കരുവന്നൂരിലെ കൊള്ളയും തെളിയേണ്ട സത്യങ്ങളും

രണ്ട് വർഷം മുൻപാണ് തൃശൂർ ജില്ലയിലെ കരുവന്നൂർ സഹകരണ ബാങ്കിൽ നടന്ന വ്യാപകമായ ക്രമക്കേടുകളും, അഴിമതിയും പുറത്തുവരുന്നത്. സഹകരണ വകുപ്പ് നടത്തിയ അന്വേഷണമാണ് ഞെട്ടിപ്പിക്കുന്ന ചില വിവരങ്ങൾ പൊതുജന മധ്യത്തിലേക്ക് എത്തിച്ചത്. തുടർന്ന് ആദ്യം ഇരിഞ്ഞാലക്കുട ലോക്കൽ പൊലീസും, പിന്നീട് ക്രൈംബ്രാഞ്ചും തട്ടിപ്പുകളെക്കുറിച്ച് വിശദമായി അന്വേഷിച്ചു. 125 കോടി രൂപയുടെ തട്ടിപ്പാണ് സഹകരണ വകുപ്പ് കണ്ടെത്തിയത്. ക്രൈംബ്രാഞ്ച് അന്വേഷണം തട്ടിപ്പ് 112 കോടിയുടേതാണെന്ന് കണ്ടെത്തി. എന്നാൽ ഇപ്പോൾ അന്വേഷണം നടത്തുന്ന എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് 150 കോടിയുടെ കള്ളപ്പണ ഇടപാടാണ് ഇവിടെ നടന്നതെന്ന് എന്നാണ് കോടതിയിൽ റിപ്പോർട്ട് നൽകിയിരിക്കുന്നത്. സി.പി.എം നിയന്ത്രണത്തിലുള്ള ബാങ്ക് ഭരണസമിതിയും പ്രാദേശിക നേതൃത്വവുമാണ് ആദ്യം അന്വേഷണ പരിധിയിൽ വന്നതെങ്കിൽ, ഇപ്പോൾ ജില്ലാ നേതൃത്വത്തിലേക്കും മറ്റ് ബിനാമി ഇടപാടുകാരിലേക്കും അന്വേഷണം നീട്ടിയിരിക്കുകയാണ് ഇ.ഡി.

പി സതീഷ് കുമാർ, പി.പി കിരൺ എന്നിവരെ ഇ.ഡി അറസ്റ്റ് ചെയ്യുന്നു. കടപ്പാട്:thehindu

കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം രജിസ്റ്റർ ചെയ്ത കേസിലെ ആദ്യ നാല് പ്രതികളായ പി സതീഷ് കുമാർ, പി.പി കിരൺ, പി.ആർ അരവിന്ദാക്ഷൻ, സി.കെ ജിൽസ് എന്നിവരാണ് ബിനാമി വായ്പ തട്ടിപ്പിലും കള്ളപ്പണം വെളുപ്പിക്കലിലും ഏർപ്പെട്ടിരിക്കുന്നത് എന്ന് അന്വേഷണ ഏജൻസിയായ ഇ.ഡി പറയുന്നു. സതീഷ് കുമാർ, കിരൺ പി.പി, പി.ആർ അരവിന്ദാക്ഷൻ എന്നിവർ ഇപ്പോൾ ഇ.ഡി കസ്റ്റഡിയിലാണ്. ഉയർന്ന രാഷ്ട്രീയ ഉദ്യോഗസ്ഥരുടെയും, പൊലീസുകാരുടെയും ബിനാമിയാണ് സതീഷ് എന്ന് ഇ.ഡി പറയുന്നു. കിരൺ പി.പി ബിനാമി പേരുകളിൽ വായ്പകൾ ബാങ്കിൽ നിന്ന് സമ്പാദിക്കുകയും, പലിശയും മുതലും ഉൾപ്പെടെ 48 കോടിയോളം രൂപയുടെ ബാധ്യത ബാങ്കിനുണ്ടാക്കിയിട്ടുണ്ട്. സതീഷ് കുമാർ ബാങ്കിൽ നിന്നും 14 കോടിയോളം രൂപ അനധികൃത വായ്പയായി നേടിയെടുത്തിട്ടുണ്ട്. രാഷ്ട്രീയ പാർട്ടികളുടെ ജില്ലാതല നേതാക്കളുടെയും, ബാങ്കിനെ നിയന്ത്രിച്ചിരുന്ന രാഷ്ട്രീയ നേതാക്കളുടെയും നിർദ്ദേശപ്രകാരം ബാങ്ക് മാനേജർ ബിനാമി വായ്പകൾ വിതരണം ചെയ്തതായി അന്വേഷണത്തിൽ കണ്ടെത്തിയതായി ഇ.ഡി പറയുന്നു. ഈ വായ്പകൾക്ക് ഈടായി സ്വീകരിച്ചിട്ടുള്ളത് ബാങ്ക് അം​ഗങ്ങളായ സാധാരണക്കാരുടെ വസ്തുക്കളാണ്. സി.പി.എം പ്രാദേശിക നേതാവും വടക്കാഞ്ചേരി നഗരസഭയിലെ കൗൺസിലറുമായ പി.ആർ അരവിന്ദാക്ഷനാണ് ബാങ്കിൽ നിന്ന് പണം തട്ടിയെടുക്കുന്നതിൽ മുഖ്യ പങ്കു വഹിച്ചതെന്നാണ് ഇ.ഡിയുടെ അന്വേഷണം പറയുന്നത്.

