ഈ ലോകം നിങ്ങളിൽ നിന്നും എന്താണ് പ്രതീക്ഷിക്കേണ്ടത് ?

വളരെക്കാലമായി, രാഷ്ട്രീയക്കാരും അധികാരത്തിലുള്ളവരും കാലാവസ്ഥാ പ്രതിസന്ധിയെ നേരിടാൻ ഒന്നും ചെയ്യാതെ രക്ഷപ്പെട്ടു. പക്ഷെ അവർ അതിൽ നിന്ന് അങ്ങനെ രക്ഷപ്പെടില്ലെന്ന് ഞങ്ങൾ ഉറപ്പാക്കും.” – ​ഗ്രെറ്റ തുംബെർ​ഗ്

​ഗ്രെറ്റയുടെ ഈ നിശ്ചയദാർഢ്യം വളരെ പ്രധാനമാണെന്ന് ഓർമ്മിപ്പിക്കുന്നതാണ് അടുത്തിടെ പുറത്തിറങ്ങിയ ഐക്യരാഷ്ട്ര സംഘടനാ സമിതിയുടെ (ഐ.പി.സി.സി) ആറാം അവലോകന റിപ്പോര്‍ട്ട്. ലോകമെമ്പാടുമുള്ള മാധ്യമങ്ങൾ വ​ലിയ പ്രാധാന്യത്തോടെ ഇത് വാർത്തയാക്കി. 195 രാ​ജ്യ​ങ്ങ​ളി​ലെ കാ​ലാ​വ​സ്ഥാ പ്ര​വ​ണ​ത​ക​ൾ സൂ​ക്ഷ്​​മ​മാ​യി വി​ശകലനം ചെയ്ത്, 14,000 ത്തിലേ​റെ റി​പ്പോ​ർ​ട്ടു​ക​ൾ അ​പ​ഗ്ര​ഥി​ച്ച്​​, 234 ശാ​സ്ത്ര​ജ്ഞർ തയ്യാറാക്കിയ ഐ.പി.സി.സി റിപ്പോർട്ടിന്റെ ആറാം ഭാ​ഗം ഇത്രയും കാലം കാലാവസ്ഥാ ഭീഷണികളെ നിസാരവത്കരിച്ചവരെ പോലും ഞെട്ടിക്കുന്ന ഒന്നായിരുന്നു. ആ​ഗോള രാഷ്ട്രീയ നേതൃത്വങ്ങളുടെ പ്രതികരണങ്ങളിലും ന്യൂസ് റിപ്പോർട്ടുകൾ നൽകിയ പ്രാമുഖ്യത്തിലും ആ ഞെട്ടൽ പ്രകടമായി.

