ഒന്നിച്ചു നിന്നാൽ ഏത് ഏകാധിപതിയെയും നിലക്ക് നിർത്താം

ദില്ലിയിൽ നടന്ന കർഷക സമരത്തിൽ നിർണ്ണായക പങ്കുവഹിച്ച സംയുക്ത കിസാൻ മോർച്ചയുടെ നേതാവാണ് രാകേഷ് ടിക്കായത്. കർഷക സമരത്തിന്റെ സംഘാടനത്തെക്കുറിച്ചും കർഷകർ ഇന്നും അനുഭവിക്കുന്ന പ്രതിസന്ധികളെക്കുറിച്ചും  കർഷക സംഘടനകളുടെ ഭാവി പരിപാടികളെക്കുറിച്ചും അദ്ദേഹം കേരളീയത്തോട് സംസാരിക്കുന്നു. സൗത്ത് ഏഷ്യൻ പീപ്പിൾസ് ആക്ഷൻ ഓൺ ക്ലൈമറ്റ് ക്രൈസിസ് (SAPACC) കോഴിക്കോട് സംഘടിപ്പിച്ച കാലാവസ്ഥാ പ്രതിസന്ധിയെക്കുറിച്ചുള്ള സമ്മേളനത്തിൽ പങ്കുചേരാൻ എത്തിയതാണ് ടിക്കായത്.

ദില്ലിയിൽ നടന്ന കർഷക സമരം ഉജ്ജ്വല വിജയം നേടിയിട്ട് ഒരു വർഷം പിന്നിടുകയാണല്ലോ. ജനാധിപത്യത്തെ മാനിക്കാത്ത, ജനവിരുദ്ധ നയങ്ങൾ തുടർച്ചയായി നടപ്പിലാക്കുന്ന ഒരു സർക്കാരിനെ കർഷകർ ധീരമായി പരാജയപ്പെടുത്തി. താങ്കളുടെ കാഴ്ചപ്പാടിൽ ആ സമരം അവശേഷിപ്പിച്ചത് എന്തെല്ലാമാണ്?

പല ധ്രുവങ്ങളിൽ നിന്നിരുന്ന കർഷകർ, തൊഴിലാളികൾ ഒക്കെ ഒരുമിച്ചു ശക്തമായ ഒരു ഐക്യവേദി രൂപംകൊണ്ടു എന്നതാണ് ഏറ്റവും വലിയ കാര്യം. സമൂഹത്തിലെ വ്യത്യസ്ത വിഭാഗങ്ങൾ ഒരുമിച്ച് ഒരു സമരരംഗത്തേക്ക് വന്നു എന്നത് ചെറിയ കാര്യമല്ല. ഭിന്നിച്ചു നിന്നിരുന്ന പലരെയും ഒരുമിച്ചു കൊണ്ടുവരാൻ കഴിഞ്ഞു. ഐക്യത്തിന്റെ, നിശ്ചയദാർഢ്യത്തിന്റെ ശക്തി ലോകത്തിനു കാണിച്ചു കൊടുക്കാൻ കർഷക സമരത്തിന് കഴിഞ്ഞു. ജനങ്ങൾ ഒന്നിച്ചു നിന്നാൽ ഏത് ഏകാധിപതിയെയും നിലക്ക് നിർത്താൻ കഴിയും എന്നതിനുള്ള തെളിവാണ് സർക്കാരിന് അവർ കൊണ്ടുവന്ന ബില്ലുകൾ പിൻവലിക്കേണ്ടിവന്നതിലൂടെ നമ്മൾ കണ്ടത്.

രാകേഷ് ടിക്കായത്ത് ദില്ലിയിലെ കർഷക സമരത്തിൽ. കടപ്പാട്: hindustantimes.com

ബില്ലുകൾ പിൻവലിച്ചെങ്കിലും കർഷകർ ഉന്നയിച്ച മറ്റു പ്രധാന ആവശ്യങ്ങൾ നടപ്പാക്കാൻ സർക്കാർ തയ്യാറായിട്ടുണ്ടോ? അതിന്റെ അടിസ്ഥാനത്തിൽ സമര വിജയത്തെ എങ്ങനെയാണ് ഇപ്പോൾ വിലയിരുത്തുന്നത്?

കർഷക വിരുദ്ധ ബില്ലുകൾ പിൻവലിച്ചെങ്കിലും കർഷകരുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുള്ള ഒരു നടപടിയും ഇതുവരെ സർക്കാർ ആരംഭിച്ചിട്ടില്ല. 2021 ജനുവരിയിലാണ് സർക്കാർ ഞങ്ങളുമായി അവസാനമായി ചർച്ച നടത്തിയത്. അതിനുശേഷം ഇതുവരെ ഒരു ചർച്ചയും ഉണ്ടാകാത്തത് സർക്കാരിന്റെ ഉദ്ദേശത്തെ തുറന്നുകാട്ടുന്നതാണ്. സർക്കാർ അന്ന് കാണിച്ച അനുഭാവ സമീപനമല്ല തുടർന്ന് ഉണ്ടായത്. ജനവഞ്ചന മുഖമുദ്രയാക്കിയ ഒരു സർക്കാരാണിത്. ഇപ്പോഴും കർഷകരുടെ ഉൽപ്പന്നങ്ങൾക്ക് അർഹിക്കുന്ന വില ലഭിക്കുന്നില്ല. നിയമപരമല്ലാത്ത രീതികളിൽ പ്രവർത്തിക്കുന്ന മണ്ടികളിൽ വിൽപ്പന നടന്നുകൊണ്ടിരിക്കുകയാണ്. മണ്ടി സംവിധാനം (APMC) തകർക്കൽ കൂടിയായിരുന്നല്ലോ സർക്കാരിന്റെ ഒരു അജണ്ട. അത് വേറെ രീതിയിൽ നടപ്പാക്കികൊണ്ടിരിക്കുകയാണ് ഇപ്പോൾ. ബീഹാറിൽ അത് ഇല്ലാതായ പോലെ ഇന്ത്യ മുഴുവൻ മണ്ടി സംവിധാനം ഇല്ലാതാക്കാനാണ് സർക്കാർ പദ്ധതിയിട്ടിരിക്കുന്നത്. മിനിമം സപ്പോർട്ട് പ്രൈസ് (MSP) നിയമപരമായി നടപ്പാക്കിയാൽ മാത്രമേ ഒരു പരിധിവരെ കർഷകരുടെ പ്രശ്നങ്ങൾ ഇല്ലാതാവുകയുള്ളൂ. അത് ഇതുവരെ സർക്കാർ ചെയ്തിട്ടില്ല.

