86 വയസ്സുള്ള അമ്മയെ സുരക്ഷിതമായ ഒരു വീട്ടിൽ താമസിപ്പിക്കുക, ജോലി ചെയ്ത് സമ്പാദിക്കുക, അഭിമാനത്തോടെ ജീവിക്കുക ഇത്രയുമായിരുന്നു ഗൾഫിലേക്ക് ഗദ്ദാമയായി ജോലിതേടി പോകാൻ കുമ്പളം സ്വദേശിയായ രാധാമണിയെ പ്രേരിപ്പിച്ചിരുന്ന ഘടകങ്ങൾ. പതിനഞ്ച് വയസ് മുതൽ കൂലിവേലയ്ക്ക് പോയിരുന്ന വ്യക്തിയാണ് രാധാമണി. ഇരുപത് വർഷത്തോളം മത്സ്യ സംസ്കരണ കമ്പനിയിൽ പണിയെടുത്തു. വിവാഹം കഴിഞ്ഞതോടെ ഭർത്താവിന്റെ വീട്ടിലേക്ക് പോയി. എന്നാൽ വൈകാതെ ഭർത്താവ് അവരെ ഉപേക്ഷിച്ചു. അക്കാലത്തിനിടയിൽ രാധാമണിയുടെ സഹോദരിമാർ വിവാഹം കഴിച്ച് പോവുകയും അമ്മയുടെ പേരിലുണ്ടായിരുന്ന ഒമ്പത് സെന്റ് ഭൂമിയും വീടും സഹോദരൻ കൈക്കലാക്കുകയും ചെയ്തു. അതോടെ രാധാമണിയും വൃദ്ധയായ അമ്മയും വീടില്ലാത്തവരായിത്തീർന്നു. “ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും വീടുകളിൽ മാറിമാറി താമസിക്കുകയായിരുന്നു ഞാനും അമ്മയും. ചിലപ്പോഴൊക്കെ തൊട്ടടുത്ത റെയിൽവേ സ്റ്റേഷനിൽ പോയി കിടക്കും. പൊലീസ് വന്ന് എന്താ ഇവിടെ എന്ന് അന്വേഷിക്കുമ്പോ ഞങ്ങൾക്ക് വീടില്ല സാറേ എന്ന് പറയും.” രാധാമണി പറഞ്ഞു.
കണ്ണിന് കാഴ്ച കുറവായ അമ്മയെ എങ്ങനെയെങ്കിലും സുരക്ഷിതമായ, കെട്ടുറപ്പുള്ള വീട്ടിൽ താമസിപ്പിക്കണമെന്ന ലക്ഷ്യമായിരുന്നു രാധാമണിക്ക് ഉണ്ടായിരുന്നത്. അങ്ങനെയാണ് ഗൾഫിലേക്ക് ഗദ്ദാമയായി പോകാമെന്ന ആലോചനയിലേക്ക് അവർ എത്തിച്ചേർന്നത്. രാധാമണിയെ സംബന്ധിച്ച് അത് രക്ഷപ്പെടാനുള്ള കച്ചിത്തുരുമ്പായിരുന്നു. അങ്ങനെ 2017 ഫെബ്രുവരിയിൽ രാധാമണി ഒമാനിലെത്തി. വീടുകളിൽ ഭക്ഷണമൊരുക്കുന്ന ജോലിക്കാണ് രാധാമണി ഗൾഫിൽ എത്തിയത്. “അഞ്ച് വർഷം ഞാൻ അവിടെ കുക്കായി ജോലി ചെയ്തു. അറുപത് റിയാലായിരുന്നു ശമ്പളം. അഞ്ച് വർഷമായിട്ടും ശമ്പളം കൂട്ടിത്തരാത്തതുകൊണ്ട് ഞാൻ തിരിച്ച് നാട്ടിൽ വന്നു. 2023 ഫെബ്രുവരി 26ന് ആണ് വീണ്ടും ജോലി അന്വേഷിച്ച് ഒമാനിലേക്ക് പോയത്. ഇവിടുന്ന് കൊണ്ടുപോകുമ്പോ 1800 റിയാൽ ശമ്പളായി കിട്ടുമെന്ന് പറഞ്ഞാണ് കൊണ്ടുപോയത്. അവിടെ ചെന്നപ്പോൾ കിട്ടുന്നത് 1200 റിയാലാണ്.” രാധാമണി പ്രവാസ ജീവതം ഓർമ്മിച്ചെടുത്തു.
