പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനത്തെ ഇങ്ങിനെ എളുപ്പത്തിൽ വിശദീകരിക്കാം: ‘ഗാന്ധി പ്രതിമയിൽ സവർക്കറുടെ (മോദിയുടെ) പുഷ്പവൃഷ്ടി’. ചടങ്ങ് നടന്ന സ്ഥലത്ത് ഗാന്ധി പ്രതിമയുണ്ട്. അതിനോട് ചേർന്നുള്ള പന്തലിൽ ആദ്യം ഗാന്ധി പ്രതിമയിൽ പുഷ്പാജ്ഞലി അർപ്പിച്ചാണ് സമ്പൂർണ്ണമായും ഹൈന്ദവ പൂജകളോടെ പുതിയ ഇന്ത്യൻ പാർലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്യപ്പെട്ടത്. സവർക്കറുടെ ജന്മദിനത്തിൽ തന്നെ ഗാന്ധി പ്രതിമക്കരികിൽ പന്തൽ കെട്ടി പൂജകളോടെ പുതിയ പാർലമെന്റ് കെട്ടിടത്തിന്റെ പാലുകാച്ചൽ നടന്നു. സമാശ്വാസ പാക്കേജ് എന്ന നിലക്ക് സർവ്വമത പ്രാർത്ഥനയും നടത്തി.
ഇതിനെല്ലാം വളരെ മുമ്പേ തന്നെ സവർക്കറുടെ ചിത്രം പാർലമെന്റിന്റെ സെൻട്രൽ ഹാളിൽ സ്ഥലം പിടിച്ചിരുന്നല്ലോ. ഗാന്ധിക്കു പകരം സവർക്കർ (ഗാന്ധി വധത്തിൽ പ്രതിയായിരുന്ന, ഗൂഡാലോചന നടത്തിയ, ബ്രിട്ടീഷ് സർക്കാരിന് മാപ്പെഴുതി കൊടുത്ത അതേ സവർക്കർ) എന്ന ബിംബ നിർമ്മിതിയിൽ ആറാടുകയാണ് ബി.ജെ.പിയും കേന്ദ്ര സർക്കാരും. ഗാന്ധിക്കു പകരം ഞങ്ങളുടെ കയ്യിൽ പലരുമുണ്ട്, അതിന്റെ മുൻനിരയിലുള്ളത് സവർക്കറാണ്. ബി.ജെ.പി സർക്കാർ ഇന്ത്യൻ ജനതയെ ഓർമ്മിപ്പിക്കുന്നത് ഇതാണ്. അങ്ങിനെ സവർക്കർ വിജയിക്കുന്നു. ഇന്ത്യൻ ജനത അമ്പേ പരാജയപ്പെടുന്നു. ജനാധിപത്യത്തിന് അതിന്റെ എല്ലാ അർത്ഥങ്ങളും നഷ്ടപ്പെട്ടിരിക്കുന്നു. ബി.ആർ അംബേദ്ക്കർ പറഞ്ഞതാണ് ശരി. നമുക്ക് മികച്ച ഭരണഘടനയുണ്ട്. പക്ഷെ ഭരിക്കുന്നവർ മോശക്കാരായാൽ അതുകൊണ്ട് വലിയ കാര്യമൊന്നുമില്ല. പുതിയ ഇന്ത്യൻ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനച്ചടങ്ങിൽ പ്രവർത്തിച്ച അധികാര-ആശയ ബലതന്ത്രങ്ങൾ അംബേദ്ക്കർ പറഞ്ഞത് അക്ഷരാർത്ഥത്തിൽ ശരിയാണെന്ന് ഒരിക്കൽ കൂടി തെളിയിച്ചിരിക്കുന്നു.
