തോൽപ്പിക്കാം, പക്ഷെ കൊല്ലരുത് ! ട്രോളും ഫുട്ബോളും

അർജന്റീനയും ബ്രസീലും തമ്മിലുള്ള സെമി ഫൈനൽ മൽസരത്തിനായി കാത്തിരുന്ന ഫുട്ബോൾ ആരാധകർ ആരും തന്നെ ക്വാർട്ടർ ഫൈനലിൽ കാനറിപ്പടയുടെ കാലിടറുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. കണക്കുകൾ കൂട്ടിക്കിഴിച്ച് കളി കണ്ടിരുന്നവർ ബ്രസീൽ ലോകകപ്പ് ജേതാക്കളാകാനുള്ള സാധ്യതാ പഠനം നടത്തി സെമി ഫൈനൽ, ഫൈനൽ മാച്ച് റിപ്പോർട്ടുകൾ വരെ തയ്യാറാക്കി കഴിഞ്ഞിരുന്നു. എന്നാൽ സെമി ഫൈനലിൽ അർജന്റീനയെ പരാജയപ്പെടുത്തുമെന്ന് കരുതിയ ബ്രസീൽ ആരാധകരെ നിരാശരാക്കിക്കൊണ്ട് ബ്രസീൽ മറ്റൊരു ലോകകപ്പിന്റെ കൂടി ക്വാർട്ടർ ഫൈനലിൽ നിന്ന് പുറത്തായിരിക്കുന്നു.

കഴിഞ്ഞ അഞ്ചു ലോകകപ്പുകളിൽ നാലിലും ക്വാർട്ടർ ഫൈനലിൽ ബ്രസീലിനു മടങ്ങേണ്ടി വന്നെങ്കിലും ഇക്കുറി ചരിത്രം ആവർത്തിക്കുകയില്ലെന്നായിരുന്നു വിലയിരുത്തപ്പെട്ടിരുന്നത്. എക്സ്ട്രാ ടൈമിന്റെ ആദ്യപാദത്തിൽ രാജ്യത്തിനായി നെയ്മർ ജൂനിയറിന്റെ എഴുപത്തിയേഴാം ഗോളിൽ, ഗോളെണ്ണത്തിൽ പെലെയോട് തോളുരുമ്മി നിന്ന അസുലഭ നിമിഷത്തിൽ ബ്രസീലിന്റെ വിജയം ഏറെക്കുറെ സുനിശ്ചിതമായിരുന്നു. പക്ഷെ രണ്ടാം പാദത്തിൽ ബ്രൂണോ പെട്ട്ക്കോവിക്കിന്റെ ഗോൾ പിറക്കും വരെ മാത്രമേ ബ്രസീലിന്റെ ആ വിജയ പ്രതീക്ഷക്ക് ആയുസുണ്ടായിരുന്നുള്ളൂ.

മത്സരം പെനാൽട്ടിയിലേക്ക് വിടാനുള്ള ക്രൊയേഷ്യൻ പരിശ്രമം വിജയിക്കുമെന്ന് തിരിച്ചറിഞ്ഞപ്പോൾ തന്നെ ബ്രസീലിന്റെ പരാജയം പലരും മുന്നറിഞ്ഞിരുന്നതാണ്. അപ്പോഴും ക്രൊയേഷ്യൻ വല കാക്കുന്ന ഡൊമിനിക്ക് ലിവകോവിക്ക് ഭാവഭേദങ്ങൾ കൂടാതെ നിലകൊണ്ടു. ലോകകപ്പ് മത്സരങ്ങളിൽ ക്രൊയേഷ്യയ്ക്ക് മൂന്നിൽ മൂന്നും, ബ്രസീലിന് നാലിൽ മൂന്നും പെനാൽട്ടി വിജയങ്ങളുണ്ട്. കളിയിലുടനീളം നിരന്തര പരീക്ഷണങ്ങളെ അതിജീവിച്ച് ബ്രസീലിയൻ മുന്നേറ്റങ്ങൾ ഓരോന്നും തടുത്തിട്ട ലിവകോവിക്ക് ഷൂട്ടൗട്ടിൽ കാവൽ കൈകൾ വിരിച്ച് ക്രൊയേഷ്യയെ സെമി ഫൈനലിലേക്ക് കടത്തി വിടുമ്പോഴും ബ്രസീൽ ആരാധകരുടെ വാട്സാപ്പ് സ്റ്റാറ്റസുകളിൽ നെയ്മറുതിർത്ത ഗോളിന്റെ ആരവങ്ങൾ ഒടുങ്ങി കഴിഞ്ഞിരുന്നില്ല.