കരുവന്നൂർ ബാങ്കിൽ ഇ.ഡി പരിശോധന നടത്തുമ്പോൾ പുറത്ത് കാവൽ നിൽക്കുന്ന പൊലീസ്. കടപ്പാട്:മനോരമ

തകർന്നത് വർഷങ്ങളുടെ വിശ്വാസ്യത

കരുവന്നൂരിലെയും, ഇരിഞ്ഞാലക്കുടയിലെയും സാധാരണക്കാർക്ക് ഏറെ വിശ്വാസമുള്ള സ്ഥാപനമായിരുന്നു വർഷങ്ങളുടെ പഴക്കമുള്ള കരുവന്നൂർ ബാങ്ക്. ഒരു പ്രാഥമിക പരസ്പര സഹായ സഹകരണ സംഘമായി തുടങ്ങി പിന്നീട് എ ക്ലാസ് ബാങ്ക് ആയി മാറുകയായിരുന്നു കരുവന്നൂർ. കരുവന്നൂരിലെ കർഷകരും തൊഴിലാളികളുമെല്ലാമാണ് ബാങ്കിനെ ഇത്തരത്തിൽ വളർത്തിയത്. ഈ വിശ്വാസമാണ് ഇപ്പോൾ പുറത്തു വന്ന ക്രമക്കേടുകളിലൂടെ ഇല്ലാതായത്. സാധാരണക്കാരുടെ നിക്ഷേപങ്ങൾ തിരികെ ലഭ്യമല്ലാത്തതിനാൽ നിരവധി പേരാണ് ദുരിതത്തിലായത്. ജീവിതകാലം മുഴുവൻ അധ്വാനിച്ച സമ്പാദ്യമാണ് പലരും ബാങ്കിൽ നിക്ഷേപിച്ചിരുന്നത്. അവരാണ് ഇപ്പോൾ രണ്ട് വർഷത്തിലേറെയായി അടിയന്തിരമായ ആവശ്യങ്ങൾക്ക് പോലും പണം പിൻവലിക്കാനാകാതെ ദുരിതത്തിൽ കഴിയുന്നത്. അവരിൽ ചില ഇങ്ങനെ പ്രതികരിച്ചു.

ഗൾഫിൽ ടെക്നീഷ്യനായിരുന്ന കെ.കെ ശശിധരൻ നാട്ടിലേക്ക് മടങ്ങിയെത്തിയതിന് ശേഷം വിശ്രമജീവിതം നയിക്കുകയായിരുന്നു. ഗൾഫിൽ താൻ സമ്പാദിച്ച തുക, അത്യാവശ്യങ്ങൾക്ക് ഉപയോഗിക്കുന്നതിന് വേണ്ടി കരുവന്നൂർ ബാങ്കിൽ നിക്ഷേപിച്ചിരുന്നു. എട്ട് മാസം മുൻപാണ് ശശിധരന് ബെപാസ് സർജറിക്ക് വിധേയമാകേണ്ടി വന്നത്. സർജറി ആണെന്ന് മുൻകൂട്ടി അറിയിച്ചിട്ടും നിക്ഷേപം തിരികെ ലഭിച്ചില്ലെന്ന് ശശിധരൻ പരാതിപ്പെടുന്നു.

കെ.കെ ശശിധരൻ

“ഞാനും ഭാര്യയും കൂടി ഇട്ട പൈസയാണ്. ഭാര്യയുടെ ചികിത്സ തൃശൂർ ജൂബിലി മിഷൻ ആശുപത്രിയിലായിരുന്നു. ഭാര്യക്ക് കിഡ്നിയുമായി ബന്ധപ്പെട്ട അസുഖമായിരുന്നു. ചികിത്സയുടെ ആവശ്യത്തിനായി പൈസ മുഴുവൻ കിട്ടിയില്ല. നാലുലക്ഷം രൂപയാണ് കിട്ടാനുണ്ടായിരുന്നത്. ഇതിൽ പലതവണയായി ഒന്നേകാൽ ലക്ഷം ഇപ്പോൾ കിട്ടി. ബാക്കി തുക ഇനിയും കിട്ടാനുണ്ട്.” പൊറത്തിശ്ശേരി സ്വദേശിയായ മോഹനൻ അടപ്പറമ്പിലിന്റെ അനുഭവവും അതുതന്നെയായിരുന്നു.

മോഹനൻ അടപ്പറമ്പിൽ

ഇരിഞ്ഞാലക്കുട മാപ്രാണം സ്വദേശിയായ ജോഷിക്ക് ലക്ഷങ്ങളാണ് ബാങ്കിൽനിന്ന് ലഭിക്കാനുള്ളത്. കുടുംബാംഗങ്ങളുടേതടക്കം 90 ലക്ഷം രൂപയാണ് ഇദ്ദേഹം ബാങ്കിൽ നിക്ഷേപിച്ചിരുന്നത്. കഴിഞ്ഞ ജനുവരിയിൽ ശസ്ത്രക്രിയക്കായി 12 ലക്ഷം രൂപ ഇദ്ദേഹത്തിന് ലഭിച്ചിരുന്നു. ഈ തിരുവോണ നാളിൽ നിക്ഷേപം തിരികെ ആവശ്യപ്പെട്ട് ജോഷി നിരാഹാരമിരുന്നു. ഇത്തരത്തിൽ നിരവധി പേരാണ് ഇപ്പോഴും തങ്ങളുടെ നിക്ഷേപം തിരികെ ലഭിക്കുന്നതിന് വേണ്ടി കാത്തിരിക്കുന്നത്. ബാങ്ക് ഇപ്പോൾ പല തവണകളായാണ് നിക്ഷേപം തിരികെ നൽകുന്നത്.

