ഇന്നസെന്റ് പാസാക്കിയ രോഗി പെരുമാറ്റച്ചട്ട ബിൽ

ഇന്നലെ ആശുപത്രി ലിഫ്റ്റിലാണ് ആ സംഭാഷണം കേട്ടത്:
നിങ്ങളുടെ ഉമ്മാക്ക് എന്തു പറ്റി?
“സോഡിയം കുറഞ്ഞു, അടുക്കളയിൽ തല ചുറ്റി വീണു, മുന്നിലുണ്ടായിരുന്ന പതച്ച കുക്കറിൽ പിടിച്ചു. കൈ അപ്പാടെ പൊള്ളി.”
“പ്രായമുള്ളതല്ലേ? ഇപ്പോ ഇതിന് സോഡിയം കുറഞ്ഞു എന്നു പറയും, പണ്ടിതിനെയാണ് ചെന്നി എന്നു പറഞ്ഞിരുന്നത്.”
ചെന്നി എന്ന പ്രയോഗം മകനെ വല്ലാതെ വേദനിപ്പിച്ചു എന്ന് അയാളുടെ മുഖത്തു നിന്നും കൃത്യമായും വായിച്ചെടുക്കാം.
അല്ല സോഡിയം കുറഞ്ഞതാണ്, അയാൾ ദയനീയമായി ആവർത്തിച്ചു.
അതെ, അതു തന്നെ, ചെന്നി- മറ്റെയാൾ വിടുന്നില്ല.
ഈ സംഭാഷണം കേട്ട് കുറച്ചു മണിക്കൂറുകൾ കഴിഞ്ഞപ്പോൾ ഇന്നസെന്റ് മരിച്ച വാർത്ത പുറത്തു വന്നു. അപ്പോൾ ശരിക്കും തോന്നി, രോഗികളോട്, അവരോട് ബന്ധപ്പെട്ടു നിൽക്കുന്നവരോട് എങ്ങിനെ പെരുമാറണമെന്ന് മലയാളിയെ പഠിപ്പിക്കുകയാണ് ഇന്നസെന്റ് പ്രധാനമായും ചെയ്തത് എന്ന്.

കാൻസർ വാർഡിലെ ചിരി

തന്റെ സ്വന്തം പാർലമെന്റിൽ (രോഗിയുടെ നിയോജക മണ്ഡലത്തിൽ) അദ്ദേഹം പാസാക്കിയെടുത്ത ഏറ്റവും പ്രധാനപ്പെട്ട സംഗതി രോഗികളോടുള്ള പെരുമാറ്റച്ചട്ട ബിൽ ആണ്. “കാൻസർ വാർഡിലെ ചിരി” എന്ന പുസ്തകത്തിലാരംഭിക്കുകയും ജീവിതത്തിന്റെ അവസാന സമയം വരെ രോഗം, രോഗികളോട് പെരുമാറേണ്ട വിധം, അവർക്ക് ജീവിതാഭിമുഖ്യം തിരിച്ചു നൽകേണ്ടതിന്റെ ആവിശ്യകത- ഇതിനെക്കുറിച്ചുള്ള സംവാദമാണ് അദ്ദേഹം പ്രധാനമായും നടത്തിപ്പോന്നത്. ഇന്നലെ ആശുപത്രി ലിഫ്റ്റിലുണ്ടായ പോലുള്ള ഹതാശമായ സംസാരങ്ങളാണ് നിരോധിക്കേണ്ടതെന്ന് ആ നടൻ തിരശ്ശീലക്കു പുറത്ത് മലയാളി സമൂഹത്തെ പഠിപ്പിച്ചു.

‘കാൻസർവാർഡിലെ ചിരി’ (തയ്യാറാക്കിയത് ശ്രീകാന്ത് കോട്ടക്കൽ)  അഞ്ചാം ക്ലാസിൽ പഠിച്ച എന്റെ സുഹൃത്തിന്റെ മകൻ എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ അവന്റെ അമ്മ മരണത്തിലേക്കു പോയിക്കൊണ്ടിരിക്കെ അവർക്കൊപ്പം ഒരു സുഹൃത്തിനെപ്പോലെ നിന്നു. അവനിപ്പോൾ കുറച്ചു കൂടി മുതിർന്നു. ഇന്നസെന്റ് മരിച്ച വാർത്ത വന്നപ്പോൾ അവൻ വാട്ട്സാപ്പിൽ ഇങ്ങിനെ കുറിച്ചിട്ടു:

”കാൻസർ വാർഡിലെ ചിരി എന്റെ അമ്മയുടെ അവസാന ദിനങ്ങളിലും അവരെ ചിരിപ്പിക്കാൻ എന്നെ സഹായിച്ചു”.

