കളമശ്ശേരി സംറ ഇന്റര്‍നാഷണല്‍ സെന്ററില്‍ വെച്ച് നടന്ന യഹോവ സാക്ഷികളുടെ പ്രാര്‍ത്ഥനാ സമ്മേളനത്തിൽ ബോംബ് സ്‌ഫോടനം നടന്ന് ഒരു വര്‍ഷം പിന്നിടുകയാണ് ഇന്ന്. എട്ടുപേരാണ് സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടത്. ഒരാൾ സംഭവ സ്ഥലത്തുനിന്നും മറ്റുള്ളവര്‍ ചികിത്സയിലിരിക്കെയുമാണ് മരിച്ചത്. യഹോവ സാക്ഷിയായിരുന്നു എന്ന് പറയപ്പെടുന്ന ഡൊമിനിക് മാര്‍ട്ടിനാണ് രണ്ടായിരത്തിലേറെ പേര്‍ പങ്കെടുത്ത സമ്മേളനത്തിൽ ഭീകരപ്രവര്‍ത്തനം നടത്തിയത്. തൊടുപുഴ സ്വദേശിനി കുമാരി പുഷ്പൻ(53), കുറുപ്പുംപടി സ്വദേശിനി ലെയോണ (55), മലയാറ്റൂർ സ്വദേശിനി ലിബ്ന (12) ലിബ്നയുടെ മാതാവ് സാലി (45), സഹോദരൻ പ്രവീൺ (24), ആലുവ മുട്ടം സ്വദേശി മോളി ജോയ് (61), തൊടുപുഴ സ്വദേശി കെഎ ജോൺ (77), ഇടുക്കി സ്വദേശി ലില്ലി ജോൺ എന്നിവരാണ് കൊല്ലപ്പെട്ടത്.
പരിക്കേറ്റവരുടെയും കൊല്ലപ്പെട്ടവരുടെയും വേദനകളേക്കാള്‍ ശ്രദ്ധ സ്‌ഫോടനത്തിന് പിന്നില്‍ ആരെന്നുള്ള പ്രചാരണത്തിലേക്ക് വഴിമാറി. ദുരന്തബാധിതര്‍ അതിവേഗം ചിത്രത്തില്‍ നിന്നും മായ്ക്കപ്പെട്ടു. നിര്‍ഭാഗ്യകരമെന്ന് പറയട്ടെ, ഭീകരവാദ പ്രവര്‍ത്തനങ്ങളോട് കേരളീയ പൊതുസമൂഹം സൂക്ഷിക്കുന്ന വര്‍ഗീയമായ മുന്‍വിധി പ്രകടമാക്കപ്പെട്ട അവസരം കൂടിയായി ഈ സംഭവം. സംഭവം നടന്ന് മാസങ്ങള്‍ക്ക് ശേഷമുണ്ടായ പരിക്കേറ്റവരുടെ മരണങ്ങള്‍ അതീവപ്രാധാന്യമുള്ള വാര്‍ത്തകളാകാതെയും കൂടുതല്‍ റിപ്പോര്‍ട്ടിങ് നടക്കാതെയും കടന്നുപോയി. ഒരു വര്‍ഷത്തിനിപ്പുറം ഇതൊരു നിയമവിരുദ്ധ പ്രവൃത്തിയായി സര്‍ക്കാര്‍ മനസ്സിലാക്കുന്നില്ല എന്നാണ്, ഒക്ടോബർ 28ന് പ്രതിക്കെതിരെയുള്ള എഫ്.ഐ.ആറിൽ നിന്നും യുഎപിഎ പിന്‍വലിച്ച നടപടിയിലൂടെ വ്യക്തമാകുന്നത്.
കേരളത്തിന്റെ ചരിത്രത്തില്‍ ആദ്യമാണ് ഇങ്ങനെയൊരു ബോംബ് സ്‌ഫോടനം. മുമ്പ് ഉള്‍പ്പെട്ടിരുന്ന, ആശയപരമായ വിയോജിപ്പുകള്‍ കാരണം വിട്ടിറങ്ങിപ്പോയ വിശ്വാസധാരയില്‍ ഇന്നും തുടരുന്ന സഹജീവികളോട് വിദ്വേഷം തീര്‍ക്കാന്‍ നടത്തിയ ആക്രമണമാണിത്. “എന്റെ പേര് മാര്‍ട്ടിന്‍. ഇപ്പോള്‍ നടന്ന സംഭവവികാസം നിങ്ങളെല്ലാവരും അറിഞ്ഞുകാണുമെന്ന് ഞാന്‍ വിചാരിക്കുന്നു. യഹോവയുടെ സാക്ഷികള്‍ നടത്തിയിരുന്ന ഒരു കണ്‍വെന്‍ഷനില്‍ ബോംബ് സ്‌ഫോടനമുണ്ടാകുകയും ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാകുകയും ചെയ്തു. എന്തുസംഭവിച്ചു എന്ന് കൃത്യമായി എനിക്ക് അറിയില്ല എന്നിരുന്നാലും സംഭവിച്ചിട്ടുണ്ട് എന്നെനിക്ക് ഉറപ്പുണ്ട്. അതിന്റെ പൂര്‍ണ ഉത്തരവാദിത്തം ഞാന്‍ ഏറ്റെടുക്കുകയാണ്, ഞാനാണ് ആ ബോംബ് സ്‌ഫോടനം അവിടെ നടത്തിയത്. എന്തിനാണ് ഞാന്‍ ഈ കൃത്യം ചെയ്തതെന്ന് നിങ്ങളെ ബോധിപ്പിക്കുവാന്‍ വേണ്ടിയാണ് ഞാനീ വീഡിയോ ചെയ്യുന്നത്. പതിനാറ് വര്‍ഷത്തോളം ഞാനീ പ്രസ്ഥാനത്തിന്റെ കൂടെ ഉണ്ടായിരുന്ന വ്യക്തിയാണ്. അന്നൊന്നും ഞാന്‍ ഒട്ടുംതന്നെ സീരിയസ്സായി എടുത്തിരുന്നില്ല കാര്യങ്ങള്‍. ഒരു തമാശരൂപം മാത്രമായി മുന്നോട്ടുപോയി. എന്നാല്‍ ഒരു ആറുവര്‍ഷത്തിന് മുമ്പായി ചിന്തിച്ചപ്പോള്‍ ഇവര്‍ തെറ്റായ ഒരു പ്രസ്ഥാനമാണെന്നും ഇതില്‍ പഠിപ്പിക്കുന്നത് വളരെ രാജ്യദ്രോഹപരമാണെന്നും മനസ്സിലാക്കാന്‍ കഴിയുകയും ഞാനത് തിരുത്തണം എന്നവരോട് പലവട്ടം ആവശ്യപ്പെടുകയും ചെയ്തു. എന്നിരുന്നാലും ആരും അത് ചെയ്യാന്‍ തയ്യാറാകുന്നില്ല. എനിക്കൊരു പോംവഴിയും കണ്ടെത്താന്‍ കഴിഞ്ഞില്ല. ഈ തെറ്റായ ആശയത്തോട് പ്രതികരിച്ചേ എനിക്ക് പറ്റൂ. എനിക്ക് വ്യക്തമായി അറിയാവുന്നതായതുകൊണ്ടും, ഈ പ്രസ്ഥാനം രാജ്യത്തിന് അപകടകരമാണെന്നും ഞാന്‍ മനസ്സിലാക്കിയ നിമിത്തമാണ് എനിക്ക് ഇങ്ങനെയൊരു തിരിവെടുക്കേണ്ടിവന്നത്. ഞാനൊരു പോസ്റ്റ് വെച്ചിരുന്നു. എന്റെ പോസ്റ്റ് ഇപ്പോഴും എഫ്ബിയില്‍ കിടക്കുന്നുണ്ട്, വളരെ ചിന്തിച്ചതിന് ശേഷമാണ്… ഈ തെറ്റായ ആശയം നമ്മുടെ നാട്ടില്‍ അവസാനിപ്പിച്ചേ പറ്റൂ. ഈ പ്രസ്ഥാനം ഈ നാട്ടില്‍ ആവശ്യമില്ല എന്നുള്ള പൂര്‍ണ ബോധത്തോടുകൂടിയാണ്. രണ്ടാമത്തെ കാര്യം, ഞാന്‍ ഇപ്പോള്‍ത്തന്നെ പൊലീസ് സ്റ്റേഷനില്‍ പോയി സറണ്ടര്‍ ആവുകയാണ്. അന്വേഷിച്ചുവരേണ്ട ആവശ്യമൊന്നുമില്ല. മൂന്നാമത്തെ കാര്യം, എങ്ങനെയാണ് ഈ ബോംബ് സ്‌ഫോടനം നടന്നത്, അതിന്റെ ഫോര്‍മുല നിങ്ങള്‍ ടെലികാസ്റ്റ് ചെയ്യരുത്. വളരെ അപകടകരമാണത്. സാധാരണക്കാരന്റെ കയ്യില്‍ എത്തിപ്പെട്ടാല്‍ വളരെ അപകടം സംഭവിക്കും. ഒരു കാരണവശാലും സോഷ്യല്‍ മീഡിയയും ഒന്നും തന്നെ എങ്ങനെയാണ് ഈ സ്‌ഫോടനം നടത്തിയതെന്ന് ടെലികാസ്റ്റ് ചെയ്യരുത്. അതിന്റെ മെത്തേഡ് ടെലികാസ്റ്റ് ചെയ്യരുത്.” കുറ്റകൃത്യം നടത്തിയ ഡൊമിനിക് മാർട്ടിൻ ഫേസ്ബുക്ക് ലെെവിൽ ഇങ്ങനെ പറഞ്ഞു.
