കഥയറിഞ്ഞാൽ മതിയോ ആട്ടം കാണണ്ടേ ?

ആശ്വാസവാക്കുകളും പൊട്ടിച്ചിരിയും

ആട്ടം കണ്ടുകൊണ്ടിരിക്കുമ്പോൾ ഒരിക്കൽ കൂട്ടുകാരിയായിരുന്ന ഒരുവൾ, കേരളവർമ്മ കോളേജിനകത്തെ ‘ഊട്ടി’യിലെ മരങ്ങൾക്കിടയിൽ ഞങ്ങൾ തനിച്ചിരിക്കാറുള്ള തോട്ടിൻ കരയിലെ ചാഞ്ഞ മരത്തിലിരുന്ന് നോവോർമകൾ നീട്ടിയ നേരമോർത്തു നീറി. “ഇന്നെനിക്കറിയാം അയാൾ ചെയ്തത് സെക്ഷ്വൽ ഹരാസ്മെന്റായിരുന്നുവെന്ന്”, അവൾ പറഞ്ഞു.

അവിശ്വസനീയതയോടെ തന്നെ ആയിരുന്നു ഞാൻ അവൾ പറയുന്നത് കേട്ടിരുന്നത്. വീട്ടിലെപ്പോഴും വരാറുള്ള അവളെക്കാൾ നാലഞ്ച് വയസ്സ് അതികമുള്ള ചേട്ടൻ കുഞ്ഞിൽ അവളുമായി കളിച്ചിരുന്ന വേഷം മാറി കളികൾക്കിടയിൽ ചെയ്ത അതിക്രമങ്ങൾ ഓരോന്നും അവൾ വിവരിക്കുമ്പോൾ നിസ്സഹായതയോടെ ഞാൻ കേട്ടിരുന്നു. അന്നേരം അവളെ ചേർത്തുപിടിക്കാൻ പോലും എനിക്കായില്ല. ആ ഓർമയുടെ ഉള്ളു തുറക്കുമ്പോൾ എന്നാൽ അവൾ നിസ്സം​ഗയായിരുന്നു. അതേവരെ മറ്റാരും അറിയാത്ത ആ രഹസ്യം ഞങ്ങൾക്കിടയിലെ നിശബ്ദതയിലേക്ക് പെട്ടെന്ന് മടങ്ങി. ഊട്ടിയിലെ മരങ്ങൾക്കിടയിൽ തണുത്ത കാറ്റ് പടർന്നു. വേനൽ തോട്ടിലെ വെള്ളത്തിലേക്ക് കാറ്റടർത്തിയ ഇലകളുതിർന്നു.

വിട്ടുപോയ വാക്കുകൾ പൂർത്തിയാക്കും പോലെ അവൾ പറഞ്ഞു, “കുഞ്ഞായിരിക്കെ തന്നെ പലവട്ടം റേപ്പ് ചെയ്യപ്പെട്ടു ഞാൻ”. അവളുടെ മുഖത്തേക്കു നോക്കാൻ അപ്പോൾ എനിക്കായില്ല. അനുതാപത്താൽ, ആശ്വസിപ്പിക്കാനുള്ള വ്യ​ഗ്രതയിൽ ഞാൻ അവളോട് പറഞ്ഞു, “ഏയ് … അങ്ങനെയൊന്നും പറയല്ലേ.. നീ റേപ്പ് ചെയ്യപ്പെട്ടിട്ടൊന്നുമില്ല !”

പറഞ്ഞു പോയ വാക്കുകളുടെ അർത്ഥം തിരിച്ചറിയാനായത് അവളുടെ പൊട്ടിച്ചിരിയിലായിരുന്നു. അതേ നോട്ടവും ആ പൊട്ടിച്ചിരിയുടെ മുഴക്കവും ഇന്നലെ ആട്ടം കണ്ടുകൊണ്ടിരിക്കുമ്പോൾ തിയറ്ററിൽ അലയടിച്ചുകൊണ്ടിരുന്നു.

