ന​ഗര തൊഴിലാളികളെ പുറത്താക്കിയ ജി 20 സൗന്ദര്യവൽക്കരണം

ജി 20 ഉച്ചകോടിക്കായുള്ള തയ്യാറെടുപ്പിന്റെ ഭാഗമായി ഡൽഹി നഗരത്തിൽ നിന്നും 50,000 ത്തോളം ജനങ്ങളെ  ഒഴിപ്പിച്ചതായാണ് ഔദ്യോഗിക കണക്കുകൾ പറയുന്നത്. അനൗദ്യോദിക കണക്കുകൾ പ്രകാരം മൂന്ന് ലക്ഷത്തോളം ജനങ്ങൾ വാസസ്ഥലത്ത് നിന്നും തുടച്ചുനീക്കപ്പെട്ടതായി പറയപ്പെടുന്നു. പ്രഗതി മൈതാനത്തെ പ്രത്യേകവേദിയിലേക്ക് ഇരുപതിലധികം ലോകരാഷ്ട്രങ്ങളിൽ നിന്നുള്ള നേതാക്കളെ സ്വീകരിക്കാൻ ഇന്ത്യ തയ്യാറെടുത്തപ്പോൾ അതിനായി തകർക്കപ്പെട്ടത് നിരവധി ചേരികളും വീടുകളുമാണ്. ജഹാംഗീർപുരി, തുഗ്ലക്കാബാദ്, ബേല എസ്റ്റേറ്റ്, പ്രഗതി മൈതാൻ, കശ്മീർ ഗേറ്റ്, ധൗല കുവാൻ തുടങ്ങി നിരവധി സ്ഥലങ്ങൾ കുടിയൊഴിപ്പിക്കലിന് സാക്ഷ്യം വഹിച്ചു. ചേരികൾ തകർത്ത് അവിടെ നിന്നും ജനങ്ങളെ ഒഴിപ്പിക്കുമ്പോൾ പൊലീസ് ഒരു ദയയും ഇല്ലാതെയാണ് മനുഷ്യരോട് ഇടപെട്ടത്. തകർക്കേണ്ട ചേരിയിൽ ഒരു ദിവസം മുമ്പ് തന്നെ അകത്ത് കടക്കാനോ പുറത്തേക്ക് പോകാനോ കഴിയാത്തവിധം ബാരിക്കേടുകൾ വെച്ചു. അടുത്ത ദിവസം പുലർച്ചെ നാല് മണിക്ക് പൊലീസെത്തി ജനങ്ങളോട് ഒഴിയാൻ  ആവശ്യപ്പെട്ടു. അവരുടെ സാധനങ്ങൾ എടുക്കാൻ വളരെ ചുരുങ്ങിയ സമയമേ അനുവദിക്കപ്പെട്ടിരുന്നുള്ളൂ. എങ്ങോട്ടും പോവാൻ സ്ഥലമില്ലാത്തവരും അക്കൂട്ടത്തിൽ ഉണ്ടായിരുന്നു എന്ന് ഫ്രണ്ട്ലൈൻ റിപ്പോർട്ട്‌ ചെയ്യുന്നു.  കടകൾ, ചന്തകൾ, റസ്റ്റോറന്റുകൾ, ഓഫീസുകൾ, സ്കൂളുകൾ എല്ലാം ജി20 യോട് അനുബന്ധിച്ച് മൂന്ന് ദിവസത്തേക്ക് അടച്ചിട്ടു. ഭക്ഷണം ഡെലിവറി ചെയ്യുന്നതിനും, റോട്ടിലൂടെ യാത്ര ചെയ്യുന്നതിനും നിയന്ത്രണം ഏർപ്പെടുത്തി. ഒഴിപ്പിക്കപ്പെട്ട കുറച്ചുപേരെ ദ്വാരകയിലെയും രോഹിണിയിലെയും ഷെൽട്ടർ ഹോമിലേക്ക് മാറ്റി താമസിപ്പിചിരുന്നു. അവിടെ നിന്നും ആരും പുറത്ത് പോകാതിരിക്കാൻ അധികാരികൾ ശ്രദ്ധിച്ചു. എല്ലാവരും വീടിനകത്ത് ഇരിക്കാൻ നിർദ്ദേശിക്കപ്പെട്ടു. കോവിഡ് 19 വരുന്നതിന് നാല് വർഷം മുമ്പ് 2016ൽ ചൈനയിലെ ഹാങ്‌ഷൗ നഗരത്തിൽ ഇത്തരത്തിലുള്ള ലോക്ഡൗണുണ്ടായി. ജി 20 ഉച്ചകോടിക്ക് വേണ്ടി അന്ന് നഗരം ശൂന്യമാക്കപ്പെട്ടു. ഡൽഹിയിൽ നടന്ന ഉച്ചകോടിയിലും സമാനമായ ലോക്ക്ഡൗൺ ആണ് സംഭവിച്ചത്. നഗര സൗന്ദര്യവൽക്കരണത്തിന്റെ പേരിലുള്ള ഇത്തരം നിയന്ത്രണങ്ങളും നിരോധനങ്ങളും ഒഴിപ്പിക്കലുകളും പല കാലങ്ങളിലും ഇന്ത്യയുടെ ചരിത്രത്തിലുണ്ടായിട്ടുണ്ട്.