യഹോവാ സാക്ഷികളുടേത് രാജ്യദ്രോഹപരമായ വിശ്വാസ രീതിയാണ് എന്നാണ് ആക്രമണത്തിന്റെ ന്യായീകരണമായി പറഞ്ഞത്. കേരളത്തില്‍ ഇരുപതിനായിരത്തോളം പേരാണ് യഹോവയുടെ സാക്ഷികള്‍ എന്ന വിശ്വാസി സമൂഹത്തിലുള്ളത്. വിശ്വാസിയും, ബൈബിളും, വിശ്വാസി സമൂഹവും തമ്മിൽ വലിയ കെട്ടുറപ്പോടെ പരസ്പര സ്‌നേഹത്തിലും സേവന സന്നദ്ധതയിലും മുന്നോട്ടുപോകുന്ന ഒരു പ്രൊട്ടസ്റ്റന്റ് സമൂഹമാണ് യഹോവാ സാക്ഷികളുടേത്. ഈ റിപ്പോര്‍ട്ടിന് വേണ്ടി സംസാരിക്കാന്‍ ശ്രമിച്ചപ്പോള്‍, മാധ്യമങ്ങളോട് പ്രതികരിക്കുന്നതിൽ നിന്നും വിട്ടുനിൽക്കുന്നു എന്ന വിശ്വാസപരമായ തീരുമാനമാണ് അവര്‍ അറിയിച്ചത്.
മാർട്ടിന്റെ ആരോപണത്തിന്റെ പശ്ചാത്തലം അന്വേഷിക്കുമ്പോൾ വിശ്വാസ സംരക്ഷണത്തിനായി യഹോവാ സാക്ഷികൾ സുപ്രീം കോടതിയിൽ സമർപ്പിച്ച ഒരു റിട്ട് പെറ്റീഷൻ അതിപ്രധാനമാണ്. 1985ല്‍ കോട്ടയത്തെ ഒരു സ്‌കൂൾ അസംബ്ലിക്കിടെ ദേശീയഗാനം ആലപിക്കാതിരുന്ന യഹോവാ സാക്ഷികളായ വിദ്യാര്‍ത്ഥികളെ സ്‌കൂള്‍ അധികൃതര്‍ പുറത്താക്കി. വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കള്‍ കേരള ഹൈക്കോടതിയിലും അവിടെനിന്നും നീതി കിട്ടാതായപ്പോള്‍ സുപ്രീം കോടതിയിലും പോയി (Emmanuel v. State of Kerala) ദേശീയതയുടെ പേരിലുണ്ടായ ഈ പുറത്താക്കലിനെ നേരിട്ടു. ഏതെങ്കിലും മതത്തെ മുറിപ്പെടുത്തുന്നതായി ഒന്നും ദേശീയഗാനത്തില്‍ ഇല്ല എന്ന് നിരീക്ഷിച്ച ഹൈക്കോടതി പുറത്താക്കൽ നടപടിയിൽ കുഴപ്പമില്ല എന്ന് വിധിച്ചു.
കേസിൽ വിദ്യാർത്ഥികള്‍ക്ക് അനുകൂലമായ വിധി പ്രഖ്യാപനമാണ് സുപ്രീം കോടതിയിൽ നിന്നുമുണ്ടായത്. ഡെപ്യൂട്ടി സ്‌കൂള്‍ ഇന്‍സ്ട്രക്റ്ററുടെ നിര്‍ദേശ പ്രകാരമായിരുന്നു 1985 ജൂലൈ 26ന് സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ ഹെഡ്മിസ്ട്രസ് പുറത്താക്കിയത്. “സ്‌കൂള്‍ അസംബ്ലിയില്‍ ദേശീയഗാനം ആലപിക്കുന്നില്ല എങ്കിലും ആ സമയത്ത് അവര്‍ നിശബ്ദരായി നില്‍ക്കുക മാത്രമാണ് ചെയ്യുന്നത്. ഇവര്‍ക്കെതിരായ നടപടി മതസ്വാതന്ത്ര്യത്തിനുള്ള അവകാശ ലംഘനമാണ്, ദേശീയഗാനം ആലപിക്കാതെ നിശബ്ദമായി നില്‍ക്കുന്നൊരാളെ ശിക്ഷിക്കാനുള്ള വകുപ്പ് നിയമത്തിലില്ല”, സുപ്രീം കോടതി വിധിയില്‍ പറയുന്നു. ദേശവിരുദ്ധമായ വികാരത്തോടെയല്ല അവര്‍ നിശബ്ദരായി നിന്നത്, കോടതി നിരീക്ഷിച്ചു. മത വിരുദ്ധമായ ഒന്നും ദേശീയഗാനത്തില്‍ ഇല്ല എന്ന കേരള ഹൈക്കോടതിയുടെ നിലപാടിനെയും സുപ്രീം കോടതി രൂക്ഷമായി വിമര്‍ശിച്ചു. ജര്‍മനിയിലെ നാസി ഭരണത്തിലുള്‍പ്പെടെ വിവിധ ഭരണകൂടങ്ങളുമായി എതിര്‍പക്ഷത്ത് നില്‍ക്കേണ്ടി വന്ന യഹോവാ സാക്ഷികളുടെ ചരിത്രവും വിധിയില്‍ സുപ്രീം കോടതി പരാമര്‍ശിച്ചു. വിവിധ രാജ്യങ്ങളില്‍ ഇത്തരം കേസുകള്‍ പരിഗണിക്കപ്പെട്ടത് എങ്ങനെയെന്നും, കേരളത്തിലെ വിദ്യാഭ്യാസ നയങ്ങളില്‍ സ്‌കൂള്‍ അസംബ്ലി ദേശീയ ഉദ്ഗ്രഥനത്തിനുള്ള ഇടമാകണമെന്നും എല്ലാ മതങ്ങളും തുല്യതയോടെ പരിഗണിക്കപ്പെടണമെന്നും പറയുന്നതായും കോടതി ചൂണ്ടിക്കാട്ടി.
യഹോവാ സാക്ഷികളുടെ വിശ്വാസരീതികള്‍ക്ക് എതിരെയുള്ള വികാരങ്ങള്‍ മാര്‍ട്ടിനിലൂടെയും പ്രവര്‍ത്തിച്ചു, ദേശീയതയിലൂന്നിയ വികാരമാണത്. ഈ വിദ്വേഷം തന്നെയാണ് ഒരു സ്‌ഫോടനം നടത്തുന്നതിലേക്ക് മാര്‍ട്ടിനെ നയിച്ചതും. മാര്‍ട്ടിന്‍ എങ്ങനെ ഈ കുറ്റകൃത്യം നടത്തിയെന്നതിന്റെ വിശദാംശങ്ങള്‍ കേസില്‍ സമര്‍പ്പിച്ച കുറ്റപത്രത്തിലുണ്ടാകും എന്നു പ്രതീക്ഷിക്കാം. പക്ഷേ, മാര്‍ട്ടിന് ഇങ്ങനെ ചെയ്യാന്‍ പ്രേരകമായത് എന്തെല്ലാമാണോ അതേക്കുറിച്ചെല്ലാം അറിയുക എന്നത് ഈ രാജ്യത്തെ പൗരരുടെ അവകാശമാണ്.
