മതനവീകരണമല്ല, പൗരസമത്വമായിരുന്നു വൈക്കം സത്യഗ്രഹത്തിന്റ ലക്ഷ്യം

കേരളത്തിലെ അവര്‍ണ്ണ ജനവിഭാഗങ്ങള്‍ ജാതിവിവേചനങ്ങള്‍ക്കും, അയിത്തത്തിനുമെതിരെ നടത്തിയ പ്രക്ഷോഭങ്ങള്‍ പ്രത്യേക ശ്രദ്ധയാകര്‍ഷിക്കുന്നത് അവ അക്കാലത്ത് ഉയര്‍ത്തിക്കൊണ്ടുവന്ന പൊതുജനം, പൗരാവകാശം, പൗരസമത്വം, പൗരസ്വാതന്ത്ര്യം തുടങ്ങിയ രാഷ്ട്രീയമൂല്യങ്ങളുടെ അടിസ്ഥാനത്തിലാണ്. പൊതുവായ ഇടങ്ങളില്‍ സ്വതന്ത്രമായി ഇടപെടാനുള്ള തുല്യഅവകാശം നേടിയെടുക്കുക എന്നതായിരുന്നു അവ മുന്നോട്ടുവച്ച പ്രധാന ലക്ഷ്യം. ഇത്തരത്തില്‍ പൊതു ഇടങ്ങളിൽ തുല്യ അവകാശം സ്ഥാപിച്ചെടുക്കുക എന്ന രാഷ്ട്രീയ യുക്തിയാണ് ക്ഷേത്രപ്രവേശനവാദത്തിന്റെയും അടിസ്ഥാനം. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ദേവസ്വം ഭരണത്തിനുകീഴില്‍ വരുന്ന ക്ഷേത്രങ്ങളില്‍ അവര്‍ണര്‍ക്കും പ്രവേശനം വേണമെന്നതായിരുന്നു പ്രധാന ആവശ്യം.

1917 ല്‍ സി രാമന്‍ തമ്പിയാണ് ക്ഷേത്രപ്രവേശനവാദം ആദ്യമായി ഉന്നയിക്കുന്നത് (വേലായുധന്‍ 1978, 204). തുടര്‍ന്ന് ഈഴവ സമുദായ നേതൃത്വം, പ്രത്യേകിച്ച് ടി.കെ മാധവനും, സി.വി കുഞ്ഞിരാമനും ഈ വിഷയത്തെ അവകാശപ്രശ്നമായി ഉന്നയിച്ചുകൊണ്ട്  പത്രങ്ങളിലൂടെയും, ശ്രീമൂലം പ്രജാസഭവഴിയും പ്രചാരണമാരംഭിച്ചു.

ടി.കെ മാധവൻ

അയിത്തത്തിനെതിരെയുള്ള സമരമെന്നനിലയ്ക്ക് ഈ വാദം ക്ഷണത്തില്‍ പൊതുജനശ്രദ്ധയാകര്‍ഷിച്ചു. തൊട്ടുകൂടായ്മയും, തീണ്ടലും നിയമംമൂലം നിറുത്തലാക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് 1919 ല്‍ ടി.കെ മാധവന്‍ അന്നത്തെ ദിവാന്‍ കൃഷ്ണന്‍ നായര്‍ക്ക് നിവേദനം നൽകി. അതു നിഷേധിക്കപ്പെട്ടുവെങ്കിലും രണ്ടുവര്‍ഷങ്ങള്‍ക്കു ശേഷം ക്ഷേത്രപ്രവേശനവാദം ഉന്നയിച്ചുകൊണ്ട് പുതുതായി ചുമതലയേറ്റടുത്ത ദിവാന്‍ രാഘവയ്യക്ക് അദ്ദേഹം മറ്റൊരു നിവേദനവും സമര്‍പ്പിച്ചു. പ്രസ്തുത വിഷയം തികച്ചും മതപരമാണെന്നും, അത്തരം കാര്യങ്ങളില്‍ സര്‍ക്കാരിന് നേരിട്ടിടപെടാനാവില്ലെന്നുമുള്ള മറുപടിയോടുകൂടി ആ നിവേദനവും ദിവാന്‍ തള്ളുകയാണുണ്ടായത് (അതേ പുസ്തകം).

ദിവാൻ ടി. രാഘവയ്യ

അതേസമയം തന്നെ ക്ഷേത്രപ്രവേശന സമരം മറ്റൊരുത്തരത്തില്‍ സമൂഹത്തില്‍ പുരോഗമിച്ചുകൊണ്ടിരുന്നു. ഈഴവരെപ്പോലെ സമൂഹത്തിന്‍റെ പൊതുധാരയില്‍ നിന്നും അകറ്റിനിറുത്തപ്പെട്ടിരുന്ന പുലയ സമുദായത്തില്‍ നിന്നും സമരത്തെ അനുകൂലിച്ചുകൊണ്ട് ഒരുപാടാളുകള്‍ രംഗത്തുവന്നു. തിരുവിതാംകൂര്‍-കൊച്ചി സര്‍ക്കാരുകളുടെ സംയുക്ത ഭരണത്തിന്‍ കീഴിലുള്ള പൂത്തോട്ട ക്ഷേത്രത്തില്‍ ടി.കെ മാധവനും, പുലയ സമുദായാംഗമായ തേവനും നിരോധനം ലംഘിച്ച് പ്രവേശിക്കുകയും, ഇതറിയിച്ചുകൊുള്ള സന്ദേശം ഇരു സര്‍ക്കാരുകള്‍ക്കും, പത്രങ്ങള്‍ക്കും അയച്ചുകൊടുക്കുകയും ചെയ്ത സംഭവം അന്ന് വളരെയധികം ചര്‍ച്ചചെയ്യപ്പെട്ടിരുന്നു (നാരയണന്‍, 189). സാമുദായിക പരിഗണനകള്‍ കൂടാതെ പൗരസമത്വം സാദ്ധ്യമാക്കണമെന്ന ആവശ്യവുമായി രൂപീകരിക്കപ്പെട്ട ഈഴവ-ക്രിസ്ത്യന്‍-മുസ്ലീം പൗരാവകാശ മുന്നണി (Civic Rights League) ക്ഷേത്രപ്രവേശനവാദത്തെ അംഗീകരിച്ചുകൊണ്ട് യോഗങ്ങളില്‍ തീരുമാനങ്ങള്‍ പാസാക്കുകയും, പ്രചാരണം നടത്തുകയും ചെയ്തു. അയിത്തവും, തൊട്ടുകൂടായ്മയും രാഷ്ട്രീയ സ്വഭാവമുള്ള പൗരാവകാശ പ്രശ്നങ്ങളായി സമൂഹത്തിൽ അവതരിപ്പിക്കപ്പെട്ടു. ചുരുക്കിപ്പറഞ്ഞാൽ ഒരു ജനകീയ സമരം എന്ന നിലയിൽ ക്ഷേത്രപ്രവേശനവാദം പൗരസമത്വവുമായി ബന്ധപ്പെട്ട ഒരു രാഷ്ട്രീയ ആവശ്യമായിട്ടാണ് തിരുവിതാംകൂറിൽ  ഉയർന്നുവന്നത്. ആ സമരത്തിൽ ക്രിസ്ത്യൻ, മുസ്ലിം സമുദായങ്ങളുടെ സജീവ പങ്കാളിത്തവും ഉണ്ടായിരുന്നു.