ഈ സാഹചര്യത്തിൽ എന്താണ് സംയുക്ത കിസാൻ മോർച്ചയുടെ ഭാവി പരിപാടികൾ ? വീണ്ടും ഒരു വലിയ സമരം ആവശ്യമായി വരുമോ?

അങ്ങനെ വന്നേക്കാം. പക്ഷെ അത് എപ്പോൾ, എങ്ങനെ, എവിടെ എന്നൊന്നും ഇപ്പോൾ പറയാൻ കഴിയില്ല. ഈ മാസം 24 ന് സംയുക്ത കിസാൻ മോർച്ചയുടെ യോഗം ഉണ്ട്. രാജ്യത്താകമാനം കർഷക യോഗങ്ങൾ നിരന്തരം നടത്തുന്നുണ്ട്. ദില്ലിയിൽ നിന്ന് പിരിഞ്ഞു പോയെങ്കിലും കർഷകർ എല്ലാം അവസാനിപ്പിച്ചുവെന്ന് കരുതരുത്. കർഷകരുടെ സമരവീര്യത്തിനു ഒരു പോറലും സംഭവിച്ചിട്ടില്ല. ആളുകളെ ബോധവത്കരിക്കുകയും ഒന്നിച്ചു നിർത്തുകയും ചെയ്യുന്ന പ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്. ഇന്ത്യൻ സ്വാതന്ത്ര്യം എത്രയോ വർഷങ്ങൾ നിരന്തര സമരം നടത്തിയിട്ടാണ് നമ്മൾ നേടിയെടുത്തത്. വലിയ മാറ്റങ്ങൾ ഒറ്റയടിക്ക് ഉണ്ടാവുന്നത് അല്ലല്ലോ. അതുപോലെ ഈ സമരം എത്രനാൾ തുടരേണ്ടി വരുമെന്ന് ഇപ്പോൾ പറയാൻ കഴിയില്ല.

കർഷക സമരത്തിന്റെ വലിയ വിജയമായി താങ്കൾ കർഷകർക്കിടയിൽ രൂപപ്പെട്ട ഐക്യത്തെ ചൂണ്ടിക്കാണിച്ചല്ലോ. ദില്ലിയിലെ പ്രത്യക്ഷ സമരം അവസാനിച്ചതിന് ശേഷം ആ ഐക്യം നിലനിൽക്കുന്നുണ്ടോ?

അന്ന് സമരരംഗത്തുണ്ടായിരുന്ന ചില സംഘടനകൾ വേറിട്ട് പോയിട്ടുണ്ട്. ഇവിടെയാണ് നമ്മുടെ സർക്കാരിന്റെ സവിശേഷ പ്രവർത്തനത്തെ മനസിലാക്കേണ്ടത്. അവർ എങ്ങനെയാണോ വിവിധ രാഷ്ട്രീയ സംഘടനകളെ വിഭജിച്ച് കുറുക്കുവഴികളിലൂടെ അധികാരവും മറ്റും കൈക്കലാക്കുന്നത്, അതുപോലെ ചില കർഷക സംഘടനകളെ ഞങ്ങളിൽ നിന്നും ഭിന്നിപ്പിച്ചു നിർത്താൻ സർക്കാരിന് കഴിഞ്ഞു. കർഷകരുടെ പ്രശ്ങ്ങൾ പരിഹരിക്കുന്നതിന് പകരം ഇത്തരം കാര്യങ്ങളിലാണ് സർക്കാർ സമയം കണ്ടെത്തുന്നത്. ചില കർഷക സംഘടനകൾ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ തീരുമാനിച്ചിട്ടുണ്ട്. പക്ഷെ സംയുക്ത കിസാൻ മോർച്ച പാർലമെന്ററി രാഷ്ട്രീയത്തിൽ നിന്നും മാറി നിൽക്കാൻ തന്നെയാണ് തീരുമാനിച്ചിരിക്കുന്നത്. അതേസമയം പുതിയ ചില സംഘടനകൾ ഞങ്ങളുടെ ഭാഗമായി അടുത്തകാലത്ത് വരികയുമുണ്ടായി.

ദില്ലിയിലെ കർഷക സമരത്തിൽ നിന്നും. കടപ്പാട്: minit

കർഷകരുടെ ഐക്യം ഇല്ലാതാക്കാൻ സർക്കാർ എന്താണ് ചെയ്തത്?

സർക്കാർ പല രീതികളും അവലംബിച്ചിട്ടുണ്ടാകാം. ഇത്തരം കാര്യങ്ങൾ ഒന്നും സുതാര്യമായി അല്ലല്ലോ ചെയ്യുക? പാർലമെന്റിൽ പോലും ജനാധിപത്യ രീതികളെ ബഹുമാനിക്കാത്ത സർക്കാരിന് എന്താണ് ചെയ്യാൻ കഴിയാത്തത്? എന്തായാലും സർക്കാർ നേർവഴിക്കല്ല  പ്രവർത്തിക്കുന്നത് എന്ന് എല്ലാവർക്കും അറിയാം.