കേരളത്തിലെ ക്രിസ്തീയ ജനസംഖ്യയില്‍ ഒരു ശതമാനം മാത്രമാണ് യഹോവാ സാക്ഷികള്‍ ഉള്ളത്. ഇന്ത്യയിലെ ക്രൈസ്തവ സഭകളുടെ ഘടനയിലല്ല യഹോവാ സാക്ഷികളുടെ വിശ്വാസം. ആഗോളമായി നിലനില്‍ക്കുന്ന ഈ വിശ്വാസസംഹിത പിന്തുടരുന്നവര്‍ ദേശീയതയുടെ ചിഹ്നങ്ങളെ ആദരിക്കുന്നതില്‍നിന്നും രാഷ്ട്രീയത്തിൽനിന്നും വിട്ടുനില്‍ക്കുന്നു. “ഞങ്ങള്‍ യേശുക്രിസ്തുവിനെ ആദരിക്കുകയും രക്ഷകനായും ദൈവപുത്രനായും കാണുകയും ചെയ്യുന്നു. അതുകൊണ്ട് ഞങ്ങള്‍ ക്രിസ്ത്യാനികളാണ്. എന്നിരിക്കിലും ബൈബിളില്‍ നിന്നും ഞങ്ങള്‍ മനസ്സിലാക്കുന്നത് യേശു പരമോന്നത ദൈവമല്ലെന്നും പിതാവ്, പുത്രന്‍, പരിശുദ്ധാത്മാവ് എന്ന വിശ്വാസത്തിന് അടിസ്ഥാനമില്ലെന്നുമാണ്. ദൈവത്തിന്റേത് സ്വര്‍ഗത്തിലുള്ള യഥാര്‍ത്ഥ ഭരണകൂടമാണ്.” യഹോവയും യേശുവുമാണ് യഹോവാ സാക്ഷികളുടെ ദൈവസങ്കല്‍പം. കുരിശോ അല്ലെങ്കില്‍ മറ്റു ബിംബങ്ങളെയോ ആരാധിക്കുന്നില്ല. പ്രാര്‍ത്ഥന, ബൈബിള്‍ വായന, പഠനം, ധ്യാനം, യോഗങ്ങള്‍, ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ പങ്കുചേരുക ഇതെല്ലാമാണ് ആരാധനാ രീതികള്‍. യഹോവാ സാക്ഷികള്‍ക്കിടയില്‍ പുരോഹിതവര്‍ഗം ഇല്ല. ലോകത്താകമാനം ഒരു ഗവേണിങ് ബോഡിയാണ് ഉള്ളത്. ബൈബിള്‍ പിന്തുടരുമ്പോഴും ബൈബിളില്‍ പറഞ്ഞിരിക്കുന്നതെല്ലാം അക്ഷരംപ്രതി അനുസരിക്കുന്നവരല്ല എന്നും ഇവര്‍ പറയുന്നു. ”ഞങ്ങള്‍ സമാധാനപാതയിലുള്ളവരാണ്, യുദ്ധങ്ങളില്‍ പങ്കാളികളാകുകയില്ല. ഞങ്ങള്‍ ജീവിക്കുന്നിടത്തെ സര്‍ക്കാരിനെ ബഹുമാനിക്കുകയും അതിന്റെ നിയമങ്ങളെ അനുസരിക്കുകയും ചെയ്യും, അവ ഞങ്ങളുടെ ദൈവ നിയമങ്ങളെ റദ്ദാക്കാത്തിടത്തോളം” യഹോവ സാക്ഷികളുടെ വെബ്‌സൈറ്റിൽ പറയുന്നു.
രാഷ്ട്രീയ കാര്യങ്ങളില്‍ നിക്ഷ്പക്ഷത സൂക്ഷിക്കുകയും മറ്റു മതങ്ങളുമായി അടുപ്പം സൂക്ഷിക്കുകയും ചെയ്യുന്നില്ല, അപ്പോഴും അത്തരം കാര്യങ്ങളില്‍ മറ്റുള്ളവരുടെ തെരഞ്ഞെടുപ്പുകളെ ബഹുമാനിക്കുകയും ചെയ്യുന്നു, ഇതാണ് യഹോവാ സാക്ഷികളുടെ വിശ്വാസരീതി.
കളമശ്ശേരി സ്‌ഫോടനം നടന്ന ദിവസത്തെ ചില മാധ്യമ റിപ്പോര്‍ട്ടുകള്‍
സംസ്ഥാനത്ത് ജാഗ്രതാ നിര്‍ദ്ദേശം നല്‍കുന്നത് ഇതൊരു തീവ്രവാദ പ്രവര്‍ത്തനമാണെന്ന് സംശയമുള്ളതുകൊണ്ടാണോ എന്നായിരുന്നു സംഭവം റിപ്പോർട്ട് ചെയ്ത ന്യൂസ് റിപ്പോര്‍ട്ടറോട് നികേഷ് കുമാർ ചോദിച്ചത്. പൊലീസ് ആ സാധ്യതയും തള്ളിക്കളയുന്നില്ല എന്ന് റിപ്പോര്‍ട്ടറുടെ മറുപടി. കൃത്യമായ വിവരം ലഭിക്കാതെ പ്രതികരണങ്ങളിലേക്ക് പോകാന്‍ സാധിക്കുകയില്ല എന്നവര്‍ വിശദീകരിക്കുന്നു എന്ന് പൊലീസ് ഉദ്യോഗസ്ഥരെ കുറിച്ച് പറയുന്നു. ”പക്ഷേ, ഒരു സാധ്യതയും തള്ളിക്കളയുന്നില്ല, അങ്ങനെയുള്ള ഒരു അട്ടിമറിനീക്കമാണോ എന്നതടക്കമുള്ള സാധ്യതകള്‍ തള്ളിക്കളയാതെ സമഗ്രമായ അന്വേഷണം…” ഇങ്ങനെ പോകുന്നു ലൈവ് വിവരണം.
‘ക്ഷമയോടെ കാത്തിരിക്കുക’ എന്ന പേരില്‍ നടന്ന യഹോവാ സാക്ഷികളുടെ പ്രാര്‍ത്ഥനാ സമ്മേളനത്തിൽ നടന്ന സ്ഫോടനത്തെക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്യവെ, ഇവരെ ജൂതരുമായി ബന്ധപ്പെടുത്തിയാണ് റിപ്പോര്‍ട്ടര്‍ ചാനലിലെ നികേഷ് കുമാര്‍ ചര്‍ച്ച നടത്തിയത്. ബ്രേക്കിങ് ന്യൂസ് കൈകാര്യം ചെയ്യുന്ന ഒരു ജേണലിസ്റ്റ് ഒരിക്കലും ചെയ്യാൻ പാടില്ലാത്ത കാര്യമായിരുന്നു അത്. മുന്‍ എംപിയും അഭിഭാഷകനും മാധ്യമപ്രവര്‍ത്തകനുമായ ഡോ. സെബാസ്റ്റ്യന്‍ പോള്‍ പാനലില്‍ ഉണ്ടായിരുന്നു. യഹോവാ സാക്ഷികൾക്ക് ഇസ്രയേലുമായി ബന്ധമില്ലെങ്കിലും അങ്ങനെയൊരു നറേറ്റീവ് സൃഷ്ടിക്കാനുള്ള ശ്രമം ചർച്ചയിൽ നികേഷ് കുമാറും സെബാസ്റ്റ്യൻ പോളും തമ്മിലുള്ള ഇടപെടലിലൂടെ ഉണ്ടായി.
