ആനകൾക്കായ് കൃഷി ചെയ്ത മനുഷ്യ‍ർ

സഹജീവനത്തിന് ആസാമീസ് മാതൃക

നടുക്കുന്ന ദൃശ്യങ്ങൾ നിങ്ങളെ മുറിപ്പെടുത്തിയേക്കാം എന്ന മുന്നറിയിപ്പോടെയാണ് ആസമീസ് ഡോക്യുമെന്ററി സിനിമയായ ‘ഹാത്തി ബന്ധു’ ആസാമിലെ മനുഷ്യ-വന്യജീവി സംഘർഷത്തിലേക്ക് കാണികളെ ക്ഷണിക്കുന്നത്. ‘ബ്രിഡ്ജ്’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ കൃപാൽ കലിതയാണ് സംവിധായകൻ. ആസാമിലെ കാടുകളോളം തന്നെ പഴക്കമുണ്ട് ആസാമിലെ മനുഷ്യ-വന്യജീവി സംഘ‍ർഷത്തിനും എന്ന് പറയാറുണ്ട്. ഏഷ്യാറ്റിക്ക് ആനകളുടെ ആവാസസ്ഥലികളിൽ രണ്ടാം സ്ഥാനത്താണ് ആസാമിലെ കാടുകൾ. സംസ്ഥാനത്തിന്റെ മൂന്നിൽ ഒരുഭാഗം വനപ്രദേശമായ ആസാമിൽ അയ്യായിരത്തി എഴുന്നൂറോളം ആനകളുണ്ടെന്ന് ഫോറസ്റ്റ് സ‍ർവ്വെ ഓഫ് ഇന്ത്യ 2021 ൽ പുറത്തുവിട്ട റിപ്പോ‍ർട്ടിൽ കണക്കാക്കുന്നു. ശരാശരി എഴുപതിലേറെ മനുഷ്യരും എൺപതിലേറെ ആനകളും വ‍ർഷാവ‍ർഷം മരണപ്പെടുന്ന ആസാം, മനുഷ്യ-വന്യജീവി സംഘ‍ർഷം ഏറ്റവും രൂക്ഷമായ ഇടങ്ങളിലൊന്നാണ്.  

ഹാത്തി ബന്ധു

ആസാമിലെ ജനങ്ങളും ആനകളും തമ്മിലെ ഏറ്റുമുട്ടലുകളാണ് ഹാത്തി ബന്ധുവിലെ പ്രാരംഭ ദൃശ്യങ്ങൾ. തേയില തോട്ടങ്ങളിലേക്കും, റോഡുകളിലേക്കും, വയലുകളിലേക്കും കടന്നു വരുന്ന ആനക്കൂട്ടങ്ങൾ. കല്ലുകളെറിഞ്ഞും, നീളൻ കമ്പുകൾ വീശിയും ആനകളെ തുരത്തുന്ന ആളുകൾ. ആട്ടിയോടിക്കപ്പെട്ട ഈ ആനക്കൂട്ടങ്ങൾ എന്നാൽ തുട‍ർന്നുവരുന്ന ദൃശ്യങ്ങളിൽ ആളുകൾക്ക് നേരെ തിരിഞ്ഞു തുടങ്ങുന്നു. കല്ലുകളാലും പടക്കങ്ങളാലും പിന്തിരിയാത്ത ആനകളാണ് പിന്നീടു വരുന്നത്. പ്രത്യാക്രമകാരികളായ ഈ ആനകൾ ആളുകളെ ഓടിക്കുന്നു, വീണു പോയൊരാളെ ചവിട്ടിച്ചതച്ച് കൊലപ്പെടുത്തുന്നു. ആനകളുടെ ആക്രമണങ്ങൾ തടയാൻ ഇലക്ട്രിക്ക് വേലികൾ നീളുന്നു.

തീപ്പന്തങ്ങളുമായി ആനകളെ നേരിടുന്നവർ. കടപ്പാട് : theenvironment.in

തുമ്പികൈയിലും, കാലിലുമെല്ലാം ഷോക്കേറ്റ് വീണ ആനകൾ വെളിമ്പറമ്പുകളിലും പാടങ്ങളിലും പ്രാണൻ പിടഞ്ഞു കിടക്കുന്നു. ചത്തുമലച്ച ഈ ആനകൾക്ക് പൂക്കള‍ർപ്പിച്ച് ചുറ്റും കൂടിയിരിക്കുന്ന മനുഷ്യരെ കാണാം. അടുത്തുതന്നെ കുഴിച്ചുമൂടുന്നതിനായി വലിയ കുഴിയെടുക്കുന്നുണ്ട് മണ്ണുമാന്തി. കൊമ്പുകൾ മുറിച്ചു മാറ്റുന്നു യന്ത്രവാൾ. കോടാലികൊണ്ട് വെട്ടി വെട്ടി വയറു കീറി, ആന്തരാവയവങ്ങൾ തള്ളിയ കുഴിയേലേയ്ക്ക് അഴുകാനുള്ള മിശ്രിതങ്ങളോടെ ആനയെ വലിച്ചിടുന്നു യന്ത്രകൈ. ചുറ്റിക്കൂടിനിന്ന മനുഷ്യരുടെ മുഖങ്ങളിൽ നിഴലിക്കുന്നുണ്ട് ആസാമിലെ മനുഷ്യ-വന്യജീവി സംഘ‍ർഷങ്ങളുടെ തീരാക്കഥകൾ. ഇലക്ട്രിക്ക് വയറുകളും പരാജയപ്പെടുന്ന കാഴ്ച്ചകളിലൂടെ ഡോക്യുമെന്ററി വികസിക്കുന്നു.