എന്നാൽ കളി കഴിഞ്ഞപ്പോഴാകട്ടെ ആദ്യം പ്രത്യക്ഷപ്പെട്ടത് അർജന്റീന ആരാധകരുടെ സ്റ്റാറ്റസുകളായിരുന്നു. ഒരറ്റത്തു നിന്നും ട്രോൾമാലകൾ പൊട്ടിത്തുടങ്ങി. സന്തോഷ സൂചകമായ് തന്നതിന്നെ സ്വീകരിച്ച് ബാലകരാം ഞങ്ങൾ ഇതാ പോകുന്നു എന്ന പാട്ടിന് അകമ്പടിയോടെ ബ്രസീലിയൻ താരങ്ങളുടെ കട്ട് ഔട്ടുകളുമായി നടന്നു പോകുന്ന ആരാധകരുടെ വീഡിയോ,

സന്ദർഭ സൂചകമായ് മുറിച്ചെടുത്ത ദാസന്റെയും വിജയന്റേയും ശ്രീനിവാസൻ മോഹൻലാൽ സംഭാഷണ ശകലമായ “ആഹഹാ… അവറ്റകളുടെ കരച്ചിലു കേൾക്കാൻ തന്നെ എന്തൊരു സുഖം! എന്തൊരു സംഗീതാത്മകതം” എന്ന് ട്രോൾ ചിത്രം,

ബ്രസീൽ പതാക പതിച്ച, പെട്ടിയും കിടക്കയും കെട്ടിവെച്ച വിമാനത്തിന്റെ ടേക്കോഫ് ചിത്രം,കുഞ്ഞിരാമായണം സിനിമയിലെ ദൃശ്യങ്ങൾക്കൊപ്പം നാട്ടുവഴിയിലൂടെ നെയ്മറിന്റെ കട്ട് ഔട്ട് ഉയർത്താനായി കൊണ്ടു നടന്നു വരുന്ന ബ്രസീലിയൻ ആരാധകരുടെ ദൃശ്യങ്ങൾ വിലാപസ്വരങ്ങൾ ചേർത്ത് ശവമടക്കിന് സമാനമായി പരിണമിക്കുന്നത് വരെ എത്തി ട്രോളുകൾ .പ്രവചനങ്ങളിൽ വിശ്വസിക്കാതിരുന്ന അർജന്റീന ആരാധകർ ഒരുക്കിവെച്ചതു പോലെ ഇങ്ങനെ ഓരോ ട്രോളും പൊട്ടിച്ച് രസിച്ച് ബ്രസീലിന്റെ പരാജയം ആഘോഷിക്കെ, കളികഴിഞ്ഞ കളത്തിലൂടെ തലകുനിച്ചു നടന്ന്, സഹതാരങ്ങളുടെ നെഞ്ചിൽ വീണ് കരഞ്ഞ്, കളത്തിനു പുറത്തു നിന്നും കളിക്കളം നോക്കി വിതുമ്പുന്ന നെയ്മറിന്റെ ക്ലിപ്പുകൾ കൂടി, മലയാളത്തിലെ ശോകഗാനങ്ങളുടെ അകമ്പടിയോടെ കറങ്ങിത്തുടങ്ങി.

സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന ട്രോളുകളിൽ ഒന്ന്

കേരളത്തിൽ അങ്ങോളമിങ്ങോളം ബ്രസീൽ ആരാധകർ ഉയർത്തിയ കട്ട് ഔട്ടുകളും, ഫ്ലക്സുകളും ഇതുവരെ അഭിമാന സ്തംഭങ്ങൾ ആയിരുന്നുവെങ്കിൽ ഇപ്പോഴത് പരിഹാസ രൂപങ്ങളായിരിക്കുന്നു. സ്റ്റാറ്റസുകളിൽ ഒതുങ്ങുന്നതായിരുന്നില്ല ഈ പരാജയാഘോഷം, തെരുവുകളിൽ പടക്കം പൊട്ടിക്കുന്ന അർജന്റീന ആരാധകരുടെ ആഹ്ലാദം സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞു. അപ്പോഴക്കും ബ്രസീലിയൻ ആരാധകരുടെ സ്റ്റാറ്റസുകൾ കരയുന്ന സുൽത്താനെ ആശ്വസിപ്പിക്കുന്ന തോളുകളായി കഴിഞ്ഞിരുന്നു. കരയുന്ന നെയ്മറെ ഹൃദയത്തിൽ പകർത്തിയ ബ്രസീൽ ആരാധകർ അഭിമാനത്തോടെ തന്നെ നിലകൊണ്ടു. ‘നിങ്ങൾ നന്നായി കളിച്ചു നെയ്മർ’ എന്ന് ആശ്വാസവചനങ്ങൾ പരസ്പരം പറഞ്ഞ ഓരോ ബ്രസീൽ ആരാധകന്റെയും പ്രതിരൂപം എന്ന പോലെ നെയ്മർ കരഞ്ഞു !