1980 വരെ കക്ഷി രാഷ്ട്രീയത്തിനനതീതമായി പ്രദേശത്തെ വ്യക്തികൾ ബാങ്ക് ഭരണ സമിതിയിലെത്തിയിരുന്നു. 1983 ലാണ് ഇടതുപക്ഷം ബാങ്ക് ഭരണ സമിതി പിടിക്കുന്നത്. 2010 മുതൽ ബാങ്കിൽ തിരിമറികൾ തുടങ്ങിയിരുന്നു എന്നാണ് ഇപ്പോൾ വ്യക്തമാകുന്നത്. നടപടിക്രമങ്ങൾ മുഴുവൻ അട്ടിമറിച്ചുകൊണ്ടാണ് ബാങ്ക് മുന്നോട്ടുപോയിരുന്നത്. ബാങ്കിന്റെ പരമാധികാര കമ്മിറ്റിയായ ഭരണസമിതിയെയും മറികടന്ന് ഉദ്യോഗസ്ഥരും, ചില ഭരണസമിതി അംഗങ്ങളും, പാർട്ടി പ്രതിനിധികളും ചേർന്ന കോക്കസ് ആണ് ബാങ്കിൽ തീരുമാനങ്ങൾ എടുത്തിരുന്നത്. മിനുട്സ് രേഖകൾ പോലും ഭരണസമിതി അംഗങ്ങൾക്ക് ലഭ്യമായിരുന്നില്ല എന്ന് അവർ തന്നെ വെളിപ്പെടുത്തുന്നു.

വർഷങ്ങളോളം മൂടിവച്ച ക്രമക്കേടുകൾ‌

ബാങ്കിലെ ഉദ്യോഗസ്ഥനായിരുന്ന സുരേഷിന്റെ പരാതിയിലൂടെയാണ് വ്യാപകമായ ക്രമക്കേടുകൾ ഇപ്പോൾ പുറത്തുവന്നത്. 1980 മുതൽ ഡി.വൈ.എഫ്.ഐ അംഗവും, 2011 വരെ സി.പി.എം പൊറത്തിശ്ശേരി ലോക്കൽ കമ്മിറ്റി അംഗവുമായിരുന്നു സുരേഷ്. ക്രമക്കേടുകൾ അറിഞ്ഞ സമയത്തുതന്നെ അന്നത്തെ പാർട്ടി ജില്ലാ സെക്രട്ടറി ആയിരുന്ന ബേബി ജോൺ മുൻപാകെ പരാതി ഉന്നയിച്ചിരുന്നതായി സുരേഷ് പറയുന്നു. 2015 വരെ ഇദ്ദേഹം കരുവന്നൂർ സഹകരണ ബാങ്കിൽ മാനേജരായിരുന്നു. “സാധാരണക്കാരനായ ഒരു കർഷകത്തൊഴിലാളിയുടെ മകനാണ് ഞാൻ. ക്രമക്കേടുകൾ അറിഞ്ഞപ്പോൾ തന്നെ അന്നത്തെ പാർട്ടി ജില്ലാ സെക്രട്ടറി ആയിരുന്ന ബേബി ജോണിന് പരാതി കൊടുത്തു. അദ്ദേഹം അന്ന് അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. എന്നാൽ ഇതിനു ശേഷം ബേബി ജോൺ പാർട്ടി സെക്രട്ടറി സ്ഥാനത്തു നിന്ന് മാറുകയും എ.സി മൊയ്‌തീൻ സെക്രട്ടറി ആവുകയും ചെയ്തു. എ.സി മൊയ്‌തീൻ തട്ടിപ്പുകാരെ സംരക്ഷിക്കുന്ന നിലപാടാണ് എടുത്തത്. അതിനു ശേഷം 2019 ജനുവരി 16ന് ഞാൻ ജില്ലാ ജോയിന്റ് രജിസ്ട്രാർക്ക് പരാതി കൊടുത്തു. ശേഷം സെക്ഷൻ 65 പ്രകാരം അന്വേഷണത്തിന് അദ്ദേഹം ഉത്തരവിട്ടു. രണ്ട് വർഷമെടുത്ത് മൂന്നു സീനിയർ ഉദ്യോഗസ്ഥർ ചേർന്ന് റിപ്പോർട്ട് തയ്യാറാക്കി. ഇതിനിടയിൽ 2020 മാർച്ച് 24ന് മാതൃഭൂമിയിൽ നടന്ന ചർച്ചയിൽ മന്ത്രി കടകംപള്ളി സുരേന്ദ്രനോട് 200 കോടിയുടെ തട്ടിപ്പിനെക്കുറിച്ച് ഞാൻ നേരിട്ട് സൂചിപ്പിച്ചിരുന്നു. എന്നാൽ നടപടിയെടുക്കാം എന്ന് പറഞ്ഞതല്ലാതെ മറ്റൊന്നുമുണ്ടായില്ല.” എം.വി സുരേഷ് പറയുന്നു.