ഹാസ്യം എപ്പോഴും രൂക്ഷ വിമർശനമാണ് ലോകമെങ്ങും സാധ്യമാക്കിയിട്ടുള്ളത്. ചാർളി ചാപ്ലിനും കുഞ്ചൻ നമ്പ്യാരും വി.കെ.എന്നും അത് എങ്ങനെയെല്ലാം സാധ്യമാക്കി എന്നു പ്രത്യേകിച്ചു പറയേണ്ടതില്ല. പറയാൻ പാടില്ല എന്നു വിലക്കുള്ള കാര്യങ്ങളും ഹാസ്യത്തിന്റെ പേരിൽ പറയാം, എഴുതാം. ഓ, അതൊരു തമാശയല്ലേ, വിട്ടു കള എന്നു പറഞ്ഞ് എതിർപ്പുകാർ അതിനെ അവഗണിക്കും. പക്ഷെ ആ തമാശയിലെ വിമർശനം പതുക്കെ പതുക്കെ പിന്നീട് നമുക്കു ചുറ്റും പ്രവർത്തിച്ചു കൊണ്ടിരിക്കും. ഇന്നസെന്റ് ഇപ്പറഞ്ഞതിനുള്ള സമകാലിക മലയാളി ഉദാഹരണത്തിൽ മുന്നിൽ നിൽക്കുന്നു. ഇറാൻ സിനിമകൾ സെൻസർഷിപ്പിനെ മറി കടക്കാൻ, ഏറ്റവും രൂക്ഷമായ വിമർശനം നടത്തുക “കുട്ടിക്കഥാ”പാത്രങ്ങളിലൂടെയാണ്. ഓ, അത് കുട്ടികളല്ലേ, വിട്ടുകള എന്ന് സെൻസർമാർ പരസ്പരം പറയും. ഹാസ്യവും ഇതു പോലെയാണ്, അത് കൊണ്ടാണ് ചാപ്ലിന്റെ ‘ഗ്രേറ്റ് ഡിക്റ്റേറ്റർ”  അതി ജീവിച്ചത്. കുഞ്ചൻ നമ്പ്യാർ ഇന്നും നമുക്കൊപ്പം ജീവിക്കുന്നത്.

ഇന്നസെന്റ് പുസ്തകങ്ങൾ

രോഗികളെ സന്ദർശിച്ച് ബന്ധുക്കളും പുരോഹിതരും മറ്റും നടത്തുന്ന പ്രാർഥനകളെ ഇന്നസെന്റ് അതിരൂക്ഷമായി, കണക്കറ്റ് പരിഹസിച്ചു. ഉടനെ മരിക്കാൻ പോകുന്ന ഈ രോഗിയെ നീ സ്വർഗത്തിൽ പ്രവേശിക്കണേ എന്നാണ് എല്ലാ പ്രാർഥനകളുടേയും ഉള്ളടക്കം. അത് രോഗി കേൾക്കെയാണ് പറയുന്നതും. ഇത്തരം പ്രാർഥനകൾ ഒരാളെ എത്രയും പെട്ടെന്ന് മരണത്തിലെത്തിക്കുമെന്നും അതിനാൽ ദയവായി ഈ രീതി അവസാനിപ്പിക്കൂ എന്നുമാണ് ഇന്നസെന്റ് പറഞ്ഞത്. തു‍ടക്കത്തിൽ പറഞ്ഞ രോഗികളോടുള്ള പെരുമാറ്റച്ചട്ടത്തിന്റെ അടിക്കല്ല് ഇതിലൂടെ വെളിപ്പെട്ടു. കാര്യം പലരും മനസ്സിലാക്കി. മറ്റു പലരും ഓ, അത് ഇന്നസിന്റെ തമാശ എന്ന് പറഞ്ഞ് അവഗണിച്ചു. (അതിനാൽ സഭ കോപിച്ചില്ല).

