കോൺ​ഗ്രസ് പരാജയപ്പെടുന്നതിന്റെ പിന്നിൽ

കോൺ​ഗ്രസ് വിജയിച്ച തെലങ്കാനയിൽ കഴിഞ്ഞ ഒരു വ‍ർഷമായി ഹൈക്കമാൻഡ് വഴിയാണ് കോൺ​ഗ്രസിന്റെ തെരഞ്ഞെടുപ്പ് പ്രചാരണം നടന്നിരുന്നത്. ഒരു വ‌ർഷം പ്രിയങ്ക ​ഗാന്ധി നിരന്തരം അവിടെയെത്തി നടത്തിയ ക്യാമ്പയിനിന്റെ ഫലമാണ് തെലങ്കാനയിലെ കോൺ​ഗ്രസ് വിജയം. അതേസമയം ഛത്തീസ്ഗഢിലും മധ്യപ്രദേശിലും രാജസ്ഥാനിലും തെരഞ്ഞെടുപ്പ് പ്രചാരണം അവിടുത്തെ സംസ്ഥാന നേതൃത്വങ്ങൾക്ക് വിട്ടുകൊടുത്തു. സംസ്ഥാന നേതാക്കളുടെ നേതൃത്വത്തിലാണ് കോൺ​ഗ്രസ് പരാജയപ്പെട്ട മൂന്ന് സംസ്ഥാനങ്ങളിലും തെരഞ്ഞെടുപ്പ് പ്രചാരണം നടന്നിരുന്നത്. ആ വ്യത്യാസം ഈ ഇലക്ഷൻ ഫലങ്ങളിൽ പ്രതിഫലിച്ചു കാണാം. ഈ തെരഞ്ഞെടുപ്പുകളിൽ കോൺ​ഗ്രസിന് കുറേക്കൂടി മെച്ചപ്പെട്ട ഒരു ഫലം നേടാനായിരുന്നെങ്കിൽ 2024 ൽ വരാൻ പോകുന്ന ലോക്സഭ ഇലക്ഷനിൽ INDIA മുന്നണിയിൽ കോൺ​ഗ്രസിന് കുറേക്കൂടി വിലപേശൽ ശക്തി കിട്ടിയേനെ. എന്നാൽ ഇപ്പോഴത്തെ സാഹചര്യത്തിൽ വടക്കേയിന്ത്യൻ മേഖലകളിൽ കോൺ​ഗ്രസിന് മുന്നണിയുടെ ഭാ​ഗമായി കൂടുതൽ സീറ്റുകൾ വിട്ടുകൊടുക്കേണ്ടി വരുന്ന ഒരു സാഹചര്യമാണ് കാണുന്നത്. സംസ്ഥാന തെരഞ്ഞെടുപ്പുകളിൽ ഒരു മുന്നണിയായി മത്സരിക്കുന്നില്ല എന്ന് തീരുമാനിക്കപ്പെട്ടെങ്കിലും ഈ തെരഞ്ഞെടുപ്പുകൾ തീ‍ർച്ചയായും INDIA മുന്നണിയിൽ സ്വാധീനം ചെലുത്തും. ഈ മൂന്ന് തെരഞ്ഞെടുപ്പുകളിലെ വിജയത്തോടെ നരേന്ദ്ര മോ​ദിയ്ക്ക് എപ്പോഴുമുണ്ടായിരുന്ന കേന്ദ്രാധികാരം ഒന്നുകൂടി ശക്തിപ്പെടുകയും 2024 ലെ തെരഞ്ഞെടുപ്പിലും നരേന്ദ്ര മോദിയെ കേന്ദ്രീകരിച്ചുകൊണ്ടുള്ള പ്രചാരണങ്ങൾ വരുന്നതുമാവും നാം കാണാൻ പോകുന്നത്.