ജി 20 സമ്മേളനത്തിന് മുന്നോടിയായി തുഗ്ലക്കാബാദിൽ നടന്ന പൊളിക്കൽ. കടപ്പാട്: സീഷൻ കസ്കർ

2010  കോമൺ വെൽത്ത് ഗെയിംസ് നടന്നതിനോടനുബന്ധിച്ച്  ഡൽഹി സർക്കാരും, ഡൽഹി മുൻസിപ്പൽ കോർപറേഷനും വിദേശികളെ ആകർഷിക്കുന്നതിനായി നഗരത്തെ മോടിപിടിപ്പിക്കുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്നു. അതിന്റെ ഭാഗമായി ധാരാളം മനുഷ്യരെ ഡൽഹി നഗരത്തിൽ നിന്നും ഒഴിപ്പിച്ചു. ഉപജീവന മാർഗത്തിനായി ഇന്ത്യയുടെ പല ഭാഗങ്ങളിൽ നിന്നും കുടിയേറിവന്നവരായിരുന്നു ഇവരിൽ ഭൂരിപക്ഷവും. നഗരത്തിൽ ഭക്ഷണം, പച്ചക്കറികൾ, വസ്ത്രങ്ങൾ തുടങ്ങി എല്ലാ തരത്തിലുള്ള ആവശ്യവസ്തുക്കളും കുറഞ്ഞ വിലയ്ക്ക് നൽകുന്നത് വഴിയോര കച്ചവടക്കാരാണ്. 1970കൾ മുതൽ ഗവേഷകരും നയനിർമ്മാതാക്കളും ഈ തൊഴിലാളി സമൂഹത്തെ ഇൻഫോർമൽ സെക്ടറിന്റെ (അനൗപചാരിക മേഖല) ഭാഗമായി വിലയിരുത്തി. നരവംശശാസ്ത്രജ്ഞനായ കെയ്ത്ത് ഹാർട് തൊഴിലിന്റെ സ്വഭാവത്തെയും, വരുമാനത്തെയും അടിസ്ഥാനപ്പെടുത്തി ഇൻഫോർമൽ ഇക്കണോമി, ഫോർമൽ ഇക്കോണമി എന്ന് തിരിച്ചിട്ടുണ്ട്. താത്കാലിക തൊഴിലുകളിലും, സ്വയംതൊഴിലിലും ഏർപ്പെടുന്നവർ ഇൻഫോർമൽ സെക്റട്ടറിൽ ഉൾപ്പെടുന്നു. ഇന്റർനാഷണൽ ലേബർ ഓർഗനൈസേഷനും (ILO) അക്കാദമിക ലോകവും അത് അംഗീകരിക്കുകയും വിവിധ ചർച്ചകൾക്ക് വഴി തുറക്കുകയും ചെയ്തു.