ആമച്ചാടി തേവനും ജയിൽ മോചിതരായ വൈക്കം സത്യഗ്രഹികളും

ഒരു മതാധിഷ്ഠിത-രാജഭരണ പ്രദേശമെന്നനിലയില്‍ ബ്രാഹ്മണ മേധാവിത്വത്തെ അംഗീകരിക്കുകയും, ജാതിഘടന അനുശാസിക്കുന്ന ഉച്ചനീചത്വങ്ങള്‍ ആചാരങ്ങളും, കീഴ്നടപ്പുകളും കണക്കിലെടുത്തുകൊണ്ട് മുറതെറ്റാതെ നടപ്പിലാക്കിപ്പോരുകയും ചെയ്തിരുന്ന രാജ്യമാണ് തിരുവിതാംകൂര്‍. അവിടെ കീഴ്നടപ്പുകളുടെയും, ആചാരങ്ങളുടെയും സാംഗത്യത്തെ മാറിവരുന്ന കാലത്തിന്‍റെ യുക്തിക്കനുസരിച്ച് നവീകരിക്കാതെ സാമൂഹ്യമാറ്റം സാദ്ധ്യമാകുമായിരുന്നില്ല. പ്രജാസമൂഹത്തിന്‍റെ അനുസരണാശീലങ്ങളെ പൗരാവകാശ മൂല്യങ്ങള്‍ക്കനുസൃതമായി മാറ്റിത്തീര്‍ക്കുന്നതിനുള്ള ശ്രമങ്ങളാണ് അക്കാലത്ത് ഇവിടുത്തെ നാട്ടുരാജ്യങ്ങളിൽ നടന്ന അവകാശ സമരങ്ങളിൽ കാണാൻ സാധിക്കുന്നത്.

തിരുവിതാംകൂർ പതാക

എന്നാൽ യാഥാസ്ഥിതിക വിഭാഗം ക്ഷേത്രപ്രവേശനത്തെ ഒരു മതകാര്യമായി കാണാനാണ് ശ്രമിച്ചത്. തിരുവിതാംകൂറില്‍ നിന്നും പ്രസിദ്ധീകരിച്ചിരുന്ന മലയാളി പത്രത്തിന്‍റെ എഡിറ്ററായ മാധവവാര്യര്‍ അയിത്തം പൗരാവകാശ പ്രശ്നമായി ഉന്നയിക്കപ്പെടുന്നതിനെതിരെ കേരള കൗമുദി പത്രത്തില്‍ വിമര്‍ശനം രേഖപ്പെടുത്തി (കേരള കൗമുദി, നവംബര്‍ 11, 1920). പൗരത്വം എന്നത് ജാതി, മത വേര്‍തിരിവുകള്‍ ക്കതീതമായി കണക്കാക്കേണ്ടുന്ന പ്രശ്മാണെന്നും അതിനാല്‍ അയിത്തത്തെ പൗരാവകാശ പ്രശ്നമായി കണക്കാക്കാന്‍ സാധിക്കുകയില്ലെന്നുമാണ് അദ്ദേഹം വാദിച്ചത്. കൂടാതെ തീണ്ടലും, തൊടീലും മതസംബന്ധമായ പ്രശ്നങ്ങളാകയാല്‍ സഹന, നിസ്സഹകരണ സമരമാര്‍ഗ്ഗങ്ങളിലൂടെ ഉടനടി മാറ്റിയെടുക്കേണ്ട ഒന്നല്ലെന്നും കാലക്രമത്തില്‍ അവയെ നീക്കംചെയ്യേണ്ടുന്നതിന് വേണ്ട മതനവീകരണ ശ്രമങ്ങളാണ് വേണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

വൈക്കം മഹാദേവക്ഷേത്രം

ഇവിടുത്തെ നാട്ടുരാജ്യങ്ങളിൽ അവർണ ജനവിഭാഗങ്ങളുടെ നേതൃത്വത്തിൽ നടന്നിരുന്ന അവകാശ സമരങ്ങളിൽ നിന്നും വ്യത്യസ്തമായി ബ്രിട്ടീഷ് ഇന്ത്യന്‍ പ്രദേശങ്ങളില്‍ ആര്യസമാജവും, ബ്രഹ്മസമാജവും മറ്റും നടത്തിവരുന്നതുപോലുള്ള മാര്‍ഗ്ഗങ്ങളാണ് ഉത്തമമെന്ന അഭിപ്രായമാണ് അദ്ദേഹത്തിനുണ്ടായിരുന്നത്. എന്നാൽ മാധവവാര്യരുടെ ഈ കാഴ്ചപ്പാട് ക്ഷേത്രപ്രവേശനവാദികളും, ഇതരവിഭാഗങ്ങളും തമ്മിലുള്ള സൗഹൃദത്തിലൂടെ രൂപംകൊള്ളുന്ന രാഷ്ട്രീയധാരയെ ഇല്ലായ്മചെയ്യുവാന്‍ ലക്ഷ്യംവെയ്കുന്നവയാണ് എന്ന് സി.വി കുഞ്ഞിരാമൻ വിമർശിച്ചു.

