കർണ്ണാടകയിലെ വിവിധ സിവിൽ സൊസൈറ്റി സംഘടനകളുമായി സഹകരിച്ച് എദ്ദേളു കർണ്ണാടക മൂവ്മെന്റ് പ്രസിദ്ധീകരിച്ച ലഘുലേഖയിൽ നിന്നും. പരിഭാഷ: സിസിലി
എദ്ദേളു കർണ്ണാടകയെക്കുറിച്ച് ഏതാനും വാക്കുകൾ. എദ്ദേളു കർണ്ണാടകയ്ക്ക് ഒരു രാഷ്ട്രീയ പാർട്ടിയുമായി ബന്ധമില്ല. ഇതൊരു സ്വതന്ത്ര സിവിൽ സൊസൈറ്റി പ്ലാറ്റ്ഫോമും പ്രചാരണവുമാണ്. രാഷ്ട്രത്തിന്റെ മനഃസ്സാക്ഷി സൂക്ഷിപ്പുകാരായ ചിന്തകരും, എഴുത്തുകാരും, കലാകാരന്മാരുമാണ് ഇതിന്റെ ആത്മാവ്. അനേക ദശകങ്ങളായി ജനങ്ങളുടെ ക്ഷേമത്തിനായി നിസ്വാർത്ഥമായി പ്രവർത്തിച്ചുകൊണ്ടിരുന്ന കർഷകർ, തൊഴിലാളികൾ, ദലിതർ, വിദ്യാർത്ഥികൾ, യുവാക്കൾ, സ്ത്രീകൾ, ലൈംഗിക ന്യൂനപക്ഷങ്ങൾ, ട്രാൻസ് വ്യക്തികൾ തുടങ്ങിയവരുടെ സംഘടനകളും ജനകീയ പ്രസ്ഥാനങ്ങളും ഒത്തൊരുമിച്ച് രൂപം കൊടുത്തതാണ് എദ്ദേളുവിന്റെ ശക്തി, വിവിധ സമൂഹങ്ങളിൽ നിന്നുള്ള (ദലിത്, ആദിവാസി, നാടോടിഗോത്രങ്ങൾ, പിന്നോക്കവർഗങ്ങൾ, വൊക്കലിംഗ, ലിംഗായത്, ന്യൂനപക്ഷസമുദായങ്ങൾ, മറ്റ് ചൂഷിതവിഭാഗങ്ങൾ) പ്രതിനിധികളും ഉൾക്കൊള്ളുന്ന ഒരു വിശാല പൗരസമൂഹമാണിത്.
രാജ്യത്തെ അധഃപതിച്ചുകൊണ്ടിരിക്കുന്ന ജനജീവിതവും രാഷ്ട്രീയ അപചയവും കണക്കിലെടുക്കുമ്പോൾ, ഫോറം ഒരു ഉറപ്പിലെത്തിയിരിക്കുകയാണ്. അതായത് ഈ രാജ്യത്തെ വഞ്ചിക്കുകയും ദ്രുതവേഗത്തിൽ അതിനെ നാശത്തിലേക്ക് നയിക്കുകയും ചെയ്യുന്ന ബി.ജെ.പിയെ 2024-ലെ ഈ തെരഞ്ഞെടുപ്പിൽ അധികാരത്തിൽ നിന്നും പുറത്താക്കണം. അതേസമയം, ആര് അധികാരത്തിൽ വന്നാലും അവരുടെ മുന്നിൽ നാം കുനിയുകയോ നമ്മുടെ ലക്ഷ്യങ്ങളിലും ആദർശങ്ങളിലും വിട്ടുവീഴ്ച കാട്ടുകയോ ചെയ്യരുത്.