എം.വി സുരേഷ്

വർഷങ്ങളോളം ക്രമക്കേടുകൾ മൂടിവക്കപ്പെട്ടതാണ് തട്ടിപ്പിന്റെ വ്യാപ്തി കൂടാൻ സഹായിച്ചത്. തട്ടിപ്പുകൾ നടന്നത് ബാങ്ക് സ്ഥിതി ചെയ്യുന്ന പ്രദേശത്തെ ഒരു ജില്ലാ കമ്മിറ്റി അംഗത്തിന്റെ അറിവോടു കൂടിയാണെന്ന് പരാതിക്കാരും, നാട്ടുകാരും ആരോപിക്കുന്നുണ്ട്. “ബിജു കരീമും, ടി.ആർ സുനിൽകുമാറുമാണ് ഞങ്ങളെ വഞ്ചിച്ചത്, ബലിയാടാക്കിയത്. സുനിൽ കുമാർ പൊറത്തിശ്ശേരി നോർത്ത് ലോക്കൽ കമ്മിറ്റി സെക്രട്ടറി ആയിരുന്ന ആളാണ്. ബാങ്കിന്റെ പൊതുവായ കാര്യങ്ങൾ അന്വേഷിച്ചിരുന്നത് സി.പി.എം ജില്ലാ കമ്മിറ്റി അം​ഗമായ സി.കെ ചന്ദ്രനാണ്. സി.കെ ചന്ദ്രന്റെ അറിവോടുകൂടിയാണ് അവിടെ കാര്യങ്ങൾ നടന്നിരുന്നത്.” മുൻ ഭരണസമിതി അംഗമായ ലളിതൻ ആരോപിക്കുന്നു. ബാങ്കിലെ ജീവനക്കാരുടെ അവിശുദ്ധ കൂട്ടുകെട്ട് വ്യാജരേഖ ചമച്ച് 100 കോടി രൂപ തട്ടിയെടുത്തുവെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ ഇരിങ്ങാലക്കുട പൊലീസ് 2021 ജൂലൈയിലാണ് വായ്പാ തട്ടിപ്പിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുകയും അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറുകയും ചെയ്തത്. സി.പി.എം പ്രാദേശിക നേതാവ് കെ.കെ ദിവാകരന്റെ നേതൃത്വത്തിലുള്ള 13 അംഗ ഡയറക്ടർ ബോർഡാണ് ബാങ്ക് ഭരിച്ചിരുന്നത്. സാമ്പത്തിക കെടുകാര്യസ്ഥതയും വായ്പാ തട്ടിപ്പും ആരോപിച്ച് ഏതാനും പരാതികൾ ലഭിച്ചതിനെ തുടർന്ന് 2019 ഓഗസ്റ്റ് 31-ന് ജോയിന്റ് രജിസ്ട്രാർ ഓഫ് കോ-ഓപ്പറേഷൻ (തൃശൂർ) കരുവന്നൂർ സർവീസ് സഹകരണ ബാങ്കിന്റെ പ്രവർത്തനത്തെക്കുറിച്ച് വകുപ്പുതല അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ഇരിങ്ങാലക്കുട അസിസ്റ്റന്റ് രജിസ്ട്രാർ ഓമന കെ.എൽ, ഇൻസ്പെക്ടർമാരായ രശ്മി പി.സി, പ്രീത വി.വി എന്നിവരടങ്ങുന്ന മൂന്നംഗ സംഘം വിശദമായ അന്വേഷണം നടത്തി 2020 ഒക്ടോബർ 10 ന് ജോയിന്റ് രജിസ്ട്രാർക്ക് സമഗ്രമായ റിപ്പോർട്ട് സമർപ്പിച്ചു. റിപ്പോർട്ട് ഉടൻ സഹകരണ രജിസ്ട്രാർക്ക് കൈമാറി. കണ്ടെത്തലുകൾ വളരെ ഗുരുതര സ്വഭാവമുള്ളതായിരുന്നു.

സഹകരണ റിപ്പോർട്ടിലെ കണ്ടെത്തലുകൾ

കരുവന്നൂർ സഹകരണ ബാങ്കിൽ അടിമുടി തട്ടിപ്പുകളും ക്രമക്കേടുകളുമാണ് നടന്നിട്ടുള്ളതെന്ന് ഔദ്യോദികമായി സ്ഥിതീകരിക്കുന്നത് സഹകരണ വകുപ്പ് നടത്തിയ അന്വേഷണ റിപ്പോർട്ട് ആണ്. ബാങ്കിലെ പ്രാഥമിക അംഗത്വം കൊടുക്കുന്നത് മുതൽ തുടങ്ങുന്നു ഇവിടെ നടന്ന ക്രമക്കേടുകൾ. സഹകരണ ബാങ്ക് ചട്ടങ്ങൾക്ക് വിരുദ്ധമായി വ്യാജ അംഗത്വം ഇവിടെ ഭരണസമിതി നൽകിയിട്ടുണ്ട്. ബാങ്ക് പ്രവർത്തന പരിധിക്ക് പുറമെയുള്ള പ്രദേശത്ത് അംഗത്വം നൽകുമ്പോൾ പ്രസ്തുത അംഗത്തിന് ബാങ്ക് പ്രവർത്തന പരിധിയിൽ ഭൂമി ഉണ്ടാകേണ്ടതുണ്ട്. പൊറത്തിശ്ശേരി, മാടായിക്കോണം, ഇരിഞ്ഞാലക്കുട വില്ലേജുകളാണ് കരുവന്നൂർ സഹകരണ ബാങ്കിന്റെ പ്രവർത്തന പരിധി. എന്നാൽ ഇവിടെ മേൽ പറഞ്ഞ വില്ലേജുകളിൽ ഭൂമിയോ, വസ്തുക്കളോ ഇല്ലാത്ത വ്യക്തികൾക്കും, ജില്ലക്ക് പുറത്തുള്ളവർക്കും വ്യാജ രേഖയുണ്ടാക്കി അംഗത്വം നൽകുകയും വായ്പ അനുവദിക്കുകയും ചെയ്തിട്ടുണ്ട്. ഒരേ വസ്തുവിന്റെ ഈടിന് മുകളിൽ തന്നെ പല വായ്പകൾ ബാങ്ക് അനുവദിച്ചിട്ടുണ്ട്. വായ്പകൾ അനുവദിക്കുന്നതിലെ നടപടി ക്രമങ്ങളും ഇവിടെ അട്ടിമറിക്കപ്പെട്ടു. സാധാരണയായി ഒരു വസ്തുവിന്മേൽ പലിശ നൽകുമ്പോൾ അതാത് ശാഖാ മാനേജരും വായ്പക്കാരൻ ഉൾപ്പെട്ട പ്രദേശത്തെ ഭരണസമിതി അംഗവും ചേർന്നാണ് വസ്തു പരിശോധന നടത്തുക. എന്നാൽ ഇവിടെ അമ്പത് ലക്ഷത്തിന് മുകളിൽ നൽകപ്പെട്ട ഒരു വായ്പയിലും ഇത്തരത്തിലുള്ള പരിഗണന ഫോം കണ്ടിട്ടില്ലെന്ന് സഹകരണ വകുപ്പിന്റെ അന്വേഷണ റിപ്പോർട്ട് പറയുന്നു. 50 ലക്ഷത്തിനു മുകളിലുള്ള പല വായ്പകളിലും ബാങ്ക് ജീവനക്കാരൻ ആയ ബിജു മാത്രമാണ് വസ്തുപരിശോധന നടത്തി ഒപ്പുവച്ചിട്ടുള്ളത്.

