ഓഫ്റോഡ്-17
“ഇല്ല, എം.എഫ്. ഹുസൈനും പിക്കാസോയും നേരിൽ കണ്ടിട്ടില്ല. ബിനാലെക്ക് ഹുസൈൻ വന്നു, പിക്കോസോ വന്നില്ല. അതിനാൽ അവർ നേരിൽ കണ്ടില്ല.” സാവോപോളോ ബിനാലെ ചീഫ് ആർക്കൈവിസ്റ്റ് മീസെൽ സൊയോട്ടോ യാക്ബി ഇ-മെയിലിൽ എനിക്കെഴുതി. ഇന്ത്യൻ പിക്കാസോ എന്നു വിളിപ്പേരുള്ള ഹുസൈൻ പാബ്ലോ പിക്കാസോയെ നേരിൽ കണ്ടതായി അദ്ദേഹത്തിന്റെ ജീവചരിത്ര/ആത്മകഥാപരമായ പുസ്തകങ്ങളിലോ ലേഖനങ്ങളിലോ എവിടെയും പരാമർശമില്ല. അങ്ങിനെ സംഭവിച്ചിട്ടില്ലെന്നാണ് അതിൽ നിന്നും മനസ്സിലാക്കേണ്ടത്. “1971ൽ 11-ാമത് സാവോപോളോ ബിനാലെയിൽ രണ്ടു പേരുടെയും പെയിന്റിങ്ങുകൾ ഉണ്ടായിരുന്നു. പ്രദർശിപ്പിക്കപ്പെട്ട ചിത്രങ്ങളുടെ വിശദാംശങ്ങൾ അന്നത്തെ കാറ്റലോഗിലുണ്ട്. ഹുസൈനുമായും ബ്രസീൽ, ഇന്ത്യ എംബസികളുമായും ബിനാലെ സംഘാടകർ നടത്തിയ ടെലഗ്രാമുകളും കത്തുകളും ഒരുപക്ഷെ താങ്കൾക്ക് ഉപകാരപ്പെട്ടേക്കും. ഒരപേക്ഷ നൽകിയാൽ ഇതിന്റെയെല്ലാം പകർപ്പുകൾ അയച്ചുതരാം. ഞങ്ങളുടെ പല രേഖകളും പോർച്ചുഗീസ് ഭാഷയിലാണ്. അത് താങ്കൾക്ക് വായിക്കാൻ കഴിയുമോ? എന്തായാലും പോർച്ചുഗീസ്/ ഇംഗ്ലീഷ് രേഖകൾ അയക്കാം” യാക്ബി ഇങ്ങിനെ പറഞ്ഞാണ് ഇ-മെയിൽ പൂർത്തിയാക്കിയത്.
അങ്ങിനെയാണ് ആ ടെലഗ്രാമുകളും കത്തുകളും 11-ാം സാവോപോളോ ബിനാലെയുടെ കാറ്റലോഗും കാണാനും വായിക്കാനും കഴിഞ്ഞത്. ഇന്ത്യൻ ചിത്രകല അന്താരാഷ്ട്ര ബിനാലെകളിലേക്ക് പ്രവേശിച്ച തുടക്ക സന്ദർഭങ്ങളിലൊന്നിന്റെ ചരിത്രം കൂടിയാണ് യാക്ബി എനിക്കയച്ചു തന്നതെന്ന് അവയിലൂടെ പല തവണ കടന്നുപോയപ്പോൾ ബോധ്യപ്പെട്ടു. പിക്കാസോയുടെ ഗൂർണിക്കയുൾപ്പെടെയുള്ള നൂറ്റിയമ്പതോളം ചിത്രങ്ങൾ ഈ ബിനാലെയിൽ പ്രദർശിപ്പിക്കപ്പെട്ടിരുന്നു. അദ്ദേഹത്തിന്റെ രചനകളെക്കുറിച്ച് സമഗ്ര ധാരണ ലഭിക്കാൻ സഹായിക്കും വിധത്തിൽ എല്ലാ വിഭാഗത്തിൽപ്പെട്ട ചിത്രങ്ങളും കാണാൻ ക്യുറേറ്റർ ബിനാലെയിൽ സൗകര്യമൊരുക്കിയിരുന്നു. അവിഗ്നോണിലെ സ്ത്രീകൾ, ആഫ്രിക്കൻ മാസ്ക്കുകളും കാളക്കൊമ്പുകളും രൂപകങ്ങളായുള്ള രചനകൾ, പോർട്രേയ്റ്റുകൾ എന്നിങ്ങനെ പിക്കോസോയുടെ ലോകം സമഗ്രമായി തന്നെ അന്ന് സാവോപോളോയിൽ പ്രദർശിപ്പിക്കപ്പെട്ടു. 46 പേജുള്ള ബിനാലെ പിക്കാസോ കാറ്റലോഗ് ചിത്രകലയുടെ ചരിത്രത്തിലെ ഏറ്റവും പ്രധാന അധ്യായത്തിലൂടെ നമ്മെ ഇന്നും എന്നും സഞ്ചരിപ്പിക്കുമെന്നതിൽ ഒരു സംശയവുമില്ല.