നിയമത്തിന്റെ പരിരക്ഷയില്ലാത്ത തൊഴിലാളികളും ഭരണാധികാരികളും തമ്മിലുള്ള സഘർഷം ആധുനിക നഗരങ്ങളുടെ ചരിത്രത്തിലുടനീളം കാണാവുന്നതാണ്. ഇന്ത്യയിൽ ഈ സംഘർഷവുമായി ബന്ധപ്പെട്ട് നിരവധി നിയമപോരാട്ടങ്ങളും നടന്നിട്ടുണ്ട്. ബോംബെ ഹൊകേർസ് യൂണിയൻ ആൻഡ് അതേർസ് വേഴ്സസ് ബോംബെ മുനിസിപ്പൽ കോർപ്പറേഷൻ (1985) കേസിൽ വഴിയോര കച്ചവടക്കാർക്ക് കച്ചവടം നടത്താനുള്ള സ്ഥലം, നിരോധിച്ചിരിക്കുന്ന സ്ഥലം എന്നത് ബോംബെ മുനിസിപ്പൽ കോർപറേഷന്റെ അനുവാദത്തോടെ മുനിസിപ്പൽ കമ്മിഷണർ പ്രഖ്യാപിക്കണം. സോദൻ സിംഗ് വേഴ്സസ് ന്യൂ ഡൽഹി മുൻസിപ്പൽ കമ്മിറ്റി (1989) ഒരു പൗരന് ഉപജീവന മാർഗം നടത്താനുള്ള ഭരണഘടനാപരമായ അവകാശം ഉറപ്പുനൽകുന്നു. അതേസമയം ഒരു പൗരന്റെ സ്വതന്ത്രമായി സഞ്ചരിക്കാനുള്ള അവകാശവും പ്രധാനമാണ്, ഇത് നടപ്പിലാക്കുന്നതിന് സ്റ്റേറ്റ് കച്ചവട സ്ഥലം കണ്ടെത്തി കൊടുക്കണമെന്നും പറയുന്നു. സുപ്രീംകോടതിയുടെ ഈ നിരീക്ഷണങ്ങൾ ശ്രദ്ധേയമാണ്.

ഡൽഹിയിൽ നഗരസൗന്ദര്യവൽക്കരണത്തിന്റെ ഭാഗമായി തങ്ങളുടെ വീടുകൾ നശിപ്പിക്കപ്പെടുന്നത് നോക്കി നിൽക്കുന്ന സ്ത്രീകൾ. കടപ്പാട്: റോയിട്ടേഴ്‌സ്

സർക്കാരിന്റെ നയരൂപീകരണ കമ്മിറ്റികൾ വഴിയോര കച്ചവടക്കാർക്കായി വിവിധങ്ങളായ ആശയങ്ങൾ മുന്നോട്ടുവച്ചെങ്കിലും പ്രായോഗിക തലത്തിൽ അതൊന്നും വിജയിച്ചില്ല. കോമൺവെൽത്ത് ഗെയിംസുമായി ബന്ധപ്പെട്ട ഒഴിപ്പിക്കലുകളും, തുടർന്നുണ്ടായ സമരങ്ങളും വഴിയോര കച്ചവടക്കാർക്ക് നിയമത്തിന്റെ പരിരക്ഷ ഉറപ്പുവരുത്തുന്ന സാഹചര്യങ്ങളിലേക്ക് നയിച്ചു. ഇതിനെത്തുടർന്ന് സെല്ഫ് എംപ്ലോയ്‌മെന്റ് വിമൻസ് അസോസിയേഷൻ (SEWA), നാഷണൽ അസോസിയേഷൻ ഓഫ് സ്ട്രീറ്റ് വെൻഡേഴ്സ് ഓഫ് ഇന്ത്യ (NASVI) തുടങ്ങിയ സംഘടനകൾ നിയമത്തിന്റെ കരട് രൂപം തയാറാക്കുകയും മിനിസ്ട്രി ഓഫ് ഹൗസിംഗ് ആൻഡ് അർബൻ പോവർട്ടി അലീവിയേഷൻ (MHUPA)  മുമ്പായി സമർപ്പിക്കുകയും ചെയ്തു. വഴിയോര കച്ചവടത്തിനായി പ്രത്യേക സ്ഥലം അനുവദിക്കുക, സർട്ടിഫിക്കറ്റ്, ഐഡന്റിറ്റി കാർഡ് എന്നിവ അനുവദിക്കുക, സ്വാഭാവിക കച്ചവടകേന്ദ്രങ്ങൾ സംരക്ഷിക്കുക തുടങ്ങിയ കാര്യങ്ങൾ ആവശ്യപ്പെട്ടു. 2013ൽ ബില്ല് ലോകസഭയിൽ പാസാക്കുകയും രാജ്യസഭയിൽ പാസാവാതെ പോവുകയും ചെയ്തു. ഇതിനെ തുടർന്ന് 2014 ഫെബ്രുവരിയിൽ രാജ്യസഭയ്ക്ക് മുന്നിൽ SEWAയുടെ നേതൃത്വത്തിൽ നിരാഹാരസമരം നടക്കുകയും മാർച്ചിൽ രാഷ്‌ട്രപതി ബില്ലിൽ ഒപ്പിട്ടതിനെ തുടർന്ന് സ്ട്രീറ്റ് വെൻഡേഴ്‌സ് (പ്രൊട്ടക്ഷൻ ഓഫ് ലൈവ്ലിഹുഡ് ആൻഡ് റെഗുലേഷൻ ഓഫ് സ്ട്രീറ്റ് വെൻഡിങ്) ആക്ട് 2014ൽ നിലവിൽ വരുകയും ചെയ്തു.