ബി.ജെ.പി ലീഡ് നേടിയതിന് പിന്നാലെ പാർട്ടി പ്രവർത്തകരെ അഭിവാദ്യം ചെയ്ത് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ. കടപ്പാട്:thehindu

തെലങ്കാന ഉൾപ്പെടെയുള്ള ഈ തെരഞ്ഞെടുപ്പുകളിലെ പ്രചാരണങ്ങളെല്ലാം പ്രാദേശിക വിഷയങ്ങളിൽ ഊന്നിയിട്ടുള്ളതായിരുന്നു. കേന്ദ്ര സ‍ർക്കാറുമായി ബന്ധപ്പെട്ട വിഷയങ്ങളൊന്നും പരി​ഗണനയിൽ കൊണ്ടുവരാതെയായിരുന്നു ഛത്തീസ്​ഗഢിലും രാജസ്ഥാനിലും എല്ലാം ബി.ജെ.പി പ്രചാരണം നടത്തിയിരുന്നത്. ക‍ർണ്ണാടകയിലെ തെരഞ്ഞെടുപ്പിൽ നിന്നും കോൺ​ഗ്രസും ​ബി.ജെ.പിയും പഠിച്ച ഒരു പാഠം, സംസ്ഥാന തെരഞ്ഞെടുപ്പുകളെ സ്വാധീനിക്കുന്നത് പ്രാദേശിക വിഷയങ്ങളാണെന്നാണ്. ലോക്സഭാ തെരഞ്ഞെടുപ്പുകളിൽ പ്രാദേശിക വിഷയങ്ങൾ ച‍ർച്ച ചെയ്യപ്പെടുമ്പോഴും തെരഞ്ഞെടുപ്പ് ഫലത്തെ ഇത്രയേറെ ബാധിക്കാറില്ല. 2019 ൽ ലോക്സഭാ ഇലക്ഷനിലേക്ക് പോകുന്നതിന് മുമ്പ് 2018 ൽ രാജസ്ഥാനിലും, ചത്തീസ്​ഗഢിലും, മധ്യപ്രദേശിലും കോൺ​ഗ്രസ് വിജയിച്ചിരുന്നു. എന്നാൽ ലോക്സഭാ ഇലക്ഷനിൽ വൻഭൂരിപക്ഷത്തോടെ നരേന്ദ്ര മോദി സ‍‍‍ർക്കാർ അധികാരത്തിലേറുകയാണുണ്ടായത്. സംസ്ഥാന തെരഞ്ഞെടുപ്പും, ലോക്സഭാ തെരഞ്ഞെടുപ്പും ജനങ്ങൾ വ്യത്യസ്തമായാണ് കാണുന്നത്. ഞങ്ങൾ അവിടെ പോയപ്പോഴെല്ലാം പലരും കേന്ദ്ര സ‍ർക്കാറിനോട് കടുത്ത വിയോജിപ്പുകൾ ഉന്നയിച്ചെങ്കിലും ചത്തീസ്​ഗഢിലെയും രാജസ്ഥാനിലെയും സംസ്ഥാന സ‍ർക്കാറുകൾക്ക് എതിരായാണ് ജനങ്ങൾ വോട്ട് രേഖപ്പെടുത്തിയത്. ലോക്സഭാ തെരഞ്ഞെടുപ്പിനെയും, സംസ്ഥാന തെരഞ്ഞെടുപ്പുകളെയും ജനങ്ങൾ വ്യത്യസ്തമായി കാണുന്നു എന്നാണ് മനസ്സിലാക്കേണ്ടത്.