ദില്ലി സമരത്തിൽ  എടുത്ത ഒരു പ്രധാന തീരുമാനം ആയിരുന്നല്ലോ ഒരു രാഷ്ട്രീയ പാർട്ടിയെയും സമരത്തിന്റെ ഭാഗമായി സ്വീകരിക്കുകയില്ല എന്നത്. അത് ശരിയായ തീരുമാനം ആയിരുന്നു എന്ന് പലരും വിശകലനം ചെയ്യുകയുമുണ്ടായി. സമര സമയത്ത്, കോർപ്പറേറ്റ് താൽപ്പര്യങ്ങൾ സംരക്ഷിക്കുന്ന ബി.ജെ.പിക്ക് വോട്ട് നൽകരുത് എന്നുള്ള ആഹ്വാനവും ഉണ്ടായിരുന്നു. എന്നാൽ കർഷക സമരത്തിന് ശേഷം നടന്ന യു.പി നിയമസഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയെ പരാജയപെടുത്തണം എന്നുള്ള തുറന്ന പ്രഖ്യാപനമോ അതിനുവേണ്ടിയുള്ള പ്രവർത്തനങ്ങളോ നടത്തുകയുണ്ടായില്ല. അങ്ങനെ ഒരു ശക്തമായ നിലപാട് എടുക്കാതിരുന്നത്  തെറ്റായിപ്പോയി എന്ന് തോന്നുന്നുണ്ടോ ?

അങ്ങനെയൊരു നിലപാട് കർഷക സംഘടനകൾക്ക് എടുക്കാൻ കഴിയില്ല. സമരരംഗത്ത് അന്ന് ബി.ജെ.പിയെ അനുകൂലിക്കുന്ന സംഘടനകൾ കൂടിയുണ്ടായിരുന്നു. അവർ സമരത്തെയും രാഷ്ട്രീയ നിലപാടുകളെയും രണ്ടായിട്ടാണ് കണ്ടത്. ഒരു മുന്നേറ്റം ആകുമ്പോൾ അങ്ങനെ സംഭവിക്കുന്നത് സ്വാഭാവികമാണ്. അതിനാൽ ഏതെങ്കിലും ഒരു രാഷ്ട്രീയ പാർട്ടിക്ക് അനുകൂലമായോ പ്രതികൂലമായോ നിലപാടെടുക്കുക സാധ്യമല്ല. പിന്നെ സമരമുഖത്ത് അവരെ സ്വീകരിക്കാതിരുന്നപ്പോൾ ഒരു വലിയ പാഠമാണ് അവർ പഠിച്ചത്. എളുപ്പത്തിൽ ഒരു ജനകീയ പ്രസ്ഥാനത്തിന്റെ ഭാഗമായി അതിനെ നിയന്ത്രിക്കാൻ സാധ്യമല്ലെന്നും സ്വയം പ്രവർത്തിച്ച് ജനകീയ പ്രശ്നങ്ങളിൽ വിട്ടുവീഴ്ച ഇല്ലാതെ ഇടപെടേണ്ടിയിരിക്കുന്നുവെന്നും അവർ തിരിച്ചറിഞ്ഞു.

കർഷക സമരത്തിന്റെ പശ്ചാത്തലത്തിൽ നടന്ന യു.പി തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് തിരിച്ചടിയുണ്ടാകുമെന്ന് പൊതുവെ പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ല. താങ്കളെ ഈ ഫലം നിരാശപ്പെടുത്തിയോ ?

ബി.ജെ.പി ഇപ്പോൾ അധികാരത്തിൽ വരുന്നത് ജനങ്ങൾ വോട്ടു ചെയ്തിട്ട് മാത്രമല്ലല്ലോ. തെരഞ്ഞെടുപ്പ് വിജയം നേടാനുള്ള പല പദ്ധതികളും അവർ വിജയകരമായി നടപ്പാക്കി വരികയാണെന്ന് എല്ലാവർക്കും അറിയാം. അതിനു മാറ്റം വരാൻ വലിയ ജന മുന്നേറ്റം ആവശ്യമുണ്ട്. പ്രതിപക്ഷം പോലും ഇത്തരം കാര്യങ്ങൾ  ഏറ്റെടുത്തു മുന്നോട്ടുപോകുന്നില്ല എന്നതാണ് യാഥാർഥ്യം. ജനാധിപത്യ സംവിധാങ്ങൾ തകരുന്നത് ആശങ്കയുണ്ടാക്കുന്ന കാര്യം തന്നെയാണ്.

കർഷക സമരം വലിയൊരു പ്രതീക്ഷയാണ്  ജനാധിപത്യ  വിശ്വാസികൾക്ക് നൽകിയത്. ഒരു സാംസ്ക്കാരിക മുന്നേറ്റം കൂടിയായിരുന്നല്ലോ അത്. ഒന്നിച്ചു ഭക്ഷണം പാചകം ചെയ്തും, പാട്ടുപാടിയും, മുദ്രാവാക്യം വിളിച്ചും, കലാപരിപാടികൾ നടത്തിയും കർഷകർ നേതൃത്വം നൽകിയ സൃഷ്ടിപരമായ പ്രതിരോധം നമ്മുടെ സമരപ്രസ്ഥാനങ്ങൾക്ക് പുതിയ ദിശാബോധം നൽകി. ആ രീതിയിൽ എങ്ങനെയാണ് സമരത്തെ നോക്കിക്കാണുന്നത്?