ഇൻഫോർമൽ സെക്ടറിലെ തൊഴിലാളികൾ ഔദ്യോഗിക വിദ്യാഭ്യാസം കുറഞ്ഞവരും, കച്ചവട ശേഷി കുറഞ്ഞവരും, യാതൊരു തരത്തിലുള്ള സാമ്പത്തികവുമില്ലാത്തവരുമാണ്. ഇവർ ഗ്രാമങ്ങളിൽ നിന്ന് നഗരങ്ങളിലേക്ക് കുടിയേറുകയും തുടക്കത്തിൽ കുറഞ്ഞ വരുമാനത്തിൽ കിട്ടുന്ന തൊഴിലുകളിൽ ഏർപ്പെടുകയും ചെയ്യുന്നു. ഈ സമയം ഒരു വെയ്റ്റിംഗ് റൂം പോലെയാണ്. നഗരവുമായി പരിചയപെട്ടതിന് ശേഷം കുറച്ചുകൂടെ മെച്ചപ്പെട്ട വരുമാനം കിട്ടുന്ന തൊഴിൽ തിരഞ്ഞെടുക്കാനുള്ള ശ്രമങ്ങൾ തുടരുമെന്ന് സോഷ്യോളജിസ്റ്റായ ജാൻ ബ്രമൻ നിരീക്ഷിക്കുന്നു. ജോലി സുരക്ഷ, വേദനത്തോട് കൂടിയ അവധി, ബോണസ്, പി.ഫ് (പ്രോവിഡന്റ് ഫണ്ട്) തുടങ്ങിയവ ഉറപ്പുനൽകുന്ന ഫോർമൽ സെക്ടർലെ തൊഴിലുകളിൽ എത്തിപ്പെടുക എന്നത് ഇവർക്ക് പ്രയാസകരമാണ്. 1960 മുതൽ 1990കളിൽ ഇന്ത്യ ഉദാരവത്കരണ നയങ്ങൾ സ്വീകരിച്ചതുവരെയുള്ള കാലഘട്ടവും അതിന്‌ ശേഷവും, ഇന്ത്യയിലെ ഗ്രാമങ്ങളിലെയും നഗരങ്ങളിലെയും തൊഴിലിലും കുടിയേറ്റത്തിലും വന്ന മാറ്റങ്ങളെ ബ്രമൻ പഠനവിധേയമാക്കിയിട്ടുണ്ട്. ഈ കുടിയേറ്റത്തിൽ കരാർ തൊഴിൽ എന്നത് ഒരു പ്രധാന വിഷയമാണ്. മഴക്കാലത്ത് ഗ്രാമങ്ങളിലായിരിക്കുന്ന തൊഴിലാളികളുടെ അടുത്തേക്ക് ബ്രോക്കർമാർ വന്ന് പൈസ നൽകും. ദാരിദ്ര്യത്തിൽ കഴിയുന്ന തൊഴിലാളികൾ ആ പൈസ വാങ്ങാൻ നിർബന്ധിക്കപ്പെടും. മഴക്കാലം തീരുമ്പോൾ ഈ ബ്രോക്കർ പറയുന്ന തൊഴിലിടത്തിൽ ചെന്ന് ആ പൈസയ്ക്കുള്ള പണിയെടുക്കണം. ഔദ്യോഗിക വിദ്യാഭ്യാസത്തിന്റെ കുറവ് ഇവരെ ചൂഷണവിധേയമാക്കുന്നതിന്  സഹായകമാവുന്നു. അടുത്ത മഴക്കാലത്ത് തൊഴിലാളികൾ തിരിച്ച് ഗ്രാമത്തിൽ വരുന്നത് തുച്ഛമായ വരുമാനത്തോടെയായിരിക്കും. ചിലപ്പോൾ ഒന്നും ഉണ്ടാവില്ല. ഇത്തരത്തിലുള്ള കുടിയേറ്റങ്ങൾ സ്വന്തം ഗ്രാമങ്ങളിൽ  തൊഴിലെടുക്കുന്നതിൽ നിന്നും ഇവരെ  അയോഗ്യരാക്കുന്നു. വേറെ മാർഗമില്ലാതെ നഗരങ്ങളിൽ ജീവിക്കാൻ നിർബന്ധിക്കപ്പെടുന്ന ഇവർ ചേരികളിൽ ഒതുക്കപ്പെടുന്നു. സൂറത്തിലെ തന്റെ പഠനമേഖലയെ അടിസ്ഥാനമാക്കി ബ്രമൻ പറയുന്നു.

