രാഷ്ട്രീയ തടവുകാരും ശിക്ഷാനിയമങ്ങളിലെ ജാതീയ അടിത്തറയും

Support Keraleeya

Help us in our pursuit for high-quality journalism!

Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.

Support Keraleeyam Choose your preference

₹1000/Year

₹2000/2 Years

₹500Students/Year

A contribution of any size

ONE TIME
right-bg

ഭീമ കൊറേഗാവിൽ 1818ല്‍ നടന്ന ആംഗ്ലോ-മറാത്ത യുദ്ധത്തിന്റെ ഇരുന്നൂറാം വാര്‍ഷികത്തില്‍ ‘എള്‍ഗാര്‍ പരിഷദ്’ എന്ന പരിപാടി സംഘടിപ്പിച്ചു എന്നാരോപിച്ച് മഹാരാഷ്ട്ര പൊലീസ് അറസ്റ്റ് ചെയ്ത 16 പേരില്‍ ഒരാളാണ് ഡല്‍ഹി യൂണിവേഴ്‌സിറ്റി പ്രൊഫസറും മലയാളിയുമായ ഹനി ബാബു. 2020 ജൂലായ് 28ന് ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ) അറസ്റ്റ് ചെയ്ത ഹനി ബാബു ഇപ്പോഴും ജയിലിലാണ്. പേഷ്വാ രാജവംശത്തിനെതിരെ ബ്രിട്ടീഷ് സൈന്യത്തിന്റെ ഭാഗമായി പോരാടിയ ദലിത് വിഭാഗത്തിലെ സൈനികരുടെ മെമ്മോറിയല്‍ ആയ വിജയസ്തംഭത്തിന് സമീപത്താണ് എല്ലാ വർഷവും ഭീമ കൊറേഗാവ് വിജയാഘോഷം നത്തുന്നത്. വിജയാഘോഷത്തിനായി 2018 ജനുവരി 1ന് ശനിവാര്‍ വാഡയിലേക്ക് എത്തിയ ദലിതര്‍ക്ക് നേരെ ആര്‍.എസ്.എസ് നേതാക്കളായ മിലിന്ദ് ഏക്‌ബോടെ, സംഭാജി ഭിഡെ എന്നിവരുടെ നേതൃത്വത്തില്‍ നടന്ന അതിക്രമങ്ങള്‍ സംഘടിതമാണ് എന്നതിന് ദൃക്‌സാക്ഷികളുണ്ട്. എന്നിട്ടും ഈ അക്രമ സംഭവം ദലിതരും സവര്‍ണരും തമ്മിലുള്ള ജാതിസംഘര്‍ഷമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. തുഷാര്‍ ദംഗുഡെയുടെ പരാതിയില്‍ 2018 ജനുവരി 8ന് രജിസ്റ്റര്‍ ചെയ്ത എഫ്‌.ഐ.ആറിൽ ഐ.പി.സി 153A, 505 (1) (b), 117 എന്നീ വകുപ്പുകളാണ് ചേര്‍ത്തിരിക്കുന്നത്. സാംസ്‌കാരിക സംഘടനയായ കബീര്‍ കലാമഞ്ചിലെ ആറ് അംഗങ്ങള്‍ക്കെതിരെയാണ് ഈ എഫ്‌.ഐ.ആര്‍. മാധ്യമപ്രവര്‍ത്തകനും കവിയുമായ സുധീര്‍ ധവാലെ, സാഗര്‍ ഗോര്‍ഖേ, ഹര്‍ഷാലി പോട്ദാര്‍, രമേഷ് ഗെയ്‌ചോര്‍, ദീപക് ധെങ്‌ലെ, ജ്യോതി ജഗ്തപ് എന്നിവരുടെ പേരുകള്‍ ഉൾപ്പെടുത്തിയ എഫ്.ഐ.ആറിനെ തുടർന്നാണ് പൊലീസ് നടപടികള്‍ വ്യാപകമാകുന്നത്. തുടർന്ന് എള്‍ഗാര്‍ പരിഷദിന് നേതൃത്വം നല്‍കി, സാമുദായിക സംഘര്‍ഷം ഉണ്ടാക്കി, പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വധശ്രമം ആസൂത്രണം ചെയ്തു തുടങ്ങിയ കുറ്റങ്ങള്‍ ആരോപിച്ച് രാജ്യത്തിന്റെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി എഴുത്തുകാരും സാമൂഹ്യപ്രവർത്തകരും അധ്യാപകരുമായ 16 പേരെ അറസ്റ്റ് ചെയ്തു. അതേസമയം, മുസ്ലിംങ്ങള്‍ക്ക് എതിരെ വര്‍ഗീയ കലാപമുണ്ടാക്കാന്‍ വിദ്വേഷപ്രസംഗം നടത്തിയതിന് നിരവധി കേസുകളില്‍ പ്രതിയായ മിലിന്ദ് ഏക്‌ബോടെ അറസ്റ്റ് ചെയ്യപ്പെട്ട് ജാമ്യം നേടി പുറത്തിറങ്ങി. സംഭാജി ഭിഡെ ഇതുവര അറസ്റ്റ് ചെയ്യപ്പെട്ടിട്ടുമില്ല.

മഹാരാഷ്ട്രയിലെ നിരവധി അംബേദ്കറൈറ്റ്, ഇടതുപക്ഷ സംഘടനകളുടെ നേതൃത്വത്തില്‍ 2017 ഡിസംബര്‍ 31ന് നടന്ന എള്‍ഗാര്‍ പരിഷദില്‍ രോഹിത് വെമുലയുടെ അമ്മ രാധിക വെമുല, ഭരിപ ബഹുജന്‍ മഹാസംഘ സ്ഥാപകനേതാവ് പ്രകാശ് അംബേദ്കര്‍, ജെ.എന്‍.യു വിദ്യാര്‍ത്ഥി നേതാവ് ഉമര്‍ഖാലിദ്, ഗുജറാത്ത് വദ്ഗാം എം.എല്‍.എ ജിഗ്‌നേഷ് മേവാനി തുടങ്ങിയവര്‍ പങ്കെടുത്തിരുന്നു. മുന്‍ ബോംബെ ഹൈകോടതി ജഡ്ജ് കോല്‍സെ പാട്ടീല്‍ എള്‍ഗാര്‍ പരിഷദിന്റെ സംഘാടകരില്‍ ഒരാളായിരുന്നു. കബീര്‍ കലാമഞ്ചിലെ ജ്യോതി ജഗ്തപ്, രമേഷ് ഗെയ്‌ചോര്‍, സാഗര്‍ ഗോര്‍ഖെ എന്നിവരെയാണ് എൻ.ഐ.എ കേസില്‍ ഏറ്റവും ഒടുവില്‍ അറസ്റ്റ് ചെയ്തത്.