ബാങ്ക് ജീവനക്കാരനായ ബിജു, ബാങ്കിന്റെ റബ്‌കോ കമ്മീഷൻ ഏജന്റ് ആയിരുന്ന ബിജോയ് എന്നീ വ്യക്തികൾക്ക് തങ്ങളുടെ സ്വന്തം പേരിലും കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും പേരിലും യാതൊരു നടപടി ക്രമങ്ങളും പാലിക്കാതെ വായ്പ നൽകിയതായി അന്വേഷണ റിപ്പോർട്ട് പറയുന്നു. വസ്തുവിന്റെ മുൻ ബാധ്യത പരിശോധിക്കാതെയും, പോസെഷൻ സർട്ടിഫിക്കറ്റ്, ലീഗൽ റിപ്പോർട്ട്, നികുതി രസീത് എന്നിവ വാങ്ങാതെയും ബാങ്കിൽ നിന്ന് വായ്പകൾ അനുവദിച്ചിട്ടുണ്ട്. വായ്പ അപേക്ഷ ബാങ്ക് ഭരണ സമിതി അംഗം ശുപാർശ ചെയ്യാതെയും, ബാങ്ക് പ്രസിഡന്റ് സാക്ഷ്യപ്പെടുത്താതെയും നിരവധി വായ്പകളാണ് അനുവദിക്കപ്പെട്ടിട്ടുള്ളത്. ഇത്തരത്തിൽ ക്രമപ്രകാരമല്ലാതെ അനുവദിക്കപ്പെട്ട വായ്പകളിൽ ബന്ധപ്പെട്ട ശാഖാ മാനേജർ അല്ലാത്ത ബിജുവാണ് ഓഫിസ് നോട്ടും വസ്തു പരിശോധന റിപ്പോർട്ടും ഒപ്പു വച്ചിട്ടുള്ളത്. ജീവനക്കാരുടെ റിയൽ എസ്റ്റേറ്റ് ബിസിനസിന് സഹായം നൽകുന്നതിനായി ബാങ്കിൽ നിന്നും വായ്പ അനുവദിച്ചു നൽകിയിട്ടുണ്ടെന്നും അന്വേഷണ കമ്മിറ്റി റിപ്പോർട്ട് പറയുന്നു. ബാങ്ക് ജീവനക്കാരൻ ബിജുവും, റബ്‌കോ ഏജന്റ് ബിജോയും ചേർന്ന് ഇടുക്കിയിൽ നടത്തുന്ന റിസോർട് നിർമാണത്തിനായാണ് ഇവിടെ നിന്നുമുള്ള വായ്പകൾ ഉപയോഗിച്ചിട്ടുള്ളതെന്ന് ഇവർ അന്വേഷണ സമിതി മുൻപാകെ മൊഴിയും കൊടുത്തിട്ടുണ്ട്.