ജാൻ ബ്രെമൻ

നമ്മുടെ പ്രധാനപ്പെട്ട നഗരങ്ങളിലെ അധികാരികൾക്ക് ഈ ചേരികൾ എന്നും പ്രശ്നമാണ്. നഗരത്തിന്റെ വളർച്ച എങ്ങനെയാണ് കാലങ്ങളായി അവിടെ ജീവിച്ച ജനങ്ങളെ യാതൊരു അവകാശവും ഇല്ലാത്തവരായി ഒഴിപ്പിക്കുന്നതെന്നും, ഭരണകൂടത്തിന്റെ അധികാരം എങ്ങനെയാണ്‌ മുതലാളിത്ത മൂലധന സ്വരുകൂട്ടലിന് സഹായകമാകുന്നതെന്നും മാർക്സിസ്റ്റ്‌ ഇക്കണോമിക് ജോഗ്രഫറായ ഡേവിഡ് ഹാർവി പറയുന്നു. നഗരം വികസിക്കുന്നതോടെ നഗരത്തിന്റെ കേന്ദ്ര ഭാഗത്തുള്ള ചേരികൾ രോഗം പരത്തുന്നവരും, വൃത്തിയില്ലാത്തവരും, സൗന്ദര്യമില്ലാത്തവരുമായി മാറുന്നു. സർക്കാരിന്റെ പൊതുസ്ഥാപനങ്ങൾക്കും, വികസനം എന്ന പേരിൽ സ്വകാര്യ സ്ഥാപനങ്ങളുടെ നിർമ്മാണത്തിനായും തുച്ഛമായ പൈസ കൊടുത്തും, അടിച്ച് ഓടിപ്പിച്ചും, വാസസ്ഥലങ്ങളെ തകർത്തുകൊണ്ടും കുടിയൊഴിപ്പിക്കുന്ന പ്രവർത്തി ചരിത്രത്തിലുടനീളം സംഭവിച്ചിട്ടുണ്ട്. ഇതിനു മറ്റൊരുദാഹരണമാണ് ബോംബെയിലേത്. 2004 – 2005 മഹാരാഷ്ട്ര സർക്കാർ മുംബൈ ചേരികളിലെ 85,000 വീടുകൾ തകർത്തു. ഗർ ബച്ചാവോ ഗർ ബനാവോ അന്തോളൻ സംഘടനയുടെ നേത്രത്വത്തിൽ ഇതിനെതിരെ വലിയ രീതിയിലുള്ള പ്രതിഷേധം അരങ്ങേറി. സാമൂഹ്യ പ്രവർത്തകയായ മേധാ പട്കർ ഈ പ്രതിഷേധത്തിൽ പ്രധാന പങ്കുവഹിച്ചിട്ടുണ്ട്. തകർത്ത വീടുകൾ നിർമ്മിച്ചു നൽകുക, ഭാവിയിൽ മാറ്റി താമസിപ്പിക്കാതെ വീടുകൾ തകർക്കില്ലെന്ന് ഉറപ്പു നൽകുക തുടങ്ങിയവയായിരുന്നു പ്രധാന ആവശ്യങ്ങൾ. 2012 ൽ ഈ മുന്നേറ്റം വിജയം കണ്ടു.