ഒമാനിലെ സൂറികളുടെ വീട്ടിലാണ് രണ്ടാമത്തെ വരവിൽ ജോലി കിട്ടിയതെന്ന് രാധാമണി പറയുന്നു. “ബാബ (മുതലാളി) എന്നെ സെലക്ട് ചെയ്തു. ബാബയുടെ മകൻ എത്യോപ്യക്കാരിയായ സ്ത്രീയെയാണ് സെലക്ട് ചെയ്തത്. അവർക്ക് അറബി നന്നായറിയാം. വീട്ടുപണിക്കും കുട്ടിയെ നോക്കാനുമാണ് അവരെയെടുത്തത്. ഞാൻ ക്രിസ്ത്യൻ ആണെന്നാണ് പറഞ്ഞിരുന്നത്. ഹിന്ദുക്കളാണെന്ന് പറഞ്ഞാൽ അവർക്ക് അറപ്പാണ്. ഒരു കോമ്പൗണ്ടിനുള്ളിലെ വലിയ മൂന്ന് വീടുകളാണ് അവിടെയുണ്ടായിരുന്നത്. അതിൽ രണ്ട് വീടുകളിൽ പണിയെടുക്കണം. വീടിന്റെ എല്ലാ ഭാഗങ്ങളിലും ക്യാമറ വെച്ചിരുന്നു. ബാബ, ബാബയുടെ ഭാര്യയും ഇളയമകനുമടങ്ങുന്ന മൂന്ന് പേർക്ക് ആഹാരം വെച്ചുണ്ടാക്കാനാണ് എന്നെ കൊണ്ടുപോയതെങ്കിലും മൂത്ത മകനും അയാളുടെ ഭാര്യക്കുമുള്ള ഭക്ഷണവും ഉണ്ടാക്കണമായിരുന്നു. അതിന് പുറമെ അവരുടെ കുഞ്ഞിനെയും നോക്കണമായിരുന്നു.” രാധാമണി വിവരിച്ചു.
പീഡനങ്ങളുടെ നീണ്ടനിര
രാവിലെ അഞ്ച് മണി മുതൽ രാത്രി രണ്ട് മണി വരെയാണ് രാധാമണിയുടെ ജോലി സമയം. രാത്രി മാത്രം വീട്ടിലേക്ക് വിളിക്കാൻ ഫോൺ നൽകും. രാവിലെ ഏഴ് മണിക്ക് ഫോൺ തിരികെ നൽകണം. ജോലിക്ക് ചേർന്ന ദിവസം തന്നെ അവർ ബാഗും ഫോണും വാങ്ങിവെച്ചു. ജോലിക്കാർക്കിടാനുള്ള രണ്ട് ജോടി വസ്ത്രങ്ങൾ നൽകി. കടയിൽ പോകാനോ, പുറംലോകവുമായി യാതൊരുവിധ ബന്ധവും സൂക്ഷിക്കാനോ അവർക്ക് അനുവാദമുണ്ടായിരുന്നില്ല.
“ഒരു ദിവസം ബാബയുടെ മകന്റെ ഭാര്യ എന്നെ വഴക്ക് പറഞ്ഞു. എന്നെ പറ്റുന്നില്ലെങ്കിൽ തിരിച്ച് ഏജൻസിയിൽ കൊണ്ടാക്കാൻ ഞാൻ പറഞ്ഞു.” അഞ്ച് വർഷത്തെ ഗൾഫ് ജീവിതം കൊണ്ട് രാധാമണി അത്യാവശ്യം അറബി പഠിച്ചിരുന്നു. “പക്ഷേ അവർ എന്നെ കൊണ്ടാക്കിയില്ല. ഞാൻ രാത്രി ഫോൺ കിട്ടിയപ്പോൾ എന്റെ ഏജന്റിനെ കാര്യങ്ങൾ അറിയിച്ചു. പക്ഷേ അവിടെ നിന്ന് ഒരു മറുപടിയും ഉണ്ടായില്ല. ഒരു ദിവസം അപ്പുറത്തെ വീട്ടിലെ വേലക്കാരിയോട് ഞാൻ അദാണ് (ബാങ്ക്) വിളിക്കാൻ സമയമായോന്ന് ചോദിച്ചത് ഇവർ ക്യാമറയിലൂടെ കണ്ടു. അന്ന് ബാബയുടെ മകൻ എന്നെ അടിച്ചു.”