വെറും വാക്കുകളുമായ് ഞാൻ പിന്നെയും അവളെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു. ആ സായാഹ്നത്തോടൊപ്പം എന്നിൽ നിന്നും നടന്നകലും മുൻപ് ഒടുവിൽ അവൾ ചോദിച്ചു,

” ഈ ലോകത്ത് ഒരാണിനും ഒരു പെണ്ണിന്റെ വേദനയെന്തെന്ന് ഒരിക്കലും തിരിച്ചറിയാൻ ആവില്ലല്ലേ ?!”

ആട്ടത്തിനൊടുവിൽ അവതരിപ്പിക്കുന്ന നാടകത്തിൽ വെളുത്ത മുഖം മൂടികളിലൊന്ന് കുറ്റബോധത്താൽ സ്വയം വെളിപ്പെടുത്താനൊരുങ്ങുമ്പോൾ അവൾ വിലക്കുന്നു. വെളുത്ത മുഖം മൂടികൾക്ക് പിന്നിൽ മറഞ്ഞിരിക്കുന്നവർ ഏവരും അന്നേരം കുറ്റവാളികളായിത്തീരുന്നു.

ആട്ടം സിനിമയിൽ നിന്നും ഒരു രംഗം.

വെളുത്ത കുതിരകളുടെ ആൺമുഖം മൂടികൾ

നാടകത്തിൽ അഭിനയിക്കുന്നവരും സിനിമയിൽ ജീവിക്കുന്നവരുമാണ് ആട്ടത്തിലെ കഥാപാത്രങ്ങൾ. അഭിനയത്തിന്റെ വിരുദ്ധ മാനങ്ങൾ ഇങ്ങനെ ആട്ടത്തിലെ കഥാപാത്രങ്ങളിൽ പ്രകടമാകുന്നു. രണ്ട് അരങ്ങുകൾക്കിടയിലെ ഒരു ദിവസം എന്ന് ആട്ടത്തെ ഒരു വരിയിലെഴുതാം. എന്നാൽ ഈ ആട്ടത്തിന്റെ ഓരോ ചുവടും ഒരു വാക്കിൽ ഒടുങ്ങാതിരിക്കുന്നു.

അതിപ്രതാപ ഗുണവാന്മാരായ വെളുത്ത കുതിരകളുടെ മുഖം മൂടിയണിഞ്ഞാടുന്ന ആദ്യത്തെ അരങ്ങിനും വെളുത്ത ആൺമുഖം മൂടിയിൽ മറഞ്ഞവരാടുന്ന ഒടുവിലെ അരങ്ങിനുമിടയിൽ ഒരുവളുടെ അതിജീവന സമരമാകുന്നു ആട്ടം. ഒന്നാം അരങ്ങിൽ കഥാപാത്രങ്ങളായിരുന്നവർ ഒടുവിലെ അരങ്ങിന്റെ കാണികളായി മാറുന്നു. രണ്ടരങ്ങുകൾക്കിടയിലെ ഒരു ദിവസം കഥാപാത്രങ്ങളാണെന്ന ബോധ്യമില്ലാതെ തങ്ങൾ ഉരിയാടിയ വാക്കുകളും ഉന്നയിച്ച ചോദ്യങ്ങളും അവർക്കിടയിലുണ്ടായ അപ്രതീക്ഷിതത്വങ്ങളും വെളുത്ത മുഖമൂടി അണിഞ്ഞവർ ആടുന്നത് കാണുന്നു. കാണികളായി മാറിയ ഓരോ കഥാപാത്രങ്ങളുടെയും മുഖഭാവങ്ങൾ ഒടുവിൽ സിനിമയിൽ പ്രതിഫലിക്കുന്നു. ഒരുവേള അവർ പ്രേക്ഷകർക്കിടയിൽ ഇരിക്കുന്നതായി തോന്നുന്നു. അന്നേരം അരങ്ങിൽ അവളുടെ മുഖം മാത്രം തേജോമയമാകുന്നു.

