ഓഫ്റോഡ്-10
കൊങ്കിണി എഴുത്തുകാരന്‍ ദാമോദര്‍ മൗസോക്കാണ് ഈ വര്‍ഷത്തെ ജ്ഞാനപീഠ പുരസ്‌ക്കാരം. അഞ്ചു ദിവസം മുമ്പായിരുന്നു പുരസ്‌ക്കാര പ്രഖ്യാപനം. രണ്ടു തവണ അദ്ദേഹത്തെ കാണാനും സംസാരിക്കാനും എനിക്ക് അവസരം കിട്ടിയിട്ടുണ്ട്. 2019 ജൂണില്‍ ഗോവയിലെ മലയാളി സംഘടനകളുടെ കൂട്ടായ്മയായ ഫാഗ്മ സംഘടിപ്പിച്ച സാഹിത്യ സമ്മേളനത്തിലായിരുന്നു ആദ്യ കൂടിക്കാഴ്ച്ച. തുടര്‍ന്ന് ആ വര്‍ഷം അവസാനം ഗോവ ഫിലിം ഫെസ്റ്റിവെലില്‍ വെച്ചും. അദ്ദേഹത്തിന്റെ മാസ്റ്റർപീസ് നോവലായി കരുതപ്പെടുന്ന ‘കാര്‍മലിന്‍’ എന്ന രചനയെക്കുറിച്ച് അറിയുന്നതും മനസ്സിലാക്കുന്നതും മൗസോയുമായുള്ള ആദ്യ കൂടിക്കാഴ്ച്ചയിലാണ്. ആ നോവല്‍ കുവൈത്തിലേക്ക് വീട്ടുജോലിക്കാരിയായി പോകുന്ന ഗോവക്കാരി കാര്‍മലീന്റെ കഥയാണ്. അതായത് അതൊരു കൊങ്കിണി-കുവൈത്ത് നോവലാണ്. ഇക്കാര്യം കേരളത്തിലെ വായനാ സമൂഹത്തിന് ഏറെക്കുറെ അജ്ഞാതമാണെന്ന് തോന്നുന്നു.
ജ്ഞാനപീഠ വാര്‍ത്ത വന്ന ദിവസം നോവലിന്റെ ഇംഗ്ലീഷ് പരിഭാഷ ഒരിക്കല്‍ കൂടി വായിക്കാന്‍ തുടങ്ങി. (കാർമലിന്റെ മലയാള വിവർത്തനം രണ്ട് മാസം മുൻപ് കേന്ദ്ര സാഹിത്യ അക്കാദമി പ്രസിദ്ധീകരിച്ചിട്ടിട്ടുണ്ട്. എനിക്കത് കാണാൻ കഴിഞ്ഞിട്ടില്ല. 35 വർഷമായി ഗോവയിലുള്ള എഴുത്തുകാരി രാജേശ്വരി ജി. നായർ ആണ് വിവർത്തക. ഗോവൻ ജീവിതം പകർത്തിയ അവരുടെ സുസഗാഡെ എന്ന പുസ്തകം ഏറെ ശ്രദ്ധ നേടിയ രചനയാണ്). അപ്പോഴാണ് പെട്ടെന്ന് ഗള്‍ഫ് നരകമോ, പറുദീസയോ എന്ന ചോദ്യം താളുകള്‍ക്കിടയില്‍ നിന്നും ഉയർന്നുവരാന്‍ തുടങ്ങിയത്. അതിനുള്ള കാരണം ഇതാണ്, സാമ്പത്തിക-സാമൂഹിക ശാസ്ത്രജ്ഞര്‍ കേരളമടക്കമുള്ള സംസ്ഥാനങ്ങളെ അതിജീവിക്കാന്‍ സഹായിച്ചത് ഗള്‍ഫിലേക്കുള്ള തൊഴില്‍ പ്രവാസമാണെന്ന് പറയുന്നു. എന്നാല്‍ ഗള്‍ഫിനെ കേന്ദ്രീകരിക്കുന്ന എല്ലാ സാഹിത്യകൃതികളും ഈ പ്രദേശത്ത് നിന്നുള്ള നരകാനുഭവങ്ങളാണ് പങ്കുവെക്കുന്നത്, ഇപ്പോഴുമത് തുടരുന്നുമുണ്ട്. സാമൂഹ്യ-സാമ്പത്തിക ശാസ്ത്രജ്ഞര്‍ പറയുന്നതിന്റെ നേര്‍ വിപരീതമായ ചിത്രമാണ് സാഹിത്യകാരര്‍ അവതരിപ്പിക്കുന്നത്. ഗള്‍ഫിനെ സംബന്ധിച്ച് ഇതിലേതാണ് ശരി?