‘വേദി തെരഞ്ഞെടുത്തതില്‍ പ്രത്യേക ലക്ഷ്യം’- സംഭവ ദിവസം മാതൃഭൂമി ന്യൂസിന്റെ ബുള്ളറ്റിനില്‍ നല്‍കിയ വാചകം ഇങ്ങനെയാണ്. മാതൃഭൂമി ലേഖകനും ഇസ്രയേൽ ആങ്കിളിൽ റിപ്പോർട്ട് ചെയ്തു. സമ്മേളനത്തില്‍ പങ്കെടുത്തവര്‍ ആരൊക്കെയെന്നറിയാന്‍ സ്‌പെഷ്യല്‍ ബ്രാഞ്ച് അന്വേഷണം തുടങ്ങിയെന്ന് റിപ്പോര്‍ട്ടര്‍ പറയുന്നു. “ആരൊക്കെയാണ് ഇതുമായി ബന്ധപ്പെട്ട് നുഴഞ്ഞുകയറിയിട്ടുള്ളത് എന്ന് തിരിച്ചറിയാന്‍ കൂടിയുള്ള അന്വേഷണമാണ് ഇപ്പോള്‍ നടക്കുന്നത്. അതല്ലാതെ ആരെങ്കിലും സ്വാധീനിക്കപ്പെട്ടിട്ടുണ്ടോ എന്നും പൊലീസ് അന്വേഷിക്കുന്നു. ഇതൊരു ബോംബ് ആക്രമണം ആണ്, സ്‌ഫോടന പരമ്പരയാണ് നടന്നത്, തീവ്രവാദികളാണ് അത്തരം സ്‌ഫോടനം നടത്തുക, മാത്രമല്ല യഹോവാസാക്ഷികളെ തെരഞ്ഞെടുക്കാന്‍ പ്രത്യേക ലക്ഷ്യമുണ്ട് എന്ന നിഗമനത്തിലേക്ക് സംസ്ഥാന ഇന്റലിജന്‍സ് എത്തിയിട്ടുണ്ട്. അതിന് കാരണം ഇസ്രയേല്‍ – പലസ്തീന്‍ സംഘര്‍ഷം തന്നെയാകാം എന്നുള്ള നിഗമനത്തിലാണ്. കാരണം നിലവില്‍ കേരളത്തില്‍ ജുദായിസവുമായി ബന്ധപ്പെട്ട സ്വഭാവത്തിലുള്ള ആള്‍ക്കാര്‍ കുറവാണ്. അതല്ലെങ്കില്‍ യഹോവാ സാക്ഷികളുടെ പ്രാര്‍ത്ഥനാ രീതികള്‍ക്ക് ജൂതന്മാരുമായി അല്‍പം സാമ്യമുണ്ട്. അതുകൊണ്ടുതന്നെയാകണം യഹോവാസാക്ഷികളുടെ പ്രാര്‍ത്ഥനാ സമ്മേളനത്തെ തെരഞ്ഞെടുക്കാനുള്ള കാരണം. പക്ഷേ, ഇങ്ങനെയൊരു ആക്രമണം നടക്കുമെന്നുള്ള ഒരു സൂചനയും സംസ്ഥാന പൊലീസിനോ കേന്ദ്ര ഇന്റലിജന്‍സിനോ ഉണ്ടായിരുന്നില്ല എന്നതാണ് ആശങ്കയുണ്ടാക്കുന്ന ഒരു സംഗതി. സെന്‍ട്രല്‍ ഐബിക്ക് പോലും അത്തരം സൂചനകള്‍ ഇല്ലായിരുന്നു… അങ്ങനെയുണ്ടായിരുന്നെങ്കില്‍ കളമശ്ശേരിയിലടക്കമുള്ള പ്രാര്‍ത്ഥനാ സമ്മേളനങ്ങള്‍ക്കും യഹോവാ സാക്ഷികളുടെ കേന്ദ്രങ്ങള്‍ക്കും നേരത്തെത്തന്നെ പൊലിസിന്റെ പ്രൊട്ടക്ഷനോ നിരീക്ഷണമോ ഉണ്ടാകുമായിരുന്നു. പക്ഷേ, അങ്ങനെയൊന്ന് ഉണ്ടായിട്ടില്ല. നിലവില്‍ ആക്രമണത്തിനുശേഷമാണ് സംസ്ഥാനത്തെമ്പാടുമുള്ള യഹോവാസാക്ഷികളുടെ കേന്ദ്രങ്ങളില്‍ അന്വേഷണങ്ങളും പരിശോധനകളും നടക്കുന്നത്. അതോടൊപ്പം സംസ്ഥാനത്തെ പോലിസ്റ്റേഷനുകള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. പ്രത്യേകിച്ച് യഹോവാസാക്ഷികളുടെ കേന്ദ്രങ്ങള്‍ പ്രത്യേകിച്ച് നിരീക്ഷണത്തിലാക്കാന്‍ പറഞ്ഞിട്ടുണ്ട്….. ഇനി അറിയാനുള്ളത് യഹോവാ സാക്ഷികളുടെ പ്രാര്‍ത്ഥനാ സമ്മേളനത്തില്‍, കെട്ടിടത്തില്‍ നുഴഞ്ഞുകയറി ഇത്തരമൊരു സ്‌ഫോടനം നടത്തിയത് ആരാണ്, അതിന്റെ ആസൂത്രണം എവിടെയാണ് നടന്നത്, ഏതെങ്കിലുമൊരു ഗ്രൂപ്പാണോ ആസൂത്രണത്തിന് പിന്നില്‍, മറ്റേതെങ്കിലും ബാഹ്യ ശക്തികളുണ്ടോ? ഏതായാലും സീരിസ് ഓഫ് ബ്ലാസ്റ്റ് സംഘടിപ്പിക്കണമെങ്കില്‍ അതിനനുസരിച്ചുള്ള സ്‌ഫോടകവസ്തുക്കള്‍ അതിനുള്ളില്‍ എത്തിച്ചിട്ടുണ്ടാകണം. അത് ഓപറേറ്റ് ചെയ്യാനറിയുന്ന ഒരാള്‍ കൂടി അതിനുള്ളില്‍ പ്രവേശിച്ചിട്ടുണ്ടാകണം.” “ഊഹാപോഹങ്ങളൊന്നും നമ്മള്‍ പങ്കുവെക്കാന്‍ ആഗ്രഹിക്കുന്നില്ല” എന്ന് ബുള്ളറ്റിനിലെ അവതാരിക പ്രതികരിച്ചു.
“കളമശ്ശേരി സംഭവം അതീവഗൗരവതരമായ പ്രശ്‌നമായിട്ട് തന്നെയാണ് കാണേണ്ടത്. ലോകമെമ്പാടും പാലസ്തീന്‍ ജനവിഭാഗങ്ങള്‍ക്കൊപ്പം അണിചേര്‍ന്ന് മുമ്പോട്ടുപോകുന്ന ഇന്നത്തെ ലോക പശ്ചാത്തലത്തില്‍ കേരളജനത ഒന്നടങ്കം പലസ്തീന്‍ ജനങ്ങളോടൊപ്പം പൊരുതുമ്പോള്‍ അതില്‍നിന്ന് ജനശ്രദ്ധ മാറ്റാന്‍ പര്യാപ്തമായ ഭീകരമായ നിലപാട് ആരുടെ ഭാഗത്തുനിന്ന് ഉണ്ടായാലും കര്‍ശനമായ നിലപാട് സ്വീകരിച്ചുകൊണ്ട് അതിനെതിരായി ഗവണ്മെന്റും അതേപോലെ തന്നെ ജനാധിപത്യ ബോധമുള്ള മുഴുവന്‍ മനുഷ്യരും ഒറ്റക്കെട്ടായി ഇതിനെ അപലപിക്കേണ്ടതുണ്ട്.” സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ പറഞ്ഞു, “ഇങ്ങനെയുള്ള ഒരു സാഹചര്യത്തില്‍ ഇത്തരത്തിലുള്ള ഒരു സംഭവം ഒരു ഭീകരപ്രവര്‍ത്തനത്തിന്റെ ഭാഗമായിട്ടുള്ള കാര്യമാണ്, അതുസംബന്ധിച്ച് ഗൗരവപൂര്‍വ്വമായ പരിശോധന നടത്തണം. മുന്‍വിധിയോടുകൂടി ഇതിനെ സമീപിക്കേണ്ടതില്ല” എന്നും പറഞ്ഞു. സോളിഡാരിറ്റി സംഘടിപ്പിച്ച പരിപാടിയില്‍ ഹമാസ് നേതാവ് അഭിസംബോധന ചെയ്തതില്‍ ഇന്ത്യയിലെ ഇസ്രായേല്‍ സ്ഥാനപതി പ്രതിഷേധമറിയിച്ചിട്ടുണ്ട് എന്ന മാധ്യമപ്രവര്‍ത്തകന്റെ പ്രസ്താവനയോട് പ്രതികരിക്കാതെ എം.വി ഗോവിന്ദന്‍ പോകുകയും ചെയ്തു.
