രജിസ്റ്ററിലെ പേര് ചേർക്കലും ജാതിക്കോളവും

ലുഡോ, കല്ല് വെട്ടിക്കളി തുടങ്ങിയ ചില കളികള്‍ കളിക്കുന്നതിനും ബാരക്കില്‍ വിലക്കുണ്ടായിരുന്നു. സമയം കൊല്ലാനായി തടവുകാരില്‍ മിക്കവരും ഇത്തരം വിനോദങ്ങളിലാണ് ഏര്‍പ്പെട്ടിരുന്നത്.

ജയിലിന്റെ തറയിലും ധരിച്ചിരിക്കുന്ന വെള്ള ബനിയന്‍ ഊരി അതിലും എല്ലാം കല്ലുകള്‍കൊണ്ടോ, നമ്പര്‍ദാര്‍മാരില്‍ നിന്നോ റൈറ്റര്‍മാരില്‍ നിന്നോ മയത്തില്‍ ഒപ്പിച്ചെടുക്കുന്ന പേനകള്‍ കൊണ്ടോ ആണ് കളിക്കാന്‍ ആവശ്യമായ ലു‍‍ഡോ ബോർഡുകള്‍ തയ്യാറാക്കുക. ടൂത്ത് പേയ്സ്റ്റ് ട്യൂബിന്റെ അടപ്പുകള്‍, ജയിലിലെ ക്ലിനിക്കില്‍ നിന്ന് ലഭിക്കുന്ന വിവിധ നിറത്തിലുള്ള ഗുളികകള്‍ എന്നിവ ഉപയോഗിച്ചാണ് ഇത്തരം കളികള്‍ കളിച്ചിരുന്നത്.

മഥുര ജില്ലാ ജയിലിലെ ആദ്യരാത്രി സമാധാനത്തോടെ ഉറങ്ങി. കഴിഞ്ഞ 20 ദിവസത്തിന് ശേഷം അല്‍പം സമാധാനത്തോടെ ഒന്നുറങ്ങുന്നത് ഇന്നലെയാണ്. തടവറയില്‍ അടക്കപ്പെട്ടതിന് ശേഷം ഗാഢനിദ്ര ലഭിച്ചിരുന്നില്ല. ഉറക്കത്തില്‍ പല തവണ ഞെട്ടിയുണരും. ഉണര്‍ന്ന് ചുറ്റും നോക്കുമ്പോള്‍ എല്ലാം ബാരക്കില്‍ പലരും ബീഡി വലിക്കുകയോ തമ്പാക്കു ചവക്കുകയോ ചെയ്യുകയായിരിക്കും. ഞാനിന്ന് ഉറക്കമുണരുന്നത്, തടവറയിലെ എന്റെ ഇരുപത്തിരണ്ടാമത്തെ ദിവസത്തേക്കാണ്. ഇന്ന് എനിക്കൊന്ന് കുളിക്കണം.  ഇന്ന് എനിക്ക് കുളിക്കാനാവുമെന്ന ചിന്തയാണ് കഴിഞ്ഞ രാത്രി എന്നെ സമാധാനത്തില്‍ ഉറക്കിയത്. പക്കാ ബാരക്കുകള്‍ രാവിലെ ആറു മണിക്ക് തുറക്കും. എന്നാല്‍, ഞങ്ങള്‍ ഇപ്പോള്‍ മുലായജ ബാരക്കിലാണ്, ഞങ്ങളുടെ ബാരക്ക് 11 മണിക്കാണ് തുറക്കുക. ആ സമയത്താണ് ഞങ്ങളുടെ ബ്രഞ്ച് (ബ്രേക്ക് ഫാസ്റ്റും ലഞ്ചും ഒരുമിച്ച്) എത്തുക. ബ്രഞ്ച് എത്തുന്നതിന് അനുസരിച്ചാണ് ബാരക്ക് തുറക്കുക. ബാരക്ക് തുറന്നാല്‍ ഒരു മണിക്കൂര്‍ പുറത്ത് നില്‍ക്കാം. ആ സമയത്താണ് കുളിക്കാനുള്ള അവസരം ലഭിക്കുക. മുലായജ ബാരക്കില്‍ ഉള്ളവര്‍ക്ക് കുളിക്കണമെങ്കില്‍ ബാരക്കിന്റെ ചാര്‍ജുള്ള നമ്പര്‍ദാര്‍മാര്‍ കനിയണം. ഇന്ന് ബ്രഞ്ച് കഴിക്കാതെ കുളിക്കാന്‍ തന്നെ ഞാന്‍ തീരുമാനിച്ചു.

