ശീതകാല സമ്മേളനത്തിന്റെ ശൂന്യവേള പുരോഗമിക്കുന്നതിനിടയിൽ ഡിസംബർ 13 ന്, 2001ലെ പാർലമെന്റ് ആക്രമണത്തിന്റെ 22-ാം വാർഷിക ദിനത്തിൽ ലോക്സഭയുടെ സന്ദർശക ഗ്യാലറിയിൽ ഇടം കണ്ടെത്തിയിരുന്ന സാഗർ ശർമ, ഡി മനോരഞ്ജൻ എന്നീ യുവാക്കൾ ഗാലറിയിൽ നിന്നും സഭയ്ക്കുള്ളിലേക്ക് അതിക്രമിച്ച് കടന്നു. എം.പിമാരുടെ ഇരിപ്പിടങ്ങൾ ചാടിക്കടക്കവെ ഭയചകിതരായ എം.പിമാർ പിടികൂടാൻ ശ്രമിച്ചപ്പോൾ കളർ സ്മോക്ക് ഉപയോഗിച്ച് ലോക്സഭയ്ക്കകത്ത് മഞ്ഞ നിറത്തിലുള്ള പുക പരത്തിക്കൊണ്ട് മുദ്രാവാക്യം മുഴക്കി. അതേസമയം പാർലമെന്റിന് പുറത്ത് അമോൽ ഷിൻഡെ, നീലം ദേവി എന്നിവരും മഞ്ഞ നിറം പരത്തുന്ന കളർ സ്മോക്കുകൾ പ്രയോഗിച്ച് മുദ്രാവാക്യങ്ങൾ മുഴക്കിക്കൊണ്ടിരുന്നു.
തനഷാഹി നഹി ചലേഖ ! ഏകാധിപത്യം തുലയട്ടെ !
സ്വാതന്ത്ര്യ സമര പോരാളിയും ധീരരക്തസാക്ഷിയുമായ ഭഗത് സിങ്ങിൽ നിന്നും പ്രചോദനം ഉൾകൊണ്ട് പാർലമെന്റിലേക്ക് ചാടിവീണ് സ്വേച്ഛാധിപത്യത്തിനെതിരെ മുദ്രാവാക്യം മുഴക്കിയവരെ സഭയ്ക്കകത്ത് നിന്നും പുറത്തു നിന്നും പൊലീസ് ഉടനടി അറസ്റ്റ് ചെയ്തു നീക്കി. പാർലമെന്റ് ആക്രമണത്തിൽ ഉൾപ്പെട്ട ആറ് പേർക്കെതിരെ യു.എ.പി.എ ചുമത്തി തീവ്രവാദ വിരുദ്ധ പ്രവർത്തനങ്ങൾ നേരിടാനുള്ള ഡൽഹി പൊലീസിന്റെ സ്പെഷ്യൽ സെൽ സുരക്ഷാ വീഴ്ച്ചയെ കുറിച്ച് അന്വേഷിച്ചുകൊണ്ടിരിക്കുന്നു. പാർലമെന്റിലേക്ക് അതിക്രമിച്ച് കടന്നവരുടെ നടപടികളെ അപലപിച്ചുകൊണ്ട് ഭരണപക്ഷത്ത് നിന്നും പ്രതിപക്ഷത്ത് നിന്നും നിരവധി പ്രതികരണങ്ങളുണ്ടായി. പുതിയ പാർലമെന്റിൽ പഴയ പാർലമെന്റിലെ സുരക്ഷയില്ലെന്ന ആശങ്കകൾ ഉയർന്നു. പ്രതിപക്ഷ എം.പിമാരുടെ പ്രതിഷേധം പ്രധാനമായും സുരക്ഷാവീഴ്ചയെക്കുറിച്ച് തന്നെയായിരുന്നു. ലോക്സഭയിലുണ്ടായ സുരക്ഷാവീഴ്ചയെക്കുറിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി പാർലമെന്റിൽ പ്രസ്താവന നടത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രതിപക്ഷത്തിന്റെ പ്രതിഷേധം തുടരുകയാണ്. എന്നാൽ സുരക്ഷാ വീഴ്ച്ച വിഷയത്തിൽ കോൺഗ്രസ് എം.പി രാഹുൽ ഗാന്ധിയുടെ പ്രതികരണം പാർലമെന്റിൽ പ്രതിഷേധിച്ചവർ ഉയർത്തിയ മുദ്രാവാക്യങ്ങളെ കൂടി ഓർമ്മപ്പെടുത്തുന്നതായിരുന്നു.