പക്ഷെ അദ്ദേഹം ആ വിമർശനം അവിടെ അവസാനിപ്പിച്ചില്ല. നല്ലവരെ ദൈവം വേഗം വിളിക്കുന്നു എന്ന് ഒരു മരണ വീട്ടിൽ നിന്നും കേട്ട പ്രാർഥനാ ഭാഗത്തിനോട് പ്രതികരിച്ചു കൊണ്ട് മടങ്ങുമ്പോൾ വഴിയിൽ കണ്ട  വിശുദ്ധന്റെ പ്രതിമയോട് പല്ലിളിച്ചു കാണിച്ചു. എന്തിന്? ദൈവത്തിന് അപ്രീതിയുണ്ടാകാൻ. അങ്ങിനെ ‘ദുഷ്ടനായി ‘ കുറച്ചു കാലം കൂടി ഈ ഭൂമിയിൽ ജീവിക്കാൻ. സ്വർഗമല്ല, ഈ ഭൂമി തന്നെയാണ് മനുഷ്യരെ പ്രലോഭിപ്പിക്കുന്നത് എന്ന് ഏവരേയും ബോധ്യപ്പെടുത്താൻ അദ്ദേഹം ഇത്തരം കഥകൾ കെട്ടിയുണ്ടാക്കി. ഭാര്യ ആലീസും രോഗിയായപ്പോൾ കഥ കെട്ടലിൽ അവരും ഒരു കഥാപാത്രമായി. ക്യാൻസർ ടെസ്റ്റ് നടത്തി രോഗമില്ലെങ്കിൽ ആ കാശ് വെറുതെ പോകില്ലെ എന്ന ആലീസിന്റെ ചോദ്യമൊക്കെ ഇന്നസെന്റ് കെട്ടിയുണ്ടാക്കിയതു തന്നെ.  (മലയാള വാണിജ്യ സിനിമയുടെ  രോഗാതുരതകളെ, ക്രിമിനൽ നീക്കങ്ങളെ അഭിസംബോധന ചെയ്യുന്നതിൽ അദ്ദേഹം പരാജയപ്പെട്ടു എന്നത് മറക്കുന്നില്ല).

കാൻസർ വാർഡിലെ ചിരിയുടെ പിൻകവർ

സ്വർഗ -നരകങ്ങളെക്കുറിച്ച്  യുക്തിവാദികൾക്കും മതവാദികൾക്കും സാധ്യമല്ലാത്ത ഒരു വഴിയിലൂടെ   അദ്ദേഹം തന്റേതായ സംവാദം മുന്നോട്ടു കൊണ്ടുപോയി. അത്തരത്തിൽ തിരിച്ചറിയപ്പെടേണ്ട ഒരാളാണ് ഇന്നസെന്റ്. ഒരു പക്ഷെ, അദ്ദേഹത്തിന്റെ ഏറ്റവും വലിയ സംഭാവനയും അതായിരിക്കും.
എം.പിയായിരിക്കെ, പാർലമെന്റിൽ  സംസാരിച്ചതിൽ ഇന്നും എല്ലാവരുടേയും മനസ്സിലുള്ളത് അർബുദ രോഗികൾക്കു വേണ്ടി അദ്ദേഹം പറഞ്ഞ കാര്യങ്ങളാണ്:

കഴിഞ്ഞ വർഷം ഞാനും അർബുദത്തിന്റെ പിടിയിലായി. ശരീരത്തിൽ അഞ്ചിടത്താണ് അർബുദ ബാധ കണ്ടെത്തിയത്. മെച്ചപ്പെട്ട ആശുപത്രിയിൽ ചികിൽസ തേടി. ആശുപത്രിയിൽ തന്നെ പരിചരിക്കാൻ ഭാര്യ ആലീസുമുണ്ടായിരുന്നു. എന്റെ ചികിൽസക്കിടെ ഭാര്യയെ വെറുതെ മാമോഗ്രാം പരിശോധനക്ക് വിധേയയാക്കി.
അപ്പോഴാണ് അവർക്കും അർബുദം ബാധിച്ചിട്ടുണ്ടെന്ന് കണ്ടെത്തിയത്. പ്രാരംഭ ഘട്ടത്തിൽ തന്നെ കണ്ടെത്താൻ കഴിഞ്ഞതിനാൽ വേഗത്തിൽ ചികിൽസിച്ചു ഭേദമാക്കാൻ കഴിഞ്ഞു. അർബുദം പ്രാരംഭ ദശയിൽ തന്നെ കണ്ടെത്തണം. അപ്പോൾ കീമോ തെറപ്പി, റേഡിയേഷൻ തുടങ്ങിയ കഠിന ചികിൽസകൾ ഒഴിവാക്കാൻ കഴിയും. രോഗിയുടെ ബുദ്ധിമുട്ടും പണച്ചെലവും കാര്യമായി കുറയും. പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും മൊബൈൽ യൂണിറ്റുകൾ ഏർപ്പെടുത്തി അർബുദ രോഗ നിർണയത്തിനുള്ള സംവിധാനം ഏർപ്പെടുത്തണം” –
(ഇന്നസെന്റിന്റെ പാർലമെന്റ് പ്രസംഗം 27-3-2023ലെ മാധ്യമം പത്രത്തിൽ നിന്ന്).

