പിണറായി വിജയൻ ഒരു പ്രത്യയശാസ്ത്രമാണ്

കേരള സമൂഹം ഏറെ നാളായി പിണറായി വിജയൻ എന്ന രാഷ്‌ടീയ നേതാവിനെക്കുറിച്ചും ഭരണകർത്താവിനെക്കുറിച്ചും നിരന്തരം ചർച്ച ചെയ്യുകയും അദ്ദേഹത്തിന്റെ  ഭരണ നടപടികളെ വിമർശനത്തിന് വിധേയമാക്കുകയും ചെയ്തുകൊണ്ടിരിക്കുന്നു. മറുവശത്ത്  വലിയ ഒരു വിഭാഗം അദ്ദേഹത്തിന് സമ്പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് തങ്ങളുടെ ‘ചരിത്രപരമായ ദൗത്യം’ നിർവ്വഹിക്കുന്നു. ഒട്ടനവധി വ്യക്തികളും പ്രസ്ഥാനങ്ങളും ഈ വാദപ്രതിവാദങ്ങളുടെ ഭാഗമായി കടന്നുവരുന്നു എന്നത് സ്വാഭാവികം. ഈ രാഷ്ട്രീയ വ്യവഹാര പ്രക്രിയ ഏറെ പഴക്കമുള്ള ഒന്നാണ്. ഏറെ നാളായി കേരളത്തിന്റെ പൊതുമണ്ഡലത്തിൽ നടക്കുന്ന ഇത്തരം ചർച്ചകളുടെ ഉള്ളടക്കവും ഘടനയും കലാകാലമായി ഗുണപരമായി വലിയ വ്യത്യാസമില്ലാതെ ഒരു അടഞ്ഞ തുരങ്കത്തിനുള്ളിൽ വഴിമുട്ടി നിൽക്കുകയാണ്.

പിണറായി വിജയന്റെ സ്ഥാനത്ത് മറ്റൊരു വ്യക്തി അധികാരത്തിലിരുന്നാലും, അത് യു.ഡി.എഫ് നേതാവായാലും ഇത്തരം ചർച്ചകൾ ഈ രീതിയിൽ കേരളത്തിൽ നടക്കും എന്നതിൽ തർക്കമില്ല. രാഷ്ട്രീയ പ്രവർത്തകരും ഭരണകർത്താക്കളും ഇത്തരം ചർച്ചകൾക്കും പ്രതിഷേധങ്ങൾക്കും ഉള്ള വിഭവങ്ങൾ തങ്ങളുടെ പ്രവർത്തനത്തിലൂടെയും വാക്കുകളിലൂടെയും എഴുത്തുകളിലൂടെയും നിരന്തരം ഉത്പാദിപ്പിച്ചുകൊണ്ടിരിക്കും എന്നത് ഒരു യാഥാർത്ഥ്യമാണ്. ഇപ്പോൾ നടക്കുന്ന മാസപ്പടി വിവാദങ്ങൾക്ക് മുൻപ് ഈ മന്ത്രിസഭയുടെ കാലത്ത് തന്നെയും ഒന്നാം പിണറായി സർക്കാരിന്റെ കാലത്തും നിരവധി അഴിമതി ആരോപണങ്ങളും സ്വജനപക്ഷപാതവും വിവാദ നടപടികളും കാരണം രാഷ്ട്രീയ കേരളം നിരന്തരം ഇളകിമറിഞ്ഞുകൊണ്ടിരുന്നത് നമ്മൾ കണ്ടതാണ്.

ആലപ്പാട് സമരം. കടപ്പാട്: deccanherald

ഉമ്മൻചാണ്ടിയും സോളാർ വിവാദങ്ങളും ഇപ്പോഴും നമ്മൾ ചർച്ചചെയ്തുകൊണ്ടരിക്കുന്നു. ഇങ്ങനെ ഒന്നാമത്തെ ഇ.എം.എസ് മന്ത്രിസഭയുടെ കാലത്ത് നടന്ന അരി കുംഭകോണം മുതൽ എത്രയോ വിവാദങ്ങൾ നമ്മുടെ രാഷ്ട്രീയ മണ്ഡലത്തെ തീപിടിപ്പിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ ഇങ്ങനെ ആരോപണ പ്രത്യാരോപണങ്ങൾ കൊണ്ട്  പ്രക്ഷുബ്ധമായ കേരള രാഷ്ട്രീയം ജനങ്ങൾക്ക് എന്ത് നൽകി? അത് നമ്മുടെ ജീവിതത്തെ എങ്ങനെ ഗുണപരമായി സ്വാധീനിച്ചു? കേരള സമൂഹം എന്തുമാത്രം പുരോഗതി നേടി? നമ്മുടെ ബോധമണ്ഡലത്തിൽ അത് എന്ത് സ്വാധീനം ചെലുത്തി? രാഷ്ട്രീയ പാർട്ടികളെ അത് എന്തുമാത്രം നവീകരിച്ചു തുടങ്ങിയ നിരവധി ചോദ്യങ്ങൾ മനസ്സിലുയരുന്നത് സ്വാഭാവികം.