‘കാര്‍മലി’ന്‍ എടുക്കുക. മുഴുക്കുടിയനായ ഭര്‍ത്താവ് കുടുംബം നോക്കാത്തതിനാല്‍ കുവൈത്തില്‍ വീട്ടുവേലക്കാരിയായി പോകാന്‍ നിര്‍ബന്ധിക്കപ്പെട്ടവളാണ് നോവലിലെ നായിക കാര്‍മലിന്‍. മകള്‍ ബെനിന്റക്ക് നല്ലൊരു ജീവിതം നല്‍കുക മാത്രമാണ് കാര്‍മലിന്റെ ഗള്‍ഫ് യാത്രയുടെ ഉദ്ദേശം. ലൈംഗിക പീഡകള്‍ ഉള്‍പ്പെടെയുള്ള നിരവധി പ്രശ്നങ്ങള്‍ കാര്‍മലിന്‍ തൊഴില്‍ പ്രവാസ ജീവിതത്തില്‍ അനുഭവിക്കുന്നു. കുടിയനായ ഭര്‍ത്താവ് നാട്ടില്‍ കരള്‍ രോഗം മൂര്‍ച്ഛിച്ച് മരിക്കുന്നു. ഒടുവില്‍ നാട്ടിലെത്തുന്ന കാര്‍മലിനോട് മകള്‍ പറയുന്നത് അമ്മ ഇനി കഷ്ടപ്പെടേണ്ടെന്നും കാര്യങ്ങള്‍ നോക്കാന്‍ താന്‍ കുവൈത്തിലേക്ക് പോകാമെന്നുമാണ്. അതുകേട്ട് മകളുടെ മുഖത്ത് കാര്‍മലിന്‍ ആഞ്ഞടിക്കുന്നിടത്താണ് നോവല്‍ അവസാനിക്കുന്നത്. കാര്‍മലിന് ഗള്‍ഫ് പല നിലയില്‍ നരകമായിരുന്നുവെന്ന് മകളുടെ മുഖത്തുള്ള ആഞ്ഞടി വ്യക്തമാക്കുന്നു. 1983ല്‍ മൗസോക്ക് കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് നേടിക്കൊടുത്ത രചനയാണ് കാര്‍മലിന്‍. 1970തുകളുടെ ഒടുവില്‍ തെക്കന്‍ ഗോവയിലെ മജോര്‍ദയിലിരുന്ന് മൗസോ ഈ നോവല്‍ എഴുതുന്നു. 1981ല്‍ പ്രസിദ്ധീകരിച്ചു. 2004ല്‍ നോവിലന്റെ ഇംഗ്ലീഷ് വിവര്‍ത്തനം പുറത്തുവന്നു.
ഗള്‍ഫിനെ കേന്ദ്രീകരിക്കുന്ന ആദ്യ മലയാള നോവല്‍ 1973ല്‍ മത്തായി പി കുഞ്ഞ് (മത്തായി പൊടിക്കുഞ്ഞ്) മനോരമ ആഴ്ച്ചപ്പതിപ്പില്‍ ഖണ്ഡശ്ശ പ്രസിദ്ധീകരിച്ച ‘തങ്കക്കിനാക്കളാ’ണെന്ന് വിനു എബ്രഹാം (മരുഭൂമിയില്‍ വിരിഞ്ഞ തങ്കക്കിനാക്കള്‍ എന്ന ലേഖനം/ഭാഷാപോഷിണി 2020 മെയ്) രേഖപ്പെടുത്തുന്നു. ജോര്‍ജ് കുട്ടി എന്ന അതിനീചനായ പ്രവാസി പുരുഷനാണ് ഈ നോവലിലെ നായകന്‍. ഗള്‍ഫ് സമ്പന്നത ഒരു വശത്ത്, മറുവശത്ത് കേരളത്തിലെ ദാരിദ്ര്യം, ഇതിനിടയില്‍ സംഭവിക്കുന്ന മനുഷ്യ ദുരന്തങ്ങള്‍- ഇതാണ് നോവലിലെ പ്രമേയം. ജോര്‍ജ് കുട്ടി ഗള്‍ഫില്‍ വഴി തെറ്റിയ ജീവിതം നയിക്കുന്നു. നാട്ടിലേക്കയച്ച അനധികൃത സമ്പാദ്യം പിടിക്കപ്പെടുന്നു. അങ്ങിനെയാണ് ഈ നോവലിലെ കുവൈത്ത് കേന്ദ്രീകരിക്കുന്ന ‘ഗള്‍ഫ് ട്രാജഡി’ വികസിപ്പിക്കപ്പെടുന്നത്. ഗള്‍ഫ് കേന്ദ്രീകരിക്കുന്ന ആദ്യ മലയാള നോവല്‍ മുതല്‍ സാഹിത്യത്തില്‍ ഗള്‍ഫ് ദുരന്തങ്ങളുടെ വിളനിലമായി തന്നെയാണ് അവതരിപ്പിക്കപ്പെട്ടു പോന്നിട്ടുള്ളത്. കാര്‍മലിനും ഇതേ മനുഷ്യ ദുരന്തത്തെ തന്നെ പ്രതിനിധീകരിക്കുന്നു. അളവിലും സ്വഭാവങ്ങളിലും വ്യത്യാസമുണ്ടെങ്കിലും.
പില്‍ക്കാലത്തും ഗള്‍ഫിനെ കേന്ദ്രീകരിച്ചുള്ള സാഹിത്യം ദുരന്തങ്ങളുടേയും മനുഷ്യ വിരുദ്ധതയുടേയും ആഖ്യാനങ്ങള്‍ തന്നെയായിരുന്നു. തുടക്കത്തില്‍ പറഞ്ഞതുപോലെ സാമൂഹിക-സാമ്പത്തിക ശാസ്ത്രജ്ഞര്‍ ഗള്‍ഫ് നല്‍കിയ സാമ്പത്തിക അതിജീവനത്തിന്റെ കണക്കുകള്‍ നിരത്തിപ്പോരുന്നതിനിടെ സമാന്തരമായി സാഹിത്യം മനുഷ്യജീവിത-സ്വപ്നത്തകര്‍ച്ചയുടെ ഏടുകള്‍ ഒന്നൊന്നായി എഴുതിക്കൊണ്ടേയിരുന്നു. ഈ പ്രവണത ഇന്നും അവസാനിച്ചിട്ടില്ല. തുടക്കത്തിലെ പോലെ, വലിയ മാറ്റങ്ങളൊന്നുമില്ലാതെ തുടരുകയുമാണ്.
