പോരാട്ടം കോടതിയോടല്ല, രണ്ടുതരം നീതികളോട് – ഗ്രോ വാസു
ഗ്രോ വാസു എന്ന വാസുവേട്ടന്റെ ഈ വാക്കുകൾ ഇന്ന് ഒരു പക്ഷെ മറ്റൊരാളിൽ നിന്നും കേൾക്കുകയില്ല, ഉറപ്പ്. കേസിൽ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നവരെല്ലാം ജാമ്യമെടുത്തു. വാസുവേട്ടൻ അതിന് തയ്യാറായില്ല. സർക്കാർ രേഖകളിൽ ഒപ്പുവെച്ച് ജാമ്യമെടുക്കുന്നില്ല എന്ന നിലപാടെടുത്ത് ഇന്നെളുപ്പത്തിൽ എല്ലാവരും മറന്നുകളഞ്ഞ നീതിക്കുവേണ്ടി ശബ്ദമുയർത്താൻ അദ്ദേഹം ജാമ്യ നിഷേധത്തെ സമരായുധമാക്കി. അങ്ങനെ ജൂലൈ 29ന് വാസുവേട്ടൻ റിമാൻഡിലായി. (എന്തുകൊണ്ട് താങ്കൾ ജാമ്യമെടുക്കുന്നില്ലെന്ന് കോടതി ആവർത്തിച്ചു ചോദിച്ചു. അതും കോടതി നടപടികളിൽ അത്യപൂർവ്വം). ആദ്യ റിമാൻഡ് കാലാവധി കഴിഞ്ഞ ഇന്ന് അദ്ദേഹത്തെ വീണ്ടും കോടതിയിൽ ഹാജരാക്കി. ജാമ്യമെടുക്കുന്നില്ലെന്ന് തന്നെ വാസുവേട്ടൻ ആവർത്തിച്ചു. റിമാൻഡ് ആഗസ്റ്റ് 25 വരെ നീട്ടി. അതായത് നീതിക്കുവേണ്ടി പോരാടിയതിന്റെ പേരിൽ ഈ സ്വാതന്ത്ര്യ ദിനത്തിൽ ഗ്രോ വാസു ജയിലിലായിരിക്കും. തന്റെ ജീവിതത്തിലെ പല സ്വാതന്ത്ര്യ ദിനങ്ങളിലെന്ന പോലെ. സ്വാതന്ത്ര്യം, അസ്വാതന്ത്ര്യം, നീതി എന്നീ വിഷയങ്ങളുയർത്തിയാണ് വാസുവേട്ടന്റെ ഈ ഒറ്റയാൾ പോരാട്ടം.
നിലമ്പൂർ (കരുളായി) വനമേഖലയിൽ കുപ്പു ദേവരാജ്, അജിത എന്നിവരെ പോലീസ് വെടിവെച്ചു കൊല്ലുന്നു. ഇരുവരുടേയും മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിന് ശേഷം കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റുന്നു. മോർച്ചറിക്ക് മുന്നിൽ സംഘം ചേർന്നു, ഗതാഗത തടസ്സമുണ്ടാക്കി എന്നതാണ് ഗ്രോ വാസുവേട്ടനടക്കമുള്ളവർക്കെതിരെയുള്ള കേസ്. ജൂലൈ 29ന് ജാമ്യം വേണ്ടെന്ന് കോടതിയിൽ പറഞ്ഞ വാസുവേട്ടൻ നിലപാട് അർത്ഥശങ്കക്കിടമില്ലാത്ത വിധം വ്യക്തമാക്കി. “രണ്ടു പേരെ വെടിവെച്ചുകൊന്നവർക്ക് കേസൊന്നൂല്ല. ഒരു കുറ്റം ചെയ്യാത്ത ഞാൻ കേസിലും.” ആ ചെറിയ വാചകം എല്ലാം പറയുന്നുണ്ട്. ഈ പ്രസ്താവനയിലൂടെ എൽ.ഡി.എഫ് സർക്കാർ കാലത്ത് വധിക്കപ്പെട്ട എട്ട് മാവോയിസ്റ്റുകളുടെ ഓർമ്മയിലേക്ക് മലയാളി സമൂഹത്തെ വിളിച്ചുണർത്താൻ ശ്രമിക്കുകയായിരുന്നു വാസുവേട്ടൻ.