അതൊരു തുടക്കം മാത്രമായിരുന്നുവെന്ന് രാധാമണി അപ്പോൾ അറിഞ്ഞില്ല. പിന്നീടുള്ള എല്ലാ ദിവസങ്ങളിലും തല്ല് പതിവായി. നിസാര കാര്യങ്ങൾക്ക് പോലും അലൂമിനിയത്തിന്റെ കമ്പികൊണ്ട് എറിയുകയും തല്ലുകയും ചെയ്യുന്നത് പതിവായി.
“ഒരു ദിവസം അവർ ഞങ്ങൾ വീട്ടുജോലിക്കാരെയും കൂട്ടി ട്രിപ്പ് പോയി. ഞാൻ കാറിന്റെ ഡോർ തുറന്നപ്പോൾ അറിയാതെ തട്ടി. അതിന് ബാബയുടെ മകൻ എന്നെ തല്ലാൻ വന്നു. ഞാൻ ഓടി ബാത്റൂമിൽ കയറിയെങ്കിലും അവിടുന്ന് വലിച്ചിഴച്ച് എന്നെ അയാൾ തല്ലി. രാത്രി എന്നെ അവിടെയാക്കിയ ഏജന്റിനോട് എന്നെ എങ്ങനെയെങ്കിലും രക്ഷിക്ക് ഇക്ക, എത്രയും വേഗം എന്നെ ഇവിടുന്ന് കൊണ്ടുപോകൂന്ന് പറഞ്ഞ് മെസേജിട്ടു. ഓകെ എന്ന് മാത്രമാണ് മറുപടി തന്നത്.”
റമദാൻറെ (2023 മാർച്ച് 24) അന്ന് രാധാമണിക്ക് ബാബയുടെ കുടുംബം പുതിയ വസ്ത്രങ്ങളും മറ്റും നൽകി. എന്നാൽ ആ സന്തോഷം അധികം നീണ്ടുനിന്നില്ല. “അതിന് അടുത്ത ദിവസം ഞാൻ പണിയൊന്നും ചെയ്യുന്നില്ലെന്ന് പറഞ്ഞ് എന്നെ പൊതിരെ തല്ലി. വലിയ ഫ്ലാസ്ക് എടുത്ത് എന്റെ തലയ്ക്കടിച്ചു. എനിക്ക് പെട്ടെന്ന് തല കറങ്ങുന്നപോലെ തോന്നി. എങ്ങനെയൊക്കെയോ റൂമിലെത്തിയ ഞാൻ തലയിലേക്ക് വെള്ളമൊഴിച്ച് കഴുകി. അവർ പിന്നാലെ ഓടിവന്നു. എന്നെ തിരിച്ച് ഏജൻസിയിൽ കൊണ്ടാക്കാൻ ഞാൻ അവരോട് കേണപേക്ഷിച്ചു. നിന്നെ ഒരിക്കലും കൊണ്ടാക്കില്ലെന്നും നിന്റെ മയ്യത്താകും നാട്ടിലേക്ക് അയക്കുകയെന്നും അവർ അക്രോശിച്ചു. തുടർന്നുള്ള രണ്ട് മാസം അവർ എനിക്ക് ശമ്പളം തന്നില്ല. പിന്നീട് വീട്ടിലേക്ക് വിളിക്കാൻ അവരെനിക്ക് ഫോണും തന്നില്ല.” രാധാമണി പറഞ്ഞു.