വൈദ്യുതാഘാതമേറ്റു മരണപ്പെട്ട ആനയുടെ ജഡം. കടപ്പാട്: indiatimes.com

2019 ൽ ആസാം സർക്കാർ പുറത്തുവിട്ട 2010 മുതലുള്ള റിപ്പോ‍ർട്ടിൽ 761 മനുഷ്യരും 241 ആനകളും മനുഷ്യ-വന്യജീവി സംഘ‍ർഷത്തിന്റെ ഇരകളായിട്ടുണ്ട്. 2021 ലെ ഫോറസ്റ്റ് സ‍ർവ്വെ പ്രകാരം 2001 നും 2022 നും ഇടയിൽ 1,330 ആനകൾ മരണപ്പെട്ടിട്ടുണ്ട്. ഇവയിൽ 509 മരണങ്ങൾ സ്വാഭാവിക മരണങ്ങളായി രേഖപ്പെടുത്തിയിരിക്കുന്നു; 261 മരണങ്ങളുടെ കാരണങ്ങൾ അജ്ഞാതവും. എന്നാൽ 202 ആനകൾ  വൈദ്യുതാഘാതമേറ്റും 102 ആനകൾ ട്രെയിൻ അപകടങ്ങളിൽപ്പെട്ടും 65 ആനകൾ വിഷബാധയേറ്റും 40 ആനകൾ വേട്ടയാടപ്പെട്ടും 18 ആനകൾ മിന്നലേറ്റും മരണപ്പെട്ടതായി കണക്കാക്കുന്നു. മനുഷ്യരുടെയും ആനകളുടെയും ഈ മരണകണക്കുകൾ ആസാമിലെ മനുഷ്യ-വന്യജീവി സംഘ‍ർഷത്തിന്റെ ഭീതി വെളിവാക്കുന്നു. കൃഷിക്കും, വീടുകൾക്കും ഉണ്ടാവുന്ന നാശനഷ്ടങ്ങൾ കൂട്ടിച്ചേർത്തു വായിക്കുമ്പോൾ ആസാമിലെ ജനങ്ങളുടെയും ആനകളുടെയും ജീവിതസംഘ‍ർഷം വിവരണാതീതമാണ്.

കാലാകാലങ്ങളായി തുടരുന്ന ഈ അരക്ഷിതാവസ്ഥ പരിഹരിക്കുവാൻ സർക്കാരിന്റെയും, എൻ.ജി.ഒകളുടെയും നേതൃത്വത്തിൽ നിരവധി ശ്രമങ്ങൾ ആസാമിലുണ്ടായിട്ടുണ്ട്. ചെറിയ തോതിലുള്ള പരിഹാരങ്ങൾ കാണുവാൻ കഴിഞ്ഞെങ്കിലും അവയൊന്നും തന്നെ പൂർണ്ണവിജയങ്ങളായില്ല. അങ്ങനെ ഒരൊറ്റ പദ്ധതിയിലൂടെ മാത്രം പരിഹരിക്കാനാവുന്നതുമല്ല ആസാമിലെ മനുഷ്യ-വന്യജീവി സംഘർഷം.

വൈദ്യുതാഘാതമേറ്റു മരണപ്പെട്ട ആനകളെ അടക്കം ചെയ്യുന്നു. കടപ്പാട് : indiatimes.com

കാടിറങ്ങുന്ന ആനകളെ പ്രതിരോധിക്കാൻ നിലവിൽ നടക്കുന്ന പരിശ്രമങ്ങൾക്കെല്ലാം വിരുദ്ധമായ ഒരു ദ‍ർശനത്തിലൂടെ രൂപപ്പെടുത്തുകയും ഫലം കണ്ടെത്തുകയും തുടരുകയും ചെയ്ത ഒരു പരിഹാര മാർഗം ആസാമിലെ നഗൗൺ ജില്ലയിലെ റോങ്ഹാങിലെ കാർബി കാടുകൾ അതിരിടുന്ന ഹാത്തികുലിയിൽ പരീക്ഷിക്കപ്പെട്ടു. ഹാത്തി ബന്ധു എന്ന് അറിയപ്പെടുന്ന ഈ പദ്ധതി, ആസാമിലെ ആനകളും മനുഷ്യരും തമ്മിലുള്ള സംഘർഷത്തിന്റെ വേരുകൾ അന്വേഷിച്ചു. ഒരേസമയം ആനകളുടെയും പ്രദേശവാസികളുടെയും പ്രശ്നങ്ങളെ അഭിമുഖീകരിച്ചു. അടിസ്ഥാന കാരണങ്ങൾ പരിഹരിക്കാൻ ശ്രമിച്ചു. ഒടുവിൽ ആനകളെയും മനുഷ്യരെയും തമ്മിൽ അത്ഭുതകരമായി അടുപ്പിക്കുകയും ചെയ്തു. പ്രതിരോധ ശ്രമങ്ങളാലൊന്നും സാധ്യമാകാതിരുന്ന ഈ പരിഹാര മാ‍ർഗം ആനകളുടെയും മനുഷ്യരുടെയും പരസ്പര മനോഭാവങ്ങളിൽ മാറ്റം വരുത്തുന്നതായിരുന്നു. ഹാത്തി ബന്ധുവിന്റെ സ്ഥാപകനും പ്രസിഡന്റുമായ പ്രദീപ് ഭൂയാന്റെ നേതൃത്വത്തിൽ, ഹാത്തികുലിയിലെ പ്രദേശവാസികളുടെ പങ്കാളിത്തത്തോടെ നടപ്പിലാക്കപ്പെട്ട ഈ പദ്ധതിയുടെ വിവിധ ഘട്ടങ്ങളിലെ പ്രവ‍ർത്തനങ്ങളും സംവാദങ്ങളും ആശങ്കകളോടെയും ആകാംക്ഷകളോടെയും ആവിഷ്ക്കരിക്കുന്നു കൃപാൽ കലിതയുടെ ‘ഹാത്തി ബന്ധു’ എന്ന ഡോക്യുമെന്ററി. ഞങ്ങൾ അവരെ മനസ്സിലാക്കാനും, അവർ ഞങ്ങളെ മനസ്സിലാക്കാനും പഠിച്ചു കഴിഞ്ഞു എന്ന് പ്രദീപ് ഭൂയാൻ ഡോക്യുമെന്ററിയിൽ ആത്മവിശ്വാസത്തോടെ പറയുന്നു.