1952ൽ വെനീസ് ബിനാലെയിലും 1960ൽ ടോക്കിയോ ബിനാലെയിലും ഹുസൈൻ ചിത്രങ്ങൾ പ്രദർശിപ്പിക്കപ്പെട്ടിരുന്നു.1950തുകൾ മുതൽ ഇന്ത്യൻ ചിത്രകലയെ അന്തരാഷ്ട്ര വേദികളിലും ഹുസൈൻ പ്രതിനിധീകരിച്ചു തുടങ്ങിയിരുന്നുവെന്ന് ഇതിൽ നിന്നും മനസ്സിലാക്കാം. എം.എഫ് ഹുസൈന്റെ 29 ചിത്രങ്ങളാണ് (പ്രധാനമായും മഹാഭാരത പരമ്പരയിൽ നിന്നുള്ളവ) സാവോപോളോ ബിനാലെയിൽ പ്രദർശിപ്പിക്കപ്പെട്ടത്. അവയിൽ പല ചിത്രങ്ങളിലും ക്യൂബിസ്റ്റ് സ്വാധീനം കാണുകയും ചെയ്യാം (പിൽക്കാലത്ത് ഇതിൽ നിന്നും അദ്ദേഹം വിടുതി നേടുന്നുണ്ട്). 1960തുകളിൽ ഹുസൈൻ ആരംഭിച്ച മഹാഭാരത പരമ്പരയുടെ ആദ്യ അന്താരാഷ്ട്ര പ്രകാശന വേദി കൂടിയായിരുന്നു സാവോപോളോ ബിനാലെ. ഇവിടെ ലൈവായി ഹുസൈൻ രാവണനെ വരക്കുന്നത് സംബന്ധിച്ച ചർച്ചകളും യാക്ബി അയച്ചു തന്നെ രേഖകളിൽ കാണാം. 10-ാം ബിനാലെയിൽ ഇന്ത്യയിൽ നിന്നുള്ള ചിത്രകാരൻമാർക്ക് എംബസി ഉദ്യോഗസ്ഥന്മാരുടെ അലംഭാവം മൂലം പങ്കെടുക്കാൻ പറ്റാത്തതിനെക്കുറിച്ചും ഒരു കത്തിൽ പറയുന്നു. അതിനാൽ തന്നെ ഹുസൈനെ പങ്കെടുപ്പിക്കുന്ന കാര്യത്തിൽ അതീവശ്രദ്ധയും ജാഗ്രതയും അനിവാര്യമാണെന്ന് ഇന്ത്യയിലെ ബ്രസീൽ എംബസിയിലേക്ക് ബിനാലെ സംഘാടകർ അയച്ച കത്തിൽ ആവർത്തിച്ച് പറയുന്നുണ്ട്.
351 കലാകാരന്മാർ പങ്കെടുത്ത ബിനാലെ1971 സപ്തംബർ 4- മുതൽ നവംബർ 15 വരെയാണ് നടന്നത്. 1972 മെയ് 24ന് ഹുസൈന് ബിനാലെ സംഘാടകർ എഴുതിയ (കൃത്യമായി പറഞ്ഞാൽ അഡ്മിനിസ്ട്രേഷൻ കൺട്രോളർ കാർമില്ലോ മാൻകൂസോ സോബ്രിൻ ഹോ) കത്തിൽ ഇങ്ങിനെ പറയുന്നു: ‘ബിനാലെയിൽ പ്രദർശിപ്പിച്ച താങ്കളുടെ മഹാഭാരത എന്ന രചന 1.236,75 അമേരിക്കൻ ഡോളറിന് വിൽപ്പനയായിരിക്കുന്നു. ഈ പണം താങ്കൾക്ക് അയക്കാനുള്ള സംവിധാനങ്ങൾ ചെയ്തിട്ടുണ്ട്’. ഇന്ത്യൻ ചിത്രകാരന്മാരുടെ രചനകൾ അന്തർദേശീയ തലത്തിൽ വിൽക്കപ്പെടുന്നതിന്റെ തുടക്കക്കാല രേഖകളിലൊന്നായി ഈ കത്തിനെ കാണാം. ഇന്ത്യൻ ചിത്രകലക്ക് അന്തർദേശീയ തലത്തിൽ ലഭിച്ചു തുടങ്ങിയ അംഗീകാരത്തിന്റെ സാക്ഷിപത്രം കൂടിയാണ് 50 വർഷം മുമ്പ് അയച്ച ഈ കത്ത്.
യാക്ബി അയച്ചുതന്ന ആർക്കൈവൽ രേഖകളിൽ ബിനാലെ ജ്യൂറിമാർ, ഇന്റീരിയർ/എക്സ്റ്റീരിയർ ക്യുറേറ്റർമാർ, എന്നിവരുടെ പേരുവിവരങ്ങളുമുണ്ട്. പേരുകൾ രേഖപ്പെടുത്തേണ്ടതിലെ സൂക്ഷ്മതയിലേക്ക് രേഖയിലെ ഈ താളുകൾ നമ്മുടെ ശ്രദ്ധയെ ക്ഷണിക്കുന്നു. ഒപ്പം പരിപാടിയുടെ ഭാഗമായി നടക്കുന്ന മറ്റ് കലാ അവതരണങ്ങളുടെ, ഉദാഹരണത്തിന് ജപ്പാനിലെ പാരമ്പര്യ നൃത്തം കബൂക്കി, വിശദാംശങ്ങളും കാണാം. ഇത്തരം കാര്യങ്ങൾ പോർച്ചുഗീസിലാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഗൂഗിൾ ട്രാൻസ്ലേറ്ററുപയോഗിച്ചാണ് ഞാനത് വായിച്ചത്. പോർച്ചുഗീസ് നന്നായി അറിയുന്നവർ ഈ താളുകൾ വായിക്കുകയാണെങ്കിൽ കൂടുതൽ സൂക്ഷ്മമായ മറ്റു ചില കാര്യങ്ങൾ കൂടി മനസ്സിലാക്കാൻ സാധിക്കും. ഗൂഗിൾ ട്രാൻസ്ലേറ്റർ വലിയ സാധ്യത തുറന്നിടുന്നുണ്ടെങ്കിലും പല സന്ദർഭങ്ങളിലും അതിന് പരിധിയും പരിമിതികളുമുണ്ട്. 1971 മെയ് 4ന് ഇന്ത്യയിലെ ബ്രസീൽ എംബസി ദൽഹിയിൽ നിന്നും ഹുസൈൻ ബിനാലെക്ക് എത്തുന്ന കാര്യം സ്ഥിരീകരിച്ച് ടെലഗ്രാം അയച്ചിട്ടുണ്ട്. മറ്റൊരു ടെലഗ്രാം ഹുസൈന്റെ സാവോപോളോയിലേക്കുള്ള വിമാനടിക്കറ്റ് റീ റൂട്ട് ചെയ്യുന്നത് സംബന്ധിച്ച കാര്യത്തിന് ബ്രസീൽ എംബസിയെ ബന്ധപ്പെടണമെന്നു പറയുന്നതാണ് ( ബിനാലെക്ക് ഹുസൈൻ ഇന്ത്യയിൽ നിന്ന് അമേരിക്കയിലെത്തി അവിടെ കുറച്ചു ദിവസങ്ങൾ ചിലവിട്ടാണ് ബ്രസീലിലേക്ക് പോകുന്നത്. അതുകൊണ്ടാണ് ടിക്കറ്റ് റീ റൂട്ട് ചെയ്യേണ്ടി വരുന്നത്). ടിക്കറ്റ് റീ റൂട്ട് ചെയ്യുമ്പോൾ വരുന്ന അധികച്ചിലവ് ഇന്ത്യൻ എംബസി വഹിക്കുമെന്ന മറ്റൊരു ടെലഗ്രാമും കാണാം. താമസിക്കാനുള്ള ഹോട്ടൽ വിശദാംശങ്ങൾ മറ്റൊന്നിൽ. ഹുസൈന്റെ ഒരു മറുപടി ടെലഗ്രാമും അയച്ചു കിട്ടിയ രേഖകളിലുണ്ട്.