സി.വി കുഞ്ഞിരാമൻ

പുരാതന ഗ്രീസില്‍ പെട്രീഷ്യന്മാരും, പ്ലെബിയന്മാരും തമ്മിലുണ്ടായ തര്‍ക്കത്തെ പ്രതിപാദിച്ചുകൊണ്ട്, അന്ന് പ്ലെബിയന്മാരുന്നയിച്ച ക്ഷേത്രപ്രശനവാദം പൗരാവകാശമായി അംഗീകരിക്കപ്പെട്ട സാഹചര്യമാണ് പൗരസമത്വവാദത്തെ ന്യായീകരിക്കുവാന്‍ സി.വി ഉദാഹരണമായി ചൂണ്ടിക്കാണിച്ചത് (കേരളകൗമുദി, നവംബര്‍ 18, 1920).

പോരാടുന്ന പ്ലെബിയന്മാർ. കടപ്പാട് : B. Barloccini

ഈ വാദപ്രതിവാദങ്ങള്‍ ശക്തിപ്രാപിക്കുന്ന സമയത്തുതന്നെയാണ് സി.വിയുടെ വാദത്തെ സാധൂകരിക്കും വിധം ബോംബെ ഹൈക്കോടതി ജഡ്ജിയായിരുന്ന നാരായണ ചന്ദ്രവര്‍ക്കര്‍, ട്രാവന്‍കൂര്‍ ഹൈക്കോടതി ജഡ്ജിയായിരുന്ന ചങ്ങനാശ്ശേരി പരമേശ്വരന്‍ പിള്ള തുടങ്ങിയ പ്രമുഖര്‍ ക്ഷേത്രപ്രവേശനവാദത്തെ മതസംബന്ധിയായ പ്രശ്നമായി കണക്കാക്കാനാകില്ല എന്ന് അഭിപ്രായപ്പെട്ടുകൊണ്ട് രംഗത്തുവരുന്നത് (കേരള കൗമുദി, ഏപ്രിൽ  7, 1920). കാലങ്ങളായി അലിഖിത സാമൂഹ്യ നിയമങ്ങള്‍ എന്ന നിലയില്‍ അനു സരിച്ചുപോരുന്ന കീഴ്നടപ്പ് ആചാരങ്ങളെ പാര്‍ശ്വവല്‍കൃത വിഭാഗങ്ങൾ ഉയർത്തി ക്കൊണ്ടുവന്ന പൗരസമത്വാവകാശം പോലുള്ള പുതിയ മൂല്യങ്ങള്‍ക്കനുഗുണമായി മാറ്റിത്തീര്‍ക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് തിരുവിതാംകൂറിലും മറ്റും സമൂഹം രാഷ്ട്രീയവല്‍ക്കരിക്കപ്പെടുന്നത്. ഇതേ ശ്രമങ്ങളുടെ ഭാഗമെന്ന നിലയ്ക്കുതന്നെയാണ് ക്ഷേത്രപ്രവേശനവാദമുന്നയിച്ചുകൊണ്ട് വൈക്കം സത്യഗ്രഹമരംഭിക്കുന്നതും.

ക്ഷേത്രപ്രവേശനവാദത്തോടുള്ള തിരുവിതാംകൂര്‍ ഗവണ്‍മെന്‍റിന്‍റെ നിഷേധാത്മകമായ സമീപനമാണ് 1921 ല്‍ തിരുനെല്‍വേലി സന്ദര്‍ശനവേളയില്‍ ഗാന്ധിജിയെ ചെന്ന് കാണുവാനും, സഹായമഭ്യര്‍ത്ഥിക്കുവാനും ടി.കെ മാധവനെ പ്രേരിപ്പിച്ചത്. 1924 ജനുവരി 20 ന് എറണാകുളത്തു ചേര്‍ന്ന കേരള പ്രദേശ് കോണ്‍ഗ്രസ്സ് കമ്മറ്റിയുടെ സമ്മേളനം ഒരു അയിത്തോച്ചാടന സംഘം  രൂപീകരിക്കുകയും ടി.കെ മാധവന്‍, കുറൂര്‍ നീലകണ്ഠന്‍ നമ്പൂതിരിപ്പാട്, ടി.ആര്‍ കൃഷ്ണസ്വാമി അയ്യര്‍, വേലായുധന്‍ മേനോന്‍ തുടങ്ങിയവരെ അംഗങ്ങളായും, കെ കേളപ്പന്‍ നായരെ കണ്‍വീനറായും തിരഞ്ഞെടുക്കുകയും ചെയ്തു (രവീന്ദ്രന്‍ 1975, 54-52).

കെ കേളപ്പന്‍

ഇതേ കമ്മിറ്റി 1924 ഫെബ്രവരി 6 ന് കൊല്ലത്ത് വീണ്ടും യോഗം ചേര്‍ന്ന് അവര്‍ണ്ണ സമുദായങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം, ക്ഷേത്രപ്രവേശനം തുടങ്ങിയ വിഷയങ്ങളു ന്നയിച്ചുകൊണ്ട് അയിത്തോച്ചാടന ശ്രമങ്ങള്‍ക്ക് ജനങ്ങളുടെ ഇടയില്‍ വന്‍പ്രചാരണം കൊടുക്കുന്നതിനുള്ള തീരുമാനം കൈക്കൊണ്ടു. ഇതോടൊപ്പം തന്നെ ക്ഷേത്രപ്രവേശന സമരങ്ങളുടെ തുടക്കം കുറിക്കാന്‍ വൈക്കം ക്ഷേത്രം തിരഞ്ഞടുക്കുകയും ചെയ്തു.

