ആദ്യമായി നാടകത്തിൽ അഭിനയിക്കുന്ന സിനിമാ പട്ടി

സമകാലികത, തിളങ്ങുന്ന പല സ്‌ക്രീനുകൾക്ക് മുന്നില്‍ അസ്വസ്ഥരായി കാത്തിരിക്കുന്നവരുടേതാണ്. സ്നേഹം, വെറുപ്പ്, പ്രക്ഷോഭം, വിയോജിപ്പ് അങ്ങനെ എന്തെല്ലാം ഫോൺ, കമ്പ്യൂട്ടർ സ്ക്രീനുകൾക്ക് മുന്നിൽ ക്ഷമയോടെ/അക്ഷമയോടെ, അദൃശ്യമായ എന്നാൽ സ്പർശിക്കാൻ കഴിയുന്ന നെറ്റ്‌വർക്കിൽ പോസ്റ്റ്‌ ചെയ്ത് പ്രതീക്ഷയോടെ നമ്മൾ കാത്തിരിക്കുന്നു. വിഷ്ണുഹരി സംവിധാനം ചെയ്ത ‘ഓവര്‍ ആക്ട്’ എന്ന ശ്രദ്ധേയമായ നാടകം അത്തരത്തിലുള്ള ഒരു കാത്തിരിപ്പിനെക്കുറിച്ചുള്ള പെർഫോമൻസ് ആണ്. കെ.ആര്‍ രമേഷ് എന്ന നാടകകൃത്തിന്റെ രചനയാണ് ‘ഓവര്‍ ആക്ടി’ന്റെ ആത്മാവ്. തന്റെ ഏറ്റവും പുതിയ നാടകമായ ‘ഓവര്‍ ആക്ടി’ല്‍ ഇന്റര്‍ഫേസുകളിലെ ഇമേജുകൾക്കപ്പുറം പോസ്റ്റ്‌ ഹ്യൂമൻ ആയ ഒരു ആശയവിനിമം സാധ്യമാക്കാനാണ് സംവിധായകനായ വിഷ്ണുഹരി ശ്രമിച്ചിട്ടുള്ളത്.

നാടകത്തിൽ നിന്നുള്ള രം​ഗം. ഫോട്ടോ: രാമൻകുട്ടി കെ.വി

ഒരു സ്റ്റുഡിയോ സ്പെയ്സിലാണ് ‘ഓവര്‍ ആക്ട്’ എന്ന നാടകം സജ്ജീകരിച്ചിട്ടുള്ളത്. ഒരു സ്‌ക്രീനിൽ സ്ഥായിയായി നില്‍ക്കുന്നൊരു ചുവരിനോട് നിര്‍ത്താതെ സംസാരിച്ചുകൊണ്ടിരിക്കാന്‍ നിർബന്ധിതനായ ഒരു തിയേറ്റര്‍ മേക്കറും (അനു ആനന്ദ്) അതിനിടയിലേക്ക് ഇടയ്ക്കിടെ കടന്നുവരുന്നൊരു അഭിനയ പ്രതിഭയുമാണ് (നായ) കഥാപാത്രങ്ങൾ. ഈ ശൈലി പ്രേക്ഷകരില്‍ അതിസങ്കീര്‍ണമായൊരു അന്തരീക്ഷത്തിന്റെ അനുഭവം സൃഷ്ടിക്കുന്നു. തിയേറ്റര്‍ മേക്കർ ഇടയ്ക്കിടെ കടന്നുവരുന്ന തന്റെ സ്വപ്ന നടനുമൊത്ത് നിശ്ചയമില്ലാത്തൊരു നൃത്തത്തില്‍ ഏര്‍പ്പെടുകയാണ്. സ്ഥായിയായ ചുമര്, അവസാനമില്ലാത്ത തടസ്സങ്ങള്‍, ഒപ്പം അപകടകാരിയായ പ്രതിയോഗിയായി നിതാന്തമായി വർത്തിക്കുന്ന നെറ്റ്‌വർക്ക്. ആശയകുഴപ്പത്തിന്റെ അമ്പരപ്പിക്കുന്ന ഒരു നേരിയപാതയിലൂടെയാണ് ഓവര്‍ ആക്ട് മുന്നേറുന്നത്. സ്ക്രീൻ, അതിൽ തെളിഞ്ഞുനിക്കുന്ന ഇമേജുകൾ അവയുമായി നിരന്തര സംഭാഷണത്തിൽ ഏർപ്പെട്ടിരിക്കുന്ന ആക്ടർ. ഇവർ തമ്മിലുള്ള ബന്ധത്തിന്റെ സൂക്ഷമതകള്‍ അപകടകരമാം വിധം വഴുതിപ്പോകുന്നതായി പ്രേക്ഷകന് തോന്നും. ഇതൊരു നിരാശയുടെ നാടക സിംഫണിയാണ്.