പ്രദീപ് കുമാർ ഭൂയാൻ

ആസാമിലെ പരിസ്ഥിതിയെയും, വന്യജീവികളെയും കുറിച്ച് നിരവധി റിപ്പോ‍ർട്ടുകളും, ലേഖനങ്ങളും എഴുതിയിട്ടുള്ള വൈൽഡ് ലൈഫ് ആക്ടിവിസ്റ്റും സ്വതന്ത്ര പത്രപ്രവ‍ർത്തകയുമായ മുബീന അക്തറിന്റെ നിരീക്ഷണത്തിൽ നിന്നും ആനകളുടെ കാടിറക്കത്തിന്റെ അടിസ്ഥാന കാരണങ്ങൾ മനസ്സിലാക്കാനാകും. ആസാമിൽ നമുക്ക് സംരക്ഷിത പ്രദേശങ്ങളും വനമേഖലകളും ദേശീയോദ്യാനങ്ങളും വന്യജീവി സങ്കേതങ്ങളുമുണ്ടെങ്കിലും അവയെല്ലാം പേപ്പറിൽ ഒതുങ്ങുന്നതാണെന്നും, ആസാം കാടുകളിലെ വൈവിധ്യം ശോഷിച്ചു വരുന്നതായും അവ‍ർ നിരന്തരം ചൂണ്ടികാണിക്കുന്നു. യൂണിവേഴ്സിറ്റി ഓഫ് മെറിലാന്റിന്റെ 2001 നും 2020 നും ഇടയ്ക്കുള്ള  ഉപഗ്രഹ വിശകലനത്തിലൂടെയുള്ള പഠനങ്ങൾ കണ്ടെത്തിയത് ആസാമിലെ വനമേഖലയുടെ 14 ശതമാനത്തോളം നഷ്ടമായിക്കഴിഞ്ഞുവെന്നാണ്. കാടുകളുടെ ഈ ശോഷണം തിരിച്ചറിഞ്ഞുകൊണ്ടാണ് ഹാത്തി ബന്ധുവിലെ പ്രവ‍ർത്തക‍ർ ആസാമിലെ മനുഷ്യ-വന്യജീവി സംഘർഷം പരിഹരിക്കുവാനുള്ള പ്രയത്നങ്ങൾ ആരംഭിച്ചത്. അനിയന്ത്രിതമായ വികസന പ്രവർത്തികളുടെയും കടന്നുകയറ്റങ്ങളുടെയും അനന്തരഫലമായ നശീകരണങ്ങളും വിഭജനങ്ങളും ആസാമിലെ കാടുകളുടെ ആവാസവ്യവസ്ഥ തകർത്തിരിക്കുന്നു. തേയിലത്തോട്ടങ്ങളും, റിസോർട്ടുകളും ഫലവൃക്ഷങ്ങളെ നശിപ്പിച്ചിരിക്കുന്നു. ഈ ആവാസവ്യവസ്ഥയെ പുന‍ർനിർമ്മിക്കുകയാണ് ആദ്യം വേണ്ടതെന്ന് പ്രദീപ് ഭൂയാൻ തിരിച്ചറിഞ്ഞു.