എന്നാല്‍, സാധാരണ ബാരക്ക് തുറക്കുന്നതിന് മുന്‍പ്  തന്നെ ഇന്ന് ഞങ്ങളുടെ ബാരക്ക് തുറന്നു. ഇന്നലെ വൈകുന്നേരം ഈ ബാരക്കിലെത്തിയ എല്ലാവരോടും ജോഡിയായി ബാരക്കിന് പുറത്തേക്കിറങ്ങാന്‍ പറഞ്ഞു. ഹവാലാത്ത് ഓഫീസില്‍ നിന്ന് പര്‍ച്ചിയുമായി (സ്ലിപ്പ്) വന്ന ഒരു റൈറ്ററാണ് നിര്‍ദേശം തന്നത്. ഹവാലാത്ത് എന്ന പദത്തിന് അര്‍ത്ഥം കസ്റ്റഡി എന്നാണ്, ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന തടവുകാരുടെ കാര്യങ്ങള്‍ ചെയ്യുന്നതിനുള്ള ഓഫീസാണിത്. ഒരു ഡെപ്യൂട്ടി ജയിലര്‍ക്കായിരിക്കും ഈ ഓഫീസിന്റെ ചുമതല. ഇവിടത്തെ കാര്യങ്ങള്‍ ചെയ്യുന്നതിനായി എഴുത്തും വായനയും അറിയാവുന്ന തടവുകാരെ ജയിലറോ ഡെപ്യൂട്ടി ജയിലറോ  നിയമിക്കുകയാണ് പതിവ്. ഡെപ്യൂട്ടി ജയിലര്‍ ‘ഡിപ്ടി’ എന്ന ചുരുക്കപേരിലാണ് ജയിലില്‍ പരക്കെ വിളിക്കപ്പെടുക.

ജയിലിനകത്ത് നടക്കുന്ന ഓരോ ചലനങ്ങളും പര്‍ച്ചിക്കനുസരിച്ചാണ് നടത്തേണ്ടത്. പര്‍ച്ചി എന്ന ഉര്‍ദു പദത്തിന് സ്ലിപ്പ് എന്നേ അര്‍ത്ഥമുള്ളൂ. എന്നാല്‍, അതാത് ഓഫീസുകളില്‍ നിന്ന് ഒരു തുണ്ടു പേപ്പറില്‍ കുറിപ്പായിട്ട് എഴുതി അയക്കുന്ന നിര്‍ദേശം എന്നാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. ഹവാലാത്തി ഓഫീസില്‍ നിന്ന് പര്‍ച്ചിയുമായി വന്ന റൈറ്റര്‍ ഞങ്ങളെ ജോ‍ഡിയാക്കി നിര്‍ത്തി ഗിന്‍തി നടത്തി (തല എണ്ണം പിടിച്ച്) ഞങ്ങളോട് നടക്കാന്‍ പറഞ്ഞു. വരിയുടെ മുമ്പില്‍ ഹവാലാത്തി റൈറ്ററും വരിയുടെ ഏറ്റവും പിറകില്‍ കൈയ്യില്‍ ലാത്തിയുമേന്തി ബാരക്കിന്റെ ചുമതലയുള്ള നമ്പര്‍ദാറും ഞങ്ങളെ തെളിച്ചുകൊണ്ടുപോവുകയാണ്. അനുസരണയുള്ള ആട്ടിന്‍ പറ്റങ്ങളെ പോലെ എല്ലാവരും നിരയായി നീങ്ങുന്നു. ആ വരിയില്‍ 18 വയസ്സുള്ള കൗമാരക്കാരനും സപ്തതി പിന്നിട്ട മുത്തച്ചനും എല്ലാം ഉണ്ടായിരുന്നു. മുലായജക്കായി ഹവാലാത്തി ഓഫീസിലേക്കാണ് നമ്മളെ കൊണ്ടുപോകുന്നതെന്ന് മുമ്പ് ജയിലില്‍ കിടന്ന് പരിചയമുള്ള ഒരു തടവുകാരന്‍ പറഞ്ഞു. ‘മുലാഹിജ’ എന്ന ഉര്‍ദു വാക്ക് പറഞ്ഞ് പറഞ്ഞ് ‘മുലായജ’യായതാണ്. നിരീക്ഷണം, കരുതല്‍  എന്നൊക്കയാണ് ഇതിന്റെ വാക്കര്‍ത്ഥം. പുതുതായി ജയിലില്‍ എത്തുന്ന തടവുകാരുടെ വിവരങ്ങള്‍ രജിസ്റ്ററില്‍ പകര്‍ത്തുന്ന പരിപാടിക്കാണ് ഇവിടെ മുലായജ എന്ന് പറയുന്നത്.