നാടകത്തിൽ നിന്നുള്ള രം​ഗം. ഫോട്ടോ: രാമൻകുട്ടി കെ.വി

സ്‌ക്രീനിലെ മതിലിന്റെ അപ്പുറത്തുള്ള ലോകം ഒരു ഫിലിം സിറ്റിയുടേതാണ്. അവിടെ നിന്നും ഇടയ്ക്കിടെ വിശിഷ്ടാഥിതി വരുന്നു. ആ അഭിനയ പ്രതിഭയായ നായയുടെ കഥാപാത്രമാവട്ടെ മനുഷ്യരുടെ ഭാഷ മനസ്സിലാക്കാന്‍ പരിശിലീച്ചിട്ടുള്ള ഒന്നാണ്. ഈ ഡിജിറ്റല്‍ ലോകത്ത് മെസേജുകൾക്ക് മറുപടികൾ വൈകുന്നത് വല്ലാത്ത അസ്വസ്ഥത ഉണ്ടാക്കും. അത് ഇന്റര്‍ഫേസിന്റെ വൈകാരിക അനുരണനത്തെ ബാധിക്കുകയും ചെയ്യുന്നു. ബന്ധത്തിന്റെ ആഴവും അത് വിച്ഛേദിച്ചുകളയാനുള്ള എളുപ്പമോ /പ്രയാസമോ ഇന്റര്‍ഫേസിനെ കൈകാര്യം ചെയ്യുന്നവരുടെ വൈകാരിക ശേഷിയെ ആശ്രയിച്ചിരിക്കും.

നാടകത്തിൽ നിന്നുള്ള രം​ഗം. ഫോട്ടോ: രാമൻകുട്ടി കെ.വി

ഓവർ ആക്ടിൽ ഡിജിറ്റല്‍ ഇന്റര്‍ഫേസ്, നാടകാവതരണത്തിനുള്ളില്‍ ഒരു വിശുദ്ധ മേഖലയായി വര്‍ത്തിക്കുന്നു. അതിലെ ഇമേജുകളിലുള്ള നിങ്ങളുടെ അചഞ്ചലമായ വിശ്വാസത്തെ ആശ്രയിച്ചിരിക്കും നിങ്ങളുടെ നിലനിൽപ്പ്. ഡിജിറ്റല്‍ ഇന്റര്‍ഫേസ് പിക്‌സലേഷന് വിധേയമാവുന്നതിലൂടെ പ്രതീക്ഷ മരിക്കുകയും പുതിയ ദുരന്തഘടകങ്ങള്‍ ഉയര്‍ന്നുവരികയും ചെയ്യുന്നു.

വിഷ്ണുഹരി

ഓവർ ആക്ടിലെ ആശയവിനിമയത്തിലെ തുടർച്ചയും വിരാമവും പെർഫോമറെയും പ്രേക്ഷകരെയും ഒരേസമയം ബാധിക്കുന്നു. ഓരോരുത്തരും സ്വന്തം അനുഭവമായി ഈ പെർഫോമൻസിനെ ഉള്ളിലേറ്റുന്നു. ഇന്റര്‍ഫേസുകളിലെ ഇമേജുകൾക്കപ്പുറം പോസ്റ്റ്‌ ഹ്യൂമൻ ആയ ഒരു ആശയവിനിമം സാധ്യമാക്കാനാണ് നാടകം ശ്രമിച്ചിട്ടുള്ളത്. ഇതിനകം തിരുവനന്തപുരത്തും കോഴിക്കോടുമായി നാല് അവതരണങ്ങൾ നടത്തി ഓവർ ആക്ട്. പ്രൊഡക്ഷൻ: അഭിനയ, കോ-പ്രൊഡക്ഷൻ: നീലവെളിച്ചം സ്റ്റുഡിയോസ്.

INDEPENDENT,
IN-DEPTH JOURNALISM
FOR SOCIAL &
ECOLOGICAL
JUSTICE

keraleeyam-logo

Support Keraleeyam

Choose Your Preference

₹1000/Year

₹2000/2 Years

₹500/Year(Students)

One TimeAny Amount

Also Read