Help us in our pursuit for high-quality journalism!
Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.
Support Keraleeyam Choose your preference
₹1000/Year
₹2000/2 Years
₹500Students/Year
A contribution of any size


ആഗസ്റ്റ് ഒന്‍പത് ലോക ആദിവാസി ദിനം. സംസ്ഥാനത്തെ വിവിധ സംഘടനകള്‍ ഈ ദിനം ആചരിക്കുന്നുണ്ടെങ്കിലും, കേരളത്തിലെ ആദിവാസികള്‍ നേരിടുന്ന ഗുരുതരമായ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാനോ പരിഹാരം കണ്ടെത്താനോ പൊതുസമൂഹം ഇന്നും തയ്യാറാകുന്നില്ല. കേരളത്തില്‍ ഏറ്റവും കൂടുതല്‍ നീതിനിഷേധം നേരിട്ട ഒരു സമൂഹമാണ് ആദിവാസികള്‍. ഭരണകൂടത്തിന്റെ ഒത്താശയോടെ ഭൂമാഫിയകള്‍ ആദിവാസികളെ അവരുടെ കൃഷിയോഗ്യമായ പിറന്ന മണ്ണില്‍ നിന്ന് മലമുകളിലേക്കും സമൂഹത്തിന്റെ പുറമ്പോക്കുകളിലേക്കും ആട്ടിയോടിച്ച ചരിത്രമാണ് കേരളത്തിനുള്ളത്.
1975-ല്‍ അന്യാധീനപ്പെട്ട ഭൂമി ആദിവാസികള്‍ക്ക് തിരികെ പിടിച്ചുകൊടുക്കാന്‍ കേരള നിയമസഭ നിയമം പാസാക്കിയെങ്കിലും അത് നടപ്പിലാക്കാന്‍ അധികാരികള്‍ തയ്യാറായില്ല. രാഷ്ട്രീയ പാര്‍ട്ടികളെല്ലാം ഭൂമി കയ്യേറിയവര്‍ക്കൊപ്പമായിരുന്നു. ഒടുവില്‍, ഡോ. പി. നല്ലതമ്പി തേര നല്‍കിയ പൊതുതാത്പര്യ ഹര്‍ജിയെത്തുടര്‍ന്ന് ഹൈക്കോടതി ഇടപെടുകയും, അന്യാധീനപ്പെട്ട ആദിവാസി ഭൂമി അടിയന്തരമായി തിരിച്ചുപിടിച്ചു നല്‍കാന്‍ ഉത്തരവിടുകയും ചെയ്തു.
എന്നാല്‍ ഈ കോടതി ഉത്തരവ് മറികടക്കാന്‍ 1996-ല്‍ സര്‍ക്കാര്‍ പുതിയ നിയമനിര്‍മ്മാണത്തിന് ശ്രമിച്ചെങ്കിലും അന്നത്തെ ഇന്ത്യന്‍ പ്രസിഡന്റ് അതില്‍ ഒപ്പുവെക്കാതെ മടക്കി അയച്ചു. തുടര്‍ന്ന് 1999-ല്‍, കയ്യേറ്റക്കാരെ ‘നാമമാത്ര കര്‍ഷകര്‍’ ആയി പരിഗണിച്ച്, അഞ്ച് ഏക്കര്‍ വരെ കയ്യേറിയവര്‍ക്ക് ഇളവ് അനുവദിക്കുന്ന നിയമം കൊണ്ടുവന്നു. അന്ന് നിയമസഭയില്‍ കെ.ആര്‍. ഗൗരിയമ്മ ആവശ്യപ്പെട്ടത്, അന്യാധീനപ്പെട്ട ഭൂമിയുടെ 50 ശതമാനം ആദിവാസികള്‍ക്കും 50 ശതമാനം കുടിയേറ്റക്കാര്‍ക്കും നല്‍കണമെന്നായിരുന്നു. അങ്ങനെ ചെയ്താല്‍ ആരെയും കുടിയിറക്കേണ്ടി വരില്ലായിരുന്നു. എന്നാല്‍ സഭയിലെ ഒരംഗം പോലും ആ നിര്‍ദ്ദേശത്തെ പിന്തുണച്ചില്ല. ആദിവാസികള്‍ക്കെതിരായ നിയമനിര്‍മ്മാണത്തില്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ഒന്നിച്ചുനില്‍ക്കുകയാണുണ്ടായത്.


