മുന്നറിയിപ്പുകൾ അവഗണിക്കുന്നത് ഭൂഷണമല്ല, ഭീഷണിയാണ്

കേരളം ഇന്നുവരെ കാണാത്ത ഉരുൾപൊട്ടൽ ​ദുരന്തത്തിനാണ് വയനാട് ജില്ലയിലെ മുണ്ടക്കൈ സാക്ഷിയായിരിക്കുന്നത്. ആഗോളതാപനവും കാലാവസ്ഥ വ്യതിയാനവും പ്രകൃതിയിലുണ്ടാക്കിയ മാറ്റങ്ങളെ നേരിടാൻ പ്രാദേശികമായ വിലയിരുത്തലുകളും സംവിധാനങ്ങളും അത്യാവശ്യമാണെന്ന് ഒന്നുകൂടി ഓർമ്മപ്പെടുത്തുന്നു മുണ്ടക്കൈയിലെ ദുരന്തം. നൂറ് കണക്കിന് മനുഷ്യജീവനുകൾ മണ്ണിനടിയിലായ ശേഷം വന്ന ഇന്ത്യൻ മെട്രോളജിക്കൽ ഡിപ്പാർട്മെന്റിന്റെ ‘റെഡ് അലേർട്ട്’ വീഴ്ചകളുടെ ആഴം വ്യക്തമാക്കുന്നു. ഔ​ദ്യോ​ഗികമായ മുന്നറിയിപ്പുകൾ വൈകി എന്ന യഥാർത്ഥ്യം ഒരുവശത്തുള്ളപ്പോൾ തന്നെ മുന്നറിയിപ്പുകൾക്കനുസരിച്ച് എന്തെല്ലാം മുൻകരുതലുകളും തയ്യാറെടുപ്പുകളും നടത്തണമെന്ന അവ്യക്തതയും വയനാട്ടിലെ ദുരന്തമേഖലയിൽ കാണാനാകും. വയനാട് കൽപ്പറ്റയിൽ പ്രവർത്തിക്കുന്ന ഹ്യൂം സെന്റർ ഫോർ ഇക്കോളജി ആന്റ് വൈൽഡ് ലൈഫ് ബയോളജി – വെതർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ജൂലൈ 29ന് തന്നെ (ദുരന്തത്തിന് 16 മണിക്കൂർ മുമ്പ്) ജില്ലാ ഭരണകൂടത്തിനും കേരളാ ദുരന്ത നിവാരണ അതോറിറ്റിക്കും ദുരന്ത സൂചന/അറിയിപ്പ് നൽകിയിരുന്നു. വയനാട്ടിലുടനീളം അവർ സ്ഥാപിച്ചിട്ടുള്ള മഴമാപിനികൾ വഴി ശേഖരിക്കുന്ന മഴയുടെ ഡാറ്റ വിശകലനം ചെയ്തതിൻ്റെ അടിസ്ഥാനത്തിലാണ് മുന്നറിയിപ്പ് നൽകിയത്. അവരുടെ പുത്തുമല റെയിൻഗേജിൽ രേഖപ്പെടുത്തിയ മഴയുടെ അളവ് 48 മണിക്കൂറിനുള്ളിൽ 572 മില്ലിമീറ്റർ ആയിരുന്നു. 2019 ആഗസ്റ്റിൽ പുത്തുമലയിലും കവളപ്പാറയിലും ഉരുൾപൊട്ടലിന് കാരണമായ മഴയുടെ അളവിനേക്കാൾ കൂടുതലായിരുന്നു ഇത്. ഇക്കാര്യം യഥാസമയം അറിയിച്ചിട്ടും ബന്ധപ്പെട്ട അധികാരികൾക്ക് ദുരന്ത ലഘൂകരണ നടപടികൾ സ്വീകരിക്കാൻ കഴിഞ്ഞില്ല എന്ന് വ്യക്തം. 16 മണിക്കൂർ മുമ്പ് ലഭിച്ച മുന്നറിയിപ്പായിരുന്നതിനാൽ ദുരന്തത്തിന്റെ ആഘാതം കുറയ്ക്കാൻ കഴിയുന്ന നടപടികൾ സ്വീകരിക്കാൻ സമയമുണ്ടായിരുന്നു. ഹ്യൂം സെന്റർ നൽകിയ മുന്നറിയിപ്പ് കണക്കിലെടുത്തില്ലെന്ന ആരോപണമുയരുന്ന സാഹചര്യത്തിൽ ചർച്ച ചെയ്യേണ്ട മറ്റൊരു പ്രധാന റിപ്പോർട്ട് കൂടിയുണ്ട്. 2020ൽ ഹ്യൂം സെന്റർ ഫോർ ഇക്കോളജി ആന്റ് വൈൽഡ് ലൈഫ് ബയോളജി, കേരള സാഹിത്യ പരിഷത്തുമായി ചേർന്ന് വയനാട്ടിൽ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ റിപ്പോർട്ട് – ‘വയനാട്ടിൽ ഇനി വേണ്ടത് ജാഗ്രത, ഉരുൾപൊട്ടൽ സാധ്യതാ പഠന റിപ്പോർട്ട്’. 2019ലെ പുത്തുമല ഉരുൾപൊട്ടൽ ദുരന്തത്തെ തുടർന്നാണ് പഠനം സംഘടിപ്പിക്കപ്പെട്ടത്. ദുരന്തത്തെ മുൻകൂട്ടി കാണാൻ കഴിയുന്ന ജനതയാണ് ഇവിടെ ഇനി ഉണ്ടാകേണ്ടതെന്നും അതീവ പരിസ്ഥിതി ലോലമായ കേരളത്തിന്റെ ഭൂഭാഗത്ത് വികസനവും ജീവിതവും ആസൂത്രണം ചെയ്യുമ്പോൾ ശാസ്ത്രീയ സമീപനം സ്വീകരിക്കണമെന്നും റിപ്പോർട്ട് സമർത്ഥിക്കുന്നു.