കേരളീയത്തിന് നല്‍കിയ അഭിമുഖത്തില്‍ ഇന്ത്യന്‍ ജയില്‍ സംവിധാനത്തിന്റെയും ശിക്ഷാനിയമങ്ങളുടെയും ജാതീയമായ അടിത്തറയെക്കുറിച്ചും പൗരസമൂഹത്തിലെ സവര്‍ണാധിപത്യത്തെക്കുറിച്ചും സംസാരിക്കുകയാണ് ജയിലിൽ കഴിയുന്ന ഹനി ബാബുവിന്റെ ഭാര്യയും സഹപ്രവര്‍ത്തകയും ഡല്‍ഹി യൂണിവേഴ്‌സിറ്റി അധ്യാപികയുമായ ജെന്നി റൊവീന.

യു.എ.പി.എ കേസുകളില്‍ തടവില്‍ കഴിയുന്നവരെക്കുറിച്ചുള്ള ഒരു ക്ലബ്ഹൗസ് ചര്‍ച്ചയില്‍ ‘രാഷ്ട്രീയ തടവുകാര്‍’ എന്ന പ്രയോഗത്തെക്കുറിച്ച് താങ്കള്‍ ചില നിരീക്ഷണങ്ങള്‍ പങ്കുവെച്ചിരുന്നു, ഇന്ത്യയിലെ ജയിലുകളില്‍ തടവില്‍ കഴിയുന്നവരില്‍ വലിയ ശതമാനം പേരെ കുറിച്ച്. ഇതേപ്പറ്റി വിശദമാക്കാമോ?

‘പൊളിറ്റിക്കല്‍ പ്രിസണര്‍’ എന്നൊന്നുണ്ട്, അത് ഇല്ല എന്നു പറയാന്‍ കഴിയില്ല. ഇവരെ അറസ്റ്റ് ചെയ്യുന്നത് ഇവരുടെ അഭിപ്രായങ്ങളുടെയും ചെയ്ത ആക്റ്റിവിസത്തിന്റെയും പേരില്‍ ആണല്ലോ. പക്ഷേ നേരിട്ട് സർക്കാരിന് പറയാന്‍ കഴിയില്ല, ‘നിങ്ങള്‍ ആദിവാസികളെ ഓര്‍ഗനൈസ് ചെയ്യാന്‍ സഹായിച്ചു എന്നുള്ളത് കൊണ്ട് നിങ്ങളെ ജയിലില്‍ അടക്കുകയാണ്’ എന്ന്. ആനന്ദ് തെല്‍തുംദെയുടെ കാര്യത്തിലാകുമ്പോള്‍ ആശയങ്ങളുടെ പേരിലും ബാബുവിന്റെ കാര്യത്തില്‍ യൂണിവേഴ്‌സിറ്റിയില്‍ ചെയ്ത വര്‍ക്കിന്റെ പേരിലും, ജി.എന്‍ സായിബാബക്കെതിരെ നടന്ന കടുത്ത മനുഷ്യാവകാശ ലംഘനങ്ങളെ എതിർത്തതിന്റെ പേരിലും ഒക്കെയാണ് അറസ്റ്റ് ഉണ്ടായത്. യു.എ.പി.എയെ കുറിച്ച് ഞങ്ങളുടെ വക്കീല്‍ പറയുന്നൊരു കാര്യമുണ്ട്, യു.എ.പി.എ ചുമത്തുന്നത് തെളിവില്ലാത്തതുകൊണ്ടാണ്, എന്തെങ്കിലും തെളിവുണ്ടായിരുന്നെങ്കില്‍ അത് കാണിച്ച് പൊലീസിന് ക്രിമിനല്‍ കേസ് ചുമത്താം. അതിന് കഴിയാത്ത സമയത്ത് ഇവരെ വളരെ കാലം ജയിലില്‍ അടച്ചിടാന്‍ ഇവിടെ യു.എ.പി.എയുടെ പ്രൊവിഷന്‍സ് ആണ് ഉപയോഗിക്കുന്നത്. കാരണം, യു.എ.പി.എയില്‍ പ്രഥമദൃഷ്ട്യാ ഉള്ള തെളിവുകള്‍ മതി ഒരാളെ വര്‍ഷങ്ങളോളം ജയിലിലടയ്ക്കാന്‍. സുപ്രീംകോടതിയുടെ വതാലി ജഡ്ജ്‌മെന്റില്‍, കോടതി അതിനെ കര്‍ശനമായി വായിച്ചു വ്യാഖ്യാനിച്ച രീതികളാണ് യു.എ.പി.എയെ ഇങ്ങനെ ഇത്രയും പ്രശ്‌നകരമായ നിയമമാക്കുന്നത്. കാരണം ഇതില്‍, കോടതിക്ക് പൊലീസ് ഡയറി കണ്ടാല്‍ മതി, അന്വേഷിച്ചു പോകേണ്ട കാര്യമില്ല. (വതാലി ജഡ്ജ്‌മെന്റ് അനുസരിച്ച് യു.എ.പി.എ കേസില്‍ ജാമ്യ ഹര്‍ജി പരിഗണിക്കുമ്പോള്‍ പ്രോസിക്യൂഷന്‍ ശേഖരിച്ച തെളിവുകള്‍ മതിയാവോളം ഉണ്ടോ എന്ന് കോടതി അന്വേഷിക്കേണ്ടതില്ല, അതിനാല്‍ വിചാരണ അവസാനിക്കുന്നത് വരെ കുറ്റാരോപിതര്‍ തടവില്‍ കഴിയേണ്ടിവരുന്നു).