ഈ അവസരത്തിൽ, ആദ്യമായി ഞങ്ങൾ ഈ രാജ്യത്തെ ജനങ്ങളുടെ മുന്നിൽ ഒരു എളിയ അപേക്ഷ മുന്നോട്ടുവയ്ക്കുന്നു. കാര്യങ്ങളെ ഗൗരവമായി പരിഗണിക്കാതെയും മുൻവിചാരം കൂടാതെയും നിങ്ങൾ വോട്ട് ചെയ്യരുത്. “സ്വന്തം കണ്ണുകൾ കൊണ്ട് കാണാൻ സാധിക്കുന്നതായാൽപ്പോലും സ്വയം ഉറപ്പുവരുത്തണം” എന്നതാണല്ലോ ചൊല്ല്. ഇവിടെ ഞങ്ങൾ നിങ്ങളുടെ മുന്നിൽ വെയ്ക്കുന്ന ആശയങ്ങളുടെ യുക്തിഭദ്രത ഉറപ്പുവരുത്തുക, അവയുടെ മൂല്യവും വിശ്വാസ്യതയും ഉറപ്പുവരുത്തിയതിന് ശേഷം മാത്രം സ്വീകരിക്കുക. നമ്മുടെ ജനതയുടെ കാലപ്പഴക്കം ചെന്ന ജ്ഞാനം പ്രസ്താവിക്കുന്നതുപോലെ, നിങ്ങളെ കഴുത്ത് ഞെരിച്ച് കൊല്ലുകയെന്ന ലക്ഷ്യമുള്ളവരെ നിങ്ങളൊരിക്കലും വിശ്വസിക്കരുത്. ഇന്ന് സാധാരണക്കാരുടെ ജീവിതം ഗുരുതരമായി അധഃപതിക്കുകയാണ്. വർദ്ധിക്കുന്ന വിലക്കയറ്റം, കുറയുന്ന വരുമാനം , കടബാധ്യതകൾ ഇവയെയോർത്ത് ജനം ഉത്കണ്ഠാകുലരാണ്, ഭാവി ഇരുണ്ടതും. എന്നാൽ പ്രധാനമന്ത്രി മോദിയുടെ ശക്തരായ കോർപ്പറേറ്റ് രാജാക്കന്മാരായ അദാനിയുടെയും അംബാനിയുടെയും ആസ്തികളും സമ്പത്തും ഇരുപതിരട്ടി വർദ്ധിച്ചിരിക്കുകയാണ്. ഇന്നവർ ലോകത്തെ സമ്പന്നരുടെ പട്ടികയിൽ മുൻ നിരയിലാണ്. നിയമാനുസൃതമല്ലാത്ത ധന സമ്പാദനം വഴി ബി.ജെ.പി ലോകത്തെ ഏറ്റവും സമ്പന്നമായ രാഷ്ട്രീയപാർട്ടി ആയി തീർന്നിരിക്കുകയാണ്.
ഒരു സ്വേച്ഛാധിപതിയെ പോലെ പ്രവർത്തിച്ചുകൊണ്ട് അത് ജാതിയുടെയും മതത്തിന്റെയും പേരിൽ നമ്മുടെ രാഷ്ട്രത്തിന്റെ എല്ലാ ജനാധിപത്യമൂല്യങ്ങളെയും നശിപ്പിച്ചുകഴിഞ്ഞിരിക്കുന്നു. വെറുപ്പ്, ലഹളകൾ, അത്യാചാരങ്ങൾ ഇവയൊക്കെ ഉത്തേജിപ്പിക്കുന്നു. ഇവയെല്ലാം ഇന്ന് നമ്മുടെ ദേശത്തെ സാധാരണ പെരുമാറ്റച്ചട്ടമായി മാറിയിരിക്കുകയാണ്. ദേശത്തെ ഭരിക്കേണ്ടവർ ഇന്ന് ദേശത്തെ കത്തിക്കുകയാണ്. ഈ ചെറിയ പുസ്തകത്തിൽ ചർച്ച ചെയ്യുന്ന കഠിനമായ സത്യങ്ങൾ വായിച്ചുകഴിയുമ്പോൾ മോദി ഭരണത്തിന്റെ യഥാർത്ഥ സ്വഭാവം നിങ്ങൾക്ക് മുമ്പിൽ തുറക്കപ്പെടും. സ്വയം വില്പനച്ചരക്കായി മാറിയ മുഖ്യധാരാ മാധ്യമങ്ങൾ നുണകളും തെറ്റായ വിവരങ്ങളും കൊണ്ട് നമ്മെ അന്ധരാക്കിയിരിക്കുകയാണെന്ന് നിങ്ങൾക്ക് മനസ്സിലാകും. യാഥാർത്ഥ്യം എന്താണെന്നറിയുമ്പോൾ-വസ്തുതകൾ നിങ്ങൾക്ക് മുമ്പിൽ അവതരിപ്പിക്കാൻ ഞങ്ങൾ ഉദ്ദേശിക്കുന്നു-കാര്യങ്ങൾ നിങ്ങൾക്ക് കൂടുതൽ വ്യക്തമാകും.