പേര്, പിതാവിന്റെ പേര്, മാതാവിന്റെ പേര്, ഭാര്യയുടെ പേര്, മക്കളുടെ പേര്, വീട്ടിലെ ഒരു മൊബൈല്‍ നമ്പര്‍, പൂര്‍ണ്ണ മേല്‍വിലാസം, മതം, ജാതി, ശരീരത്തിലെ രണ്ട് തിരിച്ചറിയല്‍ അടയാളങ്ങള്‍, ശരീരത്തിന്റെ തൂക്കം, ഉയരം എന്നിവ എല്ലാം ഈ രജിസ്റ്ററില്‍ രേഖപ്പെടുത്തും. അവസാനം ഇടത്തെ പെരുവിരല്‍ ഒരു കരിയില്‍ മുക്കി രജിസ്റ്ററില്‍ വിരലടയാളം വെപ്പിക്കും. തുടര്‍ന്ന് ഒരു കംപ്യൂട്ടറില്‍ ഘടിപ്പിച്ച വെബ് ക്യാമറ ഉപയോഗിച്ച് മുഖത്തിന്റെ പടം മുന്നില്‍ നിന്നും രണ്ട് വശത്ത് നിന്നും എടുക്കും. മുന്‍വശത്ത് നിന്ന് പടം എടുക്കുമ്പോള്‍ ഒരു സ്ലേറ്റിൽ ചോക്ക് കൊണ്ട് തടവുകാരന്റെ പേരും പിതാവിന്റെ പേരും എഴുതിയത് കൈയ്യില്‍ പിടിപ്പിക്കും. ഇപ്പോള്‍ പറഞ്ഞ് കൊടുക്കുന്ന വിവരങ്ങള്‍ ഒത്തുനോക്കിയാണ് ജയില്‍ മോചന സമയത്ത് ആളുകളെ മോചിപ്പിക്കുക. അതുകൊണ്ട് മുലായജ സമയത്ത് പറഞ്ഞ് കൊടുക്കുന്ന മൊബൈല്‍ നമ്പര്‍ ഏതാണെന്ന് നല്ലപോലെ ഓര്‍ത്ത് വെക്കണമെന്ന് മസൂദും അത്തീക്കും എന്നെ ഓര്‍മപ്പെടുത്തിയിരുന്നു. ജയില്‍ മോചന സമയത്ത് മൊബൈല്‍ നമ്പര്‍ ചോദിക്കുമ്പോള്‍ മുലായജയില്‍ പറഞ്ഞ അതേ നമ്പര്‍ തെറ്റാതെ പറയണം. തെറ്റി പറഞ്ഞാല്‍ മോചനം വൈകുമത്രേ…! ഇനി അതുകൊണ്ട് മോചനം വൈകേണ്ട എന്ന് കരുതി ഞാനൊരു സിഗരറ്റ് പെട്ടിയുടെ തുണ്ട് കഷ്ണത്തില്‍ മൊബൈല്‍ നമ്പര്‍ എഴുതി എന്റെ പാന്റിന്റെ പോക്കറ്റില്‍ സൂക്ഷിച്ചു. ഇന്ന് മോചിതനാവും നാളെ പുറത്തിറങ്ങാനാവുമെന്ന ശുഭപ്രതീക്ഷയുമായി കഴിഞ്ഞ എന്നെ, 14 മാസങ്ങള്‍ക്ക് ശേഷം  മഥുര ജയിലില്‍ നിന്ന് ലഖ്നോ ജയിലിലേക്ക് മാറ്റുമ്പോഴാണ് ഞാന്‍ ആ സിഗരറ്റ് പെട്ടിയുടെ തുണ്ട് നശിപ്പിച്ചത്. ലഖ്നോ ജയിലിലേക്ക് പോകുമ്പോള്‍ അവിടെ നടക്കുന്ന തലാശിയില്‍ മൊബൈല്‍ നമ്പര്‍ എഴുതിയ ഈ തുണ്ട് പേപ്പര്‍ പിടിക്കപ്പെട്ടാല്‍ കഠിന ശിക്ഷ ലഭിക്കുമെന്ന് ലഖ്നോ ജയിലിനെ കുറിച്ചറിയുന്ന ഒരു തടവുകാരന്‍ പറഞ്ഞതിനാലാണ് അങ്ങനെ ചെയ്തത്.