തേയിലതോട്ടത്തിൽ ആനകളും മനുഷ്യരും

ആനത്താരകൾ അടയാളപ്പെടുത്തുന്നതിനായി ഹാത്തി തുടർച്ചയായ ഫീൽഡു വർക്കുകൾ നടത്തുകയും മാപ്പുകൾ തയ്യാറാക്കുകയും ചെയ്തു. നിരവധി ആനകളുടെ മരണങ്ങൾക്കിടയായ രണ്ടു കാരണങ്ങൾ ആനത്താരകളിൽ ഉണ്ടായിരുന്നു. റെയിൽ പാതകളും, ചാഞ്ഞുകിടക്കുന്ന ഇലക്ട്രിക്ക് വയറുകളും. ആനകളുടെ മരണ കാരണങ്ങളിൽ ചാഞ്ഞു കിടക്കുന്ന ഇലക്ട്രിക് വയറുകളുടെ പങ്ക് വളരെ വലുതാണ്. 2021 ലെ ഫോറസ്റ്റ് സർവ്വെ പ്രകാരം 202 ആനകളാണ് വൈദ്യുതാഘാതമേറ്റ് മരണപ്പെട്ടത്. പ്രധാനപ്പെട്ട ആനത്താരകളിൽ ചാഞ്ഞുകിടക്കുന്ന ഇലക്ട്രിക്ക് വയറുകളുള്ള ഇടങ്ങൾ എല്ലാം ഹാത്തി ബന്ധു പ്രവർത്തകർ രേഖപ്പെടുത്തി. ആനകൾക്ക് കടന്നുപോകാവുന്ന തരത്തിൽ ആനകളുടെ ശരാശരി ഉയരത്തിനു മുകളിൽ ഇലക്ട്രിക്ക് വയറുകൾ ഉയർത്തുന്നതിനായി മുളകൾകൊണ്ടുള്ള പോസ്റ്റുകളുണ്ടാക്കി. അവ ട്രക്കുകളിൽ കയറ്റി ഓരോരോ ഇടങ്ങളിൽ എത്തിച്ച് ഇലക്ട്രിക്ക് വയറുകൾ ഉയ‍ർത്തിവെച്ചു. സ്വാഭാവികമായും ഇത് ആനത്താരകളിലെ വൈദ്യുതാഘാതമേറ്റുള്ള മരണങ്ങളുടെ തോത് നന്നേ കുറച്ചു.

കാടുകളിലെ ഭക്ഷ്യസുരക്ഷയുടെ കുറവ് പരിഹരിക്കാതെ ആനകളുടെ കാടിറക്കം തടയാനാകില്ലെന്നതിനാൽ തകർക്കപ്പെട്ട കാടുകളെ വീണ്ടെടുക്കുന്നതിനുള്ള ശ്രമങ്ങൾ ഹാത്തി ബന്ധു ആരംഭിച്ചു. എലിഫന്റ് ഗ്രാസ് എന്ന് അറിയപ്പെടുന്ന തീറ്റപ്പുല്ലിനത്തിൽപ്പെട്ട നേപ്പിയർ പുല്ലുകളാണ് ആദ്യ പടിയായി വെച്ചുപിടിപ്പിച്ചത്. ആനകളുടെ സാന്നിധ്യമുള്ള കയ്യേറപ്പെട്ട കുന്നിൻപുറങ്ങളിലാണ് ഈ പുല്ലുകൾ നട്ടത്. ഹാത്തി ബന്ധുവിന്റെ ഈ വേലകളെല്ലാം കുന്നിൻ മുകളിൽ നിന്നും നോക്കിക്കാണുന്ന ആനക്കൂട്ടത്തെ കാണാം. പുല്ലുകൾക്ക് വളർച്ചയെത്തിയപ്പോഴേക്കും ആനകൾ കുന്നിറങ്ങിയെത്തി. ആനത്തീറ്റ കഴിഞ്ഞും അവശേഷിച്ച പുല്ലുകൾക്കിടയിൽ നിന്ന് ഹാത്തി ബന്ധുവിന്റെ പ്രവർത്തകർ പ്രതീക്ഷയോടെ കാട്ടിലേക്ക് നോക്കി. ഈ പുല്ലുകൾ വേഗത്തിൽ വളരുമെന്നും ആനക്കൂട്ടങ്ങൾക്ക് ഇനിയും ഇവിടെ വന്ന് പുല്ലു തിന്നാം എന്നും ഹാത്തി ബന്ധുവിൽ പങ്കുചേർന്ന ബിനോദ് ബോറ ഉത്സാഹത്തോടെ പറയുന്നത് കേൾക്കാം.

പുല്ലുകൾ തിന്നാൻ ആനക്കൂട്ടം എത്തിയപ്പോൾ

വൈൽഡ് ലൈഫ് ആക്ടിവിസ്റ്റും, റെസ്ക്യൂവറുമായ ബിനോദ് ബോറ ആസാമിന്റെ എലിഫന്റ് മാൻ എന്ന് അറിയപ്പെടുന്ന പരിസ്ഥിതി സംരക്ഷകനാണ്. 25,000 ലേറെ വന്യജീവികളെ പുനരധിവസിപ്പിച്ചിട്ടുള്ള ബിനോദ് ബോറയുടെ ഇടപെടലുകൾക്ക് ഹാത്തി ബന്ധുവിന്റെ പദ്ധതികൾ സാക്ഷാത്കരിക്കുന്നതിൽ വലിയ പങ്കുണ്ട്.

