ജൈവകൃഷിയെ പുറത്താക്കുന്ന പഞ്ചവത്സര പദ്ധതി

കേരള സ്റ്റേറ്റ് പ്ലാനിംഗ് ബോർഡ് പ്രസിദ്ധീകരിച്ച 14 -ാമത് പഞ്ചവത്സര പദ്ധതിയുടെ അപ്രോച്ച് പേപ്പറിൽ, കാർഷിക മേഖലയുമായി ബന്ധപ്പെട്ട നയങ്ങളിൽ രാസകീടനാശിനികൾ പൂർണ്ണമായും ഒഴിവാക്കിക്കൊണ്ടുള്ള കീടരോഗനിയന്ത്രണവും വളപ്രയോഗവും വലിയതോതിലുള്ള കൃഷിയിടങ്ങളിൽ പരാജയമാണെന്നും ‘യുക്തികരമല്ലാത്ത’ ഇത്തരം രീതികൾ നിരുത്സാഹപ്പെടുത്തണമെന്നും പറയുന്നു. (Fourteenth Five-Year Plan, KSPB – 44/Xii). എന്തുകൊണ്ടാണ് ഇങ്ങനെയൊരു സമീപനം പ്ലാനിംഗ് ബോർഡ് സ്വീകരിച്ചതെന്ന് വ്യക്തമാക്കേണ്ടതാണ്. മാത്രമല്ല ജൈവകൃഷിയെക്കുറിച്ച് യാതൊന്നും ഈ ഭാവി നയരേഖയിൽ പറയുന്നുമില്ല. ജൈവകർഷ സംഘടനകൾ ഇക്കാര്യം ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും പ്ലാനിംഗ് ബോർഡ് ഇതുവരെ തിരുത്താൻ തയ്യാറായിട്ടില്ല. (approach paper_vc_final_09062022 english_website.pdf). സംസ്ഥാന സർക്കാരിന്റെ അടുത്ത അഞ്ച് വർഷത്തെ കാര്യങ്ങൾ തീരുമാനിക്കുന്ന പ്രധാനപ്പെട്ടൊരു നയരേഖയിൽ ജൈവകൃഷി രീതികളെ മുൻവിധിയോടെ കണ്ട് പദ്ധതികൾ വിഭാവനം ചെയ്യുന്നത് ഭാവിയിൽ അത്ര ശുഭകരമായിരിക്കില്ല.

ഇന്ന് ലോകവ്യാപകമായി ജൈവകൃഷി വലിയൊരു മുന്നേറ്റമായി മാറിക്കഴിഞ്ഞിരിക്കുന്നു. 2020 ലെ കണക്കനുസരിച്ച് 190 രാജ്യങ്ങളിൽ നടത്തിയ സർവേയുടെ അടിസ്ഥാനത്തിൽ ലോകത്ത് ഏകദേശം 74.9 ദശലക്ഷം ഹെക്ടറിൽ ജൈവകൃഷി നടക്കുന്നുണ്ട്. 1999ൽ ഇത് വെറും 11 മില്യൺ ഹെക്ടർ മാത്രമായിരുന്നു. ആഗോളമായി ജൈവ ഉത്പാദകരുടെ എണ്ണവും അനുദിനം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. 20 വർഷം മുമ്പ് രണ്ട് ലക്ഷം ഉൽപാദകരുണ്ടായിരുന്ന സ്ഥാനത്ത് ഇന്ന് 34 ലക്ഷം ഉൽപാദകരായി വർദ്ധിച്ചു. 99ൽ ആഗോള ജൈവവിപണി 15.5 ബില്യൺ യൂറോയായിരുന്നെങ്കിൽ 2020ലെത്തുമ്പോഴേക്കും 120.6 ബില്യൺ യൂറോയിലേക്ക് ഉയർന്നു (https://www.fibl.org/fileadmin/documents/shop/1344-organic-world-2022.pdf).

രാസകൃഷിക്ക് വേണ്ടി നടത്തിയ ഹരിതവിപ്ലവം പോലെ വലിയ തോതിലുള്ള കോർപ്പറേറ്റ് ഇടപെടലുകളോ സർക്കാർ നയങ്ങളോ ഇല്ലാതെയാണ് ഈ വളർച്ച എന്നത് എടുത്തുപറയേണ്ടതാണ്. ഇന്ത്യയിലും ഓരോ വർഷവും ജൈവകൃഷി കൂടുതലായി വ്യാപിച്ചുകൊണ്ടിരിക്കുകയാണ്. ലോകത്ത് ഇന്ന് ഏറ്റവും കൂടുതൽ ജൈവ ഉല്പാദകരുള്ള രാജ്യമാണ് ഇന്ത്യ. 15,99,010 ജൈവ ഉല്പാദകരാണ് ഇന്ത്യയിൽ ഇന്നുള്ളത്. 2.65 ദശലക്ഷം ഹെക്ടർ സ്ഥലത്ത് ഇന്ത്യയിൽ ഇന്ന് ജൈവകൃഷിയുണ്ട്. വന്യവിഭവങ്ങളും കൂടി ചേർത്താൽ ഇത് ഏകദേശം 4.33 ദശലക്ഷം ഹെക്ടർ വരും. 2020-21 ലെ കണക്കനുസരിച്ച് 34.96 ലക്ഷം മെട്രിക് ടൺ ജൈവ ഉത്പന്നങ്ങൾ ഇന്ത്യയിൽ ഉത്പാദിപ്പിക്കുന്നുണ്ട്. 8.88 ലക്ഷം മെട്രിക് ടൺ ഓർഗാനിക് ഫുഡ് ഇന്ത്യ കയറ്റുമതി ചെയ്യുന്നുണ്ട്. ഇത് ഏകദേശം 707849.52 ലക്ഷം രൂപയുടെ മൂല്യം വരും. (https://apeda.gov.in/apedawebsite/organic/Organic_Products.htm).

മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഢ്, ഹിമാചൽ പ്രദേശ്, കർണ്ണാടക തുടങ്ങിയ സംസ്ഥാനങ്ങളിലെല്ലാം ജൈവകൃഷിയുടെ ഏരിയ വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ജൈവകൃഷി സംസ്ഥാനമായി പ്രഖ്യാപിച്ച സിക്കിമിൽ 75,000 ഹെക്ടറിലാണ് ജൈവകൃഷി നടക്കുന്നത്. ജൈവകൃഷിയിലേക്ക് മാറിയാൽ ഉൽപാദനം കുറയുമെന്ന പ്രചരണം മിഥ്യയാണെന്ന് ഇതെല്ലാം തെളിയിക്കുകയാണ്. സിക്കിമിന്റെ ഉദാഹരണം തന്നെയെടുക്കാം. അവിടുത്തെ വളരെ പ്രധാനപ്പെട്ട ഒരു വിളയാണ് ‘വലിയ ഏലം’. നല്ലൊരു ശതമാനം കർഷകരുടെയും പ്രധാന വരുമാനം ഈ ഏലത്തെ ആശ്രയിച്ചാണ് നിൽക്കുന്നത്. 2010നു മുമ്പ് അതായത് ജൈവകൃഷി നടപ്പിലാക്കാൻ തുടങ്ങുന്നതിന് മുമ്പ്, സിക്കിമിലെ ഏലം കൃഷി ഒട്ടും സ്ഥിരതയുള്ളതായിരുന്നില്ല. 1999 മുതൽ 2010 വരെയുള്ള 11 വർഷക്കാലയളവിൽ ഏലം കൃഷിയുടെ വിസ്തൃതിയും വിളവും ഉൽപാദനവുമെല്ലാം മാറിമാറിക്കൊണ്ടിരിക്കുകയായിരുന്നു. ഏകദേശം 18,544 ഹെക്ടർ പ്രദേശത്തായിരുന്നു അക്കാലയളവിലെ കൃഷി. ശരാശരി മൊത്തം ഉൽപാദനമാകട്ടെ 3875 മെട്രിക് ടൺ ആയിരുന്നു. വിളവ് ഹെക്ടറിന് ശരാശരി 207 കിലോയും.

2015 മുതലാണ് സിക്കിം പൂർണമായും ജൈവകൃഷിയിലേക്ക് തിരിയുന്നത്. ഡയറക്ടറേററ് ഓഫ് അരീകനട്ട് ആൻഡ് സ്പൈസസ് ഡവലപ്മെന്റ് പ്രസിദ്ധീകരിച്ച 2017 മുതൽ 2021 വരെയുള്ള കണക്കെടുത്ത് നോക്കിയാൽ 2010ന് മുമ്പുള്ള കാലഘട്ടത്തെ അപേക്ഷിച്ച് സിക്കിമിലെ ഏലം കൃഷി എത്രയോ ഭേദമാണെന്ന് നമുക്ക് കാണാം. 20,000 ഹെക്ടറിലാണ് ഇപ്പോൾ സിക്കിമിൽ ഏലം കൃഷി ഉള്ളത്. ശരാശരി മൊത്തം ഉൽപാദനം 5178 മെട്രിക് ടണും. ശരാശരി വിളവാകട്ടെ ഹെക്ടറിന് 255 കിലോയും. (https://www.dasd.gov.in/adminimage/Cardamom_statewise1.pdf). വളരെ സെൻസിറ്റീവ് ആയ ഒരു വിള കൂടിയാണ് ഏലം! കാലാവസ്ഥയിലുണ്ടാകുന്ന ചെറിയ മാറ്റങ്ങൾ കൊണ്ടും മറ്റും, വലിയ കീടരോഗബാധ വരെ സംഭവിക്കാം. ഈ ഏലമാണ് ജൈവകൃഷിയിലേക്ക് മാറിയപ്പോൾ വലിയ പരിക്കുകൾ ഇല്ലാതെ പിടിച്ചു നിന്നത്.

കേരളത്തിലെ ജൈവകൃഷി മുന്നേറ്റം

2010ൽ സംസ്ഥാന സർക്കാർ ജൈവകൃഷി നയം കൊണ്ടു വന്നെങ്കിലും ഒരു പ്രത്യേക മിഷൻ രൂപീകരിക്കുകയോ കൃത്യമായ പദ്ധതി തയ്യാറാക്കുകയോ അതിന് ഫണ്ട് വിലയിരുത്തുകയോ ചെയ്തിരുന്നില്ല. ചില പ്രഖ്യാപനങ്ങൾ നടത്തുക മാത്രമാണ് ആകെ ഉണ്ടായത്. അതുകൊണ്ടുതന്നെ അടുത്ത അഞ്ച് വർഷം കാര്യമായി ഒന്നും നടന്നില്ല.
അതേസമയം കേരളാ ജൈവ കർഷക സമിതി, തണൽ, സാലിം അലി ഫൗണ്ടേഷൻ പോലെയുള്ള സംഘടനകൾ സജീവമായി ഇടപെടുകയും കർഷകർക്കിടയിൽ പ്രചരണം നടത്തുകയും ചെയ്തു. മാധ്യമങ്ങൾ രാസകീടനാശിനികളുടെ പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്യാനും തുടങ്ങി. ജൈവകൃഷിയുമായി ബന്ധപ്പെട്ട് ചില സിനിമകൾ ഇറങ്ങി. പുതിയ ചെറുപ്പക്കാർ ജൈവകൃഷി രംഗത്ത് വന്നു. പുതിയ കൂട്ടായ്മകൾ രൂപപ്പെട്ടു. അവർ പ്രാദേശിക ജൈവചന്തകൾ സംഘടിപ്പിക്കാൻ തുടങ്ങി. ജൈവകൃഷി ഒരു ട്രെൻഡ് ആയി മാറി. കുറച്ച് സ്ഥലത്താണെങ്കിൽ പോലും ആളുകൾ പച്ചക്കറി കൃഷി ചെയ്യാൻ തുടങ്ങി. ഇങ്ങനെ സമാന്തരമായി ഒരു മുന്നേറ്റമുണ്ടായപ്പോൾ സർക്കാരിന് അത് അവഗണിക്കാൻ സാധിച്ചില്ല. 2016 മുതൽ സർക്കാർ ചില പദ്ധതികൾ നടപ്പിലാക്കാൻ മുന്നോട്ടുവന്നു. തരിശ് സ്ഥലം ഏറ്റെടുത്ത് കൃഷി ചെയ്യുന്നവർക്ക് സബ്സിഡി നൽകി. എക്കോ ഷോപ്പുകൾക്ക് ഫണ്ട് അനുവദിച്ചു. ജൈവകൃഷി പ്രചരിപ്പിക്കുന്നതിനാവശ്യമായ ചില കാംപയിനുകൾ സംഘടിപ്പിച്ചു.