ബെന്യാമിന്റെ ‘ആടുജീവിതം’ ഗള്‍ഫ് ട്രാജഡിയുടെ മൂര്‍ത്തരൂപമായി. 80തുകളില്‍ ടി.വി കൊച്ചുബാവ എഴുതിയ ‘ഇറച്ചി’ ഭക്ഷണ സമ്പന്നത എളുപ്പത്തിലാക്കുന്ന മരണത്തിലേക്കുള്ള വഴിയായി ഗള്‍ഫിനെ ചിത്രീകരിച്ചു. ഒരു വര്‍ഷം മുമ്പ് പ്രസിദ്ധീകരിക്കപ്പെട്ട ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവിന്റെ ‘ഈസ’ എന്ന ചെറുകഥ ഗള്‍ഫ് തൊഴിലാളിയുടെ കോവിഡ് കാല മരണം മുതല്‍ പൗരത്വം വരെയുള്ള പ്രശ്നങ്ങളെ അഭിമുഖീകരിച്ചു. ഒരുപക്ഷെ മലയാളിയുടെ ഗള്‍ഫ് ആവിഷ്‌ക്കാരങ്ങളില്‍ അങ്ങേയറ്റം വ്യത്യസ്തമായ മുറിവുകളുടെ കഥകൂടിയാണിത്. കോവിഡ് ബാധിച്ച് ദുബായില്‍ ഈസ മരിച്ചതിനെക്കുറിച്ച് കഥയില്‍ പറയുന്നു: “ദുബായില്‍ വെച്ച് മരിച്ചു എന്നത് സത്യം തന്നെയല്ലേ? അതെ സാര്‍, കോവിഡ് അവിടെ ദുബായ് നൈഫിലും പരിസര പ്രദേശത്തും ഉണ്ടാക്കിയ ദുരന്തം ഭയാനകരമായിരുന്നല്ലോ. എത്രയോ മലയാളികള്‍ മരിച്ചു. സാര്‍ പത്രത്തില്‍ വായിച്ചു കാണുമല്ലോ. അതെവിടെയാണെന്ന് ഡീറ്റൈല്‍സ് ഒന്നുമില്ല. മരുഭൂമിയിലിവിടെയോ. ഇളയ മകളുടെ ഭര്‍ത്താവ് ഖബറടക്കം കണ്ടതാ. ആകെ ആശയക്കുഴുപ്പത്തിലായി. നെടുവീര്‍പ്പോടെ കാസിം കൂട്ടിച്ചേര്‍ത്തു.” തനിക്ക് നാട്ടിൽ കിട്ടേണ്ട ആറടിമണ്ണുപോലും കിട്ടാതെ മരിക്കുന്ന പ്രവാസിയുടെ പുനര്‍ജനന സ്വപ്നങ്ങളിലേക്ക് സഞ്ചരിക്കുന്ന ഈ കഥ (അയാള്‍ നാട്ടിലെ വീട്ടില്‍ ഇടക്കിടെ പ്രത്യക്ഷപ്പെടുന്നു) ഞെട്ടലുകളിലേക്കും നിസ്സഹായതയുടെ ഉത്തുംഗതയിലേക്കും വായനക്കാരെ നയിക്കുന്നു. ഗള്‍ഫിലെ അടിത്തട്ട് തൊഴിലാളിയുടെ ദാരുണമായ ജീവിതവും മരണവും ആ കഥയില്‍ അടയാളപ്പെടുത്തപ്പെട്ടു.
സോണിയ റഫീക്കിന്റെ ‘ ഗള്‍ഫുകാരന്റെ വീട്’ പ്രവാസി മലയാളിയുടെ ജീവിത ദുരന്തത്തിന്റെ പ്രധാന ഏടുകളില്‍ ഒന്നിനെ അതിതീവ്രമായി അവതരിപ്പിക്കുന്നു. കന്നഡ എഴുത്തുകാരന്‍ കനകരാജ് ബാലസുബ്രഹ്മണ്യന്‍ സൗദി അറേബ്യയുടെ പശ്ചാത്തലത്തില്‍ എഴുതുന്ന പ്രവാസി കഥകളിലും ഇന്ത്യന്‍ തൊഴിലാളി ജീവിതവും ശരീര ഇച്ഛകള്‍ തടഞ്ഞുകൊണ്ടുള്ള ജീവിതവും ആവിഷ്‌ക്കരിക്കപ്പെടുന്നു. ജനനേന്ദ്രിയം കാണാതാകുന്ന വിഭ്രാന്തിയില്‍ പെടുന്ന തൊഴിലാളികളെ, തൊഴില്‍-താമസ രേഖകളില്ലാത്തതിന്റെ പേരില്‍ ട്രാഫിക്ക് സിഗ്നലില്‍ നിന്നും അപ്രത്യക്ഷരാകുന്നവരെ- ഇങ്ങിനെയുള്ള മനുഷ്യ ദുരന്തത്തിന്റെ മറ്റൊരു മുഖമാണ് കനകരാജ് ആവിഷ്‌ക്കരിക്കുന്നത്. ശ്രീലങ്കന്‍ എഴുത്തുകാരന്‍ (തമിഴ്) റഷ്മിയുടെ ‘നീലം’ എന്ന ചെറുകഥ ഗള്‍ഫ് നല്‍കിയ സൗഭാഗ്യങ്ങളും കഥാനായകന്റെ ജീവിതത്തിലെ വ്യക്തിപരമായ നഷ്ടങ്ങളും അതുവഴിയുണ്ടായ മുറിവുകളും അതിശക്തമായി ആവിഷ്ക്കരിച്ചു. ഈ രണ്ടു കഥാകൃത്തുക്കളേയും മലയാളത്തില്‍ അവതരിപ്പിച്ചത് വിവര്‍ത്തകനായ എ.കെ റിയാസ് മുഹമ്മദാണ്. മലയാളികള്‍ മാത്രമല്ല, ഗള്‍ഫിനെ ആവിഷ്ക്കരിച്ച മറ്റ് ഇന്ത്യന്‍ ഭാഷകളിലുള്ളവരും ട്രാജഡിയുടെ ഭൂമിയായി തന്നെയായാണ് ഈ പ്രദേശങ്ങളെ സാഹിത്യത്തില്‍ ആവിഷ്‌ക്കരിച്ചത്. സിനിമയില്‍ ‘വില്‍ക്കാനുണ്ട് സ്വപ്നങ്ങള്‍’ മുതല്‍ ‘പത്തേമാരി’വരെയുള്ളവയെ എടുത്തുനോക്കിയാലും ഇതുതന്നെ സ്ഥിതി. (ദുബായ് എന്ന പേരിലുള്ള ഫിലിപ്പിനോ സിനിമയിലും വിഷാദച്ഛായ മുന്നിട്ടുനില്‍ക്കുന്നു. ഇത്തരത്തില്‍ ഗള്‍ഫ് പ്രമേയമായുള്ള മറ്റു രാജ്യങ്ങളില്‍ നിന്നുള്ള സിനിമകളുമുണ്ട്.)