മുംബൈയിൽ ഗർ ബച്ചാവോ ഗർ ബനാവോ അന്തോളൻ നടത്തിയ സമരം. കടപ്പാട്: മാളവ് കാനൂഗ

രേഖകൾ ഭരണകൂടത്തിന് വളരെ പ്രധാനപെട്ടതാണ്. നിങ്ങൾ ഇവിടെ ജീവിക്കുന്നു, നിങ്ങളുടെ കുടുംബം ഇവിടെ ജീവിച്ചിരുന്നു എന്നത് രേഖകളാൽ തെളിയിക്കപ്പെടണം. അത്തരത്തിൽ, രേഖകൾ വഴി തെളിയിക്കാൻ കഴിയാതെ വരുകയാണെങ്കിൽ നിങ്ങൾ അനധികൃതരും, ഭരണകൂടത്തിന്റെ കണക്കിൽപ്പെടാത്ത പ്രവർത്തികളിൽ ഏർപ്പെടുന്നവരുമായി സ്ഥാപിക്കപ്പെടും. ഏത് സമയം വേണെമെങ്കിലും ഒഴിപ്പിക്കപ്പെടുകയും ചെയ്യും. ജി20 ഉച്ചകോടിയുടെ ഭാഗമായി പുറത്തുവന്നിട്ടുള്ള റിപ്പോർട്ടിൽ പറയുന്നത് പ്രകാരം, ഡൽഹിയിൽ ഏകദേശം നൂറ് വർഷത്തോളമായി താമസിച്ചുവരുന്ന ഒരു കുടുംബത്തിലെ  വീട് തകർക്കപ്പെട്ട സ്ത്രീ അവരുടെ കൈവശമുള്ള രേഖ അധികാരികൾക്ക് കാണിച്ചുകൊടുത്തെങ്കിലും അവർ അത് പരിഗണിക്കാൻ തയ്യാറായില്ല. നഗരത്തിന്റെ സൗന്ദര്യവൽക്കരണം ജനങ്ങളുടെ രേഖകൾക്ക് മൂല്യമില്ലാതാക്കുന്നു. ജി-20 ഉച്ചകോടിയുടെ ഭാഗമായി വഴിയോര കച്ചവടക്കാരോട് പത്ത് ദിവസത്തേക്ക് കടകൾ അടച്ചിടാൻ ആവശ്യപ്പെട്ടിരുന്നു. ഡൽഹിയിലെ പല ഭാഗങ്ങളിലും കച്ചവടക്കാരെ ഒഴിപ്പിച്ചിട്ടുണ്ട്. അവരെല്ലാം 2014ലെ ആക്ട് പ്രകാരം രജിസ്റ്റർ ചെയ്യുകയും, സർട്ടിഫിക്കറ്റ് ഉള്ളവരും ആയിരുന്നു. നാഷണൽ അസോസിയേഷൻ ഓഫ് സ്ട്രീറ്റ് വെൻഡേഴ്സ് ഓഫ് ഇന്ത്യ (NASVI) ഇതിനെതിരെ ഡൽഹി മുനിസിപ്പൽ കോർപ്പറേഷന് പരാതി അറിയിച്ചിട്ടുണ്ട്.

നഗരങ്ങൾ ആധുനികവൽക്കരിക്കുന്നതിന്റെ ഭാഗമായി 2005ൽ  ജവഹർലാൽ നെഹ്‌റു അർബൻ റിന്യൂവൽ മിഷൻ പദ്ധതി കേന്ദ്രസർക്കാർ തുടങ്ങിവെച്ചു. നഗരപ്രദേശങ്ങളിൽ ജനങ്ങൾക്ക്  അനുയോജ്യമായ മാറ്റങ്ങൾ കൊണ്ടുവരുക, ദരിദ്രർക്ക് ഷെൽട്ടർ ഒരുക്കുക, ജീവിത നിലവാരം മെച്ചപ്പെടുത്തുക തുടങ്ങിയവയാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങൾ. 2015ൽ ഇന്ത്യ സ്മാർട്ട് സിറ്റി മിഷൻ പ്രഖ്യാപിച്ചു. ഈ മിഷനിലൂടെ  ഇന്ത്യയിലെ നൂറ് നഗരങ്ങളെ സ്മാർട്ട് സിറ്റിയാക്കാൻ ലക്ഷ്യമിടുന്നു. അന്താരാഷ്ട്ര സ്മാർട്ട് സിറ്റിയുമായി വിലയിരുത്തുമ്പോൾ ഇന്ത്യ പ്രഖ്യാപിച്ച പ്രോജക്ട് ‘ഇന്ത്യൻ മോഡൽ’ ആണെന്ന് വിലയിരുത്തപ്പെട്ടിട്ടുണ്ട്. നഗരങ്ങളിലെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനായ് മുമ്പ് പ്രഖാപിക്കപ്പെട്ട പദ്ധതികളുടെ തുടർച്ചയാണിതും. തിരഞ്ഞെടുക്കപ്പെടുന്ന നഗരങ്ങളിൽ ‘സ്പെഷ്യൽ പർപ്പസ് വെഹിക്കിൾ’ കമ്മിറ്റി രൂപീകരിക്കുകയും, ഈ കമ്മിറ്റി പദ്ധതി നടപ്പിലാക്കുകയും ചെയ്യുന്നു. ഈ വികസന പ്രവത്തനങ്ങളെ കുറിച്ച് യാതൊരു അറിവും അവിടുത്തെ തദ്ദേശീയ ജനപ്രതിനിധികൾക്ക് ഇല്ലാത്ത സാഹചര്യമുണ്ട്. സ്വകാര്യ സ്ഥാപനങ്ങളുടെയും കേന്ദ്രത്തിന്റെയും കൂടുതലായ അധികാര വിനിയോഗവും പല കോണുകളിൽ നിന്നും വിമർശിക്കപ്പെട്ടിട്ടുണ്ട്. സ്മാർട്ട് സിറ്റി, മെട്രോ തുടങ്ങിയ വികസന പ്രവർത്തനങ്ങളിലും വഴിയോര കച്ചവടക്കാർ മുതൽ സ്വന്തമായി വീട് നിർമ്മിച്ച് താമസിക്കുന്നവർ വരെ ഒഴിപ്പിക്കപ്പെടുന്നുണ്ട്. ഈ വികസനങ്ങളെല്ലാം ജനങ്ങൾക്ക് വേണ്ടിയുള്ളതാണെന്ന് അധികാരികൾ അവകാശപ്പെടുന്നു, എന്നാൽ ആരാണ് ഈ വികസനങ്ങൾ ആസ്വദിക്കുന്നത് എന്ന ചോദ്യം ബാക്കിയാണ്.