മുമ്പൊരിക്കലും ഇല്ലാത്ത തരത്തില്‍ വിദ്വേഷ പ്രചാരണത്തിന് മാധ്യമപ്രവര്‍ത്തകര്‍, രാഷ്ട്രീയ പ്രവര്‍ത്തകര്‍, കേന്ദ്രമന്ത്രി ഇവര്‍ക്കെതിരെയെല്ലാം വിവിധ പരാതികളില്‍ കേസെടുത്ത സമയം കൂടിയാണിത്. ‘സ്‌ഫോടനം നടന്നു’ എന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഉടനെ കേരളത്തിലെ ഭൂരിപക്ഷം ദൃശ്യമാധ്യമങ്ങളും ഇതിന് പിന്നില്‍ മുസ്ലീം സംഘടനകളാണെന്ന ഊഹത്തിലൂന്നി റിപ്പോര്‍ട്ടിങ് നടത്തി. ഭരണകൂടവും അതോടൊപ്പം അതിന് പരിചയമുള്ള പതിവ് രീതി കൈക്കൊണ്ടു. പാനായിക്കുളം കേസില്‍ ഹൈക്കോടതി കുറ്റവിമുക്തനാക്കിയ വ്യക്തിയെ അയാളുടെ വീട്ടില്‍ ചെന്ന് കസ്റ്റഡിയിലെടുക്കാന്‍ കേരള പൊലീസ് നീക്കം നടത്തി. അന്താരാഷ്ട്രവും ആഭ്യന്തരവുമായ രാഷ്ട്രീയത്തെ ബന്ധിപ്പിക്കാന്‍ ശ്രമിച്ചുകൊണ്ടുള്ള ഗൂഢാലോചനകള്‍ വാര്‍ത്താ സംപ്രേഷണത്തിന്റെ മുഖ്യധാരയില്‍ നിറഞ്ഞു എന്നതുതന്നെയാണ് ഈ പ്രതിസന്ധി ഉണ്ടാക്കിയ അപകടം. പൊരുതുന്ന പലസ്തീന്‍ ജനതയ്ക്ക് കേരള സര്‍ക്കാര്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിരുന്നു. പലസ്തീനെതിരെയുള്ള ഇസ്രയേൽ ആക്രമണത്തോട് പ്രതികരിച്ചുകൊണ്ട് ലോകമെങ്ങും ഐക്യദാര്‍ഢ്യ കൂട്ടായ്മകള്‍ രൂപപ്പെട്ടുവന്ന സമയം. കേരളത്തില്‍ സോളിഡാരിറ്റി യൂത്ത് മൂവ്‌മെന്റ് നടത്തിയ ഒരു പലസ്തീന്‍ ഐക്യദാര്‍ഢ്യ പരിപാടിയില്‍ ഹമാസ് പ്രതിനിധി ഖാലിദ് മിഷൽ ഓണ്‍ലൈനില്‍ പങ്കെടുത്ത് സംസാരിക്കുകയുണ്ടായി. ജൂതരെ ആക്രമിക്കാന്‍ കിട്ടാത്തതിനാല്‍ യഹോവ സാക്ഷികളെ ആക്രമിച്ചു എന്ന സെബാസ്റ്റ്യന്‍ പോളിന്റെ പ്രസ്താവന തികച്ചും വസ്തുതാവിരുദ്ധവും വംശീയവിദ്വേഷം പ്രചരിപ്പിക്കുന്നതുമായിരുന്നു. ജൂതരും യഹോവ സാക്ഷികളും തമ്മില്‍ വിശ്വാസപരമായി ഒരു ബന്ധവുമില്ല എന്ന വസ്തുത മറച്ചുപിടിച്ചുകൊണ്ട് ആന്റി സെമറ്റിസിസം ആരോപിച്ചുകൊണ്ടുള്ള ചര്‍ച്ച നടത്തിയ റിപ്പോര്‍ട്ടര്‍ ചാനലിലെ നികേഷ് കുമാര്‍ ‘ഡിബേറ്റ് ജേണലിസ’ (സംവാദ മാധ്യമപ്രവര്‍ത്തനം) ത്തിന്റെ ഏറ്റവും മോശം മാതൃക സൃഷ്ടിച്ചു.
കളമശ്ശേരി സ്‌ഫോടനം നടന്നയുടനെയുണ്ടായ ടെലിവിഷന്‍ റിപ്പോര്‍ട്ടിങ്, വസ്തുതയോ യാഥാര്‍ത്ഥ്യമോ മുഴുവനായും മനസ്സിലാക്കുന്നതിന് മുമ്പായുള്ള വിധി പ്രഖ്യാപനങ്ങളായി. വാര്‍ത്താ റിപ്പോര്‍ട്ടിങ്ങിന്റെ പ്രാഥമിക ആവശ്യങ്ങള്‍ നിറവേറ്റാതെയുള്ള ചര്‍ച്ചകള്‍ ഉണ്ടായി. കുറ്റം ചെയ്ത വ്യക്തി കുറ്റസമ്മതം നടത്തിക്കൊണ്ട് ഫേസ്ബുക്കില്‍ ലൈവ്‌സ്ട്രീം ചെയ്ത് സംസാരിച്ചു. ഭീകരാക്രമണങ്ങളുടെ ചരിത്രത്തില്‍ ഇത്തരം മൊഴികള്‍ക്ക് വലിയ പ്രാധാന്യമുണ്ട്. ഡൊമിനിക് മാര്‍ട്ടിന്റെ ലൈവ് വീഡിയോ വീണ്ടും കണ്ടപ്പോള്‍ 2019ല്‍ ന്യൂസീലാന്‍ഡില്‍ രണ്ട് മസ്ജിദുകളിലേക്ക് ഇരച്ചുകയറി വെടിവെപ്പ് നടത്തിയ ബ്രെന്റന്‍ ടരന്റിനെ ഓർമ്മ വന്നു. ബ്രെന്റന്‍ ടരന്റ് ആക്രമണം ഫേസ്ബുക്കില്‍ ലൈവ് സ്ട്രീം ചെയ്യുകയും ചെയ്തിരുന്നു. മണിക്കൂറുകള്‍ക്കുള്ളില്‍ ബ്രെന്റന്‍ ടരന്റിന്റെ തീവ്രവാദ പ്രവൃത്തി രേഖപ്പെടുത്തിയ ലൈവ് വീഡിയോ ഫേസ്ബുക്ക് നീക്കംചെയ്യുകയും ചെയ്തു. വൈറ്റ് സുപ്രീമസിസ്റ്റായ ബ്രെന്റന്‍ ടരന്റ് നടത്തിയ വെടിവെപ്പില്‍ അമ്പതിലേറെപ്പേരാണ് കൊല്ലപ്പെട്ടത്. ഇന്ത്യയിലെ ഒരു ന്യൂനപക്ഷ മതവിഭാഗത്തിലെ ന്യൂനപക്ഷമായ വിശ്വാസി സമൂഹത്തിനെതിരെ നടന്ന ഈ ആക്രമണം പല കാരണങ്ങളാല്‍ പൊതു മനസ്സാക്ഷിയില്‍ വലിയ നടുക്കമുണ്ടാക്കിയില്ല.
വാര്‍ത്തകളിലെയും രാഷ്ട്രീയത്തിലെയും വിദ്വേഷ ഉള്ളടക്കം
സംഭവ ദിവസം മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ഇങ്ങനെ പറഞ്ഞു: “പോസിറ്റീവായ സമീപനമാണ് മാധ്യമങ്ങള്‍ സ്വീകരിച്ചത്. ഒരു ടിവി ചാനലില്‍, കേരളത്തിന്റെ തനിമ നഷ്ടമാകാതിരിക്കാനുള്ള ജാഗ്രത എല്ലാവരും കാണിക്കണം എന്ന് പറയുന്നുണ്ടായിരുന്നു… വിഷാംശമുള്ളവര്‍ ആ വിഷം ഇങ്ങനെ ചീറ്റിക്കൊണ്ടിരിക്കും. നമ്മുടെ ഒരു കേന്ദ്രമന്ത്രി, അദ്ദേഹം നടത്തിയിട്ടുള്ള ഒരു പ്രസ്താവന (രാജീവ് ചന്ദ്രശേഖറിന്റെ പ്രസ്താവന :- “ആഭ്യന്തര വകുപ്പിന്റെ ചുമതല വഹിക്കുമ്പോഴും അഴിമതി ആരോപണങ്ങളാല്‍ ഉപരോധിക്കപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയന്റെ ലജ്ജാവഹമായ പ്രീണന രാഷ്ട്രീയത്തിന് ഒരുദാഹരണം കൂടിയാണ് കളമശ്ശേരിയില്‍ ഇന്ന് കണ്ടത്. കേരളത്തില്‍ തീവ്രവാദികളായ ഹമാസിന്റെ ജിഹാദിന് വേണ്ടിയുള്ള തുറന്ന ആഹ്വാനങ്ങള്‍ നിരപരാധികളായ ക്രിസ്ത്യാനികള്‍ക്ക് നേരെ ആക്രമണങ്ങളും ബോംബ് സ്‌ഫോടനങ്ങളും നടത്തുമ്പോള്‍ മുഖ്യമന്ത്രി ഡല്‍ഹിയില്‍ ഇസ്രയേലിനെതിരെ പ്രതിഷേധിക്കുകയായിരുന്നു.”) – ഇത് പൂര്‍ണമായും വര്‍ഗീയ വീക്ഷണത്തോടെ വന്നിട്ടുള്ള ഒരു നിലപാടായിരുന്നു. ഇദ്ദേഹത്തിന്റെ ചുവടുപിടിച്ചോ മറ്റുതരത്തിലോ ഇദ്ദേഹത്തിന്റെ കൂടെയിരിക്കുന്നവരും ഇതുപോലുള്ള പ്രസ്താവനകള്‍ കൊടുത്തിട്ടുണ്ട്. പക്ഷേ, ഇദ്ദേഹം ഒരു മന്ത്രിയാണ്. ആ മന്ത്രിസ്ഥാനത്ത് ഇരിക്കുന്നൊരാള്‍ അന്വേഷണ ഏജന്‍സികളോട് സാധാരണഗതിയിലുള്ള ആദരവ് കാണിക്കണം. ഇപ്പോള്‍ കേരള പൊലീസ് ആണ് രംഗത്തുള്ളതെങ്കിലും കാര്യങ്ങള്‍ കാണുന്നതിനും പരിശോധിക്കുന്നതിനും ഒക്കെ കേന്ദ്ര ഏജന്‍സികളും സ്ഥലത്തെത്തിയിട്ടുണ്ട്. അത്തരമൊരു ഗൗരവമായ സംഭവത്തില്‍ നേരത്തെ തന്നെ ഒരു പ്രത്യേക നിലപാട്, പ്രത്യേകമായി ചിലത് ലക്ഷ്യംവെച്ചുകൊണ്ടുള്ള പ്രചരണ രീതികളാണ് ഈയൊരു വിഭാഗം സ്വീകരിച്ചുകാണുന്നത്. അത് അവരുടെ വര്‍ഗീയ നിലപാടിന്റെ ഭാഗമായിട്ടുള്ളതാണ്. ആ വര്‍ഗീയ നിലപാടിനോടൊപ്പമല്ല കേരളം നില്‍ക്കുന്നത്. കേരളം എല്ലാ വര്‍ഗീയതയ്ക്കും എതിരായ നിലപാടാണ് എല്ലാ കാലത്തും സ്വീകരിച്ചിരിക്കുന്നത്. ഈ സംഭവത്തില്‍ ആര് തെറ്റ് ചെയ്താലും കുറ്റവാളികള്‍ രക്ഷപ്പെടില്ല എന്ന് ഉറപ്പുവരുത്തുന്ന രീതിയിലുള്ള അന്വേഷണ സംവിധാനമാണ്. അത്തരമൊരു ഘട്ടത്തില്‍ ഒരു പ്രത്യേക വിഭാഗത്തെ ടാര്‍ഗറ്റ് ചെയ്യുകയാണ്. ഈ ആക്രമണത്തിന് പ്രത്യേക മാനം സൃഷ്ടിക്കാനും തയ്യാറാകുന്നത് ഏത് വിവരത്തിന്റെ അടിസ്ഥാനത്തിലാണ്? ഈ അന്വേഷണം നടന്നുകൊണ്ടിരിക്കുമ്പോള്‍ അന്വേഷണവുമായി ബന്ധപ്പെട്ട് എന്തെങ്കിലും വിവരങ്ങള്‍ മനസ്സിലാക്കിയിട്ടാണോ ഇങ്ങനെ ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരിക്കുന്നൊരാള്‍ ഇതുപോലൊരു പ്രസ്താവന പുറപ്പെടുവിച്ചിരിക്കുന്നത്? ഇത്തരത്തിലുള്ള വര്‍ഗീയ നീക്കങ്ങളുടെ ഭാഗമായി ആരും തെറ്റിദ്ധരിക്കപ്പെടരുത്.”