ഈ ടെലഗ്രാമുകൾക്ക്, ആർക്കൈവൽ രേഖകൾക്ക് ഇന്ന് എന്തു പ്രസക്തി? ഇതിൽ എന്ത് ആനക്കാര്യം ഇരിക്കുന്നു? തീർച്ചയായും ഇത്തരം ചോദ്യങ്ങൾ ഉയരും ഉറപ്പ്. ഹുസൈൻ രാജ്യഭ്രഷ്ടനായിരുന്നില്ലെങ്കിൽ (അത് ഭ്രഷ്ട് തന്നെയായിരുന്നു), ഇന്ത്യൻ പൗരത്വം ഉപേക്ഷിച്ച് ഖത്തർ പൗരൻ ആയില്ലായിരുന്നെങ്കിൽ ഈ രേഖകൾക്ക് ഇപ്പോൾ പ്രത്യേകിച്ച് പ്രാധാന്യമോ മൂല്യമോ ഇല്ല. അദ്ദേഹം മരിച്ചിട്ട് 11 വർഷം പിന്നിടുന്ന ഈ വേളയിൽ ഹുസൈൻ യഥാർത്ഥത്തിൽ ആരായിരുന്നുവെന്ന് ഓർമ്മിപ്പിക്കാൻ ഒരുപക്ഷെ നമ്മെ സഹായിക്കാൻ ഈ രേഖകൾക്ക് കൂടുതൽ സാധിച്ചേക്കും. ഇന്ത്യൻ ചിത്രകല തന്നെ ഹുസൈനായി മാറിയ ഒരു കാലത്തെയാണ് ടെലഗ്രാം/കത്ത് രേഖകൾ പ്രതിനിധീകരിക്കുന്നത്. അത്രയും പ്രധാനപ്പെട്ട ഒരാളെ പിന്നീട് ഈ രാജ്യം എന്തുചെയ്തു എന്നോർത്തുനോക്കുക. പിക്കാസോ ചിത്രങ്ങൾക്കൊപ്പം ഇന്ത്യൻ സാന്നിധ്യമായി സാവോപോളോ ബിനാലെയിൽ പങ്കെടുത്ത ഹുസൈൻ എന്ന ചിത്രകാരനെ ഇന്ത്യൻ ബഹുത്വത്തിൽ നിന്നും ആട്ടിയോടിക്കാൻ ‘പരിവാരത്തിന്’ കഴിഞ്ഞു. ഇന്ത്യൻ ചിത്രകലയുടെ ചരിത്രത്തിൽ ഇതിനു സമാനമായ മറ്റു സംഭവങ്ങളുണ്ടായിട്ടുണ്ടോ? ഉണ്ടായിരിക്കാനിടയില്ല. ഇന്ത്യൻ കലാചരിത്രത്തിലെ ഏറ്റവും കെടുതിനിറഞ്ഞ ആ സന്ദർഭത്തെക്കുറിച്ച് ഇന്ന് ആരും ചർച്ച ചെയ്യുന്നില്ല എന്നത് മറ്റൊരു വിപര്യയം.