1924 ഫെബ്രുവരി 28ന് പുലയസമുദായാംഗങ്ങളുടെ ഒരു യോഗം വൈക്കത്ത് ചേർന്ന് നടക്കാനിരിക്കുന്ന ക്ഷേത്രപ്രവേശന സമരത്തിന് പരിപൂര്‍ണ്ണ പിന്തുണയും സഹകരണവും വാഗ്ദാനം ചെയ്തു (മന്മഥന്‍ 1984, 104-105). അതിനുശേഷം ചേര്‍ന്ന അയിത്തോച്ചാടന കമ്മറ്റിയുടെ യോഗം പുലയരെക്കൂടി ഉള്‍പ്പെടുത്തികൊണ്ട് വൈക്കം ക്ഷേത്രത്തിനു ചുറ്റുമുള്ള റോഡിലൂടെ ജാഥനടത്തുമെന്നും, ക്ഷേത്രത്തിന്‍റെ നാലുഗോപുരങ്ങളിലും എത്തി പൂജനടത്തുമെന്നും പ്രഖ്യാപിച്ചു (രവീന്ദ്രന്‍ 1975, 53).

എന്നാല്‍ ഈ സമരനീക്കത്തെ തടഞ്ഞുകൊുള്ള ഗാന്ധിജിയുടെ സന്ദേശം ലഭിച്ചതിനെതുടര്‍ന്ന് കോണ്‍ഗ്രസ്സ് കമ്മറ്റി തീരുമാനത്തില്‍ നിന്നു പിന്‍മാറുകയും കൂടാതെ ബഹുജന പ്രക്ഷോഭം, നിയമലംഘനം തുടങ്ങിയ മാര്‍ഗ്ഗങ്ങള്‍ ഉപേക്ഷിക്കുന്ന തിനുള്ള തീരുമാനം കൈക്കൊള്ളുകയും ചെയ്തു. ഇതിനുപകരമായി ഗാന്ധിജി നിര്‍ദ്ദേശിച്ചത് മൂന്ന് സമരഭടന്മാരെ മാത്രം ഒരു സമയം അവര്‍ണ്ണര്‍ക്ക് പ്രവേശനം നിഷേധിച്ചിരിക്കുന്ന റോഡിലേക്ക് പറഞ്ഞയക്കുക എന്ന മാര്‍ഗ്ഗമാണ് (അതേ പുസ്തകം, 54, 57, 58).

മഹാത്മാ ഗാന്ധി

ഇതോടുകൂടി വൈക്കം സത്യാഗ്രഹം പുതിയ ഒരു പാതയിലേക്ക് കടക്കുകയായിരുന്നു. രാജ്യവ്യാപകമായി അക്കാലത്ത് കോണ്‍ഗ്രസ്സ് നേതൃത്വത്തില്‍ നടന്നിരുന്ന അയിത്തോച്ചാടനശ്രമങ്ങളുടെ തുടര്‍ച്ചയായിത്തന്നെയാണ് ഗാന്ധി ഈ പ്രശ്നത്തേയും കണ്ടത്. വൈക്കം സത്യാഗ്രത്തെക്കുറിച്ച് അര്‍ത്ഥശങ്കയ്ക്കിടയില്ലാത്തവിധം അദ്ദേഹം പ്രഖ്യാപിച്ചത് ഈ സമരം ഹിന്ദുമത നവീകരണത്തെ മാത്രം ലക്ഷ്യംവെച്ചുകൊണ്ട് നടത്തേുന്ന ശുദ്ധീകരണ പ്രവര്‍ത്തനമാണ് എന്നതാണ്. അദ്ദേഹം യംഗ് ഇന്ത്യയില്‍ എഴുതി:

“ഈ സമരത്തിന്‍റെ രാഷ്ട്രീയമായവശത്തെ മറന്നേക്കുക. ഇതിന്‍റെ രാഷ്ട്രീയ പരിണതികളെപ്പറ്റി വ്യാകുലപ്പെടേണ്ടതുമില്ല. അങ്ങനെ ചെയ്താല്‍ നിങ്ങള്‍ക്ക് ഈ സമരത്തിന്‍റെ യഥാര്‍ത്ഥ ലക്ഷ്യം മാത്രമല്ല, രാഷ്ട്രീയനേട്ടവും നഷ്ടമാകും. എന്തെന്നാല്‍ നിങ്ങളീ സമരത്തിന്‍റെ യഥാര്‍ത്ഥ ഹൃദയത്തില്‍ തൊടുന്ന നിമിഷമെത്തുമ്പോഴും നിങ്ങളുടെ മനസ്സ് വീണ്ടും ആഗ്രഹിച്ചുകൊണ്ടേയിരിക്കും… ഈ സമരം ഹിന്ദുക്കളെ സംബന്ധിച്ചിടത്തോളം അങ്ങേയറ്റം മതപരമായ ഒന്നാണ്.” (യംഗ് ഇന്ത്യ മാര്‍ച്ച് 19, 1925).