അത് വളരെ സ്വാഭാവികമായി നടന്നതാണ്. ഒത്തുകൂടുമ്പോൾ സന്തോഷിക്കാനും അത് പങ്കുവയ്ക്കാനും, സൗഹൃദം ആസ്വദിക്കാനും ഒക്കെ സാധ്യമാകുന്ന ഒരു സാംസ്കാരിക പശ്ചാത്തലത്തിൽ നിന്നാണ് കർഷകർ വരുന്നത്. അത് സർക്കാരിന് വലിയ തിരിച്ചടിയായിരുന്നു. കാരണം സർക്കാർ ഇപ്പോഴും സാമുദായിക സംഘർഷം നടത്തി ലാഭം കൊയ്യാൻ ആണ് നോക്കുന്നത്. ഈ സാഹചര്യത്തിൽ ആണ് സമാധാനപരമായി, ജാതി-മത-രാഷ്ട്രീയ വിശ്വാസങ്ങൾക്കതീതമായി കർഷകർ ഒത്തുകൂടുന്നത്. ഈ സമരം സാമുദായിക സ്പർദയെക്കൂടി ചെറുത്തുനിന്നു  എന്ന് പറയുന്നത് ശരിയാണ്. ഹിന്ദുക്കളെയും മുസ്ലിങ്ങളെയും തമ്മിലടിപ്പിച്ച് രാഷ്ട്രീയലാഭം കൊയ്യാൻ ശ്രമിക്കുന്ന ബി.ജെ.പി സർക്കാരിന് ഇത് ഒരിക്കലും താങ്ങാൻ കഴിയുമായിരുന്നില്ല. അതുകൊണ്ടാണ് കള്ള പ്രചാരണങ്ങളും, ദ്രോഹങ്ങളും അവർ ചെയ്തത്. റിപ്പബ്ലിക്ക് ദിനത്തിൽ നാം കണ്ടത് സർക്കാരിന്റെ നാണംകെട്ട പ്രവർത്തിയായിരുന്നു. പോലീസും മറ്റു സംവിധാനങ്ങളും ചേർന്ന് കർഷക സമരം പൊളിക്കാനായിരുന്നു ബി.ജെ.പി യുടെ നേതൃത്വത്തിൽ പദ്ധതിയിട്ടത്. അതാണല്ലോ അവർക്കു പരിചയമുള്ളതും പ്രാവീണ്യമുള്ളതും.  പക്ഷെ പൊതുജനം സത്യം മനസിലാക്കി കർഷക പക്ഷത്തുനിന്നു  എന്നുവേണം കരുതാൻ. ഒരു വിഭാഗം മാധ്യമങ്ങൾ നടത്തിയ കള്ളപ്രചാരണങ്ങൾ പോലും വിലപ്പോയില്ല.

കർഷക സമര പ്രതിനിധികൾക്കും നേതാക്കൾക്കും എതിരെ എടുത്ത കേസുകളുടെ അവസ്ഥ എന്താണ്?

ഒരുപാട് കേസുകൾ ഇപ്പോൾ നിലവിലുണ്ട്. എന്റെ പേരിലും ഒരുപാട് കേസുകൾ നിലവിലുണ്ട്. സർക്കാർ ഇതുവരെ കേസുകൾ പിൻവലിക്കുന്ന കാര്യത്തിൽ തീരുമാനം എടുത്തിട്ടില്ല.

കർഷകരുടെ ഒരു പ്രധാന പ്രശ്നമാണല്ലോ  അവർക്കു അർഹിക്കുന്ന വരുമാനം ലഭിക്കുന്നില്ല എന്നത്. കർഷകർ അധ്വാനിക്കുന്നു, എന്നാൽ കർഷകർക്കും ഉപഭോക്താക്കൾക്കും ഇടയിലെ ഏജന്റുമാർ വൻ ലാഭം കൊയ്യുന്നു. ഈ സംവിധാനം എത്രയോ കാലമായി തുടരുന്നു. ഇത് ഇല്ലാതാക്കാൻ എന്താണ് ചെയ്യാൻ കഴിയുക?

ഇത് ഇല്ലാതാക്കാൻ കർഷകർ മാത്രം വിചാരിച്ചാൽ കഴിയില്ല. അതിനു സർക്കാരിന്റെ പൂർണ്ണ പിന്തുണ ആവശ്യമാണ്. കർഷകർക്ക് ഉൽപ്പാദനത്തോടൊപ്പം വിപണനവും ഏറ്റെടുക്കാൻ കഴിയില്ല. കർഷകരുടെ ഉൽപ്പന്നങ്ങൾക്ക്  ന്യായമായ വില ലഭിക്കുന്ന സംവിധാനം സർക്കാർ ഉണ്ടാക്കണം. എം.എസ്.പി ക്ക് നിയമപരമായ പ്രാബല്യം ഉണ്ടാവണമെന്ന് ഞങ്ങൾ ആവശ്യപ്പെടുന്നത് അതുകൊണ്ടാണ്. ശരാശരി ഉൽപ്പാദനച്ചെലവിനേക്കാൾ 50 ശതമാനമെങ്കിലും എം.എസ്. പി കൂടുതലായിരിക്കണം എന്ന സ്വാമി നാഥൻ കമ്മറ്റി റിപ്പോർട്ട് നടപ്പിലാക്കണം എന്ന് ഞങ്ങൾ ആവശ്യപ്പെടുന്നത് അതുകൊണ്ടാണ്. ക്രെഡിറ്റും ഇൻഷുറൻസും, കർഷക ആത്മഹത്യകൾ തടയൽ, തൊഴിൽ സുരക്ഷ, ഭക്ഷ്യ സുരക്ഷ തുടങ്ങി പല മേഖലകളിലേക്കുമുള്ള നിർദ്ദേശങ്ങൾ അതിലുണ്ട്. ഇതൊക്കെ നടപ്പാക്കാൻ സർക്കാരിന് ഉത്തരവാദിത്തം ഇല്ലേ? ഇപ്പോൾ പരിമിതമായ ഉൽപ്പന്നങ്ങൾക്ക് മാത്രമേ എം.എസ്.പി നിലവിലുള്ളൂ. ഈ അവസ്ഥ മാറേണ്ടതുണ്ട്. അതിനു പോളിസി മാറ്റം ആണ് ആവശ്യം. എല്ലാ ഭാരവും കർഷകർ സഹിക്കുന്ന സ്ഥിതി മാറേണ്ടതുണ്ട്. കർഷകർക്ക് നേരിട്ട് സബ്‌സിഡി നൽകാൻ സർക്കാർ തയ്യാറാകണം.

കർഷകരുടെ ഉല്പന്നങ്ങൾക്ക് മിനിമം സപ്പോർട്ട് പ്രൈസ് (MSP), എന്നാൽ കേന്ദ്രീകൃത ഉൽപ്പാദനം നടത്തുന്ന വ്യാവസായിക ഉല്പന്നങ്ങൾക്ക് മാക്സിമം റീറ്റെയ്ൽ പ്രൈസ് (MRP). കർഷകരുടെ കാര്യം വരുമ്പോൾ എല്ലാം ‘മിനിമം’ എന്ന അവസ്ഥ മാറേണ്ടതല്ലേ?