മാവോയിസ്റ്റുകളെ വെടിവെച്ചു കൊന്ന സംഭവത്തിൽ സർക്കാർ അന്വേഷണം പ്രഖ്യാപിക്കണമെന്ന അദ്ദേഹത്തിന്റെ ആവശ്യം രണ്ടാഴ്ച്ച വാസുവേട്ടൻ റിമാൻഡിലായിരുന്നപ്പോൾ ചർച്ച ചെയ്യാൻ കേരളം തയ്യാറായില്ല. തന്നെ വിട്ടയക്കുക എന്നതായിരുന്നില്ല വാസുവേട്ടന്റെ ആവശ്യം. വെടിവെപ്പ് കൊലകളിലുള്ള അന്വേഷണമായിരുന്നു. ഈ പ്രശ്നം ഉയർത്തിക്കാണിക്കാൻ കഴിയുന്ന പ്രതിപക്ഷം ഇവിടെയില്ലെന്നത് ഒരിക്കൽ കൂടി തെളിയിക്കപ്പെടുകയും ചെയ്തു. വീണ്ടും ജാമ്യം വേണ്ടെന്ന് പറയുമ്പോൾ മലയാളിയുടെ നീതിബോധത്തെ ഉരച്ചുനോക്കാൻ രണ്ടാഴ്ച്ച കൂടി സമയം നൽകുകയാണ് വാസുവേട്ടൻ ചെയ്തിരിക്കുന്നത്. മാവോയിസ്റ്റുകളെ കോടതിയിലൊന്നും ഹാജരാക്കേണ്ട, കാട്ടിൽ വെടിവെച്ചുകൊന്നാൽ മതിയെന്ന “ഇടത് നീതി ബോധത്തെ” തന്നെപ്പോലെ ഒരാൾക്ക് ഇമ്മട്ടിലല്ലാതെ നേരിടാനാകില്ലെന്ന ഉറച്ച ബോധ്യത്തിൽ നിന്നുതന്നെയാണ് വാസുവേട്ടൻ ഈ നിലപാട് സ്വീകരിച്ചത്. കുപ്പു ദേവരാജും അജിതയും കൊല്ലപ്പെട്ടപ്പോൾ ആദ്യം എൽ.ഡി.എഫിൽ ഇടഞ്ഞു നിന്ന സി.പി.ഐക്കും പിന്നീട് ആ സംഭവത്തോട് പ്രതികരിക്കാനുള്ള ആർജവമുണ്ടായില്ല. മറ്റാരും ഒന്നും ശബ്ദിച്ചതുമില്ല.
നീതി സങ്കൽപ്പത്തിൽ പ്രവർത്തിക്കുന്ന നിയമ രീതിയാണ് വിചാരണ. അങ്ങിനെയൊന്ന് മാവോയിസ്റ്റുകൾക്ക് വേണ്ടെന്നും അവർക്കുള്ളത് തോക്കിൻ കുഴലാണെന്നും തീരുമാനിച്ച് പ്രവർത്തിച്ച പിണറായി സർക്കാരിനെ ഒരു വന്ദ്യ വയോധികനായ കമ്യൂണിസ്റ്റുകാരൻ നേരിടുന്ന രീതിയാണ് നാം ഈ ദിവസങ്ങളിൽ കണ്ടുകൊണ്ടിരിക്കുന്നത്. ഗാന്ധിയന്മാർക്ക് സാധ്യമാകാത്ത ‘ഗാന്ധിയത’, കമ്യൂണിസ്റ്റുകാർക്ക് അസാധ്യമായ ‘കമ്മ്യൂണിസ്റ്റത’- തന്റെ ജീവിതത്തിന്റെ സായാഹ്നത്തിൽ വാസുവേട്ടൻ മലയാളിയെ പഠിപ്പിക്കുന്നത് ഈ രണ്ട് സങ്കൽപ്പങ്ങളാണ്. മനുഷ്യാവകാശത്തിന്റെ, പൗരാവകാശത്തിന്റെ അക്ഷരമാല കേരളീയർ ഈ ജാമ്യ നിഷേധത്തിൽ നിന്നുതന്നെ പഠിക്കേണ്ടി വരും.