യംഗ് ഇന്ത്യ

വൈക്കം സത്യാഗ്രഹത്തിന്‍റെ ലക്ഷ്യത്തില്‍ നിന്നും ക്ഷേത്രപ്രവേശനം എന്ന ആശയം നീക്കം ചെയ്യണമെന്നും പകരം ക്ഷേത്രത്തിന്‍റെ മതില്‍ക്കെട്ടിന് വെളിയിലുള്ള റോഡിലൂടെ നടക്കുന്നതിനുള്ള സ്വാതന്ത്ര്യം അവര്‍ണ്ണര്‍ക്കും അനുവദിക്കപ്പെടണ മെന്നുള്ള ഉദ്ദേശ്യത്തിലേക്ക് സമരത്തെ പരിമിതപ്പെടുത്തണമെന്നുമുള്ള തീരുമാനമാണ് ഗാന്ധി എടുത്തത്. (യംഗ് ഇന്ത്യ ഏപ്രില്‍ 2, 1925).

ക്ഷേത്രപ്രവേശനവാദത്തെ പരിപൂര്‍ണ്ണമായി എതിര്‍ക്കുക എന്നതായിരുന്നില്ല മറിച്ച് അയിത്തോച്ചാടന ശ്രമങ്ങളുടെ തുടക്കമായി ഈ സമരത്തെക്കണ്ടാല്‍മതി എന്ന നിലപാടാണ് ഗാന്ധിക്കുണ്ടായിരുന്നത്. എന്നാല്‍ ഇതിനും ഒരു നൂറ്റാുമുമ്പുതന്നെ ഇത്തരം നവീകരണശ്രമങ്ങള്‍ക്ക് തിരുവിതാംകൂറില്‍ തുടക്കം കുറിക്കപ്പെട്ടിരുന്നു എന്ന വസ്തുത ഗാന്ധി മനസ്സിലാക്കിയിരുന്നില്ല. ആയിരത്തിതൊള്ളായിരത്തി പത്തൊന്‍പതാകുമ്പോഴേക്കും ശക്തിപ്രാപിച്ച പൗരസമത്വാവകാശ പ്രക്ഷോഭത്തോടുകൂടി സാമുദായിക സഹകരണത്തിന്‍റെ പുതിയ സാധ്യതകളിലേക്കും, രാഷ്ട്രീയനേട്ടങ്ങളിലേക്കും വഴിമാറ്റം ചെയ്യപ്പെട്ടിരുന്ന നവീകരണ പ്രസ്ഥാനങ്ങളുടെ ഗതിയില്‍ വന്ന പ്രതിലോമകരമായ മാറ്റമായാണ് പലരും ഈ ഗാന്ധിയന്‍ സമീപനത്തെ വിലയിരുത്തിയത്. (മലയാള മനോരമ മെയ് 27, 1924).

ഗാന്ധിയുടെ നിലപാട് വ്യക്തമാകുന്നതിനുമുന്പേ  കേരള സംസ്ഥാന കോണ്‍ഗ്രസ്സ് കമ്മറ്റി സെക്രട്ടറിയായ പി രാമുണ്ണി മേനോന്‍ ഈ വിഷയത്തിൽ നടത്തിയ പ്രസ്താവന ഇപ്രകാരമായിരുന്നു: “മനുഷ്യ സമുദായത്തില്‍പ്പെട്ട ഒരുവിഭാഗം ജനങ്ങളുടെ ജന്മാവകാശത്തെ സംബന്ധിച്ചിട്ടുള്ള കാര്യമാണ് ഇതെന്നതിനാല്‍ വൈക്കത്തെ സത്യഗ്രഹം ഹിന്ദുക്കള്‍ക്കും ക്രിസ്ത്യാനികള്‍ക്കും, മുഹമ്മദീയര്‍ക്കും, ഗുണദോഷ വിവേചനജ്ഞാനമുള്ള ഏതുസമുദായക്കാര്‍ക്കും ബാധകമായിട്ടുള്ള കാര്യമാണ്”. (മാതൃഭൂമി മെയ് 6, 1924).

ഖിലാഫത്ത് പ്രസ്ഥാനം ദേശീയസമരമായി രൂപാന്തരപ്പെട്ടതുമായി ബന്ധപ്പെടുത്തി യാണ് അദ്ദേഹം ഈ വാദം ഉന്നയിച്ചത്. വൈക്കം സത്യഗ്രഹകാലത്തു ഏറ്റവുമധികം വിമര്‍ശിക്കപ്പെട്ടത് വൈക്കത്തു സ്വീകരിച്ച സത്യഗ്രഹ സമരമാര്‍ഗ്ഗവും, സമരത്തെ ഹിന്ദുക്കളുടെ മാത്രം പ്രശ്നമായി നോക്കിക്കാണുന്ന രീതിയുമാണ്. അയിത്തോച്ചാട നത്തിനായി സത്യഗ്രഹമനുഷ്ഠിക്കാന്‍ അവര്‍ണ്ണ വളണ്ടിയര്‍മാരെ ക്ഷണിച്ചുകൊണ്ടുള്ള സ്റ്റേറ്റ് കോണ്‍ഗ്രസ്സിന്‍റെ ക്ഷണത്തോട് പ്രതികരിച്ചുകൊണ്ട് എസ്.എന്‍.ഡി.പി യോഗം പാസ്സാക്കിയ പ്രമേയത്തില്‍ പറയുന്നത് ഇപ്രകാരമാണ്:

“രാജ്യചട്ടത്തിനോ, രാജ്യചട്ടങ്ങള്‍ക്കു തുല്യമായ പ്രാബല്യമുള്ള കീഴ്നടപ്പുകള്‍ക്കോ വിപരീതമായി പ്രവര്‍ത്തിച്ചു ജയില്‍വാസം അനുഷ്ഠിക്കാനുള്ള സന്നദ്ധതയാണ് സത്യഗ്രഹം എന്നുപറയുന്നത്. യോഗനിശ്ചയപ്രകാരമുള്ള അയിത്തോച്ചാടനത്തില്‍ ഇതുരണ്ടുമില്ല. നേരെമറിച്ച് ആ സ്വാതന്ത്ര്യത്തെ പ്രയോഗിക്കുന്നവനെ നിരോധിക്കു ന്നവനാണ് ജയില്‍വാസം ചെയ്യേണ്ടി വരുന്നത്. ഈ നിശ്ചയത്തെ പ്രയോഗത്തില്‍ വരു ത്തുവാന്‍ നിയമത്താല്‍ അനുവാദം സിദ്ധിച്ചിട്ടുള്ള അവകാശത്തെ പ്രയോഗിക്കുക മാത്രമേ ചെയ്യുന്നുള്ളൂ (കേരള കൗമുദി ജൂലായ് 26, 1923).