മുലായജ നടപടിക്രമത്തിനായി തടവുകാരെ എല്ലാവരേയും ഹവാലാത്തി ഓഫീസിന്റെ പുറത്ത് രണ്ട് നിരയായി ജോഡിയാക്കി കുത്തിയിരുത്തി. ഷര്‍ട്ടും ബനിയനും എല്ലാം അഴിച്ച് അര്‍ദ്ധ നഗ്നനായി വേണം ഇരിക്കാന്‍. ശരീരത്തിലെ രണ്ട് തിരിച്ചറിയല്‍ മാര്‍ക്കുകള്‍ കാണിച്ച് കൊടുക്കാനാണ് ഈ അര്‍ദ്ധ നഗ്നതാ പ്രദര്‍ശനം. അരക്കെട്ടിന് മുകളില്‍ കറുത്ത മറുകോ മായാത്ത മുറിവിന്റെ പാടുകളോ ഇല്ലാത്തവര്‍ പാന്റും അടിവസ്ത്രവും എല്ലാം അഴിച്ച് കാണിക്കേണ്ടി വരും. എനിക്ക് മുഖത്തും കൈയ്യിലുമെല്ലാം കറുത്ത മറുകുണ്ടായിരുന്നതിനാല്‍ ആ അപമാനത്തില്‍ നിന്ന് ഞാന്‍ രക്ഷപ്പെട്ടു. എന്നാല്‍, എന്റെ ഊഴമെത്തിയപ്പോള്‍ ഞാന്‍ നേരിട്ടത് മറ്റൊരു വന്‍ വെല്ലുവിളിയായിരുന്നു. അവിടെ മറ്റാരും നേരിടാത്ത വെല്ലുവിളി. എന്നാല്‍, നമ്മുടെ രാജ്യം കാലങ്ങളായി നേരിട്ടുകൊണ്ടിരിക്കുന്ന ദുരന്തം. ഹവാലാത്തി ഓഫീസിലെ രണ്ട് റൈറ്റര്‍മാരാണ് തടവുകാരുടെ പേരുവിവരങ്ങള്‍ രജിസ്റ്ററില്‍ ചേര്‍ക്കുന്നത്. ഒരാള്‍ ഒരു മേശയും കസേരയുമിട്ട് ഇരുന്ന് രജിസ്റ്ററില്‍ എഴുതുന്നു, മറ്റേയാള്‍ നിന്നുകൊണ്ട് തടവുകാരുടെ പേരുവിവരങ്ങള്‍ ചോദിച്ചറിഞ്ഞ് എഴുതുന്നയാള്‍ക്ക് ഉച്ചത്തില്‍ വിളിച്ച് പറഞ്ഞ്, ശരീരത്തിലെ തിരിച്ചറിയല്‍ അടയാളം ലാത്തികൊണ്ട് തോണ്ടി ചുരണ്ടി അടയാളം മായാത്തതാണെന്ന് ഉറപ്പ് വരുത്തി പറഞ്ഞു കൊടുക്കും.  

എന്റെ വിവരങ്ങള്‍ ചേര്‍ക്കുന്ന രജിസ്റ്ററിന്റെ പേജില്‍ ഒരു കോളം പൂരിപ്പിക്കാന്‍ അര മണിക്കൂറെങ്കിലും എടുത്തു കാണും.  എന്റെ മതം ചോദിച്ചപ്പോള്‍ ഞാന്‍ ഇസ്ലാം എന്ന് പറഞ്ഞു. അടുത്ത ചോദ്യം ജാതിയായി. ഞാന്‍ പറഞ്ഞു എനിക്ക് ജാതിയില്ല. അത് അവര്‍ക്ക് ഒരു സമസ്യയായി. ജാതി കോളം പൂരിപ്പിക്കാതിരിക്കാനാവില്ലെന്ന് അവര്‍ ശാഠ്യം പിടിച്ചു. അങ്ങനെയെങ്കില്‍ ഒ.ബി.സി എന്നെഴുതിക്കൊള്ളാന്‍ ഞാന്‍ ആവശ്യപ്പെട്ടു. അവിടെ നിന്ന് കൊണ്ട് കാര്യങ്ങള്‍ ചെയ്യുന്ന റൈറ്ററെ ആളുകള്‍  മാസ്റ്റര്‍ ജി എന്നാണ് വിളിക്കുന്നത്. എനിക്ക് ഹിന്ദിയില്‍ പറഞ്ഞത് തിരിയാത്തത് കൊണ്ടാണെന്ന് കരുതി അദ്ദേഹം ഇംഗ്ലീഷില്‍ എനിക്ക് വ്യക്തമാക്കി തരാന്‍ ശ്രമിച്ചു. ബ്രദര്‍, വാട്ടീസ് യുവര്‍ കാസ്റ്റ്…   കാസ്റ്റ് മീന്‍സ്… പണ്ഡിറ്റ്, ഠാക്കൂര്‍, യാദവ്, ജാഠവ്, രാജ്പുത്, ത്യാഗി,….. ഐസ കുച്ച് സര്‍ നെയിം ഹേ ആപ് കോ…  ജാതി എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്..പണ്ഡിറ്റ്, ഠാക്കൂര്‍, യാദവ്, ജാഠവ്, ചൗധരി, രാജ്പുത്ത്, ത്യാഗി… എന്നാണ്, അത്തരത്തില്‍ വല്ല സര്‍ നെയിമും  തനിക്കുണ്ടോ… ഞാന്‍ പറഞ്ഞു, ഇല്ല, എനിക്ക് ജാതിയില്ല, ഞാന്‍ കേരളത്തില്‍ നിന്നുള്ള മുസ്ലിമാണ്…