ഇന്നസെന്റിന്റെ പാർലമെന്റ് പ്രസംഗം

കേരളം പോലെയൊരു സ്ഥലത്ത് അർബുദത്തിന്റെ വ്യാപ്തി എങ്ങിനെയാണെന്ന്  ഇന്ന് പൊതു സമൂഹം മനസ്സിലാക്കിയിട്ടുണ്ട്.  പെയിൻ& പാലിയേറ്റീവ് പ്രസ്ഥാനം ഈ രോഗ മേഖലയിൽ എങ്ങിനെ സാമൂഹികതയിലൂന്നി പ്രവർത്തിക്കുന്നു എന്നതിനെക്കുറിച്ചും മലയാളികൾക്ക് ഇപ്പോൾ സാമാന്യ ധാരണയുണ്ട്.  പ്രദർശനം തുടരുന്ന കൊച്ചി-മുസിരിസ് ബിനാലെയിൽ എറണാകുളം ദർബാൾ ഹാളിൽ നിഷാദ് ഉമ്മറിന്റെ ഫോട്ടോ പ്രദർശനമുണ്ട്. അർബുദ ബാധിതനായ തന്റെ പിതാവിന്റെ രോഗ കാലം പകർത്തുകയായിരുന്നു നിഷാദ് ഉമ്മർ. (ഇങ്ങിനെയൊരു ഫോട്ടോ സീരീസ് കേരളത്തിൽ മുമ്പുണ്ടായിട്ടില്ല). കൊടിയ വേദനക്കിടെ മുളച്ചുവരുന്ന ഒരു ചെറു ചിരിയുള്ള അതിലെ ഒരു ഫോട്ടോഗ്രാഫ് മറക്കാൻ കഴിയില്ല. ആ ചിരി രോഗിക്ക് നൽകുന്നത് കൂടെയുള്ള ആരോ ആണ്. അതിനെയാണ് ഇന്നസെന്റ് വിശാലമായി ‘ക്യാൻസർ വാർഡിലെ ചിരി’ എന്ന ശീർഷകത്തിലേക്ക് പരകായം ചെയ്തത്. രോഗിയുടെ മനുഷ്യൻ എന്ന നിലയിലുള്ള ചിരിക്കാനുള്ള അവകാശം എങ്ങിനെ പുന:സ്ഥാപിക്കാം എന്നു തന്നെയാണ് ഇന്നസെന്റ് സ്വന്തം അനുഭവത്തെ മുൻ നിർത്തി പറഞ്ഞു കൊണ്ടേയിരുന്നത്. അത് രോഗിയുടെ നിയോജക മണ്ഡലത്തിൽ നിന്നുമുള്ള ഒരാളുടെ ജനാധിപത്യ പ്രവർത്തനമായിരുന്നു.