ചരിത്രപരമായും ഭൂമിശാസ്ത്രപരമായും ഏറെ വൈജാത്യങ്ങൾ നിലനിൽക്കുന്ന ഒരു പ്രദേശം എന്ന നിലയിൽ കേരളത്തിന്  മറ്റു സംസ്ഥാനങ്ങളിൽ നിന്നും വ്യത്യസ്തമായ ഒരു അസ്തിത്വം ഉണ്ട് എന്ന് കരുതുന്ന മലയാളി സമൂഹം തങ്ങളുടെ രാഷ്ട്രീയ പ്രവർത്തനങ്ങളെക്കുറിച്ച്‌, ദൈനംദിന വ്യവഹാരങ്ങളെക്കുറിച്ച്‌ ഒരു ആത്മപരിശോധനയ്ക്ക് സന്നദ്ധമാകേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. കൂടുതൽ സ്വതന്ത്രവും സർഗ്ഗാത്മകവുമായ ജീവിതം എങ്ങനെ കെട്ടിപ്പടുക്കാൻ കഴിയും? ഇപ്പോഴത്തെ ജീവിതം എങ്ങനെ കൂടുതൽ ആഹ്ലാദകരമാക്കാം? അടിസ്ഥാന മൂല്യങ്ങളെ എങ്ങനെ ദൈനംദിന ജീവിതവുമായി കൂട്ടി ചേർക്കാം? ബോധനവീകരണത്തിലൂടെ എങ്ങനെ കൂടുതൽ പുരോഗമനാത്മകമായ ജീവിതം നമുക്ക്  നേടിയെടുക്കാം? കാലം ആവശ്യപ്പെടുന്ന പാരിസ്ഥിതിക സാമൂഹ്യ ശൈഥില്യങ്ങളെ നേരിടാൻ സമത്വം, സാഹോദര്യം, ലാളിത്യം തുടങ്ങിയ മൂല്യങ്ങളെ എങ്ങനെ ജീവിതത്തോട് വിളക്കി ചേർക്കാം? ചരിത്രപരമായ കാരണങ്ങളാലും അല്ലാതെയും ദുർബലപ്പെട്ടുപോയ, അരികുവൽക്കരിക്കപ്പെട്ട സഹജീവികൾക്ക് നീതിപൂർവ്വം എങ്ങനെ കൂടുതൽ മനോഹരമായ ജീവിതത്തിനുള്ള അവസരം സൃഷ്ടിക്കാം തുടങ്ങി ഒട്ടനവധി സാധ്യതകളാണ് ഉപരിപ്ലവമായ രാഷ്ട്രീയ വ്യവഹാരങ്ങളിൽ ഏർപ്പെടുന്നതിലൂടെ ചോർന്നുപോകുന്നത്.

ഓരോ രാഷ്ട്രീയ നേതാവും തീർക്കുന്ന വ്യർത്ഥവും അസംബന്ധവുമായ ദൈനംദിന വ്യവഹാരങ്ങളുടെ ചവറ്റുകൊട്ടയിൽ നമ്മൾ ജീവിതം സമർപ്പിക്കാൻ തുടങ്ങിയിട്ട് നാളുകളേറെയായല്ലോ. ഒരു ജ്വല്ലറിയുടെ ഉദ്ഘാടനവേളയിൽ യാതൊരു ബൗദ്ധിക തയ്യാറെടുപ്പുമില്ലാതെ, ഒരുപക്ഷെ ആരെയെങ്കിലും പ്രീണിപ്പിക്കാൻ വേണ്ടി ഒരു നേതാവ് നടത്തുന്ന പ്രസ്താവന ആയിരിക്കും ദിവസങ്ങളോളം നീളുന്ന ചർച്ചകളുടെയും പ്രതിഷേധങ്ങളുടെയും ഇന്ധനം. അച്ചടി-ദൃശ്യ മാധ്യമങ്ങൾക്കൊപ്പം സാമൂഹ്യ മാധ്യമങ്ങളും ഈ ചർച്ചയുടെ ഭാഗമാവുന്നതോടെ മലയാളി ജീവിതത്തിന്റെ സൃഷ്ടിപരതയുടെ സർവ്വ സാധ്യതകളെയും അത് കുഴിച്ചുമൂടുന്നു. ഇതുപോലെ മറ്റൊരു അസംബന്ധ നാടകമാണ് രാഷ്ട്രീയ വ്യക്തിത്വങ്ങളുടെ  ജീവിതത്തിലെ അഴിമതിയുടെയും സ്വജനപക്ഷപാതത്തിന്റെയും തുടർക്കഥകൾ നമ്മുടെ ജീവിതത്തിൽ സൃഷ്ടിക്കുന്നത്. ദിവസങ്ങൾ നീണ്ടുനിൽക്കുന്ന പ്രക്ഷോഭങ്ങൾക്കും പോരാട്ടങ്ങൾക്കും ഒടുവിൽ എത്ര കേസുകളിൽ നീതി നിർവ്വഹണം നടന്നു എന്ന കണക്കെടുപ്പ് മാത്രം നടത്തിയാൽ എന്തുമാത്രം ഊർജ്ജവും സമയവും നമ്മൾ പാഴാക്കി കളഞ്ഞു എന്ന് ബോധ്യമാവും.