ഹിന്ദു ദേവതകളെ നഗ്നരാക്കി വരച്ചുവെന്ന ആരോപണം ഹുസൈനെ നിരവധി കേസുകളിൽ പ്രതിയാക്കി. കേസുകളിൽ അദ്ദേഹം കുറ്റവിമുക്തനാക്കപ്പെട്ടു. ഓരോ കേസും വെറുതെ വിടുമ്പോൾ ‘പരിവാരം’ വിദൂരസ്ഥങ്ങളായ കോടതികളിൽ ഹുസൈനെതിരെ വീണ്ടും കേസുകൾ കൊടുത്തുകൊണ്ടിരുന്നു. കോടതിയിൽ നിന്നും ഇറങ്ങാൻ പറ്റാത്ത സ്ഥിതിയുണ്ടാക്കി. അതിൽ മനം മടുത്ത് അദ്ദേഹം ആദ്യം രാജ്യം വിട്ടു. പിന്നീട് 2010 ഫെബ്രുവരിയിൽ ഇന്ത്യൻ പൗരത്വം ഉപേക്ഷിച്ചു. ഖത്തർ പൗരനായി. അന്ന് അദ്ദേഹം എഴുതി: “I the Indian origin painter M.F Husain at 95, have been honoured by Qatar nationality”. ഖത്തർ തലസ്ഥാനമായ ദോഹയിലെ ഇന്ത്യൻ എംബസിയിൽ ചെന്ന ഹുസൈൻ തന്റെ പാസ്പോർട്ട് അവിടെ ഏൽപ്പിച്ചു. താൻ മറ്റൊരു രാജ്യത്തെ പൗരനാവുകയാണെന്ന് അറിയിച്ചു. പക്ഷെ മാധ്യമങ്ങളോട് അദ്ദേഹം പറഞ്ഞു: ‘ഞാൻ ഒരിന്ത്യക്കാരൻ തന്നെയാണ്, പൗരത്വം കടലാസിലോ മറ്റു രേഖകളിലോ കാണുന്നത് മാത്രമല്’. തന്നെ നിരന്തരമായി ക്ലേശത്തിലാക്കിയവരെക്കുറിച്ച് പിന്നീടൊരിക്കലും അദ്ദേഹം ഒന്നും പറഞ്ഞില്ല. ഇന്ത്യയിൽ പലയിടങ്ങളിൽ ഹുസൈൻ ചിത്രങ്ങളുടെ പ്രദർശനങ്ങൾക്കു നേരെയുണ്ടായ ആക്രമണങ്ങൾ ഓർക്കാനും അതിനെക്കുറിച്ച് സംസാരിക്കാനും അദ്ദേഹം തുനിഞ്ഞില്ല. പിന്നെയോ? തന്റെ ജീവിതത്തിന്റെ അവസാന കാലത്തെ ഏറ്റവും പ്രധാനപ്പെട്ട ചിത്രമായ ‘ചുവന്ന മരുഭൂമിയിലെ അന്ത്യ അത്താഴം’ വരക്കാൻ തുടങ്ങി. ഖത്തർ പൗരനാകുന്നതിന് രണ്ടു വർഷം മുമ്പ് 2007ൽ ദോഹയിൽ ഇടക്കാല ജീവിതം തുടങ്ങി കുറച്ചുനാൾ കഴിഞ്ഞാണ് (ഖത്തറിൽ താൽക്കാലിക താമസക്കാരനായി വന്ന ഹുസൈൻ രണ്ടു വർഷം കഴിഞ്ഞാണ് പൗരനാകുന്നത്) ഈ ചിത്രം വരക്കുന്നത്. ക്യാൻവാസിൽ അക്രിലിക്കിൽ വരച്ച 199X130 സെന്റീമീറ്റർ വലുപ്പമുള്ള ചിത്രം ഇപ്പോൾ ദോഹ മത്ഹഫ് കലക്ഷനിലാണുള്ളത്.
ചിത്രത്തെക്കുറിച്ച് ഹുസൈൻ പറഞ്ഞു: “ലിയോനാർഡോ ഡാവിഞ്ചിയുടെ ‘അവസാന അത്താഴത്തിൽ’ യൂറോപ്പ് ഏറെ നിഗൂഡമായിട്ടാവാം ആവിഷ്കൃതമായിട്ടുണ്ടാവുക. എന്നാൽ എന്റെ ‘ചുവന്ന മരുഭൂമിയിലെ അവസാന അത്താഴത്തിൽ’ അറേബ്യയെ ഒരു നിഗൂഡതയും ചൂഴ്ന്നു നിൽക്കുന്നില്ല.” ഈ ചിത്രമുൾപ്പെടെ ഹുസൈന്റെ ജീവിതത്തിന്റെ വിവിധ കാലങ്ങളിൽ വരച്ച രചനകളുടെ സമഗ്ര പ്രദർശനം 2019 മാർച്ച് 21- ജൂലൈ 31 കാലത്ത് ദോഹയിൽ നടന്നു. (സൂര്യന്റെ കുതിരകൾ എന്ന ശീർഷകത്തിലായിരുന്നു പ്രദർശനം). രഞ്ജിത്ത് ഹോസ്ക്കോട്ട് ആയിരുന്നു ക്യൂറേറ്റർ. ‘അവസാന അത്താഴം’ ഈ പ്രദർശനത്തിൽ നിന്നാണ് ഞാൻ കാണുന്നത്. ആ ചിത്രത്തെക്കുറിച്ച് ബ്രോഷറിൽ ഹോസ്ക്കോട്ട് എഴുതി: “ലിയോനാർഡോ ഡാവിഞ്ചിയുടെ അവസാന അത്താഴം (1495-1498) എന്ന ക്രൈസ്തവ മതവീക്ഷണ പ്രകാരമുള്ള സങ്കീർണ്ണമായൊരു മാസ്റ്റർ പീസ് പെയിന്റിംഗിന് എം.എഫ് ഹുസൈൻ രഹസ്യം, വിശുദ്ധ സൗഹൃദം, ദുരന്തപൂർണ്ണമായ ചതി തുടങ്ങിയ പ്രമേയങ്ങൾക്ക് ഇന്ത്യൻ-അറബ് വീക്ഷണത്തിലൂടെ നൽകുന്ന വ്യാഖ്യാനത്തിലൂടെ അപ്രതീക്ഷിത മാനങ്ങൾ കൈവരിക്കുന്നു. ഈ പെയിന്റിംഗിൽ ഹുസൈൻ സമയക്രമം പൊളിച്ചടുക്കുന്നു. വ്യത്യസ്ത കാലഘട്ടങ്ങളിലുള്ള യഹൂദ, ക്രൈസ്തവ, ഇസ്ലാമിക വ്യക്തിത്വങ്ങളെ ഒരുക്കൂട്ടി ഒരു തുടർച്ചയിലേക്കു അടുപ്പിച്ചുവെക്കുന്നു.”