ആയിരക്കണക്കിന് വര്‍ഷത്തേക്ക് മാറ്റമുണ്ടാകാത്തവിധം സമുദ്രനിരപ്പ് ഉയര്‍ന്നുകൊണ്ടിരിക്കുന്നു എന്നതാണ് റിപ്പോര്‍ട്ടിലെ ഏറ്റവും ഭീതിജനകമായ മുന്നറിയിപ്പ്. കാര്‍ബണ്‍ ഡൈ ഓക്ഡിന്റെയും മറ്റ് ഹരിതഗൃഹവാതകങ്ങളുടെയും പുറന്തള്ളല്‍ തടഞ്ഞാല്‍ കാലാവസ്ഥാമാറ്റം ഇനിയും പിടിച്ചുനിര്‍ത്താനാകുമെന്നും അതിന് ലോരാഷ്ട്രങ്ങൾ സന്നദ്ധമാകണമെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ​ഈ വർഷം ഗ്ലാസ്​ഗോയിൽ ചേരുന്ന ‘കോപ്പ് 26’ കാലാവസ്ഥാ ഉച്ചകോടിയില്‍ രാജ്യങ്ങള്‍ അതിന് തയ്യാറായാല്‍പ്പോലും അന്തരീക്ഷതാപനിലയില്‍ സ്ഥിരതയുടെ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങാന്‍ 2030 എങ്കിലുമാകുമെന്ന് ഐ.പി.സി.സി റിപ്പോർട്ട് പറയുന്നു. കാലാവസ്ഥാവ്യതിയാനം എന്ന ഒന്നില്ലെന്നും ഉണ്ടെങ്കിൽത്തന്നെ അതത്ര ഗൗരവകരമല്ലെന്നും വാദിച്ചിരുന്നവരെ പോലും ഈ റിപ്പോർട്ട് ആശങ്കയിലാഴ്ത്തുകയാണ്. കാലാവസ്ഥാവ്യതിയാന നിഷേധികൾ (climate change deniers) എന്ന് വിശേഷിപ്പിക്കുന്ന അത്തരം നിക്ഷിപ്ത താത്പര്യക്കാരുടെ ഇടപെടലുകളായിരുന്നു 2015 ലെ പാരീസ് കാലാവസ്ഥാ ഉച്ചകോടിയുടെ ധാരണകളെ തകർത്തത്. കാർബൺ ബഹിർ​ഗമനത്തെ നിയന്ത്രിക്കുന്നതിനുള്ള അധികഭാരം ഏറ്റെടുക്കുന്നതിലെ വികസിതരാജ്യങ്ങളുടെ വിമുഖത പാരീസ് ഉച്ചകോടിയിൽ പ്രകടമായിരുന്നു. സമ്മേളനത്തിന്‍റെ നിർദ്ദേശങ്ങളൊന്നും നിയമപരമായി നടപ്പിലാക്കാൻ ഒരു രാജ്യത്തിനും ബാധ്യതയില്ല എന്ന തീരുമാനത്തിലേക്കെത്തിക്കുന്നതിന് വികസിത രാജ്യങ്ങൾക്ക് കഴിഞ്ഞു. ​ഗ്ലാസ്​ഗോയിൽ ഈ വർഷം ചേരുന്ന ‘കോപ്പ് 26’ ഏതുരീതിയിലാണ് അവസാനിക്കാൻ പോകുന്നതെന്ന് കണ്ടറിയണം. ഐ.പി.സി.സിയുടെ ആറാം അവലോകന റിപ്പോര്‍ട്ട് കണ്ട് ആശങ്കപ്പെട്ട ഭരണാധികാരികൾ ​ഗ്ലാസ്​ഗോ ഉച്ചകോടിയെ അതേ ​ഗൗരവത്തിൽ പരി​ഗണിക്കുമോ? പാരീസ് ഉച്ചകോടിയിൽ നിന്നും അഹങ്കാരത്തോടെ പിന്മാറിയ ഡൊണാൾഡ് ട്രംപ് അധികാരമൊഴിഞ്ഞെങ്കിലും കോർപ്പറേറ്റുകളാൽ നിയന്ത്രിക്കപ്പെടുന്ന മുതലാളിത്ത രാജ്യങ്ങളിലെ സർക്കാരുകൾക്ക് ഭൂമിയിലെ താപനില രണ്ട് ഡിഗ്രി സെല്‍ഷ്യസിൽ കൂടാതിരിക്കാനുള്ള നടപടികൾ കൈക്കൊള്ളാൻ കഴിയുമോ എന്നത് ഇന്നും സംശയമാണ്.