”സുരക്ഷാലംഘനം നടന്നിട്ടുണ്ടെന്ന് ഉറപ്പാണ്. എന്നാൽ എന്തുകൊണ്ടാണത് സംഭവിച്ചത് ? മോദിയുടെ നയങ്ങള്‍ കാരണം ഇന്ത്യയിലെ ചെറുപ്പക്കാര്‍ക്ക് ജോലി കണ്ടെത്താന്‍ കഴിയുന്നില്ല. തൊഴിലില്ലായ്മയും പണപ്പെരുപ്പവുമാണ് അതിന് പിന്നിലുള്ള കാരണം.” രാഹുൽ ഗാന്ധി മാധ്യമങ്ങളോട് പ്രതികരിച്ചു. അപ്രതീക്ഷിതമായ ഈ നീക്കം നടത്തിയവരുടെ പശ്ചാത്തലം അന്വേഷിച്ചുകൊണ്ടുള്ള വാർത്തകൾ രാഹുൽ ഗാന്ധിയുടെ പ്രസ്താവനയെ പിന്തുണക്കുന്നതായിരുന്നു. ബി.ജെ.പി എം.പി പ്രതിപ് സിംഹയുടെ പാസ് ഉപയോഗിച്ച് സഭയ്ക്കകത്തെ സന്ദർശക ഗ്യാലറിയിൽ പ്രവേശിച്ച സാഗർ ഷർമയുടെയും, മനോരഞ്ജന്റെയും സഹായികളുടെയും രാഷ്ട്രീയ പശ്ചാത്തലവും ഉദ്ദേശലക്ഷ്യങ്ങളും ഇപ്പോഴും പൂർണ്ണ വ്യക്തതയിൽ എത്തിയിട്ടില്ല. എങ്കിലും സഭയ്ക്ക് അകത്തും പുറത്തും അവർ ഉന്നയിച്ച വിഷയങ്ങളുടെ പ്രാധാന്യം ഓർമപ്പെടുത്തുകയായിരുന്നു രാഹുൽ ഗാന്ധി.
ഏകാധിപത്യത്തിനെതിരെ ആ ചെറുപ്പക്കാർ ഉയർത്തിയ മുദ്രാവാക്യങ്ങൾ ശരിവയ്ക്കുന്ന തരത്തിലുള്ള സംഭവങ്ങളാണ് തുടർ ദിവസങ്ങളിൽ പാർലമെന്റിൽ അരങ്ങേറിയത്. പുകയാക്രമണത്തെക്കുറിച്ച് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധിച്ച 141 പ്രതിപക്ഷ അംഗങ്ങളാണ് ഇരുസഭകളിൽ നിന്നും ഇതുവരെ സസ്പെൻഡ് ചെയ്യപ്പെട്ടിരിക്കുന്നത്. ജനാധിപത്യ ഇന്ത്യയുടെ ചരിത്രത്തിൽ രാജ്യസഭയിൽ നിന്നും ലോക്സഭയിൽ നിന്നും ഒരുമിച്ച് ഇത്രയേറെ എം.പിമാർ സസ്പെൻഡ് ചെയ്യപ്പെട്ടിട്ടില്ല. ഇവരെല്ലാം ഇൻഡ്യാ മുന്നണിയുടെ ഭാഗമായ പ്രതിനിധികളാണ്. ലോക്സഭയിൽ ഇൻഡ്യാ സഖ്യത്തിൽ ഇനി 13 പേർ മാത്രമണ് അവശേഷിക്കുന്നത്. ലോക്സഭയിൽ മൂന്ന് പേരെയും രാജ്യസഭയിൽ 11 പേരെയും അവകാശലംഘന സമിതിയുടെ അന്വേഷണത്തിന് ശേഷം മാത്രമേ തിരിച്ചെടുക്കൂ. ബാക്കിയുള്ളവർക്ക് ഈ സമ്മേളനം തീരുന്ന 22 വരെയാണ് സസ്പെൻഷൻ. രാജ്യസഭയിൽ ജെബി മേത്തർ (കോൺഗ്രസ്), ബിനോയ് വിശ്വം (സി.പി.ഐ), ജോൺ ബ്രിട്ടാസ്, എ.എ റഹീം (സി.പി.എം) എന്നീ കേരളത്തിൽ നിന്നുള്ള അംഗങ്ങൾ അടക്കമുള്ള 11 പേർക്കെതിരായ നടപടിയാണ് അവകാശലംഘന സമിതിക്ക് വിട്ടത്. റിപ്പോർട്ട് സമർപ്പിക്കാൻ കമ്മിറ്റിക്ക് അനുവദിച്ചിട്ടുള്ള മൂന്ന് മാസത്തേക്കാണ് ഇവരുടെ സസ്പെൻഷൻ. സസ്പെൻഷൻ നടപടികളിൽ കടുത്ത പ്രതിഷേധം ഉയർത്തി പ്രതിപക്ഷം ലോക്സഭ ബഹിഷ്കരിക്കുകയുണ്ടായി. ഈ സമയത്ത് ആഭ്യന്തരമന്ത്രി അമിത് ഷാ ലോക്സഭയിലെത്തി ക്രിമിനൽ നിയമങ്ങൾ പരിഷ്കരിക്കുന്നതിനുള്ള മൂന്ന് ബില്ലുകൾ അവതരിപ്പിക്കുകയും ചെയ്തു.