ആ മിനിമം പോലും ഇപ്പോൾ ലഭിക്കുന്നില്ലല്ലോ? താങ്കൾ പറഞ്ഞത് ശരിയാണ്. കർഷകരുടെ ഉൽപ്പന്നങ്ങൾക്ക് അർഹിക്കുന്ന വില നൽകാൻ ഇവിടുത്തെ മധ്യവർഗ, സമ്പന്ന വിഭാഗങ്ങൾക്ക് കൂടി മടിയാണ്. കർഷകർ എന്താണ് അനുഭവിക്കുന്നത്, എങ്ങനെയാണ് ജീവിക്കുന്നത് തുടങ്ങിയതൊന്നും മറ്റുള്ളവരുടെ കാര്യമല്ല എന്നതാണ് വാസ്തവം. അതുകൊണ്ടാണ് മറ്റുൽപ്പന്നങ്ങൾക്ക് അന്യായമായ വില നൽകാൻ മടികാണിക്കാത്തവർ കാർഷിക ഉൽപ്പന്നങ്ങൾക്ക് ന്യായമായ വില ചോദിക്കുമ്പോൾ നെറ്റിചുളിക്കുന്നത്. ഈ സ്ഥിതി മാറാൻ സർക്കാറിന്റെ ഇടപെടലുകൾ അനിവാര്യമാണ്. എല്ലാ ഉപഭോക്താക്കളും ഉൽപ്പന്നങ്ങൾ വില കുറച്ചു ലഭിക്കാൻ തന്നെയാണ് ആഗ്രഹിക്കുക. പക്ഷെ അത് ഉൽപ്പാദകരെ ചൂഷണം ചെയ്യാതെ ഉറപ്പാക്കേണ്ടത് സർക്കാരിന്റെ ബാധ്യതയാണ്. കർഷകരും ഉപഭോക്താക്കളാണ്. അവരുടെ വാങ്ങൽ ശേഷിയും വർദ്ധിക്കേണ്ടതുണ്ട്. കൂടാതെ കർഷകരുടെ മറ്റു ആവശ്യങ്ങൾ ആയ വിദ്യാഭ്യാസം, ആരോഗ്യം, ഊർജം തുടങ്ങിയ ആവശ്യങ്ങൾ നിറവേറ്റാൻ സർക്കാർ മുൻകൈ എടുക്കണം. ജീവിത ചെലവ് അനുദിനം കൂടിവരുന്ന സാഹചര്യത്തിൽ അതുമായി എങ്ങനെ കർഷകർ പൊരുത്തപ്പെടും?

ദില്ലി സമരം നടക്കുന്ന അവസരത്തിൽ  യോഗേന്ദ്ര യാദവുമായി സംസാരിച്ചപ്പോൾ അദ്ദേഹം പറഞ്ഞ കാര്യം പഞ്ചാബിലെ കർഷകർ അടക്കം ഹരിത വിപ്ലവം  ഉണ്ടാക്കിയ ദുരിതങ്ങൾ ചർച്ചചെയ്യാൻ തുടങ്ങിയിരിക്കുന്നു എന്നാണ്. പലരും ജൈവകൃഷിരീതികളിലേക്കും തിരിയുന്നു എന്നും. കർഷകരും സംഘടനകളും ഈ വിഷയം എങ്ങനെയാണ് നോക്കിക്കാണുന്നത്?

തീർച്ചയായും ഹരിതവിപ്ലവം ഉൽപ്പാദനത്തിൽ താൽക്കാലികമായി വലിയ വളർച്ചയുണ്ടാക്കുക മാത്രമാണ് ചെയ്തതത്. എന്നാൽ ജൈവകൃഷിയിലേക്കുള്ള മാറ്റം കർഷകർക്ക് മാത്രം എളുപ്പത്തിൽ നടപ്പിൽ വരുത്താൻ കഴിയില്ല. ഞാൻ നേരത്തെ പറഞ്ഞപോലെ സർക്കാർ നയപരിപാടികൾ മാറേണ്ടതുണ്ട്. ഇപ്പോൾ വ്യക്തികൾ രാസകൃഷി ഉപേക്ഷിച്ചു തുടങ്ങിയിട്ടുണ്ട് എന്നത് ശരിയാണ്. അത് മറ്റു പലർക്കും പ്രചോദനം നൽകുന്നുണ്ട് എന്നാണ് ഞാൻ മനസിലാക്കുന്നത്. അങ്ങനെ അത് കൂടുതൽ സ്ഥലത്തേക്ക് പതുക്കെ വ്യാപിക്കും.

നിലവിലെ അവസ്ഥയിൽ ജൈവകൃഷിയിലേക്കുള്ള മാറ്റം അഭിമുഖീകരിക്കുന്ന പ്രധാന വെല്ലുവിളികൾ എന്തൊക്കെയാണ്?

പ്രധാനമായും കർഷകർക്ക് അവർ അർഹിക്കുന്ന വില ലഭിക്കുന്നില്ല എന്നത് തന്നെയാണ്. ചില സ്ഥലങ്ങളിൽ ജൈവകൃഷിയിലേക്ക് മാറുമ്പോൾ തുടക്കത്തിൽ ഉൽപ്പാദനത്തിൽ കുറവ് വരുന്നുണ്ട്. ആ കാലയളവിൽ സർക്കാരിൽ നിന്നും ഒരു പിന്തുണയും ലഭിക്കുന്നുമില്ല. പിന്നെ യുവാക്കൾ കാർഷികവൃത്തിയിൽ നിന്നും അകന്നുനിൽക്കുകയാണ്. നഗരത്തിലെ ജോലികൾക്കാണ് എല്ലാവരും മുൻഗണന നൽകുന്നത്. ഗ്രാമത്തിൽ ജീവിക്കുക എന്നത് രണ്ടാമത്തെ കാര്യം മാത്രം. ചെറുകിട കർഷകർക്ക് കൃഷിയെ മാത്രം ആശ്രയിച്ചു ജീവിക്കാൻ സാധ്യമല്ലാതായിരിക്കുകയാണ്. കൃഷിയെ മാത്രം ആശ്രയിച്ചു കഴിയുന്ന വലിയ ഒരു വിഭാഗം ജനങ്ങൾക്കും നിലനിൽക്കുന്ന സംവിധാനങ്ങളുടെ പിന്തുണയില്ലാതെ കാർഷികവൃത്തി മുന്നോട്ടുകൊണ്ടുപോകാൻ കഴിയില്ല എന്നതാണ് യാഥാർഥ്യം.