കവിതയില്‍ വൈലോപ്പിള്ളിയുടെ ‘ഗള്‍ഫ് സ്റ്റേറ്റു’കളോട് മുതല്‍ (കേരളത്തില്‍ വിലക്കയറ്റമുണ്ടാക്കുന്നത് ഗള്‍ഫുകാരാണെന്ന വിമര്‍ശനമാണ് ഈ കവിതയുടെ മുഖ്യപ്രമേയം) ഏറ്റവും പുതിയ കവികള്‍ വരെ (ഇവരില്‍ ഗള്‍ഫ് പ്രവാസികളായവര്‍ പ്രത്യേകിച്ചും) ഗള്‍ഫിനെ ഒരു ട്രാജഡി ലിറ്റററി ലാന്റ്സ്‌കേപ്പായിത്തന്നെയാണ് ചിത്രീകരിച്ചു പോന്നിട്ടുള്ളത്. പ്രസാദാത്മകതയുടെ അംശം ഈ രചനകളില്‍ കാണാനാവില്ല.
ഗള്‍ഫ് പൗരന്‍മാരുടെ/പൗരികളുടെ ജീവിതം പ്രധാനമാകുന്ന ബെന്യാമിന്റെ ‘മുല്ലപ്പൂനിറമുള്ള പകലുകള്‍’, ‘അൽ അറേബ്യന്‍ നോവല്‍ ഫാക്ടറി’ എന്ന ഇരട്ട നോവലില്‍ സ്വാതന്ത്ര്യത്തിനുവേണ്ടി സമരം ചെയ്യുകയും ഒടുവില്‍ ഗള്‍ഫ് ഏകാധിപത്യം ചവിട്ടി അരക്കുകയും ചെയ്യുന്ന സ്വന്തം പൗരന്‍മാരുടെ ജീവിത കഥ കടന്നുവരുന്നു. അടുത്തിടെ ഇറങ്ങിയ സോണിയ റഫീക്കിന്റെ ‘പെൺകുട്ടികളുടെ വീട്’ എന്ന നോവല്‍ 1950തുകളിലെ എമിറാത്തി (ഇത്തെ യു.എ.ഇ) സ്ത്രീ ജീവിതം ആവിഷ്‌ക്കരിക്കുന്നു. അവിവാഹിതകളായി ജീവിച്ച മൂന്നു സ്ത്രീകളുടെ ജീവിതത്തിലൂടെയാണ് നോവല്‍ സഞ്ചരിക്കുന്നത്. പ്രണയത്തിന്റെ വെളിച്ചം ഇടക്കു മാത്രം കുടിക്കുകയും അവഗണനകളുടേയും തിരസ്‌ക്കാരങ്ങളുടേയും ഇരുട്ടില്‍ ഏകാന്ത ജീവിതം നയിക്കുകയും ചെയ്യേണ്ടി വരുന്നവരാണ് നോവലിലെ സ്ത്രീ കഥാപാത്രങ്ങള്‍. നോവലിലെ ചെറിയ ഒരു ഉദ്ധരിണി ഇക്കാര്യത്തിലേക്ക് വെളിച്ചം വീശും: “ഷംസ ഓര്‍ത്തു, മരുഭൂമിയില്‍ എവിടെയെങ്കിലും മഴ പെയ്താല്‍ അത് ഓറിക്സ് മാനുകള്‍ മണത്തറിയും. 100 കിലോമീറ്റര്‍ അപ്പുറം പെയ്യുന്ന മഴയും അതില്‍ തളിരിടുന്ന ചെടികളുടെ നനവും തേടി അവ മൈലുകള്‍ താണ്ടും. അതു പോലെ അവള്‍ക്കും സഞ്ചരിക്കണം, യാക്കൂബിനെ തേടി. നീണ്ട കൊമ്പുകള്‍ കുലുക്കി പറ്റം പറ്റമായി നടന്നു നീങ്ങന്ന വെളുത്ത ഓറിക്‌സുകളുടെ വലിയ കണ്ണുകളില്‍ പതിയുന്ന നീലാകാശത്തിന്റെ പ്രതിബിംബം ഓര്‍ത്ത് കണ്ണടച്ചിരുന്ന ഷംസയെ ജദ്ദയുടെ വാക്കുകള്‍ ഉണര്‍ത്തി.” കാത്തിരിപ്പില്‍ നിന്നും അവഗണനയിലേക്കും സ്വന്തം കാമനകളുടെ ഉപേക്ഷിക്കലുകളിലേക്കും നിപതിക്കുന്ന സ്ത്രീ മനസ്സുകളെ ഈ നോവല്‍ അടയാളപ്പെടുത്തുന്നു. പ്രവാസിയായി എത്തിയവരും നിവാസികളായ പൗരരും/പൗരികളും ഒരേപോലെ ദുരന്തച്ഛായയിലാണ് ഈ രചനകളില്ലെല്ലാം ജീവിക്കുന്നത്. ദുരന്തങ്ങളുടെ ഭൗതിക-മാനസിക ദേശങ്ങളായി ഈ കൃതികളെ ഇപ്പോള്‍ എളുപ്പത്തില്‍ വായിച്ചെടുക്കാം.