എന്നാൽ ഇത് രാസകീടനാശിനി കമ്പനികളിൽ നിന്ന് കമ്മീഷൻ വാങ്ങിക്കൊണ്ടിരുന്ന ചില ഉദ്യോഗസ്ഥർക്കും ആഗോള കോർപ്പറേറ്റ് ഭീമൻമാരുടെ അജണ്ടകളും ആശയങ്ങളും നടപ്പിലാക്കാൻ ശ്രമിക്കുന്ന ‘നവയുക്തിവാദി’കൾക്കും ദഹിച്ചില്ല. അവർ ഇതിനെതിരെ സോഷ്യൽ മീഡിയ വഴി പ്രചരണം നടത്തി. കൃഷിവകുപ്പിന്റെയും സർവകലാശാലയുടെയും തലപ്പത്തിരിക്കുന്നവരിൽ ഇത് ആശയകുഴപ്പം സൃഷ്ടിച്ചു. 2020 ൽ കോവിഡ് മഹാമാരിയെ തുടർന്ന് ലോക്ഡൗൺ പ്രഖ്യാപിക്കേണ്ടി വന്നപ്പോൾ കേരളം ഭക്ഷ്യക്ഷാമ ഭീഷണി നേരിടുമെന്ന ചിന്ത സർക്കാരിനുണ്ടായി. ഭക്ഷ്യകൃഷിയെ പ്രോത്സാഹിപ്പിക്കാൻ വേണ്ടി സർക്കാർ ‘സുഭിക്ഷ കേരളം പദ്ധതി’ നടപ്പിലാക്കാൻ തുടങ്ങി. പദ്ധതിയുടെ ഭാഗമായി ഭക്ഷ്യകൃഷിക്ക് ആവശ്യമായ സബ്സിഡിയും സഹകരണവും നൽകി. കഴിഞ്ഞ വർഷങ്ങളിൽ അതിന്റെ മാറ്റങ്ങൾ കേരളത്തിൽ പ്രകടമാണ്. 2016 -17 കാലഘട്ടത്തിൽ 1.71 ലക്ഷം ഹെക്ടറായിരുന്ന നെൽകൃഷി 2020-21 ആയപ്പോഴേക്കും 2.02 ലക്ഷം ഹെക്ടറായി വർദ്ധിച്ചു. പച്ചക്കറി കൃഷിയിലും വലിയ മാറ്റങ്ങളുണ്ടായി. വിവിധ തരത്തിലുള്ള പ്രോത്സാഹനങ്ങളുണ്ടായപ്പോൾ 52,830 ഹെക്ടറിൽ നിന്ന് പച്ചക്കറി കൃഷിയുടെ വിസ്തൃതി 1.02 ലക്ഷം ഹെക്ടറിലേക്ക് വ്യാപിച്ചു. ഉൽപാദനമാകട്ടെ 7.25 ലക്ഷം മെട്രിക് ടണ്ണിൽ നിന്ന് 15.7ലക്ഷം മെട്രിക് ടണ്ണായി വർദ്ധിച്ചു.

മറ്റൊരു കാര്യം എടുത്തുപറയേണ്ടതുണ്ട്. കേരളത്തിൽ ഇക്കാലയളവിൽ രാസവങ്ങളും കീടനാശിനികളും ഉപയോഗിക്കുന്നത് ഗണ്യമായി കുറഞ്ഞു എന്നുള്ളതാണ് അത്. 2010 മുതൽ 15 വരെയുള്ള ആറു വർഷക്കാലം ശരാശരി രാസവളങ്ങളുടെ ഉപയോഗം 276,433 മെട്രിക് ടൺ ആയിരുന്നു. എന്നാൽ 2016 മുതൽ 2021 വരെയുള്ള 6 വർഷക്കാലം ശരാശരി ഉപയോഗം 197,558 മെട്രിക് ടൺ ആണ്. ഗ്രാഫ് നോക്കുക. (https://www.ceicdata.com/en/india/chemical-fertilizers-nitrogen-phosphate-and-potash-npk-consumption-by-states/chemical-fertilizers-npk-consumption-kerala)

കീടനാശിനികളുടെ ഉപയോഗത്തിലും വലിയ കുറവാണ് കഴിഞ്ഞ അഞ്ച് വർഷത്തിനിടെ കേരളത്തിലുണ്ടായിട്ടുള്ളത്. കേന്ദ്ര സർക്കാർ പ്രസിദ്ധീകരിച്ച കഴിഞ്ഞ അ‍ഞ്ച് വർഷത്തെ കണക്കനുസരിച്ച് 2017-18 ൽ 1067 മെട്രിക് ടൺ കീടനാശിനികളാണ് കേരളത്തിൽ ഉപയോഗിച്ചത്. 2021-22 ആകുമ്പേഴേക്കും അത് 454 മെട്രിക് ടൺ ആയി കുറഞ്ഞു. (http://ppqs.gov.in/statistical-database). ഈ യാഥാർത്ഥ്യങ്ങളൊന്നും കാണാതെയാണ് പ്ലാനിംഗ് ബോർഡ് ഭാവിപരിപാടികൾക്ക് രൂപംകൊടുക്കുന്നതെന്ന കാര്യം സങ്കടകരമാണ്.