ജെന്നി റൊവീന

ഡല്‍ഹി വംശഹത്യ ഗൂഢാലോചന കേസില്‍ അകപ്പെട്ട വിദ്യാര്‍ത്ഥികളുടെയും ആക്റ്റിവിസ്റ്റുകളുടെയും കാര്യത്തില്‍ നടക്കുന്നത് കണ്ടില്ലേ? ഇപ്പോള്‍ ഉമര്‍ ഖാലിദിന്റെ കേസ് നടന്നുകൊണ്ടിരിക്കുന്ന രീതി ശ്രദ്ധിക്കുക. ഇതിലെല്ലാം എത്ര ലാഘവത്തോടെയാണ് പ്രതിഷേധിക്കുന്നവര്‍ക്കെതിരെ യു.എ.പി.എ ഉപയോഗിക്കുന്നത് എന്ന് വളരെ കൃത്യമായി മനസ്സിലാക്കാം. ബാബുവിന്റെ കേസിലെ ഒരു എക്‌സാംപിള്‍ ഞാന്‍ പറയാം. ബാബുവിന് റോണ വില്‍സണ്‍ ഒരു ഇമെയില്‍ ഫോര്‍വേഡ് ചെയ്തു. റോണ വില്‍സണ് ആരോ ഫോര്‍വേഡ് ചെയ്ത ഒരു മെയ്ല്‍ ആണ് അത്. സ്വയം എഴുതിയതല്ല. കേരളത്തിലെ ഒരു പഴയ നക്‌സല്‍ നേതാവ് ഇപ്പോള്‍ വളരെ മോശം സ്ഥിതിയിലാണ്, അയാളെ നിങ്ങള്‍ പൈസ കൊടുത്ത് സഹായിക്കണം എന്ന് പറയുന്നൊരു ഫോര്‍വേഡ്. ബാബു അത് റിസീവ് ചെയ്തു. ബാബു അതിന് മറുപടിയും എഴുതിയിട്ടില്ല. അതാര്‍ക്കും ഫോര്‍വേഡും ചെയ്തില്ല. പക്ഷേ ഈ എവിഡൻസ് വെച്ച് ചാർജ്ഷീറ്റിൽ പറയുന്നത് ബാബുവും റോണയും ചേർന്ന് കേരളത്തിലെ ഒരു നക്‌സലൈറ്റിന് വേണ്ടി ഫണ്ട് പിരിച്ചു എന്നാണ്. വിചാരണ സമയത്ത് ഇത് കാണുന്ന ജഡ്ജ് ചിരിക്കുമായിരിക്കും. അതുപോലെ വേറെയുമുണ്ട്, മറാഠി അറിയാത്ത സുധ ഭരദ്വാജ് എഴുതുന്ന കത്തില്‍ മറാഠി വാക്കുകള്‍, ഭീമ കൊറെഗാവ് ആഘോഷങ്ങളെ തള്ളിപ്പറഞ്ഞ തെല്‍തുംദെ ഓര്‍ഗനൈസ് ചെയ്യുന്നു എന്ന് പറയുന്നത് അങ്ങനെ പലതും. ഇതൊന്നും ട്രയലില്‍ വന്നാല്‍ നിലനില്‍ക്കില്ല. പക്ഷേ ട്രയല്‍ നടക്കുന്നതുവരെ പൊലീസ് പറയുന്നത് മാത്രം കേട്ട് ഇവര്‍ക്കെതിരെ പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന പേരില്‍ ഇവരെ എത്ര കാലം വേണമെങ്കിലും ജയിലിലിടാം.

അതുപോലെ, പ്രിസണ്‍ സിസ്റ്റത്തിന്റെ ഉള്ളിലേക്ക് പോയാല്‍ മനസ്സിലാകുന്നത് അതിനകത്ത് എഴുപതു ശതമാനവും വിചാരണ തടവുകാരാണ് എന്നാണ്. പലരും ചെറിയ ചെറിയ കാര്യങ്ങള്‍ കൊണ്ട് തടവില്‍ കഴിയുന്നവരാണ്, വക്കീൽ ഇല്ലാത്തതുകൊണ്ട് ഒക്കെ. ദലിത്, ബഹുജന്‍, മുസ്ലിങ്ങളായ വളരെ താഴ്ന്ന ഇടങ്ങളില്‍ നിന്നുള്ള ആള്‍ക്കാരാണ് കൂടുതലും ജയിലുകളില്‍ ഉള്ളത്. ഒരുപാടാളുകള്‍ തെറ്റുചെയ്യുമ്പോള്‍ ചില കമ്മ്യൂണിറ്റികളില്‍ നിന്നുള്ള, അരികുവല്‍ക്കരിക്കപ്പെട്ട, കീഴാള സമുദായങ്ങളില്‍ നിന്നുള്ള ആള്‍ക്കാര്‍ മാത്രം ജയിലില്‍ അടയ്ക്കപ്പെടുകയാണെങ്കില്‍ പ്രിസണ്‍ സിസ്റ്റത്തിന്റെ തന്നെ വലിയ കുഴപ്പമല്ലേ അത്? അങ്ങനെ നോക്കുമ്പോള്‍ എല്ലാ പ്രിസണര്‍മാരും പൊളിറ്റിക്കല്‍ പ്രിസണര്‍മാരാണ്. അവരവിടെ കിടക്കുന്നതിൽ ഒരു രാഷ്ട്രീയം കൂടിയുണ്ട്. അവര്‍ തെറ്റ് ചെയ്തിട്ടുണ്ടാവാം. പക്ഷെ അത് ചിലപ്പോള്‍ അവരുടെ സാമൂഹിക-സാമ്പത്തിക ഘടനകളുടെ, മറ്റൊരു വലിയ തെറ്റിന്റെ അനന്തരഫലമായിട്ടായിരിക്കാം. അതു മാത്രമല്ല അവരെക്കാളും വലിയ കുറ്റം ചെയ്ത എത്രയോപേര്‍ പുറത്തുകഴിയുന്നുണ്ടാകാം. അവര്‍ നമ്മളെ ഭരിക്കുന്നുപോലുമില്ലേ ഇന്ന്.

ഭീമ കൊറേഗാവ് എള്‍ഗാര്‍ പരിഷദ് കേസിലെ കുറ്റാരോപിതര്‍ ഏകാന്ത തടവ് നേരിടും എന്ന സൂചനയാണോ ഗൗതം നവലാഖയെ അണ്ഡ സെല്ലിലേക്ക് മാറ്റിയത്?

അണ്ഡ സെല്‍ ഏകാന്ത തടവല്ല, അതിസുരക്ഷയ്ക്കുള്ള സംവിധാനമാണ്. ജയിലിനുള്ളിലെ ജയില്‍. വേര്‍ണന്‍ ഗൊണ്‍സാല്‍വസ്, സുരേന്ദ്ര ഗാഡ്‌ലിങ്, രമേഷ്, സാഗര്‍ ഈ നാലുപേരെയാണ് ആദ്യം അണ്ഡാ സെല്ലിലേക്ക് മാറ്റിയത്. ഒക്ടോബര്‍ തുടക്കത്തില്‍ തന്നെ ഇവരെ മാറ്റിയിരുന്നു. ബാബു ഫോണ്‍ ചെയ്തപ്പോള്‍ ഇക്കാര്യം പറഞ്ഞിരുന്നു. പിന്നെയാണ് ഗൗതമിനെ മാറ്റിയത്. ഈ നാലുപേരെ മാറ്റിയപ്പോള്‍ ആരും പ്രതികരിക്കുകയോ എഴുതുകയോ ഉണ്ടായില്ല. ഗൗതമിനെ മാറ്റിയപ്പോള്‍ അദ്ദേഹത്തിന്റെ ഭാര്യ പുറത്തുവിട്ട പ്രസ് സ്റ്റേറ്റ്‌മെന്റില്‍ ഇക്കാര്യം പറയുന്നുണ്ട്. പക്ഷേ ഗൗതമിന്റെ കേസ് ആണ് ഹൈലൈറ്റഡ് ആയത്. മറ്റുള്ളവരെയും ഇനി മാറ്റുമോ എന്നറിയില്ല. പ്രിസണ്‍ വാര്‍ഡന്‍ മാറിയിട്ടുണ്ട്, അതോടുകൂടിയാണ് ഈ മാറ്റം ഉണ്ടായത്.