തൊട്ടടുത്ത ദിവസം കേരള മുഖ്യമന്ത്രി ഒരു സർവ്വകക്ഷി യോഗം നടത്തി. യോഗത്തിൽ കേരളത്തില്‍ വര്‍ഗീയതയെ ചെറുക്കണമെന്ന ചര്‍ച്ചയുണ്ടായി. സമ്മേളനത്തിന് ശേഷം പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ മാധ്യമങ്ങളോട് ഇങ്ങനെ പ്രതികരിച്ചു, “സംഭവത്തിന് ശേഷം സാമൂഹ്യമാധ്യമങ്ങളില്‍ വിദ്വേഷ പ്രചാരണമുണ്ടായി. കേന്ദ്ര മന്ത്രി ഉള്‍പ്പെടെയുള്ള ചില നേതാക്കള്‍ നിരുത്തരവാദിത്തപരമായ ചില പ്രസ്താവനകള്‍ നടത്തി. അത്തരം ശ്രമങ്ങളെ നമ്മള്‍ അപലപിച്ചു.” സർക്കാർ വിദ്വേഷ പ്രചാരണങ്ങൾക്കെതിരെ ജാഗ്രത സൂക്ഷിക്കണമെന്ന് പറഞ്ഞതായും സതീശൻ പറഞ്ഞു.
“കേരളം വര്‍ഗീയമായി വിഭജിക്കപ്പെടരുത് എന്നതായിരുന്നു ഈ യോഗത്തിന്റെ പ്രധാന വിഷയം. ഇതൊരു ജിഹാദി ആക്രമണം ആണെന്ന കേന്ദ്രമന്ത്രിയുടെ പ്രസ്താവന നിര്‍ഭാഗ്യകരമാണ്. ഇത്രയും ഉത്തരവാദിത്തമുള്ളൊരു പദവിയിരിക്കുന്നയാള്‍ ഒരിക്കലും പറയാന്‍ പാടില്ലാത്തതാണ്. ഇങ്ങനെ പറഞ്ഞതിന് അദ്ദേഹം തന്നെ വിശദീകരണം നല്‍കണം. അങ്ങനെയൊരു സാഹചര്യത്തിലേക്ക് നയിച്ചേക്കാവുന്ന പ്രചാരണമാണിത്. ഇതിലൂടെ അവര്‍ക്ക് രാഷ്ട്രീയ ലാഭമുണ്ടാക്കാന്‍ കഴിയുന്നുണ്ടാകും. പക്ഷേ, സര്‍ക്കാരിന് ഇത് എന്തുവലിയ നാശമാണ് സൃഷ്ടിക്കുക?” മുസ്ലീം ലീഗ് അഖിലേന്ത്യാ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു.
മുസ്ലീം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം പറഞ്ഞത് ഇങ്ങനെ,”വിവിധ വിഭാഗങ്ങള്‍ക്കിടയില്‍ അപസ്വരമുണ്ടാക്കാനോ സംശയങ്ങളുണ്ടാക്കാനോ ഉള്ള സാഹചര്യം പോലും ഇല്ലാതാക്കാന്‍ ബാധ്യതപ്പെട്ട മന്ത്രിയാണ് ഒരു കാരണവുമില്ലാതെ ഒരു വിഭാഗത്തെ സംശയത്തിന്റെ മുള്‍മുനയില്‍ നിര്‍ത്താന്‍ ശ്രമിച്ചത്. അദ്ദേഹം ഇരിക്കുന്ന സ്ഥാനത്തോടെങ്കിലും പ്രതിബദ്ധത കാണിക്കേണ്ടതല്ലേ? ഇത് ഇന്ത്യാ രാജ്യത്തിന്റെ ദൗര്‍ഭാഗ്യമാണ്. ബിജെപിയും അവര്‍ പ്രതിനിധാനം ചെയ്യുന്ന പ്രസ്ഥാനങ്ങളും അവരുടെ മനസ്സിലിരിപ്പാണ് തുറന്നുകാണിച്ചത്. ഇത്തരം ആളുകളെ നിലയ്ക്കു നിര്‍ത്തണം. കേന്ദ്രമന്ത്രിയായിരുന്നാലും രാഷ്ട്രപതിയായിരുന്നാലും തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ ശിക്ഷിക്കപ്പെടണം. ഒരു കേന്ദ്രമന്ത്രിയുടെ, കേരള പൊലീസിന്റെ ഒക്കെ ശ്രമങ്ങള്‍ എന്തായിരുന്നു? ഇത് മുഴുവന്‍ ഏതെങ്കിലുമൊരു സമുദായത്തിന് നേരെ കോര്‍ണര്‍ ചെയ്യാനല്ലേ? അതു മഹാപാതകമല്ലേ? കുറേ മാധ്യമങ്ങളും ചെയ്തിട്ടുണ്ട്. ഇത്തരം കാര്യങ്ങളില്‍ നിന്ന് ദയവുചെയ്ത് എല്ലാവരും മാറിനില്‍ക്കണം.”
സാമൂഹ്യമാധ്യമ മോണിറ്ററിങ്ങ് നടത്തി തയ്യാറാക്കിയ സൈബര്‍ സെല്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലും മുൻ കോണ്‍ഗ്രസ് നേതാവ് പി സരിന്‍ നല്‍കിയ പരാതിയിലുമാണ് രാജീവ് ചന്ദ്രശേഖറിനെതിരെ കേസെടുത്തിരിക്കുന്നത്. ഐപിസി 153 (കലാപമുണ്ടാക്കാനുള്ള ഉദ്ദേശത്തോടെ പ്രകോപനമുണ്ടാക്കുക) 153എ (വ്യത്യസ്ത ജാതി, മത, ഭാഷാ ഗ്രൂപ്പുകൾക്കിടയിൽ ശത്രുത വളർത്തുന്ന പ്രവൃത്തികൾ ചെയ്യുക), കേരള പൊലീസ് ആക്റ്റ് 120 (o) (ക്രമസമാധാന ലംഘനം) എന്നീ വകുപ്പുകൾ ചുമത്തി. ഈ കേസില്‍ അന്വേഷണം നടക്കുകയാണ്. രാജീവ് ചന്ദ്രശേഖറിനോട് വിശദീകരണം തേടുകയും അതനുസരിച്ച് വിശദീകരണം നല്‍കിയിട്ടുണ്ടെന്നും അന്വേഷണം തുടരുന്നതിനാല്‍ അതിലെ ഉള്ളടക്കം വെളിപ്പെടുത്താന്‍ കഴിയില്ലെന്നും പൊലീസ് പറഞ്ഞു.