പിണറായി എന്ന പ്രത്യയശാസ്ത്ര മനുഷ്യൻ

പിണറായി വിജയൻ എന്ന രാഷ്ട്രീയ നേതാവിന്റെ മൂലധനം, ആഗോളതലത്തിലും കേരളത്തിലും കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനം ഉണ്ടാക്കിയ ജനസ്വാധീനവും സമൂഹത്തിന്റെ അടിത്തട്ടിലെ ജനങ്ങൾക്ക് നൽകിയ വിമോചന സ്വപ്നങ്ങളും കൂടിയാണ്. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം നേതൃത്വം നൽകിയ പല പോരാട്ടങ്ങളുടെയും ഭാഗമാകാൻ കഴിഞ്ഞ ഒരു രാഷ്ട്രീയ നേതാവ് കൂടിയാണ് പിണറായി വിജയൻ. എന്നാൽ കാലാന്തരേണ തനിക്ക് സംഭവിച്ച രൂപാന്തരീകരണത്തെക്കുറിച്ച് അദ്ദേഹം തീർച്ചയായും ബോധവാനായിരിക്കണം. അദ്ദേഹം നിയമസഭയിൽ മറുപടി പറയുന്ന ഒരു സന്ദർഭത്തിൽ തനിക്കു ഇരട്ട വ്യക്തിത്വം ഉള്ളതായി (പഴയ വിജയനും പുതിയ വിജയനും) സൂചിപ്പിക്കുന്നുണ്ട്. ഒരുപക്ഷെ ആ പ്രസ്താവനയുടെ സമയത്ത് അദ്ദേഹം ഈ ദ്വന്ദജീവിതത്തിന്റെ ആന്തരാർത്ഥവും അതിന്റെ  സൂക്ഷമതലങ്ങളും ചിന്തിച്ചിരിക്കാൻ സാധ്യതയില്ല. മറ്റൊരു കാര്യം കൂടി ഈ അവസരത്തിൽ നമ്മൾ ഓർക്കുന്നത് നന്ന്. ഇരട്ട വ്യക്തിത്വങ്ങളുടെ പരകായ പ്രവേശം ഒരുതരത്തിലും അദ്ദേഹത്തിന്റെ  വ്യക്തി ജീവിതത്തെയോ രാഷ്ട്രീയ ജീവിതത്തെയോ ധർമ്മസങ്കടങ്ങളുടെ സംഘർഷ ഭൂമിയാക്കുന്നില്ല എന്നത് ശ്രദ്ധേയമാണ്.

കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തിന്റെ പേരിൽ അധികാരം നേടുകയും ഭരണ നിർവഹണത്തിൽ ചങ്ങാത്ത മുതലാളിത്തത്തിന് ചുവപ്പു പരവതാനി വിരിക്കുകയും ചെയ്യുന്ന പ്രവർത്തനങ്ങൾ അതീവ സ്വാഭാവികതയോടെ, സങ്കീർണ്ണതകൾ അധികമില്ലാതെ നിർവഹിക്കാനുള്ള മികച്ച നൈപുണ്യം അദ്ദേഹം ഈ കാലയളവിൽ സ്വായത്തമാക്കിയത് തന്റെ സഹപ്രവർത്തകരുടെ ആശീർവാദത്തോടു കൂടിയാണെന്ന് കരുതുന്നതാവും ശരി. ഇങ്ങനെ സത്യാനന്തര കാലത്തെ കമ്യൂണിസ്റ്റ് ഭരണാധികാരിയാവാനുള്ള എല്ലാ മെയ്വഴക്കങ്ങളും അദ്ദേഹത്തിൽ വളരെ സ്വാഭാവികമായി ഒത്തുചേർന്നിരിക്കുന്നതായി കാണാം. അല്ലെങ്കിൽ അങ്ങനെ ഒരു പ്രതീതി അദ്ദേഹം വിജയകരമായി സൃഷ്ടിച്ചെടുത്തിരിക്കുന്നു എന്ന് പറയേണ്ടിവരും.

പിണറായി വിജയൻ പ്രസംഗത്തിനിടയിൽ. കടപ്പാട് : newsboardindia.com

ഏതു വെല്ലുവിളിയും ഏറ്റെടുക്കാനുള്ള ആർജവവും മനക്കരുത്തും (ഇരട്ട ചങ്ക്), അവസരോചിതമായി മാത്രം അയയുന്ന മുഖത്തെ മസിൽ പെരുക്കങ്ങൾ ഒരുക്കുന്ന തീവ്രമായ ഗൗരവം (കടക്ക് പുറത്ത് പോലുള്ള പ്രതികരണങ്ങൾ), വടക്കൻ കേരളത്തിലെ നാട്ടുഭാഷയിൽ രൂപപ്പെടുത്തിയ പ്രസംഗ ശൈലി, (ഈ പാർട്ടിയെ ഇല്ലാതാക്കാൻ നോക്കണ്ട കേട്ട…)  അതിലൂടെ നടത്തുന്ന രാഷ്ട്രീയ പ്രത്യാക്രമണങ്ങളിലൂടെ കാണികളെ പുളകം കൊള്ളിക്കാനുള്ള പാടവം, കാച്ചിക്കുറുക്കിയുള്ള വാക് പ്രയോഗം തുടങ്ങിയവയിലൂടെ ഒരു പാർട്ടിയെ ഏകശിലയിൽ വാർത്തെടുക്കാനും മിനുക്കിയെടുക്കാനും അതിനുവേണ്ട ജനപിന്തുണ ആർജ്ജിച്ചെടുക്കാനും അദ്ദേഹത്തിന്  കഴിഞ്ഞു എന്നത് മറ്റൊരു യാഥാർഥ്യം.