സത്യത്തിൽ ഇന്ന് ഹുസൈന്റെ സർഗലോകത്തേക്ക് തിരിഞ്ഞുനോക്കുമ്പോൾ ഈ ചിത്രം അദ്ദേഹത്തെ ഇന്ത്യൻ ബഹുത്വത്തിൽ നിന്നും പുറത്താക്കിയതിനോടുള്ള അതിശക്തമായ പ്രതികരണമായി കാണാം. ദുരന്തപൂർണ്ണമായ ചതി എന്ന് ഹോസ്ക്കോട്ട് പറയുന്നത് മാതൃരാജ്യം നഷ്ടപ്പെടുത്തേണ്ടിവന്ന ഒരാളുടെ ജീവിതാവസ്ഥയിലേക്ക് നമ്മെ കൂട്ടിക്കൊണ്ടു പോകുന്നുണ്ട്. അതിനാൽ തന്നെ ഭാവിയിൽ ഹുസൈന്റെ ചിത്രങ്ങളെക്കുറിച്ച് പഠിക്കുന്ന ഒരാളെ സംബന്ധിച്ച് ‘ഒടുവിലത്തെ അത്താഴം’ അദ്ദേഹത്തിന്റെ മാസ്റ്റർ പീസ് എന്ന് വിലയിരുത്തപ്പെട്ടാൽ പോലും അതിൽ അത്ഭുതപ്പെടാനില്ല. ഹോസ്കോട്ട് ഹുസൈനെ പൊതുവിൽ വിലയിരുത്തിക്കൊണ്ട് പറയുന്നത് ഇങ്ങിനെയാണ്: “ഇന്ത്യൻ നാഗരികതയുടെ ധന്യതയെ ഉയർത്തിക്കാട്ടുന്ന ഒരു ദൃശ്യഭാഷയിലൂടെയാണ് ഹുസൈൻ ഏറെ പ്രശസ്തനായത്. അദ്ദേഹത്തിന്റെ കലാവിഷ്ക്കാരങ്ങൾ ബ്രിട്ടീഷ് അധിനിവേശാനന്തര സ്ഥിതിമാറ്റം അനുഭവിച്ചൊരു സമൂഹത്തിന്റെ പ്രതിസന്ധികളുമായും വിജയ ഹർഷങ്ങളുമായും സംവദിച്ചു. ഇന്ത്യൻ ഗ്രാമജീവിതത്തിന്റെ സാംസ്ക്കാരിക ചക്രവാളങ്ങളെ അടയാളപ്പെടുത്തി. ലോക മതങ്ങളുടെ വൈവിധ്യം വരച്ചുകാട്ടി. ഹൈന്ദവ ഇതിഹാസങ്ങളെയും പൗരാണിക ഭാഷ്യങ്ങളെയും പ്രകാശിപ്പിച്ചു. ശ്രദ്ധേയനായ ബഹുവിഷയ കലാകാരനെന്ന നിലയിൽ അദ്ദേഹത്തിന്റെ രചനകൾ പെയിന്റിംഗ് മുതൽ കാവ്യകല വരെയും വാസ്തുവിദ്യ മുതൽ ചലച്ചിത്രം വരെയും ആവിഷ്ക്കാര വൈവിധ്യം പുലർത്തി.” ലോക മതങ്ങളെ വരച്ചുകാട്ടുമ്പോഴും ഹുസൈൻ ചവുട്ടി നിന്നത് ഹൈന്ദവ ഇതിഹാസങ്ങളിലും പൗരാണിക ഭാഷ്യങ്ങളിലുമായിരുന്നു. എന്നാൽ അങ്ങിനെയുള്ള ലോകം തനിക്ക് നിഷേധിക്കപ്പെട്ടതിന്റെ ദുഃഖം കൂടി കലർന്നതാണ് ‘അവസാനത്തെ അത്താഴം’. കാരണം ആ ചിത്രം സെമിറ്റിക്ക് ലോകത്തെ അഭിസംബോധന ചെയ്യുന്നു, തനിക്ക് നഷ്ടപ്പെട്ട നോൺ-സെമിറ്റിക്ക് ലോകം ഇനി എങ്ങനെ പൂരിപ്പിക്കപ്പെടും എന്ന ചോദ്യം ഉയർത്തുന്നു. ദോഹയിലെ പ്രദർശനത്തിൽ ആ ചിത്രത്തിന് മുന്നിൽ നിൽക്കുമ്പോൾ ഇന്ത്യൻ കലാചരിത്രം തന്നെ ഭാവിയിൽ പൂരിപ്പിക്കേണ്ടി വരുന്ന ഒരു രചനയായി ഈ ചിത്രം അനുഭവപ്പെട്ടു. ഇന്ത്യനന്തരീക്ഷം കൂടുതൽ കൂടുതൽ കലുഷിതമായിക്കൊണ്ടിരിക്കെ കലാലോകം അത്തരമൊരു ചർച്ചക്ക് ഒരുങ്ങിയതേയില്ല എന്ന വസ്തുത ഒരു നിലയിൽ ഭയപ്പെടുത്തുന്നതാണ്. തന്റെ 93-ാം വയസ്സിലാണ് ഹുസൈൻ ‘അവസാനത്തെ അത്താഴം’ വരക്കുന്നത്. സാധാരണ നിലയിൽ നോക്കിയാൽ ഊർജ്ജം ഏറ്റവും കുറഞ്ഞ പലതരം ശാരീരിക ക്ഷയങ്ങളുടെ നടുവിൽ. പക്ഷെ ഈ ചിത്രം കാണുമ്പോൾ അസാധാരണമായ ഊർജ്ജപ്രവാഹമാണ് നമുക്ക് അനുഭവപ്പെടുക. അദ്ദേഹത്തിന്റെ വിഖ്യാതമായ കുതിരച്ചിത്രങ്ങളിലും മഹാഭാരത പരമ്പരയിലും 2001ൽ കേരളത്തിൽ വന്നു വരച്ച നാടോടിക്കഥാ പരമ്പരയിലുമെല്ലാം കാണുന്ന സർഗ ഊർജപ്രവാഹം ഒരു കുറവുമില്ലാതെ ‘ചുവന്ന മരുഭൂമിയിലെ അവസാന അത്താഴത്തിലും’ തുടർന്നു വരച്ച ചിത്രങ്ങളിലും കാണാം.