അർജന്റീന ആരാധകരുടെ അടങ്ങാത്ത ആഘോഷങ്ങൾക്ക് നടുവിൽ സ്വന്തം പരാജയത്തിന്റെ പോരാട്ടവീര്യം ഉയർത്തിപ്പിടിക്കുമ്പോഴും , അർജന്റീന ആരാധകരോടുള്ള പ്രതികരണവും ശ്രദ്ധേയമാണ്. –
“അതെ , ഇനിക്ക് നല്ല നോവുണ്ട്.
ഇനിക്ക് നന്നായിട്ടറിയാം ഇപ്പൊ ഈ ട്രോളുന്നവരും
ഒരിക്കെ ഈ നോവ് നന്നായി അറിഞ്ഞോരാണെന്ന്
അതാണിനിക്ക് മനസ്സിലാവാത്തത്, ന്നിട്ടും ന്താണ് കളിക്കമ്പം കാട്ടുമ്പോ ങ്ങനെ സാഡിസ്റ്റുകളായി തീരുന്നത് ?”
മലപ്പുറത്തു നിന്നുള്ള ഒരു ബ്രസീൽ ആരാധികയുടെ കുറിപ്പാണിത്.

ഈ വേദന കേൾക്കാതിരിക്കാൻ കഴിയുമോ ?

ഫുട്ബോളിന്റെ വീറിനും വാശിക്കും ഇങ്ങനെയൊരു മറുവശമുണ്ടെന്ന് മറച്ചുവെക്കാനാകുമോ? ഒരു ദുരനുഭവത്തിലൂടെ കടന്നു പോയ ഒരാൾക്ക് അതേ ദുരവസ്ഥയിലൂടെ കടന്നു പോകുന്ന മറ്റൊരാളെ ഇത്ര മാത്രം പരിഹസിക്കാനും അപമാനിക്കുവാനും കഴിയുന്നത് കളിയായി കാണാനാവുന്നതാണോ? കാൽപ്പന്തിൽ ജീവിതം നിറച്ചുവെന്നത് കേവലമൊരു കാൽപ്പനിക വാചകമല്ലാത്ത മലപ്പുറത്ത് നിന്നും ഒരു കളിയാരാധിക ഉയർത്തുന്ന ഈ ചോദ്യങ്ങൾ അർജന്റീനൻ ആരാധകരോടു മാത്രമായുള്ളതല്ല.

എത്ര നേരം ഉണ്ടാകും ഈ ചിരി എന്നൊരു ചോദ്യം മണിക്കൂറുകൾക്കകം കളം നിറയാനിരുന്ന അർജന്റീന – നെതർലന്റ്സ് മത്സരത്തെ മുൻനിർത്തി ബ്രസീൽ ആരാധകരും ചോദിച്ചു തുടങ്ങിയിരുന്നു. അർജന്റീനയുടെ പരാജയത്തിനായുള്ള ദാഹം കഠിനമായിരുന്നു. ട്രോളിനു മറു ട്രോളുകൾ പലതും പാകം ചെയ്തു തുടങ്ങിയിരുന്നു. ”അർജന്റീന ആരാധകർക്ക് പരാജയപ്പെടാതിരിക്കാൻ മറ്റൊരു കാരണം കൂടി ,ബ്രസീൽ പരാജയപ്പെട്ടിരിക്കുന്നു , അർജന്റീനക്ക് ഇന്ന് ജയിക്കണം”, കമന്ററി ബോക്സിൽ നിന്നു പോലും ആ വാചകം പുറത്തു വന്നിരുന്നു.