കൂടാതെ കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രവുമായി താൻ നേതൃത്വം നൽകുന്ന സർക്കാരിന് യാതൊരു ബന്ധവുമില്ലെന്ന് പാർട്ടിയുടെ അഭിനവ താത്വിക ആചാര്യനായി അറിയപ്പെടുന്ന എം.വി ഗോവിന്ദനെക്കൊണ്ട് പറയിപ്പിക്കാനും അദ്ദേഹത്തിന് കഴിഞ്ഞു എന്നത് ചെറിയ കാര്യമല്ല. (എൽ.ഡി.എഫ് നടത്തുന്നത് സോഷ്യലിസ്റ്റ് ഭരണം അല്ലെന്നും മുതലാളിത്ത വ്യവസ്ഥയുടെ സൗകര്യങ്ങൾ ഉപായോഗിച്ച് കൂടുതൽ മെച്ചപ്പെട്ട സാമൂഹ്യ ജീവിതം ഉറപ്പാക്കലാണ്, 20  വർഷം കൊണ്ട് കേരളത്തെ സിംഗപ്പൂർ ആക്കും തുടങ്ങിയ ഗോവിന്ദൻ മാസ്റ്ററുടെ പ്രസ്താവനകൾ ഓർക്കുക).

എം.വി ഗോവിന്ദൻ കടപ്പാട് : thesouthfirst.com

ഇതിൽ കൂടുതൽ എന്ത് സത്യസന്ധതയാണ് പാർട്ടി നേതൃത്വത്തിന് കാണിക്കാൻ കഴിയുക? പാർട്ടിയെയും പിണറായി വിജയനെയും കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തിന് അകത്ത് കുരുക്കി ‘സങ്കുചിതമായ’ രാഷ്ട്രീയ ആരോപണം ഉന്നയിക്കുകയും വിമർശിക്കുകയും ചെയ്യുന്നതിന് സാക്ഷര കേരള സമൂഹം മാപ്പു പറയേണ്ടിയിരിക്കുന്നു!

തൽക്ഷണ പ്രതികരണങ്ങളുടെ മാമാങ്കം

ചരിത്രപരമായി പല പുരോഗമന പ്രസ്ഥാനങ്ങൾക്കും ജനകീയ ഇടപെടലുകൾക്കും സാക്ഷ്യം വചിച്ച കേരളം അത്തരം പ്രവർത്തനങ്ങളുടെ ന്യൂനതകൾ പരിഹരിക്കാനോ അതിൽ നിന്നും മുന്നോട്ടുപോകാനോ വലിയ ശ്രമങ്ങൾ പിൽക്കാലത്ത് നടത്തിയില്ല എന്ന് കാണാം. സ്ത്രീ വിമോചന പ്രസ്ഥാനങ്ങളും പരിസ്ഥിതി പ്രസ്ഥാനങ്ങളും ദലിത്-ആദിവാസി സമരങ്ങളും നടത്തിയ ചില ഇടപെടലുകൾ ഒഴിച്ചാൽ വലിയ സാംസ്ക്കാരിക മുന്നേറ്റം പൊതുവിൽ ഉണ്ടായില്ല എന്നതാണ് വാസ്തവം. ഈ സാഹചര്യത്തിലാണ് ഒരുകാലത്തു ചുവപ്പിന്റെ രാഷ്ട്രീയം ആഴത്തിൽ വേരോടിയ കേരള മണ്ണിൽ സവർണ്ണ മൂല്യങ്ങളിൽ അധിഷ്ടിതയമായ സാംസ്കാരിക പ്രതിനിധാനങ്ങൾ വേരുപിടിക്കുന്നത്. അത് വളർന്നുവന്ന് ഇടതുപക്ഷ മനസിന്റെ അടിത്തട്ടിൽ പോലും ന്യൂന്യപക്ഷ വിരുദ്ധത ഉടലെടുക്കുന്നതിന് കാരണമായി. അതിന്റെ വിശകലനങ്ങളിലേക്ക് പോകുന്നില്ല.

തൊണ്ണൂറുകളിൽ ആരംഭിച്ച നവ ലിബറൽ സാമ്പത്തിക നയങ്ങളെ പ്രതിരോധിക്കാൻ ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പാർട്ടി പരാജയപ്പെട്ടതിന്റെ വലിയ നേട്ടം കൊയ്ത ബഹുകക്ഷി രാഷ്ട്രീയ സംവിധാനം കൂടിയാണ് കേരളത്തിലേത്. ക്രമാനുഗതമായി ഇടതു-വലതു വിഭജനരേഖ നേർത്തു വരികയും വലതു കക്ഷിയെക്കാൾ ശക്തമായും ഏകപക്ഷീയമായും വികസനം എന്ന പേരിൽ മുതലാളിത്ത സാമ്പത്തിക നയങ്ങൾ ഇടതുപക്ഷം ഏറ്റെടുക്കുന്ന അവസ്ഥയും ഉണ്ടായി. അതിന്റെ ഉത്തരവാദിത്തം പിണറായി വിജയൻ എന്ന ഒറ്റ നേതാവിൽ ആരോപിക്കുന്നതിന് പകരം അദ്ദേഹം പ്രതിനിധാനം ചെയ്യുന്ന പ്രത്യയശാസ്ത്രത്തിന് പ്രാണശക്തിയേകാൻ മുതിർന്നവരും ഇളമുറക്കാരുമായ നേതാക്കൾ ഒളിഞ്ഞും തെളിച്ചും ഒത്താശ ചെയ്തു എന്നും മനസിലാക്കുന്നതാവും ശരി. തീവ്ര വികസനവാദത്തിൽ നിന്നും അൽപ്പം മാറിനിന്ന വി.എസ്  അച്യുതാനന്ദന്റെ ചേരി കാലാന്തരത്തിൽ ദുർബലപ്പെടുന്നതോടെ പുത്തൻ മുതലാളിത്ത പ്രത്യയശാസ്ത്രത്തിന് തേരോട്ടം സുഗമമായി നടത്താനുള്ള മണ്ണൊരുക്കാൻ വലതും ഇടതും ഇരുമെയ്യും ഒരു മനസുമായി ആർപ്പുവിളികളോടെ കളത്തിലിറങ്ങുന്ന കാഴ്ച്ചയാണ് നമ്മൾ കണ്ടത്.