ഇന്ത്യ വിട്ടില്ലായിരുന്നെങ്കിൽ, ഇന്ത്യക്കാരനായി തന്നെ തന്റെ ജീവിതം പൂർത്തിയാക്കാൻ കഴിയുമായിരുന്നുവെങ്കിൽ അദ്ദേഹം ഈ ചിത്രം വരക്കുമായിരുന്നോ? ആ ചോദ്യം പ്രധാനമായി തോന്നുന്നു. കാരണം ആ ചിത്രത്തിന്റെ ഉളളടക്കം, അന്തർ നോട്ടം ഒരു രാജ്യഭ്രഷ്ടന്റേതാണ്. ചിത്രത്തിന്റെ തലക്കെട്ടിൽ അവസാന അത്താഴം കടന്നു വരികയും ചെയ്യുന്നു. അതിന് ക്രിസ്തുവിന്റെ അന്ത്യ അത്താഴവുമായല്ല ബന്ധവും. അതേസമയം ചിത്രത്തിന്റെ ബോധധാരയിൽ സെമിറ്റിക്ക് മിത്തുകളും ചരിത്രവും കടന്നു വരുന്നുമുണ്ട്. മരുഭൂമിയിലാണ് സെമിറ്റിക്ക് മതങ്ങൾ പിറന്നതും അവയുടെ പ്രചാരണ യാത്രകൾ ആരംഭിച്ചതും. ഹുസൈന്റെ ‘Through the eyes of a painter’ എന്ന സിനിമ (ബെർലിൻ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലിൽ 1967ൽ ഈ ചിത്രം ഗോൾഡൻ ബിയർ പുരസ്ക്കാരം നേടി) രാജസ്ഥാനിലാണ് ചിത്രീകരിക്കപ്പെടുന്നത്. അവിടെയുള്ള മരുഭൂമിയും ഒട്ടകങ്ങളും മുൾച്ചെടികളും വരണ്ടൊട്ടിയ കിണറുകളുമൊക്കെ ആ സിനിമയിൽ നമുക്കു കാണാം. അക്കാലത്തെ അദ്ദേഹത്തിന്റെ ചില ചിത്രങ്ങളിലും ഒരു ലാൻഡ് സ്കേപ്പ് എന്ന നിലയിൽ മരുഭൂമി കടന്നുവന്നിട്ടുണ്ട്. എന്നാൽ ഹുസൈന്റെ കലാജീവിതം മുഴുവനുമായും എടുത്തു നോക്കിയാൽ മരുഭൂമി ആഖ്യാനങ്ങൾ കൂടുതലായി (ശരിക്കും പറഞ്ഞാൽ അതുമാത്രമായി) അദ്ദേഹം ആവിഷ്ക്കരിക്കുന്നത് 2007 മുതലാണ്. അപ്പോൾ ഹുസൈൻ ദോഹയിൽ താൽക്കാലിക ജീവിതം ആരംഭിച്ചു കഴിഞ്ഞിരുന്നു. ഹസ മിൻ ഫദ്ഹീ റബ്ബീ, യമൻ ചിത്ര പരമ്പര എന്നിവയിലെല്ലാം മരുഭൂമിയും അതുമായി ബന്ധപ്പെട്ട രൂപകങ്ങളും അതിശക്തമായി കടന്നുവരുന്നു, അല്ലെങ്കിൽ തല നീട്ടുകയെങ്കിലും ചെയ്യുന്നു.
ഹുസൈൻ തന്നെ സ്വയം വിശേഷിപ്പിച്ചിട്ടുള്ളത് ഒരു രാഷ്ട്രാന്തരീയ നാടോടി എന്നാണ്. ലോകം ചുറ്റി സഞ്ചരിക്കുകയും ചിത്രങ്ങൾ നിർത്താതെ വരച്ചുകൊണ്ടിരിക്കുകയും ചെയ്ത ഹുസൈന് സ്വയം അങ്ങിനെ വിശേഷിപ്പിക്കാൻ കഴിയുമെന്നതിൽ തർക്കമില്ല. രണ്ടു ലോകയുദ്ധങ്ങൾ, ഇന്ത്യ-പാക് വിഭജനം, റഷ്യ-യു.എസ് ശീതയുദ്ധം, അൾജീരിയൻ സ്വാതന്ത്ര്യ പോരാട്ടം, വിയറ്റ്നാം യുദ്ധം, ദക്ഷിണേഷ്യയിലെയും പശ്ചിമേഷ്യയിലെയും സംഘർഷങ്ങൾ തുടങ്ങിയ സംഭവവികാസങ്ങൾക്കെല്ലാം അദ്ദേഹം നേരിട്ടോ അല്ലാതെയോ സാക്ഷിയായി. ഇങ്ങിനെയുള്ള ബഹുവിധമായ അനുഭവങ്ങളിലൂടെ കടന്നുപോയ ഹുസൈൻ ചിത്രങ്ങളിൽ അവസാന കാലത്ത് ലാൻഡ്സ്കേപ്പായി എന്തുകൊണ്ട് മരുഭൂമി മാത്രം അവശേഷിച്ചു?