2000-ത്തോടെ ആദിവാസി മേഖലകളില്‍ പട്ടിണിമരണങ്ങള്‍ വ്യാപകമായി. ഇതില്‍ പ്രതിഷേധിച്ച് ആദിവാസികള്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ ‘കുടില്‍കെട്ടി സമരം’ ആരംഭിച്ചു. കേരളീയ സമൂഹത്തില്‍ നിന്ന് വലിയ പിന്തുണയാണ് ഈ സമരത്തിന് ലഭിച്ചത്. തുടര്‍ന്ന്, പ്രതിഷേധം തണുപ്പിക്കാന്‍ എ.കെ ആന്റണി സര്‍ക്കാര്‍ ഗോത്ര മഹാസഭയുമായി കരാറിലെത്തി. ഭൂരഹിതരായ എല്ലാ ആദിവാസി കുടുംബങ്ങള്‍ക്കും 1 മുതല്‍ 5 ഏക്കര്‍ വരെ കൃഷിയോഗ്യമായ ഭൂമി നല്‍കുമെന്നായിരുന്നു വാഗ്ദാനം. കേരള ചരിത്രത്തില്‍ ആദ്യമായി ആദിവാസികളെ മനുഷ്യരായി ഭരണകൂടം അംഗീകരിച്ച നിമിഷമായിരുന്നു അത്.
സമരത്തിന് നേതൃത്വം നല്‍കിയ സി.കെ. ജാനുവും എം. ഗീതാനന്ദനും ഈ കരാര്‍ അംഗീകരിച്ചു. ഇടുക്കിയിലെ മറയൂരില്‍ ഭൂവിതരണത്തിന്റെ ഉദ്ഘാടനം നടന്നുവെങ്കിലും സര്‍ക്കാര്‍ വാഗ്ദാനങ്ങള്‍ പാലിച്ചില്ല. ആ കരാര്‍ വെറുമൊരു കടലാസ് മാത്രമാണെന്ന് ഗോത്ര മഹാസഭ തിരിച്ചറിഞ്ഞപ്പോഴേക്കും വൈകിയിരുന്നു. വാഗ്ദാനം ലംഘിക്കപ്പെട്ടതോടെ ആദിവാസികള്‍ വീണ്ടും അഭയാര്‍ത്ഥികളായി. തുടര്‍ന്ന് ഭരണകൂടത്തിന്റെ കണ്ണുതുറപ്പിക്കാനാണ് വയനാട്ടിലെ മുത്തങ്ങയില്‍ ഭൂമി പിടിച്ചെടുത്തുകൊണ്ട് ആദിവാസികള്‍ പുതിയ സമരമുഖം തുറന്നത്.
എന്നാല്‍ ആദിവാസികളുടെ ഈ സമരത്തെ അംഗീകരിക്കാന്‍ വയനാട്ടിലെ കുടിയേറ്റ സമൂഹത്തിനോ പരിസ്ഥിതിവാദികള്‍ക്കോ സാധിച്ചില്ല. വനം കയ്യേറിയ ആദിവാസികളെ കുടിയറക്കണമെന്ന് ആവശ്യപ്പെട്ട് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും അവര്‍ക്കെതിരെ അണിനിരന്നു. തുടര്‍ന്നുണ്ടായ പൊലീസ് നടപടിയേക്കാള്‍ ക്രൂരമായാണ് പ്രാദേശിക കുടിയേറ്റക്കാര്‍ ആദിവാസികളെ വേട്ടയാടിയത്. ആദിവാസികള്‍ ഉയര്‍ത്തിയ ന്യായമായ ഒരു ആവശ്യം പോലും നിറവേറ്റപ്പെട്ടതുമില്ല.