നേപ്പിയർ പുല്ലുകൾ തിന്നാൻ ആനകൾ എത്തിയതോടെ ഹാത്തി ബന്ധുവിന്റെ പ്രവർത്തനങ്ങൾക്ക് വേഗമേറി. ചൂൽ പുല്ലുകളും മുളകളുമാണ് അടുത്തതായി നട്ടുപിടിപ്പിച്ചത്. അവയെ തേടിയും ആനകളെത്തി. ഭക്ഷ്യവൈവിധ്യം വർദ്ധിപ്പിക്കുന്നതിനായുള്ള ആലോചനകളിലേക്കാണ് ഇത് പ്രതീപ് ഭുഹ്യാനെ നയിച്ചത്. കൃഷിയിടങ്ങളിലെ രുചിഭേദങ്ങൾ ശീലിച്ച ആനകൾക്ക് പുല്ലുകൾകൊണ്ടു മാത്രം വിശപ്പടങ്ങുകയില്ലല്ലോ. ഇങ്ങനെയാണ് ആനകൾക്ക് വേണ്ടി കൃഷി ചെയ്യാം എന്ന ആശയത്തിലേക്ക് ഹാത്തി ബന്ധു എത്തുന്നത്. പെട്ടെന്ന് ഫലം നൽകുന്ന വാഴകൃഷിയിലൂടെയാണ് ഇത് ആദ്യമായി പരീക്ഷിക്കുന്നത്. അവ‍ർ വാഴകൃഷിക്കുവേണ്ടി തടമൊരുക്കി, തൈകൾ പരിപാലിച്ചു വന്നു. എന്നാൽ ഫലം കായ്ക്കും മുന്നെ ആ വാഴ തോട്ടത്തിലേക്കും ആനകൾ വന്നെത്തി. ഒടിഞ്ഞും, മുറിഞ്ഞും നിൽക്കുന്ന വാഴത്തൈകൾക്ക് ഇടയിൽ നിൽക്കുമ്പോഴും ഹാത്തി ബന്ധുവിന്റെ പ്രവർത്തകർ നിരാശരായില്ല. ആനകൾക്ക് വേണ്ടിയുള്ള ഈ കൃഷിയിടത്തിലെ വാഴകൾ കുലയക്കും മുമ്പെ ആനകൾ വന്നെത്തിയതിലും ഹാത്തി ബന്ധുവിന്റെ പ്രവർത്തകർക്ക് ആനന്ദം തന്നെ. ഇതൊരു നഷ്ടമായി കണക്കാക്കാനാവില്ലെന്നും ആനകൾക്കായി ഇവിടെ വാഴത്തൈകൾ ഇനിയും വളരുമെന്നും ഉറച്ചു വിശ്വസിച്ചു.

ആനകൾക്കൊരു വാഴത്തോട്ടം

നീണ്ടകാലത്തേക്കായുള്ള ഫലവൃക്ഷങ്ങൾ നടുന്നതിനായി അവർ ഇറങ്ങിത്തിരിച്ചു. പ്ലാവുകളും, ആനകൾക്ക് പ്രിയപ്പെട്ട എലിഫന്റ് ആപ്പിളുകളും കാടതിരുകളിൽ വളർന്നു തുടങ്ങി. കാടുകളുടെ തോട്ടക്കാർ എന്ന് അറിയപ്പെടുന്ന ആനകൾ തന്നെ അവ വളർന്നാൽ ഫലങ്ങൾ തിന്ന് വിത്തുകൾ പാകും, ഒരു തൈയ്യിനെ ഒരു വനമാക്കി മാറ്റും. ബിനോദ് ബോറ പറയുന്നു.

പുല്ലുകളും, പഴങ്ങളും ആനകളുടെ വിശപ്പടക്കുമെങ്കിലും കൊയ്ത്തുകാലത്തെ നെല്ലിന്റെ വശീകരണങ്ങളിൽ നിന്നും ആനകളെ തടഞ്ഞു നിർത്താൻ ഇവയ്ക്കൊന്നുമാവില്ല. ഹാത്തി കുലിയിലെ ഏതൊരാൾക്കും അതു നന്നായറിയാം. കൊയ്ത്തുകാലത്താണ് ആനക്കൂട്ടങ്ങൾ ഏറെയും കാടിറങ്ങി വരുന്നത്. കൊയ്യാനായ പാടങ്ങളിലേക്കിറങ്ങുന്ന ആനകൾ കൃഷിയിടത്തിന്റെ നല്ലൊരു പങ്കും നശിപ്പിക്കും, ആനകളെ ഓടിക്കാനുള്ള ശ്രമങ്ങളാവട്ടെ ഈ നാശത്തിന്റെ വ്യാപ്തി കൂട്ടുകയും ചെയ്യും. ഏറുമാടങ്ങളിൽ ഉറക്കമിളച്ചും കൊട്ടിയും കൂവിയും പടക്കം എറിഞ്ഞും തീപന്തങ്ങൾ വീശിയും എത്രയോ തലമുറകളായി മനുഷ്യർ കൃഷിയിടങ്ങളെ സംരക്ഷിക്കാൻ പാടുപെടുന്നു. എന്നിട്ടും കൃഷി ചെയ്തു വിളയിക്കുന്ന നെല്ലിന്റെ നല്ലൊരു ഭാഗം ആനകൾ മുടിക്കുന്നതിനാൽ അത് വലിയ ദാരിദ്ര്യത്തിലേക്കും കർഷകരെ ചവിട്ടിത്താഴ്ത്തുന്നു. പാടങ്ങളിലേക്ക് മാത്രമല്ല കൊയ്തെടുത്ത നെല്ല് സൂക്ഷിക്കുന്ന അറകളിലേക്കും നെല്ലിന്റെ വശീകരണശക്തിയിൽ ആനകളെത്തുന്നു. ഇങ്ങനെ വീടുകൾ തകർക്കപ്പെടുന്നതും, ആളുകൾ കൊല്ലപ്പെടുന്നതും ആസാമിൽ നിന്നുള്ള വാർത്തകളിൽ കാണാം. പുല്ലുകളും, പഴങ്ങളും നൽകി ആനകളുടെ കാടിറക്കത്തിന്റെ ആക്കം കുറച്ചെങ്കിലും മനുഷ്യ-വന്യജീവി സംഘർഷത്തിന്റെ നിർണ്ണായകമായ മുഹൂർത്തങ്ങളെ അഭിമുഖീകരിക്കുവാൻ ഹാത്തി ബന്ധു തയ്യാറെടുത്തു. അതിന് സന്നദ്ധപ്രവർത്തകരുടെ അധ്വാനം മാത്രം മതിയാവില്ലെന്നതിനാൽ കർഷകർക്കിടയിലേക്ക് അവരെത്തി.