അപ്പോള്‍ മാസ്റ്റര്‍ ജി പറഞ്ഞു, യു.പി മുസല്‍മാനോ കോ ബീച്ച് മേ അന്‍സാരി, മന്‍സൂരി, ഖുറൈശി, സിദ്ദീഖി,.. ഐസാ ജാത്തി ഹേ… യു.പിയില്‍ മുസ്ലിംകള്‍ക്കിടയില്‍ അന്‍സാരി, മന്‍സൂരി, ഖുറൈശി, സിദ്ദീഖി,.. തുടങ്ങിയ ജാതികള്‍ ഉണ്ട് അങ്ങനെ വല്ലതും.. മാസ്റ്റര്‍ ജി ഇത് പറഞ്ഞുകൊണ്ടിരിക്കേ ഉച്ചത്തില്‍ ഒരു ശബ്ദം കേട്ടു, ഹഠോ…ഹഠോ… ഹഠ്ജാഹോ.. (മാറൂ..മാറൂ.. മാറി പോകൂ…)

‘സാബ് ആ രഹിഹേ…സാബ് ആ രഹിഹേ…’ (സാര്‍ വരുന്നു, സാര്‍ വരുന്നു….) മഞ്ഞ യൂണിഫോം ധരിച്ച, നമ്പര്‍ദാര്‍ ഉച്ചത്തില്‍ പറയുന്നത് കേട്ടതോടെ അവിടെ ഇരുന്ന്കൊണ്ട് രജിസ്റ്ററില്‍ എഴുതിയിരുന്ന റൈറ്ററും നിന്നുകൊണ്ട് എന്നോട് സംസാരിച്ചുകൊണ്ടിരുന്ന മാസ്റ്റര്‍ ജിയും നമ്പര്‍ദാറും എല്ലാം ഭവ്യതയോടെ എണീറ്റ് നിന്നു.  ജയിലിന്റെ പ്രധാന കവാടം രണ്ട് നമ്പര്‍ദാര്‍മാര്‍ ചേര്‍ന്ന് വലിച്ച് തുറന്നു. അതിനിടയിലൂടെ ഇടതും വലതും മറ്റു  രണ്ട് നമ്പര്‍ദാര്‍മാരുടെ അകമ്പടിയോടെ ഒത്ത തടിയും ഉയരവുമുള്ള  സിവില്‍ ഡ്രസ്സ് ധരിച്ച ഒരാള്‍ വലിയ ഗൗരവത്തില്‍ കടന്നുവന്നു. ഇതാണ്, ഹവാലാത്ത് ഓഫീസിന്റെ ചുമതലയുള്ള ഡെപ്യൂട്ടി ജയിലര്‍ സന്ദീപ് ശ്രീവാസ്തവ എന്ന് ആരോ അടക്കം പറഞ്ഞു.   