പറയാനും ചർച്ച ചെയ്യാനും ധാരാളം കാര്യങ്ങളുണ്ട്. എല്ലാം പറയുകയെന്നുവെച്ചാൽ ഒന്നും പറയുന്നില്ല എന്നർത്ഥം. അതിനാൽ, കഴിഞ്ഞ പത്തുവർഷം ഇന്ത്യയിലെ ജനങ്ങൾക്ക് നേരെയുണ്ടായ പ്രധാന പത്ത് വഞ്ചനകളെ വെളിപ്പെടുത്തുകയാണ്. വരൂ, ഇതിലെഴുതിയിരിക്കുന്നത് നമുക്കാദ്യം വായിക്കാം. അതിനുശേഷം നമ്മുടെ വിവേചനാധികാരം പ്രയോജനപ്പെടുത്തിക്കൊണ്ട് ഇത്തവണ ആർക്ക് വോട്ട് ചെയ്യണമെന്ന് തീരുമാനിക്കാം.
കഴിഞ്ഞ പത്ത് വർഷങ്ങളിൽ നടന്ന പത്ത് കൊടും വഞ്ചനകൾ
1. വിലക്കയറ്റം – സർക്കാറിന്റെ തന്നെ ദൈനംദിനകൊള്ള
2. കർഷകരുടെ പ്രതിസന്ധി – കോർപ്പറേറ്റ് താല്പര്യങ്ങളുടെ അൾത്താരയ്ക്ക് മുമ്പിൽ കർഷകരെ ബലിയർപ്പിക്കൽ
3. അതിഭീകരമായ തൊഴിലില്ലായ്മ എന്ന പ്രതിസന്ധി – യുവതയുടെ സ്വപ്നങ്ങളെ തകർത്തു
4. ചുരുങ്ങുന്ന കൂലി – അധ്വാനിക്കുന്ന ജനവിഭാഗങ്ങൾ ആധുനികരീതികളിലുള്ള അടിമത്തത്തിൻ കീഴിൽ പണിയെടുക്കുന്നു
5. കോർപ്പറേറ്റുകൾ ഇന്ത്യയെ കൊള്ളയടിക്കുന്നു – അദാനി മോദിയുടെ മുഖംമൂടി
6. വൻ അഴിമതി – സങ്കല്പിക്കാനാവാത്ത സംഘടിതമായ ക്രിമിനൽ മാഫിയ
7. സംവരണം അട്ടിമറിക്കപ്പെട്ടു- സമൂഹങ്ങളുടെ പാത്രത്തിൽ വിഷം കലർത്തുന്നു
8. സ്ത്രീകളും ലൈംഗിക ന്യൂനപക്ഷങ്ങളും കബളിപ്പിക്കപ്പെടുന്നു – നിരന്തരമായ ചൂഷണാവസ്ഥയ്ക്ക് വിധേയരാകുന്നു
9. കേന്ദ്രമെന്ന തടസ്സം- കർണ്ണാടകയുടെ വികസനത്തെയും കന്നട ശബ്ദത്തെയും അടിച്ചമർത്തുന്നു
10. രാജ്യദ്രോഹം മതമായി അവതരിപ്പിക്കപ്പെടുന്നു – ഭരണഘടനയെ ആസൂത്രിതമായി കൊല്ലുന്നു.