കോവിഡ് കാലത്ത് പാലിക്കേണ്ട മുൻകരുതലുകളെല്ലാം ലംഘിച്ചാണ് പുതിയ പാർലമെന്റ് മന്ദിരത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ നടന്നതെന്ന് വിമർശനം ഉയർന്നിരുന്നു. ചരിത്രം തന്നെ മാറ്റി എഴുതുന്ന, ഗാന്ധിക്ക് പകരം സവർക്കറെ സ്ഥാപിക്കാൻ ‘കെൽപ്പുള്ള’ ഒരു സർക്കാറിനും അതിന്റെ പ്രത്യയശാസ്ത്രത്തിനും കോവിഡിനെ ഭയക്കേണ്ടതില്ല. പുതിയ പാർലമെന്റ് മന്ദിരം ഇന്ത്യയുടെ സ്വയം പര്യാപ്തതയുടെ അടയാളമായിരിക്കുമെന്ന് പ്രധാനമന്ത്രി അവകാശപ്പെട്ടു. ഇന്ത്യയുടെ കുതിപ്പിന്റെ ചിഹ്നമായി മാറുന്ന പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം രാഷ്ട്രീയ വിവാദങ്ങളുടെ കേന്ദ്രമാക്കിയതിൽ ദേശീയ-ദൽഹി മാധ്യമങ്ങൾക്ക് ഉൽക്കണ്ഠ. രണ്ടു കാര്യങ്ങൾ ഒറ്റയടിക്ക് ഇല്ലാതാവുകയാണ് ഇതോടെ ചെയ്തത്. പാർലമെന്റ് പൗരർക്ക് നൽകുന്ന സുരക്ഷിത ബോധം. മറ്റൊന്ന് പാർലമെന്റ് അടക്കമുള്ള ഏതു സംവിധാനത്തേയും വിമർശിക്കേണ്ട ഇന്ത്യൻ മാധ്യമങ്ങളുടെ മുട്ടിലിഴച്ചിൽ.
ഈ പുതിയ പാർലമെന്റാണ് മോദി രാജ്യത്തെ 140 കോടി ജനങ്ങൾക്ക് സമർപ്പിച്ചത്. കറൻസിയുടെ കാര്യത്തിൽ പോലും ഒരു സുരക്ഷയും ഉറപ്പുവരുത്താൻ കഴിയാത്ത സർക്കാർ പൂജകളും ചെങ്കോൽ സ്വീകാര്യവുമായി 140 കോടി ജനങ്ങളേയും വെല്ലുവിളിക്കുകയാണ് യഥാർഥത്തിൽ ചെയ്തത്. രാജ്യത്തിന്റെ വികസന പ്രയാണത്തിന്റെ അനശ്വര സ്മാരകം എന്നും പുതിയ മന്ദിരത്തെ മോദി വിശേഷിപ്പിച്ചു. ജനാധിപത്യത്തിന്റെ ക്ഷേത്രം, ശ്രീകോവിൽ എന്നും ഇതിനെ വിശേഷിപ്പിച്ചു. ഇന്ത്യ വികസിക്കുമ്പോൾ മാത്രമാണ് ലോകം പുരോഗമിക്കുകയെന്ന സാമ്പത്തിക സിദ്ധാന്തം വരെ പ്രധാനമന്ത്രിയുടെ പ്രസംഗത്തിലുണ്ടായിരുന്നു. വർഷങ്ങൾ നീണ്ട കോളനി ഭരണത്തിൽ ഇന്ത്യയുടെ അഭിമാനം മോഷ്ടിക്കപ്പെട്ടു. ഇന്നും ഇന്ത്യയിൽ അവശേഷിക്കുന്നത് ആ കൊളോണിയൽ മനോഭാവമാണ്. എന്നാൽ 21-ാം നൂറ്റാണ്ടിലെ ഇന്ത്യ ആത്മവിശ്വാസം നിറഞ്ഞു നിൽക്കുന്ന ഒരു രാജ്യമാണ്. അടിമത്ത മനോഭാവം ഈ രാജ്യം സമ്പൂർണ്ണമായും കുടഞ്ഞു കളഞ്ഞിരിക്കുന്നു – മോദി അവകാശപ്പെട്ടു.