2020 മാര്‍ച്ചില്‍, പ്രൊഫ. ജി.എന്‍ സായിബാബക്ക് എന്‍.സി.എച്ച്.ആര്‍.ഒയുടെ മുകുന്ദന്‍. സി മേനോന്‍ അവാര്‍ഡ് നല്‍കുന്ന ചടങ്ങില്‍ ഹനി ബാബു സംസാരിക്കുന്നത് കേട്ടിരുന്നു. യൂണിവേഴ്‌സിറ്റി കാലത്ത് നിരവധി സംവരണ വിരുദ്ധ നിയമങ്ങള്‍ക്കെതിരെ സായിബാബക്കൊപ്പം പ്രവര്‍ത്തിച്ച കാര്യം അദ്ദേഹം പറഞ്ഞിരുന്നു. ഈ കാലത്തെ ഹനി ബാബുവിന്റെ പ്രവര്‍ത്തനങ്ങളെ പറ്റി പറയാമോ?

ഞങ്ങള്‍ യൂണിവേഴ്‌സിറ്റിയില്‍ വന്ന സമയത്ത് ഒ.ബി.സി മൊബിലൈസേഷന്‍ ഉണ്ടായിരുന്നില്ല. ഒ.ബി.സി ഐഡന്റിറ്റിയില്‍ നിന്ന് അവരുടെ പ്രശ്‌നങ്ങള്‍ക്ക് വേണ്ടിയുള്ള സംഘടനകളൊക്കെ ബാബുവും മറ്റ് ഒ.ബി.സി അധ്യാപകരും ചേര്‍ന്നാണ് രൂപീകരിച്ചത്. സംവരണം ശരിക്ക് നടപ്പാക്കിയിരുന്നില്ല. ജെ.എന്‍.യുവിലും അങ്ങനെ ആയിരുന്നു. മണ്ഡല്‍ കമ്മീഷന് ശേഷവും അവര്‍ 10 ശതമാനം ഇളവ് മാത്രമേ കൊടുത്തിരുന്നുള്ളൂ. ഇവരുടെ കട്ട് ഓഫ് ഉയര്‍ന്നത് ആയതുകൊണ്ട് ഒ.ബി.സികള്‍ക്ക് ഈ 10 ശതമാനം കൊണ്ട് ഒരു കാര്യവും ഉണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ അപ്പോഴൊന്നും ഒ.ബി.സി സീറ്റുകൾ ഫില്‍ ആകാതെ ഇങ്ങനെ കിടക്കും.

ഡല്‍ഹി യൂണിവേഴ്‌സിറ്റി നിയമവിരുദ്ധമായി ഒ.ബി.സി സീറ്റുകള്‍ ജനറലിലേക്ക് മാറ്റും. അതേസമയം ഓരോ കോളേജും ഒ.ബി.സി റിസര്‍വേഷന്റെ പേരില്‍ എത്രയോ കോടികള്‍ യു.ജി.സിയില്‍ നിന്ന് വാങ്ങിവെക്കും. ബാബു എല്ലാ കോളേജുകളിലും എത്ര പൈസ കിട്ടി എന്നുള്ളത് ആര്‍.ടി.ഐ വെച്ച് മനസ്സിലാക്കി. അവിടെയെല്ലാം എത്ര ഒ.ബി.സി സീറ്റ് ഫില്‍ ചെയ്തിട്ടുണ്ട് എന്നും മനസ്സിലാക്കി. 33 കോളേജുകളില്‍നിന്ന് പ്രതികരണങ്ങള്‍ കിട്ടി. ഒരു കൊല്ലത്തോളം എടുത്തു ഇതു ചെയ്യാന്‍. ഈ പഠനമാണ് ആദ്യമായി യൂണിവേഴ്‌സിറ്റിയില്‍ ഒ.ബി.സി സീറ്റുകള്‍ ഫില്‍ ചെയ്യുന്നതും അത് ജനറല്‍ ആക്കുന്നതും അതേസമയം ഒ.ബി.സിയുടെ പേരില്‍ കൊളേജുകള്‍ ഫണ്ട് വാങ്ങുന്നതുമെല്ലാം പുറത്തുകൊണ്ടുവന്നത്. ഈ പഠനത്തെ ആസ്പദമാക്കി ഫോര്‍വേഡ് പ്രസില്‍ റിപ്പോര്‍ട്ട് വന്നപ്പോഴും ഇത് പാര്‍ലമെന്റേറിയന്‍സിന്റെ കയ്യില്‍ കൊടുത്തപ്പോഴും ഇവരുടെ ഫോറമായ അക്കാദമിക് ഫോറം ഫോര്‍ സോഷ്യല്‍ ജസ്റ്റിസ് ആണ് അത് ചെയ്തത്. ഇത് ശരിക്കുമൊരു ലൂട്ട് പോലെ അല്ലേ? ഒ.ബി.സി വരുന്നു എന്നു പറഞ്ഞ് ഇവര്‍ 10 ശതമാനം സീറ്റ് കൂട്ടി. കോടികളുടെ ഫണ്ട് വാങ്ങി. പക്ഷേ ഇതുകൊണ്ട് ഒ.ബി.സികള്‍ക്ക് യാതൊരു ഗുണവുമില്ല. ഫണ്ടും പോയി, സീറ്റുമില്ല. ഇതാണ് ബാബുവും കൂട്ടരും പുറത്തുകൊണ്ടുവന്നത്. ഇതിന് ശേഷമാണ് ജെ.എന്‍.യുവില്‍ നിന്നും ചോദ്യങ്ങള്‍ വന്നത്. ബാബു ഈ കാര്യത്തില്‍ കേസ് കൊടുക്കുകയും ചെയ്തിരുന്നു. ജെ.എന്‍.യുവിലെ കുട്ടികളും കേസ് കൊടുത്തു. ജെ.എന്‍.യുവിലെ കേസാണ് ജയിച്ചത്. സുപ്രീംകോടതി പറഞ്ഞു, ഇത് വളരെ തെറ്റാണ്, 27 ശതമാനം അവര്‍ക്ക് കൊടുക്കണം എന്ന്. അങ്ങനെയാണ് ഇന്ന് കട്ട് ഓഫ് ലിസ്റ്റ് താഴ്ന്ന് താഴ്ന്ന് പത്താമത്തെ കട്ട് ഓഫ് വരെ എത്തുന്നത്.