നിലനിൽക്കുന്ന സംവിധാനങ്ങൾക്കകത്ത് കർഷകർക്ക് നീതി ലഭിക്കും എന്നോ, കാലാവസ്ഥാ വ്യതിയാനം പോലുള്ള വലിയ പ്രതിസന്ധികളുടെ പശ്ചാത്തലത്തിൽ അനിവാര്യമായ മാറ്റങ്ങൾക്ക് നിലവിലെ വ്യവസ്ഥ തയ്യാറാകുമോ എന്നോ കരുതാൻ കഴിയുമോ? അടുത്ത കർഷക പ്രക്ഷോഭത്തിന്‌  തയ്യാറെടുക്കുമ്പോൾ നിലവിലെ വ്യവസ്ഥയ്ക്കകത്തുള്ള മാറ്റങ്ങൾക്കു പകരം പുതിയ ഒരു വ്യവസ്ഥയ്ക്കായി പൊരുതേണ്ടിവരുമെന്ന് കരുതുന്നുണ്ടോ?

ഒരിക്കലും കർഷകരുടെ ന്യായമായ ആവശ്യങ്ങൾ നിലനിൽക്കുന്ന വ്യവസ്ഥാ സംവിധാനങ്ങൾ പരിഗണിച്ചിരുന്നില്ല എന്നത് ശരിയാണ്. എന്നാൽ പുതുതായി ഉണ്ടായിവരുന്ന വലിയ പ്രതിസന്ധികളോട് സന്ധിയില്ലാത്ത സമരം ചെയ്യുകയാണ് ഇപ്പോഴത്തെ പ്രധാന കാര്യം. വൻകിട കമ്പനികൾ കാർഷിക രംഗത്തെ കയ്യടക്കാൻ തയ്യാറായി നിൽക്കുമ്പോൾ അതിനെതിരെ പ്രതികരിച്ചില്ലെങ്കിൽ ഇപ്പോഴുള്ള കർഷക സമൂഹം സമരം ചെയ്യാൻ പോലും അവശേഷിക്കില്ല. അത്രയ്ക്ക് വലിയ പ്രതിസന്ധികളാണ് നമ്മുടെ മുൻപിലുള്ളത്. ഇപ്പോൾ എങ്ങനെയെങ്കിലും കർഷകരുടെ ഭൂമി കൈയടയ്ക്കാനുള്ള ശ്രമത്തിലാണ് കോർപ്പറേറ്റുകൾ. അതിനു കർഷകർ തയ്യാറാവാതിരിക്കേണ്ടത് വളരെ പ്രധാനമാണ്. കർഷകർ കോർപ്പറേറ്റ് താൽപ്പര്യങ്ങൾക്ക് വഴങ്ങാത്തത് കർഷക സംഘടനകൾ സമരമുഖത്തുള്ളതുകൊണ്ടും ഇത്തരം കാര്യങ്ങൾ ഗൗരവത്തോടെ തിരിച്ചറിയുകയും ചർച്ച ചെയ്യുകയും ചെയ്യുന്നതും കൊണ്ടാണ്. ഭൂമി നഷ്ടപ്പെട്ടാൽ പിന്നെ കർഷകന് ഒരിക്കലും തന്റെ ജീവിതം തിരിച്ചുപിടിക്കാൻ കഴിയില്ല. യഥാർത്ഥത്തിൽ ഇത് കർഷകരുടെ മാത്രം പ്രശ്നം അല്ല. എല്ലാവരുടെയും ഭക്ഷ്യ സുരക്ഷയുടെയും കൂടി പ്രശ്നമാണ്.

ദില്ലി അതിർത്തിയിൽ സംഘടിച്ച കർഷകർ

സർക്കാർ വിചാരിച്ചാൽ പലതും ചെയ്യാൻ കഴിയും. തെലുങ്കാനയിൽ കർഷകർക്ക് ആവശ്യത്തിനുള്ള  വൈദ്യുതി ഉറപ്പാക്കാൻ സർക്കാരിന് കഴിഞ്ഞിട്ടുണ്ട്. ഒരു ഏക്കറിന് 10000 രൂപ കർഷകർക്ക് അവിടെ വർഷംതോറും നല്കിവരുണ്ട്. പത്ത് ഏക്കർ ഉള്ള കർഷകന് ഒരു ലക്ഷം രൂപ ലഭിക്കും. ഇന്ത്യൻ സർക്കാർ ഒരു വർഷത്തിൽ നൽകിവരുന്നത് വെറും ആറായിരം രൂപ മാത്രമാണ്. അതുപോലെ കേരളത്തിലെ പല ഉത്പന്നങ്ങൾക്കും താങ്ങുവില നൽകി വരുന്നുണ്ട്. മറ്റു സ്ഥലങ്ങളിൽ നടക്കുന്ന നല്ല പ്രവർത്തനങ്ങൾ ഇന്ത്യയിൽ നടപ്പിലാക്കാൻ കേന്ദ്ര സർക്കാർ ശ്രമിക്കുകയാണ് ചെയ്യേണ്ടത്.

അതുപോലെ പ്രധാനപ്പെട്ടതല്ലേ ഭൂരഹിതരായ ദളിതരുടെയും ആദിവാസികളയുടെയും പ്രശ്നങ്ങൾ?

ഭൂരഹിതരായ ആളുകൾ ഒരുപാട് ഉണ്ട്. അവർ നേരത്തെ കാർഷിക വൃത്തിയുമായി ബന്ധപ്പെട്ട തൊഴിൽ രംഗത്തായിരുന്നു സജീവമായി ഉണ്ടായിരുന്നത് . കർഷകർക്ക് അവർക്കു കൂടുതൽ കൂലി കൊടുക്കാൻ കഴിയാത്ത സാഹചര്യം വന്നുചേർന്നു. അങ്ങനെ അവർ ഇപ്പോൾ കൂടുതലും കാർഷികേതര മേഖലകളെയാണ് ആശ്രയിക്കുന്നത്. പലരും ഇപ്പോൾ  ഗ്രാമം ഉപേക്ഷിച്ചു നഗരങ്ങളിൽ  ജീവിതം കണ്ടെത്തിയിരിക്കുകയാണ്.