സർക്കാർ നയങ്ങളും കൃഷിയും

ഏതൊരു ലക്ഷ്യവും വിജയം കാണണമെങ്കിൽ അതിന് കൃത്യമായ സർക്കാർ നയവും പദ്ധതികളും അതിനാവശ്യമായ ബജറ്റും ഉണ്ടാകണം. സർക്കാർ സംവിധാനങ്ങൾ പൂർണ്ണ വിശ്വാസത്തോടെ അത് നടപ്പിൽവരുത്താൻ ശ്രമിക്കുകയും വേണം. എന്നാൽ ജൈവകൃഷിയുടെ കാര്യത്തിൽ കേരളത്തിൽ അങ്ങനെയല്ല നടക്കുന്നത്. സർക്കാർ ഏജൻസികൾ ഇപ്പോഴും രണ്ട് തട്ടിലാണ്. കേന്ദ്ര സർക്കാർ നടപ്പിൽ വരുത്തുന്ന ജൈവകൃഷിക്ക് വേണ്ടിയുള്ള പദ്ധതികൾ പോലും വേണ്ടത്ര ആത്മാർത്ഥതയോടു കൂടിയാണോ നടപ്പിലാക്കുന്നതെന്ന് സംശയമാണ്. ഹരിതവിപ്ലവം അക്കാലഘട്ടത്തിൽ വിജയിക്കാൻ കാരണം സർക്കാരിന്റെ മുഴുവൻ സംവിധാനവും ഉണർന്നു പ്രവർത്തിച്ചതു മൂലമാണ്. കോടിക്കണക്കിന് രൂപയും സ്റ്റേറ്റിന്റെ പരമാവധി ഊർജ്ജവും സമയവും ചെലവഴിക്കപ്പെട്ടിട്ടുണ്ട്. മാത്രമല്ല ഹരിതവിപ്ലവം നടക്കുന്ന സമയത്ത് വേറെയും അനുകൂല സാഹചര്യങ്ങളുണ്ടായിട്ടുണ്ട്. വെറും രാസകീടനാശിനികൾ കൊണ്ടല്ല ഹരിതവിപ്ലവം നടപ്പിലാക്കിയത്. കോടിക്കണക്കിന് രൂപ മുടക്കി 1950 കളിൽ പണി തുടങ്ങിയ വലിയ ഡാമുകൾ പൂർത്തിയാകുന്നത് 1960 കൾക്ക് ശേഷമാണ്. ജലസേചന സംവിധാനം മെച്ചപ്പെട്ടതുവഴി മഴയെ മാത്രം ആശ്രയിച്ചു കൃഷി ചെയ്യുന്ന സ്ഥലങ്ങളിൽ രണ്ട് തവണ കൃഷി ചെയ്യാമെന്നായി. പയറു വർഗ്ഗങ്ങളും ചെറുധാന്യങ്ങളും ചെയ്തിരുന്ന കൃഷിയിടങ്ങൾ ജലസേചനസൗകര്യം വന്നപ്പോൾ നെല്ലിനും ഗോതമ്പിനും വഴിമാറികൊടുത്തു. വലിയ യന്ത്രങ്ങൾ ഇതിനായി ഇറക്കുമതി ചെയ്തു.

1965 ലാണ് എഫ്.സി.ഐ (ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യ) തുടങ്ങുന്നത്. ഇതിന്റെ ഭാഗമായി നിരവധി സംഭരണ കേന്ദ്രങ്ങൾ ആരംഭിച്ചു. സർക്കാർ താങ്ങുവില നൽകി ഭക്ഷ്യധാന്യങ്ങൾ സംഭരിക്കാൻ തുടങ്ങി. വിപണി സൗകര്യമുള്ളതിനാൽ കർഷകർ കൂടുതൽ ഉൽപാദിപ്പിക്കാൻ തയ്യാറായി. മാത്രമല്ല സൗജന്യ നിരക്കിൽ രാസവളങ്ങളും കീടനാശിനികളും സങ്കരയിനം വിത്തുകളും ലഭ്യമാക്കി. സർക്കാർ സംവിധാനം വഴി സംഭരിച്ച ഭക്ഷ്യധാന്യങ്ങൾ പൊതുവിതരണ സമ്പ്രദായം വഴി ജനങ്ങൾക്ക് ലഭ്യമാക്കി. വിത്തുകളും സാങ്കേതികവിദ്യകളും വികസിപ്പിച്ചെടുക്കാനുള്ള അനവധി ഗവേഷണ കേന്ദ്രങ്ങൾ ആരംഭിച്ചു. എല്ലാ പഞ്ചായത്തുകളിലും കൃഷി ഭവനുകൾ വന്നു. കർഷകരെ ബോധ്യപ്പെടുത്താൻ രാത്രിയിൽ ആരും കാണാതെ രാസവളങ്ങൾ കൃഷി ഓഫീസർമാർ കൃഷിയിടങ്ങളിൽ വിതറി. വിവിധ കൃഷികൾക്ക് വ്യത്യസ്ത സബ്സിഡികൾ ഏർപ്പെടുത്തി. രാസവളങ്ങൾക്ക് മാത്രം ഒരു ലക്ഷം കോടി രൂപയാണ് കേന്ദ്ര സർക്കാർ എല്ലാ വർഷവും ചെലവഴിച്ചു കൊണ്ടിരിക്കുന്നത്. രാസവളത്തിന് വേണ്ടി മാത്രം ഒരു മിനിസ്ട്രിയും രണ്ട് കേന്ദ്ര മന്ത്രിമാരും മറ്റു സംവിധാനങ്ങളുമുണ്ട്. ഇതൊന്നും കാണാതെയാണ് പലപ്പോഴും രാസകൃഷിയെയും ജൈവകൃഷിയെയും താരതമ്യപ്പെടുത്തുന്നത്. നമ്മുടെ എത്ര ഗവേഷണ കേന്ദ്രങ്ങൾ ജൈവകൃഷിക്ക് വേണ്ടി പൂർണ്ണമായും പ്രവർത്തിക്കുന്നുണ്ട്? കാർഷിക സർവകലാശാലയിൽ ജൈവകൃഷി വേണ്ട രീതിയിൽ പഠിപ്പിക്കുന്നുണ്ടോ? എത്ര തുകയാണ് സർക്കാർ ഇതുവരെ ജൈവകൃഷിക്ക് ചെലവഴിച്ചിട്ടുള്ളത്? ഇതൊക്കൊ താരതമ്യം ചെയ്യുകയും ചിന്തിക്കുകയും വേണം.