എസ്.സി, എസ്.ടി സീറ്റുകള്‍ ഫില്‍ ആവുമ്പോഴും പലപ്പോഴും ഒ.ബി.സി സീറ്റ്‌സ് ഫില്‍ ആവില്ല. ജാട് റിസര്‍വേഷന്‍ സമയത്ത് കുറച്ചൊക്കെ ഫില്‍ ആയിരുന്നു. അത് താഴ്ന്ന് പോകണമെന്നും ജനറലിലേക്ക് മാറ്റരുതെന്നും, ഒ.ബി.സികള്‍ക്ക് ജനറലിലും ചേരാം എന്നുമെല്ലാം ഓരോ കാര്യത്തിനും ഈ അധ്യാപകര്‍ പ്രതികരിച്ചതുകൊണ്ട് ഇന്ന് ഡല്‍ഹി യൂണിവേഴ്‌സിറ്റിയിലെ സാഹചര്യം കുറച്ചുകൂടി ഭേദമാണ്. എന്നാലും ടീച്ചേഴ്‌സ് ഒക്കെ വിവേചനം കാണിക്കും. ഒരു ഹോട്‌ലൈന്‍ പോലെ ആയിരുന്നു ബാബുവും മറ്റ് അധ്യാപകരും പ്രവര്‍ത്തിച്ചിരുന്നത്. എവിടെ ഒരു പ്രശ്‌നമുണ്ടായാലും ഈ ടീച്ചേഴ്‌സിനെ വിളിക്കും. പുതിയ തലമുറയിലെ അധ്യാപകര്‍ എത്രത്തോളം ഇങ്ങനെയുള്ള കാര്യങ്ങളില്‍ ഇടപെടുമെന്ന് അറിയില്ല. പക്ഷേ അവര്‍ റോസ്റ്റര്‍ സിസ്റ്റത്തിലൊക്കെ നന്നായി ഇടപെട്ടിട്ടുണ്ട്. ഇതാണ് ആദ്യകാലത്ത് നടന്നത്. അന്ന് റിസര്‍വേഷനേ നടക്കുന്നുണ്ടായിരുന്നില്ല, അപ്പോള്‍ അത് നടത്തി എന്നുള്ളതാണ്. എനിക്കു തോന്നുന്നു അന്നുതന്നെ ബാബു നോട്ടഡ് ആയിട്ടുണ്ടാവും. പ്രൊഫസര്‍ സായിബാബയുടെ പ്രശ്‌നത്തില്‍ എല്ലാവരും, ഇവിടത്തെ സോകോള്‍ഡ് പ്രൊഗ്രസീവ് ആയ എല്ലാവരും നിന്നിരുന്നു. അവരില്‍ വളരെ ഓപ്പണ്‍ ആയി മാവോയിസ്റ്റ് പൊസിഷന്‍സ് ഉള്ളവരും ഉണ്ട്. ആശയപരമായി അതിനെ പിന്തുണക്കുന്നവരും റാഡിക്കല്‍ ലെഫ്റ്റ് പൊസിഷന്‍സ് ഉള്ളവരും. അങ്ങനെയുള്ള ഒരാളേയല്ല ബാബു. ബാബുവിന്റേത് ബഹുജന്‍ മൈനോറിറ്റി രാഷ്ട്രീയമായിരുന്നു. പക്ഷേ ദലിത് ബഹുജന്‍ രാഷ്ട്രീയം മുസ്ലിം പ്രശ്‌നങ്ങള്‍ കാണുന്നില്ല എന്നതുകൊണ്ടുതന്നെ ബാബുവിന് ഈ രാഷ്ട്രീയത്തിലും ഒരു മുസ്ലിം എന്ന നിലയില്‍ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. പക്ഷേ ഹനി ബാബു സായിബാബയുടെ കൂടെ നിന്നത് ഒരു സുഹൃത്ത്, അയല്‍ക്കാരന്‍, സൗത്ത് ഇന്ത്യന്‍, ഒ.ബി.സി എന്നുള്ള വളരെ വ്യക്തിപരമായ ഒരു തലത്തിലാണ്. ആത്മാര്‍ത്ഥതയോടുകൂടി ബാബു നിന്നു. ഞാന്‍ പറഞ്ഞില്ലേ, ഈ സമൂഹത്തില്‍ പലരും തെറ്റ് ചെയ്യും, പക്ഷേ ചിലരെ മാത്രം പിടിക്കും. അതുതന്നെയാണ് ഇവിടെയും ഉണ്ടായത്. പലരും സായിബാബയുടെ കൂടെ നിന്നു, അവസാനം പിടിച്ചതൊരു ഒ.ബി.സി മുസ്ലിമിനെ. ഇതൊക്കെ പറയുന്ന ഒരു മുസ്ലിം ഇങ്ങനെ നില്‍ക്കുന്നതുകൊണ്ട് ബാബു അകപ്പെട്ടതാണ്.

നിലവില്‍ കേസിന്റെ അവസ്ഥ എന്താണ്?

കീഴ്‌ക്കോടതിയില്‍ ജാമ്യാപേക്ഷ നല്‍കിയിട്ടുണ്ട്. അതിന്റെ ഹിയറിങ് നടന്നുകൊണ്ടിരിക്കുകയാണ്. എന്‍.ഐ.എ എവിടെയും തൊടാത്ത ഒരു മറുപടിയാണ് കോടതിയില്‍ കൊടുത്തിട്ടുള്ളത്. അതുപോലെ ബാബുവിന്റെ ലാപ്‌ടോപിന്റെ ക്ലോണ്‍ ഇതുവരെ കിട്ടിയിട്ടില്ല. റോണ വില്‍സണ്‍ന്റെ കാര്യത്തില്‍ ആഴ്‌സണല്‍ റിപ്പോര്‍ട്ട് തെളിയിച്ചതുപോലെ ബാബുവിന്റെ കംപ്യൂട്ടറിലും പുറമെ നിന്നുള്ള മെറ്റീരിയല്‍ മാല്‍വെയര്‍ ഉപയോഗിച്ച് ഇട്ടതാണോ എന്നത് നമുക്ക് കാണിക്കാന്‍ കഴിഞ്ഞിട്ടില്ല. പക്ഷേ പെഗാസസ് ഫോണ്‍ ലീകില്‍ ബാബുവിന്റെ നമ്പറും ഉണ്ടായിരുന്നു. ഇതൊക്കെ പുറത്തുവരാന്‍ സമയമെടുക്കും. ഒരു കേന്ദ്ര ഏജന്‍സി എന്ന നിലയിലുള്ള ഇടപാടുകളാണ് എന്‍.ഐ.എയുടേത്. അവര്‍ക്ക് എന്തും ചെയ്യാം. അവരെ ചോദ്യംചെയ്യാന്‍ ഇവിടെ ആരും ഇല്ലല്ലോ. പക്ഷേ ഇത് അവരുടെ പ്രശ്‌നമല്ല. നമ്മുടെ ജുഡീഷ്യറിയുടെ തന്നെ പ്രശ്‌നമാണ്. നിലവിലുള്ള നിയമങ്ങള്‍ ഉപയോഗിച്ചാണ് അവര്‍ ഈ എക്‌സസുകളൊക്കെ കാട്ടിക്കൂട്ടുന്നത്. നിയമങ്ങളൊക്കെ ഇങ്ങനെയുള്ളപ്പോള്‍ അവര്‍ക്ക് എന്തും ചെയ്യാം. ഈ നിയമങ്ങളിലൂടെ വന്ന ജഡ്ജ്‌മെന്റ്‌സ് നോക്കൂ. എങ്ങനെയാണ് ഇങ്ങനെയുളള ജഡ്ജ്‌മെന്റ്‌സ് തരുന്നത്? ഏതെങ്കിലും ഒരു സ്ഥലത്ത് ഉണ്ടാകുമോ, ഒരു കാര്യവുമില്ലാതെ പൊലീസ് ഡയറിയിൽ പറയുന്ന കാര്യങ്ങൾ വച്ച് വര്‍ഷങ്ങളോളം പിടിച്ചിടാന്‍ കഴിയുന്ന നിയമം.