പുത്തുമലയിലെ ഉരുൾപൊട്ടലുണ്ടായ സ്ഥലത്ത് പഠനസംഘം. കടപ്പാട്:hume centre

2018ലെ പ്രളയത്തിന് ശേഷം ജില്ലാതലത്തിൽ നടന്ന യോ​ഗത്തിൽ വച്ചാണ് അന്നത്തെ വയനാട് ജില്ലാ കളക്ടർ കേശവേന്ദ്രകുമാർ ഹ്യൂം സെന്ററിനോട് വയനാട്ടിലുണ്ടായ ഉരുൾപൊട്ടലുകളെക്കുറിച്ച് വിശദമായ പഠനം നടത്താൻ ആവശ്യപ്പെട്ടത്. അന്ന് ജിയോളജിക്കൽ സ‌ർവ്വേ ഓഫ് ഇന്ത്യയുടെ ടീം വയനാട്ടിൽ നടത്തിയ പഠനം അപര്യാപ്തമായതിനാലാണ് ജില്ലാ ഭരണകൂടം ഹ്യൂംസെന്ററിനെ പഠനത്തിനായി ചുമതലപ്പെടുത്തുന്നത്. പഠനത്തിന്റെ കണ്ടെത്തലുകൾ വയനാട്ടിലെ എല്ലാ പഞ്ചായത്തുകളിലും അവതരിപ്പിക്കുകയും അവരുടെ നി‌ർദ്ദേശങ്ങൾ കൂടി ഉൾപ്പെടുത്തിയുമാണ് റിപ്പോർട്ട് പൂർത്തിയാക്കി സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിക്ക് സമർപ്പിച്ചത്. എന്നാൽ ഈ റിപ്പോർട്ടിന്റെ കണ്ടെത്തലുകളോ നിർദ്ദേശങ്ങളോ ജില്ലാ ഭരണകൂടം ​ഗൗരവത്തോടെ പരി​ഗണിച്ചില്ലെന്നാണ് മുണ്ടക്കൈയുടെ അനുഭവം വ്യക്തമാക്കുന്നത്.