വഞ്ചന-1: വിലക്കയറ്റം – സർക്കാരിന്റെ ദൈനംദിനകൊള്ള
വാഗ്ദാനം ചെയ്തത്:
ബി.ജെ.പി അധികാരത്തിൽ വന്നാൽ അവർ കള്ളപ്പണം തിരിച്ചുകൊണ്ടുവരും, അവശ്യവസ്തുക്കളുടെ വില കുറയ്ക്കുന്നതിലൂടെ വിലക്കയറ്റം തടയും. പെട്രോളിന്റെ വില കുറയ്ക്കും. എല്ലാ ബി.പി.എൽ കുടുംബങ്ങൾക്കും സൗജന്യമായി ഗ്യാസ് സിലിണ്ടർ നൽകും.
യഥാർത്ഥത്തിൽ സംഭവിക്കുന്നത്:
കഴിഞ്ഞ പത്ത് വർഷത്തെ ബി.ജെ.പി ഭരണത്തിൽ, എല്ലാവിധ അവശ്യവസ്തുക്കളുടെയും വില ഇരട്ടിക്കുകയോ, അതിൽ കൂടുതലാവുകയോ ഉണ്ടായിട്ടുണ്ട്. താഴെ കൊടുത്തിരിക്കുന്ന ഉദാഹരണം നോക്കുക.
*ഗ്യാസ് സിലിണ്ടർ 1200 രൂപ കടന്നു, ഇലക്ഷനുകൾ അടുത്തപ്പോൾ നേരിയ കുറവുണ്ടായി.
മുകളിൽ കൊടുത്ത ലിസ്റ്റിൽ ഏതാനും ചില ഉദാഹരണങ്ങൾ മാത്രമാണ് നൽകിയിരിക്കുന്നത്. ഹോട്ടൽ താരിഫുകൾ, ബസ്സ് ചാർജ്ജ്, തീവണ്ടി ചാർജ്ജ്, പച്ചക്കറികൾ, മാംസം, മത്സ്യം, വസ്ത്രം, ചെരിപ്പുകൾ, സിമന്റ്, ഇരുമ്പ്, സ്കൂൾ ഫീസ്, ഹോസ്പിറ്റൽ ബിൽ – എല്ലാം വാനോളം ഉയർന്നു. ഓരോ ഘട്ടത്തിലും സാധാരണക്കാർ കൊള്ളയടിക്കപ്പെടുകയും ചതിക്കപ്പെടുകയുമാണുണ്ടായത്.
എന്താണ് ഇതിന്റെ കാരണങ്ങൾ?
അനിവാര്യമായ വിലക്കയറ്റത്തിന് ബി.ജെ.പി നൽകുന്ന മൂന്ന് നുണകൾ:
1. അന്താരാഷ്ട്ര വിപണിയിൽ ഉണ്ടായ ക്രൂഡ് ഓയിൽ വിലക്കയറ്റം പെട്രോളിന്റെ വില കൂടാൻ കാരണമായി
2. എണ്ണ ബോണ്ടുകളിൽ മുൻ കോൺഗ്രസ് സർക്കാർ വരുത്തിവെച്ച കടങ്ങളുടെ തിരിച്ചടവ്
3. കോവിഡ് പകർച്ചവ്യാധിയുടെ കാലത്ത് സൗജന്യവാക്സിൻ നൽകേണ്ടി വന്നു, കൂടാതെ പ്രധാനമന്ത്രി ഗരീബ് കല്യാൺ ആഹാർ സ്കീമിന് കീഴിൽ സൗജന്യ അരി നൽകേണ്ടി വന്നു.