ഒളിച്ചോട്ടം
രാധാമണിയ്ക്ക് ആധി ഏറി വന്നു. മാസാമാസം വാടക കൊടുക്കാമെന്ന ഉറപ്പിൽ അമ്മയെ ഒരു വാടക വീട്ടിലാക്കിയിട്ടാണ് രാധാമണി ഗദ്ദാമയായെത്തിയത്. അയ്യായിരം രൂപയായിരുന്നു മാസവാടക. രണ്ട് മാസം ശമ്പളം ലഭിക്കാത്തതുകൊണ്ട് രാധാമണി നാട്ടിലോട്ട് കാശ് അയച്ചില്ല. കാശടക്കാതെ ആയപ്പോൾ ആദ്യം കറണ്ട് കട്ട് ചെയ്തു. പിന്നാലെ വീട്ടുടമസ്ഥർ രാധാമണിയുടെ അമ്മയെ ഇറക്കിവിട്ടു. തുടർന്ന് രാധാമണിയുടെ സഹോദരിയുടെ വീട്ടിലാണ് അമ്മ കഴിഞ്ഞിരുന്നത്.
അവിടെ നിന്ന് എങ്ങനെയെങ്കിലും രക്ഷപ്പെടണമെന്നായിരുന്നു രാധാമണിക്ക്. “എന്റെ കൈയിൽ ഇരുനൂറ് രൂപയാണ് ആകെ ഉണ്ടായിരുന്നത്. വേസ്റ്റ് കിറ്റായിട്ട് ചെന്നാൽ തുറക്കുന്ന ഒരു വാതിൽ പിൻവശത്തുണ്ടായിരുന്നു. രാവിലെ ആറ് മണിയൊക്കെ ആയപ്പോൾ ഞാനൊരു പർദ്ദ എടുത്തിട്ട് വേസ്റ്റ് കിറ്റുമെടുത്ത് പുറത്തേക്കോടി. കാണുന്നോരൊടെല്ലാം ഞാൻ വഴി ചോദിച്ച് എമറാത്തിയിൽ നിന്ന് അബുദാബിയിലോട്ട് നടന്നു.” രാധാമണി ഓർമ്മിച്ചു.
“ഉച്ചയ്ക്ക് ഒരു രണ്ട് മണിയായപ്പോൾ ഒരു ഇന്ത്യക്കാരനായ ടാക്സി ഡ്രൈവർ എന്റെ അടുത്തേക്ക് വന്ന് എവിടേക്കാണ് പോകേണ്ടതെന്ന് ചോദിച്ചു. അയാളൊരു ബംഗാളിയായിരുന്നു. അയാളോട് അബുദാബിയിൽ പോകണമെന്ന് പറഞ്ഞു. ആദ്യം ഏജൻസിയിൽ ആക്കാനാണ് ഞാൻ ആവശ്യപ്പെട്ടത്. പിന്നീട് പൊലീസ് സ്റ്റേഷനിൽ ആക്കാൻ പറഞ്ഞു. അപ്പോൾ അയാളാണ് പറഞ്ഞത് പൊലീസുകാർ പള്ളിക്കടുത്തുള്ള പാർക്കിലുണ്ടാകും. അവിടെയാക്കാമെന്ന്. എന്റെ കൈയിൽ ഉണ്ടാരുന്ന 200 രൂപ ഞാൻ അയാൾക്ക് കൊടുത്തു.”
രാധാമണി അവിടെ കണ്ടവരോടെല്ലാം സഹായം അഭ്യർത്ഥിച്ചു. നിസ്കാര സമയത്തിന് പൊലീസ് എത്തുമെന്ന വിവരം മാത്രമാണ് രാധാമണിക്ക് ലഭിച്ചത്. അതിനിടയിൽ ഒരു കഫേയിൽ ജോലി ചെയ്യുന്ന മലയാളിയായ യുവാവ് അവിടെയെത്തി. ഒരു മുസ്ലീം സംഘടനയുണ്ടെന്നും അവിടെ ചെന്നാൽ ഒരുപക്ഷേ അവർ സഹായിച്ചേക്കാമെന്നും പറഞ്ഞത് ആ യുവാവാണ്. എന്നാൽ അവിടെ രാധാമണിക്ക് നേരിടേണ്ടി വന്നത് മലയാളിയുടെ ജാതീയതയാണ്. “അവിടെയുണ്ടായിരുന്ന ഖാലിദ് എന്നൊരാൾ എന്നോട് ചോദിച്ചത് താൻ മുസ്ലീമാണോ? കോഴിക്കോട് നിന്നാണോ? എന്നൊക്കെയാണ്. അത്രയും നേരം ഞാനൊരു ചായ പോലും കുടിച്ചിരുന്നില്ല. യൂസഫലിയെ കോൺടാക്ട് ചെയ്ത് തരാമോ എന്ന് ഞാൻ അവരോട് ചോദിച്ചു. പക്ഷേ അവരത് മുഖവിലയ്ക്കെടുത്തില്ല.” രാധാമണി പറഞ്ഞു.