ബിര്‍ളയ്ക്ക് യൂക്കാലിപ്റ്റസ് കൃഷിക്കായി പാട്ടത്തിന് നല്‍കിയ മുത്തങ്ങയിലെ നിക്ഷിപ്ത വനഭൂമിയിലാണ് ആദിവാസികള്‍ കുടില്‍ കെട്ടിയത്. എന്നാല്‍, അവര്‍ റിസര്‍വ് വനം കയ്യേറിയെന്ന രീതിയിലാണ് വ്യാജപ്രചാരണം നടന്നത്. വനം സംരക്ഷിക്കാനെന്ന പേരില്‍ ശക്തമായ പൊലീസ് നടപടിയും ഉണ്ടായി. എന്നാല്‍ മുത്തങ്ങ റിസര്‍വ് വനമായിരുന്നുവെന്ന് തെളിയിക്കാന്‍ വനംവകുപ്പിന് കോടതിയില്‍ സാധിച്ചില്ല. തുടര്‍ന്ന് ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് മുത്തങ്ങ സമരവുമായി ബന്ധപ്പെട്ട വനം കേസുകള്‍ പിന്‍വലിക്കുകയാണുണ്ടായി.
മുത്തങ്ങ സമരം സര്‍ക്കാരിന് മുന്നില്‍ വലിയൊരു മുന്നറിയിപ്പായിരുന്നു. പൂക്കോട്, സുഗന്ധഗിരി, വട്ടച്ചിറ തുടങ്ങിയ പദ്ധതി ഭൂമികള്‍ ആദിവാസികള്‍ക്ക് വിതരണം ചെയ്തു. ആറളം ഫാം ടി.എസ്.പി (TSP) ഫണ്ടില്‍ നിന്ന് 42 കോടി രൂപ നല്‍കി കേന്ദ്ര സര്‍ക്കാരില്‍ നിന്ന് ഏറ്റെടുത്തു. എന്നാല്‍ അതില്‍ പകുതി ഭൂമി പോലും ആദിവാസികള്‍ക്ക് നല്‍കിയില്ല. ആറളം ഫാം ഒരു കമ്പനിയായി നിലനിര്‍ത്താനാണ് ഇടതു സര്‍ക്കാര്‍ ശ്രമിച്ചത്. നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന ഈ കമ്പനിയുടെ ബാധ്യതകള്‍ തീര്‍ക്കാന്‍ ആദിവാസികളുടെ വികസന ഫണ്ടാണ് ഉപയോഗിക്കുന്നത്. ഇത് പട്ടികവര്‍ഗ്ഗ വകുപ്പിന് തന്നെ വലിയൊരു സാമ്പത്തിക ഭാരമായി മാറി.
സെക്രട്ടറിയേറ്റ് സമരത്തിന് ശേഷം, സുപ്രീം കോടതിയുടെ അനുമതിയോടെ 19,000 ഏക്കര്‍ നിക്ഷിപ്ത വനഭൂമി ആദിവാസികളുടെ പുനരധിവാസത്തിനായി കേന്ദ്ര സര്‍ക്കാര്‍ വിട്ടുനല്‍കിയിരുന്നു. എന്നാല്‍ ഇതില്‍ 10,000 ഏക്കറോളം ഭൂമി ഇപ്പോഴും ആദിവാസികള്‍ക്ക് വിട്ടുനല്‍കാന്‍ വനംവകുപ്പ് തയ്യാറായിട്ടില്ല. ഒന്നര പതിറ്റാണ്ടോളമായി വനംവകുപ്പ് ആദിവാസികളുടെ അവകാശങ്ങളെ നിഷേധിക്കുകയാണ്.


1996-ല്‍ ഇന്ത്യന്‍ പാര്‍ലമെന്റ് പാസാക്കിയ ‘പെസ’ (PESA – Provisions of the Panchayats (Extension to the Scheduled Areas)) നിയമം നടപ്പിലാക്കാന്‍ കേരളത്തിലെ സര്‍ക്കാരുകള്‍ ഇതുവരെ തയ്യാറായിട്ടില്ല. 2014-15ലെ ‘നില്‍പ്പ് സമരത്തിന്’ ശേഷം ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ഇത് നടപ്പിലാക്കാനായി കേന്ദ്ര ട്രൈബല്‍ മന്ത്രാലയത്തിന് റിപ്പോര്‍ട്ട് നല്‍കിയെങ്കിലും, പിണറായി വിജയന്‍ സര്‍ക്കാര്‍ തുടര്‍നടപടികള്‍ സ്വീകരിച്ചില്ല. തദ്ദേശ സ്ഥാപനങ്ങള്‍ വഴി ആദിവാസികള്‍ക്കായി മാറ്റിവെക്കുന്ന ഫണ്ടുകള്‍ വകമാറ്റി ചെലവഴിക്കുന്നതിനാലാണ് പെസ നിയമം നടപ്പിലാക്കാന്‍ രാഷ്ട്രീയ നേതൃത്വം മടിക്കുന്നത്. പ്രത്യേക ആദിവാസി പഞ്ചായത്തുകള്‍ വന്നാല്‍ ഈ ഫണ്ട് പൂര്‍ണ്ണമായും അവര്‍ക്ക് തന്നെ നല്‍കേണ്ടി വരും.