വി.എസ് അച്യുതാനന്ദൻ. കടപ്പാട് : wikipedia.org

ഇങ്ങനെ ഇടതും വലതും (സംഘപരിവാർ അടക്കം) ചേർന്ന് ഉഴുതുമറിച്ച രാഷ്ട്രീയ മണ്ണിൽ ആഴത്തിലുള്ള അന്വേഷങ്ങളും ഇടപെടലുകളും അവസാനിപ്പിച്ച മലയാളി പൊതുസമൂഹം തൽക്ഷണ പ്രതികരണങ്ങളിൽ അഭിരമിക്കാൻ തുടങ്ങി. ഒറ്റപ്പെട്ട ബദൽ അന്വേഷണങ്ങൾ നടത്തുന്ന വ്യക്തികളും ചെറു പ്രസ്ഥാനങ്ങളും ഒറ്റതിരിഞ്ഞു ആക്രമിക്കപ്പെടുകയോ ഒതുക്കപ്പെടുകയോ ചെയ്തു. സാമൂഹ്യ മാധ്യമങ്ങളും ദൃശ്യമാധ്യമങ്ങളും ചേർന്ന് മലയാളി മനസിനെ ഉറക്കി കിടത്തി. ഒരു വശത്ത് ആക്രമണോൽസുകമായ കുടുംബ കഥകളുമായി ടെലിവിഷൻ പരമ്പരകളും മറുവശത്തു രാഷ്ട്രീയ പ്രബുദ്ധതയ്ക്കു മാറ്റുകൂട്ടുവാൻ അന്തി ചർച്ചകളും, അതിനുശേഷം വിശകലന അവതാരകരും മലയാളിയെ സന്ധ്യാ സമയം മുതൽ രാവേറുംവരെ പുളകം കൊള്ളിച്ചുകൊണ്ടിരിന്നു. ഉപരിപ്ലവമായ രാഷ്ട്രീയ കോലാഹലങ്ങളിൽ, ആരോപണ പ്രത്യാരോപണങ്ങളിൽ കൂട്ടുചേർന്ന് മലയാളി മനസുകൾ വാക്ചാതുരിയുടെ താൽക്കാലിക വിജയാഘോഷത്തിൽ സ്വയം മറന്ന് തിമിർത്താടി. നമ്മുടെ ജനാധിപത്യ സംവിധാനങ്ങൾക്കോ പ്രേക്ഷകരുടെ ബോധനവീകരണത്തിനോ കാര്യമായി ഒന്നും സംഭാവന ചെയ്യാൻ കഴിയാത്തതിൽ തെല്ലും ആശങ്കയില്ലാതെ അവതാരകർ ആത്മനിർവൃതികൊണ്ടു. സമാന്തരമായി സാമൂഹ്യ മാധ്യമങ്ങളും തൽക്ഷണ പ്രതികരണങ്ങളുടെ കൂത്തരങ്ങായി മാറി. അങ്ങനെ മൂലധന ശക്തികൾക്കും സവർണ്ണ മൂല്യങ്ങൾക്കും വാട്ടം തട്ടാതെ തഴച്ചു വളരാനുള്ള വളക്കൂറുള്ള മണ്ണും തുറന്ന വിണ്ണും കേരളമെന്ന കൊച്ചു പ്രദേശത്ത് യാഥാർഥ്യമായി.

നമുക്ക് നഷടമാകുന്ന സാധ്യതകൾ

തെരഞ്ഞെടുപ്പിൽ ഭരണകക്ഷിയെ പരാജയപ്പെടുത്തുക, കൂടുതൽ മെച്ചപ്പെട്ട ജനപ്രതിനിധിയെ തെരഞ്ഞെടുക്കുക തുടങ്ങിയ മാറ്റങ്ങൾ നമ്മുടെ ജനാധിപത്യ സംവിധാനത്തിനകത്ത് സാധ്യമാണ്. എന്നാൽ ഈ സാധ്യതകളുടെ ഗുണപരത വ്യാജമാണെന്നും കേരളത്തിന്റെ പശ്ചാത്തലത്തിൽ ചൂഷണത്തിന്റെയും അഴിമതിയുടെയും കാര്യത്തിൽ ഇടതും വലതും തമ്മിലുള്ള ശക്തമായ അന്തർധാര ഒരിക്കൽ കൂടി മലയാളി സമൂഹത്തെ ബോധ്യപ്പെടുത്തുന്നതുമായിരുന്നു മാസപ്പടി വിവാദങ്ങളും തുടർന്നുണ്ടായ ഭരണ പ്രതിപക്ഷ കക്ഷികളുടെ പ്രതികരണങ്ങളും.