സിനിമ, നാടകം എന്നീ കലാരൂപങ്ങളെ സമന്വയിപ്പിക്കാൻ ശ്രമിക്കുന്നതോടൊപ്പം തന്നെ കഥാപാത്രങ്ങൾക്കും കാണികൾക്കുമിടയിലെ വേർതിരിവിനെ അട്ടിമറിക്കാനും ആട്ടത്തിനാകുന്നു. സവിശേഷമായ സ്വരൂപങ്ങളും ഉള്ളടരുകളും ഉള്ളവരാണ് ആട്ടത്തിലെ കഥാപാത്രങ്ങൾ. വ്യതിരക്തമായ ജീവിത പശ്ചാത്തലങ്ങളുടെ പ്രതിരൂപങ്ങളാണ് ഓരോ മനുഷ്യരെയും പോലെ ഇവരും. അതിനാൽ അവർക്ക് ജീവിക്കാനും അഭിനയിക്കാനുമാകുന്നു, അതോടൊപ്പം ജീവിതത്തിൽ അഭിനയിക്കേണ്ടിയും വരുന്നു . അവർക്കിടയിൽ ഒരുവൾ തനിച്ചു നിൽക്കുന്നു.

ആട്ടത്തിലെ അഞ്ജലിയായി സരിൻ ഷിഹാബ്.

കാറിന്റെ താക്കോലും പെർഫ്യൂമിന്റെ മണവും

നീതി നടപ്പിലാക്കാനുള്ള മാർഗം സത്യന്വേഷണമാണെങ്കിൽ സത്യം തിരിച്ചറിയാനുള്ള വഴിയെന്താണ് ? തെളിവോ, വിശ്വാസമോ ? ആട്ടം അവസാനിച്ചപ്പോഴും അവശേഷിച്ച ചോദ്യമിതായിരുന്നു. ഈ സമസ്യയുടെ ചുറ്റുമിരുന്നാണ് അരങ്ങ് എന്ന നാടകവേദിയിലെ ആണുങ്ങൾ തങ്ങളുടെ സഹപ്രവർത്തക ഉന്നയിച്ച ലൈംഗികാതിക്രമ പരാതിയിന്മേൽ അവരുടെ അഭിപ്രായങ്ങളും ആശങ്കകളും ആരോപണങ്ങളും ‘ചർച്ച’ ചെയ്യുന്നത്.

നാടകാവതരണത്തിന് ശേഷം നടന്ന പാർട്ടിക്കൊടുവിൽ അഭിനേതാക്കളിൽ ഒരാളിൽ നിന്നും താൻ ലൈംഗികാതിക്രമത്തിന് ഇരയായി എന്ന സഹനടിയുടെ പരാതിയിൽ പ്രതികരിക്കുമ്പോൾ കാഴ്ച്ചയായിരുന്നു വിശ്വാസത്തിന്റെ പ്രമാണമായിരുന്നത്. കണ്ടു എന്ന ഉറപ്പ് ഇല്ലാതാകുന്നതോടെ വിശ്വാസം നഷ്ടമാകുന്നു. മാത്രമല്ല ആരോപിതനെ കുറ്റവിമുക്തനാക്കാൻ പിന്തുണക്കുന്ന ഒരു സ്ക്രീൻഷോട്ടും അവതരിപ്പിക്കപ്പെടുന്നു. കാഴ്ച്ചയുടെ പ്രമാണം വിശ്വാസത്തിന് എതിരാവുന്നു. തങ്ങൾ ചതിക്കപ്പെട്ടതായി അവർ വിശ്വസിക്കുന്നു. എനിക്കുറപ്പുണ്ടെന്ന് അവൾ പറയുമ്പോഴും വിശ്വാസം നേടുന്നതിനായി തെളിവ് ആവശ്യമായി വരുന്നു.