പതിറ്റാണ്ടുകളായി തിരുവിതാംകൂറിലെയും മറ്റും അവര്‍ണ്ണ ജനവിഭാഗങ്ങള്‍ നടത്തിവന്നിരുന്ന അവകാശസമരങ്ങളുടെ രാഷ്ട്രീയ സ്വഭാവമാണ് ഈ പ്രസ്താവനയിലൂടെ വ്യക്തമാക്കിയിട്ടുള്ളത്. നിയമം അനുശാസിക്കുന്ന അവകാശങ്ങള്‍ വിനിയോഗിക്കുന്നതിന് പൗരനുള്ള സ്വാതന്ത്ര്യവും, അതിനാവശ്യമായ അവസ്ഥ നിലനിര്‍ത്തുന്നതില്‍ ഗവണ്‍മെന്‍റിനുള്ള ബാദ്ധ്യതയുമെല്ലാം ഇവിടെ വിഷയങ്ങളാണ്. അതിനാല്‍ത്തന്നെ സഹനമെന്നത് നൂറ്റാണ്ടുകളായി ജാതീയവും, സാമുദായികവുമായ പീഢനങ്ങളനുഭവിക്കുന്ന ഒരു ജനതയുടെ ബാദ്ധ്യതയായി കണക്കാക്കപ്പെടുന്നില്ല. മറിച്ച് അത് അവകാശലംഘനം മൂലം സൃഷ്ടിക്കപ്പെടുന്ന സാമൂഹികമായ ദുരവസ്ഥയാണ്.

നാരായണ ഗുരു

വൈക്കത്തെ സമരരീതിയോടു നാരായണഗുരുവും ഇപ്രകാരം വിയോജിപ്പ് രേഖപ്പെടുത്തിയിട്ടുണ്ട്. അദ്ദേഹം പറഞ്ഞത്:

“പോലീസുകാര്‍ ഉറങ്ങുകയോ, സ്ഥലത്തില്ലാതിരിക്കുകയോ ചെയ്യുന്ന നേരം നോക്കി ബാരിക്കേഡിന്‍റെ മറുവശം കടക്കാന്‍ കാത്തുനില്‍ക്കുകയും, പിന്നീട് പ്രഹരവുമേറ്റ് തിരികെപ്പോരുകയും വരുന്ന അവസ്ഥ കാലികളുടേതിനു സമമാണ്. ദൈവത്തിന്‍റെ സന്തതികളോ, മഹാരാജാവിന്‍റെ പ്രജകളോ ആയ ചിലര്‍ക്കുമാത്രം റോഡിലൂടെ സഞ്ചരിക്കുന്നതിനുപോലുമുള്ള അനുവാദമില്ല എന്നത് വിശദീകരിക്കാനാവാത്ത സംഗതിയാണ്. ഉടനടി പരിഹാരം കാണേണ്ടുന്ന വിഷയം അതല്ല. നിരോധനാജ്ഞ പാസാക്കപ്പെടുന്ന പക്ഷം നിരോധിക്കപ്പെട്ടവരുടെ കടമയാണ് അതനുസരിക്കുക എന്നതും, നിരോധനാജ്ഞ പിന്‍വലിക്കുന്നതുവരെ നിരോധിക്കപ്പെട്ട സ്ഥലത്തുനിന്ന് മാറാതെ അവിടെത്തന്നെ നിന്ന് ശരിയായ തപസ്സ് അനുഷ്ഠിക്കുക എന്നതും. വൈക്കത്ത് നടക്കുന്നത് സഹനമല്ല, സഹനസമരമാണ്. ഈ സമരം കൊണ്ട് നിസ്സാരമായ എന്തെങ്കിലും നേട്ടങ്ങള്‍ ഉണ്ടായെന്നു വന്നേക്കാം.” (വെസ്റ്റേണ്‍ സ്റ്റാര്‍, ജൂലായ് 29, 1924).

എന്നാല്‍ സത്യഗ്രഹത്തെ മതപരമായ പ്രശ്നമായി കാണാനുള്ള ഗാന്ധിയൻ തീരുമാനത്തോടുകൂടി അവകാശസമരങ്ങള്‍ പ്രാധാന്യം കൊടുത്തിരുന്ന രാഷ്ട്രീയ ലക്ഷ്യങ്ങള്‍ പലതും തമസ്ക്കരിക്കപ്പെടുകയാണുായത്. ഗാന്ധിയുടെ ആവശ്യപ്രകാരം ക്രിസ്ത്യാനികളും,  മുസല്‍മാന്‍മാരും സത്യഗ്രഹത്തില്‍ നിന്നു പിന്‍വാങ്ങിയതോടു കൂടി സമരത്തിന്‍റെ ഗതിയില്‍ സാരമായ തടസ്സം നേരിട്ടതായി പ്രൊഫ. ടി.കെ രവീന്ദ്രന്‍ (1975) ചൂണ്ടിക്കാണിച്ചിട്ടുണ്ട്.