തെലങ്കാന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള റാലിയിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും. കടപ്പാട്:thehindu

ബി.ജെ.പി.യുടെ ഇലക്ഷൻ മെഷിനറിയും ബൂത്ത് മാനേജ്മെന്റും രാജസ്ഥാൻ പോലെയുള്ള സംസ്ഥാനങ്ങളിൽ അവരുടെ വിജയങ്ങൾക്ക് കാരണമായിട്ടുണ്ട്. രാജസ്ഥാനിലും ചത്തീസ്​ഗഢിലും കോൺ​ഗ്രസ് ഭരണം മാറ്റുന്നതിനായാണ് ജനങ്ങൾ ബി.ജെ.പി.യ്ക്ക് വേണ്ടി വോട്ട് കുത്തിയതെങ്കിൽ മധ്യപ്രദേശിൽ, പലരും പറഞ്ഞതുപോലെ ശിവരാജ് സിം​ഗ് ചൗഹാന്റെ പ്രതിച്ഛായയാണ് പ്രവ‍ർത്തിച്ചിട്ടുള്ളത്. ശിവരാജ് സിം​ഗ് ചൗഹാനെ മുഖ്യമന്ത്രിയായി നിലനി‍ർത്തുമോ എന്ന് കണ്ടറിയേണ്ടിയിരിക്കുന്നു. രാജസ്ഥാനിലെ കോൺ​ഗ്രസിനകത്തെ അഭിപ്രായ ഭിന്നതകൾ പരിഹരിക്കുന്നതിനായി പലതവണ ശ്രമിച്ചെങ്കിലും രാജസ്ഥാൻ കോൺ​​ഗ്രസിനെ കുറിച്ച് രാഹുൽ ​ഗാന്ധിക്ക് പോലും വലിയ ആത്മവിശ്വാസം ഉണ്ടായിരുന്നില്ല. ബി.ജെ.പി.യും കോൺ​ഗ്രസും തമ്മിലുള്ള പ്രധാന വ്യത്യാസം, ബി.ജെ.പിയ്ക്കുള്ളതുപോലെ ശക്തമായ ഒരു കേന്ദ്ര സംവിധാനം കോൺ​ഗ്രസിനില്ല എന്നുള്ളതാണ്. അതുപോലെതന്നെ സ്ത്രീകൾ വളരെ വ്യാപകമായി വോട്ടിങ്ങ് രേഖപ്പെടുത്തിയ ഒരു തെരഞ്ഞെടുപ്പ് കൂടിയാണിത്. സ്വതന്ത്ര ഇന്ത്യയിൽ ഏറ്റവും കൂടുതൽ സ്ത്രീകൾ വോട്ട് ചെയ്ത തെരഞ്ഞെടുപ്പായിരുന്നു മധ്യപ്രദേശിലേത്. ബി.ജെ.പിയുടെ വിജയത്തിൽ ആ വോട്ടുകൾ ​ഗുണപരമായി മാറിയെന്നതും കാണാതെ പോകരുത്. അതുപോലെ ജനങ്ങളെ ബോധ്യപ്പെടുത്തുന്ന തരത്തിൽ പല പദ്ധതികളെ കുറിച്ചും പ്രചാരണം നടത്തുന്നതിനും ബി.​​ജെ.പി.യ്ക്ക് കഴിഞ്ഞു. കോൺ​ഗ്രസിന്റെ ക്യാമ്പയിനിങ്ങ് മോശമായിരുന്നില്ല. സാമൂഹ്യ മാധ്യമങ്ങളിലെല്ലാം വളരെ വ്യാപകമായി ക്യാമ്പയിനിം​ഗ് നടന്നു. എന്നാൽ ക്യാമ്പയിനുകൾ വോട്ടായി മാറ്റാനായി ഒരു പാ‍ർട്ടി മെഷിനറി ആവശ്യമാണ്. അതിപ്പോൾ കോൺ​ഗ്രസിന് ഇല്ലെന്ന കാര്യം കോൺ​ഗ്രസിന് തന്നെ അറിയാം.

INDEPENDENT,
IN-DEPTH JOURNALISM
FOR SOCIAL &
ECOLOGICAL
JUSTICE

keraleeyam-logo

Support Keraleeyam

Choose Your Preference

₹1000/Year

₹2000/2 Years

₹500/Year(Students)

One TimeAny Amount

Also Read