നിഷാദ് ഉമ്മറിന്റെ ഫോട്ടോ പ്രദർശനത്തിൽ നിന്നും

ഒരു മനുഷ്യനും താൻ ഓർമ്മിക്കപ്പെടാതിരിക്കാൻ ആഗ്രഹിക്കുന്നില്ല എന്ന് അദ്ദേഹം ആവർത്തിച്ചു പറഞ്ഞു കൊണ്ടിരുന്നു. ഒരു രോഗിയെ കൂടെയുള്ളവർ എങ്ങിനെ ഓർക്കും? വിളറിയതാണെങ്കിലും രോഗി അവശേഷിപ്പിച്ച ഒരു ചിരിയിലൂടെ മാത്രം- ഇന്നസെന്റ് പറഞ്ഞു വെച്ച ജീവിത സത്യങ്ങളിലൊന്ന് അതു തന്നെ. വേദന നാമാരും നിരന്തരമായ ഓർത്തു കൊണ്ടിരിക്കാൻ ആഗ്രഹിക്കുന്നില്ല. തന്നെ ചികിൽസിച്ച ഡോക്ടർക്കും അർബുദം വന്ന അനുഭവം അദ്ദേഹം പങ്കുവെക്കുന്നു. ചികിൽസക്കിടെ വീൽ ചെയറിൽ കീമോയുടെ പീഡകളുമായി ഇന്നസെന്റിന്റെ മുറിയിലെത്തിയ ആ ഡോക്ടർ പഠിപ്പിച്ചത് രോഗം ആർക്കും വരാം എന്ന പാഠമാണെന്ന് അദ്ദേഹം എഴുതിയിട്ടുണ്ട്.

രോഗം/ രോഗി/ വേദന/ ചികിൽസ/ സാമൂഹിക ഉത്തരവാദിത്തം- എന്ന ലോകമെങ്ങും ഇന്നും നടന്നു കൊണ്ടിരിക്കുന്ന ചർച്ചയുടെ ഭാഗമാവുകയാണ് ഈ നടൻ ചെയ്തത്. സമീപകാലത്ത് ബോളിവുഡ് നടി മനീഷ കൊയ്രാള തന്റെ അർബുദ കാലത്തെക്കുറിച്ചെഴുതിയ “Healed” എന്ന പുസ്തകം രോഗിയുടെ നിരവധി യാഥാർഥ്യങ്ങൾ അനാവരണം ചെയ്തു. ഓരോ നിമിഷത്തിന്റേയും വേദനകൾ പങ്കുവെച്ചു. രോഗം തന്നെ എങ്ങിനെ മറ്റു മനുഷ്യരുടെ രോഗക്കിടക്കകളിലേക്ക് കൂടി നോക്കാൻ പഠിപ്പിച്ചു എന്നതിനെ വിശദമാക്കി.

ഹീൽഡ്

രോഗികൾ എഴുതുമ്പോൾ വാസ്തവത്തിൽ ലോകം മാറുന്നു എന്ന് ഇത്തരം പുസ്തകങ്ങൾ ഓർമ്മിപ്പിച്ചു കൊണ്ടിരിക്കുന്നു. രോഗം സാമൂഹിക ബാധ്യതയുടെ പല തലങ്ങളും നമുക്കു മുന്നിൽ തുറന്നുവെക്കുന്നു. ഇതേ കാഴ്ച്ചപ്പാട് ഹാസ്യമെന്നു തോന്നിച്ച് നിരന്തരം ആവർത്തിച്ചു ഇന്നസെന്റ്.  അതു കൊണ്ടു തന്നെ ഹാസ്യമാണ് ഏറ്റവും ഗൗരവമേറിയ പ്രവൃത്തി എന്നും അദ്ദേഹം ഓർമ്മിച്ചുകൊണ്ടിരുന്നു. രോഗം ഒരു രൂപകമെന്ന് സൂസൻ സൊന്റാഗ് പറഞ്ഞു. അത്തരം രൂപകങ്ങളിൽ നിന്നും മുക്തമാകേണ്ട സമൂഹത്തെക്കുറിച്ച് തന്റേതായ രീതിയിൽ ഇന്നസെന്റ് ആലോചിച്ചു, എഴുതി, പ്രസംഗിച്ചു.  ആ പോരാട്ടത്തിന്റെ ഒരു ഘട്ടത്തിൽ ഇന്നലെ രാത്രി അർബുദത്തിന് കീഴടങ്ങി അദ്ദേഹം യാത്രയായി.