നമ്മുടെ പ്രകൃതി  വിഭവങ്ങൾ ഊറ്റിയെടുത്ത്, സാധാരണ മനുഷ്യരുടെ ജീവിതം വഴിയാധാരമാക്കിയ ശശിധരൻ കർത്തയുടെ കമ്പനിയിൽ നിന്നും ലാഭത്തിന്റെ പങ്കുപറ്റാൻ ഒരു പ്രത്യശാസ്ത്രവും രാഷ്ട്രീയ ധാർമ്മികതയും അവരെ തടസ്സപ്പെടുത്തിയില്ല എന്ന് നാം കണ്ടു. ഇപ്പോഴത്തെ മുഖ്യമന്ത്രി പിണറായി വിജയനും മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും പണം എന്ന വിൽപ്പനച്ചരക്കിന്റെ അനന്ത സാധ്യതകൾ മാത്രമേ പരിഗണിച്ചുള്ളൂ. ഒരർത്ഥത്തിൽ പൗരസമൂഹവും ഒരേ കാര്യം തന്നെ നിരന്തരം ആവർത്തിക്കുന്നു. നമ്മുടെ രാഷ്ട്രീയ സാക്ഷരത നൽകുന്ന ഉൾക്കാഴ്ചകൾ ഇത്തരം പ്രതിസന്ധികളെ ഒരേ ടൂൾ ഉപയോഗിച്ചുകൊണ്ട് വിശകലനം ചെയ്യാൻ, അതും ഒരേ അച്ചുതണ്ടിൽ കറങ്ങിക്കൊണ്ട് നിർധാരണം ചെയ്യാൻ ആണ് പ്രേരിപ്പിക്കുന്നത് എന്ന് കാണാം.

ഉമ്മൻ ചാണ്ടി. കടപ്പാട്:rediff.com

പിണറായി മുണ്ടുടുത്ത മോദിയാണ്, കേരളത്തിലെ ഇടതുപക്ഷം മോദിയുടെ വികസന നയങ്ങൾ തന്നെയാണ് നടപ്പാക്കികൊണ്ടിരിക്കുന്നത്, അന്തിമ വിശകലനത്തിൽ പുരോഗമന പ്രസ്ഥാനങ്ങളും സംഘപരിവാറിന്റെ സവർണ്ണ രാഷ്ട്രീയമാണ് പിന്തുടരുന്നത്, മുതലാളിത്ത നയങ്ങൾ ആണ് ഇടതു വലതു ഭേദമന്യേ നടപ്പിലാക്കുന്നത്, അധികാരം പൊളിറ്റിക്കൽ ക്ലാസ്സിനെ ദുഷിപ്പിച്ചിരിക്കുന്നു  തുടങ്ങിയ കാതലായ രാഷ്ട്രീയ വിശകലനങ്ങൾ നമ്മൾ ഏറെ നാളായി പലരീതിയിൽ വ്യത്യസ്ത ഭാഷാ പ്രയോഗങ്ങളിൽ ആവർത്തിക്കുകയാണ്. ഇതിനിടയിൽ രാഷ്ട്രീയക്കാർ ദൈനംദിനം നടത്തുന്ന അറു വഷളൻ പ്രസ്താവനകൾ ചർച്ച ചെയ്തും, അനുകൂലിച്ചും പ്രതികൂലിച്ചും വാഗ്വാദങ്ങളിൽ ഏർപ്പെട്ടും കളയാൻ ഉള്ളതാണോ നമ്മുടെ വിലപ്പെട്ട ജീവിതം എന്ന് നമ്മൾ തിരിച്ചറിയാതെ പോവുന്നില്ലേ? (പി.വി അൻവർ എം.എൽ.എ കഴിഞ്ഞ വർഷം നിയമസഭയിൽ ജപ്പാനിൽ മഴ പെയ്യുന്നതുമായി ബന്ധപ്പെട്ട് പറഞ്ഞ അസംബന്ധത്തെ ഒരു ഓൺലൈൻ മാധ്യമം കഴിഞ്ഞ ദിവസവും അദ്ദേഹവുമായി അഭിമുഖം നടത്തുന്നതിനിടയിൽ കൂടുതൽ വിശദീകരിക്കുന്നത് കണ്ടു).

നമ്മുടെ മുന്നിലെ ജനാധിപത്യ വ്യവസ്ഥയെ, രാഷ്ട്രീയ സംവിധാനത്തെ നവീകരിക്കാൻ തീർച്ചയായും നമുക്ക് ബാധ്യതയുണ്ട്. എന്നാൽ അത് എങ്ങനെ കൂടുതൽ സർഗാത്മകമായി നിർവ്വഹിക്കാൻ കഴിയും എന്ന് നമ്മൾ ഗൗരവത്തിൽ ആലോചിക്കേണ്ടിയിരിക്കുന്നു.