മാവോയിസ്റ്റുകളോട് കടുത്ത വിയോജിപ്പുള്ളവർ പോലും മനുഷ്യർ, പൗരർ എന്ന നിലക്കുള്ള അവരുടെ അവകാശങ്ങൾ അംഗീകരിച്ചേ മതിയാകൂ. കുറ്റകൃത്യങ്ങളുണ്ടെങ്കിൽ നിലവിലെ നിയമ നടപടികളിലേക്ക് പോവുക. അല്ലാതെ വെടിവെച്ചു കൊല്ലുകയല്ല വേണ്ടത്. ഇന്ന് കോടതിയിൽ നിന്നിറങ്ങി ജയിലിലേക്കു തന്നെ മടങ്ങുമ്പോൾ ഗ്രോ വാസു പറഞ്ഞു: ഇതന്റെ പ്രൊട്ടസ്റ്റാണ്. കോടതിയോടല്ല. രണ്ടു തരം നീതികളോട്. പോലീസിന്റെ ചെയ്തികളോടുള്ള പ്രൊട്ടസ്റ്റാണിത്. ഞാനിവിടെ കോടതിയിൽ വരേണ്ടി വന്നത് ഞങ്ങൾ അവിടെ ഒരു പ്രതിഷേധ യോഗം സംഘടിപ്പിച്ചു. അതിൽ രക്തസാക്ഷികളെ അനുസ്മരിച്ചു. അതാണ് ഒരു ഭീകര കുറ്റമായത്. ശരി ഞാൻ ആ കുറ്റം സമ്മതിക്കാൻ തയ്യാറാണ്. അതിനുള്ള ശിക്ഷയും വാങ്ങാം. പക്ഷെ, വേറൊരു കാര്യൊണ്ട്. ഞാൻ പ്രൊട്ടസ്റ്റ് ചെയ്തിട്ടുള്ള കാര്യം, അവിടെ രണ്ടു പേർ മരിച്ചു. അജിത, കുപ്പു ദേവരാജ്. കൂടാതെ എട്ടു പേരെ പശ്ചിമഘട്ടത്തിൽ വെടിവെച്ചു കൊന്നു. ഇതിനെ സംബന്ധിച്ച് ഒരന്വേഷണോം ഇല്ല. കേസുമില്ല. അതിനെ സംബന്ധിച്ച് ഭരണകൂടത്തിന് മിണ്ടാട്ടമില്ല. പൊലീസ് വെടിവെച്ചിരിക്കുകയാണ്. വെടിവെച്ചിരിക്കുന്നതിനെ സംബന്ധിച്ച് പറയുന്നത് അരക്കു താഴെ വെടിവെക്കാം എന്നാണ്. ഒരു കുറ്റോം ചെയ്യാത്തവരാണ് ഈ എട്ടു പേര്. അവരെ വാസ്തവത്തില് കൊല്ലാൻ വേണ്ടി വെടിവെച്ചു. ആ രീതിയിൽ ഒരു അന്യായം നടന്നതിന് കുറ്റോംല്ല, ശിക്ഷീല്ല, കേസൂല്ല. പക്ഷെ, ഞാനൊരു പ്രതിഷേധം രേഖപ്പെടുത്തി. ഞാനും സഖാക്കളും. ആ പ്രതിഷേധമാണ് ഇപ്പോ ഭീകര കുറ്റമായി കോടതി കൊണ്ടരുന്ന്, പൊലീസ് കൊണ്ടരുന്ന്, ഭരണകൂടം കൊണ്ടരുന്ന്- ഇത് ഞാൻ അംഗീകരിക്കില്ല. ഇത് രണ്ടു തരം നിയമാണ്. ഇത് നിയമമല്ല. രണ്ടു കൂട്ടർക്ക് രണ്ടു തരം നിയമാണ്. ഇതിനെ ഞാൻ അംഗീകരിക്കില്ല എന്നാണ് ഞാൻ കോടതിയിൽ പറഞ്ഞിരിക്കുന്നത്. എന്റെ ആദർശത്തിന് അനുയോജ്യാണ് ഈ നിലപാട്. അതെ, അത് എല്ലാ കാലത്തും അങ്ങിനായിരുന്നു. ഞാൻ 50 കൊല്ലമായി ഒരു പാർട്ടിയിലുമില്ല. ഒരു നിലപാട് മാത്രമാണ്. അതായത് മാർക്സിസം-ലെനിനിസം-മാവോ ചിന്ത അതിന്റെ അടിസ്ഥാനത്തിലാണ് ഞാൻ പ്രവർത്തിക്കുന്നതെന്ന് ഞാൻ വിചാരിക്കുന്നു. അതിനെ സംബന്ധിച്ച് മറ്റാരുടെയെങ്കിലും