അവിടെ ഹവാലാത്തി ഓഫീസിന്റെ പരിസരത്ത് ഉണ്ടായിരുന്ന ശിപായിമാരും റൈറ്റര്‍മാരും നമ്പര്‍ദാര്‍മാരും എല്ലാം അറ്റന്‍ഷന്‍ പൊസിഷനില്‍ നിന്ന് മുഷ്ടി ചുരുട്ടി കൈകള്‍ പിറകോട്ടാക്കി തലമുന്നോട്ട് കുനിച്ച് അദ്ദേഹത്തെ വണങ്ങി. അദ്ദേഹം ഞങ്ങളുടെ ഭാഗത്തേക്ക് തിരിഞ്ഞ് എല്ലാവരേയും ഒന്ന് നോക്കി. ഞാന്‍ നില്‍ക്കുകയും ബാക്കി തടവുകാര്‍ എല്ലാവരും കുത്തിയിരിക്കുകയുമാണ്. അദ്ദേഹം എന്നെയൊന്ന് അടിമുടി നോക്കി, അപ്പോള്‍ മാസ്റ്റര്‍ ജി അദ്ദേഹത്തിന് മുമ്പില്‍ എന്റെ ‘ജാതി പ്രശ്നം’ അവതരിപ്പിച്ചു.  അതുവരെ ഗൗരവക്കാരനായി തോന്നിപ്പിച്ച അദ്ദേഹം ഒന്ന് ചിരിച്ചു.
എന്നിട്ട് എന്നെ നോക്കി ചോദിച്ചു, ‘തും ഹാത്രസ് വാല, പത്രകാര്‍, സൗത്ത് കാ ഹേ ക്യാ… കേരള്‍ സെ ഇധര്‍ ക്യോം ആയ ബായ്… ഫസാനേ കേലിയേ.. ’ (നീ ഹാത്രസ് വാല, പത്രക്കാരന്‍, സൗത്തില്‍ നിന്നുള്ള, കേരളത്തില്‍ നിന്ന് ഇവിടെ എന്തിന് വന്നു, കുടുങ്ങാന്‍ വേണ്ടി…) ഞാന്‍ തിരിച്ച് ഒന്നും പറയാതെ, വെറുതെയൊന്ന് പുഞ്ചിരിക്കാന്‍ ശ്രമിക്കുക മാത്രം ചെയ്തു. പിന്നീട് അദ്ദേഹം മാസ്റ്റര്‍ ജിക്ക് നേരെ തിരിഞ്ഞ് ‘ജാത്തി കാ ജഗ ജോ‍ഡ് ദോ’… ജാതിയുടെ സ്ഥലം വിട്ടേക്കൂ…. എന്ന് പറഞ്ഞ് ഹവാലാത്തി ഓഫീസിലേക്ക് കയറി പോയി.

മാസ്റ്റര്‍ ജി ഒരു വലിയ നിയമപ്രശ്നത്തില്‍ നിന്ന് തലയൂരിയ ആശ്വാസത്തോടെ ബാക്കി കാര്യങ്ങള്‍ പൂര്‍ത്തിയാക്കി. എന്നോട് ഷര്‍ട്ട് ധരിച്ച് അവിടെ കുത്തിയിയിരിക്കാന്‍ പറഞ്ഞു. എല്ലാവരുടേയും മുലായജ നടപടികള്‍ പൂര്‍ത്തിയാകുന്നത് വരെ അവിടെ കുത്തിയിരുന്നു. മുലായജ പൂര്‍ത്തിയായി ഞങ്ങളുടെ മുലായജ ബാരക്കില്‍ എത്തിയപ്പോള്‍, അവിടെ ഭക്ഷണം എത്തിയിരുന്നു,

ചപ്പാത്തിയും ദാല്‍ (പരിപ്പ്) കറിയും ചിലപ്പോള്‍ മൂലി (മുള്ളങ്കി) താളിച്ചതുമാണ് മഥുര ജില്ലാ ജയിലിലെ ഭക്ഷണം. ഒരാള്‍ക്ക് ഏഴ് ചപ്പാത്തിയും ഒരു കയ്യില്‍ ദാല്‍ കറിയും ഒരു കോരി മുള്ളങ്കി താളിച്ചതുമാണ് ലഭിക്കുക. ബാരക്കിന് പുറത്ത് വരിയായി നിന്നാണ് ഇവ വാങ്ങേണ്ടത്. എല്ലാവരും ഭക്ഷണത്തിന് ക്യൂ നില്‍ക്കുന്ന സമയത്ത് ഞാന്‍ കുളിക്കാനുള്ള തയ്യാറെടുപ്പിലായി. അരയാള്‍ പൊക്കത്തില്‍ കെട്ടിപൊക്കിയ ജലസംഭരണിയില്‍ നിന്ന്, ജയിലിലേക്ക് എണ്ണ കൊണ്ട് വന്നതിന്റെ കാലിയായ ടിന്‍ ഉപയോഗിച്ച്  വെള്ളം കോരിയെടുത്ത് വേണം കുളിക്കാന്‍. വെള്ളം മുക്കിയെടുക്കാൻ പാത്രമോ  കുളിക്കുമ്പോള്‍ ധരിക്കാനുള്ള തോര്‍ത്ത് മുണ്ടോ ഒന്നും തന്നെ ഞങ്ങളുടെ കൈവശമില്ല. ബാരക്കിലാണെങ്കില്‍ ആരുമായും ഞങ്ങള്‍ വലിയ പരിചയവും ആയിട്ടില്ല. സ്കൂളിലെ തടവറയില്‍ ഞങ്ങളോടൊപ്പം ഉണ്ടായിരുന്ന ഞങ്ങള്‍ പരിചയപ്പെട്ട  മിക്കവരും ഇതിനോടകം ജയില്‍ മോചിതരാവുകയും ചെയ്തിരുന്നു. 