മലയാളികളായ രണ്ട് എഴുത്തുകാര്‍ ഇംഗ്ലീഷിലെഴുതിയ ഗള്‍ഫ് നോവലുകളും ഇതേ ആഖ്യാന പരിപ്രേക്ഷ്യം പിന്തുടരുന്നു. ദീപക്ക് ഉണ്ണിക്കൃഷ്ണന്റെ ‘Tempory people’, സബിന്‍ ഇഖ്ബാലിന്റെ ‘Shamal Days’ എന്നിവയാണ് ആ നോവലുകള്‍. ‘Tempory people’ നിന്നുള്ള ഈ ഭാഗം നോക്കുക: “അന്ന വര്‍ഗീസ് അബുദാബിയിലാണ് ജോലി ചെയ്തിരുന്നത്. അവള്‍ ആളുകളെ ഒട്ടിക്കുകയായിരുന്നു. പ്രധാനമായും പണി പൂര്‍ത്തിയാകാത്ത കെട്ടിടങ്ങളില്‍ നിന്ന് വീഴുന്ന നിര്‍മ്മാണത്തൊഴിലാളികളെ. അന്ന രാത്രി ഷിഫ്റ്റില്‍ ജോലി ചെയ്യുമ്പോള്‍, ഈ മുറിവേറ്റ മനുഷ്യരെ കണ്ടെത്തുകയും ഡക്റ്റ് ടേപ്പുകൊണ്ടോ നല്ല പശ കൊണ്ടോ അവരെ കൂട്ടിച്ചേര്‍ക്കുകയും ചെയ്തു. ഇനി ശരിക്കും തുന്നല്‍ ആവശ്യമാണെങ്കില്‍ സൂചിയും കുതിര രോമവും ഉപയോഗിച്ച് തല്‍ക്കാലത്തേക്ക് തുന്നിക്കെട്ടി അവരെ അവരുടെ വഴിക്ക് പറഞ്ഞയക്കും.” ഇത്രയും കുറച്ചു വരികളില്‍ നിന്നും ആ നോവലിന്റെ അന്തരീക്ഷം മനസ്സിലാക്കാന്‍ പറ്റും.
ഇതിലും പ്രധാനപ്പെട്ട കാര്യം ഗള്‍ഫ് പൗരന്‍മാരായ എഴുത്തുകാര്‍ ഇതേ വിഷയങ്ങളെ എങ്ങിനെ ആവിഷ്‌ക്കരിച്ചുവെന്നതാണ്. ഇന്ന് ലോകത്തെ പല യൂണിവേഴ്‌സിറ്റികളിലും ഡയസ്പോറ സാഹിത്യത്തിലെ പ്രധാന കൃതികളിലൊന്നായി പഠിപ്പിക്കപ്പെടുന്നത് കുവൈത്ത് നോവലിസ്റ്റ് സഊദ് അല്‍ സന്‍ഊസിയുടെയുടെ ‘മുളന്തണ്ട്’ (അറബിയില്‍ സാഖ് അല്‍ ബാമ്പു, ഇംഗ്ലീഷില്‍ The Bamboo Stalk) എന്ന നോവലാണ്. കുവൈത്തിലെത്തുന്ന ഫിലിപ്പൈന്‍കാരിയായ വീട്ടുവേലക്കാരിയുടെ കഥ പറയുന്നു ഈ രചന. ജോലിക്കു നില്‍ക്കു വീട്ടിലെ യുവാവ് അവരെ പ്രണയിക്കുകയും വിവാഹം കഴിക്കുകയും ചെയ്യുന്നു. ആ ബന്ധത്തില്‍ ഒരു ആൺകുട്ടി ജനിക്കുന്നു. കുവൈത്തി പൗരന്‍ ഇറാഖിന്റെ കുവൈത്ത് അധിനിവേശ സമയത്ത് കൊല്ലപ്പെടുന്നു. പിന്നീട് ആ ബന്ധത്തിലുണ്ടായ മകന്‍ ഫിലിപ്പിനോ-കുവൈത്തി പൗരത്വത്തിനിടയില്‍ ആടിയുലയുന്ന സന്ദര്‍ഭങ്ങളിലൂടെയാണ് നോവല്‍ വളരുന്നത്. മുളന്തണ്ടിന്റെ തുടക്കം ഇങ്ങിനെ: “എന്റെ പേര് Jose. ഇങ്ങിനെയാണതെഴുതുന്നത്. ഫിലിപ്പീന്‍സിലെ ഉച്ചാരണം ഇംഗ്ലീഷിലെപ്പോലെത്തന്നെ ഹോസെ എന്നാണ്. അറബിയിലെത്തുമ്പോള്‍ സ്പാനിഷിലെപ്പോലെ Jose എന്നാകും. പോര്‍ച്ചുഗീസില്‍ എഴുതുന്നത് ഇതുപോലെ തന്നെയൊണെങ്കിലും ജോസെ എന്നേ പറയൂ. ഇവിടെ കുവൈത്തിലെത്തുമ്പോള്‍ ഈ പേരുകളൊക്കെ വെറുതെയാണ്. കാരണം ഇവിടുത്തുകാര്‍ക്ക് ഞാന്‍ ‘ഈസ’യാണ്.
എന്തുകൊണ്ടാണ് ഇങ്ങനെയൊക്കെ സംഭവിക്കുന്നത്? അറിയില്ല. കാരണമറിയാന്‍ ഞാനല്ലല്ലോ എനിക്കീ പേരുകളിട്ടത്. എനിക്കാകെ അറിയാവുന്നത്, ലോകം മുഴുവന്‍ എന്റെ പേരിന്റെ കാര്യത്തില്‍ ഭിന്നാഭിപ്രായക്കാരായിരിക്കുമെന്ന് തീരുമാനിച്ചുറച്ചുവെന്ന കാര്യം മാത്രമാണ്.
ഞാന്‍ ഇവിടെ കുവൈത്തില്‍ ജനിച്ചപ്പോള്‍ എന്റെ ഉപ്പ എനിക്കിട്ട പേര് ഫിലിപ്പീന്‍സിലെത്തിയതില്‍ പിന്നെ അമ്മച്ചി വിളിക്കാറേയില്ലായിരുന്നു. അമ്മച്ചിയുടെ ഭര്‍ത്താവിന്റെ അറബിയിലെ പേരാണെങ്കില്‍ കൂടി ”ഈസ” എന്ന വാക്കിന്റെ ഫിലിപ്പീന്‍സിലെ അര്‍ഥം ‘ഒന്ന്’ എന്നായിരുന്നു. ഒരാളെ പേരിന് പകരം അക്കം പറഞ്ഞ് വിളിക്കുന്നതിലെ തമാശയൊന്ന് ഓര്‍ത്ത് നോക്ക്.
