പതഞ്ജലിയെയും പിന്തുണച്ചവരെയും കോടതി പിടികൂടുമ്പോൾ

തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങളുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യക്കേസിൽ ‘പതഞ്ജലി ആയുർവേദ’ സ്ഥാപകൻ ബാബാ രാംദേവും എം.ഡി ആചാര്യ ബാലകൃഷ്ണയും നൽകിയ മാപ്പപേക്ഷ ഏപ്രിൽ10ന് രണ്ടാം തവണയും സുപ്രീം കോടതി തള്ളി. മനഃപൂർവ്വമുള്ള നിയമലംഘനത്തിന് ശിക്ഷ നേരിടേണ്ടി വരുമെന്ന താക്കീതും കേസ് പരിഗണിച്ച ബെഞ്ചിലെ ജഡ്ജിമാരായ ഹിമ കോലി, എ.അമാനുല്ല എന്നിവർ പതഞ്ജലിക്ക് നൽകി.

ആധുനിക വൈദ്യശാസ്ത്രത്തെ തള്ളിപ്പറഞ്ഞുകൊണ്ട് തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ പ്രചരിപ്പിക്കരുതെന്ന, 2023 നവംബറിലെ സുപ്രീം കോടതി ഉത്തരവിനെ ഒരിക്കൽ കൂടി ലംഘിക്കുകയാണ് ‘പതഞ്ജലി ആയുർവേദ’. പതഞ്ജലിയുടെ ഔഷധങ്ങൾ പല രോഗങ്ങൾക്കും ശാശ്വത പരിഹാരമാണെന്ന പരസ്യം 1954 ലെ ഡ്രഗ്സ് ആൻഡ് മാജിക് റെമെഡീസ് (ഒബ്ജെക്ഷണബിൾ അഡ്വെർടൈസ്‌മെന്റ്) നിയമം ലംഘിച്ചുകൊണ്ടാണ് ഇവർ തുടർച്ചയായി പുറത്തിറക്കുന്നത്. പൊതുസമൂഹത്തെ തെറ്റിദ്ധരിപ്പിക്കുന്ന ഈ പരസ്യപ്രചാരണം സുപ്രീം കോടതി ഉത്തരവിനെ വകവയ്ക്കാതെ പത‍ഞ്ജലി തുടർന്നും പുറത്തിറക്കിയത് ബ്രാൻഡിന്റെ ഭാഗത്ത് നിന്നുമുണ്ടായ ഗുരുതരമായ പിഴവാണെന്ന് ചൂണ്ടിക്കാട്ടി ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐ.എം.എ) 2022 ആഗസ്റ്റിൽ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. ഈ ഹർജി പരിഗണിച്ചുകൊണ്ടാണ് സുപ്രീം കോടതി പത‍ഞ്ജലി സ്ഥാപകനായ ബാബ രാം ദേവ്, മാനേജിങ് ഡയറക്ടർ ആചാര്യ ബാലകൃഷ്ണ എന്നിവർക്കെതിരെ കോടതിയലക്ഷ്യത്തിനുള്ള കാരണം കാണിക്കൽ നോട്ടീസ് അയയ്ക്കുന്നത്. ഇതിനോട് പ്രതികരിക്കാൻ ആദ്യം ഇവർ തയ്യാറായില്ല. തുടർന്നാണ് ഇരുവരും കോടതിയിൽ നേരിട്ട് വന്ന് മാപ്പ് പറയണമെന്ന് ജസ്റ്റിസുമാരായ ഹിമ കോഹ്ലി, എ അമാനുല്ല എന്നിവരടങ്ങിയ ബെഞ്ച് നിർദ്ദേശിക്കുന്നത്. മറുപടിയായി, പതഞ്ജലിയുടെ ഭാഗത്തുനിന്നും മാപ്പ് അപേക്ഷിച്ചുകൊണ്ടുള്ള സത്യവാങ്മൂലം 2024 ഏപ്രിൽ 2ന് കോടതിയിൽ സമർപ്പിച്ചുവെങ്കിലും കോടതി അതിനെ പാടെ തള്ളുകയും, സത്യവാങ്മൂലത്തിൽ കാണിച്ച ചില രേഖകൾ അവിശ്വസനീയമാണെന്ന് ചൂണ്ടിക്കാണിക്കുകയും ചെയ്തു. കൃത്യമായ കാരണങ്ങൾ വിശദമാക്കിയ സത്യവാങ്മൂലം ഒരാഴ്ച്ചയ്ക്കകം സമർപ്പിക്കാൻ കോടതി സമയം അനുവദിച്ചിരുന്നു. ഏപ്രിൽ പത്തിന് കേസ് വീണ്ടും പരിഗണിക്കവെയാണ് മാപ്പപേക്ഷ തൃപ്തികരമല്ലെന്ന് കോടതി പറഞ്ഞത്. രാജ്യത്തിന്റെ ഭരണസംവിധാനം പതഞ്ജലിയുടെ വ്യാജ പരസ്യങ്ങൾക്ക് കൂട്ട് നിൽക്കുകയാണെന്ന് പറഞ്ഞ് കേന്ദ്ര സർക്കാരിനെ സുപ്രീംകോടതി മുമ്പ് വിമർശിച്ചിരുന്നു.