“നരേന്ദ്ര മോദി സർക്കാർ ജനാധിപത്യത്തെയും പാർലമെന്റിനെയും ആക്രമിക്കുന്നു. കൂട്ടത്തോടെയുള്ള ഈ പുറത്താക്കൽ ഇൻഡ്യാ മുന്നണിയിലെ അംഗങ്ങളെ ഒരേ സ്വരത്തിൽ ബി.ജെ.പിയെ എതിർക്കാൻ പ്രേരിപ്പിക്കുന്നു.” കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ മാധ്യമങ്ങളോട് പ്രതികരിച്ചു. പ്രതിപക്ഷമില്ലാത്ത പാർലമെന്റിൽ വിയോജിപ്പുകൾ പരിഗണിക്കാതെ സുപ്രധാന നിയമനിർമ്മാണങ്ങൾ നടത്താൻ സർക്കാർ ശ്രമിക്കുന്നതായി ഖാർഗെ ആരോപിച്ചു. “പ്രതിപക്ഷമില്ലാത്ത പാർലമെന്റിൽ, തീർപ്പുകൽപ്പിക്കാത്ത പ്രധാനപ്പെട്ട നിയമനിർമ്മാണങ്ങളെ ബുൾഡോസ് ചെയ്യാനും ഏത് വിയോജിപ്പിനെയും ഒരു ചർച്ചയും കൂടാതെ തള്ളിക്കളയാനും മോദി സർക്കാരിന് കഴിയും.” ഖാർഗെ സാമൂഹ്യമാധ്യമമായ എക്സിൽ കുറിച്ചു. “ഈ സർക്കാർ സ്വേച്ഛാധിപത്യത്തിന്റെ അങ്ങേ തലത്തിൽ എത്തിയിരിക്കുന്നു എന്നായിരുന്നു ലോക്സഭയിൽ നിന്നും സസ്‌പെൻഡ് ചെയ്യപ്പെട്ട കോൺഗ്രസ് ലോക്സഭാകക്ഷി നേതാവ് അധീർ രഞ്ജൻ ചൗധരിയുടെ പ്രതികരണം.
പാർലമെന്റിൽ പ്രതിഷേധ മുദ്രാവാക്യങ്ങളുമായി കടന്നുകയറിയ യുവാക്കൾ ആരാണെന്നും അവരുടെ ലക്ഷ്യമെന്താണെന്നുമുള്ള അന്വേഷണം ഇപ്പോഴും അവ്യക്തമായി തുടരുകയാണ്. അറസ്റ്റിലായ പ്രതികൾക്കെതിരെ ഡൽഹി പൊലീസ് യു.എ.പി.എ ചുമത്തിയിട്ടുണ്ട്. പ്രതിഷേധത്തിൽ പങ്കെടുത്തവർ ഫെയ്സ്ബുക്കിലെ ഭഗത് സിംഗ് ഫാൻസ് ക്ലബ് പേജിൽ അംഗളങ്ങായിരുന്നുവെന്നും ഡിസംബർ 10ന് ഗുരുഗ്രാമിൽ ഒത്തുചേർന്നാണ് പദ്ധതി ആവിഷ്കരിച്ചതെന്നുമുള്ള വിവരങ്ങൾ മാത്രമാണ് പൊലീസ് ഇപ്പോൾ നൽകുന്നത്. പ്രതിഷേധക്കാർ ഉന്നയിച്ച തൊഴിലില്ലായ്മ, ഏകാധിപത്യം തുടങ്ങിയ വിഷയങ്ങളെക്കുറിച്ച് ചർച്ചകൾ ഉയർന്നുവരുന്നതേയില്ല.
പാർലമെന്റിൽ പ്രതിഷേധിച്ച സാഗർ ശർമ്മ ഒരു ഇ-റിക്ഷാ ഡ്രൈവറും മരപ്പണിക്കാരന്റെ മകനുമാണ്, അമോൽ ഷിൻഡെ ഇന്ത്യൻ സായുധ സേനയിൽ ജോലി ലഭിക്കാത്ത ദലിത് ഭൂരഹിത കർഷകരുടെ കുടുംബത്തിൽ നിന്നാണ് വരുന്നത്. നീലം ദേവിയും ഡി മനോരഞ്ജനും യഥാക്രമം എം.ഫിൽ, എഞ്ചിനീയറിംഗ് ബിരുദധാരികളാണ്. രണ്ടുപേരും തൊഴിലിൽ രഹിതരാണ്.