കേരള പൊലീസ് ഈ അവസരത്തില്‍ വിമര്‍ശിക്കപ്പെട്ടത് മുസ്ലീം വിരുദ്ധമായ നടപടിയുടെ പേരിലാണ്. കേരളത്തില്‍ എന്‍ഐഎ അന്വേഷിച്ച ആദ്യ ഭീകരവാദ കേസ് എന്ന പേരില്‍ അറിയപ്പെടുന്ന പാനായിക്കുളം കേസില്‍ എല്ലാ കുറ്റാരോപിതരെയും കുറ്റവിമുക്തരാക്കിയ ഹൈക്കോടതി വിധി വന്നത് 2019ല്‍ ആയിരുന്നു. കളമശ്ശേരി സ്‌ഫോടനം നടന്നയുടനെ ഇവരിലൊരാളെ കസ്റ്റഡിയിലെടുക്കാന്‍ ശ്രമിച്ചതും ഈ സംഭവത്തെ കുറിച്ച് റിപ്പോര്‍ട്ട് ചെയ്ത മക്തൂബ് മീഡിയയുടെ മാധ്യമപ്രവര്‍ത്തകന്‍ റിജാസിനെതിരെ കലാപാഹ്വാനം ആരോപിച്ച് കേസെടുത്തതും സര്‍ക്കാരിന്റെ നിലപാട് വ്യക്തമാക്കുന്നതാണ്.
വിദ്വേഷ പ്രചാരണങ്ങള്‍ക്കെതിരെ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍, ന്യൂസ് 18 കണ്‍സള്‍ട്ടിങ് എഡിറ്റര്‍ രാഹുല്‍ ശിവശങ്കര്‍, ബിജെപി നേതാവ് സന്ദീപ് വാര്യര്‍, ഹിന്ദു ഐക്യവേദി നേതാവ് ആര്‍.വി ബാബു, മറുനാടന്‍ മലയാളി, കര്‍മ്മ ന്യൂസ് എന്നിവര്‍ക്കെതിരെ സോളിഡാരിറ്റി യൂത്ത് മൂവ്‌മെന്റ് സംസ്ഥാന ജനറല്‍ സെക്രട്ടറി തൗഫീഖ് മമ്പാട് ഡിജിപിക്കും മുഖ്യമന്ത്രിക്കും ഒക്ടോബര്‍ 30ന് പരാതി നല്‍കിയിരുന്നു. “അന്വേഷണവുമായി ബന്ധപ്പെട്ട് പൊലീസ് വിളിക്കുകയുണ്ടായില്ല, ഫോളോ അപ് ചെയ്യുന്നതിനായി വിളിക്കുമ്പോള്‍ കേസ് സുതാര്യമായി അന്വേഷിക്കുന്നുണ്ട് എന്നു പറയും. യു.എ.പി.എ ചുമത്താവുന്ന കുറ്റമാണ് മാര്‍ട്ടിന്‍ ചെയ്തത് എന്നു പറയും. എന്നാല്‍ ഇതുവരെ അനുകൂല സമീപനം ഉണ്ടായിട്ടില്ല.” തൗഫീഖ് മമ്പാട് കേരളീയത്തോട് പറഞ്ഞു.
വാർത്തയിൽ നിന്ന് അപ്രത്യക്ഷമാകുന്ന ‘വസ്തുത’
വാര്‍ത്താ വിനിമയത്തില്‍ വസ്തുതകളുടെ സാന്നിധ്യത്തിനാണ് ഏറ്റവും പ്രാധാന്യം. വസ്തുതകള്‍ തെറ്റോ തെറ്റിദ്ധരിപ്പിക്കുന്നതോ ആകരുത്. ആധുനിക വാര്‍ത്താലോകം നേരിടുന്ന വെല്ലുവിളിയാണ് വ്യാജവാര്‍ത്ത. മിസ്ഇന്‍ഫര്‍മേഷന്‍, ഡിസ്ഇന്‍ഫര്‍മേഷന്‍ എന്നിങ്ങനെ വ്യാജവാര്‍ത്തകളെ രണ്ടായി തിരിക്കാം. ഈ രണ്ടുതരം വാര്‍ത്തകളും സാമൂഹികവും രാഷ്ട്രീയവുമായ വിടവുകള്‍ വലുതാക്കുന്നതാണ് എന്ന് വേള്‍ഡ് ഇക്കണോമിക് ഫോറം വിലയിരുത്തുന്നുണ്ട്. പ്രത്യേക ഉദ്ദേശ്യങ്ങളില്ലാതെ തന്നെ തെറ്റായ വിവരം പ്രചരിപ്പിക്കപ്പെടുന്നതിനെയാണ് മിസ്ഇന്‍ഫര്‍മേഷന്‍ എന്നു പറയുന്നത്. അപൂര്‍ണവും തെറ്റിദ്ധരിപ്പിക്കുന്നതുമായ തെറ്റായ വിവരങ്ങള്‍ ഇതില്‍ പെടും. ഒരു വ്യക്തിയോ സ്ഥാപനമോ അവരുടെ കാഴ്ച/കേള്‍വിക്കാരെ വഞ്ചിക്കുന്നതിനായി ബോധപൂര്‍വ്വം തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നതിനെയാണ് ഡിസ്ഇന്‍ഫര്‍മേഷന്‍ എന്ന് പറയുന്നത്.
കളമശ്ശേരി സ്‌ഫോടനത്തെ തുടര്‍ന്ന് വന്ന റിപ്പോര്‍ട്ടിങ്ങില്‍ പല തരത്തിലുള്ള ഡിസ്ഇന്‍ഫര്‍മേഷന്‍ ഉണ്ടായി. തെറ്റിദ്ധരിപ്പിക്കുന്ന വസ്തുതകള്‍ പ്രചരിപ്പിക്കുന്നതിനു പകരം തെറ്റിദ്ധരിപ്പിക്കുന്ന ഒരു നറേറ്റീവ് തന്നെ സ്ഥാപിക്കാനുള്ള ശ്രമമാണ് നടന്നത്. കൂടുതല്‍ ഉദാഹരണങ്ങള്‍ തിരയാതെ റിപ്പോര്‍ട്ടര്‍, മാതൃഭൂമി, ന്യൂസ് 18 എന്നീ മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകള്‍ നോക്കാം.
കണ്ണൂർ റെയിൽവേ സ്റ്റേഷനിൽനിന്നും പൊലീസ് കസ്റ്റഡിയിലെടുത്ത ഒരു ഗുജറാത്തി മുസ്ലീം പുരുഷന്റെ ഫോട്ടോ വെച്ച് കളമശ്ശേരി സ്ഫോടനത്തിൽ ഒരാളെ കസ്റ്റഡിയിലെടുത്തു എന്ന വാർത്ത ന്യൂസ് 18 പ്രസിദ്ധീകരിച്ചു. റിപ്പോര്‍ട്ടര്‍ ടിവിയിലെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് സംഭവസ്ഥലത്ത് നിന്നുള്ള വിവരണമാണ്. അതില്‍, റിപ്പോര്‍ട്ടറോട് നികേഷ് കുമാര്‍ ചോദിക്കുന്നുണ്ട്, ‘തീവ്രവാദ ആക്രമണമാണോ നടന്നത്’ എന്ന്. ഇത് കാഴ്ചക്കാരുടെ ചിന്തയിലേക്ക് പൊതുബോധയുക്തിയുടെ സൂചന കൊടുക്കാനാണ് ഈ ചോദ്യം എന്ന് ചാനലില്‍ തുടര്‍ന്ന് നടന്ന ചര്‍ച്ച വ്യക്തമാക്കുന്നു. ഒരു പ്രാര്‍ത്ഥനാ സമ്മേളനത്തില്‍ ബോംബ് സ്‌ഫോടനം നടന്നു എന്ന പ്രാഥമിക വിവരത്തില്‍ തന്നെ അതൊരു extremist/terrorist act ആണെന്ന് വ്യക്തമാണ്. തീവ്രവാദം എന്ന വാക്ക് ഉപയോഗിക്കുന്നതിലൂടെ അത് സാമൂഹികമായി ആരോപണം പതിച്ചുനല്‍കുന്ന ഇമേജുകളിലേക്ക് പ്രേക്ഷകരെ എത്തിക്കാനുള്ള ശ്രമമായി കാണണം. കേരളത്തില്‍ മുമ്പൊന്നും ഉണ്ടായിട്ടില്ലാത്ത തരത്തിലുള്ള ബോംബാക്രമണത്തെ കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമാകുന്നതിന് മുമ്പുള്ള മണിക്കൂറുകള്‍ ഊഹ, അപവാദ പ്രചാരണങ്ങള്‍ നടത്താതെ അന്വേഷണം നടത്തുകയോ അതിന് കഴിയുന്നില്ലെങ്കില്‍ ക്ഷമയോടെ കാത്തിരിക്കുകയോ ചെയ്യേണ്ട സമയമാണ്. എന്നാല്‍, ഈ സമയം വര്‍ഗീയമായൊരു നറേറ്റീവ് സൃഷ്ടിക്കുന്നതിനാണ് റിപ്പോര്‍ട്ടറും മാതൃഭൂമിയും ന്യൂസ് 18നും ചെയ്തത്.