അമ്മച്ചി ഈ പേര് എനിക്കിട്ടത് ഫിലിപ്പീന്‍സിലെ വീരപുരുഷനായ ഹോസെറീസ്റ്റാളിന്റെ ഓര്‍മക്കായിരുന്നു. എഴുത്തുകാരനും ചികിത്സകനുമായിരുന്ന റീസാള്‍ ഇല്ലായിരുന്നെങ്കില്‍ സ്പാനിഷ് അധിനിവേശ ശക്തികളെ ഫിലിപ്പീന്‍സില്‍ നിന്ന് തുരത്താന്‍ ഒരിക്കലും സാധിക്കില്ലായിരുന്നു. എന്നാല്‍ ആ വിപ്ലവത്തിന് അദ്ദേഹത്തിന്റെ മരണം വരെ കാത്തിരിക്കേണ്ടിവന്നു എന്നതാണ് യാഥാര്‍ത്ഥ്യം. ഹോസെയൊ ഖോസെയൊ ജോസെയൊ ഈസയൊ എന്തോ ആവട്ടെ. പേരുകളിലെ വൈരുധ്യമോ അതിന്റെ കാരണളോ അല്ല ഇവിടുത്തെ ചര്‍ച്ച. എന്റെ പ്രശ്‌നം പേരിലല്ല. അതിന് പിന്നില്‍ ഒളിഞ്ഞിരിക്കുന്ന മറ്റനേകം സംഗതികളിലാണ്.
ഫിലിപ്പീന്‍സില്‍ വെച്ച്, എന്റെ ഭൂതകാലം അറിയുന്ന അയല്‍പ്പക്കക്കാരും കോളനിയിലെ മറ്റു കുട്ടികളും എന്നെ വിളിച്ചിരുന്നത് എനിക്ക് അന്നേവരെ പരിചയമുള്ള ഏതെങ്കിലും പേരായിരുന്നില്ല. അവര്‍ക്കൊരുപക്ഷെ കുവൈത്ത് എന്ന ഒരു നാടുള്ളത് പോലും അറിയുമായിരുന്നില്ല. അവര്‍ എന്നെ ‘അമൃയീ’ അഥവാ അറബിയെന്ന് വിളിച്ചു. അതിവേഗം വളരുന്ന താടിയും മീശയുമൊഴിച്ച് എനിക്ക് അറബികളുമായി യാതൊരു സാമ്യവുമുണ്ടായിരുന്നില്ല. അറബികളെന്നാല്‍ അവര്‍ക്ക് മുരടന്മാരും, ചില ചിത്രങ്ങളില്‍ കാണുന്നത് പോലെ രോമാവൃതമായ ശരീരമുള്ളവരുമാണ്. വലിപ്പവും രൂപവും വ്യത്യാസപ്പെട്ടാലും മനസ്സില്‍ വരച്ചിടുന്ന ആ ചിത്രത്തില്‍ എപ്പോഴും താടിയുണ്ടാകും. കുവൈത്തിലെത്തിയപ്പോള്‍ എന്റെ എല്ലാ പേരുകള്‍ക്കും വിളിപ്പേരുകള്‍ക്കുമിടയില്‍ എനിക്കാദ്യം നഷ്ടപ്പെട്ടതും ആ പേര് തന്നെയാണ്. അറബി. പകരം വിധി എന്റെ പേരുകളുടെ പട്ടികയിലേക്ക് പുതിയൊരു നാമം കൂടി എഴുതിച്ചേര്‍ത്തു. ഫിലിപ്പീനി.”
നോവിലിന്റെ ഈ തുടക്ക ഖണ്ഡികകളില്‍ നിന്നു തന്നെ ഈ രചനയുടെ സ്വഭാവം എളുപ്പത്തില്‍ മനസ്സിക്കാന്‍ സാധിക്കും. പല തരത്തിലുള്ള ട്രാജഡികള്‍ ഈ നോവല്‍ അനാവരണം ചെയ്യുന്നു. ഒരുപക്ഷെ ഇവിടെ പറയുന്ന സാഹിത്യ രചനകളില്‍ ഏറ്റവും ഗഹനവും ആഴവുമുള്ള കൃതി മുളന്തണ്ടായിരിക്കും.