ത്രിപുരയില്‍ നൂറുപേര്‍ക്കെതിരെ യു.എ.പി.എ ചുമത്തി. യു.എ.പി.എ എങ്ങനെയൊക്കെയാണ് ഇവര്‍ ഉപയോഗിക്കുന്നത്? യു.എ.പി.എയിലൂടെയും കുറേ മുസ്ലിങ്ങളെയാണ് എപ്പോഴും പിടിക്കുന്നത്. അതുപോലെ റെസിസ്റ്റ് ചെയ്യുന്ന 27,000ത്തോളം ആദിവാസികളെ മാവോയിസ്റ്റ് മുദ്രകുത്തി ജയിലിലടയ്ക്കുകയാണ് യു.എ.പി.എ പോലുള്ള നിയമങ്ങളിലൂടെ. അവരെപ്പറ്റി സംസാരിച്ച ഒരാള്‍ ആണ് സ്റ്റാന്‍ സ്വാമി. അവസാനം അവരും ജയിലിൽ പാർപ്പിച്ച്, അവിടെ വച്ച് ഇന്‍സ്റ്റിറ്റ്യൂഷണല്‍ മര്‍ഡര്‍ ചെയ്യപ്പെട്ടു. അതും ശരിക്കും ആലോചിക്കേണ്ട കാര്യമാണ്. സെഡിഷനെ കുറിച്ചൊക്കെ റിട്ടയര്‍ ചെയ്ത ജഡ്ജിമാര്‍ സംസാരിക്കുന്നുണ്ട്. യു.എ.പി.എയെ കുറിച്ചല്ലേ പറയേണ്ടത്? പല ഇന്റര്‍നാഷണല്‍ ഹ്യൂമന്‍ റൈറ്റ്‌സ് ട്രീറ്റികള്‍ നോക്കിയാല്‍ ഇങ്ങനെയൊരു നിയമം നിലനില്‍ക്കാന്‍ പാടില്ല എന്ന് കാണാം. ഒരു ലിബറല്‍ രീതിയില്‍ ആലോചിച്ചാല്‍ തന്നെ ഒരു ഡെമോക്രാറ്റിക് കണ്‍ട്രി ഇങ്ങനെ ചെയ്യാന്‍ പാടില്ല.

ഹനി ബാബു

അടുത്ത ചോദ്യമായി നില്‍ക്കുന്നത് അതാണ്. നിലവില്‍ യു.എ.പി.എ നിയമത്തെക്കുറിച്ച് അവബോധമുണ്ടാകുന്ന രീതിയില്‍ ചിന്തിക്കുന്നതുപോലെ കാണുന്നുണ്ട്. ഉപയോഗത്തിന്റെ തുടക്കകാലം മുതല്‍ക്ക് തന്നെ ഈ നിയമത്തിനെതിരെ പ്രതിഷേധങ്ങള്‍ അതിശക്തമായി ഉണ്ടാവാത്തത് എന്തുകൊണ്ടാണ് എന്നാണ് തോന്നുന്നത്?

എനിക്ക് തോന്നുന്നത് പ്രിസണ്‍ സിസ്റ്റത്തിന്റെ കാര്യം, ഇത്തരം കേസുകൾ വരുമ്പോള്‍ ചെറിയൊരു ഗ്രൂപ്പ് മാത്രമാണ് അതിനെതിരെ പറയുന്നത് എന്നാണ്. അത് ഒരു എലീറ്റ് ലിബറല്‍ ലെഫ്റ്റ് ഗ്രൂപ്പ് ആയിരിക്കും. അത് ശരിക്കും മറ്റുള്ളരിലേക്ക് എത്തുന്നില്ല. ഇതില്‍ വിഷമിക്കുന്നത് മറ്റു വിഭാഗങ്ങളാണ്. 27,000 ആദിവാസികളാണ് മാവോയിസ്റ്റായി മുദ്രകുത്തപ്പെട്ട് ജയിലില്‍ കിടക്കുന്നത്. നമ്മുടെ നാട്ടിലെ ഡിസ്‌കോഴ്‌സിന്റെ തന്നെ ഒരു രീതിയാണ് ഇതൊന്നും പുറത്തുവരുന്നില്ല എന്നത്. സ്റ്റാന്‍ സ്വാമിയുടെ കേസ് തന്നെ എടുക്കൂ. സ്റ്റാന്‍ സ്വാമി നില്‍ക്കുന്നത് ഒരു ally ആയിട്ടാണ്. ഒരു റെസിസ്റ്റന്‍സിന്റെ ഭാഗമായിട്ടാണ് നില്‍ക്കുന്നത്. സ്റ്റാന്‍ സ്വാമിയെ പറ്റി പറയുമ്പോള്‍ പോലും നമ്മളാ റസിസ്റ്റന്‍സിനെ പറ്റി പറയുന്നില്ല. അവരുടെ വോയ്‌സ് വരില്ല. വരികയാണെങ്കില്‍ തന്നെ അത് ഒരു ലെഫ്റ്റ് ലിബറല്‍ ഗ്രൂപ്പിന്റെ മീഡിയത്തിലൂടെയാണ് വരിക.
നമ്മുടെ നാട്ടില്‍ ഭീകരമായ ജാതിവ്യവസ്ഥ നിലനില്‍ക്കുന്നുണ്ട്. അറിവുല്‍പാദനത്തിലും ഡിസ്‌കോഴ്‌സ് ഉണ്ടാക്കുന്നതിലും ആ കാസ്റ്റ് സിസ്റ്റം തന്നെയാണ് നിലനിൽക്കുന്നത് എന്ന് തോന്നുന്നു. പ്രശ്‌നങ്ങളെ ആളുകള്‍ അംഗീകരിക്കുന്ന ഒരു മെയിന്‍സ്ട്രീമിലേക്ക് ഉയര്‍ത്തിക്കൊണ്ടുവരാനുള്ള എല്ലാ രീതികളും പിടിച്ചടക്കിയിരിക്കുന്നത് സവര്‍ണര്‍ ആണ്. അതായത് അവരാണിവിടെ ഡൊമിനന്റ് നോളജ് ഉണ്ടാക്കുന്നത്. അവര്‍ തന്നെ ഇതിനെപ്പറ്റി പറയുകയും അവര്‍ തന്നെ പുസ്തകമെഴുതുകയും അവര്‍ തന്നെ അറിവ് ഉണ്ടാക്കുകയും ചെയ്യും. അതിന് പകരം നമ്മള്‍ക്ക്, ബഹുജനങ്ങള്‍ക്കും സംസാരിക്കാന്‍ പറ്റുന്ന ഒരു മെയ്ന്‍സ്ട്രീം പബ്ലിക് സ്ഫിയര്‍ ഇപ്പോഴും ഇല്ല. ഡിസിഷന്‍ മേക്കിങ്ങ് നമ്മള്‍ക്കില്ല. ജുഡീഷ്യറിയില്‍ ഒന്നും നമുക്ക് പ്രാതിനിധ്യം പോലുമില്ല. ഇപ്പോള്‍ ഈ ചര്‍ച്ചകള്‍ ഒക്കെ ചെറിയൊരു ഗ്രൂപ്പില്‍ നിലനില്‍ക്കുകയാണ്. ഗൗതം നവ്‌ലാഖയൊക്കെ അങ്ങനെയൊരു ഗ്രൂപ്പിലെ ആയിരുന്നു. പി.യു.ഡി.ആര്‍ ഇവിടത്തെ സിവില്‍ ലിബര്‍ട്ടീസിന്റെ ആള്‍ക്കാര്‍ തന്നെ ആയിരുന്നു. അവരെയും ഇപ്പോള്‍ ടാര്‍ഗറ്റ് ചെയ്യുന്നുണ്ട്. അവരും പേടിയിലാണ്. എനിക്ക് തോന്നുന്നു അവര്‍ ചെയ്യുന്നത് നല്ലകാര്യം തന്നെയാണ് എന്ന്. പക്ഷേ ഈ ജാതിവ്യവസ്ഥയുടെ ഉള്ളിലാണ് അവരും നില്‍ക്കുന്നത്.

