലോ അവരെല്ലാം നിലകൊള്ളുന്നത്​. പാർശ്വവത്​കരിക്കപ്പെട്ടവരുടെ ശബ്ദമായി മാധ്യമത്തെ പരിവർത്തിപ്പിച്ച ജേർണലിസ്റ്റുകൾ അടക്കമുള്ളവരാണ്​ എട്ട് മാസം മുമ്പ്​ പണിയെടുത്ത കൂലിക്കായി സമരപ്പന്തലിൽ ഇരിക്കുന്നത്​. അവരില്ലെങ്കിൽ മാധ്യമമില്ല. അതുകൊണ്ടുതന്നെ ഈ സമരം ലക്ഷ്യം കാണേണ്ടത്​ മാധ്യമത്തെ സ്​നേഹിക്കുന്ന ഓരോരുത്തരുടെയും കടമയാണ്​.

നീതിയും നിയമവും പരി​ഗണിച്ച് പല വിഷയങ്ങളിലും സ്വതന്ത്രമായ നിലപാട് സ്വീകരിക്കുന്ന വ്യക്തിയാണ് മുഖ്യമന്ത്രി വി.‍ഡി സതീശൻ. മാധ്യമത്തിലെ തൊഴില്‍ സമരത്തോടെ മുഖ്യമന്ത്രിയുടെ പ്രതികരണം എന്തായിരിക്കും? കരാര്‍വല്‍ക്കരണം അല്ലാതെ വഴിയില്ലെന്ന മാനേജ്‌മെന്റ് വാദത്തെ മുഖ്യമന്ത്രി പിന്തുണയ്ക്കുമോ ? അതോ തൊഴിലാളികളെ സംരക്ഷിക്കണമെന്ന് ആവശ്യപ്പെടുമോ?

മുഖ്യമന്ത്രിയിൽ ഞങ്ങൾക്ക്​ ഇപ്പോഴും വി​ശ്വാസവും പ്രതീക്ഷയുമുണ്ട്​. കാരണം അദ്ദേഹം കേരളത്തിന്‍റെ മുഖ്യമന്ത്രി ആണെന്നതുതന്നെ. സാക്ഷര കേരളത്തിന്‍റെ, ജനാധിപത്യ മൂല്യങ്ങൾക്കും നീതിബോധത്തിനും പൗരാവകാശങ്ങൾക്കും മറ്റെന്തിനേക്കാളും ഉയരെ സ്ഥാനം നൽകുന്ന കേരളത്തിന്‍റെ മുഖ്യമന്ത്രി. അഭിമുഖ അഭ്യാസങ്ങൾക്കോ ചിത്രക്കസർത്തുകൾക്കോ ആ നിലപാടിനെ വളച്ചൊടിക്കാൻ കഴിയില്ല എന്നാണ് പ്രതീക്ഷ. കഴിയും വേഗം മുഖ്യമന്ത്രി മാനേജ്​​മെന്‍റിനെ ചർച്ചക്ക് വിളിക്കണമെന്നും അടിയന്തര പരിഹാരത്തിന് നിർദേശിക്കണമെന്നുമാണ്​ കേരള പത്രപ്രവർത്തക യൂണിയന്​ ആവർത്തിച്ച്​ ആവശ്യപ്പെടാനുള്ളത്.

Also Read

12 minutes read September 8, 2026 2:46 pm