സൂസൻ സൊന്റാഗ്

മുമ്പൊരിക്കൽ പത്രപ്രവർത്തകൻ കെ.ആർ.ചുമ്മാർ അർബുദത്തെ ചിരിച്ചു കൊണ്ട് നേരിട്ട  വിധത്തെക്കുറിച്ച് തോമസ് ജേക്കബ് എഴുതിയിട്ടുണ്ട്: ചുമ്മാറും പി.എസ്. ജോൺ എന്ന മറ്റൊരു പത്രപ്രവർത്തകനും ആർ.സി.സിയിൽ കീമോതെറപ്പിക്ക് കിടക്കുന്നു. രണ്ടു പേരും  കീമോ തെറപ്പി ചെയ്യാൻ ഒരുമിച്ചാണ് ആശുപത്രിയിൽ എത്തിയത്. കീമോ തെറപ്പിയിൽ ഞരമ്പിലൂടെ മരുന്ന് കയറ്റേണ്ടതുണ്ട്. ഏതാണ്ട് ഒരു ദിവസത്തോളം നീളും മരുന്നു കയറ്റൽ. ഇരുവരും ഞരമ്പിൽ ഘടിപ്പിച്ച കുപ്പികളുമായി കിടക്കുമ്പോൾ ചുമ്മാർ പറഞ്ഞു. നമുക്ക് അഭിമുഖമായി കിടക്കാം. എന്റെ മരുന്ന് തീരുമ്പോൾ താൻ പറയണം. ഞാൻ ജോണിന്റെ കുപ്പിയും നോക്കിക്കിടക്കാം. നഴ്സുമാരെങ്ങാനും നോക്കാൻ മറന്നാലോ? പിന്നീട് ചുമ്മാർ പലതും പറയുകയും ഇരുവരും പൊട്ടിച്ചിരിക്കുകയും ചെയ്യുന്നതിനെക്കുറിച്ചും ആ ലേഖനം പറയുന്നു. ക്യാൻസർ വാർഡിൽ നിന്നുള്ള ആ ചിരി അവിശ്വസനീയവും അസാധാരണവുമായിരുന്നു. ഇന്നസെന്റ് പിൽക്കാലത്ത് അത് കൂടുതൽ ശക്തമാക്കി. അതിലൂടെ ഇതര രോഗികൾക്ക് വലിയ ധൈര്യവും പകർന്നു.

പോൾ കലാനിധിയുടെ ‘പ്രാണൻ വായുവിലലിയുമ്പോൾ’ എന്ന പുസ്തകം ന്യൂറോ സർജൻ എന്ന നിലയിൽ പ്രശസ്തിയിലേക്കുയരുമ്പോൾ ശ്വാസകോശാർബുദം ബാധിച്ചു മരിച്ച ഒരു ഡോക്ടറുടെ അനുഭക്കുറിപ്പുകളാണ്. ലോകം മുഴുവൻ ചർച്ച ചെയ്യപ്പെട്ട ഈ പുസ്തകം ജീവിതത്തെ ജീവിക്കാൻ കൊള്ളും വിധം എങ്ങിനെ മൂല്ല്യവത്താക്കാമെന്നു പറയുന്നു.

പ്രാണൻ വായുവിലലിയുമ്പോൾ

ജീവിതത്തിന്റെ മൂല്യങ്ങളിൽ പ്രധാനപ്പെട്ട ഒന്ന് ഒരാൾ രോഗിയാകുമ്പോൾ കൂടെയുള്ളവർ, സമൂഹം എങ്ങിനെ പെരുമാറണമെന്നതു തന്നെയാണെന്ന് പോൾ കലാനിധിയുടെ വരികൾക്കിടയിൽ വായനക്കാർക്ക് കാണാം. ഇതേ കാര്യം “കാൻസർ വാർഡിലെ ചിരി”യും അവതരിപ്പിക്കുന്നു. പുതിയ ലോകത്ത് രോഗികളുടെ വാക്കുകൾ എങ്ങിനെ പെരുമാറ്റച്ചട്ടങ്ങളായി മാറുന്നു എന്നും നമ്മെ ഓർമ്മിക്കുന്നു.  ഒരു പക്ഷെ മായാതെ നിൽക്കുന്ന ഇൻസെന്റ് അടയാളവും ഇതു തന്നെയായിരിക്കാം. അർബുദ രോഗിക്ക് സ്വയം ചിരിക്കാനും മറ്റുള്ളവരെ ചിരിപ്പിക്കാനും കഴിയുമോ എന്ന സംശയത്തിനുള്ള മറുപടി കൂടിയാണ്  ഇന്നസെന്റ്. അത് നമുക്ക് പരിചിതമല്ലാത്ത അക്ഷരമാലയും പാഠക്രമവുമാണ്.

INDEPENDENT,
IN-DEPTH JOURNALISM
FOR SOCIAL &
ECOLOGICAL
JUSTICE

keraleeyam-logo

Support Keraleeyam

Choose Your Preference

₹1000/Year

₹2000/2 Years

₹500/Year(Students)

One TimeAny Amount

Also Read