കാറിന്റെ താക്കോൽ തെളിവായി കടന്നുവരുന്നു. പെർഫ്യൂമിന്റെ മണവും കാറിന്റെ താക്കോലുമാണ് പ്രതിയാരാണെന്ന അവളുടെ വിശ്വാസത്തിന്റെ തെളിവുകൾ. എന്നാൽ ആ താക്കോൽ ആരോപണങ്ങളെ അട്ടിമറിക്കുന്നു. ഈ രണ്ട് തെളിവുകളെയും അസാധുവാക്കുന്ന സന്ദർഭങ്ങൾ മുൻപേ അവതരിപ്പിക്കപ്പെട്ടിട്ടുണ്ട്. അത് ഓർമിക്കപ്പെടുകയും അന്വേഷിക്കപ്പെടുകയും ചെയ്യുന്നതോടെ ആ താക്കോലിനും സത്യത്തിന്റെ വാതിൽ തുറക്കാനാവാതെ പോകുന്നു. അപ്പോഴും അവരിൽ ഒരാളോട് അവൾ ചോദിക്കുന്നു, “നിങ്ങൾക്കെന്നെ വിശ്വാസമില്ലേ?” എന്നാൽ തെളിവില്ലാതെ എങ്ങനെ വിശ്വസിക്കും ? തെളിവില്ലാതെ എങ്ങനെ സത്യം കണ്ടെത്തും ? സത്യം അറിയാതെ എങ്ങനെ നീതി നടപ്പിലാക്കും ? സത്യം കണ്ടെത്താൻ സഹായകമാകാത്ത തെളിവുപേക്ഷിച്ച് ആൺകൂട്ട വിചാരണയിൽ നിന്നും അവൾ മടങ്ങിപ്പോകുമ്പോൾ ലൈംഗികാതിക്രമ പരാതികളിലെ അന്വേഷണങ്ങളിലെ സങ്കീർണ്ണതകളും മുൻവിധികൾ ഇരകൾക്കുമേൽ അടിച്ചേൽപ്പിക്കുന്ന പീഡാനുഭവങ്ങളും തീവ്രമായി ആവിഷ്ക്കരിക്കാനും വിശ്വാസം, തെളിവ്, സത്യം, നീതി എന്നിവയെ അളന്നെടുക്കാനും ആട്ടത്തിന് സാധിക്കുന്നു.

തെളിയിക്കപ്പെടാനാകാത്ത സത്യത്തെ ആവിഷ്ക്കരിക്കുന്നതിനായി നാടകം എഴുതുകയും സംവിധാനം ചെയ്യുകയും ചെയ്തുകൊണ്ടാണ് അഞ്ജലി ഈ അനുഭവത്തെ അതിജീവിക്കുന്നത്. കല തങ്ങളിൽ ഒരു മാറ്റവും ഉണ്ടാക്കിയില്ലല്ലോ എന്ന് വിലപിക്കുന്ന അരങ്ങിലെ അഭിനേതാക്കൾക്ക് മുന്നിൽ താൻ അനുഭവിച്ച സത്യത്തെ അഞ്ജലി അവതരിപ്പിക്കുമ്പോൾ ജീവിതവും കലയും മുൻനിർത്തിയുള്ള സംവാദത്തിൽ കല ജീവിതവും ജീവിതം കലയുമാകുന്നു. ജീവിതത്തിൽ കണ്ടെത്താനാവാത്ത സത്യത്തെ കല ആവിഷ്ക്കരിക്കുന്നു.