മറ്റൊരു രചന കൂടി പരാമര്‍ശിക്കേണ്ടതുണ്ട്. യു.എ.ഇ എഴുത്തുകാരന്‍ അബ്ദുല്‍ ഹാമിദ് അഹ്മദ് 35 വര്‍ഷം മുമ്പെഴുതിയ ‘കോയയുടെ ചെറിയ വസ്തുക്കള്‍’ എന്ന ചെറുകഥ. ഒരു മലയാളി ഗള്‍ഫ് തൊഴിലാളിയെ ഒരുപക്ഷെ ആദ്യമായി ചിത്രീകരിച്ച കഥകളില്‍ ഒന്നായിരിക്കും ഈ രചനയെന്ന് തോന്നുന്നു. കോയ തന്റെ നവജാത ശിശുവിനും ഭാര്യക്കും പുതുവസ്ത്രങ്ങള്‍ വാങ്ങുകയും (പലരോടും കടം വാങ്ങിയാണ് ഇത് ചെയ്യുന്നത്) അത് നാട്ടിലേക്ക് പാഴ്സലായി അയക്കാന്‍ പണമില്ലാതെ പരാജയപ്പെടുകയും പിന്നീട് വസ്ത്രങ്ങള്‍ തെരുവു കച്ചവടക്കാര്‍ക്കൊപ്പം പകുതി വിലയെങ്കിലും കിട്ടണേ എന്ന പ്രാര്‍ത്ഥനയുമായി വില്‍ക്കാന്‍ ഇരിക്കുന്നതുമാണ് കഥയുടെ പ്രമേയം. കഥയുടെ അവസാന ഭാഗം ഇങ്ങിനെ: “രാവിലെ ക്ഷീണിച്ച കാലുകളുമായി അയാള്‍ മാര്‍ക്കറ്റിലേക്കു നടന്നു. ജനങ്ങള്‍ അവിടേക്ക് വന്നുതുടങ്ങിയിട്ടേ ഉണ്ടായിരുന്നുള്ളൂ. തെരുവുകച്ചവടക്കാരനോട് കോയ ചോദിച്ചു.’ഈ സാധനങ്ങള്‍ നിങ്ങള്‍ തിരിച്ചെടുക്കുമോ? ഇന്നലെയാണ് ഞാനിത് നിങ്ങളുടെ കയ്യില്‍ നിന്നും വാങ്ങിയത്’. കച്ചവടക്കാരന്‍ അയാളെ നോക്കിയില്ല. അയാള്‍ ജനങ്ങളെ ആകര്‍ഷിക്കാന്‍ വിളിച്ചു പറയാന്‍ തുടങ്ങി. കോയ ആത്മഗതമെന്നോണം സ്വരം താഴ്ത്തിപ്പറഞ്ഞു: ‘അവള്‍ മറ്റൊരിക്കലേക്കു വേണ്ടി കാത്തിരിക്കട്ടെ. കുട്ടിക്കുള്ളത് അയക്കാന്‍ ഉമ്മയ്ക്ക് വാങ്ങിയതിന്റെ വില മതിയാകും’. അയാള്‍ മാര്‍ക്കറ്റില്‍ ചുറ്റി നടന്ന് ഇരിക്കാന്‍ സ്ഥലം കണ്ടെത്തി. അവിടെ ഭാര്യക്കുവേണ്ടി വാങ്ങിച്ച വസ്ത്രങ്ങള്‍ വില്‍ക്കാനായി വെച്ചു. പക്ഷെ, ആരും അത് വാങ്ങിയില്ല. ഓരോരുത്തരോടായി അയാള്‍ കേണു, ‘ഇത് നല്ല തുണിയാണ്, ഞാന്‍ ഇന്നലെ 40നു വാങ്ങിയതാണ്, 30നു തരാം’. ഒരാള്‍ കടന്നുപോയി, എല്ലാവരും കടന്നുപോയി, ആരും അയാളുടെ അടുത്തേക്ക് വന്നില്ല…
‘ഇത് ഞാന്‍ എന്റെ ഭാര്യയ്ക്ക് സമ്മാനമായി വാങ്ങിയതാണ്’. അയാള്‍ ഏകനായി, തന്റെ കയ്യിലുള്ള വസ്തുക്കള്‍ ശൂന്യതയില്‍ പ്രദര്‍ശിപ്പിക്കുന്ന ഒരാളായി. അയാള്‍ ദേഷ്യം കൊണ്ടു വിറച്ചു, ദുഃഖവും കയ്പ്പും നിറഞ്ഞു. പുതിയ ദുഃഖത്തിന്റെ ഗര്‍ത്തത്തില്‍ അയാള്‍ സ്വയം നഷ്ടപ്പെട്ടു. സന്തോഷം നഷ്ടപ്പെട്ടു, ഭാര്യയേയും മകനേയും മറന്നു. ലക്ഷ്യമില്ലാതെ അലയാന്‍ തുടങ്ങി. കോയയുടെ വസ്തുക്കള്‍ വാങ്ങാന്‍ ആരുമുണ്ടായില്ല. അയാളതിനു ശ്രമിച്ചുകൊണ്ടിരുന്നു. കൂടുതല്‍ കഠിനമായി ശ്രമിച്ചുകൊണ്ടേയിരുന്നു. അപ്പോള്‍ തിരകള്‍ വന്ന് അയാളെ മൂടി. കോയ വന്‍നഗരത്തിന്റെ തെരുവുകളിലൂടെ കയ്യിലുള്ള സാധനങ്ങള്‍ വില്‍ക്കാന്‍ ശ്രമിച്ചു കൊണ്ട് നടത്തം തുടരുകയാണ്.”
ഈ കഥയുടെ ഇംഗ്ലീഷ് പരിഭാഷ വര്‍ഷങ്ങള്‍ക്ക് മുമ്പ് വായിച്ചയുടന്‍ ഞാന്‍ എഴുത്തുകാരനുമായി ബന്ധപ്പെടുകയും ചെറിയൊരു അഭിമുഖം നടത്തുകയും ചെയ്തിരുന്നു. ആ സംഭാഷണത്തില്‍ അദ്ദേഹം പറഞ്ഞു: “കോയ യഥാര്‍ത്ഥ പേരുതന്നെ. എനിക്കറിയാവുന്ന ഒരാള്‍. ഞാന്‍ ജോലി ചെയ്തിരുന്ന പത്രമോഫീസില്‍ കുറച്ചുനാള്‍ പ്യൂണായിരുന്നു. എന്നാല്‍ കോയ എന്ന കഥാപാത്രം യു.എ.ഇയിലും ഇതര ഗള്‍ഫ് രാജ്യങ്ങളിലും കുടിയേറ്റക്കാരായി ജോലി ചെയ്യുന്ന ആയിരക്കണക്കിന് തൊഴിലാളികളുടെ വ്യക്തിത്വം കൂട്ടിച്ചേര്‍ത്തതാണ്. തൊഴിലാളികളുടെ ചെറിയ മോഹങ്ങള്‍, പരിഗണനകള്‍, ആഗ്രഹങ്ങള്‍ എന്നിവ കണ്ടെത്താനും രേഖപ്പെടുത്താനുമാണ് കഥയില്‍ ശ്രമിച്ചിട്ടുള്ളത്. മാര്‍ക്കറ്റിന്റെ ആവശ്യവും വിതരണ സംവിധാനവുമാണ് എപ്പോഴും തൊഴിലാളികളുടെ വിധി നിര്‍ണ്ണയിക്കുന്നത്. തങ്ങളെ ആവശ്യമുള്ളിടത്തേക്ക് അവര്‍ പോകുന്നു. തൊഴില്‍ കണ്ടെത്തുന്നു. ഇവിടെ തൊഴിലാളികളെ ആവശ്യമുണ്ട്. അതുകൊണ്ട് തൊഴിലാളികള്‍ വരുന്നു. പലര്‍ക്കും ഏറ്റവും അടുത്ത പ്രദേശം കൂടിയാണ് ഗള്‍ഫ്. മനസ്സുനിറയെ സ്വപ്നങ്ങളുമായാണ് അവര്‍ വരുന്നത്. വീടുവെക്കുക എന്ന സ്വപ്നം, മക്കളുടെ വിദ്യാഭ്യാസം, പെൺമക്കളുടെ വിവാഹം എന്നിങ്ങനെയുള്ള സ്വപ്നങ്ങള്‍. തങ്ങളുടെ ജീവിതം മെച്ചപ്പെടുത്താനാകും എന്ന വിശ്വാസത്തിലാണവര്‍ വരുന്നത്.”