പുത്തുമലയിൽ ഉരുൾപൊട്ടലുണ്ടായ സ്ഥലത്ത് അവശേഷിച്ച റിസോർട്ട് കെട്ടിടം. കടപ്പാട്:hume centre

റിപ്പോർട്ട് പറയുന്നത്

പശ്ചിമഘട്ട പ്രദേശങ്ങളിലെ ഉരുൾപൊട്ടൽ സാധ്യത അവിടങ്ങളിലെ ജനസംഖ്യയും കൂടി കണക്കിലെടുക്കുമ്പോൾ വലിയൊരു ഭീഷണി തന്നെയായി നിലനിൽക്കുന്നതായാണ് റിപ്പോർട്ട് പ്രധാനമായും പറയുന്നത്. 1901 ലെ സെൻസസ് പ്രകാരം വയനാട്ടിലെ ആകെ ജനസംഖ്യ 75,149 ആണ്. എന്നാൽ, അത് 2011ലെത്തുമ്പോൾ വയനാട്ടിലെ ആകെ ജനസംഖ്യ 8,18,022 ആയി ഉയർന്നു. അതുകൊണ്ട് തന്നെ വരുംകാലങ്ങളിൽ ജനജീവിതം സുരക്ഷിതമാക്കുന്നതിന് ദുരന്ത സാധ്യതകളുടെ പ്രവചനവും അതിനനുസരിച്ചുള്ള തയ്യാറെടുപ്പുകളും പ്രധാനമാണ്. ജനസംഖ്യയിലുണ്ടായ ഈ വ്യത്യാസത്തിനൊപ്പം വയനാടിന്റെ വിവിധ ഭാ​ഗങ്ങളിൽ കഴിഞ്ഞ 20 വർഷത്തിനിടയിലുണ്ടായ മഴയുടെ അളവുകളുമാണ് ഈ പഠനം വിലയിരുത്തിയിരിക്കുന്നത്. സ്വാഭാവികമായി തന്നെ മഴ കൂടുതൽ ലഭിക്കാറുള്ള വയനാടൻ മലകളിൽ വാർഷിക വർഷപാതത്തിന്റെ ഇരട്ടി മഴ 2018- 2019 വർഷങ്ങളിൽ കിട്ടിയതായി പഠനം പറയുന്നു. 2018ലെയും 2019ലെയും അതിതീവ്രമഴയെ തുടർന്നുണ്ടായ ഉരുൾപൊട്ടൽ പ്രദേശങ്ങളുടെ വിവരങ്ങൾ മൊബൈൽ ആപ്ലിക്കേഷൻ വഴി ശേഖരിച്ചാണ് ഈ പഠനം നടത്തിയത്.

കടപ്പാട്:hume centre

ഉരുൾപൊട്ടൽ പ്രവചനാതീതമോ?