ഈ വിലക്കയറ്റത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ:
അന്താരാഷ്ട്ര മാർക്കറ്റിൽ ഉണ്ടായെന്ന് പറയപ്പെടുന്ന ക്രൂഡ് ഓയിൽ വിലക്കയറ്റമാണ് കാരണമെന്ന് പറയുന്നുണ്ടെങ്കിലും യാഥാർത്ഥ്യം നേരെ വിപരീതമാണ്:
1. 2014-ൽ ക്രൂഡ് ഓയിൽ ബാരലിന് വില 110 ഡോളർ ആയിരുന്നു, 2023-ൽ അത് 76 ഡോളറിലേക്ക് താഴ്ന്നു.
2. പെട്രോളിനും ഡീസലിനും മേൽ ഉയർത്തിയ സെസ്, സബ്സിഡികളിലുണ്ടായ കുറവ്, എല്ലാ ഉപഭോക്തൃവസ്തുക്കളുടെ മേലും ചുമത്തിയ ജി.എസ്.ടി എന്നിവയാണ് വിലക്കയറ്റത്തിന്റെ പ്രധാന കാരണങ്ങൾ.
3. ഈ കാലയളവിൽ പെട്രോളിന് മേലെയുണ്ടായിരുന്ന നികുതി രണ്ടിരട്ടിയായി വർദ്ധിപ്പിച്ചു. (9.48 ശതമാനത്തിൽ നിന്നും 19.98 ശതമാനമാണ് ലിറ്ററിന് വർദ്ധിച്ചത്)
4. ഗ്യാസ് സിലിണ്ടറിന് നൽകിയിരുന്ന സബ്സിഡി എടുത്തുമാറ്റി. (സിലിണ്ടറിന് 500 രൂപ)
-12 ശതമാനം മുതൽ 18 ശതമാനം വരെ ജി.എസ്.ടി എല്ലാ ചരക്കുകൾക്ക് മീതെയും. ദരിദ്രകുടുംബങ്ങളുടെ അടിസ്ഥാന അവശ്യവസ്തുക്കളായ ഉപ്പ്, അരി, ഗോതമ്പ്, അവശ്യമരുന്നുകൾ എന്നിവയ്ക്ക് മേൽ 12-18 ശതമാനം ജി.എസ്.ടി നികുതി ചുമത്തിയിരിക്കുന്നു. എങ്കിലും സമ്പന്നർ വാങ്ങുന്ന ലക്ഷ്വറി കാറിന്റെ ജി.എസ്.ടി വെറും 4 ശതമാനം ശതമാനം മാത്രം. ഡയമണ്ടിന് ജി.എസ്.ടി വെറും 1.5 ശതമാനം. ഇപ്പോൾ പറയൂ, ആരുടെ പക്ഷത്താണ് സർക്കാർ എന്ന്?
5. പെട്രോളിനും ഡീസലിനും വില കൂടിയതോടെ ചെലവുകൾ ഉയർന്നു, ഇത് എല്ലാവിധ ചരക്കുകളുടെയും വിലവർദ്ധനയ്ക്കിടയാക്കി. ചരക്കുകൾ വിൽക്കുന്ന കമ്പനികൾക്ക് മേൽ നികുതികൾ ചുമത്താതെ, ജി.എസ്.ടി ഉപഭോക്താക്കളുടെ മേലാണ് ചുമത്തുന്നത്. അത് എല്ലാവിധ ചരക്കുകളുടെയും വില വർദ്ധിപ്പിച്ചു.
പണം എങ്ങോട്ടാണ് അപ്രത്യക്ഷമായതെന്ന് നോക്കാം:
1. പെട്രോളിന്റെ നികുതി വർദ്ധിപ്പിച്ചതുവഴി സർക്കാരിന് ലഭിച്ച അധികവരുമാനം 26.74 ലക്ഷം കോടി രൂപ.