ഗള്‍ഫിനെക്കുറിച്ച് സാമൂഹ്യശാസ്ത്രം പറയുന്നതോ ശരി? അതോ സാഹിത്യം പറയുന്നതോ? ഗള്‍ഫിലുള്ള പലരോടും ഈ ചോദ്യം ഞാന്‍ ചോദിച്ചു. ഏറെക്കുറെ അവരുടെയെല്ലാം മറുപടി രണ്ടും ശരിയാണ് എന്നായിരുന്നു. അപ്പോള്‍ പറുദീസ തേടി നരകത്തിലെത്തിയ മനുഷ്യരാണോ ഇന്നു കാണുന്ന കേരളത്തെ സൃഷ്ടിച്ചത്? നരകം കണ്ട അവരുടെ ശരീരവും ആത്മാവും മലയാളിയുടെ ചിന്താമണ്ഡലത്തില്‍ എങ്ങിനെയാണ് പ്രത്യക്ഷപ്പെടുന്നത്. ഇതിനെക്കുറിച്ചാലോചിച്ചിരിക്കെ വാട്സാപ്പില്‍ ഒരു നേര്‍ ഗള്‍ഫ് ജീവിത കഥ പ്രത്യക്ഷപ്പെട്ടു. അത് വായനക്കാര്‍ക്കു വേണ്ടി ഇവിടെ പകര്‍ത്തുന്നു:
എനിക്കൊരു കാല് വെക്കാന്‍ സഹായിക്കുമോ.
36 വര്‍ഷം പ്രവാസിയായ ഒരു മനുഷ്യനാണ് ഞാന്‍. എല്ലാ വഴിയും മുട്ടിയാണ് ഞാന്‍ നിങ്ങളുടെ അടുത്ത് വരുന്നത്.
ദൈവം തന്ന കാല് ദൈവം തന്നെ തിരിച്ചെടുത്തു. ഒരു ഹൈഡ്രോളിക് കാല് വെച്ച് പിടിപ്പിക്കാന്‍ രണ്ടര ലക്ഷം വേണം.
കനിവുള്ളവര്‍ സഹായിക്കുമോ?
പ്രവാസി ഗ്രൂപ്പുകളില്‍ ഷെയര്‍ ചെയ്യുമോ?
ഞാന്‍ ഹുസൈന്‍.
മലപ്പുറം ജില്ലയിലെ വെളിയങ്കോട് പഞ്ചായത്തില്‍ കൊമ്പില വളപ്പ് എന്ന സ്ഥലത്ത് താമസിക്കുന്നു. ആദ്യം പാലക്കാട് ആയിരുന്നു. 36 വര്‍ഷം നീണ്ട പ്രവാസം. നിതാഖാത്തിനെ (സൗദിയിലെ സ്വദേശിവല്‍ക്കരണം) തുടർന്ന് നാല് കൊല്ലം മുമ്പ് നാട്ടിലെത്തി. ഡ്രൈവറായി നോക്കുക ആയിരുന്നു. അതിനിടയില്‍ രണ്ട് കൊല്ലം മുമ്പ് പാമ്പുകടിയേറ്റ് കൊടിയ വിഷം കയറി എന്റെ ഒരു കാല്‍ മുറിക്കേണ്ടി വന്നു. എല്ലാത്തിനും അത്താണിയായിരുന്ന പ്രിയപ്പെട്ട ഭാര്യ ആറുമാസം മുമ്പ് കോവിഡ് ബാധിച്ച് മരണപ്പെട്ടതോടെ തീര്‍ത്തും ദുരിത ജീവിതം ആയി. എനിക്കൊരു കാല്‍ ഉണ്ടായിരുന്നെങ്കില്‍ സ്വന്തമായി ചെറിയ പെട്ടിക്കടയോ മറ്റെന്തെങ്കിലും ജോലികളോ ചെയ്തു ജീവിക്കാമായിരുന്നു. ഓട്ടോറിക്ഷ ഡ്രൈവറായ ഏക മകന്റെ വരുമാനം മരുന്നിനു തന്നെതികയുന്നില്ല. അനിയന്റെ ചെറിയ ഒരു വീട്ടിലാണ് താമസം. കുടുംബ ഭാരത്താല്‍ ഇതുവരെ സ്വന്തമായി ഒരു വീട് ഉണ്ടാക്കാന്‍ കഴിഞ്ഞിട്ടില്ല. ആത്മഹത്യ ചെയ്യാന്‍ പറ്റില്ലല്ലോ. അവസാന വഴിയാണ് ഇത്. എനിക്ക് പ്രതീക്ഷയുണ്ട്.
എന്ന്
ഹുസൈന്‍ വി. കെ
വെളിയങ്കോട്.