കാലാവസ്ഥാ വ്യതിയാനത്തിന്റെ ഒന്നാമത്തെ ഇരകൾ കർഷകരായിരിക്കും എന്ന് പറയാം. അസമയത്ത് പെയ്യുന്ന ഒരു മഴ മതി അധ്വാനിച്ചുണ്ടാക്കിയത് മുഴുവൻ ഇല്ലാതാകാൻ. ഈ സാഹചര്യത്തിൽ കാലാവസ്ഥാ പ്രതിസന്ധിയെ നേരിടാൻ കർഷകർ എങ്ങനെയാണ് തയ്യാറെടുക്കുന്നത്?

കാലാവസ്ഥാ വ്യതിയാനം ഉണ്ടാക്കിയ പ്രതിസന്ധികളെ നേരിടാൻ കർഷകർ മാത്രം വിചാരിച്ചാൽ  സാധ്യമല്ല. സർക്കാരും പൊതുസമൂഹവും കർഷകരുടെ കൂടെ നിൽക്കേണ്ടതുണ്ട്. പല കർഷകരും എന്ത് ചെയ്യണമെന്നറിയാതെ അന്ധാളിച്ചിരിക്കുകയാണ്. മാത്രവുമല്ല കാലാവസ്ഥാ വ്യതിയാനം കാരണം ഉണ്ടാകുന്ന നഷ്ടങ്ങൾക്കു സർക്കാരിൽ നിന്നും വേണ്ടത്ര സഹായം ഇപ്പോഴും ലഭിക്കുന്നില്ല. ചെറുകിട കർഷകർ നഗരങ്ങളിലേക്ക് കുടിയേറുന്നത് ഇതിന്റെ കൂടി സാഹചര്യത്തിൽ കൂടിയാണ്. അവരുടെ ഭൂമിയിൽ കണ്ണുനട്ടിരിക്കുന്ന വൻകിട ലോബികൾ സജീവമാണെന്നതും മറന്നുകൂടാ. ഞങ്ങളുടെ യോഗങ്ങളിൽ ഈ വിഷയങ്ങൾ ഇപ്പോൾ സജീവമായി ചർച്ചചെയ്യുന്നുണ്ട്. എന്നാൽ കർഷകർ പ്രതിസന്ധിയിലകപ്പെട്ട്, എങ്ങനെയെങ്കിലും കാർഷിക വൃത്തി അവസാനിപ്പിച്ച് ഭൂമി വിൽക്കട്ടെ എന്നാണ് സർക്കാർ ആഗ്രഹിക്കുന്നത്. അതു കാരണം ഭക്ഷ്യസുരക്ഷ കൂടിയാണ് അവതാളത്തിലാവുന്നത് എന്നതൊന്നും സർക്കാരിന്റെ ഇപ്പോഴത്തെ വിഷയം അല്ല. ഈ ഭൂമിയിൽ വൻ സംവിധാനങ്ങളോടെ കൃഷി ചെയ്യാനും മറ്റ് വികസന പ്രവർത്തനങ്ങൾക്ക് വേണ്ടി ഉപയോഗിക്കാനും കോർപ്പറേറ്റുകൾ കാത്തിരിക്കുകയാണ്. അവർക്ക് എല്ലാ ഒത്താശയും ചെയ്തുകൊടുക്കുകയാണ് കേന്ദ്ര സർക്കാർ.

കർഷക സമരത്തിൽ പങ്കുചേരുന്ന പഞ്ചാബിൽ നിന്നുള്ള കർഷകർ

സർക്കാർ കോർപ്പറേറ്റുകൾക്ക് ഭൂമി ലഭ്യമാക്കാൻ വേണ്ടി നടത്തുന്ന പ്രവർത്തനങ്ങളെക്കുറിച്ച് വിശദീകരിക്കാമോ?

കർഷകർ കൃഷി ഉപേക്ഷിക്കാൻ പല രീതിയിൽ സർക്കാർ ശ്രമിക്കുന്നു. അവർക്ക് വില നൽകാതിരിക്കുക വഴി മാത്രമല്ല. വൈദ്യുതി നിരക്കുകൾ കൂട്ടുന്നതും, സബ്‌സിഡികൾ നൽകാതിരിക്കുന്നതും കന്നുകാലികളെ വളർത്താനും പരിപാലിക്കാനും പറ്റാത്ത സാഹചര്യം സൃഷ്ടിക്കുന്നതും ചില ഉദാഹരണങ്ങൾ ആണ്. പാൽ ഉൽപ്പാദന രംഗത്തേക്ക് വൻകിട കമ്പനികൾ ഇപ്പോൾ തന്നെ വന്നു കഴിഞ്ഞു. അവർ നൽകുന്ന വിലയ്ക്ക് കർഷകർക്ക് പാൽ നൽകാൻ കഴിയില്ല. സ്വാഭാവികമായും കർഷകർക്ക് കന്നുകാലി വളർത്തൽ ഉപേക്ഷിക്കേണ്ടി വരും. അത് കാർഷികവൃത്തിയെ ബാധിക്കും. ഇതിനൊപ്പം കാലിത്തീറ്റയുടെ വിലയും കൂട്ടിയിരിക്കുകയാണ്. ഗ്രാമത്തിൽ സ്വയം പര്യാപ്തമായി നടക്കുന്ന ഒരു സാമ്പത്തിക പ്രവർത്തനം വൻകിട കമ്പനികളുടെ വരവോടെ ഇല്ലാതാവുകയാണ്. അതിന്റെ ആരംഭമായി കർഷകർ കന്നുകാലികളെ വിൽക്കാൻ തുടങ്ങിക്കഴിഞ്ഞു.