2. എല്ലാവിധ ചരക്കുകളിലും ജി.എസ്.ടി ചുമത്തിയതുവഴി സർക്കാരിന് ലഭിച്ച അധികവരുമാനം 31.25 ലക്ഷം കോടി രൂപ
3. ഇതുരണ്ടും ചേർത്താൽ കിട്ടുന്ന മൊത്തം അധികവരുമാനം ഒരു വൻ തുകയാണ്, 58 ലക്ഷം കോടി രൂപ.
4. രണ്ട് ഡോസ് സൗജന്യ വാക്സിന്റെ ചെലവ് 36,500 കോടി രൂപ.
വാക്സിൻ പൂർണ്ണമായും സൗജന്യമായിരുന്നില്ല, ചില സ്ഥലങ്ങളിൽ 150 രൂപ വില വരുന്ന ഒരു ഡോസ് വാക്സിൻ സൗജന്യമായി നൽകി എന്നുമാത്രം. 150 രൂപ വില വരുന്ന ഒരു ഡോസ് വാക്സിൻ 600 ഉം 700 ഉം രൂപയ്ക്ക് വിൽക്കാൻ സിറം ഇൻസ്റ്റിറ്റ്യൂട്ടിന് അനുമതി നൽകിയിരുന്നു. ഈ സ്ഥാപനത്തിന്റെ ഉടമസ്ഥൻ ആയിരക്കണക്കിന് കോടികളുടെ ലാഭമുണ്ടാക്കുകയും ലോകത്തെ ഏറ്റവും വലിയ ധനികരുടെ പട്ടികയിൽ ഇടം പിടിക്കുകയും ചെയ്തു. ഇയാൾ ബി.ജെ.പിക്ക് ആയിരം കോടി രൂപയാണ് സംഭാവന നൽകിയത്.
ഗരീബ് കല്യാൺ അന്ന യോജനയ്ക്ക് ഇന്നേവരെ ചെലവാക്കിയത് 4.6 ലക്ഷം കോടിയാണ്. ഈ സർക്കാർ പെട്രോളിയം ബോൺസ് ലോണുകളുടെ തിരിച്ചടവിനായി ചെലവഴിച്ചത് 1.03 കോടി ലക്ഷം രൂപയാണ്. കോൺഗ്രസ് സർക്കാർ എടുത്ത ഒരു ലക്ഷം കോടി രൂപ തിരിച്ചടയ്ക്കാനായി ഈ സർക്കാരിന് ജനങ്ങളിൽ നിന്നും 58 ലക്ഷം കോടി കവർന്നെടുക്കേണ്ട ആവശ്യമുണ്ടായിരുന്നോ?
ഇനി അവർ ചെലവഴിച്ചുവെന്ന് അവകാശപ്പെടുന്ന കണക്കുകൾ നോക്കാം, എന്നിട്ട് അവരുണ്ടാക്കിയ നേട്ടം എത്രയാണെന്ന് കാണാം.
ചെലവുകൾ
പെട്രോളിയം ബോണ്ടുകൾ -1.03 ലക്ഷം കോടി രൂപ
സൗജന്യ വാക്സിൻ – 36,500 കോടി രൂപ
ഗരീബ് ആഹാർ യോജന – 4.6 ലക്ഷം കോടി രൂപ
ആകെ – 6 ലക്ഷം കോടി രൂപ
വരുമാനം
പെട്രോളിന്റെയും ഡീസലിന്റെയും സെസ്സും ജി.എസ്.ടിയും : 56 ലക്ഷം കോടി രൂപ
ചെലവുകൾ കഴിച്ച് ബാക്കി വന്ന മൊത്തം തുകയായ 52 ലക്ഷം കോടി രൂപ നരേന്ദ്ര മോദി നയിക്കുന്ന ബി.ജെ.പി സർക്കാർ ജനങ്ങളിൽ നിന്നും നേരിട്ട് കൊള്ളയടിച്ചതാണ്.
(തുടരും)