പൊറത്തിശ്ശേരി ബ്രാഞ്ച്

വായ്പകൾ അവസാനിപ്പിക്കുബോൾ ക്ലോസ്ഡ് എന്ന് രേഖപ്പെടുത്താതെ ഈ രേഖകൾ ഉപയോഗിച്ച് വ്യാജ വായ്പകൾ ഉണ്ടാക്കി പണം തട്ടിയെടുക്കുന്നതും ഇവിടെ പതിവായിരുന്നു. ബാങ്കിൽ നിരവധിയായ ബിനാമി വായ്പകൾ നല്കപ്പെട്ടിട്ടുണ്ട്. കിരൺ എന്ന വ്യക്തി പല പേരുകളിലായി എടുത്ത വായ്പകളുടെ തിരിച്ചടവായി 13 .8 കോടി രൂപയാണ് ബാങ്കിലേക്ക് നൽകാനുള്ളത്. ഇതിൽ പലതും ബിനാമി പേരിലുള്ള വായ്പകളാണ്. മാപ്രാണം ശാഖയിലുള്ള ഒരു വായ്പ മാത്രമേ ഇയാളുടെ യഥാർത്ഥ പേരിലുള്ളൂ. ബാങ്കിലെ റബ്‌കോ ഏജന്റ് ആയ ബിജോയുടെ പേരിലും നിരവധി ബിനാമി വായ്പകളുണ്ട്. ഈ വായ്പകൾ എല്ലാം വ്യക്തമായി ഈടില്ലാതെയും, വായ്പക്കാരുടെ മേൽവിലാസം പോലും ശരിയല്ലാതെയുമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. മൂന്ന് കോടിയോളം രൂപയാണ് ബിജോയുടെ ബിനാമി വായ്പകളിലുള്ള ബാധ്യത. ബാങ്ക് വായ്പ സെഷൻ കൈകാര്യം ചെയ്തിരുന്ന ബിജുവിന്റെ പേരിലും കോടികളുടെ ബിനാമി വായ്പ ബാധ്യതകളുണ്ട്. ബിജു, ബിജോയ് എന്നിവരുടെ പേരിൽ ഒരുമിച്ചും, ബാങ്ക് സൂപ്പർമാർക്കറ്റ് ജീവനക്കാരനായ ജിൽസിന്റെ പേരിലും നിരവധി വായ്പകളുണ്ട്.

തട്ടിപ്പ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം ബാങ്ക് മുൻ സെക്രട്ടറി ടി.ആർ സുനിൽ കുമാർ, മുൻ മാനേജർ എംതകെ ബിജു, മുൻ സീനിയർ അക്കൗണ്ടന്റ് സി.കെ ജിൽസ്, കമ്മീഷൻ ഏജന്റുമാരായ കിരൺ, എ.കെ ബിജോയ്, ബാങ്ക് സൂപ്പർ മാർക്കറ്റിലെ അക്കൗണ്ടന്റ് റെജി അനിൽകുമാർ, ഭരണസമിതി അംഗങ്ങൾ എന്നിവർക്കെതിരെ കേസെടുത്തിരുന്നു. ഭരണസമിതി അംഗങ്ങൾ അറസ്റ്റിലാവുകയും മൂന്ന് മാസത്തിലധികം വിചാരണ തടവുകാരായി കഴിയുകയും ചെയ്തു. എന്നാൽ തങ്ങൾ അറിഞ്ഞല്ല ക്രമക്കേടുകൾ നടന്നതെന്നാണ് ബാങ്ക് ഭരണ സമിതി അംഗങ്ങൾ ഇപ്പോൾ പറയുന്നത്. “ബിജു കരീമാണ് ഇവിടുത്തെ വായ്പ അപേക്ഷകൾ കൈകാര്യം ചെയ്തിരുന്നത്. ആദ്യമേ വായ്പാ അപേക്ഷകന്റെ പരിഗണന ഫോറം പൂരിപ്പിച്ച് ഹെഡ് ഓഫിസിലേക്ക് അയക്കണം. ഹെഡ് ഓഫീസിലെ കമ്മിറ്റി അപേക്ഷകനെ കണ്ട് വായ്പ കൊടുക്കാം എന്ന് വിലയിരുത്തിയാൽ അയാളോട് ശരിയായ വായ്പ ഫോറവും അനുബന്ധ രേഖകകളും, ആധാരവും ഹാജരാക്കാൻ പറയും. ഈ രേഖകൾ ഡയറക്ടർ ബോർഡ് മെമ്പർ എന്ന നിലയിൽ ഞാൻ ശുപാർശ ചെയ്ത് ഹെഡ് ഓഫീസിലേക്ക് അയക്കും. വീണ്ടും അത് ബ്രാഞ്ചിൽ വരുമ്പോൾ വസ്തുപരിശോധന നടത്തും. അടുത്ത ബോർഡ് മീറ്റിങ്ങിലാണ് അത് പാസാക്കുക. എന്നാൽ അനധികൃത വായ്പകൾ നൽകിയ ഒറ്റ ഫയൽ പോലും ബോർഡ് മീറ്റിങ്ങിൽ വച്ചിട്ടില്ല. ചെറിയ വായ്പകൾ മാത്രമേ ഭരണസമിതി മീറ്ററിംഗിൽ വരാറുള്ളൂ. ഭരണസമിതി മീറ്റിംഗിൽ മിനുട്സ് ക്ലോസ് ചെയ്യാറില്ല. അടുത്ത മീറ്റിംഗിന് ചെല്ലുമ്പോഴാണ് കഴിഞ്ഞ മീറ്റിംഗ് ക്ലോസ് ചെയ്തിടത്ത് ഞങ്ങൾ ഒപ്പു വയ്ക്കുന്നത്. ഈ രീതി ശരിയല്ലെന്ന് തുടക്കത്തിലേ സെക്രട്ടറിയോട് പറഞ്ഞിരുന്നു. എന്നാൽ കാലങ്ങളായി ഇതാണ് ഇവിടെ തുടർന്നുവരുന്ന രീതി എന്നാണ് സെക്രട്ടറി പറഞ്ഞത്. ഭരണസമിതിയിലെ സി.പി.ഐ പ്രതിനിധിയായ ലളിതൻ പറയുന്നു. ബാങ്ക് ഭരണാമിതി അംഗങ്ങൾ ഇപ്പോൾ കോടികളുടെ റവന്യൂ റിക്കവറി നേരിടുകയാണ്.