സിഗറ്റ് പുകച്ചും മദ്യം പകർന്നും ആട്ടമാടുമ്പോൾ

സിഗററ്റും മദ്യവും ആട്ടത്തെ രൂപപ്പെടുത്തുന്ന പ്രധാന പ്രോപർട്ടികളായി നിരന്തരം കടന്നു വരുന്നു. നാടകസംഘത്തിലെ അംഗങ്ങൾ നാടകവണ്ടിയിൽ വന്നിറങ്ങുമ്പോൾ നാടകത്തിൽ പ്രധാനവേഷം ചെയ്യുന്ന സിനിമാനടൻ കാറിന് പുറത്തിറങ്ങി നിന്ന് സിഗററ്റ് വലിക്കുന്ന രംഗം തന്നെ നാടക സംഘത്തിലെ അഭിനേതാക്കളിൽ നിന്നും സിനിമാ നടനായ അഭിനേതാവിനെ വേറിട്ടു നിർത്തുന്നു. ലൈംഗികാതിക്രമം അറിഞ്ഞയുടനെ അത് ചർച്ച ചെയ്യാൻ കൂടിയിരിക്കുന്നവർക്കിടയിൽ നിന്നും അഭിനേതാക്കളിൽ ഒരാൾ ആ വാർത്തയുടെ ആഘാതത്തിൽ നിന്നും മോചിതനാകാൻ സിഗററ്റ് വലിക്കാനായി പുറത്തു പോകുന്നു. സിഗററ്റ് വലിക്കാനായി അവൻ ഓരോ കാരണങ്ങൾ തേടുകയാണെന്ന് കുറ്റപ്പെടുത്തുന്നു. ചർച്ചയ്ക്കിടയിലെ അഭിപ്രായ ഭിന്നതകൾക്കൊടുവിലും സിഗററ്റ് വലിക്കാൻ നമ്മൾ ഒന്നല്ലേ എന്ന് ഭിന്നതകളെ അവർ പുകച്ചുതള്ളുന്നു. ഇങ്ങനെ വിവിധ രംഗങ്ങളിൽ പല നിലകളിൽ ആട്ടത്തിൽ സിഗററ്റുകൾ പുകയുന്നു.

ആട്ടം സിനിമയിൽ നിന്നും ഒരു രംഗം.

നാടകത്തിന് ശേഷം നടന്ന പാർട്ടിയിലെ മദ്യപാനം സിനിമയുടെ ഗതി തന്നെ മാറ്റി മറിക്കുന്നു. അരങ്ങിലെ അഭിനേതാക്കളായ ആണുങ്ങളോടൊപ്പം ഒരേയൊരു അഭിനേത്രിയായ അഞ്ജലിയും മദ്യപിക്കുന്നു. വളരെയേറെക്കാലമായി അരങ്ങിലെ അംഗമായിരുന്നിട്ടും, അഞ്ജലിയുടെ മദ്യപാനവും മദ്യപാനസദിരിലെ അഞ്ജലിയുടെ തുറന്ന ഇടപെടലുകളും അയഞ്ഞ വസ്ത്രവും അവൾക്ക് നേരിടേണ്ടി വന്ന ലൈംഗികാതിക്രമണത്തിന് കാരണമായി കൂട്ടവിചാരണയുടെ ഘട്ടത്തിൽ അരങ്ങിലെ മുതിർന്ന അഭിനേതാക്കളിൽ ഒരാൾ ആരോപിക്കുന്നു. അയാളെ പഴയ തലമുറയുടെ മനോഭാവമായി മറ്റുള്ളുവർ തള്ളിക്കളയുമ്പോഴും ലൈംഗിക അതിക്രമണത്തിനുള്ള ന്യായീകരണമായി മദ്യം മാറുന്നു.

മദ്യപിച്ചതുകൊണ്ടല്ല, മദ്യം യതാർത്ഥ വ്യക്തിയെ പുറത്തുകാണിച്ചതുകൊണ്ടാണ് ഇത് സംഭവിച്ചത് എന്ന എതിർവാദവും ചർച്ചയിൽ ഉന്നയിക്കപ്പെടുന്നു. പാർട്ടി കഴിഞ്ഞ് സിനിമാനടന്റെ കാറിൽ നിന്നും മദ്യം മോഷ്ടിക്കുന്നതിനായി കാറിന്റെ താക്കോൽ തട്ടിയെടുക്കുന്നവർ പിന്നീട് പരസ്പരം സംശയിക്കുന്നവരാകുന്നു. മദ്യപിച്ചില്ലെന്ന് സാക്ഷ്യപ്പെടുത്താൻ അഭിനേതാക്കളിൽ ഒരാൾ ഭാര്യയുമായി നടത്തുന്ന വീഡിയോ കോൾ നിർണ്ണായക തെളിവായി മാറുന്നു. ചർച്ചക്കിടയിൽ തർക്കിച്ചു പിരിഞ്ഞവർ മദ്യപിക്കാനുള്ള ടച്ചിങ്ങ്സിലൂടെ പരസ്പരം പൊറുക്കുന്നു. ഇങ്ങനെ മദ്യത്തോടും മദ്യപിക്കുന്ന സ്ത്രീയോടുമുള്ള മലയാളി പുരുഷ മനോഭാവത്തിന്റെ വിവിധ മാനങ്ങൾ തുറന്നുകാണിക്കാനും സിനിമയുടെ ചുവുടുകൾ മാറ്റി ചവിട്ടാനും ആട്ടം മദ്യം പകർന്നുകൊണ്ടിരിക്കുന്നു.