ഉപദേശം സ്വീകരിക്കുന്ന നിലപാട് കഴിഞ്ഞ പത്തമ്പത് കൊല്ലമായി ഇല്ല. അതിനാൽ ഇത് ഇന്റെ നിലപാട്. ഇന്റെ കൂട്ടത്തിലുള്ള സഖാക്കള് ഒരുപരിധി വരെ എന്നോടൊപ്പമുണ്ടായിരുന്നു. മറ്റൊരു സന്ദർഭത്തിൽ അവര് അവരുടെ നിലപാട് എടുത്തിരിക്കാം. അതവരുടെ നിലപാടാണ്. എനിക്ക് എന്റെ നിലപാടാണ്.ഞാൻ വീട്ടിൽ കിടന്നതിനേക്കാൾ ജയിലിൽ കിടന്നയാളാണ്. അവർ തുറന്നു വിട്ടാൽ പിന്നെ ഞാനെന്തിന് (എങ്ങിനെ) ജയിലിൽ നിൽക്കണം. ഇവിടെ നിക്കുംന്ന് പറയാൻ പറ്റോ? അങ്ങിനെ ഇല്ല. അവർ തുറന്നു വിട്ടാൽ ഞാൻ പോകും. എട്ടു പേരെ കാട്ടിന്ന് മുയലിനെ വെടിവെച്ച് കൊല്ലും പോലെ കൊന്നിട്ട് ഒന്നുമില്ല, ഇത് ഇവിടെ നമ്മുടെ നാട്ടിലല്ലാതെ വേറെ എവിടെയെങ്കിലുമുണ്ടാകുമെന്ന് ഞാൻ വിചാരിക്കുന്നില്ല. അതും ഈ ഭരണകൂടം, ഈ ഭരണകൂടം വാസ്തവത്തിൽ ജനങ്ങളെ അടിമകളാക്കിയിരിക്കാണ്. ബുദ്ധിപരമായ അങ്ങേയറ്റം അടിമകളാക്കിയിരിക്കുകയാണ്. ഞാൻ ജനങ്ങളെ കുറ്റപ്പെടുത്തുന്നില്ല. അവർ മയക്കത്തിലാണ്. കമ്മ്യൂണിസ്റ്റാണെന്ന് പറഞ്ഞാല്, പിണറായി വിജയൻ ഏറ്റവും വലിയ കമ്മ്യൂണിസ്റ്റ്, എന്നാലോ അയാള് ഏറ്റവും വലിയ കോർപ്പറേറ്റാകാൻ വേണ്ടി മിനക്കെട്ടുകൊണ്ടിരിക്കാ… ഇത് ജനങ്ങൾക്ക് മനസ്സിലാകുന്നില്ല, അവർക്കിത് മനസ്സിലാകുന്നതു വരെ ഞാൻ ജീവിച്ചിരിക്കുമെന്നും തോന്നുന്നില്ല. എന്തായാലും ഞാൻ ജീവിച്ചിരിക്കുന്നോടത്തോളം പ്രൊട്ടസ്റ്റ് ചെയ്യും.” ഇങ്ങിനെ പറഞ്ഞ് ചിരിച്ചുകൊണ്ട് ആ വന്ദ്യ വയോധികൻ ജയിലിലേക്ക് തന്നെ മടങ്ങി.
ജീവിച്ചിരിക്കുന്നിടത്തോളം പ്രൊട്ടസ്റ്റ് ചെയ്യാൻ തീരുമാനിച്ച വാസുവേട്ടൻ മലയാളിയുടെ നീതിബോധ വ്യാജത്വത്തെ ആഴത്തിൽ ഉലക്കുന്നു. കെ.ജി.എസ് എഴുതി: “വാസുവേട്ടൻ ധീരൻ. ധീരന്റെ ഭാഷയിൽ ഇരുട്ടില്ല. വിറയില്ല. ചാഞ്ചാട്ടമില്ല. അടിയറിവില്ല. കൂട്ടരിൽ വെളിവും കരുത്തും വിളയിക്കുന്ന നിർഭയ വെയിലാണത്. വഴി വ്യക്തത അർത്ഥവും നീതി അഴകുമാവുന്ന ഭാവിപക്ഷ ഭാഷയാണ് ആ ജീവിത.”
ഈ മാസം 19ന് കോഴിക്കോട്ട് കൃഷ്ണപിള്ള സ്മൃതി ദേശീയ സെമിനാർ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുമ്പോൾ വളരെ ദൂരത്തല്ലാതെയുള്ള ജയിലിൽ തന്നെ കഴിയുകയായിരിക്കുമോ വാസുവേട്ടൻ?