നെൽപാടത്ത് ഇറങ്ങിയ ആനക്കൂട്ടം. കടപ്പാട് : Ritu Raj Konwar

കാടതിരുകളിലും, കുന്നിൻപുറങ്ങളിലും ആനകൾക്ക് തിന്നാൻ പുല്ലുകളും, മുളകളും നട്ടുപിടിപ്പിക്കുകയും വാഴകൃഷി നടത്തുകയും ചെയ്തവരെ ആശ്ചര്യത്തോടെയാണ് നാട്ടുകാർ നോക്കിക്കണ്ടിരുന്നത്. കിറുക്കന്മാരുടെ ഒരു കൂട്ടമെന്നെ ഹാത്തി ബന്ധുവിനെ കുറിച്ച് അവർക്ക് തോന്നിയുള്ളു. എന്നാൽ ഇതുവരെ ചെയ്തതിലുമെല്ലാം വിചിത്രമായ ഒരു ആശയവുമായാണ് പ്രതീപ് ഭുഹ്യാനും വളണ്ടിയേർസും കർഷകരുടെ യോഗം വിളിച്ചു ചേർത്തത്. ഇതേവരെ തങ്ങൾ ചെയ്ത പ്രവർത്തികൾ എന്തായിരുന്നെന്നും, എന്തിനായിരുന്നു എന്നുമെല്ലാം അവർ വിശദീകരിച്ചു. കൃഷി തുടങ്ങും മുമ്പ് ഇനി നടപ്പിലാക്കേണ്ട പദ്ധതിയും അവതരിപ്പിച്ചു. എന്നാലത് കർഷകർക്ക് ഒട്ടും ഉൾക്കൊള്ളാൻ കഴിയുന്ന ഒരു ആശയം ആയിരുന്നില്ല. ഇത്രയും കാലം തങ്ങളുടെ കൃഷി നശിപ്പിച്ച ആനകൾക്കുവേണ്ടി കൃഷി ചെയ്യുക! തങ്ങളെ ആക്രമിക്കുകയും, കൊലപ്പെടുത്തുകയും ചെയ്യുന്ന ആനകൾക്കുവേണ്ടി കൃഷി ചെയ്യുക! കാടരികിൽ ആനകൾക്ക് വേണ്ടി കൃഷി ചെയ്തെങ്കിൽ മാത്രമെ ഗ്രാമങ്ങളിലെ പാടങ്ങളിലേക്ക് ആനകൾ വരാതിരിക്കൂ. ഹാത്തി ബന്ധുവിന്റെ സഹയാത്രികരിൽ പലരും ഇക്കാര്യങ്ങൾ കർഷകരെ ബോധ്യപ്പെടുത്താൻ ശ്രമിച്ചു. കാടരികിൽ കൃഷി ചെയ്താൽ അത് കൂടുതൽ ആനകളെ ഗ്രാമങ്ങളിലേക്ക് വിളിച്ചു വരുത്തും എന്നായിരുന്നു അവരുടെ ബോധ്യം.

പത്തിലധികം കൂടിയിരുത്തങ്ങളിൽ ഇക്കാര്യങ്ങൾ ചർച്ച ചെയ്തിട്ടും ഹാത്തി ബന്ധുവിന്റെ പദ്ധതി നടപ്പിലാക്കാൻ അവർ വിസമ്മതരായിരുന്നു. നിർണ്ണായകമായിരുന്നു ഈ സന്ദർഭം, കൊയ്ത്തുകാലമായാൽ ആനകൾ വന്നെത്തുമെന്ന് കർഷകർക്കും അറിയാം. എങ്ങനെയെങ്കിലും അവയെ ഓടിക്കാം എന്നല്ലാതെ ഇതിനൊരു പരിഹാരവും ഇല്ലെന്ന് അനേകകാലത്തെ അനുഭവകഥകളിലൂടെ അവർ പഠിച്ചിരുന്നു. അവരെ കൂടാതെ ഈ പദ്ധതി നടപ്പിലാക്കാൻ കഴിയില്ലെന്നതിനാൽ, ഒരു കൂടിയിരുത്തം കൂടി വിളിച്ചുചേർക്കപ്പെട്ടു. എന്നാൽ ഇക്കുറി സ്ത്രീകൾക്ക് മാത്രമായ യോഗമായിരുന്നു സംഘടിപ്പിച്ചത്. ഹാത്തി ബന്ധുവിലെ സന്നദ്ധപ്രവർത്തകരായ സ്ത്രീകൾ തന്നെ ആനത്താരകൾ അടയാളപ്പെടുത്തിക്കൊണ്ട് തങ്ങളുടെ ഓരോ നീക്കങ്ങളും അവയുടെ ഉദ്ദേശലക്ഷ്യങ്ങളും ആ ക‍ർഷക സ്ത്രീകളെ ബോധ്യപ്പെടുത്താൻ ശ്രമിച്ചു.