അങ്ങനെ കോളനി മനോനിലയില്ലാത്ത, അടിമത്വത്തിൽ നിന്നും സമ്പൂർണ്ണമായും മോചിക്കപ്പെട്ട രാജ്യത്ത് ഒരു കാര്യം കൂടി സംഭവിച്ചിരിക്കുന്നു. രാഷ്ട്രപിതാവിനെക്കൂടി മാറ്റിയിരിക്കുന്നു. അതിന്റെ എല്ലാ തെളിവുകളും പുതിയ പാർലമെന്റ് മന്ദിര ഉദ്ഘാടനച്ചടങ്ങിലും അനുബന്ധ പരിപാടികളിലും തെളിഞ്ഞു നിന്നു. കോളനി മനോഭാവത്തിൽ നിന്നും മുക്തമായ രാജ്യം എന്ന അവകാശവാദം ഇന്നത്തെ സർക്കാരിന്റെ കോർപ്പറേറ്റ് ബന്ധങ്ങളിലൂടെ പ്രതിദിനം വ്യക്തമായിക്കൊണ്ടിരിക്കുന്നു. കോളനി മനോഭാവത്തിൽ നിന്നും ആരാണ് മുക്തരായത് എന്ന ചോദ്യം പ്രധാനമന്ത്രിയുടെ പ്രസംഗത്തിനു ശേഷവും അവശേഷിക്കുന്നത് ഇതേ കാരണം കൊണ്ടുതന്നെയാണ്. അതിനും മുകളിലായി സവർക്കറൈറ്റ് പ്രത്യയശാസ്ത്രം, ഹിന്ദുക്കളല്ലാത്തവരുടെ രാജ്യം ഇതല്ല എന്ന വാദം നിലനിൽക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്നു. അടുത്ത കാലത്ത് മണിപ്പൂരിൽ സവർക്കറൈറ്റ് പ്രത്യയശാസ്ത്രത്തിന്റെ (സവർക്കറുടെ ‘സ്വാതന്ത്ര്യ സമര പോരാട്ടം’ ഒട്ടും വൈകാതെ സിനിമയാകാനിരിക്കുകയാണ്) ചോര ഉണങ്ങുന്നതിനു മുമ്പാണ്, രാജ്യത്ത് നടക്കുന്ന അത്തരം സംഭവങ്ങളിൽ മൗനം പാലിച്ചുകൊണ്ട് നരേന്ദ്ര മോദി വളർച്ചയുടേയും വികസനക്കുതിപ്പിന്റേയും അടയാളമായി പുതിയ മന്ദിരം ഉയർത്തിക്കാണിക്കുന്നത്.
സമരത്തിലുള്ള ഗുസ്തി താരങ്ങൾ പുതിയ പാർലമെന്റ് മന്ദിരത്തിലേക്ക് പ്രകടനം നടത്താൻ ശ്രമിക്കുകയും അത് തടയുകയും ചെയ്തതാണ് ദൽഹിയിൽ നിന്നുള്ള യഥാർത്ഥ വാർത്ത. ജന്തർമന്ദിറിലെ ഗുസ്തി താരങ്ങളുടെ സമരപ്പന്തൽ ഇന്ന് പൊളിച്ചു നീക്കിയിരുന്നു. ഇതോടെ തലസ്ഥാനം സംഘർഷ ഭരിതമായിരിക്കുകയാണ്. ഈ സംഭവത്തോട് പ്രതികരിച്ചുകൊണ്ട് രാഹുൽ ഗാന്ധി പറഞ്ഞു: “പട്ടാഭിഷേകം പൂർത്തിയായപ്പോൾ അഹങ്കാരിയായ രാജാവ് പൊതുജനത്തിന്റെ ശബ്ദം തെരുവിൽ അടിച്ചമർത്തുകയാണ്.” ജനാധിപത്യത്തിൽ എപ്പോഴും വിമത സ്വരമുയരുമെന്നുള്ളതിനുള്ള മികച്ച ഉദാഹരണമാണ് ഗുസ്തി താരങ്ങളുടെ പുതിയ പാർലമെന്റ് മന്ദിരത്തിലേക്കുള്ള പ്രതിഷേധ മാർച്ച്. ജനാധിപത്യം പാർലമെന്റിലല്ല, തെരുവിൽ തന്നെയാണ് അതിന്റെ പ്രത്യയശാസ്ത്രവുമായി പ്രവർത്തിക്കുന്നതെന്ന് ഈ സംഭവം ഭരിക്കുന്നവരേയും ഒപ്പം ഇന്ത്യൻ ജനതയേയും ഒരേ പോലെ ഓർമ്മിപ്പിക്കുന്നു.