2021, ഏപ്രിൽ 12ന് മലയാളി വ്യവസായിയായ എം.എ യൂസഫലി സഞ്ചരിച്ച ഹെലികോപ്റ്റർ കൊച്ചി പനങ്ങാട് ഫിഷറീസ് സർവകലാശാല ക്യാംപസിന് സമീപം എഞ്ചിൻ തകരാറായിയുണ്ടായ അപകടത്തിൽ നിന്നും യൂസഫലിയെ രക്ഷിച്ചത് രാധാമണിയുടെ സഹോദരനും ഭാര്യയും ചേർന്നാണ്. അപകടത്തിന് ശേഷം യൂസഫലി സഹോദരന്റെ വീട് സന്ദർശിച്ചിരുന്നെന്നും അതുകൊണ്ടുതന്നെ അയാളുടെ സഹോദരിയാണെന്ന് അറിഞ്ഞാൽ യൂസഫലി സഹായിക്കാതെയിരിക്കില്ലെന്നും രാധാമണി കരുതിയിരുന്നു. എന്നാൽ അവിടെ നിന്നും സഹായമൊന്നും ലഭിക്കാതെ വന്നപ്പോൾ രാധാമണി വീണ്ടും പാർക്കിൽ വന്നിരുന്നു. നിസ്കാര സമയത്ത് വന്ന പൊലീസിനോട് കാര്യമെല്ലാം പറഞ്ഞപ്പോൾ പൊലീസ് ബാബയുടെ അഡ്രസ് വാങ്ങി അവരെ വിളിക്കുകയും അവിടേക്ക് വരാൻ ആവശ്യപ്പെടുകയും ചെയ്തു. പിറ്റേ ദിവസം രാവിലെ വരെ രാധാമണി ആ പാർക്കിൽ തന്നെ തുടർന്നു.
“രാവിലെയാണ് അവരെത്തിയത്. വന്ന പാടെ ബാബയുടെ മകൻ എന്നെ അടിക്കാൻ തുടങ്ങി. എന്നെ കൊല്ലല്ലേന്ന് പറഞ്ഞ് ഞാൻ കരഞ്ഞു. എന്റെ കരച്ചിൽ കേട്ട് പൊലീസും പള്ളിയിൽ ഉണ്ടായിരുന്നവരും ഓടിയെത്തി. ബാബ എന്നെ വണ്ടിയിൽ കയറ്റി. അപ്പോഴും ബാബയുടെ മകൻ എന്നെ ജയിലിൽ ഇടുമെന്ന് അക്രോശിക്കുന്നുണ്ടായിരുന്നു. അവരെന്നെ ഏജന്റിന്റെ ഓഫീസിലേക്കാണ് കൊണ്ടുപോയത്. ബാബ കാർ പാർക്ക് ചെയ്യാൻ പോയ നേരം നോക്കി മകൻ എന്നെ വീണ്ടും ഒരുപാട് തല്ലി.” രാധാമണി പറഞ്ഞു.