കേന്ദ്ര റോഡ് ഗതാഗത മന്ത്രി നിതിൻ ഗഡ്കരി, കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രി ഡോ. ഹർഷ് വർദ്ധൻ എന്നിവർ ചേർന്ന് കോവിഡ്-19-നുള്ള പതഞ്ജലിയുടെ മരുന്ന് പുറത്തിറക്കുന്നു. കടപ്പാട്: hindubusinessline

കോടതിയ്ക്ക് മുന്നിൽ മാപ്പപേക്ഷ നൽകാൻ വന്ന ബാബയെയും, ബാലകൃഷ്ണയെയും ഒരു മണിക്കൂറോളം സംസാരിക്കാൻ കോടതി അനുവദിച്ചില്ല. നിരുത്തരവാദപരമായി പ്രവർത്തിച്ച ഇരുകൂട്ടരെയും ശക്തമായ ഭാഷയിൽ കോടതി വിമർശിച്ചു. “ശാശ്വത പരിഹാരമെന്നാൽ രണ്ട് തരത്തിലാണ്, ഒന്ന് രോഗി മരിക്കുന്നു, രണ്ട് രോഗം ഭേദമാകുന്നു. മൂന്നാമതായി ഒരു ശാശ്വത പരിഹാരമില്ല” എന്നാണ് പതഞ്ജലിയുടെ അഭിഭാഷകനോട് ജസ്റ്റിസ് എ അമാനുല്ല പറഞ്ഞത്. അമിതവണ്ണം, ആസ്ത്മ, രക്തസമ്മർദ്ദം പോലുള്ള രോഗങ്ങൾക്ക് ശാശ്വത പരിഹാരമാണ് പതഞ്ജലി എന്ന രീതിയ്ക്കുള്ള പരസ്യമാണ് ബ്രാൻഡ് പുറത്തിറക്കിയത്. കോവിഡ്-19 വ്യാപിച്ച സമയത്ത്, കൊറോണയെ തുരത്താൻ പരമ്പരാഗത മരുന്ന് എന്ന വാദത്തോടെ പതഞ്ജലി കൊണ്ടുവന്ന ‘കൊറോണിൽ’ എന്ന ഉത്പന്നം ഫലപ്രദമാണോ എന്ന പരിശോധന പോലും നടത്താതെയാണ് രണ്ട് കേന്ദ്രമന്ത്രിമാർ ചേർന്ന് പുറത്തിറക്കുന്നത്. മഹാമാരിയെ നേരിടാൻ ആരോഗ്യമേഖല പ്രയാസപ്പെടുന്ന സമയത്ത് പോലും കൊറോണിൽ പോലുള്ള വ്യാജ മരുന്നുകൾക്ക് പരസ്യം നൽകുകയാണ് കേന്ദ്ര സർക്കാർ ചെയ്തത്. പരീക്ഷണാടിസ്ഥാനത്തിൽ ഗുണമേന്മ തെളിയിക്കപ്പെടാത്ത ഒരു മരുന്നിന്റെ പ്രചാരണത്തിന് കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹർഷ് വർദ്ധൻ തന്നെ നിയമവിരുദ്ധമായി മുൻകൈയെടുക്കുകയായിരുന്നു. കൂടാതെ, 2017ൽ പതഞ്ജലിയുടെ ഉത്തരാഖണ്ഡിലുള്ള റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഉദ്‌ഘാടനം ചെയ്തത് പ്രധാനമന്ത്രി നരേന്ദ്രമോദിയായിരുന്നുവെന്നത് കേന്ദ്രസർക്കാരിന് പ്രസ്തുത സ്ഥാപനത്തോടുള്ള താല്പര്യം ഒന്നുകൂടെ ഉറപ്പിക്കുന്നു.