മുതലാളിത്തം സൃഷ്ടിക്കുന്ന പ്രതിസന്ധികൾക്ക് എപ്പോഴും വില കൊടുക്കേണ്ടിവരുന്നത് അതിന്റെ പ്രയോ​ക്താക്കൾക്കല്ല എന്ന സത്യം കാലാവസ്ഥാ വ്യതിയാനത്തിന്റെ കാര്യത്തിൽ വളരെ ദാരുണമായാണ് പ്രവർത്തിക്കുന്നത്. കാലാവസ്ഥാ മാറ്റത്തിന്റെ ദോഷഫലങ്ങൾ രൂക്ഷമായി നേരിട്ടുകൊണ്ടിരിക്കുന്നത് വികസ്വരരാജ്യങ്ങളിലെ ദരിദ്രജനവിഭാ​ഗങ്ങളാണല്ലോ. അതിൽ മിക്ക രാജ്യങ്ങളും വളരെ മുന്നേതന്നെ വരൾച്ചയും വെള്ളപ്പൊക്കവും പോലെയുള്ള പ്രകൃതിദുരന്തങ്ങൾ പതിവായി അനുഭവിക്കുന്നവരാണ്‌. ഈ മൂന്നാംലോക രാജ്യങ്ങളുടെ സമ്പദ്‌വ്യവസ്ഥയാകട്ടെ ഗണ്യമായ തോതിൽ കാലാവസ്ഥയെ ആശ്രയിക്കുകയും ചെയ്യുന്നുണ്ട്. അതുകൊണ്ടുതന്നെ കാലാവസ്ഥ മാറുന്നതിനൊപ്പം ദാരിദ്ര്യവും കൂടുകയാണ്.

മരുവത്കരണം, ജൈവവൈവിധ്യ നഷ്ടം, ശുദ്ധജലത്തിലേക്ക് ഉപ്പുരസം കയറല്‍, വനസമ്പത്തിന്റെ നാശം തുടങ്ങിയ സാവധാനം സംഭവിക്കുന്ന കാലാവസ്ഥാവ്യതിയാന ഭീഷണികളെ സർക്കാരുകൾ പൊതുവെ അഭിസംബോധന ചെയ്യാറില്ല. ജീവിതവും ജീവനോപാധികളും നഷ്ടമാകുന്നവർ കൂടുതൽ അരികുവത്കരിക്കപ്പെടുന്ന പ്രക്രിയയ്ക്ക് ഈ ഭരണ തിരസ്കരണം ആക്കം കൂട്ടുന്നു. കാലാവസ്ഥാ ദുരന്തത്തിന്റെ ഉത്തരവാദിത്തം ലോകത്തിലെ എല്ലാ മനുഷ്യരുടെയും ചുമലിലിടുന്ന വികസിത രാജ്യങ്ങളുടെ സമീപനത്തിൽ കഴമ്പില്ലാതെ പോകുന്നത് അവിടെയാണ്. വിരലിലെണ്ണാവുന്ന രാജ്യങ്ങളും അവിടെയുള്ള സമ്പന്ന ന്യൂനപക്ഷത്തിന്റെ ധൂര്‍ത്തുമാണല്ലോ സ്ഥിതിഗതികള്‍ ഇത്ര രൂക്ഷമാക്കിയത്. കാലാവസ്ഥയുടെ രാഷ്ട്രീയം അത്യന്തികമായി തുല്യനീതിയുടേതായി മാറുകയാണ്. ​ഈ നൂറ്റാണ്ടിന്‍റെ രണ്ടാം പകുതിയോടെ താപനിലയില്‍ ഉണ്ടാകുന്ന വര്‍ധന രണ്ട് ഡിഗ്രി സെല്‍ഷ്യസിൽ അധികരിക്കാതിരിക്കാനുള്ള അടിയന്തിര നടപടികൾ കൈകൊള്ളുമെന്ന കരാറിലൊപ്പുവെച്ചാണല്ലോ 2015ൽ 196 രാജ്യങ്ങൾ പാരീസ് ഉച്ചകോടിയിൽ നിന്നും മടങ്ങിയത്. എന്നിട്ടും അക്കൂട്ടത്തിലുണ്ടായിരുന്ന വികസിത മുതലാളിത്ത രാജ്യങ്ങളുടെ ചെയ്തികളിൽ ഒരു മാറ്റവുമുണ്ടായില്ല. ഐ.പി.സി.സിയുടെ അവലോകന റിപ്പോർട്ട് വരുമ്പോഴോ പ്രകൃതി ദുരന്തങ്ങളുണ്ടാകുമ്പോഴോ ഞെട്ടൽ പ്രകടിപ്പിക്കുന്നതിൽ എന്ത് അർത്ഥമാണുള്ളത്?