രാധാമണിക്ക് പകരം പുതിയ ഗദ്ദാമയെ തിരഞ്ഞെടുക്കുന്ന തിരക്കിലായിരുന്നു ബാബയുടെ ഭാര്യയും മരുമകളും. അവരും രാധാമണിയെ ഓഫീസിൽ വെച്ച് ഇടിക്കാൻ തുടങ്ങി. ആ ദൃശ്യങ്ങളൊക്കെ ഓഫീസിലെ സിസിടിവി ക്യാമറയിൽ പതിഞ്ഞിട്ടുണ്ടെന്ന് രാധാമണി പറയുന്നു. “എൻറെ ഫോണും, ബാഗും, ശമ്പളവും തിരിച്ച് തരാൻ ഞാൻ അവരോട് അപേക്ഷിച്ചു. അയാൾ എന്റെ നേർക്ക് കുറച്ച് കാശ് എറിഞ്ഞു. പാസ്പോർട്ട്, തിരിച്ചറിയൽ കാർഡ്, ആധാർ കാർഡ്, അമ്മയുടെ പെൻഷന്റെ ചീട്ട് എല്ലാം ആ ബാഗിലായിരുന്നു. അത് തിരിച്ച് തരണമെന്ന് പറഞ്ഞു. പക്ഷേ അവരൊന്നും തിരിച്ച് തന്നില്ല. ഗദ്ദാമകൾക്ക് താമസിക്കുന്ന സ്ഥലത്താണ് ഞാൻ താമസിച്ചിരുന്നത്.” രാധാമണി നടുക്കത്തോടെ ആ അനുഭവങ്ങൾ വിവരിച്ചു.
ജയിലിലേക്ക്
രാധാമണിക്ക് അവിടെ ജോലി നൽകിയ ഏജൻസി മൂന്ന് പേർ ചേർന്നാണ് നടത്തുന്നത്. അതിൽ പ്രധാനിയായിരുന്ന റഷീദ് ഈ സംഭവങ്ങൾ നടക്കുമ്പോൾ അവിടെ ഇല്ലായിരുന്നു. വിവരങ്ങൾ അറിഞ്ഞ റഷീദ് രാധാമണിയോട് കേസ് കൊടുക്കാൻ പറഞ്ഞു. “ഹോസ്പിറ്റലിൽ പോയി ട്രീറ്റ്മെൻറ് എടുത്തിട്ട് ആ രേഖയും കൊണ്ട് പോലീസ് സ്റ്റേഷനിൽ പോകാനാണ് എന്നോട് പറഞ്ഞിരുന്നത്. അങ്ങനെ ഹോസ്പിറ്റലിൽ പോയപ്പോഴാണ് കണ്ണിന് കാഴ്ച മങ്ങുന്ന വിവരം ഞാൻ അറിഞ്ഞതും.” ഫ്ലാസ്ക് കൊണ്ട് തലയ്ക്കടിച്ച അടിയിലാണ് രാധാമണിയുടെ ഇടത് കണ്ണിന്റെ കാഴ്ച ഭാഗികമായി നഷ്ടപ്പെട്ടത്. അധികം താമസിയാതെ വലത് കണ്ണിന്റെ കാഴ്ചയെയും അന്ന് കൊണ്ട പ്രഹരം ബാധിക്കുമെന്ന് ഡോക്ടർമാർ രാധാമണിയോട് പറഞ്ഞു. എത്രയും പെട്ടെന്ന് ശസ്ത്രക്രിയ ചെയ്യണമെന്നായിരുന്നു ഡോക്ടറുടെ നിർദ്ദേശം. എന്നാൽ കാശില്ലാത്തതിനാൽ ശസ്ത്രക്രിയ ചെയ്യാൻ നിന്നില്ല. അവിടുന്ന് കിട്ടിയ രേഖകളുമായി പൊലീസ് സ്റ്റേഷനിൽ പോയപ്പോൾ അവർ കാശും ടിക്കറ്റും അവരിൽ നിന്ന് വാങ്ങി തരാമെന്ന് പറഞ്ഞ് കോടതിയിലേക്ക് കൂട്ടിക്കൊണ്ടുപോയി കേസ് ഫയൽ ചെയ്തു. തുടർന്നുള്ള ഒരു മാസം രാധാമണി ഏജൻസിയില മറ്റ് ഗദ്ദാമകൾക്കൊപ്പമാണ് കഴിഞ്ഞിരുന്നത്.