ഉത്പാദന വ്യവസ്ഥയും പട്ടിണിയും

പ്ലാനിംഗ് ബോർഡ് പ്രസിദ്ധീകരിച്ച അപ്രോച്ച് പേപ്പറിൽ കൃഷിയിൽ വിളവ് മാത്രം ലക്ഷ്യമിടുന്ന പഴയ പല്ലവിയിലുള്ള കാലാഹരണപ്പെട്ട സമീപനമാണ് സ്വീകരിച്ചിരിക്കുന്നത്. ഈ സമീപനം കൊണ്ട് കർഷകർക്ക് പ്രത്യേകിച്ച് നേട്ടമൊന്നുമില്ല. വിളവ് വർദ്ധിച്ചതുകൊണ്ട് കർഷകരുടെ വരുമാനം വർദ്ധിക്കില്ല. ഇനി വിളവ് വർദ്ധിപ്പിക്കുന്നത് വഴി മൊത്തത്തിലുള്ള ഉൽപാദന വർദ്ധനവും ഭക്ഷ്യസ്വാശ്രയത്വവുമൊക്കെയാണ് ലക്ഷ്യമിടുന്നെങ്കിൽ കേരളത്തിൽ രാസകീടനാശിനികൾ കൊണ്ടും അത്യുൽപാദനം കൂടിയ വിത്തുകൾ ഉപയോഗിച്ചും വിളവ് ലക്ഷ്യമിട്ട് കഴിഞ്ഞ നാൽപത് വർഷക്കാലം നടത്തിയ പദ്ധതികളിലൂടെ അതിന് കഴിഞ്ഞിട്ടില്ല എന്നതാണ് വസ്തുത.

കേരളത്തിലെ ജനസാന്ദ്രത കൂടുതലാണെന്നും അതിനാൽ സ്ഥലപരിമിതിയുണ്ടെന്നുമാണ് വാദമെങ്കിൽ കഴിഞ്ഞ അഞ്ച് വർഷത്തിനുള്ളിൽ ഇത്രയധികം പച്ചക്കറി കൃഷിയുടെ വിസ്തൃതി എങ്ങനെ വർദ്ധിച്ചു? കേരളത്തിൽ രണ്ട് ലക്ഷത്തോളം ഹെക്ടർ നെൽവയലുകൾ ഇപ്പോഴും തരിശായി കിടക്കുകയാണ് എന്നും ഓർക്കണം. അതേസമയം നാണ്യവിളകൾക്ക് കൂടുതൽ പ്രാധാന്യം ലഭിക്കുന്ന നയങ്ങളുണ്ടാവുകയും നല്ല വിലയും ലഭിക്കുന്ന അവസ്ഥ വരുകയും ചെയ്തപ്പോൾ അതിന്റെ ഉൽപാദനം കൂടി. ഭക്ഷ്യകൃഷി വ്യാപിക്കണമെന്നുണ്ടെങ്കിൽ, കർഷകരുടെ വരുമാനം വർദ്ധിപ്പിക്കണമെങ്കിൽ അതിനാവശ്യമായ പ്രത്യേക നയങ്ങളാണ് രൂപീകരിക്കേണ്ടത്. ഭക്ഷ്യ ഉത്പന്നങ്ങൾക്ക് നല്ല വില ലഭിക്കണം. കൃത്യമായ, സ്ഥിരമായ വിപണിയുണ്ടായിരിക്കണം. അതിനാവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ലഭ്യമാക്കണം. അമിതമായ രാസകീടനാശിനികൾ വിതറി വ്യാവസായികാടിസ്ഥാനത്തിൽ എവിടെയെങ്കിലും അമിത ഉല്പാദനമുണ്ടാക്കുന്നത് കാർഷിക ഉത്പാദന വിതരണ വ്യവസ്ഥയ്ക്ക് അഭികാമ്യമല്ലായെന്നത് ലോകത്ത് തെളിയിക്കപ്പെട്ടുക്കൊണ്ടിരിക്കുകയാണ്. അതുകൊണ്ടൊന്നും ലോകത്തിന്റെ പട്ടിണി മാറ്റാനും സാധിക്കില്ല.