ആർ.എൽ ജീവൻലാൽ

തട്ടിപ്പു നടത്തിയവർക്ക് കൂട്ട് നിന്നിട്ടില്ലെന്നും തക്ക സമയത്ത് നടപടി എടുത്തിട്ടുണ്ടെന്നുമാണ് സി.പി.എം പ്രാദേശിക നേതൃത്വം പറയുന്നത്. “നമ്മുടെ മുന്നിൽ ക്രമക്കേട് ബോധ്യപ്പെടുന്ന സമയത്തുതന്നെ പാർട്ടി ഇടപെട്ടിട്ടുണ്ട്. ലഭിച്ച വിവരങ്ങൾ പ്രകാരം പാർട്ടി സർക്കാരിനോട് സഹകരണ വകുപ്പിന്റെ കീഴിലുള്ള അന്വേഷണത്തിന് ശുപാർശ ചെയ്യുകയും 2019 ൽ തന്നെ ഈ അന്വേഷണം ആരംഭിക്കുകയും ചെയ്തു. ഈ വിഷയത്തിൽ ക്രമക്കേടുകൾ കണ്ടപ്പോൾ തന്നെ സഹകരണ നടപടിക്രമമനുസരിച്ചുള്ള എല്ലാ നടപടിയും എടുക്കാൻ ഞങ്ങൾ തയ്യാറായിട്ടുണ്ട്. ടി.ആർ സുനിൽകുമാർ, എം.കെ ബിജു, സി.കെ.ജിൽസ് എന്നിവർ കുറ്റകരമായ പ്രവർത്തികൾ ചെയ്തതായി ശ്രദ്ധയിൽപ്പെട്ടപ്പോൾ തന്നെ ഇവരെ സ്ഥാനങ്ങളിൽ നിന്നും മാറ്റി നിർത്തിയിട്ടുണ്ട്. അതിനുശേഷം ലോക്കൽ പൊലീസും, ക്രൈംബ്രാഞ്ചും കേസ് എടുക്കുകയും പ്രതികളെ അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്.” ബാങ്കിന്റെ പരിധിയിൽ വരുന്ന സ്ഥലത്തെ സി.പി.എം നേതാവ് (പൊറത്തിശ്ശേരി ലോക്കൽ കമ്മിറ്റി സെക്രട്ടറി) ആർ.എൽ ജീവൻലാൽ പറയുന്നു. പ്രാദേശികമായി ഇത് സിപിഎമ്മിന് തിരിച്ചടിയായിട്ടില്ലെന്നും പാർട്ടിയെ ജനങ്ങൾ വിശ്വാസത്തിലെടുത്തിട്ടുണ്ടെന്നുമാണ് ജീവൻലാൽ അഭിപ്രായപ്പെടുന്നത്. “പാർട്ടി ഭരണസമിതിയെ പിരിച്ചുവിട്ട ശേഷം 2021 ജൂലൈ മാസം 28ന് അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി നിലവിൽ വന്നു. 2023 ആഗസ്ത് 31 വരെയുള്ള കണക്കുകൾ പ്രകാരം 73.97 കോടി രൂപയുടെ നിക്ഷേപങ്ങൾ നിക്ഷേപകർ ആവശ്യപ്പെട്ടത് പ്രകാരം തിരിച്ചു നൽകാൻ ബാങ്കിന് സാധിച്ചിട്ടുണ്ട്. അതിനാൽ ഇനി ഒരു സഹകരണ തിരഞ്ഞെടുപ്പ് കരുവന്നൂർ ബാങ്കിൽ ഉണ്ടായാലും ഇതുവരെ കിട്ടിയിരുന്ന അതേ ഭൂരിപക്ഷത്തിൽ എൽ.ഡി.എഫ് അധികാരം പിടിക്കും” ജീവൻലാൽ ആത്മവിശ്വാസത്തോടെ പറയുന്നു.