വൈക്കം സത്യഗ്രഹത്തിനെത്തിയ അകാലിദൾ സംഘം

ഇതേ തീരുമാനത്തിന്‍റെ ഭാഗമായി സത്യഗ്രഹികള്‍ക്ക് സൗജന്യ ഭക്ഷണം നല്‍കിപ്പോന്നിരുന്ന അകാലികള്‍ തിരിച്ചുപോകുകയും ചെയ്തു. കോണ്‍ഗ്രസ്സിന് വേണ്ടത്ര വേരുകളില്ലാതിരുന്ന നാട്ടുരാജ്യങ്ങളില്‍ നിന്ന് സത്യഗ്രഹത്തിനാവശ്യമായ ചെലവിനുള്ള പണം കണ്ടെത്തെുക പ്രയാസമായും വന്നു. ഈ അവസ്ഥ തരണം ചെയ്യുന്നതിനായി പ്രവര്‍ത്തിക്കേണ്ടത് സവര്‍ണ്ണ ഹിന്ദുക്കളുടെ കര്‍ത്തവ്യമാണെന്നു വിലയിരുത്തിയ ഗാന്ധി അതിനായി അവരോട് ആഹ്വാനം ചെയ്തു. ഈ സാഹചര്യത്തിലാണ് നായര്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ വൈക്കത്തുനിന്നും സവര്‍ണ്ണജാഥ തിരുവനന്തപുരത്തേക്ക് പുറപ്പെടുകയും സത്യഗ്രഹത്തിനനുകൂലമായി ജനങ്ങളുടെ പിന്തുണ അഭ്യര്‍ത്ഥിക്കുകയും, ഇരുപതിനായിരം പേരുടെ ഒപ്പുകളടങ്ങുന്ന ഒരു മെമ്മോറിയല്‍ തിരുവിതാംകൂർ മഹാറാണിക്ക് സമര്‍പ്പിക്കുകയും ചെയ്തത്. അക്കാലത്തുതന്നെ സവര്‍ണ്ണ ഹിന്ദുക്കള്‍ നേതൃത്വം കൊടുക്കുന്ന സത്യഗ്രഹ വിരുദ്ധമുന്നണി വൈക്കത്ത് രൂപം കൊള്ളുന്നുണ്ട് (മലയാള മനോരമ ജൂണ്‍ 26, 1924). ഹിംസാത്മകമായ രീതിയില്‍ സത്യഗ്രഹികളോട് പ്രതികരിച്ച ഈ വിഭാഗത്തിന് പോലീസിന്‍റെ സഹായവും ലഭിച്ചിരുന്നതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

കാലവര്‍ഷം ആരംഭിച്ചതോടുകൂടി സത്യഗ്രഹികളുടെ അവസ്ഥ അതിദയനീയമായി മാറി. ഇപ്രകാരം സമരവുമായി അധികകാലം മുമ്പോട്ടുപോകാന്‍ സാധിക്കുകയില്ലെന്ന അവസ്ഥ വന്നു. ഇതു തിരിച്ചറിഞ്ഞുകൊണ്ടാണ് ഗാന്ധി കേരളം സന്ദര്‍ശിക്കുന്നത്. അദ്ദേഹം വൈക്കത്തെത്തി അവിടുത്തെ യാഥാസ്ഥിതികരായ സവര്‍ണ്ണരുമായി അയിത്തോച്ചാടന വിഷയത്തില്‍ സംവാദത്തിലേര്‍പ്പെടുകയും, തിരുവിതാംകൂര്‍ മഹാറാണിയുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തെങ്കില്‍ പോലും ഉദ്ദേശിച്ച ലക്ഷ്യം നേടുവാന്‍ സാധിച്ചില്ല. തുടര്‍ന്ന് ഗാന്ധിജിയും പോലീസ് കമ്മീഷണര്‍ മി പിറ്റ്സും തമ്മിലുണ്ടായ ധാരണയുടെ അടിസ്ഥാനത്തില്‍ ക്ഷേത്രത്തിന്‍റെ കിഴക്കേനടയൊഴി കെയുള്ള എല്ലാ റോഡുകളിലൂടെയും നടക്കുന്നതിനുള്ള സ്വാതന്ത്ര്യം തിരുവിതാംകൂര്‍ ഗവണ്‍മെന്‍റ് അവര്‍ണ്ണക്ക് അനുവദിച്ചുകൊടുക്കുകയാണുണ്ടായത് (റായ്മോന്‍ 2006).

എന്നാല്‍ അനുബന്ധമായി ഗാന്ധി അവര്‍ണ്ണര്‍ക്കു നല്‍കിയ അറിയിപ്പില്‍ രേഖപ്പെടുത്തിയിരുന്നത്; “തങ്ങള്‍ക്ക് പുതുതായി ലഭിച്ച ഈ സ്വാതന്ത്ര്യം അവര്‍ണ്ണര്‍ മിതമായും, സവര്‍ണ്ണര്‍ക്ക് മനോവേദനയ്ക്ക് ഇടയുണ്ടാക്കാതെയും ഉപയോഗിക്കണം” എന്നായിരുന്നു.” (മലയാള മനോരമ, ജൂണ്‍ 27, 1925). തികച്ചും യാതനാപൂര്‍ണ്ണമായ മാര്‍ഗ്ഗത്തിലൂടെ തുടര്‍ന്ന് ഒരു വര്‍ഷക്കാലം നീണ്ടുനിന്ന സമരമെന്ന നിലയ്ക്ക്, അതിന്‍റെ അടിസ്ഥാനലക്‌ഷ്യം കൂടി കണക്കിലെടുക്കുമ്പോള്‍, പരിപൂര്‍ണ്ണമായി ലക്ഷ്യപ്രാപ്തിനേടിയ ഒരു സമരമായി വൈക്കം സത്യഗ്രഹത്തെ അടയാളപ്പെടുത്തുക സാധ്യമല്ല.

