റിഫാത്ത് അലാറീർ
ജനനം : സെപ്റ്റംബർ 23, 1979.
കൊല്ലപ്പെട്ടത് : ഡിസംബർ 7, 2023.
പലസ്തീൻ കവിയും എഴുത്തുകാരനും പ്രൊഫസറും ഗാസ മുനമ്പിൽ നിന്നുള്ള ആക്ടിവിസ്റ്റുമായിരുന്നു റിഫാത്ത് അലാറീർ. ഗാസയിലെ ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റിയിൽ സാഹിത്യവും സർഗ്ഗാത്മക രചനയും പഠിപ്പിച്ചിരുന്നു. ഗാസയിലെ എഴുത്തുകാരുടെ കൂട്ടായ്മ – വീ ആർ നോട്ട് നമ്പേഴ്‌സിന്റെ സഹ സ്ഥാപകൻ.
ഇസ്രായേലിന്റെ കടുത്ത പീഡനങ്ങൾക്ക് ഇരയായ തലമുറയിൽപെട്ട ഗാസയിലെ 15 യുവ എഴുത്തുകാരുടെ കഥകൾ സമാഹരിച്ച ‘ഗാസ റൈറ്റ്സ് ബാക്ക്’ എന്ന സമാഹാരം എഡിറ്റ് ചെയ്തു. ഗാസ ആസ്ക്ക്സ് വെൻ ഷാൾ ദിസ് പാസ് ? , ഇൻ ലൈറ്റ്സ് ഇൻ ഗാസ റൈറ്റിങ്ങ്സ് ബോൺ ഓൺ ഫയർ, ദെ ഇവൻ കീപ്പ് അവർ കോർപ്സസ് ഡയിങ്ങ് ഇൻ ഇസ്രായേൽ പ്രിസൺസ് എന്നിവ ശ്രദ്ധേയമായ ലേഖനങ്ങൾ.
അലാറീനും ഭാര്യയ്ക്കും പെൺമക്കളായ അമാലും ലിനായും ഉൾപ്പെടെ ആറ് കുട്ടികളുണ്ടായിരുന്നു. 2014 ലെ ഗാസ യുദ്ധത്തിൽ അലാറിന്റെ സഹോദരൻ ഹമാദയെയും ഭാര്യ നുസൈബയുടെ പിതാമഹനെയും അവളുടെ സഹോദരനെയും സഹോദരിയെയും സഹോദരിയുടെ മൂന്ന് മക്കളെയും ഇസ്രായേൽ കൊലപ്പെടുത്തി. 2023 ഡിസംബർ 7-ന് ഇസ്രായേൽ വ്യോമാക്രമണത്തിൽ അലാറീറും കുടുംബവും കൊല്ലപ്പെട്ടു.
ഞാൻ മരിച്ചാൽ
ഞാൻ മരിച്ചാൽ
എന്റെ കഥപറയാനും
എന്റെ സാധനങ്ങൾ
വിറ്റൊഴിക്കാനും
നീ ജീവിച്ചിരിക്കണം.
ഒരു കഷണം തുണിയും
നീണ്ട ചരടുകളും (വെളുത്ത, നീണ്ട)
വാങ്ങാൻ നീയുണ്ടാകണം.
ഗാസയിലെവിടെയോ,
കണ്ണുകളിൽ സ്വർഗമുള്ള ഒരു കുഞ്ഞ്
തീജ്വാലയിൽ കാണാതായ തന്റെ
അച്ഛനെ കാത്തിരിപ്പുണ്ട്.
അവനോടും അവന്റെ മാംസത്തോടും
ആരും വിട പറഞ്ഞിട്ടില്ല.
എനിക്കു വേണ്ടി നീ ഉണ്ടാക്കിയ പട്ടം
അവിടെ വാനിൽ ഉയർന്നു പറക്കട്ടെ.
ഭൂമിയിലേക്ക് സ്നേഹം തിരികെ കൊണ്ടു വരുന്ന
ഒരു മാലാഖ അതു കാണാൻ
അവിടെ ഉണ്ടാകുമെന്ന്
തന്നെ കരുതുക.
ഞാൻ മരിച്ചാൽ
അത് പ്രതീക്ഷകൾ കൊണ്ടു വരട്ടെ.
അതൊരു കഥയായിത്തീരട്ടെ.
വിവർത്തനം : വി മുസഫർ അഹമ്മദ്.