സാധാരണയിൽ കൂടുതൽ മഴ ലഭിച്ച 2012ൽ വയനാട്ടിലെ ചെമ്പ്ര മലനിരകളിൽ 12 ഇടത്താണ് ഉരുൾപൊട്ടിയത്. 1992 ൽ കാപ്പിക്കളത്തിലും 1984ൽ ഇന്ന് ഉരുൾപൊട്ടൽ ദുരന്തമുണ്ടായ മുണ്ടക്കൈയിലും ഉരുൾപൊട്ടിയിരുന്നു. 2018ൽ 72 ഉരുൾപൊട്ടലുകളും, 62 ഭൂമി നിരങ്ങിനീങ്ങലും, 625 മണ്ണിടിച്ചിലുമാണ് ഉണ്ടായത്. 2019ൽ 38 ഉരുൾപൊട്ടലും, 31 മണ്ണിടിച്ചിലുമുണ്ടായി. മുൻവർഷങ്ങളിലെ മഴയുടെയും ഉരുൾപൊട്ടലുകളുടെയും വിവരങ്ങളും, ഭൂപ്രകൃതിയുടെ ചരിവും, മണ്ണിന്റെ ഘടനയും നീർച്ചാലുകളുടെ വിന്യാസവും കണക്കിലെടുത്ത്, ഉപഗ്രഹ സാങ്കേതികവിദ്യ ഉപയോഗിച്ച് ഒരുപരിധിയിൽ കൂടുതൽ മഴ ലഭിച്ചാൽ ഉരുൾപൊട്ടാൻ സാധ്യതയുള്ള പ്രദേശങ്ങളെ പ്രവചിക്കാൻ കഴിയുമെന്നാണ് പഠനത്തിൽ പറയുന്നത്. വയനാടിന്റെ മലമ്പ്രദേശങ്ങളിൽ അതിതീവ്രമഴ കൂടിയതിന്റെ കണക്കുകളും റിപ്പോർട്ട് നൽകുന്നുണ്ട്. 24 മണിക്കൂറിനുള്ളിൽ 300 മുതൽ 500 മില്ലിമീറ്റർ വരെ മഴയാണ് വയനാടിന്റെ പല സ്ഥലങ്ങളിലും 2018ന് ശേഷം പെയ്തിട്ടുള്ളതെന്ന് റിപ്പോർട്ട് പറയുന്നു.

അന്തർദേശീയ മാനദണ്ഡങ്ങൾ പ്രകാരം 30 ഡിഗ്രിയിൽ കൂടുതൽ ചരിവുള്ള മലമ്പ്രദേശങ്ങളിൽ മനുഷ്യവാസം പാടില്ല എന്നും, 22 ഡിഗ്രി മുതൽ 30 ഡിഗ്രി വരെയുള്ള പ്രദേശങ്ങളിൽ ഭൂവിനിയോഗത്തിൽ നിയന്ത്രണങ്ങൾ വേണമെന്നും നിഷ്കർഷിച്ചിരിക്കുന്നു. ഈ ഭൂപ്രദേശങ്ങൾ സ്വാഭാവികമായി മണ്ണിടിച്ചിലിനും മണ്ണൊലിപ്പിനും സാധ്യതയുള്ള പ്രദേശങ്ങളാണ്. ബ്രിട്ടീഷ് ഭരണകാലത്താണ് മലഞ്ചെരുവുകളിൽ ഇടപെടൽ തുടങ്ങിയത്. അതിന്റെ ഭാഗമായി കൊണ്ടുവന്ന് താമസിപ്പിച്ച തോട്ടംതൊഴിലാളികളും അവരുടെ പിന്തുടർച്ചക്കാരുമാണ് ഇന്നും ഈ അപകടസാധ്യതാ പ്രദേശങ്ങളിൽ ഭൂരിഭാഗവും.

പുത്തുമല ഉരുൾപൊട്ടൽ. കടപ്പാട്:hume centre

പശ്ചിമഘട്ടത്തിന്റെ ഭാഗമായുള്ള മലഞ്ചെരുവുകളിലും 30 ഡിഗ്രിയിൽ കൂടുതൽ ചെരിവുള്ള ഒറ്റപ്പെട്ട കുന്നിൻ പ്രദേശങ്ങളിലുമാണ് പ്രധാനമായി ഉരുൾപൊട്ടലുകളുണ്ടായതെങ്കിലും കുറിച്യർമലയിലെ മേൽമുറിയേക്കാൾ ചെരിവു കൂടിയ പ്രദേശങ്ങളിലും വണ്ണാത്തിമലയുടെ ചില ഭാഗങ്ങളിലും ചെമ്പ്രമലയിലും, ബാണാസുരമലയിലും, തൊണ്ടർനാട്, മക്കിയാട് പ്രദേശങ്ങളിലും കാര്യമായ മണ്ണിടിച്ചിലോ ഉരുൾപൊട്ടലോ ഉണ്ടായിട്ടില്ലെന്നത് മനുഷ്യരുടെ ഇടപെടലും ഭൂവിനിയോഗത്തിലുണ്ടായ മാറ്റങ്ങളും ഉരുൾപൊട്ടൽ സാധ്യതയെ സ്വാധീനിക്കുന്ന ഘടകങ്ങളാണെന്ന് അനുമാനിക്കാമെന്നും റിപ്പോർട്ട് പറയുന്നു. ലോജിസ്റ്റിക്കൽ റിഗ്രെഷൻ മോഡൽ അനുസരിച്ച് 2018ലെയും 2019ലെയും പ്രകൃതി ദുരന്തങ്ങളിലെ ഏറ്റവും വലിയ സ്വാധീനശക്തി ഭൂമിയുടെ തരം മാറ്റലാണെന്നും റിപ്പോർട്ട് കണ്ടെത്തുന്നു.

“മേപ്പാടി, മുപ്പൈനാട്, വൈത്തിരി, പൊഴുതന, വെള്ളമുണ്ട, തൊണ്ടർനാട്, മാനന്തവാടി, തിരുനെല്ലി, മുട്ടിൽ, കോട്ടത്തറ എന്നീ പഞ്ചായത്തുകൾ അതീവ ഉരുൾപൊട്ടൽ സാധ്യതാ പ്രദേശങ്ങളിൽ ഉൾപ്പെടുന്ന പഞ്ചായത്തുകളാണ്.” പഠനറിപ്പോർട്ടിലെ ചെരിവുള്ള മലകളിലെ വികസനം എന്ന ഭാഗം തുടങ്ങുന്നത് ഇങ്ങനെയാണ്. പ്രാദേശികമായി നടത്തിയ പഠനങ്ങളെ ​ഗൗരവത്തിലെടുക്കാൻ ഭരണകൂടത്തിന് കഴിയാതെ പോയോ എന്ന ചോദ്യം റിപ്പോർട്ട് അവശേഷിപ്പിക്കുന്നുണ്ട്. 2019 ആഗസ്റ്റ് 8നാണ് പുത്തുമലയിൽ ഉരുൾപൊട്ടിയത്. പശ്ചിമഘട്ട മലനിരകളിലെ ഏറ്റവും ഉയരം കൂടിയ മലകളിൽ ഒന്നായ വാവുൾമലയുടെയും വെള്ളരിമലയുടെയും തുടർച്ചയായ, 30 ഡിഗ്രിയിലധികം ചെരിവുള്ള ഭൂപ്രദേശമാണ്. മേപ്പാടി- മുണ്ടക്കൈ റോഡിനോട് ചേർന്ന് കിടക്കുന്ന താഴ്ഭാഗത്തെ ചരിവുകുറഞ്ഞുള്ള ഇടത്തരം ചെറുകുന്നുകൾ ഹാരിസൺ മലയാളം പ്ലാന്റേഷൻ ഉടമസ്ഥതയിലുള്ള തേയിലത്തോട്ടങ്ങളാണ്. അതിന് മുകളിൽ സ്വകാര്യവ്യക്തികളുടെ ഏലത്തോട്ടങ്ങൾ. 200ൽ അധികം കുടുംബങ്ങൾ അവിടെ താമസിക്കുന്നു. വീടുകൾ എല്ലാം തന്നെ നിർമ്മിച്ചിരിക്കുന്നത് നീർച്ചാലുകൾക്കടുത്തോ, നീർച്ചാലുകൾ മണ്ണിട്ട് നികത്തിയോ ആണെന്നും റിപ്പോർട്ട് പറയുന്നു. പഠനഫലങ്ങൾ വിശകലനം ചെയ്തതിന്റെ അടിസ്ഥാനത്തിൽ വയനാട് ജില്ലയെ ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ എന്നിവയുണ്ടാകാനുള്ള സാധ്യത അനുസരിച്ച് മൂന്ന് മേഖലകളാക്കി റിപ്പോർട്ട് തിരിച്ചിട്ടുണ്ട്. ജില്ലയുടെ ഭൂവിസ്തീർണ്ണത്തിന്റെ 21 ശതമാനവും (449 ച.കിമീ) അതിതീവ്ര മേഖലയിൽ ആണ്.