കാലാവസ്ഥാ വ്യതിയാനവും കോവിഡ് മഹാമാരിയുമെല്ലാം ലോകത്താകമാനം പട്ടിണിയും ദുരിതവും വർദ്ധിപ്പിച്ചിരിക്കുന്നു. ലോകഭക്ഷ്യ കാർഷിക സംഘടനയുടെ കണക്കനുസരിച്ച് കോവിഡിന് മുമ്പുള്ളതിനേക്കാളും 150 ദശലക്ഷം ജനങ്ങളാണ് ഇപ്പോൾ പട്ടിണി കിടക്കേണ്ടി വരുന്നത്. 2019ൽ ആഗോളതലത്തിൽ എട്ട് ശതമാനമായിരുന്ന പോഷകാഹാരക്കുറവ് 2021 ആയപ്പോഴേക്കും 9.8 ശതമാനമായി വർദ്ധിച്ചു. ഇന്ന് ലോകത്ത് 828 ദശലക്ഷം ജനങ്ങളാണ് മതിയായ ആഹാരം കിട്ടാതെ പട്ടിണിയനുഭവിക്കേണ്ടി വരുന്നത്. ആഫ്രിക്കയിൽ ഏഷ്യയിൽ ലാറ്റിൻ അമേരിക്കൻ കരീബിയൻ രാജ്യങ്ങളിൽ എല്ലാം പട്ടിണി വർദ്ധിച്ചു കൊണ്ടിരിക്കുന്നു. (https://www.fao.org/publications/sofi/2022/en/https://www.fao.org/publications/sofi/2022/en/). ആയിരം കോടി ജനങ്ങൾക്കാവശ്യമായ ഭക്ഷണം ലോകത്ത് ഉൽപാദിപ്പിക്കുന്നു. എന്നിട്ടും 828 ദശലക്ഷം ജനങ്ങൾ പട്ടിണിയനുഭവിക്കേണ്ടി വരുന്നു. മൂന്നിലൊന്ന് ഭക്ഷണവും പാഴായി പോകുകയാണ്.

ഇന്ത്യയിലും ഇതു തന്നെയാണ് സ്ഥിതി. ഇന്ത്യൻ ജനതയ്ക്കാവശ്യമായതിലധികം ഇവിടെ ഉത്പാദിപ്പിച്ചിട്ടും നല്ലൊരു ശതമാനം ജനങ്ങൾ ഇന്നും പട്ടിണിയനുഭവിക്കേണ്ടി വരുന്നു. (2021-22 കണക്കനുസരിച്ച് 314 മില്യൺ ടൺ ഭക്ഷ്യധാന്യങ്ങൾ ഉത്പാദനമാണ് നടന്നത്. 2016-17 ൽ ഇത് 275 മില്യൺ ടൺ ആയിരുന്നു). 2021 ൽ ഐ.എഫ്.പി.ആർ.ഐ (International Food Policy Research Institute) പ്രസിദ്ധീകരിച്ച ലോക പട്ടിണി സൂചികയിൽ ഇന്ത്യ 101 -ാം സ്ഥാനത്താണ്. പട്ടിണി കിടക്കുന്നവരും ആത്മഹത്യ ചെയ്യുന്നവരും കർഷകരും കർഷകതൊഴിലാളികളുമാണ് ഏറെയും. ഉത്പാദനം ഉണ്ടായതുകൊണ്ട് മാത്രം പട്ടിണിയും ദാരിദ്ര്യവും മാറ്റാൻ കഴിയില്ല. നിലവിലുള്ള ഉത്പാദന വ്യവസ്ഥ ലോകം മുഴുവനുമുളള ജനങ്ങൾക്ക് ആരോഗ്യകരമായ ഭക്ഷണം നൽകുന്നില്ല.
ഭക്ഷ്യസുരക്ഷ എന്നാൽ ലോക ഭക്ഷ്യ കാർഷിക സംഘടനയുടെ നിർവചനമനുസരിച്ച് ‘ക്രിയാത്മകവും ആരോഗ്യകരവുമായ ജീവിതം നയിക്കുന്നതിനാവശ്യമായ സുരക്ഷിതവും പോഷകാഹാരപ്രദവുമായ ഭക്ഷണം ആവശ്യത്തിന് ആവശ്യമായ സമയത്ത് ജനങ്ങളുടെ ആഹാരരീതിക്കും ഭക്ഷണശീലങ്ങൾക്കുമനുസരിച്ച് എല്ലാവർക്കും ലഭ്യമാകുന്ന സാമൂഹികവും സാമ്പത്തികവുമായ ലഭ്യത’ ആണ്.