ഹാത്തികുലിയിലെ സ്ത്രീകളുമായുള്ള സംവാദം

എന്തുകൊണ്ടാണ് ആനകൾ കാടിറങ്ങി വരുന്നതെന്നും, കൃഷിയിടങ്ങളിലെത്തുന്നതെന്നും, തങ്ങളെ ആക്രമിക്കുന്നതെന്നും തിരിച്ചറിഞ്ഞ ആ സ്ത്രീകളിലൂടെയാണ് ആനകൾക്ക് വേണ്ടി കൃഷിചെയ്യാൻ ഹാത്തികുലിയിലെ ക‍ർഷക‍ർ തയ്യാറാവുന്നത്. അതിനായി കാടരികിൽ ഭൂമിയുള്ളവർ ആനകൾക്ക് വേണ്ടി തങ്ങളുടെ ഭൂമി വിട്ടുനൽകി. കലപ്പകളുമേന്തി കർഷക‍ർ ആ നിലങ്ങളിലേക്കെത്തി. എങ്കിലും അവരുടെ ആശങ്കകൾ ഒടുങ്ങിയിട്ടില്ലായിരുന്നു. തങ്ങളുടെ അധ്വാനത്തിന്റെ ഫലമെന്താകും എന്ന് അവ‍ർക്ക് തീ‍ർച്ചയില്ലായിരുന്നു. ആനകൾക്ക് വേണ്ടി കൃഷി ചെയ്യുന്നത് അവ‍ർ മുമ്പൊരിക്കലും കേട്ടിട്ടില്ലായിരുന്നു. എന്നാൽ നിലമൊരുക്കിയ ക‍ർഷകരോടൊത്ത് വിത്തു വിതയ്ക്കാൻ പാടത്തിറങ്ങിയ പ്രദീപ് ഭൂയാൻ പ്രത്യാശയുടെ വയൽ കണ്ടിരിക്കണം. ആനകൾക്കുവേണ്ടി ആദ്യമായി നെൽകൃഷി ചെയ്യുന്നത് തങ്ങളാകുമെന്ന് പ്രദീപ് ഭൂയാൻ ആവേശത്തോടെ പറഞ്ഞു.

ഞാറുനടാനൊരുങ്ങുന്ന ബിനോദ് ബോറയും പ്രദീപ് ഭൂയാനും കർഷകരും

ആനയെല്ലുകൾ വെച്ചാരാധിക്കുന്ന രീതി ആസാമിലെ ഗോത്രവിഭാഗങ്ങൾക്കിടയിൽ മുൻപേയുണ്ട്. പങ്കുവയ്ക്കപ്പെടുന്ന ഭൂമിയുടെ സങ്കൽപ്പനമെന്നോണം ആഹാരത്തിൽ നിന്ന് ഒരു പങ്കും ഈ ആനയെല്ലുകൾക്ക് നൽകാറുണ്ടായിരുന്നു. ഹസ്തിഭോഗ് എന്ന ഒരു ചടങ്ങും അവർ അനുഷ്ഠിച്ചിരുന്നു. ഈ ഗോത്ര സങ്കൽപ്പനത്തിന്റെ വീണ്ടെടുപ്പും വികാസവും ഹാത്തിബന്ധുവിന്റെ പ്രവ‍ർത്തനങ്ങളിൽ കാണാം. വിവിധ മതങ്ങളുടെ പ്രാ‍ർത്ഥനകളോടെയും, ക‍ർമ്മങ്ങളോടെയുമാണ് അവ‍ർ കാടരികിൽ കൃഷിയിറക്കിയതും.

ആനകൾക്കായി വാഴക്കുല സമർപ്പിക്കുന്ന ബിനോദ് ബോറയും നാട്ടുകാരും

വിളവെടുക്കാനുള്ള സമയമായപ്പോഴേക്കും പാടത്തിന്റെ അതിരുകളിൽ ഏറുമാടങ്ങൾ കെട്ടി ഹാത്തി ബന്ധുവിലെ തള‍ർച്ചയേശാത്ത പ്രവ‍ർത്തക‍ർ ദിവസങ്ങളോളം ക്യാമ്പ് ചെയ്തു. വിളവെടുക്കാറാകും വരെ ആനകൾ വരാതെ നോക്കി, പിന്നെ ആനകൾ എത്തുന്നതും കാത്തിരുന്നു. ഇത്രകാലവും ആനകളെ കൃഷിയിടങ്ങളിൽ നിന്നും അകറ്റാനാവാതെ വലഞ്ഞിരുന്ന കർഷകരും ആനകൾക്കായി തങ്ങൾ വിളയിച്ചെടുത്ത വയലുകളിലേക്ക് അവരെത്തുന്നതിന്റെ ആകാംക്ഷയിലായിക്കഴിഞ്ഞിരുന്നു. കാണികൾക്കുപോലും ആ ആനന്ദം പകരും വിധം ഉദ്വേഗഭരിതമാണ് ഡോക്യുമെന്ററിയുടെ വികാസം. ഒരു സന്ധ്യയിൽ വയലിനോരത്തെ കാടരികിൽ ആനക്കൂട്ടം വന്നുചേ‍ർന്നു. ഇരുളുവോളം അവ‍ർ ചുറ്റും നിരീക്ഷിച്ചുകൊണ്ട് അവിടെ കാത്തുനിന്നു. അതേസമയം ഏറുമാടങ്ങളിൽ കാത്തിരുന്നവരും ആനകൾ പാടത്തേക്കിറങ്ങുന്നതും നോക്കിയിരിക്കുകയായിരുന്നു. ഒരുപക്ഷെ ആനകൾ വയലിൽ ഇറങ്ങുന്നതും വിളവെടുക്കുന്നതും കാത്ത് ഏറുമാടങ്ങളിലിരുന്ന ആദ്യ മനുഷ്യർ അവരായിരിക്കാം. അവരുടെ മനസ്സറിഞ്ഞതുപോലെ രാവുടുത്തപ്പോൾ ആനകൾ പാടങ്ങളിലേക്ക് വിളവെടുക്കാനിറങ്ങി. അവരെ ആട്ടിയോടിക്കാൻ കൊട്ടും കൂവലും ഉയർന്നില്ല, തീപന്തങ്ങൾ പുകഞ്ഞില്ല, ഏറുപടക്കങ്ങൾ പൊട്ടിത്തെറിച്ചില്ല. ടോർച്ചു വെളിച്ചത്തിന്റെ ഒളിക്കണ്ണിൽ തുമ്പിക്കൈയ്യാൽ നെൽക്കതിരുകൾ ചുറ്റിപ്പിടിക്കുന്ന ആനകളെ കാണാം.