പി.വി അൻവർ. കടപ്പാട്: malabarjournal

സർഗാത്മക ഇടപെടലുകൾ സാധ്യമാണോ?

എല്ലാവേദികളിലും നമ്മുടെ രാഷ്ട്രീയക്കാരെയും ഭരണനിർവ്വഹണത്തിൽ പങ്കാളികളായവരെയും വിളിച്ചിരുത്തി അസംബന്ധങ്ങളും നിക്ഷിപ്ത താൽപ്പര്യങ്ങളും പങ്കുവയ്ക്കാൻ ഇനിയും അവസരം നൽകണോ? പകരം അവരോട് ആവശ്യത്തിന് വിശ്രമിക്കാനും പുതിയ കാര്യങ്ങൾ പഠിക്കാനും അവധാനതയോടെ സാമൂഹ്യ പാരിസ്ഥിതിക പ്രശ്നങ്ങൾക്ക് പരിഹാരം കാണാനും നമുക്ക് ആവശ്യപ്പെട്ടുകൂടെ? നമ്മുടെ സാംസ്കാരിക ജീവിതത്തിനു യാതൊരു പ്രായോജനവും ഇല്ലാത്ത പ്രസ്താവനകൾ നടത്തി മാധ്യമങ്ങളിൽ സ്ഥാനം നേടുന്നവരെ നമുക്ക് അവഗണിച്ചുകൂടെ? നമുക്ക് ഉൾക്കാഴ്ചകൾ നൽകാൻ കഴിയുന്ന, സത്യസന്ധരായ എത്രയോ മനുഷ്യരെ നമ്മൾ കാണാതെയും കേൾക്കാതെയും പോകുന്നില്ലേ? സങ്കുചിത ചിന്താഗതിക്കാരുടെ അധികാരഗർവ്വിന്റെ ആറുവഷളൻ രാഷ്ട്രീയ പ്രസ്താവനകളെ പൊതു ചർച്ചയക്ക് വിധേയമാക്കാതെ അവഗണനയുടെ ചവറ്റുകൊട്ടയിൽ നമുക്ക് നിക്ഷേപിച്ചുകൂടെ? അഴിമതി ചെയ്യുന്നവരെയും അതിന് കൂട്ട് നിൽക്കുന്നവരെയും ഒരു വിട്ടുവീഴ്ചയുമില്ലാതെ ഒറ്റപ്പെടുത്തി തെരഞ്ഞെടുപ്പിൽ പരാജയപ്പെടുത്തിക്കൂടെ?

വൈകുന്നേരങ്ങളിൽ തെരുവുകളിലും മറ്റു പൊതുസ്ഥലത്തും ഒത്തുകൂടി ജീവിതത്തെ സർഗാത്മകമാക്കുന്ന, ജീവിതത്തിന് പുരോഗതി നൽകുന്ന വിഷയങ്ങളിൽ സംവാദം നടത്താനും അതിനുവേണ്ട കൂട്ടായ പരിശ്രമങ്ങൾക്ക് തുടക്കമിടാനും ചെലവിട്ടുകൂടെ? ഒരു പ്രയോജനവുമില്ലാത്ത വാർത്തകൾ നിത്യേന ആഹരിക്കുന്നതും മാധ്യമങ്ങൾ ഒരുക്കുന്ന പൊള്ളയായ ശബ്ദഘോഷങ്ങളിൽ ജീവിതത്തെ മലിനമാക്കുന്നതും നമുക്ക് ഒഴിവാക്കാവുന്നതല്ലേ? വിനോദ-വാർത്താ പരിപാടികളുടെ റേറ്റിംഗ് കുറയുമ്പോൾ തങ്ങൾ ഏർപ്പെട്ടിരിക്കുന്ന അന്തസ്സാരശൂന്യമായ വാഗ്ധോരണികളിൽ നിന്നും മാറി കൂടുതൽ സൃഷ്ടിപരവും സത്യസന്ധവുമായ മാധ്യമ പ്രവർത്തനത്തിന് മാധ്യമപ്രവർത്തകർ മുതിരുമോ എന്ന് ഒരു പരീക്ഷണം നടത്തിക്കൂടേ? ഓരോ നാടിനും അനുയോജ്യമായ ഗുണമേന്മയുള്ള ഭക്ഷണം ഉൽപ്പാദിപ്പിക്കാനും, മണ്ണും നീർത്തടങ്ങളും സംരക്ഷിക്കാനും, അങ്ങനെ നമ്മുടെ ആരോഗ്യം സംരക്ഷിക്കാനും കഴിയുമെങ്കിൽ, സംഗീതം ആസ്വദിക്കാനും നൃത്തം ചെയ്യാനും കഴിയുമെങ്കിൽ, അതിനുള്ള സാധ്യതകൾ തേടുന്നതല്ലേ പുരോഗമനം?