2017 മെയ് 3ന് ഉത്തരാഖണ്ഡിലെ ഹരിദ്വാറിൽ പതഞ്ജലി റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഉദ്ഘാടനം ചെയ്ത ശേഷം ലബോറട്ടറി സന്ദർശിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി. കടപ്പാട്: biovoicenews

ബാബ രാംദേവും പതഞ്ജലി ഗ്രൂപ്പും നിയമവിരുദ്ധ ഷെൽ കമ്പനികളുടെ മറവിൽ നടത്തിക്കൊണ്ടിരിക്കുന്ന റിയൽ എസ്റ്റേറ്റ് കച്ചവടത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങൾ 2023 നവംബറിൽ ‘ദ റിപ്പോർട്ടേഴ്‌സ് കളക്ടീവ്’ എന്ന മാധ്യമ സംരംഭം പുറത്തുകൊണ്ടുവന്നിരിന്നു. ഗുജറാത്ത്, രാജസ്ഥാൻ, ഹരിയാന സംസ്ഥാനങ്ങളിലായി വ്യാപിച്ചുകിടക്കുന്ന ജൈവസമ്പന്നമായ ആരവല്ലി കുന്നുകൾ കൊള്ളയടിക്കാൻ കേന്ദ്ര സർക്കാരും ഹരിയാന സർക്കാരും എങ്ങനെയാണ് പതഞ്ജലി ഗ്രൂപ്പിന് സൗകര്യം ചെയ്തുകൊടുത്തത് എന്ന് ഈ റിപ്പോർട്ട് വിശദമാക്കുന്നു.

ആരവല്ലി കുന്നുകളിൽ പതഞ്ജലി ഗ്രൂപ്പും അനുബന്ധ സ്ഥാപനങ്ങളും കൈവശപ്പെടുത്തിയ ഭൂമിയുടെ കണക്കുകൾ. കടപ്പാട്:reporterscollective

കേസ് പരിഗണനാവേളയിൽ, പതഞ്ജലിയോടുള്ള കേന്ദ്ര സർക്കാരിന്റെ മൃദുസമീപനം ചോദ്യം ചെയ്യപ്പെട്ടതിനെ തുടർന്ന് സർക്കാർ സുപ്രീം കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലം തൃപ്തികരമല്ല എന്നും കോടതി പറഞ്ഞു. ഏപ്രിൽ പത്തിന്‌ പതഞ്ജലി സമർപ്പിച്ച സത്യവാങ്മൂലം വീണ്ടും കോടതി നിരസിച്ചതിലൂടെ അവർ മനഃപൂർവ്വം കോടതിയലക്ഷ്യം കാണിച്ചുവെന്നാണ് വ്യക്തമാവുന്നത്. പതഞ്ജലിക്കെതിരെ കേരളത്തിലും സമാനമായ രീതിയിലുള്ള കേസ് നിലനിൽക്കുന്നുണ്ട്. വ്യാജ പരസ്യങ്ങൾ ചൂണ്ടിക്കാണിച്ചാണ് പതഞ്ജലിയുടെ മരുന്ന് നിർമ്മാണ കമ്പനിയായ ദിവ്യാ ഫാർമസിക്കെതിരെ കേരള ഡ്രഗ് കണ്ട്രോൾ വകുപ്പ് കോഴിക്കോട് ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ കേസ് ഫയൽ ചെയ്തിരിക്കുന്നത്.

ഡ്രഗ്‌സ് ആൻഡ് മാജിക് റെമഡീസ് ആക്ടിന്റെ ലംഘനം ചൂണ്ടിക്കാട്ടി, 2022 ഫെബ്രുവരിയിൽ പതഞ്ജലിക്കെതിരെ ആദ്യം പരാതി നൽകുന്നത് മലയാളിയായ ഡോ. കെ.വി ബാബു ആണ്. ഡ്രഗ് ഡയറക്ടർ ജനറൽ ഇടപെട്ട് അന്ന് അത്തരം വ്യാജമായ പരസ്യങ്ങൾ പിൻവലിപ്പിച്ചിരുന്നെങ്കിലും ചെറിയ ഇടവേളയ്ക്ക് ശേഷം വീണ്ടും അത്തരം പരസ്യങ്ങളുമായി പതഞ്ജലി രംഗത്തുവന്നു. തുടർന്നാണ് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ പതഞ്ജലിക്കെതിരെ കോടതിയെ സമീപിക്കുന്നത്. ഏപ്രിൽ 16ന് ആണ് പതഞ്ജലിക്കെതിരായ കേസ് സുപ്രീം കോടതി വീണ്ടും പരി​ഗണിക്കുന്നത്.

INDEPENDENT,
IN-DEPTH JOURNALISM
FOR SOCIAL &
ECOLOGICAL
JUSTICE

keraleeyam-logo

Support Keraleeyam

Choose Your Preference

₹1000/Year

₹2000/2 Years

₹500/Year(Students)

One TimeAny Amount

Also Read