വൈക്കം സത്യഗ്രഹത്തിന് നൂറു വർഷം തികയുന്ന ഈ സമയത്ത് സത്യഗ്രഹത്തെ ഒരു ഹിന്ദുമത നവീകരണ പ്രസ്ഥാനം എന്നവണ്ണം പുനർവ്യാഖ്യാനിക്കാനുള്ള ശ്രമങ്ങൾ കാണാൻ സാധിക്കുന്നുണ്ട്. എന്നാൽ അത്തരം വാദങ്ങൾക്ക് യാഥാർത്ഥ്യവുമായി വലിയ ബന്ധമൊന്നും ചരിത്രം കൃത്യമായി പരിശോധിച്ചാൽ കാണാൻ സാധിക്കില്ല. കാരണം വൈക്കം സത്യഗ്രഹം നടക്കുന്ന കാലത്ത് ഒരു ഹിന്ദു സമുദായം ഉണ്ടായിരുന്നതേയില്ല. അഥവാ ഉണ്ടായിരുന്നു എന്ന് വാദിച്ചാൽത്തന്നെ അത് സവർണ ജാതി വിഭാഗങ്ങൾ മാത്രം ഉൾപ്പെടുന്ന ഒരു ബ്രാഹ്മണ മതമായിരുന്നു. അതിൻറെ വക്താക്കൾ എല്ലാംതന്നെ സത്യഗ്രഹ വിരുദ്ധമുന്നണിയുടെ ഭാഗത്തായിരുന്നു. അവരാണ് സത്യഗ്രഹികളെ മർദ്ദിക്കാൻ സജീവമായി രംഗത്തുണ്ടായിരുന്നത്. മതനവീകരണ വാദമാവട്ടെ  ഗാന്ധിയിലും, തിരുവിതാംകൂർ ഗവണ്മെന്റിലും, ഏതാനും യാഥാസ്ഥിതികരിലും മാത്രം ഒതുങ്ങി.

പൗരസമത്വ അവകാശ പ്രക്ഷോഭത്തിൻ്റെ ഭാഗമായി ക്രിസ്ത്യൻ, മുസ്ലിം സമുദായങ്ങളുടെ പിന്തുണയോടെ ക്ഷേത്രപ്രവേശനം എന്ന ആശയത്തെ ഒരു സജീവ രാഷ്ട്രീയ വിഷയമായി ഉയർത്തിക്കൊണ്ടുവരുന്നതിനും, ഈഴവരും പുലയരും അടങ്ങുന്ന അവർണ്ണ സമുദായങ്ങളുടെ കൂട്ടായ പങ്കാളിത്തം സാധ്യമാക്കിയ ഒരു സമര ഇടം സൃഷ്ടിക്കുന്നതിലും ക്ഷേത്ര പ്രവേശന വാദവും അതിനെതുടർന്നുള്ള വൈക്കം സത്യഗ്രഹവും  വിജയിക്കുന്നുണ്ട്. കൂടാതെ മതപരമെന്നും രാഷ്ട്രീയമെന്നും വേറിട്ട രണ്ടു വാദഗതികൾ തമ്മിൽ സംവാദത്തിൻറെതായ ഒരു മണ്ഡലം രൂപപ്പെടുന്നതിനും വൈക്കം സത്യഗ്രഹ സമരത്തിന് അക്കാലത്തുതന്നെ സാധിച്ചിട്ടുണ്ട്.

പൊതുവഴിയും, സർക്കാർ ആശുപത്രിയും, പൊതു കുളവുമെല്ലാം സവർണ്ണരിൽനിന്നു മോചിപ്പിച്ചെടുക്കുകയും പൊതു അവകാശത്തിനു കീഴിൽ കൊണ്ടുവരികയും ചെയ്യുന്നതിനായി നടന്നിരുന്ന അയിത്തത്തിനെതിരായ സമരങ്ങളുടെ ശ്രേണിയിലാണ് ക്ഷേത്രപ്രവേശനവാദവും വരുന്നത്. ഇവിടെ അവർണരായികണ്ട് മാറ്റിനിറുത്തപ്പെട്ടിരുന്നവർക്ക് ക്ഷേത്രത്തിൽ പ്രവേശിക്കാനുള്ള അവകാശത്തിനുവേണ്ടി പൊതുനിരത്തിൽ ഇറങ്ങി സമരം ചെയ്തത് ക്രിസ്ത്യാനികളും മുസ്ലിംകളും കൂടി ചേർന്നാണ് എന്നുള്ള ഓർമ്മപ്പെടുത്തൽ കൂടിയാവണം വൈക്കം സത്യഗ്രഹത്തിന്റെ നൂറാം വാർഷികം.   

ഗ്രന്ഥസൂചി

മലയാളം

1. നാരായണന്‍ കെ.ആര്‍ (n.d), വൈക്കത്തുനടന്നിട്ടുള്ള അയിത്തോച്ചാടന ശ്രമങ്ങള്‍: ഒരു തിരിഞ്ഞുനോട്ടം, വിവേകോദയം (വിശേഷാല്‍ പതിപ്പ്), പുറം- 185-191.

2. മന്മഥന്‍, എം.പി (1984), കേളപ്പന്‍, കറന്‍റ് ബുക്സ്, കോട്ടയം.

3. വേലായുധന്‍, പി.എസ് (1978) എസ്.എന്‍.ഡി.പി യോഗചരിത്രം, ജെനുവിന്‍ പ്രിന്‍റേഴ്സ് & പബ്ലിഷേഴ്സ് , എറണാകുളം.

മലയാളം പത്രങ്ങള്‍

1. കേരള കൗമുദി

2. മലയാള മനോരമ

3. മാതൃഭൂമി

ഇംഗ്ലീഷ്

1. Raimon S (ed.), (2006), Selected Documents on Vaikom Satyāgraha, State Archives Department, Government of Kerala, Thiruvananthapuram.

2. Raveendran, T. K (1975), Vaikkam Sathyagraha and Gandhi, Sri Narayana Institute of Social and Cultural Development, Trichur.

ഇംഗ്ലീഷ് പത്രങ്ങള്‍

1. Western Star 

2. Young India

INDEPENDENT,
IN-DEPTH JOURNALISM
FOR SOCIAL &
ECOLOGICAL
JUSTICE

keraleeyam-logo

Support Keraleeyam

Choose Your Preference

₹1000/Year

₹2000/2 Years

₹500/Year(Students)

One TimeAny Amount

Also Read