ആനന്ദ് ഏകർഷി.

ആട്ടം എന്ന അനുഭവം

സംവിധായകൻ ആനന്ദ് ഏകർഷിയുടെ ആദ്യ ചിത്രമായ ആട്ടം ഐ.എഫ്.എഫ്.ഐ.യിലും ഐ.എഫ്.എഫ്.കെ.യിലും പ്രേക്ഷകരുടെ പ്രതികരണങ്ങളിൽ പ്രിയം നേടിയിരുന്നു. എന്നാൽ ഐ.എഫ്.എഫ്.കെയിൽ പങ്കെടുത്തപ്പോഴും ഫെസ്റ്റിവലിൽ കാണാതെ ഫെസ്റ്റിവൽ ക്രൗഡിന് പുറത്തെ കാണികൾക്കിടയിൽ ഇരുന്ന് കാണാനായി തിയറ്റർ റിലീസിന് കാത്തിരുന്നു. പ്രമേയപരമായി സ്വീകരിക്കപ്പെടുന്ന ഒരു പൊളിറ്റിക്കൽ കറക്ട് സിനിമയായിരിക്കും ആട്ടം എന്ന മുൻവിധി അപ്പോഴുമുണ്ടായിരുന്നു. പൊളിറ്റിക്കൽ കറക്ടവാന്നതിനു വേണ്ടി ചിട്ടപ്പെടുത്തിയ രംഗങ്ങളും സംഭാഷണങ്ങളും പ്രതീക്ഷിച്ച് തന്നെയായിരുന്നു സിനിമ കാണാനായി തിയറ്ററിലിരുന്നതും. അത്തരം രംഗങ്ങളും സംഭാഷണങ്ങളും ഒട്ടുമില്ല എന്നല്ല എങ്കിലും മുൻവിധികളെ മറികടക്കുന്ന അനുഭവമായി ആട്ടം. കഥയറിഞ്ഞിട്ടും ആട്ടം കാണാനുണ്ടായിരുന്നു. അനുഭവിക്കാനുണ്ടായിരുന്നു.

മറ്റൊരാൾക്ക് ലഭിക്കേണ്ട നീതിക്കു വേണ്ടി ഒരാൾക്ക് എത്രത്തോളം ശബ്ദിക്കാനാവും എന്ന് കഥാപാത്രങ്ങളിൽ എന്ന പോലെ കാണികളിലും പരീക്ഷണം നടത്തുന്നു ആട്ടം. അവനവന് നഷ്ടം വരുന്നതു വരെ എന്ന് കഥാപാത്രങ്ങൾ നിസ്സഹായരാവുമ്പോൾ തിയറ്റർ വിട്ടിറങ്ങിയാലും കാണികൾക്ക് ആത്മപരിശോധന നടത്താം.

അഭിനേതാക്കളുടെ മികച്ച പ്രകടനത്തോടൊപ്പം തന്നെ അനീഷ് അനിരുദ്ധന്റെ ഛായാഗ്രഹണവും മഹേഷ് ഭുവനേന്ദിന്റെ എഡിറ്റിങ്ങും രംഗരാജ് രവിയുടെ ശബ്ദസംവിധാനവും ആനന്ദ് ഏകർഷിയുടെ സംവിധാന മികവും ആട്ടത്തെ അനുഭവമാക്കുന്നു.

INDEPENDENT,
IN-DEPTH JOURNALISM
FOR SOCIAL &
ECOLOGICAL
JUSTICE

keraleeyam-logo

Support Keraleeyam

Choose Your Preference

₹1000/Year

₹2000/2 Years

₹500/Year(Students)

One TimeAny Amount

Also Read

January 6, 2024 1:22 pm