എന്നാൽ സഹകരണ മേഖലയുടെ വിശ്വാസ്യത തിരിച്ചുപിടിക്കുന്ന തരത്തിലുള്ള ഒരു നടപടിയും കരുവന്നൂർ വിഷയത്തിൽ സി.പി.എം സ്വീകരിച്ചിട്ടില്ല എന്നാണ് പ്രതിപക്ഷം പറയുന്നത്. ഏറെ വർഷങ്ങൾക്ക് മുമ്പ് കരുവന്നൂർ ബാങ്ക് ഭരണസമിതിയിൽ അം​ഗമായിരുന്ന ഡി.സി.സി സെക്രട്ടറിയും സഹകാരിയുമായ ആന്റോ പെരുമ്പിള്ളി അത് വ്യക്തമാക്കുന്നു. “സഹകരണ മേഖലക്കു ജനങ്ങൾക്കിടയിൽ വലിയ വിശ്വാസമുണ്ട്. രാഷ്ട്രീയത്തിനതീതമായി വളർന്നുവന്നവയാണ് മിക്ക സഹകരണ സംഘങ്ങളും. കൊമേർഷ്യൽ ബാങ്കുകളുടെ കടന്നുകയറ്റത്തെ നിയന്ത്രിക്കാനും, സാധാരണക്കാരെ അത്യാവശ്യ സമയത്ത് സഹായിക്കാനും, ഒരുപാടു പേർക്ക് തൊഴിൽ നൽകുന്ന സംരംഭമാകാനും സഹകരണ മേഖലക്ക് സാധിച്ചിട്ടുണ്ട്. എന്നാൽ കരുവന്നൂരിന്റെ കാര്യത്തിൽ ഈ വിശ്വാസ്യത ചോദ്യം ചെയ്യപ്പെട്ടു. അതുകൊണ്ട് തുടക്കം മുതലേ ഈ സമരത്തിൽ ഞങ്ങൾ പറഞ്ഞിട്ടുള്ള കാര്യം കരുവന്നൂരിൽ ഇങ്ങനെ സംഭവിച്ചു എന്നുള്ളത് കൊണ്ട് എല്ലാ സഹകരണ സംഘങ്ങളും ഇങ്ങനെയാണെന്നു പറയുന്നതിൽ അർത്ഥമില്ല എന്നാണ്. വളരെ ന്യൂനപക്ഷം ആളുകളാണ് ഈ തട്ടിപ്പിന് പിന്നിൽ. അവരെ കണ്ടുപിടിക്കുകയും പുറത്തുകൊണ്ടുവരുകയുമാണ് വേണ്ടത്. അത് ചെയ്തു കഴിഞ്ഞാൽ ഈ മേഖലയുടെ വിശ്വാസം തിരിച്ചുപിടിക്കാൻ കഴിയുമെന്നാണ് ഞാൻ വിചാരിക്കുന്നത്. എന്നാൽ തൊലിപ്പുറമെയുള്ള ചികിത്സ നടത്താൻ മാത്രമേ സി.പി.എം തയ്യാറായുള്ളൂ. സഹകരണ അന്വേഷണ റിപ്പോർട്ട് വന്നതിന് ശേഷവും ഒരു നടപടിയും സി.പി.എം സ്വീകരിച്ചില്ല. വ്യക്തമായ തെളിവുകളുണ്ടായിട്ടും സി.പി.എം മിണ്ടാതെയിരുന്നു. അത് സഹകരണ സംഘങ്ങളുടെ വിശ്വാസ്യതയെ ബാധിക്കാൻ ഇടയാക്കിയിട്ടുണ്ട്.”

പി.ആർ അരവിന്ദാക്ഷനെ ഇ.ഡി അറസ്റ്റ് ചെയ്യുന്നു. കടപ്പാട്:thehindu

കരുവന്നൂരിൽ നിക്ഷേപം നടത്തിയവർ ഇനിയും പണത്തിനായി കാത്തിരിക്കുകയാണ്. കേരളാ ബാങ്കിൽ നിന്നും പണം അനുവദിച്ച് നിക്ഷേപകരുടെ പ്രതിസന്ധി എത്രയും പെട്ടെന്ന് അവസാനിപ്പിക്കാനാണ് സംസ്ഥാന സർക്കാർ ശ്രമിക്കുന്നത്. അതിനിടയിലാണ് ഇ.ഡി അന്വേഷണത്തിന്റെ പുരോ​ഗതി സി.പി.എമ്മിനെയും സർക്കാരിനെയും കടുത്ത പ്രതിസന്ധിയിലേക്ക് തള്ളിവിട്ടത്. കരുവന്നൂർ കേസിൽ കള്ളപ്പണം വെളുപ്പിക്കൽ നടന്നിട്ടുണ്ടെന്നാണ് ഇ.ഡിയുടെ കണ്ടെത്തൽ. ഇതുമായി ബന്ധപ്പെട്ട് സി.പി.എം നേതാവും വടക്കാഞ്ചേരി ന​ഗരസഭ കൗൺസിലറുമായ പി.ആർ അരവിന്ദാക്ഷൻ, സി.പി.എം സംസ്ഥാന സമിതി അം​ഗങ്ങളായ എം.കെ കണ്ണൻ (കേരള ബാങ്ക് വൈസ് ചെയർമാൻ), എ.സി മൊയ്‌തീൻ എം.എൽ.എ എന്നിവരെ ഇ.ഡി നിലവിൽ ചോദ്യം ചെയ്തു കഴിഞ്ഞു. പി.ആർ അരവിന്ദാക്ഷനെ പിന്നീട് ഇ.‍ഡി അറസ്റ്റ് ചെയ്യുകയും ചെയ്തു. ഇ.ഡി യുടെ അന്വേഷണം രാഷ്ട്രീയപ്രേരിതമാണെന്നും സഹകരണ മേഖലയെ തകർക്കാനുള്ള കേന്ദ്ര സർക്കാരിന്റെ ശ്രമമാണെന്നുമാണ് സി.പി.എം ഇപ്പോഴും വാദിക്കുന്നത്. അടുത്തകാലത്തായി പ്രതിപക്ഷ രാഷ്ട്രീയ കക്ഷികൾക്കെതിരെ ഇ.ഡിയുടെ ഭാ​ഗത്ത് നിന്നുമുണ്ടായ പല നടപടികളും കേന്ദ്ര സർക്കാരിന്റെ രാഷ്ട്രീയ താത്പര്യങ്ങളെ തുറന്നുകാണിക്കുന്നവയാണ്. എന്നാൽ ആ വാദം ജനങ്ങൾ വിശ്വസിക്കണമെങ്കിൽ അറസ്റ്റിലാവുകയും ചോദ്യം ചെയ്യപ്പെടുകയും ചെയ്ത നേതാക്കൾ സത്യസന്ധത തെളിയിക്കേണ്ടി വരും, ഇരകളാക്കപ്പെട്ടവർക്ക് നീതികിട്ടേണ്ടി വരും.

INDEPENDENT,
IN-DEPTH JOURNALISM
FOR SOCIAL &
ECOLOGICAL
JUSTICE

keraleeyam-logo

Support Keraleeyam

Choose Your Preference

₹1000/Year

₹2000/2 Years

₹500/Year(Students)

One TimeAny Amount

Also Read