ചടങ്ങ് ബഹിഷ്ക്കരിച്ചുവെങ്കിലും പ്രതിപക്ഷത്തിന് സവർക്കറൈറ്റുകളുമായി ദേശീയ സംവാദം ഉയർത്താൻ കഴിഞ്ഞില്ല. ഇത്തരമൊരു സന്ദർഭത്തെ രാഷ്ട്രീയ പ്രാധാന്യത്തോടെ എങ്ങിനെയാണ് സംവാദ മണ്ഡലത്തിലേക്ക് കൊണ്ടുവരേണ്ടത് എന്ന ധാരണയില്ലായ്മ പ്രതിപക്ഷം ആവർത്തിച്ചു. കളം മാറിച്ചവിട്ടിയ അവരുടെ ഗുലാം നബി ആസാദിനപ്പോലുള്ള പഴയ നേതാക്കൾ, എന്തു മഹാസംഭവം, ഇതിൽ പങ്കെടുക്കാത്ത പ്രതിപക്ഷം ഹിമാലയൻ ബ്ലെൻഡറാണ് കാണിച്ചതെന്ന പോലുള്ള അഭിപ്രായങ്ങൾ പറഞ്ഞു വിശ്രമിച്ചു. കർണ്ണാടക തെരഞ്ഞെടുപ്പിലേറ്റ തിരിച്ചടിയിൽ നിന്നും കൂടുതൽ ഹിന്ദുത്വ തീവ്രത മാത്രമാണ് വോട്ടുബാങ്കുകളെ ആകർഷിക്കാനായി തങ്ങളുടെ കയ്യിലുള്ളൂവെന്ന ബോധവും ബോധ്യവുമാണ് ബി.ജെ.പിയെ നയിക്കുന്നത്. പാർലമെന്റ് മന്ദിര ഉദ്ഘാടനം പോലെയുള്ള ഒരു സന്ദർഭത്തെ എന്തു മാത്രം ഹിന്ദുത്വവൽക്കരിക്കാൻ കഴിയുമെന്ന പരീക്ഷണം മോദിയും സംഘവും നടത്തിയതും അതുകൊണ്ടാണ്. ഹിന്ദുത്വ ബ്രിഗേഡുകളെ ഈ സംഭവം എത്ര മാത്രം ചലിപ്പിക്കും, വെറുപ്പ് കൃഷിയിൽ എന്തുമാത്രം വിത്ത് അവരിറക്കും, സവർക്കറൈറ്റ് അപരത്വ സൃഷ്ടിയുടെ ഹിംസ എത്രയധികം വർദ്ധിക്കും? ഇക്കാര്യങ്ങളിൽ തന്നെയാണ് മോദി-അമിത് ഷാ കൂട്ടുകൊട്ട് ശ്രദ്ധ ഊന്നുന്നത്. പുതിയ പാർലമെന്റിൽ സന്യാസിമാരും അവരുടെ പൂജകളും വെറുതെ നിഷ്കളങ്കമായി നടക്കുന്നതാണെന്ന് വിചാരിക്കാൻ സാഹചര്യത്തെളിവുകൾ നമ്മെ സഹായിക്കുന്നില്ല.