അവിടെയാണ് പ്രകൃതിയുടെയും ജീവിതത്തിന്റെയും മനുഷ്യാനുഭവങ്ങളുടെയും ഭാഷാ വൈവിധ്യങ്ങളുടെയുമെല്ലാം ഇന്ത്യൻ സമ്പന്നതയിൽ നിന്നും പുറത്താക്കപ്പെട്ട ഒരു കലാകാരനെ നാം കാണുന്നത്. മരുഭൂമി ചിത്രങ്ങൾക്ക് കീഴിൽ പേരെഴുതി ഒപ്പുവെച്ച ഹുസൈൻ ഒരു രാജ്യഭ്രഷ്ടന്റെ സത്യവാങ്മൂലത്തിലാണ് കയ്യൊപ്പ് ചാർത്തിയതെന്ന് ഇന്ന് ആ ചിത്രങ്ങൾ നോക്കുമ്പോൾ അതിതീവ്രമായി അനുഭവപ്പെടും. മരുഭൂമിയിലെ അവസാന അത്താഴം എന്ന ചിത്രം വരക്കുമ്പോൾ അദ്ദേഹം ഇന്ത്യൻ പൗരത്വം ഉപേക്ഷിച്ച് സ്വയം രാജ്യഭ്രഷ്ടനാകാനുള്ള തയ്യാറെടുപ്പ് നടത്തുകയായിരുന്നുവെന്ന് വേണം മനസ്സിലാക്കാൻ. താൻ ജീവിക്കുകയും പരിചയിക്കുകയും ചെയ്ത ഇന്ത്യത്വം അതിവേഗം ഇല്ലാതാവുകയാണെന്ന് അദ്ദേഹം മനസ്സിലാക്കിയിരുന്നു. തന്റെ പ്രിയ നഗരമെന്ന് ഹുസൈൻ ആവർത്തിച്ചുപറഞ്ഞിരുന്ന മുംബൈ എന്നേക്കുമായി വിട്ടുപോകുമ്പോൾ നിരവധിയായ ഇന്ത്യൻ മിത്തുകളും പുരാണങ്ങളും കൂടി അദ്ദേഹത്തിന്റെ മനസ്സിൽ നിന്നും കുടിയിറങ്ങി എന്നു വേണം മനസ്സിലാക്കാൻ. അവസാനകാല പ്രമേയങ്ങൾ ഒന്നും ‘ഇന്ത്യൻ’ ആയിരുന്നില്ല. അതിനു കാരണമായിത്തീർന്ന സാമൂഹികവും രാഷ്ട്രീയവുമായ കാരണങ്ങൾ പിൽക്കാലത്ത് പരിവാരം നടത്തിയ കൊലകളിലൂടെ (ധാബോൽക്കർ, പൻസാര, ഗൗരി ലങ്കേഷ്, മറ്റ് അസംഖ്യം ഹത്യകളും) വെളിവാക്കപ്പെട്ടു.
ഇന്ത്യ അത്തരത്തിൽ മാറിക്കൊണ്ടിരിക്കുന്നുവെന്ന് തന്നെ നിരന്തരമായി കോടതികൾ കയറ്റിയിറക്കി രസിക്കുന്നവരിൽ നിന്നും അദ്ദേഹം മനസ്സിലാക്കി. ഒടുവിൽ സർഗാത്മക വിക്ഷുബ്ധതയോടെ ഹുസൈൻ മരുഭൂമിയെ തന്റെ ലാൻഡ്സ്കേപ്പാക്കി മാറ്റി. പാലറ്റും ക്യാൻവാസും തന്നെ മാറ്റിക്കളഞ്ഞു. സമൃദ്ധമായി നിറങ്ങൾ ഉപയോഗിക്കുന്ന ഹുസൈന്റെ അവസാന കാല ചിത്രങ്ങളിൽ മരുഭൂമിയുടെ നിറം കെട്ടുപോകുന്ന നിറങ്ങളാണ് അധികമായി കാണാനാവുക. ചുവന്ന മരുഭൂമി ഒരുപക്ഷെ മധ്യപൂർവ്വദേശത്തേതായിരിക്കും. ചുവന്ന മണൽ മരുഭൂമി സമൃദ്ധമായി കാണാൻ കഴിയുന്നത് അവിടെയാണ്. ഇന്ത്യൻ മരുഭൂമിയിൽ ചുവന്ന മണൽ അധികം കാണാറില്ല. അതിനാൽ നിറത്തെക്കുറിച്ച് കൃത്യമായി പറയുമ്പോൾ താൻ വരക്കുന്നത് ഇന്ത്യൻ മരുഭൂമിയല്ല എന്നും ഹുസൈൻ അസന്നിഗ്ധമായി വ്യക്തമാക്കുന്നുണ്ട്. അദ്ദേഹത്തിന്റെ വാക്കുകൾ ആവർത്തിച്ചാൽ ഈ ചിത്രത്തിൽ ഒരു നിഗൂഡതയും ചൂഴ്ന്നുനിൽക്കുന്നില്ലെന്ന് തന്നെ കരുതാം. അപ്പോൾ നിഗൂഡതകൾ, ഇരുട്ട് ചൂഴ്ന്നു നിൽക്കുന്ന തന്റെ മാതൃരാജ്യത്തെ മറ്റൊരു വിധത്തിൽ, ഒരു ഭ്രഷ്ടന്റെ കാഴ്ച്ചയിൽ അദ്ദേഹം അവതരിപ്പിക്കുകയായിരുന്നുവെന്ന് തന്നെ വേണം മനസ്സിലാക്കാൻ.
അനീസ് സലീമിന്റെ ‘വെൻഡിങ് മെഷിനിൽ നിന്നുള്ള കഥകൾ’ എന്ന നോവലിൽ എം.എഫ് ഹുസൈൻ കഥാപാത്രമാണ്. നോവലിന്റെ തുടക്ക പേജുകളിൽ തന്നെ ഹുസൈൻ കടന്നുവരുന്നു. ഒരു വിമാനത്താവളത്തിലെ വെൻഡിങ് മെഷിനിൽ നിന്ന് ചായക്കച്ചവടം നടത്തുന്ന ഹസീനയുടെ അടുക്കൽ എത്തുന്ന ഹുസൈനെയാണ് നോവലിൽ കാണുക. മെഷിൻ ചായക്ക് 40 രൂപയാണ് വില. ഹുസൈൻ ചായക്കു വരുന്നു. കാലിൽ ചെരിപ്പില്ല. ധരിച്ചിരിക്കുന്നത് ആകർഷകമായ വസ്ത്രങ്ങളല്ല. ഗൾഫിലേക്ക് തൊഴിലാളിയായിപ്പോകുന്ന പ്രായമുള്ള ഒരാൾ എന്നാണ് ഹസീന മനസ്സിലാക്കിയത്. ഈ ചായക്ക് 40 രൂപയാകും, വിമാനത്തിൽ കയറിയാൽ നിങ്ങൾക്ക് സൗജന്യമായി ചായ കിട്ടും- ഹസീന ഹുസൈനോട് പറയുന്നു. അവിടം മുതൽ ഹുസൈൻ വഴക്കിടുന്നു. 40 രൂപ കയ്യിലില്ലാത്തയാളാണ് ഞാനെന്ന് നീ കരുതിയോ? ഞാനാരാണെന്ന് നിനക്കറിയാമോ? പെയിന്റർ. ഹുസൈൻ ക്ഷോഭത്തോടെ ഇങ്ങിനെ പറഞ്ഞപ്പോൾ ഹസീന മനസ്സിലാക്കുന്നത് കെട്ടിടങ്ങളുടെ ചുമരുകളും മച്ചുകളും പെയിന്റടിക്കുന്ന തൊഴിലാളി എന്നാണ്. അങ്ങിനെയൊരാൾ കൂടിയ വിലക്ക് ചായകുടിച്ച് പണം കളയേണ്ട എന്നേ അവൾ കരുതിയുള്ളൂ. ഒടുവിൽ ഈ തർക്കത്തിന്റെ പേരിൽ അവൾക്ക് ജോലി പോകും എന്ന അവസ്ഥ വന്നു. പക്ഷെ, അങ്ങിനെ ഉണ്ടായില്ല. അവൾ ഹുസൈനെ ഇങ്ങിനെ ശപിച്ചു- ‘ഈ മനുഷ്യൻ അടുത്ത തവണ ഹജ്ജിനു പോകുമ്പോൾ അവിടെ എന്തെങ്കിലുമൊരു അപകടം ഉണ്ടാകണേ’, വിചിത്രമായ പ്രാർത്ഥന എന്നാണ് നോവലിസ്റ്റ് ഹസീനയുടെ ഈ ശാപപ്രാർത്ഥനയെ വിശേഷിപ്പിക്കുന്നത്. കുറച്ചുനാൾ കഴിഞ്ഞ് ഒരു പത്രത്തിന്റെ ഞായറാഴ്ച്ചപ്പതിപ്പിൽ ഹുസൈനെക്കുറിച്ചുള്ള ഫീച്ചർ കാണുമ്പോഴാണ് എത്തരം പെയിന്ററാണ് തന്റെ അടുത്ത് വന്നതെന്ന് അവൾ മനസ്സിലാക്കുന്നത്. 2013ലാണ് ഈ നോവൽ ഇംഗ്ലീഷിൽ (Tales from a vending Machine എന്ന ശീർഷകത്തിൽ) പുറത്തിറങ്ങുന്നത്. 2016ലാണ് ചിഞ്ജു പ്രകാശിന്റെ മലയാള പരിഭാഷ പ്രസിദ്ധീകരിക്കപ്പെടുന്നത്. ഹസീന മനസ്സിലാക്കിയപോലെ പെയിന്റർ ഹുസൈനെപ്പോലും മനസ്സിലാക്കാൻ കഴിയാത്തവരാണ് ഹുസൈനെ നിരന്തരമായി കുടുക്കാൻ ശ്രമിച്ചത്. ആ നിലയിൽ ഈ നോവൽ അത്തരമൊരു സന്ദർഭത്തോടുള്ള പ്രതികരണം കൂടിയാണെന്ന് മനസ്സിലാക്കാം.
ഹുസൈൻ തന്റെ ഒരു കവിതയിൽ ഇങ്ങിനെ എഴുതി:
If only ,
Someone could pass on that
entire white sheet of snow from the sky,
That entire spotless white sheet,
Then only,
I Could cover the infinite gloom
Appearing on your face.
Otherwise,
How can I decorate this gloom
with white flowers?
And listen,
The moment I start my painting,
Please hold the sky in your hands,
I still remain unfamiliar with the spread and dimensions of my canvas.
ഇങ്ങിനെയൊരു കവിത തന്റെ അവസാന വർഷങ്ങളിൽ ഹുസൈന് എഴുതാൻ കഴിയുമായിരുന്നോ? അത്തരമൊരു ഭാഷ അദ്ദേഹത്തിൽ നിന്നും അകന്നുകഴിഞ്ഞിരുന്നില്ലേ? അതിന്റെ കാരണങ്ങൾ എന്തായിരുന്നു? ഇന്ത്യൻ കലാലോകത്തിന് ഒഴിവാക്കാൻ കഴിയാത്ത ഒരു ചോദ്യമാണിതെന്ന് കലാചരിത്രത്തിലൂടെ കടന്നുപോകുന്ന ആർക്കും എളുപ്പത്തിൽ മനസ്സിലാക്കാൻ കഴിയും. മീസെൽ സൊയോട്ടോ യാക്ബി അയച്ചുതന്ന അരനൂറ്റാണ്ട് പഴക്കമുള്ള ടെലഗ്രാം-കത്ത് രേഖകൾ, പലപ്പോഴായി ഹുസൈൻ ചിത്രങ്ങൾ കണ്ടതിന്റെ അനുഭവങ്ങൾ, അദ്ദേഹത്തെ നേരിൽ കാണുകയും സംസാരിക്കുകയും ചെയ്തതിന്റെ ഓർമ്മകൾ- ഇതെല്ലാം ഈ നൂറ്റാണ്ടിൽ പാടെ മാറിയ, മാറിക്കൊണ്ടിരിക്കുന്ന ഇന്ത്യയുടെ വിവിധങ്ങളായ മുഖങ്ങളെ ഓർമ്മിപ്പിച്ചു. അത് മനസ്സിലാക്കാൻ തെളിഞ്ഞുനിൽക്കുന്ന കണ്ണാടി കൂടിയാണ് എം.എഫ് ഹുസൈൻ.