ബാരക്കില്‍ ഞങ്ങളുടെ സമീപത്ത് കിടന്നിരുന്ന ഇല്ല്യാസ് ചാച്ച എന്നു വിളിക്കുന്ന ഇല്ല്യാസ് സണ്‍ ഓഫ് ബുദ്ധി എന്ന അമ്പത് വയസ്സ് പിന്നിട്ട കോശികലാന്‍ സ്വദേശിയെ ഞാന്‍ അന്ന് രാവിലെ പരിചയപ്പെട്ടിരുന്നു.  ഏകദേശം ഞങ്ങള്‍ തടവിലായ അതേ സയമത്ത് തന്നെയാണ് ഒരു കൊലപാതക കേസില്‍ അദ്ദേഹവും ജയിലില്‍ എത്തിയത്. അദ്ദേഹത്തിന്റെ ഒരു മകനും സഹോദരന്റെ മകനും നേരത്തെ തന്നെ മഥുര ജയിലില്‍ കഴിയുന്നുണ്ടായിരുന്നു. മഥുരയുടെ അയല്‍ പ്രദേശത്തുകാരനായതിനാലും നേരത്തെ മകന്‍ ജയിലില്‍ ഉള്ളതിനാലും  ഇല്ല്യാസ് ചാച്ചയുടെ കൈവശം അത്യാവശ്യത്തിനുള്ള വസ്ത്രങ്ങളും കമ്പിളിയും എല്ലാം ഉണ്ടായിരുന്നു.

കുളിക്കാനായി അദ്ദേഹത്തിന്റെ ഒരു തോര്‍ത്തുമുണ്ടും തുണിയും എനിക്ക് തന്നു. അത് ധരിച്ചാണ് ഞാന്‍ കുളിച്ചത്. അതിനു മുന്‍പ് ഒരിക്കല്‍ പോലും അത്ര ആസ്വദിച്ച് ഞാന്‍ കുളിച്ചിട്ടില്ലെന്ന് എനിക്ക് തോന്നി. സിനിമകളില്‍ മാത്രം കണ്ട് പരിചയമുള്ള സീനുകളാണ് ഇപ്പോള്‍ ഞാന്‍ അനുഭവിച്ച് തീര്‍ക്കുന്നത്. കുളി സ്ഥലത്തും ഭക്ഷണം വിതരണം ചെയ്യുന്നിടത്തുമെല്ലാം സംഘട്ടനങ്ങള്‍ നടക്കുന്ന ചില സിനിമ രംഗങ്ങള്‍ എന്റെ മനസ്സിലൂടെ മിന്നി മറഞ്ഞു. ഞാന്‍ കണ്ട ചില സിനിമകളിലെ അഭിനേതാവായി ഞാന്‍ എന്നെ സങ്കല്‍പ്പിച്ചു, പലപ്പോഴും ഒറ്റക്ക് ചിരിച്ചു. കുളിക്കുമ്പോള്‍ എനിക്കോര്‍മ്മ വന്നത് എന്റെ ഉമ്മയെയായിരുന്നു. ഉമ്മയെ ഓര്‍മവന്നപ്പോള്‍ കൊച്ചു കുട്ടികളെ പോലെ പൊട്ടികരയണമെന്ന് തോന്നി. ഉമ്മ കിടപ്പിലാവുന്നത് വരെ എന്റെ കുളിയില്‍ ഉമ്മാക്ക് നല്ല റോളുണ്ടായിരുന്നു. ചകിരി തുപ്പ് കൊണ്ട് പുറം തേച്ചു തരിക, ചകിരി തോടിന്റെ മിസ്വാക്ക് കൊണ്ട് കാലിന്റെ നഖം കഴുകി വൃത്തിയാക്കാതിരുന്നാല്‍ ചീത്ത പറയുക തുടങ്ങിയവയായിരുന്നു ഉമ്മയുടെ റോള്‍. കുളിക്കുമ്പോള്‍ ഞാന്‍ മനസ്സ് കൊണ്ട് ധാരാളം എന്റെ ഉമ്മാക്ക് വേണ്ടി പ്രാര്‍ത്ഥിച്ചു.  ഞാന്‍ കാരണം എന്റെ ഉമ്മയേയും ഭാര്യയേയും മക്കളേയും നീ അപമാനിക്കരുതെ ദൈവമേ… എന്നായിരുന്നു എന്റെ പ്രാര്‍ത്ഥന. ഇരുപത് ദിവസങ്ങള്‍ക്ക് ശേഷമുള്ള ആദ്യത്തെ കുളി ഒരു പ്രാര്‍ത്ഥനയായിരുന്നു.