ഇങ്ങനെയൊരു സാഹചര്യത്തില്‍ പ്രധാനമായ കാര്യങ്ങളൊന്നും പുറത്തുവരില്ലല്ലോ. ഇപ്പോഴത്തെ ഗവണ്മെന്റിന് ഈ ചെറിയ ഗ്രൂപ്പിനെ കാര്യവുമല്ല. അവര്‍ പറയുന്നതിന് മുമ്പ് തന്നെ കേള്‍ക്കാതിരിക്കുന്നപോലെയാണ്. നമ്മുടെ നോളജ് ക്രിയേഷന്‍ വളരെ ജാതീയമാണ്. ബഹുജനങ്ങള്‍ക്ക് പ്രധാനമായ കാര്യങ്ങളൊക്കെ ഓള്‍ട്ടര്‍നേറ്റീവ് സ്ഥലത്താണ് നടക്കുന്നത്. ആ ഓള്‍ട്ടര്‍നേറ്റീവ് സ്ഥലത്തിന് ഒരു അധികാരവുമില്ല. നമുക്ക് ഒരു സ്വന്തം നാഷണല്‍ മീഡിയ ഇപ്പോഴും ഇല്ല എന്ന കാര്യം ആലോചിച്ചു നോക്കൂ. ഇന്റര്‍നെറ്റ് ഉള്ളതുകൊണ്ടല്ലേ, അതുമല്ലെങ്കില്‍ എന്താണ് ഉള്ളത്? അല്ലെങ്കില്‍ എനിക്ക് തോന്നുന്നു സാധാരണക്കാര്‍ക്ക്, സാധാരണക്കാര്‍ എന്ന് ഞാന്‍ പറയുന്നത്, ഈ കഷ്ടപ്പെടുന്ന ആള്‍ക്കാര്‍ക്ക് ഇത് വേഗം മനസ്സിലാകും എന്നാണ്. ഇതൊന്നും ആരും പറഞ്ഞുകൊടുക്കേണ്ട ആവശ്യമില്ല. പക്ഷേ ഇത് എത്രമാത്രം പറയാന്‍ കഴിയുന്നു എന്നതാണ് കാര്യം. അമേരിക്കക്കാര്‍ക്ക് മറ്റുള്ളവരെ പേടിയുള്ളതുപോലെ ഇവിടെ സവര്‍ണര്‍ക്ക് എല്ലാവരെയും പേടിയാണ്. മറ്റുള്ളവര്‍ അവരുടെ ജോലി കൊണ്ടുപോകുന്നു, അവരുടെ സ്‌പേസ് പിടിച്ചെടുക്കുന്നു എന്നൊക്കെ. ഈ പേടിയാണ് അധികാരത്തിന്റെ ഇമോഷണല്‍ ബേസിസ്. ഇതിലൂടെയാണ് അത് നിലനിര്‍ത്തപ്പെടുന്നത്. അതുകൊണ്ട് അവര്‍ പേടിച്ച് ജീവിക്കുന്ന ആള്‍ക്കാരാണെന്ന് പറയാം. അവര്‍ യു.എ.പി.എ ഒക്കെ വേണമെന്നാണ്, കൂടുതല്‍ കൂടുതല്‍ പേരെ ജയിലിലടച്ചു കഷ്ടപ്പെടുത്തണം എന്നാണ് ചിന്തിക്കുന്നത്. എന്നാലേ അവര്‍ക്ക് സുരക്ഷിതമായി അധികാരം നിലനിര്‍ത്താന്‍ പറ്റുകയുള്ളൂ.