ജി 20 സമ്മേളനത്തിന് മുന്നോടിയായി ഡൽഹിയിലെ യമുന പുഷ്‌തയിലെ തകർക്കപ്പെട്ട നൈറ്റ് ഷെൽട്ടറുകളുടെ അവശിഷ്ടങ്ങൾ. കടപ്പാട്: സഫർ ആഫാഖ്.

ജി20 ഉച്ചകോടി കഴിഞ്ഞതിന് ശേഷവും ഡൽഹി ബ്യൂട്ടിഫിക്കേഷൻ പ്രോജക്ട് തുടരുമെന്ന് ഉറപ്പിച്ച് പറയുന്നു നഗര വികസന മിനിസ്റ്റർ സൗരഭ് ഭാരദ്വാജ്. ഉച്ചകോടി വിജയകരമായി നടത്താൻ സഹകരിച്ച ഡൽഹിയിലെ ജനങ്ങളെ അഭിനന്ദിക്കുകയും ജനങ്ങളുടെ നികുതി പണം ഉപയോഗിച്ചുള്ള വികസനമാണിതെന്നും അദ്ദേഹം പറയുന്നു. എന്നാൽ നഗരത്തിൽ നിന്ന്  ഒഴിപ്പിക്കപ്പെട്ടവർ, വീട് തകർക്കപെട്ടവർ, ഉപജീവന മാർഗം നഷ്ടപ്പെട്ടവർ ഈ ജനവിഭാഗങ്ങളിൽ ഉൾപ്പെടുന്നുണ്ടോ? ഡൽഹി മുൻ മുഖ്യമന്ത്രി ഷീല ദിക്ഷിത് നഗരത്തെ ‘വേൾഡ് ക്ലാസ് സിറ്റി’ ആക്കാനുള്ള പ്രയത്നം 2010ലും നടത്തിയിരുന്നു. കാലത്ത് പതിനൊന്ന് മണിയാവുമ്പോഴേക്കും ബുൾഡോസർ വരുകയും, ചേരിയിലെ കുട്ടികൾ പഠിക്കുന്ന സ്കൂളിൽ നിന്നും എത്രയും പെട്ടെന്ന്  കുട്ടികളെ മാറ്റണമെന്ന് അധികാരികൾ അറിയിക്കുകയും, സ്കൂളിലെ ടീച്ചർമാരും കുട്ടികളും വേഗത്തിൽ ഇറങ്ങി കൊടുക്കുകയും ചെയ്തു. തുടർന്ന് ആ സ്കൂൾ തകർക്കപ്പെടുകയും കോമൺ വെൽത്ത് ഗെയിംസിൽ പങ്കെടുക്കുന്നവർക്ക് ആവശ്യമുള്ള സൗകര്യങ്ങൾ ഒരുക്കുകയും ചെയ്‌ത വാർത്ത ‘ദി ഗാർഡിയൻ’ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