കഴിഞ്ഞ 22 ദിവസമായി ഞാന്‍ ശരീരത്തില്‍ നിന്ന് അഴിച്ചുവെക്കാത്ത വസ്ത്രങ്ങള്‍ എല്ലാം അഴിച്ച് കഴുകി ബാരക്കിന് പുറത്തെ ചെടികള്‍ക്ക് മീതെ  ഉണക്കാനിട്ടു.    

***

ഇതേ സമയം, വീട്ടില്‍ എന്റെ  ഉമ്മയും ഭാര്യയും മക്കളുമൊക്കെ എങ്ങനെയായിരിക്കും ഈ സാഹചര്യത്തെ നേരിടുന്നത് എന്ന ചിന്ത എന്നെ വല്ലാതെ അലട്ടിക്കൊണ്ടിരുന്നു. ചിന്ത കൂടുതല്‍ കാട് കയറുമ്പോള്‍ ദൈവസ്മരണയിൽ കഴിഞ്ഞു കൂടും. ബാരക്കിന് അകത്തും പുറത്തും തനിച്ച് ഉലാത്തും. മിക്കവാറും സമയത്ത് മാസ്ക് ധരിച്ചാണ് ഞാന്‍ കഴിഞ്ഞിരുന്നത്. കോവിഡിനെ പ്രതിരോധിക്കുക എന്നതിനേക്കാള്‍ ബാരക്കിനകത്തേയും പുറത്തേയും ശൗചാലയത്തിലെ ദുര്‍ഗന്ധത്തില്‍ നിന്ന് രക്ഷ തേടുകയും ദിക്ക്റും പ്രാര്‍ത്ഥനാ വചനങ്ങളും ചൊല്ലുമ്പോള്‍ ചുണ്ടിന്റെ ചലനങ്ങള്‍ ആരും കാണാതിരിക്കാനുമുള്ള ഒരു രക്ഷാകവചമായിരുന്നു എനിക്ക് മാസ്ക്.  ഞാന്‍ ഒറ്റക്ക് നടക്കുന്നത് കാണുമ്പോള്‍ സഹ തടവുകാരില്‍ പരലും പരിചയപ്പെടാന്‍ വരുമായിരുന്നു. തുടക്കത്തില്‍ ഒന്നും കൂടുതല്‍ ആരേയും എന്റര്‍റ്റേന്‍ ചെയ്യാന്‍ ഞാന്‍ നില്‍ക്കാറില്ലായിരുന്നു. ‘ബേകസൂര്‍, ബേഗുണ, മാസൂം…. (പാവം, നിരപരാധി, നിഷ്കളങ്കന്‍…) തുടങ്ങി ഹിന്ദിയിലും ഉര്‍ദുവിലുമുള്ള പല വാക്കുകള്‍ ഉപയോഗിച്ച് എന്നോട് സഹതപിക്കുന്ന പല തടവുകാരേയും ഞാന്‍ അവിടെ കണ്ടു. ഞാന്‍ കേള്‍ക്കേയും കേള്‍ക്കാതെയും ആളുകള്‍ എന്നെ കുറിച്ച് അടക്കം പറയുമായിരുന്നു. ജയിലില്‍ എല്ലാവരും കേരളത്തെ കുറിച്ചും കേരളക്കാരെ കുറിച്ചും നല്ലത് മാത്രമെ പറഞ്ഞിരുന്നുള്ളു. ‘ കേരള്‍ മേം പൂരാ പഠാ ലിഖാ ലോഗ് ഹേ…’ കേരളത്തില്‍ എല്ലാവരും എഴുത്തും വായനയും അറിയുന്നവരാണ്… കേരളത്തെ കുറിച്ച് ജയിലില്‍ നിന്ന് ഞാന്‍ ഏറ്റവും കൂടുതല്‍ കേട്ട വാക്കാണിത്.  പലര്‍ക്കും അറിയേണ്ടത്, തങ്ങള്‍ ഇവിടെ ചെയ്യുന്ന ജോലിക്ക് കേരളത്തില്‍ എത്ര കൂലി ലഭിക്കുമെന്നായിരുന്നു. തോട്ടപ്പണിക്ക് 800ന് മുകളില്‍ കൂലി കിട്ടും എന്ന് പറഞ്ഞാല്‍, സാധാരണക്കാരായ പലര്‍ക്കും അത്  അവിശ്വസിനീയമായിരുന്നു.  (തുടരും)

INDEPENDENT,
IN-DEPTH JOURNALISM
FOR SOCIAL &
ECOLOGICAL
JUSTICE

keraleeyam-logo

Support Keraleeyam

Choose Your Preference

₹1000/Year

₹2000/2 Years

₹500/Year(Students)

One TimeAny Amount

Also Read

8 minutes read November 12, 2023 2:58 pm