ടൈംസ് ഓഫ് ഇന്ത്യ ഒക്ടോബര്‍ 30ന് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിന്റെ തലക്കെട്ട് Twist in the tale: No terror angle in IED blast at prayer meet that kills 2, injures 58- ‘സ്‌ഫോടനത്തില്‍ ‘ടെറര്‍ ആങ്കിള്‍’ ഇല്ല എന്നാണ്. ടെറര്‍ ആങ്കിള്‍ എന്നതിനെ എങ്ങനെയാണ് നിര്‍വചിക്കുന്നത് എന്ന ചോദ്യമാണ് ഈ തലക്കെട്ട് ഉയര്‍ത്തുന്നത്. “മധ്യേഷ്യയില്‍ തുടരുന്ന സംഘര്‍ഷവുമായി ബന്ധപ്പെട്ടുള്ള തീവ്രവാദ ആക്രമണമായി ആദ്യം പലരും കരുതിയെങ്കിലും ഞായറാഴ്ച വൈകുന്നേരത്തോടുകൂടി ഈ കുറ്റകൃത്യം ചെയ്തത്, അസംതൃപ്തനായ മുന്‍ യഹോവാ സാക്ഷിയാണെന്ന് വിവരങ്ങള്‍ കിട്ടി.” ടി.സി ശ്രീമോള്‍ എഴുതുന്നു. ഈ വിവരം ടൈംസ് ഓഫ് ഇന്ത്യയുടെ കാഴ്ചയില്‍ ‘കഥയിലെ ട്വിസ്റ്റ്’ ആണ്. ഭീകരവാദത്തെക്കുറിച്ച് ആഗോളമായി നിലനില്‍ക്കുന്ന സ്റ്റീരിയോടൈപ് ചിന്ത പ്രകടമാക്കുന്ന റിപ്പോര്‍ട്ടാണിത്. എലത്തൂര്‍ ട്രെയ്ന്‍ തീവെപ്പിനെക്കുറിച്ചും കളമശ്ശേരി സ്‌ഫോടനത്തെ കുറിച്ച് റിപ്പോര്‍ട്ട് ചെയ്ത പല മാധ്യമങ്ങളും പരാമര്‍ശിച്ചു. ഈ റിപ്പോര്‍ട്ടിങ്ങുകളെല്ലാം മനഃശാസ്ത്രപരമായി പ്രേക്ഷകരെ സ്വാധീനിക്കുന്ന സ്വഭാവമുള്ളതാണ്.
“കേരളത്തില്‍ കെട്ടിച്ചമച്ച യുഎപിഎ കേസുകളുണ്ട്. യുഎപിഎ ചുമത്തുന്നതില്‍ കേരളത്തിലെ സ്റ്റേറ്റിന്റെ മാനദണ്ഡം വ്യക്തമാണ്. എന്തുകൊണ്ട് കളമശ്ശേരി സ്‌ഫോടനക്കേസ് എന്‍ഐഎ ഏറ്റെടുത്തില്ല? അഭിഭാഷകനായ അമീന്‍ ഹസ്സന്‍ ചോദിക്കുന്നു. വളരെ വ്യക്തമായ വിവേചനങ്ങളാണ് ഇത്തരം കാര്യങ്ങളില്‍ തീരുമാനമെടുക്കുന്നതില്‍ ഗവണ്മെന്റുകളും പൊലീസും സ്വീകരിച്ചുവരുന്നത്. ഒരു കേസില്‍ എന്‍ഐഎയുടെ താല്‍പര്യം ഉണ്ടാകുന്നതും ഇല്ലാതിരിക്കുന്നതും സ്‌ഫോടനത്തിന്റെയോ കൊല്ലപ്പെട്ട ആളുകളുടെ എണ്ണമോ അതൊരു സമൂഹത്തിലുണ്ടാക്കിയ ആഘാതമോ ഒന്നുമല്ല. ഈ തീരുമാനമൊന്നും നിയമപരമല്ല, രാഷ്ട്രീയമാകുന്നു എന്നതൊരു ചോദ്യമാണ്. ഭീകരതാ വിരുദ്ധ നിയമങ്ങള്‍ നടപ്പിലാക്കുന്നതില്‍, ഈ നിയമങ്ങള്‍ തന്നെ ഡ്രാകോണിയന്‍ ആണ്, അതിന്‍മേലുള്ള വിവേചനം നിയമത്തിനു മുന്നില്‍ തുല്യമായിരിക്കാനുള്ള അവകാശം ഉറപ്പാക്കുന്ന ആര്‍ട്ടിക്കിള്‍ 14ന്റെ ലംഘനമാണ്. പ്രതികളാക്കപ്പെടുന്നവരുടെ രാഷ്ട്രീയം, മതം, ജാതി ഇതൊക്കെ പരിഗണിച്ച് സ്റ്റേറ്റ് ടെറര്‍ നിയമങ്ങള്‍ നടപ്പിലാക്കുക എന്നത് വളരെ വ്യക്തമായ സ്റ്റേറ്റിന്റെ വിവേചനമാണ്. നിയമവാഴ്ച എന്ന സങ്കല്‍പത്തിന് എതിരായുള്ള നടപടിയാണ്. എന്തുകൊണ്ടാണ് ഇത്രയും ആളുകള്‍ കൊല്ലപ്പെട്ടൊരു കേസില്‍ എളുപ്പത്തില്‍ യുഎപിഎ വേണ്ട എന്ന് തീരുമാനിക്കാന്‍ കഴിയുന്നത്? ഈ സ്‌റ്റേറ്റിന്റെ മുഖ്യമന്ത്രിക്ക് രണ്ട് ചെറുപ്പക്കാര്‍ക്കെതിരെ, അതും ഇടതുപക്ഷ സര്‍ക്കാര്‍ ഭരിക്കുന്ന സമയത്ത് പൊലീസ് എടുത്ത യുഎപിഎ വളരെ എളുപ്പത്തില്‍ വേണ്ടെന്നുവെക്കാന്‍ കഴിയുമായിരുന്നു, എന്‍ഐഎ ഏറ്റെടുക്കുന്നതിന് മുമ്പ്. അത്തരം തീരുമാനമൊന്നും സ്റ്റേറ്റ് എടുത്തില്ല, പകരം അതിനെ ന്യായീകരിക്കുകയാണ് മുഖ്യമന്ത്രി ചെയ്തത്. ഇടതുപക്ഷം ഭരിക്കുന്ന സര്‍ക്കാരിന്റെയും ഇന്ത്യയിലെ മൊത്തം സര്‍ക്കാരുകളുടെയും രാഷ്ട്രീയത്തെയാണ് അത് വെളിപ്പെടുത്തുന്നത്. യുഎപിഎ ചുമത്തുന്നതില്‍ തീരുമാനമെടുക്കുക എന്നത് ഒരു രാഷ്ട്രീയ തീരുമാനമാണ്. പുതിയ യുഎപിഎ ഭേദഗതി പ്രകാരം എന്‍ഐഎയ്ക്ക് നേരിട്ട് കേസുകള്‍ ഏറ്റെടുക്കാം, അത്തരം കേസുകളില്‍ യുഎപിഎ കമ്മിറ്റിക്ക് പങ്കില്ല.” അമീന്‍ ഹസ്സന്‍ പറഞ്ഞു.
യുഎപിഎ അഡൈ്വസറി കമ്മിറ്റിക്ക് നിര്‍ദേശങ്ങള്‍ നല്‍കാനുള്ള അധികാരമുണ്ടെങ്കിലും അന്തിമ തീരുമാനം ആഭ്യന്തരവകുപ്പിന് കീഴിലുള്ള സാങ്ഷനിങ് അതോറിറ്റിക്ക് ആണ്. ഒരു പൊതു ഇടത്തില്‍ നടന്ന, ആവശ്യത്തിന് തെളിവുകളുള്ള ഒരു കുറ്റകൃത്യമായിട്ടുകൂടി എന്തുകൊണ്ട് കളമശ്ശേരി സ്‌ഫോടനം നിയമവിരുദ്ധ പ്രവര്‍ത്തനമായി സര്‍ക്കാര്‍ കണക്കാക്കുന്നില്ല എന്ന ചോദ്യമാണ് ഇന്ന് കേരളത്തില്‍ ഉയരുന്നത്.
റെഫറന്‍സ്:- കളമശ്ശേരിയിൽ സംഭവിച്ചതും മാധ്യമ അവതരണങ്ങളും (29 ഒക്ടോബർ 2023 – 29 ഒക്ടോബർ 2024)