കാലാവസ്ഥാ പ്രതിസന്ധിയെ അഭിസംബോധന ചെയ്യുന്നതില്‍ പരാജയപ്പെട്ട എല്ലാ രാഷ്ട്രീയ നേതൃത്വങ്ങളും വൈകാതെ ചോദ്യം ചെയ്യപ്പെടും എന്നുറപ്പായിരിക്കുന്നു. വിഭവധൂർത്തിലോ അതിലൂടെ സംഭവിക്കുന്ന കാർബൺ ബഹിർ​ഗമനത്തിലോ പങ്കില്ലാത്തവരും അഭയാർത്ഥികളാക്കപ്പെടുന്നവരും ആ ചോദ്യത്തിന്റെ മുനമ്പിലാണ് ഇന്ന് നിൽക്കുന്നത്. കഴിഞ്ഞ കുറേ വർഷങ്ങളായി ഇത്തരം മുന്നറിയുപ്പുകളെ അപഹസിച്ചും അവഗണിച്ചും അതിതീവ്ര വിഭവ ചൂഷണം നടപ്പാക്കിക്കൊണ്ടിരിക്കുന്ന സർക്കാരാണ് ഇപ്പോൾ കേരളം ഭരിക്കുന്നത്. അവർക്കു പോലും ഐ.പി.സി.സി റിപ്പോർട്ടിനെ അവഗണിക്കാൻ കഴിഞ്ഞില്ല. മുഖ്യ ഭരണകക്ഷിയായ സി.പി.എമ്മിൻ്റെ മുഖപത്രത്തിൽ ഈ റിപ്പോർട്ട് സംബന്ധിച്ച് എഡിറ്റോറിയൽ വരെ എഴുതേണ്ടി വന്ന സമ്മർദ സാഹചര്യത്തെ പോസിറ്റീവ് ആയി കാണേണ്ടതുണ്ട്. എന്നാൽ അതിനിടയിലും തരിമ്പുപോലും പിന്നോട്ടില്ല എന്നുറപ്പിച്ചുകൊണ്ട് വിനാശകരമായ വികസന പദ്ധതികളുമായി മുന്നോട്ടുപോവുകയാണ് മറ്റ് പല സംസ്ഥാനങ്ങളെയും പോലെ നമ്മുടെ സർക്കാരും. കാലാവസ്ഥാ വ്യതിയാനം സൃഷ്ടിക്കുന്ന പ്രതിസന്ധികളുടെ ആഴം പലരൂപത്തിൽ അനുഭവിച്ചറിഞ്ഞിട്ടും അവർക്ക് കുലുക്കമില്ല. ഓക്സിജൻ കിട്ടാത്ത ദില്ലി ന​ഗരത്തിൽ സെൻട്രൽ വിസ്ത പദ്ധതി പൂർത്തിയാക്കാൻ പുറപ്പെടുന്നവരും മലകളിടിഞ്ഞും കടലുകയറിയും ക്ലേശിക്കുന്ന കേരളത്തിൽ സെമി ഹൈസ്പീഡ് റെയിൽ പണിയാൻ പോകുന്നവരും ഐ.പി.സി.സി റിപ്പോർട്ടിനെക്കുറിച്ച് സംസാരിച്ച് സ്വയം അവഹേളിതരാകരുത്. ഈ ലോകം നിങ്ങളിൽ നിന്നും എന്താണ് പ്രതീക്ഷിക്കേണ്ടത്?

Also Read

August 24, 2021 10:10 pm