ഗാന്ധി പറഞ്ഞു, ലോകത്ത് യഥാർത്ഥ സമാധാനം ശരിക്കും ആഗ്രഹിക്കുന്നുണ്ടെങ്കിൽ നിങ്ങൾ കുഞ്ഞുങ്ങളിൽ നിന്നും തുടങ്ങുക. ഇതിന്റെ വിപരീത ആശയം പ്രാവർത്തികമാക്കപ്പെടുന്ന ഒരിന്ത്യയിലാണ് നാം ഇന്ന് ജീവിക്കുന്നത്. തെറ്റായ വിവരങ്ങൾ നൽകി വെറുപ്പും വിദ്വേഷവും പ്രചരിപ്പിച്ച് വംശീയതയിലേക്കും ആൾക്കൂട്ടക്കൊലയിലേക്കും എല്ലാത്തരം ഹിംസയിലേക്കും ഒരു ജനതയെ നയിക്കുക. അവർ കുഞ്ഞുങ്ങളായിരിക്കുമ്പോൾ തന്നെ അവരിൽ പ്രവർത്തനം തുടങ്ങുക. അതിനായി ആദ്യം പാഠപുസ്തകങ്ങളിലെ ചരിത്രത്താളുകൾ വെട്ടിമാറ്റി ഇല്ലാ ചരിത്രം എഴുതിപ്പിടിപ്പിക്കുക, ഗാന്ധിയേയും അല്ലാമ ഇഖ്ബാലിനെപ്പോലും പാഠപുസ്തകങ്ങളിൽ നിന്നും നീക്കുക (ഡൽഹി സർവ്വകലാശാല ബി.എ പൊളിറ്റിക്കൽ സയൻസ് കോഴ്സിൽ മഹാത്മാ ഗാന്ധിയെക്കുറിച്ചുള്ള ഭാഗം ഒഴിവാക്കി പകരം വി.ഡി സവർക്കറെക്കുറിച്ചുള്ള ഭാഗം ഉൾപ്പെടുത്തിയിരിക്കുന്നു) – ‘ക്യാച്ച് ദെം യങ്ങ്’ ഇങ്ങിനെയല്ലാതെ മറ്റെങ്ങിനെ പ്രാവർത്തികമാക്കും?
ഇതാണ് സവർക്കറൈറ്റുകൾ ഇന്ന് നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്. അതുകൊണ്ടാണ് സവർക്കർ ചിത്രം പാർലമെന്റ് സെൻട്രൽ ഹാളിൽ അനാഛാദനം ചെയ്യപ്പെട്ടതും ഇന്ന് സവർക്കർ ജൻമദിനത്തിൽ പുതിയ ഇന്ത്യൻ പാർലമെൻറ് മന്ദിരം 140 കോടി ഇന്ത്യക്കാർക്ക് സമർപ്പിക്കപ്പെട്ടതും. സവർക്കറെക്കുറിച്ച് തമിഴ് എഴുത്തുകാരൻ ജയമോഹൻ എഴുതിയ വരികൾ ഇവിടെ ഉദ്ധരിക്കട്ടെ: “സവർക്കർ വിഷത്തിനുള്ള മറുമരുന്ന് ഗാന്ധിയിൽ മാത്രമാണുള്ളത്. ഗാന്ധിയുടെ കൊലയിൽ സവർക്കറുടെ അജ്ഞാത കൈ എങ്ങിനെ പ്രവർത്തിച്ചുവെന്നത് ഇതിൽ നിന്നുതന്നെ മനസ്സിലാക്കാം. ഇന്നും ഗാന്ധിവധത്തിൽ പഴിക്കപ്പെട്ട നിലയിൽ തന്നെയാണ് ഓരോ ഇന്ത്യക്കാരനും ജീവിക്കുന്നത് എന്ന് ഞാൻ വിശ്വസിക്കുന്നു. ഗാന്ധിയുടെ രക്തം നമ്മുടെ ഓരോരുത്തരുടേയും കൈകളിൽ പുരട്ടിയ കുറ്റം ചെയ്തത് സവർക്കറാണ്. അതുകൊണ്ടുതന്നെ ശരിയായി ചിന്തിക്കുന്ന ഏതൊരാളും സവർക്കറെ മറ്റൊന്നും ആലോചിക്കാതെ തള്ളിക്കളയേണ്ടതാണ്. തങ്ങളുടെ കയ്യിലുള്ള എല്ലാ ശക്തമായ വാക്കുകളും ഉപയോഗിച്ചുതന്നെ തള്ളിക്കളയണം. ഇന്ത്യയിലെ നേതാക്കൾക്കിടയിൽ സർവ്വരും അകറ്റി നിർത്തേണ്ടുന്ന ഒരൊറ്റ ഒരാളെ ഉള്ളൂ. അത് സവർക്കറാണ്. ലോകം ഹിറ്റ്ലറെ അകറ്റി നിർത്തുന്നത് പോലെത്തന്നെയാണ് ഇക്കാര്യം ചെയ്യേണ്ടത്. സവർക്കർ ആരുടേയും ബഹുമാനം ഒരു തരത്തിലും എവിടേയും ഒരു കാരണത്താലും അർഹിക്കുന്നില്ല. വളരെച്ചെറിയതോതിലാണെങ്കിൽ പോലും സവർക്കറോട് കടപ്പാട് രേഖപ്പെടുത്താൻ തുനിയുന്നത് ഗാന്ധി വിരുദ്ധവും ജനാധിപത്യ വിരുദ്ധവും മനുഷ്യ വിരുദ്ധവുമാണ്.” സവർക്കറെ ഗാന്ധി തന്നെയാക്കാൻ ശ്രമിക്കുന്ന ഇന്ത്യയിലാണ് ജയമോഹനനെപ്പോലുള്ള ഒരെഴുത്തുകാരൻ ഇത്രയും ശക്തമായ അഭിപ്രായം പറഞ്ഞിരിക്കുന്നത് എന്ന് കൂടി മനസ്സിലാക്കുക. അതായത് സവർക്കറോട് വലിയ തോതിൽ കടപ്പാട് രേഖപ്പെടുത്തിക്കൊണ്ടേയിരിക്കുന്ന ഒരു ഭരണകൂടം തന്നെയാണ് ഇന്ന് ഇന്ത്യ ഭരിക്കുന്നത്. അതിൽ ഒരു സംശയവും വേണ്ട. പുതിയ പാർലമെന്റ് മന്ദിരത്തിൽ നിന്നും (ജനാധിപത്യത്തിന്റെ ശ്രീകോവിലിൽ നിന്നും!) ഇന്ന് മുതൽ സവർക്കർ ശബ്ദം കൂടുതൽ ശക്തമായി കേൾക്കാൻ തുടങ്ങിയിരിക്കുന്നു എന്നതാണ് യാഥാർത്ഥ്യം.
എൻ.വി. കൃഷ്ണവാര്യരുടെ ഗാന്ധി-ഗോഡ്സെ കവിത പോലെ ആക്ഷേപഹാസ്യ വെന്റിലേറ്ററിലല്ല മോദി-സവർക്കർ രാഷ്ട്രീയ ഹിംസാ കവിതാ പ്രവർത്തിക്കുന്നത്. ശരിയാണ്, ഈ നിമിഷത്തിൽ ചരിത്രത്തിലേക്ക് നോക്കുമ്പോൾ ഗാന്ധി തകർക്കപ്പെട്ടിരിക്കുന്നു. സവർക്കർ വിജയിച്ചിരിക്കുന്നു. ആ പതാകയുമായി മോദി-ഷാ കൂട്ടുകെട്ട് നമ്മെ ഭരിക്കുന്നു. പക്ഷെ, സത്യം അതല്ല. നാം, അതെ നമ്മൾ സമ്പൂർണ്ണമായും പരാജയപ്പെട്ടിരിക്കുന്നു. പരാജയപ്പെട്ട ജനതകൾ ലോക ചരിത്രം പിൽക്കാലത്ത് തിരുത്തിയിട്ടുണ്ടെന്ന പാഠത്തിൽ താൽക്കാലികമായി ആശ്വസിക്കാൻ മാത്രമേ ഇപ്പോൾ കഴിയൂ.