വിളവെടുക്കാനെത്തിയ ആനകൾ

പ്രതീപ് ഭുഹ്യാന്റെയും ഹാത്തിബന്ധുവിന്റെയും പ്രതീക്ഷകളും ക‍ർഷകരുടെ അധ്വാനവും ഫലം കണ്ടു എന്ന് ഒടുവിൽ ഗ്രാമങ്ങളിലുള്ള കർഷക‍ർ സാക്ഷ്യപ്പെടുത്തുന്നു. മുൻപൊന്നും കിട്ടാതിരുന്നത്ര വിളവ് അക്കൊല്ലം അവ‍ർക്കു കിട്ടി, ആനക്കൂട്ടങ്ങൾ അവരുടെ പാടങ്ങൾ തേടി വന്നില്ല. ഹാത്തികുലിയിലെ ക‍ർഷകർക്കും ഹാത്തി ബന്ധുവിന്റെ പ്രവ‍ർത്തനങ്ങൾക്കും തൊട്ടടുത്ത ഗ്രാമങ്ങളിലെ കർഷക‍രും നന്ദി പറയുന്നു. ആനകളെ തുരത്തിക്കൊണ്ട് ജനങ്ങളെ സംരക്ഷിക്കാനുള്ള സ‍ർക്കാറിന്റെ പ്രവ‍ർത്തനങ്ങൾക്കുള്ള തിരുത്തായിരുന്നു ഹാത്തി ബന്ധു അഥവാ ആനകളുടെ സുഹൃത്തുക്കളുടെ ഈ പദ്ധതി. ഈ ഭൂമി മനുഷ്യരുടേതു മാത്രമല്ലെന്നും, ജീവിക്കുവാനുള്ള അവകാശം ഓരോ ജീവജാലങ്ങൾക്കും തുല്യാമാണെന്നും ഹാത്തി ബന്ധു ഓ‍ർമ്മപ്പെടുത്തുന്നു. കാടുകൾ കയ്യേറി വികസിക്കുന്ന മനുഷ്യ‍ർക്ക് മറ്റു ജീവജാലങ്ങളോട് കരുതൽ വേണമെന്നും അത് മനുഷ്യന്റെ ബാധ്യതയല്ല കടമയാണെന്നുമുള്ള തിരിച്ചറിവ് കാണികൾക്കും പകരുന്നു ഈ ആസമീസ് ഡോക്യുമെന്ററി. ഹാത്തികുലിയിലെ മനുഷ്യ-വന്യജീവി സംഘർഷം ലഘൂകരിക്കുന്നതിന് സഹായകമായ ഈ പദ്ധതി തുട‍ർന്നുവന്ന വ‍ർഷങ്ങളിൽ വിപുലമായി അനുവ‍ർത്തിക്കപ്പെട്ടു. സഹജീവിതത്തിന്റെ ഈ മാതൃക 2022 ലെ ഐ.എഫ്.എഫ്.ഐയിലെ ഇന്ത്യൻ പനോരമയിൽ പ്രദ‍ർശിപ്പിക്കപ്പെട്ടു. ലോകമെമ്പാടുമുള്ള മനുഷ്യ-വന്യജീവി സംഘർഷത്തിനും സഹജീവനത്തിനും ഒരു ആസാമീസ് മാതൃക എന്ന് ഹാത്തി ബന്ധുവിനെ വിലമതിക്കാം. ഓരോ പ്രദേശത്തെയും അടിസ്ഥാന പ്രശ്നങ്ങളെ മനസ്സിലാക്കിക്കൊണ്ടുള്ള തിരുത്തലുകളിലൂടെ മാത്രമെ മനുഷ്യനും മറ്റു ജീവജാലങ്ങൾക്കും ഈ ഭൂമിയെ പങ്കുവെക്കാനാവൂ.

Director, Screenplay and Editor: Kripal Kalita
Producer: Sabita Devi
DoP: Binod Dulu Bora, Ramen Rabh
Music: Kripal Kalita, Rajib Kashyap

INDEPENDENT,
IN-DEPTH JOURNALISM
FOR SOCIAL &
ECOLOGICAL
JUSTICE

keraleeyam-logo

Support Keraleeyam

Choose Your Preference

₹1000/Year

₹2000/2 Years

₹500/Year(Students)

One TimeAny Amount

Also Read

June 14, 2023 3:56 pm