“പെട്ടെന്നൊരു ദിവസം കോടതിയിൽ നിന്ന് വിളിപ്പിച്ചു എന്ന് പറഞ്ഞ് പൊലീസ് വന്നു. അവരെന്നെ ഖലീഫ ജയിലിലേക്ക് കൊണ്ട് പോയി. ബാബയുടെ വീട്ടിലെ സ്വർണം മോഷ്ടിച്ചെന്ന് പറഞ്ഞ് അവർ എനിക്കെതിരെ കള്ളക്കേസ് കൊടുത്തിരുന്നു. ഞാൻ ഒന്നും എടുത്തിട്ടില്ലെന്നും അവരുടെ വീട്ടിലെ ക്യാമറയിൽ പരിശോധിക്കാമെന്നും പറഞ്ഞു നോക്കി. പക്ഷേ അവർ അതൊന്നും കേട്ടില്ല. ഞാനിട്ടിരുന്ന മാലയും വളയും അവർ പരിശോധിച്ചു. അത് റോൾഡ് ഗോൾഡാണെന്ന് അറിഞ്ഞപ്പോൾ അവരുടെ വാദം പൊളിഞ്ഞു. പിന്നീട് ഞാൻ അവരുടെ കാർ മോഷ്ടിച്ചുവെന്നും സ്വർണം പതിച്ച അബായ (പർദ്ദയോട് സാമ്യമുള്ള വസ്ത്രം) മോഷ്ടിച്ചുവെന്നും ആരോപിക്കാൻ തുടങ്ങി. രാത്രി ഒരു മണി വരെ എന്നെ ഖലീഫ ജയിലിൽ ഇരുത്തി. ഒരു മണിയായപ്പോൾ ഒരു പൊലീസുകാരൻ വന്ന് എന്നെ വിലങ്ങ് വെച്ചു. മറ്റൊരു ജയിലിലേക്ക് കൊണ്ടുപോയി.
വെറും കൈയോടെ നാട്ടിലേക്ക്
ജയിലിലായതോടെ നാടുമായുള്ള എല്ലാ ആശയവിനിമയവും അവസാനിച്ചിരുന്നു. എന്നാൽ ഖലീഫ ജയിലിലെ ഒരു പൊലീസുകാരി രാധാമണിയുടെ അവസ്ഥ കണ്ട് സഹായത്തിനെത്തി. “ആ പൊലീസുകാരിയാണ് എന്നെ ആറ് വർഷത്തേക്കാണ് തടവിലാക്കിയതെന്ന വിവരം എന്നോട് പറയുന്നത്. എനിക്ക് സങ്കടം സഹിക്കാൻ പറ്റിയില്ല. എന്റെ അമ്മയ്ക്ക് എന്തുപറ്റുമെന്നായിരുന്നു എന്റെ ചിന്ത.” രാധാമണി പറഞ്ഞു. നാട്ടിൽ രാധാമണിയെ പറ്റി വിവരമൊന്നും ലഭിക്കാത്തതുകൊണ്ട് പൊലീസ് കേസ് കൊടുക്കാൻ ഒരുങ്ങുകയായിരുന്നു രാധാമണിയുടെ അമ്മയും നാട്ടുകാരും. അപ്പോഴാണ് ജയിലിലുണ്ടായിരുന്ന ചൈനക്കാരിയുടെ സഹായത്താൽ രാധാമണിക്ക് ഫോൺ കിട്ടുന്നത്. “ഞാൻ സുരക്ഷിതയാണെന്നും ഉടൻ തന്നെ നാട്ടിലെത്താമെന്നും മാത്രമാണ് അന്ന് വിളിച്ച് പറഞ്ഞത്. അമ്മയ്ക്ക് വിഷമം ആകരുതെന്ന് ഉണ്ടായിരുന്നു. ഖലീഫയിലെ പൊലീസുകാരി എനിക്ക് വേണ്ടി അദാലത്ത് കൊടുത്തു. കാശ് അടച്ച് ശിക്ഷ മൂന്ന് വർഷമായി കുറച്ചു. അതോടെ അൽവദ്ദ എന്ന ജയിലിലേക്ക് എന്നെ മാറ്റി. അവിടെയും അവർ കാശ് കെട്ടി. മാപ്പ് കിട്ടാനായി അദാലത്ത് വെച്ചു. ഒരു മാസം ടിക്കറ്റ് വരാൻ കാത്തിരുന്നു. കഴിഞ്ഞ ഈദിന് എനിക്ക് ശിക്ഷയിളവ് കിട്ടി, ഞാൻ ജയിൽ മോചിതയായി. അവർ എന്നെ ബോംബെയിലേക്ക് കയറ്റി വിട്ടു. പാസ്പോർട്ട് മാത്രമാണ് അവരെനിക്ക് തന്നത്. എന്റെ കൈയിൽ ഒരു രൂപ പോലും ഉണ്ടായിരുന്നില്ല. ആഗസ്റ്റ് 13ന് ബോംബെയിൽ വന്നിറങ്ങിയപ്പോൾ എന്റെ കൂടെ ജയിലിൽ നിന്ന് ഇളവ് കിട്ടി വന്ന ഒരു താഹ എന്ന ചെക്കനും ഡൽഹിക്കാരി കുട്ടിയും ഉണ്ടായിരുന്നു. ഞങ്ങൾ മൂന്ന് പേരും കൂടി ചേർന്ന് ബോംബെയിൽ റൂമെടുത്തു. ജയിലിൽ എന്നെ സഹായിച്ച പൊലീസ് ഉദ്യോഗസ്ഥയെ താഹയുടെ മൊബൈലിൽ നിന്ന് വിളിച്ച് കാര്യം പറഞ്ഞു. അവരാണ് നാട്ടിലേക്കുള്ള ടിക്കറ്റിനും റൂമിനുമുള്ള കാശ് അയച്ചുതന്നത്. ബോംബെയിൽ നിന്ന് ട്രെയിനിന് എറണാകുളത്തേക്ക് വന്നു. വെറുംകൈയുമായി.” രാധാമണി നെടുവീർപ്പോടെ പറഞ്ഞു നിർത്തി.
ജീവിതം തിരിച്ചുപിടിക്കുന്നു
ഇന്ത്യൻ എംബസിയിൽ പോയിരുന്നെങ്കിൽ വേണ്ട സഹായം ലഭിക്കുമായിരുന്നെന്നൊക്കെ ജയിലിൽ ആയതിന് ശേഷമാണ് രാധാമണി മനസിലാക്കിയത്. അനുഭവിച്ചതൊക്കെയും മറികടന്ന് ജീവിതം ഒന്നേ എന്ന് തുടങ്ങാനുള്ള പരിശ്രമത്തിലാണ് രാധാമണി ഇപ്പോൾ. ബാല്യകാല സുഹൃത്ത് എടുത്തുനൽകിയ വാടക വീട്ടിലാണ് ഇപ്പോൾ രാധാമണിയും അമ്മയും പങ്കാളിയും കഴിയുന്നത്. തിരിച്ചറിയൽ കാർഡും, ആധാറുമൊക്കെ ഗൾഫിലെ ബാബയുടെ വീട്ടിൽ നിന്ന് തിരികെ കിട്ടാത്തതിനാൽ, അവയെല്ലാം വീണ്ടെടുക്കാനുള്ള നെട്ടോട്ടവും തുടരുന്നു.
കണ്ണിന്റെ കാഴ്ച മങ്ങുന്നത് ജോലി കിട്ടുന്നതിന് ഒരു തടസമാകുമോ എന്ന് രാധാമണി ആശങ്കപ്പെടുന്നുണ്ട്. നിലവിൽ, ഇടവിട്ട ദിവസങ്ങളിൽ രാധാമണി വൈറ്റിലയിലെ ഹ്യുണ്ടായി ഷോറൂമിൽ ക്ലീനിങ് ജോലിക്കാണ് പോകുന്നത്. ദലിത് വിഭാഗത്തിൽ നിന്നുള്ള വ്യക്തിയായതിനാൽ എന്തെങ്കിലും താല്കാലിക ജോലിയെങ്കിലും തരപ്പെടുമെന്നാണ് രാധാമണിയുടെ വിശ്വാസം. സാമ്പത്തിക പ്രയാസങ്ങളുണ്ടെങ്കിലും ഇനിയൊരിക്കലും ഗൾഫിലേക്കില്ലെന്നും രാധാമണി തീർച്ചപ്പെടുത്തിയിട്ടുണ്ട്. വൃദ്ധയായ അമ്മയ്ക്ക് താനല്ലാതെ മറ്റാരും ഇല്ലെന്ന തിരിച്ചറിവിൽ മങ്ങുന്ന കാഴ്ചയിലും ജീവിതവഴി കണ്ടെത്താൻ പരിശ്രമിക്കുകയാണ് രാധാമണി.