മേപ്പാടി പഞ്ചായത്തിലെ ഉരുൾപൊട്ടൽ സാധ്യത പ്രദേശങ്ങളുടെ മാപ്പ്, റിപ്പോർട്ടിൽ നിന്ന്. കടപ്പാട്:hume centre

“വെള്ളരിമലയുടെ തെക്കൻ ചരിവിലുള്ള ചാലിയാറിന്റെ വൃഷ്ടിപ്രദേശങ്ങളിൽ 2019ലെ അതിതീവ്രമഴയിൽ നിരവധിയിടങ്ങളിൽ ഉരുൾപൊട്ടലുകൾ ഉണ്ടായിട്ടുണ്ട്. ഇത് കൂടുതലായും സംഭവിച്ചത് സ്വാഭാവികമായി വലിയ മരങ്ങളുടെ സാന്നിധ്യം കുറഞ്ഞ, മരത്തലപ്പുകളിൽ പാറക്കെട്ടുകളുള്ള ഇടങ്ങളിലാണ്. തുടർന്ന് സ്വാഭാവിക വനങ്ങൾ നിറഞ്ഞ മലഞ്ചെരിവുകളുള്ള പ്രദേശങ്ങളിലേക്ക് ഈ ഉരുൾപൊട്ടലുകൾ വ്യാപിച്ചിട്ടില്ലായെന്നതും ശ്രദ്ധേയമാണ്.” റിപ്പോർട്ട് പറയുന്നു. വെള്ളരിമലയുടെ തെക്കൻ ചരിവിലുള്ള ചാലിയാറിന്റെ വൃഷ്ടിപ്രദേശത്ത് തന്നെയാണ് ഇപ്പോൾ ഉരുൾപൊട്ടൽ ഉണ്ടായിരിക്കുന്നത്.

വയനാടിന്റെ മലത്തലപ്പുകളും ചരിവുകളും സ്വാഭാവികമായും അതിവർഷ സാധ്യതയുള്ള പ്രദേശങ്ങളാണ്. വലിയ മലഞ്ചെരുവുകളിൽ തീവ്രമഴ സമയത്ത് മണ്ണിടിയാനും ഉരുൾപൊട്ടാനുമുള്ള സാധ്യതയും സ്വാഭാവികമാണ്. എന്നാൽ അശാസ്ത്രീയമായ മനുഷ്യ ഇടപെടലുകൾ ഈ സ്വാഭാവിക പ്രതിഭാസങ്ങളുടെ വ്യാപ്തിയും ആഘാതവും കൂട്ടുന്നു. ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ എന്നീ രണ്ട് പ്രകൃതി പ്രതിഭാസങ്ങളും ഇനിയങ്ങോട്ട് ഉണ്ടാകാൻ സാധ്യതയുള്ള വലിയ മഴയുടെ തുടർച്ചയായി വയനാട് പ്രതീക്ഷിക്കേണ്ടതും മുൻകരുതലുകൾ സ്വീകരിക്കേണ്ടതുമാണെന്ന് റിപ്പോർട്ട് പറയുന്നു.

INDEPENDENT,
IN-DEPTH JOURNALISM
FOR SOCIAL &
ECOLOGICAL
JUSTICE

keraleeyam-logo

Support Keraleeyam

Choose Your Preference

₹1000/Year

₹2000/2 Years

₹500/Year(Students)

One TimeAny Amount

Also Read

August 3, 2024 12:38 pm