വനാവകാശ നിയമം നടപ്പിലാക്കുന്നതിലും വനംവകുപ്പ് വിമുഖത കാണിക്കുന്നു. ഈ നിയമം കൃത്യമായി നടപ്പിലാക്കിയാല്‍ ചെറുകിട വനവിഭവങ്ങളുടെ ശേഖരണവും വിതരണവും ആദിവാസികള്‍ക്ക് വിട്ടുനല്‍കേണ്ടിവരും. അട്ടപ്പാടിയില്‍ സാമൂഹിക വനാവകാശവും വ്യക്തിഗത വനാവകാശവും വഴി ലഭിച്ച ഭൂമി പോലും നഷ്ടപ്പെട്ടതായി പരാതികളുണ്ട്. ആദിവാസികളുടെ അവകാശങ്ങള്‍ നിഷേധിക്കുന്നത് വനംവകുപ്പാണെന്ന് അക്കൗണ്ടന്റ് ജനറല്‍ (AG) വ്യക്തമായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.


പട്ടികവര്‍ഗ്ഗ വകുപ്പ് വഴിയാണ് ആദിവാസി വികസന ഫണ്ടുകള്‍ ചെലവഴിക്കുന്നത്. എന്നാല്‍ ഈ ഫണ്ടുകള്‍ ഉദ്യോഗസ്ഥരിലെ ഒരു വിഭാഗം തട്ടിയെടുക്കുന്നതായി വനംവകുപ്പിന്റെയും ധനകാര്യ പരിശോധനാ വിഭാഗത്തിന്റെയും എ.ജിയുടെയും ഓഡിറ്റ് റിപ്പോര്‍ട്ടുകളില്‍ വ്യക്തമാക്കുന്നുണ്ട്. ഈ വ്യാപകമായ അഴിമതി കാരണം ആദിവാസി വികസനം കടലാസിലൊതുങ്ങുന്നു.
ചുരുക്കത്തില്‍, ‘കേരള മോഡല്‍’ വികസനത്തിന്റെ യഥാര്‍ത്ഥ ഇരകളാണ് ആദിവാസികള്‍. വിദ്യാഭ്യാസത്തിലും ആരോഗ്യത്തിലും ജീവിതനിലവാരത്തിലും കേരളം ഏറെ മുന്നേറിയപ്പോഴും ആദിവാസി സമൂഹം മാത്രം പൂര്‍ണ്ണമായി പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടു. പണ്ടുകാലത്ത് സ്വയംപര്യാപ്തതയും ഭക്ഷ്യസുരക്ഷയുമുണ്ടായിരുന്ന ആദിവാസി ഊരുകള്‍ ഇന്ന് സര്‍ക്കാരിന്റെ സൗജന്യ റേഷനെയും തൊഴിലുറപ്പ് പദ്ധതിയെയും മാത്രം ആശ്രയിക്കുന്ന അവസ്ഥയിലായി. നമ്മുടെ ‘വികസനം’ അവരെ സ്വന്തം മണ്ണില്‍ അഭയാര്‍ത്ഥികളാക്കി മാറ്റി. അവകാശങ്ങള്‍ക്കായി ശബ്ദമുയര്‍ത്തിയവരെ ജയിലിലടയ്ക്കുകയും, മണ്ണും ഫണ്ടും കവര്‍ന്നെടുക്കുകയും ചെയ്തുകൊണ്ട് നമ്മള്‍ വീണ്ടുമൊരു ആദിവാസി ദിനം കൂടി ആചരിക്കുകയാണ്.