കൺസേൺഡ്‌ സിറ്റിസൺ കളക്റ്റീവ് പുറത്തുവിട്ട റിപ്പോർട്ടിൽ ജി20 യുടെ ഭാഗമായി ഇന്ത്യയിൽ 3,00,000 പേർ പല ഭാഗങ്ങളിൽ നിന്നും ഒഴിപ്പിക്കപ്പെട്ടിട്ടുണ്ട്. രാത്രിയിൽ താമസിക്കാനായി ഉപയോഗിച്ചിരുന്ന ഷെൽട്ടറുകൾ പിന്നീട് പാർക്കുകളായി മാറ്റുകയും ബദൽ സംവിധാനങ്ങൾ ഒന്നും ഒരുക്കാതിരിക്കുകയും ചെയ്തു. ഗാർഡിയൻ റിപ്പോർട്ടിൽ പച്ച തുണികളാൽ മറക്കപ്പെട്ട ചേരിയിലെ ഒരു സ്ത്രീ പറയുന്നത് “തിരഞ്ഞെടുപ്പിന്റെ സമയത്ത് രാഷ്ട്രീയക്കാർ ചേരിയിൽ വരുകയും ഞങ്ങളോടൊപ്പം ഇരുന്ന് ഭക്ഷണം കഴിക്കുകയും വാഗ്ദാനങ്ങൾ നൽകുകയും ചെയ്യാറുണ്ട്. പക്ഷെ ഇന്ന് ഞങ്ങളുടെ സാന്നിധ്യം അവർക്ക് നാണക്കേടാവുന്നു.”  ആ പച്ച തുണികൾക്ക് മുകളിൽ ജി 20 നേതാക്കന്മാരെ വരവേൽക്കാൻ പതിപ്പിച്ച പ്രധാന മന്ത്രിയുടെ ചിത്രത്തോടുകൂടിയ പോസ്റ്ററുകൾക്ക് ഒരു രാഷ്ട്രീയം ഉണ്ട്, കോർപ്പറേറ്റ് കമ്പനികളുടെ വളർച്ചയ്ക്ക് വേണ്ടി പണിയെടുക്കുന്ന രാഷ്ട്രീയം.

ജി 20 സമ്മേളനത്തിന് മുന്നോടിയായി പച്ച തുണികൊണ്ട മറച്ചിരിക്കുന്ന നഗരം. കടപ്പാട് :റിഭു ചാറ്റർജി/ദി ക്വിന്റ്

ലോകത്ത് 61 ശതമാനവും അനൗപചാരിക മേഖലയിലെ തൊഴിലാളികളാണ്. ഇന്ത്യയിൽ 91 ശതമാനവും അനൗപചാരിക മേഖലയെ ആശ്രയിച്ച് ജീവിക്കുന്നു. 63 ശതമാനം ജി.ഡി.പിയിലേക്കും, 50 ശതമാനം രാജ്യത്തിന്റെ വരുമാനത്തിലേക്കും നിക്ഷേപം നടത്തുന്നതും ഇതേ വിഭാഗം തൊഴിലാളികളാണ്. നഗരത്തിന്റെ യഥാർത്ഥ നിർമ്മാതാക്കളെ, അതിന്റെ സമ്പദ്‌വ്യവസ്ഥയുടെ പ്രധാനകണ്ണികളെ തുടച്ചുനീക്കുക എന്നതാണ് സൗന്ദര്യവൽക്കരണത്തിന്റെ പിന്നിലെ പ്രത്യയശാസ്ത്രം. കോമൺവെൽത്ത് ഗെയിംസ് കാലഘട്ടത്തിൽ വഴിയോര കച്ചവടക്കാർ നടത്തിയ അവകാശസമരം ഈ പ്രത്യയശാസ്ത്രത്തെ വെല്ലുവിളിച്ചുകൊണ്ടുള്ളതായിരുന്നു. അധ്വാനിക്കുന്ന ജനവിഭാഗങ്ങളുടെ അവകാശസ്വരങ്ങൾ നയനിർമ്മാതാക്കളും സർക്കാരും കേൾക്കാൻ നിർബന്ധിതരാവണം. സൗന്ദര്യവൽക്കരണത്തിന്റെ പ്രത്യയശാസ്ത്രം ചോദ്യം ചെയ്യപ്പെടണം. നഗരങ്ങളെ ചലിപ്പിക്കുന്നവർ അതിന്റെ കേന്ദ്ര ഭാഗത്ത് തന്നെ നിലയുറപ്പിക്കപ്പെടണം.

INDEPENDENT,
IN-DEPTH JOURNALISM
FOR SOCIAL &
ECOLOGICAL
JUSTICE

keraleeyam-logo

Support Keraleeyam

Choose Your Preference

₹1000/Year

₹2000/2 Years

₹500/Year(Students)

One TimeAny Amount

Also Read

September 18, 2023 2:03 pm