കാലാവസ്ഥാ വ്യതിയാനവും ജൈവകൃഷിയും

കാലാവസ്ഥാ വ്യതിയാനം ഇന്ന് ലോകത്തെ തകിടം മറിച്ചുകൊണ്ടിരിക്കുകയാണ്. അടിക്കടിയുണ്ടാകുന്ന വെള്ളപ്പൊക്കവും വരൾച്ചയുമൊക്കെ കാരണം ജനങ്ങൾ ദാരിദ്ര്യവും പട്ടിണിയും അനുഭവിക്കേണ്ടിവരുന്നു. ഇത് മൂലം ഏറ്റവും കൂടുതൽ ദുരിതമനുഭവിക്കേണ്ടി വരുന്നതും ദരിദ്ര ജനവിഭാഗങ്ങളാണ്. കാലാവസ്ഥാ വ്യതിയാനം നേരിടുന്നതിനായി യു.എൻ രൂപീകരിച്ച ഐ.പി.സി.സിയുടെ കണക്കനുസരിച്ച് 36 കോടിയോളം ജനവിഭാഗങ്ങളാണ് കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടാകുന്ന പ്രശ്നങ്ങൾ സംഭവിക്കുന്ന പ്രദേശങ്ങളിൽ ജീവിക്കുന്നത്. അത് ഓരോ വർഷവും കൂടിക്കൊണ്ടിരിക്കുന്നു. ശുദ്ധമായ ജലം, ആരോഗ്യകരമായ ഭക്ഷണം, താമസിക്കാനുള്ള സൗകര്യം, ആരോഗ്യ സംവിധാനങ്ങൾ, വിദ്യാഭ്യാസം ഇതെല്ലാം നഷ്ടപ്പെടുന്നു. ജനങ്ങളുടെ ഉപജീവന മാർഗ്ഗങ്ങളായ കൃഷി, മീൻപിടുത്തം, കന്നുകാലി വളർത്തൽ, വനവിഭവ ശേഖരണം എല്ലാം ഇല്ലാതാകുന്നു. ജൈവ ഉപജീവന മാർഗ്ഗങ്ങൾ നഷ്ടപ്പെട്ട് ലക്ഷങ്ങൾ അഭയാർത്ഥികളായി മാറുന്നു. ആഗോളതാപനത്തിന് കാരണമാകുന്ന ഹരിതഗൃഹവാതകങ്ങൾ പുറന്തള്ളുന്നതിന് ഇന്ന് അനുവർത്തിക്കുന്ന അമിതോത്പാദനം ലക്ഷ്യം വെച്ച് കൊണ്ടുള്ള വ്യാവസായിക കൃഷിക്ക് മുഖ്യ പങ്കുണ്ട്. രാസവളങ്ങളുടെ ഉൽപാദനം, ഉപയോഗം, കീടനാശിനികളുടെ ഉൽപാദനവും ഉപയോഗവും, വലിയ രീതിയിലുള്ള കന്നുകാലി ഫാമുകൾ, കൃഷിയിടത്തിലെ വലിയ യന്ത്രങ്ങളുടെ ഉപയോഗം, കാർഷികാവശിഷ്ടങ്ങൾ പുനരുപയോഗിക്കാതെ തീയിടൽ, വൻകിട ഭക്ഷ്യസംസ്കരണ സംഭരണ യൂണിറ്റുകൾ, കാർഷിക ഉൽപന്നങ്ങളുടെ ട്രാൻസ്പോർട്ടിംഗ്, പാക്കേജിംഗ്, വിതരണം, ഭക്ഷണം പാഴാകൽ, ഉപഭോഗ സമയത്തുണ്ടാകുന്ന മാലിന്യം ശേഖരം ഇങ്ങനെ രാസകൃഷിയും കേന്ദ്രീകൃത ഭക്ഷ്യ നിർമ്മാണ യൂണിറ്റുകളും നല്ലൊരു പങ്ക് ഹരിതഗൃഹവാതകങ്ങൾ സംഭാവന ചെയ്യുന്നുണ്ട്. ഐ.പി.സി.സിയുടെ കണക്കനുസരിച്ച് ഇന്നത്തെ ആഗോള ഭക്ഷ്യ വ്യവസ്ഥ മൂലം 21 മുതൽ 37 ശതമാനമാണ് ഹരിതഗൃഹ വാതകകം പുറംതള്ളുന്നത്.

ഐ.പി.സി.സി മുന്നോട്ടുവയ്ക്കുന്ന സുസ്ഥിര വികസന ലക്ഷ്യങ്ങളിൽ സുസ്ഥിരകൃഷിക്ക് ഏറെ പ്രാധാന്യം നൽകുന്നുണ്ട്.
കാലാവസ്ഥാ വ്യതിയാനം ചെറുക്കാനുള്ള ലോക ഭക്ഷ്യ കാർഷിക സംഘടനയുടെ നയങ്ങളിൽ കാർഷിക ഭക്ഷ്യ സംവിധാനങ്ങൾ സുസ്ഥിരവും സുരക്ഷിതവും പോഷകാഹാരപ്രദവും മലിനീകരണതോത് കുറഞ്ഞതും കാലാവസ്ഥാ വ്യതിയാനത്തോട് പൊരുത്തപ്പടുന്നതുമായിരിക്കേണ്ടതാണെന്ന് പറയുന്നു.
ലോക ഭക്ഷ്യ കാർഷിക സംഘടനയുടെ വെബ്സൈറ്റിൽ പറയുന്നു. “പുനരുൽപാദിപ്പിക്കാൻ കഴിയാത്ത ഫോസിൽ ഇന്ധനങ്ങൾ ഉപയോഗിച്ചുണ്ടാക്കുന്ന കാർഷിക രാസവസ്തുക്കൾ ആവശ്യമില്ലാത്തതിനാൽ ജൈവകൃഷി ഹരിതഗൃഹപ്രഭാവത്തെയും ആഗോളതാപനത്തയും ലഘൂകരിക്കുന്നതോടൊപ്പം അതുവഴി മണ്ണിൽ കാർബൺ പിടിച്ചു നിർത്താൻ സഹായിക്കുകയും ചെയ്യുന്നു.” (https://www.fao.org/organicag/oa-faq/oa-faq6/en/).