എന്നാൽ കാൽപ്പന്തു കളിയുടെ മഹത്വം വെളിപ്പെടുത്തുന്ന രണ്ട് ഇടപെടലുകൾ കൂടി അരങ്ങേറി കളിക്കളത്തിൽ. പെനാൽട്ടി പാഴാക്കിയ റോഡ്രിഗോയെ ആശ്വസിപ്പിക്കാനെത്തി കെട്ടിപ്പുണർന്ന ക്രൊയേഷ്യൻ ക്യാപ്റ്റൻ ലൂക്കാ മോഡ്രിക്ക്.

റോഡ്രിഗോയെ ആശ്വസിപ്പിക്കുന്ന ലൂക്കാ മോഡ്രിക്കും

ആരാധകർ തിരിച്ചറിയുന്നില്ല എങ്കിലും പന്തു തട്ടുന്നവർക്കറിയാം പരാജയത്തിന്റെ വേദനയെന്ന് വെളിപ്പെടുത്തുന്നതാണ് മോഡ്രിക്ക് റോഡ്രിഗോയെ പറ്റി പറഞ്ഞ ഈ വാക്കുകൾ, “അവന്റെ പ്രായമായിരുന്നു എനിക്കും 2008 യൂറോയിൽ ഒരു നിർണ്ണായക പെനാൽട്ടി തുലച്ചു കളഞ്ഞപ്പോൾ, ആദ്യ പെനാൽട്ടിയെടുക്കാൻ ധൈര്യം കാണിച്ചതിന്‌ നമ്മൾ അവനെ പുകഴ്ത്തുകയാണ് വേണ്ടത്, അത് അവനെ കൂടുതൽ കരുത്തുറ്റവനാക്കും”. 2008 ലെ യൂറോ കപ്പ് ക്വാട്ടർ ഫൈനലിൽ പെനാൽട്ടി ഷൂട്ട് ഔട്ടിൽ ക്രൊയേഷ്യ പുറത്തായപ്പോൾ ആദ്യ കിക്ക് എടുത്തത് മോഡ്രിക്ക് ആയിരുന്നു. ജയിക്കാൻ മാത്രമുള്ള കളിയല്ല ഫുട്ബോളെന്നും ഒരു മത്സരത്തിൽ തോൽക്കുന്നതോടെ ആരും പരാജയപ്പെടുന്നില്ലെന്നും, കൂടുതൽ കരുത്ത് നേടാൻ കഴിയുമെന്നുമുള്ള മോഡ്രിക്കിന്റെ വാക്കുകൾ കേരളത്തിലെ കളി ആരാധകർക്ക് വെളിപ്പെടുത്തുന്ന പാഠങ്ങൾ പ്രസക്തമാണ്. പരിഹാസത്തിന്റെ ഹിംസയെ വെല്ലുവിളിക്കുന്നതാണ് മോഡ്രിക്കിന്റെ ആ കെട്ടിപ്പിടുത്തം, അതുതന്നെയാണ് കാൽപ്പന്തു കളിയുടെ സ്നേഹരാഷ്ട്രീയം !

മോഡ്രിക്കിനോട് കൂടെ തന്നെ അടയാളപ്പെടുത്തണം നെയ്മറിനെ ആശ്വസിപ്പിക്കാൻ കളിക്കളത്തിൽ ഇറങ്ങിയ ഇവാൻ പെരിസിച്ചിന്റെ മകനെയും.

നെയ്മറിനെ ആശ്വസിപ്പിക്കാനെത്തിയ ഇവാൻ പെരിസിച്ചിന്റെ മകൻ

സെക്യൂരിറ്റി തടഞ്ഞു നിർത്തിയ ഇവാന്റെ മകനെ അടുത്തു വിളിച്ച് കൈ കൂട്ടിയിണക്കി കെട്ടിപ്പിടിക്കുന്ന നെയ്മറുടെ ചിത്രവും ക്ലിപ്പും കൂടി ട്രോളുകൾക്കും പരിഹാസങ്ങൾക്കും ഇടയിൽ കാണപ്പെടുന്നുണ്ട് എന്നതിനാൽ പ്രത്യാശയോടെ തന്നെ ഇനിയും നമുക്ക് ലോകകപ്പ് കാണാം. ഫുട്ബോളിന്റെ ഹൃദയം മിടിച്ചുകൊണ്ടേയിരിക്കുന്നു.

INDEPENDENT,
IN-DEPTH JOURNALISM
FOR SOCIAL &
ECOLOGICAL
JUSTICE

keraleeyam-logo

Support Keraleeyam

Choose Your Preference

₹1000/Year

₹2000/2 Years

₹500/Year(Students)

One TimeAny Amount

Also Read

December 10, 2022 9:35 am