ഭീമ കൊറേ​ഗാവ് കേസിൽ അറസ്റ്റ് ചെയ്യപ്പെട്ടവർ

കേസിന്റെ കാര്യം പറയുകയാണെങ്കില്‍, ഈ കേസിലെ പത്ത് കുറ്റാരോപിതര്‍ ഫയല്‍ ചെയ്ത കോഗ്‌നിസന്‍സ് കേസ് വിചാരണ പൂര്‍ത്തിയായി. സുധ ഭരദ്വാജ്, റോണ വില്‍സണ്‍ എന്നിവരുള്‍പ്പെട്ട കേസാണ് അത്. ഈ വാദം തന്നെ കുറേ സമയമെടുത്തു. ഒരു ദിവസം അറുപതോളം കേസുകളുണ്ടാകും. തലേദിവസത്തെ കേസുകളും ഉണ്ടാവും. നാല്‍പത്തിയഞ്ചാമത്തെ കേസ് എടുക്കുമ്പോഴേക്കും കോടതി വിടേണ്ട സമയമാവും. ചിലപ്പോള്‍ കേസ് മാറ്റിവെക്കും, ചിലപ്പോള്‍ അടുത്ത ആഴ്ചയിലേക്കൊക്കെ ആയിരിക്കും. ചിലപ്പോള്‍ രണ്ടാഴ്ച കഴിഞ്ഞിട്ടായിരിക്കും. പിന്നെ സ്റ്റേറ്റ് ഗവണ്മെന്റിനോട് മറുപടി കൊടുക്കാന്‍ പറയും. രണ്ടാഴ്ച സമയവും കൊടുക്കും. രണ്ടാഴ്ച കഴിയുമ്പോള്‍ അവര്‍ പറയും ഞങ്ങളുടെ കയ്യില്‍ മറുപടി ഇല്ലെന്ന്. പിന്നെ വീണ്ടും അവര്‍ക്ക് സമയം കൊടുക്കും. ഈ കേസില്‍ ഓര്‍ഡര്‍ കൊടുക്കുമെന്ന് പറഞ്ഞത് സെപ്തംബറില്‍ ആണ്. ഇപ്പോള്‍ നവംബര്‍ കഴിഞ്ഞു. ശരിക്കും നിയമപരമായ ഓര്‍ഡര്‍ കൊടുത്താല്‍ ഇവരെ ബെയ്ല്‍ നല്‍കി വിടേണ്ടിവരും. 90 ദിവസം വരെ ചാര്‍ജ്ഷീറ്റ് ഇല്ലാതെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വെച്ചു. അതിന് ശേഷം കസ്റ്റഡി എക്സ്റ്റന്‍ഡ് ചെയ്യണമെങ്കില്‍ കോടതിയില്‍ പോകണം. പിന്നെയും 90 ദിവസങ്ങള്‍ നീട്ടാം, അങ്ങനെ 180 ദിവസങ്ങള്‍ക്കുള്ളില്‍ ചാര്‍ജ്ഷീറ്റ് കൊടുക്കണം. ഇത് എക്സ്റ്റന്‍ഡ് ചെയ്ത് കൊടുത്തത് മജിസ്‌ട്രേറ്റാണ്. പക്ഷേ എന്‍.ഐ.എ കേസില്‍ അത് മജിസ്‌ട്രേറ്റ് എക്സ്റ്റന്‍ഡ് ചെയ്യാന്‍ പാടില്ല. സ്‌പെഷ്യല്‍ കോടതിയിലെ ജഡ്ജിനേ അത് ചെയ്യാന്‍ അധികാരമുള്ളൂ. സുപ്രീം കോടതിയില്‍ മധ്യപ്രദേശില്‍ നിന്ന് ഇങ്ങനെ ഒരു കേസ് വന്നിരുന്നു. ഒരു ബ്ലാസ്റ്റ് കേസ് ആണ്. മജിസ്‌ട്രേറ്റ് അത് ചെയ്താല്‍ പറ്റില്ല, നിയമവിരുദ്ധമാണെന്ന് സുപ്രീംകോടതി പറഞ്ഞു. അങ്ങനെ അയാള്‍ക്ക് ജാമ്യം കൊടുത്തു. അതുപോലെ ഭീമകൊറെഗാവ് കേസില്‍ ഉള്ളവര്‍ക്കും ജാമ്യം കിട്ടേണ്ടതാണ്. ഇപ്പോള്‍ ഹിയറിങ് കഴിഞ്ഞിട്ടും പക്ഷെ ഓര്‍ഡര്‍ കൊടുക്കുന്നില്ല. ആഴ്‌സണല്‍ന്റെ കണ്ടെത്തലുകള്‍വെച്ച് റോണ വില്‍സണ്‍ ഒരു പെറ്റിഷന്‍ കൊടുത്തിട്ടുണ്ട്. ഓഗസ്റ്റിലായിരുന്നു അത്. അതിന്റെ ഹിയറിങ് തന്നെ കഴിഞ്ഞിട്ടില്ല.

നമ്മുടെ ജയിലുകളെ കുറിച്ച് പറയുകയാണെങ്കില്‍ ഒരുകാര്യം കൂടി സൂചിപ്പിക്കാം. ഐ.ഐ.ടികളിലേക്ക് വലിയ ഫണ്ട് ലഭിക്കുന്നുണ്ട്, അവിടുത്തെ കോണ്‍സ്റ്റിറ്റ്യുന്‍സി ഇവിടത്തെ ഭരണവര്‍ഗത്തിന്റെ ആള്‍ക്കാരാണ് എന്നതുകൊണ്ടാണ്. പക്ഷേ പ്രിസണേഴ്‌സ് ആയി ഈ ജുഡീഷ്യല്‍ സിസ്റ്റത്തില്‍ വരുന്ന ആളുകള്‍ മെജോറിറ്റിയും ഒന്നുമില്ലാത്ത ആളുകളാണ്. ജയിലിന്റെ ഉള്ളിലാണെങ്കിലും പുറത്താണെങ്കിലും ലീഗല്‍ സിസ്റ്റത്തിന്റെ ഉള്ളിലാണെങ്കിലും അവര്‍ക്ക് വേണ്ടി ഒരു സൗകര്യം ചെയ്യണമെന്ന് ഇവിടുത്തെ പോളിസികളും ഭരണവുമെല്ലാം തീരുമാനിക്കുന്ന സവര്‍ണ വര്‍ഗം ആഗ്രഹിക്കുന്നില്ല. കാരണം ഇവരെ ദ്രോഹിക്കുക എന്നുള്ളതാണ് അവർക്ക് പ്രധാനം. ജയില്‍ മുഴുവന്‍ ബ്രാഹ്മണരോ അപ്പര്‍കാസ്റ്റോ ആയിരുന്നെങ്കില്‍ ഇത്രയും തോന്ന്യവാസം ഇവര്‍ ചെയ്യുമോ? എന്തൊക്കെയാണ് ജയിലിനകത്ത് നടക്കുന്നത്? ഒരു രാഷ്ട്രീയ ഗ്രൂപ്പുകളും അത് കാര്യമായി എടുക്കുന്നില്ല. ബ്ലാക് മൂവ്‌മെന്റ്‌സ് ഒക്കെ ജയില്‍ എന്നതിനെ സെന്‍ട്രല്‍ ആക്കിയിട്ടും അതിനെ വളരെയധികം വിമര്‍ശിച്ചും അതിന്റെ ഉള്ളില്‍ നിന്ന് എഴുതിയും ആണ് വളര്‍ന്നിട്ടുള്ളത്. പക്ഷേ ഇവിടെയുള്ള ഐഡന്റിറ്റി ഗ്രൂപ്പുകള്‍ വ്യത്യസ്തമാണ്. അവസാനം നോക്കുമ്പോള്‍ ജയില്‍ പ്രശ്‌നങ്ങള്‍ ഒക്കെ എടുക്കുന്നത് ചില മുസ്ലിം സംഘടനകളും ലെഫ്റ്റ് ലിബറലുകളും മാത്രമേ ഉള്ളൂ.

ഹനി ബാബുവിന് കോവിഡ്, ബ്ലാക്ഫംഗസ് ഉള്‍പ്പെടെ നിരവധി ആരോഗ്യ വെല്ലുവിളികള്‍ ജയിലില്‍ നേരിടേണ്ടിവന്നിട്ടുണ്ട്, ഇപ്പോള്‍ എങ്ങനെയാണ് ആരോഗ്യാവസ്ഥ?

ഹനി ബാബുവിന്റെ കണ്ണിന് ചെറിയൊരു പ്രശ്‌നം ഇപ്പോഴും ഉണ്ട്. ഡോക്ടര്‍ പറയുന്നത് അത് ഒരു പെര്‍മനെന്റ് ഡിസബിലിറ്റി ആയി നില്‍ക്കുമെന്നാണ്. ഇന്‍ഫെക്റ്റഡ് ആയ കണ്ണ് കുറച്ച് താഴ്ന്നാണ് ഇപ്പോഴുള്ളത്. കാഴ്ചയ്ക്ക് ബുദ്ധിമുട്ടില്ല, വായിക്കുന്നൊക്കെ ഉണ്ട്.

Also Read