മണ്ണിന്റെ ആരോഗ്യവും പരിസ്ഥിതിയുടെ ആരോഗ്യവും ജൈവവൈവിധ്യവും സംരക്ഷിക്കുന്ന ഉത്പാദന വ്യവസ്ഥയാണ് ജൈവകൃഷി. അതുകൊണ്ടാണ് ആഗോളതാപനത്തെ കുറയ്ക്കാൻ ജൈവകൃഷി ഒരു പോംവഴിയായി മാറുന്നത്.
ഇന്ത്യയിൽ ജൈവകൃഷി പ്രോത്സാഹിപ്പിക്കാൻ വേണ്ടി 2015 ൽ തുടങ്ങിയ പദ്ധതിയാണ് ‘പരമ്പരാഗത കൃഷി വികാസ് യോജന’. രാസകീടനാശിനികൾ പൂർണ്ണമായും ഒഴിവാക്കിക്കൊണ്ടുള്ള കൃഷിരീതി പ്രചരിപ്പിക്കുന്നതോടൊപ്പം കേന്ദ്രസർക്കാർ ജൈവ പി.ജി.എസ് സർട്ടിഫിക്കേഷൻ സിസ്റ്റവുമൊക്കെ പി.കെ.വി.വൈ വഴി നടപ്പിലാക്കാൻ ശ്രമിക്കുന്നുണ്ട്. കേന്ദ്ര കാർഷിക മന്ത്രാലയത്തിനു കീഴിലുള്ള നാഷണൽ മിഷൻ ഫോർ സസ്റ്റയിനബിൾ അഗ്രികൾച്ചർ (NMSA) ആണ് ഇത് നടപ്പിലാക്കുന്നത്. കാലാവസ്ഥാ വ്യതിയാനം കുറക്കാനുള്ള പദ്ധതികൾ നടപ്പിലാക്കാൻ വേണ്ടി 2008 ൽ രൂപീകരിച്ച് ദേശീയ ആക്ഷൻ പ്ലാനിന് (National Action Plan on Climate Change – NAPCC) കീഴിൽ വരുന്ന എട്ട് മിഷനുകളിൽ ഒന്നാണ് നാഷണൽ മിഷൻ ഫോർ സസ്റ്റയിനബിൾ അഗ്രികൾച്ചർ. (https://darpg.gov.in/sites/default/files/Paramparagat%20Krishi%20Vikas%20Yojana.pdf).

കേരളത്തിൽ ഹരിത കേരള മിഷൻ ഐക്യരാഷ്ട്ര സംഘടനയുടെ വികസന സമിതിയായ യു.എൻ.ഡി.പിയുമായി ചേർന്ന് 11 പഞ്ചായത്തുകളിൽ ജൈവകൃഷിക്ക് വേണ്ടി പദ്ധതികൾ നടപ്പിലാക്കി കൊണ്ടിരിക്കുന്നുണ്ട്. അവിടെയെല്ലാം ഭക്ഷ്യകൃഷിയും ഉൽപാദനവും വർദ്ധിക്കുകയാണുണ്ടായത്. (http://haritham.kerala.gov.in/ihrml-undp-project-2/). ഇതൊക്കെ പ്ലാനിംഗ് ബോർഡിനോട് ആരെങ്കിലും പറഞ്ഞ് മനസ്സിലാക്കി കൊടുക്കണം. ഒരു ഭാഗത്ത് കേന്ദ്ര സർക്കാരും സംസ്ഥാന സർക്കാരിന്റെ കൃഷി വകുപ്പും ജൈവകൃഷിക്ക് വേണ്ടിയുള്ള ചില പദ്ധതികൾ നടപ്പിലാക്കാൻ ശ്രമിക്കുന്നു. അതേസമയം തന്നെ അതിനെതിരെ ഒരു സമീപനം സ്വീകരിക്കുന്നത് ശരിയായ രീതിയല്ല. കോവിഡ് നൽകിയ ആരോഗ്യ പ്രശ്നങ്ങളിൽ നിന്നും മുക്തരാകുകാൻ ഒരു ജനത ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. അതുകൊണ്ട് ഇനി പോഷകഹാരം ഉറപ്പു വരുത്തെണ്ടത് ഏതൊരു സർക്കാരിന്റെയും ഒന്നാമത്തെ അജണ്ടയായിരിക്കണം. അലൂമിനിയം ഫോസ്ഫെഡും മലാത്തിയോണും ഇട്ട് എഫ്.സി.ഐ ഗോഡൗണിൽ സൂക്ഷിച്ചുവെച്ച വെളുപ്പിച്ച അരിയും ഗോതമ്പും മാത്രം നല്കിയാൽ ഭക്ഷ്യ സുരക്ഷയാകില്ലെന്ന് സാരം. പുതിയ ലോകത്ത് ഉത്പന്നത്തിന്റെ ഗുണമേന്മയ്ക്കാണ് പ്രസക്തി.

കഴിഞ്ഞ കുറച്ചു വർഷം കൊണ്ട് അനേകം ജൈവകർഷകർ കേരളത്തിൽ ഉദയം ചെയ്തിട്ടുണ്ട്. അവരെല്ലാം വിജയകരമായി ജൈവ ഉത്പാദന ഉപാധികളിൽ ഏർപ്പെടുകയും ചെയ്യുന്നു. എല്ലാ ജില്ലകളിലും മൂന്നോ നാലോ ജൈവവിപണികൾ ഇപ്പോൾ പ്രവർത്തിക്കുന്നുണ്ട്. ഇവിടങ്ങളിലൂടെ അനേകം കർഷകർ അവരുടെ ജൈവ ഉത്പന്നങ്ങൾ ന്യായവിലക്ക് വിറ്റഴിക്കപ്പെടുന്നു. അതോടൊപ്പം ആ നാട്ടിലെ ജനങ്ങൾക്ക് സുരക്ഷിതമായ ഭക്ഷ്യ ഉൽപന്നങ്ങൾ ലഭിക്കുകയും ചെയ്യുന്നു. കേന്ദ്രീകൃത ഭക്ഷ്യവ്യവസ്ഥ സൃഷ്ടിക്കുന്ന ആരോഗ്യ പ്രശ്നങ്ങൾക്കും അതുമൂലമുണ്ടാകുന്ന കാലാവസ്ഥാ വ്യതിയാനത്തിനുമെതിരെയുള്ള നിർമ്മാണാത്മക പ്രവർത്തനമാണിത്.

INDEPENDENT,
IN-DEPTH JOURNALISM
FOR SOCIAL &
ECOLOGICAL
JUSTICE

keraleeyam-logo

Support Keraleeyam

Choose Your Preference

₹1000/Year

₹2000/2 Years

₹500/Year(Students)

One TimeAny Amount

Also Read

August 5, 2022 4:15 pm