സംഘപരിവാർ രാഷ്ട്രീയം വിദ്വേഷവും വെറുപ്പും വിതച്ച് രാഷ്ട്രീയ ലാഭം കൊയ്യാൻ കാത്തിരിക്കുമ്പോൾ അതിനെ പ്രതിരോധിക്കാൻ പ്രാദേശികമായി ഒത്തുചേർന്നു പ്രവർത്തിക്കുന്നത് നമ്മുടെ കാലത്തെ വലിയ രാഷ്ട്രീയ പ്രവർത്തനം അല്ലെ? വോട്ടുബാങ്ക് മാത്രം ലക്ഷ്യം വച്ച് കക്ഷി രാഷ്ട്രീയക്കാർ നടത്തുന്ന ഫാസിസ്റ്റ് വിരുദ്ധ അനുഷ്ഠാന സമരങ്ങളെക്കാൾ അതിന് മനുഷ്യ മനസുകളിൽ ചലനം സൃഷ്ടിക്കാനും മനുഷ്യ സാഹോദര്യത്തെ നിലനിർത്താനും കഴിയില്ലേ? എങ്ങനെ സമ്പത്തും സുഖസൗകര്യങ്ങളും സ്വകാര്യമായി നേടിയെടുക്കുകയും കുന്നുകൂട്ടുകയും ചെയ്യാം എന്ന് ആലോചിച്ച് നെട്ടോട്ടമോടുന്നതിനേക്കാൾ നല്ലതല്ലേ പങ്കുവയ്ക്കലിന്റെയും പരസ്പ്പര സഹകരണത്തിന്റെയും പ്രായോഗിക പ്രാദേശിക മാതൃകകൾ വികസിപ്പിച്ചെടുക്കുന്നത്? നമ്മുടെ ആർത്തിയും ധൂർത്തും സാമൂഹിക അസമത്വം മാത്രമല്ല കാലാവസ്ഥ വ്യതിയാനവും വിഭവ ദാരിദ്ര്യവും സൃഷ്ടിക്കുന്നുണ്ട് എന്ന് തിരിച്ചറിഞ്ഞു നടത്തുന്ന പ്രവർത്തനങ്ങൾകൂടി അല്ലെ പുരോഗമനാത്മകമായ രാഷ്ട്രീയ പ്രവർത്തനം? ഇങ്ങനെ സർഗാത്മതയുടെയും പുരോഗതിയുടെയും എത്രയെത്ര മാതൃകകൾ നമുക്ക് വികസിപ്പിച്ചെടുക്കാൻ കഴിയും? നമ്മുടെ ജീവിതത്തിൽ ഭരണകൂടത്തിന്റെ നിയന്ത്രണം ദുർബലപ്പെടുത്താൻ അല്ലെ നമ്മൾ ശ്രമിക്കേണ്ടത്? നമ്മുടെ ഉപഭോഗം കുറയ്ക്കുക വഴി വിഭവ സംരക്ഷണത്തോടെ സർക്കാരിന്റെ നികുതി വരുമാനം കുറയ്ക്കാൻ കഴിയില്ലേ? കാരണം പണത്തിന്റെ കൈമാറ്റം പരമാവധി കുറച്ചുകൊണ്ട് പരസ്പര സഹകരണത്തിലൂടെയും പങ്കുവയ്ക്കലിലൂടെയും സാധ്യമാകുന്ന അനേകായിരം കാര്യങ്ങൾ നമ്മുടെ മുന്നിലുണ്ടല്ലോ. ഭരണകൂടവും സ്വകാര്യ സ്വത്തും ജീവിതത്തെ പൂർണ്ണമായും നിർണ്ണയിക്കുന്നത് സർവ്വ നാശത്തിലേക്കാണെന്ന് വീണ്ടും വീണ്ടും ഓർമ്മിപ്പിക്കുന്നതാണ് നമ്മുടെ വർത്തമാനകാല അനുഭവങ്ങൾ.

ആധുനിക ജനാധിപത്യ ക്രമത്തിന് സർഗ്ഗശക്തിയേകുന്ന ഗാന്ധിയുടെ ഗ്രാമസ്വരാജിൽ നിന്നും വിലപ്പെട്ട മൂല്യങ്ങൾ നമ്മൾ കണ്ടെത്തി പ്രയോഗിച്ചു തുടങ്ങേണ്ടിയിരിക്കുന്നു. കലയും സാഹിത്യവും, വിപണിയൊരുക്കുന്ന കെട്ടുകാഴ്ചകളേക്കാൾ ജീവിത നവീകരണത്തിന് പ്രാണ ശക്തിയേകും എന്ന് നമ്മൾ കുട്ടികളോട് പറയേണ്ടിയിരിക്കുന്നു. അപ്പോഴും  പിണറായി വിജയനെപ്പോലുള്ള ഭരണാധികാരികൾ ഉണ്ടായിക്കൊണ്ടേയിരിക്കും. പല കൊടികളുടെ കീഴിൽ, പല രൂപത്തിൽ. കാരണം അദ്ദേഹം ഒരു വ്യക്തി മാത്രമല്ല, ഒരു പ്രത്യയശാസ്ത്രം കൂടിയാണ്. ആ വിപൽ പ്രത്യയശാസ്ത്രം നമ്മുടെ ജീവിതം വികലമാക്കാതെ നോക്കേണ്ടത് ജീവിതം മനോഹരമാക്കാൻ ആഗ്രഹിക്കുന്ന ഓരോ മനുഷ്യന്റെയും ഉത്തരവാദിത്തം ആണ്.

INDEPENDENT,
IN-DEPTH JOURNALISM
FOR SOCIAL &
ECOLOGICAL
JUSTICE

keraleeyam-logo

Support Keraleeyam

Choose Your Preference

₹1000/Year

₹2000/2 Years

₹500/Year(Students)

One TimeAny Amount

Also Read

August 20, 2023 4:18 pm