ഒരു വർഷത്തിലേറെ നീണ്ടുനിന്ന ദില്ലിയിലെ സമരം സംഘർഷ ഭരിതമായ നിമിഷങ്ങൾക്കാണ് പലപ്പോഴും സാക്ഷ്യം വഹിച്ചത്. ഏതുവിധേയനെയും സമരം പരാജയപ്പെടുത്താൻ സർക്കാരും സംഘപരിവാറും ഒരുവശത്ത്. നുണ പ്രചാരണത്തിന് ഒരുകൂട്ടം മാധ്യമങ്ങൾ മറുവശത്ത്. കർഷകരുടെ ഭാഗത്ത് നിന്നും ഒരു ചെറിയ പാളിച്ച ഉണ്ടായാൽ സംഭവിക്കുന്നത് വലിയ ഭവിഷ്യത്തുകൾ തന്നെയായിരിക്കും. എങ്ങനെ ഇത്രയും സങ്കീർണ്ണമായ ഒരു ദൗത്യം ഏറ്റെടുക്കാൻ കഴിഞ്ഞു? അതുണ്ടാക്കിയ മാനസിക സംഘർഷത്തെ എങ്ങനെ നേരിട്ടു?

ഒന്നാമത്തെ കാര്യം, ഈ സമരം ഒരു വലിയ ജനവിഭാഗം ഒന്നിച്ചുനടത്തിയ വലിയ ഒരു മുന്നേറ്റവും ആണ്. അവരുടെ പിന്തുണയും സഹകരണവും ഇല്ലാതെ സമരം ഇങ്ങനെ നടത്തിക്കൊണ്ടുപോകാൻ കഴിയില്ലായിരുന്നു. കൂടാതെ പൊതുസമൂഹം നൽകിയ  പിന്തുണയും വളരെ വലുതായിരുന്നു. വ്യക്തിപരമായി എന്റെ കുടുംബം തലമുറകളായി സമരരംഗത്ത് ഉള്ളതാണ്. ഇന്ത്യ സ്വാതന്ത്ര്യം നേടുന്നതിന് മുൻപ് തന്നെ സാമൂഹിക പ്രവർത്തനരംഗത്ത് കുടുംബം സജീവമായി പ്രവർത്തിക്കുന്നുണ്ടായിരുന്നു. ആ പാരമ്പര്യം നൽകിയ ഊർജവും ദിശാബോധവും വളരെ പ്രധാനപ്പെട്ടതായിരുന്നു. നുണങ്ങൾ പ്രചരിപ്പിച്ചും, കുടിവെള്ളം നിഷേധിച്ചും മറ്റും സർക്കാരും ബി.ജെ.പിയും സമരത്തെ പരാജയപ്പെടുത്താൻ നോക്കി. ഒരു ദിവസം ദുഃഖം സഹിക്കാൻ വയ്യാതായ എന്റെ കണ്ണുനീർ കണ്ട ഗ്രാമവാസികൾ നൽകിയ പിന്തുണ ഒരിക്കലും മറക്കാൻ കഴിയാത്തതാണ്. അത് സമരത്തെ കൂടുതൽ ശക്തമാക്കുകയാണ്  ചെയ്തത്. സർക്കാർ ഞങ്ങളെ തളർത്താൻ നോക്കിയതൊക്കെ ഞങ്ങളെ ശക്തിപ്പെടുത്താനാണ് സഹായിച്ചത്. അതാണ് ഐക്യത്തിന്റെ അവിശ്വനീയമായ ശക്തി. സർക്കാർ ഒരു സമരത്തെ നേരിടാൻ ഏതറ്റം വരെ പോകും എന്ന് മനസിലാക്കാൻ ഈ സമരം എന്നെ സഹായിച്ചു.

കർഷക സമരത്തിലെ ആവേശം. കടപ്പാട്: thethirdpole

പിന്നെ, സമരം സമാധാനപരമായിരിക്കും എന്ന് നേരത്തെ തീരുമാനിച്ചിരുന്നു. ആരെങ്കിലും അതിനു വിരുദ്ധമായി പ്രവർത്തിക്കുകയാണെങ്കിൽ അതിന്റെ  ഉത്തരവാദിത്തം സമര സമിതി ഏറ്റെടുക്കുകയില്ലെന്നും പ്രഖ്യാപിച്ചിരുന്നു. അതിനുവേണ്ടി ഒരുപാട് യോഗങ്ങൾ , തയ്യാറെടുപ്പുകളൊക്കെ സമരം അവസാനിക്കുന്നത് വരെയും നിരന്തരം നടത്തുന്നുണ്ടായിരുന്നു.

അടുത്ത തെരഞ്ഞെടുപ്പിൽ ബി.ജെ.പി വീണ്ടും അധികാരത്തിൽ വരുമെന്ന് തോന്നുന്നുണ്ടോ?

അത് കൃത്യമായി പറയാൻ കഴിയില്ല. ജനങ്ങളുടെ വോട്ടു മാത്രമല്ലല്ലോ അധികാരം ഉറപ്പാക്കാനുള്ള വഴി. ഒരുകാര്യം ഉറപ്പാണ് വിലക്കയറ്റം, തൊഴിലില്ലായ്‌മ തുടങ്ങിയ അനേകം പ്രശ്നങ്ങൾകൊണ്ട്  പൊറുതിമുട്ടിയിരിക്കുകായാണ് സാധാരണ ജനങ്ങൾ. വിദ്വേഷവും വെറും വാ​ഗ്ദാനങ്ങളും കൊണ്ട് അവരുടെ ജീവിതം മുന്നോട്ടുപോവുകയില്ലല്ലോ. ഈ സാഹചര്യത്തിൽ ആർക്ക് വോട്ടു നൽകണമെന്ന് അവർ സ്വയം തീരുമാനിക്കട്ടെ.

INDEPENDENT,
IN-DEPTH JOURNALISM
FOR SOCIAL &
ECOLOGICAL
JUSTICE

keraleeyam-logo

Support Keraleeyam

Choose Your Preference

₹1000/Year

₹2000/2 Years

₹500/Year(Students)

One TimeAny Amount

Also Read

December 21, 2022 3:00 pm